കേരളത്തില്‍ ഒരുലക്ഷം വ്യാജ റേഷന്‍കാര്‍ഡ്

ന്യൂഡല്‍ഹി: പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുംവിധം രാജ്യമെങ്ങും വ്യാജ റേഷന്‍ കാര്‍ഡുകള്‍ പ്രചരിക്കുന്നു. 12 സംസ്ഥാനങ്ങളിലായി 96 ലക്ഷത്തിലേറെ വ്യാജ കാര്‍ഡുകളാണ് ഇതുവരെ കണ്ടെത്തിയത്. കേരളത്തില്‍ ഒരുലക്ഷത്തോളം വ്യാജ കാര്‍ഡുകള്‍ പ്രചാരത്തിലുണ്ട്. പൊതുവിതരണത്തിനു നല്‍കുന്ന അരിയുടെയും ഗോതമ്പിന്റെയും ഗണ്യമായ പങ്കും എത്തിച്ചേരുന്നതു പൂഴ്ത്തിവയ്പുകാരുടെയും ഇടനിലക്കാരുടെയും കൈകളിലാണെന്നും കേന്ദ്ര ഭക്ഷ്യ – പൊതുവിതരണ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതിനകം വിവിധ സംസ്ഥാനങ്ങളിലായി 96.86 ലക്ഷം വ്യാജ കാര്‍ഡുകള്‍ റദ്ദാക്കി. വ്യാജന്മാര്‍ക്കെതിരായ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് അനര്‍ഹരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നത്. പരിശോധന പൂര്‍ത്തിയാകുന്നതോടെ തട്ടിപ്പിന്റെ പൂര്‍ണരൂപം വെളിപ്പെടും.

ഇതുവരെ പൂര്‍ത്തിയായ പരിശോധനകളില്‍ കണ്ടെത്തിയ വ്യാജ കാര്‍ഡുകള്‍ റദ്ദാക്കിക്കൊണ്ടിരിക്കുകയാണെന്നു കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നുള്ള പൂര്‍ണ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, വ്യാജ കാര്‍ഡുകള്‍ പ്രചരിക്കുന്നതിനെ മന്ത്രാലയം അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിച്ചിട്ടില്ലെന്ന് ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി കുറ്റപ്പെടുത്തിയതു സര്‍ക്കാരിനു തിരിച്ചടിയായി.

നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാനിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഏറ്റവും വലിയ ഭീഷണി വ്യാജ റേഷന്‍ കാര്‍ഡുകളാണ്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും മൂന്നുരൂപ പ്രകാരം പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണു നിയമം.

നിലവിലില്ലാത്ത കുടുംബങ്ങളുടെ പേരിലോ അര്‍ഹതയില്ലാത്തവരുടെ പേരിലോ ആണു വ്യാജ കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നത്. സമയപരിധി നിശ്ചയിച്ചു വ്യാജന്മാരെ കണ്ടെത്തുക, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ കൈവരിക്കുന്ന പുരോഗതി വിലയിരുത്താന്‍ സംവിധാനമേര്‍പ്പെടുത്തുക, ഇതനുസരിച്ചു ദാരിദ്യ്രരേഖയ്ക്കു മുകളിലും താഴെയുമുള്ള കുടുംബങ്ങളുടെയും അന്ത്യോദയ അന്നയോജന പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന കുടുംബങ്ങളുടെയും പട്ടിക പരിഷ്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്.

ബിഹാറിലും പഞ്ചാബിലും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അനുവദിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും 75 ശതമാനത്തിലേറെയും ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ 39% അരിയും പകുതിയിലേറെ ഗോതമ്പുമാണു യഥാര്‍ഥ ഉപഭോക്താക്കളിലെത്താതെ പോകുന്നത്.

എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും പൂഴ്ത്തിവയ്പുവിരുദ്ധ സെല്ലിനെയും സജീവമാക്കി പ്രശ്നത്തിനു പരിഹാരം കാണാനാണു പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി നിര്‍ദേശിക്കുന്നത്. മിന്നല്‍ പരിശോധനാ സംഘങ്ങള്‍ക്കു രൂപംനല്‍കാനും സാങ്കേതികവിദ്യയുടെ സഹായം വിനിയോഗിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

തര്‍ക്കത്തിനു കാരണവും വ്യാജ കാര്‍ഡ്
ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെക്കുറിച്ചുള്ള (ബിപിഎല്‍) കണക്കുകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടാകാന്‍ മുഖ്യ കാരണവും വ്യാജ റേഷന്‍ കാര്‍ഡുകളാണ്. ഏറ്റവും പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട റേഷന്‍ ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥരും തല്‍പരകക്ഷികളും ചേര്‍ന്നു സംഘടിതമായി തട്ടിയെടുത്തു കൊണ്ടിരിക്കുകയാണെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വെളിപ്പെടുന്നത്.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w