റാത്തോഡിന്റെ കൊടുംക്രൂരതകള്‍, അധികാരിവൃന്ദത്തിന്റെയും

സിനിമകഥകളിലെ കൊടും വില്ലനെ വെല്ലുന്നതായി ഹര്യാനയിലെ മുന്‍ ഡിജിപി ശംഭുപ്രതാപ് സിംഗ് റാത്തോഡിന്റെയും അധികാരികളുടേയും കൊടുംക്രൂരതകള്‍. പതിനഞ്ചുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് പീഡിപ്പിച്ച റാത്തോഡ് പരാതി നല്കിയ ആ ബാലകിയുടെ വീട്ടുകാരെയും കൂട്ടുകാരെയും വരെ കേസുകളില്‍ കുടുക്കിയും മൂന്നാംമുറകള്‍ക്ക് വിധേയരാക്കിയും അവരുടെയെല്ലാം ജീവിതം നരകതുല്യമാക്കി. സംഭവം നടന്ന് 19 കൊല്ലത്തിന് ശേഷം റാത്തോഡിന് കോടതി ശിക്ഷ വിധിച്ചത് ആറുമാസം തടവും ആയിരം രൂപ പിഴയും! ജാമ്യവും അനുവദിച്ചു.

വില്ലന്‍ ചിരിയുമായി റാത്തോഡും സംഘവും കോടതിയ്ക്ക് പുറത്തേക്ക് വന്നത് നിതീന്യായവ്യവസ്ഥയുടെ മുഖത്ത് കാര്‍ക്കിച്ച്തുപ്പുകയും നീതിയ്ക്കായി പൊരുതിയ ഇരകളുടെ ഇടനെഞ്ച് തകര്‍ക്കുകയും ചെയ്യുന്ന മട്ടിലായിരുന്നു. ടിവി ചാനലുകളില്‍ ആ ദൃശ്യങ്ങള്‍ വന്നതോടെ വനിതാസംഘടനകളും അതുവരെ എല്ലാറ്റിനും മൌനാനുവാദം നല്കി കേസുകളുടെ സുഗമമായ നടത്തിപ്പിന് വിഘ്നങ്ങള്‍ സൃഷ്ടിച്ചുനില്ക്കുകയും ചെയ്ത രാഷ്ട്രീയ-അധികാരിവര്‍ഗങ്ങളും എന്തെങ്കിലും ചെയ്തേ മുഖം രക്ഷിക്കാനാകൂ എന്ന അവസ്ഥയിലാകുകയും ചെയ്തു. റാത്തോഡിനെതിരെ കേസ് വീണ്ടും ഉണര്‍ത്തി അന്വേഷണത്തിനു നടപടിയെടുക്കുകയാണിപ്പോള്‍.

1965 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്.പി.എസ്.റാത്തോഡ്. ചണ്ടിഗര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റ് സ്കൂളില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥിനിയായിരുന്നു രുചിക ഗിര്‍ഹോത്ര. ബാങ്ക് മാനേജരായ എസ്.സി.ഗിര്‍ഹോത്രയുടെ മകള്‍. രുചികയുടെ ക്ളാസില്‍ തന്നെയായിരുന്ന റാത്തോഡിന്റെ മകള്‍ പ്രിയാഞ്ജലിയും. ടെന്നീസ് താരമാകാന്‍ മോഹിച്ചിരുന്നു രുചിക. രുചികയ്ക്ക് പത്തുവയസുള്ളപ്പോള്‍ അമ്മ മരിച്ചു. കൂട്ടുകാരി ആരാധനാ പ്രകാശിനൊപ്പം ആ ബാലിക ഹര്യാന ലോണ്‍ ടെന്നീസ് അസോസിയേഷന്റെ കീഴിലുള്ള ടെന്നീസ് പരിശീലനപരിപാടിയില്‍ ചേര്‍ന്നു. അസോസിയേഷന്റെ സ്ഥാപക പ്രസിഡന്ര്‍് ആയിരുന്നു അന്ന് ഭദ്രാ-ബിയാസ് മാനേജമെന്റ് ബോര്‍ഡില്‍ വിജിലന്‍സ് സെക്യൂരിറ്റിവിഭാഗം ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിച്ചു വന്ന റാത്തോഡ്. 1990 ആഗസ്റ് 11ന് റാത്തോഡ് രുചികയുടെ വീട്ടില്‍ ചെന്ന് അച്ഛനെ കണ്ട് കുശലപ്രശ്നങ്ങള്‍ നടത്തിയിരുന്നു. 12ാം തീയതി രുചികയും കൂട്ടുകാരി ആരാധനയും ലോണ്‍ടെന്നീസ് അസോസിയേഷന്‍ വക കോര്‍ട്ടില്‍ ടെന്നീസ് പരിശീലനത്തിന് ചെന്നപ്പോള്‍ ഓഫീസില്‍ ഇരിപ്പുണ്ടായിരുന്നു റാത്തോഡ്. രുചികയേയും ആരാധനയേയും അയാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചു. ആരാധനയോട് കോച്ച് തോമസിനെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ആരാധന പോയപ്പോള്‍ റാത്തോഡ് രുചികയെ കടന്നുപിടിച്ചു പീഡിപ്പിച്ചു. മടങ്ങി വന്ന ആരാധന ഈ രംഗം കണ്ട് ഞെട്ടി നിന്നു. അവളെ റാത്തോഡ് ശകാരിച്ചു.

രുചിക സംഭവങ്ങള്‍ വീട്ടില്‍ ചെന്നുപറഞ്ഞു. റസിഡന്റസ് അസോസിയേഷനിലെ ചിലരും ചേര്‍ന്ന് സര്‍ക്കാരില്‍ പരാതി നല്‍കി. അതോടെ ആരംഭിക്കുകയായി റാത്തോഡിന്റെ ഭീകരവാഴ്ചയും പീഡനപര്‍വ്വവും. രുചികയെ പീഡിപ്പിച്ചെന്ന കേസില്‍ റാത്തോഡ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് 1990ല്‍ തന്നെ കണ്ടെത്തയിരുന്നതായി അന്നത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മറ്റൊരു മുന്‍ ഡിജിപി ആര്‍.ആര്‍.സിംഗ് പിന്നീട് വെളിപ്പെടുത്തി. ആ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് അനുമതി നല്കാതെ രാഷ്ട്രീയ-ഉന്നത ഉദ്യോഗസ്ഥ മാഫിയ ഒളിച്ചുകളിച്ചത്രേ.

പരാതിയും കേസും പിന്‍വലിക്കാന്‍ രുചികയുടെ വീട്ടുകാരുടെമേല്‍ കേസുകളുടെ പ്രളയമായി. ചൊല്പ്പടിയ്ക്കുനില്ക്കുന്ന പൊലീസുകാര്‍ അതിനെല്ലാം റാത്തോഡിന്റെ അനുസരണയുള്ള ചെന്നായ്ക്കളായി നിന്നു. ഹര്യാന സ്റേറ്റ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡില്‍ ചീഫ് എഞ്ചിനീയറായിരുന്നു രുചികയുടെ കൂട്ടുകാരി ആരാധനയുടെ പിതാവ് ആനന്ദ് പ്രകാശ്. അദ്ദേഹത്തെ പരാതികളില്‍ കുടുക്കി സസ്പെന്റ് ചെയ്തു. സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് ആയി തരംതാഴ്ത്തി.

രുചികയുടെ മേല്‍ സ്വഭാവദൂഷ്യവും ആരോപിക്കപ്പെട്ടു. സേക്രഡ്ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളില്‍ നിന്നും ആ കുട്ടിയെ പുറത്താക്കി. ഫീസടച്ചില്ലെന്ന കുറ്റം ചുമത്തിയായിരുന്നു അതെന്നും റാത്തോഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. (ഇപ്പോള്‍ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടിയായിട്ടുണ്ട്. സംഭവം നടന്ന് 19 വര്‍ഷം കഴിഞ്ഞിട്ട്!)

രുചികയുടെ 13 വയസുള്ള സഹോദരനെ കള്ളകേസ് ചുമത്തി പൊലീസ് പിടിച്ചുകൊണ്ടുപോയി ദിവസങ്ങളോളം കസ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചു. കാലില്‍ ചൂരല്‍വടി വച്ച് ഉരുട്ടല്‍ നടത്തി. തല്ലി വശംകെടുത്തി. മൂത്രംകുടിപ്പിച്ചു. റാത്തോഡിനെതിരായ പരാതി പിന്‍വലിക്കാന്‍ രുചികയെ നിര്‍ബന്ധിക്കണമെന്ന് പറഞ്ഞായിരുന്നത്രെ ക്രൂരമര്‍ദ്ദനം. രുചികയുടെ അച്ഛന്‍ ഗിര്‍ഹോത്രയെ അഴിമതികേസില്‍ പെടുത്തി സസ്പെന്റ് ചെയ്യിച്ചു. വീട് റാത്തോഡിന്റെ അനുചരരില്‍ ഒരാള്‍ക്ക് വില്ക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. ഈ ആഘാതങ്ങളെല്ലാം രുചികയുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവാണ് ഏല്പ്പിച്ചത്. 1993 ഡിസംബര്‍ 28ന് രുചിക വിഷം കഴിച്ചു. 29ന് ആ ബാലിക അന്ത്യശ്വാസം വലിച്ചു.

കേസില്‍ സിബിഐ അന്വേഷണത്തിന് പഞ്ചാബ്-ഹര്യാന ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബര്‍ 16ന് സിബിഐ റാത്തോഡിനെതിരെ കുറ്റപത്രം നല്കി. പക്ഷെ റാത്തോഡ് പൊലീസ് മേധാവി സ്ഥാനത്ത് തുടര്‍ന്നു. ഹര്യാനയില്‍ മാറി മാറി വന്ന മുഖ്യമന്ത്രിമാരുടെ പ്രീതിപിടിച്ചു പറ്റി നില്ക്കാന്‍ വിരുതനായിരുന്നു അയാള്‍. ഹുകുംസിംഗിന്റെയും(ലോക്ദള്‍ 1990-91) ഭജന്‍ലാലിന്റെയും (കോണ്‍ഗ്രസ് 1991-96) ബന്‍സിലാലിന്റെയും(ഹര്യാന വികാസ് പാര്‍ട്ടി 1996-98) ഓംപ്രകാശ് ചൌതാലയുടേയും(ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 1999-2005) കാലത്ത് റാത്തോഡ് രുചികാ കേസിന്റെ പശ്ചാത്തലത്തിലും നടപടികള്‍ക്ക് വിധേയനാകാതെ ഉദ്യോഗക്കയറ്റങ്ങളും മികച്ച സേവനമെഡലുകളും നേടി വിരാജിച്ചു. ഹര്യാന പൊലീസ് ഡയറക്ടര്‍ ജനറലായി 2002 മാര്‍ച്ചില്‍ വിരമിച്ചു. പിന്നീടും അവിടെ ഗോള്‍ഫ് കളിക്കാരനായും മറ്റും ഉന്നതശ്രേണികളില്‍ ഉല്ലാസജീവിതം നയിച്ചുവരികയായിരുന്നു. താമസം പഞ്ചകുലയിലെ ആറാം സെക്ടറിലെ 469ാം ബംഗ്ളാവില്‍. മാദ്ധ്യമപ്രവര്‍ത്തകരെയും മറ്റും പരമപുച്ഛം.

ഹര്യാനയില്‍ നടന്ന സംഭവമാണിതെങ്കിലും ഉന്നതപൊലീസ്-രാഷ്ട്രീയ പ്രമുഖര്‍ക്കെതിരായ കേസുകളില്‍ സാധാരണപൌരന്മാര്‍ക്ക് നീതി ലഭിക്കുക എത്രക്ളേശകരമാണെന്ന് വിരല്‍ചൂണ്ടുന്നതാണ് രുചികാകേസ്. പരാതിക്കാരെയും സാക്ഷികളേയും പീഡിപ്പിക്കുന്ന നിയമപാലകര്‍ നീതിനിയമവ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നത് അപൂര്‍വ്വമൊന്നുമല്ലാതായിരിക്കുന്നു.

കേസില്‍ റാത്തോഡ് നിസാരശിക്ഷയോടെ രക്ഷപ്പെട്ടതിനെതിരെ ബഹുജനവികാരം ഉയര്‍ന്നതോടെ കേന്ദ്രഅധികാരികള്‍ കേസ് പുനരന്വേഷിച്ച് നടപടികള്‍ക്ക് നിര്‍ബന്ധിതമായിരിക്കുന്നു.

രുചികയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കുറ്റവും സഹോദരന്‍ ആഷുവിനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച കുറ്റവും ചുമത്തിയുള്ള പുതിയ കുറ്റപത്രങ്ങള്‍ റാത്തോഡിനെതിരെ സമര്‍പ്പിക്കപ്പെട്ടുണ്ട് ഇപ്പോള്‍. റാത്തോഡിന്റെ പെന്‍ഷന്‍ റദ്ദാക്കാനും പ്രശസ്ത സേവനത്തിന് നല്കിയ മെഡല്‍ തിരിച്ചെടുക്കാനുമുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

ലൈംഗിക പീഡനക്കേസുകളില്‍ പ്രതികള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കും വണ്ണം നിയമഭേദഗതി കൊണ്ട് വരുമെന്ന് കേന്ദ്രനിയമന്ത്രി എം.വീരപ്പമൊയ്ലി പ്രസ്താവിച്ചു. റാത്തോഡിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ ദേശീയവനിതാകമ്മീഷനോട് സുപ്രീംകോടതിയെ സമീപിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

രുചികയുടെ കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളേയും സുഹൃത്തുക്കളേയും പീഡിപ്പിച്ചതില്‍ പങ്കുള്ള ഒട്ടേറെ പേരുണ്ട്. അവരെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പ്രസ്താവിച്ചിരിക്കുന്നു. എല്ലാം പ്രാവര്‍ത്തികമായാല്‍ നന്ന്. ജനങ്ങള്‍ കേസിന്റെ ഗതി ഉറ്റുനോക്കിയിരിക്കുന്നതും അതിന്റെ വ്യാപകഫലപ്രാപ്തി മുന്നില്‍ കണ്ടാണ്.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w