പത്രവാര്‍ത്തകള്‍ 04-03-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആണവകരാറുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. കരാര്‍ നടപ്പാക്കുന്നതിന് വിശാലമായ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭയിലും നടത്തിയ പ്രസ്താവനയില്‍ വിദേശമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. അമേരിക്കയുടെ ഹൈഡ് ആക്ട് ഇന്ത്യക്ക് ബാധകമല്ലെന്നും മുഖര്‍ജി അവകാശപ്പെട്ടു. കരാര്‍ നടപ്പാക്കാന്‍ അമേരിക്ക സമ്മര്‍ദം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് യുപിഎ സര്‍ക്കാര്‍ ഈ നിലപാട് എടുത്തത്.

എന്നാല്‍, കരാറുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുക വിഷമമാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി മുന്നറിയിപ്പു നല്‍കി. ഹൈഡ് ബാധകമായ കരാര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബിജെപിയും വ്യക്തമാക്കി.

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി നടന്നുവരുന്ന അഞ്ചാംവട്ടം ചര്‍ച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും ഇന്ത്യയുടെ പല ഉല്‍ക്കണ്ഠയും പരിഗണിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി വാര്‍ത്താലേഖകരോടു പറഞ്ഞു. അന്തിമഘട്ട ചര്‍ച്ച ഉടനുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആണവരംഗത്തെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സുരക്ഷാകരാറില്‍ ഒപ്പുവയ്ക്കേണ്ടതുണ്ടെന്ന് മുഖര്‍ജി പറഞ്ഞു. എങ്കിലേ ഇന്ത്യക്ക് ഇന്ധനം നല്‍കാന്‍ ആണവവിതരണഗ്രൂപ്പിന് അവരുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്താനാകൂ. ഇതിനു കഴിഞ്ഞാല്‍ റഷ്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുമായി ആണവരംഗത്ത് സഹകരണം സാധ്യമാകും. ഇതിനായി വിശാലമായൊരു രാഷ്ട്രീയപൊതുസമ്മതം ഉണ്ടാക്കാനുള്ള ശ്രമം തുടരും- മുഖര്‍ജി പറഞ്ഞു. ചില അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ മുഖര്‍ജി ഹൈഡ് ആക്ട് അമേരിക്കന്‍ നിയമനിര്‍മാണസഭയ്ക്കുമാത്രം ബാധകമായിട്ടുള്ളതാണെന്നും ഇന്ത്യക്ക് 123 കരാര്‍ മാത്രമാണ് ബാധകമെന്നും കൂട്ടിച്ചേര്‍ത്തു. ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ വിദേശകാര്യ അസിസ്റന്റ് സെക്രട്ടറി റിച്ചാര്‍ഡ് ബൌച്ചര്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്താനിരിക്കെയാണ് മുഖര്‍ജിയുടെ പ്രസ്താവന.

ആണവകരാറുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരുമായി ഒരുതരത്തിലും സഹകരിക്കാനാകില്ലെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും രാജ്യസഭാ നേതാവുമായ സീതാറാം യെച്ചൂരി പാര്‍ലമെന്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ആണവോര്‍ജ ഏജന്‍സിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായാല്‍ യുപിഎ-ഇടതുപക്ഷ സമിതിയില്‍ അതുസംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുതന്നിട്ടുണ്ട്. ഹൈഡ് ആക്ട് അമേരിക്കന്‍ പാര്‍ലമെന്റിനുമാത്രം ബാധകമാണെന്ന വാദം അംഗീകരിക്കാനാകില്ല. ഇന്ത്യയുമായി ആണവസഹകരണത്തിന് അമേരിക്കന്‍ പ്രസിഡന്റിന് അധികാരം ലഭിച്ചതുതന്നെ ഹൈഡ് ആക്ട് പ്രകാരമാണ്. ഈ നിയമത്തിലാണ് നിരവധി ഉപാധി മുന്നോട്ടുവച്ചിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് ഈ ഉപാധികളോടാണ്. റഷ്യയുമായുള്ള സഹകരണത്തില്‍ ഇത്തരം ഉപാധികളില്ല.

നമ്മുടെ വിദേശനയം അമേരിക്കയ്ക്ക് അടിയറവയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതാണ്് ഹൈഡ് ആക്ട് എന്നും യച്ചൂരി പറഞ്ഞു.

കരാര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഇടതുപക്ഷം സ്വന്തം തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ആ തീരുമാനം എന്താണെന്ന് സര്‍ക്കാരിന് അറിയാമെന്നും സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.കരാറുമായി മുന്നോട്ടുപോകുമെന്ന മുഖര്‍ജിയുടെ പ്രസ്താവന പൊതുതെരഞ്ഞെടുപ്പ് ഈവര്‍ഷംതന്നെ നടക്കുമെന്നതിന്റെ സൂചനയാണെന്ന് പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി ലോക്സഭയില്‍ പറഞ്ഞു.

2. മുംബൈയില്‍നിന്ന് മോഷ്ടിച്ച കാറുകള്‍ കേരളത്തില്‍; മലയാളിയെ തെരയുന്നു
കൊച്ചി: മുംബൈയില്‍നിന്ന് മോഷ്ടിച്ച നിരവധി ആഡംബര കാറുകള്‍ പൊലീസ് കേരളത്തില്‍ കണ്ടെടുത്തു. മോഷ്ടാവായ മലയാളിയെ പൊലീസ് തെരയുന്നു. ഇയാളില്‍നിന്ന് മലയാളികള്‍ വാങ്ങിയ കാറുകളെല്ലാം മോഷ്ടിച്ചതാണെന്ന് പൊലീസ് അറിയിച്ചു.

കൊല്ലം അഞ്ചല്‍ ആലഞ്ചേരി പ്ളാവിളവീട്ടില്‍ മുരളിയണ്ണന്‍ എന്ന മുരളീധരനെ (36)യാണ് പിടികിട്ടാനുള്ളത്്. ഇയാള്‍ മോഷ്ടിച്ചു വിറ്റ 16 കാറുകളാണ് എറണാകുളം നോര്‍ത്ത് സിഐ എം രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. കൊല്ലം, എറണാകുളം ജില്ലകളിലായി 40 കാറുകള്‍ മുരളീധരന്‍ വിറ്റിട്ടുണ്ടെന്ന് പറയുന്നു.സ്കോഡ, ഷെവര്‍ലെ, ഹോണ്ട സിറ്റി, ഹോണ്ട സിവിക്, ടൊയോട്ട കൊറോള, സ്കോര്‍പിയോ, ടാറ്റാ ഇന്‍ഡിക, ഇന്‍ഡിഗോ തുടങ്ങിയ മുന്തിയ കാറുകളാണ് ഇയാള്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കടത്തിയിട്ടുള്ളത്. ഫൈനാന്‍സ് കമ്പനിയുടെ തവണ മുടങ്ങിയതിനെത്തുടര്‍ന്ന് കമ്പനി പിടിച്ചെടുത്ത കാറുകളാണെന്ന് വിശ്വസിപ്പിച്ചാണ് കാറുകള്‍ വിറ്റത്. മാര്‍ക്കറ്റ്വിലയേക്കാള്‍ രണ്ടും മൂന്നും ലക്ഷം രൂപവരെ കുറച്ച് നല്‍കിയതാണ് പലരെയും കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ മാറ്റുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇയാള്‍ വ്യാജമായി നിര്‍മിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ചില വാഹനങ്ങള്‍ക്ക് കേരളത്തില്‍നിന്ന് രജിസ്്ട്രേഷനും നേടിയിട്ടുണ്ട്.

മുംബൈയില്‍ ഉല്ലാസ് നഗറില്‍ 26 വര്‍ഷമായി കുടുംബസമേതം താമസിക്കുന്ന മുരളീധരന്‍ സമ്പന്നര്‍ താമസിക്കുന്ന മലബാര്‍ ഹില്‍ ഭാഗത്തുനിന്നാണ് കാറുകള്‍ മോഷ്ടിച്ചിരുന്നത്. നാട്ടിലെ അടുത്ത സുഹൃത്തക്കളെ വിശ്വസിപ്പിച്ചാണ് ഇവ വിറ്റിരുന്നത്. ആഡംബര കാറുകള്‍ കേരളത്തിലും തമിഴ്നാട്ടിലും മറ്റുള്ള കാറുകള്‍ മധ്യപ്രദേശ്, ഉത്തരപ്രദേശ് എന്നിവിടങ്ങളിലേക്കുമാണ് കൈമാറിയിട്ടുള്ളതെന്ന് അന്വേഷണത്തിന് കൊച്ചിയിലെത്തിയ മുംബൈ പൊലീസ് പറഞ്ഞു.

ഇടപ്പള്ളി സ്വദേശി നജീബ്ഖാന്റെ കൈവശം മോഷ്ടിച്ച കാറുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവിരത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. ആഡംബര ജീവിതം നയിച്ചിരുന്ന മുരളീധരന്‍ ഏതാനും ദിവസംമുമ്പ് കൊച്ചിയിലെത്തിയിരുന്നു. വിമാനത്തില്‍മാത്രം കേരളത്തിലേക്കുവരുന്ന ഇയാള്‍ കഴിഞ്ഞ വരവില്‍ 15 പവന്‍ തൂക്കമുള്ള സ്വര്‍ണമാല എറണാകുളത്തെ ബാങ്കില്‍ പണയംവച്ചിരുന്നു.

മുംബൈ ഗതാഗതവകുപ്പിലെ അടക്കം ഉദ്യോഗസ്ഥര്‍ മുരളീധരനെ സഹായിച്ചിട്ടുള്ളതായി പൊലീസ് കരുതുന്നു. കേരളത്തില്‍ രജിസ്ട്രേഷന്‍ മാറ്റനായി നല്‍കിയിരുന്ന രേഖകളില്‍ വാഹനങ്ങളുടെ എന്‍ജിന്‍നമ്പറില്‍ ചെറിയ മാറ്റംവരുത്തിയിരുന്നു. ഇതാണ്് വാഹനങ്ങളുടെ ഉടമസ്ഥത കൃത്യമായി മനസ്സിലാക്കാന്‍ തടസമായത്. സിഐ എം രമേശ്കുമാറിന് പുറമെ എസ്ഐമാരായ മോഹന്‍കുമാര്‍, അഷറഫ് എന്നിവര്‍ക്കാണ് കേസിന്റെ അന്വേഷണച്ചുമതല. കണ്ടെടുത്ത വാഹനങ്ങള്‍ മുംബൈ പൊലീസിന് കൈമാറും. ഇയാളുടെ സഹായികളെയും പൊലീസ് തെരയുന്നുണ്ട്. മുരളീധരനില്‍നിന്ന് വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളവര്‍ പൊലീസില്‍ അറിയിക്കണമെന്നും സിഐ രമേശ്കുമാര്‍ ആവശ്യപ്പെട്ടു.

3. അതിജീവനത്തിന്റെ വളകിലുക്കവുമായ് ‘പീപ്പിള്‍’ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
തിരു: അതിജീവനത്തിന്റെ വളകിലുക്കവുമായ് കുടുംബശ്രീയുടെ ‘പീപ്പിള്‍’ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കാനെത്തുന്നു. കറിക്കൂട്ടുകളിലും മറ്റും മായം ചേര്‍ന്നിട്ടുണ്ടെന്ന ഭയം ഇനി വേണ്ട. വനിതകളുടെ കൂട്ടായ്മയില്‍നിന്ന്, കലര്‍പ്പില്ലാത്ത പുട്ടുപൊടിയും അപ്പപ്പൊടിയും മസാലക്കൂട്ടുകളുമൊക്കെ ചൊവ്വാഴ്ച മുതല്‍ വിപണിയിലെത്തും.

കുടുംബശ്രീയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായാണ് ഈ ജനകീയ സംരംഭത്തിന് രൂപംനല്‍കിയത്.

പീപ്പിള്‍ എന്ന ബ്രാന്‍ഡ് നെയിമിലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രോവിന്‍സ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മൂന്നുവര്‍ഷത്തേക്ക് മാര്‍ക്കറ്റിലെത്തിക്കും. കുടുംബശ്രീകളെ ഈ മേഖലയില്‍ പ്രാപ്തരാക്കി പിന്നീട് വിപണനച്ചുമതല കൈമാറും.

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ യൂണിറ്റുകളിലൂടെ തയ്യാറാക്കുന്നതെങ്കിലും കമ്പോളത്തില്‍ എത്തിച്ച് വിറ്റഴിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ പുതിയ സംരംഭം. കേരളത്തിലെ വിപണനത്തിനു പുറമെ കയറ്റുമതിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.

തിരുവനന്തപുരത്ത് 21 ഗ്രാമപഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകളിലെ മുന്നൂറോളം വനിതകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആനയറ വെണ്‍പാലവട്ടത്ത് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മാര്‍ക്കറ്റിലെ പായ്ക്കിങ് കേന്ദ്രത്തില്‍ എത്തിക്കും.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് പായ്ക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പായ്ക്കിങ്ങിനുള്ള അത്യാധുനിക യന്ത്രോപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ക്കാവശ്യമായ അടിസ്ഥാനസൌകര്യങ്ങളും മറ്റും അതത് ഗ്രാമപഞ്ചായത്തുകള്‍ നല്‍കും. പരിശീലനവും സംഘാടനവും മേല്‍നോട്ടവുമെല്ലാം നിര്‍വഹിക്കുന്നത് കുടുംബശ്രീമിഷനാണ്.

പീപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും.

ഭരത് മുരളി ഉല്‍പ്പന്നം ഏറ്റുവാങ്ങും. തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായിരിക്കും. നിയമമന്ത്രി എം വിജയകുമാര്‍ പീപ്പിള്‍ യൂണിറ്റ് മാനേജര്‍മാരെ ആദരിക്കും.

4. പാല്‍വില കൂട്ടിയിട്ടും മില്‍മ കര്‍ഷകരെ വഞ്ചിക്കുന്നു
കണ്ണൂര്‍: നഷ്ടത്തിന്റെ പേരുപറഞ്ഞ്് പാല്‍വില അടിക്കടി വര്‍ധിപ്പിക്കുമ്പോഴും അര്‍ഹമായ തുക നല്‍കാതെ ക്ഷീരകര്‍ഷകരെ വഞ്ചിക്കുകയാണ് മില്‍മ. വില്‍പ്പനവിലയുടെ 80 ശതമാനവും ഉല്‍പ്പാദകര്‍ക്ക് നല്‍കുന്നുവെന്നാണ് മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. എന്നാല്‍ ഇത് വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

ഒരു ലിറ്റര്‍ സാധാരണ പാലിന്(ടോണ്‍ഡ്)19 രൂപയാണ് ഉപഭോക്താക്കളില്‍നിന്ന് മില്‍മ ഈടാക്കുന്നത്. മൂന്ന് ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പേതര ഖരപദാര്‍ഥങ്ങളുമാണ് ടോണ്‍ഡ് പാലിന്റെ നിശ്ചിത അനുപാതം. ഇതനുസരിച്ച് ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്ന അടിസ്ഥാന വില ലിറ്ററിന് 13.50 മാത്രം. വില്‍പ്പനവിലയുടെ 80 ശതമാനം കണക്കാക്കിയാല്‍ 15.20 രൂപയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന പാലിന് 15 രൂപ നല്‍കുമ്പോഴാണ് നാട്ടിലെ കര്‍ഷകരോട് തികഞ്ഞ അനീതി.

ലിറ്ററിന് 15.50 രൂപയെങ്കിലും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാവുന്നതാണെന്ന് മില്‍മ പ്രതിനിധികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ ചേര്‍ന്ന മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി യോഗത്തില്‍ വില്‍പ്പന വിലയും വാങ്ങുന്ന വിലയും തമ്മിലുള്ള അന്തരം കുറയാതെ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ രക്ഷപ്പെടില്ലെന്ന് അഭിപ്രായമുയര്‍ന്നു. ഒരു പോയിന്റിന് 1.65 രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന വില. ഫെഡറേഷന്‍ ചെയര്‍മാന്‍ പറഞ്ഞ 20 ശതമാനത്തിന് പകരം 22ശതമാനം മാര്‍ജിന്‍ എടുത്താലും പോയിന്റിന് 1.35 രൂപ കര്‍ഷകര്‍ക്ക് നല്‍കാവുന്നതാണെന്ന് പാലക്കാട്ടുനിന്നുള്ള കെ എസ് മണി യോഗത്തില്‍ പറഞ്ഞു. ഈ കണക്കനുസരിച്ചാണെങ്കില്‍ ലിറ്ററിന് 15.52 രൂപ നല്‍കണം.

റിച്ച് പാലിന് സര്‍ക്കാര്‍ അനുവദിച്ചതിലും കൂടുതല്‍ വില വര്‍ധിപ്പിച്ച നടപടിക്കെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശമുയര്‍ന്നതായറിയുന്നു. ലിറ്ററിന് മൂന്ന് രൂപയുടെ വര്‍ധന മില്‍മ ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ട് രൂപ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഫെബ്രുവരി 12ന് റിച്ച് പാലിനും രണ്ട് രൂപയേ വര്‍ധിപ്പിച്ചുള്ളൂ. 19 രൂപയായിരുന്നത് 21 രൂപയാക്കി. എന്നാല്‍, ഫെബ്രുവരി 25 മുതല്‍ ഒരു ലിറ്റര്‍ റിച്ച് പാലിന്റെ വില 22 രൂപയായി മാറി. മേഖലാ യൂണിയനുകളുമായി ആശയവിനിമയം പോലും നടത്താതെയായിരുന്നു ഈ വര്‍ധനയെന്നും ആക്ഷേപമുണ്ട്.

ക്ഷീരകര്‍ഷകര്‍ക്ക് മതിയായ വില നല്‍കാനെന്ന പേരിലായിരുന്നു മുമ്പ് രണ്ട് തവണയായി ഓരോ രൂപ വര്‍ധിപ്പിച്ചത്. ഇപ്പോള്‍ വീണ്ടും രണ്ട് രൂപ. മൂന്നു തവണയായി ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചിട്ടും കൃഷിക്കാര്‍ക്ക് 2.80 ആണ് കൂടുതല്‍ ലഭിച്ചത്. അതേസമയം, കാലിത്തീറ്റക്ക് കിലോയ്ക്ക് 1.65 രൂപ വര്‍ധിപ്പിച്ചതിനാല്‍ ഫലത്തില്‍ 1.15 രൂപ. കൂടുതല്‍ കൊഴുപ്പുള്ള പാലിന് നിശ്ചിത നിരക്കില്‍ അധികവില ലഭിക്കാത്ത സ്ഥിതിയുണ്ടെന്നും പരാതിയുണ്ട്.

5. തെങ്ങുകയറ്റക്കാരന് താങ്ങായി വ്യത്യസ്തനാമൊരു ഡോക്ടര്‍
കൊല്ലം: നട്ടെല്ല് തകര്‍ന്ന 350 പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയ ഡോ. പി കെ സുന്ദര്‍രാജ് ഒടുവില്‍ നട്ടെല്ലുള്ളൊരു തീരുമാനമെടുത്തു; തെങ്ങുകയറ്റത്തൊഴിലാളിയുടെ ജീവിതസുരക്ഷയ്ക്ക് സ്വന്തം അധ്വാനത്തില്‍നിന്നൊരുപങ്ക്. ജോലിക്കിടയില്‍ നട്ടെല്ല് തകര്‍ന്ന് ശസ്ത്രക്രിയക്കെത്തിയ തെങ്ങുകയറ്റത്തൊഴിലാളികളുടെ ദൈന്യതയും ഉറ്റവരുടെ തേങ്ങലുകളുമാണ് ‘ഇന്‍ഷുറന്‍സ് സ്കീം ഫോര്‍ സ്പൈനല്‍ ഇഞ്ച്വറി വിക്ടിംസ്’ എന്ന പദ്ധതിക്ക് രൂപംനല്‍കാന്‍ വ്യത്യസ്തനായ ഡോക്ടറെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി നൂറുകണക്കിന് തെങ്ങുകയറ്റത്തൊഴിലാളികളുടെ പേരില്‍ ആറുവര്‍ഷമായി പ്രീമിയം മുടങ്ങാതെ അടയ്ക്കുകയാണ് ഡോ. സുന്ദര്‍രാജ്.

നട്ടെല്ലിന് പൊട്ടലുണ്ടായാല്‍ 48 മണിക്കൂറിനകം ശസ്ത്രക്രിയ നടത്തണം. ഭീമമായ ചെലവുകാരണം തെങ്ങുകയറ്റത്തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും ഇത് സാധ്യമാകാറില്ല. അവര്‍ക്ക് യഥാസമയം ചികിത്സ കിട്ടാനുള്ള അവസരം ലഭ്യമാകുകയെന്ന ചിന്തയാണ് ഡോ. സുന്ദര്‍രാജിനെ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് നയിച്ചത്.

നാഷണല്‍ സെന്റര്‍ ഫോര്‍ കെയര്‍ ഓഫ് സ്പൈനല്‍ ഇഞ്ച്വറി വിക്ടിംസ് എന്ന ചാരിറ്റബിള്‍ ആക്ട്പ്രകാരം രജിസ്റ്റര്‍ചെയ്ത സംഘടനയുടെ പേരിലാണ് ഇന്‍ഷുറന്‍സ് പദ്ധതി. ഡോ. സുന്ദര്‍രാജാണ് സംഘടനയുടെ ചെയര്‍മാന്‍. പദ്ധതി നടത്തിപ്പിനായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണയുണ്ടാക്കി. ഇതില്‍ അംഗമാകുന്ന ഓരോ തൊഴിലാളിയുടെയും പേരില്‍ പ്രതിവര്‍ഷം 200 രൂപ ഡോക്ടര്‍തന്നെ പ്രീമിയം അടയ്ക്കും. അപകടം ഉണ്ടായാല്‍ 48 മണിക്കൂറിനകം 25,000 രൂപ ലഭിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോവിഭാഗം തലവനായി ആറുവര്‍ഷംമുമ്പ് വിരമിച്ച ഡോ. സുന്ദര്‍രാജ് ഇപ്പോള്‍ കൊല്ലം പാലത്തറ എന്‍എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സ്പൈന്‍ സര്‍ജനാണ്.

വെങ്ങാനൂരിലെ കര്‍ഷകകുടുംബാംഗമാണ് ഡോ. സുന്ദര്‍രാജ്. തിരുവനന്തപുരം ഉത്രാടംതിരുനാള്‍ ആശുപത്രിയില്‍ പതോളജിസ്റ്റായ കെ പ്രീതയാണ് ഭാര്യ. മകന്‍ അനീഷ് സുന്ദറും ഡോക്ടറാണ്. ഇളയമകന്‍ കിഷന്‍സുന്ദര്‍ എംബിബിഎസ് വിദ്യാര്‍ഥി. മകള്‍ അനുപമ ബിടെക്കിനുശേഷം കാണ്‍പൂരില്‍ എംബിഎക്ക് പഠിക്കുന്നു.

6. കോടികള്‍ തോക്കിന്‍കുഴലിലൂടെ
ദില്ലി: ബിഹാര്‍, ഒറീസ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ധാതുസമ്പത്താല്‍ സമ്പന്നമാണ്. ഇരുമ്പയിര്, കല്‍ക്കരി എന്നിവയുടെ വന്‍ നിക്ഷേപമുള്ള ഈ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അനധികൃതമായി നിരവധി സ്വകാര്യ ഏജന്‍സികള്‍ ഖനനം നടത്തുന്നുണ്ട്. ഗവണ്‍മെന്റിനെ വഞ്ചിക്കുന്ന ഇക്കൂട്ടര്‍ പക്ഷേ മാവോയിസ്റ് തീവ്രവാദികള്‍ക്ക് വന്‍തോതില്‍ സംഭാവന നല്‍കുന്നു. ഒരു വര്‍ഷം 40 കോടി രൂപ ജാര്‍ഖണ്ഡില്‍ മാത്രം ഇങ്ങനെ മാവോയിസ്റുകള്‍ക്ക് ലഭിക്കുന്നെന്നാണ് പൊലീസ് രേഖകളില്‍ പറയുന്നത്.

ഒറീസയിലെ സമ്പല്‍പ്പുര്‍ ജില്ലയിലുള്ള കഡേല്‍പലി ഗ്രാമത്തിലെ ഫോറസ്റ് ഓഫീസില്‍നിന്ന് 40,000 രൂപ മാവോയിസ്റുകള്‍ കൊള്ളയടിച്ചു. 2007 മാര്‍ച്ച് 23ന് കിയോഞ്ഞര്‍ ജില്ലയിലെ ബാര്‍ബില്‍ എന്ന സ്ഥലത്തെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍നിന്ന് 2.2 കോടി രൂപയും 2007 സെപ്തംബര്‍ 28ന് റൂര്‍ക്കേലയിലെ യൂക്കോ ബാങ്ക് ശാഖയില്‍നിന്ന് 35 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവങ്ങള്‍ക്കുപിന്നില്‍ മാവോയിസ്റുകളുടെ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. 2007 ജൂലൈയില്‍ അറസ്റിലായ ശ്രീരാമുലു ശ്രീനിവാസറാവു എന്ന മാവോയിസ്റ് പ്രവര്‍ത്തകന്‍ പൊലീസിനോടു പറഞ്ഞത്, ഒറീസയിലെ മല്‍ക്കന്‍ഗിരി ജില്ലയില്‍നിന്ന് പ്രതിമാസം രണ്ടുകോടി രൂപവരെ പിരിച്ചെടുക്കുന്നുവെന്നാണ്. വന്‍ വ്യവസായങ്ങളോ ഖനികളോ ഇല്ലാത്ത മല്‍ക്കന്‍ഗിരിയില്‍നിന്ന് ഇത്രയും തുക എങ്ങനെ പിരിക്കുന്നെന്ന ചോദ്യത്തിന് പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികളായ സര്‍പ്പഞ്ചുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെയാണ് സമീപിക്കുന്നതെന്നായിരുന്നു മറുപടി.

നന്ദിഗ്രാമില്‍ കലാപമുണ്ടാക്കുന്നതിന് മാവോയിസ്റുകള്‍ പ്രവര്‍ത്തിച്ചെന്ന് അവരുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുപ്പാല ലക്ഷ്മണറാവു എന്ന ഗണപതിയും കഴിഞ്ഞ ദിവസം അറസ്റിലായ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹിമാദ്രിസെന്‍ റേയും (സോമന്‍) സമ്മതിച്ചതാണ്. റേ നല്‍കിയ വിവരങ്ങള്‍ കുറെക്കൂടി വ്യക്തമാണ്. മാവോയിസ്റുകളുടെ ഓരോ സംസ്ഥാന കമ്മിറ്റിക്കും 60 ലക്ഷം രൂപ വീതം ആയുധപരിശീലനം, ആയുധം വാങ്ങല്‍ എന്നിവയ്ക്കായി കേന്ദ്ര കമ്മിറ്റി നല്‍കുന്നുണ്ടെന്ന് സോമന്‍ പറഞ്ഞു.

2007 ജനുവരിയില്‍ത്തന്നെ നന്ദിഗ്രാമില്‍ ആയുധമെത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനുമായി എട്ടു ലക്ഷം രൂപ നല്‍കിയെന്നും മാര്‍ച്ച് 14ന്റെ പൊലീസ് വെടിവയ്പിനുശേഷവും നന്ദിഗ്രാമിലേക്ക് ആയുധമെത്തിച്ചെന്നും സോമന്‍ പൊലീസിനോട് സമ്മതിച്ചു.

കേന്ദ്രകമ്മിറ്റിയില്‍നിന്ന് അനുവദിക്കുന്ന തുകയ്ക്കുപുറമെ ഓരോ പ്രദേശത്തെയും മാവോയിസ്റുകള്‍ അതതു സ്ഥലത്ത് നടത്തുന്ന കൊള്ളയും നിര്‍ബന്ധിതവും അനധികൃതവുമായ കരംപിരിവും വഴി കോടിക്കണക്കിനു രൂപ ശേഖരിക്കുന്നു. ഇതുപയോഗിച്ച് വ്യാപകമായ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

തങ്ങളുടെ വരുതിക്കു നില്‍ക്കാത്ത ആദിവാസികളും പാവപ്പെട്ടവരുമൊക്കെ മാവോയിസ്റുകളുടെ ശത്രുക്കളാണ്. അവരുടെ ചോര കുടിക്കാന്‍ മാവോയിസ്റുകള്‍ക്ക് മടിയൊന്നുമില്ല.

അത്യാധുനിക ആയുധങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, മാവോയിസ്റ് ഭീഷണി നേരിടാനുള്ള പൊലീസ് സംവിധാനം പഴഞ്ചനും പ്രവര്‍ത്തനശേഷി കുറഞ്ഞതുമാണ്. ഇത് ശക്തമാക്കാനും ജനങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താനുമുള്ള നടപടി ഉണ്ടാകുന്നില്ല.

(തുടരും)

7. വിദേശങ്ങളിലേക്കുനീളുന്ന തീവ്രവാദ ഇടനാഴി
നേപ്പാളില്‍നിന്നു തുടങ്ങി ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട് വഴി ശ്രീലങ്കയിലെത്തുന്ന ഒരു തീവ്രവാദ ഇടനാഴി മാവോയിസ്റുകള്‍ക്കുണ്ട്. നേപ്പാളിലെ മാവോയിസ്റുകളും ശ്രീലങ്കയിലെ തമിഴ്പുലികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മാവോയിസ്റുകള്‍ ആയുധത്തിനും ആയുധ പരിശീലനത്തിനുമായി ഈ വിദേശസംഘങ്ങളെ ആശ്രയിക്കുന്നു.

അറുപതുകളുടെ അവസാനത്തോടെ ആരംഭിച്ച ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനം പിന്നീട് നിരവധി കഷണങ്ങളായി ഛിന്നഭിന്നമായിപ്പോയി. ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് കുറെക്കാലംകൂടി പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍, തൊണ്ണൂറുകളുടെ അവസാനത്തോടെ നേപ്പാളിലും മറ്റു ചില വിദേശരാജ്യത്തും പ്രവര്‍ത്തനമാരംഭിച്ച മാവോയിസ്റ് ഗ്രൂപ്പുകളുടെ സഹായത്തോടെ ഇന്ത്യയിലും അത്തരമൊരു പ്രസ്ഥാനം ആരംഭിക്കാന്‍ ചില ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. അങ്ങനെയാണ് എട്ട് വിദേശരാജ്യത്തുനിന്നുള്ളവര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഇന്ത്യയിലെ ചില ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകള്‍ ഒത്തുചേര്‍ന്ന് സിപിഐ (മാവോയിസ്റ്) സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, മാവോയിസ്റ് കമ്യൂണിസ്റ് സെന്റര്‍ എന്നിവയായിരുന്നു പ്രധാന ഘടകസംഘടനകള്‍. മറ്റു ചില സംഘടനയും ചേര്‍ന്നു.

2000 നവമ്പര്‍ ഒന്നിന് രൂപീകരിച്ച ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി ഇവര്‍ കരുതി. ബിഹാറിലെ വടക്കന്‍ ജില്ലകളായ പശ്ചിമ ചമ്പാരന്‍, പൂര്‍വ ചമ്പാരന്‍, സീതാമറി എന്നീ ജില്ലകള്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നു. ഈ ജില്ലകളില്‍ നേപ്പാളില്‍നിന്നും ഇന്ത്യയില്‍ നിന്നുമുള്ള മാവോയിസ്റുകള്‍ ഒത്തുചേരുകയും ആയുധപരിശീലനമടക്കമുള്ള പരിപാടികള്‍ നടത്തുകയുംചെയ്യുന്നു.

കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളും കൊടുംകാടുകളുമാണ് മാവോയിസ്റുകളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങള്‍. ആദിവാസികളില്‍ ചെറിയൊരു വിഭാഗത്തിന്റെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നു.

8. പെണ്‍കുട്ടികള്‍ക്കായി  ഇന്‍ഷുറന്‍സ് പദ്ധതി
ന്യൂഡല്‍ഹി: പെണ്‍ഭ്രൂണഹത്യ തടയാനുള്ള വ്യവസ്ഥകളോടെ ഇന്‍ഷുറന്‍സ്-ധനസഹായ പദ്ധതി രാജ്യവ്യാപകമാക്കുമെന്ന് വനിത- ശിശുക്ഷേമമന്ത്രി രേണുകാ ചൌധരി അറിയിച്ചു. ആദ്യം അഞ്ച് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കും.

പെണ്‍കുട്ടി ജനിച്ചാലുടന്‍ രജിസ്ട്രേഷന്‍ നടത്തുക, എല്ലാ പ്രതിരോധ കുത്തിവയ്പും നടത്തുക, കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുക, 18 വയസ്സിനുശേഷം മാത്രം വിവാഹം നടത്തുക എന്നീ വ്യവസ്ഥകള്‍ പാലിക്കുന്ന കുടുംബങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ ജീവിതാവശ്യങ്ങള്‍ക്കായി 15,500 രൂപ വിവിധ ഘട്ടത്തിങ്ങളിലായി നല്‍കും. പതിനെട്ട് വയസ്സ് പൂര്‍ത്തിയായാല്‍ ഒരുലക്ഷം രൂപ ലഭ്യമാക്കാനും അപകടഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് തുക നല്‍കാനും പദ്ധതിയുണ്ട്.

1. ഇന്‍ഫാം കര്‍ഷക രക്ഷാ യാത്രയ്ക്ക് ആവേശകരമായ സമാപനം
തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകന്റെ അവകാശങ്ങളെക്കുറിച്ച് സമൂഹ മനഃസാക്ഷി ഉണര്‍ത്താനും സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനുമായി ഇന്‍ഫാം കാസര്‍ഗോഡു നിന്നു ഫെബ്രുവരി 28- ന് ആരംഭിച്ച ഇന്‍ഫാം കര്‍ഷകരക്ഷായാത്ര ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ പൂര്‍ത്തിയായി.

കൃഷികൊണ്ട് രക്ഷയില്ല എന്ന ചിന്തയിലാണ് കേരളത്തിലെ കര്‍ഷകസമൂഹമെന്ന് രക്ഷായാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കല്‍ പത്രലേഖകരോട് പറഞ്ഞു.

നേതാക്കള്‍ പിന്നീട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെയും സന്ദര്‍ശിച്ചു നിവേദനം നല്‍കി. ഇന്‍ഫാം നല്‍കിയ നിവേദനത്തിലൂടെ കണ്ണോടിച്ച മുഖ്യമന്ത്രി സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന് ഫാ.ഒറ്റപ്ളാക്കല്‍ അറിയിച്ചു.

കര്‍ഷകരുടെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിനും സോണിയാഗാന്ധിക്കുമുള്ള താത്പര്യത്തിനു ഉദാഹരണമാണ് കേന്ദ്രബജറ്റെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിവേദനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമാ യതെല്ലാം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു സെക്രട്ടേറിയറ്റ്നടയില്‍ നടന്ന സമാപന സമ്മേളനം പി.സി സിറി യക് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പി.സി സിറിയക് പറഞ്ഞു. കര്‍ഷകയാത്ര തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക കടം എഴുതി തള്ളാനുള്ള തീരുമാനം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കണം. പ്രഖ്യാപനം കടലാസില്‍ മാത്രമൊതുങ്ങിയാല്‍ സാധാരണ കര്‍ഷകരേയുംകൂട്ടി വീണ്ടും സമരത്തിനൊരുങ്ങുമെന്ന് പി.സി സിറിയക് പറഞ്ഞു.

കാര്‍ഷികമേഖലയിലെ കടം എഴുതി തള്ളിയതുകൊണ്ടുമാത്രം കര്‍ഷകരുടെ പ്രശ്നങ്ങള്‍ തീരുന്നില്ലെന്ന് അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കല്‍ പറഞ്ഞു. കടം തീരുന്നതോടെ കര്‍ഷകന്‍ വിമോചിതനാകുന്നില്ല. കര്‍ഷകന് ഗുണകരമായ രീതിയില്‍ പദ്ധതികള്‍ നടപ്പാക്കണം. 2002 മുതല്‍ ഇന്‍ഫാം ആവശ്യപ്പെട്ടുവരുന്നതാണ് കാര്‍ഷിക കടം എഴുതിതള്ളണമെന്ന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍ ജാഥയെക്കുറിച്ച് വിശദീകരിച്ചു. ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ഹാജി, ദേശീയകമ്മിറ്റിയംഗം എം.സി. ജോര്‍ജ്, ദേശീയ സെക്രട്ടറി എം.സുരേന്ദ്രന്‍, വിജയന്‍തോമസ്, ദേശീയ ട്രഷറര്‍ ജോയ്ജോണ്‍ തെങ്ങുംകുടി, ഫാ.ജേക്കബ് കാട്ടടി, ജയിംസ് കോട്ടൂര്‍, ഫാ.സോണി മുണ്ടുനടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ കമ്മിറ്റിയംഗം ബേബിപെരുമാലില്‍ സ്വാഗതവും ജോസഫ് കാവനാടി നന്ദിയും പറഞ്ഞു.

സാമൂഹ്യനീതി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കര്‍ഷക രക്ഷായാത്ര നടത്തിയത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് ലഭിച്ച നിവേദനങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ഇന്‍ഫാം മുഖ്യമന്ത്രിക്ക് നല്‍കി.

20 ആവശ്യങ്ങളാണ് ഇന്‍ഫാം നിവേദനത്തിലുള്ളതെന്ന് ഇന്‍ഫാം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2. ഇടുക്കി സ്പെഷല്‍ പാക്കേജ് ഉടന്‍: ഡോ. സ്വാമിനാഥന്‍
ന്യൂഡല്‍ഹി: ഇടുക്കി ജില്ലയ്ക്കായുള്ള പ്രത്യേക കാര്‍ഷിക പാക്കേജിന് അന്തിമരൂപമായെന്നും പാക്കേജില്‍ സാമ്പത്തിക സഹായത്തോടൊപ്പം കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമൂഹ്യവും തൊഴില്‍പരവുമായ ഉന്നമനത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും ഡോ. എം. എസ് സ്വാമിനാഥന്‍. 1480 കോടിയുടെ കുട്ടനാട് പാക്കേജ് സംബന്ധിച്ച് കേരള സര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഇനിയും നല്‍കിയതായി അറിയില്ലെന്ന് സ്വാമിനാഥന്‍ പറഞ്ഞു.

എന്നാല്‍, കുട്ടനാട് കാര്‍ഷിക പാക്കേജ് സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിശോധനയിലാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കാന്തിലാല്‍ ഭൂരിയ ലോക്സഭയെ അറിയിച്ചു. അന്തിമ തീരുമാനമായിട്ടില്ല. പാക്കേജ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്െടന്ന് ഡോ. കെ.എസ്. മനോജിന്റെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങ ളും മന്ത്രി പാര്‍ലമെന്റില്‍ സ മ ര്‍പ്പിച്ചു.

കുട്ടനാട്ടിലെ കാര്‍ഷിക വികസനവും കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലും സംബന്ധിച്ച വിശദമായ പരിപാടികളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം കുട്ടനാടിന്റെ പാരിസ്ഥിതിക സുരക്ഷയും അടിസ്ഥാന സൌകര്യ വികസനവും ഉറപ്പാക്കാനും പാ ക്കേജ് വിഭാവന ചെയ്യുന്നുണ്ട്.

കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടെന്ന് അറിയുന്നു.

ഇടുക്കി പാക്കേജിന് അന്തിമ രൂപമായിട്ടുണ്ട്.

3. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള തെയ്യം രേഖ കണ്െടത്തി
കണ്ണൂര്‍: ഉത്തര കേരളത്തിലെ തെയ്യാട്ടവുമായി ബന്ധപ്പെട്ടുള്ള ഒന്നര നൂറ്റാണ്േടാളം പഴക്കമുള്ള രേഖ കണ്െടത്തി. കൂടാളി താഴത്തുവീട് കളരി ദൈവസ്ഥാനത്തെ ഗുരുക്കളച്ചന്റെ കണ ക്കോലയാണ് കണ്െടടുത്തിരിക്കുന്നത്.

തറവാട്ടു കാരണവരായിരുന്ന കുഞ്ഞിക്കേളപ്പന്‍ നമ്പ്യാരുടെ മകന്‍ കെ.ടി. സുധാകരന്റെ കൈവശമുള്ള സ്വത്തു രേഖകള്‍ക്കൊപ്പമായിരുന്നു കണക്കോല ഇതുവരെ യുണ്ടായിരുന്നത്.

4. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ പത്തുമുതലാക്കി ടൈംടേബിള്‍ പുനഃക്രമീകരിച്ചു. ദിവസവും തീയതിയും മാറ്റമില്ല.

പുതിയ സ്കീമിന് പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് രാവിലെ പത്തുമുതല്‍ 12.15 വരെയും പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് 10 മുതല്‍ 12.45 വരെയുമായിരിക്കും പരീക്ഷാ സമയം. 10 മുതല്‍ 10.15 വരെ കൂള്‍ ഓഫ് ടൈം ആയിരിക്കും.

പഴയ സ്കീമിന് രാവിലെ 10 മുതല്‍ ഒന്നുവരെയായിരിക്കും പരീക്ഷാ സമയം. പഴയ സ്കീമിന് കൂള്‍ ഓഫ് ടൈം അനുവദിച്ചിട്ടില്ല.

ടൈംടേബിള്‍:

ഈമാസം 12 – പാര്‍ട്ട് ഒന്ന് ഇംഗ്ളീഷ്, 13- പാര്‍ട്ട് രണ്ട് സെക്കന്‍ഡ് ലാംഗ്വേജ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 17- ഫിസിക്സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലിമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, 18 – കെമിസ്ട്രി, ജ്യോഗ്രഫി, സോഷ്യോളജി, സംസ്കൃത സാഹിത്യം, ഇംഗ്ളീഷ് സാഹിത്യം, അക്കൌണ്ടന്‍സി, മ്യൂസിക്, ആന്ത്രോപോളജി, 19 – ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, 24 – മാത്തമാറ്റിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത സാഹിത്യം, 25 – ജിയോളജി, ഹോംസയന്‍സ്, സൈക്കോളജി, 26 – കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍, ഫിലോസഫി, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സോഷ്യല്‍ വര്‍ക്ക്, 27 – ബയോളജി, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, ജേര്‍ണലിസം, ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നോളജി ക്രമത്തിലായിരിക്കും പരീക്ഷ.

5. മന്ത്രി എം. വിജയകുമാറിനെതിരെ ക്വോ വാറന്റോ ഹര്‍ജി
കൊച്ചി: സംസ്ഥാന നിയമ മന്ത്രി എം. വിജയകുമാറിനെതിരെ ഹൈക്കോടതിയില്‍ ക്വോ വാറന്റോ ഹര്‍ജി. ഹൈക്കോടതിയുടെ തിരുവനന്തപുരം ബഞ്ച് സ്ഥാപിക്കുന്ന കാര്യത്തില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചിട്ടുള്ള മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് കളര്‍കോട് സ്വദേശി വേണുഗോപാലന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത എം. വിജയകുമാര്‍, മന്ത്രി സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്നു കോടതിയുടെ പ്രാരംഭ പരിഗണനയ്ക്കു വന്നേക്കും.

എസ്.എസ്.എല്‍.സി പരീക്ഷ ശനിയാഴ്ച നടത്തുന്നതിനെതിരേ ഹര്‍ജി

കൊച്ചി: എസ്.എസ്.എല്‍.സി പരീക്ഷ ശനിയാഴ്ച നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മറ്റും നോട്ടീസയച്ചു. തൃശൂരിലെ സെവന്‍ത് ഡേ അഡ്വന്‍ടിസ്റ്റ് സ്കൂള്‍ കോര്‍പറേറ്റ് മാനേജര്‍ സ്റ്റാന്‍ലി സാമുവല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എസ്. സിരിജഗന്‍ ഫയലില്‍ സ്വീകരിച്ചത്. ശനിയാഴ്ച തങ്ങള്‍ക്ക് വിശുദ്ധ ദിനമാണെന്നും ശനിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ പാടില്ലെന്ന് 1961-ല്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്െടന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

വാളയാര്‍ ചന്ദനക്കടത്തുകേസ്: സി.ബി.ഐയുടെ ഇരട്ടത്താപ്പിനെ കോടതി വിമര്‍ശിച്ചു

കൊച്ചി: വാളയാര്‍ ചന്ദനകടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതില്‍ സി.ബി.ഐയുടെ ഇരട്ടത്താപ്പിനെ ഹൈക്കോടതി വിമര്‍ശിച്ചു. കേസന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐക്ക് വ്യക്തമായ നിലപാട് ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു. രണ്ടു വര്‍ഷത്തിലേറെ വൈകിയതിനാല്‍ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് നേരത്തെ നിലപാട് സ്വീകരിച്ച സി.ബി.ഐ ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്കു വന്നപ്പോള്‍ കോടതി നിര്‍ദേശിച്ചാല്‍ കേസ് ഏറ്റെടുക്കാമെന്ന് അറിയിച്ചപ്പോഴാണ് ഹൈക്കോടതി ഈ രീതിയില്‍ പ്രതികരിച്ചത്. സി.ബി.ഐ നിലപാട് അടുത്ത വെള്ളിയാഴ്ച രേഖാമൂലം അറിയിക്കാനും ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

ചന്ദനകടത്ത് കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി ആര്‍. ഗോകുല്‍ പ്രസാദ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

6. ബാധ്യത ഏറ്റെടുക്കല്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഒരേക്കറില്‍ കവിയാതെ സ്വന്തമായോ മറ്റുവിധത്തിലോ കൃഷിഭൂമിയുള്ള കര്‍ഷകര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള 25000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍നിര്‍ദേശം പുറപ്പെടുവിച്ചു.

ഇതുപ്രകാരം വായ്പയ്ക്കായി നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയു ടെ അളവാണ് ഭൂപരിധി കണക്കാക്കു മ്പോള്‍ പരിഗണിക്കേണ്ടത്. 2006 ജൂണ്‍ 30നോ അതിനു മുമ്പോ അനുവദിക്കപ്പെട്ട 25000 രൂപ വരെയുള്ള വായ്പകള്‍ മാത്രമാണ് പരിധിയില്‍ വരിക. 2006 ജൂണ്‍ 30നോ അതിനു മുമ്പോ അനുവദിക്കപ്പെട്ട 25000 രൂപ വരെയുള്ള കടങ്ങളുടെ ആകെ ബാധ്യത 25000 രൂപയായി നിജപ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കും.

7. ഒന്‍പതാം ക്ളാസിലെ ചോദ്യക്കടലാസ് ചോര്‍ന്നു
തിരുവനന്തപുരം: ഒന്‍പതാം ക്ളാസിലെ മലയാളം ചോദ്യക്കടലാസ് കാസര്‍ഗോഡ് ജില്ലയില്‍ ചോര്‍ന്നു. മലയാളം ഫസ്റ്റ് പേപ്പറിനു പകരം സെക്കന്‍ഡ് പേപ്പറിന്റെ ചോദ്യക്കലടലാസാണു നല്‍കിയത്.

സംഭവത്തിെല്‍ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. എത്ര സ്കൂളില്‍ ചോദ്യക്കടലാസ് ചോര്‍ന്നെന്നു കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷ മാറ്റിവയ്ക്കണമെന്നു ഗവണ്‍മെന്റ് സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ പ്രസിഡന്റ് കെ. വേലായുധന്‍ സര്‍ക്കാരിനോട് ആവ ശ്യപ്പെട്ടു.ഒരേ ചോദ്യക്കടലാസാണ് സംസ്ഥാനത്താകെ ഉപയോഗിക്കുന്നത്. കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്താനും തീരുമാനിച്ചു. എന്നിട്ട് ലാഘവ ബുദ്ധിയോടെ പെരുമാറിയതിന്റെ ഫലമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.

ചോദ്യക്കടലാസ് പായ്ക്കറ്റിനു പുറത്ത് മലയാളം ഒന്നാം പേപ്പര്‍ എന്ന് എഴുതുകയും രണ്ടാം പേപ്പറിന്റെ ചോദ്യക്കടലാസ് അകത്തുവയ്ക്കുകയും ചെയ്തു. സ്കൂളുകളില്‍ വച്ചു ചോദ്യപേപ്പര്‍ ചോരാറില്ല എന്ന അവകാശവാദത്തിന്റെ മുനയൊടിക്കാന്‍ സര്‍ക്കാര്‍ സംഘടന കരുതിക്കൂട്ടി കളിച്ചതാകാമിതെന്നും ആക്ഷേപമുണ്ട്.

8. ദേവസ്വം ബോര്‍ഡിലെ തര്‍ക്കം: ജീവനക്കാരും ചേരിതിരിയുന്നു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ ഗുപ്തനെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നലെ തടഞ്ഞതോടെ ബോര്‍ഡിലെ തര്‍ക്കം വഴിത്തിരിവിലെത്തി. അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസര്‍ എം.സതീഷ്കുമാറിനെ പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തതിനെതിരേയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

പ്രതിഷേധക്കാര്‍ക്കെതിരേ സി.പി.എം യൂണിയനിലെ ജീവനക്കാര്‍ മുറിയിലെത്തിയതോടെ സംഘര്‍ഷം കൈയാങ്കളിയുടെ വക്കിലെത്തി. വാക്കേറ്റം രൂക്ഷമായതോടെ പോലീസെത്തി അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ നിയന്ത്രിച്ചു.

ശബരിമലയിലെ ഉപശാന്തി ഉള്‍പ്പെടെയുള്ള താത്കാലിക നിയമനങ്ങളിലെ അഴിമതിയുടെ തെളിവെടുപ്പു നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാത്തതിന്റെ പേരിലാണ് അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസറെ ദേവസ്വം പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തത്.

സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ദേവസ്വം ബോര്‍ഡിലെത്തിയ ഉദ്യോഗസ്ഥരെ ബോര്‍ഡ് കൂടി അംഗീകരിച്ചിട്ടില്ല. അതിനാല്‍ ശമ്പളം നല്‍കേണ്ടന്നാണ് മറ്റ് രണ്ട് അംഗങ്ങളുടെ നിലപാട്. സതീഷ്കുമാറിന്റെ സസ്പെന്‍ഷന്‍ നിലനില്‍ക്കത്തക്കതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ മുതല്‍ ഡെപ്യൂട്ടി കമ്മിഷണര്‍വരെയുള്ള ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ബോര്‍ഡില്‍ മൂന്നില്‍ രണ്ടുപേരുടെ അംഗീകാരം വേണം. എന്നാല്‍ ബോര്‍ഡ് അംഗങ്ങളായ പി.നാരായണനും സുമതിക്കുട്ടിയമ്മയും പ്രസിഡന്റിനെതിരേയാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതിനാല്‍ ദേവസ്വം നിയമ പ്രകാരം പ്രസിഡന്റിന്റെ നടപടിക്ക് നിയമ സാധുത കുറവാണ്.

അക്കൌണ്ട്സ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ബോര്‍ഡംഗം സുമതിക്കുട്ടിയമ്മ പറഞ്ഞു. ദേവസ്വം പ്രസിഡന്റ് തന്നിഷ്ടപ്രകാരം ചെയ്തത് അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ദേവസ്വം പ്രസിഡന്റ് സി.കെ.ഗുപ്തന്‍ വിസമ്മതിച്ചു. അതേസമയം പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിനൊരുങ്ങാനാണ് ജീവനക്കാരുടെ നീക്കം.

9. മുല്ലപ്പെരിയാര്‍ വാദത്തിനു അമേരിക്കയില്‍ നിന്നു ലേലത്തില്‍ പിടിച്ച ഡാം ചരിത്രവും
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡാം നിര്‍മിച്ച എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രചിച്ച പുസ്തകം അമേരിക്കയില്‍നിന്നു കേരളം ലേലത്തില്‍ പിടിച്ചു. ഡാമിന്റെ വിശദമായ വിവരങ്ങളടങ്ങിയ ‘ഹിസ്റ്ററി ഓഫ് പെരിയാര്‍ പ്രോജക്ടാ’ണ് ലേലത്തില്‍ പിടിച്ചത്.

ഡാം നിര്‍മാണത്തിന്റെ ചുമതലക്കാരനായിരുന്ന എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.ടി. മെക്കന്‍സി രചിച്ച പുസ്തകം 1898-ല്‍ അവതാരിക എഴുതി 1899-ലാണ് പ്രസിദ്ധീകരിച്ചത്. അലിബ്രോസ് എന്ന സൈറ്റിലെ ഇന്റര്‍നെറ്റ് പരസ്യത്തെത്തുടര്‍ന്ന് അമേരിക്കയിലെ ഒരു ഏജന്‍സിയില്‍നിന്നു കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയിംസ് വില്‍സനാണ് 20 ഡോളറിന് ലേലത്തില്‍ പിടിച്ചത്. പുസ്തകം ഇന്നലെ തിരുവനന്തപുരത്ത് ലഭിച്ചു. ഡാമിന്റെ നിരമാണത്തെക്കുറിച്ചുള്ള വിവരങ്ങളും നിര്‍മാണ ഘട്ടത്തിലെ നിരധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്. സുപ്രീംകോടതിയില്‍ കേരളത്തിന്റെ വാദം സ്ഥാപിക്കാന്‍ സഹായകമായ തെളിവുകള്‍ ഈ പുസ്തകത്തില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

1963-ല്‍ പുനപ്രസിദ്ധീകരിച്ച പുസ്തകം അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ച കോപ്പിയുമായി ഒത്തുനോക്കിയ ശേഷമാണു വാങ്ങിച്ചത്. പുസ്തകത്തിന്റെ ഒരു പതിപ്പ് തമിഴ്നാട് സര്‍ക്കാരിന്റെ കൈവശമുണ്ട്. ഈ പുസ്തകത്തില്‍ കേരളത്തിന് അനുകൂലമായ പരാമര്‍ശങ്ങളുണ്െടങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നു മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ശാസ്ത്രരേഖകള്‍ക്കൊപ്പം ചരിത്രരേഖകള്‍ കൂടി ഹാജരാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ഈ നീക്കം.

10. റെയില്‍ പാളത്തില്‍ വിള്ളല്‍: വന്‍ ദുരന്തമൊഴിവായി
അരൂര്‍: തീരദേശ റെയില്‍വേ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി ലവല്‍ക്രോസിനു സമീപം പാളത്തില്‍ വിള്ളല്‍. നാട്ടുകാര്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചതിനാല്‍ ദുരന്തമൊഴിവായി.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം ആലപ്പുഴ, എറണാകുളം സ്റ്റേഷനുകളില്‍ വിവരമറിയിക്കുകയായിരുന്നു. തീരദേശപാതയിലൂടെയുള്ള എക്സ്പ്രസ് വണ്ടികള്‍ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ അരൂര്‍, തുറവൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വേഗം കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നും എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ തുടങ്ങി. ഈ ജോലികള്‍ ഇന്നും തുടരും. ലൈനിലൂടെ ഇരുപതു കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ കടത്തിവിടാനാണ് നിര്‍ദേശം.

വേനല്‍ കടുക്കുമ്പോള്‍ പാളങ്ങള്‍തമ്മില്‍ കൂട്ടിമുട്ടി വളയാതിരിക്കുന്നതിന് നിര്‍മിച്ചിട്ടുള്ള എക്സ്പാന്‍ഷന്‍ ജോയിന്റിലാണ് വിള്ളല്‍ രൂപംകൊണ്ടത്.

1. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ അരിവില വീണ്ടും കൂടും
കോഴിക്കോട്: ആന്ധ്രയിലെ നെല്ലൂര്‍ മേഖലയില്‍നിന്ന് സംസ്ഥാനത്തേക്ക് അരി ലഭ്യത ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കും. നെല്ലൂര്‍ മേഖലയില്‍ ലെവി കര്‍ശനമാക്കിയതിനെതുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍ റെയില്‍വേ ഗുഡ്സ് ഷെഡില്‍ 13 ദിവസമായി അരി വാഗണ്‍ എത്തിയിട്ടില്ല.

ലെവി ക്വാട്ട തികച്ച് ഈമാസം 10ന് ശേഷം ആന്ധ്രയില്‍നിന്ന് ലോഡിംഗ് ഉണ്ടാവൂ എന്ന സ്ഥിതി വന്നാല്‍ സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ അരിവില ഇനിയും കുതിച്ചുയരും. ലെവി കര്‍ശനമാക്കിയതിനെതുടര്‍ന്ന് 3:1 എന്ന അനുപാതത്തിലേ ആന്ധ്രയിലെ മില്ലുടമകള്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്ക് അരി അയക്കാനാവൂ. എന്നാല്‍, ഇതില്‍ ഇളവുവരുത്താന്‍ ആന്ധ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കും.

കേരളത്തിലെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ അരി വിട്ടുകൊടുക്കാന്‍ മില്ലുടമകള്‍ക്ക് അനുവാദം നല്‍കാന്‍ കേരള സര്‍ക്കാര്‍ ആന്ധ്രയോട് അഭ്യര്‍ഥിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ എന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് ഭരണത്തിലുള്ള ആന്ധ്രയിലും കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള കര്‍ണാടകയിലും മൂന്ന് രൂപക്ക് അരി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

ഇതിന് എഫ്.സി.ഐ ഗോഡൌണുകളില്‍ വന്‍തോതില്‍ അരി ശേഖരിക്കേണ്ടതുണ്ട്. അതിനാണ് ഈവര്‍ഷം ലെവി കര്‍ശനമാക്കിയതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

10 രൂപയില്‍ താഴെ വിലക്കാണ് എഫ്.സി.ഐ ലെവിക്കുള്ള അരി സംഭരിക്കുന്നത്. ലെവി അരി നല്‍കുന്ന വകയില്‍ മില്ലുടമകള്‍ക്കുണ്ടാകുന്ന നഷ്ടം അവര്‍ നികത്തുന്നത് കേരളത്തിലേക്ക് അയക്കുന്ന അരിയുടെ വില ഉയര്‍ത്തിയാണ്.

ആന്ധ്രയില്‍ ലെവി കര്‍ശനമാക്കുമ്പോള്‍ കേരളത്തില്‍ അരിവില കൂടുക സ്വാഭാവികമാണ്. ആഴ്ചയില്‍ കുറഞ്ഞത് 4 റേക്ക് (160 വാഗണ്‍) അരി എങ്കിലും സംസ്ഥാനത്തെത്തിയില്ലെങ്കില്‍ പ്രതിസന്ധി ഉണ്ടാവും. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇനി വാഗണ്‍ എത്താന്‍ രണ്ടാഴ്ച സമയം എടുക്കുമെന്ന സാഹചര്യമുള്ളത്.

അഞ്ച് വര്‍ഷത്തിനു ശേഷമാണ് എഫ്.സി.ഐ ലെവി കര്‍ശനമാക്കുന്നത്. എഫ്.സി.ഐ ഗോഡൌണുകളില്‍ ആവശ്യത്തിന് അരി ഇല്ലാത്തതിനെതുടര്‍ന്നാണിത്.

കൊല്ലം, കൊച്ചി റെയില്‍ഗുഡ്സ് ഷെഡില്‍ അരി എത്തുന്നതിനാല്‍ അവിടെനിന്ന് ബോധന, 1001 ഇനം അരി കൊണ്ടുവരാന്‍ മലബാറിലെ വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്.

ആന്ധ്രയില്‍നിന്നുള്ള കുറുവ അരിയുടെ വരവ് നിലച്ചതോടെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ഗുണംകുറഞ്ഞ കുറുവ അരിക്കും വില കൂടി. തമിഴ്നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും ലോറിമാര്‍ഗം അരി കേരളത്തില്‍ എത്തുന്നുണ്ട്. ഗുജറാത്ത് അടക്കം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും അരി എത്തിക്കാന്‍ വ്യാപാരികള്‍ ശ്രമം നടത്തുന്നുണ്ട്.

കുറുവ ഇനം അരിക്ക് കിലോക്ക് 17.50 മുതല്‍ 19.50 വരെയായി ചില്ലറ വില ഉയര്‍ന്നിട്ടുണ്ട്. അരി വില ഉയരുന്നത് മൊത്തവ്യാപാരികള്‍ക്ക് വന്‍ ലാഭം നേടിക്കൊടുക്കുന്ന സാഹചര്യമുണ്ടെന്ന സൂചനയുമുണ്ട്.

രണ്ടാഴ്ച മുമ്പ് വിലകുറഞ്ഞ സമയത്ത് വാങ്ങി സ്റ്റോക്കുചെയ്ത അരിയാണ് ഇപ്പോള്‍ വന്‍ വിലക്ക് മൊത്തവ്യാപാരികള്‍ വിറ്റഴിക്കുന്നതത്രെ. അരി വാഗണ്‍ എത്താന്‍ വൈകുന്ന സാഹചര്യത്തില്‍ വില വീണ്ടും ഉയരുന്നത് സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുമെങ്കിലും അരി സ്റ്റോക്ക് ചെയ്ത മൊത്തവ്യാപാരികള്‍ക്ക് വന്‍ ലാഭം ഉണ്ടാവും.

അരിവില ഉയര്‍ന്നതിനെതുടര്‍ന്ന് സഹകരണ വകുപ്പ് സബ്സിഡി നിരക്കില്‍ സംസ്ഥാനത്ത് 10,267 അരിക്കടകള്‍ തുടങ്ങിയിരുന്നു. വിലകുറഞ്ഞതിനെതുടര്‍ന്ന് ഒരുമാസം മുമ്പ് അരിക്കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. പുഴുങ്ങലരിക്ക് 14 രൂപയും പച്ചരിക്ക് 13.50ഉം ആയിരുന്നു ഇവിടെ വില. സഹകരണ വകുപ്പിനൊപ്പം സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനും അരിക്കടകള്‍ ആരംഭിച്ചിരുന്നു.

ഇത് ഇപ്പോഴും തുടരുന്നുണ്ട്. അരിവില വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ അരിക്കടകള്‍ വ്യാപകമാക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സിവില്‍ സപ്ലൈസിന് അരി നല്‍കുന്നത് സംസ്ഥാനത്തെ മൊത്തവ്യാപാരികളാണ്.

സിവില്‍ സപ്ലൈസിന് ഉയര്‍ന്ന വില ടെണ്ടര്‍ ചെയ്തായിരിക്കും മൊത്തവ്യാപാരികള്‍ അരി നല്‍കുക. ഇത് സംസ്ഥാന സര്‍ക്കാറിന് വന്‍ സാമ്പത്തികബാധ്യത ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ ആന്ധ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ലെവിയില്‍ ഇളവുവരുത്തിച്ച് കേരളത്തിലെ മൊത്തവ്യാപാരികള്‍ക്ക് അരി വിട്ടുകൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചാല്‍ മാത്രമേ അരിവില പിടിച്ചുനിര്‍ത്താനുള്ള സാഹചര്യമുണ്ടാവൂ എന്നാണ് വ്യാപാരരംഗത്തെ പ്രമുഖര്‍ നല്‍കുന്ന സൂചന.

2. എച്ച്.എം.ടി ഇടപാടിലടക്കം രജിസ്ട്രേഷനില്‍ ദുരൂഹത
തിരുവനന്തപുരം: എച്ച്.എം.ടി ഭൂമി വില്‍പനയുടെ രജിസ്ട്രേഷനില്‍ പ്രകടമായ തിടുക്കവും താല്‍പര്യവും മറച്ചുവെച്ച് ഭൂമി ഇടപാടിന്റെ നിയമസാധുതയില്‍ മാത്രം വിവാദമൊതുക്കാന്‍ ഉദ്യോഗസ്ഥതലത്തിലും ദുരൂഹ ശ്രമം. ഇക്കാര്യത്തിലെന്നതുപോലെ ചില ഉന്നത ഭൂമി ഇടപാടുകളില്‍ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥതലത്തിലുണ്ടായ തിടുക്കവും താല്‍പര്യവും മറച്ചുവെക്കപ്പെടുകയാണ്.

മധ്യകേരളത്തില്‍ നടന്ന നിരവധി ഭൂമിഇടപാടുകളില്‍ യഥാര്‍ഥ ഭൂമിവില കുറച്ചുവെച്ച് രജിസ്ട്രേഷന്‍ നടത്തിയതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥന്റെ താല്‍പര്യമുണ്ടെന്നാണ് കീഴ് ജീവനക്കാരുടെ ആരോപണം.

ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പുവില്ലേജില്‍ പത്തരഏക്കറോളം സ്ഥലം 2007 ഫെബ്രുവരി എട്ടിന് രജിസ്റ്റര്‍ ചെയ്തുകൊടുത്തത് മൊത്തം 4,10,000 രൂപക്കായിരുന്നു.

സര്‍വേ നമ്പര്‍ 503/2007 ല്‍പ്പെടുന്ന 5.17 ഏക്കര്‍ മൊത്തം ഒന്നര ലക്ഷം രൂപയും സര്‍വേ നമ്പര്‍ 504/2007ല്‍പ്പെടുന്ന 5.17 ഏക്കര്‍സ്ഥലം മൊത്തം 2.6 ലക്ഷം രൂപയും വിലകണക്കാക്കിയാണ് രജിസ്റ്റര്‍ ചെയ്തത്.

ഈ വില്ലേജില്‍ കുറഞ്ഞ വില സെന്റിന് 15000 രൂപ എന്ന നിരക്കിലാണ് തഹസില്‍ദാരും വില്ലേജ് ഓഫീസും കണക്കാക്കിയിട്ടുള്ളത് എന്നിരിക്കെ മൊത്തം 10.34 ഏക്കര്‍ വരുന്ന ഈ സ്ഥലത്തിന് 15,5,1000 രൂപ വില കണക്കാക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത സബ് രജിസ്ട്രാറെ പിന്നീട് സസ്പെന്റ് ചെയ്യുകയായിരുന്നു.

എച്ച്.എം.ടിക്ക് സര്‍ക്കാര്‍ നല്‍കിയ 781 ഏക്കര്‍ ഭൂമിയില്‍ കൈവശമുണ്ടായിരുന്നത് 642 ഏക്കര്‍മാത്രമാണ്.

ഇതില്‍ അധിക ഭൂമി വില്‍ക്കാനായി കണ്ടെടുത്ത 100 ഏക്കറില്‍ 70 ഏക്കറാണ് ബ്ലൂസ്റ്റാര്‍ റിയല്‍ റ്റേഴ്സ് എന്ന കമ്പനിക്ക് രജിസ്റ്റര്‍ ചെയ്തുകൊടുത്തത്. രേഖകള്‍ പ്രകാരം മൊത്തം 91 കോടി രൂപക്കാണ് വിറ്റത്. സെന്റിന് 1.30ലക്ഷം രുപ നിരക്കില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിക്ക് മതിപ്പ് വില ഏഴ് ലക്ഷം രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.

സ്ഥല വിലയില്‍ സംശയം തോന്നിയ കണയന്നൂര്‍ തഹസില്‍ദാര്‍ ഈ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനെ 2006 നവംബര്‍ മൂന്നിന് വിലക്കിയിരുന്നു. എന്നാല്‍ 2006 നവംബര്‍ 17ന് ധിറുതിപിടിച്ച് ഈ വിലക്ക് പിന്‍വലിച്ചതിന് പിന്നില്‍ വകുപ്പിലെ ഉന്നതന്റെ പങ്കുണ്ടെന്നാണ് പരാതി. തുടര്‍ന്ന് രജിസ്ട്രേഷന്‍ നടപടികള്‍ അതിശീഘ്രമായാണ് പൂര്‍ത്തിയായത്.

ഇതിനിടയില്‍ സബ് രജിസ്ട്രാറും തഹസില്‍ദാറും തമ്മിലുള്ള കൂടിക്കാഴ്ചയും ദുരൂഹത സൃഷ്ടിക്കുന്നു. അന്ന് ഓഫീസില്‍ ഡ്യൂട്ടിയില്‍ സബ് രജിസ്ട്രാര്‍ അവധിയായിരുന്നു. ചാര്‍ജുള്ള ഡെപ്യൂട്ടി സബ് രജിസ്ട്രാര്‍ രജിസ്ട്രേഷന്‍ നടത്തിക്കൊടുക്കാന്‍ മടിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്നസബ്രജിസ്ട്രാറെ എത്രയും പെട്ടെന്ന് സ്ഥലത്തെത്തിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

എന്നാല്‍ വീണ്ടും ദുരൂഹത പരത്തിക്കൊണ്ട് കൃത്യം ഒരുമാസത്തിന് ശേഷം പാലക്കാട് ജില്ലാ രജിസ്ട്രാര്‍ ഇവിടെയെത്തി ഓഡിറ്റിംഗ് നടത്തുകയും ഒന്നരലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയുമാണുണ്ടായത്. ഈ പരിശോധനയില്‍ എച്ച്.എം.ടി ഇടപാട് പരാമര്‍ശിക്കപ്പെട്ടതേയില്ലെന്നത് വിചിത്രമായി. 2006 ഡിസംബര്‍ 18 മുതല്‍ 23 വരെയായിരുന്നു ഓഡിറ്റിംഗ്.

എച്ച്.എം.ടി ഇടപാട് ഇതില്‍ ഓഡിറ്റിംഗിന് വിധേയമാക്കിയില്ലെങ്കിലും 1.50ലക്ഷം രൂപയുടെ കൃതിമം ഈ ഓഫീസില്‍ നടന്നതായി ഓഡിറ്റിംഗ് ഓഫീസര്‍ കണ്ടെത്തി. തുടര്‍ന്ന് സബ് രജിസ്ട്രാറെ ചിട്ടി ഇന്‍സ്പെക്ടറായി തൃശൂരില്‍ നിയമിച്ചു.

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം എറണാകുളത്ത് ഇടപ്പള്ളി രജിസ്ട്രേഷന്‍ വകുപ്പില്‍ തിരിച്ചെത്തി. അതിന് പിന്നിലും ജീവനക്കാര്‍ ദുരൂഹത കാണുന്നു. ഒന്നര ലക്ഷം രൂപയുടെ രജിസ്ട്രേഷന്‍ കൃത്രിമം കണ്ടുപിടിച്ച ഓഡിറ്റിംഗില്‍ എച്ച്.എം.ടി ഇടപാട് ശ്രദ്ധിക്കപ്പെടാതിരുന്നതില്‍ ഏറെ ദുരൂഹതയുണ്ട്. ഭൂമിയുടെ യാഥാര്‍ഥ വിലയില്‍ നിന്നും കുറവായി കണ്ടെത്തിയ നിലക്ക് ഈ ഇടപാടില്‍ കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി നഷ്ടമാണ് ഉണ്ടായതെന്ന ആരോപണം ആന്നേ ഉദ്യോഗസ്ഥരുടെ ഇടയിലുണ്ടായിരുന്നു.

എന്നാല്‍ സര്‍ക്കാറിന്റെ ഇടപാടാണെന്നും വ്യവസായാവശ്യത്തിനായുള്ള ഇടപാടില്‍ സര്‍ക്കാറാണ് വില നിശ്ചയിക്കുന്നതെന്നുമുള്ള ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന രജിസ്ട്രേഷന്‍ ഇടനിലക്കാരുടെ ശൃംഖല പ്രവര്‍ത്തിക്കുന്നത് ഉന്നതന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമാണെന്നതാണ് ജീവനക്കാരുടെ ആരോപണം.

3. തെരഞ്ഞെടുപ്പ് പ്രതിസന്ധി: ഇലക്ഷന്‍ കമീഷന്‍ ഇന്ന് കര്‍ണാടകയില്‍
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരിക്കെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അംഗങ്ങള്‍ ഇന്ന് സംസ്ഥാനത്തെത്തും. മണ്ഡലപുനര്‍നിര്‍ണയവും, വോട്ടര്‍പട്ടിക പുതുക്കലും മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എന്‍. ഗോപാലസ്വാമി, അംഗങ്ങളായ നവീന്‍ ചൌള, ഡോ. എസ്.വൈ ഖുറൈശി എന്നിവര്‍ പരിശോധിക്കും.
ആറുമാസത്തെ രാഷ്ട്രപതി ഭരണം മെയ് 28 ന് അവസാനിക്കുന്നതിനാല്‍, അതിനുമുമ്പ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ച് വോട്ടെടുപ്പ് നടത്താനാകുമോ എന്നാണ് കമീഷന്‍ പരിശോധിക്കുന്നത്. ബി.ജെ.പിയും, മതേതരദളും മെയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ കോണ്‍ഗ്രസിന് വിയോജിപ്പാണ്. കാരണം കൂടാതെ ആറുമാസത്തില്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് വൈകിക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കമീഷനെ പ്രതിസന്ധിയിലാക്കുന്നു.
തെരഞ്ഞെടുപ്പ് മെയില്‍ നടത്തുന്നതിനെ ക്കുറിച്ച് കമീഷന്‍ ആലോചിക്കുന്നതിനിടെ വോട്ടര്‍പട്ടിക പുതുക്കല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ജോലികളെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ജോലികളിലെ അപാകതകള്‍ ഒഴിവാക്കിയിട്ട് തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നാലുകോടിയില്‍ പരം വോട്ടര്‍മാരുണ്ടായിരുന്ന സംസ്ഥാനത്ത്, 56 ലക്ഷംപേരെ ഒഴിവാക്കിയാണ് പുതുക്കിയ കരട് വോട്ടര്‍പട്ടിക തയാറാക്കിയത്. വ്യാജവോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയെന്നും ഖാര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയിക്കാതെയുള്ള അന്തിമ വോട്ടര്‍പട്ടിക ഈ മാസം പത്തിന് പുറത്തിറക്കും.
മണ്ഡല പുനര്‍നിര്‍ണയ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസം ആവശ്യപ്പെട്ട കമീഷന്‍ ഇപ്പോള്‍ ഒരുമാസംകൊണ്ട് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. വീടുവീടാന്തരം കയറിയിറങ്ങി വോട്ടര്‍പട്ടിക തയാറാക്കിയിട്ടും അപാകത ഒഴിവാക്കാനായില്ല. തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പൂര്‍ത്തിയായിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്തെ ചില ബൂത്തുകളിലെ വോട്ടര്‍മാരുടെ എണ്ണം അയ്യായിരത്തിലേറെയായാണ് കമീഷന്‍ നിര്‍ണയിച്ചിരിക്കുന്നത്. എന്നാല്‍ 1,200 വോട്ടര്‍മാരാണ് പരമാവധി ഒരുബൂത്തില്‍ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ആര്‍. രാമശേഷന്‍, ചീഫ് സെക്രട്ടറി സുധാകര്‍ റാവു എന്നിവരുമായി കമീഷന്‍ അംഗങ്ങള്‍ നാളെ കൂടിക്കാഴ്ച നടത്തും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ കമീഷന്‍ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഈ മാസം ഒടുവില്‍ അഞ്ചുദിവസത്തെ സംസ്ഥാന പര്യടനത്തിനെത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ അറിയിച്ചു.

4. തെരഞ്ഞെടുപ്പ് നേരത്തെയാവില്ല: ഇടതുപക്ഷം
ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ ഉടന്‍ തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ സാധ്യതയില്ലെന്ന് ഇടതുപക്ഷം. ‘ബജറ്റ് ഭരണപക്ഷത്തിന് എന്തെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കില്ല. അതിനാല്‍ തന്നെ ഒരു വര്‍ഷം നേരത്തെ തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് യു.പി.എ ഘടക കക്ഷികള്‍ യോജിക്കാനുള്ള സാധ്യത വിരളമാണ്’.^വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജൂലൈ മാസത്തോടെ ഇടതുപക്ഷത്തെ എതിര്‍ത്ത് അമേരിക്കയുമായി ആണവകരാറില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന വാദവും ഇടതു നേതാക്കള്‍ തള്ളി.

‘റെയില്‍, പൊതു ബജറ്റുകള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസിന് ശുഭപ്രതീക്ഷയുമുണ്ട്. പക്ഷേ, യു.പി.എയിലെ മറ്റ് ഘടകകക്ഷികള്‍ നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ അനുകൂലിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.’ ^ സി.പി.എം നേതാവ് മുഹമ്മദ് സലിം പറഞ്ഞു. ബജറ്റിലെ കാര്‍ഷിക കടാശ്വാസം കോണ്‍ഗ്രസിന് പറയത്തക്ക പ്രയോജനം ഉണ്ടാക്കില്ലെന്ന് സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഢിയും അഭിപ്രായപ്പെട്ടു.

5. നന്ദിഗ്രാമില്‍ വീണ്ടും ഏറ്റുമുട്ടല്‍
നന്ദിഗ്രാം: പശ്ചിമബംഗാളിലെ ഭൂമി ഉച്ചഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സമിതി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ കെയ്ഖാലി പ്രദേശത്താണ് സംഭവം.

നാലുപേരും ആശുപത്രിയിലാണ്. വെടിയുണ്ടയേറ്റ ദേബശീഷ് മണ്ഡലിന്റെ നില ഗുരുതരമാണ്. പ്രകോപനമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ശിശില്‍ അധികാരി പറഞ്ഞു. സംഭവത്തെക്കുറിച്ച് സി.പി.എം അജ്ഞത നടിച്ചു.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പോലിസ് സന്നാഹം ശക്തമാക്കി.

5. വിദേശ തൊഴിലാളികളുടെ പണിമുടക്കുകള്‍ നിയമവിരുദ്ധം; സമരം അവസാന മാര്‍ഗമായിരിക്കണം: തൊഴില്‍ മന്ത്രി
മനാമ: സമരത്തിനിറങ്ങുകയെന്നത് അവസാനത്തെ മാര്‍ഗമായിരിക്കണമെന്ന് തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലവി വ്യക്തമാക്കി. അടുത്തിടെ വിദേശ തൊഴിലാളികള്‍ നടത്തിയ പണിമുടക്കുകള്‍ നിയമവിരുദ്ധമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളി യൂനിയനുകളുടെ പരിധിയില്‍ വരുന്ന നിയമപരമായ രീതിക്ക് വിരുദ്ധമായാണ് സമീപകാലത്തെ അഞ്ച് സമരങ്ങളുണ്ടായത്. ഇത്തരം സമരങ്ങള്‍ പൊതുതാല്‍പര്യങ്ങളെ ഹനിക്കുകയും കമ്പനികള്‍ക്ക് വന്‍ നഷ്ടത്തിന് ഇടവരുത്തുകയും ചെയ്യുമെന്നു മാത്രമല്ല രാജ്യത്തിന്റെ വികസന പ്രക്രിയയെ ഒരു രീതിയിലും സഹായിക്കുകയുമില്ല. വിദേശ തൊഴിലാളികള്‍ ശമ്പളക്കാര്യത്തിലടക്കം രേഖാമൂലമുള്ള തൊഴില്‍ കരാറുകള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. അനുയോജ്യവും മാന്യവുമായ തൊഴില്‍ സാഹചര്യങ്ങളും താമസ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

സമരം സാമൂഹികവും സാമ്പത്തികവുമായ താല്‍പര്യ സംരക്ഷണത്തിനുള്ള സമാധാനപരമായ മാര്‍ഗമാണെന്നും ട്രേഡ് യൂനിയന്‍ നിയമമനുസരിച്ച് അംഗീകൃതവും രാജ്യം ഒപ്പുവെച്ചിട്ടുള്ള അന്താരാഷ്ട്ര കരാറുകളുമനുസരിച്ചുള്ളതുമാണ്. എന്നാല്‍ മറ്റെല്ലാ വഴികളിലൂടെയും ശ്രമിച്ച് വിജയിക്കാത്ത സാഹചര്യത്തില്‍ മാത്രമായിരിക്കണം ആ വഴി തെരഞ്ഞെടുക്കേണ്ടത്.

തര്‍ക്കമുള്ള ഇരുപക്ഷങ്ങളും തമ്മിലെ സംഭാഷണം, കൂട്ടായ ചര്‍ച്ചകള്‍, മന്ത്രാലയത്തിന്റെ മധ്യസ്ഥത തുടങ്ങിയവ പരാജയപ്പെട്ടാല്‍ മാത്രം ആശ്രയിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നീതിന്യായകാര്യ^ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ തൊഴില്‍തര്‍ക്കപരിഹാര പാനലില്‍ അവസാന തീര്‍പ്പിനായി സമീപിക്കാം.

ന്യായമായ തൊഴിലവകാശത്തിനായി ശ്രമിക്കുന്ന വിദേശ തൊഴിലാളികളെ നാടുകടത്തുന്നത് ബഹ്റൈന്‍ നയമല്ല. എന്നാല്‍ തൊഴിലുടമകള്‍ക്ക് നിയമപരമായി കരാര്‍ അവസാനിപ്പിക്കുകയും നിശ്ചിത സമയത്തിനകം ജോലി പൂര്‍ത്തിയാക്കുന്നതിനായി പകരം വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് മന്ത്രാലയത്തെ സമീപിക്കുകയും ചെയ്യാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

6. പ്രതീക്ഷ ബജറ്റിലെ നികുതി ഇളവുകളില്‍
ഓഹരി അവലോകനം: പി.സി. സെബാസ്റ്റ്യന്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തിയതോടെ ഓഹരി വിപണി മറ്റ് പിടിവള്ളികള്‍ തേടുന്നു. വരും ദിവസങ്ങളില്‍ സ്ഥിരത ആര്‍ജിക്കാനുള്ള ശ്രമമാവും വിപണിയില്‍ ഉണ്ടാകുക. ഒപ്പം ബജറ്റ് ഏറെ ഗുണകരമാകാന്‍ ഇടയുള്ള മേഖലകളിലെ കമ്പനികളുടെ ഓഹരികളും വരും ദിവസങ്ങളില്‍ മുന്നേറിയേക്കും. ബജറ്റ് കൂടി കടന്ന് പോയതോടെ ഇനിയുള്ള നാളുകളില്‍ വിദേശ വിപണികളിലെ ചലനങ്ങളാവും ഓഹരി വിപണിയെ നിയന്ത്രിക്കുക. പക്ഷെ, അടുത്തമാസം ആദ്യം പുറത്തുവരുന്ന കോര്‍പറേറ്റ് ഫലങ്ങള്‍ ഓഹരി വിപണിയുടെ ഭാവിയില്‍ നിര്‍ണായകമാകും.

ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന് ചുമത്തുന്ന നികുതി 10 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കിയതാണ് ബജറ്റില്‍ ഓഹരി വിപണിയെ ബാധിക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തി വരുന്നേയുള്ളൂ. എങ്കിലും ഈ തീരുമാനം മൂലം ഓഹരി വിപണിക്ക് കാര്യമായ നിക്ഷേപ നഷ്ടം ഉണ്ടാകാനിടയില്ല. കൂടാതെ ഓഹരി വിപണിയെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള മാര്‍ഗമായി കാണാന്‍ പ്രേരണയാവുകയും ചെയ്യും. നിക്ഷേപ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ നികുതിയേയില്ല.

ബജറ്റില്‍ ചെറുകാറുകളുടെ നികുതിയില്‍ വന്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ഓട്ടോ മൊബൈല്‍ കമ്പനികളുടെ ഓഹരികളെ വരും ദിവസങ്ങളില്‍ സജീവമാക്കും. ബജറ്റ് പ്രഖ്യാപന ദിവസം തന്നെ ഇതിന്റെ സൂചന ലഭിക്കുകയും ചെയ്തു. ബജറ്റ് നേരിട്ട് ബാധിക്കുന്ന ഒരു വിഭാഗം ബാങ്കുകളുടെ ഓഹരികളാണ്. ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന 60,000 കോടിയുടെ കാര്‍ഷിക കടാശ്വാസം ബാങ്കുകള്‍ക്ക് ഉണ്ടാക്കുന്ന നഷ്ടം എങ്ങനെ നികത്തുമെന്നതിനെപ്പറ്റി ഇപ്പോള്‍ കൃത്യമായ ധാരണയില്ല. കടാശ്വാസം നടപ്പാക്കിയശേഷമേ ഇത് പ്രഖ്യാപിക്കൂ. അതുവരെ ബാങ്ക് ഓഹരികള്‍ക്ക് അത്ര നല്ല കാലമായിരിക്കില്ലെന്നാണ് സൂചന. സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്.

കൂടാതെ കമ്പനികളുടെ മൂന്നാം ത്രൈമാസ ഫലങ്ങളും അത്ര നല്ല സൂചനയല്ല നല്‍കുന്നത്. ഇതിനെല്ലാം പുറമെ ഇപ്പോള്‍ നാണയപ്പെരുപ്പ നിരക്കിലെ വര്‍ധനയും വിപണിക്ക് ഭീഷണിയാവുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 103 ഡോളര്‍ വരെയായി ഉയരുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം പ്രത്യാഘാതം വരും ദിവസങ്ങളില്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

അതേസമയം, ബജറ്റിന് തൊട്ടുമുമ്പ് വിപണിയിലുണ്ടായ മുന്നേറ്റത്തെത്തുടര്‍ന്ന് പോയവാരം ഓഹരി വില സൂചികകള്‍ നേട്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. മുംബൈ ഓഹരി വില സൂചിക 229.65 പോയന്റ് നേട്ടത്തോടെ 17578.72 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 112.75 പോയന്റ് ഉയര്‍ന്ന് 5223.50 ലും ഇടപാടുകള്‍ അവസാനിപ്പിച്ചു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w