സെസ് ചട്ടങ്ങള്‍ വഴിമുടക്കുന്നു

കൊച്ചി: പ്രത്യേക സാമ്പത്തിക മേഖലകളിലൂടെ (സെസ്) ആറായിരം കോടി രൂപയുടെ നിക്ഷേപം നേടുക എന്ന കേരളത്തിന്റെ ലക്ഷ്യം വഴിമുട്ടുന്നു. സ്വന്തം നിലയില്‍ സെസ് ആരംഭിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനു സര്‍ക്കാരിനു പരിമിതികളേറെ. അതേസമയം, സ്വകാര്യ സംരംഭകര്‍ക്കു സെസ് തുടങ്ങുക ദുഷ്ക്കരമാക്കുന്നതാണു സംസ്ഥാനത്തെ ഭൂനിയമവും അനുബന്ധ വ്യവസ്ഥകളും. മാറിയ സാഹചര്യത്തില്‍ ഈ മേഖലകളിലെ മുതല്‍മുടക്ക് എത്ര അഭികാമ്യമെന്ന ചിന്തയും നിക്ഷേപകരിലുണ്ട്.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ബോര്‍ഡ് ഓഫ് അപ്രൂവല്‍ ഡല്‍ഹിയില്‍ നാളെ യോഗം ചേരുമ്പോള്‍ കേരളത്തിനെന്തു നേട്ടമുണ്ടാകുമെന്നു കണ്ടറിയണം. സംസ്ഥാനത്തെ പ്രത്യേക സ്ഥിതിവിശേഷം കൂടി കണക്കിലെടുത്ത് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച നിര്‍വചനത്തിനു മാറ്റം വരുത്താനാണു ബോര്‍ഡിന്റെ നീക്കം. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സംരംഭങ്ങളില്‍ നിന്നും മുഴുവന്‍ വിവരങ്ങളും അനുമതികളും ലഭിക്കാത്തവയെ ഈ വിഭാഗത്തില്‍പ്പെടുത്തി കെട്ടിക്കിടക്കുന്നവയുടെ പട്ടിക നീട്ടാന്‍ ബോര്‍ഡിനു താല്‍പര്യമില്ല.

കേരളത്തില്‍ അനുവദിച്ച സെസുകളില്‍ പോലും സംരംഭകര്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നില്ലെന്നതില്‍ മന്ത്രി എളമരം കരീമിനു പരാതിയുണ്ട്. അനാവശ്യ വിവാദങ്ങളുണ്ടാക്കി മാധ്യമങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും തടസ്സം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ ഭൂനിയമവും വ്യവസ്ഥകളുമാണു യഥാര്‍ഥത്തില്‍ തടസ്സമുണ്ടാക്കുന്നതെന്നു സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ പോലും 25 ഏക്കര്‍ വേണമെന്നു സെസ് വ്യവസ്ഥ അനുശാസിക്കുന്നു. എന്നാല്‍ കേരളത്തില്‍ 15 ഏക്കറില്‍ കൂടുതല്‍ ഒരു സംരംഭകനു കൈവശം വയ്ക്കാനാകില്ല. 2500 ഏക്കര്‍ വേണ്ടിവരുന്ന ബഹു ഉല്‍പന്ന സെസുകള്‍ക്കു വന്‍തോതില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കലും അനുബന്ധ പ്രശ്നങ്ങളുമുണ്ട്. ഇത്തരം പ്രത്യേക സാമ്പത്തികമേഖല കേരളത്തില്‍ പ്രായോഗികമല്ലെങ്കിലും ഇവയെ കൂടി കണക്കിലെടുത്തുകൊണ്ടു സംസ്ഥാനത്തുണ്ടാക്കിയ പ്രത്യേക വ്യവസ്ഥകള്‍ മറ്റു സംരംഭകരെ വിഷമത്തിലാക്കുന്നു.

ബോര്‍ഡ് ഓഫ് അപ്രൂവല്‍ കേരളത്തില്‍ 24 സെസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇതില്‍ പതിനഞ്ചെണ്ണത്തിനു സെസ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2009 ഏപ്രിലില്‍ കേന്ദ്ര സെസ് നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം, വിജ്ഞാപനം ചെയ്ത സംസ്ഥാനത്തിന്റെ പദ്ധതികള്‍ താഴെ പറയുന്നവയാണ്.

ഇന്‍ഫോപാര്‍ക്ക് കാക്കനാട് – 30.8 ഹെക്ടര്‍, തുറമുഖ ട്രസ്റ്റ് പുതുവൈപ്പ് – 285.84 ഹെക്ടര്‍, വല്ലാര്‍പാടം – 115.25 ഹെക്ടര്‍, ടെക്നോളജി പാര്‍ക്ക് തിരുവനന്തപുരം – 12.55 ഹെക്ടര്‍, 34.47 ഹെക്ടര്‍, കെഎസ്ഐഡിസി തിരുവനന്തപുരം – 10.12 ഹെക്ടര്‍, കിന്‍ഫ്ര ഫുഡ് പാര്‍ക്ക് കാക്കഞ്ചേരി – 12.5 ഹെക്ടര്‍, കൊച്ചി ഇലക്ട്രോണിക് പാര്‍ക്ക്-12.1 ഹെക്ടര്‍, ടിസിജി ഗ്രൂപ്പ് തൃക്കാക്കര – 12.1 ഹെക്ടര്‍, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ചേര്‍ത്തല – 24.5 ഹെക്ടര്‍, തളിപ്പറമ്പ് – 10.37 ഹെക്ടര്‍, അമ്പലപ്പുഴ -13.4 ഹെക്ടര്‍, കൊല്ലം മുളവന – 18 ഹെക്ടര്‍, ടെക്നോപാര്‍ക്ക് തിരുവനന്തപുരം – 11.87 ഹെക്ടര്‍, യൂണിവേഴ്സല്‍ കാര്‍ബറണ്ടം  തൃക്കാക്കര – 10 ഹെക്ടര്‍.

ഇന്‍ഫോപാര്‍ക്ക്, ഇലക്ട്രോണിക്സ് ടെക്നോളജി പാര്‍ക്ക്, തുറമുഖ ട്രസ്റ്റ്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എന്നിവയാണ് ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിച്ചത്. ഇവയൊന്നും സ്വകാര്യ മേഖലയിലല്ല. കളമശേരിയില്‍ ടിസിജി ഗ്രൂപ്പിനു ബയോടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ കിന്‍ഫ്ര നല്‍കിയ സ്ഥലം തിരിച്ചെടുത്തു. സൌരോര്‍ജത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ സിലിക്കണ്‍ കാര്‍ബൈഡ് നിര്‍മിക്കാനാണു കാര്‍ബറണ്ടം യൂണിവേഴ്സലിന്റെ പദ്ധതി. ബദല്‍ ഊര്‍ജ സ്രോതസുകള്‍ക്കു വര്‍ധിച്ച പ്രാധാന്യം നേടിയ അവസരത്തില്‍ കമ്പനി ഇതിനു വന്‍ സാധ്യത കാണുന്നു. കമ്പനിയുടെ നിലവിലുള്ള സ്ഥലത്തുതന്നെയായതിനാല്‍ അനുമതിക്കു വിഷമവുമുണ്ടായില്ല.

അതേസമയം, കൈവശാവകാശ രേഖകള്‍ സമര്‍പ്പിക്കാത്തതുമൂലം ബോര്‍ഡ് കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളം സമര്‍പ്പിച്ച ഏഴു സെസ് അപേക്ഷകള്‍ നിരസിച്ചു. ഐടി പാര്‍ക്ക്, ജെം ആന്‍ഡ് ജ്വല്ലറി പാര്‍ക്ക് തുടങ്ങിയവയ്ക്കു കേരളത്തില്‍ സെസ് ആരംഭിക്കാന്‍ സ്വകാര്യ സംരംഭകര്‍ മുന്നോട്ടുവന്നിട്ടുണ്ട്.

കേന്ദ്ര സെസ് നിയമമനുസരിച്ച് മൂന്നു വിഭാഗങ്ങളില്‍ ആവശ്യമായ സ്ഥലമെത്രയെന്നു വ്യക്തമാക്കിയിട്ടുണ്ട്. ബഹു ഉല്‍പന്ന സെസിന് ഏറ്റവും കുറഞ്ഞതു 2500 ഏക്കര്‍ വേണം. ഒരു പ്രത്യേക ഉല്‍പന്നത്തിനോ, തുറമുഖ, വിമാനത്താവള അധിഷ്ഠിത പദ്ധതികള്‍ക്കോ വേണ്ടത് 250 ഏക്കറാണ്. ഐടി, ബയോടെക്നോളജി, ജെം ആന്‍ഡ് ജ്വല്ലറി, സൌരോര്‍ജ മേഖല എന്നിവയ്ക്ക് 25 ഏക്കറെങ്കിലും വേണം. കേരളത്തിന് ഏറ്റവും അനുയോജ്യം രണ്ടും മൂന്നും വിഭാഗങ്ങളാണ്. പക്ഷേ, സംസ്ഥാനത്തിന്റെ ഭൂനിയമം, സെസുകള്‍ക്കായുണ്ടാക്കിയ പ്രത്യേക നിയമം തുടങ്ങിയവ വച്ച് സ്വകാര്യ സംരംഭകര്‍ക്ക് ഇതെത്രമാത്രം സാധ്യമാകുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

സര്‍ക്കാര്‍ മുന്‍കൈയെടുത്തു രൂപം നല്‍കിയ സ്മാര്‍ട് സിറ്റി പദ്ധതി പോലും ഭൂമിയെച്ചൊല്ലിയുള്ള വിവാദത്തില്‍ വഴിമുട്ടി നില്‍ക്കുന്നു. ആഗോള മാന്ദ്യവും മാറിയ കാഴ്ചപ്പാടുകളും നിലവിലുള്ള സെസുകള്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തുകയാണ്. എന്നിരുന്നാലും മാന്ദ്യം കെട്ടടങ്ങി, ആഗോള സമ്പദ്ഘടന വീണ്ടും കരുത്താര്‍ജിക്കുമ്പോള്‍ പുതിയ നിക്ഷേപങ്ങളിലൂടെ നേട്ടമെടുക്കാമെന്ന കണക്കുകൂട്ടലുണ്ട് സംരംഭകര്‍ക്ക്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ കാണിക്കുന്ന താല്‍പര്യം ഇതിനു തെളിവുകൂടിയാണ്.

രാജ്യത്ത് ആദ്യമായി സെസുകളിലൊന്ന് ആരംഭിച്ചതു കേരളത്തിലാണെന്ന് ഓര്‍ക്കണം. ഇതിന്റെ നേട്ടം കണ്ടറിയുകയും ചെയ്തു. പക്ഷേ, അവിടെ നിന്നു ബഹുദൂരം മുന്നോട്ടുപോകാനായില്ല.  സാമ്പത്തിക പരാധീനതകളേറെയുള്ള സര്‍ക്കാര്‍ ഭാവനാപൂര്‍ണമായ സമീപനം സ്വീകരിക്കുകയാണെങ്കില്‍ വീണ്ടുമൊരു അവസരം നഷ്ടപ്പെടുത്താനിടയാകില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w