ബിടി വഴുതന തല്‍ക്കാലമില്ല – പരിസ്ഥിതി മന്ത്രി ജയറാം രമേശിന് നന്ദി

ബിടി വഴുതന തല്‍ക്കാലമില്ല

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ജനിതക വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം ഉപേക്ഷിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനയുടെ കൃഷി അനുവദിച്ച തീരുമാനം മരവിപ്പിക്കുകയാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി ജയ്റാം രമേശ് അറിയിച്ചു. വിശദമായ പഠനത്തിലൂടെ സംശയങ്ങള്‍ ദൂരീകരിച്ചശേഷമേ തുടര്‍നടപടിയുണ്ടാകൂ. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജനിതക അംഗീകാര സമിതി (ജിഇഎസി) 2009 ഒക്ടോബര്‍ 14ന് ജനിതക വഴുതനയുടെ വാണിജ്യ കൃഷിക്ക് അനുമതി നല്‍കിയിരുന്നു. ഇത് വിവാദമായതോടെ അന്തിമതീരുമാനം പരിസ്ഥിതി മന്ത്രാലയത്തിന് വിട്ടു. കേരളവും ബംഗാളുമടക്കം വിവിധ സംസ്ഥാനങ്ങളും നിരവധി സംഘടനകളും കേന്ദ്രനീക്കത്തെ എതിര്‍ത്തു. തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയും രാജ്യത്തെ എട്ട് കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഈ വേദികളില്‍ സംസ്ഥാനങ്ങളും സംഘടനകളും ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ് ഒടുവില്‍ കേന്ദ്രത്തിന് തീരുമാനം മരവിപ്പിക്കേണ്ടിവന്നത്. അഭിപ്രായ ഭിന്നതയുള്ളതിനാലാണ് തീരുമാനം മരവിപ്പിക്കുന്നതെന്ന് ജയ്റാം രമേശ് പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാകുമോ എന്ന് പഠിക്കും. ജനിതകവഴുതന സുരക്ഷിതമാണെന്ന് ശാസ്ത്രീയ പഠനമുണ്ടാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി മരവിപ്പിക്കുകയാണ്. മറ്റു വിളകളുടെ കാര്യത്തില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ തുടരും. ജനിതകമാറ്റം വരുത്തിയ ആദ്യ പച്ചക്കറിയാണ് വഴുതന. വഴുതന ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യക്ക് ജനിതകകൃഷി തുടങ്ങുന്നതിന് തിടുക്കമില്ലെന്നും മന്ത്രി പറഞ്ഞു. ജനിതക പരുത്തികൃഷി വാണിജ്യാടിസ്ഥാനത്തില്‍ അനുവദിച്ച ആന്ധ്രയിലാണ് തെളിവെടുപ്പ് ഏറ്റവും പ്രക്ഷുബ്ധമായത്. അവിടെയും കൊല്‍ക്കത്തയിലും ജയ്റാം രമേശിനെതിരെ കൈയേറ്റ ശ്രമംപോലുമുണ്ടായി. വിത്തുല്‍പ്പാദന രംഗത്തെ അമേരിക്കന്‍ കുത്തക കമ്പനിയായ മൊസാന്റോയെയും അതിന്റെ ഇന്ത്യന്‍ പതിപ്പായ മാഹികോയെയും സഹായിക്കാനാണ് കേന്ദ്രനീക്കമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ജിഇഎസിയുടെ തീരുമാനം ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് ആക്ഷേപം. മൊസാന്റോയ്ക്ക് ഏറെ സ്വാധീനമുള്ള കേന്ദ്രസര്‍ക്കാരും ജിഇഎസിയുടെ ചുവടുപിടിച്ച് നീങ്ങുമ്പോഴാണ് വിവിധ കോണുകളില്‍ എതിര്‍പ്പ് രൂക്ഷമായത്. കേരളത്തിനും ബംഗാളിനും പുറമെ ബിഹാര്‍, ആന്ധ്ര, ഛത്തീസ്ഗഢ്, കര്‍ണാടകം, ഒറീസ, തമിഴ്നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ജനിതക വഴുതന കൃഷിയെ എതിര്‍ത്തത്. സംസ്ഥാനത്തെ ജനിതക വിമുക്തമാക്കാന്‍ തീരുമാനിച്ചതായുംഎല്ലാ ജനിതകവിത്തിനങ്ങളും നിരോധിക്കുമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ജനിതക വഴുതന കൃഷി മരവിപ്പിച്ചെങ്കിലും ജനിതക ശാസ്ത്രത്തോട് എതിര്‍പ്പില്ലെന്ന് ജയ്റാം രമേശ് പറഞ്ഞു. ഡോ. എം എസ് സ്വാമിനാഥന്‍ അടക്കമുള്ള കാര്‍ഷിക ശാസ്ത്രജ്ഞരുമായും ഡോ. പി എം ഭാര്‍ഗവയെ പോലുള്ള വിദഗ്ധരുമായും ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

‘ബി.ടി. വഴുതന കേന്ദ്രം ‘വെട്ടി’

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന രാജ്യത്ത്‌ വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്യാനുളള തീരുമാനം മരവിപ്പിച്ചതായി കേന്ദ്ര പരിസ്‌ഥിതിമന്ത്രി ജയ്‌റാം രമേഷ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനിതകമാറ്റം വരുത്തിയ ഭക്ഷണം ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചതായി മന്ത്രി അറിയിച്ചു.

ബി.ടി. വഴുതന വാണിജ്യാടിസ്‌ഥാനത്തില്‍ ഉത്‌പാദിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന ജനിതക എന്‍ജിനീയറിംഗ്‌ അനുമതി സമിതിയുടെ തീരുമാനം ഇതോടെ അസാധുവായി. ഹരിതവിപ്ലവത്തിന്റെ ഉപജ്‌ഞാതാവായ ഡോ. എം.എസ്‌. സ്വാമിനാഥന്‍ ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ശാസ്‌ത്രജ്‌ഞരോട്‌ അഭിപ്രായം ചോദിച്ചശേഷമാണ്‌ ഈ തീരുമാനത്തിലെത്തിയതെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ പ്രമുഖമായ ഏഴുകേന്ദ്രത്തില്‍ നടന്ന പൊതു തെളിവെടുപ്പില്‍ ജനം ബി.ടി. വഴുതന കൃഷി ചെയ്യുന്നതിനോട്‌ കടുത്ത എതിര്‍പ്പു രേഖപ്പെടുത്തി.

കോണ്‍ഗ്രസ്‌ ഭരിക്കുന്ന ആന്ധ്രപ്രദേശ്‌ ഉള്‍പ്പെടെ വിവിധ സംസ്‌ഥാനങ്ങള്‍ വിയോജിപ്പ്‌ രേഖാമൂലം അറിയിച്ചിരുന്നു. സ്വതന്ത്രവും ശാസ്‌ത്രീയവുമായ പഠനങ്ങളിലൂടെ ജനങ്ങള്‍ക്കും പരിസ്‌ഥിതിക്കും ജനിതക വിളകള്‍ പ്രതികൂലമല്ലെന്നു തെളിയുന്നതുവരെ വിലക്കു തുടരും.

അമേരിക്കയിലെ വിത്തുത്‌പാദകരായ മൊണ്‍സാന്റോയുടെ ഇന്ത്യന്‍ പതിപ്പായ മഹീകോ വികസിപ്പിച്ചെടുത്ത ബി.ടി. വഴുതനയ്‌ക്കു മാത്രമാണു വിലക്ക്‌. ജനിതക മാറ്റം വരുത്തിയ ഉത്‌പന്നങ്ങളിലെ ഗവേഷണം തുടരുന്നതില്‍ തടസമില്ല.

ബി.ടി. വഴുതന വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്യുന്നതില്‍ തെറ്റില്ലെന്ന്‌ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 14നു ചേര്‍ന്ന ജനിതക എന്‍ജിനിയറിംഗ്‌ അനുമതി സമിതിയാണ്‌ അംഗീകരിച്ചത്‌. വേണ്ടത്ര പഠനം നടത്താതെയാണ്‌ അനുമതി നല്‍കിയതെന്ന്‌ സമിതിയംഗമായിരുന്ന ഡോ. പുഷ്‌പ ഭാര്‍ഗവ പറഞ്ഞിരുന്നു. അനുമതി നല്‍കാന്‍ തന്നില്‍ ഏറെ സമ്മര്‍ദം ചെലുത്തിയെന്ന്‌ സമിതി ചെയര്‍മാന്‍ പറഞ്ഞത്‌ വന്‍ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു.

ജനിതക മാറ്റം വരുത്തിയ വിള എലികളില്‍ പരീക്ഷിച്ചപ്പോള്‍ വിവിധ തരത്തിലുളള രോഗങ്ങള്‍ കണ്ടെത്തിയിരുന്നു. ബി.ടി. പരുത്തിയുടെ ഇല കഴിച്ച പശുക്കളുടെ ആമാശയത്തില്‍ ദ്വാരങ്ങള്‍ പ്രത്യക്ഷപ്പെട്ട വിവരം പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടത്‌ ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കെതിരേ ജനരോഷം ഉയരാന്‍ മറ്റൊരു കാരണമായി.

കേന്ദ്രകൃഷിമന്ത്രി ശരത്‌ പവാര്‍, ശാസ്‌ത്ര സാങ്കേതിക മന്ത്രി പൃഥ്വിരാജ്‌ ചൗഹാന്‍ എന്നിവര്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.

ജനിതകമാറ്റം വരുത്തിയ കാര്‍ഷിക വിളയാണിത്‌. അതായത്‌ ബയോടെക്‌നോളജിയിലൂടെ കീട പ്രതിരോധ ശേഷിയാര്‍ജിച്ച പച്ചക്കറി. ‘ബാസില്ലസ്‌ ടുറിന്‍ജിയന്‍സിസ്‌'(ബി.ടി) എന്ന ബാക്‌ടീരിയയുടെ ജീന്‍ നിക്ഷേപിച്ചിട്ടുള്ള വിളകളാണ്‌ ബി.ടി വിളകള്‍ എന്നറിയപ്പെടുന്നത്‌.

വിഷവിളയോ -നിര്‍മാതാക്കള്‍: ബഹുരാഷ്‌ട്ര കമ്പനിയായ ‘മോണ്‍സാന്റോ’ മഹീകോ ബയോടെക്‌ ആണു ബി.ടി. വഴുതനയുടെ വിത്ത്‌ വികസിപ്പിച്ചത്‌.

ഗുണങ്ങള്‍: കൃഷിച്ചെലവു കുറയുമെന്നും ഉല്‍പാദനം കൂടുമെന്നും അവകാശവാദം. വഴുതനയെ അക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ജീന്‍ ബി.ടി. വഴുതനയില്‍ അടങ്ങിയിരിക്കുന്നു.

ആശങ്കകള്‍: ബി.ടി. വഴുതന കഴിക്കുന്നത്‌ ആരോഗ്യത്തിനു ഹാനികരമോ എന്ന സംശയം. വഴുതനയുടെ തനതായ ഗുണം നഷ്‌ടപ്പെടുമോ എന്നും പുതിയ കീടങ്ങളെ ചെറുക്കാനാകുമോ എന്നുമുള്ള ചോദ്യങ്ങള്‍.

ബി.ടി. പരുത്തി: ബി.ടി. പരുത്തിക്ക്‌ ഏഴു വര്‍ഷം മുമ്പേ അനുമതി നല്‍കിയിരുന്നു. 2001 ല്‍ ഹെക്‌ടറിന്‌ 308 കിലോഗ്രാം ആയിരുന്ന ഉല്‍പാദനം 2006 ല്‍ 508 കിലോഗ്രാമായി വര്‍ധിച്ചു. ആദ്യമായാണ്‌ അനുമതി നല്‍കുന്നത്‌.

കീടങ്ങളെ നശിപ്പിക്കുന്നതുപോലെ ഇതുകഴിക്കുന്ന മനുഷ്യരേയും വഴുതനയിലെ ജീനുകള്‍ ആക്രമിച്ചാലോ എന്നതാണ്‌ പ്രധാന സംശയം.

അമേരിക്കയില്‍: അമേരിക്കയില്‍ ബി.ടി വിളകള്‍ പത്തുവര്‍ഷമായി കൃഷി ചെയ്യുന്നു. 25 രാജ്യങ്ങളിലായി 12.5 കോടി ഹെക്‌ടറില്‍ ബി.ടി. വിളകള്‍ ഉല്‍പാദിപ്പിക്കുന്നു.

രാഷ്‌ട്രീയ ഭിന്നത: ബി.ടി വഴുതനയെ ഇന്ത്യയിലെ രാഷ്‌ട്രീയ ഭിന്നതയും ബാധിച്ചു. ശാസ്‌ത്രീയ പരിശോധനകള്‍ക്കു ശേഷമാണ്‌ അന്തിമ അംഗീകാരമെന്നു കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാര്‍ വാദിച്ചപ്പോള്‍ ജനകീയ അംഗീകാരമാണു പ്രധാനമെന്ന്‌ പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേശ്‌ ശഠിച്ചു.

ഈ വഴുതനങ്ങ ഭക്ഷിച്ചാല്‍ ആരോഗ്യ പ്രശ്‌നമുണ്ടാകുമോ എന്നതില്‍ തര്‍ക്കം തുടര്‍ന്നതിനാല്‍ ബി.ടി. വഴുതനവിരുദ്ധരുടെ ഭാഗം തല്‍ക്കാലത്തേക്കു വിജയിച്ചിരിക്കുകയാണ്‌.

ബി.ടി. വഴുതന വേണ്ടെന്ന് പരിസ്ഥിതിമന്ത്രാലയം

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന (ബി.ടി. വഴുതന) വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ തത്കാലം അനുവദിക്കേണ്ടെന്ന് പരിസ്ഥിതിമന്ത്രാലയം തീരുമാനിച്ചു. ”പൊതുജനങ്ങള്‍ക്കും വിദഗ്ദ്ധര്‍ക്കും തൃപ്തികരമായ സ്വതന്ത്ര ശാസ്ത്രീയപഠനങ്ങളിലൂടെ, ആരോഗ്യത്തിനും പരിസ്ഥിതിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിച്ച്, ഈ ഉത്പന്നം സുരക്ഷിതമാണെന്നു സ്ഥാപിക്കുന്നതുവരെയാണ് ബി.ടി. വഴുതന നിരോധനം.

തന്റെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനിതക എന്‍ജിനീയറിങ് അംഗീകാരസമിതിയുടെ (ജി.ഇ.എ.സി.) പ്രവര്‍ത്തനത്തെ മന്ത്രി ജയ്‌റാം രമേഷ് വിമര്‍ശിച്ചു. ”ഈ ഉന്നതവിദഗ്ദ്ധസമിതിയാണ് കഴിഞ്ഞ ഒക്ടോബറില്‍ ബി.ടി. വഴുതനയ്ക്ക് അംഗീകാരം നല്കിയത്. ഇന്ത്യ കൂടി കക്ഷിയായ പല ആഗോള ചട്ടങ്ങള്‍ക്കും നിരക്കുന്നതല്ലായിരുന്നു ജി.ഇ.എ.സി.യുടെ മാനദണ്ഡം- മന്ത്രി ചൂണ്ടിക്കാട്ടി.

വഴുതനയിലെ കീടബാധ ഒഴിവാക്കാന്‍ കീടനാശിനിയായ ഒരു പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ജീന്‍ വഴുതനയില്‍ പ്രവേശിപ്പിച്ച് കീടപ്രതിരോധശേഷിയുള്ള വഴുതന ഉണ്ടാക്കുകയാണ് ഇതിലടങ്ങിയിട്ടുള്ള സാങ്കേതികത. ബാസിലസ് ടൂറിന്‍ ജിറംസിസ് (ബി.ടി.) എന്ന സര്‍വസാധാരണമായ ബാക്ടീരിയയുടെ സഹായത്തോടെ ഇത് ചെയ്യുന്നതിനാലാണ് ഉത്പന്നത്തിന് ബി.ടി. എന്ന വിശേഷണം വരുന്നത്. ബി.ടി. പരുത്തി നേരത്തേ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

എന്നാല്‍ പരീക്ഷണവും പഠനവും കഴിഞ്ഞ് ഉത്പാദനത്തിനും വിപണനത്തിനും തയ്യാറാവുന്ന ആദ്യഭക്ഷ്യവസ്തുവാണ് വഴുതന. ‘മൊണ്‍സാന്‍േറാ’ എന്ന ബഹുരാഷ്ട്രകുത്തകയ്ക്ക് 29 ശതമാന ഓഹരികളുള്ള മഹാരാഷ്ട്രയിലെ ‘മഹീകോ’ എന്ന കമ്പനിയാണ് ബി.ടി. വഴുതന രംഗത്തിറക്കിയത്. ജൈവസുരക്ഷ സംബന്ധിച്ച് അംഗീകാരം നല്കിയെങ്കിലും ദേശീയതലത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്ന നയംസംബന്ധിച്ചതാകയാല്‍ ജി.ഇ.എ.സി. അവസാന തീരുമാനം മന്ത്രിക്കു വിടുകയായിരുന്നു.

ഒരുവിഭാഗം കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരില്‍ വലിയൊരു വിഭാഗവും നഖശിഖാന്തം എതിര്‍ത്തിരുന്നതുകൊണ്ട് വിഷയം ആഴത്തില്‍ പഠിച്ചശേഷമാണ് മന്ത്രി തീരുമാനമെടുത്തത്. ഇതിനിടെ കേരളമുള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങള്‍ തങ്ങള്‍ ബി.ടി. വഴുതന നിരോധിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. രാജ്യത്ത് ഏഴിടത്ത് പൊതുജനാഭിപ്രായമാരാഞ്ഞുകൊണ്ടുള്ള യോഗങ്ങള്‍ മന്ത്രി നടത്തി. നിരവധി വിദേശ ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തി.

ഈ നിരീക്ഷണങ്ങളില്‍ നിന്നും ആശയ വിനിമയങ്ങളില്‍ നിന്നും ബോധ്യമായത് ബി.ടി.വഴുതന തത്കാലം അനുവദിക്കേണ്ടതില്ലെന്നതാണെന്ന് ജയ്‌റാം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ അര്‍ഥം ബയോടെക്‌നോളജി രംഗത്തുനടക്കുന്ന ഗവേഷണ പഠനങ്ങള്‍ക്ക് താന്‍ എതിരാണെന്നല്ല. ഇനിയും പഠനങ്ങള്‍ നടത്തുകയും പരീക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യണം- മന്ത്രി പറഞ്ഞു.

ഈ രംഗത്ത് പൊതുമേഖലയുടെ പങ്ക് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയും ജൈവസാങ്കേതികരംഗത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അവരുടെ ബി.ടി. പരുത്തി വികസിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അവിടെ പൊതുമേഖലയ്ക്കാണ് കൂടുതല്‍ പങ്കാളിത്തം- അദ്ദേഹം പറഞ്ഞു.

‘മഹീകോ’ നല്കിയ പരീക്ഷണവിവരങ്ങള്‍ വെച്ച് അംഗീകാരം നല്കുകയാണ് ജി.ഇ.എ.സി. ചെയ്തത്. ബി.ടി. വഴുതന വികസിപ്പിച്ചെടുത്ത കമ്പനിതന്നെ ജൈവസുരക്ഷിതത്വം സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് നല്കുന്നത് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു. ജി.ഇ.ആര്‍.സി.യുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്ന സൂചന നല്കി ഇനി മുതല്‍ ഇതിന് ‘ജെനിറ്റിക് എന്‍ജിനീയറിങ് വിലയിരുത്തല്‍ സമിതി’ എന്നാവും പേരെന്നും മന്ത്രി അറിയിച്ചു.

ബിടി വഴുതന നിരോധിച്ചു

ന്യൂഡല്‍ഹി: ജനിതക മാറ്റം വരുത്തിയ വഴുതനയുടെ (ബിടി വഴുതന) വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനംകേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. ബിടി വഴുതന ആരോഗ്യത്തിനും പരിസ്ഥിതിക്കും നാടന്‍ വഴുതനസമ്പത്തിനും ദോഷകരമല്ലെന്നു തെളിയുന്നതുവരെയാണു നിരോധനമെന്നു പരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി.

ബഹുരാഷ്ട്ര കമ്പനിയായ മൊണ്‍സാന്റോയ്ക്ക് 26% ഒാഹരിയുള്ള മഹീകോ എന്ന ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വഴുതനയ്ക്കാണു നിരോധനം. എന്നാല്‍, മഹീകോയെ കൂടാതെ പല സ്ഥാപനങ്ങളും ബിടി വഴുതന വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇവര്‍ വികസിപ്പിച്ചെടുക്കുന്ന വഴുതനയ്ക്കും നിരോധനം ബാധകമാക്കും. ദോഷമില്ലാത്തവയെന്നുണ്ടെങ്കില്‍ മാത്രമേ ജനിതക പരീക്ഷണങ്ങള്‍ക്കു വിധേയമാകുന്ന മറ്റു വിളകള്‍ക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിന് അനുമതി നല്‍കൂ.

ബാസില്ലസ് തുറിന്‍ജിയന്‍സിസ് (ബിടി) എന്ന ബാക്ടീരിയയുടെ ജീന്‍ നിക്ഷേപിച്ചാണു വഴുതനയില്‍ ജനിതകമാറ്റം വരുത്തിയിട്ടുള്ളത്. വഴുതനയെ ആക്രമിക്കുന്ന കീടങ്ങളെ കൊല്ലാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ ജീനെന്നും ഇതു വഴുതനയുടെ ഉല്‍പാദനം കൂട്ടുമെന്നും കൃഷിച്ചെലവു കുറയുമെന്നുമാണ് അനുകൂല വാദമുണ്ടായത്.

ബിടി വഴുതനയെക്കുറിച്ചു കൂടുതല്‍ പഠനം നടത്താന്‍
ശാസ്ത്രലോകത്തോടു മന്ത്രി അഭ്യര്‍ഥിച്ചു. ജൈവ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കുന്ന വിളകള്‍ക്ക് അനുമതി നല്‍കുന്നതു പരിശോധിക്കാന്‍ ദേശീയതലത്തില്‍ അതോറിറ്റി രൂപീകരിക്കണം. ശാസ്ത്രീയ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ഈ അതോറിറ്റിയുടെ രൂപീകരണത്തെക്കുറിച്ചു ചര്‍ച്ച തുടങ്ങിയിട്ട് ആറു വര്‍ഷമായി.

ബിടി വഴുതനയ്ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനത്തിനു ജൈവ സാങ്കേതികവിദ്യയ്ക്കുള്ള നിരോധനം എന്നര്‍ഥമില്ല. ജനിതകമാറ്റം വരുത്തുന്ന വിളകള്‍ക്കു ദോഷങ്ങളില്ലെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെടണം എന്നതാണ് ആവശ്യം. ബിടി വഴുതന ഉയര്‍ത്താവുന്ന പ്രശ്നങ്ങളെക്കുറിച്ചു മഹീകോയുടെ പഠനം മാത്രമാണു ലഭ്യമായിട്ടുള്ളത്. ഉല്‍പാദകര്‍ നടത്തിയ പഠനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുയര്‍ന്ന സംശയങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതല്‍ വഴുതന ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തു നാലായിരത്തോളം വഴുതന ഇനങ്ങളുണ്ടെന്നാണു കണക്ക്. ഭക്ഷണത്തിനു മാത്രമല്ല, മരുന്നുകളിലും വഴുതന ഉപയോഗിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ ഇനങ്ങള്‍ നാടന്‍ ഇനങ്ങളെ എങ്ങനെ ബാധിക്കുമെന്നു പറയാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു. ബിടി പരുത്തി, നാടന്‍ പരുത്തി വൈവിധ്യത്തെ ബാധിച്ചിട്ടുണ്ട്.

പരിസ്ഥിതി മന്ത്രാലയത്തിനുള്ള കീഴിലുള്ള ജനിതക എന്‍ജിനീയറിങ് അനുമതി സമിതിയാണ് (ജിഇഎസി) വഴുതനക്കൃഷിക്കുള്ള മഹീകോയുടെ അപേക്ഷ പരിഗണിച്ചത്. കൃഷിക്ക് അനുമതി നല്‍കാമെന്ന ശുപാര്‍ശയാണു സമിതി മന്ത്രാലയത്തിനു നല്‍കിയത്. ഈ ശുപാര്‍ശയെ അനുമതിയായി കേന്ദ്ര കൃഷിമന്ത്രി ഉള്‍പ്പെടെ പലരും വ്യാഖ്യാനിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

ബിടി വഴുതനയുടെ ഗുണദോഷങ്ങളെക്കുറിച്ച് ഇന്ത്യയിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍ രണ്ടു തട്ടിലായിരുന്നു. നിലവില്‍ വഴുതനക്കൃഷിയില്‍ മുന്നിലുള്ള ബംഗാള്‍, ഒറീസ, ബിഹാര്‍, കര്‍ണാടക തുടങ്ങിയവ മാത്രമല്ല; കേരളം, ആന്ധ്ര, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ബിടി വഴുതനയുടെ കാര്യത്തില്‍ കരുതലോടെയുള്ള സമീപനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സര്‍ക്കാരിതര സാമൂഹിക സംഘടനകളും ബിടി വഴുതനയ്ക്കെതിരെ നിലപാട് എടുത്തിട്ടുണ്ട്. ജയറാം രമേശ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടത്തിയ ജനസഭകളില്‍ ഭൂരിപക്ഷം പേരും ബിടി വഴുതനയെ എതിര്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു ദോഷങ്ങളില്ലെന്നു തെളിയുംവരെ ഇതു നിരോധിക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്.

ജനിതക വഴുതനക്ക് കേന്ദ്രാനുമതിയില്ല

ന്യൂദല്‍ഹി : ജനിതക മാറ്റം വരുത്തിയ വഴുതന കൃഷിക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാറ തീരുമാനിച്ചു. കേരളമുര്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. പതിമൂന്നോളം സംസ്ഥാനങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.  ബാംഗ്ലൂര്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ച പൊതു ചര്‍ച്ചകളിലും ജനരോഷം പ്രകടമായിരുന്നു. ജനിതക മാറ്റം വരുത്തിയ ഭക്ഷ്യോല്‍പന്നങ്ങള്‍ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ വിദേശ കമ്പനികളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ജനിതക മാറ്റം വരുത്തിയ വഴുതന കൃഷിക്ക് അനുയോജ്യമായി നേരത്തെ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി അനുകൂല തീരുമാനം കൈക്കൊണ്ടിരുന്നു. അനുമതി നിഷേധിച്ച സര്‍ക്കാര്‍ തീരുമാനം വിവിധ സംസ്ഥാന സര്‍ക്കാറുകളും പരിസ്ഥിതി സംഘടനകളും സ്വാഗതം ചെയ്തു.

ബി.ടി വഴുതന വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന (ബി.ടി വഴുതന) കാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു.
ജനിതക മാറ്റം വരുത്തിയ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
ബി.ടി വഴുതന കാര്‍ഷികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജനിറ്റിക്കല്‍ എഞ്ചിനിയറിംഗ് അപ്രൂവല്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബി.ടി വഴുതന നിരോധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ബി.ടി വഴുതന കൃഷിക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.
കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്ന കാരണമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍ ജനിതക മാറ്റം വരുത്തിയ കുരുക്കളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ കാര്യത്തില്‍ നിരോധനം ബാധകമാകുമോ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചത് ഭക്ഷ്യ എണ്ണ മുതല്‍ ഇറക്കുമതി ചെയ്യുന്ന പഴ സത്തുകള്‍ക്കു വരെ ബാധകമായിരിക്കും.
കഴിഞ്ഞ ഒക്ടോബര്‍ 14 ന് ചേര്‍ന്ന ജനിറ്റിക്കല്‍ എന്‍ജിനിയറിംഗ് അപ്രൂവല്‍ കമ്മിറ്റിയില്‍ ബി.ടി വഴുതനയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു കമ്മിറ്റി ഭൂരിപക്ഷ അഭിപ്രായപ്രകാരം അനുമതി നല്‍കിയത്.
കമ്മിറ്റി അംഗവും ഇന്ത്യയിലെ ഏറ്റവും മികച്ച ജനിതക വിദഗ്ധനുമായ ഡോ. പുഷ്പ ഭാര്‍ഗവ ബി. ടി വഴുതനയ്ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.
അമേരിക്കന്‍ വിത്തുത്പാദകരായ മൊണ്‍സാന്റോയുടെ ഇന്ത്യന്‍ പതിപ്പ് ആയ മഹീകോ കമ്പനിയാണ് ബി.ടി വഴുതന വികസിപ്പിച്ചത്. ഇതേക്കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന് സാമ്പത്തിക സഹായം നല്‍കിയത് മൊണ്‍സാന്റോ ആയിരുന്നു.
എന്താണ് ബി. ടി. വഴുതന
മണ്ണിലുള്ള ബാസില്ലസ് തുറുഞ്ചിയാസിസ് (ബി.ടി) ബാക്ടീരിയ ചെറിയ തോതില്‍ വിഷം ഉത്പാദിപ്പിക്കും. ഈ ബാക്ടീരിയയുടെ ജീന്‍ വേര്‍തിരിച്ചെടുത്ത് ജീന്‍ ബോംബിംഗ് എന്ന ജനിതക ടെക്നോളജി വഴി വഴുതന വിത്തില്‍ കടത്തുന്നു.
ഈ വിത്തില്‍ നിന്നുണ്ടാക്കുന്ന ചെടി സ്വയം പിന്നീട് വിഷം ഉത്പാദിപ്പിക്കുകയും ഈ വിഷം കീടങ്ങളെ അകറ്റുകയും ചെയ്യും. കീടനാശിനി പ്രയോഗം പൂര്‍ണമായി കുറയ്ക്കാം എന്നതാണ് മെച്ചം.
ദോഷങ്ങള്‍: കീടനാശിനി ഉള്ളില്‍ വഹിക്കുന്ന വഴുതനയുടെ പാര്‍ശ്വഫലങ്ങള്‍ പഠന വിധേയമാക്കിയിട്ടില്ല. അത്യുത്പാദന ശേഷിയും ചെലവ് കുറഞ്ഞ കൃഷി രീതിയും മൂലം ബി. ടി. വഴുതന മറ്റ് വഴുതനകളെ മാര്‍ക്കറ്റില്‍ നിന്ന് പാടേ തുടച്ചുമാറ്റും. സാധാരണക്കാര്‍ക്ക് ബി.ടി വഴുതനയെ മറ്റു വഴുതനയില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയില്ല. പരാഗണം വഴി ബി.ടി വഴുതനയുടെ ജനിതക സ്വഭാവം നാടന്‍ വഴുതനയ്ക്കും പകര്‍ന്നുകിട്ടും. ക്രമേണ നാടന്‍ വഴുതന അപ്രത്യക്ഷമാകും. ഓരോ കൃഷിക്കും ‘കമ്പനി വിത്ത്’ വാങ്ങണം.
കേരളം നേരത്തേ തീരുമാനിച്ചു: മുല്ലക്കര
ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ കേരളം നേരത്തേതന്നെ ഉറച്ച സമീപനമെടുത്തിരുന്നതാണെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കേരളത്തെ ഒരു ജി.എം. ഫ്രീ സോണായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി. ബി.ടി വഴുതനയുടെ പരീക്ഷണങ്ങള്‍ കേരളത്തില്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ജൈവ വൈവിധ്യം നിറഞ്ഞ കേരളത്തെ മലിനീകരണവിമുക്തമായി സംരക്ഷിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് കേന്ദ്രം അംഗീകരിച്ചതില്‍ സന്തോഷം.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കാര്‍ഷികം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )