ജനിതകമാറ്റം: പ്രതീക്ഷകളും വ്യാകുലതകളും – മാതൃഭൂമി ലേഖനം

ഡോ. പി. ഇന്ദിരാദേവി (പ്രൊഫ. കേരള കാര്‍ഷിക സര്‍വകലാശാല)

ഹരിതവിപ്ലവത്തിന് അടിസ്ഥാനം അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളായിരുന്നുവല്ലോ. അന്നുവരെ നിലവിലുണ്ടായിരുന്ന പരമ്പരാഗത ഇനങ്ങളിലെ അഭികാമ്യമായ ഗുണങ്ങള്‍ ഏകോപിപ്പിച്ച് ബ്രീഡിങ് എന്ന ശാസ്ത്രസങ്കേതത്തിലൂടെയാണ് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നത്. ഈ രീതി ഏറെസമയം എടുത്തുകൊണ്ടുള്ളതായിരുന്നു. കൂടാതെ, ഏകീകരണം പലപ്പോഴും ദുഷ്‌കരവും വിജയസാധ്യത തുലോം കുറവുമായിരുന്നു. എന്നിരിക്കലും ഒരു കാലഘട്ടത്തിന്റെ സാമൂഹികവെല്ലുവിളികള്‍ നേരിടുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ഈ ശാസ്ത്രസങ്കേതമായിരുന്നു.

ജൈവ സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ ഓരോ സ്വഭാവത്തിന്റെയും മൂലകാരണക്കാരായ ജീനുകളെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. അഭികാമ്യമായ സ്വഭാവത്തിനു കാരണമായ ജീനുകളെ വേര്‍തിരിച്ചെടുക്കുകയും അത് അനുരൂപമായ മറ്റു സ്വഭാവഗുണമുള്ള ചെടികളില്‍ സന്നിവേശിപ്പിക്കുകയും ചെയ്യുകയാണ് ജനിതക സാങ്കേതിക വിദ്യയിലെ പ്രധാനപ്പെട്ട കാര്യം.

ഉദാഹരണത്തിന്, നിലവില്‍ നല്ല വിളവുതരുന്ന ഒരിനം വരള്‍ച്ചാ പ്രതിരോധം തീരെ കുറഞ്ഞതാവാം. അങ്ങനെ വരുമ്പോള്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്ന ജീനുകള്‍ കണ്ടെത്തി അവയെ ഈ ഇനത്തിലേക്ക് സന്നിവേശിപ്പിച്ച് രണ്ടുഗുണങ്ങളും ഒത്തിണങ്ങിയ ഒരിനം വികസിപ്പിച്ചെടുക്കാം. ഇപ്രകാരം വികസിപ്പിച്ചെടുക്കുന്ന ഇനങ്ങളാണ് ജനിതകമാറ്റം വരുത്തിയവയായി അറിയപ്പെടുന്നത്. ഇങ്ങനെ ജനിതകമാറ്റം വരുത്തിയ പരുത്തി, സോയാബീന്‍, ബീറ്റ്‌റൂട്ട്, തക്കാളി, വഴുതന, വെണ്ട എന്നിങ്ങനെ ഒട്ടനവധി കാര്‍ഷിക ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ മൃഗങ്ങളും മത്സ്യങ്ങളും ‘ഹ്യൂമന്‍ ജിനോം പദ്ധതി’യെപ്പറ്റി നാം പത്രമാധ്യമങ്ങളിലൂടെ അറിയുകയും ചെയ്യുന്നുണ്ട്.

സസ്യങ്ങളില്‍ നിന്ന് സസ്യങ്ങളിലേക്കു മാത്രമല്ല, മറ്റുജീവജാലങ്ങളില്‍ നിന്നും ഈ മാറ്റംസാധ്യമാണ്. ഏറെ പ്രശസ്തമായ ഏറ പരുത്തി ഉദാഹരണം. ‘ബാസില്ലസ് തുറിഞ്ചെന്‍സിസ്’ എന്ന ബാക്ടീരിയ സ്വാഭാവികമായി പ്രകൃതിയില്‍ കാണപ്പെടുന്നു. ഇവ ഒരുതരം ക്രിസ്റ്റല്‍ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു. ഇവയ്ക്ക് ചിലയിനം പുഴുക്കളെ കൊന്നൊടുക്കുവാനുള്ള കഴിവുണ്ട്. ഈ ജീനുകള്‍ വേര്‍തിരിച്ചെടുത്ത് പരുത്തിച്ചെടിയില്‍ സന്നിവേശിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഇനം, പരുത്തിയുടെ ഏറ്റവും പ്രധാന ശത്രുകീടമായ ബാള്‍വേമിനെതിരെ പ്രതിരോധശക്തി കൈവരിച്ചവയാകുന്നു. ഇതുപോലെ ഒട്ടനവധി കാര്‍ഷിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനാവുന്ന മേഖലയാണ് ജൈവസാങ്കേതിക വിദ്യ.

1996-ല്‍ കേവലം 43 ലക്ഷം ഹെക്ടറില്‍ മാത്രമുണ്ടായിരുന്ന ജനിതകവിളകളുടെ കൃഷി 2000-ത്തോടെ 25 ഇരട്ടിയാണ് വര്‍ധിച്ചത്. 10.9 കോടി ഹെക്ടര്‍. ഇതില്‍ 9.9 കോടി ഹെക്ടറും അമേരിക്ക, അര്‍ജന്റീന എന്നീ രണ്ടു രാജ്യങ്ങളിലായായിരുന്നു. അമേരിക്കയിലെ സോയാബീന്‍ കൃഷിയുടെ 54 ശതമാനവും പരുത്തിക്കൃഷിയുടെ 61 ശതമാനവും ചോളക്കൃഷിയുടെ 25 ശതമാനവും ജനിതകമാറ്റം വരുത്തിയ ഇനങ്ങളാണ്. അര്‍ജന്റീന, കാനഡ, ചൈന എന്നിവിടങ്ങളില്‍ 23, 7, 1 ശതമാനം വീതവും. ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ, റുമേനിയ, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, ഉറുഗ്വേ എന്നിവയായിരുന്നു മറ്റുള്ളവര്‍.

2006-ല്‍, 22 രാജ്യങ്ങളിലായി 25.2 കോടി ഹെക്ടര്‍ വിസ്തൃതിയില്‍ 1.03 കോടി കര്‍ഷകര്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്നു. ഇതില്‍ പകുതിയിലേറെയും അമേരിക്കയില്‍ത്തന്നെ (53 ശതമാനം). അര്‍ജന്റീന (17 ശതമാനം), ബ്രസീല്‍ (11 ശതമാനം ), കാനഡ (6 ശതമാനം) എന്നിവയാണ് മറ്റു പ്രധാന ഉത്പാദകര്‍.

അമേരിക്കയിലാണ് ഈവിളകളുടെ ഏറ്റവും കൂടുതല്‍ ഉത്പാദനവും കയറ്റുമതിയും. ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോത്പന്നങ്ങളില്‍ അക്കാര്യം വ്യക്തമാക്കുന്ന ലേബല്‍ പതിച്ചുമാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനയോടെയാണ് വികസിത രാജ്യങ്ങളില്‍ ഇവ കമ്പോളത്തിലെത്തിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍, ജപ്പാനടക്കം പലയിടത്തും ഉപഭോക്താക്കള്‍ സംശയത്തോടെ മാത്രമാണ് ഇവയെ സ്വീകരിക്കുന്നത്.

ലോകം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കുന്നു. വികസ്വര, അവികസിത രാജ്യങ്ങളിലാണ് ഈപ്രശ്‌നം സങ്കീര്‍ണമാവുക. അതിവേഗംവളരുന്ന ജനസംഖ്യയ്‌ക്കൊപ്പം ഭക്ഷ്യോത്പാദനം വികസിപ്പിക്കാനാവാത്ത സാഹചര്യമാണ് ഇന്നുള്ളത്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഉത്പാദനക്ഷമതയിലുണ്ടായിട്ടുള്ള കുറവ്, ജൈവ ഇന്ധന ഉത്പാദനം എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ ലക്ഷ്യപ്രാപ്തി ദുഷ്‌കരമാക്കുന്നു.

ഈ ഭക്ഷ്യപ്രശ്‌നത്തിന് കാലികമായി ഏറ്റവും സ്വീകാര്യമായ സാങ്കേതികവിദ്യയാണ് ജൈവസാങ്കേതികവിദ്യ എന്നാണ് ശാസ്ത്ര ലോകത്തെ ഒരു വാദം. രോഗ, കീട, കള ശല്യങ്ങള്‍ മൂലം കാര്‍ഷികോത്പാദനത്തിലെ നഷ്ടം 40 ശതമാനമാണ്. വിളവെടുപ്പിനുശേഷമുള്ള നഷ്ടം വേറെയും. ജനിതക സാങ്കേതിക വിദ്യയിലൂടെ കീടരോഗ, കളശല്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള ഭക്ഷ്യയിനങ്ങള്‍ വികസിപ്പിച്ചെടുക്കുക വഴി ഉത്പാദന നഷ്ടം കുറയ്ക്കാം.

ആഗോള രംഗത്ത് കാര്‍ഷികമേഖലയിലെ പ്രധാന പ്രശ്‌നമാണ് കളശല്യം. അതുകൊണ്ടുതന്നെ സസ്യസംരക്ഷണ രാസവസ്തുക്കളില്‍ ഏറ്റവുമധികം കളനാശിനികളാണ് ആഗോള തലത്തില്‍. ഇന്ത്യയില്‍ ഈസ്ഥാനം കീടനാശിനികള്‍ക്കാണെങ്കില്‍ കേരളത്തില്‍ കുമിള്‍നാശിനികള്‍ക്കാണ്. കളനാശിനിപ്രയോഗം അത്യന്തം ശ്രദ്ധയാവശ്യമായ സാങ്കേതികവിദ്യയാണ്. വിളകള്‍കൂടി നശിച്ചുപോകാനുള്ള സാധ്യത ഇക്കാര്യത്തില്‍ ഏറെയുമുണ്ട്. അതുകൊണ്ട്, കളനാശിനികള്‍ക്കെതിരെ പ്രതിരോധശക്തിയുള്ള വിളകള്‍ വികസിപ്പിച്ചെടുക്കാനായി ജൈവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട് ഇപ്പോള്‍. ഇതുവഴി കളനിയന്ത്രണം പൂര്‍ണമായും കളനാശിനി പ്രയോഗംമൂലമാക്കി ഉത്പാദനവര്‍ധന ഉറപ്പാക്കാം എന്നതാണ് ലക്ഷ്യം. ആഗോള ഭക്ഷ്യസുരക്ഷാശ്രമങ്ങള്‍ക്ക് സഹായകമാവും ഈ ഇടപെടലുകള്‍ എന്ന് പ്രതീക്ഷിക്കുന്നു. ഇപ്രകാരം കളനാശിനി പ്രതിരോധം സൃഷ്ടിച്ച ഇനങ്ങള്‍ സോയാബീന്‍, ചോളം, പരുത്തി, കനോള എന്നീ വിളകളിലുണ്ടത്രെ.

മറ്റൊന്ന്, കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന അതിവൃഷ്ടിയും അനാവൃഷ്ടിയും നേരിടാന്‍ കെല്പുള്ള വിളകളുടെ സാധ്യതയാണ്. വരള്‍ച്ചയും വെള്ളപ്പൊക്കവും മാത്രമല്ല, ഓരുവെള്ളം, മഞ്ഞ് എന്നിങ്ങനെ കാര്‍ഷിക ഉത്പാദനരംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രകൃതി പ്രതിഭാസങ്ങളെ നേരിട്ട് ഉയര്‍ന്ന ഉത്പാദനം നല്‍കുന്ന വിളകളും ഭാവിയുടെ സാധ്യതകളാണ്.

നമ്മുടെ പൊക്കാളി ഇനങ്ങള്‍, സുഗന്ധ നെല്ലിനങ്ങള്‍, ഔഷധ നെല്ലിനങ്ങള്‍ എന്നിവയെല്ലാം ജൈവസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താനാവുന്ന പരമ്പരാഗത സമ്പത്താണ്. ജനിതകമാറ്റത്തിലൂടെ, വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഉത്പാദിപ്പിക്കുന്ന ജീനുകള്‍ ഉപയോഗപ്പെടുത്തി സന്തുലിതപോഷണം ഉറപ്പാക്കുന്ന നെല്ലിനങ്ങള്‍ വികസിപ്പിച്ചെടുത്ത് ഈപ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഈ ദിശയിലുള്ള ആദ്യത്തെ കാല്‍വെപ്പാണ് സുവര്‍ണ നെല്ല്.

വിറ്റാമിന്‍ എ.യുടെ സ്രോതസ്സായ ബി.കരോട്ടിന്‍ അടങ്ങിയിട്ടുള്ള ഈ അരി ഭക്ഷണമാക്കുന്നതിലൂടെ വിറ്റാമിന്‍ എ.യുടെ കുറവുമൂലമുള്ള അന്ധത ലോകത്തില്‍ നിന്ന് തുടച്ചുമാറ്റാനാവും. ഇതിലൂടെ അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ ഒരുസുപ്രധാന ആരോഗ്യപ്രശ്‌നത്തിന് പരിഹാരമാവും. ഇപ്രകാരം ക്രമേണ, ഇരുമ്പ്, പ്രോട്ടീന്‍ അപര്യാപ്തത മുതലായവയ്ക്ക് ശാശ്വതപരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

വേണ്ടത് സമഗ്രചര്‍ച്ചകളും വിശദീകരണവും

സാങ്കേതികവിദ്യ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുമ്പോള്‍ത്തന്നെ ആശങ്കാജനകമായ ചില ദുസ്സൂചനകള്‍ നിലനില്‍ക്കുന്നുണ്ട്. അവധാനതയോടെമാത്രം കൈകാര്യം ചെയ്യേണ്ടവയാണ്. അതുകൊണ്ടുതന്നെ ഈ സാങ്കേതികവിദ്യയെപ്പറ്റി  പൊതുസമൂഹത്തിനു മുമ്പാകെ വിശദീകരിക്കുകയും സമഗ്രമായ ചര്‍ച്ചകള്‍ നടത്തുകയും വേണം

പകര്‍ച്ചവ്യാധികള്‍ക്കെതിരായ വാക്‌സിനുകള്‍ അടങ്ങിയ പച്ചക്കറികള്‍ (ഉരുളക്കിഴങ്ങ്, തക്കാളി) ഈ രംഗത്തെ മറ്റൊരു സാധ്യതയാണ്. (ഉദാ: ഹെപ്പറ്റൈറ്റിസ് ബി. രോഗത്തിനെതിരായ വാക്‌സിന്‍ അടങ്ങിയ വാഴപ്പഴം) ഇന്ന് പ്രചാരത്തിലുള്ള വാക്‌സിനുകള്‍ ഉത്ാദനത്തിലും വിതരണത്തിലും പ്രയോഗത്തിലും ഏറെ നിഷ്‌കര്‍ഷ സാഹചര്യങ്ങള്‍ ഉറപ്പാക്കേണ്ടവയാണ്. ഈ പരിമിതികള്‍ അവയുടെ സാര്‍വത്രിക ഉപയോഗത്തെ പരിമിതപ്പെടുത്തുന്നുണ്ട്. ഇതിനുബദലാണ് ജനിതക മാറ്റത്തിലൂടെ ഉത്പാദിപ്പിക്കുന്ന ജൈവപച്ചക്കറി വാക്‌സിനുകള്‍. അങ്ങനെ നോക്കിയാല്‍ സാമൂഹികരംഗത്തെ ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഭാവിയില്‍ പ്രതിവിധി കണ്ടെത്താനാവുമെന്ന ശുഭപ്രതീക്ഷ നല്‍കുന്ന മേഖലയാണ് ജൈവസാങ്കേതികവിദ്യ.

കേരളത്തില്‍ മാത്രം കാര്‍ഷിക രംഗത്ത് 462 മെട്രിക് ടണ്‍ കീടനാശിനികള്‍ പ്രയോഗിക്കപ്പെടുന്നുണ്ട്.ഇതില്‍ കളനാശിനികളും കുമിള്‍ നാശിനികളും ഉള്‍പ്പെടുന്നു. കീടനാശിനികള്‍ മൂലമുള്ള പരിസ്ഥിതിപ്രശ്‌നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം കീടനാശിനി പ്രയോഗിക്കുന്നത് പരുത്തിക്കൃഷിയിലാണ്; മൊത്തം ഉപയോഗത്തിന്റെ 54 ശതമാനം. ജനിതകമാറ്റം വരുത്തിയ btപരുത്തി ഇനങ്ങള്‍ കൃഷിചെയ്യുകവഴി കീടനാശിനിപ്രയോഗം പരിമിതപ്പെടുത്താനാവുമല്ലോ.

പരിസ്ഥിതി സംരക്ഷണത്തിന് അനുയോജ്യമായ വിധത്തില്‍ രൂപകല്പന ചെയ്യപ്പെട്ട വൃക്ഷ-സസ്യജാലങ്ങള്‍ ഭാവിയുടെ മറ്റൊരുസാധ്യതയാണ്. മണ്ണിലെ ഘന മൂലകങ്ങള്‍ വലിച്ചെടുത്ത് ഭൂമി ശുദ്ധീകരിക്കുന്ന വിധം ജനിതകമാറ്റം വരുത്തിയ പോപ്ലാര്‍ മരങ്ങളുണ്ടത്രെ.

ഈ ഗുണവശങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ത്തന്നെ ഈ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ജീവജാലങ്ങള്‍ക്കെതിരായ ഒട്ടനവധി വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവരുന്നുണ്ട്. ഇവയിലേറെയും പാരിസ്ഥിതിക കാരണങ്ങളാലും ആരോഗ്യപ്രശ്‌നങ്ങളാലും തന്നെയാണെന്നുള്ളതാണ് രസകരമായ വസ്തുത.

ഇത്തരംവിളകള്‍ കൃഷിചെയ്യുമ്പോള്‍ സ്വാഭാവികമായി നടക്കുന്ന പരാഗണം വഴി മറ്റു സസ്യ, ജന്തു ജാലങ്ങള്‍ക്കുണ്ടായേക്കാവുന്ന ജനിതകമാറ്റം എന്തായിരിക്കും എന്നതാണ് അടിസ്ഥാനപരമായ ഒരുപ്രശ്‌നം. കളനാശിനികള്‍ക്കെതിരെ പ്രതിരോധമാര്‍ജിച്ച വിളകളില്‍ നിന്ന് ഇപ്രകാരം കളകളിലേക്ക് ജീന്‍മാറ്റം സംഭവിക്കുകയും അവയും കളനാശിനികള്‍ക്കെതിരെ പ്രതിരോധമാര്‍ജിക്കുകയും ചെയ്യുന്ന സാഹചര്യം ഒന്നോര്‍ത്തുനോക്കുക!

ഇതൊഴിവാക്കാനായി ഇത്തരം വയലുകള്‍ക്ക് ചുറ്റും ഒരു ബഫര്‍സോണ്‍ ഒഴിച്ചിടുക എന്ന നിര്‍ദേശം ഉണ്ട്. എന്നാല്‍ 6-30 മീറ്റര്‍ വരെ ബഫര്‍സോണുകള്‍ ഒഴിച്ചിടുക എന്നത് പ്രാവര്‍ത്തികമാക്കുന്നതാണ് പ്രശ്‌നം. മറ്റൊരു പോംവഴി, പരാഗം ഇല്ലാതാക്കുംവിധം ഈ വിളകളില്‍ ജനിതകമാറ്റം സംഭവിപ്പിക്കുകയോ അഥവാ പരാഗത്തില്‍ ഈ സവിശേഷജീന്‍ ഇല്ലാതാക്കുകയോ വേണ്ടിവരും.

കീടനാശിനികള്‍ക്കെതിരെ കീടങ്ങള്‍ പ്രതിരോധ ശക്തിയാര്‍ജിക്കുന്ന കാര്യം നമുക്കറിയാം. അതുകൊണ്ട് പലപ്പോഴും ശക്തികൂടിയ കീടനാശിനികള്‍ ഓരോതവണയും പ്രയോഗിക്കേണ്ടിവരികയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഒരു സാഹചര്യം ജി.എം. വിളകള്‍ക്കും വരാമല്ലോ എന്ന ആശങ്ക ശാസ്ത്രസമൂഹത്തിനുണ്ട്.

bt വിളകളില്‍നിന്നുള്ള പരാഗം ഭക്ഷിക്കുകവഴി മിക്ക കീടങ്ങളും നശിച്ചുപോകാനുള്ള സാധ്യതയാണ് മറ്റൊന്ന്. യറ ചോളവയലുകളുടെ അടുത്തുണ്ടായിരുന്ന വയലുകളില്‍ കൃഷിചെയ്തിരുന്ന മറ്റു സസ്യങ്ങളില്‍ ഈ പരാഗങ്ങള്‍ പതിക്കുകയും അതുമൂലം മറ്റനേകം ചിത്രശലഭങ്ങള്‍ക്ക് ജീവഹാനി ഉണ്ടായതായും അമേരിക്കയില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആന്ധ്രയില്‍ bt പരുത്തികൃഷിക്കുശേഷം ഒട്ടനവധി കന്നുകാലികള്‍ ചത്തൊടുങ്ങിയതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിഭിന്നങ്ങളായ ശാസ്ത്രവാദങ്ങള്‍ നിലവിലുണ്ട്.

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്ന മനുഷ്യനുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശാസ്ത്രലോകത്തെ സജീവ ചര്‍ച്ചാവിഷയമാണിന്ന്. ഇതില്‍ പ്രധാനമായും അലര്‍ജിസാധ്യതകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റൊന്ന്, ഈ ഭക്ഷണത്തിലൂടെ മനുഷ്യന്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധം ആര്‍ജിക്കാനും തന്മൂലം ചികിത്സാരംഗത്ത് ഗൗരവമായ വെല്ലുവിളികള്‍ ഉയര്‍ത്താനും സാധ്യതയുണ്ടെന്നുള്ളതാണ്. ജനിതകമാറ്റം വരുത്തിയ ഭക്ഷണം കഴിക്കുകവഴി മനുഷ്യന്റെ ദഹനവ്യവസ്ഥയിലുള്ള ബാക്ടീരിയകളില്‍ ജനിതകമാറ്റം സംഭവിക്കാനും തന്മൂലം പല ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാനും സാഹചര്യമുണ്ടായേക്കാമെന്നും ഗവേഷകര്‍ ഭയപ്പെടുന്നുണ്ട്.

ഭക്ഷ്യോത്പാദനരംഗത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാണെന്ന ജൈവസാങ്കേതിക വിദ്യയുടെ അവകാശവാദത്തോടൊപ്പംതന്നെ അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ സാമൂഹികശാസ്ത്രജ്ഞരില്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ഭക്ഷ്യോത്പാദനം മൂലധന-കമ്പോളാധിഷ്ഠിതമായി പരിണമിക്കുകയും ഭക്ഷ്യവസ്തുക്കള്‍ കുത്തകവ്യവസായത്തിന്റെ കൈപ്പിടിയിലായിപ്പോകുമോ എന്ന ആശങ്കയുമാണ് ഇതിനാധാരം. ഇതുക്രമേണ വികസിത രാജ്യങ്ങളുടെ മേല്‍ക്കോയ്മയ്ക്കും അപ്രമാദിത്വത്തിനും വഴിവെക്കുകയും ചെയേ്തക്കാം. ഇതോടൊപ്പംതന്നെ ജീനുകള്‍ക്കായി ജൈവവൈവിധ്യമേഖലകളിലേക്കുള്ള – പ്രധാനമായും വികസ്വര അവികസിത രാജ്യങ്ങള്‍-കടന്നുകയറ്റവും ജൈവചോരണവും തുടര്‍ന്നുണ്ടാകുന്ന ജൈവവൈവിധ്യശോഷണവും സംഭവിച്ചേക്കാം.

സാധാരണക്കാരായ കര്‍ഷകര്‍ വിത്തുകള്‍ക്കായി കമ്പോളത്തെ ആശ്രയിക്കേണ്ടിവരുന്ന ഒരവസ്ഥയാണല്ലോ ഈ സാങ്കേതികവിദ്യ സംജാതമാക്കുന്നത്. പരമ്പരാഗത ശൈലിയില്‍, സ്വന്തം വിളവിന്‍െ ഒരുഭാഗം വിത്തിനായി സൂക്ഷിക്കുകയും പരസ്​പരം കൈമാറ്റം ചെയ്യുകയും ചെയ്യുന്ന കാര്‍ഷിക സംസ്‌കാരം ഈ സാങ്കേതികവിദ്യയുടെ പ്രചാരത്തോടെ ഇല്ലാതാവും. വിളയില്‍നിന്ന് വീണ്ടും ഉപയോഗിക്കുന്ന വിത്തുകള്‍ക്ക് ജനിതകമാറ്റംവരുത്തിയ വിത്തുകളുടെ സ്വഭാവവിശേഷങ്ങള്‍ നിലനിര്‍ത്താനാവില്ല. ഓരോ തവണയും പുതിയ വിത്തുകള്‍ ഉത്പാദകരില്‍ നിന്ന് വാങ്ങേണ്ടിയിരിക്കുന്നു. ക്രമേണ, പ്രാദേശിക ഇനങ്ങളുടെയും അതുവഴി ജൈവ വൈവിധ്യത്തെയും സാരമായി ശോഷിപ്പിക്കുന്ന നിലയിലെത്തിയേക്കാം കാര്യങ്ങള്‍.

ജൈവസാങ്കേതികവിദ്യ പണച്ചെലവേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ വിത്തുകള്‍ക്ക് വിലയധികവും. ഇന്ന്, ജനിതകസാങ്കേതികരംഗത്തെ ഗവേഷണം പ്രധാനമായും 15 ആഗോള കമ്പനികളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. കുത്തകാവകാശികളായ കമ്പനികള്‍ കൊള്ളലാഭമെടുത്ത് വന്‍ വിലയ്ക്കാവും ഈ വിത്തുകള്‍ വില്‍ക്കുന്നത്. ഇന്ത്യയിലെ bt പരുത്തിവിത്ത് വിലയുടെ കാര്യത്തില്‍ ആഗോളമായി ഉത്പാദകകമ്പനി പ്രകടിപ്പിച്ച ഇരട്ടത്താപ്പ് ചര്‍ച്ചാവിഷയമായ കാര്യം ഓര്‍മിക്കുക.

മൂലധനാധിഷ്ഠിതമായ ഇത്തരം വാണിജ്യകൃഷിയില്‍ ഉണ്ടാകാവുന്ന തിരിച്ചടികള്‍, കര്‍ഷകരുടെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യം നാം കണ്ടറിഞ്ഞതാണ്. കുത്തകാവകാശം നിയമപരിരക്ഷമൂലം ഉറപ്പാക്കിയ ഇത്തരം കമ്പനികള്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് സാധാരണക്കാരായ കര്‍ഷകരെ നിയമനടപടികള്‍ക്ക് വിധേയരാക്കിക്കൂടെന്നുമില്ല.

മറ്റൊന്ന് ഇത്തരം ഗവേഷണങ്ങളിലെ നൈതികതയാണ്. മനുഷ്യകേന്ദ്രികൃതമായ കാഴ്ചപ്പാടോടെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സ്വാഭാവികതയെയും നിലനില്പിനെയും ബാധിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്താന്‍ മനുഷ്യസമൂഹത്തിനുള്ള അധികാരം ചോദ്യം ചെയ്യപ്പെടുകയാണിവിടെ. മനുഷ്യജീനോം പ്രോജക്ടിനെതിരെയും ക്ലോണിങ്ങിനെതിരെയും ഉയര്‍ന്ന ചര്‍ച്ചകള്‍ ഓര്‍മിക്കുക.

സസ്യഭുക്കുകള്‍ കഴിക്കുന്ന ഭക്ഷണം സസ്യജന്യം മാത്രമോ എന്ന് ആശങ്കപ്പെടേണ്ട നാളുകള്‍ നമുക്ക് മുന്നിലുണ്ട്. പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങള്‍ (നാട്ടുചികിത്സ, ആയുര്‍വേദം), ഈ വിളകളുടെ പ്രചാരത്തോടെ മറ്റൊരു വെല്ലുവിളികൂടി ഏറ്റെടുക്കേണ്ടിവരും.
ഉത്പാദനശേഷം വിപണിയില്‍ ഉത്പന്നങ്ങള്‍ തമ്മില്‍ കലരാനുള്ള സാധ്യത ഏറെയാണല്ലോ. ഇപ്രകാരം പരമ്പരാഗത സോയാബീനും ജനിതകമാറ്റം വരുത്തിയവയും മിശ്രണമാവുമ്പോള്‍ തിരിച്ചറിയുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഉപഭോക്താവിന് തിരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം എല്ലായ്‌പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിലെ കൃഷി-കമ്പോളസാഹചര്യങ്ങളില്‍. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിലും (സസ്യയെണ്ണകള്‍, ശിശുഭക്ഷണങ്ങള്‍) സംസ്‌കരിച്ച ഉത്പന്നങ്ങളിലും ഇവയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ പ്രചാരത്തിലില്ല. ഡല്‍ഹിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ചില ഭക്ഷണസാമഗ്രികളില്‍ (സോയാബീന്‍, ചോളം എന്നിവയടങ്ങിയ) ഇത്തരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയതായി സന്നദ്ധസംഘടനകള്‍ വെളിപ്പെടുത്തുന്നു.

സാങ്കേതികവിദ്യ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുമ്പോള്‍തന്നെ ആശങ്കാജനകമായ ചില ദുഃസ്സൂചനകള്‍ നിലനില്‍ക്കുന്നുണ്ട്. അവധാനതയോടെമാത്രം കൈകാര്യം ചെയ്യേണ്ടവയാണ്. അതുകൊണ്ടുതന്നെ ഈ സാങ്കേതികവിദ്യയെപ്പറ്റി പൊതുസമൂഹത്തിനു മുമ്പാകെ വിശദീകരിക്കുകയും സമഗ്രമായ ചര്‍ച്ചകള്‍ നടത്തുകയും വേണം. ജനിതകമാറ്റംവരുത്തിയ ജീവജാലങ്ങള്‍ക്കായുള്ള ഗവേഷണം, അവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, ഇറക്കുമതി എന്നീ മേഖലകളില്‍ കൃത്യമായ നയപരിപാടികളും ആവിഷ്‌കരിക്കണം. ജൈവസാങ്കേതിക മേഖലയിലെ ഗവേഷണങ്ങള്‍ പൊതുമേഖലയില്‍ പ്രോത്സാഹിപ്പിക്കേണ്ടത് ഇതിന്റെ ആദ്യപടിയാണ്.

ഡോ. പി. ഇന്ദിരാദേവി
പ്രൊഫ, കേരള കാര്‍ഷിക സര്‍വകലാശാല

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

2 responses to “ജനിതകമാറ്റം: പ്രതീക്ഷകളും വ്യാകുലതകളും – മാതൃഭൂമി ലേഖനം

 1. jagadees

  ചേട്ടാ,
  ജനിതകമാറ്റം വരുത്തിയ വിത്ത് നല്ലതല്ല.
  അത്തരം വിളകള്‍ എന്ത് ഫലം ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടില്ല.
  പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എന്തെന്ന് ആര്‍ക്കുമറിയില്ല.
  ഇത്തരം വിത്തുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അവരുടെ ലാഭം മാത്രമേ നോക്കുന്നുള്ളു.
  ഈ വിത്തിന്റെ വിതരണം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചൂണ്ടിക്കാണിക്കുന്നതു പോലുള്ള സ്വതന്ത്ര്യത്തിന്റെ പ്രശ്നവും സമൂഹത്തിലുണ്ടാക്കുന്നു.
  അങ്ങനെ അനേകം പ്രശ്നങ്ങള്‍ ഇത് ഉയര്‍ത്തുന്നുണ്ട്.

 2. jagadees,
  ഡോ. ഇന്ദിരാദേവിയുടെ ഒന്നാംഭാഗത്തിനൊരു മറുപടി ഞാനിവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w