വ്യാജ മരുന്ന് ഒരന്വേഷണം – കടപ്പാട് മനോരമ

മരുന്നു വിളയുന്ന നാനിയപ്പന്‍ തെരുവ്

വ്യാജ മരുന്നുകളെക്കുറിച്ചുള്ള അന്വേഷണം ഞങ്ങളെ ആദ്യമെത്തിച്ചതു ചെന്നൈയിലെ ഒരു വലിയ മരുന്നു തെരുവിലാണ്; ഏതു മരുന്നും യഥേഷ്ടം കിട്ടുമെന്ന് ഇൌ രംഗത്തുള്ളവര്‍ സൂചിപ്പിച്ച നാനിയപ്പന്‍ നായ്ക്കര്‍ തെരുവില്‍. പ്രശസ്തമായ പാരീസിനു സമീപമുള്ള ഇൌ തെരുവിലെ തിരക്കുകളില്‍നിന്നകന്നാണു ഞങ്ങള്‍ അന്വേഷിച്ചുപോയ മരുന്നു ഗോഡൌണ്‍. കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. തൊട്ടടുത്ത കടക്കാര്‍ക്കുപോലും അറിയില്ല, ഇത്രയും വലിയൊരു ഗോഡൌണ്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. മരുന്ന് ഏജന്‍സി ഓഫിസിലെത്തിയ ഞങ്ങള്‍ക്കു തന്നെ, മരുന്നിന്റെ ബള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുണ്ടെന്നു കള്ളം പറഞ്ഞപ്പോഴാണു ഗോഡൌണിലിരിക്കുന്ന മുതലാളിയുടെ അടുത്തേക്കുള്ള വഴി തെളിഞ്ഞത്. വ്യാജ മരുന്നു വിപണിയുടെ രഹസ്യങ്ങളറിയാന്‍ പലപ്പോഴും ഞങ്ങള്‍ക്ക് ഇത്തരം കളവുകള്‍ പറയേണ്ടി വന്നു.

തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും മരുന്ന് എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരാണു നാനിയപ്പന്‍ നായ്ക്കര്‍ തെരുവിലുടനീളം. നായ്ക്കര്‍ തെരുവിലെ ഗുജറാത്തി സ്കൂളും കാളകളെ അഴിച്ചുകെട്ടി വൃത്തിഹീനമായ വഴിയോരങ്ങളും കടന്നു ഞങ്ങള്‍ ഗോഡൌണിലെത്തി. മെയിന്‍ സ്വിച്ചില്‍നിന്നു കരിഞ്ഞ മണം വന്നതിനെ തുടര്‍ന്നു ഗോഡൌണിലേക്കുള്ള പവര്‍ സപ്ളൈ ഓഫ് ചെയ്തിട്ടിരിക്കുകയാണെന്നു വിയര്‍ത്തൊലിക്കുന്ന ഞങ്ങളെ നോക്കി മാനേജരുടെ ക്ഷമാപണം.

ടോണിക്കുകളുടെയും മരുന്നുകളുടെയും രൂക്ഷ ഗന്ധം ഗോഡൌണില്‍ നിറഞ്ഞുനിന്നിരുന്നു. പ്രശസ്ത കമ്പനികളുടെ പേരുള്ള മരുന്നുകള്‍ ഗോഡൌണില്‍ അട്ടിയട്ടിയായി വച്ചിട്ടുണ്ട്. ഉള്ളിലെ മുറികളിലും അനവധി പെട്ടികളടുക്കിയിട്ടുണ്ട്. പേരില്ലാത്ത വിവിധ തരം ഗുളികകള്‍ നിറച്ച പ്ളാസ്റ്റിക് ബാഗുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു. സ്ട്രിപ്പുകളില്‍നിന്നു ഗുളികകള്‍ അടര്‍ത്തി മാറ്റുകയാണു രണ്ടു സ്ത്രീകള്‍. രണ്ടു തടിമാടന്മാര്‍ ഗുളികകള്‍ ശേഖരിച്ചു പ്ളാസ്റ്റിക് കവറുകളില്‍ നിറയ്ക്കുന്നു. അവരുടെ മുഖത്തെ സംശയം കണ്ടില്ലെന്നു നടിച്ച് ധൈര്യമായി നിന്നു. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നു വിപണിയില്‍നിന്നു തിരിച്ചെത്തിയതാണീ സ്ട്രിപ്പുകളെന്നു മനസ്സിലായി. പ്ളാസ്റ്റിക് കവറുകളില്‍ നിറയ്ക്കുന്ന ഈ ഗുളികകള്‍ വീണ്ടും പുതിയ സ്ട്രിപ്പുകളിലോ ഡപ്പികളിലോ പായ്ക്ക് ചെയ്ത് വിപണിയിലെത്തും.അല്‍പ നേരം പുറത്തു കാത്തുനിര്‍ത്തിയ ശേഷമാണു ഞങ്ങളെ ഗോഡൌണിലേക്കു പ്രവേശിപ്പിച്ചത്. കണ്ടാല്‍ 25 വയസ്സു തോന്നിക്കുന്ന മുതലാളി ചിരിച്ചുകൊണ്ടു സ്വീകരിച്ചു. രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഫിസ് മുറി. പുറത്തുള്ള വൃത്തികേടുകളൊന്നും അകത്തില്ല. ഓഫിസിലേക്കു ഞങ്ങള്‍ കയറുമ്പോള്‍ രണ്ടു പേര്‍ അവിടെനിന്നു പുറത്തിറങ്ങി പോകുന്നുണ്ടായിരുന്നു.കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കു നല്‍കാന്‍ വന്‍തോതില്‍ മരുന്ന് ആവശ്യമാണെന്നും അവയുടെ വിതരണം ഏറ്റെടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നെന്നും പറഞ്ഞപ്പോള്‍ മുതലാളിയുടെ കണ്ണു തെളിഞ്ഞു. ”നിങ്ങള്‍ വരുമ്പോള്‍ പുറത്തേക്കു പോയതു കേരളത്തില്‍നിന്നുള്ളവരാണ് – മുതലാളി പറഞ്ഞു. കോട്ടയത്തുനിന്നെത്തിയതാണത്രേ രണ്ടു പേര്‍. മരുന്നിന്റെ ലാഭക്കണക്കുകള്‍ തിരിച്ചറിഞ്ഞ പുതിയ വിതരണക്കാര്‍. തന്റെ കമ്പനി കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ മരുന്നെത്തിക്കുന്നുണ്ട് എന്നായിരുന്നു മുതലാളിയുടെ അവകാശവാദം. തന്റെ ഡ്രഗ് ലൈസന്‍സും ഉല്‍പന്നങ്ങളുടെ പട്ടികയും മുതലാളി കാണിച്ചുതന്നു.

”കേരളത്തില്‍ സര്‍ക്കാര്‍ മരുന്നുകള്‍ വാങ്ങുന്നതു ടെന്‍ഡര്‍ സമ്പ്രദായത്തിലല്ലേ? എന്ന മുതലാളിയുടെ ചോദ്യം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. മറുപടിയും നേരത്തേ കരുതിവച്ചു. കഴിഞ്ഞ ടെന്‍ഡറില്‍ മരുന്നു നല്‍കാമെന്നേറ്റ കമ്പനികള്‍ മിക്കതും പിന്‍വാങ്ങിയെന്നും അടുത്ത മാസം മുതല്‍ കേരളത്തില്‍ മരുന്നു ക്ഷാമം രൂക്ഷമാകുമെന്നും ഞങ്ങള്‍ പറഞ്ഞു. സര്‍ക്കാരില്‍ സ്വാധീനമുള്ളതിനാല്‍ ഇരുപതോളം മരുന്നുകളുടെ വിതരണച്ചുമതല ഞങ്ങള്‍ക്കു ലഭിക്കുമെന്നും മുതലാളിയെ വിശ്വസിപ്പിച്ചു.

പാരസെറ്റമോള്‍, അമോക്സിലിന്‍,  കൊട്രാമക്സോള്‍, ആംപിസിലിന്‍, സിപ്രൊഫ്ലൊക്സാസിന്‍, റാനിറ്റിഡിന്‍, ഒമിപ്രസോള്‍ തുടങ്ങി ഞങ്ങള്‍ക്ക് ‘ആവശ്യമുള്ള ഇരുപതോളം ഉല്‍പന്നങ്ങളുടെ ജനറിക് നാമങ്ങള്‍ മുതലാളിക്കു നല്‍കി.

ഉല്‍പന്നങ്ങള്‍ ഏതെങ്കിലും ബ്രാന്‍ഡ് പേരിലാണോ വേണ്ടതെന്നു മുതലാളി ചോദിച്ചു. ”ബ്രാന്‍ഡ് പേര് എന്തായാലും മതി, കാരണം കേരളത്തില്‍ ഡോക്ടര്‍മാര്‍ ഇനി മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രമേ കുറിക്കാവൂ എന്നു ചട്ടം വരികയാണ് – ഞങ്ങള്‍ വിശദീകരിച്ചു.

”കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കു വാങ്ങുന്ന മരുന്നിനു വില വളരെ കുറവായിരിക്കില്ലേ. ഈ വിലയ്ക്ക് എങ്ങനെ നിങ്ങള്‍ വിതരണം ചെയ്യും അയാള്‍ ചോദിച്ചു. ”കോടികളുടെ ഓര്‍ഡറാണു ഞങ്ങള്‍ തരാന്‍ ഉദ്ദേശിക്കുന്നത്. പാരസെറ്റമോള്‍ മാത്രം 33 കോടിയാണു കേരളത്തില്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. അടുത്ത നാലു മാസത്തേക്കുള്ള മരുന്നാണു വേണ്ടത്. ചുരുങ്ങിയത് ഏഴു കോടി പാരസെറ്റമോള്‍ ഗുളികയെങ്കിലും വേണ്ടി വരും. ഒരു ഗുളികയ്ക്ക് 16 പൈസ വീതമാണു സര്‍ക്കാര്‍ നിരക്ക് ഞങ്ങള്‍ പറഞ്ഞു.

”കിലോയ്ക്ക് 240 രൂപയാണു പാരസെറ്റമോളിന്റെ വില. ചൈനയില്‍നിന്നുള്ള വരവു കുറഞ്ഞിരിക്കുകയാണ്. 16 പൈസയ്ക്ക് എങ്ങനെ പാരസെറ്റമോള്‍ നല്‍കാനാണ്? നിങ്ങള്‍ക്കു പറ്റുന്ന വിലയ്ക്കു മരുന്നു നല്‍കണമെങ്കില്‍ അതിന്റെ നിലവാരം അല്‍പം കുറവായിരിക്കും മുതലാളി ഞങ്ങള്‍ പ്രതീക്ഷിച്ചിടത്തേക്കുതന്നെ എത്തി.

”നിലവാരം കുറഞ്ഞാലും കുഴപ്പമില്ല. സര്‍ക്കാരില്‍ സ്വാധീനമുള്ളതിനാല്‍ കാര്യമായ പരിശോധനയൊന്നുമുണ്ടാവില്ല. നിങ്ങള്‍ എവിടെയാണു മരുന്നു നിര്‍മിക്കുന്നത്? ഞങ്ങള്‍ ചോദിച്ചു.

”ഹിമാചല്‍പ്രദേശിലെ ബദ്ദിയിലാണ്. അവിടെ ടാക്സ് കിഴിവുണ്ട്. നിങ്ങള്‍ ഉദ്ദേശിക്കുന്ന വിലയ്ക്കു മരുന്നു ലഭ്യമാവണമെങ്കില്‍ ബദ്ദിയിലെ കമ്പനികളെത്തന്നെ ആശ്രയിക്കണം. എല്ലാം ഞങ്ങള്‍ നോക്കിക്കോളാം. ഏതൊക്കെ മരുന്ന് എത്രയൊക്കെ അളവില്‍ വേണ്ടി വരുമെന്ന് അറിയിച്ചാല്‍ മാത്രം മതി മുതലാളി പറഞ്ഞു.

മുതലാളിയുടെ ഒട്ടേറെ വാഗ്ദാനങ്ങളും പിന്നാലെ വന്നു. ”ബ്രാന്‍ഡ് പേരു റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 20 ദിവസത്തിനുള്ളില്‍ ഞങ്ങള്‍തന്നെ മുന്‍കയ്യെടുത്തു ശരിയാക്കാം. ചെന്നൈയില്‍ ഒരു വിലാസം വേണമെന്നു മാത്രം. നിങ്ങള്‍ക്കു പരിചയമുള്ള ആരുടെയെങ്കിലും ഒരു വിലാസം കരുതിയാല്‍ മതി. അങ്ങനെയൊരു വിലാസമില്ലെങ്കില്‍ ഞങ്ങള്‍ അതും ശരിയാക്കിത്തരാം. മരുന്നിന്റെ ഓര്‍ഡര്‍ ഞങ്ങള്‍ക്കു മാത്രമായി ലഭിക്കണം. ബദ്ദിയില്‍ നിര്‍മിക്കുന്ന മരുന്നു നിങ്ങളുടെ കേരളത്തിലെ വിലാസത്തില്‍ ഞങ്ങള്‍ എത്തിച്ചുതരാം. പ്രത്യേക പായ്ക്കിങ് വേണമെങ്കില്‍ അതിനും സംവിധാനമുണ്ട്.

(നമ്മള്‍ പറയുന്ന പേരില്‍ മരുന്നുകള്‍ തരികയാണ് ഇത്തരം കമ്പനികള്‍ ചെയ്യുന്നത്. പാരസെറ്റമോള്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ ഒരു രാജനാണെന്നിരിക്കട്ടെ. താല്‍പര്യമുണ്ടെങ്കില്‍ ആ ഗുളിക ‘രാജന്‍മോള്‍ എന്ന പേരില്‍ സ്ട്രിപ്പായി തരും. ഇൌ പേരടിച്ച സ്ട്രിപ്പും ഡപ്പിയും കുപ്പിയുമൊക്കെ ഇവര്‍ തയാറാക്കും. അതിനു പുറത്തു മരുന്നിലുള്ള ഘടകങ്ങളും ബാച്ച് നമ്പരും തീയതിയുമൊക്കെയുണ്ടാവും.ഇതൊക്കെ ശരിയായിരിക്കണമെന്നു മാത്രം ശഠിക്കരുത്. ഇൌ മരുന്ന് ഏതെങ്കിലും ഡോക്ടറെയോ മരുന്നു വ്യാപാരികളെയോ സ്വാധീനിച്ചു നാട്ടില്‍ വിറ്റഴിക്കുക എന്നതു നമ്മുടെ ചുമതല).

മരുന്നു വിതരണത്തിന്റെ അന്തിമ രൂപമായ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും ബന്ധപ്പെടാമെന്ന ഉറപ്പു കൊടുത്തു ഇറങ്ങി. അര മണിക്കൂര്‍  സംഭാഷണത്തില്‍നിന്നുതന്നെ വ്യക്തമായിരുന്നു –

കേരളത്തിലേക്കു വ്യാജ മരുന്നും നിലവാരമില്ലാത്ത മരുന്നും എത്തുന്ന റൂട്ടാണു നാനിയപ്പന്‍ നായ്ക്കര്‍ തെരുവ്. ഇവിടെ ഇരുന്നൂറിലേറെ മൊത്ത വിതരണ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങള്‍ ഉപയോഗിച്ചു മരുന്നു വിളവെടുത്തു പണം കൊയ്യുന്ന വ്യാജന്മാരാണ് ഏറെയും.

ചെന്നൈയില്‍ മാത്രം ഇത്തരം നാനൂറിലേറെ മരുന്നു നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മിക്ക കമ്പനികളുടെയും ഫാക്ടറികള്‍ ചെന്നൈ – ബാംഗൂര്‍ ഹൈവേയിലാണ്. ഈ കമ്പനികള്‍ മിക്കതും തമിഴ്നാട്ടില്‍നിന്നു ഹിമാചല്‍ പ്രദേശിലേക്കു പറിച്ചുനടാനുള്ള ഒരുക്കത്തിലാണ്. ‘നികുതി രഹിത വിപ്ളവവുമായി ഹിമാചല്‍ സര്‍ക്കാര്‍ മരുന്നു കമ്പനികളെ കൈനീട്ടി വിളിക്കുമ്പോള്‍ ലാഭക്കൊതി മൂത്ത മുതലാളിമാര്‍ കമ്പനികളെ അങ്ങോട്ടു പറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. നികുതി രഹിത വിപ്ളവം അവസാനിക്കുമ്പോള്‍ അവിടത്തെ ഫാക്ടറികള്‍ പൂട്ടി അവര്‍ തമിഴ്നാട്ടിലേക്കുതന്നെ തിരിച്ചുവന്നേക്കും.

പഞ്ഞി വരുന്ന വഴി

തിരുനല്‍വേലിയില്‍നിന്ന് ഏതാണ്ടു നൂറു കിലോമീറ്ററോളം യാത്രചെയ്യണം വിരുതനഗര്‍ ജില്ലയിലേക്ക്. പിന്നെയും പത്തു കിലോമീറ്റര്‍ ചെന്നാല്‍ രാജപാളയമായി. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കു വേണ്ട അഞ്ചുകോടിയോളം രൂപയുടെ കോട്ടണ്‍ ഗോസ് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രം. പന്നികളും മനുഷ്യരും മലമൂത്രവിസര്‍ജനം ചെയ്യുന്ന, ഏറ്റവും വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് മലയാളികളുടെ മുറിവില്‍ വച്ചുകെട്ടേണ്ട കോട്ടണ്‍ ഗോസ് നിര്‍മിക്കുന്നതെന്നു കേട്ടാല്‍ കേരളത്തിലെ രോഗികള്‍ ഞെട്ടും. പക്ഷേ, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ഞെട്ടുകയില്ല. കാരണം, രണ്ടുതവണ ഇവിടുത്തെ ഫാക്ടറിയില്‍ പരിശോധന നടത്തിയിട്ടും ഒരു കുഴപ്പവും കണ്ടെത്താന്‍ ഈ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല.

ഛത്രപട്ടിയിലുള്ള ഫാക്ടറിയില്‍ 2008ല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ 16 യന്ത്രത്തറികളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഫാക്ടറിയില്‍ ഉണ്ടെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, കുറച്ചുനാള്‍ മുന്‍പു ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഫാക്ടറി കെട്ടിടംതന്നെ ഇടിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു; ചുറ്റുപാടുകളാകട്ടെ, സര്‍വത്ര മലിനവും. ഛത്രപട്ടിയില്‍ വ്യാപകമായുള്ള ചെറുകിട ഉല്‍പാദകരില്‍നിന്നു ഗോസ് സംഭരിച്ചു കേരളത്തില്‍ എത്തിക്കുകയാണു കമ്പനി ചെയ്യുന്നതെന്നാണു സൂചന. സ്വന്തമായ ഉല്‍പാദനം വേണമെന്ന കോര്‍പറേഷന്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണിത്. ഇങ്ങനെ നിര്‍മിക്കുന്ന കോട്ടണ്‍ ഗോസിന് എന്തു ഗുണനിലവാരം ഉണ്ടാകും എന്ന ചോദ്യത്തിന് ഉത്തരമില്ല.

കമ്പനിയില്‍ പരിശോധന നടത്തിയ കോര്‍പറേഷന്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് തന്നെ രസകരമാണ്. ഫാക്ടറി മൊത്തമായി 400 ചതുരശ്ര മീറ്റര്‍ സ്ഥലത്തു സ്ഥിതിചെയ്യുന്നു എന്നു പറയുന്ന റിപ്പോര്‍ട്ടില്‍ 16 യന്ത്രത്തറികള്‍, 18 സൈസിങ് മെഷീന്‍, 13 പായ്ക്കിങ് മെഷീന്‍, അസംസ്കൃത വസ്തുക്കള്‍ കഴുകി ഉണക്കുന്നതിനുള്ള ഉപകരണങ്ങള്‍, സ്ഥലം എന്നിവയുണ്ടെന്നു സൂചിപ്പിക്കുന്നു. ഇതെല്ലാം ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ചുരുങ്ങിയത് 1030 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം. ഫാക്ടറി കാണുകപോലും ചെയ്യാതെയാണു പരിശോധകസംഘം റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന ആരോപണം വെറുതേയല്ല.

അമൃത്സറില്‍നിന്ന് അമരവിള വഴി പാലക്കാട്ടേക്ക്

പഞ്ചാബിലെ അമൃത്സറില്‍നിന്നു പാലക്കാട്ടേക്കു പാഴ്സലുമായി വരുന്ന ലോറിക്ക് കേരളത്തിന്റെ തെക്കേ അതിര്‍ത്തിയിലെ അമരവിള ചെക്ക്പോസ്റ്റ് താണ്ടേണ്ട കാര്യമെന്ത്? വാളയാര്‍ ചെക്ക്പോസ്റ്റിലൂടെ പാലക്കാട്ടെത്തേണ്ട വാഹനം അമരവിള കടന്നുപോകുന്നതിനു പിന്നിലെ ഇൌ ഗുട്ടന്‍സ് കണ്ടെത്താന്‍ ശ്രമിച്ചാല്‍ അന്വേഷണം ചെന്നു നില്‍ക്കുന്നത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് എട്ടിനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ മരുന്ന് എത്തിക്കുന്ന പഞ്ചാബിലെ ഒരു കമ്പനിയുടെ മരുന്നുല്‍പാദന ഒൌട്ട്സോഴ്സിങ് നെറ്റ്വര്‍ക്കിലേക്കാണ്.

കോര്‍പറേഷന്റെ പക്കലുള്ള രേഖ അനുസരിച്ച് ഇൌ കമ്പനിയുടെ ഉല്‍പാദന – വിതരണ കേന്ദ്രങ്ങള്‍ അമൃത്സറിലാണ്. പക്ഷേ, കമ്പനി പാലക്കാട്ടെ ജില്ലാ ഡ്രഗ് വെയര്‍ഹൌസില്‍ എത്തിക്കുന്ന മരുന്നിന്റെ ഇന്‍വോയ്സില്‍ പതിച്ചിരിക്കുന്ന കടത്തുസീല്‍ അമരവിള ചെക്ക്പോസ്റ്റിലേതും. മരുന്നു കയറ്റി അയച്ചുകഴിഞ്ഞാല്‍ അതു പാലക്കാട്ട് എത്തിയോ എന്നറിയാന്‍ വെയര്‍ഹൌസിലേക്കു വിളിക്കുന്നയാള്‍ സംസാരിക്കുന്നതാകട്ടെ, തമിഴിലും. ഒരു വെയര്‍ഹൌസ് ജീവനക്കാരന്‍ ഇക്കാര്യം കോര്‍പറേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയപ്പാള്‍ കിട്ടിയ പ്രതികരണം ഇങ്ങനെയായിരുന്നു: ”ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട.

പക്ഷേ, ഞങ്ങള്‍ അന്വേഷിച്ചു. ഗുണനിലവാരം എന്ന വാക്ക് പേരില്‍ത്തന്നെ ഉള്‍പ്പെടുത്തിയ കമ്പനിക്ക് നേരിട്ടു മരുന്നു നിര്‍മിച്ചു വലിയ ശീലമില്ല. അതിനാല്‍ തമിഴ്നാട്ടിലെ ‘ചാത്തന്‍ കമ്പനികളെ മരുന്നുണ്ടാക്കേണ്ട ദൌത്യം ഏല്‍പ്പിക്കും. ഉല്‍പാദനവും വിതരണവും അടക്കമുള്ള എല്ലാ കാര്യങ്ങളും അവര്‍ ചെയ്തുകൊള്ളും. ചെന്നൈയില്‍നിന്നു കയറ്റി അയയ്ക്കുന്ന ഇൌ മരുന്നുകളാണ് അമരവിള വഴി കേരളത്തിലെത്തുന്നത്. പാഴ്സല്‍ വണ്ടി വെയര്‍ഹൌസില്‍ എത്തിയോ എന്ന് അന്വേഷിക്കുന്നതും ചെന്നൈ കമ്പനിയില്‍നിന്നുതന്നെ.

അമൃത്സറിലെ ഒറിജിനല്‍ കമ്പനിക്കാര്‍ക്കു മെഡിക്കല്‍ കോര്‍പറേഷന്റെ ടെന്‍ഡറില്‍ പങ്കെടുക്കുക, ഉദ്യോഗസ്ഥരുടെ ‘ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക എന്നീ ഉത്തരവാദിത്തങ്ങള്‍ മാത്രം.

അന്വേഷണം മുംബൈയിലേക്ക്

വ്യാജമരുന്നുനിര്‍മാണം ഇവിടെ കുടില്‍ വ്യവസായം

മുംബൈ ഉല്ലാസ് നഗറിലെ ഒരു ഗോഡൌണില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നു ശേഖരം
ഉല്ലാസ് നഗറിലെ ഉൌടുവഴികളിലൂടെ, വ്യാജ മരുന്നിന്റെ ഉറവിടം തേടി…
വ്യാജ മരുന്നിന്റെ വേരുകള്‍ തേടി മുംബൈയിലെത്തിയ മനോരമയുടെ അന്വേഷണ സംഘം ആദ്യം ആശ്രയിച്ച കേന്ദ്രങ്ങളിലൊന്നു മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയെ (എഫ്ഡിഎ) ആയിരുന്നു. അവിടെ നിന്നു വിവരങ്ങള്‍ ശേഖരിക്കുമ്പോഴാണ് ഒരു റെയ്ഡിനു തുടക്കമാവുന്നത്. നവി മുംബൈയിലെ വ്യാജ മരുന്നു നിര്‍മാണ കേന്ദ്രം റെയ്ഡ് ചെയ്യാനായിരുന്നു എഫ്ഡിഎ നീക്കം.
മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റൂബി ഓര്‍ഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗോഡൌണിലേക്ക് എഫ്ഡിഎ സംഘം പാഞ്ഞെത്തി. ഉള്ളില്‍, വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മരുന്നു നിര്‍മാണവും പാക്കിങ്ങും അടക്കമുള്ള ജോലികളില്‍ വ്യാപൃതരായിരുന്നു. പല മുറികളിലായി പെട്ടിക്കണക്കിനു മരുന്നുകളുടെ ശേഖരം. പ്രധാനമായും രണ്ടിനം ഗുളികകളുടെ നിര്‍മാണമായിരുന്നു ഇവിടെ നടന്നിരുന്നത്; വേദനയ്ക്കും നീര്‍ക്കെട്ടിനും ഉപയോഗിക്കുന്ന എസ്ഡി-15,  നായ്ക്കള്‍ക്കും മറ്റും വിരശല്യത്തിനു നല്‍കുന്ന പ്രാസിസം പ്ളസ്. രണ്ടു മരുന്നുകളുടെയും വന്‍ശേഖരം എഫ്ഡിഎ സംഘം പിടിച്ചെടുത്തു. അവിടെ നടന്നിരുന്നതു വ്യാജ മരുന്നു നിര്‍മാണമായിരുന്നു എന്നാണ് അന്വേഷകര്‍ പറഞ്ഞത്. പ്രിന്റ് ചെയ്തു സൂക്ഷിച്ചിരുന്ന പാക്കിങ് വസ്തുക്കള്‍, അലുമിനിയം ഫോയില്‍ ശേഖരം, മരുന്നു നിര്‍മാണത്തിനുപയോഗിച്ച യന്ത്ര സാമഗ്രികള്‍ എന്നിവയും പിടിച്ചെടുത്തു.
റെയ്ഡിനെക്കുറിച്ച് എഫ്ഡിഐ കൊങ്കണ്‍ ഡിവിഷന്‍ ജോയിന്റ് കമ്മിഷണര്‍ പി.ആര്‍. ഉത്തര്‍വാര്‍ പറഞ്ഞതിങ്ങനെ:
”എസ്ഡി-15, പ്രാസിസം പ്ളസ് എന്നീ ട്രേഡ് മാര്‍ക്കിലുള്ള മരുന്നുകള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് ഡെറാഡൂണിലെ റൂബി ബയോടെക് എന്ന കമ്പനിക്കാണ്. ഈ കമ്പനിയുടെ പേരിനോടു സാദൃശ്യമുള്ള റൂബി ഓര്‍ഗാനിക്സ് ലിമിറ്റഡ് ഇതേ മരുന്നുകള്‍ വ്യാജമായി നിര്‍മിച്ചു വിപണിയിലിറക്കുകയായിരുന്നു. 10 ലക്ഷത്തോളം രൂപയുടെ വ്യാജ മരുന്നു ശേഖരം പിടിച്ചെടുത്തു. ഉടമയ്ക്കും സ്ഥാപനത്തിനുമെതിരെ നിയമ നടപടികള്‍ തുടങ്ങി.”മുംബൈ കേന്ദ്രീകരിച്ചു വ്യാജ മരുന്നു ലോബി ശക്തമാണോ? – ജോയിന്റ് കമ്മിഷണറോടു ചോദിച്ചു.”ഒരിക്കലുമല്ല. വ്യാജ മരുന്ന് ഇവിടെയില്ലെന്നുതന്നെ പറയാം. അതെല്ലാം ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്”ഉല്ലാസ് നഗറില്‍ വ്യാജ മരുന്നു നിര്‍മാണമുണ്ടെന്നു കേള്‍ക്കുന്നുണ്ടല്ലോ?”തീര്‍ത്തും അടിസ്ഥാനരഹിതം. ഉല്ലാസ് നഗറില്‍ എല്ലാ സാധനങ്ങളുടെയും ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കുന്നുണ്ട്. പക്ഷേ വ്യാജ മരുന്നു നിര്‍മാണമില്ലെന്ന് ഉറപ്പു പറയാനാവും.

വ്യാജ മരുന്നു നിര്‍മാണമില്ലെന്ന് എഫ്ഡിഐ ഉദ്യോഗസ്ഥരും, ഉണ്ടെന്നു  മരുന്നു നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ആണയിട്ടു പറയുന്ന ഉല്ലാസ് നഗറിലേക്കായി തുടര്‍ന്നുള്ള യാത്ര.

മുംബൈ – പുണെ റൂട്ടില്‍ മുംബൈ നഗരത്തില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ കല്യാണ്‍ കഴിഞ്ഞാല്‍ ഉല്ലാസ് നഗര്‍.

ഉല്ലാസ് നഗര്‍ ഒന്നല്ല, ഏഴാണ്. ഓരോ ഉല്ലാസ് നഗറിനും നമ്മുടെ ഒരു പഞ്ചായത്ത് വാര്‍ഡിനെക്കാള്‍ വിസ്തൃതി. ബ്രാന്‍ഡഡ് ചോക്ളേറ്റും കോളകളും മുതല്‍ ടിവിയും എന്‍ജിന്‍ സ്പെയര്‍ പാര്‍ട്സുകളും വരെ എന്തിനും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് ഇറക്കി(കു)പ്രസിദ്ധമായ സ്ഥലം. ഓരോ ഉല്ലാസ് നഗറും ഓരോ തരം ഡ്യൂപ്ളിക്കേറ്റുകളുടെ ‘സ്പെഷല്‍ ഇക്കണോമിക് സോണുകളാണ്. പ്രധാന പാതകളുടെ ഇരുവശവും വ്യാപാരശാലകളുടെ നിര.

ഇവിടെ എവിടെയാവും വ്യാജ മരുന്നു നിര്‍മാണ കേന്ദ്രങ്ങള്‍?

അപരിചിതമായ മേഖലയില്‍ മലയാളി സുഹൃത്തിലൂടെ ഒരു വഴികാട്ടിയെ ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ മാസ്റ്റര്‍ ബാറ്റ്സ്മാന്റെ പേരുകാരന്‍. ”പാലും ചോക്ളേറ്റും കോളയും നിര്‍മിക്കുന്ന സ്ഥലം എനിക്കറിയാം. പക്ഷേ മരുന്നു നിര്‍മാണം അതീവ രഹസ്യമാണ്. അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്കു വിവരമൊന്നും ഉണ്ടാവില്ല. – വഴികാട്ടി പറഞ്ഞു.

ഓരോരോ വഴികളിലൂടെയും അലഞ്ഞു. പലരോടായി തിരക്കി.

”ഇവിടെ എവിടെയെങ്കിലും മരുന്നു നിര്‍മാണ കേന്ദ്രങ്ങളുണ്ടോ എന്ന ചോദ്യം സംശയമുയര്‍ത്തുന്നതായി കണ്ടപ്പോള്‍ അന്വേഷണത്തിന്റെ രീതിയൊന്നു മാറ്റി.

”കേരളത്തില്‍നിന്ന് എത്തിയ ആളാണ്. അടുത്ത സുഹൃത്ത് ഇവിടെ മരുന്നു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മൊബൈലില്‍ വിളിച്ചിട്ടു കിട്ടുന്നില്ല. തിരക്കി ഇറങ്ങിയതാണ്. ഇവിടെ അടുത്ത് ഏതെങ്കിലും മരുന്നു നിര്‍മാണശാലകളുണ്ടോ? – അന്വേഷണം ഈ രീതിയിലായി.

ഒടുവില്‍ രണ്ടാം ദിനം വൈകുന്നേരം ചായ കുടിക്കാനായി കയറിയ ചെറിയ കടയിലെ ജീവനക്കാരനുമായുള്ള സൌഹൃദ സംഭാഷണത്തിനിടെ ഒരു വിവരം വീണുകിട്ടി.

ഉല്ലാസ് നഗര്‍ മൂന്നില്‍ സെന്‍ട്രല്‍ ആശുപത്രിയുടെയും റെഡ്ക്രോസ് ഓഫിസിന്റെയും സമീപത്ത് ഒന്നിലേറെ മരുന്നു നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ വഴിക്കായി അന്വേഷണം. ഒടുവില്‍ ഒരു ചേരിയിലേക്കുള്ള പ്രവേശന കവാടത്തിനു സമീപം ഞങ്ങള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിന്നു. ചേരിക്കുള്ളില്‍ പഴയ ഒറ്റനില വീടുകള്‍ക്കു നടുവിലെ ഒരു ഇരുനിലക്കെട്ടിടം ഡ്രൈവര്‍ ചൂണ്ടിക്കാണിച്ചു.

പുറത്തേക്ക് ഒരു ജനാല മാത്രമുള്ള മുകളിലത്തെ നിലയില്‍ ‘മെഡിക്കോ ഫാര്‍മ ഡിസ്ട്രിബ്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബോര്‍ഡ്. താഴത്തെ നിലയില്‍ ഷട്ടര്‍ അടഞ്ഞുകിടക്കുന്നു. അപരിചിതരെ കണ്ടതോടെ തൊട്ടടുത്തുള്ളവര്‍ സംശയത്തോടെ തുറിച്ചു നോക്കി.

”ഫാര്‍മ കമ്പനി തുറക്കില്ലേ എന്ന ചോദ്യത്തിന് ”എന്താ കാര്യം എന്നായിരുന്നു മറുചോദ്യം. ഇവിടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ അന്വേഷിച്ചുവന്നതാണെന്നു പറഞ്ഞപ്പോള്‍ ഇന്നു തുറക്കില്ലെന്നും നാളെ വരാനും പറഞ്ഞു.

മാറ്റി നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയില്‍ തിരികെ കയറുമ്പോള്‍ ഡ്രൈവറോടു പറഞ്ഞു: ”മരുന്നു ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലല്ല, മരുന്നു നിര്‍മാണ യൂണിറ്റിലാണു സുഹൃത്തു ജോലി ചെയ്യുന്നത്. അങ്ങനെ ഏതെങ്കിലും യൂണിറ്റുണ്ടോ?

ഒരു മരുന്നു നിര്‍മാണ യൂണിറ്റ് കൂടി ആ പരിസരത്തുണ്ടെന്നും അവിടെക്കൂടി നോക്കാന്‍ ഡ്രൈവറുടെ നിര്‍ദേശം. പലരോടും ചോദിച്ച് ഇരുചക്ര വാഹനംപോലും കടന്നുപോകാത്ത ഒരു വഴിയിലൂടെ ഉള്ളിലേക്ക്.

ഒരു ഇരുനിലക്കെട്ടിടത്തിന്റെ ഇരുട്ടു മൂടിയ ഇടനാഴിയിലൂടെ രണ്ടാം നിലയിലേക്കുള്ള പടി കയറി. ഇരുവശത്തും ചാണകം തേച്ചപോലുള്ള ചുവരുകള്‍.  പടികള്‍ കയറിയെത്തുമ്പോള്‍ മുന്നിലും വലത്തും ചെറിയ വാതിലുകള്‍. മരുന്നുമണം പുറത്തേക്കു വന്ന വലതു വശത്തെ വാതിലില്‍ തട്ടി. പല തവണ തട്ടിയപ്പോള്‍ തടി വാതില്‍പ്പാളി അല്‍പ്പം തുറന്ന് 40 വയസ്സു വരുന്ന ഒരു സ്ത്രീ പുറത്തേക്കു തലയിട്ടു. തലയില്‍ പ്ളാസ്റ്റിക് കിറ്റ് മൂടിയിരിക്കുന്നു. ഇരുകയ്യിലും കെട്ടിവച്ച പ്ളാസ്റ്റിക് കവറില്‍ നിറയെ അരിപ്പൊടിപോലുള്ള വസ്തു. മരുന്നുമണം രൂക്ഷം.

”കേരളത്തില്‍നിന്നു വരികയാണ്. അവിടെ ഒരു മരുന്നു കമ്പനി തുടങ്ങുന്നു. മരുന്നു വേണം. അതിന് ആരെ കാണണം? – കൂടെയുണ്ടായിരുന്ന ആള്‍ ചോദിച്ചു.

ഒരു നിമിഷം തറപ്പിച്ചൊന്നു നോക്കിയ ശേഷം അവര്‍ പറഞ്ഞു: ”ഇവിടെ ആരുമില്ല. എനിക്കൊന്നും അറിയില്ല

”നിങ്ങളുടെ മാനേജരുടെ നമ്പര്‍ തരാമോ?

”എനിക്കറിയില്ല ഉത്തരം കിട്ടിയതിനൊപ്പം വാതിലും അടഞ്ഞു. പുറത്തേക്കിറങ്ങവേ ഒന്നു കൂടി തിരിഞ്ഞുനോക്കി.. വ്യാജ മരുന്നു ശൃംഖലയുടെ വേരുകളിലൊന്നാകാം ചേരി പ്രദേശത്തെ ഈ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളില്‍.

ഉല്ലാസ് നഗര്‍ മൂന്നില്‍ ആദ്യം കണ്ടെത്തിയ ഡിസ്ട്രിബ്യൂട്ടര്‍ ബോര്‍ഡുള്ള മരുന്നു കേന്ദ്രത്തിലേക്ക് അടുത്ത ദിവസം വീണ്ടുമെത്തുമ്പോള്‍ വൈകിട്ട് ആറര. മരുന്നുശാലയുടെ പൂട്ടിയിട്ട ഗ്രില്ലിനിടയിലൂടെ ഉള്ളില്‍ വെളിച്ചം കണ്ടു. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്തുനിന്നു വന്ന 25 വയസ്സു തോന്നിക്കുന്ന ചെറുപ്പക്കാരന്‍ പൂട്ടു തുറന്ന് ഉള്ളില്‍ കടന്നു. എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെറുപ്പക്കാരനെ വിളിച്ചു സംസാരിച്ചു. കേരളത്തില്‍നിന്നു വില കുറഞ്ഞ മരുന്നു തേടിയെത്തിയ ഏജന്റാണെന്നു പരിചയപ്പെടുത്തിയപ്പോള്‍ പുറത്തു കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ട് അയാള്‍ ഗ്രില്‍ അകത്തുനിന്നു പൂട്ടി ഉള്ളിലേക്കു പോയി. നിമിഷങ്ങള്‍ക്കകം വന്നു ഗ്രില്‍ തുറന്നു ഞങ്ങളെ അകത്തു കയറ്റി. വീണ്ടും അകത്തുനിന്നു പൂട്ടി. അകത്തു കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളില്‍ മരുന്നുശേഖരം അടുക്കിവച്ചിരിക്കുന്നു.

”കേരളത്തില്‍ മരുന്നു വ്യാപാരത്തിന് ലൈസന്‍സിനു ശ്രമിക്കുന്ന കക്ഷിയാണ്. ഉടന്‍ ലഭിക്കും. വില കുറച്ചു മരുന്നു വേണം. ഗുണനിലവാരം പ്രശ്നമല്ല. കിട്ടുമോ എന്നറിയാന്‍ വന്നതാണ്

കാര്യം പറഞ്ഞെങ്കിലും ചെറുപ്പക്കാരനു സംശയം ബാക്കി. ഇവിടെ ഈ കമ്പനിയുണ്ടെന്ന് ആരു പറഞ്ഞു എന്നതുള്‍പ്പെടെ അനവധി ചോദ്യങ്ങള്‍. ഒടുവില്‍ പറഞ്ഞു: ”സാധനം കിട്ടും. പക്ഷേ വിലയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുതലാളിയുമായി സംസാരിക്കണം. അദ്ദേഹം സ്ഥലത്തില്ല

”മരുന്നിന്റെ വിലയും ക്വാളിറ്റിയും?

”അതൊക്കെ സംസാരിക്കാം. നിങ്ങള്‍ക്ക് ലൈസന്‍സുണ്ടോ?

”അതുടന്‍ കിട്ടും. നിങ്ങളുടെ മുതലാളിയുടെ നമ്പര്‍ തരാമോ?

”നമ്പര്‍ അറിയില്ല. നേരിട്ടു വരൂ

ഏറെ നിര്‍ബന്ധിച്ചപ്പോള്‍ ഉടമയുടേതെന്നു പറഞ്ഞ് ഒരു നമ്പര്‍ തന്നു. രണ്ടു ദിവസം കഴിഞ്ഞു ബന്ധപ്പെടാമെന്ന നിബന്ധനയില്‍ യാത്ര പറഞ്ഞു. പൂട്ടു തുറന്നു ഞങ്ങളെ പുറത്തുവിട്ടു.

പിന്നീട് ആ നമ്പരില്‍ വിളിച്ചപ്പോഴൊന്നും അത് എടുക്കുന്നുണ്ടായിരുന്നില്ല.ഇടപാടുകള്‍ നേരിട്ടു കണ്ടു മാത്രമാകും.

ഞങ്ങളുടെ അന്വേഷണത്തില്‍ ഒരു കാര്യം വ്യക്തമായി. ഉല്ലാസ് നഗര്‍ വ്യാജ മരുന്നുകളുടെ പറുദീസതന്നെ. സംശയം നിഴലിടുന്ന കണ്ണുകള്‍ക്കും അടച്ചുപൂട്ടിയ വാതിലുകള്‍ക്കുമപ്പുറം മരുന്നു മണക്കുന്ന മുറികളില്‍ നടക്കുന്നതു കോടികളുടെ കച്ചവടം.

‘ഗുണം കുറയും, പക്ഷേ ആളു മരിക്കില്ല’

മുംബൈ ഉല്ലാസ് നഗറില്‍ ചേരി പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഒരു മരുന്നു കമ്പനി

മഹാരാഷ്ട്രയില്‍ വ്യാജ മരുന്നു ലോബിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരാളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കുള്ള മരുന്നു വില്‍പ്പനയുടെ ഏജന്റായി പ്രവര്‍ത്തിച്ചു പരിചയമുള്ള മലയാളിയാണ് ഇയാളെക്കുറിച്ചു പറഞ്ഞത്. ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ‘അയാള്‍ നിങ്ങളെ വിളിക്കും എന്നായിരുന്നു മറുപടി. അടുത്ത ദിവസം ലാന്‍ഡ് ഫോണില്‍നിന്ന് ആ വിളിയെത്തി. പേരോ നാടോ വെളിപ്പെടുത്താന്‍ തയാറാകാതെ അയാള്‍ നേരേ വിഷയത്തിലേക്കു കടന്നു.

കേരളത്തില്‍ മരുന്നു കച്ചവടത്തിനു പദ്ധതിയുണ്ടെന്നും വില കുറച്ചു മരുന്നു വേണമെന്നും പറഞ്ഞപ്പോള്‍ നേരിട്ടു കാണാമോയെന്നായി അയാള്‍. കേരളത്തിലേക്കു മടങ്ങേണ്ടതിനാല്‍ നേരിട്ടു കാണുന്നത് അടുത്ത വരവിനാകാമെന്നും കുറച്ചു പ്രാഥമിക കാര്യങ്ങള്‍ അറിയാനാണ് വിളിച്ചതെന്നും പറഞ്ഞപ്പോള്‍ സംസാരം തുടര്‍ന്നു.
കേരളത്തിലായതിനാല്‍ ലൈസന്‍സ് വേണമെന്നും അതു സംഘടിപ്പിച്ചു കഴിഞ്ഞാല്‍ ആവശ്യമുള്ള മരുന്ന്, അതു ജനറിക് ആയാലും ബ്രാന്‍ഡഡ് ആയാലും ആവശ്യത്തിന് എത്തിച്ചുതരാമെന്നും അയാള്‍ ഉറപ്പു നല്‍കി.

”വില?
”അതു മറ്റെവിടെ വാങ്ങുന്നതിലും കുറവായിരിക്കും
”ഗുണമോ?
”പേടിക്കണ്ട, ആളു മരിക്കില്ല
”അതെങ്ങനെ ഉറപ്പു പറയാനാവും?
”മരുന്നിന്റെ അംശം കുറയുമെന്നേയുള്ളൂ. മറ്റു കാര്യമായ പ്രശ്നമൊന്നുമില്ല
”ഗുളികയാണോ കിട്ടുക?
”ഗുളികയും സിറപ്പും എളുപ്പം ലഭിക്കും. ഇന്‍ജക്ഷനും വേണമെങ്കില്‍ ശരിയാക്കാം. വസായിയില്‍ ആംപിസിലിന്‍ ഉണ്ടാക്കുന്ന കേന്ദ്രമുണ്ട്

”എളുപ്പം വിറ്റഴിയുന്ന മരുന്ന് ഏതൊക്കെ?
”ഡ്യൂപ്ളിക്കേറ്റ് വയാഗ്ര വേണമെങ്കില്‍ സംഘടിപ്പിക്കാം. മുംബൈയിലും ഡല്‍ഹിയിലുമെല്ലാം വന്‍ വില്‍പനയാണ്. 50 രൂപ മുടക്കിയാല്‍ മതി. 500 രൂപ എംആര്‍പി ഇടാം. ഡിസ്കൌണ്ടില്‍പോലും 300നു മീതേ വില്‍ക്കാം
സംസാരം നിര്‍ത്തുന്നതിനു മുന്‍പു ചോദിച്ചു: ”നിങ്ങളുടെ ഈ മരുന്നുകളെല്ലാം എവിടെയാണു നിര്‍മിക്കുന്നത്? മഹാരാഷ്ട്രയില്‍ത്തന്നെയാണോ?
എന്തോ സംശയം തോന്നിയതുകൊണ്ടാവാം അയാളുടെ മറുപടി ഇങ്ങനെയായിരുന്നു: ”അതു നിങ്ങളറിയേണ്ട കാര്യമില്ലല്ലോ? സാധനം കിട്ടിയാല്‍ പോരേ. ആദ്യം ലൈസന്‍സ് സംഘടിപ്പിക്കൂ. അതിനുശേഷം ബന്ധപ്പെടൂ

Advertisements

2അഭിപ്രായങ്ങള്‍

Filed under ആരോഗ്യം, വാര്‍ത്ത

2 responses to “വ്യാജ മരുന്ന് ഒരന്വേഷണം – കടപ്പാട് മനോരമ

  1. കെ.പി.എസ്.

    മനോരമയില്‍ വായിച്ചു. നാനിയപ്പന്‍ തെരുവ് അല്ല, നൈനിയപ്പ നായിക്കന്‍ തെരുവ് ആയിരുന്നു.(Nainiyappa Naicken Street, Park Town, Chennai 600003). എനിക്ക് നല്ല പോലെ അറിയുന്ന തെരു ആയത് കൊണ്ട് പത്രത്തിലെ തലക്കെട്ട് വായിച്ചപ്പോള്‍ ഒരു ഇത് തോന്നിയത് സൂചിപ്പിച്ചു എന്ന് മാത്രം. ലേഖന പരമ്പര ഇവിടെ സൂക്ഷിക്കുക. ആവശ്യം വരും. മലയാളി ഒരു പാഠവും പഠിക്കില്ല എന്നത് വേറെ കാര്യം.

  2. kps,
    നന്ദി. തീര്‍ച്ചയായും ഈ പരമ്പര ഇവിടെ സൂക്ഷിക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w