മന്തുനിവാരണ ഗുളിക കഴിച്ച 300 ലേറെ പേര്‍ക്ക് അസ്വാസ്ഥ്യം

കോഴിക്കോട്: ദേശീയ മന്തുരോഗനിവാരണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഗുളികകള്‍ കഴിച്ച പലര്‍ക്കും അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു. കൊല്ലം, കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചില ഭാഗങ്ങളിലാണ് ഡൈ ഈതൈല്‍ കാര്‍ബോമസിന്‍ (ഡി.ഇ.സി.), ആല്‍ബന്റസോള്‍ ഗുളികകള്‍ കഴിച്ചവര്‍ക്ക് അസുഖമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല.

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡി.ഇ.സി. ഗുളിക കഴിച്ച് നൂറോളം പേരെ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട താലൂക്കാസ്​പത്രിയിലും എഴുകോണ്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി ആസ്​പത്രികളിലും കൊല്ലം ജില്ലാ ആസ്​പത്രിയിലുമാണ് രോഗബാധിതര്‍ കഴിയുന്നത്. കശുവണ്ടിത്തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് ഇവരില്‍ ഭൂരിപക്ഷവും. തലവേദന, ഛര്‍ദി, വിറയല്‍ എന്നീ ലക്ഷണങ്ങളാണ് ഇവരില്‍ പ്രകടമായത്.

കോട്ടയം ജില്ലയില്‍ മന്തുനിവാരണ ഗുളികകഴിച്ച് അമ്പതോളം പേര്‍ ആസ്​പത്രിയിലായി. ഇവരില്‍ മുപ്പതോളം പേര്‍ കശുവണ്ടിത്തൊഴിലാളി സ്ത്രീകളും വീട്ടമ്മമാരുമാണ്. ഇരുപതോളം വിദ്യാര്‍ഥികള്‍ക്കും അസ്വാസ്ഥ്യമുണ്ടായി. ആരുടെയും നില ഗുരുതരമല്ല.

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ആലപ്പുഴ ജില്ലയിലെ കരിമുളയ്ക്കല്‍ കശുവണ്ടി ഫാക്ടറിയിലെ സ്ത്രീത്തൊഴിലാളികളാണ് അസ്വസ്ഥതകളോടെ നൂറനാട് ലെപ്രസി സാനിറ്റോറിയം ആസ്​പത്രിയില്‍ ചികിത്സ തേടിയെത്തിയത്. ചുനക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുകൊണ്ടുവന്ന ഡി.ഇ.സി., ആല്‍ബന്റസോള്‍ ഗുളികകള്‍ ഉച്ചയ്ക്കാണ് വിതരണം ചെയ്തത്. സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടു.

പാലക്കാട് ജില്ലയിലെ അലനല്ലൂര്‍, കൊടുമ്പ് പഞ്ചായത്തുകളിലും മന്തുരോഗ നിവാരണ ഗുളിക കഴിച്ച നൂറിലേറെ കുട്ടികള്‍ക്ക് അസ്വസ്ഥതയുമുണ്ടായി. എടത്തനാട്ടുകര വെസ്റ്റ് എ.എം.യു.പി. സ്‌കൂള്‍, കാട്ടുകുളം എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് തളര്‍ന്നുവീണത്. ചിലര്‍ക്ക് ഛര്‍ദിയും വയറുവേദനയും ബോധക്ഷയവുമുണ്ടായി. ഡോക്ടര്‍മാര്‍ സ്‌കൂളിലെത്തി കുട്ടികളെ പരിശോധിച്ചു. മറ്റു ചിലരെ അലനല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി.

തൃശ്ശൂര്‍ ജില്ലയില്‍ ചെറുതുരുത്തി ദേശമംഗലം ഗവ. സ്‌കൂളിലെ നാല്പതോളം വിദ്യാര്‍ഥികള്‍ അസ്വസ്ഥതകളോടെ ദേശമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെത്തി. ഗുളിക കഴിച്ച് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് നെഞ്ചെരിച്ചിലും തലചുറ്റലും അനുഭവപ്പെട്ടു. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്.

ഡി.ഇ.സി. ഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ഛര്‍ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ട പന്ത്രണ്ട് കുട്ടികളെ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വേളം കുറിച്ചകം ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം സ്‌കൂളില്‍ നിന്നും കുട്ടികള്‍ക്ക് രണ്ടുവീതം ഡി.ഇ.സി. ഗുളികകളും വിരശല്യത്തിനുള്ള ‘ആല്‍ബന്റസോള്‍’ ഗുളികയും നല്‍കിയിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, കീഴ ്പള്ളി, കീഴില്‍, ഉളിക്കല്‍ ഭാഗങ്ങളില്‍ മരുന്ന് കഴിച്ച ചില കുട്ടികള്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആസ്​പത്രികളില്‍ ചികിത്സതേടിയെത്തി. ജില്ലയില്‍ മരുന്ന് വിതരണം ചെയ്ത മറ്റു സ്ഥലങ്ങളിലും ചില കുട്ടികള്‍ക്ക് ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ടത് രക്ഷിതാക്കളില്‍ ആശങ്ക വളര്‍ത്തി.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് യു.ബി.എം. സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥികളായ ലക്ഷ്മി, രജിന, ഹര്‍ഷ, ശ്രീഹരി എന്നിവര്‍ തലകറങ്ങി വീണു. ഛര്‍ദിയും അനുഭവപ്പെട്ടു. വരക്കാട്ട്, വെള്ളരിക്കുണ്ട് പ്രദേശങ്ങളിലെ കുട്ടികള്‍ക്കും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. കുറ്റിക്കോല്‍ എ.യു.പി. സ്‌കൂളിലെ നാലാംതരത്തില്‍ പഠിക്കുന്ന അശ്വിനി എന്ന വിദ്യാര്‍ഥിക്ക് ബോധക്ഷയം ഉണ്ടായി.

മുന്നാട് എ.യു.പി. സ്‌കൂളില്‍ പെരിങ്ങാനം ആദിവാസി കോളനിയില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ കൂട്ടമായി മരുന്ന് കഴിക്കല്‍ ബഹിഷ്‌കരിച്ചു.

ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മന്ത്‌രോഗ നിവാരണമരുന്ന് കഴിച്ച ചിലര്‍ക്കുണ്ടായ അസ്വാസ്ഥ്യങ്ങളില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തലകറക്കം, ഛര്‍ദി എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി പരിശോധിച്ചിരുന്നു. സാധാരണ ചിലര്‍ക്ക് മന്ത്‌രോഗനിവാരണ ഗുളികകള്‍ കഴിച്ചാല്‍ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാറുള്ളതാണെന്നും ഇതില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും ഡോ. കെ.എസ്. അനില്‍കുമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിലായി 1,33,59,921 പേര്‍ക്ക് ഡി.ഇ.സി. ആല്‍ബന്റസോള്‍ ഗുളികകള്‍ നല്‍കി. ഗുളികകള്‍ ലഭിക്കാത്തവര്‍ക്ക് വരുംദിവസങ്ങളില്‍ ഭവനസന്ദര്‍ശനം വഴി ഇവ വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under ആരോഗ്യം, വാര്‍ത്ത

One response to “മന്തുനിവാരണ ഗുളിക കഴിച്ച 300 ലേറെ പേര്‍ക്ക് അസ്വാസ്ഥ്യം

  1. shibupta46

    മന്ത് ഗുളികയും മന്ത്രിയും :: ഇതാണ് ആരോഗ്യമന്ത്രി

    :: http://shibu1.blogspot.com/2009/11/blog-post_12.html

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w