വയല്‍ നികത്തല്‍ മന്ത്രിസഭയ്ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: പൊതു ആവശ്യത്തിനായി വയല്‍ നികത്താനുള്ള അനുമതി നല്‍കാന്‍ ഇനി സര്‍ക്കാറിനാകും അധികാരമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംസ്ഥാനതല വയല്‍സംരക്ഷണ സമിതിയുടെ ശുപാര്‍ശ എന്തായാലും റവന്യൂ വകുപ്പിന്റെ ശുപാര്‍ശയോടെ വയല്‍ നികത്തുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നു. പൊതു ആവശ്യത്തിനാണെങ്കിലും വയല്‍ നികത്താന്‍ പ്രാദേശിക നെല്‍വയല്‍ സംരക്ഷണ സമിതിയുടെ ശുപാര്‍ശയോടെ സംസ്ഥാനതല സമിതിയുടെ അനുമതി വേണമെന്നാണ് നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്നത്. സംസ്ഥാനതല സമിതിയുടെ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനേ സര്‍ക്കാരിന് നിയമപ്രകാരം അധികാരമുള്ളൂ. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്നതാണ് സംസ്ഥാനതല സമിതി.

 

വയല്‍ നികത്തുന്ന പദ്ധതികളോട് സംസ്ഥാനതല സമിതി യോജിക്കാത്തതാണ് ഇതിനുള്ള അന്തിമ അധികാരം സംസ്ഥാന സര്‍ക്കാരിനായിരിക്കണമെന്ന ആവശ്യം സി.പി.എം. മന്ത്രിമാര്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരാന്‍ കാരണം. യോഗത്തിലുണ്ടായ ധാരണപ്രകാരം പൊതു ആവശ്യമെന്ന് സര്‍ക്കാര്‍ കരുതുന്ന പദ്ധതികള്‍ക്ക് സംസ്ഥാനതല വയല്‍ സംരക്ഷണ സമിതിയുടെ ശുപാര്‍ശ എന്തായിരുന്നാലും മന്ത്രിസഭയ്ക്ക് നേരിട്ട് തീരുമാനം എടുക്കാമെന്നാണ് ബുധനാഴ്ച തീരുമാനമെടുത്തത്.

പൊതു ആവശ്യമെന്ന നിര്‍വചനത്തിന് നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളും എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമപ്രകാരം സംസ്ഥാനതല സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാനേ സര്‍ക്കാരിന് കഴിയുകയുള്ളൂ. ഇത് മറികടക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയ്ക്ക് പുറമേ ഈ വിഷയം കൊണ്ടുവന്ന് ധാരണയാക്കിയത്.

പൊതു ആവശ്യമെന്ന കാര്യം നിയമപ്രകാരം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമാണ് ബാധകമെങ്കിലും സ്വകാര്യ സംരംഭത്തെയും സര്‍ക്കാരിന് വേണമെങ്കില്‍ പൊതു ആവശ്യമായി കണക്കാക്കാം. ഏകജാലക സംവിധാനത്തിലൂടെ അഞ്ച് സ്വകാര്യ സംരംഭങ്ങള്‍ നെല്‍വയല്‍, ഭൂസംരക്ഷണ നിയമം എന്നിവയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന അപേക്ഷ സര്‍ക്കാരിന് മുമ്പാകെയുണ്ട്.

സ്വകാര്യ സംരംഭങ്ങള്‍ക്ക് ഏകജാലകത്തിലൂടെ നിയമങ്ങളില്‍ നിന്ന് ഒഴിവും മറ്റ് വന്‍ ഇളവുകളും നല്‍കുന്നതിനെതിരെ ഘടകകക്ഷികളില്‍ നിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഏകജാലക സംവിധാനംവഴി സ്വകാര്യ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുകയെളുപ്പമല്ലാത്തതിനാലാണ് പ്രധാന തടസ്സം ഒഴിവാക്കാന്‍ നെല്‍വയല്‍ നികത്തുന്നതിന് അനുമതി നല്‍കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നത്.

നെല്‍വയല്‍ സംരക്ഷണ നിയമംമൂലം ഒരു വികസന പദ്ധതിയും നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും മന്ത്രിസഭാ യോഗത്തിലുയര്‍ന്നു. എന്നാല്‍ ഇതിനെതിരെ മന്ത്രി കെ.പി. രാജേന്ദ്രന്‍ ശക്തമായി നിലകൊണ്ടു. നിയമം കൊണ്ടുവന്നത് തന്റെ വ്യക്തിപരമായ തീരുമാനപ്രകാരമല്ലെന്നും മുന്നണി തീരുമാനമനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ട് എല്ലാ ജില്ലകളിലും സിറ്റിങ്ങും നടത്തി. പൊതു തീരുമാനത്തിന്റെയടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതേത്തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ ശുപാര്‍ശയോടെ തീരുമാനം മന്ത്രിസഭയ്ക്കായിരിക്കണമെന്ന ധാരണ ഉണ്ടായത്.


പൊതു ആവശ്യം വ്യാഖ്യാനമനുസരിച്ച് -മന്ത്രി

തിരുവനന്തപുരം: ഭാവി ഭക്ഷ്യസുരക്ഷയെ കരുതി നെല്‍വയല്‍ സംരക്ഷണം ഒരു പോരാട്ടമാണെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മന്ത്രി കെ.പി. രാജേന്ദ്രന്‍ മറുപടി നല്‍കി.

പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിവേചനാധികാരം സര്‍ക്കാരിനുണ്ട്. പൊതു ആവശ്യമായി റെയില്‍വേ, റോഡ്, പാലം എന്നിവയുടെ ആവശ്യത്തിന് ഭൂമി വേണ്ടിവന്നാല്‍ പ്രാദേശിക സമിതിയോ സംസ്ഥാന സമിതിയോ എതിര്‍പ്പ് പ്രകടിപ്പിച്ചാലും നടപ്പാക്കേണ്ടിവരും. അതിനാണ് വിവേചനാധികാരം പ്രയോഗിക്കേണ്ടത്. സ്വകാര്യ സംരംഭങ്ങള്‍ പൊതു ആവശ്യമെന്ന പരിഗണനയില്‍ വരുമോയെന്ന ചോദ്യത്തിന് പൊതു ആവശ്യം നാളെ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കുമെന്നായിരുന്നു മറുപടി. ഇതിന്റെയടിസ്ഥാനത്തില്‍ നെല്‍വയല്‍ സംരക്ഷണ നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലിങ്ക് – മാതൃഭൂമി

വയല്‍ നികത്തല്‍: പുതിയനീക്കം വന്‍കിടപദ്ധതികള്‍ക്കുവേണ്ടി

തിരുവനന്തപുരം: പൊതുആവശ്യത്തിനായി വയല്‍നികത്തുന്നതിന്‌ അനുമതി നല്‍കാനുള്ള അധികാരം സര്‍ക്കാരിനായിരിക്കണമെന്ന മന്ത്രിസഭാ തീരുമാനം സി.പി.എമ്മിന്റെ മാര്‍ഗരേഖയില്‍ സ്ഥാനംപിടിച്ച നാലുവന്‍കിട പദ്ധതികള്‍ക്കുവേണ്ടിയെന്ന്‌ സൂചന.

നിലവിലുള്ള നിയമങ്ങളില്‍ ഇളവു നല്‍കി വന്‍കിട പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന്‌ അനുമതി നല്‍കുന്നതില്‍ എല്‍.ഡി.എഫില്‍ നേരത്തെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേച്ചൊല്ലി സി.പി.ഐ.യില്‍ ഭിന്നത രൂപപ്പെടുകയും മന്ത്രി ബിനോയ്‌ വിശ്വം സി.പി.ഐ. നേതൃത്വത്തിന്‌ കത്ത്‌ നല്‍കുകയും ചെയ്‌തിരുന്നു.

പൊതുആവശ്യത്തിനാണെങ്കിലും വയല്‍ നികത്തുന്നതിന്‌ പ്രാദേശിക നെല്‍വയല്‍ സംരക്ഷണ സമിതിയുടെ ശുപാര്‍ശയും സംസ്ഥാനതലസമിതിയുടെ അനുമതിയും വേണമെന്നാണ്‌ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്നത്‌.

വയല്‍ നികത്തിയുള്ള പല പദ്ധതികളോടും സംസ്ഥാനതല സമിതി യോജിക്കാത്തത്‌ ചില വന്‍കിട പദ്ധതികള്‍ക്ക്‌ തടസ്സം സൃഷ്ടിച്ചിരുന്നു. ഈ തടസ്സം നീക്കുകയെന്നതാണ്‌ വയല്‍ നികത്തുന്നതിന്‌ അനുമതി നല്‍കാനുള്ള അധികാരം മന്ത്രിസഭയില്‍ നിക്ഷിപ്‌തമാക്കിക്കൊണ്ടുള്ള തീരുമാനത്തിന്‌ പിന്നിലെന്നാണ്‌ സൂചന. സി.പി.എമ്മിന്‌ പ്രത്യേക താത്‌പര്യമുള്ളതും സര്‍ക്കാരിനുള്ള സി.പി.എം. മാര്‍ഗരേഖയില്‍ പരാമര്‍ശിക്കപ്പെട്ടവയുമായിരുന്നു ഈ പദ്ധതികള്‍.

പൊതുആവശ്യത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിവേചനാധികാരം സര്‍ക്കാരിനുണ്ടെന്നും പൊതു ആവശ്യം എന്നത്‌ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കുമെന്നുമുള്ള മന്ത്രി കെ.പി. രാജേന്ദ്രന്റെ പ്രതികരണം അര്‍ത്ഥഗര്‍ഭമാണ്‌. സ്വകാര്യ സംരഭങ്ങള്‍ പൊതുആവശ്യമെന്ന പരിഗണനയില്‍ വരുമോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടിയെന്നതും ശ്രദ്ധേയമാണ്‌.

മാര്‍ഗരേഖയില്‍ പരാമര്‍ശിക്കപ്പെട്ടവ ഉള്‍പ്പെടെയുള്ള വ്യവസായ പദ്ധതികള്‍ക്ക്‌ അന്തിമ അനുമതി നല്‍കുന്നതിനായി മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ മന്ത്രി വൈസ്‌ ചെയര്‍മാനുമായി ഉന്നതതല സമിതി രൂപവത്‌കരിക്കണമെന്ന സി.പി.എം. നിര്‍ദ്ദേശവും പൂര്‍ണമായി നടപ്പായിട്ടില്ല. ഇതനുസരിച്ച്‌ ഉന്നതതല സമിതി രൂപവത്‌കരിച്ചെങ്കിലും മുന്നണിയില്‍ സി.പി.ഐ. ഉയര്‍ത്തിയ എതിര്‍പ്പുകാരണം പദ്ധതികള്‍ക്ക്‌ അനുമതി നല്‍കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ നെല്‍വയല്‍ സംരക്ഷണനിയമം സൃഷ്ടിക്കുന്ന തടസ്സം മറികടക്കാനുള്ള പുതിയ നീക്കം പുറത്തുവന്നിരിക്കുന്നത്‌.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w