കീടങ്ങള്‍ പെരുകിയ കാര്‍ഷികഗവേഷണം: അട്ടയെ പേടിച്ചോടിയ ഗവേഷകനും ഏലക്കൃഷിയെ രക്ഷിച്ച ഞള്ളാനിയും

ആറുവര്‍ഷം മുമ്പത്തെ കാര്യമാണ്‌. ഇടുക്കിയിലെ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ പുതിയ ഡയറക്‌ടര്‍ ചുമതലയേല്‍ക്കാന്‍ വരുന്ന ദിവസം. ഉദ്യോഗസ്‌ഥനെ സ്വീകരിക്കാനായി കീഴ്‌ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ അമ്പതില്‍പരം പേര്‍ കാത്തുനിന്നു. രാവിലെ മുതല്‍ വൈകിട്ടു വരെ കാത്തിരിപ്പു നീണ്ടെങ്കിലും ഡയറക്‌ടറല്ല പുതിയൊരു പ്യൂണ്‍ പോലും അങ്ങോട്ടുവന്നില്ല.

ഒരാഴ്‌ച കഴിഞ്ഞപ്പോഴാണു ഡയറക്‌ടര്‍ എത്താതിരുന്നതിന്റെ പൊരുള്‍ ജീവനക്കാര്‍ അറിയുന്നത്‌. ഇങ്ങോട്ടേക്കുള്ള യാത്രാമദ്ധ്യേ സ്വകാര്യ ഏലത്തോട്ടത്തിലെ വളര്‍ന്നുപന്തലിച്ച കൂറ്റന്‍ ഏലച്ചെടി കണ്ട്‌ ഡയറക്‌ടര്‍ക്ക്‌ ആവേശമായി. വണ്ടി നിര്‍ത്തി ഏതാനും ഏലത്തട്ടകള്‍ അടര്‍ത്തിയെടുത്തു യാത്ര തുടര്‍ന്നു. യാത്ര അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണു കാലില്‍ കടിച്ചുപിടിച്ച്‌ രക്‌തം കുടിക്കുന്ന അട്ടയെ ഡയറക്‌ടര്‍ കാണുന്നത്‌. ഉടന്‍ സ്‌ഥലകാല ബോധം നഷ്‌ടപ്പെട്ട ഡയറക്‌ടര്‍ എല്ലാം മതിയാക്കി വണ്ടി നേരേ വീട്ടിലേക്കു തിരിച്ചുവിട്ടു. പിന്നീട്‌ ഇടുക്കി ജില്ലയിലേക്ക്‌ ഉദ്യോഗസ്‌ഥന്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണു കേള്‍വി.

കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നു പുതിയ ഗവേഷണ പഠനത്തിലൂടെ കാര്‍ഷിക വിപ്ലവം സാധ്യമാക്കാന്‍ ഒരുങ്ങിയെത്തിയ ഉദ്യോഗസ്‌ഥനാണ്‌ അട്ടയെ കണ്ടു പേടിച്ചോടിയത്‌! ഏലം ഗവേഷണത്തിന്റെ പേരില്‍ പ്രതിവര്‍ഷം ഒന്നരക്കോടിയോളം രൂപയാണു പാമ്പാടുംപാറയില്‍ ചെലവഴിക്കുന്നത്‌. എന്നാല്‍ നടക്കുന്ന ‘ഗവേഷണ’മാകട്ടെ റോസാപ്പൂക്കളുടെ ഉല്‍പാദനവും!

വിവിധ നിറങ്ങളിലും വലുപ്പങ്ങളിലുമുള്ള നൂറ്റമ്പതില്‍പരം റോസാച്ചെടികളാണ്‌ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ എത്തുന്നവരെ സ്വീകരിക്കുന്നത്‌. ഏലം ഗവേഷണത്തിന്റെ ബാലപാഠങ്ങള്‍ പോലും അഭ്യസിക്കാത്ത ഈ പഠനകേന്ദ്രം 1965-ലാണ്‌ കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സ്‌ഥാപിതമായത്‌. 150 ഏക്കറിലധികം സ്‌ഥലം. ഏലവും കുരുമുളകും സമൃദ്ധി ചൊരിയുന്ന കാലാവസ്‌ഥ. പണിയെടുക്കാന്‍ ആവശ്യത്തിലധികം തൊഴിലാളികള്‍. 50 വര്‍ഷം പിന്നിടുമ്പോള്‍ ഈ സ്‌ഥാപനം ഇടുക്കിയിലെ കര്‍ഷകര്‍ക്ക്‌ എന്തു നല്‍കി ?

ഗുണമേന്മയുള്ള ഒരു ഏലച്ചെടിയോ കുരുമുളക്‌ വള്ളിയോ കര്‍ഷകരിലെത്തിക്കാന്‍ ഈ സ്‌ഥാപനത്തിനു കഴിഞ്ഞിട്ടില്ല. മണല്‍ നിറച്ച ടെസ്‌റ്റ് ട്യൂബുകളും ചാണകപ്പൊടി വിതറിയ പോളിത്തീന്‍ കവറുകളും മാത്രമായി ഇവിടത്തെ പരീക്ഷണങ്ങള്‍ ഒതുങ്ങുന്നു. സര്‍വകലാശാലയ്‌ക്കു കീഴിലുള്ള 29 റിസര്‍ച്ച്‌ സെന്ററുകളില്‍ ഏറ്റവുമധികം ദുര്‍ഗതി നേരിടുന്ന സ്‌ഥാപനമാണ്‌ പാമ്പാടുംപാറയിലേത്‌. ആറു മാസത്തിലൊരിക്കല്‍ മാറിമാറിയെത്തുന്ന അസോസിയേറ്റ്‌ പ്രൊഫസര്‍മാര്‍ ടെസ്‌റ്റ്ട്യൂബുകള്‍ എടുക്കുന്നതും വയ്‌ക്കുന്നതും കണ്ടുമടുത്ത നാട്ടുകാര്‍ക്ക്‌ ഇന്നിതു പുത്തരിയല്ല.

”മണ്ണ്‌ നിറച്ച പോളിത്തീന്‍ കവറുകള്‍ ഒരിടത്ത്‌. മറുഭാഗത്ത്‌ മണല്‍ നിറച്ചവ. മറ്റൊരിടത്തു മണ്ണും മണലും ഒരുമിച്ചു ചേര്‍ന്നവ. ഇങ്ങനെ തരം തിരിച്ച ശേഷം ഇവയില്‍ ഏലം നട്ടുവളര്‍ത്തും. ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തില്‍ തൊഴിലാളികള്‍ നട്ടും നനച്ചും ‘ഗവേഷണം’ തുടരും. മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ഇവയില്‍ ഭൂരിപക്ഷവും നാമാവശേഷമാകും. വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കും. അപ്പോഴേക്കും ഡയറക്‌ടര്‍മാര്‍ കുറഞ്ഞതു മൂന്നു പേരെങ്കിലും വന്നുപോയിക്കഴിഞ്ഞിരിക്കും”.

റിസര്‍ച്ച്‌ സെന്ററിനെക്കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായമിതാണ്‌. ലോകത്തില്‍തന്നെ ഏലം കൃഷിക്ക്‌ ഇത്ര അനുയോജ്യമായ സ്‌ഥലം മറ്റെങ്ങുമില്ലെന്നാണു കണ്ടെത്തല്‍. ഈ വിവരം തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ കാലേക്കൂട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ്‌ ഏലം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഡമം ഹില്‍ റിസര്‍വ്‌(സി.എച്ച്‌.ആര്‍) പ്രഖ്യാപിച്ചത്‌. 150 ഏക്കറില്‍പരം വരുന്ന ഗവേഷണ കേന്ദ്രത്തിന്റെ സ്വന്തം തോട്ടത്തില്‍ തൊഴിലാളികളെക്കൊണ്ടു പണിയിപ്പിക്കുകയും ഇതിനൊപ്പം ഗവേഷണം തുടരുകയും ചെയ്യുകയെന്നത്‌ അപ്രായോഗികമാണത്രേ. എന്നാല്‍ തോട്ടത്തിന്റെ സ്‌ഥിതി ഇന്നു പരിതാപകരമാണ്‌. 150 ഏക്കറില്‍ 40 ഏക്കര്‍ സ്‌ഥലത്തു മാത്രമേ ഇന്നു നാമമാത്ര കൃഷിയുള്ളൂ. അവശേഷിക്കുന്ന മുഴുവന്‍ സ്‌ഥലവും കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ്‌.

ഇതോടെ സമീപത്തെ കര്‍ഷകരുടെ കൃഷിഭൂമിയിലും മൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചു. ആദ്യകാലത്ത്‌ 150 സ്‌ഥിരം തൊഴിലാളികളും 100-ല്‍പരം താത്‌കാലിക തൊഴിലാളികളും ഇവിടെ ജോലി ചെയ്‌തിരുന്നു.

കൃഷിക്കും ഗവേഷണത്തിനും ‘തണ്ടുതുരപ്പന്‍’ ബാധിച്ചതോടെ താത്‌കാലിക തൊഴിലാളികള്‍ ആദ്യമേ പുറത്തായി. സ്‌ഥിരം തൊഴിലാളികള്‍ ഭൂരിപക്ഷവും പെന്‍ഷന്‍ പറ്റി. ഇന്നിപ്പോള്‍ 16 സ്‌ഥിരം തൊഴിലാളികളാണു കേന്ദ്രത്തിലുള്ളത്‌. സെന്ററിന്റെ കാര്‍ഷിക വരുമാനം പത്തിലൊന്നായി ചുരുങ്ങി.

സ്വന്തം നാട്ടറിവിലൂടെ മലയോര കര്‍ഷകന്‍ നേടിയ പാടവത്തിന്റെ ഒരംശം പോലും സാധ്യമാക്കാന്‍ ലക്ഷങ്ങള്‍ തുലച്ച ‘സാറന്‍മാര്‍’ക്കു കഴിഞ്ഞിട്ടില്ല. പത്തുവര്‍ഷം മുമ്പ്‌ കട്ടപ്പന പുളിയന്‍മല സ്വദേശിയായ ഏലം കര്‍ഷകര്‍ ഞള്ളാനിയില്‍ ജോസഫ്‌ സ്വന്തം നാട്ടറിവുകള്‍ ചേര്‍ത്തു വികസിപ്പിച്ചെടുത്ത ഞള്ളാനി ഏലത്തട്ടകളാണ്‌ ഇന്നും ഹൈറേഞ്ചിലെ ഏലം കൃഷി പിടിച്ചുനിര്‍ത്തുന്നത്‌. ആറു വര്‍ഷത്തെ കഠിന പരിശ്രമം കൊണ്ടാണ്‌ ജോസഫ്‌ ഇതു സാധ്യമാക്കിയത്‌. ജോസഫിന്റെ ഈ ‘ഹരിതവിപ്ലവം’ ഉണ്ടായിരുന്നില്ലെങ്കില്‍ പണ്ടേ ഇടുക്കിയിലെ മലനിരകളില്‍ നിന്നും ഏലം കൃഷി പടിയിറങ്ങിയേനെ. ഉല്‍പാദനക്കുറവു മൂലം കൃഷി ഉപേക്ഷിക്കാനായി കര്‍ഷകര്‍ തീരുമാനിച്ചുറപ്പിച്ച സമയത്താണ്‌ ഈ കര്‍ഷകന്‍ പുതിയ ഏലത്തട്ടയുമായി കര്‍ഷകര്‍ക്കു താങ്ങായത്‌.

കീടങ്ങളുടെ ആക്രമണവും രോഗബാധയും ഏറിയതോടെ അമിത വിഷപ്രയോഗത്തിലൂടെ മാത്രമേ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്നതാണ്‌ സ്‌ഥിതി. തൈ നടുമ്പോള്‍ മുതല്‍ വിഷപ്രയോഗം തുടങ്ങേണ്ട അവസ്‌ഥയാണ്‌. പൂവിടുമ്പോള്‍ മുതല്‍ വിളവെടുപ്പിനു തൊട്ടു മുമ്പുവരെ ആഴ്‌ചയിലൊരിക്കലെന്ന തോതില്‍ കീടനാശിനി തളിക്കണം. നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ പോലും ഹൈറേഞ്ച്‌ കര്‍ഷകര്‍ ഏലത്തോട്ടങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്‌. ഉല്‍പന്നത്തിന്‌ ഉയര്‍ന്ന വില കിട്ടുന്നതിനാല്‍ കീടനാശിനി പ്രയോഗത്തിലൂടെ പരമാവധി വിള പാകമാക്കിയെടുക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നതില്‍ തെറ്റുപറയാനാകില്ല.

ഇവിടെയാണ്‌ ശാസ്‌ത്രീയ ഗവേഷകരുടെ സഹായം കടന്നു ചെല്ലേണ്ടത്‌. രോഗകീടങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നതും ഉല്‍പാദനക്ഷമത കൂടിയതുമായ ഇനം ഏലച്ചെടികള്‍ ഭാവനയില്‍ കാണാന്‍ പോലും ബന്ധപ്പെട്ട ശാസ്‌ത്രജ്‌ഞര്‍ക്ക്‌ ഇന്നും കഴിഞ്ഞിട്ടില്ല. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സാമ്പത്തിക സഹായത്തോടെ പാമ്പാടുംപാറ ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചു നിര്‍മിച്ച ജൈവവള നിര്‍മാണ ലാബ്‌ ഇനിയും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.

ലാബിലേക്കു വൈദ്യുതി എത്തിക്കാന്‍ പ്രത്യേകം ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിക്കേണ്ടതുണ്ട്‌. ഇതിനാവശ്യമായ ഫണ്ട്‌ ഇല്ലാത്തതാണു പ്രശ്‌നമെന്ന്‌ അധികൃതര്‍ പറയുന്നു. മൂന്നു മാസം മുമ്പ്‌ പാമ്പാടുംപാറ സെന്ററില്‍ പുതുതായി മൂന്നു യുവ ഗവേഷകര്‍ എത്തിയിട്ടുണ്ട്‌. ഇവരില്‍ പ്രത്യാശ അര്‍പ്പിച്ച്‌ കാത്തിരിക്കാനാണു ബന്ധപ്പെട്ടവര്‍ ഇപ്പോഴും കര്‍ഷകര്‍ക്കു നല്‍കുന്ന ഉപദേശം.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w