ദേശാഭിമാനി 21-08-08

ചെങ്ങറ കൈയേറ്റം സിപിഐ എമ്മിനെതിരെ ഇന്റര്‍നെറ്റില്‍ വ്യാജപ്രചാരണം
എം ശശികുമാര്‍
പത്തനംതിട്ട: ചെങ്ങറയിലെ കൈയേറ്റത്തിന്റെ പേരില്‍ സിപിഐ എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഇന്റര്‍നെറ്റ്, ഇ-മെയില്‍ ബ്ളോഗുകള്‍ വഴി വ്യാപകമായി വ്യാജപ്രചാരണം നടത്തുന്നു. വ്യാജ വീഡിയോദൃശ്യങ്ങള്‍ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. പാവപ്പെട്ട ഒരുവിഭാഗത്തെ കരുവാക്കി വിദേശ ഏജന്‍സികളില്‍നിന്ന് ഫണ്ട് ലഭ്യമാക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. കൈയേറ്റഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നവര്‍ തങ്ങള്‍ അവിടെ തടങ്കലിലാണെന്ന് മാധ്യമങ്ങളെ അറിയിച്ചപ്പോള്‍ അതിനെ മറികടക്കാന്‍ ആസൂത്രണംചെയ്ത നാടകമായിരുന്നു ബലാല്‍സംഗ കഥ. ഒരു ചാനല്‍ മാത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. പൊലീസില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല. പത്രങ്ങളും ചാനലുകളും തിരസ്കരിച്ച വ്യാജവാര്‍ത്ത ലോകമാകെ പ്രചരിപ്പിക്കാനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെയും ബ്ളോഗുകളെയും ആശ്രയിക്കുന്നത്. അടുത്തിടെ കൊച്ചിയില്‍ സിപിഐ എം സംഘടിപ്പിച്ച സംസ്ഥാന പട്ടികജാതി കവന്‍ഷനും ഇത്തരക്കാരെ ഏറെ പ്രകോപിതരാക്കിയിട്ടുണ്ട്. സമാധാനപരമായ സമരമാണ് നടത്തുന്നതെന്ന് പറയുന്ന ഐക്യദാര്‍ഢ്യസമിതി തോട്ടംതൊഴിലാളികളായ സ്ത്രീകളെയടക്കം കെട്ടിയിട്ട് മര്‍ദിക്കുകയും തൊഴില്‍ നിഷേധിക്കുകയും ചെയ്തതിനെ കുറിച്ച് ഒന്നും പറയുന്നില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി നൂറോളം തോട്ടംതൊഴിലാളികള്‍ക്ക് കൈയേറ്റംമൂലം ജോലി നഷ്ടപ്പെട്ടു. കൈയേറ്റം ഒഴിയണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും അനുസരിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പറയുന്നവര്‍ കൈയേറ്റഭൂമിയില്‍ പൊലീസ് സംരക്ഷണം തരുന്നില്ലെന്നാണ് ആക്ഷേപിക്കുന്നത്. തോട്ടംതൊഴിലാളികളുടെ സമരം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സാധുജന വിമോചനവേദി നല്‍കിയ ഹര്‍ജിയും കോടതി തള്ളുകയായിരുന്നു. കൈയേറ്റക്കാരെ പീഡിപ്പിക്കുന്നത് വിമോചനവേദിയും അവരുടെ പിന്‍ബലത്തില്‍ തമ്പടിച്ചിട്ടുള്ള ചില കടലാസ് സംഘങ്ങളുമാണ്. രോഗികള്‍ക്കെല്ലാം ചികിത്സാസൌകര്യം തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ജില്ലാഭരണകൂടം ഒരുക്കിയിട്ടും ആരെയും പോകാന്‍ അനുവദിക്കാത്തത് വിമോചനവേദിയാണ്. ഭക്ഷണംനല്‍കാതെ പട്ടിണിക്കിടുകയാണെന്നാണ് മറ്റൊരു ആക്ഷേപം. തോട്ടംതൊഴിലാളികള്‍ കൈയേറ്റഭൂമിയിലേക്കുള്ള ഒരു പ്രവേശനകവാടത്തില്‍ മാത്രം രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഉപരോധം നടത്തുന്നത്. കൈയേറ്റക്കാര്‍ പട്ടിണി കിടക്കുന്നില്ലെന്ന് മാത്രമല്ല അവിടെയുള്ള 40,000ത്തോളം റബര്‍ മരങ്ങളില്‍നിന്ന് ദിവസവും മൂന്നുനേരം വരെയും പാലെടുത്ത് മോഷ്ടിച്ചുവില്‍ക്കുന്നുണ്ട്. ലക്ഷങ്ങളുടെ ആദായമാണ് ഇതിലൂടെ ലഭിക്കുന്നത്. സമരനേതൃത്വത്തിലെ ചിലരാണ് ഇതില്‍ ഭൂരിഭാഗവും കൈക്കലാക്കുന്നതെന്ന് കൈയേറ്റക്കാര്‍തന്നെ സമ്മതിക്കുന്നു. വാഗ്ദാനങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ ഇതിനകം വീടുകളിലേക്ക് മടങ്ങി. എന്നിട്ടും തൊഴിലാളികളെയും സിപിഐ എമ്മിനെയും കുറ്റപ്പെടുത്തി സാമ്പത്തിക, രാഷ്ട്രീയലാഭം എങ്ങനെ നേടാമെന്ന നോട്ടത്തിലാണ് ചില കടലാസ് സംഘങ്ങള്‍.

അറിയിപ്പ്- ഹൈപ്പര്‍ ലിങ്കുകള്‍ സെര്‍ച്ചിലൂടെ കിട്ടിയതാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു അഭിപ്രായം ഇടൂ