പത്രവാര്‍ത്തകള്‍ 12-03-08

കണ്ണൂര്‍- ‘ഡമ്മി പ്രതി’കളെ പാര്‍ട്ടികള്‍ നല്‍കും; പോലീസിന്‌ അറസ്‌റ്റ് ചുമതല മാത്രം

മെര്‍ക്കിസ്‌റ്റണ്‍: സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ല

33 ഉന്നതോദ്യോഗസ്‌ഥര്‍ കേരളം വിട്ടു

കേരളത്തെ അതിക്രമമുക്‌ത പ്രദേശമാക്കുമെന്ന്‌ വനിതാനയം

സ്‌മാര്‍ട്‌സിറ്റി മാസ്‌റ്റര്‍ പ്ലാന്‍: നാലു കമ്പനികള്‍ ഷോര്‍ട്‌ലിസ്‌റ്റില്‍

പണം പിന്‍വലിക്കുന്നതിന്‌ 20 രൂപ ചാര്‍ജ്‌

ആരോഗ്യവകുപ്പില്‍ കരാര്‍നിയമനം തുടരുന്നു; മെഡിക്കല്‍ കോര്‍പറേഷനിലും കരാര്‍ ജീവനക്കാര്‍

അമിതവണ്ണമുള്ള സ്‌ത്രീകളുടെ എണ്ണത്തില്‍ കേരളം രണ്ടാമത്‌

ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ്‌ വ്യാപിപ്പിക്കും

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ജസ്റ്റിസ് രാംകുമാര്‍ പരിധിവിട്ടു: പിണറായി
തിരു: കണ്ണൂരില്‍ സേനയെ വിന്യസിച്ച് കേന്ദ്രം ഇടപെടണമെന്നത് ഉള്‍പെടെയുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ ഉന്നതമായ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും അധികാരദുര്‍വിനിയോഗവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം പോലും കേള്‍ക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ച ജഡ്ജി അദ്ദേഹത്തിന്റെ അധികാരപരിധി വിട്ടിരിക്കുകയാണെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തീര്‍ത്തും ഏകപക്ഷീയമായ നിരീക്ഷണങ്ങളാണ് മറ്റൊരുകേസിലെ വിധി പുറപ്പെടുവിക്കുന്നതിനിടയില്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ജഡ്ജി നടത്തിയത്. സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനമേഖലയിലേക്കുള്ള കടന്നുകയറ്റമായേ ഇതിനെ കാണാന്‍ കഴിയൂ. ഹൈക്കോടതി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്.

ചെവിയില്‍ പറയാന്‍ സ്വാതന്ത്യ്രമുള്ളവരുടെ വാക്കുകള്‍ കേട്ടും മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടും അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുന്നത് നീതിന്യായവ്യവസ്ഥയുടെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. തന്റെ പരിധിയിലുള്ള കേസില്‍ നിന്നു മാറി തോന്നിയതെല്ലാം വിളിച്ചുപറയുന്ന സമീപനമാണ് ജഡ്ജി സ്വീകരിച്ചത്. വെളിപാടുകളുടെ രീതി ഉന്നതനീതിപീഠത്തിനു ചേര്‍ന്നതല്ല. കണ്ണൂരിനെക്കുറിച്ചും തലശ്ശേരിയെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങള്‍ ജഡ്ജിക്ക് എവിടെനിന്നു കിട്ടി? നിഗമനങ്ങളില്‍ എത്തുന്നതിനു മുമ്പ് വിശദാംശങ്ങള്‍ കോടതി മനസ്സിലാക്കണമായിരുന്നു. നിയമപരമായ സൂക്ഷ്മപരിശോധന നടത്തണമായിരുന്നു. പ്രതിപക്ഷത്തിന് പ്രചാരണായുധമാക്കാനുള്ള പരാമര്‍ശങ്ങള്‍ ഒരു പരിശോധനയും കൂടാതെ എങ്ങിനെ നടത്താനായെന്ന് പിണറായി ചോദിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയോ പ്രതിപക്ഷത്തെ മറ്റേതെങ്കിലും നേതാവോ പറയുന്ന രീതിയില്‍ കോടതി അഭിപ്രായപ്രകടനം നടത്താമോ. ഏറ്റവും പ്രാഥമികമായ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കുക എന്നതാണ്. എന്നാല്‍ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം കോടതി ആരാഞ്ഞില്ല. ചീഫ് സെക്രട്ടറിയോട് വിവരം തിരക്കിയില്ല. എന്തുകൊണ്ട് സംസ്ഥാനസര്‍ക്കാരിന് പറയാനുള്ളത് ആരാഞ്ഞില്ല?

കണ്ണൂരില്‍ കേന്ദ്രഇടപെടല്‍ അനിവാര്യമാണെന്നും ആവശ്യമായ കേന്ദ്രസേനയെ വിന്യസിക്കണമെന്നുമാണ് വിധിയിലെ പരാമര്‍ശങ്ങളില്‍ ഒന്ന്. ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ക്കു പുറത്താണ് ജഡ്ജി സഞ്ചരിച്ചിട്ടുള്ളതെന്ന് പിണറായി ചൂണ്ടിക്കാട്ടി. തന്റെ മുമ്പിലില്ലാത്ത ഒരു പ്രശ്നത്തെക്കുറിച്ച് ജഡ്ജി വിധി പുറപ്പെടുവിക്കുമെന്ന് ആരും കരുതുന്നില്ല. കണ്ണൂരില്‍ ക്രമസമാധാനം പുലരാന്‍ പട്ടാളത്തെ വിളിക്കണമെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും ജഡ്ജി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പ്രശ്നം കേന്ദ്രസര്‍ക്കാരിനു മുമ്പിലേക്ക് കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് അദ്ദേഹം. ഇത് ജഡ്ജിയില്‍ നിക്ഷിപ്തമായ അധികാരമല്ല. ക്രമസമാധാനപാലനം സംസ്ഥാനസര്‍ക്കാറിന്റെ അധികാരമാണ്.

കേന്ദ്രത്തെ സമീപിക്കണമെന്ന് സംസ്ഥാനഗവണ്‍മെന്റിന്റെ അറിവില്ലാതെ ഗവര്‍ണറോട് നിര്‍ദ്ദേശിക്കാന്‍ ഒരു കോടതിക്കും അധികാരമില്ല. ജഡ്ജിമാര്‍ക്ക് പരിധിയില്ലാത്ത ചില അധികാരങ്ങളുണ്ട്. അത് വളരെ കരുതലോടെ, ശ്രദ്ധയോടെ, അത്യപുര്‍വസന്ദര്‍ഭങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ കേസില്‍ ജഡ്ജിയുടെ വാക്കിലും ചിന്തയിലും അനാവശ്യപരാമര്‍ശങ്ങളിലും അധികാരദുര്‍വിനിയോഗം വ്യക്തമാണ്. ക്രമസമാധാനപാലനത്തിന് ഏകമാര്‍ഗം കേന്ദ്രഇടപെടലാണെന്ന പരാമര്‍ശം ഏകപക്ഷീയമായ അധികാരപ്രയോഗമാണ്.

തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് വിധിയിലൂടെ ജഡ്ജി പ്രകടിപ്പിച്ചിരിക്കുന്നത്. നിഗമനങ്ങളില്‍ എത്തും മുമ്പ് പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങള്‍ ജഡ്ജി പാലിച്ചിട്ടേയില്ല. തന്റെ മുമ്പിലുള്ള കേസില്‍ നിന്നു മാറി തോന്നിയതെല്ലാം വിളിച്ചുപറയുന്ന സമീപനമാണ് സ്വീകരിച്ചത്. രക്തച്ചൊരിച്ചിലില്‍ നിന്ന് നേതാക്കള്‍ രക്ഷപ്പെടുന്നെന്നും യഥാര്‍ഥപ്രതികളല്ല കേസിലകപ്പെടുന്നതെന്നും പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നെന്നും മറ്റും ജഡ്ജി ആരോപിക്കുന്നു. കണ്ണൂരില്‍ പൊലീസ് വ്യത്യസ്തമായ സാഹചര്യമാണ് നേരിടുന്നതെന്നും വിധിയിലുണ്ട്. ഇക്കാര്യങ്ങളൊക്കെ എവിടെ നിന്നാണ് അദ്ദേഹത്തിന് കിട്ടിയത്?പ്രതിപക്ഷം പോലും ഉയര്‍ത്താത്ത ആക്ഷേപമാണ് ജസ്റ്റിസ് രാംകുമാര്‍ ഉന്നയിക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.

നേതാക്കള്‍ ആക്രമിക്കപ്പെട്ടത് ജഡ്ജി അറിഞ്ഞില്ലേ: പിണറായി
തിരു: കണ്ണൂരിലും തലശേരി താലൂക്കില്‍ വിശേഷിച്ചും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും രക്തച്ചൊരിച്ചിലില്‍നിന്ന് നേതാക്കള്‍ രക്ഷപ്പെടുകയും ചെയ്യുന്നതായി പരിഭവിക്കുന്ന ജസ്റ്റിസ് രാം കുമാറിന് പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ തലയില്‍ വെടിയുണ്ടയുമായി ജീവിക്കുന്നതും അറിയില്ലേയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചോദിച്ചു. എങ്ങനെ ഒരു ജഡ്ജിക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയും. ജസ്റ്റിസ് നടത്തിയ അനാവശ്യപരാമര്‍ശങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തിലെ എട്ടും ഒമ്പതും ഖണ്ഡികകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള തികച്ചും ഏകപക്ഷീയമായ നിഗമനങ്ങളാണ്. നേതാക്കള്‍ രക്ഷപ്പെടുകയാണെന്ന പരാമര്‍ശം അദ്ദേഹത്തിന് എങ്ങനെ നടത്താന്‍ കഴിഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പി ജയരാജന് സംഭവിച്ചത് ജഡ്ജിക്ക് അറിയില്ലേ. അദ്ദേഹത്തെ കൊല്ലാനാണ് ആര്‍എസ്എസ് ഉദ്ദേശിച്ചത്. വീട്ടില്‍ കയറി വെട്ടിവീഴ്ത്തിയ അക്രമികള്‍ കൊല്ലപ്പെട്ടെന്നുകരുതി ഇറങ്ങിപ്പോയി. ജയരാജന്‍ ജീവിച്ചിരിക്കുന്നത് അല്‍ഭുതകരമായ കാര്യമാണ.് തലയില്‍ വെടിയുണ്ടയുമായി കഴിയുകയാണ് ഇ പി ജയരാജന്‍. അഞ്ച് കേന്ദ്രകമ്മിറ്റി അംഗങ്ങളെ പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ച ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. തീരുമാനിച്ചുറപ്പിച്ച ആക്രമണമായിരുന്നു അത്. നിമിഷങ്ങള്‍ക്കകം കുതിച്ചെത്തി അക്രമം നേരിടുന്ന ദ്രുതകര്‍മസേനയുടെ മുമ്പിലായിരുന്നു ആക്രമണം. പാര്‍ടി കര്‍ണാടക സെക്രട്ടറി വി ജെ കെ നായരുടെ വീട് ആക്രമിച്ചു. അദ്ദേഹത്തെ വകവരുത്താനാണ് ബിജെപി അക്രമികള്‍ എത്തിയത്. സ്ഥലത്തില്ലാത്തതിനാല്‍ ഭാര്യയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിമുഴക്കി. ആന്ധ്രയില്‍ സുന്ദരയ്യ വിജ്ഞാനകേന്ദ്രം ആക്രമിച്ചു. നാഗര്‍കോവിലില്‍ പാര്‍ടി ഓഫീസ് ആക്രമിച്ചു. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് മുഖമാണ് ഈ ആക്രമണങ്ങളില്‍ കണ്ടത്.

പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ട ഏത് സംഭവമാണ് ജഡ്ജിയുടെ മുമ്പിലുള്ളത്. ഏതെങ്കിലും സംഭവം പരിശോധിച്ചാണോ ഈ അഭിപ്രായത്തിലെത്തിയത്. പ്രതിപക്ഷം പറയുന്ന രീതിയില്‍ കോടതി പറയാമോ. പാര്‍ടി ഓഫീസില്‍നിന്ന് നല്‍കുന്ന പേരുകളാണ് പ്രതികളുടെ പട്ടികയില്‍ വരുന്നതെന്ന് എങ്ങനെ ജഡ്ജിക്ക് പറയാന്‍ കഴിഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ത്തന്നെ പ്രതികളുടെ പേര് ഉള്‍പ്പെടുത്തുന്നുണ്ട്. പാര്‍ടി ഓഫീസില്‍ ചോദിച്ചാണോ പൊലീസ് എഫ്ഐആര്‍ തയ്യാറാക്കുന്നത്. നടപടിക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. ഈ ആരോപണം ഒരു പ്രതിപക്ഷപാര്‍ടിയും ഉന്നയിച്ചിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കാത്ത കാര്യം എങ്ങനെ ഹൈക്കോടതിയുടെ അഭിപ്രായമായി ഉയര്‍ത്താനാകുന്നു.

രാഷ്ട്രീയവിരോധത്തില്‍ പ്രതികളായി ശിക്ഷിക്കപ്പെടുന്നവരുടെ കുടുംബങ്ങള്‍ അനാഥമാകാന്‍ പാടില്ല. അവരുടെ കുടുംബം നിരാലംബരായി ജീവിക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. ജയിലില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ പാര്‍ടി സഹായിക്കാറുണ്ട്. അത് മനുഷ്യത്വപരമായ സമീപനമായേ ആരും കാണൂ. കോടതി ഇത്തരമൊരു പരാമര്‍ശം എങ്ങനെ നടത്തിയെന്ന് ആലോചിക്കാനാകുന്നില്ല.

ഹൈക്കോടതി പരാമര്‍ശത്തിന്റെയും വിധിയുടെയും നിയമരാഹിത്യം ചൂണ്ടിക്കാട്ടുന്നത് കോടതിയലക്ഷ്യമല്ലെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോടതിയോട് അനാദരവില്ല. എന്നാല്‍ കോടതി അധികാരപരിധി വിടുന്നതിനോട് വിയോജിക്കുന്നു-പിണറായി വ്യക്തമാക്കി.

2. അമേരിക്കയില്‍ തൊഴില്‍ത്തട്ടിപ്പ്: ദുരിതക്കയത്തില്‍ മലയാളികളും
കൊച്ചി: അമേരിക്കയില്‍ കപ്പല്‍ശാലയില്‍ ഉയര്‍ന്ന ജോലിയും കുടുംബത്തിനടക്കം സ്ഥിരതാമസവും ഗ്രീന്‍കാര്‍ഡും വാഗ്ദാനം ചെയ്ത് ജോലിക്കെത്തിച്ച മലയാളികളടക്കം 120 ഇന്ത്യക്കാര്‍ ദുരിതത്തില്‍. ജോലിക്ക് എട്ടുമുതല്‍ പത്തുലക്ഷം രൂപവരെ നല്‍കിയാണ് ഇവര്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ വാഗ്ദാനംചെയ്ത ജോലിയോ ശമ്പളമോ താമസസൌകര്യമോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഗ്രീന്‍കാര്‍ഡിനുപകരം ലഭിച്ചത് അമേരിക്കയില്‍ 15 മാസം അതിഥിയായി താമസിക്കാന്‍ കഴിയുന്ന എച്ച്-2ബി വിസയും.

ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമായി വര്‍ഷങ്ങളോളം ജോലിചെയ്തവരാണ് ഉണ്ടായിരുന്ന സമ്പാദ്യം അമേരിക്കയിലേക്ക് പോകുന്നതിനു ചെലവഴിച്ച് വഞ്ചിക്കപ്പെട്ടത്. അമേരിക്കയില്‍ ഇവര്‍ക്ക് ജോലിസ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ അഹമ്മദ് എന്നിവര്‍ക്ക് പരാതി നല്‍കി.

അമേരിക്കയിലെ സിഗ്നല്‍ ഇന്റര്‍നാഷണല്‍ എന്ന മറൈന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്ക് മുംബൈയിലെ സച്ചിന്‍ ദിവാന്‍ എന്ന റിക്രൂട്ടിങ് സ്ഥാപനംവഴിയാണ് ആളുകളെ തെരഞ്ഞെടുത്തത്. 2006-ല്‍ മലയാളത്തിലെ അടക്കം പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയായിരുന്നു റിക്രൂട്മെന്റ്. എട്ടുമുതല്‍ പത്തുലക്ഷം രൂപവരെ പല ഘട്ടങ്ങളിലായി നല്‍കി. പലരും കിടപ്പാടംവരെ വിറ്റാണ് പണം കണ്ടെത്തിയത്.

2006 ഡിസംബറില്‍ അമേരിക്കയിലെത്തിയശേഷം കൃത്യമായ ശമ്പളമോ താമസസൌകര്യമോ ഗ്രീന്‍കാര്‍ഡോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് അമേരിക്കയില്‍ തട്ടിപ്പിനിരയായി കഴിയുന്ന ചേര്‍ത്തല രേവതിയില്‍ സാബുലാലി(40)ന്റെ സഹോദരന്‍ പ്രദീപ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തട്ടിപ്പിനിരയായ ഒരാള്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പൈപ്പ് ഫിറ്ററായ സാബുലാല്‍ പത്തുവര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്തശേഷമാണ് എട്ടുലക്ഷം രൂപ നല്‍കി അമേരിക്കയിലേക്കു പോയത്.

എന്നാല്‍ അവിടെ ട്രെയിലറുകളിലാണ് താമസിപ്പിച്ചിരുന്നത്. ഒരുമുറിയില്‍ 24 പേരെവീതമാണ് താമസിപ്പിച്ചിരിക്കുന്നത്. ശമ്പളമായി നല്‍കുന്ന 1500 ഡോളറില്‍ 1000 ഡോളറും കമ്പനി താമസത്തിനും ഭക്ഷണത്തിനുമായി തിരിച്ചുപിടിക്കുകയാണ്. പ്രതിഷേധിക്കാന്‍ ശ്രമിച്ച തൊഴിലാളികളെ കമ്പനിയുടെ ആയുധധാരികളായ കാവല്‍ക്കാര്‍ മര്‍ദിച്ചതായും പ്രദീപ് പറഞ്ഞു.

ഇതിനിടെ സാബുലാല്‍, കോഴിക്കോട് സ്വദേശി രാജന്‍ പഴമ്പലക്കോട് എന്നിവരുടെ നേതൃത്വത്തില്‍ അലയന്‍സ് ഓഫ് ഗസ്റ്റ് വര്‍ക്കേഴ്സ് ഫോര്‍ ഡിഗ്നിറ്റി എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹികളെ കണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. ലേബര്‍ ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ ഇടപെടലിനും ശ്രമിക്കുന്നുണ്ട്.

രാജന്‍ പഴമ്പലക്കാടിന്റെ ഭാര്യാ സഹോദരന്‍ സന്ദീപ്, പാലക്കാട് സ്വദേശി വിജയകുമാറിന്റെ അച്ഛന്‍ ദിനകരന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

3. പലഹാരങ്ങളില്‍ ഇപ്പോള്‍ പാമോയില്‍ മണക്കുന്നില്ല
കൊല്ലം: തട്ടുകടകളിലെ പലഹാരങ്ങളില്‍ ഇപ്പോള്‍ പൊതുവെ പാമോയില്‍ മണക്കുന്നില്ല. നറും വെളിച്ചെണ്ണയുടെ ഗന്ധം. ഹോട്ടലുകളിലും ഏതാനും ആഴ്ചകളായി വെളിച്ചെണ്ണയ്ക്ക് പ്രിയം കൂടിയിരിക്കുന്നു. പാമോയിലിന്റെ വില വെളിച്ചെണ്ണയെക്കാള്‍ ഉയര്‍ന്നതാണ് ഭക്ഷണശാലകളിലെ അടുക്കളയില്‍ നിശബ്ദവിപ്ളവം സൃഷ്ടിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് പാമോയിലിന്റെ വില വെളിച്ചെണ്ണയെ മറികടന്നത്.

പൊതുവിപണിയില്‍ പാമോയില്‍ കിലോഗ്രാമിന് 75-80 രൂപ വരെ വിലയുണ്ട്. ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഇതില്‍ പ്രാദേശികമായി വരും. വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് 65-67 രൂപയാണുള്ളത്. പല സ്ഥലങ്ങളിലും കിലോഗ്രാമിന് 10 രൂപവരെ പാമോയിലിന് വില കൂടുതലാണ്. ഇതുകാരണം ഭക്ഷണശാല നടത്തിപ്പുകാര്‍ കൂട്ടത്തോടെ വെളിച്ചെണ്ണയിലേക്ക് കൂറുമാറുകയാണ്.

ഇതാദ്യമായാണ് വിലയില്‍ പാമോയില്‍ വെളിച്ചെണ്ണയെ കടത്തിവെട്ടിയതെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ പാമോയില്‍ ഇറക്കുമതി നിരോധിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍നിന്നും ലോറിയിലാണ് ഇങ്ങോട്ട് ചരക്ക് കൊണ്ടുവരുന്നത്. ചരക്കുകടത്ത് കൂലികൂടി ചേരുമ്പോഴാണ് പാമോയിലിന് വില ഉയരുന്നത്. സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇളവുകളും വെളിച്ചെണ്ണ വിപണിക്ക് ആശ്വാസമായി. ന്യായവില ശൃംഖലയില്‍ വെളിച്ചെണ്ണ കിലോഗ്രാമിന് 62 രൂപയ്ക്ക് വില്‍ക്കുന്നു. വെളിച്ചെണ്ണ ചീത്ത കൊളസ്ട്രോള്‍ കൂട്ടുമെന്ന പ്രചാരണത്തിന്റെ ശക്തി കുറഞ്ഞതും ഉപഭോഗത്തെയും വിപണിയെയും സ്വാധീനിച്ചു. വെളിച്ചെണ്ണയെക്കാള്‍ വ്യായാമക്കുറവാണ് ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകുന്നതെന്ന് വൈദ്യശാസ്ത്രവും ചൂണ്ടിക്കാട്ടുന്നു. ആകപ്പാടെ വെളിച്ചെണ്ണയ്ക്ക് നല്ലകാലം തിരിച്ചുവന്നിരിക്കയാണ്.

4. സിബിഐക്ക് ഫെഡറല്‍ അധികാരം നല്‍കണം: പാര്‍ല. കമ്മിറ്റി
ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാനവ്യാപ്തിയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനും നടപടിയെടുക്കുന്നതിനും സിബിഐക്ക് കൂടുതല്‍ അധികാരവും സൌകര്യവും നല്‍കണമെന്ന് നിയമം- നീതിന്യായം എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സമിതി ശുപാര്‍ശചെയ്തു. സമിതി ചെയര്‍മാന്‍ ഇ എം സുദര്‍ശന നാച്ചിയപ്പനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ എന്നത് മാറ്റി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്റലിജന്റ്സ് ആന്‍ഡ് ഇന്‍വെസ്റിഗേഷന്‍ എന്നാക്കണം.

തീവ്രവാദം, മനുഷ്യക്കടത്ത്, മയക്കുമരുന്നുകടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫെഡറല്‍സ്വഭാവത്തോടെയുള്ള കുറ്റാന്വേഷണസംവിധാനം വേണം. തീവ്രവാദം ചെറുക്കാന്‍ കൂടുതല്‍ അധികാരവും സൌകര്യവുമുള്ള പ്രത്യേക വിഭാഗം ആവശ്യമാണ്. നിലവിലുള്ള സംവിധാനമനുസരിച്ച് തീവ്രവാദി ആക്രമണംപോലുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല സിബിഐക്ക് കൈമാറുന്നതിന് എടുക്കുന്ന കാലതാമസം കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നു. സിബിഐക്ക് സ്വന്തമായ ഉദ്യോഗസ്ഥസംവിധാനം ആവശ്യമാണ്. ഐപിഎസുകാരെ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കുന്നത് സിബിഐയുടെ കാര്യക്ഷമത കുറയ്ക്കുന്നു. ഡെപ്യൂട്ടേഷന്‍ സംവിധാനം എത്രയും വേഗം അവസാനിപ്പിക്കണം.

5. ഡല്‍ഹിയില്‍ എസ്മ പ്രഖ്യാപിച്ചു വിമാനത്താവളജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
ന്യൂഡല്‍ഹി: വിമാനത്താവളജീവനക്കാര്‍ പണിമുടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വ്യോമസേനയെ നിയോഗിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയടക്കം 21 പ്രധാന വിമാനത്താവളത്തിലാണ് 479 വ്യോമസേനാംഗങ്ങളെ നിയോഗിച്ചത്. ഇതിനുപുറമേ ഡല്‍ഹി വിമാനത്താവളത്തില്‍ അത്യാവശ്യ സേവനം നടപ്പാക്കല്‍ നിയമം (എസ്മ) പ്രഖ്യാപിച്ചു.

പുതിയ വിമാനത്താവളം നിര്‍മിച്ച ഹൈദരാബാദ്, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലെ പഴയ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ളോയീസ് ജോയിന്റ് ഫോറമാണ് സമരത്തിന് ആഹ്വാനംചെയ്തത്. ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ പണിമുടക്കും.

സര്‍ക്കാരുമായി നടത്തിയ സംഭാഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ചൊവ്വാഴ്ചതന്നെ മെല്ലെപ്പോക്ക് സമരം തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി സര്‍വീസ് വൈകി.

127 വിമാനത്താവളങ്ങളിലെ 20,000 ത്തോളം ജീവനക്കാര്‍ സമരത്തിലുണ്ട്.

6. റേഷന്‍സംവിധാനം തകര്‍ക്കാന്‍ സ്മാര്‍ട്ട് കാര്‍ഡും
ന്യൂഡല്‍ഹി: ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചും സംഭരണം നിര്‍ത്തലാക്കിയും പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിന് ആക്കംകൂട്ടാന്‍ സ്മാര്‍ട്ട് കാര്‍ഡ് സമ്പ്രദായവുമായി രംഗത്ത്. ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച 2008-09 വര്‍ഷത്തെ ബജറ്റിലാണ് റേഷന്‍ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് സമ്പ്രദായം രാജ്യവ്യാപകമാക്കുമെന്ന സൂചനയുള്ളത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഹരിയാനയിലും കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഢിലുമാണ് പദ്ധതി നടപ്പാക്കുകയെന്ന് ബജറ്റില്‍ പറയുന്നു. ഇത് രാജ്യമെമ്പാടും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചിദംബരം വാചാലനായി. ക്രെഡിറ്റ് കാര്‍ഡും എടിഎം കാര്‍ഡും പോലെയുള്ളതായിരിക്കും സ്മാര്‍ട്ട് കാര്‍ഡെന്ന് ഭക്ഷ്യമന്ത്രാലയത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കാര്‍ഡുള്ളവര്‍ക്ക് റേഷനരി വാങ്ങാന്‍ ഇനി കടയില്‍ പോകണമെന്നില്ല. ഏത് കടയില്‍ പോയാലും സബ്സിഡിയോടെയുള്ള അരിയും മറ്റും കാര്‍ഡുടമകള്‍ക്ക് ലഭിക്കും. ഇതിന്റെ ഫലമായി റേഷന്‍ കടകള്‍ ഇല്ലാതാകും. മാത്രമല്ല സ്വകാര്യ കടയുടമകള്‍ക്ക് അരിയുടെയും മറ്റും വിലവര്‍ധിപ്പിച്ചുകാണിച്ച് സബ്സിഡി തുക മുഴുവന്‍ വിഴുങ്ങാന്‍ അവസരം ലഭിക്കുകയും ചെയ്യും. സര്‍ക്കാര്‍ പൊതുവിതരണസമ്പ്രദായത്തിനെന്നു പറഞ്ഞ് നല്‍കുന്ന സബ്സിഡി മുഴുവന്‍ ഈ സ്വകാര്യ കടക്കാര്‍ തട്ടിയെടുക്കും.

ലോകത്തിലെ പല രാജ്യങ്ങളിലും സ്മാര്‍ട്ട്കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. ഇന്തോനേഷ്യയിലാണ് ഇത് വ്യാപകമായി നടപ്പാക്കിയിരുന്നത്. എന്നാല്‍ അര്‍ഹരായവര്‍ക്ക് സബ്സിഡിയോടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നു. മലേഷ്യയിലും സിംഗപ്പൂരിലും ഇതു തന്നെയായിരുന്നു ഫലം. സ്മാര്‍ട്ട് കാര്‍ഡ് കടം വയ്ക്കാനും ജാമ്യമായും നല്‍കാന്‍ കഴിയുമെന്നതിനാല്‍ അര്‍ഹരായവര്‍ക്ക് സബ്സിഡിയുടെ ഗുണം ലഭിക്കില്ലെന്നും ഈ രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നു.

ഉദാരവല്‍ക്കരണ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് കൂപ്പണ്‍ സമ്പ്രദായം പോലെതന്നെ സ്മാര്‍ട്ട് കാര്‍ഡ് സമ്പ്രദായവും നടപ്പാക്കുന്നതെന്നും ഇത് പൊതുവിതരണസമ്പ്രദായത്തെ സാര്‍വത്രികമാക്കാനുള്ള നീക്കത്തെ തകര്‍ക്കുന്നതാണെന്നും അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

സ്മാര്‍ട്ട് കാര്‍ഡ് സമ്പ്രദായം ഇന്ത്യയിലും വരുമെന്ന് വ്യക്തമാക്കിയതോടെ അതിന്റെ കരാര്‍ ലഭിക്കാന്‍ സ്വകാര്യ കമ്പനികള്‍ മത്സരിക്കുകയാണ്. മൊബൈല്‍ കമ്പനികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. മൊബൈല്‍ ബിസിനസിനെക്കാളും കൂടുതല്‍ പണം ഇതുവഴി ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനികള്‍ കണക്ക് കൂട്ടുന്നത്. നിലവില്‍ ഇന്ത്യയില്‍ 4.89 ലക്ഷം റേഷന്‍കടകളാണുള്ളത്. ദാരിദ്യ്രരേഖയ്ക്ക് കീഴിലുള്ള 6.52 കോടി കുടുംബാംഗങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ട്. അഞ്ചുവര്‍ഷത്തിനകം 20-30 കോടി സ്മാര്‍ട്ട് കാര്‍ഡ് വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കാര്‍ഡൊന്നിന് 40 രൂപ മുതല്‍ 100 രൂപ വരെ വിലയുണ്ടാകും.

1. വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം
തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീ ക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയെ തടയാന്‍ ശ്രമിച്ചവിദ്യാര്‍ഥികള്‍ക്ക് മര്‍ദനം.സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജ്ജിലും സമരക്കാര്‍ക്ക് പിന്തുണയുമായെത്തിയ കെ.എസ്.യു പ്രസിഡന്റ് ഹൈബി ഈഡനും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

വ്ളാത്തങ്കര ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രിയെ തടഞ്ഞത്.

ഈ സ്കുളിലെ വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാനുള്ള ഹാള്‍ടിക്കറ്റ് ലഭിച്ചിരുന്നില്ല.

ഈ വിവരം സെക്രട്ടേറിയറ്റില്‍ വച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും

ശ്രമിച്ചെങ്കിലും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ പരീക്ഷ

എഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തില്‍ മന്ത്രി പങ്കെടുക്കുന്ന വിവരം അറിഞ്ഞ് പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും

എത്തിയതോടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. പ്രതിഷേധവുമായി കുത്തിയിരുപ്പ് സമരം ആരംഭിച്ച വിദ്യാര്‍ഥികളുമായും

രക്ഷിതാക്കളുമായും ചര്‍ച്ച നടത്താന്‍ വിദ്യാഭ്യസമന്ത്രി തയാറാവുകയും അവരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം അംഗീകാരം ഇല്ലാത്ത സ്കൂളില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിക്കില്ലെന്ന് അധ്യായന വര്‍ഷം ആരംഭത്തില്‍ തന്നെ സ്കൂള്‍ മാനേജ്മെന്റിനെ അറിയിച്ചുവെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കുട്ടികളുടെ ഭാവി മുന്നില്‍കണ്ട് അവരെ സേ പരീക്ഷയോടൊപ്പം എഴുതിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇത് അംഗീകരിക്കാതെ മന്ത്രിയുടെ കാറിന് മുന്‍പില്‍ സമരം തുടര്‍ന്ന

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കെ.എസ്.യു പ്രസിഡന്റ് ഹൈബി ഈഡന്റെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയതോടെ സമരത്തിന് ചുടേറി. മന്ത്രിയുടെ കാറിന് മുന്‍പില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും പോലീസ് പിടിച്ച് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലും ലാത്തിചാര്‍ജ്ജിലും കലാശിച്ചു. ലാത്തി ചാര്‍ജ്ജില്‍ കെ.എസ്.യു പ്രസിഡന്റ് ഹൈബി ഈഡനും പോലീസുകാരുടെ ചവിട്ടില്‍ ആശ എന്ന വിദ്യാര്‍ഥിനിയ്ക്കും പരിക്ക് പറ്റി. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചതിന് സംഭവ സ്ഥലത്ത് നിന്നും രതീഷ് എന്ന വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനത്തിലിട്ട് മര്‍ദിക്കുകയും ചെയ്തു. വിദ്യാര്‍ഥിയെ കസ്റ്റിഡിയിലെടുത്ത വിവരം തിരക്കിയ മാധ്യമ പ്രവര്‍ത്തകരോടും രക്ഷകര്‍ത്താക്കളോടും അസി.കമ്മീഷണര്‍ രാമചന്ദ്രന്‍ നായര്‍ മോശമായാണ് പെരുമാറിയത്. മന്ത്രിയുടെ വാഹനം തടഞ്ഞാല്‍ കസ്റ്റഡിയിലെടുക്കുകയല്ല ചിലപ്പോള്‍ കൊല്ലുമെന്നായിരുന്നു എ.സിയുടെ മറുപടി. വീണ്ടും പ്രതിഷേധം തുടര്‍ന്ന രക്ഷിതാക്കളെയും വിദ്യാര്‍ഥികളേയും പോലീസ് അറസ്റ്റ് ചെയ്ത് പൂജപ്പുര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണപക്ഷ എം.എല്‍.എമാര്‍ പൂജപ്പുര സ്റ്റേഷനിലെത്തുകയും വിദ്യാഭ്യാസ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി സ്റ്റേഷനില്‍ എത്തുകയും അവിടെ വച്ച് രക്ഷിതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

നേരത്തെ അറിയിച്ചിരുന്നതുപോലെ വിദ്യാര്‍ഥികളുടെ അധ്യായന വര്‍ഷം നഷ്ടപ്പെടാതെ ജൂണില്‍ പരീക്ഷ എഴുതുന്നതിനുള്ള അവസരം നല്‍കാമെന്ന് മന്ത്രി അറിയിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നത്.

ഒത്തു തീര്‍പ്പ് അംഗീകരിച്ചതോടെ വിദ്യാര്‍ഥികളേയും രക്ഷിതാക്കളെയും കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ് വിട്ട യച്ചു.

അസംപ്ഷന്‍ സ്കൂളില്‍ അംഗീകാരമില്ലെങ്കിലും എട്ട് ക്ളാസ് മുതലുള്ള വിദ്യാര്‍ഥികളെ ഇവിടെ പഠിപ്പിച്ചിരുന്നു. അംഗീകാരം ഇല്ലാത്തതിനാല്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ തയ്യാറെടുപ്പ് വേളയില്‍ തന്നെ പരീക്ഷ എഴുതുന്നതിന് സെന്റര്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികളെ അംഗീകാരമുള്ള സ്കൂളികളിലേക്ക് മാറ്റണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത അവസരത്തില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ച 97 വിദ്യാര്‍ഥികളെ അറയൂര്‍ എല്‍.ബി.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതാന്‍ വിദ്യഭ്യാസ വകുപ്പ് അനുവദിച്ചു.

ജനനസര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ജനുവരി 29 ന് മുന്‍പ് സ്കൂളില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ഇതില്‍ 69 വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയെങ്കിലും 28 വിദ്യാര്‍ഥികള്‍ക്ക് ഇതിനു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ ഈ വിവരം അറിയിക്കുകയും ബാക്കി വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള സൌകര്യം നല്‍കാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തതായി വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും അറിയിച്ചു.

എന്നാല്‍ പരീക്ഷയുടെ തലേദിവസവും ഹാള്‍ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി സെക്രട്ടേറിയറ്റില്‍ എത്തിയത്.

വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ച സംഭവം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റ സംഭവം നിര്‍ഭ്യാഗകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2. കണ്ണൂരിലെ ആക്രമണ രാഷ്ട്രീയത്തിനെതിരേ ഹൈക്കോടതിയുടെ നിശിത വിമര്‍ശനം
കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ സമയോചിതമായ കേന്ദ്ര ഇടപെടലാണ് ഏക പരിഹാരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അധികാരത്തിലുള്ളവരുടെ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത കേന്ദ്ര സേനയെ കണ്ണൂരില്‍ വിന്യസിക്കുന്ന കാര്യത്തില്‍ സംസ്ഥാന ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കുമെന്ന് ജസ്റ്റിസ് വി. രാംകുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശേരി മടപ്പാപീടികയില്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്പിക്കവേയാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരേ കോടതി നിശിതമായി പ്രതികരിച്ചത്.

മനുഷ്യക്കുരുതിയുടെയും രാഷ്ട്രീയ അക്രമങ്ങളുടെയും കൂത്തരങ്ങായി കണ്ണൂര്‍ മാറിയിട്ട് വര്‍ഷങ്ങളായെന്ന് കോടതി ഓര്‍മിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ അക്രമത്തിന്റെ പാതയിലാണ്. സഹജീവികളുടെ ജീവന്‍ ക്രൂരവും പൈശാചികവുമായ രീതിയിലാണ് പാര്‍ട്ടി പ്രവര്‍ത്തകരോ വാടക കൊലയാളികളോ ഉന്മൂലനം ചെയ്യുന്നത്. മാരകായുധങ്ങള്‍ കണ്െടടുക്കപ്പെടാതെ ശേഖരിക്കുന്നതും പതിവായിരിക്കുന്നു. സാധാരണ പൌരന്മാര്‍ രക്തദാഹികളായ മനുഷ്യരൂപം പൂണ്ട മൃഗങ്ങളുടെ ചോരക്കൊതിക്ക് ഇരയാകുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കൌശലത്തോടെ പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് നിരപരാധികളാണെന്ന സ്ഥിതിവിശേഷവും കണ്ണൂരിലുണ്െടന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകളുണ്ടായില്ലെങ്കില്‍ കുറ്റാന്വേഷണത്തില്‍ മികവു പുലര്‍ത്തുന്ന പോലീസ് സേനയാണ് നമ്മുക്കുള്ളത്.

എന്നാല്‍ രാഷ്ട്രീയക്കാര്‍ നല്കുന്ന പട്ടികയില്‍നിന്ന് പ്രതികളെ നിശ്ചയിക്കുന്ന ലജ്ജാകരമായ അവസ്ഥയാണ് ഇപ്പോള്‍ കണ്ണൂരിലുള്ളത്. പോലീസ് രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറുകയാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

കേസുകളില്‍ പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനുകളില്‍നിന്ന് ബലമായി രക്ഷിക്കുന്ന സംഭവങ്ങളും കണ്ണൂരില്‍ അരങ്ങേറുന്നു. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ഇടതടവില്ലാതെ തുടരുന്ന ചിത്രമാണ് കണ്ണൂരിലുള്ളത്.

സ്വതവേ സ്നേഹശീലരും ആതിഥേയ മര്യാദകള്‍ ഏറെയുള്ളവരുമായ ഈ പ്രദേശത്തെ ജനങ്ങള്‍ രാഷ്ട്രീയത്തിന്റെ അതിപ്ര സരം മൂലം ഭ്രാന്തന്‍മാരായി മാറുന്നത് അതിശയകരമാണെന്നും കോടതി അഭിപ്രാ യപ്പെട്ടു.

തേജസ് പത്രം ഏജന്റായിരുന്ന മുഹമ്മദ് ഫസല്‍ 2006 ഒക്ടോബര്‍ 22- നാണ് ക്രൂരമായ രീതിയില്‍ വധിക്കപ്പെട്ടത്. തലശേരി ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിനു സമീപം ടെമ്പിള്‍ റോഡില്‍ വച്ച് പുലര്‍ച്ചെ കൊല്ലപ്പെട്ട മുഹമ്മദ് ഫസലിന്റെ ദേഹത്ത് 20 വെട്ടുകളേറ്റിരുന്നു. അനേകം കേസുകളില്‍ പ്രതികളായ മൂന്നു വാടക കൊലയാളികളെയാണ് പോലീസ് കേസില്‍ പ്രതി ചേര്‍ത്തത്.

തലശേരിയില്‍ മുസ്ലിം യുവാക്കളെ എന്‍.ഡി.എഫിലേക്ക് ചേര്‍ത്തിരുന്ന മുഹമ്മദ് ഫസലിനോട് സ്ഥലത്തെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വിരോധമുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ഥ കുറ്റവാളികളെ പിടികൂടാന്‍ തക്ക വിധമുള്ള ബുദ്ധിപരമായ അന്വേഷണം പോലീസ് നടത്തിയിട്ടില്ലെന്നാണ് കേസ് ഡയറിയില്‍നിന്നു വ്യക്തമാകുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി പരിഗണിക്കുമ്പോള്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ മുഹമ്മദ് ഫസലിന്റെ വിധവ മറിയുവിന് സംസ്ഥാന പോലീസില്‍നിന്ന് നീതി ലഭിക്കില്ലെന്ന് പൂര്‍ണ ബോധ്യമുണ്െടന്ന് കോടതി വ്യക്തമാക്കി.

21 കേസുകളില്‍ പ്രതിയായ സുനില്‍കുമാര്‍ എന്നയാളെയാണ് പോലീസ് മുഹമ്മദ് ഫസല്‍ വധക്കേസിലെ ഒന്നാം പ്രതിയായി ചേര്‍ത്തത്. കേസിലെ രണ്ടാം പ്രതിയായി ചേര്‍ത്ത ബ്രിജേഷ് ആറു കേസുകളിലും മൂന്നാം പ്രതി ജിതേഷ് നാലു കേസുകളിലും പ്രതികളാണ്. സംഭവത്തിന് ദൃക്സാക്ഷികളായ അബ്ദുള്ള, ലുലു മാര്‍ജാന്‍ എന്നിവര്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

3. കെ.എസ്.ഇ.ബി അഴിച്ചുപണിയണം
കോട്ടയം: സംസ്ഥാനത്തു വൈദ്യുതിബോര്‍ഡില്‍ അഴിച്ചുപണി അനിവാര്യമാണെന്നും നിര്‍മാണം, വിതരണം പ്രസരണം എന്നിവയ്ക്കും അഡ്മിനിസ്ട്രേഷനുമായി രണ്ടു കമ്പനികള്‍ രൂപീകരിക്കണമെന്നും ഇതേപ്പറ്റി പഠിച്ച സിദ്ധാര്‍ഥമേനോന്‍ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകണം ഇരു കമ്പനികളും പ്രവര്‍ത്തിക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മന്ത്രിസഭായോഗം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു കരുതുന്നത്. എന്നാ ല്‍, ഇതു സംബന്ധിച്ച് മന്ത്രിസഭയില്‍ വ്യത്യസ്താഭിപ്രായമാണ് ഉള്ളതെന്നറിയുന്നു.

മന്ത്രി എ.കെ. ബാലന്‍ പുനസംഘടന സംബന്ധിച്ചു പല അവസരങ്ങളിലും വിയോജിപ്പു പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്െടങ്കിലും സിദ്ധാര്‍ഥമേനോന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഭജനമല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല.

വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി ബോര്‍ഡുകളുടെ വിഭജനം ഇതിനകം നടന്ന പശ്ചാത്തലത്തില്‍ പുനസംഘടനയില്‍നിന്നു സര്‍ക്കാരിന് പിന്നോട്ടുപോകാനും സാധ്യമല്ല. മാത്രവുമല്ല, 2003-ലെ കേന്ദ്ര ഇലക്ട്രിസിറ്റി നിയമവും വൈദ്യുതിബോര്‍ഡ് പുനസംഘടിപ്പിക്കണമെന്നു നിര്‍ദേശിക്കുന്നു. ഇതോ ടെ വൈദ്യുതിബോര്‍ഡില്‍ അഴിച്ചുപണി ഏറെക്കുറെ ഉറപ്പായി.

ബോര്‍ഡ് പൊതുമേഖലയില്‍തന്നെ തുടരണമെന്ന നിര്‍ദേശം മന്ത്രിക്ക് സ്വീകാര്യമാണ്. വിവിധ രാജ്യങ്ങളിലെ വൈദ്യുതിബോര്‍ഡുകളുടെ പ്രവര്‍ത്തനം സിദ്ധാര്‍ഥമേനോന്‍ കമ്മിറ്റി പഠനവിധേയമാ ക്കിയിരുന്നു.

അതു പോ ലെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും സംഘം പഠനം നടത്തിയിരുന്നു. അവി ടെയൊക്കെ വിഭജനത്തിനു ശേഷം വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നും കമ്മീഷന്‍ കണ്െടത്തിയിട്ടുണ്ട്.

സ്വകാര്യ വ്യക്തികളെ ഏല്‍പ്പിച്ച സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളാണ് കുത്തഴിഞ്ഞനിലയിലുള്ളതെന്നും കമ്മീഷന്‍ വിലയിരുത്തി. അതുകൊണ്ട് സ്വകാര്യനിക്ഷേപ ത്തിന് ഒരിക്കലും ഊന്നല്‍ നല്‍ക രുതെന്നും കമ്മീഷന്‍ പറയുന്നു.

മറ്റു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തി ലെ ബോര്‍ഡ് ഭേദപ്പെട്ട അവസ്ഥയിലാണുള്ളതെന്ന് കമ്മീഷന്‍ കണ്െടത്തി. പുതിയ കമ്പനികള്‍ നിലവില്‍ വരുമ്പോള്‍ ഓഹരികള്‍ കേരള ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍തന്നെയാവണമെന്ന് കമ്മീഷന്‍ പറയുന്നു.

പുതിയ സ്ഥാപനത്തിന്റെ ഡയറക്ടര്‍ബോര്‍ഡിനെക്കുറിച്ചും കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. 18 അംഗങ്ങളായിരിക്കണം ബോര്‍ഡിലുണ്ടാവേണ്ടത്. ഇതില്‍ ആറുപേര്‍ ഗവണ്‍മെന്റ് പ്രതിനിധികള്‍, ആറ് എമിനന്റ് വ്യക്തികള്‍, സര്‍വീസ് സംഘടനകളുടെ ആറു പ്രതിനിധകള്‍ എന്നിങ്ങനെയാണ് അംഗങ്ങളെ വിഭജിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ പ്രതിനിധികളായിട്ടെ ത്തുന്ന ആറു പേരില്‍ 5 അംഗങ്ങള്‍ മുഴുവന്‍ സമയ അംഗങ്ങളും ഒരാള്‍ ഊര്‍ജവകുപ്പിന്റെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരിക്കണം. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശവും കമ്മീഷന്‍ നല്‍കുന്നുണ്ട്.

ഓണ്‍ ലൈന്‍ ബില്ല്, പ്രീപെയ്ഡ് മീറ്ററിംഗ് തുടങ്ങി വിവധ സൌകര്യങ്ങള്‍ ബോര്‍ഡില്‍ ഉണ്ടാവണ മെന്ന് നിര്‍ദേശമുണ്ട്. പൊതുജനങ്ങളുമായുള്ള ഇടപെടീലും കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. കമ്മീഷന്‍ അംഗങ്ങളായി പി എ സിദ്ധാ ര്‍ഥമേനോനു പുറമെ മു ന്‍ അഡ്വ.ജനറ ല്‍ എം. കെ. ദാമോദരന്‍, കെ. ആര്‍. ഉണ്ണിത്താന്‍, മുന്‍ പവര്‍ സെക്രട്ടറിയായിരുന്ന കെ. കെ. വിജയന്‍ എന്നിവരുമുണ്ട്.

4. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ ഹോം നഴ്സിംഗ് സ്ഥാപനം; എന്‍ജിനീയര്‍ അറസ്റ്റില്‍
കോട്ടയം: പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ ഹോം നഴ്സിംഗ് സ്ഥാപനം നടത്തി വന്ന ബി.എസ്.എന്‍.എല്‍ എന്‍ജിനീയറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ വലയിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. പെ ണ്‍കുട്ടിയുടെ പരാതി പ്രകാരം മര്യാദലംഘനത്തിന് കേസെടുത്തു.

കാണക്കാരി ചെട്ടിപ്പറമ്പ് സുഭാഷ് (36) ആണ് അറസ്റ്റിലായത്. സ ന്തോഷ് എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇയാള്‍ ബി.എസ്.എന്‍. എല്‍ കോട്ടയം സബ് ഡിവിഷണല്‍ എന്‍ജിനീയറാണെന്ന് പോലീസ് പറഞ്ഞു. കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള കാഞ്ചന കണ്‍സള്‍ട്ടന്‍സി എന്ന ഹോം നഴ്സിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു സുഭാഷ്.

നേരത്തേ ഭാവനാ കണ്‍സള്‍ട്ടന്‍സി എന്ന മറ്റൊരു പേരിലായിരുന്നു സ്ഥാപനം. ഇയാള്‍ക്കെതിരേ രണ്ടു യുവതികള്‍ നല്കിയ പരാതി യില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ ഭാര്യ നല്കിയ കേസില്‍ കോടതി ഉത്തരവ് പ്രകാരം ചെലവിന് നല്കി വരികയാണെന്നും പോലീസ് അറിയിച്ചു. തിരുവല്ല സ്വദേശി യുവതി നല്കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യമെടു ത്തിട്ടുണ്ട്.

ഇടുക്കി സ്വദേശിയായ പെണ്‍കുട്ടി പത്രപരസ്യം കണ്ടാണ് ഇയാളുടെ വലയില്‍ വീണത്. ചെങ്ങന്നൂരിലുള്ള വീട്ടില്‍ ജോലിക്ക് നി യോഗിച്ചു.

അവിടെ ജോലി ചെയ്തുവരുന്നതിനിടെ കഴിഞ്ഞ ദിവസം അവിടെനിന്നു വരുത്തി കോട്ടയത്ത് ഓഫീസില്‍ ജോലി നല്കി. രാത്രിയില്‍ ഇയാള്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. വെസ്റ്റ് എസ്.ഐ സാജുവര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീ സ് സംഘമാണു സുഭാഷിനെ അറസ്റ്റു ചെയ്തത്.

5.  കര്‍ഷക ദ്രോഹ ബില്ല് പിന്‍വലിക്കണം: കര്‍ഷക നേതാക്കള്‍
തിരുവനന്തപുരം: നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ ബില്ല് പിന്‍വലിക്കണമെന്ന് വിവിധ കര്‍ഷക സംഘടനാ നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ബില്ലിലെ കര്‍ഷകദ്രോഹക രമായ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിനുള്ള സമ്മര്‍ദം ശക്തമായി ഉയരുന്നുണ്ട്. കര്‍ഷകനുവേ ണ്ടിയുള്ള ദീപികയുടെ ഒരു പോരാട്ടം വിജയത്തിലെത്തുകയാണ്. സഭ പിരിയാനുദ്ദേശിക്കുന്ന മാര്‍ച്ച് 19ന് ബില്‍ പാസാക്കാനാണ് ഇപ്പോഴത്തെ ആലോചന.

കര്‍ഷക ഐക്യവേദി നേതാക്കളായ പി.സി. സിറിയക് (ചെയര്‍മാന്‍), കെ.പി. ഏലിയാസ്, പ്രഫ. ബാബു ജോസഫ്, കെ.വി. തോമസ് കടമപ്പുഴ എന്നിവര്‍ നിയമസഭാ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

കുട്ടനാട് വികസന സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലും നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.സാമ്പത്തിക ക്ളേശം മൂലം വയല്‍ തരിശിടുന്നവരെ കുറ്റവാളികള്‍ കൂടി ആക്കുന്ന നിയമമാണിതെന്ന് ഐക്യവേദി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വയലില്‍ കൃഷി ചെയ്യാന്‍ പണിക്കാരില്ലാത്തതാണ് പ്രശ്നമെന്ന് അവര്‍ പറഞ്ഞു. നെല്‍വയലുകള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അതിന്റെ ബാധ്യത വഹിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം.

നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. സാങ്കേതിക സഹായം നല്‍കണം. നല്ല വിലയ്ക്ക് നെല്ല് സംഭരിക്കണം – ഐക്യവേദി നിര്‍ദേശിച്ചു. പകരം നിസഹായനായ കര്‍ഷകനെ കുറ്റവാളിയായികാണാന്‍ ശ്രമിക്കരുത്.

നെല്‍വയലുകള്‍ സൂക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഫാ. തോമസ് പീലിയാനിക്കല്‍ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

അതിനായി ബോധവല്‍ക്കരണം നടത്തണം. നെല്‍കൃഷിക്കുമാത്രമായിട്ടെ വയല്‍കൈമാറ്റം അനുവദിക്കാവൂ. ഉടമയ്ക്ക് വീട് വയ്ക്കുവാന്‍ 15 സെന്റ് വരെ നികത്താന്‍ അനുമതി നല്‍കണം. വര്‍ഷങ്ങള്‍ക്കുമുമ്പേ നികന്നുപോയവ ഇന്നും വയലായി കണക്കാക്കരുത് – ഫാ. തോമസ് പീലിയാനിക്കല്‍ നിര്‍ദേശിച്ചു.

കര്‍ഷകവിരുദ്ധ നിലപാടുകളുമായി ബില്‍ നിയമമാക്കിയാല്‍ രൂക്ഷമായ സമരം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

6.  ബി.പി.എല്‍ ലിസ്റ്റിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നിയമസഭ സ്തംഭിച്ചു
തിരുവനന്തപുരം: ബി.പി.എല്‍ ലിസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നിയമസഭ ബഹളത്തില്‍ മുങ്ങിയതോടെ ചോദ്യോത്തരവേള നിര്‍ത്തിവച്ച് സ്പീക്കര്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.

ബി.പി.എല്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടന്നതായി കെ.സുധാകരന്‍ പറഞ്ഞു. ബി.പി.എല്‍ ലിസ്റ്റ് പുതുക്കുന്ന സര്‍വേ പൂര്‍ത്തിയായി വരുന്നതായി ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ മറുപടി നല്‍കുന്നതിനിടയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. ഇതിനിടെ സാജു പാളിനെ ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചു. പ്രതിപക്ഷ ബഹളം ശമിക്കാത്തതിനാല്‍ സാജുപോളിന് പ്രസംഗിക്കാ നായില്ല.

ക്രമക്കേടുകള്‍ ആരുടെ കാലത്തുണ്ടായതാണെങ്കിലും ഇത്ര പ്രകോപനമെന്തിനെന്ന് ഭക്ഷ്യ മന്ത്രി ചോദിച്ചു. സാജുപോളിനെ വീണ്ടും ചോദ്യം ചോദിക്കാന്‍ ക്ഷണിച്ചു. 14,000 റേഷന്‍ കടകള്‍ ആധുനിക വല്‍ക്കരിക്കുമെന്ന് ഭക്ഷ്യമന്ത്രി ഉത്തരം നല്‍കി.

ബി.പി.എല്‍ ലിസ്റ്റിനെക്കുറിച്ച് വ്യാപകമായ പരാതിയുള്ള കാര്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനിടയില്‍ ഭരണപക്ഷം ബഹളം തുടങ്ങി. പ്രതിപക്ഷനേതാവ് പ്രകടിപ്പിച്ച ഉത്കണ്ഠ ഗൌരവമായി പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ടാര്‍ജറ്റ് റേഷനാക്കുന്നത് 1977 ലാണെന്നും ചരിത്രത്തിലെ വസ്തുതകള്‍ മാറിപ്പോകില്ലെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷ ബഹളം ഉച്ചത്തിലായി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കാനെണീറ്റെങ്കിലും സ്പീക്കര്‍ മൈക്ക് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലേക്ക് ഓടിയിറങ്ങി. ഇതിനിടെ സ്പീക്കര്‍ക്ക് വാച്ച് ആന്‍ഡ് വാഡ് സുരക്ഷാവലയം തീര്‍ത്തു. ഈ സമയം ഭരണപക്ഷാംഗങ്ങളും സീറ്റ് വിട്ട് ഇറങ്ങി. ചോദ്യോത്തരവേള തല്‍സമയ പ്രക്ഷേപണം നടക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ഇവ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.സ്പീക്കറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങി.

പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം സീറ്റിലേക്കു മടങ്ങി. ചോദ്യോത്തരവേള ഇങ്ങനെയാകുന്നത് വളരെ മോശമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മന്ത്രി ഉത്തരം തുടര്‍ന്നു. കേന്ദ്ര ആസൂത്രണ കമ്മീഷനാണ് ബി.പി.എല്‍ ലിസ്റ്റ് പുതുക്കാന്‍ നിര്‍ദേശിച്ചത്. യു.ഡി.എഫ് കാലത്ത് ബി.പി.എല്‍, എ.പി.എല്‍ സര്‍വേ നടത്തി കുളമാക്കി എന്നു മന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ ബഹളം അത്യുച്ചത്തിലായി. ഇതിനെതിരേ ഭരണപക്ഷവും ബഹളം തുടങ്ങി. ചോദ്യോത്തരവേള അവസാനിക്കാന്‍ അഞ്ച് മിനിട്ട് ബാക്കി നില്‍ക്കേ, ചോദ്യോത്തരവേള കഴിഞ്ഞതായി പ്രഖ്യാപിച്ച് സ്പീക്കര്‍ സഭയില്‍ നിന്നിറങ്ങി.

7. മാര്‍ക്ക് ലിസ്റ്റ്: മംഗലാപുരത്തെ വിദ്യാര്‍ഥികള്‍ കോളജ് ഉപരോധത്തിന്
മംഗലാപുരം: നഴ്സിംഗ് വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി, പ്ളസ്ടു മാര്‍ക്ക് ലിസ്റ്റുകള്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. 16 മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 45 വിദ്യാര്‍ഥികള്‍ പഠിക്കുന്ന മംഗലാപുരം കങ്കനാടി ബൈപാസ് റോഡിലെ കൊളാസോ നഴ്സിംഗ് സ്കൂളിലെ അവസാന വര്‍ഷ ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകളാണ് നഷ്ടപ്പട്ടതായി അധികൃതര്‍ വിദ്യാര്‍ഥികളെ മൂന്നാഴ്ച മുമ്പ് അറിയിക്കുന്നത്.

ഇതേത്തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ കോളജില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകുന്നേരം അഞ്ചിനു മുമ്പു സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്കു തിരികെ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ഇതു സംബന്ധിച്ച് ഇന്നലെ മംഗലാപുരം കദ്രി പോലീസ് സ്റ്റേഷനില്‍ കോളജധികൃതരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി പോലീസ് നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന മാനേജ ്മെന്റിന്റെ തീരുമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളും തള്ളുകയായിരുന്നു.

8.  200 കാറുകള്‍ കൂട്ടയിടിച്ചു കത്തി; 10 മരണം


ദുബായ്: കാഴ്ചപൂര്‍ണമായി മറച്ചു മൂടല്‍മഞ്ഞ് വില്ലനായപ്പോള്‍ അബുദാബിയിലെ ഗാന്ദുദില്‍ ഇന്നലെ പുലര്‍ച്ചെ കൂട്ടിയിടിച്ചത് ഇരുനൂറിലേറെ കാറുകള്‍. പ ത്തു പേര്‍ക്കു ജീവന്‍ നഷ്ടമായ അപകടത്തില്‍ ഇരുപത്തഞ്ചോളം കാറുകള്‍ കത്തിയമര്‍ന്നു. അ ഗ്നി ഗോള ങ്ങളെപ്പോലും മറച്ച മൂടല്‍മഞ്ഞ് ഒഴിഞ്ഞുപോകാന്‍ വൈകിയപ്പോള്‍ അപകടത്തില്‍ ര ക്ഷാ പ്രവര്‍ത്തനം തടസപ്പെട്ടു. ഇരു പതിലേറെ പേര്‍ക്കു പരിക്കുണ്ട്.

മരിച്ചവരില്‍ മലയാളികളില്ല. പരിക്കേറ്റവരില്‍ ഏതാനും മലയാളികളുണ്െടങ്കിലും ആര്‍ക്കും ഗുരുതരമല്ല. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചവരില്‍ വിരലിലെണ്ണാവുന്നവരൊഴികെയുള്ളവരെ പ്രാഥമിക ചികിത്സ നല്കിയശേഷം വിട്ടയച്ചു. പുലര്‍ച്ചെ ആറരയോടെ അബുദാബി- ദുബായ് ഹൈവേയിലായിരുന്നു ഗള്‍ഫിനെ നടുക്കിയ ദുര ന്തം. ഹൈവേയായതിനാല്‍ വാഹനങ്ങള്‍ എല്ലാം 120 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. തകര്‍ന്ന വാഹനങ്ങളിലേതിലെങ്കിലും നിന്ന് എണ്ണ ചോര്‍ന്നതാകാം തീപിടിച്ചതിനു കാരണമെന്നാണു കരുതുന്നത്. മലയാളികളടക്കം നിരവധിപേര്‍ ജോലി ചെയ്യുന്ന ജബലലി വ്യവസായ മേഖലയിലേക്ക് ആളുകള്‍ പോകുന്ന സമയമായിരുന്നതിനാല്‍ അപകടസമയത്ത് വന്‍ തിരക്കായിരുന്നു ഹൈവേയില്‍. നാലുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

1. മലയാളിയടക്കം 54 ഇന്ത്യന്‍ സൈനികര്‍ 36 വര്‍ഷമായി പാക് തടവില്‍
ലാഹോര്‍: 36 വര്‍ഷമായി യുദ്ധത്തടവുകാരായി പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ സൈനികരെ കണ്ടെത്തി മോചിപ്പിക്കുമെന്ന് മനുഷ്യാവകാശങ്ങളുടെ ചുമതലയുള്ള പാക് കെയര്‍ടേക്കര്‍ മന്ത്രി അന്‍സാര്‍ ബേണി അറിയിച്ചു. 35 വര്‍ഷമായി പാക് തടവിലായിരുന്ന കശ്മീര്‍ സിംഗിന് ഈയിടെ മോചനം ഒരുക്കിയത് അന്‍സാര്‍ ബേണിയാണ്.

2005 വരെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍നിന്ന് 54 ഇന്ത്യന്‍ സൈനികര്‍ ഇപ്പോഴും തടവുകാരായി വിവിധ പാക് ജയിലുകളില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതായി പാക്കിസ്ഥാന്‍ ദിനപത്രമായ ‘ഡെയ്ലി ടൈംസ്’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തു. ഇവരുടെ പേരു വിവരങ്ങളും പത്രം പ്രസിദ്ധീകരിച്ചു. തടവുകാരില്‍ ഒരാള്‍ മലയാളിയാണ്.

നിലമ്പൂര്‍ കോവിലകത്തെ പത്മനാഭന്‍ തിരുമുല്‍പ്പാടിന്റെയും മാലതി തമ്പുരാട്ടിയുടെയും മകന്‍ ഫ്ലൈറ്റ് ഓഫീസര്‍ കൊട്ടിയേഴത്ത് പുതിയ വീട്ടില്‍ മുരളീധരന്‍ ആണ് ഇപ്പോഴും പാക് ജയിലില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന മലയാളി. 1971 ഡിസംബര്‍ നാലിന് മുരളീധരന്‍ പറപ്പിച്ച എ^482 ഹണ്ടര്‍ വിമാനം പാക് സൈന്യം വെടിവെച്ചിടുകയായിരുന്നു. പാരച്യൂട്ട് വഴി രക്ഷപെട്ട 23 കാരനായ മുരളീധരനെ പാക് സൈന്യം തടവിലാക്കിയതായാണ് അന്ന് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ഇതിന്റെ അടിസ്ഥാനത്തില്‍ പലതരത്തില്‍ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഇതുവരെ മുരളീധരനെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. മുരളീധരനെ കണ്ടെത്തി മോചിപ്പിക്കാന്‍ സഹായം തേടി കഴിഞ്ഞ വര്‍ഷം ബന്ധുക്കള്‍ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം ‘ഡെയ്ലി ടൈംസ്’ പ്രസിദ്ധീകരിച്ച പട്ടികയില്‍ വ്യോമസേനാ തടവുകാരുടെ വിഭാഗത്തില്‍ ‘ഫ്ലൈറ്റ് ഓഫീസര്‍ കൊട്ടിയേഴത്ത് പുതിയ വീട്ടില്‍ മുരളീധരന്‍’ എന്ന പേരുണ്ട്.

1971 ലെ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരില്‍ ജയിലിലുള്ള എല്ലാവരുടെയും മോചനത്തിനുള്ള നടപടി വേഗത്തിലാക്കുമെന്നാണ് പാക് മന്ത്രി അന്‍സാര്‍ ബേണി അറിയിച്ചത്.

1971 ലെ ഇന്ത്യ ^ പാക് യുദ്ധത്തില്‍ 2238 ഇന്ത്യന്‍ സൈനികരെ കാണാതായിരുന്നു. ഇവരില്‍ പലരും യുദ്ധത്തടവുകാരായി ജയിലിലടക്കപ്പെട്ടു.

സിംല കരാറിനു ശേഷം ഇന്ത്യ 9300 പാക് സൈനികരെ വിട്ടയച്ചെങ്കിലും പാക്കിസ്ഥാന്‍ 617 ഇന്ത്യക്കാരെ മാത്രമാണ് മോചിപ്പിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട ജയില്‍ ജീവിതത്തിനിടെ ഇന്ത്യന്‍ തടവുകാര്‍ പലരും മരിച്ചു. ചിലര്‍ക്കായുള്ള അന്വേഷണങ്ങള്‍ ബന്ധുക്കള്‍ തന്നെ അവസാനിപ്പിച്ചു.

ഇന്നും ബന്ധുക്കള്‍ പരാതി ഉന്നയിക്കുന്നവരില്‍, ജീവനോടെയുണ്ടെന്ന് കരുതപ്പെടുന്ന 54 പേരുടെ മോചന കാര്യമാണ് പാക് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്.

അന്‍സാര്‍ ബേണിയുടെ പുതിയ പ്രഖ്യാപനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 35 വര്‍ഷമായി ഉറ്റവര്‍ക്കായി കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

യുദ്ധമുഖത്ത് കാണാതായ ഫ്ലൈറ്റ് ലഫ്റ്റനന്റ് വിജയ് വസന്ത് തമ്പായിയുടെ ഭാര്യ ദമയന്തി 36 വര്‍ഷമായി ദല്‍ഹിയിലെ വസതിയില്‍ ഏകയായി ഭര്‍ത്താവിനായി കാത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് ഇവരുടെ ഭര്‍ത്താവിനെ യുദ്ധ മുഖത്ത് കാണാതായത്. അന്ന് ചില പാക് പത്രങ്ങളില്‍ വിജയ് തമ്പായി ജയിലില്‍ കഴിയുന്ന ചിത്രം വന്നിരുന്നു.

അദ്ദേഹം മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ 36 വര്‍ഷമായി അന്വേഷണം തുടരുകയാണ് ദമയന്തി. ഇക്കാലത്തിനിടെ എല്ലാ വാതിലുകളും മുട്ടിയെങ്കിലും എവിടെ നിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

‘അദ്ദേഹത്തിന് വേണ്ടി ഇനി ഈ വാര്‍ധക്യത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് കാത്തിരിക്കുക മാത്രമാണ്. അത് ഞാന്‍ ചെയ്യുന്നു’ ^ നിറ കണ്ണുകളോടെ ദമയന്തി പറയുന്നു.

ഇവരെ പോലെ നിരവധി കുടുംബങ്ങള്‍ യുദ്ധമുഖത്ത് കാണാതായ ഉറ്റവര്‍ക്കായി കാത്തിരിപ്പു തുടരുന്നുണ്ട്.

പാക് ജയിലിലെ ഇന്ത്യന്‍ യുദ്ധത്തടവുകാര്‍ പലരും വര്‍ഷങ്ങള്‍ നീണ്ട ഏകാന്ത തടവു കാരണം മനോരോഗികളായി മാറിയതായി 2005 ല്‍ മനുഷ്യാവകാശ സംഘടനകള്‍ സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2. കപ്പല്‍ തിരോധാനം ഇന്‍ഷുറന്‍സ് തട്ടിപ്പിനെന്ന് സംശയം
ചെന്നൈ: 25 ഇന്ത്യന്‍ നാവികരുമായി കഴിഞ്ഞ ഫെബ്രുവരി 18^ന് കരിങ്കടലില്‍ ‘എം.വി റസ്സേഖ്’ എന്ന ചരക്കുകപ്പല്‍ കാണാതായതിനുപിന്നില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പെന്ന് സംശയം. കപ്പലിനുവേണ്ടി തെരച്ചില്‍ നടത്തുന്ന തുര്‍ക്കിയിലെ മാരിടൈം റെസ്ക്യൂ ഏജന്‍സിയിലെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം സംശയം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 17^ന് റഷ്യയിലെ നൊര്‍വോസിസ്റ്റില്‍നിന്ന് ഉരുക്ക് കയറ്റി തുര്‍ക്കിയിലെ ബാര്‍ട്ടിന്‍ തുറമുഖത്തേക്ക് തിരിച്ച കപ്പല്‍ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാവുകയായിരുന്നു. ഒരു മലയാളിയും ഒമ്പത് ലക്ഷദ്വീപുകാരും മൂന്ന് തമിഴ്നാട്ടുകാരുമുള്‍പ്പെടെ 25 ഇന്ത്യന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.

തുര്‍ക്കി തീരത്തുനിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ തിരക്കേറിയ കപ്പല്‍പാതയിലാണ് കപ്പല്‍ കാണാതായത്. ഈ ഭാഗത്ത് തുര്‍ക്കിയിലെ മാരിടൈം റെസ്ക്യൂ ഏജന്‍സി അരിച്ചുപെറുക്കിയിട്ടും കപ്പല്‍ മുങ്ങിയതിന്റെ സൂചനയൊന്നും ലഭിക്കാത്തതിനാല്‍ അന്വേഷണം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അന്വേഷണം പുനരാരംഭിച്ചു. 1982^ല്‍ മാത്രം കമീഷന്‍ ചെയ്ത കപ്പലില്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുണ്ടായിട്ടും ഇവ സ്വിച്ച് ഓഫ് ചെയ്തതും തെരച്ചിലില്‍ കപ്പല്‍ കണ്ടെത്താനാവാത്തതുമാണ് സംഭവത്തിനു പിന്നില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പാവാമെന്ന സംശയമുയര്‍ത്തുന്നത്.

കഴിഞ്ഞ വര്‍ഷം വില്‍പനക്കെത്തിയപ്പോള്‍ രണ്ട് ദശലക്ഷം ഡോളര്‍ മാത്രം വില നിശ്ചയിച്ച കപ്പല്‍ ലണ്ടന്‍ ആസ്ഥാനമായ ബ്രിട്ടീഷ് മറൈന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആറു ദശലക്ഷം ഡോളറിന് ഇന്‍ഷുര്‍ ചെയ്തതായാണ് അറിയുന്നത്. ഇതിനു പുറമെ, കപ്പലിലെ നാവികരെ രണ്ടുലക്ഷം ഡോളര്‍ വീതം തുകക്കും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. കപ്പല്‍ മുങ്ങിയതായി അന്താരാഷ്ട്ര മാരിടൈം ഏജന്‍സി സ്ഥിരീകരിച്ചാല്‍ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങും.

പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന്റെ ഇപ്പോഴത്തെ ഉടമകളാരെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായ ‘പെലിക്കന്‍ മറൈന്‍’ കമ്പനിയാണ് കപ്പലിലേക്കുള്ള നാവികരെ റിക്രൂട്ട് ചെയ്തത്. കപ്പലിന്റെ ഉടമകളും ഈ കമ്പനിയാണെന്ന് കാണാതായ നാവികരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. നേരത്തേ ഇതേ കമ്പനി റിക്രൂട്ട് ചെയ്ത പത്ത് ഇന്ത്യക്കാരും മൂന്ന് ഉക്രെയിന്‍ സ്വദേശികളുമുള്‍പ്പെടെ 13 നാവികരുമായി ‘ജൂപ്പിറ്റര്‍^6’ എന്ന ചരക്കുകപ്പല്‍ ആഫ്രിക്കന്‍ തീരത്ത് കാണാതായിരുന്നു. കാണാതായ നാവികരുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്. ജൂണില്‍ കണാതായ റഷ്യന്‍ ചരക്കുകപ്പല്‍ അഞ്ചു മാസത്തെ തെരച്ചിലിനുശേഷം ബംഗ്ലാദേശിലെ കപ്പല്‍പൊളിശാലയില്‍ കണ്ടെത്തിയിരുന്നു. ഇന്‍ഷുറന്‍സ് തട്ടിപ്പിനായി കപ്പല്‍ മാറ്റുമ്പോള്‍ നാവികര്‍ക്ക് എന്തു സംഭവിക്കുന്നുവെന്നത് അവ്യക്തമാണ്.

3. നാടിന് ഇവര്‍ രക്തസാക്ഷികള്‍; അമ്മമാര്‍ക്ക് തീരാനൊമ്പരങ്ങള്‍
കണ്ണൂര്‍: നളിനിയും ജാനുവും വെറും അമ്മമാരല്ല. സി.പി.എമ്മിനും ബി.ജെ.പി.ക്കും ഉശിരുള്ള രണ്ട് നേതാക്കളെ നൊന്ത് പ്രസവിച്ച് നല്‍കിയവരാണ്. ഒന്ന് എസ്.എഫ്.ഐ. സംസ്ഥാന സാരഥിയായിരിക്കെ കൊല്ലപ്പെട്ട കെ.വി.സുധീഷിന്റെ അമ്മ നളിനി. മറ്റേത് ബി.ജെ.പി. ജില്ലാ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട പന്ന്യന്നൂര്‍ ചന്ദ്രന്റെ അമ്മ ജാനു.

മൂന്ന് ദിവസത്തിനകം ഏഴ് പേരെ കൊന്ന പുതിയ സംഭവങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് വാക്കുകളില്ല. എല്ലാം മൌനത്തിലൊതുങ്ങുന്നു.മകന്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ വീട് അടച്ചുപൂട്ടി പെരിയയിലെ ‘സുധീഷ്’ ഭവനത്തില്‍ മാറി താമസിക്കുകയാണ് കെ.വി.സുധീഷിന്റെ പിതാവ് നാണുവും അമ്മ നളിനിയും. അവരിപ്പോള്‍ രണ്ട് പെണ്‍മക്കളുടെ തണലിലാണ്. മൂത്ത മകള്‍ ഗീതയുടെ വീട് തൊട്ടരികിലുണ്ട്. ഇളയവള്‍ പാര്‍ട്ടി പിറന്ന പാറപ്രത്ത് താമസിക്കുന്നു. 1994 ജനുവരി 26 നാണ് കെ.വി.സുധീഷ് കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലകളുടെ ചരിത്രത്തില്‍ നേതാക്കളുടെ രക്തം ചിന്തുന്നതിന്റെ തുടക്കമായിരുന്നു അത്. നിഷ്കളങ്കതയുടെയും ഉശിരിന്റെയും പ്രതീകമായിരുന്നു സുധീഷ്. എതിരാളികളോടും ആദരവോടെ പെരുമാറുന്ന യുവസാരഥി. എത്രവൈകിയാലും എത്ര ദൂരം പോയാലും അമ്മയുടെയും പിതാവിന്റെയും ശബ്ദം കേള്‍ക്കണം. എങ്കിലേ ഉറക്കം വരൂ. അത്ര സാധുവായിരുന്നു അവന്‍.

പെറ്റമ്മക്കും പിതാവിനും മകനെ മറക്കാനാവില്ല. ജനുവരി 26ന് ഓരോ അനുസ്മരണ ദിനവും വരുമ്പോള്‍ ആ നിഷ്ഠുരമായ രംഗം തികട്ടി വരും. നാട്ടിലാകെ മന്ദിരങ്ങള്‍ക്കും, ബസ് ഷെല്‍ട്ടറുകള്‍ക്കും, ക്ലബുകള്‍ക്കും, കമാനങ്ങള്‍ക്കും സുധീഷിന്റെ നാമമുണ്ട്. യാത്രാ വേളയില്‍ ഇത് പരിസര കാഴ്ചകളാവുമ്പോള്‍ ഇവര്‍ സ്വയം പറയുന്നു, ഓര്‍മകളേ മടങ്ങുക!. ആ നിര്‍ഭാഗ്യ ദിനം കാണാതിരിക്കാന്‍ പുതുവര്‍ഷ കലണ്ടറിലെ ജനുവരി മാസം ഒരിക്കല്‍ പോലും ചുമരില്‍ ഇവര്‍ തൂക്കിയിടാറില്ല. ഓരോ കൊലപാതകവും പത്രങ്ങളില്‍ വായിക്കുമ്പോള്‍ അനാഥമാകുന്ന ഓരോ കുടുംബത്തെയാണ് ഇവര്‍ ഓര്‍ക്കുന്നത്. നഷ്ടപ്പെട്ടത് ആര്‍ക്ക് തിരിച്ചുനല്‍കാനാവും? ‘ഒന്നും ചോദിക്കരുത്. ഒന്നും പറയാനും ഇല്ല. ആരോടും വെറുപ്പുള്ളത് കൊണ്ടല്ല. ഓര്‍മിക്കാന്‍ കെല്‍പില്ലാത്തതുകൊണ്ടാണ്.’ പിതാവ് നാണു വേദന കടിച്ചമര്‍ത്തി പറയുന്നു.

1996 മെയ് 29 ന് കൊല്ലപ്പെട്ട ബി.ജെ.പി.നേതാവ് പന്ന്യന്നൂര്‍ ചന്ദ്രന്റെ പന്ന്യന്നൂര്‍ കനാലിനരികിലെ വീട്ടില്‍ ചന്ദ്രന്റേതല്ലാത്ത ഒരു ബി.ജെ.പി.നേതാവിന്റെയും ചിത്രമില്ല. ഉമ്മറത്ത് നാരായണഗുരുദേവനും സ്വാമിവിവേകാനന്ദനും. അകത്ത് മാതാ അമൃതാനന്ദമയി. പിന്നെ ചന്ദ്രന്റെ ചിത്രങ്ങള്‍.

‘എന്തിനാണ് എന്റെ മോനെ കൊന്നത്?’ അമ്മ കോടോത്ത് ജാനു ചോദിക്കുന്നു. മൂന്ന് ആണ്‍മക്കളുടെ കൂട്ടത്തില്‍ എപ്പോഴും വിളിക്കാന്‍ അരികിലുള്ള ആണ്‍ തരിയായിരുന്നു ചന്ദ്രനെന്ന് അമ്മ. മോന്‍ വളര്‍ന്ന് വലുതായപ്പോള്‍ പോലും നേതാവായി വലിയ ആനുകൂല്യങ്ങളൊന്നും നേടിത്തരണമെന്ന് അമ്മ സ്വപ്നം കണ്ടിട്ടില്ല. ‘ഓന്റെ രാഷ്ട്രീയം ഓന്റെ സ്വന്തം. പാര്‍ട്ടിക്കാര്യത്തില്‍ ഒന്നിനും അവന്‍ നിര്‍ബന്ധിക്കാറില്ല. മോന്‍ നേതാവാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആയത് എതിര്‍ത്തിട്ടുമില്ല. എന്തായാലും എന്റെ മോന്‍ ഇങ്ങനെ പോകുമെന്ന് ഞാന്‍ കരുതിയതല്ല’^അമ്മ പറയുന്നു.

പന്ന്യന്നൂര്‍ ചന്ദ്രന്റെ ഭാര്യ അരുന്ധതിയും രണ്ട് മക്കളും അവരുടെ തറവാട്ട് വക സ്ഥലത്ത് വീടെടുത്ത് മാറി. പിതാവ് മുകുന്ദന്‍ മകന്‍ കൊല്ലപ്പെട്ടതോടെ മാനസികമായി തളര്‍ന്നു. നാല് വര്‍ഷം മുമ്പ് മരിച്ചു.

‘ഏത് പാര്‍ട്ടിയായാലും സമാധാനമാണ് വേണ്ടത്. കൊല്ലും കൊലയും കൊണ്ട് എന്ത് നേടാന്‍? എന്നെപ്പോലെ എത്ര അമ്മമാര്‍ ഇങ്ങനെ കേഴുന്നുണ്ട്? വയസ്സ് എഴുപതാണ്. രോഗങ്ങളോട് ഞാന്‍ മല്ലടിക്കുന്നു. അരികിലിരുന്ന് ശുശ്രൂഷിക്കേണ്ട മോനെവിടെ?’^മകന്‍ കൊല്ലപ്പെട്ട് 12 വര്‍ഷമായിട്ടും ക്ലാവ് പിടിക്കാത്ത ഓര്‍മകളുണര്‍ത്തി അമ്മ ചോദിക്കുന്നു.

4. എണ്ണവില: ഒപെക് രാജ്യങ്ങളെ സ്വാധീനിക്കാന്‍ ഡിക്ചെനി
ദുബൈ: റെക്കോര്‍ഡ് മറികടന്ന് മുന്നേറുന്ന എണ്ണവില അമേരിക്കന്‍ സമ്പദ് ഘടനയെ വീണ്ടും തളര്‍ത്തിയതോടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ സമ്മര്‍ദം ശക്തം. സൌദി ഉള്‍പ്പെടെ പ്രമുഖ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പിന്തുണ തേടാന്‍ യു.എസ് വൈസ് പ്രസിഡന്റ് ഡിക്ചെനി അടുത്ത ആഴ്ച ഗള്‍ഫിലെത്തും.

ആഗോള വിപണിയില്‍ എണ്ണ വില ഇന്നലെ സര്‍വകാല റെക്കോര്‍ഡായ ബാരലിന് 107ല്‍ എത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. എണ്ണ ഉപഭോഗത്തില്‍ ഏറെ മുന്നിലുള്ള രാജ്യമെന്ന നിലക്ക് അമേരിക്കയെയാണ് പുതിയ സാഹചര്യം ഏറ്റവും വേട്ടയാടുന്നതും. പൊതുവെ തളര്‍ച്ച പ്രകടമായ യു.എസ് സമ്പദ് ഘടന കൂടുതല്‍ അസ്ഥിരമായേക്കുമെന്ന് ബുഷിനറിയാം. യൂറോ ഉള്‍പ്പെടെ ബദല്‍ കറന്‍സികള്‍ക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യതയും ഡോളറിനെ കൈവിടാനുള്ള ലോക രാഷ്ട്രങ്ങളുടെ നീക്കവും യാങ്കിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.

ഈ മാസം ആറിന് വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ ഉച്ചകോടിയാണ് ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് ഇടപെടണമെന്ന് ബുഷ് പ്രത്യേകം നിര്‍ദേശിച്ചിരുന്നുവെങ്കിലും ഒപെക് നേതൃത്വം അത് തള്ളുകയായിരുന്നു. വിപണിയില്‍ എണ്ണ ലഭ്യതക്ക് കുറവില്ലെന്നും വിലക്കയറ്റത്തിനു കാരണം രാഷ്ട്രീയ ഘടകങ്ങളാണെന്നുമായിരുന്നു ഒപെക് നേതൃത്വം വിശദീകരിച്ചത്.

സൌദി, ഒമാന്‍ എന്നിവിടങ്ങളാണ് ഡിക്ചെനി സന്ദര്‍ശിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍. ഞായറാഴ്ച ആരംഭിക്കുന്ന പര്യടനത്തില്‍ ഇസ്രായേലും ഫലസ്തീന്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങളേക്കാള്‍ സ്വന്തം നിലനില്‍പുമായി ബന്ധപ്പെട്ട സാമ്പത്തിക സമസ്യക്ക് തന്നെയാണ് ഡിക്ചെനി പ്രാമുഖ്യം നല്‍കുക.

5. ജഡ്ജിമാരെ തിരിച്ചെടുക്കുന്നത് മുശര്‍റഫിന്റെ ഉറക്കംകെടുത്തുന്നു
ഇസ്ലാമാബാദ്: പുറത്താക്കിയ സുപ്രീംകോടതി ജഡ്ജിമാരെ പുനഃസ്ഥാപിക്കുമെന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ആസിഫ് അലി സര്‍ദാരിയുടെയും പാക്കിസ്ഥാന്‍ മുസ്ലിംലീഗ് (പി.എം.എല്‍.എന്‍) നേതാവ് നവാസ് ശരീഫിന്റെയും സംയുക്ത പ്രസ്താവന പ്രസിഡന്റ് മുശര്‍റഫിനെ അസ്വസ്ഥനാക്കുന്നു.

പുറത്താക്കപ്പെട്ട മുന്‍ ചീഫ്ജസ്റ്റിസ് ഇഫ്തിഖാര്‍ ചൌധരിയും സഹ ജഡ്ജിമാരും വീണ്ടും അതേ സ്ഥാനത്ത് തിരിച്ചെത്തുന്നത് തന്റെ അധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് മുശര്‍റഫിന്റെ ആശങ്ക. ജഡ്ജിമാരെ പുനഃസ്ഥാപിക്കുകയാണെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ മുശര്‍റഫ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചുകൂട്ടി.

ദേശീയ സുരക്ഷാ കൌണ്‍സില്‍ സെക്രട്ടറി താരിഖ് അസീസ്, അറ്റോണി ജനറല്‍ മാലിഖ് ഖയ്യൂം, ഭരണഘടനാ വിദഗ്ധന്‍ ശരീഫുദ്ദീന്‍ പിര്‍സാദ എന്നിവര്‍ റാവല്‍പിണ്ടിയിലെ ക്യാമ്പ് ഓഫീസില്‍ നടന്ന രഹസ്യ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടുചെയ്യുന്നു.

ജഡ്ജിമാരെ പുറത്താക്കിയ ഉത്തരവിന് ഭരണഘടനാ പിന്‍ബലമുണ്ടെന്നും പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ ഇത് മറികടക്കാനാവില്ലെന്നും സഹായികള്‍ മുശര്‍റഫിനെ അറിയിച്ചതായാണ് വിവരം. പി.പി.പി^പി.എം.എല്‍.എന്‍ കൂട്ടുകെട്ടിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ അഞ്ച് സീറ്റുകള്‍ കൂടെ ലഭിക്കണം.

ജഡ്ജിമാരെ പുറത്താക്കിയ അടിയന്തരാവസ്ഥ കാലത്തെ താല്‍ക്കാലിക ഭരണഘടനാ ഉത്തരവിന് ഭരണഘടനാ സംരക്ഷണമുണ്ടെന്നും വെറുമൊരു പ്രമേയത്തിലൂടെ അവരെ തിരിച്ചെടുക്കാനാവില്ലെന്നും മാലിക് ഖയ്യൂം ‘ദ ന്യൂസ്’ പത്രത്തോട് പറഞ്ഞു.

മുശര്‍റഫ് സൈനിക വേഷത്തില്‍ പ്രസിഡന്റായത് അദ്ദേഹം നിയോഗിച്ച ജഡ്ജിമാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും വേണമെങ്കില്‍ കേസ് പുനര്‍വിചാരണക്ക് എടുക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. അങ്ങനെ സംഭവിക്കുന്നത് തടയാനാണ് മുശര്‍റഫ് കിണഞ്ഞു ശ്രമിക്കുന്നത്.

ഇഫ്തിഖാര്‍ ചൌധരിയേയും മറ്റു സുപ്രീംകോടതി ജഡ്ജിമാരെയും തിരിച്ചെടുക്കണമെന്ന ആവശ്യമാണ് ശരീഫ് മുഖ്യമായും പി.പി.പി നേതൃത്വത്തിന് മുമ്പാകെ വെച്ചത്. പി.പി.പി ആവശ്യം അംഗീകരിച്ചതോടെയാണ് കൂട്ടുകക്ഷി ഗവണ്‍മെന്റിന് ധാരണയായത്.

1. കടം എഴുതി തള്ളല്‍: ബാങ്കുകള്‍ക്ക് ആദ്യ നിര്‍ദേശം എത്തി
കല്‍പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപനത്തിന്റെ ആദ്യ നടപടികള്‍ ആരംഭിച്ചു. കടാശ്വാസത്തിന് അര്‍ഹരായവരുടെ കണക്കെടുത്ത് 14ന് മുന്‍പ് നല്‍കാനാവശ്യപ്പെട്ട് ബാങ്കുകള്‍ക്കും സഹകരണ വകുപ്പിനും നിര്‍ദേശം ലഭിച്ചു. ഇതു സംബന്ധിച്ച് നബാര്‍ഡ് ചീഫ് ജനറല്‍ മാനേജരുടെ നിര്‍ദേശം ജില്ലാ ബാങ്കുകളിലും ജില്ലാ ജോയിന്റ് റജിസ്ട്രാര്‍ ഓഫിസുകളിലും ഇന്നലെയെത്തി. സംസ്ഥാന സഹകരണ ബാങ്കിനും സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ദേശസാല്‍കൃത ബാങ്കുകളും ഹെഡ് ഓഫിസുകളുടെ നിര്‍ദേശ പ്രകാരം കണക്കുകള്‍ എടുത്തു തുടങ്ങി. ജില്ലാ ജോയിന്റ് റജിസ്ട്രാര്‍ ഓഫിസുകളില്‍ കണക്കെടുത്ത് എത്തിക്കാനാണ് നിര്‍ദേശം. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ്  കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക വിള വായ്പ, കാര്‍ഷിക അനുബന്ധ വായ്പ, ഹ്രസ്വകാല വായ്പ, ദീര്‍ഘകാല വായ്പകള്‍ എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കും.

എന്നാല്‍,  വായ്പ പുതുക്കിയ കര്‍ഷകരുടെ കാര്യം ഉത്തരവില്‍ പറയുന്നില്ല. ജില്ലാ ബാങ്കുകള്‍ക്ക് ലഭിച്ച നിര്‍ദേശത്തില്‍ വായ്പയെടുത്തവരെ രണ്ടു വിഭാഗമായി തിരിച്ചാണ് കണക്കെടുക്കേണ്ടത്. ഒരു ഹെക്ടര്‍ വരെ ഭൂമിയുള്ളവരുടെയും രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ളവരുടെയും വായ്പകളുടെ കണക്കാണ് എടുക്കേണ്ടത്.  2007 ഡിസംബര്‍ 31 വരെ ഇത്തരം വായ്പക്കാരുടെ മുതല്‍, പലിശ എന്നിവയടക്കം 2008 ഫെബ്രുവരി 29 വരെ തിരിച്ചടയ്ക്കാതെ ആകെ എത്രയെന്നാണ് കണക്കെടുക്കേണ്ടത്. ജൂണ്‍ 30നുള്ളില്‍ വായ്പ എഴുതി തള്ളല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

2. വഴിവിട്ട നടപടികളിലൂടെ അട്ടിമറിക്കപ്പെടുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം: സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നു കരുതി കോടതികള്‍ ആവേശപൂര്‍വം വഴിവിട്ട നടപടികളെടുക്കുമ്പോള്‍ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവം അട്ടിമറിക്കപ്പെടുന്നുവെന്നു സുപ്രീം കോടതി.

ജുഡീഷ്യറിയുടെ അന്തസ്സ് അമൂല്യനിധിയാണെന്നു മുരിങ്ങൂര്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ജഡ്ജിമാരായ എസ്.എച്ച്. കപാഡിയ, ബി. സുദര്‍ശന്‍ റെഡ്ഡി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിലിരിക്കുന്ന കേസില്‍ ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനും കോടതിക്ക് അധികാരമില്ല.

പൊലീസിന്റെ അധികാരപരിധിയില്‍ കടന്നുകയറി അന്വേഷണത്തിന് ഉത്തരവിട്ടു കോടതിയെ പൊലീസ് സ്റ്റേഷനാക്കരുത്. വ്യക്തിപരമായ നേട്ടത്തിനോ സ്വകാര്യലാഭത്തിനോ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കോ വേണ്ടി നല്‍കുന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ അനുവദിക്കാന്‍ പാടില്ല.

പരാതിക്കാരനുണ്ടെങ്കില്‍ മാത്രമേ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കാന്‍ പാടുള്ളൂ. ഊമക്കത്തിനെ പൊതുതാല്‍പര്യ ഹര്‍ജിയായി ഇതുവരെ പരിഗണിച്ചിട്ടില്ല. തങ്ങള്‍ക്കെതിരെ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ടതു ചോദ്യംചെയ്ത് മുരിങ്ങൂര്‍ ധ്യാനകേന്ദ്രം നല്‍കിയ ഹര്‍ജി അനുവദിച്ചുള്ള ഉത്തരവില്‍ കോടതികളുടെ അധികാരപരിധിയെക്കുറിച്ചു ശക്തമായ ഒാര്‍മപ്പെടുത്തലാണു സുപ്രീം കോടതി നല്‍കിയത്.

ധ്യാനകേന്ദ്രത്തിനു വേണ്ടി അഭിഭാഷകരായ അനില്‍ ദിവാനും റോമി ചാക്കോയും ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു. ഭരണഘടനയുടെ 226-ാം വകുപ്പനുസരിച്ചുള്ള റിട്ട് അധികാരം പോലും കോടതി അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രം പ്രയോഗിക്കേണ്ടതാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റുചെയ്തു എന്നു വ്യക്തമാണെങ്കില്‍ മാത്രം ഈ അധികാരം പ്രയോഗിക്കുമ്പോഴും എങ്ങനെ അന്വേഷിക്കണമെന്നു നിര്‍ദേശിക്കാന്‍ പാടില്ല.

ചട്ടം പാലിക്കണമെന്നു പറയാന്‍ മാത്രമേ അധികാരമുള്ളൂ. നീതി നടപ്പാകുന്നതിനു വേണ്ടിയല്ലാത്ത ലക്ഷ്യങ്ങളില്‍ നല്‍കപ്പെടുന്ന ഹര്‍ജികള്‍, അവ ഏതു രൂപത്തില്‍ നല്‍കിയാലും, തള്ളണം. ആരോപണവിധേയനു നോട്ടിസ് അയയ്ക്കുന്നതിനു മുന്‍പുതന്നെ ആരോപണത്തെ സംബന്ധിച്ച് ഉചിതമായ അന്വേഷണം നടത്തിയിരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിക്കാരന്‍ ആരെന്നു സ്വയം വെളിപ്പെടുത്തിയിരിക്കണം. നെറികെട്ട പരാതിക്കാര്‍ പൊതുതാല്‍പര്യ ഹര്‍ജിക്കാരെന്ന പേരില്‍ വരുന്നതിനെതിരെ സ്വയം സംരക്ഷിക്കുക കോടതികളുടെ ഭാരിച്ച ഉത്തരവാദിത്തമാണെന്നും വിധിയില്‍ പറഞ്ഞു.

3. എച്ച്എംടി, മെര്‍ക്കിസ്റ്റണ്‍ ഇടപാട് അന്വേഷിക്കാന്‍ ലോകായുക്ത  ഉത്തരവ്
തിരുവനന്തപുരം:  എച്ച്എംടി, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ എളമരം കരീം, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, കോടിയേരി ബാലകൃഷ്ണന്‍, ചീഫ് സെക്രട്ടറി പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ്, വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്‍,  എറണാകുളം കലക്ടര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

കെ.കെ. മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് കെ. ശ്രീധരന്‍, ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ  ഉത്തരവ്. ലോകായുക്ത എസ്പിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. ഇരു  കേസുകളിലും ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന്‍സ് പി.ജി. തമ്പിയുടെ വാദവും ലോകായുക്ത കേട്ടു. ഭൂമി ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. കേസ് മേയ് 19നും 20നും പരിഗണിക്കും.

4. മലിനീകരണം: കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് എതിരെ നോട്ടീസ്
തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാതിരിക്കുന്നതിന് എറണാകുളം, കാസര്‍കോട് ജില്ലകളിലെ ഹോട്ടലുകള്‍ക്കും ആശുപത്രികള്‍ക്കുംമേല്‍ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.

5. റയില്‍വേ ബജറ്റിന് ലോക്സഭയുടെ പച്ചക്കൊടി
ന്യൂഡല്‍ഹി: വഴക്കംവന്ന അഭ്യാസിയെപ്പോലെ ലാലു പ്രസാദ് യാദവ് ഒരു കൈയില്‍ ഇന്ത്യന്‍ റയില്‍വേയെയും മറുകൈയില്‍ ലോക്സഭാംഗങ്ങളെയും എടുത്തുയര്‍ത്തിയപ്പോള്‍ റയില്‍ ബജറ്റ് ഏകകണ്ഠമായി പാസായി. ചോദിച്ചവര്‍ക്കെല്ലാം ലാലു പാതകളും സര്‍വേകളും ഉദാരമായി നല്‍കി. താന്‍ പടിയിറങ്ങുമ്പോഴേയ്ക്കും റയില്‍വേ ഒരുലക്ഷം കോടി രൂപ നീക്കിയിരിപ്പുള്ള മഹാപ്രസ്ഥാനമായി മാറുമെന്ന ആത്മവിശ്വാസം നിറഞ്ഞുനിന്ന മറുപടി പ്രസംഗത്തില്‍ കേരളത്തിനു പുതിയ പദ്ധതികളൊന്നുമില്ലെന്ന കോട്ടം മാത്രം.

ആരെയും അവഗണിക്കില്ലെന്നു സമാശ്വസിപ്പിച്ചു കൊണ്ടാണു ലാലു പ്രസംഗം തുടങ്ങിയത്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ റയില്‍വേ ബജറ്റിനെക്കുറിച്ചു വന്ന നല്ല വാക്കുകള്‍ക്കു നന്ദി പറഞ്ഞ അദ്ദേഹം ആദ്യംതന്നെ പ്രതിപക്ഷത്തെ കയ്യിലെടുത്തു.

താന്‍ മാന്ത്രികനല്ല, എന്‍ഡിഎയുടെ കാലത്തു നഷ്ടത്തിലേക്കു കൂപ്പുകുത്തിയ റയില്‍വേയെ കരകയറ്റിയ അത്യധ്വാനിയാണെന്നു സ്ഥാപിക്കാനാണു  പ്രസംഗത്തിന്റെ ഏറിയ പങ്കും വിനിയോഗിച്ചത്. പ്രതിപക്ഷ നേതാവ് എല്‍.കെ. അഡ്വാനി, മുന്‍ പ്രധാനമന്ത്രി ദേവെ ഗൌഡ തുടങ്ങിയവരെ പേരെടുത്തു പറഞ്ഞാണു ചില ട്രെയിനുകളുടെ ദീര്‍ഘിപ്പിക്കല്‍, മാതൃകാ സ്റ്റേഷനുകള്‍, ചെറുകിട വികസന പദ്ധതികള്‍ എന്നിവയെക്കുറിച്ചു പ്രഖ്യാപനങ്ങള്‍ നടത്തിയത്. ബജറ്റ് പ്രസംഗത്തില്‍ കാര്യമായ പരിഗണന കിട്ടാതിരുന്ന ബംഗാളിന് മറുപടി പ്രസംഗത്തില്‍ പുതിയ ട്രെയിനുകളും പദ്ധതികളും ലഭിച്ചു. സ്റ്റോപ്പ് അനുവദിക്കുന്നതടക്കമുള്ള ലഘു വിഷയങ്ങളില്‍ അംഗങ്ങളുമായി  ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമുണ്ടാക്കുമെന്നും ലാലു ഉറപ്പു നല്‍കി.

6. കയറ്റുമതി മേഖലയ്ക്കു താങ്ങാവാന്‍ പുതിയ വ്യാപാര നയം ഒരുങ്ങുന്നു
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ അവഗണിക്കപ്പെട്ട കയറ്റുമതി മേഖല യ്ക്കു വിദേശ വ്യാപാര നയത്തിന്റെ വാര്‍ഷിക അവലോകനം ആശ്വാസം പകര്‍ന്നേക്കും. അടുത്ത മാസം പുറത്തിറങ്ങുന്ന പുതിയ വ്യാപാരനയത്തില്‍ കയറ്റുമതി മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന.

കയറ്റുമതി രംഗത്തു പ്രവര്‍ത്തിക്കുന്നവയില്‍ തന്നെ ധാരാളം തൊഴില വസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകള്‍ക്കു പ്രത്യേക പരിഗണന ലഭിക്കുമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) സംഘടിപ്പിച്ച ചടങ്ങിനെ ത്തിയ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി കമല്‍നാഥ് വെളിപ്പെടുത്തി.

രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിനു നേരിട്ട വിലയിടിവു മൂലം പ്രതിസന്ധിയിലായ കയറ്റുമതി മേഖലയുടെ രക്ഷയ്ക്കു വ്യാപാര നയത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക വ്യാപാര സംഘടന(ഡബ്ള്യുടിഒ)യുടെ മാനദണ്ഡങ്ങള്‍ പാലിക്കു ന്നതിനൊപ്പം ചില മേഖലകള്‍ക്കു പ്രത്യേക പരിഗണന നല്‍കാനും നയത്തില്‍ നടപടിയുണ്ടാവും; മടക്കിക്കിട്ടാത്ത വിവിധ ലെവികള്‍ മൂലമുള്ള നഷ്ടം പരിഹരിക്കാനും നിര്‍ദേശമുണ്ടാവുമെന്നു കമല്‍നാഥ് സൂചിപ്പിച്ചു.

രൂപയുടെ മൂല്യവര്‍ധന മൂലം നിലവില്‍ പ്രതിസന്ധിയിലാണെങ്കിലും വളര്‍ച്ചാ സാധ്യതയുള്ള വിഭാഗങ്ങളെ പിന്തുണയ്ക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നു കമല്‍നാഥ് വെളി പ്പെടുത്തി. കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തൊക്കെ ആശ്വാസ നടപടി അനുവദിക്കാനാവുമെന്നു വിശദമായി പരിശോധിച്ചു വരികയാണ്; ധാരാളം തൊഴിലവസരം സൃഷ്ടിക്കുന്നവയ് ക്കും മുന്‍ഗണന മേഖലകള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുമെന്നും വാണിജ്യ മന്ത്രി സൂചിപ്പിച്ചു.

യുഎസിലെ മാന്ദ്യസാധ്യതയും രൂപയുടെ മൂല്യവര്‍ധനയും പരിഗണി ക്കുമ്പോള്‍ കയറ്റുമതിയി ല്‍ നിന്നു 2007-08ല്‍ ലക്ഷ്യമിട്ടിരിക്കുന്ന 16,000 കോടി ഡോളര്‍ വരുമാനം നേടുക പ്രയാസമാവുമെന്നു കമല്‍ നാഥ് അഭിപ്രായപ്പെട്ടു. എന്നാല്‍ ആ ലക്ഷ്യത്തിനടുത്തെത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20% വളര്‍ച്ചയോടെ രാജ്യത്തിന്റെ കയറ്റുമതി വരുമാനം 15,200-15,500 കോടി ഡോളറിലെത്താനാണു സാധ്യതയെന്നും അദ്ദേഹം വെളിപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ അവഗണിക്കപ്പെട്ടതില്‍ കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയ്ക്കുള്ള നിരാശയില്‍ കമല്‍നാഥും പങ്കു ചേര്‍ന്നു.

കയറ്റുമതിയിലെ നഷ്ടം ഒഴിവാക്കാന്‍ ഹെഡ്ജിങ് പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണപരമാവി ല്ലെന്നു കമല്‍നാഥ് അഭിപ്രായപ്പെട്ടു; അതുകൊണ്ടുതന്നെ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ജനുവരിക്കുമിടയ്ക്കു ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ 9.78% വര്‍ധന രേഖപ്പെടുത്തിയ താണു കയറ്റുമതി മേഖലയുടെ ലാഭം ഇല്ലാതാക്കിയത്. പോരെങ്കില്‍ ഡോളര്‍ വിലയിടിവിന്റെ ഫലമായി ആഗോള വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമതയും ഇടിഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖല(സെസ്)കള്‍ വളര്‍ച്ചയുടെ എന്‍ജിനായി പ്രവര്‍ത്തിക്കുമെന്നു ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തിക സര്‍വേയിലെ വിലയിരുത്തല്‍ ശുഭകരമാണെന്നു കമല്‍ നാഥ് വിലയിരുത്തി. സെസുകള്‍ വരുന്നതോടെ വരുമാന നഷ്ടം നേരിടുമെന്ന ധനമന്ത്രാലയത്തിന്റെ ആശങ്ക നീങ്ങിയതിനു തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

7. ‘തോട്ടം മേഖലയില്‍ ഉല്‍പാദനക്ഷമത ഉയര്‍ത്താന്‍ ഊര്‍ജിതപുനഃകൃഷി’
ന്യൂഡല്‍ഹി: തേയില, റബര്‍, കാപ്പി മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു 11-ാം പദ്ധതിയില്‍ ഊര്‍ജിത പുനഃകൃഷി പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി ജയ് റാം രമേശ് ലോക്സഭയില്‍ അറിയിച്ചു. ഉല്‍പാദന ക്ഷമത കുറഞ്ഞതും പ്രായം ചെന്നതുമായ ചെടികള്‍ മാറ്റി പകരം പുതിയവ വച്ചുപിടിപ്പി ക്കാനാണു ലക്ഷ്യമിടുന്നത്.

തേയില കൃഷി നവീകരണത്തിനും പുനഃകൃഷിക്കുമുള്ള പ്രത്യേകോ ദ്ദേശ്യ നിധിക്കു സമാനമായ സാമ്പത്തിക സഹായ പദ്ധതി മറ്റു മേഖല കളിലേക്കും വ്യാപിപ്പിക്കുമെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. തേയില, റബര്‍ തുടങ്ങിയ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പതിനൊന്നാം പദ്ധതിക്കാലത്ത് 85,000 ഹെക്ടര്‍ സ്ഥലത്തു തേയില യും 40,000 ഹെക്ടറില്‍ കാപ്പിയും 33,500 ഹെക്ടറില്‍ റബറും പുനഃ കൃഷി നടത്തുമെന്നു ജയ്റാം രമേശ്  അറിയിച്ചു. തേയില കൃഷി വികസ നത്തിനു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രൂപം നല്‍കിയ പ്രത്യേകോ ദ്ദേശ്യ തേയില നിധി പദ്ധതിയില്‍ അടുത്ത 15 വര്‍ഷത്തിനകം 2.13 ലക്ഷം ഹെക്ടര്‍ സ്ഥലത്താണു പുനഃകൃഷി നടത്താന്‍ ലക്ഷ്യമിടുന്നത്.

കാപ്പിയുടെ പുനഃകൃഷിക്കു 80,000 ഹെക്ടര്‍ സ്ഥലം കോഫി ബോര്‍ഡി നു കണ്ടെത്താനായിട്ടുണ്ട്. പുനഃകൃഷി നടത്താന്‍ കര്‍ഷകര്‍ക്കു സബ്സിഡികള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയില്‍ നിന്നു സഹായം തേടി കേരളത്തിലെ 18 തോട്ടം ഉടമകളുടെ അപേക്ഷ ലഭിച്ചതായും മന്ത്രി മറുപടി നല്‍കി.

തൊഴിലാളികള്‍ കുറവും കൂലി കൂടുതലുമായതു കൊണ്ടു ദക്ഷിണേ ന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും പദ്ധതിക്കു തുടക്കത്തില്‍ വേണ്ടത്ര വിജയം കൈവരിക്കാനായില്ല. സംസ് ഥാനത്തെ കൂടുതല്‍ തോട്ടങ്ങള്‍ പദ്ധതിയുടെ ഭാഗമാകുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്ത് 152 തോട്ടങ്ങളുണ്ട്.

പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നിര്‍വഹണ നടപടികള്‍ ഇതു വരെയില്ലെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ കുറ്റപ്പെടുത്തല്‍ ശരിയാണെ ന്നു മന്ത്രി സമ്മതിച്ചു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലാണിതു സംഭവിച്ചത്.  എന്നാല്‍ സാഹചര്യം മാറാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്. പൂട്ടിയ 11 തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി.

വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്കു പ്രത്യേക പരിഗണന നല്‍കുമെന്നു എം.പി. വീരേന്ദ്രകുമാറിനു മന്ത്രി മറുപടി നല്‍കി. മറ്റു വിളകളില്‍ നിന്നു വ്യത്യസ്തമായി കാപ്പിക്കു 40% സബ്സിഡി നല്‍കുന്നുണ്ട്.

പ്രത്യേകോദ്ദേശ്യ തേയില നിധിയില്‍ അടുത്ത സാമ്പത്തിക വര്‍ഷ ത്തേക്കു 40 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഈ നിധിയുടെ മാതൃകയില്‍ ഏലം(10.68 കോടി), റബര്‍(19.41 കോടി), കാപ്പി(18 കോടി) എന്നിവയ് ക്കും സാമ്പത്തിക സഹായം നല്‍കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

8. റേഷന്‍ മൊത്തവ്യാപാര ചുമതല ഏറ്റെടുക്കാന്‍ ആലോചന: മന്ത്രി
തിരുവനന്തപുരം: റേഷന്‍ മൊത്തവ്യാപാര ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആലോചിക്കുന്നതായി മന്ത്രി സി. ദിവാകരന്‍ നിയമസഭയെ അറിയിച്ചു. എറണാകുളം ജില്ലയിലെ മൊത്തവ്യാപാര ഡിപ്പോകള്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷനെ ഏല്‍പ്പിക്കുന്നതിനു നടപടി തുടങ്ങി. കടപരിശോധനാ സമയത്തു യഥാര്‍ഥ ലൈസന്‍സി കടയില്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും.

റേഷന്‍ അരി വിതരണത്തിലെ തിരിമറി  തുടരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ചില സ്ഥലത്തു കുറ്റക്കാരെ പൂര്‍ണമായി കണ്ടെത്തിയെന്നും മറ്റു സ്ഥലങ്ങളില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതായും  എന്‍. അനിരുദ്ധന്‍, മാങ്കോട് രാധാകൃഷ്ണന്‍, പള്ളിപ്രം ബാലന്‍, ഇ.എസ്. ബിജിമോള്‍, കെ. അജിത്, ജോര്‍ജ് മേഴ്സിയര്‍ എന്നിവര്‍ക്കു മന്ത്രി മറുപടി നല്‍കി. കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി 26നു നിയമ വകുപ്പ് കടലാസ് രഹിത വകുപ്പായി പ്രഖ്യാപിക്കപ്പെടുമെന്നു മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.

അപൂര്‍വ നിയമപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതു പൂര്‍ത്തിയായി. സര്‍ക്കാര്‍ കേസുകളില്‍ അഭിഭാഷകര്‍ വീഴ്ച വരുത്തിയാല്‍ റവന്യു റിക്കവറി ഉള്‍പ്പെടെ നടപടി സ്വീകരിക്കും. വകുപ്പു തലവന്‍മാരാണു സര്‍ക്കാര്‍ അഭിഭാഷകരുടെ വീഴ്ച റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് എം.എം. മോനായി, പി. അയിഷാ പോറ്റി, എം. ഹംസ എന്നിവരെ അറിയിച്ചു. സ്വകാര്യ സെല്ലുലാര്‍ കമ്പനികള്‍ ബില്ലിങ്ങിലും മറ്റും തട്ടിപ്പു നടത്തുന്നതായ പരാതി വന്നതിനെത്തുടര്‍ന്നു കേന്ദ്ര ടെലികോം കമ്മിഷനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

ഇവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു നിയന്ത്രണമില്ലെന്നു ജോസ് തെറ്റയിലിനു മറുപടി നല്‍കി. ഈ സര്‍ക്കാര്‍ വന്ന ശേഷം 20 ഐഎഎസ് ഉദ്യോഗസ്ഥരും ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരും നാല് ഐഎഫ്എസുകാരും കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയതായി സി.പി. മുഹമ്മദിനു മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. അതിഥി സല്‍ക്കാരത്തിനു മുഖ്യമന്ത്രി 3.69 ലക്ഷം രൂപ ചെലവഴിച്ചു.

ജി. സുധാകരനാണു കുറച്ചു തുക ചെലവിട്ടത്-45,142 രൂപ. ഈ ഇനത്തില്‍ ഭൂരിപക്ഷം മന്ത്രിമാരും ഒരു ലക്ഷത്തിലേറെ രൂപ ചെലവിട്ടതായി കെ. ബാബുവിന്റെ ചോദ്യത്തിനു  രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രക്കാരില്‍ നിന്നു സെസ് പിരിക്കുന്നതുവഴി കെഎസ്ആര്‍ടിസിക്കു പ്രതിമാസം 30 ലക്ഷത്തോളം രൂപ കിട്ടുന്നതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. വാഹനാപകട നഷ്ടപരിഹാര ഇനത്തില്‍ 73 കോടി രൂപ കോര്‍പറേഷന്‍ നല്‍കാനുണ്ടെന്നു തോമസ് ചാഴികാടനെ അറിയിച്ചു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w