നെറ്റില്‍ കുരുങ്ങാതിരിക്കാന്‍

മറ്റൊരാളെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-മെയില്‍ ഫോര്‍വേര്‍ഡ് ചെയ്യുന്നതും ഇനി മൂന്നുവര്‍ഷം വരെ ശിക്ഷകിട്ടാവുന്ന കേസ്. പിണറായി വിജയന്റെ വീടെന്ന വ്യാജേനെ ആഡംബര വീടിന്റെ ചിത്രം ഫോര്‍വേര്‍ഡ് ചെയ്ത ലക്ഷത്തിലധികം പേര്‍ തത്വത്തില്‍ നിയമനടപടികള്‍ നേരിടേണ്ടവരാണ്.
കഴിഞ്ഞ മാസം നോട്ടിഫൈ ചെയ്ത വിവര സാങ്കേതിക വിദ്യ (ഭേദഗതി) നിയമം ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കു കടുത്ത മുന്നറിയിപ്പാണു നല്‍കുന്നത്.

തികച്ചും കുറ്റകരമായ, അല്ലെങ്കില്‍ നിന്ദാപരമായ സന്ദേശങ്ങള്‍ അയയ്ക്കുകയോ, ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നതു മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്നതും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.

മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.

മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സിഡിറോം, പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അതു മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ലഭിക്കും. കംപ്യൂട്ടര്‍ വഴിയുള്ള തട്ടിപ്പ്, വഞ്ചന, ഡിജിറ്റല്‍ ഒപ്പ് മോഷ്ടിക്കല്‍, പാസ്വേര്‍ഡ് ദുരുപയോഗം എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത്.

വ്യക്തിയുടെ അനുവാദമില്ലാതെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതും അയയ്ക്കുന്നതും മൂന്നുവര്‍ഷം വരെ തടവോ രണ്ടുലക്ഷത്തിലധികം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

നഗ്നമോ, അടിവസ്ത്രങ്ങള്‍ കൊണ്ടു മറച്ചതോ ആയ ലൈംഗികാവയവങ്ങള്‍, ഗുഹ്യഭാഗങ്ങള്‍, നിതംബം, സ്ത്രീകളുടെ മാറിടം എന്നിവയാണു സ്വകാര്യഭാഗങ്ങളായി നിയമത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഐടി ആക്ട് 67 വകുപ്പുപ്രകാരം അശ്ളീല പ്രസാരണത്തിനു കൂടുതല്‍ കടുത്ത ശിക്ഷയാണുള്ളത്. അശ്ളീലചിത്രങ്ങള്‍ കലര്‍ന്ന വെബ്സൈറ്റ് പ്രസിദ്ധീകരിക്കുക, അശ്ളീലചിത്രങ്ങള്‍ കൈമാറുക എന്നിവയ്ക്കു മൂന്നുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണുള്ളത്. കുറ്റം ആവര്‍ത്തിച്ചാല്‍ തടവിന്റെ കാലാവധി അഞ്ചുവര്‍ഷവും പിഴയുടേതു 10 ലക്ഷവുമാകും. മറ്റു കുറ്റങ്ങളില്‍ പിഴയോ തടവോ ഏതെങ്കിലുമൊന്ന് അനുഭവിച്ചാല്‍ മതിയെങ്കില്‍ അശ്ളീലപ്രസാരണത്തിനു രണ്ടും ഒന്നിച്ചനുഭവിക്കണം.

18 വയസ്സിനു താഴെയുള്ള കുട്ടികളുടെ നഗ്ന, ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ മാത്രമല്ല, ഇന്റര്‍നെറ്റില്‍ ബ്രൌസ് ചെയ്യലും ഡൌണ്‍ലോഡ് ചെയ്യലും ശിക്ഷാര്‍ഹമാണ്. ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഇ-മെയില്‍, ചാറ്റിങ്, എസ്എംഎസ് എന്നിവയ്ക്കും സമാനശിക്ഷയാണുള്ളത്.

ശാസ്ത്രം, കല, സാഹിത്യം, പഠനം എന്നിവയുടെ താല്‍പര്യത്തിനനുസൃതമായി തയാറാക്കുന്ന ലൈംഗിക സ്വഭാവമുള്ളവ നിയമനടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ വകുപ്പില്‍ ഏറ്റവും ശിക്ഷയുള്ളതു സൈബര്‍ തീവ്രവാദത്തിനാണ്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൌഹൃദം എന്നിവയ്ക്കു ഭീഷണിയുണ്ടാക്കുന്നതോ, വ്യക്തികള്‍ക്ക് അപകടം സംഭവിക്കാന്‍ കാരണമാക്കുന്നതോ, സമൂഹത്തെ പൊതുവായി ബാധിക്കുകയോ ചെയ്യുന്ന പ്രവൃത്തികളാണു സൈബര്‍ തീവ്രവാദത്തില്‍ ഉള്‍പ്പെടുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങള്‍.

ഐടി ആക്ട് 2000ല്‍ ആണ് ആദ്യം നടപ്പാക്കിയത്. ഇലക്ട്രോണിക് വിനിമയത്തിനും ക്രയവിക്രയത്തിനും സാധുത നല്‍കുന്നതിന് ഊന്നല്‍നല്‍കിയായിരുന്നു നിയമം അന്നു നടപ്പാക്കിയത്. 2005ല്‍ ആണു ഭേദഗതിക്കുള്ള കരടു തയാറാക്കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. ഇ-കൊമേഴ്സ് സൈറ്റായ ബാസീ ഡോട്ട് കോം സിഇഒ അവിനാശ് ബജാജിന്റെ അറസ്റ്റും തുടര്‍ന്നു കോര്‍പറേറ്റ് ലോകത്തുണ്ടായ പ്രതിഷേധവുമാണു നിയമഭേദഗതിക്കു വഴിതെളിച്ചത്. ഡല്‍ഹി പബ്ളിക് സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ നഗ്നചിത്രങ്ങള്‍ 2004 ഡിസംബറില്‍ ഐഐടി വിദ്യാര്‍ഥി ബാസി ഡോട്ട് കോമില്‍ അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണു സിഇഒയെ അറസ്റ്റ് ചെയ്തത്. നേരത്തേയുള്ള നിയമമനുസരിച്ചു വെബ്സൈറ്റിന്റെ നടത്തിപ്പുകാര്‍ക്കെതിരെയാണു കേസെങ്കില്‍ പുതിയ ഭേഗഗതിപ്രകാരം സ്വതന്ത്രമായി അപ്ലോഡ് ചെയ്യാവുന്ന സൈറ്റുകളില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കും.

ഒാര്‍ക്കുട്ട്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വ്യാജപ്രൊഫൈലുകളുണ്ടാക്കി അപകീര്‍ത്തികരമായ പ്രവര്‍ത്തനം നടത്തുന്നവരും കേസിലാകും. അസിന്റെയോ ഷാറുഖ് ഖാന്റെയോ ഫോട്ടോ പ്രൊഫൈലില്‍ വച്ചു മനപ്പൂര്‍വം കബളിപ്പിക്കുന്നവരും പരാതിയുടെ അടിസ്ഥാനത്തില്‍ പിടിയിലാകും.

പരാതികളുടെ അടിസ്ഥാനത്തില്‍ അതതു പൊലീസ് സ്റ്റേഷനാണു കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കേണ്ടതെന്നു സൈബര്‍ സെല്‍ മേധാവിയായ ഐജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സൈബര്‍സെല്‍ ഇതു സംബന്ധിച്ചു വിദഗ്ധസഹായം നല്‍കും. പ്രത്യേക സാഹചര്യങ്ങളില്‍ പരാതിയില്ലാതെ തന്നെ പൊലീസിനു സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താം.

നേരത്തേ ഡിവൈഎസ്പിക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു സൈബര്‍ ആക്ട് സംബന്ധിച്ചു നടപടിയെടുക്കേണ്ടിയിരുന്നതെങ്കില്‍ ഭേദഗതി അനുസരിച്ചു സിഐയ്ക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥരാണു നടപടിയെടുക്കേണ്ടത്. ഇവര്‍ക്കു പൊതുസ്ഥലത്തു പ്രവേശിക്കാനും സെര്‍ച്ച് നടത്താനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അനുവാദമുണ്ട്.

പിണറായി വിജയന്‍ കേസ് പൊതുജനങ്ങള്‍ക്കും കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കുമുള്ള ‘പാഠം എന്ന നിലയിലാണ് എടുത്തതെന്നു പൊലീസ് മേധാവികള്‍ പറയുന്നു. പിണറായി വിജയന്റെ വീടെന്ന രീതിയില്‍ വ്യാജചിത്രം പ്രചരിപ്പിച്ച എല്ലാവരും നിയമം അണുവിട തെറ്റാതെ നടപ്പാക്കിയാല്‍ കേസില്‍ പ്രതികളാകേണ്ടി വരും; ഇവരുടെ ഉദ്ദേശ്യം പിന്നീടു തെളിയിക്കപ്പെടേണ്ടതാണെങ്കിലും. ഫോട്ടോയ്ക്ക് അടിക്കുറിപ്പു നല്‍കിയവരെന്നു പൊലീസ് അവകാശപ്പെടുന്നവരെ മാത്രമാണു കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

എന്നാല്‍, സൈബര്‍നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് കടുത്ത മനുഷ്യവകാശലംഘനങ്ങള്‍ നടക്കുമെന്ന ആശങ്ക മനുഷ്യവകാശ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.

ലിങ്ക് – മനോരമ

മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക

തിരുവനന്തപുരം: മറ്റൊരാളെ ഹാനികരമായി ബാധിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നത് മാത്രമല്ല, അത് പ്രചരിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുന്നുവെന്ന കാര്യം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ടു യുവാക്കളെ പിടികൂടിയതോടെ സംസ്ഥാനത്തെ സൈബര്‍ പോലീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.

ഇന്ത്യ ഐ.ടി ആക്ട് (2000) ആണ് രാജ്യത്തെ സൈബര്‍ നിയമങ്ങളുടെ അടിസ്ഥാനപ്രമാണം. ഈ നിയമത്തില്‍ 2008 ഡിസംബര്‍ 23ന് ചില ഭേദഗതികള്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഭേദഗതി ചെയ്യപ്പെട്ട ഐ.ടി. ആക്ടിലെ കരിനിയമങ്ങളാണ് ഇത് പ്രാബല്യത്തില്‍ വരുന്നതിന് കാലതാമസമുണ്ടാക്കിയത്. ഇ-മെയില്‍ ഫോര്‍വേഡുകള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്നു. ഐ.ടി. ആക്ടിലെ (ഭേദഗതി) 66-ാം സെക്ഷന്റെ വ്യാഖ്യാനത്തിലാണ് ഫോര്‍വേഡുകള്‍ പെടുന്നത്. നേരത്തേ, കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന കുറ്റവും അതിനുള്ള ശിക്ഷയും നിര്‍വചിക്കുന്ന ഈ സെക്ഷനില്‍ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് ഉപവകുപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. ‘…കമ്പ്യൂട്ടറോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച് മറ്റൊരു വ്യക്തിക്ക് ഹാനികരമോ, വെറുപ്പുളവാക്കുന്നതോ, അപകടമുണ്ടാക്കുന്നതോ, അപമാനമുണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതും…’ കുറ്റകരമാണെന്നാണ് 66-എ ഉപവകുപ്പ് പറയുന്നത്. ഈ നിയമമനുസരിച്ചാണ്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ, നാമറിയാതെ ഫോര്‍വേഡ് ചെയ്യുന്ന ആപല്‍ക്കരമായ സന്ദേശങ്ങള്‍ നമുക്ക് തന്നെ വിനയായി വരുന്നത്. മൂന്നുവര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. 66-ബി ഉപവകുപ്പിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.

‘…ഒരു കമ്പ്യൂട്ടറില്‍ നിന്ന് സത്യസന്ധമായി ലഭിക്കാത്ത, അല്ലെങ്കില്‍, കവര്‍ന്നെടുക്കുന്ന, വിവരങ്ങള്‍ ഉപയോഗിക്കുന്നത്…’ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കത്തക്കവിധമുള്ള കുറ്റമാണെന്നാണ് 66-ബി ഉപവകുപ്പ് പറയുന്നത്.

69-ാം സെക്ഷനില്‍ കൂട്ടിച്ചേര്‍ത്ത ഉപവകുപ്പുകളനുസരിച്ച്, നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസുകാര്‍ക്കോ, സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ സ്വകാര്യ ഇ-മെയിലോ എസ്.എം.എസ്സോ, മറ്റ് കമ്പ്യൂട്ടര്‍ വിഭവങ്ങളോ മജിസ്‌ട്രേട്ടിന്റെ അനുവാദം കൂടാതെ തന്നെ പരിശോധിക്കാവുന്നതും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതുമാണ്.

ഒരു പ്രത്യേക കമ്പ്യൂട്ടര്‍ കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചയാളെ കണ്ടെത്തിയില്ലെങ്കില്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ ഒന്നാംപ്രതിയാകുന്ന വ്യവസ്ഥയും ഐ.ടി. നിയമത്തിലുണ്ട്.

Download a copy of Information Technology (Amendment) Act, 2008 here

Advertisements

1 അഭിപ്രായം

Filed under നിയമം, വാര്‍ത്ത, സാങ്കേതികം

One response to “നെറ്റില്‍ കുരുങ്ങാതിരിക്കാന്‍

  1. mukkuvan

    there is only one vijayan in pinarayi? kerala cyber police is not having any other work than following such a peanut case?

    yes it is not moral, how many news in our media is right? havent seen a single case against them… why?

    yea… angadiyil thottal ammodu 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w