കര്‍ഷക വിലാപങ്ങളുടെ കേരളം

വിത്തിടുമ്പോള്‍ ഒപ്പം മുഖ്യന്‍ വിളഞ്ഞപ്പോള്‍ ആരോരുമില്ല
പ്രതീക്ഷയുണര്‍ത്തുന്നതും മോഹിപ്പിക്കുന്നതുമായിരുന്നു പദ്ധതിയുടെ പേര്: ”എല്ലാവരും പാടത്തേക്ക്”. ആദ്യം വിത്തിട്ടത് തിരുവനന്തപുരം ജില്ലയിലെ മാങ്കിളിക്കരയിലെയും മേലാങ്കോടിലെയും വയലുകളില്‍. കഴിഞ്ഞ ജനവരി 14ന് ഉദ്ഘാടന മഹാമഹം.
കര്‍ഷകരെ പാടത്തേക്ക് കൈപിടിച്ചിറക്കാന്‍ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ എത്തി. വി.എസ്സും മന്ത്രിമാരും എം.എല്‍.എ.മാരും കര്‍ഷകരുമെല്ലാം വയലിലെ ചെളിയില്‍ വിളയിറക്കുന്ന കാഴ്ചകണ്ട് കേരളം ആവേശം പൂണ്ടു. മാധ്യമങ്ങളെല്ലാം അത് മത്സരിച്ചാഘോഷിച്ചു.

നിരാശയുടെ പാടത്തേയ്ക്ക്

പക്ഷേ, മുഖ്യമന്ത്രി തങ്ങളെ കൈപിടിച്ചിറക്കിയത് നിരാശയുടെ പാടത്തേക്കായിരുന്നുവെന്ന് കര്‍ഷകര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. മാങ്കിളിക്കരയിലേയും മേലാങ്കോടിലേയും വയലുകളില്‍ വിത്ത് വീണിട്ട് മാസം പത്ത് കഴിയുന്നു. വിളവെടുത്ത നെല്ല് ‘സപ്ലൈകോ’ക്ക് അളന്നു നല്‍കിയിട്ട് ആറുമാസവും. എന്നിട്ടും നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. കടബാധ്യതയില്‍ നട്ടംതിരിയുന്ന പാവം കര്‍ഷകരുടെ വിലാപം അധികം ദൂരെയല്ലാത്ത സെക്രട്ടറിയേറ്റിലിരുന്ന് ഭരണചക്രം തിരിക്കുന്നവരുടെ ചെവിയിലെത്തുന്നില്ല. വിത്തി ടുമ്പോള്‍ കൈകോര്‍ത്തവരോട് കര്‍ഷകര്‍ മറ്റൊന്നും ആവശ്യപ്പെടുന്നില്ല; അളന്ന നെല്ലിന്റെ വിലയല്ലാതെ.
കേരളം നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മലയാളിക്ക് ചോറുണ്ണാന്‍ കൂടുതല്‍ പാടങ്ങള്‍ പച്ചയണിയണമെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. ആസിയാന്‍ കരാര്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാണ്യവിളകളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക ഉയരുമ്പോള്‍ ഭക്ഷ്യവിളകളിലേക്ക് ഒരു മടക്കയാത്ര അനിവാര്യമാകുന്നുമുണ്ട്.


കാലം തെറ്റിയ കൃഷി

‘എല്ലാവരെയും പാടത്തിറക്കുന്ന’ പദ്ധതിയില്‍ കാലം തെറ്റിയുള്ള കൃഷി ആയതിനാല്‍ തുടക്കത്തിലേ പിഴച്ചു. കൃഷിവകുപ്പ് നല്‍കിയ വിത്ത് അനുയോജ്യമല്ലാത്തതിനാല്‍ ‘കാഞ്ചന’ വിത്തിന്റെ ഞാറ് പുറത്തുനിന്ന് വാങ്ങി നടേണ്ടിവന്നു. 141 എം.എല്‍.എ.മാര്‍ 1000 രൂപ വീതം 1,41,000 രൂപ കൃഷിച്ചെലവിന് നല്‍കി. മാങ്കിളിക്കരയിലും മേലാങ്കോടും അഞ്ചു ഹെക്ടര്‍ വീതമാണ് വിളയിറക്കിയത്.
വിളയിറക്കലിന്റെ ആവേശം വിളവെടുപ്പിനുണ്ടായില്ല. കൊയ്യാന്‍ തൊഴിലാളികളില്ല. കൊയ്ത്തുയന്ത്രവും കിട്ടാതെ വന്നപ്പോള്‍ വേനല്‍ മഴയില്‍ ചാഞ്ഞുവീണ നെല്ല് കൊയെ്തടുക്കാന്‍ കര്‍ഷകര്‍തന്നെ അരിവാളെടുത്തു. കര്‍ഷകദുരിതം വാര്‍ത്തയായപ്പോള്‍ ജില്ലാ പഞ്ചായത്ത് ഒരു കൊയ്ത്തുയന്ത്രം അനുവദിച്ചു.
മാങ്കിളിക്കരയില്‍ കൊയ്ത്തുകൂലിയിനത്തില്‍ 370 പറ നെല്ല് കൊടുക്കേണ്ടിവന്നു. മേലാങ്കോട് കൊയ്ത്തുച്ചെലവായി 53,000 രൂപ കൃഷിവകുപ്പുദ്യോഗസ്ഥര്‍ സ്വന്തം നിലക്ക് നല്‍കി.
കൃഷിവകുപ്പിന്റെ ശ്രദ്ധയും ഉപദേശകനിര്‍ദേശങ്ങളും നിര്‍ലോഭമുണ്ടായിട്ടും പ്രതീക്ഷിച്ച വിളയുണ്ടായില്ല. ഏക്കറിന് 2000 കിലോഗ്രാമെങ്കിലും പ്രതീക്ഷിച്ചിടത്ത് കിട്ടിയത് ശരാശരി 1200 കിലോഗ്രാം മാത്രം.


ഒടുക്കം അവരും വിശ്വസിച്ചു

കര്‍ഷകര്‍ നഷ്ടക്കണക്ക് നിരത്തിയപ്പോള്‍ കൃഷിവകുപ്പിന് വിശ്വാസമായില്ല. വാശികയറിയ അവര്‍ ലാഭകരമാണ് കൃഷിയെന്നു തെളിയിക്കാന്‍ നേരിട്ട് 50 സെന്റില്‍ വിളയിറക്കി. അസിസ്റ്റന്റ് ഡയറക്ടര്‍ മിനി കെ. രാജന്റെ നേതൃത്വത്തില്‍ നടന്ന കൃഷിക്ക് ചെലവായത് 11,800 രൂപ. നെല്ല് വിറ്റുകിട്ടിയത് 8200 രൂപ. നഷ്ടം3600 രൂപ. കല്ലിയൂര്‍ കൃഷി ഓഫീസര്‍ ചിത്രയുടെ നേതൃത്വത്തില്‍ മൂന്ന് ജീവനക്കാര്‍ 85 സെന്റില്‍ നടത്തിയ കൃഷിയും വന്‍ നഷ്ടമായതോടെ കര്‍ഷകര്‍ പറഞ്ഞത് സത്യമാണെന്ന് ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ടു.
മാങ്കിളിക്കരയും മേലാങ്കോടും പകരുന്ന പാഠം പുതിയതല്ല. കൈപിടിച്ചിറക്കുന്നവരൊന്നും കൂടെയുണ്ടാകില്ലെന്ന തിരിച്ചറിവും കര്‍ഷകര്‍ക്ക് പുതിയതല്ല. എങ്കിലും മണ്ണിനെ സ്‌നേഹിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. നഷ്ടം പെരുകുമ്പോഴും അവര്‍ വീണ്ടും വീണ്ടും വിത്തെറിയുന്നതും അതുകൊണ്ടുമാത്രം.

അതിവേഗം തരിശായി മാറുന്ന കേരളത്തിന്റെ കാര്‍ഷികഹൃദയഭൂമിയിലൂടെ ഒരു അന്വേഷണയാത്ര ഇന്ന് തുടങ്ങുന്നു.


കര്‍ഷക വിലാപങ്ങളുടെ കേരളം

”ഇവിടെ കൃഷി ഓഫീസര്‍മാരെ തട്ടിയിട്ട് നടക്കാന്‍ വയ്യ. കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും എന്താണിവിടെ കാട്ടിക്കൂട്ടുന്നത്? ഒരു ഹെക്ടറില്‍നിന്ന് 10-12 മേനി മാത്രം; 25-30 എങ്കിലും കിട്ടേണ്ടിടത്താണിത്. ഉത്പാദനക്ഷമത ഇത്ര കുറവായിരുന്നുവെങ്കില്‍ ഞാന്‍ രണ്ടാംപൂവിന് കൃഷിക്കാരെ പ്രേരിപ്പിക്കില്ലായിരുന്നു”-തൃശ്ശൂരില്‍ കോള്‍കൃഷിഅവലോകന യോഗത്തിലാണ് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്റെ ഈ കുമ്പസാരം. മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള സംവാദം പിന്നെയും നീണ്ടു. അതിന്റെ ശബ്ദരേഖ….
കൃഷിഓഫീസര്‍: ”ഒന്നാംപൂവ് കൃഷിയില്‍ മെച്ചപ്പെട്ട ഉത്പാദനം ഉണ്ട്. അതിന് കാരണം മഴയില്‍ അടിഞ്ഞ് കൂടുന്ന എക്കല്‍. രണ്ടാംപൂവില്‍ കൃഷിയിറക്കുമ്പോള്‍ അത് ബാക്കി ഉണ്ടാവില്ല. ഉത്പാദനക്ഷമത കുറയുന്നു.”മന്ത്രി: ”അതിനര്‍ഥം കൃഷിയുടെ അടിസ്ഥാനം ഇപ്പോഴും പ്രകൃതി തന്നെയെന്ന്. ശാസ്ത്രജ്ഞന്‍മാര്‍ ഉത്പാദനക്ഷമത കൂട്ടാന്‍ എന്തു ചെയ്യുന്നു എന്നാണ് എന്റെ ചോദ്യം”
*** *** ***
ഭക്ഷ്യപ്രതിസന്ധിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ കൃഷിമന്ത്രി ചോദിച്ച ചോദ്യം പ്രസക്തം. ആസിയാന്‍ കരാര്‍ സംസ്ഥാനത്തെ കാര്‍ഷികമേഖലയ്ക്ക് നേരെ ഭീഷണി ഉയര്‍ത്തുമ്പോള്‍ ചില കണക്കുകള്‍ പരിശോധിക്കേണ്ടതുണ്ട്.

* 1961-62ല്‍ 7.53 ലക്ഷം ഹെക്ടര്‍ പാടത്തുനിന്ന് 12.08 ലക്ഷം ടണ്‍ നെല്ലാണ് കേരളം ഉത്പാദിപ്പിച്ചത്. 2007-08ല്‍ 2.83 ലക്ഷം ഹെക്ടറായി ചുരുങ്ങിയ പാടത്തുനിന്ന് ലഭിക്കുന്നത് 6.50 ലക്ഷം ടണ്‍ നെല്ല്. വേണ്ടതിന്റെ 80 ശതമാനം അരി കേരളം പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു.
ഇത് വളരെ ദുര്‍ബലമായ ഒരു കാര്‍ഷികരംഗത്തിന്റെ സാക്ഷ്യപത്രമാണ്. ആസിയാന്‍ കരാര്‍ 2010 ജനവരി ഒന്നിന് പ്രാബല്യത്തില്‍ വരാന്‍ പോകുന്നതേയുള്ളൂ. ‘സ്വതവേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും’ എന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ കൃഷിമാറുന്നു. ഒരു മുട്ടയുടെ വില പോലും നാളികേരത്തിന് കിട്ടാനില്ലാത്ത നാട്ടില്‍ കൃഷിക്കാരന് ഇതിലും പാതാളത്തിലേക്ക് പോകാന്‍ ഒരിടമില്ല.
ഉത്പാദനച്ചെലവും ഉത്പന്നവിലയും പൊരുത്തപ്പെടുന്നില്ലെന്നതാണ് കേരത്തില്‍ കൃഷി നേരിടുന്ന യഥാര്‍ഥ വെല്ലുവിളി. നെല്ലും നാളികേരവുമെല്ലാം അതിന്റെ ദുരന്തം പേറുന്നു. ഭക്ഷ്യവിളകളെന്നോ നാണ്യവിളകളെന്നോ വേര്‍തിരിക്കുന്നതില്‍ വലിയ കാര്യമില്ല. അന്താരാഷ്ട്ര കരാറുകളെച്ചൊല്ലിയുള്ള കോലാഹലങ്ങളെക്കാള്‍ പ്രധാനം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് ന്യായവിലയുംമാന്യജീവീതവും ഉറപ്പാക്കുകയെന്നതാണ്.

കുഞ്ഞന്‍മാരുടെ സങ്കടങ്ങള്‍

കുഞ്ഞന്‍ പുലയനെ നമ്മളില്‍ ചിലരെങ്കിലും അറിയും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ‘കര്‍ഷക മുന്നേറ്റ’ത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു. നെല്‍കൃഷിക്കാരന്റെ വേദനകളെ ജനശ്രദ്ധയില്‍ എത്തിച്ച മുരിയാട് സമരത്തില്‍ പങ്കാളി. മുരിയാട് പാടശേഖരത്തിലെ ഭൂരഹിത കൃഷിക്കാരനാണ് കുഞ്ഞന്‍ പുലയന്‍. തൊഴിലാളിയായും കൃഷിക്കാരനായും പാടത്ത് പല വേഷം ആടിയ മനുഷ്യന്‍. കേരളത്തില്‍ നെല്‍വയല്‍ സംരക്ഷണനിയമം അനിവാര്യമെന്ന് മുരിയാട് സമരം ചൂണ്ടിക്കാട്ടി. നെല്ലിനുവേണ്ടി നിലകൊള്ളുന്ന കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടിയായിരുന്നു കുഞ്ഞന്‍പുലയന്റെ മത്സരം.
കുഞ്ഞന്‍പുലയന്‍, വി.വി.അയ്യപ്പന്‍, വര്‍ഗീസ് തൊടുപറമ്പില്‍, മാടായിക്കോണത്തെ രാജു തുടങ്ങി മുരിയാട് പാടത്തെ പതിനായിരത്തോളം വരുന്ന കൃഷിക്കാര്‍ക്ക് ഒന്നേ പറയാനുള്ളൂ. ”ഞങ്ങള്‍ക്ക് കൃഷി ചെയ്യണം, അതിനു സൗകര്യമുണ്ടാകണം.” പാട്ടകൃഷിക്കാരും ചെറുകിട ഭൂവുടമകളായ കൃഷിക്കാരുമെല്ലാം ചേര്‍ന്ന മുരിയാട് മേഖലയില്‍ 11,000 ഏക്കര്‍ പാടമുണ്ടായിരുന്നു.
ശക്തന്‍ തമ്പുരാന്‍ രൂപകല്പന ചെയ്ത തോടുകളിലൂടെ സുഗമമായി എത്തിയിരുന്ന വെള്ളമായിരുന്നു ഇവിടെ കൃഷിയുടെ അടിസ്ഥാനം. 1984 ല്‍ പുതിയ ബണ്ടിനും തോടിനും വേണ്ടി നടത്തിയ പണിയാണ് പാടം തരിശാക്കിയത്. പണിക്ക് മണ്ണിറക്കി, പക്ഷേ, ചാല് കോരിയില്ല. ഇതോടെ പാടങ്ങള്‍ ഒറ്റമഴയില്‍ മുങ്ങുന്ന നിലയിലായി. തരിശായ പാടങ്ങള്‍ ഇഷ്ടികക്കളങ്ങളായി. ഇപ്പോള്‍ അവശേഷിക്കുന്നത് 7000 ഏക്കര്‍ പാടം.
കൃഷിയില്ലാതെ ജീവിതം ഇല്ലെന്ന തിരിച്ചറിയലില്‍ മുരിയാട്ടെ കൃഷിക്കാര്‍ തുടങ്ങിവെച്ച സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു.
പക്ഷേ, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടവിധം നടപ്പാക്കാനായില്ല. സഹായിക്കാമെന്ന സര്‍ക്കാരിന്റെ വാക്കുകേട്ട്, 25 വര്‍ഷത്തിനുശേഷം കൃഷിയിറക്കിയ പാടങ്ങളിലെ നെല്ല് മുങ്ങിപ്പോയി. മുരിയാട് കാര്യങ്ങള്‍ പഴയപടി തന്നെ. സര്‍ക്കാര്‍ അനുവദിച്ച 80 ലക്ഷത്തില്‍ അധികവും ലാപ്‌സായി. ”കൃഷി നശിച്ചുപോയ വകയില്‍ എനിക്ക് കടം 70,000 രൂപയാണ്” – രാജ എന്ന കൃഷിക്കാരന്‍ പറയുന്നു. ‘എല്ലാവരും പാടത്തേക്ക്’ എന്ന് പറയുന്ന സര്‍ക്കാര്‍ ഇവിടെ കൃഷിക്ക് തയ്യാറായി നില്‍ക്കുന്ന പതിനായിരം കൃഷിക്കാരെ വേണ്ടവിധം പിന്തുണയ്ക്കുന്നില്ല.
”7000 ഏക്കര്‍ ഭൂമി കൃഷിയോജ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരും സര്‍ക്കാരും എങ്ങനെയാണ് കേരളത്തിലെ 2.76 ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ സംരക്ഷിക്കുക”- വര്‍ഗീസ് തൊടുപറമ്പില്‍ ചോദിക്കുന്നു.

പിന്തുണയ്ക്കാന്‍ ആളില്ല

മുരിയാടും വെള്ളായണിയുമെല്ലാം പറയുന്നത് നെല്‍കൃഷിയിലെ ചില അടിസ്ഥാന പ്രശ്‌നങ്ങളാണ്. കൃഷിചെയ്യാന്‍ സന്നദ്ധരായവരെപ്പോലും അതില്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ട പിന്തുണ നല്‍കുന്നില്ല. സര്‍ക്കാര്‍ തുടങ്ങിവെച്ചത് ഉദ്യോഗസ്ഥര്‍ വേണ്ടവിധം പിന്തുടരുന്നില്ല. ശക്തന്‍ തമ്പുരാന്റെ തോടുകള്‍ തകര്‍ത്ത് തൃശ്ശൂര്‍ കോള്‍പ്പാടത്ത് ജനകീയ സര്‍ക്കാരുകള്‍ നടത്തിയ പണികളെല്ലാം പരാജയമായത് ഇതിന് ഉദാഹരണം. വെള്ളായണിയിലെ പാടത്ത് കൃഷിക്കാരന് വന്ന നഷ്ടം ഇതുവരെ നികത്താത്ത വകുപ്പിന്റെ നടപടി മറ്റൊരു ഉദാഹരണം. നെല്‍വില കാലോചിതമായി പരിഷ്‌കരിച്ചെങ്കിലേ ഏതൊരു പ്രതിസന്ധിയിലും കൃഷിക്കാരന് പാടത്ത് പിടിച്ചു നില്‍ക്കാനാകൂ എന്ന് തൃശ്ശൂര്‍ കോള്‍ കര്‍ഷക സംഘം സെക്രട്ടറി കെ.കെ. കൊഡുമുഹമ്മദ് പറയുന്നു.
ഇദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന് കേരള സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ഡോ. പി.യാഗീന്‍ തോമസിന്റെ പഠനത്തിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും.
കര്‍ഷകത്തൊഴിലാളിക്ക് 1983ല്‍ പ്രതിമാസം ശരാശരി 600 രൂപ വരുമാനമുണ്ട്. 2003ല്‍ അത് ശരാശരി 6000 രൂപയായി. പത്തിരട്ടി വര്‍ധന. പക്ഷേ, നെല്ലിന്റെ വിലയില്‍ ഈ പതിറ്റാണ്ടില്‍ ഉണ്ടായ വര്‍ധന 274 ശതമാനം അഥവാ രണ്ടേമുക്കാല്‍ മടങ്ങ് മാത്രമെന്ന് വസ്തുനിഷ്ഠ പഠനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1980 കളുടെ ആദ്യം നെല്ലിന് കിലോഗ്രാമിന് 50 പൈസ വിലയുള്ളപ്പോള്‍ കര്‍ഷകത്തൊഴിലാളിയുടെ കൂലി അഞ്ചു രൂപയായിരുന്നുവെന്ന് തൃശ്ശൂര്‍ കോളിലെ കൃഷിക്കാര്‍ പറയുന്നു. നെല്ലിന് 2009ല്‍ 12 രൂപ കിട്ടുമ്പോള്‍ കൂലി 350 രൂപവരെയായി വര്‍ധിച്ചു.


ദയനീയ ചിത്രങ്ങള്‍

നെല്ലിന്റെ ഉത്പാദനച്ചെലവും കൃഷിക്കാരന് അതില്‍നിന്ന് ലഭിക്കുന്ന വരുമാനവും താരതമ്യം ചെയ്താല്‍ ലഭിക്കുന്നത് ദയനീയ ചിത്രം. കുട്ടനാട്ടില്‍ ഹെക്ടര്‍ ഒന്നിന് ഉത്പാദനം അഞ്ച് ടണ്ണാണ്. ടണ്ണൊന്നിന് 11,000 രൂപ പ്രകാരം 55,000 രൂപയുടെ വരുമാനം.
നിലമൊരുക്കല്‍, കുമ്മായം, വിത്തുവിതയ്ക്കല്‍, വളം, ഇടപോക്കല്‍, കീടനാശിനി, കളനാശിനി തുടങ്ങി എല്ലാറ്റിനുമായി ചെലവ് 19,000 രൂപ വരും. മിച്ചം 36,000 രൂപ. ഇത് ഭൂമി സ്വന്തമായി ഉള്ളവരുടെ കണക്കാണ്. ഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് പാട്ടക്കൂലി കിഴിച്ചാല്‍ വരുമാനം തുച്ഛം. ഇവിടെ ആകെ കൃഷിക്കാരില്‍ പാതിയും പാട്ടകൃഷിക്കാരാണ്. ഹെക്ടര്‍ ഒന്നിന് പാട്ടക്കൂലി 17,500 രൂപ മുതല്‍ 30,000 രൂപവരെ വരും.
പാട്ടകൃഷിക്കാര്‍ പലരും കര്‍ഷകത്തൊഴിലാളികള്‍ ആണ്. ഇവരുടെ അധ്വാനം കൂടി മുതല്‍മുടക്കായി കണക്കാക്കിയാല്‍ ചെലവ് വരുമാനത്തേക്കാള്‍ കൂടും.പിന്നെ അവരെ കൃഷിയില്‍ നിലനിര്‍ത്തുന്നത് അതിനോടുള്ള സ്നേഹം ഒന്നുമാത്രം.
തൃശ്ശൂരില്‍ കോള്‍പ്പാടത്തെ ശരാശരി ഉത്പാദനം ഏക്കറൊന്നിന് രണ്ടു ടണ്ണാണ്. ഇപ്പോഴത്തെ നെല്ലുവില അനുസരിച്ച് വരുമാനം ഏക്കറിന് 22,000 രൂപ വരും. ഉഴല്‍ (600), വരമ്പുവെക്കല്‍ (600), വിത (300), വിത്തുവില (850), വളം (2500), പുല്ല്മരുന്ന് (1600), ചെടിസംരക്ഷണം (800), കൊയ്ത്ത് (2000), ട്രാന്‍സ്‌പോട്ടേഷന്‍ (800) എന്നിങ്ങനെ ചെലവ് 10,000 രൂപ വരും. വരുമാനം 12,000 രൂപ. ഇതില്‍ പാട്ടം, കര്‍ഷകന്റെ അധ്വാനച്ചെലവ് എന്നിവ കഴിച്ചാല്‍ വരുമാനം പിന്നെയും താഴും. തൃശ്ശൂരില്‍ ഒരു ഏക്കര്‍ വരെ മാത്രമുള്ള നാമമാത്ര നെല്‍കൃഷിക്കാരാണ് അധികവും.
ഏറ്റവും കൂടുതല്‍ നെല്‍കര്‍ഷകരുള്ള പാലക്കാട് ജില്ലയിലും ഏറെക്കുറെ സമാനമാണ് സ്ഥിതി. വ്യത്യാസം കൂലിച്ചെലവില്‍ മാത്രം. കര്‍ഷകത്തൊഴിലാളികള്‍ക്ക് മറ്റു സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂലി കുറവാണിവിടെ. എങ്കിലും തൊഴിലുറപ്പ് പദ്ധതിയുടെ രംഗ പ്രവേശത്തോടെ ആ ചിത്രം മാറുകയാണ്.
ഈ സാഹചര്യത്തില്‍ എന്തുവേണം. നെല്ലുവില കിലോഗ്രാമിന് 20 രൂപയെങ്കിലും കിട്ടണമെന്ന് നെല്‍ക്കതിര്‍ പുരസ്‌കാര ജേതാവായ സി.കെ. രാമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. അല്ലാത്തപക്ഷം കടക്കെണി കൃഷിക്കാരനില്‍ നിന്ന് ഒഴിഞ്ഞുപോവില്ല.

(മുളയ്ക്കാത്ത വിത്തും കിട്ടാത്ത യന്ത്രവും എങ്ങനെ പ്രശ്‌നമാകുന്നു -അത് നാളെ)


തയ്യാറാക്കിയത്:
ജോര്‍ജ് പൊടിപ്പാറ, അനീഷ് ജേക്കബ് ,എസ്.ഡി. വേണുകുമാര്‍, കെ.ആര്‍. പ്രഹ്ലാദന്‍, കെ. രാജേഷ്‌കുമാര്‍

ലിങ്ക് – മാതൃഭൂമി
Advertisements

1 അഭിപ്രായം

Filed under കൃഷി, കേരളം, വാര്‍ത്ത

One response to “കര്‍ഷക വിലാപങ്ങളുടെ കേരളം

  1. “1980 കളുടെ ആദ്യം നെല്ലിന് കിലോഗ്രാമിന് 50 പൈസ വിലയുള്ളപ്പോള്‍ കര്‍ഷകത്തൊഴിലാളിയുടെ കൂലി അഞ്ചു രൂപയായിരുന്നുവെന്ന് തൃശ്ശൂര്‍ കോളിലെ കൃഷിക്കാര്‍ പറയുന്നു. നെല്ലിന് 2009ല്‍ 12 രൂപ കിട്ടുമ്പോള്‍ കൂലി 350 രൂപവരെയായി വര്‍ധിച്ചു.”
    ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ ശമ്പളം ഇരുപത്തിയഞ്ചു കൊല്ലം കൊണ്ട് 13.8 ഇരട്ടിയായി വര്‍ദ്ധിച്ചതും യാഗീന്‍ തോമസ് പറയുന്നുണ്ട്. അതെന്തെ മാതൃഭൂമി വിട്ടുകളഞ്ഞു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w