പത്രവാര്‍ത്തകള്‍ 09-03-08

സായുധസഖാക്കളെ വിട്ടയയ്‌ക്കാന്‍ പോലീസ്‌ ഉന്നതന്‍ ഉത്തരവിട്ടു

ഒരു കുടുംബവും അനാഥമാകരുത്‌: വി.എസ്‌.

കേരളം ലോഡ്‌ഷെഡിംഗിലേക്ക്‌

സച്ചാര്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കും: കേന്ദ്രമന്ത്രി അര്‍ജുന്‍സിംഗ്‌

ബഹിരാകാശ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ സ്‌ഥലം പത്തു ദിവസത്തിനകം

ധനമന്ത്രി വന്‍ ലോബിക്ക്‌ വഴങ്ങിയെന്നു ഭക്ഷ്യമന്ത്രി

മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍: ‘ടി.കെ.എ. നായര്‍ നിര്‍ദേശിച്ചു; കലക്‌ടര്‍ ബേജാറായി’

80 ശതമാനം സ്‌ത്രീകളും ദുഃഖിതര്‍: ജസ്‌റ്റിസ്‌ ഡി. ശ്രീദേവി

ഭാവി വികസനം ശാസ്‌ത്ര പുരോഗതിയില്‍: ആന്റണി

യുവതിയെ കളിയാക്കിയതിന്‌ കൊലപാതകം; രണ്ടുപ്രതികള്‍ക്ക്‌ ജീവപര്യന്തം

സാഹിത്യ അക്കാദമിയില്‍ രാഷ്‌ട്രീയക്കളി; സെക്രട്ടറി സ്‌ഥാനത്തേക്ക്‌ പുരുഷന്‍ കടലുണ്ടി

നാഗാലാന്‍ഡില്‍ ഡാന്‍ അധികാരത്തിലേക്ക്‌; റിയോ മുഖ്യമന്ത്രിയാകും

നികുതിയിളവില്ല; ഒ.എന്‍.ജി.സി. പദ്ധതി പുനപരിശോധിക്കുന്നു

വണ്‍ഡേ ഹോം പ്രവര്‍ത്തനം ആരംഭിച്ചു

ഭാരതിയാര്‍ സര്‍വകലാശാലയില്‍ പഠനത്തോടൊപ്പം ജോലിയും

ഇന്ത്യന്‍ തൊഴിലാളികള്‍ അമേരിക്കയില്‍ സമരത്തില്‍

ബ്രിട്ടന്‍ വിസ നിയമങ്ങള്‍ മാറ്റുന്നു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കവസരം

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ഇസ്രയേലുകാരന്‍ റോ നിരീക്ഷണത്തില്‍
പത്തനംതിട്ട: ചെങ്ങറയില്‍ സര്‍ക്കാര്‍ഭൂമി കൈയേറി നടക്കുന്ന സമരത്തിനുപിന്നിലെ വിദേശബന്ധസാധ്യത കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) അന്വേഷിക്കും. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ഇസ്രയേല്‍ യുവാവിന്റെ നീക്കങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു തുടങ്ങിയതായി ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിലെ ജറുസലേമില്‍നിന്നുള്ള സംറെത് ഷിംറി (24) എന്ന യുവാവ് വ്യാഴാഴ്ചയാണ് പത്തനംതിട്ടയിലെത്തിയത്. ടൂറിസ്റ്റ് വിസയിലെത്തിയ ഇയാള്‍ ‘ടിഗ്ളിന്‍ പീസ് മൂവ്മെന്റ്’ എന്ന ഇസ്രയേലി സംഘടനയുടെ പ്രവര്‍ത്തകനാണ്. ചെങ്ങറയിലെ സമരക്കാരെക്കണ്ട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഷിംറി ‘ദേശാഭിമാനി’യോടു പറഞ്ഞു. ഐഎംഎഫിന്റെ സഹായത്തോടെ ആഗോള ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് താനെന്നും യുവാവ് പറഞ്ഞു.

ഭൂസമര ഐക്യദാര്‍ഢ്യസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയില്‍ ജനറല്‍ കണ്‍വീനര്‍ എം ഡി തോമസിനെ അന്വേഷിച്ച് ഇയാള്‍ പ്രസ്ക്ളബില്‍ എത്തുകയായിരുന്നു. പൊലീസിനോട് താന്‍ തത്വശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ആളാണെന്നും വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഒരുമാസം മുമ്പ് ഇന്ത്യയിലെത്തിയെന്നുമാണ് പറഞ്ഞത്.

ചെങ്ങറയിലെ സമരത്തെപ്പറ്റി അറിഞ്ഞത് ഇന്റര്‍നെറ്റില്‍നിന്നും പത്രങ്ങളില്‍നിന്നുമാണെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ നേതാക്കളുടെ പേരും ഫോണ്‍നമ്പരും പത്രസമ്മേളനം നടക്കുന്ന വിവരവും എങ്ങനെ അറിഞ്ഞു എന്ന പൊലീസിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല. ടിഗ്ളിന്‍ എന്ന സംഘടനയുമായുള്ള ബന്ധവും ഇയാള്‍ പൊലീസിനുമുന്നില്‍ നിഷേധിച്ചു. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നെങ്കിലും യാത്രാരേഖകള്‍ ശരിയായിരുന്നതിനാല്‍ ഇയാളെ വിട്ടയച്ചു. തുടര്‍ന്നാണ് വിദേശിയുടെ നീക്കങ്ങള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുതുടങ്ങിയത്. ഹീബ്രു ഭാഷാവിദഗ്ധന്റെ സഹായത്തോടെ പൊലീസ് ഇയാളുടെ ഡയറിക്കുറിപ്പുകള്‍ പരിശോധിപ്പിച്ചിരുന്നു.

പത്തനംതിട്ടയില്‍ എത്തുന്നതിനുമുമ്പ് മൂന്നുദിവസം ഇയാള്‍ ആലപ്പുഴയില്‍ കല്ലുപാലത്തിന് സമീപമുള്ള ഒരു ലോഡ്ജിലാണ് തങ്ങിയത്. കയര്‍ തൊഴിലാളികളെ കാണണമെന്നും ലോകബാങ്കിന്റെ സഹായം ലഭ്യമാക്കാനാണ് താന്‍ വന്നിരിക്കുന്നതെന്നും ഇയാള്‍ ലോഡ്ജിലെ ജീവനക്കാരനോട് പറഞ്ഞതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനുമുമ്പ് കൊച്ചിയില്‍ മൂലമ്പള്ളിയിലെ സമരകേന്ദ്രത്തിലും പോയിരുന്നു. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും സഹായത്തെപ്പറ്റി പറയുന്ന ഇയാള്‍ ചെങ്ങറ ഭൂ സമരത്തിനുള്ള വിദേശ സാമ്പത്തികസഹായത്തിന്റെ സ്രോതസ്സിലെ കണ്ണിയാണോ എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്.

രാത്രിസമരം മസാലമയം
തിരു: ചെങ്ങറ ഭൂസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ സെക്രട്ടറിയറ്റിനു മുമ്പില്‍ നടത്തിയ ‘രാത്രി’ സമരത്തില്‍ അരങ്ങേറിയത് മസാലച്ചിത്രങ്ങളെ വെല്ലുന്ന ചൂടന്‍രംഗങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് എത്തിയ ഒരു സംഘം യുവതീ യുവാക്കള്‍ സന്ധ്യക്ക് ആരംഭിച്ച സമരത്തിന് അര്‍ധരാത്രിയായതോടെയാണ് രൂപംമാറിയത്. പരസ്പരം കെട്ടിപ്പുണര്‍ന്നും കഞ്ചാവ് നിറച്ച സിഗററ്റ് ഊതി വലിച്ചും മദ്യക്കുപ്പികള്‍ പങ്കിട്ടും നേരം പുലരുംവരെ സമരം കൊഴുത്തു. രാത്രിസമരം തുടങ്ങിയപ്പോള്‍ ആണും പെണ്ണുമായി നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നു. അര്‍ധരാത്രിയായപ്പോള്‍ പകുതിയോളം പേര്‍ എങ്ങോട്ടോ പോയി. അവശേഷിച്ചവരാണ് സമരപ്പന്തല്‍തന്നെ പ്രണയലീലകള്‍ക്ക് വേദിയാക്കിയത്. ആണുംപെണ്ണും കെട്ടിമറിയുന്നതും ചുംബിക്കുന്നതുമായ സമരക്കാഴ്ചകള്‍ കൈരളി-പീപ്പിള്‍ ചാനലാണ് ശനിയാഴ്ച സംപ്രേക്ഷണംചെയ്തത്.


സമരലഹരി: സെക്രട്ടറിയറ്റിനു മുന്നില്‍ ‘സാംസ്കാരിക പ്രവര്‍ത്തകര’ുടെ രാത്രി സമരം (കടപ്പാട്: കൈരളി-പീപ്പിള്‍ ടിവി)

ചെങ്ങറ ഭൂമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ‘നിശാ സമരം’ ബി ആര്‍ പി ഭാസ്കറാണ് ഉദ്ഘാടനംചെയ്തത്. ഒ പി രവീന്ദ്രന്‍, സണ്ണി എം കപിക്കാട്, നളിനി ജമീല, സി എസ് ജയചന്ദ്രന്‍, വിധു വിന്‍സന്റ്, ശശികുമാര്‍, ഷീന, രഞ്ജിനി കൃഷ്ണന്‍, ജസീല, ബൈജു നടരാജന്‍, അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചതായി സംഘാടക സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന പേരില്‍ നടക്കുന്ന നക്സല്‍, മാവേയിസ്റ് പ്രവര്‍ത്തകരാണ് സമരത്തിനെത്തിയതെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.

കബളിപ്പിക്കപ്പെട്ടെന്ന തിരിച്ചറിവ്;
സമരക്കാരില്‍ ഭിന്നത രൂക്ഷം

എം ശശികുമാര്‍
പത്തനംതിട്ട:
ചെങ്ങറ എസ്റ്റേറ്റ് കൈയേറി സമരത്തിനു നേതൃത്വം നല്‍കുന്ന സാധുജന വിമോചന സംയുക്ത വേദിയില്‍ ഭിന്നത രൂക്ഷമാകുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം രാജിവച്ച തട്ടയില്‍ സരസ്വതി വേദി പ്രസിഡന്റ് ളാഹ ഗോപാലനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ അണികളെ കടുത്ത ആശയക്കുഴപ്പത്തിലാക്കി. തങ്ങളെ കരുവാക്കി സംഘടനാ നേതൃത്വത്തിലുള്ളവര്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയവും അണികളില്‍ ശക്തമായിട്ടുണ്ട്്.

ദിവസം കഴിയുന്തോറും സമര കേന്ദ്രത്തിലെ ആളുകള്‍ കുറഞ്ഞു വരുന്നതും നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. കൈയേറിയ ഭൂമിക്ക് ചുറ്റും വടം കെട്ടി സമരനേതൃത്വം പുറമെ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച മുതല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ചൂടു കൂടുകയും കടുത്ത ജലക്ഷാമം നേരിടുകയും ചെയ്തതോടെ കുടിലുകളില്‍ കഴിയുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ചൊറിയും പനിയും അടക്കമുള്ള അസുഖങ്ങള്‍ തുടങ്ങി. ഇവരില്‍ പലരെയും ആശുപത്രിയില്‍ എത്തിക്കാനും നേതാക്കള്‍ സമ്മതിക്കുന്നില്ല. പോയ ആളുകള്‍ തിരികെ വരില്ലെന്ന ഭയമാണ് അസുഖം ബാധിച്ചവരെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ നിന്നു നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്നര്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്നത്. തടങ്കലില്‍ കഴിയുന്ന അവസ്ഥയാണ് ഭൂരിപക്ഷത്തിനും. ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനാണ് സമരമെന്നായിരുന്നു സാധുജനവേദി ആദ്യം അവകാശപ്പെട്ടത്. ആദിവാസികളാരും സമരരംഗത്തില്ലെന്ന കാര്യം പുറത്തു വന്നതോടെ സംഘടന നിലപാടില്‍ മാറ്റം വരുത്തി. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കണമെന്ന ആവശ്യമായി പിന്നെ. അഞ്ചേക്കര്‍ കൃഷിഭൂമിയും അരലക്ഷം രൂപയും ആവശ്യപ്പെട്ടതും സമരം നീട്ടിക്കൊണ്ടുപോകാനാണെന്ന സംശയം സമരത്തില്‍ പങ്കെടുക്കുന്നവരില്‍ വളര്‍ത്തിയിട്ടുണ്ട്.

സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കെല്ലാം ഭൂമിയും വീടും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതും സമരക്കാരില്‍ ഭിന്നത രൂക്ഷമാക്കാനിടയാക്കി. പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പ്പെടാത്തവരും സ്വന്തമായി വീടും വസ്തുവും ഉള്ളവരും വേദിയുടെ വ്യാജ പ്രചാരണത്തില്‍ വിശ്വസിച്ച് സമരത്തിലുണ്ട്. തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഇവരും പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബലപ്രയോഗം നടത്താതെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി നടത്തുന്ന ശ്രമങ്ങളോട് സഹകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആഗ്രഹം.

2. ഉന്നതവിദ്യാഭ്യാസരംഗത്ത് 2000 കോടിയുടെ നിക്ഷേപം
ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസരംഗത്തെ വിവിധ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് 2000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിനു ലഭിക്കുന്ന കേന്ദ്രസര്‍വകലാശാല കാസര്‍കോട്ടും അലിഗഢ് സര്‍വകലാശാലയുടെ ഉപകേന്ദ്രം മലപ്പുറത്തും സ്ഥാപിക്കും. കേരളസര്‍വകലാശാലയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വി കെ കൃഷ്ണമേനോന്‍ പഠനകേന്ദ്രം സെന്റര്‍ ഓഫ് എക്സലന്‍സായി വികസിപ്പിക്കുമെന്നും സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലായി അഞ്ചുവിഷയത്തില്‍ ഉന്നതപഠന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായും വിവിധ കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തിയതായും മന്ത്രി ബേബി പറഞ്ഞു.കേരളത്തില്‍ ഐഐടി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമായ ഉറപ്പുനല്‍കിയിട്ടുണ്ട്. ഐസറും ബഹിരാകാശപഠന ഇന്‍സ്റിറ്റ്യൂട്ടും തിരുവനന്തപുരത്ത് അടുത്തുതന്നെ പ്രവര്‍ത്തനം ആരംഭിക്കും.

അലിഗഢ് സര്‍വകലാശാലയുടെ ഉപകേന്ദ്രത്തിനായി മലപ്പുറത്ത് 500 ഏക്കര്‍ ഏറ്റെടുക്കും. മെഡിക്കല്‍കോളേജും എന്‍ജിനിയറിങ് കോളേജും മറ്റ് ഉന്നത പഠനകേന്ദ്രങ്ങളും അടങ്ങുന്നതായിരിക്കും ഇത്. ഉപകേന്ദ്രം സ്ഥാപിക്കാന്‍ ആവശ്യമായ നടപടി ഉടന്‍ ആരംഭിക്കുമെന്ന് മാനവശേഷി സഹമന്ത്രി എം എ എ ഫാത്മി ഉറപ്പു നല്‍കിയിട്ടുണ്ട്.

കാസര്‍കോട്ട് കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാന്‍ മൂന്നു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രസംഘം വന്നുകണ്ടശേഷം എവിടെ വേണമെന്ന് തീരുമാനിക്കും. വി കെ കൃഷ്ണമേനോന്‍ പഠനകേന്ദ്രം പ്രതിരോധ-വിദേശകാര്യ പഠനങ്ങള്‍ക്കുള്ള ഉന്നതകേന്ദ്രമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. പ്രതിരോധമന്ത്രി എ കെ ആന്റണിയെ കണ്ട് ഈ ആശയം അറിയിച്ച് ഡിആര്‍ഡിഒയുടെ സഹായം അഭ്യര്‍ഥിച്ചു. പ്രതിരോധവകുപ്പിന്റെ സഹകരണം അദ്ദേഹം വാഗ്ദാനംചെയ്തിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരശോഷണം തടയുന്നതിന് വിവിധ വിഷയത്തില്‍ മികവുകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇങ്ങനെ അഞ്ചു കേന്ദ്രം തുടങ്ങും. പരിസ്ഥിതി പഠന ഇന്‍സ്റിറ്റ്യൂട്ട്, മൂന്നാംലോക പഠന ഇന്‍സ്റിറ്റ്യൂട്ട് എന്നിവ മഹാത്മാഗാന്ധി സര്‍വകലാശാലയിലും ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സ്റഡി ഓഫ് ഡിസ്ക്രിമിനേഷന്‍ ആന്‍ഡ് എക്സ്ക്ളൂഷന്‍, അറബിപഠന ഇന്‍സ്റിറ്റ്യൂട്ട് എന്നിവ കോഴിക്കോട് സര്‍വകലാശാലയിലും സ്ത്രീപഠന ഇന്‍സ്റിറ്റ്യൂട്ട് കേരള സര്‍വകലാശാലയിലുമാണ് സ്ഥാപിക്കുക.

കേരളത്തില്‍ ഉന്നതല പ്രവാസിപഠനകേന്ദ്രം തുടങ്ങാന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ കണ്ട് അഭ്യര്‍ഥിക്കുകയും പ്രത്യക്ഷത്തില്‍ അംഗീകരിക്കുകയുംചെയ്തിട്ടുണ്ട്. കേരളത്തില്‍ ശേഷിക്കുന്ന 15 ലക്ഷത്തോളം നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനുള്ള ബഹൃദ്പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു. നാലുവര്‍ഷംകൊണ്ട് 200 കോടി ചെലവു വരുന്ന പദ്ധതി അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മാനവശേഷിമന്ത്രി അര്‍ജുന്‍ സിങ് ഉറപ്പുനല്‍കി.

ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക (ഇബ്സ) കൂട്ടുകെട്ട് രൂപീകൃതമായ സാഹചര്യത്തില്‍ ഇബ്സ പഠനങ്ങള്‍ക്കായി കേരളത്തില്‍ ഒരു അന്താരാഷ്ട്രകേന്ദ്രം തുടങ്ങണമെന്ന് വിദേശമന്ത്രി പ്രണബ്മുഖര്‍ജിയെ കണ്ട് ആവശ്യപ്പെട്ടു. മേയില്‍ നടത്തുന്ന തെക്കന്‍അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇതിന്റെ സാധ്യത ആരായാമെന്ന് മന്ത്രി അറിയിച്ചു. ഇതിനു പുറമെ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാലയുടെ കേന്ദ്രവും ആദിവാസി സര്‍വകലാശാലയുടെ കേന്ദ്രവും കേരളത്തില്‍ തുടങ്ങുന്നതിന് ശ്രമിക്കുന്നുണ്ട്- മന്ത്രി ബേബി പറഞ്ഞു.

3. കേന്ദ്രാനുമതികാക്കാതെ കുട്ടനാട് പാക്കേജ് ആരംഭിക്കും: തോമസ് ഐസക്
ആലപ്പുഴ: കേന്ദ്രാനുമതിക്ക് കാത്തുനില്‍ക്കാതെ കുട്ടനാട് കാര്‍ഷികപാക്കേജിലെ പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുമെന്ന്് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പ്രസ്ക്ളബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എസ് സ്വാമിനാഥന്‍ ശുപാര്‍ശ ചെയ്ത കുട്ടനാട് പാക്കേജിന്്് ആസൂത്രണ കമീഷന്‍ അംഗീകാരം നല്‍കിയിട്ടും കേന്ദ്രാനുമതിയായിട്ടില്ല.

തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണത്തിന് തുക മാറ്റിവച്ച് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് നടപ്പാക്കാന്‍ തുടക്കമിടുകയാണ്. ഇതിനായി 160 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മധ്യഭാഗത്ത് ഒരു മൂവിങ് ബ്രിഡ്ജടക്കം വിഭാവനം ചെയ്യുന്നതാണ് പദ്ധതി. ആദ്യ ബജറ്റില്‍ തന്നെ പദ്ധതിക്ക് തുക വക കൊള്ളിച്ചിരുന്നു. പിന്നീട് കേന്ദ്രം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചതോടെ സംസ്ഥാനം പദ്ധതി നടപ്പാക്കുന്നതിന് കാത്തുനിന്നു. നീളുന്ന സാഹചര്യത്തില്‍ ഇനി കാത്തുനില്‍ക്കുന്നില്ല. ആലപ്പുഴ-ചങ്ങനാശേരി തോട് 60 കോടി രൂപ ചെലവഴിച്ച് പുനരുദ്ധരിക്കും. തോട് വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുന്നതാണ് പദ്ധതി.

പുനരുദ്ധാരണ പദ്ധതി നടപ്പാക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കെഎസ്ഡിപിയുടെ നവീകരണത്തിന് 20 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മരുന്നുനിര്‍മാണ യൂണിറ്റടക്കം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. പൊതുആരോഗ്യ സംവിധാനത്തിനാവശ്യമുള്ള മരുന്നെല്ലാം വിതരണം ചെയ്യാന്‍ ഇതോടെ സാധ്യമാകും.

ഹോംകോയ്ക്ക് മരുന്നുനിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിന് കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ട് പൊതുമേഖല സ്ഥാപനമായ ഹോംകോ മറ്റൊരു പൊതുമേഖല സ്ഥാപനമായ കെസ്ഡിപിയുടെ സ്ഥലം വാങ്ങുന്നതായിരുന്നു പദ്ധതി. ഇവിടെ ഫാര്‍മസി ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാനാകും. ഇരു സ്ഥാപനങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന പദ്ധതിക്ക് പിന്നില്‍ സ്വകാര്യസംരംഭങ്ങളില്ല. തെറ്റിദ്ധാരണകളായിരിക്കണം ചില എതിര്‍പ്പുകള്‍ക്ക് പിന്നിലെന്ന് കരുതുന്നു.

മത്സ്യമേഖലയിലെ വന്‍കുതിപ്പിന് വഴിവയ്ക്കുന്ന പലിശരഹിത വായ്പയടക്കം വന്‍കടാശ്വാസ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഏതു കാലത്താണ് ഇത്രയും കടാശ്വാസപദ്ധതി നടപ്പാക്കിയിട്ടുള്ളത്. അക്വാപാര്‍ക്ക് പദ്ധതിക്ക് ഈ വര്‍ഷം തന്നെ രൂപം നല്‍കും. മത്സ്യങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ പദ്ധതി സഹായിക്കും.

കേരള സ്പിന്നേഴ്സ് മില്‍ അടച്ചുപൂട്ടല്‍ നിയമവിരുദ്ധമെന്ന് നോട്ടീസ് നല്‍കും. ഭൂമിയുടെ പാട്ടകരാര്‍ റദ്ദാക്കാനും നടപടിയുണ്ടാകും. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. രണ്ടു ജില്ലകളിലെയും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണ് പദ്ധതി. കയര്‍വ്യവസായമേഖലക്കും ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുണ്ട്. കയര്‍ഫെഡിന്റെ പുന:സംഘടനയ്ക്ക് പദ്ധതി തയാറാക്കി. പുന്നപ്രയില്‍ സഹകരണ എന്‍ജിനിയറിങ് കോളേജിന് അഞ്ചു കോടി രൂപ നീക്കിവച്ചു. പാതിരാമണല്‍ പദ്ധതി കഴിഞ്ഞമാസം തന്നെ പാസാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

4.  അനധികൃത മണലൂറ്റ്; പമ്പ വരളുന്നു
കോഴഞ്ചേരി: പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ പമ്പാനദി വേനല്‍ ശക്തിപ്പെടുംമുമ്പ് വറ്റി വരളുന്നു. വനാന്തരങ്ങളില്‍നിന്ന് ഉത്ഭവിക്കുന്ന പമ്പയില്‍ ചെറുതും വലുതുമായ 288 നീരുറവകളാണ് ചേരുന്നത്. ശബരിമല ആറാട്ടുനടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പമ്പയില്‍ കാല്‍ നനയാന്‍ പോലും വെള്ളമില്ല. ഒരു നേര്‍ത്ത ചാലുമാത്രമാണ് ഇപ്പോഴുള്ളത്. കുള്ളാര്‍ ഉള്‍പ്പടെയുള്ള പമ്പയിലെ ഏതെങ്കിലും ഡാം തുറന്നു വിട്ടാലേ ത്രിവേണിയില്‍ വെള്ളം എത്തിക്കാന്‍ കഴിയൂ. പമ്പാ തീരത്തെ പന്ത്രണ്ടിലധികം ശുദ്ധജല വിതരണ പദ്ധതികളും പ്രതിസന്ധിയിലാണ്. പലയിടത്തും നദിയില്‍ മണല്‍പ്പുറ്റുകളും കാടുകളും രൂപപ്പെട്ടിട്ടുണ്ട്.

നദിയില്‍ വെള്ളമില്ലാത്തതിനാല്‍ പമ്പാതീരത്തെ ഭൂരിപക്ഷം കിണറുകളും വറ്റി. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍ വാരലിനെ തുടര്‍ന്ന് പമ്പയുടെ സ്വഭാവിക ഘടനതന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം എത്തുന്നത് 17736 ഘനമീറ്റര്‍ മണലാണെന്നാണ് പഠന റിപ്പോര്‍ട്ട്. ഇത് 4436 ട്രക്കുകളില്‍ ശേഖരിക്കാന്‍ മാത്രമേയുള്ളു. ഒരു ദിവസം നൂറോളം വരുന്ന കടവുകളില്‍നിന്നും ഓരോ ലോഡ് മണല്‍ വാരിയാല്‍ 44 ദിവസംകൊണ്ട് ഈ മണല്‍ ശേഖരം ഇല്ലാതാകും.

1995 ഏപ്രില്‍ ഒന്നിനാണ് പമ്പയില്‍ മണല്‍ വാരല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 1995 നവംബര്‍ ഏഴിന് സെസ്സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാന്നി മുതല്‍ ആറാട്ടുപുഴവരെയുള്ള പ്രധാന കടവുകളില്‍ 11 ഇടങ്ങളില്‍ നിയന്ത്രണത്തോടെ മണല്‍ വാരല്‍ അനുവദിച്ചു. പിന്നീട് മണലിന്റെ ലഭ്യതയനുസരിച്ച് വാരാന്‍ ഉത്തരവ് നല്‍കിവരികയാണ്.

സര്‍ക്കാരും കോടതികളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കുമ്പോഴും അംഗീകാരമുള്ള കടവുകളില്‍നിന്നും അനുവദിച്ചതില്‍ അധികവും മറ്റുകടവുകളില്‍നിന്ന് ഒരു നിയന്ത്രണവുമില്ലാതെയുമാണ് മണല്‍ കൊള്ള നടക്കുന്നത്. മണല്‍ വാരല്‍മൂലം നൂറു മീറ്ററിലധികമാണ് നദിയുടെ തിട്ട താഴ്ന്നത്. മാലക്കരയിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമീഷന്റെ ജല പരിശോധന കേന്ദ്രത്തിനടത്തുവരെ നദീ ജലത്തില്‍ ഉപ്പുരസം കലര്‍ന്നതായി പഠനം തെളിയിക്കുന്നു. ഡാമുകളുടെ ബാഹുല്യവും വനനശീകരണവും മണല്‍കൊള്ളയുമാണ് പമ്പയെ ഞെക്കിക്കൊല്ലുന്നത്.

5. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും: മന്ത്രി
കൊച്ചി: ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് കമ്പനി (ടിസിസി) ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. ക്ളോറിന്‍-കാസ്റ്റിക്സോഡ വ്യവസായത്തെക്കുറിച്ച് ടിസിസി സംഘടിപ്പിച്ച ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ശേഷി പരമാവധി വിനിയോഗിക്കുന്നതിനുമാണ് കഴിഞ്ഞവര്‍ഷം മുന്‍ഗണന നല്‍കിയത്. ഉല്‍പ്പാദനം നിലച്ചുകിടന്ന നിരവധി സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു. ഈ വര്‍ഷം സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും വൈവിധ്യവല്‍ക്കരണത്തിനുമാണ് മുന്‍ഗണന.

മികച്ച സാങ്കേതിക വിദ്യ ഇവയുടെ വികസനത്തിനായി ഉപയോഗിക്കും. മുന്‍കാലങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ വ്യാവസായിക നയമാണ് രണ്ടുവര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തെ വേഗത്തിലാക്കാന്‍ പൊതു-സ്വകാര്യ മേഖലയെ ഒരുപോലെ ശക്തിപ്പെടുത്തുന്ന വ്യവസായ നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്നത് ഈ നയത്തിന്റെ വിജയമാണെന്നും എളമരം പറഞ്ഞു.

ടിസിസിയുടെ വൈവിധ്യവല്‍ക്കരണത്തിന് വ്യവസായത്തിലെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചത്. അസഹി ഗ്ളാസ് ജപ്പാന്‍, അസഹി കെമിക്കല്‍സ് ജപ്പാന്‍, അഹ്ദേ ഇന്ത്യ ലിമിറ്റഡ് ഡ്യൂപോണ്ട്, ദെനോറ ആന്‍ഡ് ആല്‍ഫ ലവല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ സാങ്കേതിക വിദഗ്ധര്‍ പങ്കെടുത്തു.

ടിസിസി മാനേജിങ് ഡയറക്ടര്‍ ഡോ. എം പി സുകുമാരന്‍നായര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍) കെ എ മുഹമ്മദ് സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ വി ബാലന്‍ നന്ദിയും പറഞ്ഞു.

6. കെപിസിസി യോഗത്തില്‍ ജയ്ഹിന്ദ് ചാനലിനെച്ചൊല്ലി വാക്കേറ്റം
തിരു: ജയ്ഹിന്ദ് ചാനലിന്റെ ഉടമസ്ഥതയെച്ചൊല്ലി കെപിസിസി നേതൃയോഗത്തില്‍ വാക്കേറ്റം. ജനറല്‍ സെക്രട്ടറിമാരായ എം ഐ ഷാനവാസും അജയ് തറയിലും ചാനലിന്റെ ചുമതലക്കാരനായ എം എം ഹസ്സനും തമ്മിലായിരുന്നു വാദപ്രതിവാദം.

ചാനല്‍ കെപിസിസിയുടെ നിയന്ത്രണത്തിലാക്കണമെന്ന് ഷാനവാസും അജയ് തറയിലും ആവശ്യപ്പെട്ടു. എ കെ ആന്റണിയെ അധിക്ഷേപിക്കുന്ന പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തതും യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍, കെപിസിസിയിലുള്ള ചിലരാണ് ചാനലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഹസ്സന്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ചാനലിനുവേണ്ടി 18 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പേരില്‍ നാടുനീളെ പണം പിരിച്ചുതുടങ്ങിയ ചാനലില്‍ പാര്‍ടിക്ക് നിയന്ത്രണമില്ലെന്ന് ഷാനവാസ് ആരോപിച്ചു. പണം പിരിച്ചതിന് കൃത്യമായ കണക്കുണ്ടെന്നും വേണമെങ്കില്‍ താന്‍ സ്ഥാനമൊഴിയാമെന്നും ഹസ്സന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ചാനല്‍ പാര്‍ടിയുടെ ഉടമസ്ഥതയിലാക്കാന്‍ ഒടുവില്‍ യോഗം തീരുമാനിച്ചു. ഇതിനായി കെപിസിസി ട്രസ്റ്റ് രൂപീകരിക്കും. വീക്ഷണത്തിന്റെ മാനേജിങ്ങ് ഡയരക്ടര്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന് ബെന്നി ബഹനാന്‍ യോഗത്തില്‍ പറഞ്ഞു. സാമ്പത്തികപ്രതിസന്ധിമൂലം പത്രം നടത്താനാവുന്നില്ലെന്നും കെപിസിസി സഹകരിക്കുന്നില്ലെന്നുമായിരുന്നു ബഹനാന്റെ പരാതി. പത്രം വലിയ നഷ്ടത്തിലാണെന്നും ബഹനാന്‍ പറഞ്ഞു. കെ കരുണാകരന്റെ കൂടെയുള്ളവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തില്ല.

7. വനിതാ ബില്‍ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിവിധ രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തിയശേഷം പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ത്തന്നെ വനിതാ സംവരണബില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനമായ ശനിയാഴ്ച, തന്നെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ വനിതാ സംഘടനാ പ്രതിനിധികള്‍ക്കാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.

ആദ്യം യുപിഎ ഘടകകക്ഷികളുമായും തുടര്‍ന്ന് മറ്റ് പാര്‍ടികളുമായും ചര്‍ച്ച നടത്തിയശേഷം ഈ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. സ്ത്രീകളുടെ പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കാന്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ ഫലപ്രദമായി നടപ്പാക്കും. അങ്കണവാടി ജീവനക്കാരെ കേന്ദ്ര ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി സ്വീകരിച്ചില്ല. അവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ വനിതാസംഘടനകളെ പ്രതിനിധാനംചെയ്ത് മോഹിനി ഗിരി, സുധ സുന്ദരരാമന്‍, ശ്രീരൂപ മിത്ര ചൌധരി, നീന നയ്യാര്‍, ഗോമതി നായര്‍, ജ്യോത്സ്ന ചാറ്റര്‍ജി, മീര ശിവ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വിവിധ വനിതാ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. മണ്ഡി ഹൌസില്‍നിന്ന് ആരംഭിച്ച പ്രകടനം ജന്ദര്‍ മന്തറില്‍ സമാപിച്ചു.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍
പ്രതിഫലിക്കുന്നില്ല: സ്പീക്കര്‍
ന്യൂഡല്‍ഹി: ജനാധിപത്യസ്ഥാപനങ്ങളുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണെന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി കീഴ്വഴക്കങ്ങളെ താഴ്ത്തിക്കെട്ടല്‍, തടസ്സപ്പെടുത്തലുകള്‍, ചെയറിനോട് ബഹുമാനമില്ലാതെയുള്ള പെരുമാറ്റം എന്നിവ പാര്‍ലമെന്റിനോട് ജനങ്ങള്‍ക്കുള്ള മതിപ്പ് കുറയ്ക്കുകയാണ്.

വിലപ്പെട്ട സമയമാണ് തടസ്സപ്പെടുത്തലുകളിലൂടെ നഷ്ടപ്പെടുന്നത്. പതിനൊന്നാം ലോക്സഭയില്‍ അഞ്ച് ശതമാനം സമയമാണ് ഇങ്ങനെ നഷ്ടപ്പെട്ടതെങ്കില്‍ പതിനാലാം ലോക്സഭയില്‍ അത് 21 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളുടെ പ്രശ്നങ്ങളും ആശങ്കകളും പാര്‍ലമെന്റില്‍ പ്രതിഫലിക്കുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴോ അവര്‍ക്കുനേരെ കടുത്ത അതിക്രമങ്ങള്‍ നടക്കുമ്പോഴോ വലിയ വികാരപ്രകടനമൊന്നും സഭയില്‍ കണ്ടിട്ടില്ല. മര്യാദയില്ലാത്ത പെരുമാറ്റത്തിനും ബഹളങ്ങള്‍ക്കുമാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഇടം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

8. മലേഷ്യയില്‍ ഭരണസഖ്യത്തിന് സംസ്ഥാനങ്ങളിലും തിരിച്ചടി
കോലാലംപുര്‍: മലേഷ്യന്‍ പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ്ഞുതുടങ്ങിയപ്പോള്‍ ഭരണസഖ്യമായ ദേശീയമുന്നണിക്ക് തിരിച്ചടി. സ്വാതന്ത്യ്രം കിട്ടിയശേഷമുള്ള 50 വര്‍ഷത്തിനിടെ എല്ലാ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയ മുന്നണിക്ക് ആദ്യ ഫലസൂചനകള്‍തന്നെ എതിരായി.

മുന്‍ ഉപപ്രധാനമന്ത്രിയും പ്രതിപക്ഷത്തെ പ്രധാന നേതാവുമായ അന്‍വര്‍ ഇബ്രാഹിമിന്റെ ജന്മനാടായ പെനാങ്ങില്‍ സംസ്ഥാനഭരണം പ്രതിപക്ഷം പിടിച്ചതായാണ് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ വരുന്ന ഏപ്രില്‍വരെ പൊതു സ്ഥാനങ്ങള്‍ വഹിക്കുന്നതിന് വിലക്കുള്ള ഇബ്രാഹിമിനെ തടയാനാണ് പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദാവി അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്.

പാര്‍ലമെന്റില്‍ കഴിഞ്ഞതവണ 90 ശതമാനം സീറ്റ് ലഭിച്ച ദേശീയ മുന്നണിക്ക് ഇത്തവണ അവിടെയും ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നാണ് സൂചന. ഭരണം നിലനിര്‍ത്താനായേക്കുമെങ്കിലും മൂന്നില്‍രണ്ട് ഭൂരിപക്ഷംപോലും നേടാന്‍ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 80 ശതമാനമായ 178 സീറ്റ് നേടാനായില്ലെങ്കില്‍ പ്രധാനമന്ത്രി ബദാവിക്ക് നേതൃത്വം നഷ്ടമായേക്കുമെന്ന് നിരീക്ഷകര്‍ പറഞ്ഞിരുന്നു.

മറ്റ് സംസ്ഥാന നിയമസഭകളില്‍ കലന്താന്‍ ഇത്തവണയും പിടിക്കാനാകുമെന്നാണ് പ്രതിപക്ഷ ഇസ്ളാമിക കക്ഷിയുടെ പ്രതീക്ഷ. 90 മുതല്‍ അവരാണ് അവിടെ ഭരണത്തില്‍. ന്യുനപക്ഷവിഭാഗക്കാരായ ഇന്ത്യന്‍ വംശജരെയും ചൈനീസ് വംശജരെയും പിണക്കിയതാണ് ഭരണകക്ഷിയുടെ ക്ഷീണത്തിന് പ്രധാന കാരണം. പരമ്പരാഗതമായി ഭരണസഖ്യത്തോടൊപ്പം നിന്നവയാണ് ഈ രണ്ട് വിഭാഗങ്ങളും.

പാര്‍ലമെന്റില്‍ 222 സീറ്റും 18 സംസ്ഥാന നിയസഭകളിലായി 505 സീറ്റുമാണുള്ളത്. ഇവയില്‍ എട്ട് പാര്‍ലമെന്റ് സീറ്റിലേക്കും മൂന്ന് നിയമസഭാസീറ്റിലേക്കും ഭരണമുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു നിയമസഭാസീറ്റ് പ്രതിപക്ഷവും വിജയിച്ചിരുന്നു.

1. ഷാപ്പുകള്‍ കൂട്ടി ലൈസന്‍സ് ഫീ കുറച്ച് മദ്യം വ്യാപകമാക്കുന്നു
തിരുവനന്തപുരം: കള്ളു കച്ചവടവും, കള്ളു കുടി പ്രോസാഹിപ്പിക്കുന്നതിനും, കള്ളിന്റെ ലഭ്യത വ്യപകമാക്കുന്നതിനുമുള്ള പുതിയ നിര്‍ദേശങ്ങളാണു പുതിയ അബ്കരി നയത്തിലുള്ളത്.

കള്ളിന്റെ ലഭ്യത വ്യാപകമാക്കുന്നതിനുവേണ്ടി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആധുനിക സൌകര്യങ്ങളോടെ ഈ വര്‍ഷം ടോഡി പാര്‍ലറുകള്‍ തുടങ്ങും. എത്ര എന്ന് തീരുമാനമായിട്ടില്ല. സ്വാഭാവികമായും കള്ള് ഷാപ്പുകളുടെ എണ്ണം കൂടും. കേരളത്തിലിപ്പോള്‍ 49039 കള്ളുഷാപ്പുണ്ട്.പുതിയ നയത്തില്‍ അമ്പരപ്പിക്കുന്ന മറ്റൊരു മാറ്റം ലൈസന്‍സ്ഫീയിലുണ്ടാ ക്കിയ കുറവാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ശതമാനം കുറവാണ്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് അഞ്ചുകോടിയോളം രൂപ നഷ്ടം വരും. കഴിഞ്ഞ വര്‍ഷം 25 കോടിയോളം രൂപ കള്ളുഷാപ്പുകളില്‍ നിന്നും ലഭിച്ചതാണ്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലെ സഹകരണ സംഘങ്ങളെ സഹായിക്കാന്‍ എന്ന മറവില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കു ലാഭമുണ്ടാക്കുന്ന നയം മാറ്റമാണിത്.

സഹകരണ മേഖലയില്‍ മധുരക്കള്ള് ഉണ്ടാക്കി വിതരണം ചെയ്യാനും തീരുമാനമായി. വിലക്കുറഞ്ഞ വിദേശമദ്യം സുലഭമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിക്കുന്നു. ഇതിനായി ചിറ്റൂര്‍ കോ ഓപ്പറേറ്റഡ് ഷുഗര്‍, ട്രാവങ്കൂര്‍ ഷുഗേഴ്സ്, തിരുവല്ല എന്നിവിടങ്ങളില്‍ വിലകുറഞ്ഞ വിദേശ മദ്യം നിര്‍മിക്കും.

വില കുറഞ്ഞ വിദേശ മദ്യം ചാരായത്തിന്റെ വിലക്കു ലഭ്യമാക്കാനാണ് നീക്കം. വിഷമദ്യം ഒഴിവാക്കാ നെ ന്ന മറയില്‍ ആരംഭിക്കുന്ന ഈ നടപടി മദ്യ ത്തിന്റെ ല ഭ്യതയും വ്യാപനവും വര്‍ധിപ്പിക്കും. ഇ വിടെ ഉത് പാദിപ്പിക്കുന്ന വി ദേശ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യും.

ബിവറേജസ് കോര്‍പ്പറേഷന്റെ കടകള്‍ വഴി വിദേശ നിര്‍മിത വിദേശ മദ്യം ലഭ്യമാക്കാനും തീരുമാനമായി. എല്ലാത്തരം മദ്യപാനികളെയും ആകര്‍ഷിക്കുന്നതിനും ഇഷ്ടമുള്ള ഇനങ്ങള്‍ ഏറ്റവും അടുത്തസ്ഥലത്ത് ലഭ്യമാക്കാനും ഈ നടപടികൊണ്ട് സാധിക്കും.വീഞ്ഞിന്റെ ലഹരി ്15 ശതമാനമായി ഉയര്‍ത്തി. ഇപ്പോള്‍ 12 ശതമാനമാണ്. പത്തനംതിട്ടയിലെ ആറന്മളയും ടൂറിസ്റ്റ് സെന്ററുകളില്‍ അവിടെ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും.

പരമ്പരാഗത വ്യവസായമെന്ന പരിഗണനയില്‍ കള്ളുകച്ചവടത്തെ സംരക്ഷിക്കാനും വ്യാജമദ്യം തടയാനുമാണ് പുതിയ നയമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് പ്രചാരണം നടത്തുമെന്നും 2007-08 ലെ നയത്തില്‍ പറഞ്ഞിരുന്നത് ഈ വര്‍ഷവും ആവര്‍ത്തിക്കുന്നു. എന്നാല്‍, ഈ വര്‍ഷം കള്ളുച്ചവടത്തെയും കച്ചവടക്കാരെയും സംരക്ഷിക്കുക എന്നതാണ് നയമെന്ന് പറയുന്നു.

കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ പത്ത് ശതമാനം കൂടിയാണ് കള്ളു ഷാപ്പുകള്‍ക്ക് ലൈസന്‍സ് ഫീസ് നിശ്ചയിച്ചത്. എല്ലാ മേഖലയിലും കാത്തിരിക്കുന്ന സ്വാഭാവിക സമീപനമാണിത്. എന്നാല്‍ കള്ളുഷാപ്പുകളുടെ കാര്യത്തില്‍ തുക 20 ശതമാനം കുറച്ചിരിക്കുന്നു. അതു വ്യക്തമായ ഗൂഢല്യങ്ങളോടെയാണ്. ഇപ്പോഴുള്ള കരാറുകാരെ സഹാ യിക്കാനാണ്.

കഴിഞ്ഞ വര്‍ഷത്തേതുപോലെ അഞ്ചു മുതല്‍ ഏഴ് വരെ ഷാപ്പുകള ഗ്രൂപ്പായിട്ടാവും ഈ വര്‍ഷവും ലേലം ചെയ്യുക. ഒരാള്‍ക്കു പരമാവധി രണ്ട് ഗ്രൂപ്പ് പിടിക്കാം. ലേലം പോകാത്ത ഷാപ്പുകള്‍ റേഞ്ച്, താലൂക്ക് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന ഷാപ്പുകളെല്ലാം ഈ വര്‍ഷവും പ്രവര്‍ത്തിക്കും.

ബിനാമി ഇടപാട് അവസാനിപ്പിക്കുവാന്‍ ലൈസന്‍സ് എടുക്കുന്നവര്‍ വരുമാന സ്രോതസ് കാണിക്കണെന്നു നിര്‍ബന്ധമാക്കി. ലൈസന്‍സ് എടുക്കുന്നവര്‍ക്ക് കുറഞ്ഞ പ്രായം നിര്‍ബന്ധമാക്കും. റേഷന്‍കാര്‍ഡും ഇന്‍കം ടാക്സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അറ്റസ്റ്റ് ചെയ്ത ഫോട്ടോ ലൈസന്‍സില്‍ ഉണ്ടാവും. അവ കള്ളുഷാപ്പില്‍ പ്രദര്‍ശിപ്പിക്കണം.

മൂന്ന് വര്‍മായി ഷാപ്പ് നടത്തുന്നവര്‍ക്ക് ലൈസന്‍സിന് മുന്‍ഗണന ഉണ്ടാവും. അബ്കാരി കേസുകളെ മൈനര്‍എന്നും മേജര്‍ എന്നും തിരിക്കും. മൈനര്‍ കേസുകള്‍ കോമ്പൌണ്ട് ചെയ്യും.

ഡിസ്റ്റലറികളില്‍ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് അനുവദിച്ചിരിക്കുന്ന വേസ്റ്റിന്റെ അളവ് ഒരു ശതമാനത്തില്‍ നിന്നും അര ശതമാനമാക്കി. ഡിസ്റ്ററികള്‍ ഏറെ കള്ളപ്പണം ഉണ്ടാക്കുന്ന പഴുതായിരുന്നു ഇത്. പ്ളാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി 750 എം.എല്ലിന്റെ പ്ളാസ്റ്റിക് മദ്യകുപ്പികള്‍ നിര്‍ത്തലാക്കി.

2. കമ്മീഷന്‍ ശിപാര്‍ശകളിന്‍മേല്‍ സര്‍ക്കാര്‍ നടപടികളില്ല: ജസ്റ്റിസ് ശ്രീദേവി
കോഴിക്കോട്: വനിതാ കമ്മീഷന്‍ പഠനം നടത്തി സമര്‍പ്പിക്കുന്ന ശിപാര്‍ശകളില്‍ സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ഡി. ശ്രീദേവി.

ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. കുടുംബ ജീവിതവും സാമൂഹിക ജീവിതവും തകര്‍ച്ചയിലേക്കു നീങ്ങുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. മനുഷ്യന് കൊല ചെയ്യുന്നതില്‍ യാതൊരു ഭയവുമില്ലാതായി. ഇവിടെ വ്യക്തികള്‍ തമ്മില്‍ അടുക്കുന്നില്ല. അകലുകയാണ് ചെയ്യുന്നത്.

നിയമങ്ങള്‍ പലതും കാറ്റില്‍പ്പറക്കുന്നു. നിയമങ്ങള്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

സാമൂഹിക നീതി ഉറപ്പാക്കുക എന്നതാണ് വനിതാ കമ്മീഷന്റെ ലക്ഷ്യം. കുടുംബ പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപവത്ക്കരിച്ചിട്ടുണ്െടന്നും ജസ്റ്റിസ് ശ്രീദേവി പറഞ്ഞു.

കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കണ്ടംകുളം ജൂബിലി ഹാളില്‍ സംഘടിപ്പിച്ച സാര്‍വ്വദേശീയ മഹിളാ ദിനാചരണ – സ്ത്രീ ശാക്തീകരണ ബോധവത്ക്കരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവര്‍.

ചടങ്ങ് സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. മൃദുല്‍ ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന്‍ അംഗങ്ങളായ പ്രഫ. മീനാക്ഷി തമ്പാന്‍, പി.കെ സൈനബ, രുഗ്മിണി ഭാസ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്മീഷന്‍ അംഗം ടി. ദേവി സ്വാഗതം പറഞ്ഞു.

3. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് ശബരിമലയില്‍: സി.കെ.ഗുപ്തന്‍
കൊച്ചി: ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതു ശബരിമലയിലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ. ഗുപ്തന്‍. ദേവസ്വം-പുതിയ സാമൂഹിക സമ്മര്‍ദങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയുടെയും സ്വജനപക്ഷപാദത്തിന്റെയും കുത്തരങ്ങായിരിക്കുകയാണു ദേവസ്വം ബോര്‍ഡുകള്‍. കൊച്ചി -ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലയിപ്പിച്ച് ഒറ്റ ദേവസ്വം ബോര്‍ഡാക്കിയാല്‍ അഴിമതിയും ധൂര്‍ത്തും കുറയുമെന്നും താന്‍ സര്‍ക്കാരില്‍ ഇതിനായി സമ്മര്‍ദം ചെലുത്തുമെന്നും ഗുപ്തന്‍ വ്യക്തമാക്കി.

കൊച്ചി ദേവസ്വം ബോര്‍ഡില്‍ ബോര്‍ഡംഗങ്ങളല്ല ഉദ്യോഗസ്ഥരാണ് മോഷ്ടാക്കള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ താന്‍ നോക്കുകുത്തിയുടെ അവസ്ഥയിലാണ്. അംഗങ്ങളും സെക്രട്ടറിയും ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്. ഭക്തന്‍മാരെന്നു നടിക്കുന്നവരാണു കൂടുതല്‍ മോഷ്ടിക്കുന്നത്. ശബരിമല വികസനത്തിന് പലരും ധനസഹായം വാഗ്ദാനം ചെയ്യുമ്പോള്‍ ബോര്‍ഡംഗങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെടുകയും കിട്ടില്ലെന്നറിയുമ്പോള്‍ തടയുകയും ചെയ്യുകയാണ്.

4. എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
കോട്ടയം: കെ.ഇ.ആര്‍ പരിഷ്കരണത്തിലൂടെയും മറ്റ് അശാസ ്ത്രീയ ഉത്തരവുകളിലൂടെയും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ പ്രക്ഷോഭത്തി ലേക്കു നീങ്ങാന്‍ തീരുമാനിച്ചതായി സ്വകാര്യ- എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അറിയിച്ചു. ആദ്യപടിയായി 26-ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ വൈസ്ചെയര്‍മാന്‍ സി.സി സാജന്‍ അധ്യക്ഷനായിരുന്നു.

ജനറല്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ആര്‍.എം പരമേശ്വരന്‍, സി.ഡി മാത്യു, കാട്ടിക്കുളം ഭരതന്‍, ടി.കെ ജനാര്‍ദനന്‍, കെ.മണി, സി.വി ബെന്നി, ഗോകുലന്‍ കോഴിക്കോട്, കെ.എ ഹരി, കെ.അരവിന്ദാക്ഷന്‍, ആര്‍.വി ഭാസ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
5. യു.ജി.സി വഴിയും സ്വാശ്രയ മേഖലയില്‍ നിയന്ത്രണത്തിനു നീക്കം
ന്യൂഡല്‍ഹി: സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ്് കമ്മീഷന്‍ കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയത്തിനു സമര്‍പ്പിച്ചു.

ന്യൂനപക്ഷ പദവി ലഭിക്കാത്ത സ്വാശ്രയ കോളജുകളിലെ 85 ശതമാനം മെറിറ്റ് സീറ്റുകളിലേക്കു പ്ര വേശനം നടത്തേണ്ടതു സര്‍ക്കാരിന്റെ പൊതുലിസ്റ്റില്‍ നിന്നായിരിക്കണമെന്നാണ് നിര്‍ദേശം. ന്യൂന പക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍ ഇത് 50 ശതമാനമായിരിക്കണം. ദേശീയ കമ്മീഷന്റെ ചെയര്‍മാന്‍ റിട്ട. സുപ്രീം കോടതി ജഡ്ജിയും സംസ്ഥാന കമ്മീഷന്റെ ചെയര്‍മാന്‍ റിട്ട. ഹൈക്കോടതി ജഡ്ജിയും ആയിരിക്കണമെന്നതുള്‍പ്പെടെ നാല്‍പ ത്തിയഞ്ചോളം നിര്‍ദേശങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്.

6. കേരളത്തിന് ഐ.ഐ.ടി പരിഗണനയിലെന്നു കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തില്‍ ഐ.ഐ.ടി സ്ഥാപിക്കുന്ന കാര്യം ഗൌരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് ആരംഭിക്കുന്ന ബഹിരാകാശ പഠന കേന്ദ്രത്തിന്റേയും ഐസര്‍ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റേയും തറക്കല്ലിടീലിന് ക്ഷണിക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയത്.

ഏപ്രില്‍ അവസാനമോ മേയ് മാസം ആദ്യമോ പഠന കേന്ദ്രങ്ങളുടെ തറക്കല്ലീടിലിനു കേരളം സന്ദര്‍ശിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കേരളത്തില്‍ ഐ.ഐ.ടി സ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി മുമ്പ് സന്ദര്‍ശിച്ചപ്പോള്‍ വാഗ്ദാനം ചെയ്തതാണ്.

പ്രഖ്യാപിച്ച എട്ട് ഐ. ഐ. ടി കളില്‍ മൂന്നെണ്ണം ബജറ്റില്‍ വകയിരുത്തിയപ്പോള്‍ മുന്തിയ പരിഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്ന കേരളത്തെ ഉള്‍പ്പെടുത്താത്തതിലുള്ള ആശങ്ക മുഖ്യമന്ത്രി അറിയിച്ചു. ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

1. ചോരക്കൊതി തീരുന്നില്ല; തലശേãരിയില്‍ മൂന്നുപേര്‍കൂടി കൊല്ലപ്പെട്ടു
തലശേãരി: സംഘര്‍ഷം തുടരുന്ന തലശേãരി മേഖലയില്‍ ഇന്നലെ മൂന്നുപേര്‍കൂടി കൊല്ലപ്പെട്ടു. ഒരു സി.പി.എം പ്രവര്‍ത്തകനും രണ്ടു ആര്‍.എസ്.എസ്^ബി.ജെ.പി പ്രവര്‍ത്തകരുമാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകന്‍ പാനൂര്‍ പുത്തൂരില്‍ കല്ലായിന്റവിട അനീഷ് (30), ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോടിയേരി ഈങ്ങയില്‍ പീടികയില്‍ പുല്ലാമ്പള്ളി വീട്ടില്‍ കാട്ടില്‍പറമ്പത്ത് മമ്പള്ളി സുരേഷ്ബാബു (40), ബി.ജെ.പി പ്രവര്‍ത്തകന്‍ തലശേãരി തിരുവങ്ങാട് ‘സൌപര്‍ണിക’യില്‍ കെ.വി. സുരേന്ദ്രന്‍ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ മൂന്നുദിവസത്തിനിടെ അക്രമപരമ്പരയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.അഞ്ചു ആര്‍.എസ്.എസ്^ബി.ജെ.പി പ്രവര്‍ത്തകരും രണ്ട് സി.പി.എം പ്രവര്‍ത്തകരുമാണ് കൊലക്കത്തിക്കിരയായത്. പാനൂരില്‍ അക്രമിസംഘത്തിനുനേരെ പോലിസ് വെടിവെച്ചു. മേഖലയില്‍ വീടുകള്‍ക്കുനേരെ ബോംബേറും അക്രമവും വ്യാപകമായി.

ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അനീഷ് കൊല്ലപ്പെട്ടത്. വീട്ടിനടുത്ത് ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. അനീഷിനുനേരെ അക്രമികള്‍ ആദ്യം ബോംബെറിഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന് വീട്ടിന് തൊട്ടടുത്ത ഇടവഴിയില്‍ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് പാനൂര്‍ പോലിസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍നിന്നും മാറിത്താമസിക്കുകയായിരുന്ന അനീഷ് പുലര്‍ച്ചെ മറ്റ് രണ്ടുപേര്‍ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ അക്രമികള്‍ ബോംബെറിഞ്ഞുവീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും അനീഷിനെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇടവഴിയില്‍ കിടന്ന അനീഷിന്റെ മൃതദേഹം പോലിസെത്തിയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമികള്‍ ഉപേക്ഷിച്ച കൊടുവാളും അനീഷിന്റെ മൊബൈലും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകീട്ട് അഞ്ചുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കല്‍പ്പണിക്കാരനായ അനീഷ് അവിവാഹിതനാണ്. പിതാവ്: ബാലന്‍. അമ്മ: കൌസു. സഹോദരങ്ങള്‍: പുരുഷു, ദിനേശന്‍, ശോഭ, മഹിജ.

ഇന്നലെ രാവിലെ 10.30 ഓടെ കോടിയേരി ഈങ്ങയില്‍ പീടികയിലെ വീട്ടിനടുത്ത് ഇളയമ്മയുടെ വീട്ടുമുറ്റത്ത് അവരുമായി സംസാരിച്ചുനില്‍ക്കെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ്ബാബു ആക്രമിക്കപ്പെട്ടത്. ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടുമുറ്റത്ത് വീണുകിടന്ന സുരേഷ്ബാബുവിനെ പോലിസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. കല്‍പ്പണിക്കാരനാണ്. പിതാവ്: പരേതനായ നാണു. അമ്മ: കൌസു. ഭാര്യ: സുമ. മക്കള്‍: വിന്‍സി, രവീണ. സഹോദരങ്ങള്‍: അനീഷ്കുമാര്‍, രാജേഷ്, അനൂപ്, പുഷ്പ.

ഇന്നലെ രാത്രി 9.30ഓടെയാണ് കെ.വി സുരേന്ദ്രനെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത് .മുഖത്തും തലക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റ ഇയാളെ തലശേãരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അര്‍ധ രാത്രിയോടെ യാണ് മരിച്ചത്. വര്‍ക്കുഷോപ്പ് ഉടമയാണ്.

പാനൂര്‍ ചമ്പാട് കുറിച്ചിക്കരയിലാണ് പോലിസിനുനേരെ ബോംബേറും അക്രമികളെ പിരിച്ചുവിടാന്‍ വെടിവെപ്പും നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ബോംബും ആയുധങ്ങളുമായി 30 ഓളം വരുന്ന അക്രമിസംഘം സംഘടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇരിട്ടി ഡിവൈ.എസ്.പി ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ എത്തിയ പോലിസ് സംഘത്തിനുനേരെയാണ് ബോംബേറുണ്ടായത്. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും തയാറാവാത്തതിനെ തുടര്‍ന്ന് ലാത്തിവീശാന്‍ ശ്രമിക്കവെയാണ് ബോംബെറിഞ്ഞത്. ഇതേത്തുടര്‍ന്ന് അക്രമിസംഘത്തെ പിരിച്ചുവിടാന്‍ മൂന്ന്റൌണ്ട് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ഗ്രനേഡും പ്രയോഗിച്ചു.

2. കണ്ണൂരിലെ പോലിസ് രഹസ്യാന്വേഷണ വിഭാഗം ദുര്‍ബലം; സംഘര്‍ഷ മേഖലയില്‍ എതിരാളികള്‍ ലക്ഷ്യമിട്ട യുവാക്കള്‍ അപ്രത്യക്ഷരായി
കണ്ണൂര്‍: സംഘര്‍ഷ മേഖലയില്‍ എതിരാളികളാല്‍ ‘ടാര്‍ഗറ്റ് ചെയ്യപ്പെട്ടു’വെന്ന് കരുതുന്ന യുവാക്കള്‍ അപ്രത്യക്ഷരായി. കര്‍ണാടകയിലെ ചില അജ്ഞാത കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുകയാണിവര്‍. തലശേãരി, കൂത്തുറപമ്പ്, പാനൂര്‍ മേഖലയില്‍ പുരുഷന്മാരില്ലാത്ത വീടുകളുടെ എണ്ണം 1980^90 കളിലേതിനേക്കാള്‍ വര്‍ധിച്ചതായി മേഖലയിലെ സ്ഥിതികള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ പോലും യഥാര്‍ഥ വിവരം പോലിസിനെ അറിയിക്കാതെ മറച്ചുപിടിക്കുകയാണ്.

ഇന്നലെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്വന്തം വീട്ടില്‍നിന്ന് മാറി ത്താമസിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിന് മുമ്പെ വേട്ടയാടപ്പെട്ടു. യുവാക്കളില്ലാത്ത വീടുകളില്‍ പറഞ്ഞറിയിക്കാനാവത്ത വിഹ്വലതയാണ്. ഫോണുകള്‍ ശബ്ദിക്കുമ്പോള്‍ പോലും അവര്‍ ഭയപ്പെടുന്നു. മൈസൂരിനടുത്ത ഒരു കേന്ദ്രത്തിലേക്ക് ഒളിച്ചോടിയ ചിറ്റാരിപ്പറമ്പിലെ യുവാവിന്റെ മാതാവിന് വന്ന ഫോണ്‍ സന്ദേശം ഞെട്ടിപ്പിക്കുന്നതാണ്^ മകന്‍ അവിടെ റോഡപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണ്. പരിക്ക് നിസ്സാരമാണ്. പക്ഷെ,വീട്ടില്‍ ഏകയായ അമ്മയുടെ മനസ്സില്‍ തീ പുകയുന്നു. മറ്റൊരു യുവാവ് ചിക്മംഗ്ളൂരിലെത്തുന്നതിനിടയില്‍ ബാഗിലെ പഴ്സ് മോഷണംപോയി. സംഘര്‍ഷ ഗ്രാമങ്ങളില്‍ ചെന്നപ്പോള്‍ ഇത്തരം പൊള്ളുന്ന അനുഭവങ്ങളാണ് തേടിയെത്തിയത്.

അതേസമയം, ഗ്രാമങ്ങളുടെ മനസ്സറിയുന്ന മുന്നൊരുക്കമോ അക്രമികളെക്കുറിച്ച് കുറിക്കുകൊള്ളുന്ന റിപ്പോര്‍ട്ടുകളോ പോലിസ് രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് ഉന്നതതലത്തിലേക്ക് പോകുന്നില്ല. അറിയുന്ന വിവരം തന്നെ യഥാവിധി റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുകയാണ്. അരഡസനോളം എസ്.പിമാരുള്‍പ്പെടുന്ന വന്‍ പോലിസ് വ്യൂഹത്തെ ഒരു താലൂക്കിലാകെ വിന്യസിച്ചിട്ടും രണ്ടുദിവസത്തിനകം അരഡസന്‍ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ അക്രമകേസുകള്‍ ഉടലെടുത്തു. അരഡസനോളം കേന്ദ്രങ്ങളില്‍ പോലിസിന് നേരെ ബോംബേറുണ്ടായി. കൊലക്കേസുകളില്‍ പ്രതിയായ ഒരാളെ പോലും ഇത്ര വലിയസന്നാഹത്തിന് പിടികൂടാനായില്ല.

നാല് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അവസാനത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം വിവാദമാവുകയുംചെയ്ത ശേഷമുള്ള ചില അടിയൊഴുക്കുകള്‍ ജില്ലയില്‍ ‘സ്കോറിംഗ്’ കൊലപാതകം തിരിച്ചുവരുമെന്ന് സൂചന നല്‍കുന്നതായിരുന്നു. വിവാദമായ ജിജേഷ് വധത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന ആര്‍.എസ്.എസിന്റെ വിശദീകരണവും പ്രതികള്‍ ആര്‍.എസ്.എസുകാരാണെന്ന സി.പി.എം ആരോപണവും പോലിസിനെ വലിയ പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തില്‍ പോലിസിന് കടുത്ത നടപടി സ്വീകരിക്കാന്‍ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയത്. സി.പി.എമ്മും ആര്‍.എസ്.എസും കടുത്ത വാശിയിലാണ്. ഈ വാശിയാണ് വൈരം കൂടുതല്‍ പഴുപ്പിച്ചത്.

തലശേãരി ജഗന്നാഥ ക്ഷേത്രോല്‍സവം കഴിഞ്ഞാല്‍ പ്രശ്നമുണ്ടാവുമെന്ന് പ്രാദേശിക അടിയൊഴുക്കുകളെ അടിസ്ഥാനമാക്കി ചില സ്റ്റേഷനുകളിലെ കോണ്‍സ്റ്റബിള്‍തല റിപ്പോര്‍ട്ട് മുകളിലോട്ട് പോയിരുന്നു. ഇത് പക്ഷെ, ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറിയില്ല. യഥാര്‍ഥ വിവരം നല്‍കി പാര്‍ട്ടി നേതൃത്വത്തിന്റെ അപ്രീതി നേടേണ്ടതില്ലെന്ന നിലപാടിലായിരുന്നു ചില ഉദ്യോഗസ്ഥര്‍. ഭയപ്പെടുന്നതില്‍ ആര്‍.എസ്.എസ്^സി.പി.എം പക്ഷഭേദമില്ല. ഏതെങ്കിലും ഒരു വിഭാഗത്തെ ചൊടിപ്പിക്കേണ്ടതില്ലെന്ന നിലപാട് ചില പോലിസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിനാല്‍ ചില അടിയൊഴുക്കുകള്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടില്ലെന്ന് നടിച്ചു.

നവംബറില്‍ നടന്ന രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ കൊലപാതകത്തിനുപിന്നില്‍ സംഘ്പരിവാറിനുള്ളിലെ ചില അന്തര്‍നാടകങ്ങളുണ്ടെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിരുന്നു. പക്ഷെ, അതനുസരിച്ച് ജാഗ്രത പുലര്‍ത്താതിരുന്നത് വീണ്ടും കൊലപാതകങ്ങള്‍ അരങ്ങേറാന്‍ വഴിയൊരുക്കി. തുടര്‍ന്നുള്ള രണ്ട് കൊലപാതകങ്ങളിലും ആര്‍.എസ്.എസ് ഉത്തരവാദിത്തം ഒഴിയാന്‍ ശ്രമിച്ചത് ഈ പശ്ചാത്തലത്തിലാണ്. തിരിച്ചടിയുണ്ടാവുമെന്ന് നേരത്തേതന്നെ സംശയിക്കപ്പെട്ടതാണ്.

ഒരുമാസം മുമ്പാണ് ഒരു പ്രാദേശിക നേതാവിന് വധഭീഷണിയുടെ അടിസ്ഥാനത്തില്‍ രണ്ട് പോലിസുകാരെ സുരക്ഷക്ക് നിയോഗിക്കാന്‍ പോലിസ് ആസ്ഥാനത്തുനിന്ന് ഉത്തരവ് വന്നത്. ഇത് ജില്ലാ ആസ്ഥാനത്തുനിന്ന് യഥാവിധി നടപ്പാക്കിയപ്പോള്‍ ബന്ധപ്പെട്ട പ്രദേശത്തെ പ്രാദേശിക സ്തിഥിവിവരങ്ങള്‍ ശേഖരിക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാല്‍ കുറ്റമറ്റ റിപ്പോര്‍ട്ട് വന്നില്ല. നേതാവിപ്പോള്‍ പോലിസ് അംഗരക്ഷകരുടെ സുരക്ഷയിലാണ്. ഈ മേഖല സംഘര്‍ഷത്തിലുമാണ്. ജിജേഷ് കൊലക്കേസിന്റെ പിന്നിലെ വിവാദത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ പോലിസ് സേനയില്‍ വിവാദമാണ്.

കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയ കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്ത വര്‍ഷമായ 2003ല്‍ യഥാര്‍ഥ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തിരുന്ന നടപടിയാണ് സ്വീകരിച്ചത്. ഒപ്പം ഗൂഢാലോചന കുറ്റത്തിന് നേതാക്കളെയും പ്രതിചേര്‍ത്തു. ഇപ്പോഴത് മാറി. ഇരുനേതൃത്വവും നല്‍കുന്ന ലിസ്റ്റനുസരിച്ച് കേസെടുക്കാന്‍ പോലിസ് തുനിയുകയാണ്. ‘കില്ലര്‍ സ്ക്വാഡുകള്‍’ക്ക് സംരക്ഷണം നല്‍കപ്പെടുകയാണെന്ന് ഏതാണ്ട് പരസ്യമാവുന്ന വിധത്തിലാണ് ചില നേതാക്കളുടെ പ്രസ്താവനകള്‍. ഒരേ ‘കില്ലര്‍ സ്ക്വാഡ്’ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ കൃത്യം ചെയ്തുവെന്നാണ് ചില കൊലപാതകങ്ങളുടെ രീതി പരിശോധിച്ചശേഷമുള്ള പോലിസ് നിഗമനം.

ദുരഭിമാനംകൊണ്ട് പോലിസിന് അവരുടെ വൃത്തങ്ങളില്‍നിന്ന് പുറത്തുകടന്ന് ചിന്തിക്കാനാവുന്നില്ലെന്നാണ് വിലയിരുത്തല്‍. നിരോധാജ്ഞ നിലനില്‍ക്കെ ആള്‍ക്കൂട്ടങ്ങള്‍ സംഘടിച്ച നിരവധി സംഭവങ്ങള്‍ ഇന്നലെയുമുണ്ടായി. കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് പോലിസ് കുറച്ചിലായി കാണുന്നു. സി.ആര്‍.പി.എഫിനെ പോലെ മുഖംനോക്കാതെ നടപടി സ്വീകരിക്കുന്ന സായുധസേനയെ വിളിക്കണമെന്ന ആവശ്യം പോലിസിന് പരിഗണിക്കാനാവുന്നില്ല. ബോംബുകള്‍ തങ്ങള്‍ക്ക് നേരെ ചീറിപ്പാഞ്ഞുവരുമ്പോഴും പോലിസ് പകച്ചുനില്‍ക്കുകയാണ്. ഇതിന്റെ ദുരന്തം അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരും.

3. സൂചികകളില്‍ വീണ്ടും വന്‍ തകര്‍ച്ച
മുംബൈ: ശക്തമായി വില്‍പന സമ്മര്‍ദം തുടരുന്ന ഓഹരി വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച. 566 പോയന്റ് കൂടി ഇടിഞ്ഞ മുംബൈ ഓഹരി വിലസൂചിക ഇന്നലെ ആറുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 16000 പോയന്റിലും താഴെ 15975.52ലായിരുന്നു ക്ലോസിംഗ്. ഒരവസരത്തില്‍ സൂചിക 800 പോയന്റോളം ഇടിഞ്ഞിരുന്നു.

149.80 പോയന്റ് ഇടിഞ്ഞ നിഫ്റ്റി 4771.60ലാണ് ക്ലോസ് ചെയ്തത്.

രാജ്യാന്തര വിപണികള്‍ ദുര്‍ബലമായതും നാണയപ്പെരുപ്പ നിരക്കില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതുമാണ് തകര്‍ച്ചക്ക് വഴിയൊരുക്കിയത്. പ്രമുഖ സൂചികകളെല്ലാം ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഐ.സി.ഐ.സി.ഐ ബാങ്ക് 9.11ഉം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.61ഉം റിലയന്‍സ് എനര്‍ജി 14.49ഉം ബജാജ് ഓട്ടോ 10.90ഉം എല്‍ ആന്റ് ടി 7.99ഉം എന്‍.ടി.പി.സി 5.60ഉം ശതമാനം ഇടിഞ്ഞു.

1. റെജി ഏബ്രഹാം അതിസമ്പന്ന മലയാളി
ബാംഗൂര്‍: അബാന്‍ ഓഫ്ഷോര്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ റെജി ഏബ്രഹാം മലയാളികളായ അതിസമ്പന്നരില്‍ ഒന്നാമത്. മലയാളിയായ റെജി ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയില്‍ 605 -ാം സ്ഥാനത്താണ്. ഫോര്‍ബ്സ് മാസികയുടെ വാര്‍ഷിക ശതകോടീശ്വര പട്ടികപ്രകാരം 200 കോടി ഡോളര്‍ (8,000 കോടി രൂപ) ആണ് റെജി എബ്രഹാമിന്റെ ആസ്തി.

5600 കോടി രൂപയുടെ ആസ്തിയുള്ള എന്‍.ആര്‍. നാരായണമൂര്‍ത്തി പട്ടികയില്‍ 843 -ാം സ്ഥാനത്താണ്. 897-ാം സ്ഥാനത്തുള്ള പി.എന്‍.സി. മേനോന് 5200 കോടി രൂപയുടെ ആസ്തിയാണുള്ളത്. കിങ്ഫിഷര്‍ ഉടമ വിജയ് മല്യ പട്ടികയില്‍  962 -ാം സ്ഥാനത്താണുള്ളത്. 4800 കോടി രൂപയുടെ സമ്പത്താണ് വിജയ് മല്യയ്ക്കുള്ളത്.

ഒരു സാധാരണ എന്‍ജിനീയറിംഗ് കമ്പനിയായി  1966 ല്‍ റെജി ഏബ്രഹാമിന്റെ പിതാവ് എം.എ. ഏബ്രഹാം തുടങ്ങി വച്ച അബാന്‍ കമ്പനിയെ ബഹുമുഖ കോര്‍പ്പറേറ്റ് എന്‍റ്റിറ്റി എന്ന നിലയില്‍ പ്രശസ്തിയിലെത്തിച്ചത് റെജി ഏബ്രഹാമാണ്. പരേതനായ എം. എ. ഏബ്രഹാമിന്റെ മകനായ റെജി എബ്രഹാം 1994 ലാണ് അബാന്‍ ഓഫ്ഷോര്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേല്‍ക്കുന്നത്.

2. അഞ്ച് വനിതാ ശാസ്ത്രജ്ഞര്‍ക്ക് പുരസ്കാരം
ന്യൂഡല്‍ഹി: വനിതാ ദിനത്തില്‍ അഞ്ച് വനിതാ ശാസ്ത്രജ്ഞര്‍ക്ക് ദേശിയ ശാസ്ത്ര പുരസ്കാരം – 2007  രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ സമ്മാനിച്ചു.

ഡോ.റാണി ബാങ്( മഹാരാഷ്ട്ര), ഡോ. വിജയ ലക്ഷ്മി( ആന്ധ്രാ പ്രദേശ്) എന്നിവര്‍ ് സീനിയര്‍ വിഭാഗത്തില്‍  പുരസ്കാരത്തിന് അര്‍ഹരായി. ജൂനിയര്‍ വിഭാഗത്തില്‍ ഡോ. മിതലി മുഖര്‍ജി, ഡെ. സംഗീതാ മഖോപാധ്യ, ഡോ. സുജാതാ ശര്‍മ്മ എന്നിവര്‍ക്ക് പുരസ്കാരം ലഭിച്ചു.

3. ഉല്‍ക്ക പതിക്കുന്ന ദൃശ്യം പകര്‍ത്തിയെന്ന് ഗവേഷകര്‍
ന്യൂയോര്‍ക്ക്:   ഭൂമിയിലേയ്ക്ക് ഒരു ഉല്‍ക്ക പതിക്കുന്നതിന്റെ   ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയെന്ന് വാന നിരീക്ഷകര്‍. കാനഡയിലെ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് പ്രത്യേക ക്യാമറയില്‍ ഈ ദൃശ്യം പകര്‍ത്തിയതായി അവകാശപ്പെട്ടത്. ഭൂമിയില്‍ നിന്ന്   24 കിലോമീറ്റര്‍ മാത്രം ഉയരത്തില്‍ വച്ചാണ് ദൃശ്യം ലഭിച്ചതെന്ന് ഗവേഷക സംഘത്തിലുണ്ടായിരുന്ന വെയ്ന്‍ എഡ്വേര്‍ഡ്  അറിയിച്ചു. സാധാരണ ഭൂമിയില്‍ നിന്ന് 60 മുതല്‍ എഴുപതു വരെ ഉയരത്തിലെത്തുമ്പോഴേയ്ക്ക് ഉല്‍ക്കകള്‍ കത്തിത്തീരുകയാണ് പതിവെന്നും   അദ്ദേഹം പറഞ്ഞു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w