കലാലയ രാഷ്ട്രീയ അക്രമം തടയാന്‍ കൂട്ടായ ശ്രമം വേണം-കോടതി

കൊച്ചി:സംസ്ഥാനത്ത്‌ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും അക്രമങ്ങളും ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അധ്യാപകരും സാഹിത്യകാരന്മാരും കലാകാരന്മാരും കൂട്ടായ ശ്രമം നടത്തണമെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു.

മഹാരാജാസ്‌ കോളേജില്‍ കഴിഞ്ഞ മാസമുണ്ടായ വിദ്യാര്‍ഥി സംഘട്ടനം സംബന്ധിച്ച രണ്ട്‌ കേസുകളില്‍ അറസ്റ്റിലായ അഞ്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ ജസ്റ്റിസ്‌ കെ.ടി. ശങ്കരന്റെ നിര്‍ദേശം. മറ്റു മൂന്ന്‌ വിദ്യാര്‍ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചിട്ടുണ്ട്‌.

പരസ്‌പരം പോരാടുന്ന വിദ്യാര്‍ഥി സംഘടനകള്‍ നിഷ്‌കളങ്കരായ കൗമാരക്കാരുടെ മനസ്സില്‍ വിദ്വേഷവും വെറുപ്പും കുത്തിവയ്‌ക്കുകയാണ്‌. അശരണരേയും ദുര്‍ബലരേയും സഹായിക്കാനുള്ള സന്മനസ്സുമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ചുരുക്കം ചിലരുടെ നടപടികള്‍ മൂലം പരസ്‌പരവിശ്വാസം നഷ്ടമാവുന്നുവെന്നും കോടതി പറഞ്ഞു.

ഭൂരിപക്ഷം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സമാധാനം നിറഞ്ഞ കലാലയാന്തരീക്ഷമാണ്‌ ആഗ്രഹിക്കുന്നത്‌. നല്ലൊരു ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള അറിവും കഴിവും സ്വായത്തമാക്കാനാണ്‌ വിദ്യാര്‍ഥികള്‍ സ്‌കൂളിലും കോളേജിലും എത്തുന്നത്‌.

പഠനമാണ്‌ അവരുടെ ലക്ഷ്യം. ജനാധിപത്യ സമ്പ്രദായത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അറിയാനും പരിചയിക്കാനും കലാലയ രാഷ്ട്രീയം ആവശ്യമാണ്‌. എന്നാല്‍ ഇത്‌ അതിരുവിട്ട്‌ അക്രമത്തിലെത്തുന്നു.

ഒട്ടേറെ പ്രമുഖര്‍ പഠിച്ചിറങ്ങിയ മഹാരാജാസ്‌ കോളേജ്‌ പോലുള്ള സമുന്നത സ്ഥാപനങ്ങളില്‍ പോലും ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ്‌ പരസ്‌പരം ഏറ്റുമുട്ടുകയാണ്‌-ജസ്റ്റിസ്‌ കെ.ടി. ശങ്കരന്‍ വിലയിരുത്തി.

മഹാരാജാസ്‌ കോളേജില്‍ കഴിഞ്ഞ മാസം ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഞ്ച്‌ വിദ്യാര്‍ഥികള്‍ക്കാണ്‌ ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിട്ടുള്ളത്‌. മാലിപ്പുറം സ്വദേശി സനീഷ്‌, മരട്‌ സ്വദേശി വൈശാഖ്‌, ഇടുക്കി കിഴുത്താനം സ്വദേശി രഞ്‌ജിത്‌, കുട്ടമ്പുഴ സ്വദേശി പി.എസ്‌. ജീമോന്‍, അടിമാലി സ്വദേശി എസ്‌. ശരത്‌ എന്നിവര്‍ക്കാണ്‌ ജാമ്യം കിട്ടിയിട്ടുള്ളത്‌. ഇവര്‍ 15,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്‌ക്കുള്ള രണ്ട്‌ ആള്‍ ജാമ്യവും നല്‍കണം.

അടുത്ത രണ്ടുമാസത്തേക്ക്‌ എല്ലാ ഞായറാഴ്‌ചയും രാവിലെ 9ന്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. തുടര്‍ന്ന്‌ ഈ കാലയളവില്‍ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കും വരെ ഒന്നിടവിട്ട ഞായറാഴ്‌ചകളിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകേണ്ടത്‌. മുന്‍കൂര്‍ ജാമ്യം നേടിയ മുളന്തുരുത്തി സ്വദേശി കെ.എം. ശ്യാം മനു, കുഴുപ്പിള്ളി സ്വദേശി എസ്‌. മനീഷ്‌, ഉദയംപേരൂര്‍ സ്വദേശി സുവിന്‍ ആര്‍. മേനോന്‍ എന്നിവരുടെ അപേക്ഷ കോടതി നിരസിച്ചിട്ടുമുണ്ട്‌.

കെഎസ്‌യു, എബിവിപി, എസ്‌എഫ്‌ഐ വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട രണ്ട്‌ കേസുകളിലെ പ്രതികളാണിവര്‍. ഹോക്കി സ്റ്റിക്‌, ഇരുമ്പുവടി, പട്ടിക എന്നിവ ഉപയോഗിച്ച്‌ വിദ്യാര്‍ഥികള്‍ പരസ്‌പരം ഏറ്റുമുട്ടിയെന്നാണ്‌ കേസ്‌. ഒക്‌ടോബര്‍ 26 ന്‌ അറസ്റ്റിലായ അഞ്ചുപേരുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ്‌ കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണവര്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

കോളേജ്‌ യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രമാകാം വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടലെന്ന്‌ കോടതി പറഞ്ഞു.

ജനാധിപത്യ നടപടിക്രമം മനസ്സിലാക്കുന്നതിന്റെ മറവില്‍ കലാലയങ്ങളില്‍ വളരുന്ന അക്രമം , വിദ്വേഷം, പൊതുമുതല്‍ നശിപ്പിക്കാനുള്ള പ്രവണത എന്നിവ ജനാധിപത്യത്തിനെതിരാണ്‌. അത്‌ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്‌. ഇതിനായി മാധ്യമങ്ങളും ബുദ്ധിജീവികളും കല-സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ ഒന്നിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w