വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത്

തിരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്നതിനപ്പുറം ഭരണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കാളിത്തമൊന്നുമില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് ജനങ്ങള്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് വെറുതേ മേനി പറയാമെന്ന് മാത്രം. ഒരിക്കല്‍ അധികാരത്തില്‍ കയറിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അവരുടെമേല്‍ പിന്നീട് ജനങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണമോ സ്വാധീനമോ സാധാരണഗതിയില്‍ ഉണ്ടാവില്ല. അതുകൊണ്ടാണ് ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അധികാരം നല്‍കുംവിധം ജനപ്രാതിനിദ്ധ്യനിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് വിവേകമതികള്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാലുള്ള അപകടം അറിയാവുന്നതുകൊണ്ടാകാം ഈ ആവശ്യത്തിന് കാതുകൊടുക്കാന്‍ ഭരണവര്‍ഗ്ഗം ഇന്നേവരെ തയ്യാറായിട്ടുമില്ല. ഭരണത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടു പങ്കാളിത്തമില്ലെങ്കിലും നാലുവര്‍ഷം മുന്‍പ് നിലവില്‍വന്ന വിവരാവകാശനിയമം അവര്‍ക്ക് ഭരണത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും മൂടിവയ്ക്കപ്പെടുന്ന പലതും അറിയാനും സൌകര്യം നല്‍കുന്നുണ്ട്.
അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഈ നിയമനിര്‍മ്മാണം മറ്റ് ഏത് പരിഷ്കൃത രാജ്യങ്ങള്‍ക്കുമൊപ്പം ഇന്ത്യയെയും പിടിച്ചുയര്‍ത്തി എന്ന് പറയുന്നതില്‍ തെറ്റില്ല. ഭരണകൂടത്തിന്റെ ഓരോ ചലനവും അറിയാനുള്ള വഴിയാണ് ജനങ്ങള്‍ക്ക് ഇതോടെ തുറന്നുകിട്ടിയത്. ജനങ്ങള്‍ അത് ആവുംവിധം പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ പടിവാതിലുകള്‍ മാസങ്ങളോളം കയറിയിറങ്ങിയാലും ലഭിക്കാത്ത വിവരങ്ങള്‍ ദിവസങ്ങള്‍ക്കകം അപേക്ഷകന് തപാലില്‍ കിട്ടാന്‍ വിവരാവകാശ നിയമപ്രകാരം കേവലം പത്തുരൂപയുടെ ചെലവേയുള്ളൂ. രാജ്യരക്ഷയുമായും അതുപോലുള്ള രഹസ്യസ്വഭാവത്തിലുള്ളതുമായ വിവരങ്ങളൊഴികെ ഏത് വിവരവും നല്‍കാന്‍ ഓരോ വകുപ്പും ബാദ്ധ്യസ്ഥമാണെന്ന നില വന്നതോടുകൂടി പണ്ടേപ്പോലെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഫയലുകള്‍ പൂഴ്ത്തിവച്ച് അപേക്ഷയുമായെത്തുന്നവരെ കൈമലര്‍ത്തിക്കാണിക്കാനാവില്ലെന്ന് വന്നിട്ടുണ്ട്. സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വിവരാവകാശ നിയമത്തിന്റെ അനന്തസാദ്ധ്യതകള്‍ ജനങ്ങള്‍ മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാവാം നിയമത്തിന് ചില ഭേദഗതികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് തോന്നിത്തുടങ്ങിയിരിക്കുന്നത്. അസുഖകരമായ ഏത് ചോദ്യവും ഭരണകൂടങ്ങളെ വിഷമിപ്പിക്കുമെന്നതുകൊണ്ട് അവ എങ്ങനെ ഒഴിവാക്കാനാകുമെന്ന് അവര്‍ ആലോചിക്കും. വിവരാവകാശ നിയമത്തിന്റെ കാര്യത്തിലും അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. നിയമത്തിലെ ചില സുപ്രധാന വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഈ മാസം ചേരുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പൊതുജനാഭിപ്രായം കൂടി അറിഞ്ഞശേഷമേ നിയമഭേദഗതി ഉണ്ടാകൂ എന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ വിചാരിക്കുന്നതാവും നടക്കുക. നിയമമനുസരിച്ച് ഔദ്യോഗികതലത്തില്‍ നടക്കാറുള്ള ചര്‍ച്ചകളുടെയും ഫയല്‍നോട്ടുകളുടെയും വിശദാംശങ്ങള്‍വരെ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കണം. വിവാദപ്രശ്നങ്ങളില്‍ ഏത് സര്‍ക്കാരിനെ സംബന്ധിച്ചും ഇത് എത്രമാത്രം അസ്വസ്ഥതയുളവാക്കുന്ന കാര്യമാണെന്നു പറയേണ്ടതില്ല. വിവരാവകാശ നിയമത്തിലെ ഇത് സംബന്ധിച്ച വകുപ്പ് ഭേദഗതി ചെയ്യാനാണ് ആലോചന. അതുപോലെ വിവരാവകാശ നിയമപ്രകാരം സമ്പാദിക്കുന്ന രേഖകള്‍ വച്ചുകൊണ്ട് കോടതികളെ സമീപിക്കുന്ന പ്രവണത തടയാനും ആലോചനയുണ്ട്. ഭേദഗതികളുടെ മട്ടുംമാതിരിയുമൊന്നും കേന്ദ്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സര്‍ക്കാരുകള്‍ക്ക് ഏറെ അലോസരമുണ്ടാക്കുന്ന വകുപ്പുകളാവും ഭേദഗതിക്ക് വിധേയമാകുക എന്ന് ന്യായമായും പ്രതീക്ഷിക്കാം. നിയമഭേദഗതിക്കുള്ള നീക്കത്തിനെതിരെ ഇതിനകം നാനാകോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിയമഭേദഗതിക്കുവേണ്ട ഭൂരിപക്ഷം പാര്‍ലമെന്റില്‍ ഉള്ളതിനാല്‍ സര്‍ക്കാരിന്റെ ഇച്ഛപോലെ കാര്യം നടക്കാനാണ് സാദ്ധ്യത. വിവരാവകാശനിയമത്തിന് കൂടുതല്‍ കരുത്തുപകരുമെന്നും മറ്റുമുള്ള വാഗ്ദാനം പാഴ്വാക്കാകുമോ എന്നാണ് അറിയാനുള്ളത്.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, വിവരാവകാശം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w