തൊഴിലുറപ്പു പദ്ധതി സ്വന്തം പേരിലാക്കി നേട്ടം കൊയ്യാന്‍ എല്‍ഡിഎഫ് നീക്കം

തൃശൂര്‍: കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയെന്ന മട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു പ്രചാരണം നടത്താന്‍ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ തോറും യൂത്ത് കോ-ഒാര്‍ഡിനേറ്റര്‍മാരെ നിയമിച്ചു തുടങ്ങി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പേരിലാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെയാണു ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കോ-ഒാര്‍ഡിനേറ്റര്‍മാരാക്കിയിരിക്കുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ മാത്രം സിപിഐയുടെ യുവജന നേതാക്കള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് തല കോ-ഒാര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഇന്നലെയും വെള്ളിയാഴ്ചയുമായി തിരുവനന്തപുരം,
തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്നു. സിപിഎം, സിപിഐ നേതാക്കള്‍ മാത്രമാണു പരിശീലനത്തില്‍ പങ്കെടുത്തത്. അഞ്ചു ജില്ലകള്‍ക്കായി തൃശൂരില്‍ നടത്തിയ പരിശീലനത്തില്‍ മുന്നൂറോളം പേര്‍   പങ്കെടുത്തതില്‍ വലതു യുവജന സംഘടനാ പ്രതിനിധിയായി ഒരാള്‍ മാത്രമാണുണ്ടായിരുന്നതെന്നു പരാതിയുണ്ട്. ഇടതുചായ്വുള്ള ഏതാനും രാഷ്ട്രീയേതര സംഘടനാ പ്രതിനിധികളെയും പേരിനു മാത്രം പരിശീലനത്തില്‍ പങ്കെടുപ്പിച്ചു.

തൊഴിലുറപ്പു പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ മാത്രം ഭാഗമെന്ന നിലയില്‍ ചിത്രീകരിച്ചു പ്രചാരണം നടത്താനാണ് എല്‍ഡിഎഫ് തീരുമാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പായി ‘എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും തൊഴില്‍ എന്ന ജനകീയ ക്യാംപയിന്‍ സംസ്ഥാന വ്യാപകമായി നടത്താനാണു പരിപാടി. ഇഎംഎസ് ഭവന നിര്‍മാണ പദ്ധതിയും തൊഴിലുറപ്പു പദ്ധതിയുമാണ് ഈ പ്രചാരണത്തിലെ മുഖ്യവിഷയങ്ങള്‍. ഇതില്‍ തൊഴിലുറപ്പു പദ്ധതി 90 ശതമാനം കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെന്ന കാര്യം മറച്ചു വച്ചാണു പ്രചാരണത്തിനു പരിപാടി തയാറാക്കിയിരിക്കുന്നത്.
ക്യാംപയിനു വേണ്ടി തദ്ദേശവകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പുറംചട്ടയില്‍ പോലും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചു പരാമര്‍ശിക്കാതിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ‘തദ്ദേശ ഭരണവകുപ്പ് തൊഴിലുറപ്പു പദ്ധതി എന്നു മാത്രമാണു കൈപ്പുസ്തകത്തിലുള്ളത്. കൈപ്പുസ്തകത്തിനു മന്ത്രി പാലോളി മുഹമ്മദ് കുട്ടി എഴുതിയ അവതാരികയിലും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് ഒരുവരി പോലുമില്ല. 90 ശതമാനം കേന്ദ്ര സഹായം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയില്‍ കേന്ദ്രത്തിന്റെ പങ്കു മറച്ചുവച്ച് എല്‍ഡിഎഫ് രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതായി ആരോപിച്ച് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് അനില്‍ അക്കര പ്രധാനമന്ത്രിക്കു പരാതി അയച്ചു.

ലിങ്ക് – മനോരമ
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത