വളന്തക്കാട് നല്‍കുന്ന സന്ദേശം – സി.ആര്‍. നീലകണ്ഠന്‍

ഒന്നാംഭാഗം

രണ്ടാം ഭാഗം (read the e-paper by clicks)

വളന്തക്കാട്‌ നല്‍കുന്ന സന്ദേശം

4 Nov, 2009
ഈ പദ്ധതി പാരിസ്ഥിതികമായി വന്‍ദുരന്തമാകുമെന്നും നിലവിലുള്ള നിരവധി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടു മാത്രമേ നടപ്പിലാക്കാനാകൂവെന്ന്‌ വനംമന്ത്രിയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കേരള വനസംരക്ഷണ ഇന്‍സ്റ്റിറ്റിയൂട്ടും സംശയരഹിതമായി പറഞ്ഞിട്ടുണ്ട്‌. പാര്‍ട്ടി പറയുന്നതിനപ്പുറം എന്തു നിയമം?

സൈലന്റ്‌ വാലിയും ഗ്വാളിയോര്‍ റയണ്‍സും പ്ലാച്ചിമടയും പാത്രക്കടവും പൂയംകുട്ടിയും അതിരപ്പള്ളിയും ആലപ്പുഴയിലെ ധാതുമണല്‍ ഖനനവും എക്‌സ്‌പ്രസ്‌ ഹൈവേയും പോലെ വളന്തക്കാട്ട്‌ വരുന്ന പദ്ധതിയും വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നു. പരിസ്ഥിതിയും വികസനവും തമ്മിലുള്ള മറ്റൊരു സംവാദം ഇതിലും നടക്കുന്നുണ്ട്‌.

പരിസ്ഥിതിയടക്കമുള്ള നിയമങ്ങളുടെ പേരില്‍ ഒരു വികസനപദ്ധതിയും മുടക്കാനാവില്ലെന്നും ഏതു നിയമവും മറിക്കാന്‍ കഴിയുംവിധം ഇളവുകള്‍ നല്‌കി ഈ പദ്ധതി നടപ്പാക്കുമെന്നും സര്‍ക്കാറും പാര്‍ട്ടിയും മന്ത്രിയും ആവര്‍ത്തിച്ചു പറയുന്നു.

പാരിസ്ഥിതികനാശത്തെക്കുറിച്ച്‌ ലോകമെങ്ങും ചര്‍ച്ചകള്‍ നടക്കുന്നു. അതിനുമപ്പുറം കാലാവസ്ഥാമാറ്റം, ആഗോളതാപനം, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ക്ഷാമം, ദാരിദ്ര്യം, പട്ടിണി തുടങ്ങി ഭൂചലനങ്ങളും സുനാമിയും വരെ ഇന്ന്‌ സാധാരണ മനുഷ്യരുടെ അനുഭവങ്ങളായി മാറിയിരിക്കുന്നു.

ഈ ദുരന്തത്തിന്റെ ഇരകള്‍ എവിടെയും ദരിദ്രരാണെന്നതിനാല്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയവും ഇന്നു വ്യക്തമാണ്‌. എന്നിട്ടും ഇടതുപക്ഷ (മുഖമുള്ള) സര്‍ക്കാറിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ സംശയദൃഷ്‌ടിയോടെ നോക്കുന്നുവെങ്കില്‍ അതില്‍ തെറ്റില്ലല്ലോ. ഈ പദ്ധതിയുടെ പിന്നിലെ യഥാര്‍ഥ താത്‌പര്യങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ക്കു രക്ഷപ്പെടാന്‍ വേറെ വഴിയില്ലാതായിരിക്കുന്നു.

കൊച്ചി നഗരത്തിനടുത്ത്‌ ദേശീയപാത 47 ബൈപ്പാസിനും ദേശീയപാത 49നും (കൊച്ചി-മധുരൈ) ഇടയിലാണ്‌ മരട്‌ പഞ്ചായത്തില്‍പ്പെട്ട വളന്തക്കാട്‌ എന്ന ദ്വീപും ചുറ്റുമുള്ള ചെറുതുരുത്തുകളും. നിറയെ പൊക്കാളിപ്പാടങ്ങളും കണ്ടല്‍ക്കാടുകളും ചുറ്റും കായലുമാണ്‌ വളന്തക്കാട്ടിലുള്ളത്‌. നഗരത്തിനടുത്ത്‌ 400 ഏക്കര്‍ ഭൂമിയില്‍ 70 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ ഐ.ടി.ക്കായി കെട്ടിടവും ബാക്കി ഭൂമിയുമെന്നതാണ്‌ പദ്ധതി.

പദ്ധതിക്ക്‌ മുതല്‍മുടക്ക്‌ അയ്യായിരം കോടി രൂപയെന്ന്‌ കമ്പനി പറയുമ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിനത്‌ പതിനായിരം കോടിയാകുന്നു. എഴുപതിനായിരം പേര്‍ക്ക്‌ തൊഴില്‍ കിട്ടും. എച്ച്‌.എം.ടി.യുടെ വിവാദ ഭൂമി ഇടപാടില്‍ 70 ഏക്കര്‍ ഭൂമിയിലും സൃഷ്‌ടിക്കപ്പെടുന്നത്‌ 70,000 തൊഴിലവസരങ്ങള്‍ തന്നെ. ഇവിടെ നാനൂറേക്കര്‍ പദ്ധതിയിലും ഈ കണക്കു തന്നെ വരുന്നു.

ഈ പദ്ധതിക്ക്‌ ഏകജാലകത്തിലൂടെ ‘അതിവേഗം’ അംഗീകാരം നല്‌കണമെന്നാണ്‌ സി.പി.എം. നേതൃത്വം ആവശ്യപ്പെടുന്നത്‌. ഇതിനെതിരെ വനംമന്ത്രി സ്വന്തം പാര്‍ട്ടിയുടെ അഖിലേന്ത്യാസെക്രട്ടറിക്കയച്ച കത്ത്‌ ഇതിനകം വലിയ വാര്‍ത്തയായി. വന്‍കിട പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‌കുന്നതിനു മുമ്പ്‌ വിശദമായ പഠനങ്ങള്‍ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതിനുള്ള കുത്തുമാണ്‌.

ഈ പദ്ധതി പാരിസ്ഥിതികമായി വന്‍ദുരന്തമാകുമെന്നും നിലവിലുള്ള നിരവധി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുമാത്രമേ നടപ്പിലാക്കാനാകൂവെന്നും വനംമന്ത്രിയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കേരള വനംസംരക്ഷണ ഇന്‍സ്റ്റിറ്റിയൂട്ടും സംശയരഹിതമായി പറഞ്ഞിട്ടുണ്ട്‌. പാര്‍ട്ടി പറയുന്നതിനപ്പുറം എന്തു നിയമം?

ഇതിനാണ്‌ ‘ഏകജാലകം’ കൊണ്ടുവന്നത്‌. ഏകജാലകമെന്നാല്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയും യാതൊരുവിധ രേഖകളും പരിശോധനകളുമില്ലാതെയും അംഗീകാരം നല്‌കുകയെന്നതല്ല. വ്യത്യസ്‌തമായ സ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന പരിശോധനാറിപ്പോര്‍ട്ടുകളും അനുമതിപത്രങ്ങളും ഒരു കേന്ദ്രത്തില്‍ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന്‌ പരിശോധിച്ച്‌ കാലതാമസം കൂടാതെ അനുമതി നല്‌കുകയെന്നാണര്‍ഥം.

എന്നാല്‍ ഈ പദ്ധതി സംബന്ധിച്ച്‌ എന്തു പഠനങ്ങളാണ്‌ സര്‍ക്കാറിന്റെ മുന്നിലുള്ളത്‌? ഏതുതരം അനുമതിപത്രങ്ങളാണ്‌ ലഭ്യമായിട്ടുള്ളത്‌? കേവലം ഒരു ധാരണാപത്രം മാത്രമാണിതുവരെ പുറത്തുവന്നിട്ടുള്ളത്‌. പല മാസങ്ങളായി ഇതുസംബന്ധിച്ച രേഖകള്‍ കിട്ടാന്‍ വിവരാവകാശനിയമം വഴി പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ (ഡി.പി.ആര്‍.) ഇതുവരെ തയ്യാറായിട്ടില്ല. കൊച്ചിക്കായലും അതുവഴി തീരദേശവുമാണിത്‌.

തീരദേശസംരക്ഷണനിയമം ബാധകമാണിവിടെ. വേലിയേറ്റം വരുന്നിടത്തുനിന്ന്‌ 500 മീറ്റര്‍ ദൂരെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള സ്ഥിരനിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. ഈ ദ്വീപിന്റെ പരമാവധി വീതി അരക്കിലോമീറ്റര്‍ മാത്രമാണെന്നതിനാല്‍ നിയമമനുസരിച്ച്‌ പദ്ധതി നടപ്പിലാക്കാനാകില്ല. കണ്ടല്‍ക്കാടുകളും പൊക്കാളിപ്പാടവുമാണ്‌ ഈ പ്രദേശം. പാരിസ്ഥിതിക ദുര്‍ബലപ്രദേശമായതിനാല്‍ കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം. അതിനു പാരിസ്ഥിതികാഘാതപഠനം നടത്തണം. അതും ലഭ്യമായിട്ടില്ല. ആകെയുള്ള ധാരണാപത്രം തന്നെ വളരെ ദുര്‍ബലവും ദുരൂഹവുമാണ്‌. ഒപ്പം ഇതു പ്രത്യേക സാമ്പത്തിമേഖലയാക്കുമെന്ന്‌ പറയുന്നു.

1980-കളില്‍ കേരളത്തിലുണ്ടായിരുന്ന കണ്ടല്‍ക്കാടുകളില്‍ 94 ശതമാനവും ഇതിനകം നശിച്ചുപോയിരിക്കുന്നുവെന്നും അവശേഷിക്കുന്ന 1600 ഏക്കര്‍ കണ്ടല്‍ക്കാട്ടിലെ 600 ഏക്കറും വളന്തക്കാട്ടിലാണുള്ളതെന്നും ജൈവവൈവിധ്യബോര്‍ഡ്‌ പറയുന്നു. കൊച്ചിക്കായലിന്റെ വലിയൊരു പങ്കും ഇതിനകംതന്നെ നശിച്ചിരിക്കുന്നു, അല്ല, മരിച്ചിരിക്കുന്നു. അവശേഷിക്കുന്ന ജീവനുള്ള ഒരു ചെറിയ ഭാഗമാണ്‌ വളന്തക്കാട്ടും പരിസരത്തുമുള്ളത്‌. കണ്ടല്‍ക്കാടുകളും ചെമ്മീന്‍, കൊഞ്ചു മുതലായവയുടെ പ്രജനനകേന്ദ്രങ്ങളും പാരിസ്ഥിതികമായി ഏറെ മൂല്യമുള്ള ‘വെള്ളൂരിറ്റ’ എന്ന കറുത്ത കക്കകള്‍ വളരുന്ന പ്രദേശങ്ങളുമാണിത്‌. ഇത്തരം പദ്ധതികളിലൂടെയുള്ള മനുഷ്യരുടെ ഇടപെടല്‍ വഴി കായലിന്റെ ഈ പ്രദേശം കൂടി മരിച്ചുപോകുമെന്നും അതിലൂടെ കൊച്ചി നഗരത്തിലും ചുറ്റുപാടും വന്‍നാശമുണ്ടാകുമെന്നും അന്താരാഷ്ട്ര പ്രസിദ്ധമായ ‘ഇക്കോസിസ്റ്റംസ്‌’ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം വ്യക്തമാക്കുന്നു. കേന്ദ്ര ഭൗമശാസ്‌ത്രവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജി.വി. ഗുപ്‌തയും സംഘവുമാണ്‌ ഈ ഗവേഷണം നടത്തിയത്‌.

കേരളത്തില്‍ അവശേഷിക്കുന്ന ഒരു കാര്‍ബണ്‍ സിങ്ക്‌ (അന്തരീക്ഷ താപമുയര്‍ത്തുന്ന ഹരിത ഗൃഹവാതകമായ കാര്‍ബണ്‍ഡൈഓകൈ്‌സഡിനെ വലിച്ചെടുക്കുന്ന സംവിധാനം) ആയ കായല്‍ നശിക്കുകയാണ്‌. കാര്‍ബണ്‍ വലിച്ചെടുക്കുന്നതിനു പകരം അതു പുറത്തുവിടുന്ന ഒന്നായി കായല്‍ മാറുന്നു. കായലിന്റെ പോഷകോത്‌പാദനശേഷി നഷ്‌ടമാകുന്നു. ജീവിവംശങ്ങള്‍ക്ക്‌ നിലനില്‍ക്കാനാകില്ല. അന്തരീക്ഷത്തിലെ കാര്‍ബണ്‍ കൂടും. ചൂടു വര്‍ധിക്കും. 1993-2005 കാലത്തുമാത്രം കൊച്ചിക്കായലിന്റെയും തണ്ണീര്‍ത്തടത്തിന്റെയും പകുതിയോളം നികത്തപ്പെട്ടു. കായലിന്റെ വിസ്‌തൃതി കുറയുകയും നഗരവത്‌കരണം മൂലം കൂടുതല്‍ മാലിന്യങ്ങള്‍ കായലില്‍ വന്നുചേരുകയും ചെയ്യുന്നു. ഇത്‌ വന്‍ദുരന്തത്തിലേക്കു നയിക്കുന്നു. 77 സസ്യവംശങ്ങളും 27 ഇനം ജലജീവികളും ഇന്നും നിലനില്‍ക്കുന്ന കൊച്ചിക്കായലിലെ ഏക പ്രദേശമാണ്‌ വളന്തക്കാട്‌.

എല്ലാം പണത്തിന്റെ കണക്കില്‍മാത്രം മനസ്സിലാകുന്നവര്‍ക്കുവേണ്ടിയും പറയാം. ഒരു ഏക്കര്‍ കണ്ടല്‍ക്കാടിന്റെ പ്രതിവര്‍ഷ പാരിസ്ഥിതിക സംഭാവനയുടെ വില 12 ലക്ഷം രൂപയിലധികമാണ്‌. പദ്ധതിമൂലം വളന്തക്കാട്‌ നശിച്ചാല്‍ ഉണ്ടാകുന്ന പ്രതിവര്‍ഷ പാരിസ്ഥിതികനഷ്‌ടം 80 കോടി രൂപയാണ്‌. തൊഴില്‍, ഭക്ഷണം, ആരോഗ്യം മുതലായവയിലുണ്ടാകുന്ന പ്രത്യക്ഷ നഷ്‌ടം ഇതിനു പുറമേയാണ്‌. നഷ്‌ടപ്പെടുന്ന കണ്ടലിനുപകരം, കണ്ടല്‍വനം വെച്ചുപിടിക്കാമെന്ന പാര്‍ട്ടി നിര്‍ദേശം വിവരദോഷമാണ്‌. എവിടെയും വളരുന്നതരം സസ്യമല്ല കണ്ടല്‍.

വളരെ പതുക്കെയും ഏറെ അനുയോജ്യമായ ഇടങ്ങളിലും മാത്രമേ കണ്ടല്‍ച്ചെടി വളരുകയുള്ളൂ. വേലിയേറ്റങ്ങള്‍, എക്കല്‍ മണ്ണിന്റെ സ്വഭാവം തുടങ്ങി നിരവധി അനുകൂലഘടകങ്ങള്‍ ഇവയ്‌ക്കാവശ്യമാണ്‌. അന്താരാഷ്ട്ര ഉടമ്പടിയായ റാംസര്‍ സമ്മേളന തീരുമാനത്തില്‍ ഒപ്പിട്ട രാജ്യമെന്ന നിലയില്‍, ഈ കായല്‍ നശിപ്പിക്കുകയെന്നത്‌ നിയമവിരുദ്ധവുമാണ്‌.

ആരാണ് ആവശ്യക്കാര്‍

(വളന്തക്കാട് നല്‍കുന്ന സന്ദേശം -തുടര്‍ച്ച)ഈ സര്‍ക്കാര്‍ തന്നെ ഏറെ അലങ്കാരമാക്കി പാസാക്കിയെടുത്തതാണ് നെല്‍വയല്‍-നീര്‍ത്തടസംരക്ഷണനിയമം. അത് ഏട്ടിലെ പശുമാത്രമായി തുടരുകയാണ്. പാടങ്ങള്‍ നികത്തുന്നതിന് അനുമതി അപേക്ഷ പരിശോധിക്കാന്‍ വിവിധതലങ്ങളില്‍ വിദഗ്ധ സമിതികള്‍ വേണമെന്നുണ്ട്. പക്ഷേ, ഒരൊറ്റ സമിതിപോലും രൂപവത്കരിച്ചിട്ടില്ല. ഈ ഒഴികഴിവുപയോഗിച്ച് നാട്ടിലെങ്ങും പാര്‍ട്ടിക്കാരുടെ തണലില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു.
ഇതിനെല്ലാം പുറമേയാണ്, ”മന്ത്രിസഭ തീരുമാനിച്ചാല്‍ പൊതു ആവശ്യത്തിന് ഏതു പാടവും നികത്താം” എന്ന പുതിയ പ്രഖ്യാപനം. ”ഫാരിസ് അബൂബക്കറടക്കമുള്ള ഭൂമാഫിയകളുടെ ആവശ്യംതന്നെയാണ് പൊതു ആവശ്യം” എന്നാക്കാന്‍ യാതൊരു പ്രയാസവുമില്ലല്ലോ. (ആസിയാന്‍ കരാറിനെതിരെ ചങ്ങല പിടിക്കുന്നവര്‍ തന്നെയാണിത് ചെയ്യുന്നതും എന്ന വൈരുധ്യം ഒരു തമാശയാണ്.)
ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ നേട്ടമായി അവകാശപ്പെടുന്ന ഭൂപരിഷ്‌കരണ നിയമവും നഗ്‌നമായി ലംഘിക്കപ്പെടുന്നു. ഒരേ മുറിയില്‍ പ്രവര്‍ത്തിക്കുന്ന 18 കമ്പനികളാണ് വളന്തക്കാട്ടിലെ 320 ഏക്കര്‍ ഭൂമി ഇപ്പോള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇത് ഭൂപരിധി നിയമം മറികടക്കാനാണെന്നു വ്യക്തം. വളന്തക്കാട് പ്രദേശത്ത് നിരവധി ഏക്കര്‍ മിച്ച ഭൂമിയുണ്ടെന്ന് റവന്യൂവകുപ്പു തന്നെ സമ്മതിച്ചിട്ടുണ്ട്. പലതും നിയമക്കുരുക്കിലാണ്. ഈ ദ്വീപില്‍മാത്രം 18 ഏക്കര്‍ മിച്ച ഭൂമിയുണ്ട്. അതു പിടിച്ചെടുത്ത് വേലി കെട്ടിത്തിരിച്ച് സൂക്ഷിക്കുമെന്ന് റവന്യൂ മന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ആ ഭൂമി തന്ത്രത്തില്‍ ഈ പദ്ധതിക്കു നല്കാനാണ് പരിപാടി.
പുറമ്പോക്കുകളില്‍ ജീവിക്കുന്ന ദളിതരടക്കമുള്ള ഭൂരഹിതര്‍ ഒരു തുണ്ടു ഭൂമിക്കു കരയുമ്പോള്‍ അവര്‍ക്കവകാശപ്പെട്ട മിച്ചഭൂമി വന്‍ കുത്തകകള്‍ക്കു നല്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. കൃഷിഭൂമി വ്യവസായങ്ങള്‍ക്കും പ്രത്യേക സാമ്പത്തികമേഖലയ്ക്കും നല്കരുതെന്നാണ് സി.പി.ഐ.യുടെ പ്രഖ്യാപിതനയം. പക്ഷേ, വല്യേട്ടന്‍ പറയുന്നതിനപ്പുറം ആ പാര്‍ട്ടിക്ക് പോകാനാവില്ലല്ലോ.
ഇതിനേക്കാളെല്ലാം പ്രധാനപ്പെട്ട മറ്റൊരു കടമ്പ ഈ പദ്ധതിക്കുണ്ട്. പല കറക്കുകമ്പനികളായി വാങ്ങിക്കൂട്ടിയിരിക്കുന്നത് 320 ഏക്കറാണ്. ബാക്കി വരുന്ന 80 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്കുമത്രെ! ഇതിനുവേണ്ടി ദ്വീപില്‍ ഇപ്പോള്‍ ജീവിക്കുന്ന 46 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. അതില്‍ ഒന്നൊഴികെ ബാക്കിയെല്ലാം ദളിതരാണ്. ഇവരെ വീഴ്ത്താന്‍ ഭീഷണിയും പ്രലോഭനങ്ങളും മാറിമാറി പ്രയോഗിക്കുന്നുണ്ട്.
ഭൂമിക്കു നല്ല വില, തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റ് തുടങ്ങി പല വാഗ്ദാനങ്ങളുമുണ്ട്. എന്നാല്‍ കായലും കണ്ടലും പൊക്കാളിപ്പാടങ്ങളും സംരക്ഷിക്കണമെന്ന് ഇവര്‍ തിരിച്ചറിയുന്നു. ഇവിടെ വരുമെന്നു പറയുന്ന ഹൈടെക് സിറ്റിയില്‍ തങ്ങള്‍ക്കൊരു സ്ഥാനവുമുണ്ടാകില്ലെന്നും അനുഭവങ്ങള്‍കൊണ്ട് അവര്‍ക്കറിയാം. ഇവരെ എങ്ങനെ ഒഴിപ്പിക്കുമെന്നത് ഒരു പ്രധാന പ്രശ്‌നമാണ്.
പദ്ധതി നടപ്പാക്കാന്‍ പോകുന്നവര്‍ ഏതു തരക്കാരായിരിക്കുമെന്ന വ്യക്തമായ സൂചനകള്‍ ഇതിനകം തന്നെ കിട്ടിക്കഴിഞ്ഞു. സ്ഥലം വാങ്ങല്‍ പ്രക്രിയ ആരംഭിച്ച കാലത്തുതന്നെ പൊതുഭൂമിയിലെ കണ്ടല്‍ വനങ്ങള്‍ വെട്ടിവെളുപ്പിക്കാന്‍ ആരംഭിച്ചു. ഇവര്‍ കണ്ടല്‍വൃക്ഷങ്ങള്‍ വെട്ടിയതിനെതിരെ കേരള വനംവകുപ്പ് 2007-ല്‍ത്തന്നെ കേസ് എടുത്തിട്ടുണ്ട്. ഇതിലുണ്ടായ നാശം 38 ലക്ഷം രൂപയിലധികമാണെന്ന് കേരള വനംഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തി കണക്കാക്കിയിട്ടുണ്ട്. ഭൂമിക്കച്ചവടക്കാരില്‍നിന്ന് ഇത് ഈടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാരിസ്ഥിതികമടക്കമുള്ള നിരവധി നിയമങ്ങളും പാര്‍ട്ടികളുടെയും മുന്നണികളുടെയും പ്രഖ്യാപിത നയങ്ങളും ലംഘിച്ചും ജനങ്ങളെ വെറുപ്പിച്ചും ഈ പദ്ധതി നടപ്പാക്കിയേ പറ്റൂ എന്ന് ചിലര്‍ വാശിപിടിക്കുന്നതെന്തുകൊണ്ടാണ്? പദ്ധതിയുടെ പ്രമോട്ടര്‍മാരായി അറിയപ്പെടുന്ന ശോഭാഗ്രൂപ്പിന്റെ താത്പര്യമാണോ ഇതിനുപിന്നില്‍? ഏറെക്കാലമായി അന്തസ്സോടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തി വളര്‍ന്ന ഇവര്‍ക്ക് ഇത്തരമൊരു നിഗൂഢപദ്ധതിയില്‍ അമിത താത്പര്യമുണ്ടാവാന്‍ വഴിയില്ല. തങ്ങളുടെ പണം ഇത്തരമൊരു തര്‍ക്കവിഷയത്തില്‍ നിക്ഷേപിക്കേണ്ട ഗതികേടൊന്നും അവര്‍ക്കില്ല. തന്നെയുമല്ല, ഹൈടെക് സിറ്റിയൊന്നും അവരുടെ പ്രവര്‍ത്തനമേഖലയുമല്ല.
ഈ പദ്ധതിക്കാവശ്യമായ ഭൂമി ഇപ്പോഴും ഇവരുടെ പേരിലായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ യഥാര്‍ഥ ‘ആവശ്യക്കാര്‍’ ആരെന്നു കണ്ടെത്തേണ്ടതുണ്ട്. ഈ ഭൂമിയെല്ലാം വാങ്ങിയിരിക്കുന്നത് ഒരേ മുറിയില്‍ പ്രവര്‍ത്തിക്കുന്ന 18 കമ്പനികളാണെന്നതിനാല്‍ ഇതിന്റെയെല്ലാം ഉടമസ്ഥന്‍ ഒരാളാണെന്ന് നിസ്സംശയം പറയാം. കണ്ണൂരിലെ ഇ.കെ. നായനാര്‍ സ്മാരക ഫുട്‌ബോള്‍ മത്സരത്തിന് ഇരുപതുലക്ഷം രൂപ വീതമുള്ള മൂന്നുചെക്കുകള്‍ നല്കിയ അതേ അക്കൗണ്ടില്‍നിന്നുതന്നെ ഇവിടെ ഭൂമി വാങ്ങാന്‍ പണം നല്കിയിരിക്കുന്നു എന്നതും പലവിധ ഉള്‍ക്കാഴ്ചകളും നല്കുന്നു.
യാതൊരു ‘പരസ്യ’വും ആഗ്രഹിക്കാതെ ഫുട്‌ബോള്‍ മത്സരത്തിനു പണം നല്കിയ വ്യക്തിയാണ് ഈ ധര്‍മിഷ്ഠനെന്നുകൂടി പറഞ്ഞാല്‍ കാര്യം വ്യക്തം. വളന്തക്കാട്ടിലെ സ്ഥലംവ്യാപാരത്തിനു മേല്‍നോട്ടം വഹിച്ചത് ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായിരുന്നുവെന്നും നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളീയവിപ്ലവയുവതയ്ക്ക് ആദര്‍ശപുരുഷനായി സി.പി.എം. ചാനല്‍ അവതരിപ്പിച്ച ഈ യുവവ്യവസായിയുടെ നിരവധി പ്രഖ്യാപനങ്ങളും (ഒരൂണിന് 2500 രൂപ മുടക്കാന്‍ മടിക്കുന്ന മലയാളിയോട് പുച്ഛം!) നല്കുന്ന മറ്റൊരു സൂചന, ഇദ്ദേഹം മറ്റാരുടെയോ പണമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ്. മുമ്പൊരിക്കലുമില്ലാത്തവിധം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ചില സി.പി.എം. നേതാക്കളുടെ പണമാണിതില്‍ വരുന്നതെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതുവിധേനയും ഈ പദ്ധതി നടപ്പാക്കുമെന്ന വാശിക്കു പിന്നിലും ഇത്തരം ‘പാര്‍ട്ടി താത്പര്യം’ ഉണ്ടെന്നുവ്യക്തം. പാര്‍ട്ടിക്കാര്‍ ഇപ്പോള്‍ ഏറെ ‘ഇന്‍വെസ്റ്റര്‍ ഫ്രന്‍ഡ്‌ലി’ ആയിരിക്കുകയാണല്ലോ.
പക്ഷേ, ഇതത്ര എളുപ്പം നടത്തിയെടുക്കാമെന്ന് കരുതേണ്ടതില്ല. സംസ്ഥാനസര്‍ക്കാറും മന്ത്രിമാരും തീരുമാനിച്ചാലൊന്നും പോരാ. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം. നിയമലംഘനങ്ങള്‍ക്കെതിരെ ആരെങ്കിലും കോടതിയില്‍ പോയാല്‍ പ്രശ്‌നം ഗുരുതരമാകും.
അന്നാട്ടില്‍ ജീവിക്കുന്ന ജനങ്ങളുടെ പ്രതിരോധം മറികടക്കണം. ഈ കുടുംബങ്ങളെ ‘മൂലമ്പിള്ളി മാതൃകയില്‍’ ജെ.സി.ബി.കള്‍ പ്രയോഗിച്ച് അടിച്ചിറക്കുമോ? അവിടെയുള്ള മിച്ചഭൂമിക്കുവേണ്ടി ഭൂരഹിതരായ ദളിതരും മറ്റു വിഭാഗങ്ങളും സമരരംഗത്തുവരാനും തയ്യാറെടുക്കുന്നു. ഇവയെല്ലാം മറികടന്ന് വികസനമെന്നപേരില്‍ പ്രകൃതിവിഭവങ്ങള്‍ മുറിച്ചും മറിച്ചും വിറ്റ് ലാഭമുണ്ടാക്കാനാണ് അടുത്ത ഒന്നരവര്‍ഷം ഈ സര്‍ക്കാര്‍ ശ്രമിക്കുകയെന്നു വ്യക്തമായിരിക്കുന്നു.
കടപ്പാട് – മാതൃഭൂമി 4/5-11-09
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )