പത്രവാര്‍ത്തകള്‍ 05-03-08

ആണവ കരാര്‍- ഹൈഡ്‌ നിയമവും കണക്കിലെടുക്കും: അമേരിക്ക

കേരളത്തിന്റെ ഭക്ഷ്യസ്‌ഥിതി അപകടത്തില്‍

പാക്‌ ജനതയ്‌ക്കു നന്ദി: കാഷ്‌മീര്‍സിംഗ്‌

ടി.ആര്‍.എസ്‌. നിയമസഭാംഗങ്ങളും രാജിവച്ചു

ജോധ അക്‌ബര്‍: പ്രദര്‍ശനവിലക്ക്‌ സുപ്രീം കോടതി നീക്കി

റെയില്‍വേ നടപ്പാക്കുന്ന മാലിന്യവിമുക്‌ത ടോയ്‌ലറ്റ്‌: കാരണമായത്‌ മലയാളിയുടെ ഹര്‍ജി

ഐസ്‌ക്രീം പൊള്ളുന്നു

മരുന്നു നികുതി സമ്പ്രദായം മാറ്റണമെന്ന്‌ എഫ്‌.എം.ആര്‍.എ.ഐ

എന്‍.സി.സി. കേഡറ്റുകള്‍ക്കുള്ള ഗ്രേസ്‌ മാര്‍ക്ക്‌

ജറ്റ്‌ എയര്‍വേസ്‌ കേരളത്തിലേക്ക്‌ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആണവകരാര്‍ ഹൈഡ് ആക്ടിന്റെ അടിസ്ഥാനത്തില്‍: അമേരിക്ക
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ആണവകരാര്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ ആഭ്യന്തര നിയമമായ ഹൈഡ് ആക്ടിലെ വ്യവസ്ഥകളും കണക്കിലെടുക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ‘ഹൈഡ് ആക്ട് ആഭ്യന്തര നിയമമാണ്. 123 കരാറാകട്ടെ അന്തരാഷ്ട്ര നിയമവും. ഇത് രണ്ടും ഒന്നിച്ച് മുന്നോട്ടു പോകും’-രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി റിച്ചാര്‍ഡ് ബൌച്ചര്‍ പറഞ്ഞു.

ഹൈഡ് ആക്ട് ഇന്ത്യക്ക് ബാധകമല്ലെന്നും 123 കരാര്‍മാത്രമാണ് ഇന്ത്യക്ക് ബാധകമെന്നും വിദേശമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പറഞ്ഞതിനു തൊട്ടുപിറകെയാണ് ബൌച്ചറുടെ ഈ പ്രസ്താവന. നേരത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഹൈഡ് ആക്ടിന്റെ അടിസ്ഥാനത്തില്‍മാത്രമേ ആണവവിതരണ ഗ്രൂപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകൂ എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈഡ് ആക്ടിന് വിരുദ്ധമാണ് ഇന്ത്യയുടെ ആവശ്യമെങ്കില്‍ അത് അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഹൈഡ് ആക്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ് 123 കരാറെന്ന ഇടതുപക്ഷത്തിന്റെ വാദം ശരിവയ്ക്കുന്നതു കൂടിയാണ് ബൌച്ചറുടെ പ്രസ്താവന. ബൌച്ചര്‍ ചൊവ്വാഴ്ച വിദേശമന്ത്രി ശിവശങ്കര്‍ മേനോനുമായി കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തി. കരാര്‍ ജൂലൈക്കകം നടപ്പാക്കാന്‍ അമേരിക്ക ഇന്ത്യക്കുമേല്‍ ചെലുത്തുന്ന സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ബൌച്ചറുടെ സന്ദര്‍ശനം. കഴിഞ്ഞ മാസം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ക്ക് ഗേറ്റ്സ് ഇതേ ആവശ്യത്തിനായി ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡും അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി നിക്കോളസ് ബേണ്‍സും കരാര്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

ഇതിനിടെ, ജൂലൈക്കകം കരാര്‍ സംബന്ധിച്ച തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോം കാസി വാഷിങ്ടണില്‍ ആവശ്യപ്പെട്ടു. ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിച്ച് കരാറുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ തയ്യാറാകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ‘കരാര്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നു. ഇന്ത്യയുടെയും അമേരിക്കയുടെയും ആഗോള ആണവനിര്‍വ്യാപന ശ്രമങ്ങള്‍ക്കും ഗുണകരമാണ് ഈ കരാര്‍’-കാസി കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ ജൂലൈയില്‍ അവസാനിക്കുംമുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കാനാണ് സമ്മര്‍ദം. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഒന്നിനുപിറകേ ഒന്നായി ഇന്ത്യയില്‍ വരുന്നത് ഇതിനാണ്. ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നടപടി ആരംഭിക്കും. നവംബറില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ഏതാണ്ടിതേ സമയംതന്നെ ഇന്ത്യയും തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത. കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചതാല്‍ സര്‍ക്കാര്‍ വീഴും. ഇടതുപക്ഷം ഉറച്ച നിലപാടിലാണ്.

2. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരോഗ്യവകുപ്പ്  ഏറ്റെടുക്കും
കണ്ണൂര്‍: വൈദ്യുതിവകുപ്പിന്റെ കീഴിലുള്ള മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു. നയപരമായ തീരുമാനമായിക്കഴിഞ്ഞു. മന്ത്രിസഭാ തീരുമാനം ഉടനെയുണ്ടാകും. സെന്ററിന് ആരോഗ്യവകുപ്പ് അഞ്ചുകോടി രൂപ അനുവദിക്കുമെന്നും അവര്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ളബും എ കെ ജി സഹകരണ ആശുപത്രിയും ചേര്‍ന്നുള്ള പത്രപ്രവര്‍ത്തക ആരോഗ്യപദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ക്യാന്‍സര്‍രോഗബാധ ഭയാനകമാംവിധം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രോഗനിര്‍ണയ- ചികിത്സാസൌകര്യം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തും. അഞ്ചു മെഡിക്കല്‍ കോളേജും ആര്‍സിസിയും മലബാര്‍ ക്യാന്‍സര്‍ സെന്ററുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്നത്. അപൂര്‍വമായി സ്വകാര്യ ആശുപത്രിയിലും ആധുനിക ചികിത്സാ സൌകര്യം ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല ഇവിടങ്ങളിലെ ചികിത്സാ ചെലവ്.

സംസ്ഥാനത്തെ ആതുരശുശ്രൂഷാരംഗത്ത് സ്തുത്യര്‍ഹ സംഭാവന നല്‍കുന്ന സഹകരണമേഖലയെ സര്‍ക്കാര്‍ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട സൌകര്യങ്ങളുള്ള എല്ലാ സഹകരണ ആശുപത്രിക്കും നേഴ്സിങ് സ്കൂളുകളും വലിയ സ്ഥാപനങ്ങള്‍ക്ക് നേഴ്സിങ് കോളേജുകളും അനുവദിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. കണ്ണൂര്‍ ജില്ലയില്‍ എ കെ ജി സഹകരണ ആശുപത്രിക്ക് നേഴ്സിങ് കോളേജും തലശേരി സഹകരണ ആശുപത്രിക്ക് നേഴ്സിങ് പിജി കോഴ്സും അനുവദിച്ചു- മന്ത്രി പറഞ്ഞു.

എ കെ ജി ആശുപത്രി ആവിഷ്കരിച്ച ജൂബിലിപ്ളസ് മെഡികാര്‍ഡ് പദ്ധതിയാണ് സൌജന്യനിരക്കില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയത്. പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷനായിരുന്നു. എ കെ ജി ആശുപത്രി പ്രസിഡന്റ് എന്‍ ചന്ദ്രന്‍ ആരോഗ്യപദ്ധതി വിശദീകരിച്ചു. പ്രസ്ക്ളബ് സെക്രട്ടറി വി എന്‍ അന്‍സല്‍ സ്വാഗതവും വൈസ്പ്രസിഡന്റ് എ ദാമോദരന്‍ നന്ദിയും പറഞ്ഞു.

3.  ബ്രിട്ടോയുടെ സഹനപാതയില്‍ ഊര്‍ജമായി ഇനി ഈ മകളും
കൊച്ചി: വടുതല ജെട്ടി റോഡിലെ ‘കയ’ത്തിന്റെ അകത്തളത്തിലേക്ക് പുതിയ അതിഥിയെത്തി. കയത്തിന്റെ ഗൃഹനാഥന്‍ സൈമണ്‍ ബ്രിട്ടോയ്ക്കും ജീവിത സഖി സീനയ്ക്കും ഇനി ഈ അതിഥിയുടെ കലമ്പലുകളും കാലൊച്ചയും കേട്ട് ഉണരുകയും ഉറങ്ങുകയുംചെയ്യാം. പരാതികളും പരിദേവനങ്ങളുമായി കയത്തിന്റെ നാഥനെ തേടിയെത്തുന്ന നാട്ടുകാര്‍ക്കും ഈ നവാതിഥിയുടെ കളിചിരിയില്‍ കണ്‍കുളിര്‍ക്കാം.

പോരാട്ടംതന്നെ ജീവിതമാക്കിയ സൈമണ്‍ ബ്രിട്ടോ എംഎല്‍എയ്ക്കും സഹധര്‍മിണി സീനയ്ക്കും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കെഎസ്യുക്കാരുടെ കഠാരമുനയില്‍ നട്ടെല്ല് ഞെരിഞ്ഞുപോയ സൈമണ്‍ ബ്രിട്ടോ എന്നും പോരാളികളുടെ മനസ്സിലെ ആവേശവും പ്രതീക്ഷയുമാണ്. കാല്‍നൂറ്റാണ്ടിനപ്പുറമുള്ള (1983 ഒക്ടോബര്‍ 14) ഒരു പകല്‍വേളയില്‍ വിദ്യാര്‍ഥി നേതാവിന്റെ ഉശിരുമായി ഓടിനടക്കുന്ന കാലത്താണ് കെഎസ്യുക്കാരന്റെ കഠാരമുന ബ്രിട്ടോയുടെ ജീവിതത്തെ തല്ലിക്കെടുത്താന്‍ ശ്രമിച്ചത്. പിന്നെ വര്‍ഷങ്ങള്‍ നീണ്ട മരുന്നിന്റെയും ചികില്‍സയുടെയും നാളുകള്‍. പക്ഷേ, അതൊന്നും ബ്രിട്ടോയെ തളര്‍ത്തിയില്ല. രാഷ്ട്രീയമായ ഇഛാശക്തിയുടെയും മാര്‍ക്സിസത്തിന്റെ ദര്‍ശനം നല്‍കിയ ഉള്‍ക്കാഴ്ചയുടെയും വെളിച്ചത്തില്‍ ബ്രിട്ടോ പൊരുതി മുന്നേറി. അരയ്ക്കുതാഴെ ഭാഗികമായി നിശ്ചലമായ ശരീരവുമായി പോരാട്ടത്തിന്റെ വഴിയിലൂടെതന്നെ മുന്നേറി.

ഇതിനിടയില്‍ വേദനകളും സ്വപ്നങ്ങളും പങ്കുവയ്ക്കാന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായിരുന്ന സീനാ ഭാസ്കര്‍ ജീവിത സഖിയായി. പിന്നീട് ഇവര്‍ പരസ്പരം ഊന്നുവടികളായി പോരാട്ടങ്ങളുടെ കനലും കനവും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചു. അതിനിടയില്‍ എംഎല്‍എയെന്ന ഭാരിച്ച ജോലിയും പാര്‍ടി ബ്രിട്ടോയെ ഏല്‍പ്പിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളും അവശതകളും ഒന്നിനും തടസ്സമായില്ല. ആംഗ്ളോ ഇന്ത്യന്‍ പ്രതിധിയെന്നനിലയില്‍ ബ്രിട്ടോ കേരളത്തിന്റെ മൊത്തം എംഎല്‍എയായി എങ്ങും ഓടിനടന്നു. വായനയുടെയും എഴുത്തിന്റെയും സര്‍ഗസഞ്ചാരങ്ങളും ബ്രിട്ടോയുടെ പ്രവൃത്തിപഥങ്ങളില്‍ വെളിച്ചം കൊണ്ടുവന്നു. അപ്പോഴൊക്കെ ബാക്കിവച്ച മോഹത്തിന്റെ സാക്ഷാത്കാരമാണ് വൈകിവന്ന കണ്‍മണി.

4. ചേലേമ്പ്ര: 71 ലക്ഷം രൂപയും 1.11 കോടിയുടെ ഭൂമിയിടപാടും കണ്ടെത്തി
മലപ്പുറം: ചേലേമ്പ്ര ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതികളുമായി പൊലീസ് ബാംഗ്ളൂരില്‍ നടത്തിയ അന്വേഷണത്തില്‍ 71 ലക്ഷം രൂപയും 1.11 കോടി രൂപയുടെ ഭൂമിയിടപാട് രേഖകളും കണ്ടെടുത്തു. ഭൂമി വാങ്ങാന്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് നല്‍കിയ 71 ലക്ഷം രൂപയുടെ ഇടപാടാണ് പൊലീസ് കണ്ടെത്തിയത്. പണം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് നടത്തിവരികയാണ്. പ്രതികളെ ഇടനിലക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാംഗ്ളൂര്‍ സിറ്റിയിലെ അമൃത നഗറില്‍ 1400 സ്ക്വയര്‍ ഫീറ്റ് ഭൂമി വാങ്ങാനാണ് പണം നല്‍കിയത്. അഞ്ച് പ്ളോട്ടുകളിലാണ് സ്ഥലം. ഇതില്‍ മൂന്ന് പ്ളോട്ടിന്റെ രജിസ്ട്രേഷന്‍ നടന്നിരുന്നു. രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ പൊലീസ് രേഖാമൂലം അപേക്ഷ നല്‍കി.

പ്രതികളായ ജെയ്സണ്‍, ഷിബു എന്നിവരെ തെളിവെടുപ്പിനായി ഡിവൈഎസ്പി കെ കെ ഇബ്രാഹിം, സി ഐ മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനൊന്ന സംഘമാണ് ബാംഗ്ളൂരില്‍ കൊണ്ടുപോയത്. ബാംഗ്ളൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ സംഘം പ്രതികളുമായി ഹൈദരാബാദിലേക്ക് തിരിച്ചു. ബുധനാഴ്ച ഹൈദരാബാദില്‍ തെളിവെടുപ്പ് നടത്തും. ഹൈദരാബാദില്‍ ന്യൂ ഡക്കാന്‍ റസിഡന്‍സി എന്ന ഹോട്ടലിലാണ് തെളിവെടുപ്പിനായി കൊണ്ടുപോകുക. ഇവിടെ ഒരു കിലോഗ്രാം സ്വര്‍ണം പ്രതികള്‍ ഉപേക്ഷിച്ച് പൊലീസിനെ വിവരമറിയിച്ചിരുന്നു. ഹൈദരാബാദിലെ തെളിവെടുപ്പിന് ശേഷം 16 കിലോ സ്വര്‍ണം വില്‍പ്പന നടത്തിയതായി പറയുന്ന ചെന്നൈയിലും തെളിവെടുപ്പ് നടത്തും.

ഫെബ്രുവരി രണ്ടിന് കളവ് നടത്തിയ സ്വര്‍ണം വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെ കനകേശ്വരിയുടെ കാറിടിച്ച് സ്വിസ് പോളിമേഴ്സ് കമ്പനിയിലെ ജീവനക്കാരന്‍ മരിച്ചിരുന്നു. സംഭവം നടന്ന കര്‍ണാടകത്തിലെ ബിടുതി പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ എത്തി അന്വേഷകസംഘം തെളിവെടുത്തു.

ഏഴ് കിലോ സ്വര്‍ണം വില്‍ക്കാന്‍ പോകുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. ബാംഗ്ളൂര്‍ സ്വദേശി രാഗേഷാണ് വാഹനമോടിച്ചിരുന്നത്. ഒന്നാം പ്രതി ജെയ്സണ്‍ ജോസഫും രണ്ടാം പ്രതി രാജേഷുമാണ് സ്വര്‍ണവുമായി വില്‍പ്പനക്ക് പോയത്. അപകടത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടം പ്രതികളുടെ 800 ഗ്രാം സ്വര്‍ണം അപഹരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.

ഫെബ്രുവരി രണ്ടിന് കളവ് നടത്തിയ സ്വര്‍ണം വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെ കനകേശ്വരിയുടെ കാറിടിച്ച് സ്വിസ് പോളിമേഴ്സ് കമ്പനിയിലെ ജീവനക്കാരന്‍ മരിച്ചിരുന്നു.

5. ശോഷിച്ച ഫണ്ട് കേന്ദ്രനേതൃത്വം തിരസ്കരിച്ചു
ന്യൂഡല്‍ഹി: നന്ദിഗ്രാമിന്റെ പേരില്‍ കേരളത്തിലെ യൂത്ത്കോണ്‍ഗ്രസ് പിരിച്ചത് 15 ലക്ഷം രൂപ. ‘ചെലവ്’ കഴിഞ്ഞ് ശേഷിച്ചത് 65,000. സംഗതി വിവാദമായപ്പോള്‍ അമ്പതിനായിരംകൂടി തട്ടിക്കൂട്ടി വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി. പക്ഷേ ബാക്കി വന്ന പണം സ്വീകരിക്കാന്‍ കേന്ദ്ര നേതൃത്വം വിസമ്മതിച്ചു.

പിരിച്ച പണം മുഴുവന്‍ ഇല്ലെങ്കില്‍ വാങ്ങില്ലെന്നും വേണമെങ്കില്‍ ബംഗാളില്‍ നേരിട്ട് എത്തിക്കാമെന്നും നിര്‍ദേശം. ഒട്ടും മടിച്ചില്ല അടുത്ത വിമാനത്തില്‍ കയറി യൂത്ത് നേതാക്കള്‍ കൊല്‍ക്കത്തയ്ക്കു പറന്നു. കൊല്‍ക്കത്തയില്‍ എന്തു സംഭവിച്ചുവെന്നതിന്റെ റിപ്പോര്‍ട് വന്നിട്ടില്ല.

പരാതികള്‍ കുന്നുകൂടിയതോടെ സംഭവം മൊത്തത്തില്‍ അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി നിയാമറിനെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്.

നന്ദിഗ്രാമിന്റെ പേരില്‍ കേരളത്തില്‍ ഫണ്ട് പിരിക്കാന്‍ യൂത്ത്് നേതൃത്വം തീരുമാനിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓരോ മണ്ഡലം കമ്മിറ്റിയും കുറഞ്ഞത് 500 രൂപ വീതം പിരിക്കാനായിരുന്നു സംസ്ഥാനപ്രസിഡന്റ് സിദ്ദിഖിന്റെ നിര്‍ദേശം. പിരിവൊക്കെ ഉഷാറായി നടന്നു. 1200 ലേറെ മണ്ഡലം കമ്മിറ്റികള്‍ യൂത്ത് കോണ്‍ഗ്രസിനുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. 500 രൂപവച്ച് നോക്കുമ്പോള്‍ത്തന്നെ കുറഞ്ഞത് ഏഴു ലക്ഷം പിരിഞ്ഞിട്ടുണ്ട്. എന്നാല്‍, ആയിരവും രണ്ടായിരവുമൊക്കെയാണ് പല കമ്മിറ്റിയും പിരിച്ചുനല്‍കിയത്. ഇതിനു പുറമെ സംസ്ഥാനത്തെ പല വമ്പന്‍ മുതലാളിമാരെയും നേരില്‍ക്കണ്ട് നേതാക്കള്‍ പിരിച്ച തുക വേറെയുണ്ട്. എല്ലാംകൂടി 15 ലക്ഷത്തോളം വരുമെന്നാണ് സിദ്ദിഖ് വിരുദ്ധ യൂത്ത്നേതാക്കള്‍ പറയുന്നത്.

നന്ദിഗ്രാമില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫണ്ടിന് അനക്കമില്ലാതെ വന്നപ്പോഴാണ് പിരിവ് വിവാദമായത്. കേന്ദ്രനേതൃത്വത്തിന് പരാതികള്‍ ലഭിച്ചതോടെ സിദ്ദിഖിന് രക്ഷയില്ലാതായി. പിരിച്ചെടുത്ത പണത്തില്‍ 65,000 രൂപ മാത്രമായിരുന്നു ശേഷിച്ചത്. കുറച്ചുപണംകൂടി പെട്ടെന്ന് സംഘടിപ്പിച്ച് 1,29,401 രൂപയുമായി സിദ്ദിഖും പത്തിലേറെ സഹപ്രവര്‍ത്തകരുംകൂടി ഡല്‍ഹിക്ക് വിമാനം കയറുകയായിരുന്നു.

ഡല്‍ഹിയില്‍ വന്ന് മൂന്നു ദിവസം കഴിഞ്ഞാണ് ഫണ്ടേല്‍പ്പിക്കാന്‍ യൂത്ത് നേതാക്കള്‍ കേന്ദ്രഓഫീസിലെത്തിയത്. എന്നാല്‍, ദേശീയപ്രസിഡന്റ് അശോക് തന്‍വര്‍ ഇവര്‍ക്ക് മുഖംനല്‍കാതെ മുറിയില്‍ കയറി വാതിലടച്ചു. നിരാശരാകാതെ നേതാക്കള്‍ മുറിക്കു പുറത്ത് നിന്നു. രാത്രി വൈകി പുറത്തുവന്ന തന്‍വറിനെ നേതാക്കള്‍ വളഞ്ഞു. എങ്ങനെയെങ്കിലും ഫണ്ടേല്‍ക്കണമെന്ന് അപേക്ഷിച്ചു. പരാതിയുള്ള സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഫണ്ട് വേണ്ടെന്നും വേണമെങ്കില്‍ ബംഗാളില്‍ പോയി കൊടുക്കാനും പറഞ്ഞ് തന്‍വര്‍ സ്ഥലം വിട്ടു.

ചൊവ്വാഴ്ച രാവിലെയാണ് സിദ്ദിഖും കൂട്ടരും കൊല്‍ക്കത്തയ്ക്ക് വിമാനം കയറിയത്. ഒരു ലക്ഷം രൂപയുടെ ഫണ്ട് നല്‍കാന്‍ ഏതാണ്ട് അത്രയും തന്നെ തുക വിമാനക്കൂലിയിനത്തില്‍ യൂത്ത് നേതാക്കള്‍ ചെലവഴിച്ചിട്ടുണ്ട്.

6. അവശ്യവസ്തുക്കള്‍ക്ക് ഡല്‍ഹിയില്‍ വന്‍ വിലക്കയറ്റം
ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ 14 അവശ്യവസ്തുക്കളില്‍ 12 എണ്ണത്തിനും കഴിഞ്ഞ ആറു മാസത്തിനിടയില്‍ വില കൂടിയെന്ന് ഭക്ഷ്യ സഹമന്ത്രി അഖിലേഷ്പ്രസാദ് യാദവ് ലോക്സഭയെ അറിയിച്ചു.

അവശ്യവസ്തുക്കള്‍ക്ക് ഇപ്പോഴുള്ള വിലയും ആറുമാസം മുമ്പുണ്ടായിരുന്ന വിലയും. ആറുമാസം മുമ്പുള്ള വില ബ്രായ്ക്കറ്റില്‍: അരി- 18 രൂപ (15 രൂപ), ഗോതമ്പ്-13 (12), ആട്ട-14 (13), ചെറുപയര്‍- 35 (34), തുവരപ്പരിപ്പ്- 41 (39), പഞ്ചസാര- 17 (16), കടലഎണ്ണ- 121 (118), കടുകെണ്ണ-72 (62), വനസ്പതി- 68 (60), തേയില-108 (107), പാല്‍ -20 (19), ഉരുളക്കിഴങ്ങ്- 8.00 (15.50), സവാള- 8 (21), ഉപ്പ് പായ്ക്കറ്റ്-10 (9).

ആവശ്യത്തിനനുസരിച്ച് വിതരണംചെയ്യാന്‍ കഴിയാത്തതാണ് അരി, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവയുടെ വിലക്കയറ്റത്തിന് കാരണം. ഭക്ഷ്യധാന്യങ്ങളെ കന്നുകാലിത്തീറ്റയാക്കി മാറ്റുന്നതും ജൈവ ഇന്ധന നിര്‍മാണത്തിന് ഉപയോഗിക്കുന്നതും പ്രകൃതിക്ഷോഭംമൂലമുള്ള വിളനാശവും കാരണമാണ് ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും ഭക്ഷ്യധാന്യങ്ങള്‍ക്ക് വില കൂടിയതെന്ന് മന്ത്രി അറിയിച്ചു. വിളവെടുപ്പുകാലം ആയതിനാലാണ് സവാളയ്ക്കും ഉരുളക്കിളങ്ങിനും വിലകുറഞ്ഞത്.

7. ബിപിഎല്‍: ആസൂത്രണ കമീഷന്‍ ആസ്ഥാനം ആയിരക്കണക്കിന് സ്ത്രീകള്‍ ഉപരോധിച്ചു
ന്യൂഡല്‍ഹി: പൊതുവിതരണ സമ്പ്രദായം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധകമാക്കണമെന്നും ദാരിദ്യ്രരേഖ നിര്‍ണയത്തിന്റെ മാനദണ്ഡം മാറ്റണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകള്‍ ഡല്‍ഹിയിലെ ആസൂത്രണ കമീഷന്‍ ആസ്ഥാനം ഉപരോധിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരംമൂലം രണ്ടു മണിക്കൂറോളം യോജനാ ഭവന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഈ വിഷയം ഉന്നയിച്ച് മാവ്ലങ്കര്‍ ഹാളിനു സമീപം നടന്ന കണ്‍വെന്‍ഷനുശേഷം ഉച്ചയോടെയാണ് സ്ത്രീകള്‍ യോജന ഭവനിലേക്ക് നീങ്ങിയത്.

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷിണി അലി, ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍, എംപിമാരായ പി സതീദേവി, സി എസ് സുജാത എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. നിരവധി സ്ത്രീകള്‍ യോജന ഭവനിലേക്ക് കയറി മുദ്രാവാക്യം മുഴക്കി. ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന് നിവേദനവും നല്‍കി.

ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ആസൂത്രണ കമീഷന്‍ ഗ്രാമീണ സ്ത്രീകള്‍ക്കെതിരെ കടുത്ത ആക്രമണമാണ് നടത്തുന്നതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്രത്തില്‍നിന്നുള്ള ഭക്ഷ്യധാന്യവിഹിതം സംബന്ധിച്ച് ആസൂത്രണ കമീഷന്റെ നിലപാടുകള്‍ ദരിദ്രരായ ജനങ്ങള്‍ക്കെതിരാണ്. കേരളംപോലെ ഭക്ഷ്യക്കമ്മിയുള്ള സംസ്ഥാനങ്ങള്‍ ഇതുമൂലം ഏറെ ക്ളേശിക്കുന്നുവെന്നും വൃന്ദ പറഞ്ഞു.

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ 22 ശതമാനം മാത്രമാണെന്ന ആസൂത്രണ കമീഷന്റെ കണ്ടെത്തല്‍ അബദ്ധമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു ദിവസം 2100നും 2400നുമിടയ്ക്ക് കലോറി ലഭിക്കുന്ന ഭക്ഷണം ആവശ്യമാണെന്ന 1979ലെ മാനദണ്ഡം ഉപയോഗിച്ചാണ് ദാരിദ്യ്രം നിര്‍ണയിക്കുന്നത്. ഇതനുസരിച്ച് ഗ്രാമീണമേഖലയില്‍ ഒരാള്‍ക്ക് പ്രതിമാസം 327 രൂപയും നഗരപ്രദേശങ്ങളില്‍ 454 രൂപയുമാണ് ദാരിദ്യ്രരേഖയ്ക്കുള്ള വരുമാനപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. കായികാധ്വാനം നടത്തുന്ന പുരുഷന്മാര്‍ക്ക് കുറഞ്ഞത് 3800 കലോറിയും സ്ത്രീകള്‍ക്ക് 2925 കലോറിയും ആവശ്യമാണെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ നിലവിലുള്ള ദാരിദ്യ്രരേഖാ മാനദണ്ഡം അപര്യാപ്തമാണ്.

ഒരു കുടുംബത്തിന്റെ ഉപഭോഗക്രമം മനസ്സിലാക്കാതെയും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന വിലക്കയറ്റം പരിഗണിക്കാതെയുമാണ് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറി, ഭക്ഷ്യഎണ്ണ, മരുന്നുകള്‍, ഇന്ധനം എന്നിവയ്ക്ക് വന്‍തോതില്‍ വില കൂടി. 1999-2000 വര്‍ഷത്തെ വിലയനുസരിച്ചാണ് ദാരിദ്യ്രരേഖ നിര്‍ണയിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ കടുത്ത ദാരിദ്യ്രം അനുഭവിക്കുന്നവര്‍പോലും ഈ മാനദണ്ഡം കാരണം ദാരിദ്യ്രരേഖയ്ക്കു മുകളിലായി.

രാജ്യത്തെ ദളിത് കുടുംബങ്ങളില്‍ 61 ശതമാനത്തിനും ആദിവാസി കുടുംബങ്ങളില്‍ 55 ശതമാനത്തിനും കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ 52 ശതമാനത്തിനും ബിപിഎല്‍ കാര്‍ഡില്ലെന്ന് ദേശീയ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആസൂത്രണ കമീഷന്റെ കണക്കില്‍ 22 ശതമാനം മാത്രമേയുള്ളൂ ദരിദ്രര്‍. ഇത് ജനങ്ങള്‍ക്കെതിരായ ആക്രമണമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. സുധ സുന്ദരരാമനാണ് പ്രമേയം അവതരിപ്പിച്ചത്. കണ്‍വെന്‍ഷനില്‍ വൃന്ദ കാരാട്ട്, ഉത്സ പട്നായിക് എന്നിവരും സംസാരിച്ചു. കേരളത്തില്‍നിന്നടക്കം എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള സ്ത്രീകള്‍ പങ്കെടുത്തു.

8. പിന്നോക്കാവസ്ഥ ആയുധമാക്കി ക്രിമിനല്‍ പ്രവര്‍ത്തനം
ഇന്ത്യയിലെ യഥാര്‍ഥ സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുക്കാത്ത മാവോയിസ്റുകള്‍ ചില പ്രദേശങ്ങത്തെ ഇത്തരം പ്രശ്നങ്ങള്‍ ആയുധമാക്കി ഉപയോഗിച്ച് അക്രമവും ക്രിമിനല്‍ പ്രവര്‍ത്തനവും നടത്തുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ദേശാഭിമാനിയോടു പറഞ്ഞു.

ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഐ എം ആണ് അവരുടെ ഒന്നാംനമ്പര്‍ ശത്രു. പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവണ്‍മെന്റിനെ അവര്‍ ശത്രുവായാണ് കാണുന്നത്. ബിഹാറിലെ ചില മേഖലയില്‍ അവര്‍ ഭൂപ്രഭുക്കള്‍ക്കും അവരുടെ അക്രമങ്ങള്‍ക്കും അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. പല സ്ഥലത്തും ക്രിമിനല്‍ ഗ്യാങ്ങുകളായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ അവിടത്തെ വ്യത്യസ്ത ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികള്‍ താല്‍ക്കാലികമായ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി ഇവരെ ഉപയോഗിക്കുന്നു. ഇത് അവസാനിപ്പിച്ച് മാവോയിസ്റുകള്‍ക്കെതിരെ രാഷ്ട്രീയപ്രചാരണം നടത്താന്‍ ബൂര്‍ഷ്വാ പാര്‍ടികള്‍ തയ്യാറാകണം. ഒപ്പം സാമൂഹ്യ- സാമ്പത്തിക നടപടിയും സ്വീകരിക്കണം. എന്നാല്‍ മാത്രമേ മാവോയിസ്റ് തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ് ആര്‍ പി പറഞ്ഞു.

രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക നടപടികള്‍ കൊണ്ടുമാത്രമേ മാവോയിസ്റ് അക്രമങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂവെന്ന് സിപിഐ എം ഒറീസ സംസ്ഥാന സെക്രട്ടറി ജനാര്‍ദന്‍ പതിയും സിപിഐ എം ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയറ്റംഗം വൈ വി റാവുവും ദേശാഭിമാനിയോടു പറഞ്ഞു.

ഒറീസയില്‍ വികസനപദ്ധതിക്കായി അനുവദിക്കുന്ന വന്‍ തുക ജനങ്ങളിലെത്താതെ അഴിമതിക്കാരുടെ കൈകളിലെത്തുന്നു. ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ജോലിചെയ്ത പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട കൂലിപോലും ഇടനിലക്കാര്‍ കവര്‍ന്നു. ഇത്തരം പ്രവണത അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആത്മാര്‍ഥതയോടെ നടപ്പാക്കിയാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സ്വയം ഇല്ലാതാകുമെന്ന് ജനാര്‍ദന്‍പതി പറഞ്ഞു.

ആന്ധ്രപ്രദേശില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സിപിഐ എം നടത്തിയ വമ്പിച്ച പ്രക്ഷോഭങ്ങളും ഗവണ്‍മെന്റിന്റെ ചില നടപടിയുംമൂലം മാവോയിസ്റ് പ്രവര്‍ത്തനങ്ങളുടെ ശക്തി കുറഞ്ഞു. ഭൂമിപ്രശ്നമടക്കമുള്ള ജനകീയപ്രശ്നങ്ങളുയര്‍ത്തി അതിശക്തമായ പ്രക്ഷോഭമാണ് സിപിഐ എം നടത്തിയത്. ഗവണ്‍മെന്റുമായി നേരിട്ട് ഏറ്റുമുട്ടുകയും ഗവണ്‍മെന്റിനെ ചില നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാക്കുകയുംചെയ്ത സമരമാണ് സിപിഐ എം നടത്തിയത്. ആദിവാസികളും പാവപ്പെട്ടവരുമായ നിരവധിപേര്‍ സിപിഐ എമ്മിലേക്കു വന്നു. മാവോയിസ്റുകള്‍ ഒറ്റപ്പെടുകയും അവരുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും പൊലീസിന് കീഴടങ്ങുകയുംചെയ്തു.

9. ചൊവ്വയിലും ഹിമപാതം; ശാസ്ത്രജ്ഞര്‍ക്ക് അത്ഭുതം
പസദേന: ചൊവ്വയില്‍ സജീവമായ ഹിമപാതങ്ങളുടെ പരമ്പര കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ഈ ചുവന്ന ഗ്രഹത്തെ ചുറ്റുന്ന യന്ത്രപേടകമായ മാര്‍സ് റികൊനിസന്‍സ് ഒര്‍ബിറ്ററില്‍നിന്നുള്ള ചിത്രങ്ങളിലാണ് വിസ്മയക്കാഴ്ചയെന്ന് ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞ കാന്‍ഡിസ് ഹാന്‍സന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ചൊവ്വയില്‍ ജീവന്റെ കണിക തേടിയുള്ള അന്വേഷണങ്ങള്‍ സജീവമായിരിക്കെയാണ് പുതിയ കണ്ടെത്തല്‍. ചൊവ്വയുടെ ഉത്തരധ്രുവത്തിനടുത്തായി കഴിഞ്ഞ മാസം എടുത്ത ചിത്രങ്ങളിലാണ് കുത്തനെയുള്ള പാറയില്‍നിന്നു കുറഞ്ഞത് നാല് ഹിമപാതങ്ങള്‍ താഴെ ചരിവില്‍ പതിക്കുന്നതായി കണ്ടത്.

ചൊവ്വയുടെ പ്രകൃതിയില്‍ സ്വാഭാവികമായ ഒരു മാറ്റത്തിന്റെ ദൃശ്യം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് അത്യപൂര്‍വ സംഭവമാണ്. ഇതുവരെ ചിത്രീകരിച്ച ചൊവ്വയുടെ ദൃശ്യങ്ങളില്‍ ഏറെയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്ത ഉപരിതലഭാഗങ്ങളുടേതായിരുന്നു.

വസന്തകാലത്ത് ചൊവ്വയുടെ ഉപരിതലത്തിലെ മണല്‍ക്കൂമ്പാരത്തെ പൊതിഞ്ഞിരിക്കുന്ന തണുത്തുറഞ്ഞ കാര്‍ബണ്‍ ഡയോക്സൈഡിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിശോധിക്കുമ്പോഴാണ് ശാസ്ത്രജ്ഞര്‍ തികച്ചും യാദൃച്ഛികമായി ഈ സുന്ദരദൃശ്യം കണ്ടത്. ഹിമപാതങ്ങള്‍ക്ക് ഇടയാക്കിയത് എന്താണെന്നും ഇവ വസന്തകാലത്തുമാത്രമുള്ള പ്രതിഭാസമാണോ അതോ സാധാരണ സംഭവിക്കാറുള്ളതാണോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല.

10. ഇറാനെതിരായ പ്രമേയം റഷ്യയും ചൈനയും തടഞ്ഞു
വിയന്ന: ആണവ പ്രശ്നത്തില്‍ ഇറാനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍(ഐഎഇഎ) പ്രമേയം അവതരിപ്പിച്ച് പാസാക്കാനുള്ള പാശ്ചാത്യ ശ്രമം റഷ്യയും ചൈനയും തടഞ്ഞു. തിങ്കളാഴ്ച യുഎന്‍ രക്ഷാ സമിതി ഇറാനെതിരെ മൂന്നാമത്തെ ഉപരോധ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഇത്.

പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രക്ഷാസമിതി ആവശ്യപ്പെട്ടതനുസരിച്ച് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാന്‍ തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച യുഎന്‍ ഉപരോധം ശക്തമാക്കിയത്. ഐഎഇഎ പ്രമേയം പിന്‍വലിക്കാതെ യുഎന്‍ രക്ഷാസമിതിയിലെ ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. 15 അംഗ രക്ഷാസമിതിയില്‍ 14 രാജ്യങ്ങള്‍ ഉപരോധ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇന്തോനേഷ്യ വിട്ടുനിന്നു.

പുതിയ യുഎന്‍ ഉപരോധം ഐഎഇഎ വകുപ്പുകള്‍ക്കെതിരാണെന്ന് കുറ്റപ്പെടുത്തിയ ഇറാന്‍ അത് തള്ളിക്കളഞ്ഞു. ആണവ പരിപാടി തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാനിയന്‍ ആണവ പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ ഉദ്യോഗസ്ഥരുടെയും കമ്പനികളുടെയും ആസതികള്‍ മരവിപ്പിക്കാന്‍ നിര്‍ദേശിക്കുന്നതാണ് പ്രമേയം. അതോടൊപ്പം സൈനികവും അല്ലാത്തതുമായ ഉപയോഗങ്ങളുള്ള ചില സാധനങ്ങള്‍ ഇറാനുമായി വ്യാപാരം നടത്തുന്നതും ഇതാദ്യമായി നിരോധിച്ചു.

11. ഇസ്രയേലുമായി 6000 കോടിയുടെ പ്രതിരോധ ഇടപാടിന് നീക്കം
ജെറുസലേം: നൂതനമായ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രയേലുമായി 150 കോടി ഡോളറിന്റെ (6000 കോടിയില്‍പ്പരം രൂപ) പ്രതിരോധക്കരാറിന് ശ്രമിക്കുന്നു. ഇസ്രയേലി ബിസിനസ് പത്രമായ ‘ഗ്ളോബ്സ്’ റിപ്പോര്‍ട്ട് ചെയ്തതാണിത്.

നൂറ് കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലുകള്‍ ഉപയോഗിച്ചുള്ള സംവിധാനത്തിനാണ് ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി(ഐഎഐ) ഇന്ത്യന്‍ അധികൃതര്‍ ചര്‍ച്ച നടത്തുന്നത്. ഐഎഐയുടെ ഉപസ്ഥാപനമായ എല്‍റ്റ സിസ്റ്റംസ് ലിമിറ്റഡ് നിര്‍മിച്ച റഡാര്‍ സംവിധാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും വാങ്ങുന്നതും ഇടപാടില്‍പെടുന്നു. എല്‍റ്റാ സിസ്റ്റംസ് നിര്‍മിച്ച ഉപഗ്രഹങ്ങളും ഇന്ത്യ വാങ്ങിയേക്കും.

ആയുധം വാങ്ങലടക്കം ഇന്ത്യയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സുപ്രീം കൌണ്‍സില്‍ ഏതാനും മാസംമുമ്പ് ഇടപാടിന് അംഗീകാരം നല്‍കിയതായാണ് അറിയുന്നത്. ഐഎഐയുടെ തലവന്‍ യിത്ഷാക് നിസ്സാന്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയിലാണിപ്പോള്‍.

ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തകാലത്തായി സൈനികരംഗത്ത് അമേരിക്കയെയും ഇസ്രയേലിനെയും കൂടുതലായി ആശ്രയിക്കുന്നതിന്റെ ഭാഗമാണ് പുതിയ കരാറിനുള്ള നീക്കം. ഇസ്രയേലി ആയുധങ്ങളുടെ ഏറ്റവും വലിയ കമ്പോളമായി ഇന്ത്യ മാറിയിട്ടുണ്ട്. കഴിഞ്ഞമാസം ഇസ്രയേലിന്റെ ചാര ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ കൂറ് തെളിയിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തകരെപ്പോലും വിക്ഷേപണ കേന്ദ്രത്തിനടുത്ത് പ്രവേശിപ്പിക്കാതെ അതീവ രഹസ്യമായി നടത്തിയ ചടങ്ങില്‍ ഐഎസ്ആര്‍ഒ ആണ് ഐഎഐയുടെ ടെക്സാര്‍ റഡാര്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചത്.

1. ചെങ്ങറപ്രശ്നം പ്രത്യേക കേസായി പരിഗണിക്കും
തൃശൂര്‍: ചെങ്ങറ പ്രശ്നം പ്രത്യേക കേസായി പരിഗണിക്കുമെന്ന് റവന്യുമന്ത്രി കെ.പി. രാജേന്ദ്രന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനമെടുത്ത് കേസ് കോടതിയിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം അറിയിക്കും. ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്കുക എന്നതാണു തീരുമാനം. അതില്‍നിന്നും പിറകോട്ടു പോകില്ല.

വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കേണ്ടതിനാല്‍ ചെറിയ കാലതാമസം നേരിടുമെന്നും മന്ത്രി പറഞ്ഞു

2. സെക്രട്ടേറിയറ്റ് നടയില്‍ ദിവസവും 30 ലിറ്റര്‍ തൈരിന്റെ സംഭാരവിതരണം
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സെക്രട്ടേറിയറ്റ് കവാടത്തില്‍ മദ്യവിരുദ്ധ സമിതിക്കാര്‍ വിതരണം ചെയ്യുന്ന സംഭാരം രുചിച്ച് പ്രതിഷേധിക്കാന്‍ എത്തുന്നവര്‍ പെരുകുന്നു.

ഇന്നലെ അതിവിശിഷ്ടരായ ഏതാനും അതിഥികളെത്തി സംഭാരം കുടിച്ച് പ്രതിഷേധം രേഖപ്പെ ടുത്തി.

മലങ്കര സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍, റവ. ഡോ. ജോണ്‍ വി. തടത്തില്‍ തുടങ്ങിയവരാണ് ഇന്നലെ സമരപ്പന്തലിലെത്തി സംഭാരം കുടിച്ച് പ്രതിഷേ ധിച്ചത്.

മൂലമ്പിള്ളി കുടിയിറക്കിനെതിരെ കെ.സി.വൈ.എം പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച ഉപവാസം ഉദ്ഘാടനം ചെയ്യാനെത്തിയ വിശിഷ്ടാതിഥികളെ സ്വാതന്ത്യ്ര സമര സേനാനി കെ.ഇ. മാമന്‍ സംഭാര പന്തലിലേക്ക് ക്ഷണിച്ചു. സന്തോഷത്തോടെ കടന്നുചെന്ന വിശിഷ്ടാതിഥികള്‍ സംഭാരം വാങ്ങിക്കുടിച്ച് സമരക്കാരോടുള്ള അനുഭാവം പ്രകടമാക്കി.

മദ്യനിരോധന സമിതിയുടെ തിരുവനന്തപുരം ജില്ലാ ഭാരവാഹികളാണ് സെക്രട്ടേറിയറ്റ് കവാടത്തിലെ സമരപ്പന്തലില്‍ സംഭാരവിതരണം നടത്തുന്നത്. ജില്ലാ സെക്രട്ടറി ശ്രീജാ രമേഷ്, വിതുര വിജയകുമാരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം സന്നദ്ധഭടന്മാര്‍ അപ്പോള്‍ പന്തലിലു ണ്ടായിരുന്നു.

രാവിലെ 10.30ന് സംഭാരവിതരണം ആരംഭിക്കും. വൈകുന്നേരം അവസാനിക്കും. 30 ലിറ്റര്‍ തൈരിനുള്ള സംഭാരം ഓരോ ദിവസവും വിതരണം ചെയ്യപ്പെടുന്നുണ്െടന്ന് സംഘാടകര്‍ അറിയിച്ചു.

സമരത്തോട് അനുഭാവം പുലര്‍ത്തുന്നവര്‍ മാത്രമല്ല, വഴിയാത്രക്കാരും വിദ്യാര്‍ഥികളും സംഭാരം കുടിക്കാന്‍ എത്തുന്നു.

3. എസ്.ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം
ചാത്തന്നൂര്‍: കൊട്ടിയത്ത് സ്പിരിറ്റ് വേട്ടയ്ക്കിടെ എസ്.ഐയെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. എസ്ഐയുടെ വെടിയേറ്റ് സ്പിരിറ്റുമായെത്തിയ സ്കോര്‍പ്പിയോയുടെ ഡ്രൈവര്‍ക്കു ഗുരുതര പരിക്ക്. വെടികൊണ്ട് ടയര്‍ പൊട്ടിയ സ്കോര്‍പ്പിയോ സമീപത്തെ മതില്‍ തകര്‍ത്തു മറിഞ്ഞു.

ഇന്നലെ രാത്രി ഒമ്പതുമണി യോടെ കൊട്ടിയം തഴുതല പി.കെ. ജംഗ്ഷനിലാണ് സംഭവം. തഴുതലയിലെ സ്വകാര്യ മുതലാളിയുടെ ഗോഡൌണില്‍നിന്നും സ്പിരിറ്റ് കടത്തുന്നതായി

വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു കൊട്ടിയം എസ്ഐ അലക്സാണ്ടന്‍ തങ്കച്ചന്‍ ബൈക്കിലെ ത്തിയത്. ജീപ്പില്‍നിന്നും ഇറങ്ങിയ എസ്ഐക്കുനേരേ സ്കോര്‍പ്പിയോ ഓടിച്ചു കയറ്റുകയായിരുന്നു. തെന്നിമാറിയ എസ്ഐ റിവോള്‍വറെടുത്ത് കാറിന്റെ ടയര്‍ വെടിവച്ചു തകര്‍ത്തു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ ഹരി കൃഷ്ണനെ എസ്ഐ വെടിവച്ചുവീഴ്ത്തുകയാ യിരുന്നു. അരയ്ക്കു താഴെ വെടിയേറ്റ ഇയാളെ കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്കോര്‍പിയോ കാര്‍ നിറയെ കന്നാസുകളിലായി സ്പിരിറ്റ് നിറച്ചിരിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ നിരവധി വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റുകളുണ്ട്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണ് സ്കോര്‍പ്പിയോ. കൊല്ലം എസ്പി, കൊല്ലം ഡിവൈഎസ്പി, ചാത്തന്നൂര്‍ സിഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

4. അമ്പലപ്പുഴയില്‍ മുഴുപ്പട്ടിണിയില്‍ ഒരു കുടുംബം
അമ്പലപ്പുഴ: പണക്കൊഴുപ്പിന്റെയും ധാരാളിത്തത്തിന്റെയും പുറം മോടികള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ പട്ടിണിയുടെ എരിതീയില്‍ ഒരു കുടുംബം.

പുറക്കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഈ വീട്ടിലൊരു വട്ടമെത്തുന്ന ഏതൊരാളുടെയും കണ്ണു നനനയും. ഏതാനും പട്ടിണികോലങ്ങള്‍ വിശന്നു തളര്‍ന്നു ദിവസങ്ങള്‍ തള്ളിനീക്കുകയാണിവിടെ.

തോട്ടപ്പള്ളി പാടശേഖരത്തിനു നടവിലുള്ള ചാക്ക് വിരിച്ച് ഓല മേഞ്ഞ കുടിലില്‍ വയറൊട്ടിയ മൂന്നു പിഞ്ചുകുഞ്ഞുങ്ങള്‍, വാര്‍ധക്യ ദശയിലായ കുഞ്ഞുകുട്ടിയെന്ന മുത്തശി പിന്നെ വിശന്നു തളര്‍ന്ന മൂന്ന് സ്ത്രീകള്‍. ആരും കാണാതെപോയ ഈ ദൃശ്യങ്ങള്‍ തേടി ദീപിക ലേഖകനെത്തുമ്പോള്‍ കണ്ടത് കരളലിയിക്കുന്ന രംഗങ്ങളായിരുന്നു. ഇവര്‍ ശരിക്ക് ആഹാരം കഴിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞത്രേ. പട്ടികജാതി വിഭാഗത്തിലെ കുടുംബത്തിന്റെ അത്താണിയായിരുന്നു അറുപതുകാരനായ കരുണാകരന്‍.

കഴിഞ്ഞിടെ ഇദ്ദേഹം വാഹനമിടിച്ചു മരിച്ചതോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്. കഷ്ടതകള്‍ കലശലായപ്പോള്‍ മൂന്ന് പെണ്‍മക്കള്‍ക്ക് ജോലി തേടിയിറങ്ങി.

ഭര്‍ത്താവ് ഉപേക്ഷിച്ച സുജാതയും സുധാമണിയും പല ജോലികളും പുറത്തുപോയി ചെയ്യുമെങ്കിലും പല ദിവസങ്ങളിലും പണിയില്ല, കുടുംബത്തിനു വയറു നിറയാനുള്ളത് ഇനിയും കിട്ടുന്നില്ല. മറ്റൊരു സഹോദരി അമ്പിളി തമിഴ്നാട്ടിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഇവര്‍ക്കുള്ള ഏക സഹോദരന്‍ സുധാകരനാകട്ടെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭാര്യവീട്ടിലും.

സുജാതയുടെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും മുത്തശിയും സുധാമണിയും ഈ കൂരയ്ക്കുള്ളില്‍ മുണ്ടു മുറുക്കിയുടുത്തു, പച്ചവെള്ളം കുടിച്ച് കിടപ്പുതുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. പട്ടിണി ശരീരത്തെ തളര്‍ത്തിയതിനാല്‍ ജോലിക്കു പോകാനും ഇപ്പോള്‍ കഴിയുന്നില്ല. പിതാവ് വാഹനാപകടത്തില്‍ മരിച്ചതിന്റെ നഷ്ടപരിഹാരം ഇവര്‍ക്കു ലഭിച്ചിട്ടില്ല. വിശപ്പിന്റെ കാഠിന്യത്തില്‍ ഒരു കുടുംബം വലയുന്നത് നാട്ടുകാര്‍ ഇനിയും അറിഞ്ഞു വരുന്നതേയുള്ളൂ.

5. മത്സ്യത്തൊഴിലാളികളെ എല്ലാവരും മറന്നു
ആലപ്പുഴ: തീരദേശത്തിന്റെ വറുതിയിലേക്ക് കേന്ദ്രത്തിന്റെ ബജറ്റ് സമ്മാനം ഇത്തവണയും അവഗണന തന്നെ. മറ്റു തൊഴില്‍ മേഖലകള്‍ക്ക് വാരികോരി നല്കിയപ്പോഴും കടക്കെണിയിലും കഷ്ടനഷ്ടങ്ങളിലും പൊറുതിമുട്ടുന്ന മത്സ്യത്തൊഴിലാളി മേഖലകള്‍ക്ക് ആശ്വാസത്തിനു വകയില്ല. ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ മത്സ്യത്തൊഴിലാളി മേഖലയെ പരാമര്‍ശ വിഷയം പോലുമാക്കിയില്ലയെന്നതിന്റെ വേദനയിലാണ് തീരദേശം.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലാണ് മത്സ്യത്തൊഴിലാളി മേഖലയും ഉള്‍പ്പെടുന്നത്. ഇതിനായി പ്രത്യേക വിഭാഗം ഇല്ല. അതുകൊണ്ടു കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ മത്സ്യമേഖലയ്ക്കും ലഭിക്കുമെന്നു ചിലര്‍ പറയുന്നുണ്െടങ്കിലും ഇതില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാര്‍ഷിക മേഖലയിലെ 60,000 കോടിരൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഇത്തരത്തില്‍ കേരളത്തിലെ കാര്‍ഷിക വായ്പയില്‍ 3000 കോടി എഴുതിത്തള്ളും. എന്നാല്‍, ഇതില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടാനുള്ള സാഹചര്യം നിലവിലില്ല. മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന പരാമര്‍ശവും പ്രഖ്യാപനത്തിലില്ല എന്നതിനാല്‍ കടം ഒഴിവാക്കി കൊടുക്കാന്‍ ബാങ്കുകള്‍ തയാറാകില്ല.

മുന്‍ ബജറ്റുകളില്‍ മത്സ്യമേഖലയെ പരാമര്‍ശിക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഇത്തവണ ഇതും ഉണ്ടായില്ലെന്നത് ഈ മേഖലയെ നിരാശയിലാഴ്ത്തി.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലായി ഏകദേശം പത്ത് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് കടല്‍മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്.

അതേസമയം, മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ രണ്ടരലക്ഷം പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു കണക്കിലെടുത്താണ് പലരും രജിസ്ട്രേഷനു പോലും സുനാമി മേഖലയില്‍ വിനിയോഗിക്കുന്നതിനായി 1441.75 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്െടങ്കിലും പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഈ മേഖലയില്‍ ഇതേവരെ നടന്നിട്ടില്ല. ഇതിനിടെയാണ് ബജറ്റിലെ അവഗണനയും. സ്കോളര്‍ഷിപ്പ് പ്രഖ്യാപനങ്ങള്‍ നിരവധിയുണ്െടങ്കിലും പട്ടിണിയില്‍ മാത്രം ജീവിക്കുന്ന ഈ ജനതയ്ക്ക് ഇത്തവണയും ആശ്വാസമാകുവാന്‍ കേന്ദ്രബജറ്റിനായില്ല.

ആലപ്പുഴ രൂപതാ സൊസൈറ്റി കടലോര മേഖലയില്‍ നടത്തിയ സര്‍വേയില്‍ 80 ശതമാനം പേരും പ്രാഥമിക സൌകര്യങ്ങളില്ലാത്തവരാണെന്നു കണ്െടത്തിയിരുന്നു. ടോയ്ലറ്റും മറ്റും ഇല്ലാത്തവര്‍ 70 ശതമാനമാണ്. വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ 55 ശതമാനത്തോളം വരും. കടബാധ്യതയില്‍പ്പെടുന്നവരുടെ എണ്ണം 98 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സമുദ്രോത്പ്പന്ന കയറ്റുമതിയില്‍ വിദേശ നാണ്യം നേടിത്തരുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്ന കടലോര മേഖലയെ വിവിധ സര്‍ക്കാരുകള്‍ കാര്യമായി പരിഗണിക്കുന്നില്ലെന്നു ആരോപണമുണ്ട്. കായലോര മേഖലയിലെ മത്സ്യത്തൊഴിലാളികളുടെയും അവസ്ഥയും വ്യത്യസ്തമല്ല. സമു ദ്രോത്പ്പന്ന കയറ്റുമതി വഴി ഒന്‍പതിനായിരം കോടി രൂപയാണ് വര്‍ഷം വരുമാനം. സാമ്പത്തികമായി ഗണ്യമായ സംഭാവന നല്കുന്ന മത്സ്യമേഖലയെ തഴഞ്ഞുവെന്നതാണ് കേന്ദ്രത്തില്‍ ബജറ്റിലെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മത്സ്യമേഖലയ്ക്കായി ഫിഷറീസ് മന്ത്രാലയം പ്രത്യേകം വേണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. തീരദേശ വികസന കമ്മീഷന്‍ രൂപീകരിച്ച് ഈ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികള്‍ക്കു ള്ളത്.

ഇപ്പോള്‍ വറുതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മത്സ്യമേഖലയിലെ തൊഴിലാളികള്‍ കണ്ണുനട്ട് പ്രതീക്ഷയോടിരിക്കുന്നത് സംസ്ഥാന ബജറ്റിലാണ്. ഏറെ പ്രതീക്ഷകളോടെയാണ് ഈ കാത്തിരിപ്പ്.

6. കഴിഞ്ഞ ബജറ്റ് കടലാസിലൊതുങ്ങി
തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജും മറ്റു പ്രഖ്യാപനങ്ങളും കടലാസില്‍ ഉറങ്ങുമ്പോള്‍ നാളെ ധനമന്ത്രി തോമസ് ഐസക് പുതിയ ബജറ്റ് നിയമ സഭയില്‍ അവതരിപ്പിക്കും. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റാണെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിവയ്ക്കുന്ന വിധത്തിലാണ് ബജറ്റ് പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുന്നത്. 8.50 രൂപക്ക് നെല്ലുസംഭരിച്ചുവെന്നതുമാത്രമാണ് കര്‍ഷികമേഖലയില്‍ കര്‍ഷകന് ലഭിച്ച ആശ്വാസം. എന്നാല്‍, നെല്ലുല്പാദനം വര്‍ധിപ്പിക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം തന്നെ പാക്കേജായി നിലകൊണ്ടതല്ലാതെ കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചില്ല.

ശാസ്ത്രീയ കൃഷി സമ്പ്രദായം ഗ്രൂപ്പടിസ്ഥാനത്തില്‍ നടപ്പലാക്കും, കൃഷി ചെയ്യുന്ന കൃഷിക്കാര്‍ക്ക് സഹായ പലിശയോടെ കാര്‍ഷിക വായ്പകള്‍ലഭ്യമാക്കും നെല്‍കര്‍ഷകര്‍ക്ക് ഉപതൊഴിലുകള്‍ ഉറപ്പുവരുത്താന്‍ പ്രത്യേക സ്കീം എന്നിവ പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങി. എന്നാല്‍ വിത്തിനും വളത്തിനുമായി പ്രത്യേകപാ ക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇവ രണ്ടും സമയത്തിന് ലഭിച്ചില്ല. ഗുണമേന്മ കുറഞ്ഞ വിത്ത് കര്‍ഷകര്‍ക്ക് നല്കി കൊണ്ടാണ് പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചത്. കൃഷിക്ക് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം അടക്കം ഏതാണ്ട് ആയിരംകോടി രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനവിഹിതം മാത്രം ലഭിച്ചില്ല. കര്‍ഷകരോട് സര്‍ക്കാര്‍ കാണിച്ച അവഗണനയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കര്‍ഷികകടാശ്വാസകമ്മീഷന്‍. യാതൊരു ഫണ്ടും നല്‍കാതെ കടാശ്വാസകമ്മീഷനെ വെറും പരാതി കേള്‍ക്കുന്ന കമ്മീഷനായി മാറ്റിയിരിക്കുന്നു. തോട്ടവിളകളുടെ കാര്യത്തിലും കേന്ദ്രഫണ്ട് മാത്രമാണ് സര്‍ക്കാര്‍ പ്രതിക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് വ്യക്തമാണ്.

3000 കോടി രൂപ തീരദേശ മേഖലയുടെ വികസനത്തിന് ചെലവഴിക്കുമെന്ന പ്രഖ്യാപനം കടലാസില്‍മാത്രം ഒതുങ്ങി. അംഗവൈകല്യമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി കാരുണ്യനിക്ഷേപപദ്ധതി, പാവപ്പെട്ടവര്‍ക്ക് സൌജന്യചികിത്സ,സര്‍ഗാത്മക വൈജ്ഞാനിക മേഖലയിലെ മികവിനെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിഭാഫണ്ടും പ്രതിഭാകൌണ്‍സിലും ഇവയെല്ലാം ജലരേഖയായി മാറി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പ്രഖ്യാപനം ഉണ്ടായെങ്കിലും ഒരു വര്‍ഷമായിട്ടും ഡാം പ്രോജക്ട് തയ്യാറിയിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ ഇല്ലാത്ത ജില്ലകളില്‍ പുതുതായി ആശുപത്രി ആരംഭിക്കുമെന്ന പ്രഖ്യാപനവും നിറവേറ്റാന്‍ കഴിഞ്ഞില്ല.

സുനാമി ഫണ്ടിലൂടെ കേന്ദ്രം നല്‍കിയ പണം തീരദേശമേഖലയില്‍ ഉപയോഗിച്ചതിന്റെ ക്രെഡിറ്റ് മാത്രമേ സര്‍ക്കാരിന് അവകാശപ്പെടാനുള്ളൂ. കര്‍ഷികമേഖല മുതല്‍ വ്യവസായമേഖല വരെ ബജറ്റ് പ്രഖ്യാപനം പരിശോധിച്ചാല്‍ കേന്ദ്രഫണ്ടിലാണ് വന്നുനില്‍ക്കുന്നത്. വയനാട്, പാലക്കാട്, കാസര്‍കോഡ് ജില്ലകള്‍ക്കുള്ള കേന്ദ്രകാര്‍ഷിക പാക്കേജ് 765 കോടി രൂപയാണ്.

ഇതിനുപുറമേയാണ് തോട്ടവിളകള്‍ക്കുള്ള കേന്ദ്രപാക്കേജ്. ഇതിലെല്ലാം കൂടി കണക്കിലെടുത്താണ് 1000 കോടി രൂപ കേരളത്തില്‍ ചെലവഴിക്കുമെന്ന് ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

7. അണികളെ നിയന്ത്രിക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥര്‍: ഹൈക്കോടതി
കൊച്ചി: അണികളെ നയിക്കുന്ന നേതാക്കള്‍ക്ക് അവരെ നിയന്ത്രിക്കാനും ചുമതലയുണ്െടന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ നേതൃത്വത്തിന്റെ ഉത്തരവാദിത്വം ഗൌരവമേറിയതാണെന്നും ജസ്റ്റിസ് ആര്‍. ബസന്ത് അഭിപ്രായപ്പെട്ടു. ജനാധിപ ത്യത്തില്‍ സമാധാനപരമായ രീതിയിലാണ് പ്രതിഷേധ സമരങ്ങള്‍ നടത്തേണ്ടതെന്നും സമരം അക്രമാസക്തമാകാതെ അണികളെ നിയന്ത്രിക്കേണ്ടത് നേതാക്കളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സാമ്രാജ്യത്വത്തിന്റെ പ്രതീകമായി പോലീസിനെ ഇപ്പോഴും കാണുന്നത് ഉത്തരവാദിത്വമില്ലായ്മയിലേക്ക് പ്രതിഷേധ സമരക്കാരെ പലപ്പോഴും നയിക്കാറുണ്ട്. പ്രതികളുടെയും സാക്ഷികളുടെയും ഒപ്പിട്ട മൊഴി രേഖപ്പെടുത്താന്‍ പോലും അധികാരമില്ലാത്തവരാണ് യഥാര്‍ഥത്തില്‍ നിയമപാലകര്‍ – കോടതി പറഞ്ഞു.

ഫെബ്രുവരി 16-ന് വിലക്കയറ്റത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം കാസര്‍ഗോഡ് അക്രമാസക്തമായതിനെ പരാമര്‍ശിച്ചായിരുന്നു കോടതിയുടെ പ്രതികരണം. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കാഞ്ഞങ്ങാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.കെ. ഫൈസല്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

8. ദാദര്‍-കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍
തിരുവനന്തപുരം: ദാദര്‍-കൊച്ചുവേളി പ്രതിവാര സ്പെഷല്‍ ട്രെയിന്‍ 12 മുതല്‍ ജൂണ്‍ ആറുവരെ എല്ലാ ശനിയാഴ്ചയും 12.45ന് ദാദറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി ഒമ്പതിന് കൊച്ചുവേളിയില്‍ എ ത്തും. കൊച്ചുവേളിയില്‍ നിന്നു 14 മുതല്‍ ജൂണ്‍ ഒമ്പത് വരെ എല്ലാ തിങ്കളാഴ്ചയും രാവിലെ 8.50ന് പുറപ്പെടുന്ന ട്രയിന്‍ പിറ്റേന്ന് വൈകുന്നേരം 4.40ന് ദാദറിലെത്തും.

ഹൂബ്ളി- കൊച്ചുവേളി പ്രതിവാര സ്പെഷല്‍ ട്രയിന്‍ ജൂണ്‍ 24വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 1.45ന് ഹൂബ്ളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.30ന് കൊച്ചു വേളിയിലെത്തും. ഇതെ ട്രയിന്‍ കൊച്ചുവേളിയില്‍ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.30ന് ഹൂബ്ളിയില്‍ എത്തും.

9. ഹൈറേഞ്ച് സംരക്ഷണ സമിതി സമരം ശക്തമാക്കുന്നു എട്ടിന് കര്‍ഷക കണ്‍വന്‍ഷന്‍
കട്ടപ്പന: ഹൈറേഞ്ചിലെ ജനങ്ങളുടെ നിലനില്‍പിനായി ഹൈറേഞ്ച് സംരക്ഷണ സമിതി തുടങ്ങിയ സമരം ശക്തമാക്കുന്നു. എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് കട്ടപ്പനയില്‍ കര്‍ഷക കണ്‍വന്‍ഷന്‍ നടത്തുമെന്ന് സമിതി ഭാരവാഹികളായ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, ഫാ. ജോസ് തെക്കേല്‍, സി.കെ മോഹനന്‍, ഫാ. ജേക്കബ് പഞ്ഞിക്കാട്ടില്‍, ഫാ. മാത്യു തൊട്ടിയില്‍, ഫാ. ജോസഫ് മാത്യു സിഎസ്ഐ, എ.എ അബ്ദുള്‍ റഷീദ് മൌലവി, എം.കെ തോമസ്, ജോര്‍ജ് കോയിക്കല്‍, അഡ്വ. സിറിയക് പെരുമന, പി.പി മാത്യു എന്നിവര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.

പ്രകൃതി സംഘടന പ്രതിനിധികള്‍ എന്ന പേരില്‍ രണ്ടുപേര്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനെതിരേയും ഹൈറേഞ്ചിലെ ജനവാസത്തിനെതിരേയും സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിലാണ് സമരം. സി.എച്ച്.ആര്‍ മേഖല വനമാണെന്നും 1980-ലെ കേന്ദ്ര വനനിയമം ഇവിടെ ബാധകമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹൈറേഞ്ചില്‍ അരനൂറ്റാണ്ടുമുമ്പ് കുടിയേറിയവരുടെ വാദം സുപ്രീം കോടതിയെ ധരിപ്പിക്കാന്‍ രാജ്യത്തെ പ്രമുഖനായ അഭിഭാഷകനെ സമിതി നിയോഗിക്കും. ഹൈക്കോടതി അഭിഭാഷകനായ ജോണ്‍സണ്‍ മനയാനിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി രൂപീകരിച്ചിരിക്കുന്ന അഭിഭാഷകരുടെ ഫോറം സുപ്രീംകോടതിയില്‍ കര്‍ഷകരുടെ ഭാഗം വാദിക്കാനുള്ള അഭിഭാഷകനെ കണ്െടത്തും.

കര്‍ഷകര്‍ക്കെതിരായി സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷിചേരുകയോ കക്ഷി ചേര്‍ന്നിരിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടി വാദിക്കുകയോ ചെയ്യാനാണ് സമിതിയുടെ തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലയുടെ കുടിയേറ്റ ചരിത്രവും ജീവിത സാഹചര്യങ്ങളും തെളിയിക്കാനുള്ള രേഖകളും വീഡിയോ ചിത്രങ്ങളും സമിതി ശേഖരിച്ചുവരികയാണ്. ജില്ലയുടെ മനുഷ്യജീവിത യാഥാര്‍ഥ്യങ്ങള്‍ സുപ്രീം കോടതിയെ ധരിപ്പിക്കാന്‍ കഴിയാതെ വരുന്നത് കര്‍ഷകര്‍ക്കെതിരായ കോടതി ഉത്തരവുകള്‍ക്ക് ഇടവരുത്തും.

10. അന്യാധീനപ്പെട്ട വനഭൂമി: റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദേശം
കൊച്ചി: പാലക്കാട് ജില്ലയില്‍ അന്യാധീനപ്പെട്ട പതിനായിരം ഏക്കര്‍ വനഭൂമി വീണ്െടടുക്കുന്നതിന് മുന്നോടിയായി ഈ ഭൂമി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. കല്ലേക്കുളങ്ങര എച്ചൂര്‍ ഭഗവതി ദേവസ്വം പലര്‍ക്കായി പാട്ടത്തിനു നല്കിയ ഭൂമിയിലെ ഇപ്പോഴത്തെ കൈവശക്കാരെ സംബന്ധിച്ചും ഭൂമിയുടെ സ്വഭാവം സംബന്ധിച്ചും മറ്റും ഏപ്രില്‍ ഏഴിനു മുമ്പ് റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും ടി.ആര്‍. രാമചന്ദ്രന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ഭൂമി വീണ്െടടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ട് തിരുവാങ്കുളം നേച്വര്‍ ലവേഴ്സ് മൂവ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി. ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിനു നല്കിയ ദേവസ്വത്തിന്റെ നടപടി സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നതാണ്. ഇതിനു ശേഷം ഭൂമി തിരിച്ചുപിടിക്കുന്നതിന് ദേവസ്വം ഫയല്‍ ചെയ്ത സിവില്‍ കേസുകള്‍ നിലവിലുണ്ട്.

ഹര്‍ജിക്കാരുടെ ആവശ്യം പ്രഥമദൃഷ്ട്യാ അനുവദിക്കാവുന്നതാണെങ്കിലും ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് ലഭിക്കാതെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കല്ലേക്കുളങ്ങര ദേവസ്വം ചുമതലക്കാരന്റെയും സാന്നിധ്യത്തില്‍ ക്രിമിനല്‍ പരിശോധന നടത്തേണ്ടതുണ്െടന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

തര്‍ക്കഭൂമി വീണ്െടടുക്കുന്ന കാര്യം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ അവിടെ കൂടുതല്‍ കൈയേറ്റം തടയണമെന്ന് കോടതി വനം വകുപ്പിന് നിര്‍ദേശം നല്കി. മരങ്ങള്‍ മുറിക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭൂമി വീണ്െടടുക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച് വനം വകുപ്പുദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ മുഖേന റിപ്പോര്‍ട്ട് നല്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

11. ചാലക്കുടിയില്‍ ഫ്ളൈ ഓവര്‍ നീട്ടാന്‍ അനുമതി സമരപ്പന്തലില്‍ ആഹ്ളാദം
ചാലക്കുടി: ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി സൌത്ത് ജംഗ്ഷനില്‍ നിര്‍മിക്കുന്ന ഫ്ളൈ ഓവര്‍ കോടതി ജംഗ്ഷന്‍വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഇതിനുവേണ്ടി 45 കോടി രൂപ അനുവദിച്ചു. 300 മീറ്റര്‍കൂടി ഫ്ളൈഓവര്‍ നീട്ടാനുള്ള അനുമതിയോടെ മാള റോഡിന് കാത്തിരുന്ന ശാപമോക്ഷമായി. ഒരുമാസമായി സമരം നടത്തുന്ന ആക്ഷന്‍ കൌണ്‍സിലിനും ഇതു വിജയമുഹൂര്‍ത്തം.

ദേശീയപാത നാലുവരിയാക്കുമ്പോള്‍ സുപ്രധാനമായ ചാലക്കുടി-മാള റോഡ് മുനിസിപ്പല്‍ ജംഗ്ഷനില്‍ അടഞ്ഞുപോകുമായിരുന്നു. വന്‍പ്രതിഷേധമുയര്‍ന്നിട്ടും പഴയ പ്ളാന്‍ മാറ്റാന്‍ ദേശീയപാത അധികൃതര്‍ മടിച്ചതോടെയാണ് ആക്ഷന്‍ കൌണ്‍സില്‍ ശക്തമായ സമരമാരംഭിച്ചത്. ഫ്ളൈ ഓവര്‍ നീട്ടി നിര്‍മിക്കുന്നതോടെ നിലവിലുള്ള മാള റോഡിലെക്കുള്ള പ്രവേശനം അതേപടി നിലനിര്‍ത്താനാവും.

കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, കേന്ദ്ര ഉപരിതല മന്ത്രി ടി.ആര്‍. ബാലുവിന് നല്കിയ നിവേദനത്തെതുടര്‍ന്നാണ് ഫ്ളൈ ഓവര്‍ നീട്ടാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് കെ. കരുണാകരന്‍ മന്ത്രി ടി.ആര്‍. ബാലുവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിയുടെ സെക്രട്ടറി ബ്രഹ്മദത്തനാണ് 45 കോടി രൂപ അനുവദിച്ച കാര്യം അറിയിച്ചതെന്ന് ഡല്‍ഹിയിലുള്ള ആക്്ഷന്‍ കൌണ്‍സില്‍ അംഗം അഡ്വ. ആന്റോ ചെറിയാന്‍ ചാലക്കുടി ദീപിക ഓഫീസിലേക്ക് അറിയിച്ചു.

ഫ്ളൈ ഓവര്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് ചാലക്കുടിയില്‍ ആഹ്ളാദം തിരതല്ലി. കഴിഞ്ഞ 30 ദിവസമായി ആക്്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ സഹന സമരത്തിന്റെ വിജയം നാട്ടുകാര്‍ ആഘോഷിക്കുകയായിരുന്നു.

ആക്്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ടൌണില്‍ ആഹ്ളാദപ്രകടനം നടത്തി. നേതാക്കളായ വി.ഒ. പൈലപ്പന്‍, ഐ.എല്‍. ആന്റോ, ഷിബു വാലപ്പന്‍, ജോയി മൂത്തേടന്‍, ടി.ടി. ആന്റോ, അജിതന്‍ പറമ്പിക്കാട്ടില്‍, ടി.കെ. ജയന്‍, കെ.എ. ഉണ്ണികൃഷ്ണന്‍, സി.ടി. ബാലകൃഷ്ണന്‍, നസീര്‍ ചാത്തനായ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതുവരെ സമരം തുടരനാണ് ആക്ഷന്‍ കൌണ്‍സിലിന്റെ തീരുമാനം. മുന്‍മന്ത്രിയും കെ.പി.സി.സി വക്താവുമായ എം.എം. ഹസന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഒ.അബ്ദുള്‍ റഹ്്മാന്‍കുട്ടി, കൊടകര ബ്ളോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ കെ.കെ. നാരായണന്‍, എം.കെ. ഷൈന്‍, കെ. നാരായണന്‍കുട്ടി, പഞ്ചായത്തംഗങ്ങളായ മിനി ദാസന്‍, പ്രമീള ഗിരീശന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.

12. ദേവസ്വം പ്രസിഡന്റിന്റെ ഉത്തരവ് രണ്ടംഗങ്ങള്‍ ചേര്‍ന്ന് റദ്ദാക്കി
തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സി.കെ ഗുപ്തന്‍ ഇറക്കിയ ശിക്ഷാ നടപടി മറ്റ് രണ്ടംഗങ്ങള്‍ യോഗം ചേര്‍ന്ന് റദ്ദാക്കി. അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസര്‍ എം.സതീഷ്കുമാറിനെയാണ് ദേവസ്വം പ്രസിഡന്റ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്.

ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍.നാരായണന്‍, പി.സുമതിക്കുട്ടിയമ്മ എന്നിവര്‍ ഇന്നലെ യോഗംകൂടി ശിക്ഷാനടപടി റദ്ദാക്കുകയായിരുന്നു.

ശബരിമലയിലെ ഉപശാന്തി നിയമനം ഉള്‍പ്പെടെയുള്ള അഴിമതികള്‍ എഴുതിവാങ്ങി രേഖയുണ്ടാക്കിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കിയില്ലെന്ന കുറ്റത്തിനാണ് ദേവസ്വം പ്രസിഡന്റ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.

ദേവസ്വം ബോര്‍ഡില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍ നടപടിയെടുക്കാന്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. ഈ നിയമത്തിന്റെ ബലത്തിലാണ് പ്രസിഡന്റിന്റെ ഉത്തരവിനെ മറ്റ് രണ്ട് അംഗങ്ങള്‍ യോഗം കൂടി റദ്ദാക്കിയത്.

ദേവസ്വം പ്രസിഡന്റ് സി.കെ ഗുപ്തന്‍ സി.പി.എമ്മിന്റെ നോമിനിയാണ്. എന്‍.നാരായണന്‍ സി.പി.ഐയുടേയും പി.സുമതിക്കുട്ടിയമ്മ ആര്‍.എസ്.പിയുടേയും പ്രതിനിധികളാണ്.

13. ഒബാമസിറ്റിക്ക് ഒബാമയുടെ നന്ദി
ടോക്കിയോ: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഒബാമയില്‍ നിന്നും ജപ്പാനിലെ ഒബാമസിറ്റി മേയര്‍ക്ക് നന്ദിയുടെ നറുമലരുകള്‍. ഒബാമ എന്ന പേരിന്റെ വ്യാപാരസാധ്യത ടൂറിസം വികസനത്തിന് ഉപയോഗിക്കാമെന്ന ഉദ്ദേശ്യത്തില്‍ സിറ്റി മേയര്‍ മുറാക്കമി രണ്ടു തവണ യു.എസിലെ ഒബാമയ്ക്കെഴുതി. സമ്മാനവും അയച്ചു കൊടുത്തു. അവസാനം ഒബാമയുടെ മറുപടി വന്നു.

പേരുമാത്രമല്ല, ഒരേ ഗ്രഹവും പൊതുവായ ഉത്തരവാദിത്വങ്ങളും നമ്മള്‍ പങ്കുവയ്ക്കുന്നു- ഒബാമയുടെ കത്തില്‍ ചൂണ്ടിക്കാട്ടി.

ഒഹായോ, ടെക്സസ് പ്രൈമറികളില്‍ ഹില്ലരിയെ നേരിടുന്ന ഒബാമയ്ക്കു പിന്തുണ അറിയിച്ച് ഒബാമസിറ്റിക്കാര്‍ ഇന്നു റാലി നടത്തും.

1. ഉത്തരേന്ത്യക്കാര്‍ക്കെതിരായ ആക്രമണം: പാര്‍ലമെന്റ് സ്തംഭിച്ചു
ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഉത്തരേന്ത്യക്കാര്‍ക്കെതിരായ ആക്രമണത്തെ ചൊല്ലി ലോക്സഭ സ്തംഭിച്ചു.

അക്രമ സംഭവങ്ങള്‍ക്കുത്തരവാദിയായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നേതാവ് രാജ്താക്കറെ തടവിലിടണമെന്നും വോട്ടവകാശം ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരേന്ത്യക്കാരായ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് സഭാനടപടികള്‍ തടസ്സപ്പെട്ടത്.

ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ജനതാദള്‍ യുനൈറ്റഡ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി അംഗങ്ങളാണ് ചോദ്യോത്തര വേളയില്‍ ലോക്സഭയില്‍ ബഹളം വെച്ചത്.

രാജ്താക്കറെയുടെ നിലപാട് രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും തടസ്സമാണെന്നും സംഭവം ഗൌരവമായി കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ സംഭവത്തെ ന്യായീകരിച്ച് ശിവസേന എം.പി അനന്ദ് ഗീതെ രംഗത്തുവന്നത് ബഹളം കൂട്ടാനിടയാക്കി. മുംബൈ സംഭവത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഗീതെ കുറ്റപ്പെടുത്തി. മുംബൈയില്‍ ഒന്നും സംഭവിച്ചിട്ടില്ല.

നിസ്സാര പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിക്കുകയായിരുന്നു. അതേസമയം, ആസാമില്‍ നിരവധി ബീഹാറികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ആര്‍ക്കും പ്രതിഷേധമില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗീതെയുടെ ആരോപണത്തില്‍ പ്രകോപിതരായ ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സഭാ നടപടികള്‍ 12 വരെ നിര്‍ത്തിവെക്കുകയായിരുന്നു.

സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ശിവസേന എം.പിയുടെ പ്രസ്താവനയെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും രാജ്താക്കറെക്ക് അനാവശ്യ പ്രചാരണം നല്‍കുകയാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ ശക്തമായ നടപടിയെടുക്കാത്തതുകൊണ്ടാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയും സിഖ് വിരുദ്ധ കലാപവും ഉണ്ടായതെന്ന് എസ്.പി അംഗം ചൂണ്ടിക്കാട്ടി.

2. ഇസ്രായേല്‍ പിന്‍വാങ്ങി; പരാജയമെന്ന് ഹമാസ്
ഗാസസിറ്റി: ആറുദിവസം നീണ്ട കര, വ്യോമാക്രമണത്തിനുശേഷം ഇസ്രായേല്‍ സേന ഗാസയില്‍നിന്ന് പിന്‍വാങ്ങി. ഇന്നലെ രാവിലെ എട്ടുതവണ വ്യോമാക്രമണം നടത്തിയ ശേഷമാണ് സൈന്യം തല്‍ക്കാലം ഗാസ വിട്ടത്. ഒരാഴ്ചത്തെ ആക്രമണ പരമ്പരയില്‍ 22 കുട്ടികളടക്കം 116 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പില്‍ രണ്ട് ജൂത സൈനികരും ഇസ്രായേല്‍ പൌരനും കൊല്ലപ്പെട്ടു.

ഡസന്‍ കണക്കിന് ഹമാസ് ‘തീവ്രവാദികള്‍’ ഈ സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടെന്നും ഇതൊരു താക്കീതാണെന്നും ഇസ്രായേല്‍ ഉപപ്രധാനമന്ത്രി ഹൈം റമോണ്‍ പറഞ്ഞു. അതേസമയം, ശത്രുക്കള്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് ഹമാസ് വക്താവ് സമി അബൂസുഹ്രി വാര്‍ത്താലേഖകരോട് പറഞ്ഞു.

ഇസ്സുദ്ദീന്‍ അല്‍ഖസ്സാം പോരാളികളുടെ ചെറുത്തുനില്‍പ് നേരിടാനാവാതെ ഇസ്രായേല്‍ പിന്‍വാങ്ങുകയാണുണ്ടായത്. ഇസ്രായേലിന്റെ പരാജയം ആഘോഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ദക്ഷിണ ഗാസയില്‍നിന്ന് ഇസ്രായേലിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തുന്നു എന്നാരോപിച്ചാണ് ജൂത സൈന്യം ഗാസക്കുനേരെ കനത്ത ആക്രമണം അഴിച്ചുവിട്ടത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ ഓഫീസ് ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര പ്രതിഷേധം ക്ഷണിച്ചുവരുത്തിയപ്പോഴാണ് താല്‍ക്കാലിക പിന്മാറ്റത്തിന് ഇസ്രായേല്‍ തയാറായത്.

ഇസ്രായേലുമായുള്ള സന്ധി സംഭാഷണം നിര്‍ത്തിവെച്ചത് ഫലസ്തീന്‍ ന്യായീകരിച്ചു. ഇസ്രായേല്‍ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഭാഷണങ്ങള്‍ക്ക് അര്‍ഥമില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദൈന വ്യക്തമാക്കി. സമാധാന ചര്‍ച്ച നിലക്കാനിടയായതിന് ഇസ്രായേലാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

3. ഇറാനെതിരെ പുതിയ ഉപരോധം
യുനൈറ്റഡ് നേഷന്‍സ്: ആണവ പരിപാടിയില്‍ നിന്ന് പിന്മാറാത്തതിന്റെ പേരില്‍ ഇറാനെതിരെ യു.എസ് നേതൃത്വത്തില്‍ ആവശ്യപ്പെട്ട പുതിയ ഉപരോധ പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി.

15 അംഗങ്ങളില്‍ ഇന്തോനേഷ്യ ഒഴികെ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തു. ഇറാന്റെ വിദേശ ആസ്തികള്‍ മരവിപ്പിക്കാനും ഉദ്യോഗസ്ഥരുടെ യാത്രക്ക് വിലക്കേര്‍പ്പെടുത്താനും പുതിയ ഉപരോധപ്രമേയം ശിപാര്‍ശ ചെയ്യുന്നു.

4. കഞ്ചിക്കോട് ഭൂമി റെഡി; അടുത്ത ഐ.ഐ.ടി കേരളത്തിന്
പാലക്കാട്: റെയില്‍വേകോച്ച് ഫാക്ടറിക്കായി അക്വിസിഷനില്ലാതെ തന്നെ ആയിരം ഏക്കര്‍ ഭൂമി കണ്ടെത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) സ്ഥാപിക്കുന്നതിന് കഞ്ചിക്കോട്ട് 350 ഏക്കര്‍ ഭൂമി ഏതുസമയത്തും നല്‍കാന്‍ തയാറാണെന്ന് കേന്ദ്രത്തെ അറിയിച്ചു. ഈ ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ലെങ്കിലും പതിനൊന്നാം പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴ് ഐ.ഐ.ടികളിലൊന്ന് കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്.

രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളോടൊപ്പം ഈ വര്‍ഷം ഐ.ഐ.ടി സ്ഥാപിക്കാന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചിരുന്നത് കേരളമായിരുന്നുവെങ്കിലും ഒടുവില്‍ അത് ആന്ധ്രയിലേക്ക് മാറ്റുകയായിരുന്നു. തെലുങ്കാന സംസ്ഥാന രൂപവത്കരണ ആവശ്യമുന്നയിച്ച് സമരസന്നാഹങ്ങള്‍ നടക്കുന്ന പശ്ചാത്തലമാണത്രെ ഇതിനുകാരണമായത്. പദ്ധതിയുടെ കാലയളവ് 2013വരെ ഉണ്ടെന്നിരിക്കെ ശേഷിച്ച നാല് ഐ.ഐ.ടികളിലൊന്ന് കേരളത്തിന് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇനി വരാനുള്ളത്. ഭൂമി അടക്കമുള്ള പശ്ചാത്തല സൌകര്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ രേഖാമൂലമുള്ള ഉറപ്പ് കേന്ദ്രത്തിന് ലഭിച്ചിരിക്കെ മുന്‍തീരുമാനം ഒരു കാരണവശാലും മാറ്റാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ ബജറ്റില്‍ പ്രഖ്യാപിച്ചതിനുപുറമെ കഞ്ചിക്കോട്, ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യ എന്നിവിടങ്ങളില്‍ ഐ.ഐ.ടി സ്ഥാപിക്കുന്നകാര്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചുവെന്ന് കൊല്‍ക്കത്തയില്‍നിന്നുള്ള ‘ദി ടെലഗ്രാഫ്’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാനവശേഷി വികസന മന്ത്രി അര്‍ജുന്‍സിംഗിന്റെ പ്രസ്താവന ഈയാഴ്ച തന്നെ ഉണ്ടാകാനിടയുണ്ടെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് ഇതിനകം അനുവദിച്ച ഐ.ഐ.ടികള്‍ സ്ഥാപിക്കേണ്ട സ്ഥലം സംബന്ധിച്ച് ഇനിയും അവസാന തീരുമാനമായിട്ടില്ല.

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ സര്‍ക്കാറിന്റെ അധീനതയിലുള്ള 4800 ഏക്കര്‍ ഭൂമിയില്‍നിന്നാണ് 350 ഏക്കര്‍ ഐ.ഐ.ടിക്ക് കണ്ടെത്തിയിട്ടുള്ളതെന്ന് എന്‍.എന്‍. കൃഷ്ണദാസ് എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. കോച്ച് ഫാക്ടറിക്ക് ഭൂമി നല്‍കുന്നതും പുതുശേãരി ഗ്രാമപഞ്ചായത്തിലെ ഈ പ്രദേശത്തുതന്നെയാണ്. ഈ കേന്ദ്ര ബജറ്റില്‍ കേരളത്തിനുള്ള ഐ.ഐ.ടി പ്രഖ്യാപനം ഉണ്ടാവാതിരുന്നത് സ്വാഭാവികവും രാഷ്ട്രീയപരമായ ചില കാരണങ്ങളാലുമാണെന്ന് എം.പി പറഞ്ഞു. ഐ.ഐ.ടികള്‍ സ്ഥാപിക്കുന്നകാര്യം പഞ്ചവല്‍സര പദ്ധതി രൂപകല്‍പനവേളയില്‍ തീരുമാനിച്ചതാണ്. കേന്ദ്ര ബജറ്റുമായി അതിന് ബന്ധമില്ല. ഇത്തവണ ആന്ധ്രക്ക് ലഭിച്ചത് കേരളത്തിന്റെ സാധ്യതയെ ഒരു നിലക്കും ബാധിക്കില്ലെന്നതിന് തെളിവാണ് കഴിഞ്ഞദിവസങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം വരുന്നമുറക്ക് ഭൂമി കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയും. അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

5. ജോലിസമയം പത്ത് മണിക്കൂര്‍: ഐ.ടിയില്‍ പ്രതീക്ഷ; മറ്റിടങ്ങളില്‍ പ്രതിഷേധം
കൊച്ചി: ബജറ്റിന് മുന്നോടിയായി ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ച സാമ്പത്തികസര്‍വേയിലെ, ജോലിസമയം പത്ത് മണിക്കൂറാക്കണമെന്ന നിര്‍ദേശം ഐ.ടി ജീവനക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. അതേ സമയം ബാങ്കിംഗ്, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

നിയമങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ തുടര്‍ച്ചയായി പത്തിലധികം മണിക്കൂര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ഐ.ടി ജീവനക്കാര്‍. ഇത് പലപ്പോഴും 15 മണിക്കൂറിനടുത്ത് വരും. ധനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചതോടെ തങ്ങളുടെ ജോലിസമയത്തെക്കുറിച്ചും ചര്‍ച്ചകള്‍ വരുമെന്നും തൊഴില്‍ സാഹചര്യത്തിലടക്കം ആരോഗ്യകരമായ മാറ്റത്തിന് ഇത് ഇടയാക്കുമെന്നുമാണ് ഐ.ടി ജീവനക്കാരുടെ പ്രതീക്ഷ.

കേന്ദ്ര ബജറ്റ് ഐ.ടി മേഖലക്ക് നിരാശയാണ് സമ്മാനിച്ചത്.ഡോളര്‍ വിലയിടിവ് മൂലം വരുമാനം കുറഞ്ഞ ഐ.ടികമ്പനികള്‍ക്ക് ആശ്വാസകരമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്കുകളിലെ നികുതിയിളവ് 2009 മുതല്‍ തുടരുമോ എന്ന കാര്യവും പറയുന്നില്ല. എന്നാല്‍, ധനമന്ത്രിയുടെ നിര്‍ദേശം വേണ്ടരൂപത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണെങ്കില്‍ അത് ഐ.ടി മേഖലയിലെ തൊഴില്‍ സാഹചര്യത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഐ.ടി കമ്പനികളില്‍ കോള്‍സെന്ററുകളാണ് ജോലിസമയത്തെക്കുറിച്ച മാനദണ്ഡങ്ങളൊന്നും പാലിക്കാത്തത്.ആഴ്ചയിലെ ഏഴുദിവസവും 24 മണിക്കൂര്‍ സേവനമെന്നതാണ് കോള്‍സെന്ററുകളുടെ മുഖമുദ്ര. ഇതിനാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലിചെയ്യാന്‍ വിധിക്കപ്പെടുകയാണ് കോള്‍സെന്റര്‍ ജീവനക്കാര്‍. മാനദണ്ഡങ്ങള്‍ അനുസരിച്ച സൌകര്യങ്ങള്‍ കമ്പനികള്‍ നല്‍കുന്നുമില്ല. വന്‍ലാഭം കണ്ട് പല വ്യാജന്മാരും ഈ രംഗത്തേക്ക് കടന്നതോടെ ചൂഷണവും ഏറി.ഏകദേശം 30 കോള്‍ സെന്ററുകള്‍ കൊച്ചിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പലതും മറ്റ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിലാണ് പ്രവര്‍ത്തിക്കുന്നത്.

രാത്രി എട്ടിന് ജോലിക്ക് കയറിയാല്‍ പിറ്റേന്ന് കാലത്ത് എട്ടുവരെ ജോലിയെടുക്കേണ്ടി വരുന്നെന്ന് കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററിലെ ജീവനക്കാരന്‍ പറയുന്നു. ജോലി ഭാരം മൂലം ഈ മേഖല വിട്ടു പോകുന്നവരും ഉണ്ട്.

ഐ.ടി മേഖലയില്‍ എട്ടുമണിക്കൂറാണ് ജോലി സമയമെന്നും ഇത് പാലിക്കപ്പെടുന്നില്ലെങ്കില്‍ തൊഴില്‍ വകുപ്പിന് നടപടിയെടുക്കാമെന്നും കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കോള്‍സെന്ററുകളുടെ ചുമതല വഹിക്കുന്ന നിഷാന്ത് പറയുന്നു.എന്നാല്‍, ജോലിനഷ്ടപ്പെടുമെന്ന ഭയത്താല്‍ ആരും പ്രതികരിക്കാറില്ല.

അതേ സമയം പുത്തന്‍ തലമുറ ബാങ്കിംഗ് മേഖലകളിലും സ്വകാര്യ മൊബൈല്‍ രംഗങ്ങളിലും ജോലി സമയം 10 മണിക്കൂറിലേറെയാണ്. മികച്ച ശമ്പളമുള്ളതിനാല്‍ അതേ കുറിച്ച് പരാതികളില്ലെന്നു മാത്രം. പരാതിഉണ്ടായാലാകട്ടെ ഹയര്‍ ആന്റ് ഫയര്‍ നിയമനമായതിനാല്‍ തൊഴില്‍ നഷ്ടത്തിനാണ് സാധ്യത.

കേരളത്തിലടക്കം ധനമന്ത്രിയുടെ നിര്‍ദേശം വന്‍പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ ധനമന്ത്രി മുട്ടുമടക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.

1. പ്രകടനക്കാര്‍ ബാരിക്കേഡ് തകര്‍ക്കാനും കല്ലെറിയാനും മുതിരുന്നതെന്തിന്? ഹൈക്കോടതി
കൊച്ചി: രാഷ്ട്രീയ പ്രകടനക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് പൊലീസുമായി സംഘര്‍ഷത്തിനു മുതിരുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേര്‍പ്പെടുന്ന പൊലീസിനെതിരെയുള്ള അതിക്രമം അനുവദിക്കാനാവില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. പ്രകടനക്കാര്‍ ബാരിക്കേഡ് തകര്‍ക്കാനും കൊടിക്കമ്പ് ആയുധമാക്കാനും കല്ലെറിയാനും മുതിരുന്നതെന്തിനെന്നു കോടതി ചോദിച്ചു.

കാസര്‍കോട് ഹോസ്ദുര്‍ഗില്‍ ഫെബ്രുവരി 16 നു യൂത്ത് കോണ്‍ഗ്രസ് പ്രകടനം അക്രമാസക്തമായ സംഭവത്തില്‍ അഞ്ചു പ്രാദേശിക നേതാക്കള്‍ക്കു മുന്‍കൂര്‍ ജാമ്യം നിരസിച്ചുകൊണ്ടാണു ജസ്റ്റിസ് ആര്‍. ബസന്തിന്റെ ഉത്തരവ്. തങ്ങള്‍ നിരപരാധികളാണെന്നും കൂടെയുള്ള പ്രവര്‍ത്തകരാണു പ്രശ്നമുണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് എടച്ചാക്കയില്‍ പി. കെ. ഫൈസലും മറ്റു നാലു പേരും കോടതിയിലെത്തിയത്. എന്നാല്‍, ജനാധിപത്യ സംവിധാനത്തില്‍ നേതാക്കള്‍ക്കു ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നും പ്രകടനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

അണികള്‍ കുറ്റം ചെയ്താല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധ്യമല്ല. ഹര്‍ജിക്കാര്‍ അന്വേഷകരുടെയോ മജിസ്ട്രേട്ടിന്റെയോ മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പ്രകടനക്കാര്‍ ബാരിക്കേഡുമായി നില്‍ക്കുന്ന പൊലീസിനു മുന്നിലെത്തുമ്പോള്‍ ഉന്തും തള്ളുമുണ്ടാകുന്നതും പൊലീസ് പ്രകോപിതരാകുന്നതും സ്ഥിരം കാഴ്ചയാണ്. സ്വാതന്ത്യ്രം കിട്ടി അറുപതു വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ സാക്ഷര സമൂഹം മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കാത്തതു ഖേദകരമാണ്.

പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കാന്‍ മറ്റു പരിഷ്കൃതമായ മാര്‍ഗങ്ങള്‍ അവലംബിക്കണം. പ്രതിഷേധക്കാര്‍ പൊലീസ് വലയവും ബാരിക്കേഡും ഭേദിക്കുന്നതെന്നതിനാണ്? പൊലീസ് ബാരിക്കേഡിനു മുന്നില്‍ പ്രകടനം നിര്‍ത്തി മുദ്രാവാക്യം വിളിച്ചാല്‍ പ്രതിഷേധ പ്രകടനത്തിന്റെ തീവ്രത കുറയുമോ?- കോടതി ചോദിച്ചു. അമേരിക്കക്കാരനും ബ്രിട്ടീഷുകാരനും പൊലീസിനു നല്‍കുന്ന ബഹുമാനം ഇന്ത്യയില്‍ പൊലീസിനു ലഭിക്കുന്നില്ല. ജനങ്ങളുടെ സൌഹൃദവും വിശ്വാസവും ആര്‍ജിക്കാന്‍ പൊലീസിനും കഴിഞ്ഞിട്ടില്ല; അടിച്ചമര്‍ത്തുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായാണവര്‍ കണക്കാക്കപ്പെടുന്നത്.

സാക്ഷിയുടെയോ പ്രതിയുടെയോ ഒപ്പിട്ട മൊഴി രേഖപ്പെടുത്താനുള്ള അധികാരം പോലും പൊലീസിനു നല്‍കിയിട്ടില്ല. പൊലീസിനെ കോമാളിക്കൂട്ടമായാണ് ഇവിടെ കണക്കാക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

2. നെല്‍വയലുകളുടെ വികസനത്തിന് 60 കോടിയുടെ പദ്ധതി
കണ്ണൂര്‍: നെല്‍വയലുകളുടെ അടിസ്ഥാനസൌകര്യവികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് 60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

രാഷ്ട്രീയ കൃഷിവികാസ് യോജന എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ വരുമാന പരിധിയില്ല. മൊത്തം തുകയുടെ 90% സബ്സിഡി അനുവദിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. വിവിധ പദ്ധതികളുടെ ആനുകൂല്യം വേണ്ടത്ര ലഭിക്കാത്ത കര്‍ഷകര്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും നടപടികള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വയം സഹായ സമിതികള്‍, സന്നദ്ധ സംഘടനകള്‍, ജനകീയ സമിതികള്‍ എന്നിവ  മുഖേനയാണു നടപ്പാക്കുന്നത്.

അടിത്തട്ടിലുള്ള കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നു പ്രത്യേക നിര്‍ദേശമുണ്ട്. വായ്പയും മറ്റും അവരില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം. നെല്‍കൃഷി കൂടാതെ തോട്ടവിളകള്‍, മൃഗസംരക്ഷണം, മല്‍സ്യം വളര്‍ത്തല്‍ തുടങ്ങി കൃഷിയുടെ വിവിധ മേഖലകളിലുള്ളവരെ ഇതില്‍ പങ്കാളികളാക്കും. ആദ്യഘട്ടം മാര്‍ച്ച് 31നുളളില്‍ പൂര്‍ത്തിയാക്കണം.

അടുത്ത വര്‍ഷം ജില്ലാതലത്തില്‍ സമഗ്ര കൃഷിവികസന പദ്ധതികള്‍ തയാറാക്കും. നിലവിലുള്ള കൃഷിവികസന പരിപാടികളുമായി ബന്ധിപ്പിച്ചും അടിസ്ഥാന സൌകര്യവികസനം നടത്താവുന്നതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ തൊഴിലുറപ്പു പദ്ധതികളുടെ അനുബന്ധമായി ഫണ്ട് ഉപയോഗിക്കാമെങ്കിലും അതുകൊണ്ട് കൃഷിമേഖലയില്‍ നിന്നു വരുമാനം ഉണ്ടാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഭക്ഷ്യോല്‍പാദനത്തില്‍ 4% വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ, സ്വയം സഹായ ഗ്രൂപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയിലൂടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാം. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വായ്പ നല്‍കും. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകള്‍ക്ക് കൂടുതല്‍ വിഹിതം അനുവദിക്കാനാണു ധാരണ. അടുത്തദിവസം നടക്കുന്ന കൃഷിവകുപ്പ് ഉന്നതതല യോഗം പദ്ധതി നടത്തിപ്പിനെക്കുറിച്ചു വ്യക്തമായ രൂപരേഖ തയാറാക്കും.

3. പൊതു കടം 57,000 കോടി; ആശങ്കാജനകമെന്ന് സാമ്പത്തിക അവലോകനം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതു കടം 57,138 കോടി രൂപ.  ഇത് ആശങ്കാജനകമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തികവര്‍ഷം കടം 14.56% വര്‍ധിച്ചെന്നും ബജറ്റിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു. റവന്യു ചെലവും ആകെ വരുമാനവും തമ്മിലുള്ള വിടവു വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നികുതി പിരിവ് ഊര്‍ജിതമാക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി റവന്യു ചെലവ് ശരാശരി 13.74% വര്‍ധിക്കുമ്പോള്‍ വരുമാനത്തില്‍ 12.17% വര്‍ധന മാത്രമേയുള്ളൂ.

സംസ്ഥാനത്തിന്റെ കടഭാരം ഗുരുതരമായ ആശങ്കയുണര്‍ത്തുന്നു എന്ന് അവലോകനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാലങ്ങളില്‍ പദ്ധതിച്ചെലവിനു വേണ്ടിയായിരുന്നു വായ്പ എടുത്തിരുന്നതെങ്കില്‍ അടുത്ത കാലത്തായി പദ്ധതിയിതര ചെലവുകള്‍ക്കാണ് വായ്പയുടെ നല്ലൊരു ഭാഗം ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യു കമ്മി 5251.16 കോടി രൂപയും ധന കമ്മി 7425.21 കോടി രൂപയുമായി.  വെട്ടിച്ചുരുക്കിയിരുന്ന പദ്ധതി ചെലവ് പുനരാരംഭിച്ചതാണ് ധന കമ്മി വര്‍ധനയ്ക്കു കാരണമെന്നു വിശദീകരണവുമുണ്ട്.

ടൂറിസം രംഗത്തു കേരളം വന്‍ കുതിച്ചുചാട്ടം നടത്തുന്നതായി അവലോകനം പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ടൂറിസത്തിലൂടെ സംസ്ഥാനം നേടിയ വിദേശനാണ്യം 9126 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വര്‍ധന 17.94%. മൊത്തം 10 ലക്ഷംപേര്‍ ഇൌ രംഗത്തു ജോലിചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ തിരുവനന്തപുരം ജില്ലയിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ തൃശൂര്‍ ജില്ലയിലുമാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2005 മുതല്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന കൂടുതല്‍ വയനാട് ജില്ലയിലാണ്.

4. 754.69 കോടിയുടെ കമ്മി നികത്തിക്കിട്ടണം: വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്ന  വരുമാനവും ചെലവും  വിലയിരുത്തുമ്പോള്‍  754.69 കോടി രൂപയുടെ കമ്മി ഉണ്ടാകുമെന്നും ഇതു നികത്തിക്കിട്ടണമെന്നും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ ബോര്‍ഡിന്റെ  ഫിനാന്‍സ് മെംബര്‍ ആവശ്യപ്പെട്ടു. നാളെ കൊച്ചിയില്‍ നടക്കുന്ന കമ്മിഷന്‍ സിറ്റിങ് കൂടി കഴിഞ്ഞ ശേഷം വിവിധ രേഖകള്‍ വിലയിരുത്തി യഥാര്‍ഥ കമ്മി കമ്മിഷന്‍ തീരുമാനിക്കും. ഇതു നികത്താന്‍ എന്തു നടപടിയാണു സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബോര്‍ഡിനോടു കമ്മിഷന്‍ ആരായും.

ബോര്‍ഡിന്റെ മറുപടി കൂടി ലഭിച്ചശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ സി. ബാലകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 1856 കോടി യൂണിറ്റ് വൈദ്യുതി ആവശ്യമുണ്ടെങ്കിലും ഉല്‍പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് 779 കോടി യൂണിറ്റ് മാത്രമാണ്. ശേഷിക്കുന്ന വൈദ്യുതി കേന്ദ്രപൂളില്‍നിന്നും, സ്വതന്ത്ര  ഉല്‍പാദകരില്‍നിന്നും വാങ്ങേണ്ടി വരും.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ച് സ്വയം പര്യാപ്തത നേടാന്‍ ബോര്‍ഡിന്റെയും ജനങ്ങളുടെയും കൂട്ടായ ശ്രമം വേണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. വൈദ്യുതി നിരക്ക് കുറച്ച വകയില്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട 239 കോടി രൂപ നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിറക്കണമെന്ന് വൈദ്യുതി ബോര്‍ഡ്  കമ്മിഷന്‍ മുന്‍പാകെ ആവശ്യപ്പെട്ടു. ഉല്‍പാദന മേഖലയിലെ നിശ്ചലാവസ്ഥ, കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവ്, താപവൈദ്യുതിയുടെ മേലുള്ള അമിത ആശ്രയം, ഗാര്‍ഹിക ഉപയോക്താക്കളുടെ ഉപയോഗരീതി തുടങ്ങിയവ ബോര്‍ഡ് നേരിടുന്ന ഗുരുതര പ്രശ്നങ്ങളാണെന്ന് ഫിനാന്‍സ് മെംബര്‍  ചൂണ്ടിക്കാട്ടി.

5. ടാര്‍ ബില്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതന്റെ ഒാഫിസില്‍ നിന്ന് ഇടപെടല്‍
കൊച്ചി: പൊതുമരാമത്ത് റോഡു നിര്‍മ്മാണത്തില്‍ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ടാര്‍ കുംഭകോണ കേസ് അട്ടിമറിക്കാന്‍  ഭരണകൂടത്തിലെ ഒരുന്നതന്റെ ഒാഫിസില്‍ നിന്നു   നേരിട്ട് ഇടപെട്ടതായി സൂചന. കേസിലെ ഒന്നാം പ്രതി രാജേഷ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് വഴിയടഞ്ഞുപോയ കേസില്‍ രണ്ടുപേരെ കൂടി പ്രതി ചേര്‍ത്ത സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാന്‍ ഉന്നതതല നീക്കം തുടങ്ങിയത്. മലപ്പുറം സ്വദേശിയായ കോണ്‍ട്രാക്ടര്‍ പാറായിവീട്ടില്‍ പി.മുഹമ്മദ്(ബാവ-42), പെരിന്തല്‍മണ്ണയിലെ പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ഇസ്മായില്‍ (36) എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം ശക്തമായത്. സംസ്ഥാനത്തെ റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കാത്ത ടാറിന് വ്യാജബില്ലുകള്‍ നിര്‍മ്മിച്ചു നല്‍കി പൊതുഖജനാവിലെ കോടികള്‍ തട്ടിയെടുത്ത കേസാണിത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റവും രണ്ടും മൂന്നും പ്രതികള്‍ക്കുമേല്‍ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.

6. അകമലവാരം പാട്ടഭൂമിയില്‍ കൂടുതല്‍ കയ്യേറ്റവും മരംമുറിയും അനുവദിക്കരുത്: ഹൈക്കോടതി
കൊച്ചി: പാലക്കാട് അകമലവാരത്ത് 10,000 ഏക്കര്‍ പാട്ടഭൂമിയില്‍ കൂടുതല്‍കയ്യേറ്റവും മരംമുറിയും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമിയുടെ സ്വഭാവവും കിടപ്പും സാഹചര്യവും വ്യക്തമാക്കി പാലക്കാട് ജില്ലാ കലക്ടര്‍ ഏപ്രില്‍ ഏഴിനകം റിപ്പോര്‍ട്ട് സമര്‍പിക്കണം. സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന ഹിന്ദുമത ധര്‍മ സ്ഥാപന കമ്മിഷണറുടെയും പ്രാദേശിക ഡിഎഫ്ഒയുടെയും സഹായത്തോടെ കലക്ടര്‍ സ്ഥല പരിശോധന നടത്തണമെന്നാണു നിര്‍ദേശം. ഏമൂര്‍ ഭഗവതി ദേവസ്വം സ്വകാര്യ വ്യക്തികള്‍ക്കു പാട്ടത്തിനു നല്‍കിയ 10,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു തിരുവാങ്കുളം നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് സമര്‍പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ടി. ആര്‍. രാമചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ദേവസ്വം പലര്‍ക്കായി നല്‍കിയ പാട്ടക്കരാര്‍ അറുപതുകളില്‍ തന്നെ സര്‍ക്കാര്‍ റദ്ദാക്കിയതാണ്. ഭൂമി പാട്ടത്തിനെടുത്തവര്‍ ഇതിനെതിരെ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയെങ്കിലും അനുകൂല ഉത്തരവു നേടാനായില്ല. പിന്നീട് ദേവസ്വം ചില സിവില്‍ കേസുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല.

7. സെസിനായി കൃഷിഭൂമി കൊടുക്കരുത്: കലാം
ന്യൂഡല്‍ഹി: പ്രത്യേക സാമ്പത്തിക മേഖലയ്ക്കോ മറ്റു വാണിജ്യ – സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കോ കര്‍ഷകര്‍ തങ്ങളുടെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി വിട്ടു കൊടുക്കേണ്ടതില്ലെന്നു മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ആഹ്വാനം ചെയ്തു.

പ്രത്യേക സാമ്പത്തിക മേഖലയുടെ (സെസ്) പേരിലും അതിനു കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും സുഖകരമല്ലാ ത്ത ധാരാളം സംഭവങ്ങള്‍ നാം കാണുന്നു. രാജ്യത്തിന്റെ വികസന ത്തിനു സെസ് ആവശ്യമാണ്. എന്നാല്‍, അതിനുവേണ്ടി വിളവു നല്‍കുന്ന മണ്ണ് ഏറ്റെടുക്കുന്നതിനോടു വിയോജിപ്പുണ്ട്. കര്‍ഷക കു
ടുംബത്തില്‍ നിന്നുള്ള ആളായ തനിക്ക് രാജ്യത്ത് ഒരു കര്‍ഷകനും ഭൂമിയില്ലാതാവുന്നതു കാണാന്‍ താല്‍പര്യമില്ല – ഇന്ദിരാഗാന്ധി നാഷനല്‍ ഒാപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) യില്‍, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒാഫ് ഇന്ത്യ (സിബിസിഐ) ചെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മദര്‍ തെരേസ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു ഡോ. കലാം പറഞ്ഞു.

ഭൂമി നല്‍കേണ്ടിവരുന്ന കര്‍ഷകര്‍ക്കു സെസില്‍ പങ്കാളിത്തം നല്‍കണം. നഷ്ടപ്പെടുന്ന ഭൂമിക്ക് ആനുപാതികമായി ഒാഹരി നല്‍കുകയാണു വേണ്ടത്. ഇത്തരം ഒാഹരിയുടമകള്‍ക്കും അവരുടെ മക്കള്‍ക്കും അവിടെ തൊഴിലവസരം സൃഷ്ടിക്കണം. രാജ്യത്തെ 22% പേര്‍ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരാണ്. ഇവരെ കണക്കിലെടുക്കാതെ എങ്ങനെയാണു പുരോഗതി നേടിയെന്നു പറയാനാവുക?

മൊത്തം ആഭ്യന്തര ഉല്‍പാദനം ഒന്‍പതു ശതമാനമുണ്ടെങ്കിലും ഇൌ വളര്‍ച്ചയുടെ നേട്ടം എല്ലാ വിഭാഗത്തിലും എത്തുന്നുണ്ടോയെന്നു പരിശോധിക്കണം. പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനവും പങ്കാളിത്തവും ഉറപ്പാക്കണം.കര്‍ഷകരും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നുള്ള പ്രാദേശിക കൂട്ടായ്മകള്‍ വഴി കാര്‍ഷിക പ്രതിസന്ധിക്കു പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. ഇത്തവണ കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കു നല്‍കിയ പരിഗണന അഭിനന്ദനീയമാണ്. ചെറുകിട – ഇടത്തരം കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസന പദ്ധതികള്‍ക്കു വലിയ പ്രാധാന്യം നല്‍കണമെന്നും ഡോ. കലാം വ്യക്തമാക്കി.

സാമ്പത്തികമായി മുന്നേറുമ്പോള്‍ സാമൂഹികമായ ഉന്നമനവും ഉറപ്പാക്കിയാലേ സമഗ്രവികസനം എന്നു പറയാനാകൂ. ഭൌതികമായ വികസനത്തിന്റെ പിന്നാലെ ഒരുപറ്റം പോകുമ്പോള്‍ വേദനിക്കുന്ന മറുവിഭാഗത്തെ താങ്ങിനിര്‍ത്തേണ്ടതുണ്ട്. മദര്‍ തെരേസയെ പോലുള്ളവര്‍ ഇങ്ങനെ ആയിരക്കണക്കിനു ജനങ്ങള്‍ക്കു സാന്ത്വന മായി. അവര്‍ തുടങ്ങിവച്ച ദൌത്യങ്ങളുടെ തുടര്‍ച്ചയുണ്ടായാലേ മനുഷ്യജീവിതം അന്തസ്സുള്ളതാകൂ.

2020ല്‍ ഇന്ത്യ വന്‍ശക്തിയാകു മെന്നാണു കണക്കുകൂട്ടല്‍. അപ്പോള്‍ വിവിധ വിഭാഗക്കാരായ ആളുകളുടെ അവസ്ഥയെന്തായിരിക്കുമെന്നു പലപ്പോഴും ചിന്തിക്കാറുണ്ട്. തട്ടിപ്പ് ഇല്ലാതാവുമോ, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ കുറയുമോ, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് എല്ലാ രംഗത്തും പങ്കാളിത്തം നല്‍കാനാകുമോ, ഭരണരംഗം സുതാര്യമാവുമോ?പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയ്ക്കുക, വെള്ളവും വെളിച്ചവും വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നിങ്ങനെ നൂറുകണക്കിനു കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട് – ഡോ. കലാം ഒാര്‍മിപ്പിച്ചു.

ഇഗ്നോ വിസി വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷത വഹിച്ചു. പ്രോ വിസി ലതാ പിള്ള, സിബിസിഐ ഉപാധ്യക്ഷന്‍ കര്‍ദിനാള്‍ ഒാസ്വാള്‍ഡ് ഗ്രേഷ്യസ്, വക്താവ് ഡോ. ബാബു ജോസഫ്, ഇഗ്നോയിലെ സിബിസിഐ ചെയര്‍ കോ – ഒാര്‍ഡിനേറ്റര്‍ പ്രഫ. ഗ്രേഷ്യസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സിബിസിഐ ചെയര്‍ ഡോ. കലാമിനു സമ്മാനിച്ച 50,001 രൂപ അദ്ദേഹം ഇഗ്നോയ്ക്കു കൈമാറി. ഡോ. കലാമിന്റെ പേരില്‍ അതു സ്കോളര്‍ഷിപ്പായി നല്‍കുമെന്നു വിസി രാജശേഖരന്‍പിള്ള അറിയിച്ചു.

8. പാചകവാതകം ഇനി ഫൈബര്‍ ഗ്ലാസ് സിലിണ്ടറുകളിലും
ന്യൂഡല്‍ഹി: പാചകവാതക വിതരണത്തിനു ഫൈബര്‍ ഗ്ലാസ് സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യത്തെ വിതരണക്കമ്പനികളായ ഐഒസിക്കും ബിപിസിഎല്ലിനും എച്ച്പിസിഎല്ലിനും അനുമതി നല്‍കിയതായി മന്ത്രി ദിന്‍ഷാ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു.

ഇറക്കുമതി ചെയ്ത ഇത്തരം സിലിണ്ടറുകള്‍ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യം പരീക്ഷണാര്‍ഥം ഉപയോഗിക്കുക.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w