പാവപ്പെട്ടവന്റെ നികുതിക്കാശ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശമ്പളമായും പെന്‍ഷനായും

കുടുംബക്ഷേമമന്ത്രി

ഇന്ദ്രന്‍

പി.കെ. ശ്രീമതി സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ആരോഗ്യവും സാമൂഹികക്ഷേമവും വകുപ്പുമന്ത്രിയാണ്. ആരോഗ്യവും കുടുംബക്ഷേമവും എന്നാണ് വകുപ്പിന് പേരിടേണ്ടതെന്ന ശക്തമായ വാദമുണ്ട്. സാഹചര്യത്തിനൊത്ത് വകുപ്പിന്റെ പേരുമാറ്റുന്നത് തെറ്റല്ല. അങ്ങനെ കീഴ്‌വഴക്കമുണ്ട്. പണ്ട് കുടുംബാസൂത്രണമെന്നൊരു വകുപ്പുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ നിര്‍ബന്ധിത വന്ധ്യംകരണം കാരണം ജനം ആ പേര് കേട്ടാല്‍ കൊടുവാളെടുക്കുമെന്ന നിലയെത്തിയപ്പോള്‍ ആ ഏര്‍പ്പാടിന്റെ പേര് കുടുംബക്ഷേമം എന്നാണ് മാറ്റിയത്. മന്ത്രിയുടെ കുടുംബക്ഷേമ വ്യഗ്രത പരിഗണിച്ച് വകുപ്പിന്റെ പേരും അതാക്കുന്നതില്‍ തെറ്റ് ഒട്ടുമില്ല.

പാവപ്പെട്ടവന്റെ നികുതിക്കാശ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശമ്പളമായും പെന്‍ഷനായും നല്‍കുന്ന വിപ്ലവാശയത്തിന് തുടക്കംകുറിച്ചതിന്റെ ക്രെഡിറ്റ് ശ്രീമതി ടീച്ചര്‍ക്ക് നല്‍കാനൊക്കില്ല. ഉമ്മന്‍ചാണ്ടിയുടെയും എ.കെ.ആന്റണിയുടെയും അതിനുമുമ്പ് ഇ.കെ.നായനാരുടെയും അതിനുംമുമ്പ് കരുണാകരന്റെയുമെല്ലാം കാലങ്ങളിലൂടെ അതങ്ങനെ വളര്‍ന്ന് വികാസം പ്രാപിക്കുകയായിരുന്നു. ഒന്നോ രണ്ടോ സെക്രട്ടറിമാരുണ്ടായിരുന്ന കാലത്തുനിന്ന് ഒരു വന്‍പ്രകടനത്തിനുള്ള ആള്‍ക്കൂട്ടമായി പേഴ്‌സണല്‍ സ്റ്റാഫ് വളര്‍ന്നതിനുള്ള ബഹുമതിക്ക് ഇവരെല്ലാം തുല്യമായി അര്‍ഹരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഇഷ്ടംപോലെഉദ്യോഗസ്ഥന്മാരുണ്ട്. ഒരു പണിയുമില്ലാത്തവര്‍ തന്നെയുണ്ട് ധാരാളം. ഒന്നരഡസന്‍ മന്ത്രിമാര്‍ക്ക് രണ്ടു ഡസന്‍ വീതം പ്രൈവറ്റ് സെക്രട്ടറിമാരെയും അരിവെപ്പുകാരെയും – രണ്ടും തമ്മില്‍ വ്യത്യാസമില്ലെന്നായിട്ടുണ്ടല്ലോ – നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് വിളിച്ചുപറഞ്ഞാല്‍മതി. പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ഉദ്യോഗസ്ഥരെത്തന്നെ കിട്ടും. അതുപോരെന്നാണ് എല്‍.ഡി.എഫ്., യു.ഡി.എഫ്. പക്ഷങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചത്. പാര്‍ട്ടിക്കാര്‍ തന്നെവേണം.

അഞ്ചുവര്‍ഷം പ്രൈവറ്റ് സെക്രട്ടറിയായിരിക്കുന്ന ആള്‍ക്ക് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടാക്കിയത് ഏത് മഹാനുഭാവന്റെ ഭരണകാലത്താണെന്ന് കണ്ടുപിടിക്കാന്‍ തലസ്ഥാനത്തെ മാധ്യമശിങ്കങ്ങള്‍ക്ക് കഴിയുമായിരിക്കും. സര്‍ സി.പി.യാണ് ഇത് പണിതത്, ഇ.എം.എസ്സാണ് അത് ചെയ്തത്, അച്യുതമേനോനാണ് മറ്റേത് ചെയ്തത് എന്ന് പറയാറുള്ളതുപോലെ ഈ മഹാത്മാവിന്റെ പേരും ചരിത്രത്തിന്റെ ചെമ്പോലയില്‍ രേഖപ്പെടുത്തേണ്ടതാണ്. മന്ത്രി സ്റ്റാഫാകാന്‍ ഒരു പരീക്ഷയും പാസ്സാകേണ്ട. അക്ഷരമറിയണമെന്നുമില്ല. രണ്ടുവര്‍ഷം പണിയെടുക്കുകയോ പണിയെടുക്കുന്നുണ്ട് എന്ന്അഭിനയിക്കുകയോ ചെയ്താല്‍ മതി. അത്രയുംകാലം മുന്തിയ ശമ്പളവും ജീവിതാന്ത്യം വരെ പെന്‍ഷനും കിട്ടും. ഗിന്നസ് ബുക്കുകാരും ലിംകക്കാരുമൊക്കെ എന്തെടുക്കുകയാണാവോ… രണ്ടുകൊല്ലം ശമ്പളം വാങ്ങിയാല്‍ ജീവിതാന്ത്യം വരെ പെന്‍ഷന്‍ നല്‍കുന്ന മധുരമനോജ്ഞവ്യവസ്ഥ ഈ കേരളത്തിലുണ്ടെന്ന് എന്തേ അവരിതുവരെ അവരുടെ റെക്കോഡ് കിത്താബില്‍ രേഖപ്പെടുത്തി ലോകത്തെ അറിയിച്ചില്ല? ബി.ബി.സി.യും സി.എന്‍.എന്നും അല്‍ ജസീറയും ഈ മഹാസംഭവം രേഖപ്പെടുത്താന്‍ എന്തേ ഇതുവരെ പാഞ്ഞുവന്നില്ല? ഗിന്നസുകാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയും ഇതിലുണ്ട്. പാചകക്കാരിയായി നിയമിക്കപ്പെട്ട ഒരാള്‍ അഞ്ചുമാസത്തിനകം ക്ലാര്‍ക്കായും പിന്നെ എട്ടുമാസംകൊണ്ട് ഗസറ്റഡ് ഓഫീസറായും സ്ഥാനക്കയറ്റംനേടിയ സംഭവം പഴയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍പോലും ഉണ്ടായിട്ടില്ല.

ഒരു ആശയത്തെ ചെറുതായൊന്നു മാറ്റി പല മടങ്ങ് ഫലപ്രദമാക്കുന്നവര്‍ക്കാണ് ഇക്കാലത്ത് വലിയ അംഗീകാരങ്ങള്‍ കിട്ടുന്നത്. ആ നിലയ്ക്ക് നോക്കിയാല്‍ ശ്രീമതി ടീച്ചര്‍ പ്രത്യേക ബഹുമതിക്ക് അര്‍ഹയാണ്. പാര്‍ട്ടി സെക്രട്ടറിയോ പ്രാദേശികനേതാവോ ശുപാര്‍ശ ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിബന്ധുവിനെ ക്ലാര്‍ക്കോ സെക്രട്ടറിയോ പാചകക്കാരനോ ആക്കുകയാണ് ഇത്രയും കാലം മന്ത്രിമാര്‍ ചെയ്തുപോന്നത്. മകന്റെ ഭാര്യയെയും സഹോദരിയുടെ മകനെയും സ്റ്റാഫായി നിയമിക്കാമെന്ന വിപ്ലവകരമായ കണ്ടെത്തല്‍ ടീച്ചറുടെതാണ്. ഇതിന്റെ ഭാവിസാധ്യതകളെക്കുറിച്ചോര്‍ത്ത് എത്രയെത്ര യു.ഡി.എഫ്. നേതാക്കളുടെ പുത്രഭാര്യമാരും സഹോദരീപുത്രന്മാരും രോമാഞ്ചം കൊള്ളുന്നുണ്ടാകും മനക്കോട്ടകള്‍ കെട്ടുന്നുണ്ടാകും. അമ്മായിയമ്മമാരെ അമ്മിക്കല്ലില്‍വെച്ച് കുത്തിച്ചതയ്ക്കണമെന്ന് പദ്യം ചൊല്ലാറുള്ള പുത്രഭാര്യമാര്‍ ഇനി വിനീതവിധേയരായി ഓച്ഛാനിച്ചുനില്‍ക്കും. അടിപിടിക്കും അടുക്കളപ്പോരിനുമൊന്നും ഒരുമ്പെടുകയില്ല. ഒരിടത്തും സമാധാനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒബാമയ്ക്കല്ല, രാഷ്ട്രീയകുടുംബങ്ങളില്‍ അമ്മായിയമ്മപ്പോരുകള്‍ക്ക് അറുതിവരുത്തിയ ശ്രീമതിടീച്ചര്‍ക്കാണ്, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കേണ്ടിയിരുന്നത്.

ശ്രീമതി ടീച്ചറുടെ പരോപകാരങ്ങളെ സ്വജനപക്ഷപാതമായി ചിത്രീകരിക്കുന്നുണ്ട് പാര്‍ട്ടി വിരുദ്ധ മാധ്യമസിന്‍ഡിക്കേറ്റും മറ്റ് തത്പര കക്ഷികളും. സത്യപ്രതിജ്ഞാലംഘനവുമാണത്രേ അത്. ഇതൊക്കെ പൊറുക്കുന്ന ആളാണോ മുഖ്യമന്ത്രി അച്യുതാനന്ദന്‍? ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ് മന്ത്രി പുത്രഭാര്യയെ ഈ തരത്തില്‍ നിയമിച്ചിരുന്നതെങ്കില്‍ കഥ കഴിച്ചിട്ടുണ്ടാകുമായിരുന്നു വി.എസ്. അതേ വി.എസ്. ആണ് ശ്രീമതി ടീച്ചറുടെ മരുമകളെയും സഹോദരീപുത്രനെയും നിയമിക്കാന്‍ സ്‌പെഷല്‍ ഓര്‍ഡര്‍ ഒപ്പിട്ടുകൊടുത്തതെന്ന് ഇപ്പോള്‍ പുറത്തുവന്നരേഖകള്‍ പറയുന്നു. അതിനുള്ള ന്യായം വി.എസ്. പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടാവണം. പൊതുജനമതൊന്നും അറിയേണ്ട കാര്യമില്ല. ബിരുദപരീക്ഷയുടെ ഫലംവന്ന് മാസങ്ങള്‍ക്കകമാണ് ആ സഖാക്കള്‍ ജോലി നേടിയതെന്നത്, പരീക്ഷ പാസ്സായി പതിറ്റാണ്ട് കഴിഞ്ഞിട്ടും ചുമരെഴുത്തും ചങ്ങലപിടിയും അടിപിടിയും മാത്രമായി നടക്കുന്ന സഖാക്കളും അറിയേണ്ട കാര്യമില്ല. പോലീസിന്റെ തല്ലും വര്‍ഗശത്രുക്കളുടെ കുത്തുമേറ്റ് മരിച്ചുവീണ സഖാക്കളുടെ കുടുംബങ്ങളും അതറിയേണ്ടതില്ല.

ഒരുവര്‍ഷം മുമ്പെപ്പോഴോ നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോഴെന്തിന് വാര്‍ത്തയും ലേഖനവും വിവാദവുമുണ്ടാക്കുന്നതെന്ന ന്യായമായ ചോദ്യമുണ്ട്. അസൂയ തന്നെയാണ് കാരണം. പാചകക്കാരി ഗസറ്റഡ് ഓഫീസര്‍ ആയി, പെന്‍ഷന് അര്‍ഹതനേടിയാണ് അന്ന് ജോലിയൊഴിഞ്ഞതെന്ന് കാണിക്കുന്ന രേഖകളും പുറത്തുവന്നിരിക്കുന്നു. ആര്‍ക്കാണ് അസൂയ തോന്നാതിരിക്കുക. ഇതിനൊക്കെ സൗകര്യമൊരുക്കിയത് ആദര്‍ശധീരനായ മുഖ്യമന്ത്രിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടത് വി.എസ്. പക്ഷക്കാരെന്ന ചീത്തപ്പേരുണ്ടായിരുന്ന കൂട്ടര്‍ തന്നെ. അവരിപ്പോഴും വി.എസ്. പക്ഷത്താണ്, വി.എസ്. പക്ഷേ, ആ പക്ഷത്തില്ലെന്നുമാത്രം.

രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ചേരാന്‍ ആളെകിട്ടിയില്ലെന്നോ മറ്റോ കേട്ടു. കടന്നപ്പള്ളിയുടെ പാര്‍ട്ടിയില്‍ അതിനുമാത്രം ആളില്ലാത്തതാവും കാരണമെന്നാണ് ആദ്യം ധരിച്ചത്. അതല്ലത്രേ പ്രശ്‌നം. രണ്ടുകൊല്ലം ഇനി ബാക്കിയില്ലാത്തതുകൊണ്ട് പെന്‍ഷനുള്ള സര്‍വീസ് തികയില്ലെന്നറിഞ്ഞതുകൊണ്ടാണത്രേ അണികള്‍ക്ക് മടുപ്പ്. അബദ്ധം. ആ രണ്ടുകൊല്ലമെന്നത് ഒരു കൊല്ലമാക്കാനാണോ വിഷമം? എ.കെ.ജി.സെന്ററില്‍ നിന്ന് ഒന്നു പറയിച്ചാല്‍ പോരേ, മുഖ്യമന്ത്രിയെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നുറപ്പ്.
…………………………. ………………………………………
ഇതിനൊക്കെ ഇപ്പോള്‍ റോഡ് ഷോ എന്നാണത്രേ പേര്. ഷോ എന്നതാണ് ഇതിലെ അര്‍ഥവത്തായ പദം. രാഷ്ട്രീയംതന്നെ ഒരു ഷോ ആക്കാം. ദലിത് കുടുംബങ്ങളില്‍ ചെന്ന് ഉറങ്ങുക, വഴിയില്‍ ചായക്കടയില്‍ കേറി ദോശ തിന്നുക, കോളേജില്‍ച്ചെന്ന് ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുക്കുക തുടങ്ങിയവയാണ് ഇതിലെ ചില ഇനങ്ങള്‍.

ഇപ്പോള്‍ ദേശീയതലത്തില്‍ത്തന്നെ ഷോ ബിസിനസ്സില്‍ ഒന്നാംസ്ഥാനത്ത് രാഹുല്‍ജിയാണത്രെ. തികഞ്ഞ തന്മയത്വമാര്‍ന്ന അഭിനയം ആണ് എന്നാണ് കണ്ടവര്‍ പറയുന്നത്. ജനനവശാല്‍തന്നെ ഉയര്‍ച്ചയ്ക്ക് വലിയ സാധ്യതയുള്ള ആളാണ്. വേണ്ടെന്ന് വെച്ച് കാട്ടില്‍പോയൊളിച്ചാല്‍ പോലും കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കില്ല, പിടിച്ചുകൊണ്ടുവന്നു നേതാവാക്കും. അതുകൊണ്ട് പുള്ളിക്കാരന്‍ ബലംപിടിക്കാനൊന്നും പോയില്ല, ചുമ്മാ നിന്നുകൊടുത്തു. പ്രധാനമന്ത്രിയായിട്ടുതന്നെ വേറെ കാര്യം.

തീവണ്ടിയില്‍പോകുകയും ചായക്കടയില്‍കേറുകയുമൊക്കെ ചെയ്യുമെങ്കിലും അത് ചെലവുചുരുക്കാനാണെന്നത് വെറും തെറ്റിദ്ധാരണയാണ്. ചെലവുചുരുക്കുകയല്ല വേണ്ടത്, ചെലവുചുരുക്കുന്നുണ്ടെന്ന് ഷോ കാട്ടുകയാണ്. നേതാവ് കഴിഞ്ഞദിവസം കേരളത്തില്‍ വന്നതും പോയതും പ്രത്യേക വിമാനത്തിലാണത്രെ. കേരളത്തില്‍ ഓടിക്കാന്‍ പ്രത്യേകകാറുകള്‍ വേറെ വിമാനത്തില്‍ കൊണ്ടുവരേണ്ടിവന്നു. എല്ലാറ്റിനും കൂടി അഞ്ചോ പത്തോ കോടി ചെലവായിട്ടുണ്ടാകാം. അമിതാബ് ബച്ചന്റെയൊക്കെ ചില ഷോകള്‍ക്ക് ഇതിനേക്കാള്‍ ചെലവുവരാറില്ലേ? രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കില്ലാത്ത ചെലവാണ് വെറും എ.ഐ.സി.സി. സെക്രട്ടറി വരുത്തിവെക്കുന്നതെന്ന് വിലപിച്ചിട്ടുകാര്യമില്ല. അതൊക്കെ ആയിക്കഴിഞ്ഞവര്‍ക്ക് അവിടെ അമര്‍ന്നിരുന്നാല്‍ മതി, അതാകാനുള്ള പാടൊന്നും അവര്‍ അറിഞ്ഞിട്ടില്ലല്ലോ. ഇത് ഇനം വേറെ. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ പദവികള്‍പോലെ ഭാവി പ്രധാനമന്ത്രി എന്നൊരു ഭരണഘടനാ പദവി സൃഷ്ടിക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

…………………………. ………………………………………
സര്‍ക്കാര്‍ പദ്ധതിക്ക് ‘എല്ലാവര്‍ക്കും വീട് എല്ലാവര്‍ക്കും തൊഴില്‍’ എന്ന പേരുപാടില്ലെന്ന് സി.പി.എം. സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചതില്‍ തെറ്റുപറയാനാവില്ല. എല്ലാവര്‍ക്കും വീടും തൊഴിലും നല്‍കാന്‍ ദൈവംതമ്പുരാന്‍ വിചാരിച്ചാലും കഴിയണമെന്നില്ല. ഏഴ് പതിറ്റാണ്ട് കാലം സോഷ്യലിസം നടപ്പാക്കിയ സോവിയറ്റ് യൂണിയനില്‍ കഴിയാത്തത് ഇനി രണ്ടുകൊല്ലം പോലും ഭരണകാലമില്ലാത്ത മന്ത്രിസഭയ്ക്കാണോ കഴിയുക?

മുതലാളിത്തവ്യവസ്ഥയെക്കുറിച്ച് വ്യാമോഹമുണ്ടാകുമെന്നതാണ് പേര് മാറ്റാന്‍ കാരണമെന്ന് മാധ്യമ സൈദ്ധാന്തികര്‍ വ്യാഖ്യാനാത്മക റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതൊന്നുമല്ല സാറേ പ്രശ്‌നം. പത്തുടേമില്‍ ഭരണംകിട്ടിയാലും നടത്താന്‍കഴിയാത്ത വാഗ്ദാനംനല്‍കിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സമാധാനം പറയാനാവില്ല. കിട്ടുന്ന വോട്ടും കളയുന്ന ഏര്‍പ്പാടെന്തിന്?

കടപ്പാട് – മാതൃഭൂമി 11-10-09

Advertisements

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, സാമ്പത്തികം

One response to “പാവപ്പെട്ടവന്റെ നികുതിക്കാശ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശമ്പളമായും പെന്‍ഷനായും

  1. ബാലാനന്ദന്‍

    സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലും ഉള്ള ഒരു സഹകരണ സ്ഥാപനത്തില്‍ നിന്നും 30ല്‍ പ്പരം വര്‍ഷത്തെ സേവനം കഴിഞ്ഞു വിരമിച്ച എനിക്കു കിട്ടാത്ത പെന്‍ഷന്‍ രണ്ടു വര്‍ഷം മന്ത്രിമന്ദിരത്തില്‍ അടുക്കളപ്പണി ചെയ്തവര്‍ക്കു കിട്ടുന്നതു കാണുമ്പോള്‍ ലാല്‍ സലാം എന്നല്ലാതെന്തു പറയാന്‍ ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w