ത്രിവര്‍ണ വിജയം

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പു നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയതരംഗത്തിന്റെ തുടര്‍ച്ചയെന്നോണം മൂന്നിടത്തും മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷ സര്‍ക്കാരിനു കനത്ത തിരിച്ചടി നല്‍കി. കണ്ണൂരില്‍ എ.പി. അബ്ദുല്ലക്കുട്ടിയും (ഭൂരിപക്ഷം 12,043) ആലപ്പുഴയില്‍ എ.എ. ഷുക്കൂറും (ഭൂരിപക്ഷം 4745) എറണാകുളത്തു ഡൊമിനിക് പ്രസന്റേഷനും (ഭൂരിപക്ഷം 8620) യുഡിഎഫിന്റെ വിജയക്കൊടി പാറിച്ചു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടലും കേന്ദ്രസേനയുടെ സാന്നിധ്യവും കൊണ്ടു ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മത്സരം നടന്ന കണ്ണൂരില്‍ എ.പി. അബ്ദുല്ലക്കുട്ടിക്കു മുന്നില്‍ എല്‍ഡിഎഫിലെ എം.വി. ജയരാജന്‍ അടിയറവു പറഞ്ഞു. മണ്ഡലത്തിലെ പോള്‍ ചെയ്യപ്പെട്ട 105,924 വോട്ടില്‍ അബ്ദുല്ലക്കുട്ടിക്ക് 53,987 വോട്ടും എം.വി. ജയരാജനു 41,944 വോട്ടും ആണു ലഭിച്ചത്. ബിജെപിയുടെ കെ. രഞ്ജിത്തിന് 5665 വോട്ടും എസ്ഡിപിഐയുടെ അബ്ദുല്‍ മജീദ് ഫൈസിക്കു 3411 വോട്ടും കിട്ടി. അപരന്മാരെല്ലാവരും കൂടി 917 വോട്ടുനേടി. പോള്‍ ചെയ്യപ്പെട്ട 158 തപാല്‍വോട്ടുകളില്‍ യുഡിഎഫിനു 49, എല്‍ഡിഎഫിനു 97, ബിജെപിക്കു നാല് എന്നിങ്ങനെയാണു ലഭിച്ചത്. എട്ടെണ്ണം അസാധുവായി.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 8613 ആയിരുന്നു ഭൂരിപക്ഷം. ഇത്തവണ 3430 വോട്ടു കൂടുതല്‍ നേടി അബ്ദുല്ലക്കുട്ടി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സുധാകരന് 23,000 വോട്ടിന്റെ ഭൂരിപക്ഷമാണു കിട്ടിയത്.

ഉപതിരഞ്ഞെടുപ്പില്‍ എന്നും ഇടത്തേക്കു ചാഞ്ഞ ചരിത്രമുള്ള എറണാകുളത്തും യുഡിഎഫ് ഉജ്വലവിജയമാണു കൊയ്തത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന്‍ ഇടതുമുന്നണിയിലെ പി.എന്‍. സീനുലാലിനെ 8620 വോട്ടിനു തോല്‍പ്പിച്ചാണു മണ്ഡലം നിലനിര്‍ത്തിയത്. നിയമസഭയിലേക്കു ഡൊമിനിക്കിന്റെ നാലാം ഉൌഴമാണിത്. പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും മറ്റൊരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലൂടെ അതേ നിയമസഭയിലേക്കു ജയിച്ചുകയറുകയും ചെയ്ത മൂന്നാമത്തെ രാഷ്ട്രീയ നേതാവാണു  ഡൊമിനിക് പ്രസന്റേഷന്‍. കോണ്‍ഗ്രസിലെ എം.പി. ഗംഗാധരനും സിപിഎമ്മിലെ വി.ജെ. തങ്കപ്പനുമാണു മുന്‍പ് ഇങ്ങനെ വിജയിച്ചവര്‍.

എറണാകുളത്ത് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മാത്രമാണു സീനുലാലിനു ലീഡ് നേടാനായത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.എം. ലോറന്‍സിനെതിരെ കെ.വി. തോമസ് നേടിയ 5800 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാനും വര്‍ധിപ്പിക്കാനും ഡൊമിനിക്കിനു കഴിഞ്ഞു. മന്ത്രിമാരെ മുഴുവന്‍ രംഗത്തിറക്കി പ്രചാരണം നടത്തിയിട്ടും ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 151 വോട്ടു മാത്രമാണു കൂടുതല്‍ നേടാനായത്. അതേസമയം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 5000 വോട്ട് എല്‍ഡിഎഫ് മണ്ഡലത്തില്‍ കൂടുതല്‍ നേടി.

കന്നിക്കാരുടെ പൊരിഞ്ഞ പോരാട്ടം നടന്ന ആലപ്പുഴയില്‍ യുഡിഎഫിലെ എ.എ. ഷുക്കൂര്‍ എല്‍ഡിഎഫിലെ ജി. കൃഷ്ണപ്രസാദിനെ (സിപിഐ) 4745 വോട്ടിനാണു തോല്‍പിച്ചത്. ആകെ പോള്‍ ചെയ്ത 85,612 വോട്ടില്‍ ഷുക്കൂര്‍ 42,774 വോട്ട് നേടിയപ്പോള്‍ കൃഷ്ണപ്രസാദ് 38,029 വോട്ടുനേടി. 2247 വോട്ടു നേടി ബിജെപിയിലെ കെ. ബാബു മൂന്നാം സ്ഥാനത്തെത്തി. ശക്തമായ പോരാട്ടമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും പിഡിപിയിലെ കെ.എ. ഹസന് 1804 വോട്ടു മാത്രമേ നേടാനായുള്ളൂ.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,933 വോട്ടിന്റെയും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19,000ല്‍പരം വോട്ടിന്റെയും ഭൂരിപക്ഷം നേടിയ യുഡിഎഫിന്റെ ഭൂരിപക്ഷം ഇക്കുറി അയ്യായിരത്തില്‍ താഴെയായി. മണ്ഡലം ആദ്യമായി നേരിട്ട ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ശക്തമായ പ്രചാരണമാണു നടത്തിയത്. ഒട്ടേറെ മന്ത്രിമാര്‍ വീടുകയറിയിറങ്ങി വോട്ട് തേടുകയും ചെയ്തു. എന്നിട്ടും മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനു കഴിഞ്ഞു.

കണ്ണൂരിലെ യുഡിഎഫ് വിജയം കെ. സുധാകരന്‍ എംപി നേടിയ രാഷ്ട്രീയവിജയം കൂടിയായി. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ പ്രചാരണത്തിന്റെ അവസാന നിമിഷം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സുധാകരന്‍ നേരിട്ടാണു ചുക്കാന്‍പിടിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്വാധീനപ്രദേശങ്ങള്‍ സുധാകരനൊപ്പം നിന്ന സാഹചര്യം ഏറ്റക്കുറച്ചിലുകളോടെ ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു.

കണ്ണൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ആദ്യഘട്ടത്തില്‍ വളരെ മുന്നിലായിരുന്ന എല്‍ഡിഎഫിനെ വോട്ടര്‍പട്ടിക വിവാദമാണു പ്രധാനമായും പിടിച്ചുലച്ചത്. മറ്റു മണ്ഡലങ്ങളില്‍ നിന്നു വോട്ടര്‍മാരെ ഇറക്കുമതി ചെയ്തു സിപിഎം ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന യുഡിഎഫ് ആരോപണം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി. വന്‍തോതില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു എന്നുകാണിച്ചു തെളിവുസഹിതം തിരഞ്ഞെടുപ്പു കമ്മിഷന് യുഡിഎഫ് പരാതി  നല്‍കി. വ്യാജ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും മറ്റു മണ്ഡലങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത വോട്ടര്‍മാര്‍ക്കും എതിരെ യുഡിഎഫ് നിയമനടപടികളും ആരംഭിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു കണ്ണൂരിലെ നടപടികള്‍. കലക്ടറെ മാറ്റിയ കമ്മിഷന്‍, വോട്ടര്‍പട്ടികയെക്കുറിച്ചു തുടര്‍ച്ചയായ അന്വേഷണം നടത്തുകയും ചെയ്തു.

കണ്ണൂരിന്റെ വിവാദ സാഹചര്യം കണക്കിലെടുത്തു മൂന്നു കമ്പനി കേന്ദ്രസേനയാണ് അനുവദിച്ചത്. എന്നാല്‍, കേന്ദ്രസേന ബാരക്കില്‍ ഇരിക്കുമെന്ന മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവനകളും രാഷ്ട്രീയ വിവാദമായി. സേനയുടെ ഇടപെടല്‍ തിരഞ്ഞെടുപ്പു ശാന്തമായി നടത്താന്‍ സഹായിച്ചതും യുഡിഎഫിനു ഗുണമായെന്നു വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്തെ വികസന രംഗത്തെ മുരടിപ്പ്, കോര്‍പറേഷന്‍ ഭരണത്തിലെ വീഴ്ച, ക്രമസമാധാനത്തകര്‍ച്ച എന്നീ വിഷയങ്ങളുയര്‍ത്തി യുഡിഎഫ് നടത്തിയ പ്രചാരണം എറണാകുളത്തെ നഗര വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടു. സ്മാര്‍ട്സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇടതുസര്‍ക്കാരിനു സംഭവിച്ച വീഴ്ചയും ഇടതുമുന്നണിക്കു തിരിച്ചടിയായി. സിപിഎം ഉയര്‍ത്തിപ്പിടിച്ച ആസിയാന്‍ കരാര്‍ വേണ്ടത്ര ജനശ്രദ്ധ നേടിയതുമില്ല.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കടുത്ത എതിര്‍പ്പുമായി നിന്ന മുസ്ലിം സമൂഹം യുഡിഎഫിനോടു കൂടുതല്‍ അടുപ്പം കാണിച്ചതും എറണാകുളത്തു ഗുണം ചെയ്തു. കണ്ണൂരിലും ആലപ്പുഴയിലും മുസ്ലിം സ്ഥാനാര്‍ഥികളെ യുഡിഎഫ് രംഗത്തിറക്കിയതും പരോക്ഷമായി മുന്നണിക്ക് ഗുണം ചെയ്തു. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന മുളവുകാട് മേഖലയില്‍ ബഹിഷ്കരണം ഇല്ലായിരുന്നെങ്കില്‍ ഡൊമിനിക്കിന്റെ ഭൂരിപക്ഷം ഇനിയും വര്‍ധിക്കുമായിരുന്നു. യുഡിഎഫിനു മേല്‍ക്കൈ ലഭിക്കാറുള്ള മുളവുകാടു പഞ്ചായത്തില്‍ ഇടതുമുന്നണി 207 വോട്ട് ലീഡ് നേടി.

മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ബിജെപിയുടെ അക്കൌണ്ട് ഉയര്‍ത്തി. 2006ല്‍ 4902 വോട്ടു ലഭിച്ച ബിജെപിക്ക്  ഇത്തവണ ലഭിച്ചത് 7208 വോട്ട്.

തുടര്‍ച്ചയായ നാലാം തവണയാണ് ആലപ്പുഴ മണ്ഡലം കോണ്‍ഗ്രസിനെ തുണയ്ക്കുന്നത്. 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസ് കോണ്‍ഗ്രസിലെ എ. നബീസത്ത് ബീവിയെ തോല്‍പിച്ച് ആദ്യമായി മണ്ഡലം പിടിച്ചെങ്കില്‍ മണ്ഡലത്തിലെ അവസാന മത്സരത്തില്‍ സിപിഐയെ കോണ്‍ഗ്രസ് തോല്‍പിച്ചതും ഇനി ചരിത്രം. പുനര്‍നിര്‍ണയിച്ച ആലപ്പുഴ മണ്ഡലമാകും ഇനി നിലവില്‍ വരുന്നത്.

മണ്ഡലത്തിന്റെ ചരിത്രത്തില്‍ എല്‍ഡിഎഫ് നേടുന്ന രണ്ടാമത്തെ ഏറ്റവും കൂടിയ വോട്ടാണ് ഇത്തവണത്തേത്. മുന്നണിയുടെ രാഷ്ട്രീയ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാതെ സൂക്ഷിക്കാനായതും തീരദേശത്ത് ആസിയാന്‍ കരാറിനെതിരെ നടത്തിയ പ്രചാരണവും എല്‍ഡിഎഫിന് വോട്ടുകൂടാന്‍ ഇടയാക്കി. മണ്ഡലത്തില്‍ ദൃശ്യമായ ജാതി, മത ധ്രുവീകരണവും വോട്ടുനിലയെ നേരിയ തോതില്‍ ബാധിച്ചതായാണു സൂചന.

ബിജെപിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 2006ല്‍ 1116 വോട്ടുനേടിയ ബിജെപി ഇക്കുറി 2247 വോട്ടു നേടി. 1996ല്‍ 3847 വോട്ടുനേടിയ പിഡിപിക്ക് ഇക്കുറി 1804 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w