കെ.പി പ്രഭാകരന്‍ സര്‍ ചതി മൊണ്‍സാന്റോയുടേതല്ല ജി.ഇ.എ.സിയുടേതാണ്

ബി.ടി. വഴുതന-മൊണ്‍സാന്റോയുടെ ചതി

ഡോ. കെ.പി. പ്രഭാകരന്‍ നായര്‍

അമേരിക്കയില്‍ 1999ല്‍ നടന്ന ജൈവ സാങ്കേതിക വ്യവസായ സമ്മേളനത്തില്‍ ആര്‍തര്‍ ആന്‍ഡേഴ്‌സണ്‍ കണ്‍സള്‍ട്ടിങ്‌ സ്ഥാപനത്തിന്റെ പ്രതിനിധി കാര്‍ഷിക വാണിജ്യ രംഗത്തെ യു.എസ്‌. ഭീമനായ മൊണ്‍സാന്‍േറായോട്‌ ഒരു ചോദ്യം ഉന്നയിച്ചു. 15-20 വര്‍ഷത്തിന്‌ ശേഷം അവര്‍ മാതൃകയായി കാണുന്ന ഭാവിലോകം എന്ത്‌ എന്നായിരുന്നു ചോദ്യം. ‘ജനിതകമാറ്റം വരുത്തി പേറ്റന്റ്‌ ലഭിച്ച വിത്തുകള്‍ മാത്രമുള്ള ലോകം’ എന്നായിരുന്നു മൊണ്‍സാന്‍േറാ പ്രതിനിധിയുടെ മറുപടി. ഈ ലക്ഷ്യം നേടാനായി മൊണ്‍സാന്റോ തന്ത്രങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുകയും ചെയ്‌തു.

ഒക്ടോബര്‍ 14 ഇന്ത്യന്‍ കാര്‍ഷികമേഖലയ്‌ക്ക്‌ കരിദിനമാണ്‌. കാരണം, അന്നാണ്‌ നമ്മുടെ മുന്‍നിര കൃഷിശാസ്‌ത്രജ്ഞന്മാരുടെ ഒളിഞ്ഞുള്ള പിന്തുണയോടെ യു.പി.എ. സര്‍ക്കാര്‍ മൊണ്‍സാന്‍േറായെ ചുവന്ന പരവതാനി വിരിച്ച്‌ ഇന്ത്യയിലേക്ക്‌ സ്വാഗതം ചെയ്‌തത്‌. ഈ ദിവസമാണ്‌ വിവാദമായ ബി.ടി. വഴുതന വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ കൃഷിചെയ്യുന്നതിന്‌ അനുമതി കൊടുത്തത്‌. കര്‍ഷകരുടെയും ഇതില്‍ ആശങ്കയുള്ള പൗരന്മാരുടെയും പ്രതിബദ്ധതയുള്ള ശാസ്‌ത്രജ്ഞരുടെയും ദേശവ്യാപകമായി ഉയര്‍ന്ന എതിര്‍പ്പുകളെയും അവഗണിച്ചാണ്‌ ജനിതക എന്‍ജിനീയറിങ്‌ അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി.) ഇതിന്‌ അംഗീകാരം നല്‌കിയത്‌. മഹാരാഷ്ട്ര ഹൈബ്രിഡ്‌ സീഡ്‌ കമ്പനി (മൊണ്‍സാന്‍േറായുടെ ഇന്ത്യന്‍ കരം) നല്‌കിയ ഫീല്‍ഡ്‌ ഡാറ്റ വിശകലനം ചെയ്‌ത സ്വതന്ത്ര വിദഗ്‌ധസമിതിയുടെ ചെയര്‍മാനായിരുന്നു ഈ ലേഖകന്‍. മഹികോ (മഹാരാഷ്ട്ര ഹൈബ്രിഡ്‌ സീഡ്‌ കമ്പനി) ജൈവസുരക്ഷ പ്രോട്ടോകോള്‍ ലംഘിച്ചതിന്റെ അനേകം ദൃഷ്‌ടാന്തങ്ങള്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ സംഗതികളെല്ലാം അവഗണിച്ചുകൊണ്ട്‌ യു.പി.എ. സര്‍ക്കാര്‍ ബി.ടി. വഴുതനയ്‌ക്ക്‌ പച്ചക്കൊടി കാട്ടിയ ജി.ഇ.എ.സി.യുടെ നടപടിയെ അനുകൂലിച്ചു.

ഈ സാഹചര്യത്തില്‍ ചില ഗൗരവമുള്ള കാര്യങ്ങള്‍ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ജൈവ സാങ്കേതികരംഗത്തെ അമേരിക്കന്‍ ഭീമനായ ബേയര്‍ ക്രോപ്‌ സയന്‍സ്‌ ജനിതകമാറ്റം വഴി വികസിപ്പിച്ച ‘ലിബര്‍ട്ടി ലിങ്ക്‌’ എന്ന അരിക്ക്‌ നവംബര്‍ 24ന്‌ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ അഗ്രിക്കള്‍ച്ചര്‍ (യു.എസ്‌.ഡി.എ.) വിപണനത്തിന്‌ അംഗീകാരം നല്‌കി. മറ്റ്‌ അരി ഇനങ്ങളെ മലിനപ്പെടുത്തുമെന്ന്‌ കണ്ടെത്തിയപ്പോള്‍, ഈ അരിയുടെ കയറ്റുമതി നിര്‍ത്തുന്നതിനു പകരം യു.എസ്‌.ഡി.എ. അതിനു പച്ചക്കൊടി വീശുകയാണുണ്ടായത്‌. ഈ തട്ടിപ്പു മനസ്സിലാക്കിയ റഷ്യ ഇതിന്റെ ഇറക്കുമതി നിരോധിച്ചു. ഈ ജൈവസാങ്കേതികവ്യവസായങ്ങള്‍ക്ക്‌ അമേരിക്കന്‍ സര്‍ക്കാറിലുള്ള ഉന്നത സ്വാധീനംകൂടി വ്യക്തമാക്കുന്നതാണീ സംഭവം. മന്‍മോഹന്‍സിങ്ങിനോട്‌ മൊണ്‍സാന്‍േറാ കാര്യങ്ങള്‍ ഉത്തരവിടും എന്നതില്‍ അത്ഭുതത്തിനു വകയുണ്ടോ? കൃഷിയിലെ ജൈവസാങ്കേതികരംഗത്ത്‌ സഹകരണത്തിനു വഴിതുറന്ന്‌ അന്നത്തെ യു.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷുമൊത്ത്‌ കൃഷിയിലെ വിജ്ഞാന സംരംഭത്തിനു തുടക്കം കുറിക്കുന്ന ഉടമ്പടിയില്‍ നാലു വര്‍ഷം മുമ്പ്‌ ഒപ്പുവെച്ചപ്പോള്‍ അത്‌ കൃഷിയിലെ ജൈവസാങ്കേതിക രംഗത്ത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു വഴിതെളിയിച്ചു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള പരമാധികാരവും അംഗീകരിക്കപ്പെട്ടു. പക്ഷേ, ഇതുവഴി അമേരിക്കയ്‌ക്ക്‌ നമ്മുടെ ബൃഹത്തായ ജനിതക നിധിയിലേക്ക്‌ പ്രവേശനം ലഭിക്കും. ഇത്‌ അമേരിക്കന്‍ ജൈവസാങ്കേതിക വ്യവസായത്തിനു ക്രമേണ ഇന്ത്യയില്‍ സ്വാധീനം ഉറപ്പാക്കാനും അവസരം ഒരുക്കും. ആര്‍തര്‍-ആന്‍ഡേഴ്‌സന്‍ തന്ത്രം സാവധാനത്തില്‍ ഇന്ത്യയില്‍ നടപ്പാവുകയാണ്‌. 10-15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വിത്ത്‌ വ്യവസായ മേഖല പിടിച്ചെടുക്കുകയാണ്‌ മൊണ്‍സാന്‍േറായുടെ ലക്ഷ്യം. ബി.ടി. കോട്ടണ്‍ ആയിരുന്നു ആദ്യപടി. ഇപ്പോള്‍ ബി.ടി. വഴുതന രണ്ടാമതും. അധികം വൈകാതെ ബി.ടി. അരിയും വരും. ബി.ടി. ചോളം (മൊണ്‍സാന്‍േറാ ഇതിന്റെ ഫീല്‍ഡ്‌ പരീക്ഷണം ഇന്ത്യയില്‍ നടത്തിക്കഴിഞ്ഞു), ബി.ടി. കോളിഫ്‌ളവര്‍, ബി.ടി. കാബേജ്‌… തുടങ്ങി എല്ലാം വരും. ഇന്ത്യന്‍ വിത്തുവിപണി വളരെ വലുതാണ്‌. അത്‌ കൈയിലൊതുക്കുകയാണ്‌ മോണ്‍സാന്‍േറാ ഉന്നമിടുന്നത്‌.

ജനിതക മാറ്റം വരുത്തിയ വഴുതന ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതത്തെക്കുറിച്ച്‌ നമുക്കിപ്പോള്‍ സങ്കല്‌പിക്കാന്‍ പോലും കഴിയില്ല.

ഈ ലേഖകന്‍ ചെയര്‍മാനായ വിദഗ്‌ധ കമ്മിറ്റി മഹികോ നടത്തിയ ഫീല്‍ഡ്‌ പരീക്ഷണത്തില്‍ കണ്ടെത്തിയ കാര്യം വഴുതനയെ ആക്രമിക്കുന്ന ഒരു പ്രാണിയെ കൊല്ലുന്ന ബി.ടി. വിഷം മനുഷ്യന്‌ അപകടകരമാണെന്നാണ്‌. ഇത്‌ ഭക്ഷ്യയോഗ്യമാണെന്ന്‌ തെളിയിക്കുന്ന സമ്പൂര്‍ണ പരീക്ഷണങ്ങളൊന്നും നടന്നിട്ടില്ല. ജൈവസാങ്കേതിക വകുപ്പ്‌ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഈ പരീക്ഷണം നടത്തേണ്ടത്‌.

മഹികോ പറയുന്നത്‌ പരുത്തിക്കര്‍ഷകര്‍ പരുത്തിയെ നശിപ്പിക്കുന്ന പ്രാണിയെ നിയന്ത്രിക്കുന്നതിനു ധാരാളം പണം ചെലവഴിക്കുന്നുവെന്നാണ്‌. ബോറര്‍ എന്ന കീടത്തെ നശിപ്പിക്കാന്‍ പരുത്തിക്കര്‍ഷകര്‍ 25 മുതല്‍ 60 തവണ വരെ കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്നാണ്‌ കമ്പനിയുടെ അവകാശവാദം. പരുത്തിയുടെ വിള കാലാവധി 120 -130 ദിവസമാണ്‌. എന്നുവെച്ചാല്‍ രണ്ടു ദിവസത്തിലൊരിക്കല്‍ കീടനാശിനി പ്രയോഗിക്കുന്നുവെന്ന്‌! ഇത്‌ അവിശ്വസനീയമാണ്‌. കീടനാശിനി ഇത്ര ചെലവേറിയ ഈ കാലത്ത്‌ രണ്ടു ദിവസത്തിലൊരിക്കല്‍ കീടനാശിനി പ്രയോഗിക്കാന്‍ ഒരു കര്‍ഷകനും തയ്യാറാവില്ല. ഇതു കളവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്‌. ബി.ടി. വഴുതന സുരക്ഷിതമാണെന്ന്‌ യു.പി.എ. സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍, ഇതുസംബന്ധിച്ച്‌ നടന്ന ഫീല്‍ഡ്‌ പരീക്ഷണങ്ങളും ലബോറട്ടറി ടെസ്റ്റുകളും പരസ്യപ്പെടുത്താന്‍ ജി.ഇ.എ.സി.യോട്‌ എന്തുകൊണ്ട്‌ ആവശ്യപ്പെടുന്നില്ല. ബി.ടി. വഴുതനയുടെ പാചകപരീക്ഷണം സംബന്ധിച്ച്‌ ഒട്ടേറെ പിഴവുകള്‍ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്‌. പക്ഷേ, മഹികോ ഈ നിര്‍ണായകകാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തുന്നു. യു.പി.എ. സര്‍ക്കാറും സൗകര്യപൂര്‍വം മിണ്ടാതിരിക്കുന്നു.

ബി.ടി.കോട്ടണും ബി.ടി.വഴുതനയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ്‌ പരിസ്ഥിതി മന്ത്രി ജയ്‌റാംരമേഷിന്റെ നിലപാട്‌. ഒന്ന്‌ കഴിക്കാന്‍ പറ്റുന്നതും രണ്ടാമത്തെത്‌ കഴിക്കാന്‍ പറ്റാത്തതും. ഇപ്പോള്‍ അദ്ദേഹം തന്റെ പഴയ നിലപാടിനോട്‌ പ്രതിബദ്ധത പുലര്‍ത്തുന്നില്ല. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ബി.ടി.വഴുതന പുറത്തിറങ്ങുന്നതിന്‌ മുമ്പ്‌ പരിശോധിക്കുമെന്നാണ്‌ അദ്ദേഹം ഇപ്പോള്‍ പറയുന്നത്‌.

ജനിതകമാറ്റം വരുത്തിയ വിളകളെ പിന്തുണയ്‌ക്കുന്നവര്‍ ബി.ടി.കോട്ടണിന്റെ വിജയത്തെയാണ്‌ ബി.ടി. വഴുതനയുമായി താരതമ്യം ചെയ്യുന്നത്‌. പക്ഷേ, ഇവിടെ പല കള്ളത്തരങ്ങളും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ബി.ടി. കോട്ടണ്‍ കൃഷി ചെയ്‌തിരുന്ന ആന്ധ്രാപ്രദേശില്‍ പശുക്കളും ആടുകളും ഏറെ ചാവാനിടയായതിനെക്കുറിച്ച്‌ അവര്‍ മൗനം പാലിക്കുന്നു. സാധാണ വിത്തിനെ അപേക്ഷിച്ച്‌ ബി.ടി. കോട്ടണിന്റെ ഉത്‌പാദനക്ഷമത രണ്ടു ശതമാനമാണ്‌ കൂടുതല്‍. ഇതാകട്ടെ ഇതിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക്‌ ഗുണം ചെയ്യുന്നുമില്ല. മൂന്നുവര്‍ഷംമുമ്പാണ്‌ ആദ്യമായി മൊണ്‍സാന്‍േറാ- മഹികോ സംഘം ബി.ടി. കോട്ടണ്‍ ഇറക്കിയത്‌. 450 ഗ്രാം വിത്തിന്റെ പാക്കറ്റിന്‌ അവര്‍ അന്ന്‌ ഈടാക്കിയത്‌ 1,950 രൂപയാണ്‌! ഇതേ അളവിലുള്ള സാധാണ കോട്ടണ്‍വിത്തിന്റെ വില 350 രൂപയും. ആന്ധ്രാ സര്‍ക്കാറിന്റെ ഇടപെടലും ‘കുത്തകവിരുദ്ധ വ്യാപാര’ നിയമത്തിലെ വകുപ്പുകളും കാരണമാണു ഈ വില പിന്നീട്‌ 750 രൂപയായി കുറച്ചത്‌. 2006-ല്‍ ചൈനാസര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച്‌ അവിടം സന്ദര്‍ശിച്ച ഈ ലേഖകന്‌ കാണാന്‍ കഴിഞ്ഞത്‌ ചൈനയില്‍ മൊണ്‍സാന്‍േറാ ഇതേ അളവില്‍ കോട്ടണ്‍വിത്ത്‌ വില്‍ക്കുന്നത്‌ രണ്ടു ഡോളറിനാണെന്നതാണ്‌ (ഇന്ത്യന്‍ രൂപ ഏകദേശം 100 രൂപ). മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ മൊണ്‍സാന്‍േറാ കമ്പനി ഒട്ടേറെ കര്‍ഷകരെക്കൊണ്ട്‌ ഈ വിത്ത്‌ വാങ്ങിപ്പിക്കുന്നതില്‍ വിജയിച്ചു. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നതും ഇവിടെയാണ്‌.

യൂറോപ്യന്‍ യൂണിയനും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഡെന്മാര്‍ക്ക്‌ തുടങ്ങിയ രാജ്യങ്ങളും ജനതിക മാറ്റം വരുത്തിയ വിളകളെ (ജി.എം. വിള) നിരാകരിക്കുമ്പേള്‍ ഈ ഭക്ഷ്യവിളകളെ ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരെ അടിച്ചേല്‌പിക്കാന്‍ നാം ധൃതികൂട്ടുന്നതെന്തിനാണ്‌? ബി. ടി. വഴുതന നേരിട്ടുതന്നെ ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്നിരിക്കെ ജി.ഇ.എ.സി. തീരുമാനത്തില്‍ ആരോഗ്യമന്ത്രാലയം ഇടപെടാത്തത്‌ എന്തുകൊണ്ടാണ്‌. മാത്രമല്ല കൃഷി സംസ്ഥാന വിഷയവുമാണ്‌. ബി.ടി. വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനു ശുപാര്‍ശ നല്‌കുംമുമ്പ്‌ ഒരു സംസ്ഥാനവുമായും ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടില്ല. എന്തിനാണ്‌ ഈ രഹസ്യാത്മകത? ഈ കള്ളക്കളിക്കു പിന്നില്‍ ആരാണ്‌? രാജ്യം ഇത്‌ അറിയേണ്ടതുണ്ട്‌. ഈ ചതി തുടര്‍ന്നാല്‍ നാം കാര്യങ്ങള്‍ അറിയുമ്പോഴേക്കും വല്ലാതെ വൈകിപ്പോകും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കൃഷി, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w