സി.പി.ഐയില്‍ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ചുകൊണ്ടുവന്ന നെല്‍വയല്‍ സംരക്ഷണ നിയമം ഫലത്തില്‍ മരവിപ്പിച്ച് ഏകജാലകം വഴി വന്‍കിട സ്വകാര്യപദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ നീക്കം. സി.പി.എമ്മിലെയും സി.പി.ഐയിലെയും പ്രബല വിഭാഗമാണ് ഈ നീക്കത്തിന് പിന്നില്‍. പാര്‍ട്ടിയില്‍ ശക്തമായി വരുന്ന ഈ നീക്കത്തില്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനും കടുത്ത പ്രതിഷേധത്തിലാണ്. വന്‍കിട പദ്ധതികള്‍ക്ക് ഇളവ് നല്‍കിയും നിയമം ലംഘിച്ചും ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന ഔദ്യോഗിക വിഭാഗത്തിന്റെ നടപടിയെച്ചൊല്ലി സി.പി.ഐയില്‍ വിഭാഗീയത ശക്തമാവുകയാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനായി വയലുകളും മറ്റും നികത്തുന്നതിനുള്ള അനുമതിക്കായി ശുപാര്‍ശ ചെയ്യേണ്ടത് പഞ്ചായത്ത്തല സമിതികളാണ്. അനുമതി നല്‍കേണ്ടത് സംസ്ഥാന തല സമിതിയും. പഞ്ചായത്ത്തല സമിതിയില്‍ വില്ലേജോഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, നെല്‍കര്‍ഷകരുടെ മൂന്ന് പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍. ഈ സമിതികളുടെ രൂപവത്കരണം സംസ്ഥാനത്തൊട്ടാകെ പൂര്‍ത്തിയായി വരുന്നു. സംസ്ഥാനതല സമിതിയില്‍ കാര്‍ഷികോല്പാദന കമ്മീഷണര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍, കൃഷി ശാസ്ത്രജ്ഞന്‍ എന്നിവരാണ് അംഗങ്ങള്‍. കൃഷി ശാസ്ത്രജ്ഞനായി എം.എന്‍. വിജയന്റെ മരുമകനും കാര്‍ഷിക സര്‍വകലാശാല അധ്യാപകനുമായ ഡോ. ബാലചന്ദ്രനെയും പരിസ്ഥിതി ശാസ്ത്രജ്ഞനായി ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ. വിജയനെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചുകഴിഞ്ഞു. റവന്യൂ, കൃഷി മന്ത്രിമാര്‍ തമ്മിലാലോചിച്ചാണ് ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്. ഇരുവരും പരിസ്ഥിതി വിഷയങ്ങളില്‍ നിര്‍ബന്ധ ബുദ്ധിയുള്ളവരാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് തല സമിതികള്‍ പൊതു ആവശ്യത്തിനായി സ്ഥലം നികത്താന്‍ ശുപാര്‍ശ അയച്ചാലും സംസ്ഥാനതല സമിതിയുടെ അനുമതി ലഭിക്കുക എളുപ്പമല്ല.

നിലവില്‍ നാല് സ്വകാര്യ പദ്ധതികള്‍ക്ക് ഏകജാലകം വഴി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതില്‍ രണ്ട് പദ്ധതികളുടെ നടത്തിപ്പിന് നെല്‍വയല്‍ സംരക്ഷണ നിയമം തടസ്സമാകുമെന്ന് കണ്ടാണ് നിയമത്തിന്റ പ്രായോഗികത മരവിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

പഞ്ചായത്ത് തല സമിതിയില്‍ നിയമിതരായ കര്‍ഷ പ്രതിനിധികള്‍ യഥാര്‍ഥ കര്‍ഷകരല്ലെന്നും ഇപ്പോള്‍ നിയമിതമായ ഇത്തരം സമിതികള്‍ പിരിച്ചുവിടണമെന്നുമുള്ള വാദമാണ് സി.പി.എമ്മിലും സി.പി.ഐയിലും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇവയെ പിരിച്ചുവിട്ട് പകരം പ്രതിനിധികളെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപവത്കരിക്കാന്‍ മാസങ്ങളെടുക്കും. നിയമം പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്ത ഈ ഇടക്കാലത്ത് പൊതു ആവശ്യത്തിനായി ഭൂമി നികത്തുന്നതിന് കളക്ടറുടെ ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാരിന് നിലവിലുള്ള നടപ്പുരീതിയനുസരിച്ച് കഴിയും. ഏതെങ്കിലും സമിതിയില്‍ കര്‍ഷകരല്ലാത്തവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മാറ്റുന്നതിന് പകരം അടുത്ത സമയത്ത് നിയമിച്ച പഞ്ചായത്തുതല സമിതികള്‍ എല്ലാം പിരിച്ചുവിടണമെന്ന വാദമാണ് പദ്ധതിക്കായി നിലകൊള്ളുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. നിയമം പ്രായോഗികമായി മരവിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം.

കഴിഞ്ഞ ദിവസം മന്ത്രി ബിനോയ്‌വിശ്വം സ്വകാര്യ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നം സി.പി.ഐ. ദേശീയ സെക്രട്ടറി എ.ബി. ബര്‍ദന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ഒറ്റപ്പെട്ട നീക്കമായിരുന്നില്ല. വയലുകള്‍ നികത്തി ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്ന സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ ശബ്ദമാണ് മന്ത്രിയുടെ കത്തിലൂടെ പുറത്തുവന്നത്. സംസ്ഥാന നേതൃത്വം സി.പി.എമ്മിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സ്വകാര്യ സംരംഭകര്‍ക്ക് അനുകൂലമായി നില്‍ക്കുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു മന്ത്രി. അദ്ദേഹത്തിന്റെ നടപടി സംസ്ഥാന നേതൃത്വത്തെ ക്ഷോഭിപ്പിച്ചതിനാലാണ് വിശദീകരണം ചോദിക്കാന്‍ ഉടനടി തീരുമാനമായത്.

സ്വകാര്യ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലി സി.പി.ഐയിലെ ഔദ്യോഗിക വിഭാഗവും മന്ത്രിമാരില്‍ ഭൂരിപക്ഷവും രണ്ടുതട്ടിലായി പോരടിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാന സെക്രട്ടേറിയറ്റ് സ്വകാര്യ സംരംഭങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുത്തെങ്കിലും സംസ്ഥാന എക്‌സിക്യൂട്ടീവ് എതിര്‍ത്ത് തീരുമാനം മാറ്റിവെച്ചത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, ഭക്ഷണം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w