യു.ഡി.എഫിന് അഭിമാനിക്കാം

കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും അഭിമാനിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്, പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികളുടെ ചിട്ടയായ മെഷീനറി പ്രവര്‍ത്തനം മനസ്സിലാക്കുന്നവര്‍ക്ക്. അതിനു തുല്യമായി യു.ഡി.എഫും കോണ്‍ഗ്രസ്സും പ്രവര്‍ത്തിച്ചു

പ്രൊഫ. ഡോ. ജി.ഗോപകുമാര്‍

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഐക്യജനാധിപത്യമുന്നണിസ്ഥാനാര്‍ഥികള്‍ ജയിച്ചത് സമകാലിക കേരളരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുജനാധിപത്യമുന്നണി തരംഗം മറികടന്ന് കോണ്‍ഗ്രസ് നല്ല ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലങ്ങളാണിവ. അതിനുശേഷം കേരളരാഷ്ട്രീയത്തില്‍ പല മാറ്റങ്ങളും സംഭവവികാസങ്ങളുമുണ്ടായി. നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചതിനുശേഷമുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പും 2009ല്‍ നടന്നു. അതിലും വളരെ ഭേദപ്പെട്ട നിലയില്‍ കോണ്‍ഗ്രസ് ജയിച്ച, മുകളില്‍പ്പറഞ്ഞ മൂന്നു നിയോജകമണ്ഡലങ്ങളിലാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പുകള്‍ ഉണ്ടായതും യു.ഡി.എഫ്. ജയിച്ചതും. എന്നാല്‍ 2009-ലെ പുനര്‍നിര്‍ണയംചെയ്ത മേഖലകളും 2006ലെ നിയമസഭാ നിയോജകമണ്ഡലങ്ങളുംതമ്മില്‍ കുറേ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. നേട്ടം താരതമ്യം ചെയ്യേണ്ടത് 2006-ലെ നിയോജകമണ്ഡലങ്ങളും അതിന്റെ വിധിയെഴുത്തുമായിട്ടാണ്. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് സ്വഭാവം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. പല തിരഞ്ഞെടുപ്പുകളും പഠനവിധേയമാക്കിയ ഒരു വ്യക്തിയെന്ന നിലയില്‍ കേരളത്തിലെ വോട്ടിങ് രീതിയില്‍ വ്യത്യസ്തസ്വഭാവം പഞ്ചായത്ത്, നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പ്രകടിപ്പിക്കുന്നുവെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. അങ്ങനെ നോക്കുമ്പോള്‍ ചൊവ്വാഴ്ച ഫലമറിഞ്ഞ ഉപതിരഞ്ഞെടുപ്പുകള്‍ 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി അടുത്തുനില്‍ക്കുന്നുവെന്ന് പറയാന്‍ കഴിയും. എന്തുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പിന് പതിവില്ലാത്ത പ്രാധാന്യം ഉണ്ടായത്? കാരണങ്ങള്‍ പലതാണ്-പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേവലം പത്തുമാസമേ ഉള്ളൂ, നിയമസഭാ തിരഞ്ഞെടുപ്പിന് 18 മാസങ്ങള്‍മാത്രം. മൂന്നരവര്‍ഷത്തെ ഇടതുജനാധിപത്യ മുന്നണിഭരണത്തെ വിലയിരുത്താനുള്ള വ്യക്തമായ അവസരം (സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തലായിട്ടുകൂടി ഈ ഉപതിരഞ്ഞെടുപ്പുകളെ കാണാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കും ഈ സാഹചര്യത്തില്‍ പ്രാധാന്യമേറുന്നു). വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് കേരളത്തില്‍ എക്കാലവും വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും സമീപകാലത്തായി ഇത്തരം ചര്‍ച്ചകള്‍ വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് ഇടതുമുന്നണി തയ്യാറാണ് എന്നുള്ള പ്രഖ്യാപനം ആഗോളീകരണപശ്ചാത്തലത്തില്‍ വലിയ പ്രാമുഖ്യം നേടുകയുണ്ടായി. എന്നാലും സാമൂഹികനീതിയും സാമ്പത്തികവളര്‍ച്ചയും ത്വരപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രയാണം വളരെ എളുപ്പമല്ല എന്ന് കഴിഞ്ഞകാല രാഷ്ട്രീയ-സാമ്പത്തികചരിത്രം നമുക്ക് വെളിപ്പെടുത്തുന്നു. മറ്റു ചില പ്രാധാന്യങ്ങളും ഈ ഉപതിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമീപകാലത്ത് സി.പി.എമ്മില്‍ മൂര്‍ച്ഛിച്ച ചേരിപ്പോര് ഇത്തവണ പുറത്തുകാണാനില്ലായിരുന്നു. പുറമെ സി.പി.എം-സി.പി.ഐ സഖ്യത്തിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ വളരെ കുറയുന്ന കാഴ്ചയും കണ്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടതുമുന്നണി ചിട്ടയായി പ്രവര്‍ത്തിച്ചു. ഉറച്ച കോണ്‍ഗ്രസ് മണ്ഡലങ്ങളായിട്ടുപോലും നല്ലൊരു മത്സരം കൊടുക്കാന്‍ ഇടതുമുന്നണി ശ്രമിച്ചു. ആസിയാന്‍ കരാറും വിലക്കയറ്റവും കേന്ദ്രഗവണ്മെന്റിനെതിരെയുള്ള വിമര്‍ശനങ്ങളുമൊക്കെ പ്രചാരണ വേളയില്‍ ശക്തിപ്പെട്ടിരുന്നു. പ്രതിപക്ഷമാകട്ടെ സംസ്ഥാനസര്‍ക്കാറിന്റെ ഭരണപരാജയം പല മേഖലകളിലായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചു. പൊടുന്നനേ തിരഞ്ഞെടുപ്പുചര്‍ച്ചയും പ്രചാരണഗതിയും മാറുന്ന ഒരു സ്ഥിതിവിശേഷമുണ്ടായി. കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടും തുടര്‍ന്നുണ്ടായ വിവാദവും കേരളത്തിലെ തിരഞ്ഞെടുപ്പുചരിത്രത്തിലെതന്നെ വ്യത്യസ്ത അധ്യായമായി മാറി. കളക്ടറെ സ്ഥലംമാറ്റിയതും കേന്ദ്രസേനയെ തിരഞ്ഞെടുപ്പില്‍ സമാധാനം നിലനിര്‍ത്താന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ അയച്ചതുമെല്ലാം മാധ്യമങ്ങളില്‍ വിവാദത്തിനും ചര്‍ച്ചയ്ക്കും കളമൊരുക്കി. ഇടതുമുന്നണി പ്രതിരോധത്തിലാകാന്‍ ഇത് വഴിയൊരുക്കി. പോളിങ് ശതമാനം ഇവിടെ വര്‍ധിച്ചത് കോണ്‍ഗ്രസ്സിന് ഗുണംചെയ്തു. അതുപോലെ ശ്രദ്ധയാകര്‍ഷിച്ച മറ്റുരണ്ടുകാര്യങ്ങളും കണ്ണൂരില്‍ ഉണ്ടായി. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഒരു വഴിത്തിരിവായി എന്നു വേണമെങ്കില്‍ പറയാം. ഒരുപക്ഷെ, തിരഞ്ഞെടുപ്പിനു ചൂടുപകര്‍ന്നത് മുന്‍ സി.പി.എം നേതാവ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിലായിരുന്നു. എന്‍.ഡി.എഫ്. രൂപവത്കരിച്ച എസ്.ഡി.പി.ഐ. നിലംതൊട്ടില്ല. മാത്രമല്ല എന്‍.ഡി.എഫ്. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്നുള്ള പരാതിയും ഇല്ലാതായി. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുള്ള ആക്ഷേപത്തിന് പ്രസക്തിയുമില്ലാതായി. മുസ്‌ലിം വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ പിന്തുണച്ചു. ജമാഅത്തെ ഇസ്‌ലാമി വാസ്തവത്തില്‍ നിഷ്പക്ഷത പുലര്‍ത്തി ഈ തിരഞ്ഞെടുപ്പില്‍. പി.ഡി.പി.ക്കും ഇടതിന് കാര്യമായ സഹായംചെയ്യാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.എല്‍.എ.യും ഇപ്പോഴത്തെ എം.പി.യുമായ സുധാകരന്റെ തിരഞ്ഞെടുപ്പുതന്ത്രങ്ങള്‍ നന്നായി ഫലിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി വളരെനല്ലൊരു വ്യക്തി ആയിരുന്നു എങ്കിലും ഇടതുപക്ഷകോട്ടയായിരുന്ന ചിറയ്ക്കല്‍ പഞ്ചായത്തില്‍പ്പോലും കോണ്‍ഗ്രസ്സിന് ലീഡ് ലഭിച്ചത് ശ്രദ്ധിക്കേണ്ടതാണ്. പൊതുവിലുള്ള രാഷ്ട്രീയസാഹചര്യവും മൂന്നു നിയോജകമണ്ഡലങ്ങളിലെ രാഷ്ട്രീയചരിത്രവും യു.ഡി.എഫിന് അനുകൂലമായ കാലാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. അത്യപൂര്‍വമായിട്ടുമാത്രമേ കണ്ണൂരും എറണാകുളവും ആലപ്പുഴയും കോണ്‍ഗ്രസ്സിനെ കൈവിട്ടുപോയിട്ടുള്ളൂ. ഈ ഉപതിരഞ്ഞെടുപ്പ് ഒരര്‍ഥത്തില്‍ ജനങ്ങളെ അടിച്ചേല്‍പ്പിച്ചതാണ് എന്നുള്ള കാര്യവും യു.ഡി.എഫിന് ഒരു ദോഷവും ചെയ്തില്ല. എറണാകുളത്തെ ചില പഞ്ചായത്തുകളില്‍ വോട്ട് ബഹിഷ്‌കരണവും ഉണ്ടായത് ഇടതിന് പരോക്ഷമായി ഒരു ഗുണവും ചെയ്തില്ല. ആലപ്പുഴയിലെ സ്ഥിതിയില്‍ ചില വ്യത്യാസങ്ങളു ണ്ടായിട്ടുണ്ട്. തീരമേഖലയില്‍ ഇടതുമുന്നണി മുന്നേറ്റം നടത്തിയത് ആസിയാന്‍കരാറിനെതിരെയുള്ള പ്രചാരണത്തിന് ചില ഗുണങ്ങള്‍ ലഭിച്ചുവെന്നതിന്റെ സൂചനയാണ്. അതിനേക്കാള്‍ പ്രസക്തിയുള്ള കാര്യം ഇത്തവണ എന്‍.എസ്.എസ്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല എന്നുള്ള യാഥാര്‍ഥ്യമാണ്. മൂന്ന് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും ഒരു ഹിന്ദു അല്ലെങ്കില്‍ നായര്‍ സമുദായക്കാരനെ നിര്‍ത്താത്തതിലുള്ള അമര്‍ഷം എന്‍.എസ്.എസ്. പരസ്യമായി പ്രകടിപ്പിച്ചതാണ്. ഷുക്കൂറിന്റെ ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണം മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമില്ല. അങ്ങനെ നോക്കുമ്പോള്‍ കോണ്‍ഗ്രസ്സ് കണ്ണൂരിലും ആലപ്പുഴയിലും സ്ഥാനാര്‍ഥിത്വം നിശ്ചയിച്ചതില്‍ കുറച്ചൊക്കെ അപകടങ്ങളുണ്ടായിരുന്നു. പൊതുവിലുള്ള രാഷ്ട്രീയസാഹചര്യം യു.ഡി.എഫിനെ സഹായിച്ചുവെന്നുവേണം കരുതാന്‍. അതേസമയം മഅദനിയുമായി സി.പി.ഐ. ആലപ്പുഴയില്‍ സഖ്യത്തിന് മുതിരാത്തത് ആദര്‍ശപരമായ നിലപാടുതന്നെ ആയിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും സി.പി.ഐയുടെ മുഖം രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് വിലയിരുത്താം. കോണ്‍ഗ്രസ്സിന്റെ കൈവശം ഉണ്ടായിരുന്ന മൂന്ന് സീറ്റുകള്‍ അവര്‍ നിലനിര്‍ത്തിയെന്നതേ ഉള്ളൂവെന്നുള്ള വാദം ഈ വിജയത്തെയും വരാന്‍പോകുന്ന തിരഞ്ഞെടുപ്പുകളിലെ പ്രവണതകളെയും ലളിതവത്കരിക്കുന്നതിന് തുല്യമായിരിക്കും. കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും അഭിമാനിക്കാന്‍ തീര്‍ച്ചയായും വകയുണ്ട്, പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികളുടെ ചിട്ടയായ മെഷീനറി പ്രവര്‍ത്തനം മനസ്സിലാക്കുന്നവര്‍ക്ക്. അതിനു തുല്യമായി യു.ഡി.എഫും കോണ്‍ഗ്രസ്സും പ്രവര്‍ത്തിച്ചു. എന്നാല്‍ ഈ വിജയത്തില്‍ അതിരുകവിഞ്ഞ ആത്മവിശ്വാസത്തിന് യാതൊരു സാധ്യതയുമില്ല. വ്യക്തമായ രണ്ടു മുന്നണി സംവിധാനത്തില്‍ മറ്റുചെറിയ പാര്‍ട്ടികള്‍ക്ക് യാതൊരു സാധ്യതയുമില്ല. ബി.ജെ.പിക്ക് കേരളത്തില്‍ വളരാനുള്ള രാഷ്ട്രീയ-സാമൂഹികസാഹചര്യങ്ങള്‍ തീരെ കുറവാണ്. അതുകൊണ്ടുതന്നെയാണ് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും കേരളജനത മാറിമാറി പരീക്ഷിക്കുന്നത്. ആഗോളീകരണകാലഘട്ടത്തില്‍, ഇടതുമുന്നണി ആശയപരമായ വെല്ലുവിളികള്‍ വളരെ യധികം നേരിടുന്നുണ്ട്. അതിനൊരു പ്രായോഗിക സമീപനം കണ്ടെത്തുന്നതുവരെ, ഇടതുമുന്നണിക്ക് പല പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഇതിനുപുറമെ മുന്നണിക്കു ള്ളിലെ ശിഥിലീകരണപ്രവണതകളും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും നേതൃരംഗത്തുള്ള സംഘട്ടനങ്ങളുമെല്ലാം ഇടതുരാഷ്ട്രീയത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും പ്രശ്‌നങ്ങളുണ്ട്. ഗ്രൂപ്പ് വഴക്കുകള്‍ തത്കാലം കുറഞ്ഞിട്ടുണ്ടെങ്കിലും അവസാനിച്ചുവെന്ന് പറയാനാവില്ല. മുരളീധരന്റെ തിരിച്ചുവരവ് ആയിരിക്കും അടുത്തപ്രശ്‌നം. പത്തുവര്‍ഷം സി.പി.എം. എം.പി.ആയിരുന്ന ഒരാള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ. ആകാമെങ്കില്‍, മുന്‍കോണ്‍ഗ്രസ്സുകാരനായ മുരളീധരനെ തിരിച്ചെടുക്കുന്നതിലെന്താണ് പ്രശ്‌നം എന്നുള്ള ചര്‍ച്ച കുറച്ചുനാള്‍ കേരളരാഷ്ട്രീയത്തിലുണ്ടാകും. പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍, ദേശീയവിഷയങ്ങള്‍ക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ല എന്നുള്ള യാഥാര്‍ഥ്യം ഈ തിരഞ്ഞെടുപ്പുവിധിയില്‍ അടങ്ങിയിട്ടുണ്ട്. അതുതന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സന്ദേശം. (കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ് ലേഖകന്‍)

കടപ്പാട് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w