ജലരഹസ്യവുമായി ചന്ദ്രയാന്‍ വീണ്ടും

ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു, ചന്ദ്രയാന്‍ ഒന്നിലുണ്ടായിരുന്ന യൂറോപ്യന്‍-ഇന്ത്യന്‍ ഉപകരണം നടത്തിയ കണ്ടെത്തലിന്റെ വിവരം.

മഴ തീര്‍ന്നാലും മരം പെയ്യും എന്ന ചൊല്ല് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ‘ചന്ദ്രയാന്‍-ഒന്നി’ന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാവുകയാണ്. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാന്‍ നടത്തിയ കാര്യം നാസയും ഐ.എസ്.ആര്‍.ഒ.യും വെളിപ്പെടുത്തിയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിന് മുമ്പ് ചന്ദ്രപ്രതലത്തില്‍ എങ്ങനെ ജലം ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്ത്യന്‍ പേടകം നടത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലിന്റെ കാര്യം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) പുറത്തുവിട്ടിരിക്കുന്നു. ചന്ദ്രയാനിലുണ്ടായിരുന്ന 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് രൂപം നല്‍കിയ ‘സബ് keV ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍’ (SARA) നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് വ്യാഴാഴ്ച പുറത്തു വന്നത്.


സൗരക്കാറ്റുകള്‍ വഴി സൂര്യനില്‍ നിന്നെത്തുന്ന പ്രോട്ടോണ്‍ കണങ്ങള്‍ (ഇവ ഹൈഡ്രജന്‍ ന്യൂക്ലിയസുകളാണ്) ആണ്, ചന്ദ്രപ്രതലത്തിലെ ജലസാന്നിധ്യത്തിന് നിദാനമെന്ന് ‘സാറ’യില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കി. ചന്ദ്രപ്രതലത്തില്‍ കാണപ്പെടുന്ന ധൂളികളിലെ ഓക്‌സിജനുമായി, ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ പ്രവര്‍ത്തിച്ചാണ് ജല തന്മാത്രകളും ഹൈഡ്രോക്‌സില്‍ തന്മാത്രകളും ഉണ്ടാകുന്നതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. സൗരകണങ്ങള്‍ പിടിച്ചെടുക്കുന്ന ഒരു സ്‌പോഞ്ച് പോലെയാണ് ചന്ദ്രോപരിതലം പ്രവര്‍ത്തിക്കുന്നതെന്നും സാറയിലെ വിവരങ്ങള്‍ സൂചന നല്‍കുന്നു.

ചന്ദ്രപ്രതലത്തിലുട നീളം ജലസാന്നിധ്യം ഉള്ളതായി ചന്ദ്രയാനിലെ മറ്റൊരു ഉപകരണമായിരുന്ന മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) സ്ഥിരീകരിച്ച വിവരം പുറത്തു വന്നത് സപ്തംബര്‍ അവസാനമാണ്. സപ്തംബര്‍ 29-ന്റെ ‘സയന്‍സ്’ വാരിക ആ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പേലോഡായിരുന്നു എം ക്യുബിക്. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷത്തില്‍, ഈ കണ്ടെത്തലോടെ ഇന്ത്യന്‍ പേടകം ചരിത്രം രചിക്കുകയാണ് ചെയ്തത്. കാലാവധി പൂര്‍ത്തിയാകാതെ അവസാനിച്ച ഇന്ത്യന്‍ പേടകത്തില്‍ നിന്നുള്ള കണ്ടെത്തല്‍ അവസാനിക്കുന്നില്ല. ചന്ദ്രയാനിലെ ഉപകരണങ്ങളുടെ നിരീക്ഷണഫലങ്ങള്‍ മുഴുവന്‍ പുറത്തു വരാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും എന്നാണ് കരുതുന്നത്.

ചന്ദ്രന്റെ പ്രതലത്തിലെ ധൂളികള്‍ക്ക് ‘റിഗൊലിത്’ എന്നാണ് പേര്. ഹൈഡ്രജന്‍ ന്യൂക്ലിയസുകളെ റിഗൊലിത് ആഗിരണം ചെയ്യുന്നു എന്ന് തെളിയിക്കുന്നതിനൊപ്പം, ദുരൂഹമായ ഒരു കാര്യം സാറ തിരിച്ചറിയുകയുമുണ്ടായി. എല്ലാ ഹൈഡ്രജന്‍ ന്യൂക്ലയസുകളും ചന്ദ്രപ്രതലത്തില്‍ ആഗിരണം ചെയ്യപ്പടുന്നില്ല എന്നതാണത്. ചന്ദ്രപ്രതലത്തില്‍ പതിക്കുന്ന അഞ്ച് ഹൈഡ്രജന്‍ ന്യൂക്ലയസുകളില്‍ ഒരെണ്ണം വീതം സ്‌പേസിലേക്ക് പ്രതിഫലിച്ച് നഷ്ടപ്പെടുന്നുവത്രേ. അതിനിടെ, ഹൈഡ്രജന്‍ ന്യൂക്ലിയസ് ഒരു ഇലക്ട്രോണ്‍ സ്വീകരിച്ച് ഹൈഡ്രജന്‍ ആറ്റമായാണ് പ്രതിഫലിക്കുക. ‘കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് ഇതല്ല’-സാറയുടെ യൂറോപ്യന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സിലെ ഗവേഷകനുമായ സ്റ്റാസ് ബരാബാസ് അറിയിക്കുന്നു.

ചന്ദ്രപ്രതലത്തില്‍ നിന്ന് ഹൈഡ്രജന്‍ പ്രതിഫലിക്കാന്‍ കാരണമെന്തെന്ന കാര്യം വ്യക്തമല്ല. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ചന്ദ്രപ്രതലത്തില്‍ നിന്ന് ഹൈഡ്രജന്‍ ആറ്റങ്ങള്‍ പ്രതിഫലിക്കുന്നത്. ചന്ദ്രപ്രതലത്തിന്റെ നവീന ദൃശ്യം ലഭിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. ഈ കണ്ടുപിടിത്തം സംബന്ധിച്ച റിപ്പോര്‍ട്ട് ‘പ്ലാനറ്ററി ആന്‍ഡ് സ്‌പേസ് സയന്‍സി’ല്‍ താമസിയാതെ പ്രസിദ്ധീകരിക്കും. സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിലും റിപ്പോര്‍ട്ട് തയ്യാറാക്കിയതിലും, ആര്‍.ശ്രീധരന്‍, എം.ബി.ധന്യ തുടങ്ങിയ ഇന്ത്യന്‍ ഗവേഷകരും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച രണ്ട് പേലോഡുകള്‍ ചന്ദ്രയാനിലുണ്ടായിരുന്നു. അതിലൊന്നാണ് സാറ. സൗരക്കാറ്റുകള്‍ ചന്ദ്രപ്രതലവുമായി എങ്ങനെ ഇടപഴകുന്നു എന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 4.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ഉപകരണം, സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സ്, തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി എന്നിവ സംയുക്തമായാണ് വികസിപ്പിച്ചത്.

കഴിഞ്ഞ ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു എന്ന് ആക്ഷേപമുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ആ ആക്ഷേപം. ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ.യുടെ പ്രസ്താവന സംശയത്തോടെയാണ് പലരും കണ്ടത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ചന്ദ്രയാന്‍ ലോകത്തിന് മുന്നില്‍ ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുകയാണെന്ന് അന്നാരും കരുതിയില്ല. എന്നാല്‍, ശരിക്കും അതാണ് സംഭവിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം എത്ര സ്വപ്‌നതുല്യമായ വിജയമാണെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. 95 അല്ല 110 ശതമാനം വിജയം എന്ന് ചന്ദ്രയാന്‍ ഒന്നിനെ ഐ.എസ്.ആര്‍.ഒ.മേധാവി ജി. മാധവന്‍നായര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ജലം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )