ആസിയാന്‍ ആഞ്ഞടിക്കുന്നു; ഇറക്കുമതി 30% വര്‍ധിച്ചു

കൊച്ചി: കാര്‍ഷികകേരളം ആശങ്കയോടെ ഉറ്റുനോക്കുന്ന ആസിയാന്‍ കരാറിന്റെ ‘ആട്ടിന്‍തോല്‍’ ഉരിഞ്ഞുതുടങ്ങി. സംരക്ഷിതപട്ടികയില്‍പ്പെട്ട കാര്‍ഷികോല്‍പ്പന്നങ്ങള്‍പോലും രാജ്യത്തേക്കു നിയന്ത്രണമില്ലാതെ പ്രവഹിച്ചുതുടങ്ങി. ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയാണ്‌ ഇതില്‍ പ്രധാനമെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ വ്യക്‌തമാക്കുന്നു.

ആസിയാന്‍ കരാര്‍ നടപ്പിലായതോടെ സംരക്ഷിത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 30.4% ആയി. റബര്‍, കുരുമുളക്‌, ഏലം, പാമോയില്‍, പഴം-പച്ചക്കറികള്‍, കാപ്പി, തേയില, കശുവണ്ടി, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വന്‍ഇറക്കുമതിയാണ്‌ ഈ വര്‍ധനയ്‌ക്കു കാരണമെന്നും വാണിജ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു. ഉല്‍പ്പന്നങ്ങള്‍ സംരക്ഷിതപട്ടികയിലായതിനാല്‍ കേരളത്തിനു ഭീഷണിയില്ലെന്ന വാദമാണു പൊളിഞ്ഞത്‌.

കഴിഞ്ഞവര്‍ഷം ഏപ്രില്‍-ഓഗസ്‌റ്റില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 17,206 കോടി രൂപയുടേതായിരുന്നെങ്കില്‍ ഈ വര്‍ഷം അതു 22,429 കോടിയുടേതാണ്‌. ആകെ ഇറക്കുമതി കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞെങ്കിലും സംരക്ഷിത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുതിച്ചുകയറി.

ആകെ 6,48,041 കോടി രൂപയുടെ ഇറക്കുമതിയാണു കഴിഞ്ഞതവണ ഓഗസ്‌റ്റ്വരെ നടന്നത്‌. അതില്‍ 2.7% മാത്രമായിരുന്നു സംരക്ഷിത ഉല്‍പന്നങ്ങള്‍. എന്നാല്‍, ഈ വര്‍ഷം 4,97,108 കോടിയുടെ ഇറക്കുമതി നടന്നതില്‍ 4.5 ശതമാനവും സംരക്ഷിതപട്ടികയിലുള്ളവയാണ്‌. കഴിഞ്ഞവര്‍ഷം മൂന്നാംപാദംവരെ 333.37 കോടി രൂപയുടെ സ്വാഭാവികറബര്‍ ഇറക്കുമതി നടന്നു. ഇത്തവണ അത്‌ 777.44 കോടിയിലേക്ക്‌ (133.2%) ഉയര്‍ന്നു.

സെപ്‌റ്റംബര്‍വരെയുള്ള കുരുമുളക്‌ ഇറക്കുമതി ഏകദേശം 10,000 മെട്രിക്‌ ടണ്ണാണ്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 33% വര്‍ധന. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി പുനര്‍കയറ്റുമതിക്കാണ്‌ ഇറക്കുമതി കുരുമുളകു പ്രധാനമായും ഉപയോഗിക്കുന്നത്‌. കുരുമുളകിന്റെ കയറ്റുമതി ഗണ്യമായി (24%) ഇടിയുകയും ചെയ്‌തു. കഴിഞ്ഞവര്‍ഷം 12,750 മെട്രിക്‌ടണ്‍ കയറ്റുമതിയുണ്ടായപ്പോള്‍ ഇറക്കുമതി 9750 ടണ്ണിലേക്കു താഴ്‌ന്നു.

കരാര്‍ വരുന്നതോടെ പത്തോളം ആസിയാന്‍ രാജ്യങ്ങളിലേക്കു കയറ്റുമതിക്കു വാതായനം തുറക്കുകയാണെന്ന കേന്ദ്രത്തിന്റെ അവകാശവാദം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കു ബാധകമാകില്ലെന്നു സാരം. ഇന്തോനീഷ്യ, മ്യാന്‍മാര്‍, മലേഷ്യ, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം സംരക്ഷിത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കൂടിയതായി വാണിജ്യമന്ത്രാലയം വ്യക്‌തമാക്കുന്നു. ഇതില്‍ ആദ്യ മൂന്നു രാജ്യങ്ങളും ആസിയാനില്‍പ്പെട്ടതാണ്‌. വിയറ്റ്‌നാമില്‍നിന്നുള്ള ഇറക്കുമതി ഭീഷണി മാറ്റമില്ലാതെ തുടരുന്നു. പാമോയില്‍ ഇറക്കുമതി ക്രമാതീതമായി ഉയര്‍ന്നതും വെളിപ്പെട്ടിട്ടുണ്ട്‌.

ഉത്തരേന്ത്യയിലും മറ്റും അവശ്യവസ്‌തുവായ പാമോയിലിന്‌, വിലക്കയറ്റത്തിന്റെ പശ്‌ചാത്തലത്തില്‍ കേന്ദ്രം സമ്പൂര്‍ണ തീരുവയിളവു നല്‍കിയിരുന്നു. ഓഗസ്‌റ്റ്വരെ 8994.36 കോടിയുടെ ഭക്ഷ്യയെണ്ണയാണ്‌ ഇറക്കുമതി ചെയ്‌തത്‌. കഴിഞ്ഞവര്‍ഷം ഇത്‌ 4791.49 കോടിയുടേതായിരുന്നു. വെളിച്ചെണ്ണ വിപണിയുടെ ഗതികേട്‌ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.

സംരക്ഷിതപട്ടികയില്‍പ്പെട്ട ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, കര്‍ഷകര്‍ക്കും വിപണിക്കും ദോഷകരമായാല്‍ സര്‍ക്കാരിനു നിയന്ത്രിക്കാമെന്നതാണ്‌ ഔദ്യോഗിക വ്യാഖ്യാനം.

എന്നാല്‍, ഇവയുടെ ഇറക്കുമതിത്തീരുവ ഘട്ടങ്ങളായി കുറയ്‌ക്കണമെന്ന കരാര്‍വ്യവസ്‌ഥയേപ്പറ്റി കേന്ദ്രം തന്ത്രപരമായ മൗനം പാലിക്കുന്നു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w