സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം

സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിനു കീഴില്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ജഡ്ജ ിമാരുടെ സ്വത്തുവിവരങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധിന്യായം.

സിംഗിള്‍ ബെഞ്ച് നേരത്തേ ഇതേ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ സുപ്രീംകോടതി അതിനെതിരെ അപ്പീല്‍ നല്‍കുകയും ഉന്നതനീതിപീഠം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍വരില്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു. ആ വാദങ്ങള്‍ തള്ളിയ മൂന്നംഗ ബെഞ്ച് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എ.പി.ഷാ, ജസ്റ്റിസുമാരായ എസ്.മുരളീധര്‍, വിക്രംജിത് സെന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍േറതാണ് വിധി.

ഉന്നതകോടതികളിലെ ജഡ്ജ ിമാര്‍ അടുത്ത ആഴ്ചയോടെ അവരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജഡ്ജ ിമാര്‍ കാണിച്ച സ്വത്തുവിവരങ്ങളും പരസ്യപ്പെടുത്തണം.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി രജിസ്ട്രി അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വിവരാവകാശനിയമത്തില്‍ പറയുന്ന പബ്ലിക് അതോറിറ്റിയുടെ നിര്‍വചനത്തില്‍ സുപ്രീംകോടതിയും ഉള്‍പ്പെടുമെന്ന് ഹൈക്കോടതി വിശദീകരിച്ചു. നീതിപീഠം എത്രമാത്രം ഉന്നതമാണോ അത്രയും വലുതായിരിക്കണം പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം. സുപ്രീംകോടതി ജഡ്ജ ിമാര്‍ അവരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണം. സര്‍വീസ് ചട്ടപ്രകാരം കീഴ്‌ക്കോടതികളിലെ ജഡ്ജ ിമാര്‍ അവരുടെ സ്വത്ത് പരസ്യമാക്കേണ്ടതുണ്ട്. അവരുടേതിനേക്കാളും കുറവല്ല സുപ്രീംകോടതി ജഡ്ജ ിമാര്‍ക്ക് പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം.

സുപ്രീംകോടതി ജഡ്ജ ിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നീതിപീഠത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നാണ് സുപ്രീംകോടതി അപ്പീല്‍ഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ ആ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജ ിയുടെ അവകാശമോ പ്രത്യേകാധികാരമോ അല്ലെന്ന് വ്യക്തമാക്കി. നിയമത്തിന്‍േറയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ സത്യസന്ധതയോടും നിഷ്പക്ഷമായും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജ ിമാരില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ് ആ സ്വാതന്ത്ര്യം.

വിവരാവകാശനിയമത്തിന് വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനാല്‍ ഇത്തരത്തിലുള്ള വിവരം ആവശ്യപ്പെടുന്ന പൗരന്‍മാര്‍ അത് ദുരുപയോഗം ചെയ്യരുതെന്ന് കോടതി പറഞ്ഞു. കോടതിയുടെ സ്വാതന്ത്ര്യം അതുവഴി സംരക്ഷിക്കപ്പെടും. ആദായനികുതി റിട്ടേണോ മെഡിക്കല്‍രേഖകളോ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെങ്കിലും പൊതുതാത്പര്യം അതിനു പിന്നിലുണ്ടെങ്കില്‍ അതും വെളിപ്പെടുത്തണം. നീതിസമത്വത്തിനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നീ ഭരണഘടനാവകുപ്പുകളുടെ (ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍പ്പെട്ടത്

സുപ്രീംകോടതി ജഡ്ജ ിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്താതിരിക്കുന്നത് അന്തസ്സ് കുറഞ്ഞു പോകുമെന്ന് കരുതിയോ നീതിന്യായമൂല്യങ്ങള്‍ ഇടിച്ചുതാഴ്ത്താനോ അല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തിയാല്‍ ജഡ്ജ ിമാരുടെ നിയമനം, സ്ഥാനക്കയറ്റം തുടങ്ങിയവ സംബന്ധിച്ച് ആളുകള്‍ വിവരംതേടും. ജഡ്ജ ിമാര്‍ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നേരത്തേ(1997 ലും 1999 ലും) പ്രമേയം പാസാക്കിയിരുന്നു. അതനുസരിച്ച് അവര്‍ ചീഫ് ജസ്റ്റിസിന് വിവരങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ പ്രയേമങ്ങള്‍ നടപ്പാക്കാന്‍ ജഡ്ജ ിമാര്‍ ബാധ്യസ്ഥരാണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. സ്വയംനിയന്ത്രിക്കാനുള്ള ഉപാധിയാണ് അതെന്ന് സുപ്രീംകോടതി രജിസ്ട്രി വാദത്തിനിടെ വിശദീകരിച്ചു. എന്നാല്‍ ഇതംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രമേയം നടപ്പാക്കാന്‍ ജഡ്ജ ിമാര്‍ ബാധ്യസ്ഥരല്ലെങ്കില്‍ അത് സ്വയം നിയന്ത്രിക്കാനുള്ള ഉപാധിയാണെന്ന് പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കടപ്പാട് – മാതൃഭൂമി

വിവരാവകാശപരിധിയില്‍ ഇന്ത്യന്‍ ചീഫ്‌ ജസ്‌റ്റിസും: സുപ്രീംകോടതിയുടെ അപ്പീലില്‍ ഹൈക്കോടതി വിധി

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമപരിധിയിലാണെന്നു ഡല്‍ഹി ഹൈക്കോടതി.

ഉന്നത കോടതികളാകുമ്പോള്‍ ജനത്തോടുള്ള ഉത്തരവാദിത്തങ്ങളും ഉന്നതമായിരിക്കണമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ എ.പി. ഷാ, ജസ്‌റ്റിസുമാരായ എസ്‌. മുരളീധര്‍, വിക്രംജിത്‌ സെന്‍ എന്നിവരുടെ ബെഞ്ച്‌ വ്യക്‌തമാക്കി.

സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ജഡ്‌ജിമാരുടെ നിയമനം, സ്വത്ത്‌ തുടങ്ങിയ വിവരങ്ങളും ജനത്തിനു ലഭ്യമാകും. ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതി രജിസ്‌ട്രാര്‍ അപ്പീല്‍ നല്‍കുമെന്നു സൂചനയുണ്ട്‌. വിവരാവകാശ നിയമത്തിന്റെ ഗുണദോഷങ്ങള്‍ പരാമര്‍ശിച്ചാണു ഹൈക്കോടതി വിധി പ്രസ്‌താവിച്ചത്‌. വിവരങ്ങള്‍ ലഭിക്കുന്നതു നല്ല കാര്യമാണെങ്കിലും അതു ദുരുപയോഗപ്പെടുത്തരുതെന്നും ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം നിലനിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു.

സുപ്രീം കോടതി ജഡ്‌ജിമാരുടെ തീരുമാനത്തിന്റെ ചുവടു പിടിച്ച്‌ ഒരാഴ്‌ചയ്‌ക്കകം ഹൈക്കോടതിയിലെ എല്ലാ ജഡ്‌ജിമാരും സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും വിധിയില്‍ പറയുന്നു.

സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു സുഭാഷ്‌ചന്ദ്ര അഗര്‍വാള്‍ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചതോടെയാണ്‌ ഇപ്പോഴത്തെ കേസ്‌ ഉരുത്തിരിഞ്ഞത്‌. വിവരങ്ങള്‍ ലഭ്യമാക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചെങ്കിലും സുപ്രീം കോടതി രജിസ്‌ട്രാര്‍ ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

കമ്മിഷന്‍ ഉത്തരവു ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ശരിവച്ചതിനേത്തുടര്‍ന്നു മൂന്നംഗ ബെഞ്ചിന്‌ അപ്പീല്‍ നല്‍കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. അതും ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ഇനി സുപ്രീം കോടതിയില്‍ത്തന്നെ അപ്പീല്‍ നല്‍കാന്‍ ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസ്‌ തയാറാകുമോയെന്നാണ്‌ അറിയേണ്ടത്‌.

അങ്ങനെയെങ്കില്‍ സ്വന്തം കേസ്‌ സ്വയം വാദിച്ച്‌, സ്വയം വാദം കേട്ട്‌, സ്വയം വിധി പറയുന്ന അപൂര്‍വ സന്ദര്‍ഭത്തിനു സുപ്രീം കോടതി സാക്ഷ്യം വഹിക്കും.

കടപ്പാട് – മംഗളം
ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഹൈകോടതി; വിധിക്കെതിരെ സുപ്രീം കോടതി അപ്പീലിന്
ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ്  വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന്  ദല്‍ഹി ഹൈകോടതി പ്രഖ്യാപിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സ്വത്തു വിവരങ്ങള്‍ പൊതു ജനത്തിന് വിവരാവകാശ നിയമ പ്രകാരം ലഭ്യമാക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ്  വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ചീഫ് ജസ്റ്റിസ്  കെ.ജി. ബാലകൃഷ്ണന്റെ നിലപാട്. ഇതിനെ നിരാകരിക്കുന്നതാണ്    ദല്‍ഹി ഹൈകോടതി ഫുള്‍ബെഞ്ചിന്റെ ചരിത്ര പ്രധാന വിധി. എന്നാല്‍, വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സുപ്രീം കോടതി റജിസ്ട്രി തീരുമാനിച്ചു.
നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുന്ന പൌരന്‍മാര്‍ അത് ദുര്‍വിനിയോഗം ചെയ്യരുതെന്ന് ഹൈകോടതി നിര്‍ദേശിച്ചു.  ചീഫ് ജസ്റ്റിസ്  വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുമെന്ന് ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മീഷന്‍ നേരത്തെ ഉത്തരവിറക്കിയിരുന്നെങ്കിലും ദല്‍ഹി ഹൈകോടതി ബെഞ്ച് അത് തടഞ്ഞിരുന്നു. പുതിയ വിധിയോടെ ജഡ്ജിമാരുടെ നിയമനമടക്കമുളള വിവരങ്ങള്‍ അറിയാന്‍ എതൊരു പൌരനും അവകാശമുണ്ടായിരിക്കും.

കടപ്പാട് – മാധ്യമം

സുപ്രീംകോടതിയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ്ജസ്റിസിന്റെ ഓഫീസിന് വിവരാവകാശനിയമം ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. വിവരാവകാശ നിയമപ്രകാരം ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി വിധി. നേരത്തെ സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച വിധി ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സുപ്രിംകോടതി രജിസ്ട്രി തീരുമാനിച്ചിട്ടുണ്ട്. സുപ്രിം കോടതിയുടെ അപ്പീല്‍ സുപ്രിം കോടതി പരിഗണിക്കുകയെന്ന അസാധാരണ നിയമപ്രക്രിയയാണ് ഇനി. ജസ്റിസുമാരായ എ പി ഷാ, എസ് മുരളീധര്‍, വിക്രംജിത്ത് സെന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് സുപ്രീംകോടതിയുടെ അപ്പീല്‍ തള്ളിയത്. ചീഫ് ജസ്റിസിന്റെ ഓഫീസടക്കം വിവരാവകാശ നിയമപരിധിയില്‍ വരുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. എന്നാല്‍, ജുഡീഷ്യറിയുടെ സ്വാതന്ത്യ്രമെന്നത് ജഡ്ജിയുടെ പ്രത്യേകാധികാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 88 പേജുള്ള വിധിന്യായത്തില്‍ നിരീക്ഷിച്ചു. വിധി വന്നയുടനെ കേസില്‍ അപ്പീലിന് അനുമതി നല്‍കണമെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ അതുല്‍ നന്ദ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചു. ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ സുപ്രിംകോടതിതന്നെ അന്തിമതീരുമാനം കൈക്കൊള്ളണമെന്ന് നന്ദ വാദിച്ചു. ഹൈക്കോടതി അപ്പീല്‍ ആവശ്യം അംഗീകരിച്ചു. 2007 നവംബറില്‍ ആരംഭിച്ച നിയമപോരാട്ടം ഹൈക്കോടതി വിധിയോടെ നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കയാണ്. വിവരാവകാശനിയമം പാസാക്കിയശേഷം സാമൂഹ്യപ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍ ജഡ്ജിമാരുടെ സ്വത്തുവിവരം ആവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രിയെ സമീപിച്ചു. സുപ്രീംകോടതി ഇത് നിരാകരിച്ചു. തുടര്‍ന്ന് കേന്ദ്ര വിവരാവകാശകമീഷന് അഗര്‍വാള്‍ പരാതി നല്‍കി. സ്വത്ത് വെളിപ്പെടുത്താന്‍ വിവരാവകാശകമീഷന്‍ സുപ്രീംകോടതിയോട് നിര്‍ദേശിച്ചു. ഇതിനെതിരെ സുപ്രീംകോടതി 2009 ജനുവരിയില്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വത്തുവിവരം സ്വകാര്യ വിവരമാണെന്നും അത് വെളിപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതി വാദിച്ചു. വേണമെങ്കില്‍ പാര്‍ലമെന്റിന് നിയമം കൊണ്ടുവരാമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ വാദങ്ങളെല്ലാം തള്ളി വിവരാവകാശകമീഷന്റെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ശരിവച്ചു. തുടര്‍ന്നാണ്് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വാദം കേള്‍ക്കാന്‍ ഹൈക്കോടതി മൂന്നംഗ ബെഞ്ചിന് രൂപം നല്‍കുകയും കേസ് വേഗം തീര്‍പ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അറ്റോര്‍ണി ജനറല്‍ വഹന്‍വതിയാണ് സുപ്രീംകോടതിക്കുവേണ്ടി ഹാജരായത്. അഗര്‍വാളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷ കേസ് വാദിച്ചു. വിവരാവകാശ നിയമത്തിന് സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് വിധിന്യായത്തില്‍ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. നിയമപ്രകാരം കിട്ടുന്ന വിവരങ്ങള്‍ ദുരുപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തിജുഡീഷ്യറിയുടെ സ്വാതന്ത്യ്രം സംരക്ഷിക്കാം. കീഴ്ക്കോടതികള്‍ ഇപ്പോള്‍ത്തന്നെ സ്വത്ത് വെളിപ്പെടുത്തുന്നുണ്ട്. അതിനാല്‍ ഉയര്‍ന്ന കോടതികളും അത് ചെയ്യേണ്ടതുണ്ട്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാര്‍ അടുത്തയാഴ്ച സ്വത്ത് വെളിപ്പെടുത്തും.

കടപ്പാട് – ദേശാഭിമാനി

Advertisements

1 അഭിപ്രായം

Filed under നിയമം, വാര്‍ത്ത, വിവരാവകാശം

One response to “സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം

  1. sheriffkottarakara

    കോടതി വിധി ഒരു വഴിത്തിരിവാകട്ടെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w