മാരാരിക്കുളം വിജയം – ഹരിതം

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ഈയിടെ ശ്രദ്ധേയമായ ഒരു പരിപാടി നടന്നു-വഴുതന മഹോത്സവം. ഒരാഴ്ചത്തെ മേളയുടെ വാര്‍ത്ത ചില ദേശീയപത്രങ്ങള്‍ വരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
വഴുതന മഹോത്സവം ദേശീയശ്രദ്ധ പിടിച്ചുപറ്റിയതിനു കാരണമുണ്ട്. അതു വെറുമൊരു കാര്‍ഷികോത്സവമായിരുന്നില്ല. ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ (ബി.ടി. വഴുതനങ്ങ) വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനംമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി.) അനുമതി നല്‍കിയ സാഹചര്യത്തിലാണ് മേള സംഘടിപ്പിക്കപ്പെട്ടത്.
ബി.ടി. വഴുതനങ്ങയ്‌ക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭങ്ങളും മേളകളും നടക്കുന്നുണ്ട്. പക്ഷേ, അവയൊക്കെ സംഘടിപ്പിക്കുന്നത് സന്നദ്ധസംഘടനകളോ ജൈവകര്‍ഷകസംഘടനകളോ പരിസ്ഥിതിപ്രവര്‍ത്തകരോ ആണ്. ഇക്കാര്യത്തില്‍ ഒരു ഗ്രാമപ്പഞ്ചായത്ത് ഇത്രയും സജീവമായി രംഗത്തുവന്നതാണ് ദേശീയ മാധ്യമങ്ങളെ ആകര്‍ഷിച്ചത്.
മേളയ്ക്ക് പഞ്ചായത്ത് കാര്യമായ ഒരുക്കങ്ങള്‍ തന്നെ നടത്തി. ആദ്യം, മാരാരിക്കുളം വഴുതന സംരക്ഷണപദ്ധതി എന്നപേരില്‍ ഒരു കര്‍മപദ്ധതി ആവിഷ്‌കരിച്ചു. അന്‍പതോളം കര്‍ഷകരെ കണ്ടെത്തി. ആയിരം രൂപ വെച്ച് സഹായം നല്‍കി. നാടന്‍ വഴുതനങ്ങയുടെ വിത്തെടുത്തു. പിന്നീട് തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ പതിന്നാല് സ്ത്രീകള്‍ക്ക് ഇരുപത്തേഴുദിവസം തൊഴില്‍ നല്‍കി നാല്പതിനായിരം തൈകള്‍ മുളപ്പിച്ചെടുത്തു.
ചുറ്റുവട്ടത്തെ മൂന്നു കോളേജുകളിലെ വിദ്യാര്‍ഥികള്‍ ഈ തൈകള്‍ ഏഴായിരം വീടുകളില്‍ ആഘോഷപൂര്‍വം നട്ടുപിടിപ്പിച്ചു. കഴിഞ്ഞില്ല. മൂല്യവര്‍ധിത ഉത്പന്നമെന്ന നിലയില്‍, രണ്ടുവര്‍ഷം കേടുകൂടാതെ സൂക്ഷിക്കാവുന്ന നാടന്‍വഴുതനങ്ങ അച്ചാര്‍ നിര്‍മിക്കാന്‍ പത്തു സ്ത്രീകള്‍ക്കു പ്രത്യേക പരിശീലനം നല്‍കി.
ഇവരുണ്ടാക്കിയ രണ്ടായിരം കുപ്പി അച്ചാര്‍ മേളയുടെ ആദ്യത്തെ രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ വിറ്റുതീര്‍ന്നു. പ്രാദേശികമായ പതിനഞ്ചുതരം വഴുതന ഉള്‍പ്പെടെ എണ്‍പതുതരം വഴുതനങ്ങകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പ്രദര്‍ശനം കാണാന്‍ ഒരുലക്ഷത്തോളം പേര്‍ എത്തി. ഇതിനുപുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളതും അന്‍പതോളം ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് ബി.ടി. വഴുതനങ്ങാവിഷയത്തില്‍ ദേശീയ സെമിനാറും സംഘടിപ്പിച്ചു.
പരമ്പരാഗതവിളകളും വിത്തുകളും കാര്‍ഷികരീതികളും ജൈവവൈവിധ്യവും പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷിതത്വവും സംരക്ഷിക്കുന്നതില്‍ ഒരു തദ്ദേശഭരണസ്ഥാപനത്തിനുള്ള അധികാരങ്ങളും അവകാശങ്ങളും ഉത്തരവാദിത്വവും മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞുവെന്നതാണ് മാരാരിക്കുളത്തിന്റെ നേട്ടം.
ബി.ടി. വഴുതനങ്ങയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം എന്തുതന്നെയായിരുന്നാലും മരംവഴുതനയെന്ന മാരാരിക്കുളം ബ്രാന്‍ഡിനെ എന്തുവില കൊടുത്തും സംരക്ഷിക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയമായ വിവാദങ്ങള്‍ക്കും ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ക്കും വ്യവഹാരപ്രശ്‌നങ്ങള്‍ക്കും വഴിവെച്ച ഒരു വിഷയത്തില്‍, സ്വയംനിര്‍ണായവകാശം വിനിയോഗിക്കാനുള്ള ചങ്കൂറ്റം ഗ്രാമപ്പഞ്ചായത്ത് പ്രകടിപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് അപ്രൂവല്‍ കമ്മിറ്റി ബി.ടി. വഴുതനങ്ങയ്ക്ക് അനുമതി നല്‍കിയത്. ബി.ടി. പരുത്തിയില്‍ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് വഴുതനങ്ങയുടെ കാര്യത്തിലും ഉപയോഗിക്കുന്നത്. മണ്ണില്‍നിന്നുള്ള ഒരു ബാക്ടീരിയത്തെ ചെടിയുടെ ജീനിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ ബാക്ടീരിയ ഒരുതരം വിഷപ്രോട്ടീന്‍ ഉത്പാദിപ്പിക്കും. തണ്ടുതുരപ്പന്‍ കീടങ്ങളെയും കായ്കളെ ആക്രമിക്കുന്ന പുഴുക്കളെയും ഈ വിഷം അകറ്റുമെന്നും അതിനാല്‍ കീടനാശിനിയുടെ ഉപയോഗം പരമാവധി കുറയ്ക്കാനും വിളവു വര്‍ധിപ്പിച്ച് ലാഭമുണ്ടാക്കാനും കര്‍ഷകര്‍ക്കു കഴിയുമെന്നുമാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.
എന്നാല്‍, ജനിതകമാറ്റം വരുത്തിയ പച്ചക്കറിക്ക് ഒരു രാജ്യവും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ജനിതകമാറ്റം വരുത്തി വിളകളുടെ ജീനിനുള്ളില്‍ വിഷം ഉത്പാദിപ്പിക്കുന്നതു മനുഷ്യരുടെയും മൃഗങ്ങളുടെയും ഭക്ഷ്യസുരക്ഷിതത്വത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് പഠിക്കുമ്പോള്‍ മുപ്പതോളം മാനദണ്ഡങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ടെന്നും മൊണ്‍സാന്‍േറായുടെ ഇന്ത്യന്‍ കൂട്ടുകമ്പനി മഹികോയുടെ പഠനത്തില്‍ നിര്‍ണായകമായ പല മാനദണ്ഡങ്ങളും ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നും ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞനായ ഡോ. പുഷ്പഭാര്‍ഗവ മാരാരിക്കുളത്ത് നടത്തിയ പ്രസംഗത്തിലും ആവര്‍ത്തിച്ചു. മഹികോ പഠനവിധേയമാക്കിയതു വെറും ആറു മാനദണ്ഡങ്ങള്‍ മാത്രമാണ്. ഇതില്‍ത്തന്നെ മൃഗങ്ങളില്‍ നടത്തിയ പഠനം വെറും മൂന്നുമാസമേ നടത്തിയിട്ടുള്ളൂ. എലികളില്‍ നടത്തുന്ന പഠനം പോലും ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും നടത്തണം. ബി.ടി. വഴുതനങ്ങ ഭക്ഷ്യയോഗ്യമാണോ, അതു പരിസ്ഥിതിയെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ള കാര്യങ്ങളില്‍ വിശ്വസനീയമായ ഒരു പഠനവും മഹികോ നടത്തിയിട്ടില്ല.
പച്ചനുണകളും അസംബന്ധങ്ങളും കുത്തിനിറച്ചതാണ് അപ്രൂവല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ഡോ. ഭാര്‍ഗവ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ശാസ്ത്രസമൂഹത്തെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തുകയാണ് അപ്രൂവല്‍ കമ്മിറ്റി ചെയ്തതെന്നും അദ്ദേഹം പറയുന്നു. അതേസമയം, ബി.ടി. വഴുതനങ്ങയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതാന്‍ ശക്തമായ സമ്മര്‍ദം ഉണ്ടായിരുന്നതായി അപ്രൂവല്‍ കമ്മിറ്റിക്കുകീഴില്‍ പ്രവര്‍ത്തിച്ച വിദഗ്ധ കമ്മിറ്റിയുടെ അധ്യക്ഷന്‍ അര്‍ജുല ആര്‍. റെഡ്ഡി തന്നോട് രഹസ്യമായി പറഞ്ഞതായും ഡോ. ഭാര്‍ഗവ പറയുന്നു.
എല്ലാ തര്‍ക്കങ്ങളും വിവാദങ്ങളും മാറ്റിവെച്ച് ലളിതമായി ചിന്തിച്ചാല്‍ത്തന്നെ വിളകളില്‍ ജനിതക മാറ്റം എന്തിനാണ് വരുത്തുന്നത് എന്നു മനസ്സിലാകുന്നില്ല. നെല്ലോ കപ്പയോ കാപ്പിയോ വെണ്ടയോ വഴുതനങ്ങയോ എന്തുമാകട്ടെ നമ്മള്‍ കാലാകാലമായി കൃഷി ചെയ്തുവരുന്ന വിളകളാണ്. ഏതു വിത്തുപയോഗിക്കണം, എപ്പോള്‍ കൃഷി ചെയ്യണം, എങ്ങനെ വിളയിക്കണം, എങ്ങനെ കീടങ്ങളെ നിയന്ത്രിക്കണം, എപ്പോള്‍ വിളവെടുക്കണമെന്നൊക്കെ നമ്മുടെ കര്‍ഷകര്‍ക്ക് അറിയുന്നതല്ലേ? ഒരു നന തെറ്റിയാല്‍ എന്തു സംഭവിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിവുള്ളവരാണ് കര്‍ഷകര്‍. മണ്ണിന്റെ മണം എന്താണെന്നറിയാത്തവര്‍ പരീക്ഷണശാലകളില്‍ വികസിപ്പിക്കുന്ന വിത്തുകള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്പിക്കുന്നത് ശരിയാണോ? അതുപോലെ എന്തു കഴിക്കണമെന്ന് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്കും അവകാശമില്ലേ? മാര്‍ക്കറ്റില്‍ ലഭിക്കുന്നതു വിഷവഴുതനങ്ങയാണോ എന്ന് അവര്‍ എങ്ങനെ അറിയും? ലേബലിങ് ഉണ്ടാകുമോ?
ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഇനി ഒരേഒരവസരം കൂടിയേ ഉള്ളൂ. കേന്ദ്രപരിസ്ഥിതിസഹമന്ത്രി ജയറാം രമേഷ് നേരിട്ടുനടത്തുന്ന പബ്ലിക് ഹിയറിങ് അപ്രൂവല്‍ കമ്മിറ്റിയുടെ തീരുമാനം വിവാദമായപ്പോഴാണ് പൊതുജനാഭിപ്രായം ആരായുമെന്ന് ജയറാം രമേഷ് പ്രഖ്യാപിച്ചത്.
ഈ മാസം 25ന് ബാംഗ്ലൂരിലാണ് ഹിയറിങ്. കേരളത്തിലുള്ളവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഇതേ ഒരവസരമുള്ളൂ. ബി.ടി.വഴുതനയുടെ കാര്യത്തില്‍ വിയോജിപ്പറിയിക്കാന്‍ കൃഷി വകുപ്പ് ഒരു ഔദ്യോഗികസംഘത്തെ ബാംഗ്ലൂരിലേക്ക് അയയ്ക്കുന്നുവെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിലെങ്കിലും സി.പി.എം-സി.പി.ഐ. വിഭാഗീയതയും ഗ്രൂപ്പുവഴുക്കുമൊന്നുമില്ലാത്തതുഭാഗ്യം. ജനിതകമാറ്റം വരുത്തിയ വിളകളുടെ കാര്യത്തില്‍ കൃത്യമായ നിലപാടും നയവും സര്‍ക്കാറിനുണ്ട് എന്നത് വലിയൊരു കാര്യം തന്നെയാണ്.

കടപ്പാട് – മാതൃഭൂമി ലേഖനം 20-01-10

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, ഭക്ഷണം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )