തൊഴിലുറപ്പില്‍ തളിര്‍ക്കുന്ന ജീവിതങ്ങള്‍ – മാതൃഭൂമി

ഇതോടൊപ്പം വായിക്കുവാന്‍ യൂണികോഡ് നിലവില്‍ വരുന്നതിന് ‍ മുമ്പ് ഞാന്‍ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

1. കൃഷിഭവനുകള്‍ – ചില നിര്‍ദ്ദേശങ്ങള്‍

2. ഞാന്‍ കണ്ട ഗ്രാമസഭ

27-03-08

ഇന്ത്യ കണ്ട ഏറ്റവും വിപുലമായ തൊഴില്‍ദാന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമങ്ങളിലെ ദരിദ്ര ജനകോടികളുടെ ജീവിതം മാറ്റിയെഴുതുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നു. വയനാട്, പാലക്കാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്തുകളില്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞ ഈ പദ്ധതിയുടെ
സാധ്യതകളെന്ത്? പദ്ധതി നടക്കുന്ന ജില്ലകളിലെ അനുഭവമെന്ത്? ഒരു അന്വേഷണം

എസ്.എന്‍. ജയപ്രകാശ്

ത്മഹത്യയുടെ ഇടിമുഴക്കങ്ങളുമായി കേരളത്തെ ഞെട്ടിച്ച് കടന്നുപോയ വയനാടന്‍ കര്‍ഷകരുടെ വിധവകള്‍ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്ന് അന്വേഷിച്ചിട്ടുണ്ടോ?

കദനഭാരങ്ങള്‍ക്കു മുന്നില്‍ തലകുനിക്കാതെ തകര്‍ന്നുപോയ കുടുംബങ്ങളെ കരകയറ്റാന്‍ അധ്വാനത്തിന്റെ പാതയിലാണ് അവരില്‍ പലരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പണിസ്ഥലങ്ങളില്‍ ജീവിതത്തിന്റെ പുതുവഴികള്‍ തുറക്കുന്ന ഇവരെ നിങ്ങള്‍ക്ക് കാണാം. കോളേരിയിലെ അജിത, വാളവയലിലെ ഉഷ, കൂവളത്തുംകാട്ടിലെ ഓമന, വാകേരിയിലെ സുമ… വിളനാശവും കടക്കെണിയും കാരണം 49 കര്‍ഷകര്‍ ആത്മഹത്യചെയ്ത പൂതാടി പഞ്ചായത്തില്‍ മാത്രം ഇരുപതോളം വിധവകള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ നേടി. ഏറെപ്പേരും ആദ്യമായി തൊഴിലിനിറങ്ങിയവര്‍. നൂറു തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരുണ്ട് ഇവരില്‍. ദിവസം 125 രൂപ കൂലി. നാടിന്റെ വികസനത്തില്‍ പങ്കാളിത്തം. ഒറ്റപ്പെടലില്‍നിന്ന് കൂട്ടായ്മയിലേക്ക്. ഉയിര്‍ത്തെഴുന്നേല്പിന്റെ പ്രതീക്ഷയിലാണവര്‍. കഴിഞ്ഞ ഏപ്രിലില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ വയനാട്, പാലക്കാട് ജില്ലകള്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ പദ്ധതി ശൈശവ ദശയിലാണ്. ഈ ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അതോടെ ഗ്രാമീണ ജനതയ്ക്കാകെ തൊഴില്‍ നിയമപരമായ അവകാശമായി മാറുകയാണ്.

2005 ആഗസ്തില്‍ പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമമാണ് ഈ പദ്ധതിയുടെ നട്ടെല്ല്. ഗ്രാമീണ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസം കായികാധ്വാനം ആവശ്യമുള്ള അവിദഗ്ധ തൊഴില്‍ ഉറപ്പാക്കണമെന്നും അതിന് സംസ്ഥാനത്തെ മിനിമം കൂലി നല്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്. തൊഴില്‍ നിയമപരമായ അവകാശമാക്കുന്ന ഇത്തരമൊരു പദ്ധതി രാജ്യ ചരിത്രത്തില്‍ ആദ്യമാണ്.

പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കേണ്ടത്. ഒരു കുടുംബത്തിലെ 18 വയസ്സുകഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാനായി രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നോ മുകളിലുള്ളവരെന്നോ വ്യത്യാസമില്ല. രജിസ്റ്റര്‍ ചെയ്തവരുടെ ഫോട്ടോയും വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയ തൊഴില്‍കാര്‍ഡ് പഞ്ചായത്ത് നല്‍കും. പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 വയസ്സു കഴിഞ്ഞവരുമായ ആര്‍ക്കും തൊഴില്‍ കാര്‍ഡ് നിഷേധിക്കരുതെന്നാണ് നിയമം.

കാര്‍ഡുള്ളവര്‍ തൊഴിലിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നല്കണം. 15 ദിവസത്തിനകം തൊഴില്‍ നല്കിയിരിക്കണം. ഇല്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനത്തിന് അപേക്ഷകന്‍ അര്‍ഹനായിരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ഗ്രാമപ്പഞ്ചായത്തുകള്‍ നടപ്പാക്കുന്ന പ്രവൃത്തികളിലാണ് തൊഴില്‍ ലഭിക്കുക. ജലസംരക്ഷണ, ഭൂവികസന പരിപാടികള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന. പൊതുഭൂമിയിലും പട്ടികജാതി_വര്‍ഗ കുടുംബങ്ങളുടെ ഭൂമിയിലും പദ്ധതികള്‍ നടപ്പാക്കും. അഞ്ചേക്കറില്‍ താഴെയുള്ള ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ നീര്‍ത്തടാധിഷ്ഠിത പദ്ധതികളും കേരളത്തില്‍ നടപ്പാക്കുന്നു. തൊഴില്‍ നല്കുന്നതിനോടൊപ്പം വികസനത്തിനുതകുന്ന സാമൂഹിക ആസ്തികളും ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. സാധനസാമഗ്രികള്‍ക്ക് ഏറ്റവും കൂടിയത് എസ്റ്റിമേറ്റിന്റെ 40 ശതമാനമേ ചെലവാക്കാവൂ. 60 ശതമാനവും കൂലിക്കായി നല്കണം.

കരാറുകാരെ ഒഴിവാക്കിക്കൊണ്ടുള്ള ധീരമായ ചുവടുവെപ്പാണ് തൊഴിലുറപ്പ് പദ്ധതി. വന്‍തോതില്‍ മനുഷ്യാധ്വാനം ഒഴിവാക്കുന്ന ജെ.സി.ബി. പോലുള്ള യന്ത്രങ്ങള്‍ പ്രവൃത്തികളില്‍ ഉപയോഗിക്കാന്‍ പാടില്ല. വേതനത്തിനാവശ്യമായ മുഴുവന്‍ തുകയും സാധന സാമഗ്രികള്‍ക്കു വേണ്ടതിന്റെ മൂന്നില്‍ രണ്ടും കേന്ദ്രസര്‍ക്കാര്‍ നല്കും. മൊത്തം പദ്ധതിയില്‍ 10 ശതമാനം മാത്രമാണ് സംസ്ഥാന വിഹിതം.

തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തില്‍ 125 രൂപയാണ് വേതനം. ആണിനും പെണ്ണിനും തുല്യം. വിദഗ്ധ തൊഴിലാളികളെ വേണ്ടിവന്നാല്‍ അവര്‍ക്ക് കൂടിയ വേതനം. രണ്ടാഴ്ച കൂടുമ്പോള്‍ വേതനം തൊഴിലാളികളുടെ അക്കൌണ്ടില്‍ ബാങ്കിലെത്തും. ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ പഞ്ചായത്ത് സഹായിക്കും. കരാറുകാരില്ലാത്തതും തൊഴിലാളികളുടെ കൂലി മറ്റാരുടെയും കൈകളില്‍ എത്താത്തതും അഴിമതി തടയുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു.

കുടുംബത്തില്‍നിന്ന് തൊഴിലിന് അപേക്ഷിച്ച എല്ലാവര്‍ക്കുമായി വര്‍ഷം 100 ദിവസം തൊഴില്‍ നല്കിയിരിക്കണം. കുടുംബത്തിലെ ഒരാള്‍ക്കു മാത്രമായും നൂറു ദിവസം തൊഴിലെടുക്കാം. നൂറു ദിവസം കഴിഞ്ഞാല്‍ ആ വര്‍ഷം പണി ലഭിക്കില്ല. മറ്റു തൊഴിലുകള്‍ ലഭിക്കാത്ത സമയം തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാമെന്നതിനാല്‍ ഓരോ കുടുംബത്തിനും 100 തൊഴില്‍ദിനങ്ങള്‍ അധികം ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. വര്‍ഷം 12,500 രൂപ വേതനവും.

മറുനാടന്‍ പണം കൊണ്ട് തിളങ്ങുന്ന കേരളത്തില്‍ ഈ വരുമാനം നിസ്സാരമായി തോന്നാം. പക്ഷേ, അവഗണനയിലായ കര്‍ഷകത്തൊഴിലാളി കുടുംബങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഗണ്യമായ പങ്കുവഹിക്കാന്‍ ഇതിനകം പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.

പറയത്തക്ക അഴിമതിയൊന്നുമില്ലെങ്കിലും കേരളത്തിലെ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിമര്‍ശനങ്ങളുണ്ട്. തൊഴില്‍ദിനങ്ങളും തൊഴിലിനുള്ള ആവശ്യങ്ങളും സൃഷ്ടിച്ചതിന്റെ ശരാശരി കണക്കില്‍ കേരളം പിന്നിലാണ്. എങ്കിലും ഗ്രാമവികസന വകുപ്പിന്റെ കണക്കനുസരിച്ച് 2007_08 ഫിബ്രവരി വരെ വയനാട് ജില്ലയില്‍ 62,219 കുടുംബങ്ങളിലെ 84,400 പേര്‍ക്കായി 29 കോടി രൂപ ചെലവഴിച്ചു; പാലക്കാട്ട് 69,064 കുടുംബങ്ങളിലെ 73,295 പേര്‍ക്കായി 28.95 കോടിയും.

ഇടുക്കിയിലും കാസര്‍കോട്ടും കഴിഞ്ഞ ഡിസംബറിലാണ് പ്രവൃത്തികള്‍ തുടങ്ങാനായത്. കാസര്‍കോട്ട് 12,476 കുടുംബങ്ങളിലെ 16,039 പേര്‍ക്കായി 1.8 കോടിയും ഇടുക്കിയില്‍ 10,837 കുടുംബങ്ങളിലെ 10,874 പേര്‍ക്കായി 1.26 കോടിയും ചെലവഴിച്ചു. നാലുജില്ലകളിലായി ചെലവഴിച്ചത് 61.04 കോടി രൂപ. ഇതിന്റെ സിംഹഭാഗവും വേതനമായി നേരിട്ടെത്തിയത് ആദിവാസികളും സ്ത്രീകളും ദുര്‍ബല വിഭാഗങ്ങളും ഉള്‍പ്പെടുന്ന 1,84,608 തൊഴിലാളികളുടെ കൈകളിലാണ്. ഇതുയര്‍ത്തുന്ന പ്രതീക്ഷകള്‍ മറ്റൊരു തൊഴില്‍ദാനപദ്ധതിക്കും നല്കാനാവാത്തതാണ്.

(തുടരും)

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

2 responses to “തൊഴിലുറപ്പില്‍ തളിര്‍ക്കുന്ന ജീവിതങ്ങള്‍ – മാതൃഭൂമി

  1. വളരെ നന്നായിട്ടുണ്ട് അവതരണം…
    പദ്ധതിയെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ സാധിച്ചു.
    അഭിനന്ദനങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )