മമതയുടെ ‘ലേഡീസ് കൂപ്പെ’!

ഈ യാത്രയില്‍ അവര്‍ സന്തോഷവതികളാണ്.. കമന്റടികളില്ല, തോണ്ടലും തൊടലുമില്ല. ഭയം നിറഞ്ഞ അന്തരീക്ഷത്തില്‍, ഉറക്കം വരാതെ കിടന്ന് മുറിഞ്ഞ് മുഷിയേണ്ട കാര്യമില്ല, പൂവാലന്‍മാരെ പേടിക്കേണ്ട..പറഞ്ഞുവന്നത് ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളിലെ യാത്രയെക്കുറിച്ചല്ല. കാര്യങ്ങള്‍ അതിലും വളര്‍ന്നുകഴിഞ്ഞു. ലേഡീസ് ഓണ്‍ലി ട്രെയിനുകളിലെ കാര്യമാണിത്. കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ഇത്തവണത്തെ ബജറ്റില്‍ വനിതകള്‍ക്കായി പ്രഖ്യാപിച്ചത് എട്ട് ലേഡീസ് ഓണ്‍ലി ട്രെയിനുകളാണ്..

ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായാണ് ഇവ അനുവദിച്ചത്. അതിലൊന്ന് എറണാകുളം-ഡല്‍ഹി വിമണ്‍സ് എക്‌സ്​പ്രസും ഉള്‍പ്പെടുന്നു. ഇതില്‍ പല ട്രെയിനുകള്‍ക്കും പച്ചക്കൊടി നല്‍കിക്കഴിഞ്ഞു. റൂട്ടില്‍ അവ വള കിലുക്കി ഓടിക്കൊണ്ടിരിക്കുന്നു. ലോകത്ത് മറ്റെങ്ങും കാണാത്തൊരു പുതുമ ആയത് കൊണ്ടാണോ എന്തോ ബി.ബി.സി യില്‍ ഇതൊരു വലിയ അന്വേഷണ റിപ്പോര്‍ട്ടായി മാറി. ബി ബി സി റിപ്പോര്‍ട്ടര്‍ ഗീഥാ പാണ്ഡേ ഈ യാത്രയെക്കുറിച്ച് ഒരന്വേഷണം നടത്താന്‍ തീവണ്ടിയില്‍ വനിതകള്‍ക്കൊപ്പം ദീര്‍ഘദൂരം യാത്രനടത്തി. ബി.ബി.സി.യില്‍ അവര്‍ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്താനുഭവങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. ഡല്‍ഹിയില്‍ നിന്നാണ് അവര്‍ യാത്ര പുറപ്പെട്ടത്.

‘പല യാത്രകളും വല്ലാത്ത അസ്വസ്ഥതകളാണ് സമ്മാനിക്കുന്നത്. സീറ്റോ കിട്ടില്ല, യാത്രയുടെ മറ്റ് ക്ലേശങ്ങള്‍ പറഞ്ഞാല്‍ തീരില്ല ‘ കോമണ്‍ ട്രെയിനുകളിലെ യാത്രയെക്കുറിച്ച് കൊല്‍ക്കത്തക്കാരി സുപ്രിയാ ചാറ്റര്‍ജി പറയുന്നു. ഫരീദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന സംഗീതയ്ക്കും പറയാനുള്ളത് ഇതൊക്കെതന്നെ. പൂവാലശല്യങ്ങളിലാത്ത ട്രെയിന്‍ യാത്രയെക്കുറിച്ച്. സബര്‍ബന്‍ ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് ചില കോച്ചുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആധിക്യം പലപ്പോഴും യാത്രയെ ദുരിതമയമാക്കുന്നതായി ഇവര്‍ പറയുന്നു..

ഏതായാലും പ്രശ്‌നങ്ങള്‍ കുറച്ചൊക്കെ പരിഹരിച്ചതിന്റെ ആശ്വാസം ഇവരുടെയൊക്കെ വാക്കുകളിലുണ്ട്്…പലപ്പോഴും ലേഡീസ് കമ്പാര്‍ട്ടുമെന്റുകളില്‍ പുരുഷന്‍മാര്‍ തൂങ്ങിനില്‍ക്കും. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ തുടങ്ങുകയായി വഴക്കുകള്‍..അധിക്ഷേപങ്ങള്‍..സംഗീത വര്‍ധിത വികാരത്തോടെ പ്രതികരിച്ചു. പുതിയ റെയില്‍വേ ബജറ്റില്‍ തിരക്കുള്ള സമയത്ത് സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനായാണ് ലേഡീസ് ഓണ്‍ലി ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. ഇതെങ്കിലും കിട്ടിയ ആശ്വാസത്തിലാണ് ഈ അസ്വാരസ്യങ്ങളുടെ കാലത്ത് ഇവര്‍. ഷൈല ശര്‍മ്മ കഴിഞ്ഞ 25 വര്‍ഷമായി ട്രെയിനില്‍ യാത്ര ചെയ്യുന്നു. ദൈവം അയച്ചതാണ് ഈ ട്രെയിനുകള്‍ എന്ന് അവര്‍ പറയുന്നു. എന്നാല്‍ ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കണമെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്..

എന്നാല്‍ വേലി തന്നെ വിളവ് തിന്നുന്ന ഈ കാലത്ത് സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ കൂടുതല്‍ വിന്യസിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ പുരുഷന്മാരുടെ ശല്യം ഒഴിവാക്കാന്‍ താന്‍ യാത്രക്കാര്‍ കയറുന്ന സ്ഥലത്തുതന്നെയാണ് കാവലിരിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനായ പ്രേംസിങ് വര്‍മ്മ പറയുന്നു. ഞങ്ങള്‍ വളരെ മാന്യമായാണ് യാത്രക്കാരോട് പെരുമാറുന്നത്. ഇതുവരെ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വര്‍മ്മ പറയുന്നു.

എന്നാല്‍ ഇത്തരം ലേഡീസ് ഓണ്‍ലികളെ വിമര്‍ശിക്കുന്നവരും യാത്രക്കാരിലുണ്ട്. പുരുഷയാത്രക്കാരാണ് വിമര്‍ശകര്‍ എന്നുമാത്രം. ഞങ്ങളെല്ലാം ഭാര്യയും മക്കളും സഹോദരിമാരുമായി യാത്ര ചെയ്യുന്നവരാണ്. ഇത്തരത്തിലുള്ള വേര്‍തിരിവ് പ്രായോഗികമല്ലെന്നാണ് ഹരിയാനയില്‍ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്നിരുന്ന സത്യപാലിന് പറയാനുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം പുരുഷന്മാര്‍ക്കും ഇത്തരം ട്രെയിനുകളില്‍ സഞ്ചരിക്കാനുള്ള പ്രത്യേക നിയമാനുകൂല്യം വേണമെന്നാണ് സത്യപാലിന്റെ ആവശ്യം.

എന്തൊക്കെ വിമര്‍ശനങ്ങളുണ്ടെങ്കിലും ട്രെയിനിലെ യാത്രക്കാര്‍ സന്തോഷവതികളാണെന്ന് ചുരുക്കം. ദിനംപ്രതി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കിടെ പുതിയ സൗഹൃദബന്ധങ്ങള്‍ ഉടലെടുത്തിരിക്കുന്നു. പറയാന്‍ ഒരുപാട് വിശേഷങ്ങള്‍. ചര്‍ച്ചകള്‍….സംവാദങ്ങള്‍….തര്‍ക്കങ്ങള്‍.. പുരുഷനില്ലെങ്കില്‍ പിന്നെ സുരക്ഷയില്ലെന്ന പരമ്പരാഗതവാദത്തെ, പ്രത്യേകിച്ച് പുരുഷമേധാവിത്വ സങ്കല്‍പ്പത്തെ ചില കാര്യങ്ങളിലെങ്കിലും ലംഘിക്കുന്നതിന്റെ അഭിമാനത്തിലാണ് ഈ യാത്രക്കാരില്‍ പലരും.

അനിതാ നായരുടെ ലേഡീസ് കൂപ്പെ എന്ന നോവലാണ് ഈ യാത്രയുടെ ഓര്‍മ്മയിലേക്ക് കയറിവരുന്നത്. ഒരു ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കണ്ടുമുട്ടുന്ന ആറു സ്ത്രീകളിലൂടെ അവര്‍ ഓരോരുത്തര്‍ക്കും പറയാനുള്ള ഭിന്നമായ ഓരോ കഥകളാണ് അനിതാ നായര്‍ പറഞ്ഞത്.. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ചാരു ദുവയ്ക്ക് മുന്നോട്ടുവെക്കാനുള്ളത് അത്തരത്തിലുള്ള ചില വേറിട്ട വീക്ഷണങ്ങള്‍ തന്നെ. ഞങ്ങളുടെ ചിരിയ്ക്കും ഇരിപ്പിനും വിലക്കുകളില്ല ഇവിടെ. ആ കണ്ണുകളില്‍ ആശ്വാസം നിറയുന്നു. അവരുടെ വാക്കുകള്‍ ബഹളങ്ങള്‍ നിലയ്ക്കുന്നില്ല. ട്രെയിനിന്റെ ചൂളംവിളികള്‍ നിലയ്ക്കുന്നില്ല, ഇവരുടെ യാത്രകളും…

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w