പത്രവാര്‍ത്തകള്‍ 08-03-08

ആണവകരാര്‍- പിന്തുണ പിന്‍വലിക്കും: പ്രധാനമന്ത്രിക്ക്‌ ബര്‍ദന്റെ കത്ത്‌

ഹവാലപണം ഉപയോഗിച്ച്‌ ഭൂമാഫിയ 1500 ഏക്കര്‍ വാങ്ങി: ഇന്റലിജന്‍സ്‌

വെള്ളാപ്പള്ളി- മുരളീധരന്‍ കൂടിക്കാഴ്‌ച: ലക്ഷ്യം എന്‍.സി.പിയുടെ എല്‍.ഡി.എഫ്‌. പ്രവേശനം

സര്‍ക്കാരിനെ എച്ച്‌.എം.ടി. വഞ്ചിച്ചു; ഭൂവില്‍പന നിയമവിരുദ്ധം

കണ്ണൂരില്‍ സമാധാനം വേണമെങ്കില്‍ രാഷ്‌ട്രീയ നേതൃത്വം വിചാരിക്കണം

വൈദ്യുതി മുടങ്ങി: ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

പെണ്ണാണിവള്‍ മിടുമിടുക്കി; മനക്കരുത്തിലും തൊഴിലിലും

സമുദ്ര ജീവികളില്‍ നിന്ന്‌ ജൈവ സംയുക്‌തങ്ങള്‍; സെമിനാര്‍ 14 -ന്‌

കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 6 % ഡി.എ. വര്‍ധന

കര്‍ഷകതൊഴിലാളി പെന്‍ഷന്‍ വിതരണത്തിന്‌ 7.07 കോടി രൂപ അനുവദിച്ചു

ആയുര്‍വേദ മരുന്നുകള്‍ക്ക്‌ വില കൂടും

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആചാരങ്ങളെ വില്‍പ്പനച്ചരക്കാക്കിയുള്ള ചൂഷണം ചെറുക്കണം: വൈക്കം വിശ്വന്‍
കൊച്ചി: വിശ്വാസത്തിന്റെ മറവില്‍ കൃത്രിമ പ്രചാരണം നടത്തി ആചാരങ്ങളെ വില്‍പ്പനച്ചരക്കാക്കി മാറ്റുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇവരുടെ ചൂഷണത്തിന് ഏറെയും ഇരയാവുന്നത് സ്ത്രീകളാണ്. ഇതിനെ ചെറുക്കാനും പുതിയ മാറ്റങ്ങളുണ്ടാക്കിയെടുക്കാനും സ്ത്രീകള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാനതല വനിതാ നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികരംഗത്തും ഔട്ട്സോഴ്സിങ്രംഗത്തും ഉള്‍പ്പെടെ എല്ലാ രംഗത്തും സ്ത്രീകള്‍ ചൂഷണത്തിനിരയാവുകയാണ്. നേരത്തെ കേരളീയ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട പലതും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ജാതിസംഘടനകളും മറ്റും ശ്രമിക്കുന്നത്. ആള്‍ദൈവങ്ങള്‍ വര്‍ധിക്കുന്നതും സൂര്യനെ നോക്കി കണ്ണുപോയിട്ടും ഇടയലേഖനം എഴുതി രക്ഷപ്പെടുന്നതും ഇതിന്റെ ഭാഗമായാണ് .മുതലാളിത്തപൂര്‍വ സമൂഹത്തിന്റെ സാംസ്കാരിക ഉള്ളടക്കം ഇന്നും നമ്മളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയാണ്. ഇതിനെതിരെ നവോത്ഥാന കാലഘട്ടത്തിന്റെ ചുമതല നിര്‍വഹിക്കാനും, സാമൂഹികരംഗത്തെ വളര്‍ച്ചയ്ക്കുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയണം- അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ കൃഷ്ണ പണിക്കര്‍ അധ്യക്ഷനായിരുന്നു. ഡോ. ടി കെ ആനന്ദി മുഖ്യപ്രഭാഷണം നടത്തി. കെ പി മേരി, കെ കെ ശ്യാമള എന്നിവര്‍ സംസാരിച്ചു. കെ വി രമ അവകാശപ്രഖ്യാപന രേഖ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ ശിവകുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വി എം സുനില്‍ നന്ദിയും പറഞ്ഞു.

2. ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം വാഗ്ദാനംചെയ്തെന്ന് മുന്‍ ജനറല്‍ സെക്രട്ടറി
പത്തനംതിട്ട: ചെങ്ങറ എസ്റേറ്റ് കൈയേറി നടത്തുന്ന സമരത്തില്‍ ആത്മഹത്യചെയ്താല്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് സാധുജന വിമോചന സംയുക്തവേദി പ്രസിഡന്റ് ളാഹ ഗോപാലന്‍ വാഗ്ദാനംചെയ്തതായി വേദി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം രാജിവച്ച സരസ്വതി ആരോപിച്ചു. ഇതിനുപുറമെ സര്‍ക്കാരില്‍നിന്ന് മറ്റൊരു രണ്ടുലക്ഷം രൂപയും കുടുംബത്തിന് ലഭ്യമാക്കാമെന്നും പറഞ്ഞതായി പന്തളം തെക്കേക്കര പഞ്ചായത്തില്‍ താമസിക്കുന്ന തട്ട-പാറക്കര ശ്രീനിലയത്തില്‍ സരസ്വതി ദേശാഭിമാനിയോടു പറഞ്ഞു.

പണത്തിനും പ്രശസ്തിക്കുംവേണ്ടി എന്ത് പ്രവൃത്തിചെയ്യാനും മടിക്കാത്ത വ്യക്തിയാണ് ഗോപാലനെന്നും സരസ്വതി പറഞ്ഞു. താന്‍ പറയുന്നത് അനുസരിക്കാത്തവരെ സംഘടനയില്‍നിന്ന് പുറത്താക്കുകയെന്നതാണ് ഇയാളുടെ ശൈലി. സംഘടനയിലെ അംഗങ്ങളെ ഇയാള്‍ എല്ലാവിധത്തിലും ചൂഷണം ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ തനിക്ക് അറിയാവുന്നതുകൊണ്ട് സംഘടനയില്‍നിന്ന് എങ്ങനെയും പുറത്താക്കാന്‍ ഗോപാലന്‍ പദ്ധതിയിട്ടിരുന്നു.

ഇപ്പോള്‍ എനിക്കെതിരെ സാമ്പത്തിക ആരോപണവും ഉന്നയിക്കുന്നു. ഹാരിസണ്‍ പ്ളാന്റേഷന്‍കാരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരില്‍നിന്നും പണം സ്വീകരിച്ചിട്ടില്ല.

2006 സെപ്തംബര്‍ എട്ടിനാണ് സംഘടനയില്‍ ചേര്‍ന്നത്. പട്ടികജാതിക്കാര്‍ക്ക് ഭൂമി നല്‍കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുസംഘടനയുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞതനുസരിച്ചാണ് ഗോപാലനെ കാണാന്‍ ആദ്യം ഞാനും ഭര്‍ത്താവും പോയത്. ഓരോ അംഗത്തില്‍നിന്നും 1600 രൂപവീതമാണ് അന്ന് ഗോപാലന്‍ വാങ്ങിയിരുന്നത്. സംഘടനയില്‍ അംഗത്വമെടുത്ത ഞങ്ങളെ ആദ്യം ‘അണ്‍ എംപ്ളോയീസ്’ എന്ന വിഭാഗത്തിലാണ് പെടുത്തിയത്. സംഘടനയില്‍ ചേരുന്നതിനുമുമ്പ് പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ച ഒരു പരിചയവുമില്ല.

സംഘടനയില്‍ ചേര്‍ന്ന് കുറച്ചുദിവസത്തിനകംതന്നെ സംഘടനയുടെ വനിതാ വിഭാഗത്തിന്റെ സെക്രട്ടറിയാക്കി. കഴിഞ്ഞ ഏപ്രില്‍ 14നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറിയാക്കിയത്. സംഘടനയുടെ യോഗത്തില്‍ ഒരു പാനല്‍ അവതരിപ്പിക്കുമെന്നാണു പറഞ്ഞത്. എന്നാല്‍, അത് ചെയ്യാതെതന്നെ പേര് പ്രഖ്യാപിക്കുകയായിരുന്നു.

സംഘടനയുടെ പ്രസിദ്ധീകരണം ഇറക്കുന്നതിന് കൈയിലുണ്ടായിരുന്ന സ്വര്‍ണവും മറ്റും വിറ്റിരുന്നു. എന്നാല്‍, പ്രസിദ്ധീകരണം ചെലവാകാതെ നഷ്ടത്തിലായതിനെത്തുടര്‍ന്ന് അത്് നിര്‍ത്തി.

കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ഡൈനാമിക് ആക്ഷന്‍, നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നീ സംഘടനയുടെ ആളുകള്‍ സമരകേന്ദ്രത്തില്‍ നിരന്തരം വരുമായിരുന്നു. ഡൈനാമിക് ആക്ഷന്റെ നേതൃത്വത്തിലാണ് ആദ്യം സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ യോഗം ചേര്‍ന്നത്. ജാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് മാവോയിസ്റ് ബന്ധമുണ്ടെന്നു സംശയമുള്ളവര്‍ പങ്കെടുത്തത് ഈ യോഗങ്ങളിലാണെന്നും സരസ്വതി പറഞ്ഞു.

3. ഭരണസംവിധാനം കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം: ഐസക്
തിരു: സംസ്ഥാനത്തെ ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥപുനര്‍വിന്യാസം ഉള്‍പ്പെടെ വിവിധ നടപടികളുണ്ടാകുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഫയലുകള്‍ അനാവശ്യമായി വകുപ്പുകളില്‍ ചുറ്റിക്കറങ്ങുന്ന അവസ്ഥ ഇല്ലാതാകണം. മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ത്താനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ് പ്രധാന തടസ്സം. പദ്ധതികള്‍ അനിശ്ചിതമായി നീളുന്നു. വകുപ്പുകളില്‍ത്തന്നെ ഭരണപരമായ തീരുമാനം കൈക്കൊള്ളാനുതകുംവിധം ധനപരിധി വര്‍ധിപ്പിക്കും. വിവിധ വകുപ്പുകളുടെ ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഫയലും സെക്രട്ടറിയറ്റില്‍ എത്തണമെന്ന നിലയാണ് ഇപ്പോള്‍. ആവശ്യമില്ലാത്ത ഒരു ഫയലും ധനവകുപ്പിലേക്ക് അയക്കേണ്ട. വകുപ്പുകളില്‍ത്തന്നെ തീരുമാനമെടുക്കാനുതകുന്ന സംവിധാനം വേണം. ഭരണപരിഷ്കാരനടപടികളുടെ ഭാഗമായി സൂപ്രധാനമായ തീരുമാനങ്ങളുണ്ടാകും. അവ പിന്നീട് പ്രഖ്യാപിക്കും. ജീവനക്കാരും മറ്റുമായി ഇതേക്കുറിച്ച് വിശദമായ ചര്‍ച്ചനടത്തും. വാളയാര്‍ മാതൃകയില്‍ അഴിമതി തടയാനും മെച്ചപ്പെട്ട സേവനം ഉറപ്പുനല്‍കാനുമുള്ള നടപടികള്‍ ഇതര മേഖലകളിലേക്കും വ്യാപിപ്പിക്കും. ട്രഷറികളില്‍ നടപ്പാക്കിയ പൌരാവകാശരേഖയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യഓഡിറ്റ് നടത്തും.

വില്‍പ്പനനികതിക്കും മൂല്യവര്‍ധിതനികുതിക്കും ഒരു ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പിന്‍വലിക്കില്ലെന്ന് മന്ത്രി ചോദ്യത്തിനു മറുപടി പറഞ്ഞു. സര്‍ച്ചാര്‍ജ് ചുമത്തുമ്പോള്‍ ഭാരം കൂടും. എന്നാല്‍, അതുവഴി കിട്ടുന്ന പണം 40 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്. അത് കേന്ദ്രത്തിന്റെ വിലപേശലിനും ഇടപെടലിനും വിടില്ല.

സച്ചാര്‍ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പത്തു കോടി രൂപ നീക്കിവച്ചത് അംഗീകരിച്ചുവേണം വിമര്‍ശനം നടത്താനെന്ന് മുസ്ളിംലീഗ് നേതൃത്വത്തെ മന്ത്രി ഓര്‍മിപ്പിച്ചു. ബംഗാളും കേരളവുമല്ലാതെ ഒരു സംസ്ഥാനവും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടിയെടുത്തില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിലക്കയറ്റം തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. പരിധിയില്ലാതെ സപ്ളൈകോക്കും കണ്‍സ്യൂമര്‍ ഫെഡിനും ധനസഹായം അനുവദിക്കും. വിപണിയില്‍ വിലവര്‍ധിച്ചിട്ടും 2006നു ശേഷം സപ്ളൈകോ സാധനവില വര്‍ധിപ്പിച്ചിട്ടില്ല. റെക്കോഡ് നെല്ലുല്‍പ്പാദനം ഉണ്ടായെന്നു പറഞ്ഞ കേന്ദ്രധനമന്ത്രി ചിദംബരം നെല്ല് സംഭരിക്കാതെ വന്‍കിട കുത്തകകള്‍ക്ക് വാങ്ങിക്കൂട്ടാന്‍ സൌകര്യമൊരുക്കി. കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു.

റെവന്യൂച്ചെലവ് കര്‍ശനമായി നിയന്ത്രിക്കും. എന്നാല്‍, മൂലധനച്ചെലവില്‍ ഒരു നിയന്ത്രണവും വരുത്തില്ല. എത്രവേണമെങ്കിലും വര്‍ധിപ്പിക്കും. ജനങ്ങളുടെമേല്‍ ഭാരം കയറ്റിവയ്ക്കാനും സാമൂഹ്യക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ഒരുക്കമല്ല. പാവപ്പെട്ടവര്‍ക്ക് കൊടുക്കാനുള്ളത് കൊടുക്കും. അതില്‍ ഒട്ടും പിശുക്ക് കാണിക്കില്ല. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയാണ്. ട്രഷറിമിച്ചം നല്ല ധനമാനേജ്മെന്റിന്റെ ലക്ഷണമല്ല. അറുപതിനായിരം കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങളിലെ ട്രഷറിമിച്ചം. ഈ പണമത്രയും കേന്ദ്ര ഗവണ്‍മെന്റ് കടപ്പത്രമാക്കി മാറ്റിയിരിക്കുകയാണ്. ഇതില്‍ പങ്കുചേരാന്‍ കേരളത്തെ കിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

4.     ത്രിപുര വീണ്ടും ചുവന്നു
അഗര്‍ത്തല: ത്രിപുരയില്‍ തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ആറാം വിജയം. ആകെയുള്ള 60 സീറ്റില്‍ 49ഉം നേടിയാണ് നാലില്‍മൂന്ന് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ച്ചയായ നാലാം വിജയം കൊയ്തത്. ഭീകരവാദികളുമായി കൂട്ടുകൂടി അധികാരം നേടാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പത്തു സീറ്റുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച ഭീകരവാദ പ്രസ്ഥാനമായ ഇന്‍ഡിജിനസ് നാഷണല്‍ പാര്‍ടി ഓഫ് ത്രിപുര (ഐഎന്‍പിടി) ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടു. പാര്‍ടി തലവന്‍ ബിജോയ്കുമാര്‍ റംഗാള്‍ 115 വോട്ടിന് കുലായ് മണ്ഡലത്തില്‍നിന്ന് രക്ഷപ്പെട്ടതൊഴിച്ചാല്‍ അവരുടെ പട്ടിക ശൂന്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐഎന്‍പിടിക്ക് ആറു സീറ്റ് ലഭിച്ചിരുന്നു. സീറ്റുതര്‍ക്കത്തില്‍ ഇടതുമുന്നണിയുമായി ബന്ധംവിടര്‍ത്തി നക്സലൈറ്റുകളുമായി ചേര്‍ന്ന് മത്സരിച്ച ഫോര്‍വേഡ് ബ്ളോക്കിന് സീറ്റൊന്നും ലഭിച്ചില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41 സീറ്റാണ് ഇടതുമുന്നണിക്കുണ്ടായിരുന്നത്. ഇത്തവണ എട്ടു സീറ്റ് വര്‍ധിച്ചു. 1978ല്‍ ലഭിച്ച 56 സീറ്റിനുശേഷം ലഭിച്ച ഏറ്റവും വലിയ വിജയമാണ് ഇത്. മുന്‍ തെരഞ്ഞെടുപ്പിലേതുപോലെ ആര്‍എസ്പിക്ക് രണ്ടും സിപിഐക്ക് ഒരു സീറ്റും ലഭിച്ചു. 38 സീറ്റുണ്ടായിരുന്ന സിപിഐ എം അത് 46 ആയി ഉയര്‍ത്തി.

ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കളൊക്കെ വിജയിച്ചു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധന്‍പുര്‍ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായ മൂന്നാം വിജയം നേടി. ധനമന്ത്രി ബാദല്‍ ചൌധരി ഋഷ്യമുഖിലും സാംസ്കാരികമന്ത്രി അനില്‍ സര്‍ക്കാര്‍ പ്രതാപ്ഗഡിലും ആദിവാസിക്ഷേമമന്ത്രി ജിതേന്ദ്ര ചൌധരി മനുവിലും ഗതാഗതമന്ത്രി മണിക്ഡേ മജ്ലിസ്പുരിലും വിജയം ആവര്‍ത്തിച്ചു. പ്രതിപക്ഷനേതാവ് രത്തന്‍ലാല്‍ നാഥ് മോഹന്‍പുരില്‍ വിജയിച്ചത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. മുമ്പ് മുഖ്യമന്ത്രിയായിരുന്ന സമീര്‍ രഞ്ജന്‍ ബര്‍മന്‍ കോണ്‍ഗ്രസിന്റെ കോട്ടയെന്നറിയപ്പെടുന്ന ബിശാല്‍ഗഡില്‍ പരാജയപ്പെട്ടു. മുന്‍ എംപിയും രാജകുടുംബാംഗവുമായ ബിഗുകുമാരി ദേവി, ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ദീപക് റോയി എന്നിവരും കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റില്‍ തോറ്റു. ഡെപ്യൂട്ടി സ്പീക്കര്‍ സുബാല്‍ രുദ്ര സോണാമുരയില്‍ പരാജയപ്പെട്ടു.

സംസ്ഥാനത്തെ നാലു ജില്ലയിലും ഇടതുപക്ഷം ആധിപത്യം പുലര്‍ത്തി. പശ്ചിമ ത്രിപുര ജില്ലയിലെ 29ല്‍ 22 സീറ്റും സിപിഐ എം നേടി. ആറു സീറ്റ് വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന് നാലു സീറ്റും ഐഎന്‍പിടിക്ക് രണ്ടു സീറ്റും നഷ്ടമായി. അഗര്‍ത്തലയിലും സമീപത്തുമുള്ള സീറ്റുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 11 സീറ്റുള്ള ദക്ഷിണ ത്രിപുരയില്‍ കഴിഞ്ഞ തവണത്തെപ്പോലെ മുഴുവന്‍ സീറ്റും ഇടതുപക്ഷം നേടി. ആര്‍എസ്പിയും സിപിഐയും സീറ്റുകള്‍ നേടിയത് ഈ ജില്ലകളില്‍നിന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐഎന്‍പിടി നാലു സീറ്റ് നേടിയ ദലായ് ജില്ലയില്‍ ഇക്കുറി ഒന്നായി കുറഞ്ഞു. സിപിഐ എം ഏഴു സീറ്റുനേടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചു. അസമിനോടു തൊട്ടുകിടക്കുന്ന വടക്കന്‍ ത്രിപുരയില്‍ ആകെയുള്ള പതിനൊന്നു സീറ്റിലും സിപിഐ എം വിജയിച്ചു.

സിപിഐ എം അഭിനന്ദിച്ചു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ച ത്രിപുര ജനതയെ സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ അഭിവാദ്യംചെയ്തു.

തൊണ്ണൂറ്റിരണ്ട് ശതമാനം വോട്ട് രേഖപ്പെടുത്തി രാജ്യത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തില്‍ റെക്കോഡ് സൃഷ്ടിച്ചതിനും സിപിഐ എമ്മിനും ഇടതുപക്ഷമുന്നണിക്കും 80 ശതമാനത്തിലധികം സീറ്റ് നല്‍കിയതിനുമാണ് കേന്ദ്രകമ്മിറ്റിയുടെ അഭിനന്ദനം.

അതുല്യവിജയം നേടിയതിന് സിപിഐ എം, ഇടതുമുന്നണി പ്രവര്‍ത്തകരെയും കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. ഇടതുമുന്നണി സര്‍ക്കാരിന്റെ തിളങ്ങുന്ന ഭരണം ആദിവാസികളും മറ്റു ജനവിഭാഗങ്ങളുമടക്കം കോണ്‍ഗ്രസ് അനുഭാവികള്‍പോലും പാര്‍ടിക്ക് പിന്തുണ നല്‍കുന്നതിന് പ്രചോദനമായി. തീവ്രവാദിസംഘടനയായ ഐഎന്‍പിടിയുമായുള്ള കോണ്‍ഗ്രസിന്റെ അവസരവാദകൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളി.

പുതിയ ഇടത് ഗവണ്‍മെന്റും വികസനപ്രവര്‍ത്തനങ്ങള്‍ തുടരും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രകമ്മിറ്റിക്ക് ഉത്തമവിശ്വാസമുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

5. മേഘാലയയില്‍ തൂക്കുസഭ
ന്യൂഡല്‍ഹി: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 60 അംഗ നിയമസഭയില്‍ തെരഞ്ഞെടുപ്പു നടന്ന 59 സീറ്റില്‍ 25 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ഹില്‍ സ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി (എച്ച്എസ്പിഡിപി), ഖുന്‍ ഹൈന്യൂട്രിപ്പ് നാഷണല്‍ എവേക്കനിങ് പാര്‍ടി (കെഎച്ച്എന്‍എഎം), സ്വതന്ത്രര്‍ എന്നിവരുടെ സഹായത്തോടെ ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിന് ഇനിയും ഇവരുടെ പിന്തുണ നേടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും.

മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സാംഗ്മയുടെ നേതൃത്വത്തില്‍ എന്‍സിപി 15 സീറ്റ് നേടി. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ടി 11 സീറ്റും ബിജെപി ഒരു സീറ്റും നേടിയപ്പോള്‍ നാലു സ്വതന്ത്രരും വിജയിച്ചു. എച്ച്എസ്പിഡിപിക്ക് രണ്ടും കെഎച്ച്എന്‍എഎമ്മിന് ഒരു സീറ്റും കിട്ടി. കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ഇത്തവണ മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെംഗറാന്‍ എം സാംഗ്മയുടെ മരണത്തെത്തുടര്‍ന്ന് ബാഗ്മറ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.

മുഖ്യമന്ത്രി ഡി ഡി ലപാങ് നോങ്പോ സീറ്റില്‍ വിജയിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ പി എ സാംഗ്മ തുറസീറ്റിലും ഇ കെ മാവ്ലോങ് ഉംറോയ് സീറ്റിലും വിജയിച്ചു. മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ എഫ് എ ഖോംഗ്ലം ഫ്ളോപ്പൌര്‍ മണ്ഡലത്തില്‍ തോറ്റു.

6. ഹെല്‍മെറ്റ്: കനഡയില്‍ സിഖുകാരന്റെ പരാതി തള്ളി
ടൊറോന്റോ: മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ കനഡയില്‍ സിഖുകാരന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. കാനഡയില്‍ കുടിയേറിയ ബല്‍ജിന്ദര്‍ ബാദ്ഷയാണ് പരാതി നല്‍കിയത്.

ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ മതപരമായ തലപ്പാവ് വയ്ക്കാനാകുന്നില്ലെന്നായിരുന്നു പരാതി. ഇത് മതസ്വാതന്ത്യ്രത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, ഹെല്‍മെറ്റ് നിര്‍ബന്ധമാക്കല്‍ മതസ്വാതന്ത്യ്രത്തിന് എതിരാണെന്ന് അംഗീകരിച്ച കോടതി സുരക്ഷയ്ക്ക് ഇതാവശ്യമാണെന്നു പറഞ്ഞാണ് പരാതി തള്ളിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബല്‍ജിന്ദറിന്റെ അഭിഭാഷകന്‍ മെല്‍വിന്‍ സോക്കോള്‍സ്കി പറഞ്ഞു.്.

1. കുരുമുളകു കൃഷിക്ക് അനുവദിച്ച 30 കോടി സംസ്ഥാനം ചെലവഴിച്ചില്ല: മന്ത്രി ജയ്റാം രമേശ്
തിരുവനന്തപുരം:കുരുമുളകിന്റെ ആവര്‍ത്തന കൃഷിക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച 30 കോടി രൂപ സര്‍ക്കാര്‍ എന്തു ചെയ്തെന്നറിയില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി ജയ്റാം രമേശ്.സി.ഡി.എസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി, വയനാട് ജില്ലകളിലെ 20,000 ഹെക്ടറില്‍ കുരുമുളക് ആവര്‍ത്തനകൃഷിക്കായാണ് കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചത്. ഇതുസംബന്ധിച്ച് കൃഷിമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്.

കുരുമുളക് കൃഷിക്കുള്ള ഫണ്ട് കേന്ദ്രവും സംസ്ഥാനവും തുല്യമായാണ് നല്‍കുന്നത്.

തോട്ടവിളകളുടെ സാമ്പത്തിക ഗവേഷണ കേന്ദ്രമായി സി.ഡി.എസിനെ മാറ്റും. നിലവില്‍ ദേശീയ തലത്തിലെ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഗവേഷണ സ്ഥാപനമാണിത്.

സി.ഡി.എസിന് അഞ്ചുകോടി രൂപ കേന്ദ്രം ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. തേയില, കാപ്പി, റബര്‍, സുഗന്ധവിളകള്‍, കശുവണ്ടി, നാളീകേരം തുടങ്ങിയ വിളകളുടെ സാമ്പത്തിക ഗവേഷണം ഇവിടെ നടക്കും. സി.ഡി.എസ് ദേശീയ ഗവേഷണകേന്ദ്രമാണ്. അതിനാല്‍ ദേശീയ തലത്തിലുള്ള വിഷയങ്ങളായിരിക്കും കൈകാര്യം ചെയ്യുക. ദേശീയ നയരൂപീകരണ കേന്ദ്രമായി ഇവിടം മാറും. തോട്ടവിളകളുടെ ആവര്‍ത്തകൃഷിയെപ്പറ്റി പദ്ധതികള്‍ തയാറാക്കും. തോട്ടവിള മേഖലയിലെ എല്ലാ ഗവേഷണവും ഇവിടെ നടക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്റേഷന്‍ മാനേജ്മെന്റ് പ്രതിവര്‍ഷം 60 ബിരുദാനന്തര ബിരുദക്കാരെയാണ് പുറത്തിറക്കുന്നത്. സയന്റിഫിക് പ്രഫഷണല്‍ മാനേ ജ്മെന്റ് ശക്തമാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച റബര്‍ ഗവേഷണ കേന്ദ്രമാണ് കോട്ടയത്തേതെന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രി ഡോ.തോമസ് ഐസക്, സി.ഡി.എസ് ഡയറക്ടര്‍ കെ.ഐ നാരായണന്‍നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2. അവര്‍ ഹൃദയം കീറിമുറിച്ചു; ഇവര്‍ ഹൃദയം തുന്നിച്ചേര്‍ത്തു
പരിയാരം: കണ്ണൂരിലെ തലശേരിയിലും പരിസരങ്ങളിലും മനുഷ്യര്‍ പരസ്പരം ഹൃദയം വെട്ടിപ്പിളര്‍ക്കുമ്പോള്‍ ഏറെ അകലെയല്ലാതെ, പരിയാരം സഹകരണ ഹൃദയാലയയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ പൊട്ടിപ്പിളര്‍ന്ന ഒരു ഹൃദയം തുന്നിച്ചേര്‍ക്കുന്ന തിരക്കിലായിരുന്നു.

കണ്ണൂരില്‍ രാഷ്ട്രീയ പകപോക്കല്‍ രൂക്ഷമായതിനിടയില്‍ ജില്ലയിലെ തന്നെ ആശുപത്രിയില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയ ശ്രദ്ധനേടി. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ പൊട്ടിയ ഹൃദയമാണ് താക്കോല്‍ ദ്വാര ശസ ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്.

ഹൃദയാലയയിലെ ഹൃദ്രോ ഗ വിദഗ്ധന്‍ ഡോ. എസ്.എം. അഷറഫിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയ ഭിത്തിയിലുണ്ടായ ഒന്നര സെന്റിമീറ്ററോളം വരുന്ന വിടവാണ് കൂട്ടിച്ചേര്‍ത്തത്.

സാധാരണയായി ഹൃദയം പൊട്ടിപ്പോകുന്ന രോഗികള്‍ 24 മണിക്കൂറിനുള്ളില്‍ മരിക്കാറാണ് പതിവ്. രോഗിയുടെ വലതുകാലിലെ ധമനി വഴിയും കഴുത്തിലെ ജുഗുലാര്‍ സിര വഴിയും ഹൃദയത്തിന്റെ ഇടതും വലതും ഭാഗത്തേക്ക് കത്തീറ്റര്‍ കടത്തിയും അന്നനാളത്തില്‍ എക്കോകാര്‍ഡിയോ ഗ്രാം ചെയ്തുമാണ് ഈ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്.

പോസ്റ്റ് എം.ഐ.വി.എസ്.ആര്‍ ഡിവൈസ് ക്ളോഷര്‍ എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ ഇന്ത്യയില്‍ തന്നെ അപൂര്‍വമാണെന്നു പറയുന്നു.ഹൃദയത്തിലെ മാംസപേശികളില്‍ നാശം സംഭവിക്കുന്നതാണ് ഹൃദയത്തിന് പൊട്ടലുണ്ടാകാന്‍ കാരണം. ഇത്തരത്തില്‍ ഒരു ശതമാനം ഹൃദയാഘാത രോഗികളില്‍ ഹൃദയം പൊട്ടാറുണ്ട്. ഡോ. എസ്.എം. അഷ്റഫ്, ഡോ. ജോണ്‍ എഫ് ജോണ്‍, കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് ഡോ. ഷിബു കള്ളിവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

3. കള്ള് പാര്‍ലറുകള്‍ക്കുള്ള തീരുമാനം പിന്‍വലിക്കണം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി
കൊച്ചി: ആധുനിക സൌകര്യങ്ങളോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കള്ള് പാര്‍ലറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ പുതുക്കിയ അബ്കാരി നയം ജനദ്രോഹപരമാണെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും കെസിബിസ് മദ്യവിരുദ്ധ സമിതി.

സംസ്ഥാനത്തെ മുഴുവന്‍ പനയും തെങ്ങും ചെത്തിയാലും ഒരു മണിക്കൂര്‍ പോലും വില്‍ക്കുവാനുള്ള കള്ള് ലഭ്യമല്ലെന്നിരിക്കെ നിന്നു പോയ 1610 കള്ളുഷാപ്പ് പുനസ്ഥാപിച്ചതിനു പുറമേയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇത് അബ്കാരി പ്രീണന നയമാണ്.

മുറുക്കാന്‍ കടകള്‍ തുടങ്ങുന്നതു പോലെ ആര്‍ക്കും ഷാപ്പുകള്‍ തുടങ്ങാം എന്ന അവസ്ഥായാണുണ്ടാക്കിയിരിക്കുന്നത്.

കള്ളുഷാപ്പുകള്‍ക്കു പകരം കള്ളഷാപ്പുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ.പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള എന്നിവര്‍ ആരോപിച്ചു.

പ്രത്യക്ഷ സമര പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ പത്തിനു വൈകുന്നേരം മൂന്നിന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കേ ത്തേ ച്ചേരിലിന്റെ അധ്യക്ഷതയില്‍ വിജയപുരം പാസ്റ്ററല്‍ സെന്ററില്‍ മദ്യവിരുദ്ധ സമിതി യോഗം ചേരും.

4. നെല്‍ക്കൃഷിയെ കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ അവഗണിച്ചു
ആലപ്പുഴ: കേന്ദ്ര- സംസ്ഥാന ബജറ്റുകളില്‍ കര്‍ഷകര്‍ക്കുവേണ്ടി ചില ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്െടങ്കിലും കുട്ടനാട് ഉള്‍പ്പെടെയുള്ള കേരളത്തിലെ നെല്‍ക്കൃഷിമേഖലയെ പൂര്‍ണമായും അവഗണിച്ചു.

കേന്ദ്രബജറ്റില്‍ കടം എഴുതിത്തുള്ളുന്നതിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്െടങ്കിലും വായ്പ പലിശ കൃത്യമായി അടയ്ക്കുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ഫലം ലഭിക്കില്ല. കുടിശിക വരുത്തിയിട്ടുള്ള കര്‍ഷകര്‍ക്കാണ് കടാശ്വാസം ഏറെ ആശ്വാസം നല്‍കുന്നത്.

2007 മാര്‍ച്ച് 31 വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനാണ് കേന്ദ്രബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതു ഡിസംബര്‍ 31 വരെയാക്കുകയാണെങ്കിലേ കുട്ടനാടന്‍ കര്‍ഷകര്‍ക്ക് പ്രയോജനമാകൂ. രണ്ടാംകൃഷിക്കുവേണ്ടി ഏപ്രിലിലും പുഞ്ചക്കൃഷിക്കുവേണ്ടി സെപ്റ്റംബറിലും എടുത്ത കടങ്ങള്‍ കടാശ്വാസത്തിന്റെ പരിധിയില്‍പ്പെടും എന്നതിനാലാണിത്. കടം എഴുതിത്തള്ളുന്നതൊഴിച്ചാല്‍ നെല്‍ക്കൃഷിയുടെ ഉന്നമനത്തിനായി ബജറ്റുകളില്‍ ഒരു നിര്‍ദേശവുമില്ല.

നെല്‍ക്കൃഷി രംഗത്തെ പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ ഉത്പാദനം വര്‍ധിപ്പിക്കണം. കൃഷിച്ചെലവ് കുറയണം. വിത്തുമുതല്‍ വിപണി വരെ ഗവണ്‍മെന്റ് അടിസ്ഥാനസൌകര്യമൊരുക്കണം. ഇതൊന്നും ചെയ്യാതെ കടാശ്വാസം കൊണ്ടുമാത്രം കാര്‍ഷികരംഗം രക്ഷപ്പെടുകയില്ല. കഴിഞ്ഞവര്‍ഷം കൃഷിക്കായി സര്‍ക്കാര്‍ നല്‍കിയ വിത്ത് ഗുണമേന്മയില്ലാത്തതിനാല്‍ പകുതിയും കിളിര്‍ത്തില്ല.

കേരള ബജറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളുടെ പുറംപൂച്ച് അണിഞ്ഞതാണെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസമാവില്ല. വിലസ്ഥിരതാനിധി, ക്ഷേമപദ്ധതി എന്നിവ എന്താണെന്നതിന് വ്യക്തമായ നിര്‍വചനം ബജറ്റില്‍ നല്‍കിയിട്ടില്ല. പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങി കേരളത്തിലെ നെല്ലറകളില്‍ നിന്നും നെല്ലു സംഭരിക്കാന്‍ 48 കോടിയാണ് സംസ്ഥാനബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. എന്നാലിത് കുട്ടനാട്ടിലെ പകുതി നെല്ല് സംഭരിക്കുന്നതിനു പോലും തികയില്ല. 250 കോടിയെങ്കിലുമുണ്െടങ്കിലേ നെല്ലുസംഭരണം ഫലവത്താകു.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നെല്ലുസംഭരിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ഇതിന്റെ വില ലഭിച്ചില്ല. പ്രതിവര്‍ഷം 40000 ല്‍ അധികം ഏക്കര്‍ നിലത്താണ് കുട്ടനാട്ടില്‍ മടവീഴുന്നത്. കഴിഞ്ഞവര്‍ഷം നിലമൊരുക്കി വിതയ്ക്കാറായപ്പോഴാണ് മടവീഴ്ച വില്ലനായത്. ഇതുമൂലം ഒരു വര്‍ഷം കര്‍ഷകര്‍ പട്ടിണിയനുഭവിച്ചു.

കൃഷിക്കുവേണ്ടി അടിയന്തരഫണ്ടായി ഒരു കോടിയെങ്കിലും അനുവദിക്കുകയാണെങ്കില്‍ ഇങ്ങനെയുള്ള ദുരന്തങ്ങളെ തടയാനാകും. മടവീഴ്ചയുടെ ധനസഹായത്തിനുള്ള ഫയല്‍ തിരുവനന്തപുരത്തുപോയി മടങ്ങിവരാന്‍ നിലവില്‍ ഒരു വര്‍ഷമെടുക്കുന്നുണ്ട്. ഒരു മാസം കൊണ്െടങ്കിലും ഇതിന്റെ നഷ്ടപരിഹാരം അടിയന്തരഫണ്ടില്‍പ്പെടുത്തി കര്‍ഷകര്‍ക്കു നല്‍കിയാല്‍ കൃഷി മുടങ്ങാതിരിക്കും.

കുട്ടനാട്ടിലെ 12000 നും 15000 നും ഇടയ്ക്കു ഭൂമി പോളയും മറ്റുംകയറി കൃഷി ചെയ്യാതെ കിടക്കുകയാണ്. ഇവ പോള വാരിമാറ്റി ശുചീകരിക്കാനും ജലസേചനസൌകര്യമില്ലാത്ത പാടങ്ങളില്‍ ഇവ ഒരുക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ഈ പാടങ്ങളിലും നൂറുമേനി വിളയിക്കാനാകും. സ്വാമിനാഥന്‍ കമ്മീഷന്‍ ഫണ്ട് കര്‍ഷകമേഖലയ്ക്കു നല്‍കിയിട്ടുണ്െടങ്കിലും ഇതിന്റെ 25 ശതമാനം സംസ്ഥാനം കണ്െടത്തേണ്ടിയിരിക്കുന്നു. ഇതിനേക്കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശവുമില്ല.

കുട്ടനാട്ടിലെ ഉള്‍നാടന്‍ മത്സ്യമേഖലയെക്കുറിച്ച് ബജറ്റുകള്‍ ഒന്നും പറയുന്നില്ല. ഒരു നെല്ലും ഒരു മീനും പദ്ധതി വ്യാപകമായ കുട്ടനാട്ടില്‍ ഇതിനുള്ള ധനസഹായങ്ങളും ബജറ്റില്‍ പരിഗണിക്കേണ്ടതുണ്ടായിരുന്നു. ചുരുക്കത്തില്‍ കേരളത്തിനു ഭക്ഷണം നല്‍കുന്ന നെല്ലറകളെ കേന്ദ്രവും സംസ്ഥാനവും പാടേ അവഗണിച്ചിരിക്കുകയാണ്.

5. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനു സര്‍വേ തുടങ്ങി
കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സര്‍വേക്കു തുടക്കമിട്ടു കുമളിയിലെ ജലവിഭവ വകുപ്പിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. പുതിയ അണക്കെട്ടിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് തുടക്കമിട്ട ഇന്‍വെസ്റ്റിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനമാണ് ഏറെക്കാലത്തിനുശേഷം വീണ്ടും തുടങ്ങിയത്. 2007 നവംബര്‍ 19-ന് ഉദ്ഘാടനംചെയ്ത ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചിരി ക്കു കയായിരുന്നു.

അണക്കെട്ടിന്റെ താഴ്വാരത്ത് പത്തുകിലോമീറ്ററോളം ദൂരമാണ് സര്‍വേ ചെയ്യുന്നത്. മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം.

1961-ലാണ് പെരിയാറ്റിലെ വെള്ളപ്പൊക്കം അവസാനമായി തിട്ടപ്പെടുത്തിയത്. അന്ന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ വെള്ളം ഉയരുമെന്നാണ് തിട്ടപ്പെടുത്തിയിരുന്നത്. സമുദ്രനിരപ്പില്‍നിന്നും 801 മീറ്റര്‍ ഉയരം തിട്ടപ്പെടുത്തിയിരുന്നത് ഇപ്പോഴത്തെ സര്‍വേ പ്രകാരം അഞ്ച് മീറ്റര്‍ കൂടി ഉയര്‍ത്തി 806 മീറ്ററായി നിജപ്പെടുത്താനാണ് നീക്കം.

പുതിയ അണക്കെട്ടിന്റെ സ്പില്‍വേയുടെ രൂപകല്‍പന ഇപ്പോഴത്തെ റിവര്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുക.

പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ നിബന്ധനകളെ തുടര്‍ന്നാണ് റിവര്‍ സര്‍വേ. ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ സര്‍വേയെന്ന് മേല്‍നോട്ടം വഹിക്കുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.എസ് ഡേവിഡ് പറഞ്ഞു.

6. ആറളം ഫാമില്‍ വന്‍ തീപിടുത്തം; നാനൂറ് ഏക്കര്‍ തോട്ടം കത്തി
ഇരിട്ടി: ആറളം ഫാമിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ നാനൂറ് ഏക്കര്‍ കൃഷിത്തോട്ടം കത്തി നശിച്ചു. പ്രതിവര്‍ഷം അരക്കോടിയിലേറെ രൂപയുടെ വിളകള്‍ ലഭിക്കുന്ന തോട്ടങ്ങളാണ് പൂര്‍ണമായും കത്തി നശിച്ചത്. തീ ആളിക്കത്തിയതോടെ ഇരുപതു കിലോമീറ്ററോളം ചുറ്റളവില്‍ തീക്കാറ്റ് വീശിയടിച്ചു.

ആറളം ഫാമില്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ നീക്കിവച്ച ഏഴ്, പത്ത് ബ്ളോക്കുകളിലെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴാം ബ്ളോക്കില്‍ നൂറേക്കര്‍ തെങ്ങിന്‍ തോട്ടവും പത്താം ബ്ളോക്കില്‍ മുന്നൂറ് ഏക്കര്‍ കശുമാവിന്‍ തോട്ടവും പൂര്‍ണമായി കത്തി നശിച്ചു. ആദിവാസികള്‍ താമസിക്കുന്ന ഭാഗത്ത് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുമ്പ് ഫാം കൈയേറിയവര്‍ നിര്‍മിച്ച ഏതാനും താല്‍ക്കാലിക കുടിലുകളും തീയില്‍ നശിച്ചു.

ഇന്നലെ രാവിലെ പത്തിന് ബ്ളോക്ക് പത്തിലാണ് തീ ആദ്യം കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചെങ്കിലും രണ്ടു മണിക്കൂറോളം കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് ഫയര്‍ ഫോഴ്സെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടര്‍ന്ന് നിയന്ത്രണാധീതമായിരുന്നു. ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണച്ചു തുടങ്ങുമ്പോഴേക്കും ടാങ്കറില്‍ വെള്ളം തീര്‍ന്നു. ഇതോടെ ഇവര്‍ മടങ്ങി. തീ പടര്‍ന്ന മിക്ക ഭാഗങ്ങളിലും റോഡു പോലുമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്സിന് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥിതിയുമായിരുന്നു.

ഇതിനിടെ തീ ഏഴാം ബ്ളോക്കിലേക്കും പടര്‍ന്നു പിടിച്ചു. പിന്നീട് ആദിവാസികളും ഫാം ജീവനക്കാരും ചേര്‍ന്നാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതെ തീ നിയന്ത്രിച്ചത്. രാത്രിയിലും തീ പൂര്‍ണമായി അണയ്ക്കാനാട്ടില്ല. ഫാമില്‍ നാനൂറോളം ഏക്കര്‍ സ്ഥലത്ത് തീ ആളിപ്പടര്‍ന്നതോടെ ഇരിട്ടി ടൌണുള്‍പ്പെടെ ഇരുപത് കിലോമീറ്ററോളം ചുറ്റളവില്‍ തീക്കാറ്റ് വീശിയടിച്ചു.

അത്യുഷ്ണത്തില്‍ ജനങ്ങള്‍ വലഞ്ഞു. ചൂടു കാറ്റില്‍ ഫാമില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ വരെയുള്ള മരങ്ങളുടെ ഇലകള്‍ കരിഞ്ഞുണങ്ങി കൊഴിഞ്ഞു വീണു. ഫാമില്‍ താമസിക്കുന്ന കുടുംബങ്ങള്‍ തീ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പടര്‍ന്നു പിടിച്ചതാണെന്ന് കരുതുന്നതായി ഫാം അധികൃതര്‍ പറഞ്ഞു.

സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി കെ. ശ്രീധരന്‍, ഏരിയാ കമ്മറ്റി അംഗങ്ങളായ എന്‍.ഐ. സുകുമാരന്‍, ബേബി ജോണ്‍ പൈനാപ്പള്ളി, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.കെ. സിരേഷ് ബാബു തുടങ്ങിയവര്‍ കത്തി നശിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

7. അപകടത്തില്‍പ്പെട്ട യുവതി ആണ്‍വേഷം കെട്ടിയതു ജോലി ലഭിക്കാന്‍
കൊല്ലം: തിരുവനന്തപുരത്ത് അപകടത്തില്‍ പെട്ട യുവതി പുരുഷ വേഷം ധരിച്ചതു ജോലി ലഭിക്കാന്‍.പുരുഷന്മാര്‍ക്കു മാത്രമേ ജോലി നല്‍കുകയുള്ളുവെന്ന് കമ്പനി അറിയിച്ചതാണ് ഇരുപത്തിമൂന്നുകാരിയെ വേഷം മാറാന്‍ പ്രേരിപ്പിച്ചതത്രേ.

കഴിഞ്ഞദിവസമാണ് പുരുഷവേഷം ധരിച്ച് സ്വകാര്യ മൊബൈല്‍ കമ്പനി സെയില്‍സ് എക്സിക്യൂട്ടീവായി ജോലി നോക്കിയ യുവതി സ്കൂട്ടര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കള്ളി വെളിച്ചത്തായത്.

പുരുഷനായി അഭിനയിച്ച് ജോലി നേടിയ കൊല്ലം കളക്ട്രേറ്റിന് സമീപപ്രദേശത്തുള്ള യുവതിയാണു ബുധനാഴ്ച രാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് സ്കൂട്ടറില്‍ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിലായത്.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് പുരുഷന്റെ പേരാണ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചത്.

എന്നാല്‍, പരിക്കേറ്റ ഭാഗങ്ങളില്‍ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ സംശയം തോന്നി നഴ്സുമാരെക്കൊണ്ടു നടത്തിയ പരിശോധനയിലാണ് ഇവര്‍ സ്ത്രീയാണെന്ന് കണ്െടത്തിയത്.

8. ശ്രീകോവിലിനുള്ളില്‍ പൂജാരിയും യുവതിയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍
കോന്നി: ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ മധ്യവയസ്കനായ പൂജാരിയെയും യുവതിയെയും വിഷം കഴിച്ച് അവശനിലയില്‍ കണ്െടത്തി. വള്ളിക്കോട് കോട്ടയം മാളികപ്പുറം ഭഗവതിക്ഷേത്രം ശ്രീകോവിലിനുള്ളിലാണ് പൂജാരി ഓമല്ലൂര്‍ മുല്ലശേരി മഠത്തില്‍ സുഭാഷ് നമ്പൂതിരി (45), ഇയാളുടെ കാമുകിയെന്നു കരുതുന്ന വി. കോട്ടയം കുളിക്കുന്നുപാറ അടവി വാതുക്കല്‍ അഞ്ജലി ആര്‍. പിള്ള (21) എന്നിവരെ ഇന്നലെ പുലര്‍ച്ചെ കണ്െടത്തിയത്.

പുലര്‍ച്ചെ നാലിനു ക്ഷേത്രത്തിലെത്തിയ ജീവനക്കാരന്‍ ചന്ദ്രന്‍ ശ്രീകോവില്‍ തുറന്നു കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണു പരസ്പരം ആലിംഗനബദ്ധരായ നിലയില്‍ ഇവരെ കണ്ടത്.

ഭഗവതി പ്രതിഷ്ഠയോടു ചേര്‍ന്ന് അവശനിലയില്‍ കണ്െടത്തിയ ഇരുവരെയും ചന്ദ്രന്‍ നാട്ടുകാരെ വിളിച്ചുവരുത്തി ആശു പത്രിയിലാക്കുകയായിരുന്നു.

ക്ഷേത്രത്തില്‍ പൂജാരിയായ സുഭാഷ് നാലുമാസമായി ഇവിടെ നിന്നു മാറിനില്‍ക്കുകയായിരുന്നു. സമീപവാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായതിനെ തുടര്‍ന്നു നാട്ടുകാര്‍ നേരത്തെ സുഭാഷിനെ ബന്ധനസ്ഥനാക്കിയിരുന്നതായും പറയപ്പെടുന്നു. തുടര്‍ന്ന് ഇവിടംവിട്ടുപോയ സുഭാഷ് ബാംഗളൂരില്‍ നിന്നാണ് വ്യാഴാഴ്ച രാത്രിയോടെ വി.കോട്ടയത്തെത്തിയത്.

ക്ഷേത്രശ്രീകോവില്‍ തള്ളിത്തുറന്ന് യുവതിക്കൊപ്പം അകത്തുകടന്ന സുഭാഷ് ഭക്ഷണത്തില്‍ ഫ്യുറിഡാന്‍ വിഷം കലര്‍ത്തി യുവതിക്ക് നല്‍കിയശേഷം സ്വയം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇരുവരുടെയും നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

നാലുമാസം മുമ്പ് സുഭാഷിനെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

9. ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ നിലപാടില്‍ വൈരുധ്യമെന്നു സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ വൈരുധ്യമുണ്െടന്നു സുപ്രീം കോടതി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനു കേസ് സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവ അഭിഭാഷകരുടെ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ നിന്നു വ്യത്യസ്തമാണെന്നു സുപ്രീം കോടതി വിലയിരുത്തി.േ

കേസില്‍ കക്ഷിചേരുന്നതിന് എന്‍.എസ്.എസ് നല്കിയ ഹര്‍ജി അനുവദിച്ചിട്ടുണ്ട്. കേസ് വാദത്തില്‍ ഹിന്ദു മതത്തിലെ ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വാദം കേള്‍ക്കേണ്ടതുണ്െടന്ന് സുപ്രീംകോടതി പറഞ്ഞു.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരല്ല, ഭരിക്കുന്ന പാര്‍ട്ടിയാണു മാറുന്നതെന്നും അതുകൊണ്ട് നിലപാട് മാറ്റുന്നത് ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എസ്.ബി. സിന്‍ഹ, വി.എസ്. സിര്‍പ്പൂക്കര്‍ എന്നിവര്‍ വ്യക്തമാക്കി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റാന്‍ ഇപ്പോള്‍ എന്തിനാണ് ആവശ്യമുന്നയിച്ചതെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ആചാരങ്ങളുടേയും നിയമത്തിന്റേയും വശങ്ങള്‍ പഠിക്കേണ്ടതിനാലാണ് കേസ് മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതെന്നും പരമോന്നത കോടതി വ്യക്തമാക്കി. കേസ് ഏത് ബഞ്ച് പരിഗണിക്കണമെന്നത് ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ തീരുമാനിക്കും.

അതേസമയം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

10. കേരളത്തില്‍ നിന്നുള്ള അരി കയറ്റുമതി നിരോധിച്ചു
ന്യൂഡല്‍ഹി: കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ വഴിയുള്ള അരി കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മുംബൈ, കോല്‍ക്കത്ത, കാക്കിനഡ, കാണ്ട്ല തുറുമുഖങ്ങള്‍ വഴി മാത്രമേ ഇനി അരി കയറ്റുമതി അനുവദിക്കൂ.

കുറഞ്ഞ കയറ്റുമതി വില, ബസ്മതി അരിക്കു ടണ്ണിന് 36,000 രൂപയും സാധാരണ അരിക്ക് ടണ്ണിന് 26,000 രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്

1. നികുതി കുടിശãിക പിരിക്കാന്‍ ഊര്‍ജിത പദ്ധതി
* 4280 കോടിയുടെ നികുതി കുടിശãിക പിരിക്കാന്‍ ഊര്‍ജിത പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു.
* 1990^91 വരെയുള്ള നികുതിയുടെ 75% ഒടുക്കിയാല്‍ പലിശയും പിഴയും പൂര്‍ണമായും ഒഴിവാക്കും.
* 1991^92 മുതല്‍ 95^96 വരെ നികുതിയുടെ 100% ഒടുക്കണം. പലിശയും പിഴയും ഒഴിവാക്കും.
* 1996^97 മുതല്‍ 2000 വരെ കുടിശãികയുടെ പലിശ, പിഴ എന്നിവ അഞ്ചു ശതമാനം വീതവും നികുതി 100 ശതമാനവും ഒടുക്കണം.
* 2000^2001 മുതല്‍ 2004^05 വരെ കുടിശãികയുടെ പലിശ, പിഴ എന്നിവയുടെ പത്തു ശതമാനവും നികുതി നൂറു ശതമാനവും അടയ്ക്കണം.
* നികുതി മുഴുവനും അടച്ച, പലിശ മാത്രം ബാക്കിയുള്ളതില്‍ പലിശയുടെ പത്തു ശതമാനം അടയ്ക്കണം.
* കെ.ജി.എസ്.ടി പ്രകാരമുള്ള അസസ്മെന്റ് കുടിശãിക ഈ വര്‍ഷം പൂര്‍ത്തിയാക്കും.
* ഖാദിഗ്രാമ വ്യവസായ യൂനിറ്റുകള്‍ക്ക് കുടിശãിക തുകയിലെ പലിശ ഒഴിവാക്കും. കുടിശãിക തുക 60 ഗഡുക്കളാക്കും.
* അസസ്മെന്റ് കുടിശãികയായ 27,800 കേസുകള്‍ എറണാകുളം അദാലത്ത് മാതൃകയില്‍ പൂര്‍ത്തീകരിക്കും.

2. ഉത്തരകേരളത്തിന് പ്രത്യേക പാക്കേജ്
* കോഴിക്കോട് മുതല്‍ മഞ്ചേശ്വരം വരെ ഉത്തരകേരളത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ്.
* കണ്ണൂര്‍ വിമാനത്താവളം, പെട്രോളിയം കോംപ്ലക്സ്, വ്യവസായ പാര്‍ക്ക് തുടങ്ങി ഭീമ മുതല്‍മുടക്ക് വേണ്ട പദ്ധതികള്‍ക്ക് സ്വകാര്യനിക്ഷേപം.
* പശ്ചാത്തല സൌകര്യവികസനത്തിന് വിഭവസ്രോതസ്സുകള്‍ കണ്ടെത്തണം.
* കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുടെ സ്ഥലമെടുപ്പ് സമയബന്ധിതമാക്കും.
* കോഴിക്കോട് സിറ്റി ഇംപ്രൂവ്മെന്റ് പ്ലാനിന് സ്ഥലമെടുപ്പ് വേഗത്തിലാക്കും. ഇവയ്ക്കായി 20 കോടി വകയിരുത്തും.

3. സാധാരണക്കാരന് ഗുണം ചെയ്യുന്ന പദ്ധതികള്‍
തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന ഒട്ടേറെ പദ്ധതികള്‍.

ദാരിദ്യ്രനിര്‍മാര്‍ജനത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം. കാര്‍ഷികമേഖലക്ക് പ്രഖ്യാപിച്ച 365 കോടിയും മല്‍സ്യത്തൊഴിലാളി മേഖലക്ക് പ്രഖ്യാപിച്ച 78 കോടിയും ക്ഷേമ പെന്‍ഷനുകള്‍ 130ല്‍നിന്ന് 200 രൂപ ആക്കിയതും 180 കോടിയുടെ കാര്‍ഷിക പലിശ ഇളവ് ചെയ്തതും ആരോഗ്യ പെന്‍ഷന്‍ പദ്ധതികളും അഗതികള്‍ക്കും വയോജനങ്ങള്‍ക്കുമുള്ള പദ്ധതികളും വിലക്കയറ്റം തടയുന്നതിനുള്ള നടപടികളും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. സമഗ്ര^സാമൂഹിക^സുരക്ഷാ പദ്ധതിയുടെ അടിത്തറയായാണ് പെന്‍ഷന്‍ സ്കീമും ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീമും മന്ത്രി പ്രഖ്യാപിച്ചത്.

കാര്‍ഷിക^ആരോഗ്യ^പരമ്പരാഗത വ്യവസായമേഖലകള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളെ കാര്യമായി പിഴിയുന്നില്ലെന്ന പ്രത്യേകതയുണ്ട്. ഫലത്തില്‍ സംസ്ഥാന ബജറ്റ് ആരെയും നോവിക്കുന്നില്ല. സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിനായി പ്രതിവര്‍ഷം നൂറ് കോടി ലക്ഷ്യമിട്ട് ആയിരം രൂപയുടെ ബില്ലുകള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മാത്രമാണ് വ്യാപാര വ്യവസായ മേഖലയുടെ എതിര്‍പ്പിന് വഴിയൊരുക്കിയിട്ടുള്ളത്.

കാന്‍സര്‍ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ചികില്‍സാ ധനസഹായം സൌജന്യമായി നല്‍കാനും ഇതിനായി പ്രതിവര്‍ഷം 15 കോടി ട്രഷറിയില്‍ കോര്‍പസ് ഫണ്ടായി നിക്ഷേപിക്കാനുമുള്ള തീരുമാനം എല്ലാ വിഭാഗത്തിനും സഹായകമാകുന്ന പദ്ധതികളില്‍ ഒന്നാണ്. മാറാരോഗങ്ങള്‍ പിടിപെട്ട് ആശുപത്രികളില്‍നിന്ന് പുറത്താക്കപ്പെടുന്നവരെ സംരക്ഷിക്കുന്നതിനും രണ്ട് രൂപക്ക് മെഡിക്കല്‍ കോളജുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനുമുള്ള പദ്ധതിയും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനായി 60 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.

അഗതികള്‍ക്കായി ആശ്രയ പദ്ധതി, കുടുംബശ്രീ യൂനിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിന് 30 കോടി, സമഗ്ര സാമൂഹിക സുരക്ഷാ പദ്ധതി, കായികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കുന്നതിനുള്ള പുതിയ പദ്ധതി, വയോജനങ്ങള്‍ക്ക് 250 രൂപ പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം, അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ എന്നിവയൊക്കെ സാമൂഹികക്ഷേം ലക്ഷ്യംവെച്ചുള്ളവയാണ്.

4. ആണവ കരാര്‍: ഇടതുപക്ഷം ഏറ്റുമുട്ടലിന്
ന്യൂദല്‍ഹി: അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ആണവ കരാറുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് തയാറാകുന്നുവെന്ന സൂചന ശക്തമായതോടെ യു.പി.എയുമായി വീണ്ടും ഏറ്റുമുട്ടാന്‍ ഇടതുപക്ഷം ഒരുങ്ങുന്നു. പുതിയ സാഹചര്യങ്ങള്‍ മുന്‍നിറുത്തി ഈ മാസം 15നു മുമ്പ് യു.പി.എ^ഇടത് സമിതിയോഗം വിളിച്ചുകൂട്ടി ആണവ കരാര്‍ പ്രശ്നം ചര്‍ച്ചക്ക് വിധേയമാക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സമിതിയെ നയിക്കുന്ന വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അയച്ച കത്തിലാണ് ഈ ആവശ്യം.

കഴിഞ്ഞ നവംബറിലാണ് ആണവ കരാര്‍ പഠിക്കുന്ന യു.പി.എ^ഇടത് സമിതി ഏറ്റവുമൊടുവില്‍ സമ്മേളിച്ചത്. ഇന്ത്യക്കുവേണ്ടിയുള്ള ആണവ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കരാറിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്നതിന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി ചര്‍ച്ച നടത്താന്‍ ഇടതുപാര്‍ട്ടികള്‍ സര്‍ക്കാറിനെ അനുവദിച്ചത് ഈ യോഗത്തിലാണ്. ഇപ്പോള്‍ ഉള്ളടക്കം മിക്കവാറും തയാറായിക്കഴിഞ്ഞു. മെയ് മാസത്തിനു മുമ്പ് തീരുമാനം വേണമെന്ന അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അടിയന്തരമായി യു.പി.എ^ഇടത് സമിതി വിളിച്ചു കൂട്ടണമെന്ന ഇടതുപാര്‍ട്ടികളുടെ ആവശ്യം.

അമേരിക്ക നിര്‍ദേശിക്കുന്ന തീയതികള്‍ പ്രകാരമാണെങ്കില്‍ ഈ മാസംതന്നെ ഐ.എ.ഇ.എയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടണം. എന്നിട്ടുവേണം ഇന്ത്യക്ക് ആണവ സാമഗ്രികള്‍ നല്‍കുന്നതിന് ആണവ വിതരണ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധ വ്യവസ്ഥകള്‍ നീക്കിക്കിട്ടുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നോട്ടുനീക്കാന്‍. മെയ് മാസം അമേരിക്കന്‍ കോണ്‍ഗ്രസ് സമ്മേളിക്കുകയുമാണ്. ജൂലൈ വരെ നീളുന്ന സമ്മേളന കാലയളവിനിടയില്‍ 1 2 3 കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി നേടിയില്ലെങ്കില്‍, പിന്നെ തെരഞ്ഞെടുപ്പായി. ഇന്ത്യയുമായി കരാറില്‍ ഒപ്പുവെക്കാന്‍ ബുഷ് ഭരണകൂടത്തിന് കഴിയില്ല. കരാറിന് വേണ്ടി ബുഷ് ഭരണകൂടം അമിതാവേശം കാട്ടുന്നതും അതുകൊണ്ടു തന്നെ.

മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷമായാലും കെയര്‍ടേക്കര്‍ സര്‍ക്കാര്‍ മാത്രമായാലും കരാര്‍ ഒപ്പിടുന്നതില്‍ തങ്ങള്‍ക്ക് തടസ്സമൊന്നുമില്ലെന്നാണ് ഏറ്റവുമൊടുവില്‍ അമേരിക്ക നടത്തിയിരിക്കുന്ന വലിയ വിട്ടുവീഴ്ച. സുപ്രധാന രാജ്യാന്തര ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ ഭൂരിപക്ഷ പിന്തുണയില്ലാത്ത സര്‍ക്കാറിന് കഴിയുമോ എന്ന പ്രശ്നം ബാക്കിനില്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്‍സ് സെക്രട്ടറി റിച്ചാര്‍ഡ് ബൌച്ചറുടെ ഈ വാക്കുകള്‍ കോണ്‍ഗ്രസിനും സര്‍ക്കാറിനും കൂടുതല്‍ ധൈര്യം നല്‍കിയിരിക്കുകയാണ്.

ഇടതുപക്ഷത്ത് സംശയങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. തങ്ങളെ അവഗണിച്ചും കരാറുമായി മുന്നോട്ടുപോകാന്‍ തന്നെയാണോ സര്‍ക്കാറിന്റെ തീരുമാനമെന്ന കാര്യത്തില്‍ യു.പി.എ^ഇടത് സമിതി യോഗത്തില്‍വെച്ച് വ്യക്തത കൈവരുത്താന്‍ കഴിയുമെന്നാണ് ഇടതുപാര്‍ട്ടികള്‍ കരുതുന്നത്. സി.പി.ഐ നേതാവ് ഡി. രാജ ഇന്നലെ രാവിലെ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ചെന്നുകണ്ടിരുന്നു. ഇതിനു ശേഷമാണ് മുഖര്‍ജിക്ക് കാരാട്ട് കത്തയച്ചത്.

5. മയക്കുമരുന്ന്: ഇന്ത്യക്കാരി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
അബ്ബാസിയ: മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികളായ ഇന്ത്യക്കാരി ഉള്‍പ്പെടെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജലീബില്‍ നിന്നാണ് ഇന്ത്യക്കാരി പിടിയിലായത്.

സാല്‍മി അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ മയക്കുമരുന്നുമായി ഏതാനും ദിവസം മുമ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീ ഉള്‍പ്പെടെയുള്ള വിതരണക്കാരെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലിസ് പറഞ്ഞു.

6. ഇന്ത്യ_സൌദി സംയുക്ത വ്യവസായസംരംഭം നിലവില്‍ വന്നു
റിയാദ്: ഇന്ത്യ^സൌദി സംയുക്ത വ്യവസായ സംരംഭം നിലവില്‍വന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സൌദിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സാമില്‍ എയര്‍കണ്ടീഷനേഴ്സും ഇന്ത്യയിലെ അഡ്വാന്റിക് കോയില്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് വ്യവസായ സംരംഭം ആരംഭിച്ചത്.

ഇരുകമ്പനികളും തമ്മില്‍ രൂപപ്പെട്ട ധാരണയനുസരിച്ച് അഡ്വാന്റിക് കോയിലിന്റെ 30 ശതമാനം ഓഹരികള്‍ സാമില്‍ ഗ്രൂപ്പിന് അവകാശപ്പെട്ടതായിരിക്കും. 59 ദശലക്ഷം സൌദി റിയാല്‍ വിലവരുന്ന ഈ ഇടപാടനുസരിച്ച് ഇന്ത്യയിലെ എയര്‍കണ്ടീഷന്‍ നിര്‍മാണ രംഗത്തേക്ക് പ്രവേശിക്കാനാണ് സാമില്‍ ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. വലിയ സാധ്യതയുള്ളതാണ് ഇന്ത്യയിലെ എയര്‍കണ്ടീഷന്‍ വിപണിയെന്ന് സാമില്‍ കമ്പനി മേധാവി അബ്ദുല്ല അല്‍സാമില്‍ പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക വിപണി അവഗണിക്കാനാവാത്തവിധം അനുദിനം വളര്‍ന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡ്വാന്റിക് കോയിലിനെ പ്രതിനിധീകരിച്ച് കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജി. പി. സിംഗാണ് ധാരണയില്‍ ഒപ്പുവെച്ചത്.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ മുതല്‍മുടക്കുന്ന ഏറ്റവും വലിയ സംയുക്ത സംരംഭമാണ് നിലവില്‍വന്ന ജോയിന്റ് വെഞ്ച്വറെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. അന്താരാഷ്ട്ര നിലവാരമുള്ള എയര്‍കണ്ടീഷന്‍ ഉപകരണങ്ങളും പാര്‍ട്സുകളുമാണ് ഇവര്‍ ഉല്‍പാദിപ്പിക്കുകയെന്ന് സാമില്‍ കമ്പനിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

7. ഒപെക് ഉല്‍പാദനം വര്‍ധിപ്പിക്കില്ല; എണ്ണ വിപണിയില്‍ നിരാശ
ദുബൈ: റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറിയ എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിന് എണ്ണയുല്‍പാദക രാജ്യങ്ങള്‍ ഇടപെടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ എണ്ണ വിപണിയില്‍ നിരാശ. ഇന്നലെ വിയന്നയില്‍ ചേര്‍ന്ന 13 എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആഗോള സമ്പദ് വ്യവസ്ഥക്കുതന്നെ ഭീഷണിയായി മുന്നേറുന്ന എണ്ണവില പിടിച്ചുനിര്‍ത്തുന്നതിന് എണ്ണയുല്‍പാദക^കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഇടപെടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യൂ ബുഷ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉല്‍പാദനം നിലവിലുള്ളതിനേക്കാള്‍ കുറക്കണമെന്നാണ് അംഗരാജ്യങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടതെന്ന് ശ്രദ്ധേയമാണ്. ലോകത്തെ മൊത്തം എണ്ണയുല്‍പാദനത്തിന്റെ നാല്‍പത് ശതമാനത്തിലേറെയും ഒപെക് രാജ്യങ്ങളില്‍ നിന്നാണ്.

കഴിഞ്ഞയാഴ്ച എണ്ണവില സര്‍വകാല റെക്കോര്‍ഡായ ബാരലിന് 103.95 ഡോളര്‍ എന്ന നിലയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിയന്നയില്‍ ഒപെക് അംഗരാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം ചേര്‍ന്നത്. ഒപെക് ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഇന്നലെ എണ്ണവില ബാരലിന് നൂറു ഡോളറായി കുറയുകയും ചെയ്തിരുന്നു.

ഉല്‍പാദനവും ഉപഭോഗവും തമ്മിലെ അന്തരമല്ല വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഒപെക് മന്ത്രിമാര്‍ വ്യക്തമാക്കിയത്. മാത്രമല്ല, വിപണിയില്‍ ആവശ്യത്തിന് എണ്ണയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വില വര്‍ധനക്ക് രാഷ്ട്രീയ കാരണങ്ങളാണുള്ളതെന്നും അതിനാല്‍ ഉല്‍പാദന വര്‍ധന പ്രശ്നത്തിന് പരിഹാരമാവില്ലെന്നുമാണ് ഒപെക് വാദിച്ചത്. മാത്രമല്ല, ഡോളറിന്റെ വിലയിടിയുന്ന സാഹചര്യത്തില്‍ ആഗോള രംഗത്ത് ഉപഭോഗം കുറയാനിടയുണ്ടെന്നും സമീപ ഭാവിയില്‍ ഉല്‍പാദനം കുറക്കേണ്ടിവരുമെന്നും ഇറാന്‍, വെനിസ്വേല തുടങ്ങിയ അംഗരാജ്യങ്ങള്‍ വാദിക്കുകയും ചെയ്തു. ഏപ്രിലില്‍ നടക്കുന്ന അടുത്ത ഒപെക് യോഗത്തില്‍ ഇത് സംബന്ധിച്ച് സജീവ ചര്‍ച്ചയുണ്ടാകുമെന്നും സൂചനയുണ്ട്.

കുതിച്ചുയരുന്ന എണ്ണവില ആഗോള സമ്പദ് വ്യവസ്ഥക്കുണ്ടാക്കുന്ന ആഘാതം ഒപെക് കാണാതെ പോകരുതെന്നാണ് വിയന്ന യോഗത്തിന് തൊട്ടുമുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എണ്ണവില വര്‍ധനക്ക് കാരണം ഒപെകിന്റെ ചില നിലപാടുകളാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

1. ടാര്‍ബില്‍ കേസ്: കൂടുതല്‍ എന്‍ജിനീയര്‍മാര്‍ കുടുങ്ങും
കൊച്ചി: ടാര്‍ബില്‍ തട്ടിപ്പു കേസില്‍ തിരൂര്‍, മലപ്പുറം, കോഴിക്കോട് തുടങ്ങി വടക്കന്‍ ജില്ലകളിലെ കൂടുതല്‍ പിഡബ്ള്യുഡി എന്‍ജിനീയര്‍മാര്‍ കുടുങ്ങും. ഇന്നോ നാളെയോ ആദ്യ അറസ്റ്റുകള്‍ നടക്കും. തിരൂരിലെ എന്‍ജിനീയര്‍ മുഹമ്മദ് ഇസ്മായിലിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തിരൂരങ്ങാടിയിലെ കരാറുകാരനായ പി. മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ച വിശദമായ വാദത്തിനു മാറ്റി. വ്യാജ ബില്ലുകളെക്കുറിച്ചു തനിക്ക് ഒന്നുമറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.

കരാറുകാരും പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍മാരും ഒത്തുചേര്‍ന്ന് വ്യാജ ബില്ലുകള്‍ മുഖേന സര്‍ക്കാരിന്റെ കോടികള്‍ തട്ടിച്ചിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ നൂറിലധികം പേര്‍ പ്രതിയാവുമെന്നറിയുന്നു. സംസ്ഥാന സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കിയ ടാര്‍ബില്‍ കുംഭകോണ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒന്നാം പ്രതി തൃപ്പൂണിത്തുറ പാരിജാതത്തില്‍ രാജേഷിന്റെ ദുരൂഹ മരണത്തിനു ശേഷം കേസ് ഒതുക്കുന്നതിനുള്ള ഉന്നതതല ഗൂഢാലോചന നടന്നിരുന്നു. ഭരണതലത്തില്‍ ഉന്നത സ്വാധീനമുള്ള കണ്ണൂര്‍ സ്വദേശിയാണ് കേസ് ഒതുക്കാന്‍ ചരടുവലി നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള നീക്കവും നടത്തിയിരുന്നു. ഗൂഢാലോചന ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇപ്പോള്‍ അറസ്റ്റിനു വഴിയൊരുങ്ങിയത്.

മെഷര്‍മെന്റ് ബുക്കില്‍ ഇന്‍വോയ്സുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പിഡബ്ള്യുഡി ഫയലുകളില്‍ ഇന്‍വോയ്സ് കാണാനില്ലാത്തതിന്റെ പേരിലാണു തിരൂരിലെ എന്‍ജിനീയര്‍ മുഹമ്മദ് ഇസ്മായിലിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഒന്നാം പ്രതി രാജേഷിന്റെ ലാപ്ടോപ്പില്‍ നിന്നു ടാറിനു പുറമേ സള്‍ഫര്‍, സ്പിരിറ്റ്, ടര്‍പന്റൈന്‍, ഫര്‍ണസ് ഓയില്‍ എന്നിവ വാങ്ങിയതിന്റെ വ്യാജ ഇന്‍വോയ്സുകളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം ഇപ്പോഴും കേരളത്തിലെ പല കോണ്‍ട്രാക്ടര്‍മാര്‍ക്കും വ്യാജ ടാര്‍ ബില്ലുകള്‍ നല്‍കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

വ്യാജ ബില്ലുമായി തമിഴ്നാട് റജിസ്ട്രേഷന്‍ ലോറിയില്‍ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 73 ബാരല്‍ ടാര്‍ അമ്പലപ്പുഴ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അമ്പലമുകള്‍ ശാഖയില്‍ നിന്ന് 100 ബാരല്‍ വാങ്ങിയതിന്റെ വ്യാജരേഖകളാണ് ലോറിയില്‍ സൂക്ഷിച്ചിരുന്നത്. തൃപ്പൂണിത്തുറ പേട്ടയ്ക്കും ഗാന്ധിസ്ക്വയറിനും ഇടയ്ക്കുള്ള റോഡില്‍ വച്ചാണ് പേരു വെളിപ്പെടുത്താത്ത വ്യക്തി ടാര്‍ ലോറി കൈമാറിയതെന്നാണ് ഡ്രൈവര്‍ പൊലീസിനോടു പറഞ്ഞത്.

രാജേഷിന്റെ മരണശേഷവും തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് വ്യാജ ടാര്‍ബില്‍ ലോബിയുടെ പ്രവര്‍ത്തനം ശക്തമാണെന്ന സൂചനകളാണ് ഇതു നല്‍കുന്നത്. രാജേഷിന്റെ തിരോധാനവും രണ്ടു ദിവസത്തിനു ശേഷം ചിത്രപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതും സംബന്ധിച്ച കേസന്വേഷണത്തിനും ഈ സൂചനകള്‍ വിലപ്പെട്ടതാണ്. കാണാതായതിന്റെ പിറ്റേന്നു രാത്രി വൈകി തൃപ്പൂണിത്തുറ പേട്ട ഭാഗത്ത് രാജേഷ് ഒറ്റയ്ക്കു നില്‍ക്കുന്നത് കണ്ടവരുണ്ട്. ആരെയോ കാത്തുനിന്ന രാജേഷ് പിന്നീട് അതുവഴി വന്ന കറുത്ത കാറില്‍ കയറിപ്പോയതായും ദൃക്സാക്ഷികള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. സ്കൂട്ടറിലെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് രാജേഷ് ആരുടേയോ ലിഫ്റ്റ് സ്വീകരിച്ചതാവാമെന്നായിരുന്ന ഇതുവരെയുള്ള നിഗമനം.

എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ തൃപ്പൂണിത്തുറയില്‍ ഇപ്പോഴും സജീവമായ വ്യാജ ടാര്‍ബില്‍ ലോബിയുടെ സാന്നിധ്യത്തിനു തെളിവാണ്. കോടതിയില്‍ എല്ലാം തുറന്നു പറഞ്ഞ് രാജേഷ് മാപ്പുസാക്ഷിയാവാനുള്ള നിയമോപദേശം തേടിയതിന്റെ രണ്ടാം ദിവസമാണ് അദ്ദേഹത്തെ കാണാതായത്. അജ്ഞാതനായ ഒരാളാണ് തൃപ്പൂണിത്തുറയില്‍ വച്ച് ടാര്‍ ലോറി കൈമാറിയതെന്ന, പിടിക്കപ്പെട്ട ലോറിഡ്രൈവര്‍ തേനി ഗൂഡല്ലൂര്‍ മന്തൈ അമ്മന്‍കോവില്‍ തെരുവില്‍ ശെല്‍വകുമാറിന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. ഇയാളോടൊപ്പം ലോറിയിലുണ്ടായിരുന്ന ക്ളീനര്‍ പ്രേംകുമാര്‍, സഹായി തിരുനല്‍വേലി തെങ്കാശി മഹാദേവി റോഡില്‍ യൂസഫ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വ്യാജ ടാര്‍ ബില്‍ ലോബിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

2. റയില്‍വേ മേല്‍പാലം നിര്‍മാണത്തിനു പുതിയ സംവിധാനം വരുന്നു
കണ്ണൂര്‍: റയില്‍വേ മേല്‍പാലങ്ങളുടെയും നടപ്പാതകളുടെയും നിര്‍മാണ ഘടനയില്‍ മാറ്റം വരുത്തുന്നു. പാലങ്ങളുടെ നിര്‍മാണം കാരണം ഇനി മുതല്‍ ട്രെയിന്‍ ഗതാഗതം വൈകില്ല. ഉരുക്ക് ഉപയോഗിച്ചുള്ള കോര്‍പസ്റ്റില്‍ ഗേഡര്‍ എന്ന സംവിധാനത്തിലായിരിക്കും പാലങ്ങളുടെ നിര്‍മാണം. ദക്ഷിണ റയില്‍വേയില്‍ ആദ്യം പയ്യന്നൂര്‍  കൊറ്റി മേല്‍പാലമാണു പുതിയ രീതിയില്‍ നിര്‍മിക്കുക. റയില്‍വേയുടെ മറ്റു സോണുകളില്‍ നേരത്തെ തന്നെ ഈ രീതി ഉപയോഗിക്കുന്നുണ്ട്. നടപടി ക്രമങ്ങള്‍ കുറച്ചു നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആദ്യഘട്ട നടപടികള്‍ക്കു സുരക്ഷാ കമ്മിഷണറുടെ അനുമതി ആവശ്യമില്ലെന്നു റയില്‍വേ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ സ്പാനുകളുടെ രൂപരേഖയ്ക്കും വാര്‍പ്പിനും കമ്മിഷണറുടെ അംഗീകാരം വേണം. പാളങ്ങളുടെ മുകളിലുള്ള ഭാഗം റയില്‍വേ നേരിട്ടാണു നിര്‍മിക്കുന്നത്. ഇത്തരം ഒരു സ്പാന്‍ നിര്‍മിക്കാന്‍ കുറഞ്ഞതു മൂന്നു മാസം വേണം. അതു വരെ ട്രെയിനുകളുടെ വേഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക പതിവാണ്. തൂണുകള്‍ക്കു മുകളില്‍ പരമ്പരാഗത രീതിയില്‍  കോണ്‍ക്രീറ്റു ചെയ്താണ് ഇപ്പോള്‍ സ്പാനുകള്‍ തയാറാക്കുന്നത്. കോര്‍പസ്റ്റില്‍ ഗേഡര്‍ അനുസരിച്ച് സ്പാനുകളുടെ ഉരുക്കു ചട്ടക്കൂട് തൂണുകള്‍ക്കു മുകളില്‍ ഘടിപ്പിച്ച് അതില്‍ കോണ്‍ക്രീറ്റ് നിറയ്ക്കുകയാണു ചെയ്യുക. ദിവസങ്ങള്‍ക്കുള്ളില്‍ അതു ഉറയ്ക്കും.

എന്നാല്‍ ചട്ടക്കൂടു നിര്‍മിക്കാന്‍ ശരാശരി രണ്ടു മാസമെടുക്കും. പുതിയ സംവിധാനത്തില്‍ ഒരേ സമയം രണ്ടും മൂന്നും സ്പാനുകള്‍ ഒന്നിച്ചു നിര്‍മിക്കാന്‍ കഴിയുമെന്നതു നേട്ടമാണ്. കാലപ്പഴക്കം ചെന്നാല്‍ ഇതു നീക്കം ചെയ്യാന്‍ എളുപ്പമാണ്. പുനര്‍വില്‍പന മൂല്യവുമുണ്ട്. കരാറുകാര്‍ തന്നെയാണ് ഗേഡര്‍ നിര്‍മിക്കേണ്ടത്. പക്ഷെ കേരളത്തിലുള്ള കരാറുകാര്‍ക്ക് ഇതിനു സംവിധാനം ഇല്ലെന്നതു പദ്ധതിക്കു തടസ്സം ഉണ്ടാക്കുമെന്നാണ് ആശങ്ക.

3. കൈക്കൂലി: അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് തടവും പിഴയും
കോഴിക്കോട്: വൈദ്യുതി കണക്ഷന്‍ വലിക്കുന്നതിനുള്ള സമ്മതപത്രത്തിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായ കണ്ണൂര്‍ ഏച്ചൂര്‍ കെഎസ്ഇബി സെക്ഷനിലെ മുന്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കൊല്ലം പട്ടത്താനം വിദ്യാനഗര്‍ മളിയേക്കല്‍ വീട്ടില്‍ എം.എക്സ്.എഡ്വേര്‍ഡിനെ (58) കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ കോടതി ജഡ്ജി എം.കെ.കുട്ടികൃഷ്ണന്‍ രണ്ടുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി  തടവ് അനുഭവിക്കണം.

2000 ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ അഞ്ചരക്കണ്ടി താഴേക്കണ്ടി വീട്ടില്‍ രാജന്‍ വെല്‍ഡിങ് യൂണിറ്റ് തുടങ്ങുന്നതിനു സര്‍ട്ടിഫിക്കറ്റിനായി എഡ്വേര്‍ഡിനെ സമീപിച്ചിരുന്നു. 1000 രൂപ കൊടുത്താല്‍മാത്രമെ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രാജന്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി: എം.പത്മനാഭനെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ അടയാളപ്പെടുത്തി നല്‍കിയ നോട്ടുകള്‍ വിജിലന്‍സ് സംഘം എഡ്വേര്‍ഡില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. കേസില്‍ അഞ്ച് സാക്ഷികളെയും 19 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ഒ.ശശി ഹാജരായി.

4. ശബരിമല ഹര്‍ജി മൂന്നംഗ ബെഞ്ചിന്; എന്‍എസ്എസ് കക്ഷിചേര്‍ന്നു
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി മൂന്നംഗ ബെഞ്ചിനു വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കേസില്‍ കക്ഷിചേരുന്നതിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ നല്‍കിയ അപേക്ഷ ജഡ്ജിമാരായ എസ്.ബി. സിന്‍ഹ, വി.എസ്. സിര്‍പുര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് അനുവദിച്ചു.

അവിശ്വാസികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിലപാടു തീര്‍ഥാടകരുടെ അടിസ്ഥാനപരമായ വിശ്വാസത്തിലുള്ള കടന്നുകയറ്റമാണെന്നും എന്‍എസ്എസ് കക്ഷിചേരല്‍ അപേക്ഷയില്‍ ആരോപിച്ചു. കാലങ്ങളായുള്ള ആചാരം ലംഘിച്ചു ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല.

സ്ത്രീകള്‍ക്കു പ്രവേശനമനുവദിക്കാത്തതു ചോദ്യംചെയ്ത് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണു കോടതിയെ സമീപിച്ചത്. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്നു പരിശോധിക്കുമെന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്നലെ കേസു പരിഗണിച്ചപ്പോള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കോടതി വാക്കാല്‍ സൂചിപ്പിച്ചെങ്കിലും പ്രശ്നം ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആവര്‍ത്തിച്ചപ്പോള്‍ വലിയ ബെഞ്ചിനു വിടാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയില്‍ എതിര്‍ത്തത് ബെഞ്ച് ചൂണ്ടിക്കാട്ടി. മറ്റൊരു സര്‍ക്കാരിന്റെ കാലത്തായിരുന്നു അതെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടികള്‍ മാറുന്നതനുസരിച്ചു സര്‍ക്കാരിന്റെ നിലപാടു മാറ്റാനാവില്ലെന്നു കോടതി പ്രതികരിച്ചു.സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കുന്നതിനോടു യോജിക്കുന്നില്ലെന്നു ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രവേശനം അനുവദിക്കാത്തതു ഭരണഘടനാ ലംഘനമാണെന്നും കോടതി പറയുന്നത് അംഗീകരിക്കാമെന്നുമാണു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. ശബരിമലയില്‍ പ്രവേശിക്കുന്നവര്‍ക്കു മനസ്സിന്റെയും ശരീരത്തിന്റെയും പ്രവൃത്തികളുടെയും ശുദ്ധിവേണം. സ്ത്രീകള്‍ക്കു 41 ദിവസം തുടര്‍ച്ചയായി ശുദ്ധി ആചരിക്കാന്‍ സാധിക്കാത്തതിനാലാണ് അവരെ അനുവദിക്കാത്തത്. ആചാരങ്ങളെ സ്ത്രീ-പുരുഷ സമത്വത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചചെയ്യാനാവില്ല – എന്‍എസ്എസ് ചൂണ്ടിക്കാട്ടി.

മത, സാമൂഹിക സംഘടനകളോടോ പണ്ഡിതന്‍മാരോടോ ചര്‍ച്ചചെയ്യാതെയാണു സര്‍ക്കാര്‍ നിലപാടെടുത്തിട്ടുള്ളത്. ജനഹിതത്തിനു പുല്ലുവില കല്‍പിച്ചു സര്‍ക്കാര്‍ നിലപാടെടുക്കുന്നതു നിര്‍ഭാഗ്യകരമാണ്. കോടാനുകോടി വിശ്വാസികളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ രാഷ്ട്രീയം കളിക്കാന്‍ പാടില്ല. ദൈവാരാധനയില്‍ വിശ്വാസമില്ലെന്നാണു സര്‍ക്കാരിന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്നതെന്നും എന്‍എസ്എസ് ആരോപിച്ചു.

5. അതിസമ്പന്ന വനിത: ഫോബ്സ്പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: രാജ്യാന്തര വനിതാ ദിനത്തിനു മുന്നോടിയായി യുഎസ് വാണിജ്യ മാസികയായ ഫോബ്സ് പുറത്തിറക്കിയ അതിസമ്പന്ന വനിതകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും.

മൊത്തം  820 കോടി ഡോളറി (64,800 കോടിയോളം രൂപ) ന്റെ   ആസ്തി യുമായി സാവിത്രി ജിന്‍ഡലാണു പട്ടികയില്‍ ഇടംനേടിയ ഇന്ത്യ ക്കാരില്‍ ഒന്നാമത്; 440 കോടി ഡോളറി (17,600 കോടി രൂപ) ന്റെ ആസ്തികളുമായി ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി അധ്യക്ഷ ഇന്ദു ജെയിനും 110 കോടി ഡോളറി (4,400 കോടി രൂപ) ന്റെ സ്വത്തുകളുമായി തെര്‍മാക്സ് ഗ്രൂപ്പിലെ അനു ആഗയുമാണ് പട്ടികയില്‍ സ്ഥാനം നേടിയ മറ്റ് ഇന്ത്യക്കാര്‍.

ലോകത്തിലെ ഏറ്റവും സമ്പന്ന ലിലിന്‍സ് ബെറ്റെന്‍കോര്‍ട്ട് ആണ്; 2,290 കോടി ഡോളര്‍ (91,600 കോടി രൂപ) ആണ് ഈ ഫ്രഞ്ചുകാരി യുടെ ആസ്തി. 6,200 കോടി ഡോളറിന്റെ ആസ് തികളുമായി വാറെന്‍ ബുഫെ നയിക്കുന്ന ലോകത്തിലെ ധനാഢ്യരുടെ പട്ടികയില്‍ 17ാം സ്ഥാനവും ബെറ്റെന്‍കോര്‍ട്ടിനുണ്ട്.

അതേസമയം ഇന്ത്യക്കാരായ സമ്പന്നരുടെ സ്ഥാനവുമായി താരതമ്യം ചെയ്താല്‍ സമ്പന്നകള്‍ ഏറെ പിന്നിലാണ്; ആകെ 1,125 പേരുകളുള്‍പ്പെട്ട ഫോബ് സ് ബില്യനേഴ്സ് പട്ടികയില്‍ സാവിത്രി ജിന്‍ഡല്‍ 110-ാം സ് ഥാനത്താണ്. ഇന്ത്യന്‍ മാധ്യമ ലോകത്തു ശ്രദ്ധേയയായ ജെയിനാവട്ടെ 236-ാം സ്ഥാനത്തും തെ ര്‍മാക്സ് മുന്‍അധ്യക്ഷ ആഗ 1,014-ാം സ്ഥാനത്തുമാണ്.

ഭര്‍ത്താവ് ഓം പ്രകാശ് നിര്യാതനായതോടെ 2005ലാണു സാവിത്രി ജിന്‍ഡല്‍ ഒ. പി. ജിന്‍ഡല്‍ ഗ്രൂപ്പിന്റെ അധ്യക്ഷയായി ചുമതലയേറ്റത്. ഉരുക്ക് – ഊര്‍ജ മേഖലകളില്‍ ശ്രദ്ധേയസാന്നിധ്യമുള്ള ഗ്രൂപ്പിനെ നയിക്കുന്നതു സാവിത്രിയുടെ മക്കളായ പൃഥ്വിരാജ്, സജ്ജന്‍, രത്തന്‍, നവീന്‍ എന്നിവരാണ്.

ഭര്‍ത്താവ് റോഹിന്‍ടന്റെ വിയോഗത്തെ തുടര്‍ന്നു 1994ലാണ് ആഗ   തെര്‍മാക്സിന്റെ അധ്യക്ഷപദത്തിലെത്തിയത്; 2004ല്‍ മകള്‍ മെഹെറിനു സ്ഥാനം കൈമാറുകയും ചെയ്തു. സാമൂഹിക സേവന മേഖലയില്‍ സജീവസാന്നിധ്യമായ ആഗ ഇപ്പോഴും കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമാണ്.

6. ബജറ്റ് നിര്‍ദേശം റബര്‍ വ്യാപാരത്തിനു ദോഷം: അസോസിയേഷന്‍
കോട്ടയം: അന്യസംസ്ഥാനങ്ങളിലേക്ക് ഏജന്‍സി ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ സ്റ്റോക്ക് ട്രാന്‍സ്ഫര്‍ ആയി അയയ്ക്കുന്ന സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കിയ നികുതി നാലു ശതമാനത്തിലേറെയാണെങ്കില്‍, ഏറെ നല്‍കിയ നികുതി മാത്രമേ തിരിച്ചുനല്‍കൂ എന്ന ബജറ്റ് പ്രഖ്യാപനം റബര്‍ വ്യാപാരമേഖലയില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു റബര്‍ ഡീലേഴ്സ് അസോസിയേഷന്‍.

ഏപ്രില്‍ ഒന്നുമുതല്‍ സിഎസ്ടി രണ്ടു ശതമാനമാക്കുമ്പോള്‍ നിലവില്‍ ഏജന്‍സി അല്ലെങ്കില്‍ സ്റ്റോക്ക് ട്രാന്‍സ്ഫര്‍ ആയി വാങ്ങുന്ന വ്യാപാരികള്‍ മുഴുവന്‍ അന്തര്‍സംസ്ഥാന വാങ്ങലിലേക്കു മാറും. ഇതു വ്യവസായികളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. സര്‍ക്കാരിനു നികുതിയില്‍ വന്‍ കുറവുമുണ്ടാകും.

ബജറ്റിലൂടെയുണ്ടായ ഇൌ പ്രതിസന്ധിക്കു ധനമന്ത്രി പുനഃപരിശോധനയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പയസ് സ്കറിയ ആവശ്യപ്പെട്ടു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w