സിപിഎം: 5 ജില്ലാ സെക്രട്ടറിമാരും ഒഴിയേണ്ടിവരും

തിരുവനന്തപുരം: മൂന്നു സമ്മേളന കാലയളവ് എന്ന പരിധി അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പു കര്‍ശനമായി നടപ്പാക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം കേരളത്തിലെ അഞ്ചു ജില്ലാ സെക്രട്ടറിമാര്‍ക്കും പദവി ഒഴിയേണ്ടിവരും. പാര്‍ലമെന്ററി രംഗത്തു തുടര്‍ച്ചയായി രണ്ടു ടേം എന്ന മുന്‍ നിബന്ധന ഇനി കര്‍ശനമായി നടപ്പാക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. തെറ്റുതിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട ഇതുള്‍പ്പെടെ എല്ലാ വിഷയങ്ങളും കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ആദ്യപടിയായി നവംബര്‍ രണ്ടാംവാരം സംസ്ഥാന കമ്മിറ്റി യോഗം ഇവിടെ ചേരും.

സെക്രട്ടറിമാര്‍ക്കു കാലപരിധി നിശ്ചയിച്ചുള്ള കേന്ദ്രകമ്മിറ്റി തീരുമാനം പാര്‍ട്ടി അണികളില്‍
വലിയ ചര്‍ച്ചയ്ക്കു തുടക്കമിട്ടു. തൊട്ടടുത്ത സമ്മേളനത്തില്‍ത്തന്നെ നടപ്പാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അതുണ്ടാകും എന്നാണ് എല്ലാ സൂചനയും. അങ്ങനെ വന്നാല്‍ എം.എം. മണി (ഇടുക്കി), ഗോപി കോട്ടമുറിക്കല്‍(എറണാകുളം), പി. ഉണ്ണി(പാലക്കാട്), കെ. രാജഗോപാല്‍(കൊല്ലം), കെ. അനന്തഗോപന്‍(പത്തനംതിട്ട) എന്നിവരും പുറത്തുപോകും. ഇവരില്‍ മണി അതിദീര്‍ഘകാലമായി ഇടുക്കി ജില്ലാ സെക്രട്ടറിയാണ്.

98ലെ പാലക്കാട് സമ്മേളനത്തിനുശേഷം എം. ചന്ദ്രനും പി.കെ. ഗുരുദാസനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാകുമ്പോഴാണു യഥാക്രമം ഉണ്ണിയും രാജഗോപാലും പാലക്കാടിന്റെയും കൊല്ലത്തിന്റെയും അമരത്തേക്കു വന്നത്. ഗോപിയും അനന്തഗോപനും അടുത്ത സമ്മേളനമാകുമ്പോഴേക്ക്
ഏതാണ്ടു പത്തുവര്‍ഷം പൂര്‍ത്തിയാക്കും. മറ്റുള്ള ഒന്‍പതു ജില്ലകളിലും താരതമ്യേന പുതിയ മുഖങ്ങളാണു സെക്രട്ടറി പദവിയില്‍. സി.ബി. ചന്ദ്രബാബു(ആലപ്പുഴ), കടകംപള്ളി സുരേന്ദ്രന്‍(തിരുവനന്തപുരം), കെ.പി. സതീഷ് ചന്ദ്രന്‍(കാസര്‍കോട്) എന്നീ മൂന്നു പേര്‍ക്കാണ് ഇനിയും ദീര്‍ഘമായ കാലയളവു ലഭിക്കുക.

കഴിഞ്ഞവര്‍ഷം നടന്ന കോട്ടയം സമ്മേളനത്തിനു തൊട്ടുമുന്‍പും ശേഷവുമായിട്ടാണ് ഇവര്‍ സെക്രട്ടറിമാരായത്. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതി അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലേ അംഗീകരിക്കുകയുള്ളൂവെങ്കിലും അതിനു മുന്‍പായി നടക്കുന്ന സമ്മേളനങ്ങളില്‍ നടപ്പാക്കാനാണു കേന്ദ്രനേതൃത്വത്തിലുളള ധാരണ. അങ്ങനെ വന്നാല്‍ മൂന്നു സമ്മേളന കാലയളവു പൂര്‍ത്തിയാക്കിക്കഴിഞ്ഞ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറിനില്‍ക്കേണ്ടിവരും. പക്ഷേ സംഘടനാ നിയമത്തിന് അവശ്യഘട്ടങ്ങളില്‍ ഇളവുമുണ്ടാകും എന്നു വാദിക്കുന്നവര്‍ ഇപ്പോള്‍ത്തന്നെ രംഗത്തുണ്ട്.

ബ്രാഞ്ച് തലം വരെയുള്ള സെക്രട്ടറിമാര്‍ മൂന്നു സമ്മേളന കാലയളവിനുശേഷം ഒഴിയണം എന്ന നിര്‍ദേശം നടപ്പാക്കുമ്പോള്‍ കേരളത്തില്‍ താഴേത്തട്ടില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനാണു സാധ്യത. ലോക്കല്‍, ഏരിയ സെക്രട്ടറിമാരായി വര്‍ഷങ്ങളായി തുടരുന്നവരുണ്ട്. കൂട്ടായ നേതൃത്വം എന്ന കാഴ്ചപ്പാടു കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യവും ഇൌ തീരുമാനത്തിനു പിന്നിലുണ്ട്. എല്ലാ അധികാരവും സെക്രട്ടറിയില്‍ കേന്ദ്രീകരിക്കപ്പെടുന്ന തെറ്റായ പ്രവണതയോടൊപ്പം മറ്റൊരു വിഷയവും പാര്‍ട്ടി കാണുന്നു- എല്ലാ ഉത്തരവാദിത്തവും സെക്രട്ടറിക്കാണ് എന്ന നിലയില്‍ മറ്റുള്ളവര്‍ ഒഴിയുന്ന രീതി. ഇതു രണ്ടും തിരുത്താനാണു ശ്രമം.

പാര്‍ലമെന്ററി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു തുടര്‍ച്ചയായ രണ്ടു ടേമില്‍ കൂടുതല്‍ നല്‍കില്ല എന്നതു പഞ്ചായത്ത് അംഗങ്ങള്‍ക്കുവരെ ബാധകമായിരിക്കും. കേരളത്തിലാണ് ഇൌ നിര്‍ദേശം ഒരു പരിധി വരെയെങ്കിലും നടപ്പാക്കുന്നത് എന്നു തെറ്റുതിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടുന്നു. ഇതു വേണ്ടരീതിയില്‍ പാലിക്കാത്തതിനു പശ്ചിമ ബംഗാള്‍ ഘടകത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്. സഖാക്കള്‍ പാര്‍ലമെന്ററി രംഗത്തേക്കു കൂടുതല്‍ ചായുന്ന പ്രവണത നിരുല്‍സാഹപ്പെടുത്തണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെടുന്നു.

ജനങ്ങളോടുള്ള ചില സഖാക്കളുടെ ധിക്കാരപൂര്‍വമായ പെരുമാറ്റം രേഖയില്‍ എടുത്തു പറയുന്നു. പല ആവശ്യങ്ങള്‍ക്കായും എത്തുന്നവരെ വെറുപ്പിക്കുന്ന രീതി കൂടിവരുന്നെന്ന പരാതി പല സംസ്ഥാനങ്ങളിലുമുണ്ട്. ഇത് ഒഴിവാക്കിയേ തീരൂ. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കു നിരക്കാത്ത ഇത്തരം രീതികളെല്ലാം പരിശോധിക്കാനാണ് അച്ചടക്കസമിതി രൂപീകരിക്കുന്നത്. ദേശീയതലത്തില്‍ കൂടാതെ സംസ്ഥാന തലത്തിലും സമിതി രൂപീകരിക്കുന്നതു പാര്‍ട്ടി പരിഗണിച്ചേക്കും.

1996ലാണ് പാര്‍ട്ടി ആദ്യ തെറ്റുതിരുത്തല്‍ രേഖ തയാറാക്കിയതും അംഗീകരിച്ചതും. എന്നാല്‍ അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതില്‍ വീഴ്ചയുണ്ടായെന്നു രണ്ടാം രേഖ സമ്മതിക്കുന്നു. കേന്ദ്ര കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയിലും ഉയര്‍ന്നുനിന്നത് ഇൌ വിമര്‍ശനമാണ്. തിരഞ്ഞെടുപ്പുകളിലും മറ്റും കൂടുതല്‍ ശ്രദ്ധ ഉൌന്നിയപ്പോള്‍ സംഘടനാരംഗത്തു പോരായ്മകളുണ്ടായി എന്നാണു പാര്‍ട്ടി ഇപ്പോള്‍ നടത്തുന്ന കുമ്പസാരം.

വെറുക്കപ്പെട്ടവരുടെ സംഭാവന വേണ്ട
സമൂഹത്തിലെ വെറുക്കപ്പെട്ട വ്യക്തികളില്‍ നിന്നു സിപിഎമ്മിന്റെ ഏതെങ്കിലും ഘടകമോ നേതാവോ സംഭാവന സ്വീകരിക്കരുതെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു. ഫണ്ട് പിരിവു സംബന്ധിച്ച വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ സംസ്ഥാന കമ്മിറ്റികളോട് ആവശ്യപ്പെട്ടു. പണത്തിന്റെ സ്വാധീനത്തിനു സഖാക്കളും പാര്‍ട്ടിയും വഴങ്ങുന്നു എന്ന വിമര്‍ശനമുണ്ടെന്നു കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ സിപിഎം സമ്മതിക്കുന്നു.

തിരഞ്ഞെടുപ്പിനും പാര്‍ട്ടി പ്രചാരണങ്ങള്‍ക്കും മറ്റുമായുള്ള ഫണ്ട് പിരിവ് ഏതാനും പേരില്‍ ഒതുക്കുന്ന പ്രവണത കൂടിവരുന്നു എന്നാണു കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. ഫണ്ടിനായി ജനങ്ങളെ ആകെ ആശ്രയിക്കുകയാണു വേണ്ടത്. അതു ചുരുക്കി സമ്പന്നരില്‍ നിന്നു വന്‍തുക കൈപ്പറ്റുന്ന രീതിയുണ്ട്. അവര്‍ ഇൌ സംഭാവന നല്‍കുന്നതു സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കാണ്.

കേരളത്തില്‍ മദ്യരാജാവ് മണിച്ചനില്‍ നിന്നു തിരുവനന്തപുരത്തെ നേതാക്കള്‍ പണം വാങ്ങിയ സംഭവം എടുത്തു പറയുന്ന രേഖയില്‍, ഇൌ സംഭവം പാര്‍ട്ടിയുടെ പ്രതിഛായയ്ക്കു വലിയ കോട്ടമാണ് ഉണ്ടാക്കിയതെന്നും വ്യക്തമാക്കുന്നു.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )