അദ്ധ്യാപകന്‍ മരിച്ചോ അതോ കൊന്നോ?

ക്ലസ്റ്റര്‍ ഉപരോധം: സംഘര്‍ഷത്തിനിടെ അധ്യാപകന്‍ മരിച്ചു
കൊണ്ടോട്ടി: ക്ലസ്റ്റര്‍ യോഗം നടക്കുന്ന സ്കൂളിന് പുറത്ത് സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രധാനാധ്യാപകന്‍ മരിച്ചു. അരീക്കോട് ഉപജില്ലയിലെ വാലില്ലാപുഴ എം.എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിന്‍ (48) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്.

ക്ലസ്റ്റര്‍ യോഗം നടക്കുന്ന കിഴിശേãരി ജി.എല്‍.പി സ്കൂളിനടുത്ത് ഇദ്ദേഹത്തെ ഏതാനും പേര്‍ കൈയേറ്റം ചെയ്തിരുന്നു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍ അംഗമാണ് ജെയിംസ് അഗസ്റ്റിന്‍. ക്ലസ്റ്റര്‍ യോഗം നടക്കുന്ന കിഴിശേãരി ജി.എല്‍.പി സ്കൂളിന്റെ രണ്ടു ഗെയ്റ്റും ഉപരോധം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ തന്നെ പൂട്ടിയിട്ടിരുന്നു. അതിനാല്‍ അധ്യാപകര്‍ക്ക് സ്കൂളിനകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. അധ്യാപകരും ഉപരോധക്കാരും സ്കൂളിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നതിനിടെയാണ് ജെയിംസ് അഗസ്റ്റിന്‍ ബൈക്കില്‍ സ്ഥലത്തെത്തുന്നത്. വണ്ടി നിര്‍ത്തി ഡയറി എടുത്ത് എന്തോ കുറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഏതാനും പേര്‍ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഉന്തിനും തള്ളിനും ഇടയില്‍ നിലത്ത് വീണ മാസ്റ്റര്‍ക്ക് ചവിട്ടേറ്റതായി പറയപ്പെടുന്നു. കൈക്കും തലക്കും പരിക്കേറ്റു. ഉടനെ സുഹൃത്തായ മറ്റൊരു അധ്യാപകനോടൊപ്പം പത്തര മണിയോടെ തൊട്ടടുത്ത അല്‍ അബീര്‍ ആശുപത്രിയിലെത്തി. ഉച്ചയോടെ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സി.ടി സ്കാനിംഗിനായി 1.10നാണ് ജെയിംസ് മാസ്റ്ററെ ആശുപത്രിയുടെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. എന്നാല്‍, അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ചയും ക്ലസ്റ്റര്‍ യോഗത്തിനിടെ സംഘര്‍ഷം ഉണ്ടായതിനാല്‍ ഇന്നലെ സ്കൂളില്‍ പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. കൊണ്ടോട്ടി അഡീഷണല്‍ എസ്.ഐ വേലായുധന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. സംഘര്‍ഷം നടന്നത് സ്കൂളിന് വെളിയില്‍ ആയതിനാല്‍ സംഭവം പോലിസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

അധ്യാപകനെ ഏതാനും പേര്‍ കൈയേറ്റം ചെയ്യുന്നതും മര്‍ദിക്കുന്നതും കണ്ടെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി.ഒ) പി. ശങ്കരപണിക്കര്‍ പോലിസില്‍ മൊഴി നല്‍കി. വെള്ളിയാഴ്ചയും ക്ലസ്റ്റര്‍ യോഗം ഉപരോധിക്കാനും അലങ്കോലപ്പെടുത്താനും സ്കൂളില്‍ ശ്രമം നടന്നതായി അദ്ദേഹം പറഞ്ഞു. കിഴിശേãരി ഉപജില്ലയിലെയും കീഴുപറമ്പ് പഞ്ചായത്തിലെയും എല്‍.പി, യു.പി സ്കൂള്‍ അധ്യാപകരുടെ യോഗമാണ് കിഴിശേãരി ജി.എല്‍.പി സ്കൂളില്‍ നിശ്ചയിച്ചിരുന്നത്. തൊട്ടടുത്ത കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ ഉപരോധ ശ്രമം നടന്നിരുന്നു. പോലിസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചു വിടുകയായിരുന്നു. അധ്യാപകന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നിര്‍ത്തിവെച്ചു. ചിലയിടങ്ങളില്‍ അധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി. തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക മേരിക്കുട്ടിയാണ് ജെയിംസ് മാസ്റ്ററുടെ ഭാര്യ. മക്കള്‍: നീതു, നിഖില്‍. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തോട്ടുമുക്കം സെന്റ് തോമസ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. രാവിലെ 11ന് വാലില്ലാപ്പുഴ അങ്ങാടിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
കടപ്പാട് – മാധ്യമം

ക്ളസ്റ്റര്‍ സമരം: പരുക്കേറ്റ അധ്യാപകന്‍ മരിച്ചു
ക്ളസ്റ്റര്‍ പരിശീലനത്തിനിടെ പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗുകാര്‍ മലപ്പുറത്ത് നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ  എംഎഎല്‍പി സ്കൂള്‍  പ്രധാനാധ്യാപകന്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിന്‍ (48) മരിച്ചു.  kക്ളസ്റ്റര്‍ പരിശീലനത്തിനെതിരായ സമരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും യൂത്ത്ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജുമുണ്ടായി. തിരുവനന്തപുരത്ത് യൂത്ത്ഫ്രണ്ട്(എം) പ്രസിഡന്റ് ജോബ് മൈക്കിളിന്റെ  സത്യഗ്രഹപ്പന്തലിലേക്ക് ഡിവൈൈഐഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറു നടത്തി.

മലപ്പുറം സംഭവം സംബന്ധിച്ച് നാടാകെ പ്രതിഷേധമുയരുമ്പോഴും ജയിംസിന്റെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. അഞ്ചു പേര്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

കിഴിശേരി ജിഎല്‍പി സ്കൂളില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണൂ സംഭവം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്കൂളിന്റെ രണ്ടു കവാടങ്ങള്‍  ഉപരോധിച്ചിരുന്നതുതമൂലം പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ക്ക് സ്കൂളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.  കിഴിശേരി ബിആര്‍സിയിലെ റിസോഴ്സ് പഴ്സണ്‍ കൂടിയായ ജെയിംസ് അഗസ്റ്റിന്‍ 11 മണിയോടെ സ്കൂളില്‍   എത്തി ഡയറിയില്‍ കുറിപ്പ് രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട  പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നെന്ന് ദൃക്സാക്ഷിയായ
ബ്ലോക്ക് പ്രോജക്ട് ഓഫിസര്‍ ശങ്കരപ്പണിക്കര്‍ പറഞ്ഞു.  ആശുപത്രിയിലെത്തിക്കുംമുമ്പേ ജയിംസ് മരിച്ചു.

ജയിംസ് ചവിട്ടേറ്റു വീണെന്നും  സഹപ്രവര്‍ത്തകര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തലയുടെ പിറകില്‍ മുഴയും കൈമുട്ടില്‍ മുറിവുമുണ്ടായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.   ഭാര്യ: മേരിക്കുട്ടി (തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക). മക്കള്‍: നീതു (ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ), നിഖിന്‍ (വാഴക്കാട് ഐഎച്ച്ആര്‍ഡി).  സംസ്കാരം ഇന്നു മൂന്നിന് തോട്ടുമുക്കം സെന്റ്തോമസ് പള്ളിയില്‍.

അധ്യാപകന്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് അരീക്കോട്ട് വ്യാപകമായ സംഘര്‍ഷമുണ്ടായി. മുസ്ലിം ലീഗ് ഓഫിസിനും പൊലീസ് സ്റ്റേഷനുംനേരെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതക ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പൊലീസുകാരുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.

എടപ്പാളിലും എടക്കരയിലും ക്ലസ്റ്റര്‍ പരിശീലനം തടയാനെത്തിയവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എടക്കരയില്‍ സംഘര്‍ഷത്തില്‍ ഏഴു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിടണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനെതിരെ ഡിവൈഎഫ്ഐക്കാര്‍ നടത്തിയ പ്രകടനമാണ് എടപ്പാളില്‍ സംഘര്‍ഷത്തിനിടയാക്കിയത്.

അധ്യാപകന്റെ മരണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും നടത്തിയ മാര്‍ച്ച് യൂത്ത് ഫ്രണ്ട് (എം) സമരപ്പന്തലിനു നേരെയുള്ള അക്രമമായി മാറി. പാഠപുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ആറു ദിവസമായി പ്രസിഡന്റ് ജോബ് മൈക്കിള്‍ നടത്തുന്ന നിരാഹാര സമരപ്പന്തലിലേക്ക് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജനറല്‍ ആശുപത്രി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ബാബുവിന് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു.

ആലത്തൂര്‍ എഎസ്എംഎം സ്കൂളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറി. തൊട്ടുപിന്നാലെ യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ചോടിക്കാന്‍ സിപിഎം പ്രവര്‍ത്തകരുമെത്തി. ഇരുകൂട്ടരും സ്കൂളില്‍ തമ്മിലടിച്ചതോടെ പൊലീസ്   ലാത്തിച്ചാര്‍ജ് നടത്തി. ആലത്തൂരില്‍ ഇരുവിഭാഗവും പരസ്പരം വെല്ലുവിളിച്ച് പ്രകടനം  നടത്തി.

തൃശൂരില്‍  യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്  പലേടത്തും അക്രമാസക്തമായി. ചാലക്കുടിയില്‍ പൊലീസിനു ലാത്തിവീശേണ്ടി വന്നു.

യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആലപ്പുഴ നഗരത്തിലും മാവേലിക്കരയിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നേരിട്ടു. ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍  യോഗം തടയാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ്  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

മര്‍ദ്ദനത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ബി.എ ഗഫൂര്‍ അടക്കം നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ളസ്റ്റര്‍ യോഗത്തിനു സംരക്ഷണം നല്‍കാനെന്ന പേരിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്.

മാവേലിക്കര കുറത്തികാട് സെന്റ് ജോണ്‍സ് എഎസ്സിയുപി സ്കൂളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ തല്ലിയോടിച്ചു. മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ  രണ്ട് പേര്‍ക്ക് പരുക്കേറ്റു. കായംകുളം ഗവ.ബോയ്സ് ഹൈസ്കൂളില്‍ നടന്ന ക്ളസ്റ്റര്‍ യോഗത്തിലേക്ക് ഓടിക്കയറിയ കെഎസ്യു, യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശിയോടിച്ചു. പരുക്കേറ്റ കെഎസ്യു ബ്ളോക്ക് പ്രസിഡന്റിനെ കായംകുളം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്ട്  യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നാദാപുരത്തും ബാലുശ്ശേരിയിലും ചെറുവണ്ണൂരിലും ലാത്തിച്ചാര്‍ജിലും കല്ലേറിലുമായിഅഞ്ചു പേര്‍ക്ക് പരുക്കേറ്റു.

കരുനാഗപ്പള്ളിയില്‍ സ്കൂളിലേക്കു തള്ളിക്കയറിയ യൂത്ത് ലീഗുകാരും ഡിവൈഎഫ്ഐക്കാരും ഏറ്റുമുട്ടി. നാല് യൂത്ത് ലീഗുകാര്‍ക്ക് പരുക്കേറ്റു.   യൂത്ത് കോണ്‍ഗ്രസുകാരും ഡിവൈഎഫ്ഐക്കാരും തമ്മില്‍  പൊലീസ് സ്റ്റേഷനു സമീപവും ഏറ്റു മുട്ടലുമുണ്ടായി.

കുണ്ടറ പൊലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് ലീഗുകാരും ഡിവൈഎഫ്ഐക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ടയിലും റാന്നിയിലും ക്ളസ്റ്റര്‍ യോഗങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി.

ഈരാറ്റുപേട്ട ഗവ: മുസ്ലിം എല്‍പി സ്കൂളില്‍ നടന്ന ക്ളസ്റ്റര്‍ യോഗം തടസപ്പെടുത്താനെത്തിയ എംഎസ്എഫ്, യൂത്ത് ലീഗ്  പ്രവര്‍ത്തകരെ പൊലീസ് വഴിയില്‍ തടഞ്ഞു. 17 പേരെ അറസ്റ്റു ചെയ്തു പിന്നീടു ജാമ്യത്തില്‍ വിട്ടു.   ഇടുക്കി ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍  അടിമാലിയിലും തൊടുപുഴയിലും നടന്ന ക്ളസ്റ്റര്‍ യോഗങ്ങളിലേക്ക് തള്ളിക്കയറി.
കടപ്പാട് – മനോരമ
ക്ലസ്റ്റര്‍ യോഗത്തിനെത്തിയ പ്രധാനാദ്ധ്യാപകന്‍മര്‍ദനമേറ്റ്‌ മരിച്ചു
മലപ്പുറം: ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനാദ്ധ്യാപകന്‍ ക്ലസ്റ്റര്‍ ഉപരോധിക്കാനെത്തിയ മുസ്‌ലിം യൂത്ത്‌ ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ്‌ മരിച്ചു. അരീക്കോട്‌ ഉപജില്ലയില്‍പ്പെട്ട വാലില്ലാപ്പുഴ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം സ്വദേശി ജയിംസ്‌ അഗസ്റ്റി(46)നാണ്‌ മരിച്ചത്‌.

സംഭവത്തെക്കുറിച്ച്‌ ഡിവൈ.എസ്‌.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന്‌ മലപ്പുറം ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി. വിജയന്‍ അറിയിച്ചു.

ശനിയാഴ്‌ച രാവിലെ 11 മണിയോടെ കിഴിശ്ശേരി ടൗണില്‍വെച്ചാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌. കിഴിശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ടൗണില്‍ ബൈക്ക്‌ നിര്‍ത്തി ബാഗില്‍നിന്ന്‌ ഡയറിയെടുക്കവേ സമരക്കാര്‍ ഇത്‌ വന്ന്‌ പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌.അടിയേറ്റുവീണ ജയിംസ്‌ അഗസ്റ്റിനെ സഹപ്രവര്‍ത്തകരാണ്‌ ഇദ്ദേഹത്തിന്റെ തന്നെ ബൈക്കില്‍ കിഴിശ്ശേരിയിലെ സ്വകാര്യാസ്‌പത്രിയിലെത്തിച്ചത്‌. തുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യാസ്‌പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട്‌മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച പോസ്റ്റുമോര്‍ട്ടം ചെയ്യും.

കഴിഞ്ഞവര്‍ഷംവരെ കോണ്‍ഗ്രസ്‌ അനുകൂല സംഘടനയായ കെ.എ.പി.ടി.യുവില്‍ അംഗമായിരുന്ന ജയിംസ്‌ അഗസ്റ്റിന്‍ ഈവര്‍ഷം പ്രധാനാധ്യാപകനായതോടെ കെ.പി.പി.എച്ച്‌.എയില്‍ അംഗത്വമെടുത്തിരുന്നു.

തോട്ടുമുക്കം സെന്റ്‌തോമസ്‌ ഹൈസ്‌കൂളിലെ അധ്യാപിക മേരിക്കുട്ടിയാണ്‌ ഭാര്യ. പ്ലസ്‌ടുകഴിഞ്ഞ്‌ ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ പ്രവേശനം നേടിയ നീത, വാഴക്കാട്‌ ഐ.എച്ച്‌.ആര്‍.ഡി. വിദ്യാര്‍ഥി നിഖില്‍ എന്നിവരാണ്‌ മക്കള്‍. തോട്ടുമുക്കം എടക്കര അഗസ്റ്റിന്റെ മകനാണ്‌. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങള്‍: ജോയി(എന്‍.ഐ.ടി. കോഴിക്കോട്‌), ജിജു(കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യന്‍ എച്ച്‌.എസ്‌.എസ്‌), ജിജി, ലീലാമ്മ.

കോഴിക്കോട്‌ ലേഖകന്‍ തുടരുന്നു:

ജെയിംസിന്‌ സംഭവസ്ഥലത്തുവെച്ച്‌ ചവിട്ടേറ്റെന്നും വേദനയുണ്ടെന്നും എഴുന്നേറ്റിരിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം തന്നോട്‌ പറഞ്ഞതായി മലപ്പുറം ജില്ലാ പ്രൊജക്ട്‌ ഓഫീസര്‍ എം.എസ്‌. മോഹനന്‍ പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന്‌ കൊണ്ടോട്ടി ആസ്‌പത്രിയിലേക്ക്‌ പോകുംവഴിയാണ്‌ ജെയിംസ്‌ ഇക്കാര്യം തന്നോട്‌ ഫോണില്‍ പറഞ്ഞതെന്നും മോഹനന്‍ പറഞ്ഞു. തന്റെ അനുജനെ വിവരം അറിയിക്കണമെന്നും പറഞ്ഞിരുന്നു.

മര്‍ദനത്തെത്തുടര്‍ന്ന്‌ പരിക്കേറ്റ തന്നെ സ്‌കാന്‍ ചെയ്യിക്കണമെന്ന്‌ ജെയിംസ്‌ കൂടെയുണ്ടായിരുന്ന അധ്യാപകരോട്‌ പറഞ്ഞതായി തൊട്ടടുത്ത സ്‌കൂളിലെ അധ്യാപകനായ മുഹമ്മദ്‌ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ്‌ കൊണ്ടോട്ടിയില്‍നിന്ന്‌ കോഴിക്കോട്ടേക്ക്‌ കൊണ്ടുപോയത്‌.

ജെയിംസിന്‌ കാര്യമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ സഹോദരന്‍ ജിജോ പറഞ്ഞു.

കിഴിശ്ശേരി ഉപജില്ലയിലെയും കിഴുപറമ്പ്‌ പഞ്ചായത്തിലെയും ജനറല്‍ സ്‌കൂളുകള്‍ക്കാണ്‌ കിഴിശ്ശേരി ഗവ. എല്‍.പി സ്‌കൂളില്‍ ക്ലസ്റ്റര്‍യോഗം നടത്തിയത്‌. അരീക്കോട്‌ ഉപജില്ലയിലെ സ്‌കൂളുകളിലുള്ളവര്‍ക്ക്‌ അരീക്കോട്ടുതന്നെ ക്ലസ്റ്റര്‍യോഗം ഒരുക്കിയിരുന്നെങ്കിലും ഇവിടെ അധ്യാപകര്‍ കൂടുതലായതിനെത്തുടര്‍ന്നാണ്‌ ഈ ഉപജില്ലയില്‍പ്പെട്ട കിഴുപറമ്പ്‌ പഞ്ചായത്തിലെ സ്‌കൂള്‍ അധ്യാപകരെ കിഴിശ്ശേരിയിലെ ക്ലസ്റ്റര്‍യോഗത്തിലേക്ക്‌ മാറ്റിയത്‌. ജയിംസ്‌ അഗസ്റ്റിന്‍ പ്രധാനാധ്യാപകനായ വാലില്ലാപ്പുഴ എ.എല്‍.പി സ്‌കൂള്‍ കിഴുപറമ്പ്‌ പഞ്ചായത്തിലാണ്‌. നേരത്തെ ക്ലസ്റ്റര്‍പരിശീലകനായും ജെയിംസ്‌ സേവനമനുഷുിച്ചിട്ടുണ്ട്‌.
കടപ്പാട് – മാതൃഭൂമി
ചോരപുരണ്ട അധ്യായം: ക്ലസ്‌റ്ററിനെത്തിയ പ്രധാനാധ്യാപകന്‍ യൂത്ത്‌ലീഗ്‌ അക്രമത്തില്‍ മരിച്ചു
അധ്യാപകരുടെ ക്ലസ്‌റ്റര്‍ യോഗങ്ങള്‍ നടത്താനും നടത്താതിരിക്കാനുമുള്ള ഭരണ പ്രതിപക്ഷങ്ങളുടെ വാശി ഒരധ്യാപകന്റെ ജീവനെടുത്തു. ക്ലസ്‌റ്റര്‍ യോഗങ്ങളുടെ പേരില്‍ ഇന്നലെ സംസ്‌ഥാനത്തുടനീളം അരങ്ങേറിയ സംഘട്ടനങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു.

മലപ്പുറം ജില്ലയില്‍ പാഠപുസ്‌തക വിരുദ്ധ സമരത്തിന്റെ ഭാഗമായി യൂത്ത്‌ലീഗുകാര്‍ നടത്തിയ അക്രമത്തില്‍ പരുക്കേറ്റ അരീക്കോട്‌ വാലില്ലാപ്പുഴ എ.എം.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ്‌ അഗസ്‌റ്റിന്‍ (46) ആണു മരിച്ചത്‌.

കൊണ്ടോട്ടിക്കടുത്തു കിഴിശേരി സ്‌കൂളില്‍ ക്ലസ്‌റ്റര്‍ യോഗത്തിനെത്തിയഈ അധ്യാപകന്റെ ബാഗ്‌ സമരക്കാര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും പ്രതിരോധിച്ചപ്പോള്‍ വളഞ്ഞിട്ടു മര്‍ദിക്കുകയുമായിരുന്നു. നെഞ്ചിനും കഴുത്തിനും ചവിട്ടേറ്റ്‌ അധ്യാപകന്‍ ആദ്യം കുഴഞ്ഞുവീണു. പിന്നീടു കിഴിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഉച്ച കഴിഞ്ഞു രണ്ടു മണിയോടെ മരിച്ചു.

കൊടിയത്തൂര്‍ തോട്ടുമുക്കം എടക്കരവീട്ടില്‍ ജെയിംസ്‌ അഗസ്‌റ്റിന്‍ കെ.പി.പി.എച്ച്‌. അസോസിയേഷന്‍ അംഗമാണ്‌. ഭാര്യ: മേരിക്കുട്ടി (തോട്ടുമുക്കം സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ അധ്യാപിക) മക്കള്‍: നീതു, നിഖില്‍ (തോട്ടുമുക്കം ജി.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

ഇടുക്കി ജില്ലയിലെ അടിമാലി ഗവ. ഹൈസ്‌കൂളില്‍ നടന്ന ക്ലസ്‌റ്റര്‍ യോഗത്തിലേക്കു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇരച്ചു കയറിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. നാലാം ക്ലാസിലെ ആറു വിദ്യാര്‍ഥികള്‍ക്കും മൂന്നാം ക്ലാസിലെ ഒരു വിദ്യാര്‍ഥിനിക്കുമാണു പരുക്കേറ്റത്‌. ഇവരെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളിലേക്കു രഹസ്യ വഴിയിലൂടെ കടന്ന യൂത്ത്‌ കോണ്‍ഗ്രസുക്കാരെ ഒരു സംഘം തടഞ്ഞതാണു സംഘര്‍ഷത്തിനിടയാക്കിയത്‌.

കൊടികള്‍ കെട്ടിയ കമ്പുകൊണ്ടും കല്ലുകൊണ്ടുമാണു ഭയന്നു ചിതറിയോടിയ വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റത്‌. സംഭവവുമായി ബന്ധപ്പെട്ടു 13 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. തൊടുപുഴ ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്ലസ്‌റ്റര്‍ യോഗം യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. പോലീസ്‌ ബലം പ്രയോഗിച്ച്‌ ഇവരെ നീക്കുകയായിരുന്നു.

ക്ലസ്‌റ്റര്‍ യോഗങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം കണക്കിലെടുത്തു കനത്ത പോലീസ്‌ സന്നാഹമാണു സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്കു മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്നത്‌. പലയിടത്തും പ്രതിഷേധക്കാരും ഡി.വൈ.എഫ്‌.ഐക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സംയുക്‌ത സമിതിയുടെ നേതൃത്വത്തില്‍ ക്ലസ്‌റ്റര്‍ പരിശീലനം ബഹിഷ്‌കരിച്ചു. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു.

ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകം പിന്‍വലിക്കുക, പുസ്‌തകങ്ങളില്‍ക്കൂടി കമ്യൂണിസം പ്രചരിപ്പിക്കുന്നത്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ക്ലസ്‌റ്റര്‍ യോഗം നടന്ന സ്‌കൂളുകളിലേക്കു മാര്‍ച്ച്‌ നടത്തി.

തലസ്‌ഥാനത്ത്‌ എസ്‌.എം.വി. സ്‌കൂള്‍ ഉപരോധിക്കാനുള്ള യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരുടെ ശ്രമം സ്‌കൂളിനു പുറത്തു നിന്ന ഡി.വൈ.എഫ്‌.ഐക്കാര്‍ തടഞ്ഞതു സംഘര്‍ഷത്തിനും വാക്കേറ്റത്തിനും കാരണമായി.

സ്‌കൂളിലേക്കു തള്ളിക്കയറാന്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്‌ഥലത്തുണ്ടായിരുന്ന പോലീസ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തു നീക്കി. ക്ലസ്‌റ്റര്‍ യോഗത്തിനെത്തിയ അധ്യാപകരെ ഒരു മണിക്കൂറോളം യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

ക്ലസ്‌റ്റര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതു ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കുമെന്നും ഇവര്‍ക്കെതിരേ സര്‍വീസ്‌ റൂള്‍ അടക്കമുള്ള വ്യവസ്‌ഥകളുപയോഗിച്ചു നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.പി.മുഹമ്മദ്‌ ഹനീഷ്‌ അറിയിച്ചു.

കോഴിക്കോടു ജില്ലയില്‍ ക്ലസ്‌റ്റര്‍ യോഗങ്ങള്‍ യൂത്ത്‌ലീഗ്‌്-യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതു പലയിടത്തും സംഘര്‍ഷത്തിനിടയാക്കി. നാദാപുരം പുറമേരിയില്‍ ക്ലസ്‌റ്റര്‍ യോഗം തടയാനെത്തിയ യൂത്തു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ തടഞ്ഞ പോലീസിനു നേരേ കല്ലേറുണ്ടായി. ലാത്തിച്ചാര്‍ജ്‌ നടത്തിയും ഗ്രനേഡ്‌ പ്രയോഗിച്ചുമാണ്‌ പോലീസ്‌ അക്രമാസക്‌തരായ പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്‌. കല്ലേറില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു.

കോഴിക്കോടു ചെറുവണ്ണൂരില്‍ യൂത്തുലീഗ്‌ പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ സംഘടിച്ചതു സംഘര്‍ഷത്തിനിടയാക്കി.

കോഴിക്കോടു നടക്കാവ്‌ സ്‌കൂളില്‍ ക്ലസ്‌റ്റര്‍ യോഗം നടക്കുന്ന സ്‌ഥലം ഉപരോധിച്ച യൂത്തു ലീഗ്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു നീക്കി.

ബാലുശേരി യു.പി. സ്‌കൂളിലും സംഘര്‍ഷമുണ്ടായി. കണ്ണൂര്‍, പാലക്കാട്‌ ജില്ലകളിലും സംഘര്‍ഷങ്ങളരങ്ങേറി.

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ക്ലസ്‌റ്റര്‍ യോഗം അലങ്കോലപ്പെടുത്താനുളള മുസ്ലീംലീഗിന്റെയും യൂത്ത്‌ കോണ്‍ഗ്രസിന്റെയും ശ്രമത്തിനിടെ ബി.ആര്‍.സി. ട്രെയിനറടക്കം രണ്ടു പേര്‍ക്കു പരുക്കേറ്റു. അധ്യാപികമാര്‍ക്കു നേരെയും അക്രമമുണ്ടായി.

എസ്‌.സി. യു.പി.സ്‌കൂളില്‍ പരിശീലനത്തിന്റെ ഭാഗമായി എത്തിയ മൂന്നാംക്ലാസ്‌ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ പ്രവര്‍ത്തകരെ ചോദ്യം ചെയ്‌ത ബി.ആര്‍.സി. ട്രെയിനറും മന്ദമരുതി എം.സി.യു.പി സ്‌കൂളിലെ അധ്യാപകനുമായ ബിനു കെ. സാമിനെയാണു മര്‍ദിച്ചത്‌. റാന്നി ബ്ലോക്ക്‌ റിസോഴ്‌സ് സെന്ററില്‍ ബി.ആര്‍.സി. ജീവനക്കാരന്‍ കെ.ജെ. സാമിനു ജനല്‍ചില്ലു പൊട്ടി പരുക്കേറ്റു.

കൊച്ചി നഗരത്തിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ ക്ലസ്‌റ്റര്‍യോഗം തടസമില്ലാതെ നടന്നു.

ആലപ്പുഴ ജില്ലയില്‍ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരും ഡി.വൈ.എഫ്‌.ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നാലുപേര്‍ക്കു പരുക്കേറ്റു.

യൂത്ത്‌ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ബി.എ. ഗഫൂര്‍, മണ്ഡലം പ്രസിഡന്റ്‌ എ.എം. നൗഫല്‍, സെക്രട്ടറി എ. അമീര്‍, ജില്ലാ കമ്മിറ്റിയംഗം ബി.എ. ജബ്ബാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30-നു മുഹമ്മദന്‍സ്‌ ഗേള്‍സ്‌ സ്‌കൂളില്‍ നടന്ന ക്ലസ്‌റ്റര്‍യോഗം തടസപ്പെടുത്താനെത്തിയ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകരെയാണു ഡി.വൈ.എഫ്‌.ഐക്കാര്‍ നേരിട്ടത്‌.

കരുനാഗപ്പള്ളിയില്‍ ദേശീയപാത ഉപരോധം കഴിഞ്ഞ്‌ മടങ്ങിയ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ക്ലസ്‌റ്റര്‍ യോഗം തടസപ്പെടുത്താന്‍ ശ്രമിച്ച യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരും ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും പോലീസുകാരനടക്കം ഒമ്പതുപേര്‍ക്ക്‌ പരുക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ്‌ രണ്ടുതവണ ലാത്തിവീശി.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌-യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഏറെനേരം ദേശീയപാത ഉപരോധിച്ചു.
കടപ്പാട് – മംഗളം

ക്ളസ്റ്റര്‍ യോഗം അലങ്കോലമായി; മര്‍ദനമേറ്റ അധ്യാപകന്‍ മരിച്ചു
ഏഴാം ക്ളാസിലെ വിവാദ പാഠ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി കള്‍ നടത്തിയ മാര്‍ച്ചില്‍ സംസ്ഥാ നത്തെ ഒട്ടു മിക്ക ക്ളസ്റ്റര്‍ യോഗ ങ്ങളും അലങ്കോലമായി.

മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്ത കര്‍ ഇന്നലെ രാവിലെ നടത്തിയ ക്ളസ്റ്റര്‍ ഉപരോധത്തിനിടെയുണ്ടാ യ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രധാനാധ്യാപകന്‍ മരിച്ചു. അരീ ക്കോട് ഉപജില്ലയിലെ വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂളിലെ പ്രധാ നാധ്യാപകനും തോട്ടുമുക്കം സ്വദേ ശിയുമായ എടക്കരയിലെ ജയിംസ് അഗസ്റ്റിന്‍ (46)ആണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍. മേരിക്കുട്ടിയാണ് ജെയിംസിന്റെ ഭാര്യ. മക്കള്‍: നീത ജെയിംസ്, നിഖില്‍ ജെയിംസ്. തോട്ടുമുക്കം എടക്കര ആഗസ്തി യുടേയും ഏലിക്കുട്ടിയുടേയും മകനാണ് ജയിംസ്.

തോട്ടുമുക്കത്ത് ഇന്നലെ ഉച്ചക്ക് ശേഷം വ്യാപാരി കള്‍ ഹര്‍ ത്താല്‍ ആചരി ച്ചു.

സം ഭ വ ത്തില്‍ പ്ര തിഷേധി ച്ച് കോ ഴി ക്കോട്, മലപ്പുറം ജില്ലകളി ല്‍ എല്‍.ഡി. എഫ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകളേയും വാഹനങ്ങളേ യും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി യിട്ടുണ്ട്.

പാഠങ്ങള്‍ പഠിപ്പിക്കുന്നതിനെ ക്കുറിച്ച് അധ്യാപകര്‍ക്ക് പരിശീല നം നല്‍കുന്ന ക്ളസ്റ്റര്‍ യോഗത്തിന് രാവിലെ ബൈക്കിലെത്തിയ ജയിംസിന്റെ ബാഗ് സമരക്കാര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇതു തടയാന്‍ ശ്രമിച്ച അധ്യാപക നെ സമരക്കാര്‍ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നുവെന്നു ഡി.പി.ഒ പി. ശങ്കരപ്പണിക്കര്‍ പോലീസില്‍ മൊഴി നല്‍കി. താഴെ വീണ അധ്യാപകന്റെ നെഞ്ചിനും കഴുത്തിനുംചവിട്ടേറ്റു. ഉടന്‍ കിഴിശേരി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, കൂടുതല്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രി യിലേക്കെത്തിച്ചെങ്കിലും വഴി മധ്യേ തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മാസം മുമ്പാണ് അദ്ദേഹം ഹെഡ് മാസ്റ്ററായത്.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്ര സ് നടത്തിയ ദേശീയപാത ഉപരോ ധത്തിലും മുസ്ലീം യൂത്ത് ലീഗ് നടത്തിയ ക്ളസ്റ്റര്‍ മീറ്റിംഗ് തടസപ്പെ ടുത്തലിലും ജില്ലയില്‍ സംഘര്‍ ഷം. ആലപ്പുഴയില്‍ മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ ദേശീയപാത ഉപരോധിച്ചതിനുശേഷം തിരിച്ചു വന്ന പ്രവര്‍ത്തകരെ മുഹമ്മദന്‍സ് ഗേള്‍സ് സ്കൂളിനു സമീപം ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂക്കുവിളിക്കുകയും കല്ലെറിയുക യും ചെയ്തു.

ഇതില്‍ യൂത്ത് കോണ്‍ഗ്രസ് മേഖലാ പ്രസിഡന്റ് ഷാജി ഉടുമ്പാക്കലിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രി യിലേക്കു കൊണ്ടുപോയി. ഇതിനുപയോഗിച്ച വാഹനവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചു.

മാവേലിക്കരയില്‍ മിച്ചല്‍ ജംഗ്ഷനില്‍ നടന്ന റോഡ് ഉപരോധം കഴിഞ്ഞു മടങ്ങിയ നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിക്കല്‍ നടുവിലേമുറി കുഴിക്കണ്ടത്തില്‍ ശ്യാംലാലി (21)നെ ഡി.വൈ.എഫ്.ഐക്കാര്‍ അക്രമിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ ഇയാളെ മാവേലിക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ ഗവണ്‍മെന്റ് മുഹമ്മദന്‍സ് സ്കൂളില്‍ നടന്ന ക്ളസ്റ്റര്‍ യോഗം അലങ്കോല പ്പെടുത്തിയ 16 യൂത്ത്ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. യൂത്ത് കോണ്‍ഗ്രസു കാരെ കല്ലെറിഞ്ഞ 15 ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. വിവാദ പാഠപു സ്തകം പൂര്‍ണമായും പിന്‍വലി ക്കണമെന്നാവശ്യപ്പെട്ട് ക്ളസ്റ്റര്‍ യോഗം നടന്ന കുറത്തി കാട് സെന്റ് ജോണ്‍സ് എം.എസ്. സി എല്‍.പി സ്കൂളിലേക്ക് മാര്‍ച്ചു നടത്തിയ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്കൂള്‍ ഉപരോധം അവസാനിപ്പിച്ചയുടനെ പോലീസിന്റെ സാന്നിധ്യ ത്തിലെത്തിയ നാല്‍പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത്ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എസ്. ഷാബു, ജനറല്‍ സെക്രട്ടറി എസ്. മുജീബ് റഹ്മാന്‍ എന്നിവരെ ചാരുംമൂട്ടി ലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റാന്നിയില്‍ ഇന്നലെ നടന്ന ക്ളസ്റ്റര്‍ യോഗങ്ങളില്‍ മൂന്നിടത്ത് യൂത്ത്കോണ്‍ഗ്രസ്, യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. സമരക്കാരുമായി തര്‍ക്കിച്ച അധ്യാപകനെ കൈയേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായി. ഒരു സ്കൂളുല്‍ പോലിസ് കാവലി ലാണ് യോഗം നടന്നത്. ഇവിടെ സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ പോലീസുമായും സമരക്കാര്‍ ഏറ്റുമുട്ടി.

പതിനഞ്ചോളം യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്ത കരെ റിമാന്‍ഡു ചെയ്തു. പത്തനംതിട്ട ആനപ്പാറയില്‍ നടന്ന ക്ളസ്റ്റര്‍ യോഗം തടസപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.തിരുവനന്തപുരം ജില്ലയില്‍ ക്ളസ്റ്റര്‍ യോഗങ്ങളുടെ പേരില്‍ ഇന്നലെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്കൂളില്‍ നടന്ന യോഗം ഇരുപതോളം വരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ രാവിലെ 11 മണിയോടെ തളളിക്കയറി അലങ്കോല പ്പെടു ത്തി. ഇവരില്‍ ചിലരെ പോ ലീസ് പിന്നീട് അറസ്റ്റുചെയ്ത് മാറ്റി. കാട്ടാക്കട പൂവച്ചല്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നടന്ന യോഗത്തിലേക്ക് ഒരു സംഘം യൂത്ത്ലീഗ് പ്രവര്‍ത്തകരാണ് തളളിക്കയറിയത്. നെയ്യാറ്റിന്‍കര ജെ.ബി.എസ്.എച്ച്.എസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ. എഫ്.ഐക്കാരും തമ്മിലുളള സംഘര്‍ഷം ഉണ്ടായെങ്കിലും പോലീസ് സമയോചിതമായി ഇടപെട്ടതോടെ ഏറ്റുമുട്ടല്‍ ഒഴിവായി.

മലപ്പുറത്ത് ക്ളസ്റ്റര്‍ യോഗം തടയാന്‍ അമ്പതോളം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സ്കൂളി ലെത്തിയിരുന്നത്. ഒരു അധ്യാപക നെയും സ്കൂളിലേക്ക് കടത്തി വിടില്ലെന്ന വാശിയിലായിരുന്നു സമരക്കാര്‍. പത്തോളം പോലീസു കാരാണ് ഇവിടെ ഉണ്ടായിരുന്നത്. അധ്യാപകനെ മര്‍ദിക്കുന്ന സ്ഥലത്ത് പോലീസുകാര്‍ക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അക്രമത്തിന് ശേഷം വന്‍ പോലീസ് സംഘമാണ് സ്ഥലത്ത് എത്തിയത്. അക്രമവു മായി ബന്ധപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മരിച്ച അധ്യാപ കന്‍ ജെയിംസ് അഗസ്റ്റിന്‍ നേരത്തെ കോണ്‍ഗ്ര സ് അനുഭാവ അധ്യാപക സംഘ ടനയായ കേരള എയ്ഡ്ഡ് പ്രൈമ റി ടീച്ചേഴ്സ് യൂണിയന്‍ അംഗ മായിരുന്നു. രതുടര്‍ന്ന് സ്വതന്ത്ര അധ്യപക സംഘടയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാ സ്റ്റേഴ്സ് അസോസിയേഷന്‍ അംഗമായിരുന്നു.
കടപ്പാട് – ദീപിക

പാഠപുസ്തകം കത്തിച്ചിട്ടും കലിയടങ്ങാതെഅധ്യാപകനെ ചവിട്ടിക്കൊന്നു
മലപ്പുറം: കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയിലൂടെ യൂത്ത്ലീഗുകാര്‍ അധ്യാപകനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ അരീക്കോട് തോട്ടുമുക്കം എടക്കര വീട്ടില്‍ ജെയിംസ് അഗസ്റ്റിനാണ് (46) മരിച്ചത്. മാതാവിനും പിതാവിനുമൊപ്പം ഗുരുവിനെയും ദൈവതുല്യമായികാണുന്ന സംസ്കാരം പിന്തുടരുന്ന കേരളത്തെ നടുക്കിയ ദാരുണമായ അരുംകൊലക്ക് വേദിയായത് കിഴിശ്ശേരി ജിഎല്‍പി സ്കൂള്‍ പരിസരമാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണത്തിനിടയാക്കിയ അക്രമം. കോഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയു ജില്ലാതല പ്രവര്‍ത്തകനായിരുന്നു ജെയിംസ് അഗസ്റ്റിന്‍. പ്രധാനാധ്യാപകരുടെ പ്രത്യേക സംഘടനയായ കെപിപിഎച്ച്എയിലും അംഗമാണ്. അരീക്കോട് ബിആര്‍സിക്കുകീഴിലെ പരിശീലനം നടക്കുന്ന കിഴിശ്ശേരി സ്കൂളിനുമുന്നില്‍ യൂത്ത്ലീഗുകാര്‍ ശനിയാഴ്ച ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.നൂറോളം പേര്‍ സ്കൂള്‍ പരിസരത്ത് നേരത്തെതന്നെ തമ്പടിച്ചു. യൂത്ത്ലീഗ് കിഴിശേരി പഞ്ചായത്ത് പ്രസിഡന്റ് അലവിക്കുട്ടി, സെക്രട്ടറി മുത്തലിബ്, ട്രഷറര്‍ മുള്ളന്‍ സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധവും ആക്രമണവും. ഇതിനാല്‍ ക്ളാസിനെത്തിയ അധ്യാപകര്‍ക്കാര്‍ക്കും സ്കൂളിലേക്ക് കടക്കാനായില്ല. പ്രതിഷേധത്തിനെത്തിയവരുടെ കൈയില്‍ കൊടികെട്ടിയ വലിയ വടികളുമുണ്ടായിരുന്നു. സ്കൂളിനുമുന്നില്‍ പൊലീസ് കുറവായിരുന്നു. ഈ സമയത്താണ് ജെയിംസ് അഗസ്റ്റിന്‍ ക്ളാസില്‍ പങ്കെടുക്കാനെത്തിയത്. ജെയിംസ് കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് ക്ളസ്റ്റര്‍ ഡയറി പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. വാക്ക്തര്‍ക്കത്തില്‍ ജെയിംസിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു. വീണിടത്തിട്ട് തലക്കും ശരീരത്തിലും ക്രൂരമായി ചവിട്ടി. പരിക്കേറ്റ് അവശനായികിടന്ന അഗസ്റ്റിനെ അധ്യാപകര്‍ ചേര്‍ന്ന് തൊട്ടടുത്ത അല്‍അമീന്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് തോട്ടുമുക്കം സെന്റ് തോമസ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം. അതിനുമുമ്പ് തോട്ടുമുക്കം ജിയുപി സ്കൂളില്‍ പൊതുദര്‍ശത്തിന് വെക്കും. തോട്ടുമുക്കം സെന്റ്തോമസ് ഹൈസ്കൂള്‍ അധ്യാപിക മേരിക്കുട്ടിയാണ് ഭാര്യ. മക്കള്‍: നീത(ബിരുദ വിദ്യാര്‍ഥിനി, ചങ്ങനാശ്ശേരി അസംപ്ഷന്‍) നിഖില്‍ (ഐ എച്ച് ആര്‍ ഡി പാലക്കാട്)്. അച്ഛന്‍: അഗസ്റ്റിന്‍. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങള്‍: ഗ്ളോയി അഗസ്റ്റിന്‍ (എന്‍ഐഐടി ചാത്തമംഗലം), ജിജു അഗസ്റ്റിന്‍ (കൂടരഞ്ഞി സെന്റ്തോമസ് എച്ച് എസ് എസ്), ജിജി അഗസ്റ്റിന്‍, ലീലാമ്മ അഗസ്റ്റിന്‍. വിദ്യാഭ്യാസരംഗത്തെ എല്ലാ നല്ല സംരംഭങ്ങളിലും കക്ഷിരാഷ്ട്രീയം നോക്കാതെ സഹകരിക്കുന്ന ജെയിംസ് അഗസ്റ്റിന്‍ കോഗ്രസ് അനുഭാവിയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രധാനാധ്യാപകനായി ഉദ്യോഗക്കയറ്റം ലഭിച്ചത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേരിട്ടുള്ള നിര്‍ദേശത്തെതുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി അന്വേഷണം നടത്തി. കിഴിശ്ശേരിയിലെ അഞ്ച് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട്, മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിപിഐ അറിയിച്ചു.
കടപ്പാട് – ദേശാഭിമാനി

ക്ളസ്റ്റര്‍ യോഗത്തിനിടെ ഹെഡ്മാസ്റ്റര്‍ ചവിട്ടേറ്റു മരിച്ചു
മലപ്പുറം: കിഴിശ്ശേരി ജി.എല്‍.പി സ്കൂളില്‍ ക്ളസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപ്പുഴ എ.എം.എല്‍.പി. സ്കൂളിലെ ഹെഡ്മാസ്റ്റര്‍ തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റ്യന്‍ (46) പ്രതിഷേധവുമായെത്തിയ മുസ്ളിം യൂത്ത് ലീഗുകാരുടെ ചവിട്ടേറ്റ് മരിച്ചു. രാവിലെ പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്.

കിഴിശ്ശേരി, അരീക്കോട് സബ് ജില്ലകളുടെ ക്ളസ്റ്റര്‍ പരിശീലനമാണ് കിഴിശ്ശേരി ജി. എല്‍. പി സ്കൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഒമ്പതരയോടെ നൂറോളം മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സ്കൂളിന് മുന്നില്‍ ഉപരോധം സൃഷ്ടിക്കുകയും അധ്യാപകരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ക്ളസ്റ്റര്‍ യോഗം നടത്തുന്നില്ലെന്ന് റിസോഴ്സ് പേഴ്സണായ ജയിംസിനെ ബി.ആര്‍.സി. ട്രെയ്നറായ രത്നാബായി അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം സ്കൂള്‍ കോമ്പൌണ്ടില്‍ ഹാജരായ അധ്യാപകരുടെ പേരെഴുതി ഒപ്പിടുവിക്കാന്‍ ജയിംസ് ഡയറി എടുക്കുന്നതിനിടയിലാണ് ഒരു സംഘം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ സ്കൂള്‍ കോമ്പൌണ്ടിലേക്ക് ഇരച്ചുകയറിയത്. ഇവര്‍ അധ്യാപകരുമായി വാക്കേറ്റം നടത്തുകയും ജയിംസിന്റെ ഡയറി തട്ടിപ്പറിക്കുകയും ചെയ്തു. ഇതിനിടയില്‍ അക്രമികളുടെ ചവിട്ടേറ്റ് ജയിംസ് താഴെവീണു. ഉടന്‍ തന്നെ മറ്റ് അധ്യാപകര്‍ കിഴിശ്ശേരിയിലുള്ള അല്‍ അമീന്‍ ആശുപത്രിയില്‍ എത്തിച്ചു. സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നവഴിയാണ് ജയിംസ് മരിച്ചത്.

ആക്രമിക്കപ്പെട്ട ശേഷം നടന്ന സംഭവങ്ങള്‍ ജയിംസ് എ.ഇ.ഒ കെ.എം.ജോസഫിനെ അറിയിച്ചിരുന്നു. ജയിംസിന്റെ സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ എ.ഇ.ഒ ആശുപത്രിയിലെത്തിയപ്പോഴേക്കും ജയിംസിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചയുടനേ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് തോട്ടുമുക്കം പള്ളിയില്‍ സംസ്കരിക്കും. കുടിയേറ്റ കര്‍ഷകനായ അഗസ്റ്റ്യന്റെ മകനായ ജയിംസ് അഗസ്റ്റ്യന്‍ കഴിഞ്ഞ മാസമാണ് ഹെഡ്മാസ്റ്ററായത്. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെങ്കിലും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനില്‍ (കെ.പി.പി.എച്ച്.എ) അംഗമാണ്. ഭാര്യ മേരിക്കുട്ടി തോട്ടുമുക്കം സെന്റ് തോമസ് സ്കൂള്‍ അധ്യാപികയാണ്. മകള്‍ നീത ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്സിക്ക് ചേര്‍ന്നിരിക്കുകയാണ്. മകന്‍ നിഖില്‍ വാഴക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയാണ്. ജയിംസിന്റെ അമ്മ ഒരാഴ്ചയായി കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ ഗ്ളോയി അഗസ്റ്റ്യന്‍, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ ജിജു അഗസ്റ്റ്യന്‍ എന്നിവരാണ് സഹോദരങ്ങള്‍.

വിശ്വസിക്കാനാവാതെ ജയിംസിന്‍െറ കുടുംബം
മലപ്പുറം: ഒരുവിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഇല്ലാതിരുന്ന അച്ഛന്‍ രാഷ്ട്രീയക്കാരാല്‍ കൊലചെയ്യപ്പെട്ടതറിഞ്ഞ് സ്തബ്ധരായിരിക്കുകയാണ് തോട്ടുമുക്കം എടക്കര വീട്ടില്‍ ജയിംസ് അഗസ്റ്റ്യന്റെ മക്കളായ നീതയും നിഖിലും. രാവിലെ ജോലിക്കുപോയ ഭര്‍ത്താവ് ചവിട്ടേറ്റ് മരിച്ചുവെന്ന് ഭാര്യ മേരിക്കുട്ടിക്ക് വിശ്വസിക്കാനേ ആവുന്നില്ല.

അധ്യാപക സംഘടനയില്‍ പോലും പേരിന് അംഗമായി എന്നല്ലാതെ യാതൊരുവിധ സംഘടനാ പ്രവര്‍ത്തനങ്ങളിലൊന്നും ജയിംസിന് അമിതാവേശമുണ്ടായിരുന്നില്ല. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് ഒന്നാം ക്ളാസോടെ പ്ളസ്ടു പാസായ മകള്‍ നീത കേരളത്തിന് പുറത്ത് എഞ്ചിനീയറിംഗ് കോളേജില്‍ ചേരാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ ബി. എസ്. സി. യ്ക്ക് ചേര്‍ന്നത്. വാഴക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയാണ് ഇളയമകന്‍ നിഖില്‍. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മ എരഞ്ഞിപ്പാലം സഹ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വീട്ടിനടുത്തുള്ള ഹൈസ്കൂളില്‍ അധ്യാപികയാണ് ജയിംസിന്റെ ഭാര്യ മേരിക്കുട്ടി.

സൌമ്യസ്വഭാവക്കാരനായിരുന്നു ജയിംസെന്ന് കൂട്ടുകാര്‍ പറയുന്നു. ക്ളസ്റ്റര്‍ നടക്കുന്ന സ്കൂളില്‍ സ്വന്തം ബൈക്കിലെത്തിയ ജയിംസ് പരിപാടി നടക്കാത്തതുമൂലം തിരിച്ചുപോവുന്ന അധ്യാപകരുടെ ഹാജര്‍ രേഖപ്പെടുത്താനായി ശ്രമിക്കുമ്പോഴാണ് അക്രമികളുടെ ചവിട്ടേറ്റത്. കഴിഞ്ഞ കുറേനാളായി അസുഖങ്ങള്‍ ജയിംസിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വാഹനാപകടത്തില്‍പ്പെട്ട് ആറുമാസത്തോളം ചികിത്സയിലായിരുന്നു. ചിക്കന്‍പോക്സ് പിടിപെട്ടും കുറച്ചുനാള്‍ കിടപ്പിലായി
83 ല്‍ കോഴിക്കോട് ഗവ. ടി. ടി. ഐ. യില്‍ നിന്ന് പരിശീലനം കഴിഞ്ഞയുടനെ ഇതേ സ്കൂളില്‍ അധ്യാപകനായി ചേരുകയായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ ബി. കോമിന് പഠിച്ചുകൊണ്ടിരിക്കെയാണ് ജയിംസിന് ടി. ടി. സി. യ്ക്ക് പ്രവേശനം ലഭിച്ചത്.

ഉച്ചയോടെയാണ് നാട്ടില്‍ മരണവാര്‍ത്തയെത്തിയത്. വിവരമറിഞ്ഞു തോട്ടുമുക്കം പള്ളിത്താഴത്തെ ജെയിംസ് അഗസ്റ്റിന്റെ വീട്ടിലേക്ക് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഓടിയെത്തുകയായിരുന്നു. അദ്ധ്യാപികയായ ഭാര്യയേയും മക്കളേയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സഹപ്രവര്‍ത്തകരും കുഴങ്ങി. രോഷാകുലരായ നാട്ടുകാര്‍ വാലില്ലാപ്പുഴ അങ്ങാടിയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചു. മുക്കം, പന്നിക്കോട്, ചെറുവാടി, കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ജോര്‍ജ് എം. തോമസ് എം. എല്‍. എ, സി.പി. ഐ നേതാവ് എം. റഹ്മത്തുള്ള എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. മൃതദേഹം നാളെ തോട്ടുമുക്കം ഗവ. എല്‍.പി.സ്കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് സെന്റ് ഫെറോസ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിക്കും.
കടപ്പാട് – കേരളകൌമുദി

ക്ലസ്റ്റര്‍ യോഗത്തിനിടെ അക്രമം: പരിക്കേറ്റ അധ്യാപകന്‍ മരിച്ചു

മലപ്പുറം: മലപ്പുറം കിഴിശ്ശേരി ജിഎല്‍പി സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ പരിശീലനത്തിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു.

അരീക്കോട്‌ തോട്ടുമുക്കം വാലില്ലാപുഴ എടക്കര ജയിംസ്‌ അഗസ്റ്റിന്‍ (46) ആണ്‌ മരിച്ചത്‌. വാലില്ലാപ്പുഴ എം.എന്‍.പി സ്‌ക്കൂളിലെ പ്രധാന അധ്യാപകനാണ്‌ ജയിംസ്‌. കോണ്‍ഗ്രസ്‌ അനുകൂല വിദ്യാഭ്യാസ സംഘടനയിലെ അംഗമാണ്‌ ഇദ്ദേഹം.

സംസ്ഥാന വ്യാപകമായി നടക്കുന്ന പാഠപുസ്‌തക സമരത്തിന്റെ ഭാഗമായി ക്ലസ്റ്റര്‍ പരിശീലനം തടയാന്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ ജയിംസടക്കമുള്ള അധ്യാപകര്‍ പങ്കെടുത്തിരുന്ന ക്ലസ്റ്റര്‍ പരിശീലന ക്ലാസില്‍ കയറി അക്രമം അഴിച്ചു വിട്ടിരുന്നു.

സംഘര്‍ഷത്തില്‍ തലയ്‌ക്കടിയേറ്റ ജയിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്‌ക്കുകയാണ്‌. സംഭവത്തെക്കുറിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട്‌ നല്‌കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

കടപ്പാട് – ദാറ്റ്സ്‌മലയാളം

ക്ലസ്റ്റര്‍ യോഗസ്ഥലത്ത്‌ സംഘര്‍ഷം; അധ്യാപകന്‍ മരിച്ചു
മലപ്പുറം വാലില്ലാപ്പുഴ എല്‍ പി സ്കൂളില്‍ ക്ലസ്റ്റര്‍ യോഗത്തിനിടെയുണ്ടായ യൂത്ത് ലീഗ് സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രധാന അധ്യാപകന്‍ മരിച്ചു. ജയിംസ്‌ അഗസ്‌റ്റിനാണ്‌ മരിച്ചത്‌. രാവിലെ യോഗം നടന്ന സ്ഥലത്തേക്ക്‌ യൂത്ത്‌ ലീഗുകാര്‍ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഘര്‍ഷത്തിനിടെ മാരകമായി പരിക്കേറ്റ ജെയിംസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മലപ്പുറത്തെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ ജയിംസിനെ ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണം കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ മരണം സംഭവിച്ചത്‌. ജയിംസിന്‍റെ നെഞ്ചിലും കഴുത്തിലും ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. തോട്ടുമുക്കം സ്‌കൂളിലെ അധ്യാപിക മേരിക്കുട്ടിയാണ്‌ ഭാര്യ.
കടപ്പാട് – യാഹൂ മലയാളം

സംഘര്‍ഷത്തിനിടെ അധ്യാപകന്‍ മരിച്ചു.
മലപ്പുറം : ക്ലസ്റ്റര്‍ യോഗത്തിലെ സംഘര്‍ഷത്തിനിടെ പരുക്കേറ്റ പ്രധാന അധ്യാപകന്‍ മരിച്ചു. വാലില്ലാപ്പുഴ ജി.എല്‍.പി. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജെയിംസാണ്‌ മരിച്ചത്‌. ക്ലസ്റ്റര്‍യോഗം നടക്കുമ്പോള്‍ പ്രകടനമായെത്തിയ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ രാവിലെ സ്‌കൂളില്‍ സംഘര്‍ഷം സൃഷ്‌ടിച്ചിരുന്നു. ഇതിനിടെയാണ്‌ ജെയിംസിന്‌ മര്‍ദ്ദനമേറ്റത്‌. തുടര്‍ന്ന്‌ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്‌ടു പോകുന്നതിനിടെയാണ്‌ മരണം സംഭവിച്ചത്‌. ഇന്ന്‌ രാവിലെ പതിനൊന്ന്‌ മണിയോടാണ്‌ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ പ്രകടനമായി സ്‌കൂളില്‍ എത്തിയത്‌. ഇവര്‍ ക്ലസ്റ്റര്‍ യോഗം നടക്കുന്ന ക്ലാസ്‌ ലക്ഷ്യമാക്കി നീങ്ങി. ഇതിനിടയിലാണ്‌ ജയിംസ്‌ അടക്കമുള്ള അധ്യാപകര്‍ക്ക്‌ മര്‍ദ്ദനമേറ്റത്‌. മര്‍ദ്ദനമേറ്റ ജയിംസിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്‌ കൊണ്‌ടു പോയി. പ്രതിഷേധക്കാര്‍ തന്റെ തലയിലും നെഞ്ചത്തും ചവിട്ടിയതായി ജെയിംസ്‌ ആശുപത്രിയലേക്ക്‌ പോകും വഴി സഹപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മലപ്പുറം എസ്‌പിയോട്‌ ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിട്ടുണ്‌ട്‌.

കടപ്പാട് – അന്വേഷണം

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

2 responses to “അദ്ധ്യാപകന്‍ മരിച്ചോ അതോ കൊന്നോ?

 1. ജയിംസ്‌ അഗസ്‌റ്റിന്റെ
  നിര്യാണത്തില്‍ അനുശോചനം
  രേഖപ്പെടൂത്തുന്നതിനോടൊപ്പം
  അദ്ദേഹത്തിന്റെ കുടുംബത്തിന്റെ
  ദുഖത്തില്‍ പങ്കു ചേരുകയും
  ആത്മാവിന്റെ നിത്യശാന്തിക്കായ്
  പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു…
  വാക്കു കൊണ്ടെങ്കിലും ആ ഗുരുവിന് ഒരു പ്രണാമം
  ഗുരുവിന് ആദരാജ്ഞലികള്‍…..

 2. JP

  പുസ്തകം ചുട്ടുകരിയ്ക്കുന്നവര്‍ക്ക് മനുഷ്യനെ ചവുട്ടിക്കൊല്ലാനും മടിയുണ്ടാവില്ല.
  പുസ്തകത്തിലെ മതനിരപേക്ഷ നിലപാടിനെ മതനിന്ദയെന്ന് ആക്ഷേപിച്ച് സമരാഭാസം നടത്താന്‍ ആഹ്വാനം ചെയ്യുന്ന മത രാഷ്ട്രീയ നേതാക്കള്‍ക്ക് വീണ്ടു വിചാരമുണ്ടായെങ്കില്‍!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w