പത്രവാര്‍ത്തകള്‍ 07-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

തിരു: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍കൊണ്ട് സമ്പന്നം. ആരോഗ്യം, കൃഷി, വ്യവസായം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍. ഇതാണ് ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്റെ സവിശേഷത. 188 കോടി രൂപയുടെ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റില്‍ 25.12 കോടി രൂപയുടെ ഇളവുകളുണ്ട്. വര്‍ഷാന്ത കമ്മി 627.4 കോടി രൂപ. ജല അതോറിറ്റിക്കുള്ള സര്‍ക്കാര്‍ വായ്പയുടെ പലിശ ഇനത്തിലുള്ള 1006 കോടി രൂപ എഴുതിത്തള്ളും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍10 കോടി അനുവദിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 1700 ഉം വിഎച്ച്എസ്ഇയില്‍ 400ഉം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 642ഉം അധ്യാപക തസ്തിക സൃഷ്ടിക്കും.

 • കെഎസ്ആര്‍ടിസി പ്രതിവര്‍ഷം 100 ബസ് നിരത്തിലിറക്കും
 • സഹായം 25 കോടി
 • കാഷ്വല്‍ സ്വീപ്പര്‍മാരുടെ വേതനം 1000 രൂപയാക്കി വര്‍ധിപ്പിച്ചു
 • ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ തസ്തിക 10 ശതമാനമാക്കി
 • പെന്‍ഷന്‍ പരിഷ്കരണം ആഗസ്ത് 31നകം പൂര്‍ത്തീകരിക്കും
 • ആറ്റിങ്ങല്‍, കോതമംഗലം, പിറവം, ആലത്തൂര്‍, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പുതിയ മിനി സിവില്‍ സ്റ്റേഷനുകള്‍
 • കുടപ്പനക്കുന്ന്, നൂറനാട്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, എന്നിവിടങ്ങളില്‍ സബ്ട്രഷറികള്‍
 • തലശേരിയില്‍ പെന്‍ഷന്‍ ട്രഷറി
 • കാസര്‍കോട്ടും ഇടുക്കിയിലും സ്റ്റാമ്പ് ഡിപ്പോ
 • ചോമ്പാല്‍, ഇരവിപുരം, പരിയാരം മെഡിക്കല്‍ കോളേജ്, നെടുമ്പാശേരി, കരിപ്പൂര്‍, എന്നീ അഞ്ച് പുതിയ പൊലീസ് സ്റ്റേഷന്‍
 • പരവൂര്‍, വടക്കാഞ്ചേരി, മണ്ണാര്‍ക്കാട്, നാദാപുരം, പേരാവൂര്‍, പെരിങ്ങോം, പൂവാര്‍ എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍
 • ചില്ലറ മേഖലയിലെ വന്‍കിടക്കാര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ്
 • ജില്ലകളില്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ പുതിയതായി നിയമിക്കും
 • മാനസിക വളര്‍ച്ച നേടാത്ത കുട്ടികള്‍ക്കുള്ള 162 അംഗീകൃത സ്ഥാപനങ്ങള്‍ക്ക് 10 കോടി ധനസഹായം
 • അംഗവൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും പെന്‍ഷന്‍ 200 രൂപ. അനാഥാലയങ്ങളിലെ കുട്ടികളുടെ ധനസഹായം പ്രതിമാസം 50 രൂപ വര്‍ധിപ്പിച്ചു
 • അനാഥാലയങ്ങളെ ഉള്‍പ്പെടുത്തി കാരുണ്യ നിക്ഷേപ പദ്ധതി
 • മെഡിക്കല്‍ കോളേജുകളോടു ചേര്‍ന്ന് സംരക്ഷണകേന്ദ്രങ്ങള്‍ഹവൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, ജുവൈനല്‍ ഹോമുകള്‍ എന്നിവയുടെ നവീകരണത്തിന് അഞ്ചു കോടി
 • ആശ്രയ പദ്ധതി വ്യാപിപ്പിക്കാന്‍ പത്തുകോടി
 • സാമൂഹ്യ സുരക്ഷാമിഷന് 60 കോടിയുടെ നിധി
 • കുടുംബശ്രീ തൊഴില്‍ സംരംഭങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിപണി ഉറപ്പാക്കുന്നതിനും പ്രത്യേക പരിപാടി-സമഗ്ര.
 • കര്‍ഷക കടാശ്വാസത്തിന് 50 കോടി
 • തൊഴിലുറപ്പ് പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ 200 കോടി ചെലവഴിക്കും
 • കേരവികസന പദ്ധതിക്ക് 15 കോടി
 • ക്ഷീരകര്‍ഷകരുടെ ക്ഷേമനിധിക്ക് സര്‍ക്കാര്‍ അംശാദായം രണ്ടുകോടി
 • മത്സ്യമേഖലയില്‍ തൊഴില്‍ യൂണിറ്റുകള്‍ക്ക് 16 കോടി
 • സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി
 • ചെത്തി, കാസര്‍കോട്, ചേറ്റുവ, ചെറുവത്തൂര്‍, മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം ഈ വര്‍ഷം
 • കശുവണ്ടിത്തൊഴിലാളി റിട്ടയര്‍മെന്റ് കുടിശ്ശികയ്ക്ക് അഞ്ചുകോടി
 • കാപ്പെക്സിന്റെയും കശുവണ്ടി വികസന കോര്‍പറേഷന്റെയും കുടിശ്ശിക തിരിച്ചടയ്ക്കാന്‍ 32 കോടി
 • കൈത്തറി സംഘങ്ങളുടെ റിബേറ്റ് കുടിശ്ശിക നല്‍കും
 • ഖാദിക്ക് അഞ്ചുകോടി. ബാംബു കോര്‍പറേഷന് ഏഴുകോടി
 • ചെറുകിട വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് സ്ഥാപനം
 • ജലസേചനത്തിനും കടല്‍ ഭിത്തി നിര്‍മ്മാണത്തിനുമായി 257 കോടി
 • മീനച്ചില്‍ നദീതട പദ്ധതിക്ക് 10 കോടി
 • മലമ്പുഴ ഇറിഗേഷന്‍ പദ്ധതിക്ക് 29 കോടി

സുസ്ഥിര നഗരവികസനത്തിന് 200 കോടി
തിരു: ഗ്രാമവികസന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതമായി 79 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. ഇതില്‍ പ്രധാനം ദേശീയ തൊഴിലുറപ്പുപദ്ധതിയാണ്. പാലക്കാട്ടെയും വയനാട്ടിലെയും പദ്ധതിനടത്തിപ്പ് ദേശീയ അംഗീകാരം നേടി. സ്വയംതൊഴിലിനു വേണ്ടിയുള്ള എസ്ജിഎസ്വൈ പദ്ധതി കുടുംബശ്രീയുമായി സംയോജിച്ചാണ് നടപ്പിലാക്കുന്നത്. അട്ടപ്പാടി വികസന പ്രോജക്ടിനുവേണ്ടി 30 കോടിരൂപ വകയിരുത്തി.

ഗ്രാമപഞ്ചായത്തുകളുടെ വിഹിതം 30 ല്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഈ കുറവുമൂലമുളള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. കേരള സുസ്ഥിര നഗരവികസന പദ്ധതിയില്‍ 200 കോടി രൂപയാണ് 2008-09 ല്‍ ചെലവഴിക്കുക. ഇതുവരെയുള്ള ഇരുപദ്ധതികളുടെയും നടത്തിപ്പ് വേഗത്തിലല്ല. ഇത് പരിഹരിക്കണം.

കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ നടപ്പാക്കുന്ന ജവാഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിക്ക് 307 കോടി രൂപ വകയിരുത്തി. ഇതില്‍ 107 കോടി സംസ്ഥാന വിഹിതമാണ്. തിരുവനന്തപുരം നഗരത്തില്‍ എഡിബി വായ്പയില്‍നിന്നുള്ള തുകയാണ് നഗരസഭയുടെ വിഹിതമായി വകയിരുത്തിയത്. എന്നാല്‍, കൊച്ചി നഗരസഭ വിഹിതം സ്വയം കണ്ടെത്തണം. അതിനാല്‍ കൊച്ചിയുടെ പദ്ധതിവിഹിതം 30 ശതമാനത്തില്‍നിന്ന് 20 ആക്കി കുറച്ചു.


വില കുറയും
എല്ലാത്തരം വെളിച്ചെണ്ണ, ആശുപത്രി ഉപകരണങ്ങള്‍,

ജനറേറ്ററുകള്‍, പേപ്പര്‍ ബാഗുകള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, ഉപയോഗിച്ച കാറുകള്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍, റബര്‍ മരത്തിനുള്ള റെയിന്‍ ഗാര്‍ഡിങ് കോമ്പൌണ്ട്,

പൂക്കള്‍, സില്‍പോളിന്‍ ഉള്‍പ്പെടെയുള്ള ടാര്‍പ്പോളിന്‍, അച്ചടിയന്ത്രം, ലെയ്ത്തുകളും അവയുടെ ഭാഗങ്ങളും, സൈക്കിള്‍, മെഷീന്‍ ടൂളുകള്‍, മുന്‍സിപ്പല്‍ ഖരമാലിന്യ സംസ്കരണ ഉപകരണവും പ്ളാന്റുകളും, കൈത്തറി പരുത്തി ഉല്‍പ്പന്നങ്ങള്‍, ഓടാമ്പല്‍, കപ്പി, വാതില്‍ ജനല്‍ പടികള്‍ എന്നിവ കോണ്‍ക്രീറ്റില്‍

പിടിപ്പിക്കുന്നതിനുള്ള കുറ്റി, കേരള ഫെഡറേഷന്‍ ഓഫ് ബ്ളൈന്‍ഡ് ഉല്‍പ്പാദിപ്പിക്കുന്ന ചോക്ക്, കുടകള്‍, മെഴുകുതിരി, ദേവസ്വംബോര്‍ഡ്

പ്രസാദം, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചു

നല്‍കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള സാധനങ്ങള്‍, വറുത്ത കശുവണ്ടി, കാഷ്യൂസൂപ്പ്, കാഷ്യൂവിറ്റ, കാഷ്യൂ പൌഡര്‍, കാഷ്യൂ ബിറ്റ്സ്, എല്ലാത്തരം ഹാങ്ങറും.

വില കൂടും
പ്ളാസ്റിക് കാരിബാഗ്, 1000 രൂപയില്‍

കൂടുതല്‍ പ്രതിദിന വാടകയുള്ള ആശുപത്രി

മുറികള്‍, പേപ്പര്‍ ലോട്ടറി, ഡയറക്ട് മാര്‍ക്കറ്റിങ് ഉല്‍പ്പന്നങ്ങള്‍

ടൂറിസം വിപണനത്തിന് വന്‍ പദ്ധതികള്‍
തിരു: ടൂറിസത്തിനുള്ള പദ്ധതി അടങ്കല്‍ 83 കോടി രൂപയില്‍നിന്ന് 98 കോടി രൂപയായി ഉയര്‍ത്തി. തീരദേശ വിനോദപദ്ധതികള്‍ക്കാണ് പ്രാമുഖ്യം. വിനോദസഞ്ചാരവികസന കോര്‍പറേഷന് ഒമ്പതുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ടൂറിസം വിപണനത്തിനുമാത്രം 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ വരുന്ന പാതിരാമണല്‍ ഇക്കോടൂറിസം പ്രോജക്ട്, മുസരീസ് പ്രോജക്ട്, മലബാറിലെ ടൂറിസംകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സംസ്ഥാനവിഹിതമായി മൂന്നുകോടി രൂപയാണ് വകയിരുത്തിയത്. ഏഴുകോടി രൂപകൂടി ഇതിന് ബജറ്റില്‍ അധികമായി നല്‍കി.

കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു കൊട്ടാരം കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരകമായി ഇപ്പോഴുള്ള ഉടമസ്ഥരുടെ അവകാശങ്ങള്‍ നിലനിര്‍ത്തിയോ അല്ലെങ്കില്‍ അവരുടെ സമ്മതത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തോ പുനരുദ്ധരിച്ച് സംരക്ഷിക്കും. ഇതേ അടിസ്ഥാനത്തില്‍ പാലിയം കൊട്ടാരവും പുനരുദ്ധരിക്കും. എറിയാടുള്ള അബ്ദുറഹിമാന്‍ സാഹിബിന്റെ ജന്മഗൃഹം ഏറ്റെടുക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.

ഗ്രാന്‍ഡ് കേരള ട്രേഡ് ഫെയര്‍ അതോറിറ്റിക്ക് 20 കോടി
തിരു: ഗ്രാന്‍ഡ് കേരള ട്രേഡ് ഫെയര്‍ വ്യാപിപ്പിക്കുന്നതിനായി ട്രേഡ് ഫെയര്‍ അതോറിറ്റി സ്ഥാപിക്കും. പദ്ധതിക്ക് 20 കോടി രൂപ അധികമായി വകയിരുത്തി. ടൂറിസവുമായി ബന്ധപ്പെടുത്തി വിദേശരാജ്യങ്ങളില്‍ വ്യാപാരമേളയെക്കുറിച്ച് വലിയതോതില്‍ പരസ്യങ്ങള്‍ നല്‍കും. കോഴിക്കോട് മിഠായിത്തെരുവ്, ഫോര്‍ട്ടുകൊച്ചി, തിരുവനന്തപുരത്തെ ചാല കമ്പോളം, എറണാകുളം ബ്രോഡ്വേ തുടങ്ങിയ പുരാതന വ്യാപാരകേന്ദ്രങ്ങള്‍ സംരക്ഷിച്ച് വികസിപ്പിക്കുന്നതിനും കണ്ണൂര്‍ കൈത്തറി, ആലപ്പുഴ കയര്‍, മാന്നാര്‍ ഓട്ടു വ്യവസായം എന്നീ വ്യവസായകേന്ദ്രങ്ങളില്‍ വാണിജ്യമേള പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കുന്നതിനും 2008-09ല്‍ ട്രേഡ് ഫെയര്‍ ഫണ്ട് ഉപയോഗിക്കുന്നതാണ്.

വിവരസാങ്കേതികവിദ്യക്ക് ഇരട്ടിയോളം തുക
തിരു: കേരളത്തിന്റെ ഭാവിയില്‍ നിര്‍ണായകമാകുന്ന ഐടി വികസനത്തിന് ബജറ്റുവിഹിതം 78 കോടി രൂപയിലേക്ക് കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ ബജറ്റില്‍ ഇത് 44 കോടി രൂപയായിരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് കേരള സ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന് നല്‍കിയിരിക്കുന്ന 18.4 കോടി രൂപയാണ്. 20 കോടി രൂപ നാഷണല്‍ ഇ-ഗവേര്‍ണന്‍സ് പ്ളാനിന്റെ ഭാഗമായി മിഷന്‍ ചെലവഴിക്കുന്നു. ഐടി പശ്ചാത്തലസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി രൂപീകരിക്കും. ഇതിന് അഞ്ചുകോടി രൂപ വിപണി മൂലധനമായി വകയിരുത്തിയിട്ടുണ്ട്.പരമ്പരാഗതമേഖലകളിലെ തൊഴില്‍സാധ്യതകളെ സംരക്ഷിക്കുന്നതിന് പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ദേശീയ തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതിലൂടെ തൊഴിലില്ലായ്മയ്ക്ക് ആശ്വാസം നല്‍കാനാകും. അതേസമയം, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി കാണുന്നത് ഐടി, ടൂറിസംപോലുള്ള പുതിയ മേഖലകളിലെ വളര്‍ച്ചയാണ്.

കയര്‍ഫെഡ് പുനഃസംഘടനയ്ക്ക് ആവശ്യമായ തുക: ധനമന്ത്രി
തിരു: കയര്‍ഫെഡിന്റെ പുനഃസംഘടനയ്ക്ക് പ്രാഥമിക പരിഗണന നല്‍കുന്നതിനാല്‍ ഇതിന് ആവശ്യമായ തുക ബജറ്റില്‍ അനുവദിക്കും. ഇതിന്റെ മൊത്തം ചെലവ് കണക്കാക്കിയിട്ടില്ല. അതിനാല്‍, പ്രരംഭഘട്ടത്തില്‍ രണ്ടു കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു. കയര്‍വ്യവസായ ആധുനികവല്‍ക്കരണത്തിന് അഞ്ചു കോടി വകയിരുത്തി. ഇതിനു പുറമെ ചെറുകിട ഉല്‍പ്പാദകരെയും സഹകരണസംഘങ്ങളെയും സഹായിക്കാനും ട്രാന്‍സ്പോര്‍ട്ട് സബ്സിഡിക്കും അഞ്ചു കോടി രൂപ വകയിരുത്തി. രണ്ടു കോടി രൂപ പൊതുസേവന സൌകര്യകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ നീക്കിവച്ചു. കയര്‍ കോര്‍പറേഷനില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കയറ്റുമതിക്കാര്‍ക്ക് അംഗീകൃതവിലയില്‍നിന്ന് പത്തു ശതമാനം റിബേറ്റ് നല്‍കാന്‍ അഞ്ചു കോടിയും വകയിരുത്തി.

സ്വര്‍ണം നികുതി 97 കോടി കവിഞ്ഞു
തിരു: സ്വര്‍ണാഭരണമേഖലയില്‍ നിന്നുള്ള നികുതിവരുമാനം നടപ്പുവര്‍ഷം ജനുവരിയില്‍ത്തന്നെ 97 കോടി കവിഞ്ഞതായി മന്ത്രി പറഞ്ഞു. 2005-06ല്‍ 21 കോടി കിട്ടിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 97 കോടി കിട്ടി. ഈ വര്‍ഷം വരുമാനം ഇനിയും വര്‍ധിക്കും. അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ വ്യാപാരികളെ കോമ്പൌണ്ടിങ് വ്യവസ്ഥയിലേക്ക് കൊണ്ടുവരും. അതിനായി കോമ്പൌണ്ടിങ് സമ്പ്രദായം ലഘൂകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വര്‍ക്സ് കോണ്‍ട്രാക്ടുകള്‍ക്കുള്ള കോമ്പൌണ്ടിങ് വ്യവസ്ഥ ലഘൂകരിക്കുന്നതിന് ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. സിഎസ്ടി രജിസ്ട്രേഷന്‍ ഉള്ള കരാറുകാര്‍ക്ക് എട്ട് ശതമാനം നിരക്കിലും അല്ലാത്തവയ്ക്ക് മൂന്ന് ശതമാനം നിരക്കിലും കോമ്പൌണ്ടിങ് അനുവദിക്കും. ബാര്‍ ഹോട്ടലുകള്‍ രജിസ്റ്റര്‍ചെയ്ത വ്യാപാരിയില്‍നിന്ന് വാങ്ങുന്ന പാക്കേജ്ഡ് വെള്ളം, മറ്റ് പാനീയങ്ങള്‍ എന്നിവയെ കോമ്പൌണ്ടിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരും. ബാര്‍ ഹോട്ടലുകളില്‍ പാകംചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് നികുതി മദ്യത്തിന്റെ വിറ്റുവരവുമായി ബന്ധപ്പെടുത്താതെ കോമ്പൌണ്ട് ചെയ്യാന്‍ അനുവദിക്കും.

മുളവികസനത്തിന് സമഗ്രപദ്ധതി
തിരു: മുള ഉല്‍പ്പന്ന വികസനത്തിന് സമഗ്രപരിപാടി നടപ്പാക്കുന്നതിന് ബാംബൂ വികസന കോര്‍പറേഷന് ഏഴു കോടി രൂപ വകയിരുത്തി. ഖാദി ഗ്രാമ വ്യവസായത്തിന് അഞ്ചു കോടിയും അനുവദിച്ചു. പയ്യന്നൂരില്‍ ഖാദി ക്ളസ്റര്‍ സെന്റര്‍ സ്ഥാപിക്കുന്ന നൂതനപദ്ധതിക്ക് സെറിഫെഡിന് മൂന്നു കോടി രൂപ ഉള്‍പ്പെടുത്തി.

കശുവണ്ടി മേഖലയ്ക്ക് 65.5 കോടി
തിരു: യുഡിഎഫ് സര്‍ക്കാര്‍ കശുവണ്ടി മേഖലയ്ക്ക് ശരാശരി മൂന്നു കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഇക്കുറി വകയിരുത്തിയത് 65.5 കോടി രൂപ. കശുവണ്ടി കോര്‍പറേഷനും കാപെക്സിനും ഒറ്റത്തവണ സഹായ ധനമായി കഴിഞ്ഞവര്‍ഷം 25 കോടി രൂപ നല്‍കിയിരുന്നു. ഈ വര്‍ഷം 16 കോടി രൂപകൂടി വകയിരുത്തി. സ്ഥാപനങ്ങളുടെ തുടര്‍ പ്രവര്‍ത്തനത്തിന് സഹായമാകുന്നവിധത്തില്‍ ബാങ്കുകളിലെ കടം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ ധാരണയുണ്ടാക്കും. തിരിച്ചടവിന്റെ ഭാരം സര്‍ക്കാര്‍ വഹിക്കും. കശുവണ്ടിത്തൊഴിലാളികള്‍ക്ക് കുടിശ്ശികയുള്ള ഗ്രാറ്റുവിറ്റിയും റിട്ടയര്‍മെന്റ് ആനൂകൂല്യവുമായുള്ള ഭീമമായ തുകയില്‍ ഒരു ഭാഗം ഈ വര്‍ഷം കൊടുത്തുതീര്‍ക്കും. ഇതിനായി അഞ്ചു കോടി രൂപ അധികം നീക്കിവച്ചു.

കെഎസ്ഡിപിക്ക് 20 കോടി; ഔഷധിക്ക് രണ്ടുകോടി
തിരു: ഗുണനിലവാരമുള്ള മരുന്നുകള്‍ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് മരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് 20 കോടി രൂപയുടെ നവീകരണപദ്ധതി നടപ്പാക്കും. ഇതിലേക്ക് ഏഴുകോടി രൂപ പ്രത്യേകം അനുവദിച്ചു. ഔഷധിയുടെ നവീകരണത്തിന് രണ്ടുകോടി രൂപ അധികമായി വകയിരുത്തി. ഹോംകോയുടെ പുതിയ ഫാക്ടറിക്കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 50 ലക്ഷം രൂപയും ഫാര്‍മസി കോളേജ് സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തി. എറണാകുളത്തെ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ സഹകരണ സംഘത്തിന് 20 ലക്ഷം രൂപ അനുവദിച്ചു.

വന്‍കിട സ്ഥാപനങ്ങള്‍ക്ക് സര്‍ചാര്‍ജ്
തിരു: ചില്ലറ വ്യാപാരമേഖലയില്‍ പുതുതായി കടന്നുവന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ഡയറക്ട് മാര്‍ക്കറ്റിങ് നടത്തുന്നവര്‍ ഉള്‍പ്പെടെയുള്ള ചില്ലറ വ്യാപാര ശൃംഖലയിലെ വന്‍കിട വ്യാപാര സ്ഥാപനങ്ങളുടെമേല്‍ കേരള നികുതിയുടെ പത്ത് ശതമാനം സര്‍ചാര്‍ജ് ഈടാക്കും. ഇതുവഴി രണ്ടുകോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

ദിവസം 1000 രൂപയോ, കൂടുതലോ വാടകയുള്ള ആശുപത്രി മുറികള്‍ക്ക് പത്ത് ശതമാനം ആഡംബര നികുതി ചുമത്തുന്നതിലൂടെ ഒരു കോടിയുടെ അധികവരുമാനം കിട്ടും. പേപ്പര്‍ ലോട്ടറി സാധാരണ നറുക്കെടുപ്പിന് ഏഴു ലക്ഷമായും ബമ്പര്‍ നറുക്കെടുപ്പിന് 17 ലക്ഷമായും വര്‍ധിപ്പിക്കും. ഇതുവഴി 25 കോടിയുടെ അധികവരുമാനം ലഭിക്കും.

നികുതിദായകര്‍ക്കുള്ള അവാര്‍ഡുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ജേതാക്കള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കും. ഇലക്ട്രോണിക് ആയി റിട്ടേണ്‍ ഫയല്‍ ചെയ്യാനും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്റ്റാറ്റ്യൂട്ടറി ഫോമുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വ്യാപാര ക്ഷേമനിധി ബോര്‍ഡും വാറ്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയും പുനഃസംഘടിപ്പിക്കും.

പുതിയ വ്യവസായ സംരംഭങ്ങള്‍ക്കായി അതിവേഗ താല്‍ക്കാലിക രജിസ്ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

റിട്ടേണ്‍ ഹാജരാക്കിയശേഷം നികുതിവെട്ടിപ്പ് കണ്ടെത്തിയ സംഭവങ്ങളില്‍ പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കില്ല. സെന്റര്‍ ഫോര്‍ ടാക്സേഷന്‍ സ്റ്റഡീസിന്റെ ഡിപ്ളോമ സര്‍ട്ടിഫിക്കറ്റ് നേടിയ പാര്‍ട്ട്ടൈം ജീവനക്കാരെയും സെയില്‍സ് ടാക്സ് പ്രാക്ടീഷണറുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തും.

കൃഷിക്ക് 365 കോടി
തിരു: കൃഷിക്കും അനുബന്ധമേഖലയ്ക്കും 365 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍‘രാഷ്ട്രീയ കൃഷിവികാസ് യോജനയുടെ വിഹിതംപെടുന്നില്ല. പ്ളാനിങ് കമീഷനുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈ ഇനത്തില്‍ 150 കോടി രൂപയെങ്കിലും ലഭിക്കുമെന്നു കരുതുന്നു. ഇതിനു പുറമെയാണ് 765 കോടി രൂപയുടെ വിദര്‍ഭപാക്കേജും 1840 കോടി രൂപയുടെ കുട്ടനാടിനുള്ള സ്വാമിനാഥന്‍ കമീഷന്‍ പാക്കേജും. കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്ന മുറയ്ക്ക് ആവശ്യമായ സംസ്ഥാനവിഹിതം അനുവദിക്കും.

നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹകരണ മേഖലയില്‍ പ്രത്യേക പാക്കേജ് ഈ സാമ്പത്തികവര്‍ഷം നടപ്പാക്കും. ഇതുവരെ പലിശയിളവ്, മോറട്ടോറിയം, കടമെഴുതിത്തള്ളല്‍ തുടങ്ങിയവയിലൂടെ 3100 കോടി രൂപയുടെ ഇളവുകള്‍ കൃഷിക്കാര്‍ക്ക് സഹകരണമേഖല നല്‍കി.

നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സഹകരണ പാക്കേജില്‍നിന്ന് എങ്ങനെ ആനുകൂല്യങ്ങള്‍ നേടാം എന്നു ചര്‍ച്ചചെയ്തു വരികയാണെന്ന് ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സഹകരണ വിപണനം കേരളീയം’പരിപാടി വലിയ സംഭാവന നല്‍കി.

നെല്‍ക്കൃഷിക്ക് പലിശ സബ്സിഡി, ഗ്രൂപ്പ് ഫാമിങ്, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, യന്ത്രവല്‍ക്കരണം തുടങ്ങിയവയ്ക്കായി 20 കോടി രൂപ വകയിരുത്തി. നെല്‍ക്കൃഷിക്ക് പ്രഖ്യാപിച്ച ഒമ്പത് രൂപ താങ്ങുവില ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നതാണ്. സംയോജിത കേര വികസന പരിപാടിക്ക് 15 കോടി രൂപയും നീക്കിവച്ചു. 1000 പച്ചക്കറിഗ്രാമങ്ങള്‍ക്ക് രൂപം നല്‍കി‘ഹരിതശ്രീപദ്ധതി ശക്തമാക്കും. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സംസ്ഥാന വിഹിതമായി മൂന്നു കോടി രൂപയും വകയിരുത്തി.

കാര്‍ഷിക സര്‍വകലാശാലയുടെ ധനസഹായം 20 കോടി രൂപയില്‍നിന്ന് 30.25 കോടിയായി ഉയര്‍ത്തി. ലോകബാങ്ക് സഹായത്തോടെയുള്ള ദേശീയ കാര്‍ഷിക നവീനപദ്ധതിയില്‍നിന്നും കുട്ടനാട്ടിലെ സ്പെഷ്യല്‍ പാക്കേജില്‍നിന്നും കാര്‍ഷിക സര്‍വകലാശാലയ്ക്ക് ധനസഹായം ലഭ്യമാക്കും.

പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു; ലക്ഷങ്ങള്‍ക്ക് ആശ്വാസമാകും
തിരു: അസംഘടിതമേഖലയിലെ മുഴുവന്‍ പെന്‍ഷനും 200 രൂപയായി വര്‍ധിപ്പിച്ചു. കര്‍ഷകത്തൊഴിലാളികള്‍ക്കും മത്സ്യബന്ധനം, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ആര്‍ട്ടിസാന്‍സ്, കെട്ടിട നിര്‍മാണം തുടങ്ങിയ മേഖലയിലെല്ലാം പണിയെടുക്കുന്ന ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എത്ര വലിയ സാമ്പത്തിക ഞെരുക്കമുണ്ടായാലും പാവങ്ങള്‍ക്ക് കൊടുക്കാനുള്ളത് ഈ സര്‍ക്കാര്‍ കൊടുക്കും. പെന്‍ഷനുകള്‍ ബാങ്കു മുഖേന എല്ലാ മാസവും ആദ്യം ലഭ്യമാക്കും.

ധനമന്ത്രി എന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ത്തതിലാണ്. 686 കോടി രൂപയാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി പാവങ്ങളുടെ പെന്‍ഷന്‍ കൊടുക്കാന്‍ ചെലവഴിച്ചത്. ഇപ്പോള്‍ കുടിശ്ശികയെല്ലാം തീര്‍ന്നു. രണ്ടു പതിറ്റാണ്ടുകൊണ്ട് പെന്‍ഷന്‍ 110-130 രൂപയിലേക്കെത്തിയിട്ടേയുള്ളൂ. ഈ സ്ഥതി മാറുകയാണ്.

ദാരിദ്യ്രരേഖയ്ക്കു കീഴിലുള്ള വയോജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയനുസരിച്ച് 250 രൂപ പെന്‍ഷന്‍ നല്‍കും. നിലത്തെഴുത്ത് ആശാന്മാരെ ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്കില്‍ഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ അനുവദിക്കും. കക്കവാരല്‍ തൊഴിലാളികള്‍ക്ക് മത്സ്യ ക്ഷേമനിധിബോര്‍ഡില്‍ അംഗത്വം നല്‍കി പെന്‍ഷന്‍ അനുവദിക്കും. അങ്കണവാടി ജീവനക്കാര്‍ക്ക് അവരുടെ ക്ഷേമനിധിയുടെ ഭാഗമായി പെന്‍ഷന്‍ നല്‍കും. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷേമപദ്ധതികളിലേക്ക് അഞ്ചു കോടി രൂപ അധികം അനുവദിച്ചു.

ഒരാള്‍ക്ക് രണ്ടു പെന്‍ഷന് അര്‍ഹതയുണ്ടാകില്ല. വിവിധ പെന്‍ഷന്‍ ലിസ്റുകള്‍ പരിശോധിച്ച് ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി ഏകീകൃത ലിസ്റിന് രൂപം നല്‍കും.

വിലക്കയറ്റം യുഡിഎഫ് ആകെ നല്‍കിയത് 177 കോടി; ഇപ്പോള്‍ 311 കോടി കഴിഞ്ഞു
തിരു: വിലക്കയറ്റം തടയാന്‍ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എടുക്കുന്ന നടപടികളിലെ ഭീമമായ വ്യത്യാസം ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ തെളിഞ്ഞുനിന്നു. 2001-02 മുതല്‍ 2005-06 വരെയുള്ള അഞ്ചു വര്‍ഷം യുഡിഎഫ് റേഷന്‍ സബ്സിഡിയായും സിവില്‍ സപ്ളൈസ് കോര്‍പറേഷന് ധനസഹായമായും 177 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, 2006-07, 2007-08 എന്നീ രണ്ടു വര്‍ഷത്തില്‍ ഇതിനകം 311 കോടി രൂപ ചെലവാക്കി.

വിലക്കയറ്റം നിയന്ത്രിക്കാന്‍ റേഷന്‍ സംവിധാനത്തിനുപുറമെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ ഏജന്‍സികള്‍വഴിയുള്ള മാര്‍ക്കറ്റ് ഇടപെടല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇവയുടെ ശൃംഖല കൂടുതല്‍ വിപുലപ്പെടുത്തും.

നടപ്പുവര്‍ഷത്തില്‍ 119 കോടി രൂപ റേഷന്‍ സബ്സിഡിയായി നല്‍കി. ഇതിനുപുറമെ സിവില്‍ സപ്ളൈസ് കോര്‍പറേഷന് 38 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 13 കോടി രൂപയും ധനസഹായം നല്‍കി. കണക്കുകള്‍ പരിശോധിച്ച് മാര്‍ക്കറ്റിടപെടല്‍വഴി ഉണ്ടായ നഷ്ടം പൂര്‍ണമായും നികത്തും. വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള പോരാട്ടത്തിന് വിഭവപരിധികള്‍ നിശ്ചയിച്ചിട്ടില്ല.

വിലക്കയറ്റത്തിന്റെ കെടുതിയില്‍നിന്ന് സാധാരണക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന വിലക്കയറ്റം താരതമ്യേന രൂക്ഷമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ആരോഗ്യമിഷന്‍ പദ്ധതിക്ക് 133 കോടി
തിരു: ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍പദ്ധതിപ്രകാരം 133 കോടി രൂപ ആരോഗ്യമേഖലയില്‍ ചെലവഴിക്കും. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അടങ്കല്‍ 2007-08ല്‍ 13 കോടി രൂപയായിരുന്നത് 30 കോടി രൂപയായി ഉയര്‍ത്തി. തദ്ദേശീയ ആരോഗ്യസമ്പ്രദായങ്ങള്‍ക്കുള്ള അടങ്കല്‍ അഞ്ചുകോടി രൂപയില്‍നിന്ന് 16.5 കോടിയായി ഉയര്‍ത്തി.

കലവൂര്‍, കൂത്താളി, കോന്നി, മറ്റത്തൂര്‍ എന്നീ പിഎച്ച്സി കളുടെയും പനങ്ങാട്, പിണറായി സിഎച്ച്സികളുടെയും കൊയിലാണ്ടി, കൊട്ടാരക്കര, റാന്നി, പെരുമ്പാവൂര്‍ താലൂക്കാശുപത്രികളുടെയും പുതുക്കാട്, ഐരാണിമുട്ടം ആശുപത്രികളുടെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. മാനന്തവാടി നേഴ്സിങ് സ്കൂളിന്റെ നിര്‍മാണവും ഈ വര്‍ഷം ആരംഭിക്കും.

കണ്ണൂരില്‍ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറി ആരംഭിക്കുന്നതിന് 70 ലക്ഷവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മെഡിസിനും വേണ്ടി ഒരുകോടി രൂപയും വകയിരുത്തി. ഈ വര്‍ഷം പാരാമെഡിക്കല്‍ കൌണ്‍സില്‍ സ്ഥാപിക്കും. ഇതിനായി 50 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചു. മെഡിക്കല്‍ കോളേജുകളുടെ ഹോസ്റല്‍ നവീകരിക്കുന്നതിനും പുതിയ ഹോസ്റലുകള്‍ പണിയുന്നതിനും മൂന്നുകോടി രൂപ വകയിരുത്തി. കോഴിക്കോട് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജി, തിരുവനന്തപുരത്ത് സ്പൈന്‍ സര്‍ജറി യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപവീതം അനുവദിച്ചു.

പടന്നയിലെ ഇ എം എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിക്ക് 2000-01ല്‍ 10 ലക്ഷം രൂപ അനുവദിച്ചതാണ്. ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ തുക അധികമായി അനുവദിച്ചു. ഉഴവൂരില്‍ കെ ആര്‍ നാരായണന്‍ സ്മാരക മാതൃകാ കമ്യൂണിറ്റി ഹെല്‍ത്ത് ആശുപത്രിക്ക് 25 ലക്ഷം രൂപ അധികമായി അനുവദിച്ചു.

കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സ സര്‍ക്കാര്‍ വഹിക്കും;രണ്ടു രൂപയ്ക്ക് ഉച്ചഭക്ഷണം പദ്ധതി
തിരു: സംസ്ഥാനത്തെ ക്യാന്‍സര്‍ രോഗബാധിതരായ കുട്ടികള്‍ക്ക് ചികിത്സാ ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കുട്ടികള്‍ക്കുള്ള ക്യാന്‍സര്‍ സുരക്ഷാ പദ്ധതിക്ക് നീക്കിവച്ച തുക കുറവായിരുന്നു. ഈ വര്‍ഷം 15 കോടി രൂപ ട്രഷറിയില്‍ കോര്‍പ്പസ് ഫണ്ടായി നിക്ഷേപിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ബേസ് കിച്ചന്‍ പ്രയോജനപ്പെടുത്തി രണ്ടു രൂപയ്ക്ക് ഏതൊരാള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തില്‍ നടപ്പാക്കും. സന്നദ്ധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയുമെല്ലാം സഹകരണത്തോടുകൂടിയാണ് നടപ്പാക്കുക. പരീക്ഷണം വിജയിച്ചാല്‍ മറ്റ് പ്രധാന നഗരങ്ങളിലും വ്യാപിപ്പിക്കും.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ‘വാര്‍ഡ് നമ്പര്‍ 9’ ഉണ്ടാവാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മാറാരോഗങ്ങളുമായി ഡിസ്ചാര്‍ജ് ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള കേന്ദ്രം നടത്താന്‍ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കും. തുടക്കമെന്ന നിലയില്‍ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളോടും ബന്ധപ്പെടുത്തി ഇത്തരം ഒരു സ്ഥാപനത്തിനെങ്കിലും ഈ വര്‍ഷം അംഗീകാരം നല്‍കും.

സാമൂഹ്യ സുരക്ഷാ മിഷനായിരിക്കും പദ്ധതികള്‍ നടപ്പാക്കുക . 60 കോടി രൂപയാണ് മിഷന്റെ മൊത്തം ഫണ്ട്. ഇതില്‍ 20 കോടി രൂപ ആശ്രയ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായിരിക്കും. ആരോഗ്യ പരിരക്ഷ മുഖ്യപ്രശ്നമായി വരുന്ന നിരാലംബ ആശ്രയ കുടുംബങ്ങളുടെ പദ്ധതിക്കുള്ള ധനസഹായം മിഷനായിരിക്കും നല്‍കുക. പഞ്ചായത്തുകള്‍ ആരംഭിക്കുന്ന ‘ബഡ്സ്’ സ്കൂളുകള്‍ക്കുള്ള ധനസഹായവും പദ്ധതിയില്‍നിന്ന് നല്‍കും. സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പിന് കീഴിലുള്ള വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, ജുവനൈല്‍ വീടുകള്‍ തുടങ്ങിയ 48 സ്ഥാപനങ്ങള്‍ നവീകരിക്കുന്നതിന് അഞ്ചുകോടി രൂപ ചെലവഴിക്കും.

ഭൂബാങ്കിന് അഞ്ചുകോടി
തിരു: അന്യാധീനപ്പെട്ട അമ്പതിനായിരത്തോളം ഏക്കര്‍ ഭൂമി, പുറമ്പോക്കു ഭൂമി, റെവന്യൂ ഭൂമി, മിച്ചഭൂമി തുടങ്ങിയവ എല്ലാം കേരള സംസ്ഥാന ഭൂബാങ്കിന്റെ കീഴില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ഭൂരഹിതര്‍ക്കും വ്യവസായവല്‍ക്കരണത്തിനും ഇതില്‍ നിന്ന് ഭൂമി ലഭ്യമാക്കും. കേരള ഭൂബാങ്കിന് അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തി. ആറ്റിങ്ങല്‍, കോതമംഗലം, പിറവം, ആലത്തൂര്‍, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പുതിയ മിനി സിവില്‍ സ്റേഷനുകള്‍ ആരംഭിക്കും. കണ്ണൂര്‍, പള്ളുരുത്തി ഗവണ്‍മെന്റ് ഓഫീസ് കോംപ്ളക്സുകള്‍, പെരുമ്പാവൂര്‍, പേരാമ്പ്ര, റാന്നി, കുന്നംകുളം, നെടുങ്കണ്ടം മിനി സിവില്‍ സ്റേഷനുകള്‍, സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സെര്‍വന്റ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയാണ് പുതിയ പ്രധാന നിര്‍മാണപ്രവൃത്തികള്‍. കോഴിക്കോട് കോടതിയുടെ ഇരുനൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ഒന്നാംഘട്ടത്തിന് പണം വകയിരുത്തി.

ആനസംരക്ഷണ കേന്ദ്രത്തിന് അരക്കോടി
തിരു: ശ്രീലങ്കയിലെ പിന്നവേലിയിലെപോലെ ആനകള്‍ക്കൊരു സംരക്ഷണകേന്ദ്രം സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അധികമായി വകയിരുത്തി. വനംവകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. കൂട്ടംതെറ്റി വരുന്ന കാട്ടാനക്കുട്ടികളെ ഇവിടെ പരിപാലിക്കും. ആറന്മുള വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് പമ്പാനദിക്കുകുറുകെ റബര്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി 10 ലക്ഷം രൂപയും വകയിരുത്തി.

 

മിഥ്യാബജറ്റ്: ഉമ്മന്‍ ചാണ്ടി
തിരു: മിഥ്യാബജറ്റാണ് ധനമന്ത്രി ഡോ. തോമസ് എസക്ക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വാര്‍ധക്യകാല പെന്‍ഷന്‍ കേരളത്തില്‍ ഒരാള്‍ക്ക് പോലും അനുവദിക്കാന്‍ സര്‍ക്കാരിനായില്ല.

=====================================

1. മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷ ബദല്‍
തിരു: പാവങ്ങള്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കും കയ്യയച്ച് സഹായം. സര്‍വതലസ്പര്‍ശിയായ വികസനവകയിരുത്തല്‍. കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള മാര്‍ഗരേഖ മുന്നോട്ടുവെച്ച ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ആഗോളവത്കരണനയങ്ങളുടെയും കേന്ദ്രസര്‍ക്കാറിന്റെ നയസമീപനങ്ങളുടെയും പശ്ചാത്തലത്തില്‍ ഇടതുപക്ഷ ബദല്‍ എന്തെന്ന് പ്രഖ്യാപിക്കുന്നു.

കടക്കെണി, നികുതിവരുമാനം, നികുതി കുടിശിക, പലിശഭാരം, പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം, ധനമാനേജ്മെന്റ് തുടങ്ങി ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളെയും പൊളിച്ച ധനമന്ത്രി കേരളത്തിന്റെ മെച്ചപ്പെടുന്ന ധനസ്ഥിതിയുടെ ചിത്രമാണ് ബജറ്റില്‍ വരച്ചുകാട്ടിയത്. 2010-11ഓടെ റെവന്യുകമ്മി ഇല്ലാതാക്കാനും ധനകമ്മി പുര്‍ണമായും നിയന്ത്രണാധീനമാക്കാനും കഴിയുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. ഉല്പാദനവര്‍ധനവുമായി ബന്ധപ്പെടുത്തിയ സാമ്പത്തിക വളര്‍ച്ച, കൃഷി-പരമ്പരാഗത വ്യവസായമേഖലകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിതവ്യവസായങ്ങളും സേവനമേഖലകളും ശക്തിപ്പെടുത്തല്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ നവീകരണം, അടിസ്ഥാനസൌകര്യങ്ങളുടെ വികസനം, കൂടുതല്‍ തൊഴിലവസരങ്ങള്‍ തുടങ്ങിയവ ലക്ഷ്യമാക്കുന്ന ബജറ്റ് ക്ഷേമപദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നു. പാവങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താത്ത ഒരു വികസനപാതയും കേരളത്തിന് സ്വീകാര്യമല്ല എന്ന നിലപാടിനുള്ള പൂര്‍ണ പിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ മൂന്നാമത് ബജറ്റ്. കഷ്ടപ്പെടുന്നവരെ സംരക്ഷിക്കാന്‍ സമൂഹത്തിനുള്ള ബാധ്യത ബജറ്റ് ഓര്‍മ്മിപ്പിക്കുന്നു.

സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്്. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ക്ഷേമപെന്‍ഷനുകളുടെ ഇനത്തില്‍ വരുത്തിയ 686 കോടി രൂപയുടെ കുടിശിക വിതരണം ചെയ്ത എല്‍ഡിഎഫ് എല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചു. വിലക്കയറ്റം തടയുന്നതിനായി വിപണിയില്‍ ഇടപെടാന്‍ സപ്ളൈകോയ്ക്കും കണ്‍സ്യുമര്‍ഫെഡറേഷനും പരിധിയില്ലാതെ ധനസഹായം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്്. രണ്ടു രുപയ്ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതി ഈ സര്‍ക്കാറിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ വിളംബരമാണ്. ദരിദ്രരും പട്ടിണിക്കാരുമില്ലാത്ത കേരളമാണ് ബജറ്റ് ലക്ഷ്യമാക്കുന്നത്. ദാരിദ്യ്രരേഖക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്; സാമൂഹ്യസുരക്ഷാമിഷനായി 70 കോടി; മാനസികവളര്‍ച്ചയില്ലാത്ത കുട്ടികള്‍, അനാഥാലയങ്ങളിലെ കുട്ടികള്‍, രോഗികളായ കുഞ്ഞുങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള സഹായപദ്ധതികള്‍; സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വകയിരുത്തല്‍, വിദ്യാഭ്യാസപ്രോത്സാഹന നടപടികള്‍, സ്ത്രീശാക്തീകരണപദ്ധതികള്‍ തുടങ്ങി വന്‍കിട വികനപദ്ധതികള്‍ക്കൊപ്പം സമൂഹത്തിന്റെയാകെ ഉന്നമനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കഴിവുള്ളവര്‍ അധ:സ്ഥിതരെ സഹായിക്കുന്നതില്‍ ഭാഗഭാക്കാകണം എന്ന സന്ദേശമാണ് ചില്ലറവ്യാപാരമേഖലയിലെ കുത്തകകേന്ദ്രങ്ങളില്‍ നിന്ന് ഒരു ശതമാനം സര്‍ച്ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം.

2.  നികുതികുടിശ്ശിക തീര്‍പ്പാക്കാന്‍ ആംനെസ്റ്റി സ്കീം
തിരു: വാണിജ്യ നികുതി വകുപ്പില്‍ ഒടുക്കേണ്ട എല്ലാതരം നികുതി കുടിശ്ശികകളും തീര്‍പ്പാക്കുന്നതിന് ആംനെസ്റ്റി സ്കീം എന്ന പേരില്‍ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 2007 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് നികുതിവകുപ്പിന് ഏകദേശം 4280 കോടിയോളം രൂപ പിരിഞ്ഞുകിട്ടാനുണ്ട്. ഈ തുക പിരിച്ചെടുക്കുകയാണ് ലക്ഷ്യം.

1990-91 വരെയുള്ള നികുതിയുടെ 75 ശതമാനം ഒടുക്കിയാല്‍ പലിശയും പിഴയും പൂര്‍ണമായും മുതലിന്റെ 25 ശതമാനവും ഒഴിവാക്കും. 91-96 കാലത്തെ നികുതി പൂര്‍ണമായും ഒടുക്കിയാല്‍ പലിശയും പിഴയും ഒഴിവാക്കും. 97-2000 വരെയുള്ള കുടിശ്ശികയുടെ പലിശ, പിഴ എന്നിവയുടെ അഞ്ച് ശതമാനം അടയ്ക്കണം. 2000-05 കാലത്തെ കുടിശ്ശികയുടെ പലിശ, പിഴ എന്നിവയുടെ 10 ശതമാനം അടയ്ക്കണം. പലിശമാത്രം അടയ്ക്കാനുള്ള കേസുകളില്‍ അതിന്റെ 10 ശതമാനംമാത്രം അടച്ചാല്‍ മതിയാകുമെന്ന് മന്ത്രി പറഞ്ഞു.

ഈ പദ്ധതി അനുസരിച്ച് കുടിശ്ശിക സെറ്റില്‍ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നികുതി നിര്‍ണയ അധികാരി മുമ്പാകെ 2008 ജൂണ്‍ 30നുള്ളില്‍ അപേക്ഷിക്കണം.

നികുതി നിര്‍ണയം സംബന്ധിച്ച കേസുകള്‍ അദാലത്തുകള്‍ മുഖേന ഈ വര്‍ഷംതന്നെ തീര്‍പ്പാക്കും. സിഎസ്ടി നിയമപ്രകാരമുള്ള 2005-06ലെ അസെസ്മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കുമെന്ന് മന്ത്രി പറഞ്ഞു. നികുതി നിരക്കുകളില്‍ കുറവ് വരുത്തുന്നതിന് വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തും. വാറ്റ് ട്രിബ്യൂണലിന് അപ്പലേറ്റ് ബഞ്ച് ബാധകമാക്കുമെന്നും മന്ത്രി പറഞ്ഞു.

3. പാവങ്ങള്‍ക്ക് ചികിത്സ ഉറപ്പ്; വരുന്നു സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
തിരു: ദാരിദ്യ്രരേഖയ്ക്ക് കീഴിലുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന പദ്ധതി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പാവപ്പെട്ടവര്‍ ചികിത്സയ്ക്കായി അനുഭവിക്കുന്ന കഷ്ടപ്പാടിന് പരിഹാരമായി നടപ്പാക്കുന്ന പദ്ധതി കേന്ദ്രം പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രയോജനപ്പെടുത്തിയാകും. ഏറ്റവും താഴേക്കിടയിലുള്ള 30 ശതമാനം പേര്‍ക്കെങ്കിലും സൌജന്യവും കാര്യക്ഷമവുമായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാകും.

കേന്ദ്രസര്‍ക്കാര്‍ ദാരിദ്യ്രരേഖയ്ക്ക് കീഴിലെന്ന് അംഗീകരിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കുമാണ് ഈ വര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. ഇതിന് 20 കോടി രൂപ വകയിരുത്തി.

ആരോഗ്യ ഇന്‍ഷുറന്‍സ് ദാരിദ്യ്രരേഖയ്ക്കു കീഴിലുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൂടെന്നും താല്‍പ്പര്യമുള്ള ഏതൊരാളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി‘കേരള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്’ എന്ന പദ്ധതിക്ക് രൂപം നല്‍കും. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. ‘രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഈ ജില്ലകളെയാണ് തെരഞ്ഞെടുത്തത്. കേരള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്’ പദ്ധതിയുടെ പ്രത്യേകത, മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നു എന്നതാണ്. ഈ പദ്ധതിക്കും 20 കോടി വകയിരുത്തി.

കേന്ദ്രസര്‍ക്കാരിന്റെ ദാരിദ്യ്രരേഖയ്ക്കു കീഴില്‍വരുന്നവര്‍ക്ക് 30 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കിയാല്‍ മതി. പ്രീമിയമായ 750 രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയായി നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്യ്രരേഖയ്ക്കു കീഴില്‍ വരുന്നവര്‍ 100 രൂപ ഗുണഭോക്തൃ വിഹിതമായി നല്‍കണം. ബാക്കി പ്രീമിയം സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. ദാരിദ്യ്ര രേഖയ്ക്ക് മുകളിലാണെങ്കില്‍, കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കുപോലും സംഘടിത മേഖലയില്‍ തൊഴിലില്ലാതിരിക്കുകയും ഒരു ഹെക്ടറില്‍ താഴെമാത്രം ഭൂമിയുണ്ടായിരിക്കുകയും ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പ്രീമിയം; ബാക്കിയുള്ളവര്‍ മുഴുവന്‍ പ്രീമിയവും അടയ്ക്കണം. പൊതു ആരോഗ്യ സംവിധാനത്തെ ആസ്പദമാക്കി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. കണ്‍സള്‍ട്ടേഷന്‍ ഫീസ്, ടെസ്റുകളുടെ തുക, മുറിക്കോ കിടക്കയ്ക്കോ ഉള്ള വാടക, മരുന്ന് ഇവയൊക്കെ പൊതു ആരോഗ്യ സംവിധാനത്തെ അടിസ്ഥാനമാക്കിയായിരിക്കും രൂപം നല്‍കുക. ഈ നിരക്കിന് സേവനം നല്‍കാന്‍ സന്നദ്ധരായുള്ള സ്വകാര്യ ആശുപത്രികള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. ഇപ്പോഴുള്ള കേന്ദ്രപദ്ധതിയിലെ ആനുകൂല്യങ്ങള്‍ക്കു പുറമെ ഒപി ചികിത്സ, പ്രസവം, അപകടം തുടങ്ങിയവയ്ക്കുകൂടി പരിരക്ഷ നല്‍കാന്‍ ശ്രമിക്കും.

4.  പിന്നോക്കക്ഷേമത്തിന് 16 കോടി സച്ചാര്‍ : പാലോളി ശുപാര്‍ശ നടപ്പാക്കാന്‍ 10 കോടി
തിരു: സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കാന്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പാലോളി കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. മുസ്ളിം ജനവിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ സച്ചാര്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സച്ചാര്‍ നിര്‍ദേശങ്ങള്‍ക്ക് പ്രവര്‍ത്തന പരിപാടി ആവിഷ്കരിക്കുന്നതെന്നും മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചു. അറബിക്-മാപ്പിള പഠനങ്ങള്‍ക്ക് കലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും. പാവപ്പെട്ട മുസ്ളിം പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.

പിന്നോക്ക സമുദായ വികസനത്തിന് 16 കോടി രൂപ വകയിരുത്തി. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന് 3.5 കോടി രൂപയും പിന്നോക്ക സമുദായ വികസന കോര്‍പറേഷന് ഏഴുകോടി രൂപയും നീക്കിവച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പിന് 3.7 കോടി രൂപ വകയിരുത്തി.

സംയോജിത പാര്‍പ്പിട ചേരിവികസന പരിപാടിയില്‍ 100 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചെറുകിട-മധ്യ നഗരങ്ങളുടെ വികസനത്തിനുള്ള കേന്ദ്രപദ്ധതി പ്രകാരം 60 കോടി രൂപ ചെലവാക്കും. ആലപ്പുഴ കുടിവെള്ള പദ്ധതി ഇതിന്റെ കീഴില്‍ വരും. എന്നാല്‍, ഈ കുടിവെള്ള പദ്ധതിയുടെ ഗ്രാമീണ മേഖലയിലെ ജലവിതരണത്തിനു വേണ്ടിവരുന്ന പണം കേന്ദ്രാവിഷ്കൃത പദ്ധതിയില്‍നിന്ന് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത് പദ്ധതി നടത്തിപ്പിന് തടസ്സമാവില്ല. കേന്ദ്ര പണം ലഭിച്ചില്ലെങ്കില്‍ ബജറ്റില്‍നിന്ന് ആവശ്യമായ തുക നല്‍കും.

ആറ്റുകാല്‍ ടൌണ്‍ഷിപ്പിന്റെ നിര്‍മാണപ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. കേരള റൂറല്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ പുനഃസംഘടിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വായ്പാ സഹായം നല്‍കാനുള്ള ധനകാര്യ ഏജന്‍സിയായി വികസിപ്പിക്കും. 2008-09 ല്‍ പ്രവര്‍ത്തനം ആരംഭിക്കും. മാസ്റര്‍പ്ളാനുകളും വിശദമായ ടൌണ്‍ പ്ളാനുകളും പരിഷ്കരിക്കാന്‍ 2.5 കോടി രൂപ അധികം വകയിരുത്തി.

5.  അങ്കമാലി നഗരസഭാ സെക്രട്ടറിയെ വധിക്കുമെന്ന് വൈസ് ചെയര്‍മാന്റെ ഭീഷണി
അങ്കമാലി: അങ്കമാലി നഗരസഭാ സെക്രട്ടറിയെ വധിക്കുമെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍കൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയ വൈസ് ചെയര്‍മാന്‍ വിത്സണ്‍ മുണ്ടാടനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.

അങ്കമാലി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും സെക്രട്ടറി പരാതി നല്‍കി. എറണാകുളം റൂറല്‍ എസ്പി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. വൈസ് ചെയര്‍മാന്റെ അംഗത്വം റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പു കമീഷനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 26ന് പകല്‍ മൂന്നിനാണ് സംഭവം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി നഗരസഭയിലെ ഉദ്യോഗസ്ഥരുമായി പുറത്തുപോകുമ്പോള്‍ വൈസ് ചെയര്‍മാന്‍ വിത്സന്‍ മുണ്ടാടന്‍ തന്നെ തടയുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പിറ്റേന്ന് പകല്‍ മൂന്നിന് ഫോണില്‍വിളിച്ച് വീണ്ടും അധിക്ഷേപിച്ചു. തുടര്‍ന്ന് മൂന്നേമുക്കാലോടുകൂടി മുറിയിലേക്ക് അതിക്രമിച്ചു കയറി ‘എടാ പട്ടി നിന്നെ ക്വാര്‍ട്ടേഴ്സില്‍വന്ന് കഥകഴിക്കുമെന്നും തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാനാണ് ശ്രമമെങ്കില്‍ അവിടെവന്നാണെങ്കിലും കൈകാലുകള്‍ വെട്ടു’മെന്നും വൈസ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്ന് സെക്രട്ടറി പരാതിയില്‍ പറയുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് തനിക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുകയും വധഭീഷണി മുഴക്കുകയുംചെയ്ത വൈസ് ചെയര്‍മാന്റെ നടപടിയില്‍ നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാക്കളായ വത്സല ഹരിദാസും കെ ഐ കുര്യാക്കോസും പ്രതിഷേധിച്ചു. വൈസ് ചെയര്‍മാന്റെ നടപടി ഗുരുതരമാണെന്നും വച്ചുപൊറുപ്പിക്കാവുന്നതല്ലെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

വൈസ് ചെയര്‍മാന്റെ വഴിവിട്ട കാര്യങ്ങള്‍ക്ക് സെക്രട്ടറി കൂട്ടുനില്‍ക്കാത്തതാണ് ഭീഷണിക്കു കാരണമായത്. വധഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പൊലീസ് സംരക്ഷണം നല്‍കണം. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇക്കാര്യത്തിലെടുക്കുന്ന നിലപാടിനോട് പാര്‍ലമെന്ററി പാര്‍ടിക്ക് യോജിപ്പില്ല. മുനിസിപ്പല്‍ സെക്രട്ടറി പരാതി കൊടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം പോലുമുണ്ടാകാതിരുന്നത് ഗൌരവമാണ്. വൈസ് ചെയര്‍മാനെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉപേക്ഷിക്കണം. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് പരാതി കൊടുക്കുമെന്ന് വത്സല ഹരിദാസും കുര്യാക്കോസും പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കേസെടുത്തെന്ന് അങ്കമാലി പൊലീസ് അറിയിച്ചു.

6.  സംയുക്തയോഗം 15നകം വിളിക്കണം: ഇടതുപക്ഷം
ന്യൂഡല്‍ഹി: ആണവകരാറിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് 15നകം യുപിഎ-ഇടതുപക്ഷ പ്രത്യേകസമിതിയുടെ യോഗം വിളിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം അടങ്ങുന്ന കത്ത് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് സമിതി കണ്‍വീനര്‍കൂടിയായ വിദേശമന്ത്രി പ്രണബ്മുഖര്‍ജിക്ക് വ്യാഴാഴ്ച നല്‍കി.

ആണവകരാര്‍വിഷയത്തില്‍ യുപിഎസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ബുഷ് ഭരണകൂടത്തിന് വഴങ്ങുമോ അതോ ജനാധിപത്യപരമായി പാര്‍ലമെന്റിന്റെയും ജനങ്ങളുടെയും ഇച്ഛയ്ക്കൊത്ത് കരാറിനെതിരെ നില്‍ക്കുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കപ്പെടുകയെന്നും ഇടതുപക്ഷം മുന്നറിയിപ്പു നല്‍കി. മാര്‍ച്ച് അവസാനവാരം വിദേശമന്ത്രി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഇടതുപക്ഷത്തിന്റെ നിര്‍ദേശം.

കരാറില്‍ ഒപ്പുവയ്ക്കുകയെന്ന രാജ്യത്തിന് ദോഷകരമായ നീക്കം തടയാനാവശ്യമായ എല്ലാ നടപടിയും ഇടതുപക്ഷം കൈക്കൊള്ളുമെന്ന് സിപിഐ എമ്മിന്റെ മുഖപത്രമായ ‘പീപ്പീള്‍സ് ഡെമോക്രസി’ രാഷ്ട്രീയാവലോകനത്തില്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ സുരക്ഷാകരാര്‍ സംബന്ധിച്ച് യോജിച്ച കരട് ഉണ്ടാക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രം തുടര്‍നടപടി കൈക്കൊള്ളാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതേണ്ട. യുപിഎ നേരത്തെ രേഖാമൂലം നല്‍കിയ ഉറപ്പനുസരിച്ച് സമിതിയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുകതന്നെവേണം. അതിനുമുമ്പുതന്നെ തുടര്‍നടപടിയുമായി മുന്നോട്ടുപോകുമെന്ന രീതിയില്‍ വിദേശമന്ത്രിയും പ്രധാനമന്ത്രിയും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന ഖേദകരമാണെന്നും സപിഐ എം വ്യക്തമാക്കി.

പ്രകാശ് കാരാട്ടുമായി എ കെ ജി ഭവനില്‍ വ്യാഴാഴ്ച രാവിലെ സമിതി അംഗവും സിപിഐ നേതാവുമായ ഡി രാജ ചര്‍ച്ച നടത്തി.

7. തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിഷമവൃത്തത്തില്‍
ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ വന്‍ ആശയക്കുഴപ്പം. കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച പൊതു ബജറ്റ് ഉയര്‍ത്തിക്കാട്ടി ഉടന്‍ തെരഞ്ഞെടുപ്പിലേക്കു പോകണമെന്നാണ് പാര്‍ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്. ഒക്ടോബറില്‍ ഉത്തരേന്ത്യയിലെ നാലു സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പും നടത്തണമെന്നാണ് പാര്‍ടിയിലെ യുവതുര്‍ക്കികളും ഉദാരവല്‍്ക്കരണലോബിയും വാദിക്കുന്നത്.

എന്നാല്‍, സീനിയര്‍ നേതാക്കള്‍ ഇതിനോട് യോജിക്കുന്നില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നതിന് ഒരു ഉറപ്പുമില്ലെന്ന് ഇവര്‍ പറയുന്നു. അതോടൊപ്പം പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ തോല്‍വിയായിരിക്കും ഫലം.

ആണവകരാര്‍ മുന്നോട്ടു കൊണ്ടുപോയി തെരഞ്ഞെടുപ്പിലേക്ക് പോകണമെന്നാണ് യുവതുര്‍ക്കികളും മറ്റും വാദിക്കുന്നത്. കരാറിന്റെ പേരില്‍ സര്‍ക്കാരിനെ താഴെ ഇറക്കിയാല്‍ ഇടതുപക്ഷത്തെ കര്‍ഷകവിരുദ്ധരെന്ന് ആക്ഷേപിച്ച് അവര്‍ ശക്തമായ സംസ്ഥാനങ്ങളില്‍ തളര്‍ത്താമെന്നാണ് വാദം. എന്നാല്‍, പ്രണബ് മുഖര്‍ജി, അര്‍ജുന്‍ സിങ് തുടങ്ങിയ സീനിയര്‍ നേതാക്കള്‍ ഈ നീക്കത്തിന് എതിരാണ്.

രണ്ടു കാരണമാണ് ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ നിരത്തുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ സുരക്ഷാ കരാറിനെക്കുറിച്ച് എത്തുന്ന ധാരണ യുപിഎ-ഇടതുപക്ഷ സമിതിയില്‍ വയ്ക്കാമെന്ന് ഇടതുപക്ഷത്തിന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. അതുചെയ്യാതെ മുന്നോട്ടുപോകുന്നത് യുപിഎ വഞ്ചകരാണെന്ന പ്രചാരണം നടത്താന്‍ ഇടതുപക്ഷത്തിന് അവസരം നല്‍കും. രണ്ടാമതായി ആണവകരാറിന്റെ പേരില്‍ സര്‍ക്കാര്‍ വീണാല്‍ പ്രചാരണവേളയില്‍ അക്കാര്യം മുഴച്ചു നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി ബജറ്റില്‍ പ്രഖ്യാപിച്ച നടപടി എന്നിവയ്ക്കെല്ലാം മങ്ങലേല്‍ക്കും. അമേരിക്കന്‍ വിരുദ്ധതലത്തില്‍ പ്രചാരണം മാറിയാല്‍ അത് ന്യൂനപക്ഷത്തിന്റെ വോട്ട് നഷ്ടമാക്കുകയുംചെയ്യും.

തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സ്ഥിതി പഴയതുപോലെ സംജാതമായാല്‍ ഇടതുപക്ഷത്തെ ആശ്രയിക്കേണ്ടി വരുമെന്നതിനാല്‍ അവരെ വെറുപ്പിച്ച് പറഞ്ഞയക്കേണ്ട എന്ന ചിന്താഗതിയും ശക്തമാണ്. തെരഞ്ഞെടുപ്പിലേക്കു പോകണമെങ്കില്‍പ്പോലും അത് ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷത്തെ ചൊടിപ്പിച്ചായിരിക്കരുതെന്നാണ് ഇവരുടെ അഭിപ്രായം.

ആണവകരാര്‍ നടപ്പാക്കാന്‍ താല്‍പ്പര്യമുള്ള അമേരിക്കയാകട്ടെ പണമിറക്കി മാധ്യമങ്ങളില്‍ കരാര്‍ നടപ്പാക്കാന്‍ പോകുകയാണെന്ന് എഴുതിപ്പിടിപ്പിക്കയുമാണ്. ഈ മാധ്യമ സിന്‍ഡിക്കറ്റിന് വളമേകാന്‍ ബിജെപിയും അദ്വാനിയും മറ്റും രംഗത്തുണ്ട്.

8. ഭക്ഷ്യശേഖരം കുറയുന്നു; സാര്‍ക് കൃഷിസമ്മേളനത്തില്‍ ആശങ്ക
ന്യൂഡല്‍ഹി: ആഗോള ഭക്ഷ്യധാന്യശേഖരം കുറഞ്ഞുവരുന്നതില്‍ സാര്‍ക് രാജ്യങ്ങളിലെ കൃഷിമന്ത്രിമാരുടെയും ശാസ്ത്രജ്ഞരുടെയും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.

കൃഷി ആഗോളമായും പ്രാദേശികമായും പ്രതിസന്ധിയിലേക്ക് പ്രവേശിച്ചിരിക്കയാണെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥന്‍ പറഞ്ഞു. കാര്‍ഷികരംഗത്തുള്ള ഈ പ്രതിസന്ധി മറികടക്കാന്‍ ആശയങ്ങളും വിജ്ഞാനവും പരസ്പരം കൈമാറാന്‍ തയ്യാറാകണം. ദാരിദ്യ്രവും വിശപ്പും ഇല്ലാതാക്കാന്‍ ചെറുകിട കര്‍ഷകരെ ശക്തിപ്പെടുത്തണം. ആ മേഖലയിലുണ്ടാകുന്ന തൊഴിലവസരങ്ങളും ഉല്‍പ്പാദനവര്‍ധനയുംകൊണ്ട് മാത്രമേ ഗ്രാമീണമേഖലയിലെ ദാരിദ്യ്രവും പട്ടിണിയും ഇല്ലാതാക്കാന്‍ കഴിയൂ. കാര്‍ഷികവളര്‍ച്ചനിരക്ക് കൈവരിച്ചാല്‍മാത്രമേ വാണിജ്യത്തിലും നേട്ടമുണ്ടാക്കാന്‍ കഴിയൂ. ദാരിദ്യ്രം, ഭക്ഷ്യപ്രതിസന്ധി എന്നീ ഭീഷണികളെ നേരിടാനും വളര്‍ച്ചനിരക്ക് ഉയരണം. ദക്ഷിണേഷ്യ സ്വതന്ത്ര വ്യാപാരക്കരാര്‍ ശക്തിപ്പെടുത്തണം. സാര്‍ക് രാജ്യങ്ങള്‍ക്കിടയില്‍ വിജ്ഞാനവ്യാപനം, കീടങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചുമുള്ള മുന്നറിയിപ്പ് കൈമാറല്‍ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിക്ഷേപം, ഗ്രാമീണ പശ്ചാത്തലസൌകര്യങ്ങള്‍, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, വൈവിധ്യവല്‍ക്കരണം എന്നീ കാര്യങ്ങളില്‍ വളര്‍ച്ച നേടാത്തതാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കാര്‍ഷികവളര്‍ച്ച പിന്നോട്ടടിക്കാന്‍ കാരണമെന്ന് കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍ പറഞ്ഞു.

കൃഷിക്കളങ്ങള്‍ക്ക് ഗുണനിലവാരമുള്ള വളം, കീടനാശിനി എന്നിവ ലഭ്യമാക്കാത്തതും മണ്ണിന്റെ ഫലഭുയിഷ്ഠത കുറഞ്ഞുവരുന്നതും ജലവിഭവത്തിന്റെ ദൌര്‍ലഭ്യവും കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ദേശീയ ഗവണ്‍മെന്റുകള്‍ കൃഷിക്ക് മുന്തിയ പരിഗണന നല്‍കിയാല്‍മാത്രമേ കാര്‍ഷികവളര്‍ച്ചനിരക്ക് ഉയര്‍ത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സാര്‍ക് രാജ്യങ്ങള്‍ക്കായി പൊതു വിത്തുബാങ്ക്, സംയുക്ത ഗവേഷണകേന്ദ്രം, പൊതുവായ്പാനിധി എന്നിവ രൂപീകരിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ കൃഷിമന്ത്രി ഉബൈദുള്ള റമിന്‍ നിര്‍ദേശിച്ചു.

ശ്രീലങ്കയുടെ ഭക്ഷ്യാവശ്യത്തിന്റെ 32 ശതമാനം ഇറക്കുമതിയിലൂടെയാണ് നിര്‍വഹിക്കുന്നതെന്ന് ശ്രീലങ്കന്‍ കൃഷിമന്ത്രി മല്‍ത്രിപല സിരിദെന പറഞ്ഞു. ഭക്ഷ്യ ഇറക്കുമതിക്കായി 100 ബില്യന്‍ ശ്രീലങ്കന്‍ രൂപ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖപ്രസംഗം – ദീപിക

അടിസ്ഥാന പ്രശ്നങ്ങള്‍ മറന്ന് കണക്കു കൊണ്ടൊരു കളി
കണക്കിലെ കളികളുമായി ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളെയും വികസന പ്രതിസന്ധികളെയും പരിഗണിച്ചിട്ടില്ല. നക്കാപ്പിച്ച ആനുകൂല്യങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയും ക്ഷേമ പദ്ധതികളുടെ തുക വര്‍ധിപ്പിച്ചും കുറെ ആളുകള്‍ക്ക് പണം വീതം വച്ചു നല്‍കിയിരിക്കയാണ്. ഇത് ഒരിക്കലും മികച്ചൊരു ധനകാര്യ മാനേജ്മെന്റ് ആവില്ല. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലും ബജറ്റിനു മുമ്പ് പുറത്തിറക്കിയ സാമ്പത്തിക നയരേഖയിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മിഥ്യാധാരണകളാണെന്നാണ് ഇപ്പോള്‍ ധനമന്ത്രി പറയുന്നത്.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 68 ശതമാനം ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് ചെലവാക്കുന്നതെന്നും റവന്യൂ കമ്മി കുറഞ്ഞെങ്കിലും കടബാധ്യത മൂന്നിരട്ടിയായെന്നും നിയമസഭയില്‍ അവതരിപ്പിച്ച സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ പൊതുക്കടം 57138.71 കോടി രൂപയായി ഉയര്‍ന്നവെന്നു സാമ്പത്തിക സര്‍വേയും വ്യക്തമാക്കി. 2005-’06 ല്‍ കടത്തിന്റെ വര്‍ധന നിരക്ക് 9.67 ശതമാനമായിരുന്നത് 2007-’08 ല്‍ 14.56 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ സാമ്പത്തിക സര്‍വേയിലെ വിവരങ്ങള്‍ പുറത്തു വന്നതിന്റെ അടുത്ത ദിവസം അവതരിപ്പിച്ച ബജറ്റില്‍ സംസ്ഥാനത്തിന്റെ കടബാധ്യത ഒട്ടും ആശങ്കാജനകമല്ലെന്ന് ധനമന്ത്രി പറയുന്നത് ഉള്‍ക്കൊള്ളാന്‍ സാമ്പത്തിക വിദഗ്ദ്ധരും സാമാന്യ ജനങ്ങളും മടിക്കുന്നു.

കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ആശങ്ക വേണ്െടന്ന് ധനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ടു മാത്രം അത് ഒഴിവാകുമോ? അല്ലെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിക്കേണ്ടിയിരുന്നു. ബജറ്റിലെ സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ പോലും ഈ നിലപാടിനെ സാധൂകരിക്കുന്നില്ല. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റവന്യൂ കമ്മി കാണിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക സര്‍വേയില്‍ ചൂണ്ടിക്കാട്ടിയ കാര്യവും ബജറ്റില്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളോഹരി കടബാധ്യതയുള്ളതു കേരളത്തിലാണെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതൊക്കെ അടിസ്ഥാനമില്ലാത്ത നിഗമനങ്ങളാണെന്ന് പറയാന്‍ ഏങ്ങനെ സാധിക്കും.

ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞ ഒന്‍പത് മിഥ്യാധാരണകള്‍ മന്ത്രിയുടെ മാത്രം മിഥ്യാധാരണകളാണോ എന്ന് സംശയിക്കത്ത നിലയിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ബജറ്റ് നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും. മിഥ്യകളില്‍ നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് സമൂഹത്തെ നയിക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ ഏതാനും ക്ഷേമ പദ്ധതികളിലൂടെ മാത്രം സാധിതമാകുമോ എന്നും സംശയിക്കണം. കേരളം കടക്കെണിയിലാണെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍ മിഥ്യാധാരണയാണെന്ന് ധനകാര്യമന്ത്രി പറയുന്നെങ്കില്‍ നമ്മുടെ ധനകാര്യ നയങ്ങള്‍ ഇനി ഏത് ദിശയിലാവും പോവുക എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

വികസന പദ്ധതികള്‍ക്ക് കടം എടുക്കാമെന്ന നിലപാട് സാധൂകരിക്കുന്നതിനുവേണ്ടി ചില അഭ്യാസ പ്രകടനങ്ങളും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നടത്തുന്നുണ്ട്. റവന്യൂ കമ്മി കുറച്ചുകൊണ്ടുവന്ന് രണ്ടായിരത്തിപ്പത്തോടെ പൂജ്യത്തിലാക്കാമെന്നും അങ്ങനെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി മൂലധനസമാഹരണം കൂടുതല്‍ സാധ്യമാക്കാമെന്നുമാണ് ധനമന്ത്രിയുടെ വാദം. വരവും ചെലവും തുല്യമാക്കി കമ്മി കുറയ്ക്കുന്നതുകൊണ്ടു മാത്രം ഒരു സംസ്ഥാനത്തന്റെ ധനകാര്യസ്ഥിതി മെച്ചപ്പെടില്ല. അതിന് ദീര്‍ഘ വീക്ഷണത്തോടെയുള്ള നയങ്ങളും പദ്ധതികളുമാണാവശ്യം.

ഇത്തവണത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍ വൈദഗ്ദ്ധ്യത്തിന്റെയും അവതരണമികവിന്റെയും ബലത്തില്‍ പുറമെ ചില മിനുക്കുപണികള്‍ നടത്തിയിട്ടുണ്െടങ്കിലും അടിസ്ഥാന പ്രശ്നങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടില്ല. പാവങ്ങളെയും പ്രായമായവരെയും പ്രത്യേകം പരിഗണിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടവ തന്നെ. ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചതും ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയതും ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഏറെ ്പ്രയോജനകരമാണ്. ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രായോഗികതയും നടപ്പാക്കലും സംബന്ധിച്ച് വിശദാംശങ്ങള്‍ വരുമ്പോഴേ വ്യക്തതയുണ്ടാവൂ. പദ്ധതികള്‍ പലതിനും പണം അനുവദിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്െടങ്കിലും അത് എവിടെനിന്ന് എന്ന് ചൂണ്ടിക്കാട്ടാത്തതും പ്രഖ്യാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നു.

കാര്‍ഷിക മേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിലും ബജറ്റ് പരാജയപ്പെട്ടു. കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ പദ്ധതികളുടെ പ്രയോജനം രാഷ്ട്രീയമായി പരിഹരിച്ചെടുക്കുന്നതിന് സമൂഹത്തിലെ മറ്റു ചില വിഭാഗങ്ങളെ ആനുകൂല്യങ്ങളിലൂടെ സ്വാധീനക്കാനുള്ള ശ്രമവും ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ നിഴലിച്ചുകാണാം. കെ എസ് ആര്‍ ടി സിയുടെയും ജല അഥോറിറ്റിയുടെയും വന്‍തുക ബാധ്യത എഴുതിത്തള്ളിയെങ്കിലും അത് ഈ സ്ഥാപനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്കു പരിഹാരമാവില്ല. മികച്ച ധനകാര്യ മാനേജ്മെന്റിലുപരി രാഷ്ട്രീയമായ ചില നീക്കങ്ങളാണ് ഈ ബജറ്റ് വെളിപ്പെടുത്തുന്നത്.

==============================

1. ദീപിക റിപ്പോര്‍ട്ട് ശരിവച്ചു – പതിനായിരം വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്‍കും: ബജറ്റ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതിയ പദ്ധതികളായി ഇന്നലെ ദീപിക എക്സ്ക്ളൂസീവ് ആയി റിപ്പോര്‍ട്ട് ചെയ്ത എല്ലാ പദ്ധതികളും അടുത്തവര്‍ഷം നടപ്പാക്കുന്നവയാണെന്ന് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-12) രണ്ടാം വര്‍ഷം (2008-09) സംസ്ഥാനം നടപ്പാക്കുന്ന പദ്ധതികളായി നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട രേഖയിലാണ് ഈ വിവരമുള്ളത്.

ഈ രേഖയിലാണ് ഓരോ വകുപ്പും നടത്തുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളുള്ളത്. 527 പേജുള്ള ഈ രേഖയില്‍ പറഞ്ഞിട്ടുള്ള എല്ലാ പദ്ധതികളും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉള്‍പ്പെടുത്തിയവയുടെ തന്നെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പായി അഞ്ചുകോടി രൂപയും, കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി 4.6 കോടി രൂപയും ചെലവാക്കുമെന്ന് ബജറ്റ് പ്രസംഗത്തിലുണ്ട്.

ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്ന പ്രധാന പദ്ധതിയാണിത്. ഈ സ്കോളര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ ബജറ്റ് രേഖയില്‍ ഇങ്ങനെ പറയുന്നു.

ഹയര്‍ സെക്കന്‍ഡറി മേഖലയിലെ 10,000 വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 500 ലക്ഷം രൂപ നീക്കി വയ്ക്കുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ഇത്. (പേജ് 151 ഇനം 27)

ഉന്നത വിദ്യാഭ്യാസ മേഖയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത് 4.6 കോടി രൂപയാണ് എന്നാല്‍, രേഖയിലുള്ളത് ദീപിക റിപ്പോര്‍ട്ട് ചെയ്തതുപോലെ 4000 കോളജ് വിദ്യാര്‍ഥികള്‍ക്കു 10,000 രൂപവീതം നല്‍കാന്‍ നാലുകോടി രൂപ എന്നാണ്.

ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ ഹൈസ്കൂളിലെ ഉച്ചഭക്ഷണ പരിപാടിക്കായി 10 കോടി രൂപ നീക്കിവച്ചതായും ബജറ്റ് രേഖയിലുണ്ട്. (പേജ് 151 ഇനം 26)

പുതിയ ഐടിഐകള്‍ സ്ഥാപിക്കുന്നതിന് 4.2 കോടിരൂപ നീക്കിവയ്ക്കുന്നതായി ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ കോളജുകളില്‍ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നതിന് 75 ലക്ഷം രൂപ നീക്കിവച്ചതായി ബജറ്റ് രേഖയിലുണ്ട് (പേജ് 153 ഇനം 4).

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മെഡിസിന്‍ സ്ഥാപിക്കുന്നതിനു ഒരു കോടി രൂപ

നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഹോമിയോ ഫാര്‍മസികോളജിന് 20 ലക്ഷം നല്‍കുന്നതായും മന്ത്രി പ്രഖ്യാപിച്ചു.

ഏഴാംക്ളാസിലെ അവസാന പരീക്ഷയ്ക്ക് 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുവാന്‍ 30 ലക്ഷം രൂപ നീക്കിവയ്ക്കുന്നതായും ബജറ്റ് രേഖയിലുണ്ട്. (പേജ് 148:11).

കലാകാരന്മാരായ കുട്ടികള്‍ക്ക് കലാമത്സരങ്ങളില്‍ സംബന്ധിക്കുവാന്‍ സഹായിക്കുന്നതിനും 30 ലക്ഷം രൂപ നീക്കിവയ്ക്കുന്നതായി ബജറ്റ് രേഖ സൂചിപ്പിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസനത്തിനു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 100 കോടിക്കു മാച്ചിംഗ് തുകയായി കേരളം 20 കോടിരൂപ നല്‍കേണ്ടതുണ്ട്. അതിനായി പക്ഷേ, 50 ലക്ഷം രൂപയാണ് ബജറ്റിലുള്ളതെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു (പേജ് 188:6)

ഹോമിയോപ്പതി മെഡിക്കല്‍ എഡ്യൂക്കേഷനു പ്രത്യേക ഡയറക്ടറേറ്റ് സ്ഥാപിക്കുവാന്‍ 25 ലക്ഷം രൂപ ചെലവാക്കുമെന്നും ബജറ്റ് രേഖയിലുണ്ട്. (പേജ് 193. ഇനം 2) ഇക്കാര്യവും മന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നില്ല. നഗര പ്രദേശങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ ആയി റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകള്‍ ആരംഭിക്കുവാന്‍ രണ്ടരക്കോടി രൂപ 2008 -09 ല്‍ നീക്കിവയ്ക്കുന്നതായും രേഖകള്‍ പറയുന്നു.

സുനാമി ഭവന നിര്‍മാണ പദ്ധതിക്ക് 27 കോടി സുനാമി ഭവന നിര്‍മാണ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുവാന്‍ 80.2 കോടിയും നീക്കിവയ്ക്കുന്നതായി ബജറ്റ് രേഖയിലുണ്ട്. (പേജ് 202).

സ്റ്റേറ്റ് അര്‍ബന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന് 12 ലക്ഷം നീക്കിവച്ചു.

തൊഴിലും തൊഴില്‍ ക്ഷേമവും വകുപ്പ്, എറണാകുളത്തോ കൊല്ലത്തോ വെല്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കം ടെസ്റ്റിംഗ് സെന്റര്‍ തുടങ്ങുമെന്ന് ബജറ്റ് രേഖയിലുണ്ട്. ഇതിനായി ഒരു കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. (പേജ് 213)

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ആഭിമുഖ്യത്തില്‍ പ്രവാസി ഗ്രാമം പണിയുവാന്‍ 50 ലക്ഷം രൂപ ബജറ്റിലുണ്ട്. (പേജ് 213 ഇനം 20)

വീടില്ലാത്ത പട്ടികജാതിക്കാര്‍ക്കു വീട് നിര്‍മ്മിക്കുവാന്‍ 10 കോടി രൂപ ബജറ്റിലുണ്ട്. ഭൂമിയില്ലാത്ത പട്ടികജാതിക്കാര്‍ക്കു ഭൂമി വാങ്ങിക്കാന്‍ അഞ്ചുകോടി രൂപയും ബജറ്റിലുണ്ട്. (പേജ് 221).

വൃദ്ധസദനങ്ങള്‍ ആരംഭിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവ നടത്തിക്കൊണ്ടുപോകുവാനുള്ള ഭരണച്ചെലവുകള്‍ക്കായി പ്രതിമാസം രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്നും ബജറ്റ് രേഖയിലുണ്ട്.

വിഴിഞ്ഞം പദ്ധതി 25 കോടി രൂപ നീക്കിവയ്ക്കുന്നതായി ബജറ്റ് പ്രസംഗത്തിലുണ്ട്. ജില്ലാ കാര്‍ഷിക പദ്ധതിക്കായി 50 ലക്ഷം രൂപയും പ്രോജക്ടുകള്‍ തയാറാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളെ സജ്ജമാക്കുവാന്‍ പ്ളാനിംഗ് ബോര്‍ഡില്‍ സംവിധാനം ഉണ്ടാക്കുവാന്‍ 90 ലക്ഷം രൂപയും രണ്ടാം വര്‍ഷത്തെ പദ്ധതിയിലുണ്ട്. (പേജ് 244).

ജഡജിമാരുടെ ക്വാര്‍ട്ടേഴ്സിന് 4.75 കോടി (പേജ് 252) റേഷന്‍ കടകളുടെ മുഖം മിനുക്കാന്‍ 15 ലക്ഷം (പേജ് 254) കുട്ടനാട് എക്കോ സിസ്റ്റം വികസനത്തിന് 50 ലക്ഷം (പേജ് 12) കന്നുകാലി വികസനത്തിന് 10 കോടി (പേജ് 21) ഡയറി കര്‍ഷകര്‍ക്കു ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുവാന്‍ 25 ലക്ഷം (പേജ് 29) മത്സ്യബന്ധന ഉപകരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുവാന്‍ ഒരുകോടി (പേജ് 38) തുടങ്ങിയവയെല്ലാം സര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തെ പദ്ധതി പരിപാടികളാണെന്നും രേഖ പറയുന്നു.

ആതിരപ്പിള്ളി, ചിമ്മിനി, അച്ചന്‍കോവില്‍, ചിന്നാര്‍, പീച്ചി എന്നീ പുതിയ വൈദ്യുതി പ്രോജക്ടുകള്‍ ഏറ്റെടുക്കുമെന്ന് ബജറ്റിലുണ്ട്. ആതിരപ്പിള്ളി പദ്ധതിക്കു 60 കോടിരൂപയാണ് നീക്കിവയ്ക്കുന്നത്.

41 സബ്സ്റ്റേഷുകള്‍ക്കായി 160 കോടി ചെലവഴിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇക്കാര്യവും ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിമെട്രോ റെയില്‍വേക്കു ഒന്നരക്കോടി രൂപ നീക്കിവയ്ക്കുമെന്നും ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2. സംസ്ഥാന ബജറ്റ് 2008
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരതാ പദ്ധതി

തിരുവനന്തപുരം: കാര്‍ഷിക ഉത്പന്നങ്ങളുടെ വില സ്ഥിരതയ്ക്കായി പദ്ധതി നടപ്പിലാക്കുമെന്നു ധനകാര്യമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചൂണ്ടികാട്ടുന്നു. കടാശ്വാസ പദ്ധതിയില്‍ മിച്ചം വരുന്ന തുക ഇതിലേക്ക് വിനിയോഗിക്കും. കാര്‍ഷികോത്പന്ന സംഭരണത്തിനായിട്ടുള്ള മറ്റു ഫണ്ടുകളും ഇതുമായി സംയോജിപ്പിക്കും.കൃഷിക്കാര്‍ക്കുള്ള ക്ഷേമനിധി ഈ വര്‍ഷം രൂപീകരിക്കും. സര്‍ക്കാര്‍ വിഹിതമായി ഒരുകോടി രൂപ വകയിരുത്തി. കിസാന്‍ശ്രീ ഈ വര്‍ഷം വിപുലപ്പെടുത്തും.

കൃഷിക്കും അനുബന്ധ മേഖലയ്ക്കും 365 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക പുനരുദ്ധാരണം ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കും.

നെല്‍കൃഷിക്ക് പലിശ സബ്സിഡി, ഗ്രൂപ്പ് ഫാമിംഗ്, തരിശുഭൂമി കൃഷി യോഗ്യമാക്കല്‍ യന്ത്രവല്‍ക്കരണം തുടങ്ങിയവയ്ക്കായി 20 കോടി രൂപ നല്കും. സംയോജിത കേര വികസന പരിപാടിക്കായി 15 കോടി രൂപ നീക്കി വച്ചു. നാളികേരത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ നാലു രൂപ താങ്ങുവില പ്രഖ്യാപിച്ചു. 1000 പച്ചക്കറി ഗ്രാമങ്ങള്‍ക്ക് രൂപം നല്കി കൊണ്ട് ഹരിതശ്രീ പദ്ധതി ശക്തിപ്പെടുത്തും. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ വിഹിതമായി മൂന്ന് കോടിരൂപ വകയിരുത്തി. കാര്‍ഷിക സര്‍വകലാശാലയുടെ ധനസഹായം 20 കോടി രൂപയില്‍ നിന്ന് 30.25 കോടി രൂപയായി ഉയര്‍ത്തുന്നു.

ഡയറി വികസനത്തിന് ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.20 കോടി രൂപ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സേവനശൃംഖല മെച്ചപ്പെടുത്തുന്നതിനുവേണ്ടി വകയിരുത്തിയിട്ടുണ്ട്. കന്നുകുട്ടി പരിപാലന പരിപാടിക്ക് 8.25 കോടി രൂപയാണുള്ളത്. പുരയിട കൃഷി സമ്പ്രാദായത്തിന്റെ ഭാഗമായി പശു, കോഴി, ആട്, ടര്‍ക്കി, തീറ്റപ്പുല്‍ എന്നിവയടങ്ങുന്ന സംയോജിത യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 10 കോടി വകയിരുത്തി.മൊത്തം 70 കോടി രൂപയാണ് മൃഗസംരക്ഷണമേഖലയ്ക്ക് വേണ്ടി വിനിയോഗിച്ചിരിക്കുന്നത്.ക്ഷീര കൃഷിക്കാരുടെ ക്ഷേമനിധിയില്‍ സര്‍ക്കാരിന്റെ അംശാദായമില്ല.

നികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി

തിരുവനന്തപുരം: നികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേ ക ആംനസ്റ്റി സ്കീം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കി. വാണിജ്യ നികുതി വകുപ്പില്‍ ഒടുക്കേണ്ട എല്ലാത്തരം നികുതി കുടിശികകളും തീര്‍പ്പാക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതി പ്രകാരം 1990-91 വരെയുള്ള കാലത്തേക്കുള്ള നികുതിയുടെ 75 ശതമാനം ഒടുക്കിയാല്‍ പലിശയും പിഴയും പൂര്‍ണമായും മുതലിന്റെ 25 ശതമാനവും ഒഴിവാക്കും. 1991-92 മുതല്‍ 1995-96 കാലത്തേക്കുള്ള നികുതിയുടെ 100 ശതമാനം ഒടുക്കണം. പലിശയും പിഴയും പൂര്‍ണമായും ഒഴിവാക്കും. 1996-97 മുതല്‍ 1999-2000 വരെയുള്ള കാലത്തേക്കുള്ള കുടിശിക യുടെ പലിശ, പിഴ എന്നിവയുടെ അഞ്ചു ശതമാനം വീതവും നികുതി 100 ശതമാനവും ഒടുക്കണം. 2001-01 മുതല്‍ 2004-05 കാലത്തേക്കുള്ള കുടിശികയുടെ പലിശ, പിഴ എന്നിവയുടെ 10 ശതമാനം വീതവും നികുതി 100 ശതമാനവും അടയ്ക്കണം. നികുതി മുഴുവനും അടച്ചുകഴിഞ്ഞതും പ ലിശമാത്രം അടയ്ക്കാനുള്ളതുമായ കേസുകളില്‍ പലിശയുടെ പത്തുശതമാനം തുകമാത്രം അടച്ചാല്‍ മതി. കെ.ജി.എസ്.ടി പ്രകാരമുള്ള അസസ്മെന്റ് കുടിശി കകള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും.

ആനകള്‍ക്ക് ‘വൃദ്ധസദനം’

തിരുവനന്ത പുരം: പ്രായം ചെ ന്ന നാട്ടാനകളെയും നാട്ടിലിറങ്ങു ന്ന കുട്ടിയാനകളെയും സംരക്ഷിക്കാന്‍ പാര്‍ക്ക് തുടങ്ങുന്നതു പരിഗണനയിലെന്നു സര്‍ക്കാര്‍.

ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണു ശ്രീലങ്കയിലെ പിന്നാവാലയിലേതുപോലെ ആനകള്‍ക്കായി പാര്‍ക്കു തുടങ്ങുമെന്നു പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി 50 ലക്ഷം രൂപയും അനുവദിച്ചു. ഇതു വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനും പദ്ധതിയുണ്െടന്നും അദ്ദേഹം പറഞ്ഞു.

വാട്ടര്‍ അഥോറിറ്റിയുടെ 1006 കോടി എഴുതിതള്ളും

തിരുവനന്തപുരം: കേരളാ വാട്ടര്‍ അഥോറിറ്റിയില്‍ സമഗ്ര പുനരുദ്ധാരണപാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കേരള വാട്ടര്‍ അഥോറിറ്റിക്ക് സര്‍ക്കാര്‍ കൊടുത്തിട്ടുള്ള വായ്പയുടെ പലിശയിനത്തില്‍ 1006 കോടി രൂപ എഴുതിത്തള്ളാന്‍ തീരുമാനിച്ചു.

2007 മാര്‍ച്ച് 31 വരെ നല്‍കിയ വായ്പകളുടെ മുതല്‍ സംഖ്യ 839.6 കോടി രൂപ കേരള വാട്ടര്‍ അഥോറിറ്റിക്കുള്ള പലിശരഹിത ഫണ്ടായി മാറ്റും. തിരുവനന്തപുരത്തെ വെല്ലിംഗ്ടണ്‍ വാട്ടര്‍ സപ്ളൈ സ്കീമിന്റെ പ്ളാറ്റിനം ജൂബിലി വര്‍ഷമാണിത്. പേപ്പാറ ഡാമിന്റെ സില്‍വര്‍ ജൂബിലി വര്‍ഷവുമാണ്.ഇവയുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു.

ഹഡ്കോ സഹായത്തോടു കൂടിയുള്ള കൊച്ചി, വാട്ടര്‍ സ പ്ളൈ സ്കീം കമ്മീഷന്‍ ചെയ്തിട്ടുണ്െടങ്കിലും കടവന്ത്ര, തേവര ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നതിനു ശേഷി പൂര്‍ണമായും വിനി യോഗിക്കുന്നതിന് നാലുകോടി അനുവദിച്ചു. ഏതാണ്ട് 2000യുടെ മുതല്‍മുടക്കുള്ള പ ദ്ധതികളാണ് വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്നത്. ചാവറയില്‍ പി.വി.സി പൈപ്പ് നിര്‍മാണ ഫാക്ടറി സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിരിക്കുന്നു.

മന്ത്രിക്കു നാക്കു പിഴച്ചു, മാധ്യമങ്ങള്‍ വെട്ടിലായി

തിരുവനന്തപുരം: ബജറ്റ് പ്രസംഗം അവതരിപ്പിച്ചപ്പോള്‍ പറ്റിയ തെറ്റ് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ തിരുത്തി.

കെ.എസ്.ആര്‍.ടി.സിയുടെ 700 കോടിരൂപയുടെ നികുതി കുടിശിക എഴുതിത്തള്ളും എന്നതിനു പകരം ബജറ്റ് പ്രസംഗം അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി പറഞ്ഞത് 7000 കോടി എന്നാണ്.

പല മാധ്യമങ്ങളും അത് അതേപടി സ്വീകരിച്ചു. പിന്നീട് പത്രസമ്മേളനത്തിലാണ് മന്ത്രി തെറ്റു മനസിലാക്കി തിരുത്തിയത്.

ഇതു അറിയാതെ ബജറ്റ് പ്രസംഗത്തെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചകളിലും പലരും ഏഴായിരം എന്നാണ് ഉപയോഗിച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം

തിരുവനന്തപുരം: മത്സ്യമേഖലയ്ക്ക് പുതുജീവന്‍ നല്കുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസനിയമം വരുന്നു.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് മത്സ്യമേഖലയില്‍ കടാശ്വാസനിയമം കൊണ്ടുവരുന്നത്. മണ്‍സൂണ്‍ കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനാവകാശം ഉറപ്പുവരുത്തുന്ന നിയമനിര്‍മാണം, ക്ഷേമനിധിയില്‍ കയറ്റുമതിക്കാരുടെ അംശാദായം ഉറപ്പുവരുത്തുന്ന നിയമം, ഇപ്പോള്‍ പാസാക്കുന്ന കടാശ്വാസനിയമം, സുനാമി ദുരിതാശ്വാസ പദ്ധതി തുടങ്ങിയവയെല്ലാം പ്രതീക്ഷകളാണ് ഉണര്‍ത്തിയിട്ടുള്ളത്.

സുനാമി പ്രദേശത്തിനു പുറത്തുള്ള തീരപ്രദേശത്തെ കടാശ്വാസ പദ്ധതിയിലേക്ക് ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിരിക്കുന്നു. 2007-08ല്‍ 51 കോടി രൂപയാണ് മത്സ്യമേഖലയ്ക്ക് വകയിരുത്തിയിരുന്നെങ്കില്‍ 2008-09ല്‍ 89 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇതിനു പുറമേയാണ് മറ്റ് വകുപ്പുകള്‍ വഴി സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെലവഴിക്കപ്പെടുന്ന 375 കോടി രൂപ. ഈ വര്‍ഷം ആരംഭിക്കുന്ന ഒരു പുതിയ സ്ക്കീം പലിശരഹിത വായ്പയാണ്.

ഇതിനു സബ്സിഡിയായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യമേഖലയില്‍ തൊഴി ല്‍യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുവേണ്ടി 16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബേപ്പൂരില്‍ ഒരുമറൈന്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുവേണ്ടി ഒരു കോടി രൂപ കിന്‍ഫ്രയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി അധികമായി അനുവദിച്ചിട്ടുണ്ട്.

ആലുവയില്‍ കടുങ്ങല്ലൂരില്‍ സ്വകാര്യപങ്കാളിത്തതോടെ അക്വാ ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അലങ്കര മത്സ്യകൃഷി പ്രോത്സഹിപ്പിക്കുന്നതിനാണ് ഈ അക്വ ടെക്നോളജി പാര്‍ക്കില്‍ മുന്‍ഗണന നല്‍കുക.

ചെത്തി, കാസര്‍കോട്, ചേറ്റുവ, ചെറുവത്തൂര്‍ എന്നീ മത്സ്യബന്ധനതുറമുഖങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്. ചെല്ലാനം, അര്‍ത്തുങ്കല്‍ എന്നിവടങ്ങളില്‍ ചെറു മത്സ്യബന്ധന തുറമുഖങ്ങള്‍ വികസിപ്പിക്കുന്നത് ടി.ആര്‍.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സിയുടെ 700 കോടി നികുതി കുടിശിക എഴുതിത്തള്ളും

തിരുവനന്തപുരം: കെ.എസ്. ആര്‍. ടി.സിയുടെ 700 കോടി നികുതി കുടിശിക എഴുതിത്തള്ളുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. അ തു പോലെ തന്നെ 153 കോടി രൂപയുടെ പലിശയും പിഴപ്പലിശയും ഉപേ ക്ഷിക്കുന്നു.

സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വായ്പകള്‍ ഓഹരി മൂലധനമാക്കി മാറ്റും. കെ.ആര്‍.ടി.സിയുടെ ഭൂമിക്ക് പട്ടയം നല്‍കി അവയുടെ വില പുനര്‍നിര്‍ണയം ചെയ്ത് ആസ്തി ബാധ്യത കണക്കില്‍ ചേര്‍ക്കും. ഇതു കെ.എസ്. ആര്‍. ടി.യെ വാണിജ്യാടിസ്ഥാനത്തില്‍ വായ്പ എടുക്കുവാന്‍ പ്രാപ്തമാക്കും.

സര്‍ക്കാര്‍ഗ്യാരണ്ടിയോടു കൂടിയുള്ള വായ്പയി ല്‍ പ്രതിവര്‍ഷം 1000 ബസ് വീതം പുതിയതായി പുറത്തിറക്കും. ഇതുവഴി മൈ ലേജ് ഗണ്യ മായി ഉയര്‍ത്താനാകും. ഈ ഇനത്തില്‍ മാ ത്രം ഏതാണ്ട് 100 കോടി യുടെ ചെലവ് കുറയ്ക്കാനാവും. ബസുകളുടെ എണ്ണം കൂടുന്നതിനുസരിച്ച് സമാന്തരസര്‍വീസ് നിര്‍ത്താലാക്കാന്‍ സാധിക്കും. ചുരുങ്ങിയത് 26 രൂപ കിലോമീറ്ററിന് വരുമാനം ലഭിച്ചാലേ ലാഭവും നഷ്ടുമില്ലാതെ വണ്ടി ഓടിക്കാനാകൂ. 25 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് ഈ വര്‍ഷം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് 166 കോടി രൂപ ഈ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.

3. പെന്‍ഷന്‍ പരിഷ്കരണം ഓഗസ്റ്റ് 31-നകം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരണം ഓഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിയ പ്പിച്ച ബജറ്റില്‍ വ്യക്ത മാക്കി.

കാഷ്വല്‍ സ്വീപ്പര്‍മാരുടെ വേതനം 750 രൂപയില്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. അഴിമതി രഹിതമായ സിവില്‍ സര്‍വീസ് വാര്‍ത്തെടുക്കുന്നതിന് ഫയല്‍ നോട്ടത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ ഫയലുകളും ധനകാര്യവകുപ്പിന്റെ പരിശോധന ആവശ്യമില്ല എന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ധനകാര്യ അഡ്വൈസര്‍ സംവിധാനം സെക്രട്ടേറിയറ്റില്‍ നടപ്പാക്കാനാകുമോയെന്നും പരിശോധിക്കും.

വികസന വകുപ്പുകളുടെ ഡയറക്ടറേറ്റുകള്‍ക്കുള്ള ധനപരമായ അധികാരം ഉയര്‍ത്തും. അറ്റകുറ്റപ്പണികള്‍ക്ക് വര്‍ധിപ്പിച്ച ധനാധികാരപരിധി സംബന്ധിച്ച് മൂന്നുമാസത്തിനുള്ളില്‍ ഉത്തരവുണ്ടാവും. വാളയാര്‍ അഴിമതിരഹിത ചെക്പോസ്റ്റില്‍ നികുതി- എക്സൈസ്- മോട്ടോര്‍വെഹിക്കിള്‍സ് ഏകോപനത്തോടെ ഏപ്രില്‍ മാസത്തോടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചതിന്റെ കൂടെ 2948 കോടിരൂപയാണ് അധികമായി കൊടുക്കേണ്ടിവരുന്നതെന്നും ബജറ്റില്‍ പറഞ്ഞു.

ഉത്തരകേരളത്തിനു പ്രത്യേക പാക്കേജ്

കോഴിക്കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ള ഉത്തരകേരളത്തിനായി ഒരു പ്രത്യേക പാക്കേജിന് രൂപം നല്‍കുമെന്ന് ബജറ്റില്‍ വ്യവസ്ഥ ചെയ്തു.

കണ്ണൂര്‍വിമാനത്താവളം, പെട്രോളിയം കോംപ്ളക്സ്, വ്യവസായ പാര്‍ക്ക് തുടങ്ങി ഭീമമായ മുതല്‍മുടക്ക് വേണ്ടിവരുന്ന പദ്ധതികള്‍ ഇവിടെ സ്വകാര്യ നിക്ഷേപത്തെ ആസ്പദമാക്കി ആരംഭിക്കും.

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളത്തിന് ആവശ്യമായ സ്ഥലമെടുപ്പ് സമയബന്ധിതമായി നടത്തും. കോഴിക്കോട് തയാറാക്കിയിട്ടുള്ള സിറ്റി ഇംപ്രൂവ്മെന്റ് പ്ളാനിന് സ്ഥലമെടുക്കുന്നതിന് 20 കോടി രൂപ വകയിരുത്തി.

വിഴിഞ്ഞത്തിന് 25.7 കോടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്ക് പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുന്നതിന് 25.7 കോടിരൂപ ബജറ്റില്‍ വകയിരുത്തി.

തുറമുഖ പദ്ധതിക്കായി രൂപീകരിച്ച വിഴിഞ്ഞം അന്താരാഷ്ട്ര സീ പോര്‍ട്ട് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനിയായിരിക്കും ഇത് നടത്തുക. അഴീക്കല്‍ തുറമുഖത്തിന്റെ നിര്‍മാണത്തിന് 2.8 കോടിരൂപയും തങ്കശേരിയില്‍ കാര്‍ഗോബര്‍ത്തിന് 1.10 കോടിരൂപയും വകയിരുത്തി. മഞ്ചേശ്വരം കേരളാ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു കോടിരൂപ മാറ്റിവച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ സിവില്‍ ഏവിയേഷന്‍ ഹാംഗറിന് ഒരുകോടിരൂപയാണ് വകയിരുത്തിയത്. കൊച്ചിന്‍ മെട്രോ റെയില്‍ പദ്ധതി ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ കാര്‍ഗോ തുറമുഖം നിര്‍മിക്കും.ആലപ്പുഴയില്‍ കടല്‍പ്പാലം നവീകരിക്കാന്‍ പത്തുലക്ഷം വകയിരുത്തി.

ബഷീര്‍ സ്മാരകത്തിന് 50 ലക്ഷം

കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തി. ലാറി ബേക്കറുടെ സ്മരണക്കായി പൈതൃകപഠനത്തിനും ബദല്‍ സാങ്കേതിക വിദ്യക്കും വേണ്ടി തിരുവനന്തപുരത്ത് 80 ലക്ഷം രൂപ ചെലവില്‍ കേന്ദ്രം സ്ഥാപിക്കും.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എസ്തെറ്റിക്സ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, ശിവഗിരി കണ്‍വന്‍ഷന്‍ സെന്റര്‍, ശങ്കരമംഗലത്ത് തകഴി മെമ്മോറിയല്‍ , മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദപ്പൈ സ്മാരകം മാവേലിക്കര എ.ആര്‍. രാജരാജവര്‍മ സ്മാരകം എന്നിവയ്ക്ക് 20 ലക്ഷം രൂപവീതം അനുവദിച്ചു. സംഗീത നാടക അക്കാദമിക്ക് ഏഷ്യന്‍ തീയറ്റര്‍ ഫെസ്റ്റ് നടത്താന്‍ 20 ലക്ഷം രൂപ അധികമായി നീക്കിവച്ചു. സാഹിത്യ അക്കാദമിക്ക് സുവര്‍ണജൂബിലി സ്മാരകമന്ദിരം നിര്‍മിക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കെ.എസ്.എഫ്.ഡി.സിയുടെ സ്റ്റുഡിയോ ശീതീകരിക്കുന്നതിനും ആധുനിക ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനും 50 ലക്ഷം രൂപ വകയിരുത്തി. ദേവരാജന്‍ മാസ്റ്ററുടെ നാമധേയത്തിലായിരിക്കും സ്റ്റുഡിയോ അറിയപ്പെടുക. കോഴിക്കോട്ടെ മൊയ്തു മൌലവി സ്മാരകം പൂര്‍ത്തിയാക്കാന്‍ 10 ലക്ഷം രൂപ, പന്മന ആശ്രമവികസനത്തിന് പത്തുലക്ഷം രൂപ. ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ സമാരകത്തിനും അക്കദാമി ഓഫ് മാജിക്കല്‍ സയന്‍സസിനും അഞ്ചുലക്ഷം, ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന് 10 ലക്ഷംരൂപ ഗ്രാന്റ് എന്നിവയും അനുവദിച്ചു.

അയല്‍കൂട്ടങ്ങള്‍ക്കു പരിഗണന

കുടുംബശ്രീ അയല്‍കൂട്ടങ്ങളെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി മാറ്റും. സ്ത്രീ പദവി പഠനം, മാലിന്യ നിര്‍മാര്‍ജനപദ്ധതി ഉദ്യോഗസ്ഥ പുനര്‍വിന്യാസം, തീവ്രയജ്ഞ പരിശീലന പരിപാടി, തുടങ്ങിയവ നടപ്പിലാക്കും.

അടുത്ത വാര്‍ഷികപദ്ധതി തയാറാക്കിയതിനുശേഷം മാത്രമേ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. ഏപ്രില്‍ മാസം തുടങ്ങി ജൂണ്‍ മാസത്തോടെ ആസൂത്രണ പ്രക്രിയ പൂര്‍ത്തീകരിച്ച് ജൂലൈ മാസത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ മാസം മുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കും.

സ്പില്‍ ഓവര്‍ പ്രോജ്ക്ടുകള്‍, സ്കൂളുകളുടെയും മറ്റും അറ്റകുറ്റപ്പണികള്‍, പാര്‍പ്പിടം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വഹിതം , കാര്‍ഷിക പ്രോജക്ടുകള്‍ ഇവ പദ്ധതി രേഖ അംഗീകരിക്കുന്നതിനു മുമ്പുതന്നെ നടപ്പാക്കി തുടങ്ങും. ഇതിനുള്ള ഉത്തരവ് ഈ മാസം തന്നെ പുറത്തിറക്കും. കിലയ്ക്ക് അഞ്ചു കോടിരൂപ അധികമായി അനുവദിക്കും. വിവിധ ഗ്രാമവികസന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതമായി 79 കോടിരൂപ വകയിരുത്തി.ദേശീയ തൊഴിലുറപ്പുപദ്ധതിയാണ് ഇതില്‍ പ്രധാനം. അട്ടപ്പാടി വികസന പദ്ധതിക്ക് 30 കോടിരൂപ നീക്കിവച്ചു.

അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിക്കു 307 കോടി

കൊച്ചി – തിരുവനന്തപുരം കോര്‍പറേഷനുകളില്‍ നടപ്പാക്കുന്ന ജവഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിക്ക് 307 കോടിരൂപയാണ് വകയിരുത്തിയത്. ഇതില്‍ 107 കോടിരൂപ സംസ്ഥാന വിഹിതമാണ്. കൊച്ചി നഗരസഭയുടെ പദ്ധതി വിഹിതം 20 ശതമാനമായി താഴ്ത്തി. ഗ്രാമപഞ്ചായത്തുകളുടെ വിഹിതം 30 ല്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇതുമൂലമുള്ള ബാധ്യത സംസ്ഥാനം ഏറ്റെടുക്കും. കേരള സുസ്ഥിര നഗര വികസന പദ്ധതി 200 കോടിരൂപയാണ് 2008-09 ല്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നത്.

സംയോജിത പാര്‍പ്പിട ചേരി വികസന പദ്ധിക്ക് 100 കോടിരൂപ. അര്‍ബന്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സ്കീം ഫോര്‍ സ്മോള്‍ ആന്‍ഡ് മീഡിയം ടൌണ്‍ പദ്ധതിക്ക് 60 കോടിരൂപയാണ് ചെലവ്.ആറ്റുകാല്‍ ടൌണ്‍ഷിപ്പിന്റെ നിര്‍മാണം ഈവര്‍ഷം ആരംഭി ക്കും.മാസ്റ്റര്‍ പ്ളാനുകളും വിശദമായ ടൌണ്‍പ്ളാനുകളും പരിഷ്കരിക്കുന്നതിന് 2.5 കോടിരൂപ അധികമായി വകയിരുത്തി.

4.നിയമസഭാവലോകനം : ഇനിയും സ്വപ്നം കണ്ടിരിക്കാം
കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് സമര്‍ഥിക്കാനാണ് ഇന്നും ധനമന്ത്രി തോമസ് ഐസക്ക് ശ്രമിച്ചത്. ഇടതുമുന്നണിയുടെ ധനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റ നാള്‍ മുതല്‍ കേരളം കേള്‍ക്കുന്ന വായ്ത്താരിയാണിത്. അദ്ദേഹം പറയുന്നത് കേട്ടിരുന്നാല്‍ സത്യമാണോ എന്നു സംശയം തോന്നിപ്പിക്കത്തക്ക വാക്വിലാസവും ധനമന്ത്രിക്കുണ്ട്. എന്നാല്‍ കണക്കു പുസ്തകത്തിന്റെ താളുകളിലൂടെ സൂക്ഷ്മമായി കടന്നപോകുമ്പോള്‍ മന്ത്രി എന്തൊക്കെയോ ഒളിക്കുന്നതായി തോന്നിപ്പോകുകയും ചെയ്യും.

വലിയ ബജറ്റ് പ്രഖ്യാപിക്കുക. നടപ്പാക്കുന്നതില്‍ കാലവിളംബം വരുത്തുക. ഉള്ള പണം ബഹളം കൂട്ടുന്ന സംഘടിത വര്‍ഗത്തിനു പങ്കുവച്ചു നല്‍കി കൈയടി നേടുക തുടങ്ങിയ ജനകീയ നടപടികളാണല്ലോ ഇന്നലെകളില്‍ ഈ ധനമന്ത്രിയില്‍ നിന്നുണ്ടായതെന്ന് തിരിച്ചറിയുമ്പോള്‍ ഈ ബജറ്റിലെയും പ്രഖ്യാപനങ്ങള്‍ നല്‍കുന്നത് നല്ല സ്വപ്നങ്ങ ള്‍ മാത്രമാവില്ലേ എന്നു സംശയിച്ചു പോവും.

രാഷ്ട്രീയക്കാരായ ധനമന്ത്രിമാര്‍ക്ക് തെരഞ്ഞെടുപ്പ് മുന്നില്‍ കാണാതെ ബജറ്റ് തയാറാക്കാനാവില്ല. കേരളത്തിന്റെ ധനമന്ത്രിക്ക് ഇന്നത്തെ നിലയില്‍ അതൊരു വലിയ പരാധീനതയുമാണ്. മൂന്നാം വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം വര്‍ഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, അഞ്ചാം വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്. അവതരിപ്പിക്കുന്ന അഞ്ചില്‍ മൂന്ന് ബജറ്റും തെരഞ്ഞെടുപ്പ് ബജറ്റ് ആകേണ്ടിവരുന്നു. വോട്ടര്‍മാരെ വെറുപ്പിക്കാത്ത ബജറ്റ് ഉണ്ടാക്കണം.

തോമസ് ഐസക്ക് ഇക്കുറി ചെയ്തതും അതുതന്നെയാണ്. ക്ഷേമ പദ്ധതികള്‍ മൂന്നു നാലെണ്ണം കൂടി പ്രഖ്യാപിച്ചു. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. കോളജ് അധ്യാപക നിയമനത്തിനുണ്ടായിരുന്ന വിലക്കു മാറ്റി. വിദ്യാര്‍ഥികള്‍ക്ക് പുതിയ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. നടപ്പാക്കാനാവുമോ എന്ന സംശയമുള്ളതുകൊണ്ടാകാം ബജറ്റ് രേഖയിലുള്ള വിശദാംശങ്ങളില്‍ പലതും സഭയില്‍ പറയാന്‍പോലും ധനമന്ത്രി ധൈര്യം കാണിച്ചില്ല.

സംസ്ഥാന സര്‍ക്കാരിന്റെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വര്‍ഷമാണിത്. ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ നേരത്തെ തയാറാക്കി പ്ളാനിംഗ് കമ്മീഷന്റെ അംഗീകാരം നേടിയതാണ്. അവയെല്ലാം ബജറ്റിനോടൊപ്പം നല്‍കുന്നുമുണ്ട്. രഹസ്യരേഖയാണ്. ഈ രേഖയില്‍ നല്‍കുന്ന വിവരങ്ങളെല്ലാം ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ല. എങ്കിലും 10000 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനുള്ള അഞ്ചുകോടിയുടെ പദ്ധതിപോലും എത്ര തിളക്കം കുറച്ചാണ് പ്രഖ്യാപിച്ചത്! ഒരു പക്ഷേ, നടപ്പാക്കാനുള്ളതല്ല എന്നു തിരി ച്ചറിയുന്നതുകൊണ്ടാവണം.

ധനമന്ത്രിക്ക് പാവങ്ങളോടും ദുര്‍ബലരോടുമുള്ള ആഭിമുഖ്യം എല്ലാ ബജറ്റിലും പ്രകടമാണ്. പ്രത്യേകിച്ചും വികലാംഗരോടും ബുദ്ധിമാന്ദ്യമുള്ളവരോടുമൊക്കെ കാണിക്കുന്ന കരുതല്‍ പ്രശംസനീയവുമാണ്. ഈവര്‍ഷവും നിഷിന് 25 ലക്ഷവും ഐക്കോണ്‍സിന് 50 ലക്ഷവും അധികമായി നല്‍കുന്നുണ്ട്.

തോമസ് ഐസക്ക് അവതരിപ്പിച്ച മൂന്ന് ബജറ്റിലും പ്രകടിപ്പിക്കുന്ന മറ്റൊരു ആഭിമുഖ്യം ജന്‍ഡര്‍ നീതിയാണ്. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം ആദ്യം അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞിരുന്ന ജന്‍ഡര്‍ ഓഡിറ്റ് ഇനിയും നടപ്പായില്ല. കഴിഞ്ഞ ബജറ്റില്‍ കുറ്റസമ്മതം നടത്തുന്ന ധനമന്ത്രി ഈ ബജറ്റില്‍ ജന്‍ഡര്‍ ബോര്‍ഡ് രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ ബജറ്റിനോടൊപ്പം ബജറ്റിന്റെ ജന്‍ഡര്‍ സ്റ്റേറ്റ്മെന്റ് നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹം വാഗ്ദാനം ചെയ്ത ഇംപാക്ട് ബജറ്റ് പോലെ ഒരു സ്വപ്നമാവില്ലേ ജന്‍ഡര്‍ ബജറ്റെന്നു സംശയിച്ചുപോകും.

ഐസക് മന്ത്രിക്ക് ഏറെ അടുപ്പമുള്ള ഗുലാത്തിയുടെ പേരില്‍ സ്ഥാ പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഗിഫ്റ്റ് (ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍) എങ്ങുമെത്താതെ കിടക്കുന്നു. കേന്ദ്രം 20 കോടി തന്നിട്ടും തുടങ്ങാനാവുന്നില്ല. ധനമന്ത്രിയുടെ ഹൃദയത്തോട് ചേര്‍ന്ന മറ്റൊരു സ്വ പ്നം.

കേരളത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ഒമ്പത് ‘മിഥ്യാ ധാരണകള്‍ ഒരധ്യാപകനെപോലെ ധനമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. കേരളം കടക്കെണിയിലാണെന്ന പ്ളാനിംഗ് ബോര്‍ഡിന്റെ നിലപാടാണ് ഒന്നാമത്തെ മിഥ്യാധാരണ. കടം നമ്മുടെ ശേഷിക്കുള്ളിലാണെന്ന് അദ്ദേഹം സമര്‍ഥിച്ചു. 57000 കോടി കടമൊന്നും കടമല്ലെന്നപക്ഷക്കാരനാണ് തോമസ്. ഈ വിശദീകരണം കേള്‍ക്കുവാന്‍ പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്നായിക്കും നിയമസഭയുടെ വിശിഷ്ടാതിഥികള്‍ക്കുള്ള ഗാലറിയില്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ മിഥ്യാധാരണ കടം എവിടെനിന്നു എടുക്കുമെന്നതിനെക്കുറിച്ചായിരുന്നു.

യു.ഡി.എഫ് ഭരിക്കുന്ന കാലത്ത് എ.ഡി.ബി വായ്പയ്ക്കെതിരെ ഇടതു നേതാക്കള്‍, മുഖ്യമന്ത്രി വി.എസും ബാലനും അടക്കമുള്ളവര്‍ വളര്‍ത്തിക്കൊണ്ടുവന്ന വാദമാണ് ധനമന്ത്രി തകര്‍ത്തത്. അന്നവര്‍ ചോദിച്ചു, നമ്മുടെ സഹകരണ ബാങ്കിലുള്ള പണം എടുത്തുകൂടെ? സാധാരണക്കാര്‍ ചോദ്യം കേട്ട് ശരിയെന്നും കരുതി. അന്ന് യു.ഡി.എഫ് നേതാക്കള്‍ അതിനാവില്ലെന്നു പറഞ്ഞപ്പോള്‍ പുലഭ്യം പറഞ്ഞവരാണ് ഇന്ന് അതുതന്നെ പറയുന്നത്. അതുകൊണ്ടാവണം ധനമന്ത്രി മിഥ്യാധാരണകള്‍ പൊളിക്കുമ്പോള്‍ ഭരണ ബഞ്ചില്‍ ഏറെ കൈയടി ഉണ്ടായില്ല. നികുതി കുടിശിക പിരിക്കാത്തത് മുന്‍ സര്‍ക്കാരും സമ്പന്നരും തമ്മിലുള്ള ഒത്തുകളിമൂലമാണെന്ന് സമര്‍ഥിച്ചവര്‍ ഇന്നു പറയുന്നു 4280 കോടി കുടിശികയില്‍ 773 കോടി മാത്രമാണ് പിരിക്കാനാവുന്നതെന്ന്.

മൂന്ന് ബജറ്റിലും ഇടതുപക്ഷ ബദലിന്റെ മഹത്വം വിവരിക്കുന്നു. പക്ഷേ, സാധാരണക്കാരന് അനുഭവപ്പെടുന്നത് ഭീകരമായ വിലക്കയറ്റവും ദുരിതങ്ങളും. ധനമന്ത്രി അവകാശപ്പെടുന്നത് 2010 – 11 ഓടെ കേരളം കമ്മി ഇല്ലാത്ത സംസ്ഥാനമാകുമെന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റില്‍ ആ പ്രഖ്യാപനവും ഉണ്ടാകാം. സത്യം അറിയണമെങ്കില്‍ മറ്റൊരു സര്‍ക്കാരും ധനമന്ത്രിയും ഉണ്ടാകണമെന്ന് മാത്രം.

വില്‍പ്പന നികുതി ഒരു ശതമാനം കൂട്ടുന്നതിലൂടെ എല്ലാ വിഭവങ്ങള്‍ക്കും വില കൂടാമെങ്കിലും ധനമന്ത്രി അതും വളരെ ലാഘവമായി പറഞ്ഞുവച്ചു. ആയിരം രൂപയ്ക്ക് സാധനം വാങ്ങുമ്പോള്‍ പത്ത് പൈസയേ വരൂ എന്നായിരുന്നു ഒരു ശതമാനത്തിനു തന്ന വ്യാഖ്യാനം.

ഒരു ശതമാനത്തിന് അത്തരമൊരു വ്യാഖ്യാനം കേട്ടപ്പോഴും ഭരണകക്ഷി കൈയടിച്ചു. വിവരം മനസിലായല്ല കൈയടിച്ചതെന്ന് കരുതിപോകും. ഒന്നേമുക്കാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ വേറെയും ചില കണക്കുകള്‍ തെറ്റിയെന്ന് പിന്നീട് മന്ത്രി സമ്മതിച്ചു.തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോ കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിനോ അടക്കമുള്ള ദീര്‍ഘവീക്ഷണമുള്ള ഏറെ പദ്ധതികള്‍ കേള്‍ക്കാനുണ്ടായില്ല.

മനസിലുള്ളത് തുറന്നു പറഞ്ഞുപോകുന്ന അവസരങ്ങളുമുണ്ടായി. കാരുണ്യ ഡിപ്പോസിറ്റ് സ്കീമിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ മന്ത്രി പറഞ്ഞു. ട്രഷറിയില്‍ ഒരുലക്ഷം രൂപ അടച്ചാല്‍ 15000 രൂപ നിക്ഷേപകന്‍ പറയുന്ന സ്ഥാപനത്തിന് നല്‍കും. നിക്ഷേപകന് പലിശ കിട്ടില്ല. ചുരുക്കത്തില്‍ 15 ശതമാനം പലിശ ഒരു സ്ഥാപനത്തിനായി സര്‍ക്കാര്‍ നല്‍കുന്നു. അതിലൊരു ചൂണ്ടയുണ്ട്. അടുത്ത വാക്കില്‍ മന്ത്രി അത് പറഞ്ഞുപോയി. ഈ പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്. ധനമന്ത്രിയിലെ സൂത്രക്കാരന്റെ മനസ്.

റബര്‍ക്കായിലെ എണ്ണ ബയോഗ്യാസ് ഡീസലാക്കി ഉപയോഗിക്കുന്നതിനെക്കുറിച്ചും ചകിരിച്ചോറ് ബയോമിഥനേഷന്‍ നടത്തി ഗ്യാസ് നിര്‍മിക്കുന്നതിനെക്കുറിച്ചുമൊക്കെ കഴിഞ്ഞവര്‍ഷം ധനമന്ത്രി കണ്ട സ്വപ്നങ്ങള്‍ ഓര്‍ത്തുപോയി.

5. കേരകര്‍ഷകര്‍ക്ക് പ്രതീക്ഷ
കോട്ടയം: കേരളത്തിലെ കേരകര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് സംസ്ഥാന ബജറ്റെന്ന് നാളികേര വികസന ബോര്‍ഡ് ഉപസമിതി അംഗം ജോസഫ് ആലപ്പാട്ട് പറഞ്ഞു. കാര്‍ഷിക വില ഉറപ്പ് പദ്ധതി കര്‍ശനമായി നടപ്പാക്കുമെന്ന പ്രഖ്യാ പനം ന്യായ വില ലഭിക്കാന്‍ വഴി തെളിക്കും. സമഗ്ര വികസന ത്തിനായി പ്രഖ്യാ പിച്ചിട്ടുള്ള 47 കോടി രൂപ വിനിയോഗിക്കുന്നത് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് വേണമെന്നും ജോസഫ് ആലപ്പാട്ട് ആവശ്യപ്പെട്ടു.

മെട്രോറെയിലിനു തുക നീക്കിവയ്ക്കാത്തത് നിരാശാജനകമെന്ന്

കൊച്ചി:കൊച്ചി മെട്രോറെയിലിനു തുക നീക്കിവക്കാത്തത് നിരാശാജനകമാണെന്നും എങ്കിലും ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമുണ്ടാകുമെന്നാണ് പ്ര തീക്ഷിക്കു ന്നതായി കോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകം ചെയര്‍മാന്‍ ഉമാംഗ് പട്ടോഡിയ അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും സാമൂഹ്യസുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് ഊന്ന ല്‍ നല്‍കിയിട്ടുള്ള ബജറ്റ് നിര്‍ദേശങ്ങളെ അനുകൂല മനോഭാവ ത്തോ ടെ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി. സിയെ വ്യവസായമായി കണക്കാക്കുന്നത് ജീവനക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്ത ബോധമുണ്ടാക്കാന്‍ സ ഹായിക്കുമെന്ന് ചാര്‍ട്ടേഡ് അക്കൌണ്ട ന്റായ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സാമൂഹ്യസുര ക്ഷി തത്വ ത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി യ ബജറ്റ് നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുകയാണെന്ന് സി.ഐ. ഐ മുന്‍ ചെയര്‍മാനും ഈസ്റ്റേണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ നവാസ് മീരാന്‍ പറഞ്ഞു.

സ്വകാര്യ സര്‍ക്കാര്‍ സംയുക്തസംരംഭമെന്ന ആശയം സംസ്ഥാനത്തെ അടിസ്ഥാന സൌകര്യവിക സ നത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കും. കെ.എസ്.ആര്‍ .ടി.സിയെ വ്യവസായമായി പരിഗണിച്ചുള്ള നീക്കം കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ സഹായകമാകും.

ചവറയിലെ പി.വി.സി ഫാക്ടറി തുറക്കാനുള്ള തീരുമാനം ഫലപ്രാപ്തിയിലെത്തുമോയെന്ന് സംശയമാണ്. മൂല്യവര്‍ധിതനി കുതിയുടെ അടിസ്ഥാനതത്വങ്ങള്‍ ബലി കഴിച്ചു കൊണ്ടുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നും നവാസ് മീരാന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് 19 കോടി

തിരുവനന്തപുരം: ശാസ്ത്രാ സാങ്കേതിക കൌണ്‍സിലിനു കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കായി 22 കോടി രൂപയുണ്ട്. കൌണ്‍സിലിന് 17 കോടി രൂപയും ലഭിക്കുന്നു.

തിരുവനന്തപുരത്തെ സിഡിഎസിനു ഒരു കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിനു അഞ്ചുകോടിയും ബജറ്റിലുണ്ട്.

സ്വാഗതാര്‍ഹം: ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍

കൊച്ചി: നികുതിയിളവുകളില്‍ വെളിച്ചെണ്ണയുടെ ഇതര വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജെ കുര്യാക്കോസും വൈസ് പ്രസിഡന്റ് പ്രകാശ് ബി.റാവു എന്നിവര്‍ സ്വാഗതം ചെയ്തു.

ഇതു മൂലം കേരളത്തിലെ നാളീകേര കര്‍ഷകര്‍ക്കും മില്ലുകള്‍ക്കും മറ്റും ഗുണം ലഭിക്കും. നാളികേരത്തിന് മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്യും.

ഇതിനുപുറമെ നികുതി കുടിശിക പിരിവിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പദ്ധതികള്‍ വാണിജ്യ വ്യവസായ മേഖലയ്ക്ക് പൊതുവായും പീഡിത വ്യവസായ ങ്ങള്‍ക്ക് പ്രത്യേകിച്ചും ഉണര്‍വേകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

6. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കള്ള് പാര്‍ലര്‍; സഹകരണ മേഖലയില്‍ മധുരക്കള്ള് ഉത്പാദനം
തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കള്ളു പാര്‍ലറുകള്‍ തുടങ്ങാനും സഹകരണമേഖലയില്‍ മധുരക്കള്ള് ഉത്പാദനത്തിനും നിര്‍ദേശിക്കുന്ന 2008-09 വര്‍ഷത്തെ മദ്യനയം സര്‍ക്കാര്‍ പുറത്തിറക്കി.

2007-08 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തിച്ച എല്ലാ ഷാപ്പുകള്‍ക്കും 2008-09 വര്‍ഷവും പ്രവര്‍ത്തനാനുമതി നല്‍കും. ദൂരപരിധിയില്‍ പ്രത്യേക ഇളവ് നല്കി പ്രവര്‍ത്തിച്ചു വന്ന ഷാപ്പുകള്‍ക്ക് ആനുകൂല്യം 2008-09 വര്‍ഷവും തുടരും.

മദ്യവ്യവസായത്തില്‍ നിന്നു ബിനാമികളെ പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യമിടുന്നതാണു നയം. വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പ് ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണം. റേഷന്‍കാര്‍ഡ് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ കള്ളുഷാപ്പു വില്പന സമയത്ത് ഹാജരാക്കണം. ലൈസന്‍സിയുടെ ഫോട്ടോ പതിച്ച ലൈസന്‍സ് നടപ്പാക്കും.

അഞ്ച് മുതല്‍ ഏഴ് വരെ കള്ള് ഷാപ്പുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായിട്ടാണ് ലൈസന്‍സ് നല്‍കുക. ഒരാള്‍ക്ക് രണ്ട് ഗ്രൂപ്പില്‍ കൂടുതല്‍ ഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. എറ്റെടുക്കാന്‍ ആളുകള്‍ മുന്നോട്ട് വരാത്ത് ഷാപ്പുകള്‍ക്ക് റേഞ്ച്/താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കും.

സഹകരണമേഖലയിലുള്ള ഷാപ്പുവാടക 12 തുല്യഗഡുക്കളായി അടച്ചാല്‍ മതി. ഓരോ ഷാപ്പിലും ചെത്തേണ്ട തെങ്ങ്, പന, ചൂണ്ടപ്പന എന്നിവയുടെ എണ്ണം 50, 100, 25 ക്രമത്തിലായിരിക്കും.

മദ്യവ്യവസായ മേഖലയില്‍ നേരിടുന്ന പ്രശ്നപരിഹാരത്തിന് അബ്കാരിചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനായി വിദഗ്ധസമിതിക്ക് രൂപം നല്കി.

7. കൊലക്കത്തിയില്‍ അനാഥമായത് നിര്‍ധന കുടുംബങ്ങള്‍
തലശേരി: തലശേരിയില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ മത്സരിച്ച് നാലു യുവാക്കളെ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ അനാഥമായത് നിര്‍ധന കുടുംബങ്ങളാണ്. ബുധനാഴ്ച കൊല്ലപ്പെട്ട നിഖിലും സത്യനും രഞ്ചിത്ത്കുമാറും അവരുടെ കുടുംബങ്ങളുടെ ഏക അത്താണികളായിരുന്നു.

കുടുംബം പോറ്റാന്‍ ലോറി ക്ളീനറായി ജോലിക്കു പോയ നിഖിലിന്റെ ഏക സഹോദരി നിഖിനയും ദാരിദ്രവും വാര്‍ധക്യ സഹജമായ അസുഖങ്ങളും നിമിത്തം അവശനിലയിലുള്ള സത്യന്റെ മാതാവ് പാഞ്ചുവും കടമെടുത്തു വാങ്ങിയ ഓട്ടോറിക്ഷയുമായി അന്നം തേടിപ്പോയ രഞ്ചിത്ത്കുമാറിന്റെ ഭാര്യ ഷൈനിയുമെല്ലാം ഉത്തരം കിട്ടാത്ത വലിയ ചോദ്യചിഹ്നങ്ങളായി സമൂഹത്തില്‍ അവശേഷിക്കും.

കുടികിടപ്പ് കിട്ടിയ അഞ്ച് സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കൂരക്കുള്ളിലാണ് പാറക്കെട്ട് ചിങ്ങന്‍ മുക്കിലെ നിഖില്‍ മാതാപിതാക്കളോടും ഏക സഹോദരിയോടുമൊപ്പം താമസിച്ചിരുന്നത്. കുടിലിനോട് ചേര്‍ന്ന് രണ്ട് മുറിയുള്ള വീട് നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു നിഖിലും കൂലിപ്പണിക്കാരനായ പിതാവ് അനിലും. വീടിന്റെ കോണ്‍ക്ര്രീറ്റ് കഴിഞ്ഞിട്ട് നാളുകളേറെയായി. പണി പൂര്‍ത്തിയാക്കാനായി കഠിനാധ്വാനത്തിലായിരുന്നു അച്ഛനും മകനും.

ഇതിനിടയിലാണ് രാഷ്ട്രീയ ക്രിമിനലുകള്‍ ആ ഇരുപത്തിരണ്ടുകാരന്റെ ജീവന്‍ കൊലക്കത്തിയിലൊടുക്കിയത്. ബൈക്കിലെത്തിയ കൊലയാളി സംഘം നിഖിലിനെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് തകര്‍ന്നത്.

തലശേരി കൊടുവള്ളിയില്‍ നിന്നും ചാക്കില്‍ കല്ലുമ്മക്കായും വാങ്ങി വെണ്ടുട്ടായിയിലും പരിസരത്തും വില്പന നടത്തി കുടുംബം പോറ്റിയിരുന്ന എണ്‍തുകാരിയായ പാഞ്ചു എന്ന പാഞ്ചാലിക്ക് മകന്‍ സത്യന്റെ കൊലപാതകം ജീവിതത്തിലെ രണ്ടാം ദുരന്തമാണ്. രണ്ടാമത്തെ മകന്‍ ചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പിന്‍ ജീവനൊടുക്കിയിരുന്നു. പാഞ്ചുവിന് നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍ മക്കളുമായിരുന്നു. ഇപ്പോള്‍ രണ്ട് ആണ്‍ മക്കളെ നഷ്ടപ്പെട്ടു. ഭര്‍ത്താവ് ഗോപാലന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞിരുന്നു. സത്യന്റെ ഭാര്യ അരുണയ്ക്കും ഏക മകന്‍ അരുണിനും ആശ്രയം നഷ്ടപ്പെട്ടു.

വായ്പയെടുത്തു വാങ്ങിയ ഓട്ടോറിക്ഷയുമായി അന്നം തേടിയുള്ള യാത്രയാണ് രഞ്ചിത്ത് കുമാറിന്റെ അന്ത്യയാത്രയായി മാറിയത്. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ രഞ്ചിത്ത് കുമാര്‍ വെട്ടേറ്റ് മരിച്ചു വീണപ്പോള്‍ അനാഥമായത് നിട്ടൂര്‍ മീത്തലെപരയത്ത് കുടുംബമാണ്. ഭര്‍ത്താവ് നേരത്തെ മരിച്ച രാധയ്ക്ക് ഏകആശ്രയമായിരുന്നു മകന്‍ രഞ്ചിത്ത.്

മൂന്നു യുവാക്കളുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നി ധ്യത്തില്‍ ഇന്നലെ സംസ്കരിച്ചു. ഉറ്റവര്‍ അലറിക്കരഞ്ഞപ്പോള്‍ അത് കണ്ണൂരിലെ ക്രിമിനല്‍ രാഷ്ട്രീത്തിനെതിരെയുള്ള ചാട്ടുളികളായി.

8. വാറ്റിന് സെസ് : അധിക ഭാരം ജനങ്ങള്‍ക്ക്
കൊച്ചി: ബജറ്റില്‍ വാറ്റിന് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും ജനങ്ങള്‍ക്ക് അധികഭാരമുണ്ടാക്കുകയും ചെയ്യും. സെസ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം വാറ്റിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

പല തട്ടിലുള്ള നികുതികള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാറ്റ് ഏര്‍പ്പെടുത്തിയത്. ഇന്ന് ഒരു ശതമാനം ഏര്‍പ്പെടുത്തിയ സെസ് നാളെ രണ്ടുശതമാനമാകാനും സാധ്യതയുണ്ട്. ഇത് അംഗീകരിക്കാനാവില്ല. സെസ് ഏര്‍പ്പെടുത്തിയതിലൂടെ നൂറ് കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ നൂറു കോടിയോ ഇരുന്നൂറ് കോടിയോ സമാഹരിക്കാന്‍ ഉദ്ദേശിച്ചാലും അവസാനം അതെല്ലാം ലക്ഷ്യമിടുന്നത് ഉപഭോക്താവിന്റെ കീശയെതന്നെയാണ്.

ചെറുകിട വ്യാപരമേഖലയിലെ വന്‍കിടക്കാര്‍ക്ക് പത്ത് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയുള്ള ബജറ്റ് നിര്‍ദേശം കേരളത്തില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള നിയമപരമായ അവകാശമായി മാറി.

റിലയന്‍സ്, വാള്‍മാര്‍ട്ട് തുടങ്ങിയ വന്‍കിടക്കാരെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണമുന്നണിയില്‍തന്നെയുണ്ട്. ഇവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസംഗിക്കുന്നവര്‍തന്നെ ഇവര്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത് അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കുന്നതിന് തുല്യമാണ്. ഈ ബജറ്റില്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ വ്യാപാര സമൂഹത്തിന് വളരെ ദോഷം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.

എല്‍.എ ജോഷി

പ്രസിഡന്റ്, എറണാകുളം മര്‍ച്ചന്‍സ് യൂണിയന്‍

ബജറ്റ് വികസനത്തിനെതിരേ മുഖം തിരിക്കല്‍ : പി.പി.തങ്കച്ചന്‍

കൊച്ചി:സംസ്ഥാന ബജറ്റ് വികസനത്തിനെതിരേ മുഖം തിരിച്ചു നില്‍ക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.

ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം തടയുന്നതിനോ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനോ ബജറ്റില്‍ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ബജറ്റ് ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാറ്റ് സെസ് വിലകയറ്റത്തിന് കാരണമാകും: പി.സി. സിറിയക്

കൊച്ചി: വാറ്റിന് സെസ് ഏര്‍പ്പെടുത്തിയത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് പി.സി സിറിയക്ക് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ വില വര്‍ധിച്ചിരിക്കുന്ന അവശ്യ സാധനങ്ങള്‍ക്ക് ഇനിയും വില വര്‍ധിപ്പിക്കുന്നതിനേ ഈ നിര്‍ദേശം ഉപകരിക്കുകയുള്ളൂ.

ബജറ്റില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ ന്യായമായ വില സംരക്ഷിക്കാന്‍ നടപടികളെടുക്കുമെന്നത് നല്ല അഭിപ്രായമണ് എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വിവരിക്കാന്‍ മന്ത്രി തയാറാവായില്ല. കാര്‍ഷിക മേഖല വളരാനും വികസിക്കാനും ഓരോ കൃഷിയും മെച്ചപ്പെടുത്താനുമുള്ള നടപടിക്രമങ്ങളൊന്നും ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.എസ്.ആര്‍,ടി.സി ഉള്‍പ്പെടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുട ബാലന്‍സ് ഷീറ്റ് വെടിപ്പാക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്ഥാവന സ്വാഗതാര്‍ഗം തന്നെ. എന്നാല്‍ ബാലന്‍സ് ഷീറ്റ് വെടിപ്പാക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലം ഉള്‍പ്പെടെയുള്ള ആസ്തി റീവാല്യൂ ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ പുതിയ വായ്പയിലൂടെ പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്ന നിര്‍ദ്ദേശം നല്ലതാണ്. എന്നാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ശൈലി കൂടി മാറ്റി കൂടുതല്‍ പ്രഫഷണലായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

9. ഐ.ടി മേഖലയില്‍ വിവാഹമോചന കേസുകള്‍ പത്തിരട്ടിയായെന്ന്
കോഴിക്കോട്: ഐ.ടി മേഖലയിലെ വിവാഹമോചന കേസുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പത്തിരട്ടി വര്‍ധനവുണ്ടായെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ജസ്റ്റീസ് ഡി.ശ്രീദേവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഐ.ടി മേഖലയില്‍ 250 വിവാഹമോചന കേസുകളുണ്ടായെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷമത് 2500 ത്തോളമായെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും ശ്രീദേവി പറഞ്ഞു. ഐ.ടി മേഖലയിലെ ദമ്പതികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളെ വനിതാ കമ്മീഷന്‍ പഠന വിധേയമാക്കും. എപ്രിലില്‍ ഇതേ വിഷയത്തില്‍ പഠനം ആരംഭിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വനിതാ കമ്മീഷന്റെ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. ഇപ്പോള്‍ കേസുകള്‍ നേരിട്ട് വനിതാ കമ്മീഷനിലേക്ക് വരികയാണ്. ഇതില്‍ ഭൂരിഭാഗവും വ്യക്തിപരമായ കേസുകളാണ്. ഇത്തരം കേസുകള്‍ ജാഗ്രതാ സമിതികള്‍ കൈകാര്യം ചെയ്യുകയും ഗൌരവമേറിയ കേസുകളില്‍ കമ്മീഷന്‍ ഇടപെടുകയും ചെയ്യും.

വനിതാ കമ്മീഷന്റെ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് കുറവാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. പുതിയ കമ്മീഷന്‍ നിലവില്‍ വന്നതിനു ശേഷം 7000 പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇതില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നും ജസ്റ്റീസ് ശ്രീദേവി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. കൂടാതെ എക്സിബിഷന്‍, ഡോക്യൂമെന്ററി, കലാമേളകള്‍ എന്നിവ വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

വിവിധ വിഷയങ്ങളെ അധികരിച്ച് കമ്മീഷന്‍ ഹൃസ്വചിത്രങ്ങള്‍ പുറത്തിറിക്കിയിട്ടുണ്െടന്നും വനിതാകമ്മീഷന്‍ ചെയര്‍പേഴ്സന്‍ പറഞ്ഞു. ജസ്റ്റീസ് ശ്രീദേവിക്കൊപ്പം കമ്മീഷനംഗം ടി.ദേവിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1. നികുതി പിരിവിന് ഊര്‍ജിത നടപടി
തിരുവനന്തപുരം: നികുതി പിരിവിന് ഊര്‍ജിത നടപടികള്‍ നിര്‍ദേശിക്കുന്ന സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:

. വാണിജ്യനികുതി കുടിശിക തീര്‍പ്പാക്കാന്‍ പ്രത്യേക പദ്ധതി
. 1990^95 വര്‍ഷത്തെ നികുതി കുടിശികകള്‍ 75 ശതമാനം അടച്ച് തീര്‍പ്പാക്കാം
. മറ്റ് കുടിശികകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി
. കുടുംബശ്രീക്ക് 30 കോടി
. കെ.എസ്.ആര്‍.ടി.സിയുടെ കടം 700 കോടി എഴുതിത്തള്ളി
. വില്‍പന നികുതിക്കും വാറ്റിനും ഒരു ശതമാനം സെസ്
. സിനിമവ്യവസായത്തിന് നികുതിയിളവ്
. പരമ്പരാഗത അടിസ്ഥാന മേഖലയില്‍ പെന്‍ഷന്‍ ഉയര്‍ത്തി
. സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി
. നിലത്തെഴുത്ത് ആശാന്‍മാര്‍ക്ക് പെന്‍ഷന്‍
. കോഴിക്കോട്ട് ബഷീര്‍ സ്മാരകം
. സച്ചാര്‍ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്ക് 10 കോടി
. സര്‍വകലാശാലകള്‍ക്ക് 35 കോടി
. ഖാദിക്ക് നികുതിയിളവ്
. പൊതുമേഖലാ നവീകരണത്തിന് 50 കോടി
. കെ.എസ്.എഫ്.ഇക്ക് 10 കോടി, 40 ബ്രാഞ്ചുകള്‍ കൂടി
. കൈത്തറി മേഖലക്ക് അഞ്ചു കോടി
. ബാംബൂ കോര്‍പറേഷന് ഏഴു കോടി
. സെറിഫെഡിന് മൂന്നു കോടി
. ടൂറിസം വികസനത്തിന് മുന്തിയ പരിഗണന
. ആര്‍.സി.സിക്ക് 10 കോടി
. കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് സൌജന്യ ചികില്‍സ
. കിലക്ക് അഞ്ചു കോടി
. വിഴിഞ്ഞം പദ്ധതിക്ക് 75 കോടി
. കരിപ്പൂര്‍ വിമാനത്താവള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും
. കണ്ണൂര്‍ വിമാനത്താവള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും
. നിര്‍ധന വൃദ്ധര്‍ക്ക് 250 കോടിയുടെ പദ്ധതി
. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ്
. കയര്‍ഫെഡിന് രണ്ടു കോടി
. കാര്‍ഷിക കടാശ്വാസത്തിന് 50 കോടി
. തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമാക്കും
. നെല്‍കൃഷിക്ക് 20 കോടി
. കിസാന്‍ശ്രീ വിപുലപ്പെടുത്തും
. സിവില്‍ സപ്ലൈസിന് കൂടുതല്‍ സഹായം
. വിലക്കയറ്റം തടയും
. മൃഗസംരക്ഷണത്തിന് 70 കോടി

2. വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി പൊതുമേഖലയില്‍ നിലനിര്‍ത്തും: മന്ത്രി
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി പുനഃസംഘടിപ്പിച്ച് പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. അടുത്ത ജൂണ്‍ ഒമ്പത് വരെയാണ് നിലവിലെ ബോര്‍ഡിന് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. അത് കഴിഞ്ഞാല്‍ നീട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടന നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഛത്തീസ്ഗഢില്‍ കേന്ദ്രം സമയം നീട്ടിനല്‍കാഞ്ഞതിനാല്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഉത്പാദനം, പ്രസരണം, വിതരണം എന്നിവയെ ഒരുകുടക്കീഴില്‍ കൊണ്ടുവരികയും സ്വകാര്യ മേഖലയില്‍ ഒരു കാരണവശാലും ഷെയറുകള്‍ ലഭിക്കാത്ത വിധത്തിലുമായിരിക്കും പുനഃസംഘടന.

2003ലെ ആക്ടിലെ വ്യവസ്ഥ ഉപയോഗിച്ച് തന്നെ ഇപ്രകാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് വിദഗ്ധാഭിപ്രായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായി പ്രചരിപ്പിച്ച് ചിലര്‍ ആളുകളെ പറ്റിക്കുകയാണ്. അക്കൌണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരം 2006^07ല്‍ വൈദ്യുതി ബോര്‍ഡിന് 142.21 കോടിയുടെ കമ്മിയുണ്ട്. എന്നാല്‍ റഗുലേറ്ററി കമീഷന്‍ 154.61 കോടി ലാഭമുണ്ടെന്നാണ് കണക്ക് കൂട്ടിയിരുന്നത്. നടപ്പ് വര്‍ഷം കമ്മി 750 കോടി രൂപയിലേറെ വരും. 200 മെഗാവാട്ടോളം അധികം വേണ്ടിവരുന്നതും കേന്ദ്രപൂളില്‍ നിന്ന് 180 മെഗാവാട്ട് കുറഞ്ഞതും മൂലം വിലകൂടിയ താപവൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി നേരിടുന്നത്. സ്വാഭാവികമായും ഇത് താങ്ങാനാകാത്ത പ്രതിസന്ധി സൃഷ്ടിച്ചു.

പവര്‍കട്ടും ലോഡ്ഷെഡിംഗും ഏര്‍പ്പെടുത്താതെ മുറിച്ചു കടക്കാനാകുമോ എന്നാണ് നോക്കുന്നത്. മുമ്പ് എല്ലാകൊല്ലവും പവര്‍കട്ടും ലോഡ്ഷെഡിംഗും ഏതെങ്കിലും രൂപത്തില്‍ ഉണ്ടായിട്ടുണ്ട്. താങ്ങാനാകുന്നതുവരെ ഇപ്പോഴത്തെ സ്ഥിതിയില്‍ പോകും. കമ്മി കൂടിയ സാഹചര്യത്തില്‍ നിരക്ക് വര്‍ധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ റഗുലേറ്ററി കമീഷനാണ് അത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതെന്നായിരുന്നു മറുപടി. ലോഡ്ഷെഡിംഗ് ഉണ്ടാകുമോ എന്നചോദ്യത്തിനും മന്ത്രി വ്യക്തമായി മറുപടി നല്‍കിയില്ല.

3. സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തില്‍ അഞ്ചിരട്ടി വര്‍ധന; ഇക്കൊല്ലം 2000 കോടി കവിയും
തിരുവനന്തപുരം: സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ സര്‍ക്കാറിന്റെ വരുമാനം കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വര്‍ധിച്ചത് അഞ്ചിരട്ടി. ഭൂമി ഇടപാടുകളെ സര്‍ക്കാര്‍ കറവപ്പശുവാക്കിമാറ്റിയതോടെയാണ് അതില്‍ നിന്നുള്ള വരുമാനം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. 97^98ല്‍ 331.30 കോടിയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി സര്‍ക്കാറിന് ലഭിച്ചത്. 2006^07ല്‍ അത് 1519.91 കോടി ആയി. ഇക്കൊല്ലം 2000 കോടി കവിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഭൂമിക്ക് ന്യായ വില നിശ്ചയിച്ച് വരുമാനം വീണ്ടും വര്‍ധിപ്പിക്കാനുള്ള നടപടികളാണ് ധന^രജിസ്ട്രേഷന്‍ വകുപ്പുകള്‍ ആലോചിക്കുന്നത്. വാറ്റ് വന്നതോടെ വില്‍പന നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ മദ്യവും സിഗരറ്റും പെട്രോളുമൊഴികെ മറ്റുള്ളവയുടെ നികുതിയില്‍ കാര്യമായ വര്‍ധന ഉണ്ടാകുന്നില്ല. അതിനാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കാര്യമായി ലക്ഷ്യം വെക്കുന്നത് സ്റ്റാമ്പ് ഡ്യൂട്ടിയെയാണ്.
ഈ വര്‍ഷം 1524.12 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ബജറ്റ് എസ്റ്റിമേറ്റായി കണക്കാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മാസം ബാക്കി നില്‍ക്കെ 31^12^07ലെ കണക്ക് പ്രകാരം 1460.63 കോടി ഖജനാവിലെത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന മൂന്ന് മാസം ക്രയവിക്രയങ്ങള്‍ നന്നായി നടന്നെങ്കില്‍ അത് 2000 കോടിക്കടുത്തെത്തും. അതായത് ലക്ഷ്യമിട്ടതിനെക്കാള്‍ 500 കോടിയോളം രൂപ അധികം ലഭിക്കും. 2004^05 ഓടെയാണ് കേരളത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്നുള്ള വരുമാനം മുഖ്യലക്ഷ്യമാകുന്നത്.മുന്‍വര്‍ഷത്തെ 549 കോടിയില്‍ നിന്ന് 775.35 കോടിയായാണ് സ്റ്റാമ്പ് ഡ്യൂട്ടി 2004^05ല്‍ വര്‍ധിച്ചത്. അടുത്ത വര്‍ഷം 1101.42 കോടിയായി. കഴിഞ്ഞ വര്‍ഷം അത് 1500 കോടി കവിയുകയായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് 38 ശതമാനത്തിന്റെ വര്‍ധന. ചരിത്രത്തിലെ ഏറ്റവും വലിയ വരുമാന വര്‍ധനയായിരുന്നു ആ വര്‍ഷം. ഇക്കൊല്ലം അതും മറികടക്കും.
ഭൂമിയുടെ വില കുതിച്ചു കയറാന്‍ ഇത് വഴിവച്ചു. ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാന്‍ നിവൃത്തിയില്ലാത്ത സ്ഥിതി വരികയും ചെയ്തു. കോര്‍പറേഷനുകളില്‍ 13.5 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 12.5 ശതമാനവും പഞ്ചായത്തുകളില്‍ 10 ശതമാനവുമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നത്. ഇതിനു പുറമെ രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസ് കൂടി നല്‍കണം. അതായത് ആറ് പ്രാവശ്യം ഒരു ഭൂമി വില്‍പന നടന്നാല്‍ ഭൂമിയുടെ ആകെ വില തന്നെ സര്‍ക്കാറിന് നികുതിയായി ലഭിക്കും. ന്യായവില നടപ്പായില്ലെങ്കിലും ധാരണാ വിലയനുസരിച്ചാണ് രജിസ്ട്രേഷന്‍ നടക്കുന്നത്.

1. വിലക്കയറ്റം തടയാന്‍ ഒന്നുമില്ല
വിലക്കയറ്റം തടയുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിക്കുന്ന ബജറ്റ് പക്ഷേ, അതിനായി തുകയൊന്നും വകയിരുത്തിയില്ല. കാര്‍ഷിക മേഖലയിലെ വിലസ്ഥിരതാ പദ്ധതിയുടെ കാര്യത്തിലും ഇതാണവസ്ഥ.

സിവില്‍ സപ്ളൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും നല്‍കിയ തുകയുടെ കണക്കുപറയുന്ന ബജറ്റില്‍, നിലവിലുള്ള വിലക്കയറ്റം തടയാന്‍ ഇവര്‍ക്ക് എന്തു നല്‍കുമെന്നു വ്യക്തമല്ല. കമ്പോളത്തില്‍ ഇടപെട്ടതു മൂലം ഈ സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുമെന്നു പറയുന്ന ബജറ്റ്, വിലക്കയറ്റത്തിനു കടിഞ്ഞാണിടാനുള്ള പോരാട്ടത്തിനു വിഭവപരിധികള്‍ നിശ്ചയിച്ചിട്ടില്ലെന്നും ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോകുന്നു. രൂക്ഷമായ വിലക്കയറ്റം തടയാന്‍ ബജറ്റ് വിഹിതമെത്ര എന്ന ചോദ്യം ഉത്തരംകിട്ടാതെ ശേഷിക്കുന്നു. നേരത്തേ നല്‍കിയ തുകയുടെ കണക്കുകള്‍ ആവര്‍ത്തിക്കുന്നുമുണ്ട്.

സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ശൃംഖല വിപുലപ്പെടുത്തും. നടപ്പുവര്‍ഷം 119 കോടി റേഷന്‍ സബ്സിഡിയായി നല്‍കി. ഇതിനു പുറമേ യഥാക്രമം 38 കോടിയും 13 കോടിയും ധനസഹായമായി നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ടു 117 കോടി ഈ മേഖലയില്‍ നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ രണ്ടു വര്‍ഷംകൊണ്ടു 311 കോടി നല്‍കിയതായും ബജറ്റ് അവകാശപ്പെടുന്നു. കേന്ദ്ര നയങ്ങള്‍മൂലം റേഷന്‍ സമ്പ്രദായം തകര്‍ന്നു തരിപ്പണമായെന്നും പരമാര്‍ശമുണ്ട്.

കാര്‍ഷികോല്‍പന്നങ്ങളുടെ വിലസ്ഥിരതയ്ക്കു വേണ്ടി പദ്ധതി നടപ്പാക്കുമെന്നതു സര്‍ക്കാരിന്റെ തുടക്കംമുതലുള്ള വാഗ്ദാനമാണ്. അതിനും തുകയില്ല. കടാശ്വാസ പദ്ധതിയില്‍ മിച്ചംവരുന്ന പണം ഇതിനു വിനിയോഗിക്കുമെന്നാണു പറയുന്നത്. ഉല്‍പന്ന സംഭരണത്തിനായുള്ള മറ്റു ഫണ്ടുകളും ഇതുമായി സംയോജിപ്പിക്കും. കര്‍ഷക സംഘടനകളുമായി ചര്‍ച്ചചെയ്തു നിശ്ചയിക്കുന്ന പദ്ധതി, കാര്‍ഷിക വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നും വിഭാവനം ചെയ്യുന്നു.

2. ബജറ്റ്: ക്ഷേമമായും ഭാരമായും
ലോക്സഭാ തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് കേരള ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കു കൂടുതല്‍ തുക

കാര്‍ഷിക വിലസ്ഥിരതാ പദ്ധതി, (പക്ഷേ, കൂടുതല്‍ വിശദീകരണമില്ല)

വിലക്കയറ്റം നിയന്ത്രിക്കാന്‍ പരിധിയില്ലാത്ത ധനസഹായം. (തുക വകയിരുത്താതെ)

കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ആര്‍ട്ടിസാന്‍, കെട്ടിടനിര്‍മാണ, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 200 രൂപ

നിലത്തെഴുത്താശാന്മാര്‍, കക്കാവാരല്‍ തൊഴിലാളികള്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ക്കു പെന്‍ഷന്‍

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള വയോജനങ്ങള്‍ക്കു കേന്ദ്രപദ്ധതിപ്രകാരം 250 രൂപ പെന്‍ഷന്‍

കേന്ദ്ര സര്‍ക്കാരിന്റെ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍പെടുത്താന്‍ 20 കോടി

കാര്‍ഷിക കടാശ്വാസത്തിന് 50 കോടി

മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 10 കോടി. പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ക്കു സ്കോളര്‍ഷിപ്

കെഎസ്ആര്‍ടിസിക്കും വാട്ടര്‍ അതോറിറ്റിക്കും പുനരുദ്ധാരണ പാക്കേജ്. കെഎസ്ആര്‍ടിസിയുടെ 700 കോടി നികുതി കുടിശികയും 153 കോടി പലിശ – പിഴപ്പലിശയും എഴുതിത്തള്ളും. വാട്ടര്‍ അതോറിറ്റിക്കു സര്‍ക്കാര്‍ നല്‍കിയ വായ്പയുടെ കുടിശികയായ 1006 കോടി എഴുതിത്തള്ളും

കര്‍ഷക ക്ഷേമനിധി ഈ വര്‍ഷം

എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കാന്‍ 20 കോടി

ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കു ചികില്‍സാ സഹായം

ആശ്രയ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ 10 കോടി

ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സാമൂഹിക സുരക്ഷാ മിഷന്‍. തുക 60 കോടി
കുടുംബശ്രീക്കു 30 കോടി. കുടുംബശ്രീക്കു ധനസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ 1500 കോടിയാക്കും

നെല്‍ക്കൃഷിക്ക് 20 കോടി. സംയോജിത കേരവികസന പദ്ധതിക്കു 15 കോടി. ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനു മൂന്നു കോടി

മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 70 കോടി.

നികുതി നിര്‍ദേശങ്ങള്‍

എല്ലാ സാധനങ്ങളുടെയും വില്‍പന നികുതി, മൂല്യവര്‍ധിത നികുതി എന്നിവയില്‍ ഒരു ശതമാനം സെസ്സ്. (ഇതുവഴി 100 കോടിരൂപ വരുമാന വര്‍ധന)

ചില്ലറ വ്യാപാര ശൃംഖലയിലെ വന്‍കിട സ്ഥാപനങ്ങള്‍ക്കു 10% സര്‍ചാര്‍ജ്. (അധികവരുമാനം രണ്ടുകോടി)

ദിവസം 1000 രൂപയോ അതിലധികമോ വാടകയുള്ള ആശുപത്രി മുറികള്‍ക്കു 10% ആഡംബര നികുതി. (പ്രതീക്ഷ ഒരുകോടി)

പ്ളാസ്റ്റിക് ക്യാരി ബാഗ് നികുതി 12.5%.

ബാര്‍ ഹോട്ടലുകള്‍ വില്‍ക്കുന്ന കുപ്പിവെള്ളം, മറ്റു പാനീയങ്ങള്‍ എന്നിവയും ഭക്ഷണ, പാനീയങ്ങളെപ്പോലെ കോംപൌണ്ടിങ് പരിധിയില്‍

ബാര്‍ ഹോട്ടല്‍ മദ്യത്തിന്റെ വിറ്റുവരവുമായി ബന്ധപ്പെടുത്താതെ,
ഭക്ഷണ സാധനങ്ങള്‍ക്കു തൊട്ടുമുന്‍പുള്ള മൂന്നുവര്‍ഷം ഇവര്‍ നല്‍കിയതോ നല്‍കാനുള്ളതോ ആയ നികുതിയുടെ 125% എന്ന നിരക്കില്‍ കോംപൌണ്ടിങ്

നികുതിയിളവുകള്‍

കടലാസ് ബാഗുകള്‍ക്കു നികുതി ഒഴിവാക്കി

സെക്കന്‍ഡ്ഹാന്‍ഡ് കാര്‍ നികുതി നാലില്‍ നിന്നു 0.5% ആക്കി

മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ മൂല്യവര്‍ധിത നികുതി 2005 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കി

ജനറേറ്റര്‍ – ആശുപത്രി ഉപകരണങ്ങള്‍ – കംപ്യൂട്ടര്‍ പെരിഫറല്‍സ് നികുതി നാലു ശതമാനമാക്കി കുറച്ചത് എല്ലാ ആശുപത്രി ഉപകരണങ്ങള്‍ക്കും ബാധകമാക്കി
ദേവസ്വംബോര്‍ഡ് വിതരണം ചെയ്യുന്ന പ്രസാദം, ഭക്തരുടെ കാണിക്ക സാധനങ്ങളുടെ വില്‍പന എന്നിവ നികുതിയില്‍ നിന്ന് ഒഴിവാക്കി

കശുവണ്ടിപ്പരിപ്പിന്റെ നികുതി നാലു ശതമാനമാക്കി കുറച്ചതു വറുത്തതും ഉപ്പുചേര്‍ത്തതുമായ കശുവണ്ടിപ്പരിപ്പ്, കാഷ്യൂസൂപ്പ്, കാഷ്യൂവിറ്റ, കാഷ്യൂപൌഡര്‍, കാഷ്യൂബിറ്റ്സ് എന്നിവയ്ക്കും ബാധകം

വാതില്‍ – ജനല്‍ പടികള്‍, ക്ളാംപ്, കപ്പി, മുനിസിപ്പല്‍ ഖരമാലിന്യ സംസ്കരണ പ്ളാന്റുകള്‍, സൈക്കിള്‍ ഭാഗങ്ങള്‍, കൈത്തറി – പരുത്തി നിര്‍മിത ചവിട്ടി, പരവതാനികള്‍ തുടങ്ങിയവയുടെ നികുതി നാലു ശതമാനമാക്കി കുറച്ചു

പാകംചെയ്ത ഭക്ഷണസാധനങ്ങള്‍ക്കു കോംപൌണ്ട് നിരക്കില്‍ നികുതി ഒടുക്കാന്‍ അര്‍ഹതയുള്ള ഹോട്ടലുകളുടെ നിരക്കു നാലു ശതമാനമാക്കി

3. സ്വകാര്യ ഗോഡൌണില്‍ നിന്ന് 1100 ചാക്ക് റേഷനരിയും ഗോതമ്പും പിടികൂടി
ഒല്ലൂര്‍: കമ്പനിപ്പടിക്കു സമീപം സ്വകാര്യ ഗോഡൌണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 1100 ചാക്ക് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഫുഡ് കോര്‍പറേഷനില്‍ നിന്നു സപ്ളൈകോ വഴി റേഷന്‍ കടകളിലേക്കു പോകേണ്ട അരിയും ഗോതമ്പുമാണ് പിടികൂടിയത്. സെന്റ് ജോസഫ് റൈസ് ആന്‍ഡ് ഓയില്‍ മില്ലിന്റെ പുറകുവശത്തെ ഗോഡൌണിലിറക്കി ‘എലിഫന്റ് ബ്രാന്‍ഡ് എന്നെഴുതിയ ചാക്കുകളിലേയ്ക്കു പകര്‍ത്തുന്നതിനിടെയായിരുന്നു റെയ്ഡ്.

സ്വകാര്യഗോഡൌണില്‍ അരി തിരിമറി നടക്കുന്നതായി കലക്ടര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സപ്ളൈ ഓഫിസ് അധികൃതരുടെ നടപടി. 863 ചാക്ക് പച്ചരി, 213 ചാക്കു ഗോതമ്പ്, 24 ചാക്ക് മട്ട അരി എന്നിവയാണ് പിടിച്ചെടുത്തത്. ഗോഡൌണ്‍ ഉടമയ്ക്കും ചരക്കു കൊണ്ടുവന്ന ലോറി ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ഗോഡൌണിലെ തൊഴിലാളികളും ലോറിയിലെ ജീവനക്കാരും രക്ഷപെട്ടു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ കടകളിലേക്കുള്ള ബില്ലുകള്‍ കണ്ടെടുത്തു.

പൂത്തോളിലെ എഫ്സിഐ ഗോഡൌണില്‍ നിന്നു റേഷന്‍ കടകളിലേക്കു കൊണ്ടുപോയ അരിയാണ് സ്വകാര്യ ഗോഡൌണില്‍ ഇറക്കിയത്. സര്‍ക്കാര്‍ സബ്സിഡിയോടെ വിലകുറച്ചു നല്‍കുന്ന അരി പുതിയ ചാക്കിലാക്കി 21 രൂപ വരെ ഈടാക്കി പൊതുവിപണിയില്‍ മറിച്ചുവിറ്റാണ് തട്ടിപ്പ്. ഒരു കിലോ വില്‍ക്കുമ്പോള്‍ 13 രൂപ വരെ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. റേഷന്‍ കടയുടമകളുടെ അറിവോടെയാണ് ഈ തിരിമറിയെന്നു സൂചന ലഭിച്ചതോടെ ചില റേഷന്‍ കടയുടമകളെ ചുറ്റിപ്പറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പിടിച്ചെടുത്ത അരി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുമെന്ന് റെയ്ഡിനു നേതൃത്വം നല്‍കിയ ജില്ലാ സപ്ളൈ ഓഫിസര്‍ കെ.കെ. ബാലകൃഷ്ണന്‍ അറിയിച്ചു. അഡീഷനല്‍ തഹസില്‍ദാര്‍ സി.വി. ആനീസ്, താലൂക്ക് സപ്ളൈ ഓഫിസര്‍ പി.കെ. സുധാകരന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജോമോന്‍ വര്‍ഗീസ്, എകെ. സതീഷ്കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

4. ബജറ്റ് പ്രഖ്യാപനത്തിനു ശേഷവും വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ
മുംബൈ: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാ നുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം പുറത്തുവന്ന ശേഷവും പടിഞ്ഞാറന്‍ വിദര്‍ഭയില്‍ മൂന്നു കര്‍ഷകര്‍ കൂടി കടക്കെണി മൂലം ജീവനൊടുക്കി. ബുല്‍ഡാനയില്‍ നിന്ന് രണ്ടു കര്‍ഷകരും യവത്മാളില്‍ നിന്ന് ഒരാളുമാണു ജീവനൊടുക്കിയത്.

5. ലോറിയില്‍ കടത്തിയ 73 വീപ്പ ടാര്‍ പിടികൂടി
അമ്പലപ്പുഴ: വ്യാജബില്ലും ഡെലിവറി നോട്ടും സൃഷ്ടിച്ച് തമിഴ്നാടു റജിസ്ട്രേഷന്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 73 വീപ്പ ടാര്‍ അമ്പലപ്പുഴ പൊലീസ് പിടികൂടി. ലോറി ഡ്രൈവര്‍ തേനി ജില്ലയില്‍ ഗൂഡല്ലൂര്‍ വില്ലേജില്‍ മന്തൈ അമ്മന്‍കോവില്‍ തെരുവില്‍ ശെല്‍വകുമാര്‍ (26), കിളി പ്രേംകുമാര്‍ (20), സഹായി തിരുനല്‍വേലി തെങ്കാശി മഹാദേവി റോഡില്‍ യൂസഫ് (41) എന്നിവരെ  സിഐ സി.കെ. ഉത്തമന്റെ നേതൃത്വ ത്തില്‍ അറസ്റ്റ് ചെയ്തു. സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

അമ്പലമുകളിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സ്റ്റേഷനില്‍ നിന്നു 100 ബാരല്‍ ടാര്‍ എടുത്തതായിട്ടാണു വാഹനരേഖയില്‍ ഉള്ളത്. എന്നാല്‍, അന്വേഷണത്തില്‍ ഇതു വ്യാജമാണെന്നും അവിടെ നിന്നു ടാര്‍ നല്‍കിയിട്ടില്ലെന്നും വ്യക്തമായി.ടിഎന്‍ 60 റ്റ 1612  നമ്പര്‍ ലോറി യിലെ ടാര്‍ തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള താണെന്നാണു ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പറഞ്ഞത്.

തൃപ്പൂണിത്തുറ പേട്ടയ്ക്കും ഗാന്ധിസ്ക്വയറിനും ഇടയ്ക്കുള്ള റോഡിലാണു ലോറി ഇവര്‍ക്കു പേരു വെളിപ്പെടുത്താത്ത വ്യക്തി കൈമാറിയതെന്നു പൊലീസിനെ അറിയിച്ചു. എന്നാല്‍, ഇവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )