ബി.ടി. വഴുതന

ബി.ടി. വഴുതന: പൊതുജനാഭിപ്രായംകൂടി പരിഗണിച്ചു മാത്രം-മന്ത്രി

ബാംഗ്ലൂര്‍: രാജ്യത്ത് ജനിതകമാറ്റം വരുത്തിയ വഴുതനയുടെ (ബി.ടി. വഴുതന) വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം അനുവദിക്കുന്ന കാര്യത്തില്‍ പൊതുജനാഭിപ്രായംകൂടി പരിഗണിച്ചേ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര പരിസ്ഥിതി വനംവകുപ്പുമന്ത്രി ജയ്‌റാം രമേശ് ഉറപ്പുനല്കി. അതേസമയം ശാസ്ത്ര-സാങ്കേതിക വിളയുടെ സാധ്യതകള്‍ ഭക്ഷ്യോത്പാദന വര്‍ധനയ്ക്ക് ഉപയോഗിക്കണമെന്ന സമീപനത്തിനും തുല്യ പ്രാധാന്യം നല്കും. ഇതുസംബന്ധിച്ച തീരുമാനം ഫിബ്രവരി 10ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ടി. വഴുതന അനുവദിക്കുന്നതിനെ സംബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഏഴാമത്തേതും അവസാനത്തേതുമായ തെളിവെടുപ്പാണ് ബാംഗ്ലൂരില്‍ ശനിയാഴ്ച നടന്നത്. കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള മൂവായിരത്തോളം പേര്‍ തെളിവെടുപ്പില്‍ തങ്ങളുടെ വാദങ്ങള്‍ നിരത്താനെത്തിയിരുന്നു. കേരളത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കേരളാ സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം ബി.ടി. വഴുതന അനുവദിക്കുന്നതിനെതിരെ ജയറാം രമേശിന് നിവേദനം നല്‍കി.

രാവിലെ, കര്‍ഷകരും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും മുദ്രാവാക്യം വിളിയും പ്രതിഷേധ പ്രകടനവുമായാണ് മന്ത്രിയെ തെളിവെടുപ്പുവേദിയായ സെന്‍ട്രല്‍ കോളേജ് ഓഡിറ്റോറിയത്തിലേക്ക് വരവേറ്റത്. വേദിയിലും പരിസരത്തും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

തനത് വഴുതന ഇനങ്ങളെ ബി.ടി.വഴുതന ഇല്ലാതാക്കുമെന്നും കര്‍ഷകരുടെ രക്ഷയല്ല, വെറും ലാഭം മാത്രമാണ് വിത്തുത്പാദകരായ മൊണ്‍സാന്റോയുടെ ലക്ഷ്യമെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ കൃഷിയും വിപണനവും അനുവദിക്കുന്നതിനു മുന്‍പ് ജനിതക മാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ മനുഷ്യരിലുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും തെളിവെടുപ്പില്‍ നിര്‍ദേശിച്ചു.

ഇപ്പോള്‍ രാജ്യത്ത് വഴുതന അധികമായി ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിവര്‍ഷം 338 ടണ്‍ കയറ്റി അയയ്ക്കുന്നുമുണ്ട്. മറ്റു രാജ്യങ്ങളില്‍ ബി.ടി. വഴുതന അനുവദിക്കുന്നതിനാല്‍ ബി.ടി.വഴുതന കൃഷി കയറ്റുമതിയെ ബാധിക്കാനിടയുണ്ടെന്ന് വ്യാപാരി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മൊണ്‍സാന്റൊയുടെ ആസ്ഥാനമായ അമേരിക്കയില്‍ ഇത് വിറ്റഴിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചുകൊണ്ട് ഡോ. വി.എസ്. വിജയന്‍ ചൂണ്ടിക്കാട്ടി. രാവിലെ 10ന് തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് രണ്ടുമണി വരെ നീണ്ടു. ഇടയ്ക്ക് കര്‍ഷകര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ബി.ടി. പരുത്തി ഇപ്പോള്‍ രാജ്യത്ത് വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ വഴുതന ഭക്ഷ്യവസ്തുവാണ്. മറ്റു ഭക്ഷ്യവസ്തുക്കളിലും ബി.ടി. ഉപയോഗിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബി.ടി. വഴുതനയുടെ കാര്യത്തില്‍ തീരുമാനം വളരെ കരുതലോടെ ആയിരിക്കുമെന്ന് തെളിവെടുപ്പിനുശേഷം പുറത്തുവന്ന മന്ത്രി ജയറാം രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വഴുതനയുടെ കര്യത്തിലുള്ള തീരുമാനം മറ്റു ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും നിര്‍ണായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ചെത്തിയ സംഘത്തില്‍ ഡോ. വി.എസ്. വിജയനു പുറമേ കൃഷിമന്ത്രിയുടെ സെക്രട്ടറി ഡോ. ഗോപാലകൃഷ്ണന്‍ നായര്‍, കൃഷിവകുപ്പു ഡയറക്ടര്‍ ഡോ. ജി. സുരേന്ദ്രന്‍, തണല്‍ സി.ഇ.ഒ. ഡോ. എസ്. ഉഷ, തണല്‍ ഡയറക്ടര്‍ ഇ. ശ്രീധര്‍, കര്‍ഷക പ്രതിനിധി നാരായണന്‍ ഉണ്ണി, മാധ്യമ പ്രതിനിധി പി. പ്രസാദ് എന്നിവരുമുണ്ടായിരുന്നു. സി.പി.ഐ. പ്രത്യേക നിവേദനവും നല്‍കി.
കേരളത്തില്‍നിന്ന് ജൈവ കര്‍ഷക സമിതി, വണ്‍ എര്‍ത്ത് വണ്‍ ലൈഫ്, ചില്ല, സോളിഡാരിറ്റി എന്നീ സംഘടനകളും തെളിവെടുപ്പില്‍ പങ്കെടുത്തു. തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നും ജനങ്ങള്‍ എത്തിയിരുന്നു.

ബിടി വഴുതന: ജനവികാരം മാനിക്കുമെന്ന് മന്ത്രി

ബാംഗൂര്‍: ബിടി വഴുതനയുടെ വാണിജ്യ ഉല്‍പാദനം സംബന്ധിച്ചു 10നു കേന്ദ്രം പ്രഖ്യാപിക്കുന്ന അന്തിമതീരുമാനം പൂര്‍ണമായും ജനവികാരം മാനിച്ചായിരിക്കുമെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയ്റാം രമേഷ്. സര്‍ക്കാര്‍ ഒത്തുkകളി നടത്തില്ല. അതേസമയം, ശാസ്ത്ര സാങ്കേതികവിദ്യയെ പൂര്‍ണമായി അവഗണിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിടി വഴുതന ഉല്‍പാദനം അനുവദിക്കുന്നതു സംബന്ധിച്ചു രാജ്യത്തെ ഏഴു നഗരങ്ങളില്‍ നടത്തുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ബാംഗൂരില്‍ ഇന്നലെ മന്ത്രി നടത്തിയ യോഗത്തില്‍ കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, മെഡിക്കല്‍ പ്രഫഷനലുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. ബിടി വഴുതന ഉല്‍പാദനം അനുവദിക്കരുതെന്നു കേരളത്തില്‍നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

പരിപാടിക്കിടെ, സദസ്യരും മന്ത്രിയും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങളുമുണ്ടായി. ബിടി-വഴുതന വികസിപ്പിച്ച മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ഏജന്റെന്നു തന്നെ വിശേഷിപ്പിച്ച മലയാളി യുവാവിനെതിരെ മന്ത്രി പൊട്ടിത്തെറിച്ചു. മന്ത്രിക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തിയ യുവാവിനെ പൊലീസ് പുറത്താക്കി.

ബി.ടി വഴുതന: പ്രതിഷേധിക്കുന്നവര്‍ മനോരോഗികളെന്ന് മന്ത്രി ജയറാം രമേഷ്

ബാംഗ്ളൂര്‍: ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ വിപണിയിലിറക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് മനോരോഗമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പറഞ്ഞു. ബി.ടി വഴുതന കൃഷി ചെയ്യുന്നതിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ബാംഗ്ളൂരില്‍ നടന്ന യോഗത്തിലാണ് മന്ത്രിയുടെ വിവാദമായേക്കാവുന്ന പരാമര്‍ശം ഉണ്ടായത്.

കര്‍ഷകരും, സാധാരണക്കാരും അടങ്ങുന്ന ജനങ്ങള്‍ ബാംഗ്ളൂരിലെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബി.ടി. വഴുതനയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ജയറാം രമേഷിനെതിരായി പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി. ഇതിനിടയില്‍ ഒരു പ്രതിഷേധ പ്രവര്‍ത്തകന്‍ മന്ത്രിയോട് വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. തങ്ങള്‍ക്ക് ബി.ടി വഴുതന വേണ്ടെന്ന് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ പ്രതിഷേധകന്‍ പറഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ജയറാം രമേഷ് ‘നിങ്ങള്‍ പോയി ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം തേടൂ’ എന്ന് പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ അയാള്‍ നിങ്ങളോട് എനിക്ക് പറയാനുള്ളത് അതാണെന്ന് വിളിച്ചു പറഞ്ഞു.

ബിടി വഴുതന: എതിര്‍പ്പ് രൂക്ഷം; അനുമതിക്കൊരുങ്ങി കേന്ദ്രം

ബംഗളൂരു: രാജ്യമാകെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് വകവെക്കാതെ ബിടി വഴുതനയുടെ വാണിജ ഉല്‍പ്പാദനത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച തീരുമാനം 10ന് പകല്‍ 12.30ന് ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് വനം- പരിസ്ഥിതിമന്ത്രി ജയറാം രമേഷ് പറഞ്ഞു. ബംഗളൂരു സെന്‍ട്രല്‍ കോളേജ് ക്യാമ്പസില്‍ നാലുമണിക്കൂറോളം നീണ്ട ചൂടേറിയ സംവാദത്തിന് ഒടുവിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷകരും കാര്‍ഷിക വിദഗ്ധരും ഉയര്‍ത്തിയ എതിര്‍പ്പ് വകവെക്കാതെയാണ് കുത്തകകളെ സഹായിക്കുന്ന തീരുമാനത്തിന് കേന്ദ്രം ഒരുങ്ങുന്നത്. ബംഗ്ളൂരിലെ തെളിവെടുപ്പില്‍ ശക്തമായ പ്രതിഷേധത്തെ ക്ഷുഭിതനായാണ് മന്ത്രി നേരിട്ടത്. തീരുമാനം നിഷ്പക്ഷവും നീതിപൂര്‍വവുമായിരിക്കുമെന്ന്്് മന്ത്രി അവകാശപ്പെട്ടു. കൃഷിക്കാരും കാര്‍ഷികഗവേഷകരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെടെ എണ്ണായിരത്തില്‍പ്പരം പേരുമായി നേരിട്ട് സംവദിച്ചതായി ജയറാം രമേഷ് പറഞ്ഞു. ഏഴു കേന്ദ്രത്തില്‍ നടത്തിയ ദേശീയതല തെളിവെടുപ്പില്‍ അവസാനത്തേതായിരുന്നു ബംഗളൂരുവില്‍. കൊല്‍ക്കത്ത, ഭുവനേശ്വര്‍, അഹമ്മദാബാദ്, നാഗ്്പുര്‍, ചണ്ഡീഗഢ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നേരത്തെ തെളിവെടുപ്പ് നടന്നു. ഇവിടെയെല്ലാം ശക്തമായ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. രാവിലെ പത്തിന് ആരംഭിച്ച തെളിവെടുപ്പ് തുടക്കംമുതല്‍ പ്രക്ഷുബ്്ധമായിരുന്നു. ബിടി വഴുതനയ്്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് വേദിക്കുപുറത്ത് കര്‍ഷകപ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി- സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതിന്റ അലകള്‍ അകത്തും ദൃശ്യമായി. കര്‍ണാടകം, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നായി ആയിരത്തിലേറെ പേരാണ് തെളിവെടുപ്പിനെത്തിയത്. ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായ, തനത് ഇനങ്ങളെ നശിപ്പിച്ച് നാടിന്റെ ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയും തകര്‍ക്കുന്ന ബിടി വഴുതനയ്ക്ക് അംഗീകാരം നല്‍കരുതെന്ന് ഭൂരിഭാഗം പ്രതിനിധികളും ആവശ്യപ്പെട്ടു. മോസാന്റോ കമ്പനി ഏതാനും കൃഷിക്കാരെയും ഗവേഷകരെയും വാടകയ്ക്കെടുത്ത് രംഗത്തിറക്കിയിരുന്നെങ്കിലും അവരുടെ വാദം ബഹളത്തില്‍ മുങ്ങി. മോസാന്റോ കമ്പനിയുടെ ഏജന്റായ മന്ത്രിയില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ചിലര്‍ പറഞ്ഞതോടെ ജയറാം രമേഷ് ക്ഷുഭിതനായി. വാദപ്രതിവാദം രൂക്ഷമായ ഒരുഘട്ടത്തില്‍ തെളിവെടുപ്പ് നിര്‍ത്തി സ്ഥലംവിടുമെന്നുവരെ അദ്ദേഹം ഭീഷണിമുഴക്കി. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗഗൌഡ, ഡോ. യു ആര്‍ അനന്തമൂര്‍ത്തി തുടങ്ങിയവരും തെളിവ് നല്‍കാനെത്തി. ബിടി വഴുതനയെ അംഗീകരിക്കരുതെന്ന് ഇരുവരും ആവശ്യപ്പെട്ടു. എല്ലാവശവും പരിഗണിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ടി വഴുതന: തീരുമാനം പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്ത്-മന്ത്രി ജയറാം രമേഷ്

ബംഗളൂരു: ജനിതക മാറ്റം വരുത്തിയ വഴുതനക്ക് വാണിജ്യപരമായ ഉല്‍പാദനത്തിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച വിഷയത്തില്‍ പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂവെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹ മന്ത്രി ജയറാം രമേഷ്. വിഷയത്തില്‍ ഫെബ്രുവരി 10ന് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ബി.ടി വഴുതന സംബന്ധിച്ച പൊതുതെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിന്റെ എല്ലാ വശങ്ങളും കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഏഴ് തെളിവെടുപ്പുകളിലെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കണക്കിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂ. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും നിര്‍ദേശങ്ങളും കണക്കിലെടുക്കും. വിഷയത്തില്‍ തനിക്ക് മേല്‍ യാതൊരു സമ്മര്‍ദവുമില്ലെന്നും മന്ത്രി പറഞ്ഞു. തീരുമാനത്തിലെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ നടന്ന തെളിവെടുപ്പില്‍ കര്‍ണാടക, തമിഴ്‌നാട്, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 2000ഓളം പേരാണ് പങ്കെടുത്തത്. പ്രതിഷേധങ്ങള്‍ക്കും ബഹളത്തിനുമിടയിലായിരുന്നു തെളിവെടുപ്പ്. കാര്‍ഷിക സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്ന ഹാളിലും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നു. തെളിവെടുപ്പ് നടന്ന സെന്‍ട്രല്‍ കോളജ് ഹാളില്‍ ബി.ടി വഴുതനയെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും വാദങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ വക്കിലെത്തി. ഇതിനിടക്ക് ഒരാളെ ഹാളില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )