വിലയ്ക്കു വാങ്ങുന്ന വിന

ആന്ധ്ര വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ചത് ഉണ്ണാവ്രതം കിടന്നു മരണാസന്നനായ തെലുങ്കാന രാഷ്ട്രസമിതി നേതാവ് ശ്രീ. കെ. ചന്ദ്രശേഖര റാവുവിന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടിയാണ്. തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ കക്ഷികള്‍ക്കിടയില്‍ അതിന് വലിയ വേരോട്ടമൊന്നുമുണ്ടായിരുന്നില്ല. തെലുങ്കാനയ്ക്കുവേണ്ടി ഇപ്പോള്‍ ജീവന്‍തന്നെ വെടിയാന്‍ ഒരുങ്ങിയ ശ്രീ. ചന്ദ്രശേഖര റാവുവിനും വലിയ താരപരിവേഷം ലഭിക്കുന്നത് ഇപ്പോഴാണ്. സംസ്ഥാനത്തെ ഒന്നിപ്പിച്ചു നിറുത്തുന്നതിലും പുരോഗതിയിലേക്ക് നയിക്കുന്നതിലും അസാധാരണ മിടുക്കുകാണിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ അകാലമരണമാണ് ഒരു കണക്കില്‍ ടി.ആര്‍.എസ് നേതാവ് ശ്രീ. ചന്ദ്രശേഖര റാവുവിന്റെ തിരിച്ചുവരവിന് നിമിത്തമായത്. തെലുങ്കാനവാദം ഉയര്‍ത്തി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ടി.ആര്‍.എസിന് വലിയ നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യവും സ്മരണീയമാണ്.
തെലുങ്കാനാവാദികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാ വിഭജനത്തിന് കേന്ദ്രം സമ്മതമറിയിച്ചത് സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആന്ധ്രാ ഭാഗത്തുള്ള കോണ്‍ഗ്രസ്, തെലുങ്കുദേശം, പ്രജാ പാര്‍ട്ടി എന്നിവയില്‍ നിന്നുള്ള എം.എല്‍.എമാര്‍ രാജിക്കത്തെഴുതി സ്പീക്കര്‍ക്ക് നല്‍കിയിരിക്കുകയാണ്. എം.പിമാരില്‍ ചിലരും രാജിവയ്ക്കുകയോ രാജിക്കൊരുങ്ങുകയോ ആണ്. ആന്ധ്രയുടെ പ്രതിനിധികളായി കേന്ദ്രമന്ത്രിസഭയിലുള്ള മന്ത്രിമാരും രാജിഭീഷണി മുഴക്കിയ സ്ഥിതിക്ക് പ്രതിസന്ധി നേരിടാനുള്ള വഴി ആലോചിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഒമ്പത് ജില്ലകള്‍ ഉള്‍പ്പെടുന്ന തെലുങ്കാനാ പ്രദേശത്താകട്ടെ, എല്ലാവരും ആഹ്ളാദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ ഹൈദരാബാദുകൂടി ഉള്‍പ്പെടുന്ന തെലുങ്കാനാ സംസ്ഥാനത്തിനുവേണ്ടിയാണ് അവര്‍ പിടിമുറുക്കുന്നത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആന്ധ്ര വിഭജിക്കപ്പെടുന്ന സ്ഥിതി ഉണ്ടായാല്‍ ഹൈദരാബാദിന്റെ ഭാവി കേന്ദ്രസര്‍ക്കാരിന് വലിയൊരു കീറാമുട്ടിയായി മാറിയേക്കാം. സംസ്ഥാന വിഭജനത്തിന് കേന്ദ്രം തലകുലുക്കിയെന്നല്ലാതെ അത് പ്രവൃത്തിപഥത്തിലെത്താന്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അന്തിമ തീരുമാനമെടുത്തു കഴിഞ്ഞാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ഇതിനുവേണ്ടിവരുമത്രേ. അതിനിടയില്‍ ആന്ധ്രാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഇത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നതിന്റെ സൂചനകള്‍ ഇതിനകം വന്നുതുടങ്ങിയിട്ടുണ്ട്. ആന്ധ്രാമേഖല വലിയൊരു സമരപ്പുറപ്പാടിലാണ്. മറ്റ് ഒമ്പതു പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. പശ്ചിമ ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ 21 പ്രവര്‍ത്തകര്‍ ഉപവാസം ആരംഭിച്ചിട്ടുണ്ട്. മരണംവരെ, അതല്ലെങ്കില്‍ ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം അനുവദിക്കുംവരെ ഉപവാസം എന്നാണ് പ്രഖ്യാപനം. അസാമില്‍ ബോഡോലാന്‍ഡ്, മഹാരാഷ്ട്രയില്‍ വിദര്‍ഭ, യു.പിയില്‍ പൂര്‍വാഞ്ചല്‍, യു.പി, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങള്‍ ചേര്‍ന്നുള്ള ബുന്ദേല്‍ ഖണ്ഡ്, ഗുജറാത്തില്‍ സൌരാഷ്ട്ര, കര്‍ണാടകത്തില്‍ കൊങ്കണ്‍ തുടങ്ങി നിരവധി പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കുടത്തില്‍ നിന്നു തുറന്നുവിട്ട ഭൂതത്തെപ്പോലെ തെലുങ്കാന സംസ്ഥാന രൂപീകരണ തീരുമാനം രാജ്യത്ത് എന്തൊക്കെ വിനാശങ്ങളാണ് വരുത്തിവയ്ക്കാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാന്‍ വയ്യ. തെലുങ്കാനയുടെ കാര്യത്തില്‍ കേന്ദ്രം കൈക്കൊണ്ട തീരുമാനം വേണ്ടത്ര ആലോചനയ്ക്കുശേഷമായിരുന്നോ എന്നു സംശയമാണ്.
വികസനത്തിന്റെ പേരിലാണ് പലപ്പോഴും പുതിയ സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വേണ്ടി ആവശ്യമുയരുന്നത്. വികസനത്തിന്റെ ഗുണഫലങ്ങള്‍ തുല്യമായി വിഭജിക്കപ്പെടാത്തത് അവികസിത പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനും ഭരണകൂടങ്ങളോടുള്ള എതിര്‍പ്പിനും കാരണമാകും. ഇരുപത്തെട്ടില്‍ പത്തൊന്‍പതു സംസ്ഥാനങ്ങളിലും തീവ്രവാദികള്‍ അവഗണിക്കാനാകാത്തവിധം ശക്തി പ്രാപിക്കാന്‍ കാരണവും ഭരണകൂടങ്ങളുടെ തുടര്‍ച്ചയായ അവഗണനയാണ്. പ്രത്യേക തെലുങ്കാനയ്ക്കുവേണ്ടി നടന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലും ഇതേ ആവശ്യം കാണാം. തെലുങ്കാനാ മേഖലയിലെ പല പ്രദേശങ്ങളും അതീവ പിന്നാക്കാവസ്ഥയിലാണ്. അരനൂറ്റാണ്ടുമുമ്പ് ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനുമുമ്പുള്ള അവസ്ഥയിലേക്കുള്ള ഒരു മടക്കയാത്രയാകുമോ കേന്ദ്രത്തിന്റെ തെലുങ്കാനാ തീരുമാനമെന്നു സംശയിപ്പിക്കുംവിധമുള്ള രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ അവിടെ രൂപംകൊണ്ടിരിക്കുന്നത്. ഭാഷയും പ്രാദേശികവാദവുമൊക്കെ എളുപ്പം കത്തിപ്പടരുന്ന വിഷയങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയചാതുരിയെ ആശ്രയിച്ചിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ആന്ധ്രയുടെയും അവിടത്തെ ജനങ്ങളുടെയും ഭാവി.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w