കൊലപാതകം ടി.വി. പ്രോഗ്രാമാകുമ്പോള്‍

പ്രതികാരത്തിന്റെ ഭാഗമായി ഒരു പത്രാധിപര്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും, എന്നിട്ട് അവ എക്ലൂസീവ് വാര്‍ത്തകളാക്കുന്നതുമാണ് ജോഷി സംവിധാനം ചെയ്ത ‘ന്യൂഡല്‍ഹി’ എന്ന സിനിമയുടെ പ്രമേയം. മമ്മുട്ടിയാണ് ചിത്രത്തില്‍ പത്രാധിപരെ അവതരിപ്പിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ക്രിമിനല്‍ നടപടികള്‍ക്ക് മുതിരുന്ന മാധ്യമപ്രവര്‍ത്തകരെപ്പറ്റി വേറെയും സിനിമകള്‍ വന്നിട്ടുണ്ട്. 1992-ല്‍ പോള്‍ വെര്‍ഹോവെന്‍ സംവിധാനം ചെയ്ത ‘ബേസിക് ഇന്‍സ്റ്റിങ്ട്” ഈ ജീനസില്‍പ്പെട്ട ചിത്രമായിരുന്നു. ഷാരോണ്‍ സ്‌റ്റോണിന്റെയും മൈക്കല്‍ ഡഗ്ലസിന്റെയും പ്രകടനം കൊണ്ടും ചൂടന്‍ രംഗങ്ങള്‍ കൊണ്ടും വിവാദമായ ആ ചിത്രത്തില്‍, സുന്ദരിയായ ക്രൈംനോവലിസ്റ്റാണ് തന്റെ നോവലിന്റെ ഉള്ളടക്കം കൊല നടത്തി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.

ഇതൊക്കെ സിനിമകളിലും കഥകളിലും മാത്രമേ നടക്കൂ എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. യഥാര്‍ഥ മാധ്യമലോകം ക്രിമിനലുകളെ തുറന്ന് കാട്ടാനാണ് നിലകൊള്ളേണ്ടത് എന്നാണ് പൊതുവെയുള്ള ധാരണ. സത്യത്തിന്റെ കാവലാളാകാന്‍ വിധിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നാണ് സങ്കല്‍പ്പം. അത് സങ്കല്‍പ്പം മാത്രമാണെന്നും, യഥാര്‍ഥ മാധ്യമലോകം ഏറെ മാറിയിരിക്കുന്നുവെന്നും, ബ്രസീലിയന്‍ ടി.വി.അവതാരകന്‍ തന്റെ പ്രോഗ്രാമിന് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്‌തെന്ന നടുക്കമുളവാക്കുന്ന വാര്‍ത്ത വെളിപ്പെടുത്തുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് തള്ളിക്കളയാനാകില്ല എന്നാണ് നിരീക്ഷകരുടെ പക്ഷം. കഴുത്തറപ്പന്‍ മത്സരവും വാണിജ്യവത്ക്കരണവും ആധുനിക മാധ്യമലോകത്തെ എത്ര വികൃതവും മനുഷ്യത്വരഹിതവുമായ അവസ്ഥയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവം.

ബ്രസീലിയന്‍ ടി.വി.അവതാരകനായ വാലസ് സൂസയാണ്, തന്റെ പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാനായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് മാധ്യമലോകത്തെയാകെ നടുക്കിയത്. ഇയാളൊരു രാഷ്ട്രീയ നേതാവും ജനപ്രതിനിധിയും കൂടിയാണെന്ന വസ്തുത പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവം പുറത്തായതോടെ മുങ്ങിയ ഇയാള്‍, പോലീസ് നാല് ദിവസം തിരച്ചില്‍ നടത്തിക്കഴിഞ്ഞപ്പോള്‍ സ്വയം കീഴടങ്ങുകയായിരുന്നു. ‘ഒരു കൊലപാതകത്തില്‍ അയാള്‍ പ്രതിയാണ്, മറ്റ് കൊലകളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്’-സര്‍ക്കാര്‍ അഭിഭാഷകനായ റൊണാള്‍ഡോ ആന്‍ഡ്രേഡി അറിയിച്ചു. കീഴടങ്ങിയ സൂസ ഇപ്പോള്‍ ജയിയിലാണ്.

ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണാസിന്റെ തലസ്ഥാന നഗരമായ മാനൂസില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ, ‘ഓപ്പണ്‍ ചാനലി’ല്‍ ‘കനാല്‍ ലിവ്‌റെ’ എന്ന ക്രൈം ഷോയാണ് സൂസ അവതരിപ്പിച്ചിരുന്നത്. വന്‍ ജനപ്രീതി നേടിയ പ്രോഗ്രാമായിരുന്നു അത്. സംസ്ഥാന നിയമസഭയിലേക്ക് സൂസ മത്സരിച്ചപ്പോള്‍ ലഭിച്ച ഭീമമായ ഭൂരിപക്ഷം തന്നെ ആ പ്രോഗ്രാമിന്റെ ജനപ്രീതിക്ക് തെളിവായിരുന്നു. പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കാനായി സൂസ കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടിരുന്നു എന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എത്തിയിട്ടുള്ള നിഗമനം. കൊലനടക്കുന്ന വേളയില്‍ അവിടെ എത്താന്‍ പാകത്തില്‍ ക്യാമറാസംഘത്തെയും സൂസ സജ്ജമാക്കിയിരുന്നു. മറ്റാര്‍ക്കും കിട്ടാത്ത സ്‌കൂപ്പുകളാണ് ഇത്തരത്തില്‍ സൂസ പുറത്തുകൊണ്ടുവന്നിരുന്നത്. ഒപ്പം മയക്കുമരുന്ന് കടത്തുകാരുമായും സൂസയ്ക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.

മുന്‍പോലീസ് ഓഫീസറായിരുന്ന സൂസ, മാധ്യമരംഗത്ത് തരംഗം സൃഷ്ടിക്കാന്‍ തുടങ്ങുന്നത് 1980-കളിലാണ്. മാനൂസ് നഗരത്തിലെ ലോക്കന്‍ ചാനലില്‍ ‘കനാല്‍ ലിവ്‌റെ’ പ്രോഗ്രം അവതരിപ്പിച്ചു തുടങ്ങുന്നതോടെയായിരുന്നു അത്. മയക്കുമരുന്നുസംഘങ്ങളും ഗുണ്ടാഗ്രൂപ്പുകളും മറ്റ് സാമൂഹികവിരുദ്ധരും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ആമസോനാസ് സംസ്ഥാനത്ത് സൂസയുടെ ക്രൈംഷോയ്ക്ക് വിഷയദാരിദ്യമുണ്ടായില്ല. 17 ലക്ഷം ജനങ്ങള്‍ കഴിയുന്ന നഗരത്തില്‍ സൂസയുടെ പ്രോഗ്രം വന്‍ജനപ്രീതി നേടി. അറസ്റ്റുകള്‍, കുറ്റകൃത്യങ്ങളുടെ നേരിട്ടുള്ള ദൃശ്യങ്ങള്‍, മയക്കുമരുന്ന് വേട്ട തുടങ്ങിയവയുടെ എക്‌സ്‌ക്ലൂസീവായ ദൃശ്യങ്ങളാകും സൂസയുടെ പ്രോഗ്രാമിലുണ്ടാവുക. മറ്റാരും കാണിക്കാത്ത ആ വീഡിയോരംഗങ്ങള്‍ പ്രോഗ്രാമിന്റെ റേറ്റിങ് വന്‍തോതില്‍ വര്‍ധിപ്പിച്ചു.

പ്രോഗ്രാമിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കുറഞ്ഞത് അഞ്ച് കൊലപാതകമെങ്കിലും സൂസ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 2007-ല്‍ മയക്കുമരുന്ന് കടത്തുകാരനായ ക്ലിയോമിര്‍ ബെര്‍നാര്‍ഡിനോ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞയാഴ്ച സൂസയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. താന്‍ നിരപരാധിയാണെന്നാണ് സൂസ വാദിച്ചിരുന്നത്. എന്നാല്‍, മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടായിരുന്ന സൂസ, കൊലപാതകങ്ങള്‍ വഴി ഒരേ സമയം രണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറയുന്നു- മയക്കുമരുന്ന കടത്തില്‍ എതിരാളികളായവരെ ഉന്‍മൂലനം ചെയ്യുക, കൊലപാതകം നേരിട്ട് ചിത്രീകരിക്കുക വഴി പ്രോഗ്രാമിന്റെ റേറ്റിങ് വര്‍ധിപ്പിക്കുക. ‘കനാല്‍ ലിവ്‌റെ’ പ്രോഗ്രാമില്‍ കാണിച്ചിട്ടുള്ള മറ്റ് കൊലകളെക്കുറിച്ചും അന്വേഷണം നടക്കുന്നതായി പോലീസ് വക്താവ് ഇമ്മാനുവേല്ലി അരൗജോ അറിയിച്ചു.

കൊലപാതകം, ഗുണ്ടാസംഘം രൂപീകരിക്കല്‍, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശംവെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂസയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ ക്രിമിനല്‍ വിചാരണാ നടപടികളില്‍ നിന്ന് സൂസയ്ക്കുണ്ടായിരുന്ന സംരക്ഷണം കഴിഞ്ഞയാഴ്ച കോടതി എടുത്തു കളയുകയുണ്ടായി. അതേത്തുടര്‍ന്നാണ് അയാള്‍ ഒളിവില്‍ പോയത്. നാലുദിവസം പോലീസ് തിരച്ചില്‍ തുടര്‍ന്നു കഴിഞ്ഞപ്പോള്‍ സ്വയംകീഴടങ്ങുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം എന്നത് കൊലയും മയക്കുമരുന്നു കടത്തും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്താന്‍ മറയാക്കുകയാണ് സൂസ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w