പത്രവാര്‍ത്തകള്‍ 02-23-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. അമേരിക്കന്‍’ആണവ’ ഭീഷണി
വാഷിങ്ടണ്‍: അമേരിക്കയെ അവഗണിച്ച് മറ്റു രാജ്യങ്ങളുമായി ആണവകരാറുണ്ടാക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നു ബുഷ് ഭരണകൂടത്തിന്റെ ഭീഷണി. 45 രാഷ്ട്ര ആണവവിതരണസംഘത്തില്‍ തങ്ങള്‍ക്കുള്ള ആധിപത്യം ആയുധമാക്കിയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വാഷിങ്ടണ്‍ പ്രസ് സെന്ററിലെ വാര്‍ത്താസമ്മേളനത്തില്‍ യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി നിക്കോളാസ് ബേണ്‍സാണ് ഇതു പറഞ്ഞത്.

ആണവവിതരണസംഘത്തിലെ (എന്‍എസ്ജി) പ്രധാനകക്ഷി അമേരിക്കയാണ്. ഇന്ത്യയുമായി ഏതു അംഗരാജ്യം ആണവ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിനും എന്‍സിജിയുടെ അംഗീകാരം വേണം. അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലേ എന്‍എസ്ജിയുടെ അനുമതി കിട്ടൂ. ഇതാണ് അമേരിക്കയുടെ തുറുപ്പുചീട്ട്. എന്‍എസ്ജിയില്‍ തീരുമാനങ്ങള്‍ സമവായത്തിന്റെ അടിസ്ഥാനത്തിലാണ്. അ തിനാല്‍ അമേരിക്ക എതിര്‍ത്താല്‍ ഒരു രാജ്യത്തിനും ഇന്ത്യയുമായി ആണവസഹകരണത്തിനു കഴിയില്ല. അമേരിക്കയെ അവഗണിച്ച് മറ്റു രാജ്യങ്ങളുമായി കരാറിന് ശ്രമിച്ചാല്‍ അത് നടപ്പാവില്ലെന്ന് ബേണ്‍സ് പറഞ്ഞു.

സമയപരിധി കണക്കിലെടുത്ത് അമേരിക്കയുമായുള്ള ആണവകരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ ധീരമായ തീരുമാനം എടുക്കണമെന്ന് ബേണ്‍സ് ആവശ്യപ്പെട്ടു. കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഇന്ത്യക്ക് ആത്മാര്‍ഥതയുണ്ടെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യന്‍ ഭരണസഖ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്നങ്ങളാണ് തടസ്സം. അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, സമയം വളരെ കുറവാണ്.

ഇക്കാര്യത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ ഈ വര്‍ഷം അന്തിമവോട്ട് ഉണ്ടാകണമെങ്കില്‍ മൊത്തം കരാര്‍ മെയ് മാസത്തിലോ ജൂണിലോ കോണ്‍ഗ്രസ് മുമ്പാകെ എത്തണം. അതിനര്‍ഥം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ഇന്ത്യ ഒന്നുരണ്ട് ആഴ്ചയ്ക്കകം കരാറിലെത്തണം. എന്‍എസ്ജി ഈ മാസം നടപടി ആരംഭിക്കണം- ബേണ്‍സ് പറഞ്ഞു.

ഇന്ത്യ-യുഎസ് ആണവകരാര്‍ ഇരുരാജ്യത്തിന്റെയും താല്‍പ്പര്യത്തിന് അനുസരിച്ചുള്ളതാണെന്ന് അവകാശപ്പെട്ട ബേണ്‍സ് ഇതിന് റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്നും പറഞ്ഞു. ഇന്ത്യയെ ആണവ ഒറ്റപ്പെടലില്‍നിന്നു പുറത്തുകൊണ്ടുവരുന്നതില്‍ അമേരിക്ക വലിയ പങ്ക് വഹിച്ചതായും ബേണ്‍സ് അവകാശപ്പെട്ടു.

കരാര്‍ നടപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി (ഐഎഇഎ) നടത്തിവരുന്ന ചര്‍ച്ച അവസാനത്തോടടുക്കുയാണെന്ന് ഏജന്‍സി വക്താവ് അറിയിച്ചു. ഇന്ത്യയ്ക്ക് പ്രത്യേകമായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കരാറുണ്ടാക്കാനുള്ള അഞ്ചാംവട്ട ചര്‍ച്ചയില്‍ ഗണ്യമായ പുരോഗതിയുണ്ട്. വിയന്നയില്‍ നടന്ന ചര്‍ച്ച വ്യാഴാഴ്ചയാണ് സമാപിച്ചത്. ഇത് തുടരുമെന്നും ഐഎഇഎ വക്താവ് പറഞ്ഞു. കരാര്‍ നടപടിയുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുകയാണ്.

ഇതിനിടെ, യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായുണ്ടാക്കിയതിലും മോശമായ കരാറിന് മുന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായിരുന്നെന്ന് അക്കാലത്ത് അമേരിക്കന്‍ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സ്ട്രോബ് താല്‍ബോട്ട് പറഞ്ഞു. ബിജെപി ഇപ്പോള്‍ കരാറിനെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു അഭിമുഖത്തില്‍ താല്‍ബോട്ട് ബിജെപിയുടെ കാപട്യം തുറന്നുകാട്ടിയത്.

2.     കര്‍ഷക കടാശ്വാസപദ്ധതി അവ്യക്തം:     തോമസ് ഐസക്
തിരു: കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക കടാശ്വാസപദ്ധതി അവ്യക്തമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കുടിശ്ശികയായി കിടക്കുന്ന വായ്പകള്‍ മാത്രമേ എഴുതിത്തള്ളൂ എന്നാണ് ഇപ്പോള്‍ വ്യക്തമായ കാര്യം. അറുപതിനായിരംകോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍ ബാങ്കുകള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ബജറ്റില്‍ ഒന്നും നീക്കിവച്ചിട്ടില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

സ്റോക്ക് എക്സ്ചേഞ്ചില്‍ ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ ഇടിവ് നല്‍കുന്ന സൂചന ഈ കടാശ്വാസത്തിന്റെ ഭാരം ധനകാര്യസ്ഥാപനങ്ങള്‍തന്നെ വഹിക്കേണ്ടിവരുമെന്നാണ്. വാണിജ്യ ബാങ്കുകള്‍ക്ക് ഒരു പക്ഷേ ഇതിനുള്ള ത്രാണി ഉണ്ടാകാം. എന്നാല്‍, സഹകരണസംഘങ്ങള്‍ക്ക് ഇത് താങ്ങാനാകാത്ത ഭാരമായിരിക്കും. സഹകരണസംഘങ്ങളുടെ കടാശ്വാസത്തിന്റെ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നല്‍കണം. അല്ലാത്തപക്ഷം ഇത് സംഘങ്ങളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിത്തീരും. 2008 ജൂണിനകം കടാശ്വാസം നല്‍കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് അടിയന്തരമായി വ്യക്തത വരുത്തണമെന്ന് ഐസക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ശമ്പളപരിഷ്കരണത്തിനായി കേന്ദ്രബജറ്റ് പണമൊന്നും നീക്കിവച്ചിട്ടില്ല. കടാശ്വാസത്തിന്റെ കാര്യത്തിലെന്നപോലെ ശമ്പള പരിഷ്കരണത്തിന്റെ ഭാരവും തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്ന സര്‍ക്കാരിന്റെ ചുമലിലേക്ക് കേന്ദ്ര ധനമന്ത്രി മാറ്റിവച്ചിരിക്കുകയാണ്.

വിലക്കയറ്റം ഏറ്റവും രൂക്ഷമായകാലത്ത് ഭക്ഷ്യ സബ്സിഡിയില്‍ നാമമാത്രമായ വര്‍ധനയേ വരുത്തിയിട്ടുള്ളൂ. 31,564 കോടി രൂപ 2007-08ല്‍ വകയിരുത്തിയ സ്ഥാനത്ത് ഇപ്പോള്‍ 32,667 കോടിമാത്രം. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് തോമസ് ഐസക് പറഞ്ഞു.

3. 2 വന്‍വികസനപദ്ധതികള്‍ക്ക് തുടക്കം തലസ്ഥാനത്ത് ഹാങ്ങര്‍ യൂണിറ്റ്
തിരു: കേരളത്തിന് അഭിമാനമായി തലസ്ഥാനത്ത് സ്ഥാപിക്കുന്ന എയര്‍ ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ (എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിങ് മെയിന്റനന്‍സ് ബേസ്) നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. എയര്‍പോര്‍ട്ടിനു സമീപത്ത് ചാക്കയിലെ പതിനഞ്ചേക്കര്‍ സ്ഥലത്താണ് മെയിന്റനന്‍സ് യൂണിറ്റ് ഉയരുന്നത്. എയര്‍ ഇന്ത്യയുടെ രണ്ടാമത് മെയിന്റനന്‍സ് യൂണിറ്റാണ് ഇത്. ഒരു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

കേന്ദ്രം സ്ഥാപിക്കുന്നതിന് 70 കോടിയിലേറെ രൂപയാണ് ആദ്യഘട്ടമായി വകയിരുത്തിയത്. നിലവില്‍ എയര്‍ ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണിക്ക് മുംബൈയില്‍മാത്രമാണ് സൌകര്യം. ഇതുമൂലം പലപ്പോഴും മറ്റു രാജ്യങ്ങളിലാണ് അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നത്.

തിരുവനന്തപുരത്ത് ഒരേസമയം രണ്ട് വിമാനങ്ങളുടെ അറ്റകുറ്റപ്പണി നിര്‍വഹിക്കാന്‍ സൌകര്യമുണ്ടാകും. ബോയിങ് 737, 800 വിമാനങ്ങളുടെ അറ്റകുറ്റപ്പണിയാണ് ഇവിടെ നടത്തുക. എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ചുള്ളതാണ്. എയര്‍ ഇന്ത്യക്കുപുറമെ മറ്റു കമ്പനികളുടെ വിമാനങ്ങളും അറ്റകുറ്റപ്പണി നടത്തുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ വി തുളസീദാസ് ചടങ്ങില്‍ പറഞ്ഞു. പ്രതിരോധവകുപ്പിനുകീഴിലുള്ള ബ്രഹ്മോസിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്താന്‍ എന്‍ജിനിയറിങ് വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെയും എയര്‍ ഇന്ത്യയുടെയും വികസനത്തിലെ നാഴികക്കല്ലാണ് ഈ കേന്ദ്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാസ്റര്‍പ്ളാനിന്റെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളിലായുള്ള നിര്‍മാണം നടന്നുവരികയാണ്. ആവശ്യത്തിന് സ്ഥലം ലഭ്യമാക്കാനുള്ള നടപടി ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് കേരളത്തില്‍ വികസനം നേരിടുന്ന വെല്ലുവിളിയെന്ന് അധ്യക്ഷനായിരുന്ന നിയമമന്ത്രി എം വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 500 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ വര്‍ഷം ഒന്നാംഘട്ടം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

എയര്‍ ഇന്ത്യ ചെയര്‍മാന്‍ വി തുളസീദാസ്, മേയര്‍ സി ജയന്‍ ബാബു, എംപിമാരായ വര്‍ക്കല രാധാകൃഷ്ണന്‍, തെന്നല ബാലകൃഷ്ണപിള്ള, എംഎല്‍എമാരായ വി ശിവന്‍കുട്ടി, വി സുരേന്ദ്രന്‍പിള്ള, ജി കാര്‍ത്തികേയന്‍, കോര്‍പറേഷന്‍ കൌണ്‍സിലര്‍ എസ് രതീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എയര്‍ ഇന്ത്യ എന്‍ജിനിയറിങ് വിഭാഗം ഡയറക്ടര്‍ കെ എം ഉണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എയര്‍ ഇന്ത്യ ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എ വര്‍ഗീസ് സ്വാഗതവും സ്റേഷന്‍ മാനേജര്‍ എച്ച് എ മുനാഫ് നന്ദിയും പറഞ്ഞു.

കൊച്ചിയില്‍ അന്താരാഷ്ട്ര മറീന
കൊച്ചി: കൊച്ചി അന്താരാഷ്ട്ര മറീന പദ്ധതിക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശിലയിട്ടു. ബോള്‍ഗാട്ടി പാലസ് ഗ്രൌണ്ടില്‍ ചേര്‍ന്ന ചടങ്ങില്‍ ആഭ്യന്തര-ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

ഉല്ലാസ നൌകകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അറ്റകുറ്റപ്പണി ചെയ്യുന്നതിനുമായി എല്ലാവിധ സൌകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിക്കുന്ന കേന്ദ്രമാണ് മറീന.എട്ടേകാല്‍ കോടി രൂപയുടേതാണ് പദ്ധതി. നാലുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കും.

പദ്ധതിയിലെ ഡോക്കുകളുടെയും പാതകളുടെയും നിര്‍മാണച്ചുമതല ഷാര്‍ജയിലെ ഗള്‍ഫ് മറിയാസ് എന്ന കമ്പനിക്ക് നല്‍കാന്‍ കെടിഡിസി ഭരണസമിതി ശനിയാഴ്ച തീരുമാനിച്ചു. മറീന ഹൌസിന്റെ നിര്‍മാണച്ചുമതല പാന്‍ പെസഫിക് കണ്‍സ്ട്രക്ഷന്‍ കമ്പിനിക്കാണ്. ആഗോള ടെന്‍ഡര്‍ വിളിച്ചാണ് കമ്പനികളെ തെരഞ്ഞെടുത്തത്.

ഐടി, ടൂറിസം മേഖലയില്‍ ഊന്നല്‍ നല്‍കി കൂടുതല്‍ വരുമാനം നേടാനും പതിനായിരങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മറീന പദ്ധതിയുടെ ശിലയിടല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം-കോട്ടപ്പുറം ജലപാതയുടെ തടസങ്ങള്‍ നീക്കംചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതോടെ കോവളംമുതല്‍ നീലേശ്വരംവരെ ഉള്‍നാടന്‍ ജലപാതയിലൂടെ സഞ്ചരിക്കാന്‍ അവസരമാകും. ഇത് വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസംരംഗത്ത് കഴിഞ്ഞ വര്‍ഷം സംസ്ഥാനം 9300 കോടി രൂപയുടെ വരുമാനം നേടിയതായി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ രാജ്യം കഴിഞ്ഞ വര്‍ഷം 13 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ സംസ്ഥാനത്ത് ഇത് 20 ശതമാനമാണ്. മറീനയും വോള്‍വോ റെയ്സും ഉള്‍പ്പെടെയുള്ള പരിപാടിയിലൂടെ കേരളത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കാനാണ് ശ്രമമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കെ വി തോമസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ക്യാപ്റ്റന്‍ സുബാഷ്കുമാര്‍, കെടിഡിസി ഭരണസമിതി അംഗങ്ങളായ സണ്ണി മണ്ണത്തുക്കാരന്‍, ഡോ. എ എ അമീന്‍, സംസ്ഥാന ടൂറിസം സെക്രട്ടറി ഡോ. വി വേണു, അഡീഷണല്‍ ഡയറക്ടര്‍ കെ എന്‍ സതീഷ്, ത്രിതലപഞ്ചായത്ത് പ്രതിനിധികളായ എന്‍ പി സുലോചന, പ്രേമ അനില്‍കുമാര്‍, എന്‍ ആര്‍ ഗിരീശന്‍, മോളി ബാബു, ജൂലിന ജോസഫ് എന്നിവര്‍ സംസാരിച്ചു. കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് സ്വാഗതവും മാനേജിങ് ഡയറക്ടര്‍ കെ ജി മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.

4. കാര്‍ഷികകടം കേരളത്തില്‍ സഹകരണമേഖലയില്‍ എഴുതിത്തള്ളേണ്ടത് 1750 കോടി
തിരു: കേന്ദ്രസര്‍ക്കാര്‍ എഴുതിതള്ളുമെന്ന് പ്രഖ്യാപിച്ച കാര്‍ഷികകടത്തില്‍ കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ പരിധിയില്‍വരുന്നത് 1750 കോടി രൂപ. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ഈയിനത്തിലുള്ള തുക രണ്ടായിരം കോടിയിലധികം വരുമെന്നാണ് പ്രാഥമിക ധാരണ. കാര്‍ഷികവായ്പകള്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണനാമേഖലയില്‍ സംസ്ഥാനത്ത് മൊത്തം വായ്പ ഇരുപതിനായിരം കോടിയോളമാണ്. ഇതില്‍ സ്വര്‍ണാഭരണപ്പണയം വഴിയുള്ള വായ്പയും വന്‍കിട തോട്ടങ്ങള്‍ക്കുള്ള വായ്പയും മറ്റുമുള്‍പ്പെടും. എത്ര തുക കേന്ദ്രത്തില്‍നിന്ന് കിട്ടുമെന്നും ഏതൊക്കെ വായ്പകള്‍ എഴുതിത്തള്ളുമെന്നും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. സഹകരണസ്ഥാപനങ്ങള്‍ എഴുതിത്തള്ളേണ്ട വായ്പ സംബന്ധിച്ച കണക്ക് തയ്യാറാക്കിവരികയാണെന്നും കേന്ദ്രപ്രഖ്യാപനത്തിന്റെ വിശദാംശം ലഭിച്ചിട്ടില്ലെന്നും സഹകരണവകുപ്പ് അധികൃതര്‍ പറഞ്ഞു.

രണ്ട് ഹെക്ടറെന്ന് ഭൂമിയുടെ പരിധി മാത്രമാണ് കടം എഴുതിത്തള്ളുന്നതിന് മാനദണ്ഡമായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. വായ്പയ്ക്ക് പരിധിയില്ല. 2007 ഡിസംബര്‍ 31വരെയുള്ള കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുന്ന ഇനത്തില്‍ ബാങ്കുകളുടെ ബാധ്യത മൂന്നുവര്‍ഷം കൊണ്ട് നല്‍കുമെന്നും പറയുന്നു.

വയനാട് ജില്ലയിലെ 25,000 രൂപ വരെയുള്ള കാര്‍ഷികകടം മുഴുവനും എഴുതിത്തള്ളാന്‍ സംസ്ഥാനസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചതാണ്. മറ്റുള്ളവര്‍ക്ക് പലിശയിളവ് അനുവദിച്ചു. ഇതിനുമാത്രം 350 കോടി രൂപയുടെ ബാധ്യതയാണ് വരുന്നത്. ആത്മഹത്യചെയ്ത കര്‍ഷകരുടെ ബാങ്ക് വായ്പാബാധ്യത മുഴുവനായും സര്‍ക്കാര്‍ വഹിച്ചു. അവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപ വീതം ധനസഹായം നല്‍കി. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ കടം എഴുതിത്തള്ളാനുള്ള നടപടികളിലാണ്. നാല് ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ ലഭ്യമാക്കാനും സംസ്ഥാനം നടപടിയെടുത്തു. അയ്യായിരം കോടി രൂപയാണ് കേരളം കാര്‍ഷികവായ്പയായി നല്‍കാന്‍ പോകുന്നത്. കാര്‍ഷികമേഖലയെ സംരക്ഷിക്കാനും കൃഷി അഭിവൃദ്ധിപ്പെടുത്താനും വ്യക്തമായ ധാരണയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെങ്കില്‍ കേന്ദ്രധനമന്ത്രി പ്രഖ്യാപനത്തിനപ്പുറം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

കടങ്ങളെല്ലാം എഴുതിത്തള്ളുമെന്ന കേന്ദ്രപ്രഖ്യാപനം ബാങ്കുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. തിരിച്ചടവ് ക്രമമായി കുറഞ്ഞുവരുന്ന പ്രവണതയാണ് ബാങ്കുകള്‍ നേരിടുന്നതെന്ന് ബാങ്കേഴ്സ് സമിതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ കാര്‍ഷികവായ്പകളും എഴുതിത്തള്ളുമെന്ന പ്രഖ്യാപനം കടം തിരിച്ചടയ്ക്കേണ്ടതല്ലെന്ന തോന്നല്‍ സൃഷ്ടിച്ചതായി ബാങ്ക് അധികൃതര്‍ പറയുന്നു. കാര്‍ഷികവായ്പയ്ക്കുള്ള അപേക്ഷ വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യതയും ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

5. സേതുസമുദ്രം പദ്ധതിക്കായി കേന്ദ്ര സത്യവാങ്മൂലം
ന്യൂഡല്‍ഹി: സേതുസമുദ്രംപദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. 2007 ആഗസ്ത് 31ന് പുറപ്പെടുവിച്ച സ്റേ ഉത്തരവ് നീക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

പദ്ധതി സംബന്ധിച്ച പുതുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചു. പദ്ധതിഭാഗത്തുള്ള ആദംസ് ബ്രിഡ്ജ് മനുഷ്യനിര്‍മിതമല്ലെന്നും പ്രകൃത്യാ രൂപംകൊണ്ടതാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നേരത്തെ സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലം വിവാദമായ പശ്ചാത്തലത്തില്‍ പിന്‍വലിച്ചശേഷം പ്രശ്നം പഠിക്കാന്‍ 2007 ഒക്ടോബര്‍ അഞ്ചിന് വിദഗ്ധസമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി നവമ്പര്‍ അഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. അതനുസരിച്ചാണ് ആദംസ് ബ്രിഡ്ജ് മനുഷ്യനിര്‍മിതമല്ലെന്ന മുന്‍നിലപാടില്‍ത്തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നത്.

കോടതി അനുവദിച്ചാല്‍ ഈ വര്‍ഷം നവമ്പറില്‍ത്തന്നെ സേതുസമുദ്രംപദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

6. അമിതാഭ് ബച്ചന്റെ ഓഫീസിനു നേരെ കുപ്പിയെറിഞ്ഞു
മുംബൈ: അമിതാഭ് ബച്ചന്റെ ജുഹുവിലെ വീടിനടുത്തുള്ള ഓഫീസിനു നേരെ അജ്ഞാതര്‍ കുപ്പിയെറിഞ്ഞു. കാറില്‍ വന്ന നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബച്ചന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ രാജ് താക്കറെയുടെ നവ നിര്‍മാണ്‍ സേനാ (എംഎന്‍എസ്) പ്രവര്‍ത്തകരാണെന്നും അവരെ ഉടന്‍ അറസ്റ് ചെയ്യണമെന്നും സമാജ്വാദി പാര്‍ടി നേതാവ് അമര്‍ സിങ് പറഞ്ഞു.

എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ ഉത്തരേന്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഫെബ്രുവരി ആദ്യവും ബച്ചന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു.

7. ജലസേചനപദ്ധതികള്‍ സ്വകാര്യമേഖലയ്ക്കും
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍കിട, ഇടത്തരം ജലസേചനപദ്ധതികള്‍ നടപ്പാക്കാന്‍ ജലസേചന ജലവിഭവ വികസന ധനകാര്യ കോര്‍പറേഷന്‍ രൂപീകരിക്കുന്നു. ജലസേചന, ജലവിഭവ പദ്ധതികള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ഇത്. കോര്‍പറേഷന്‍ രൂപീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ നീക്കിവയ്ക്കും.

വന്‍കിട ജലസേചനപദ്ധതികള്‍ക്കായി ഇതുവരെ മുതല്‍മുടക്കിയിരുന്നത് കേന്ദ്രസര്‍ക്കാരാണ്. ഇനി സംയുക്തമേഖലയില്‍ അണക്കെട്ടുകള്‍ വരുന്നതോടെ ക്രമേണ അവയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് ലഭിക്കാനിടയാകും. കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ജലസേചനസൌകര്യങ്ങള്‍ നല്‍കുന്ന സംവിധാനം ഇല്ലാതാകും. വെള്ളം വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാനും ഇത് സ്വകാര്യമേഖലയെ സഹായിക്കും.

ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാമില്‍പ്പെടുത്തി 24 മേജര്‍ ജലസേചനപദ്ധതിയും 753 ഇടത്തരം ജലസേചന പദ്ധതിയും പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിന് 20,000 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന മേഖലകളുടെ വികസനത്തിന് 348 കോടി നല്‍കി. സൂക്ഷ്മ ജലസേചനപദ്ധതിക്ക് 500 കോടി രൂപകൂടി നല്‍കും. നാലു ലക്ഷം ഹെക്ടറില്‍ക്കൂടി ജലസേചനസൌകര്യം ഏര്‍പ്പെടുത്താന്‍ ഇതുമൂലം കഴിയും.

1. എസ്.എസ്.എല്‍.സി: ഹാള്‍ ടിക്കറ്റില്‍ പരീക്ഷാ സമയം രാവിലെ
തൃപ്പൂണിത്തുറ: എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം പന്ത്രണ്ടിന് തുടങ്ങാനിരിക്കേ വിദ്യാര്‍ഥികള്‍ക്കു ലഭിച്ച ഹാള്‍ ടിക്കറ്റി ല്‍ പരീക്ഷാ സമയം രാവി ലെ. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളുകളിലെത്തുകയും തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയു ചെയ്ത ഹാള്‍ ടിക്കറ്റിലാണ് സമയം രാവിലെ 9.45 മുതലാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട്, തേര്‍ഡ് ലാംഗ്വേജ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ പരീക്ഷകള്‍ രാവിലെ 9.45 ന് തുടങ്ങി പതിനൊന്നരയ്ക്കും ഐ.ടി പരീക്ഷ പതിനൊന്നിനും സെക്കന്‍ഡ് ലാംഗ്വേജ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ് പന്ത്രണ്ടരയ്ക്കും അവസാനിക്കുന്ന രീതിയിലാണു സമയം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള കൂള്‍ ടൈം രാവിലെ 9.45 മുതല്‍ പത്തു വരെയാണെന്നും ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ 28- നു നടന്ന ഡി. ഇ.ഒ കോണ്‍ഫറന്‍സിന്റെ അറിയിപ്പ് അനുസരിച്ചു ചില പരീക്ഷകള്‍ക്കു മാറ്റം വരുത്തിയിട്ടുണ്െടന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മാര്‍ച്ച്- 14 ലെ പരീക്ഷ തന്നെ മാറ്റിവെച്ചു. പകരം ശനിയാഴ്ച പ്രവൃത്തിദിനമാക്കി. അന്നു 17-നു നടക്കേണ്ട ഇംഗ്ളീഷ് പരീക്ഷ നടത്തും. 14 നു നടക്കേണ്ട തേര്‍ഡ് ലാംഗ്വേജ് പരീക്ഷ 18 നും പതി നെട്ടിലെ രീക്ഷ 17 നും നടക്കും.

ടൈം ടേ ബിളില്‍ വരുത്തിയിരിക്കുന്ന ഈ മാറ്റം ഹാള്‍ ടിക്കറ്റിലില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലാകുമെന്ന് ഉറപ്പാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ സംശയം മാറാനായി പുതിയ ടൈംടേബിള്‍ അധ്യാപകര്‍ സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

അതേസമയം, എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്നു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഹാള്‍ടിക്കറ്റിലെ ടൈംടേബിള്‍ നേരത്തെ അച്ചടിച്ചതാണ്. അതനുസരിച്ചല്ല പരീക്ഷ. പുതുക്കിയ ടൈംടേബിള്‍ ഇന്നലെ അച്ചടി പൂര്‍ത്തിയായെന്നും ഉടന്‍ വിദ്യാലയങ്ങളില്‍ എത്തിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.

അഞ്ചു ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവി തീരുമാനിക്കുന്ന പരീക്ഷയുടെ സമയം മാറ്റവും അത് ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്താത്തതും അധ്യാ പകരെയും വിദ്യാര്‍ഥികളെയും രോഷാകുലരാക്കിയിട്ടുണ്ട്.

2. അറുപതിനായിരം കോടി പാക്കേജില്‍ കേരളത്തിന് 6000 കോടി
കൊച്ചി: അറുപതിനായിരം കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പി.ചിദംബരത്തിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 6000 കോടിയുടെ ആശ്വാസം. ഏകദേശം എഴുമുതല്‍ പത്തുലക്ഷം വരെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. സഹകരണ ബാങ്കുകളില്‍ നിന്ന് 4000 കോടിയുടെയും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് 2000 കോടിയുടെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളേണ്ടി വരും എന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍, ചിദംബരം ഏറ്റവുമധികം സഹായിച്ചിരിക്കുന്നത് കേരളസര്‍ക്കാരിനെയാണ് എന്നതാണ് വാസ്തവം. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിന് 4000 കോടി രൂപ ലാഭിക്കുന്ന തരത്തിലുള്ള പ്രയോജനമാണ് ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപി ച്ച കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ തന്നെ അപ്രസക്തമാവുന്ന തരത്തിലുള്ള സൌജന്യങ്ങളാണ് ചിദംബരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സംസ്ഥാന ബജറ്റില്‍ 100 കോടി രൂപയായിരുന്നു കാര്‍ഷിക കടാശ്വാസ കമ്മീഷനു വേണ്ടി നീക്കിവെച്ചിരുന്നത്. ഇതില്‍ 70 കോടിയും ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാട് ജില്ലയ് ക്കുവേണ്ടിയായിരുന്നു.

യഥാര്‍ഥത്തില്‍ വയനാട്ടില്‍ സഹകരണ സംഘങ്ങളില്‍നിന്നു മാത്രമെടുത്ത കാര്‍ഷിക വായ്പ 181.52 കോടി രൂപയാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നെടുത്ത വായ്പ ഇതിനു പുറമേയും. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നെടുത്ത കാര്‍ഷിക വായ്പ മാത്രം എഴുതിത്തള്ളാമെന്നായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കുകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. സഹകരണ സംഘങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളിയാല്‍പ്പോലും സംസ്ഥാന സര്‍ക്കര്‍ 4000 കോടി രൂപ കണ്െടത്തേണ്ടി വരുമായിരുന്നു. ഇതാണ് ചിദംബരത്തിന്റെ ബജറ്റിലൂടെ സര്‍ക്കാരിനു നേട്ടമാകുന്നത്. പാട്ടത്തിനു സ്ഥലമെടുത്തും സ്വന്തം സ്ഥലത്തും കൃഷി ചെയ്യുന്ന, രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷക്കാണ് കടം എഴുതിത്തള്ളുന്നതിന്റെ സഹായം ലഭിക്കുന്നത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നു മൊത്തം കാര്‍ഷിക കടമായി നല്‍കിയിരിക്കുന്നത് 4853 കോടി രൂപയാണ്. ഇതില്‍ രണ്ടു ഹെക്ടറില്‍ കൂടുതല്‍ ഭൂമിയുള്ള എസ്റ്റേറ്റ് ഉടമകളെ ഒഴിവാക്കിയാല്‍പ്പോലും നാലായിരം കോടി രൂപ എഴുതിത്തള്ളേണ്ടി വരുമെന്നാണ് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കടകം പള്ളി സുരേന്ദ്രന്‍ പറയുന്നത്.

ബജറ്റ് നിര്‍ദേശത്തില്‍ ഭൂപരിധിയല്ലാതെ വായ്പാ പരിധി പറയുന്നില്ല. എങ്കിലും പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാത്രമേ കാര്‍ഷികകടങ്ങളുടെ പരിധിയില്‍പ്പെടുന്നുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം കാര്‍ഷിക വായ്പകള്‍ സാധാരണ നല്കുന്നത് ഭൂപരിധിയുടെ അടിസ്ഥാനത്തിലും കാര്‍ഷിക വിളയുടെ അടിസ്ഥാനത്തിലുമാണ്. ‘

സ്കെയില്‍ ഓഫ് ലിമിറ്റ്’ അനുസരിച്ച് വലിയ തുകകള്‍ വായ് പയായി അനുവദിക്കാറില്ല. കിസാന്‍ ക്രഡിറ്റ് പദ്ധതിപ്രകാരം അനുവദിച്ച കാര്‍ഷിക വായ്പകളും എഴുതിത്തള്ളല്‍ പരിധിയില്‍ വരും.

എഴുതിത്തള്ളേണ്ടിവരുന്ന പ ണം ബാങ്കുകള്‍ക്കു നല്‍കുമോ എന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വിഭര്‍ഭയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചപ്പോള്‍ കടങ്ങള്‍ എഴുതിത്തള്ളുകയല്ല പലിശ കുറച്ചു നല്‍കുകയായിരുന്നു എന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍, വി.പി. സിംഗ് ഭരണകാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയ പണം തിരികെ ലഭിച്ചു. അ തിനാല്‍ ബാങ്കുകള്‍ക്ക് ആശങ്കയ്ക്കു കാരണമില്ലെന്ന് എറണാകുളം ജില്ലാ ബാങ്ക് പ്രസിഡന്റ് എം.എം മോനായി എം.എല്‍.എ പറഞ്ഞു.

യഥാര്‍ഥ കര്‍ഷകരെ എങ്ങനെ കണ്െടത്തും അതിനുള്ള മാനദണ്ഡമെന്താണ് എന്നതിനെക്കുറിച്ചറിയാന്‍ റിസര്‍വ് ബാങ്കിന്റെ ഗൈഡ്ലൈന്‍ വരണം. റിസര്‍വ് ബാങ്കിന്റെ ഗൈഡ്ലൈനു പിന്നാലെ നവാര്‍ഡിന്റെ നിര്‍ദേശങ്ങളും എത്തും. 2008 ജൂണിനു മുമ്പ് വായ്പകളെല്ലാം എഴുതിത്തള്ളും എന്നു ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ വരുന്ന ആഴ്ചകളില്‍ തന്നെ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മാത്രവുമല്ല 2009 മേയില്‍ ലോക്സഭ തെരെഞ്ഞെടുപ്പ് നടക്കും. അതിനാല്‍ കാലതാമസമെടുക്കാ തെ പദ്ധതി നടപ്പാകാനാണ് സാ ധ്യത.

സഹകരണ സംഘങ്ങളില്‍ നിന്നു എടുത്തിരിക്കുന്ന കാര്‍ഷിക വായ്പകള്‍

(ജില്ല തിരിച്ച്, തുക കോടിയില്‍)

തിരുവനന്തപുരം – 439 .11, കൊല്ലം – 460.58, ആലപ്പുഴ – 191.67, പത്തനം തിട്ട – 67.55, കോട്ടയം – 478.02, ഇടുക്കി – 235.21, എറണാകുളം – 402.68, തൃശൂര്‍ – 624.89, പാലക്കാട് – 242.27, മലപ്പുറം – 161.86, കോഴിക്കോ – 755, വയനാട് – 181.52, കണ്ണൂര്‍ – 323.97, കാസര്‍ഗോഡ് – 289.60

3. മഞ്ഞളരുവി: വിപുലമായ ശാസ്ത്രീയ വിശകലനം വേണമെന്നു പഠനറിപ്പോര്‍ട്ട്
കാഞ്ഞിരപ്പള്ളി: എരുമേലി മഞ്ഞളരുവി ആലയ്ക്കല്‍ സോജന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ കന്യകാമറിയത്തിന്റെ ചിത്രം, രൂപം എന്നിവയില്‍ നിന്ന് രക്തം, തേന്‍, എണ്ണ തുടങ്ങിയവ ഒഴുകിയ പ്രതിഭാസം വിപുലമായ ശാസ്ത്രീയ വിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ദൈവികമായ ഇടപെടലായി ഇതിനെ കാണാന്‍ വേണ്ടത്ര തെളിവുകളില്ല. ഈ ഭവനത്തില്‍ വന്ന് പ്രാര്‍ഥിച്ചതുകൊണ്ട് രോഗസൌഖ്യം പ്രാപിച്ചു എന്ന അവകാശങ്ങള്‍ വ്യക്തമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഇതു സംബന്ധിച്ച പ്രാഥമിക പഠനത്തിന് നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രൂപതയില്‍ നിന്നുള്ള ഔദ്യോഗിക പത്രക്കുറിപ്പ്. ഈ വീട്ടിലെ റോസാമിസ്റ്റിക്കാ മാതാവിന്റെ ചിത്രത്തിലും രൂപത്തിലും ഉണ്ടായതായി പറയപ്പെടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നതായി കാണുന്നില്ല.

അതിനാല്‍ ഏതെങ്കിലും മാര്‍ഗത്തിലൂടെയോ രാസപ്രക്രിയയിലൂടെയോ രൂപപ്പെട്ടതാണോ ഇവയെന്ന് വ്യക്തമല്ല. മഞ്ഞളരുവിയില്‍ നടന്നു എന്നു പറയപ്പെടുന്ന അത്ഭുതങ്ങളും ദര്‍ശനങ്ങളും ജനക്കൂട്ടത്തിന്റെ ദര്‍ശനമായിട്ടാണ് കാണാനാവുന്നത്.

കാണണമെന്നുള്ള ആഗ്രഹവും മറ്റുള്ളവര്‍ കണ്െടന്നുള്ള അവകാശവാദവും ജനങ്ങളെ പ്രത്യേക മാനസികാവസ്ഥയിലേക്ക് നയിക്കുന്നതിനാല്‍ ദര്‍ശനങ്ങളുടെ സത്യം ഗ്രഹിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

സൂര്യനിലും ആകാശത്തിലും മാതാവിനെ കാണുന്നു എന്നതും പ്രകാശഗോളങ്ങളും വര്‍ണരാജികളും ദര്‍ശിക്കുന്നു എന്നതും ശാസ്ത്രീയമായി പല രീതികളിലും വിശദീകരിക്കാവുന്നവയാണ്. ഇതിന് ആത്മീയ പരിവേഷം നല്‍കുന്നത് ഉചിതമല്ല. ആകാശത്ത് സൂര്യനെ നഗ്നനേത്രങ്ങള്‍കൊണ്ട് വീക്ഷിക്കുന്നത് കാഴ്ചക്കുറവ് ഉള്‍പ്പെടെ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. രൂപത കേന്ദ്രം മുമ്പുതന്നെ ഇക്കാര്യത്തില്‍ പൊതുജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

മഞ്ഞളരുവിയിലേത് അതിസ്വാഭാവിക കാര്യങ്ങളായി ഇപ്പോള്‍ നടത്തിയ പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സഭാപാരമ്പര്യമനുസരിച്ച് മാനസാന്തരത്തിലേക്ക് നയിക്കാത്തതും സാര്‍വത്രിക സ്വഭാവമുള്ള വ്യക്തമായ സന്ദേശങ്ങള്‍ കൊടുക്കാത്തതുമായ ദര്‍ശനങ്ങളെ യഥാര്‍ഥ ദര്‍ശനങ്ങളായി അംഗീകരിക്കാറില്ല. മഞ്ഞളരുവിയിലെ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോ സിഡികള്‍ ഇന്റര്‍നെറ്റിലുള്‍പ്പെടെ പ്രചരിപ്പിക്കുന്നതും അവ വില്‍ക്കുന്നതും രൂപതയുടെ അറിവോടെയല്ല. വ്യക്തികളും സ്ഥാപനങ്ങളും വിവിധ ഇടങ്ങളില്‍ നല്‍കുന്ന അപൂര്‍ണവും അതിശയോക്തി കലര്‍ന്നതുമായ വ്യാഖ്യാനങ്ങള്‍ക്കും സാക്ഷ്യങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും രൂപത കേന്ദ്രത്തിന് ഉത്തരവാദിത്വമില്ല. അവിടെ നേര്‍ച്ചയായി എണ്ണ വിതരണം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും രൂപ ത കേന്ദ്രം അറിയിച്ചു.

ജപമാല പോലെ സാധാരണ പ്രാര്‍ഥനകള്‍ മാത്രമേ മഞ്ഞളരുവിയില്‍ അനുവദിച്ചിട്ടുള്ളു. കുമ്പസാരം തുടങ്ങിയ കൂദാശകളോ കൂദാശാനുകരണങ്ങളോ ഇവിടെ പാടില്ല. ലൂര്‍ദ്, ഫാത്തിമ ഉള്‍പ്പെടെ മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് സ്ഥിരീകരിച്ച തീര്‍ഥാടന സ്ഥലങ്ങള്‍ സഭയുടെ അംഗീകാരത്തോടെയാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. മഞ്ഞളരുവിയിലെ പ്രതിഭാസങ്ങള്‍ സഭയുടെ നിരീക്ഷണത്തിലും പഠനത്തിലുമാണ്.

അതിനാല്‍ ഇതു സംബന്ധിച്ച് അമിത വ്യാഖ്യാനങ്ങളും പ്രചരണങ്ങളും പ്രോത്സാഹജനകമല്ല. ഇക്കാര്യങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കാനും പഠിക്കാനും രൂപതാകേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയോടുള്ള ഭക്തിക്ക് അടിസ്ഥാനം വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യങ്ങളും സഭാപഠനങ്ങളുമാണ്.

ഇക്കാര്യങ്ങളെല്ലാം ഇന്ന് രൂപതയിലെ പള്ളികളില്‍ വായിക്കുന്നതിനായി രൂപതാകേന്ദ്രത്തില്‍ നിന്നു പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലറില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

വിശ്വാസവും ഭക്തിയും വൈകാരികതലത്തില്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. മഞ്ഞളരുവിയുമായി ബന്ധപ്പെട്ട് സമീപകാലത്ത് വിവിധ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയും രൂപതകേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ളതല്ലെന്നും രൂപ താകേന്ദ്രം വ്യക്തമാക്കി.

4. ജനിതകമാറ്റം വന്ന കരിമീനെ കണ്െടത്തി
കുമരകം: ജനിതകമാറ്റം സംഭവിച്ച കരിമീ നെ കുമരത്ത് ക ണ്െടത്തി. വെളുപ്പു നിറമു ള്ള കരിമീന്റെ ആകൃതിയും വലിപ്പവും സാധാരണ കരിമീനിനു സമാനമാണ്.

ആല്‍വിനോ എന്ന അവസ്ഥയാണ് ഇങ്ങനെ വരാനുള്ള കാരണമെന്നാണ് മത്സ്യവിദഗ്ധര്‍ പറയുന്നു. ലക്ഷത്തില്‍ ഒന്നിന് മാത്രം വരുന്ന ഈ ഇനത്തെ വേമ്പനാട്ടു കായലില്‍ നിന്ന് മത്സ്യബന്ധനം നടത്തിയ ജോയിക്കാണ് ഈ കരിമീന്‍ ലഭിച്ചത്. ഏകദേശം 350 ഗ്രാം തൂക്കം വരും. ആല്‍വിനോ ഒരു രോഗമോ കായല്‍ മലിനീകരണം കൊണ്ടുണ്ടാകുന്ന രോഗ ലക്ഷണമോ അല്ലെന്ന് കവണാറ്റിന്‍കര മത്സ്യ ഗവേഷണ മേധാവി ഡോ.പത്മകുമാര്‍ പറഞ്ഞു. മനുഷ്യരില്‍ തന്നെ ഉണ്ടാകുന്ന തരത്തിലുള്ള ജനിതകമാറ്റമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

5. സര്‍ക്കാരുകളുടെ ദുര്‍ഭരണം കേസുകള്‍ വര്‍ധിപ്പിച്ചു: ചീഫ് ജസ്റ്റിസ്
കൊച്ചി: സര്‍ക്കാരുകളുടെ ദുര്‍ഭരണമാണ് കേസുകള്‍ വര്‍ധിക്കാനിടായക്കിയതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. കെ.ജി ബാലകൃഷ്ണന്‍. കോടതികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധപ്പിച്ചാല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പത്ത് ശതമാനമായി കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഹൈക്കോടതി, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി, കേരള ജുഡീഷ്യല്‍ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ ശില്പശാലയില്‍ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

‘ഭരണം മോശമായതിന്റെ ബാധ്യത സഹിക്കേണ്ടി വരുന്നത് കോടതികളാണ്. പരിമിതമായ സൌകര്യങ്ങള്‍ വിനിയോഗിച്ച് ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ജഡ്ജിമാര്‍ തയാറാകണം. ദുര്‍ഭരണത്തിന്റെ ഉത്തമ ഉദാഹരണമാണ് ‘ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള, കാലഹരണപ്പെട്ട രേഖകളും സംവിധാനങ്ങളുമാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നതില്‍ സ്വീകരിക്കുന്നത്. നീതിപൂര്‍വകമായ വില ലഭിക്കാതെ വരുന്നത് കൊണ്ടാണ് ജനങ്ങള്‍ കോടതിയിലെത്തുന്നത്. കാലഹരണപ്പെട്ട സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിക്കണം. വിദേശ നിക്ഷേപകര്‍ക്ക് പോലും ഇന്ത്യയിലെ കോടതി നടപടികളില്‍ തൃപ്തരാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ചീഫ് ജ സ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായിരുന്നു. സുപ്രീം കോടതി ജഡ്ജിമാരായ എസ്.ബി സിന്‍ഹ, ആര്‍.വി രവീന്ദ്രന്‍, കേരള ഹൈ ക്കോടതി ജഡ്ജി ജെ.ബി കോശി, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി ഡോ. മോഹന്‍ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കര്‍ണാടക ചീഫ് സിറിയക് ജോസഫ്, ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ കെ.എസ് രാധാകൃഷ്ണന്‍, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി.എസ് മളീമഠ് എന്നിവരും സന്നിഹിതരായിരുന്നു.

6. കടം എഴുതിത്തള്ളല്‍ ശാശ്വത പരിഹാരമല്ല :മാര്‍ വലിയമറ്റം
തലശേരി: നാലു കോടി വരുന്ന കര്‍ഷകരുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് വാഗ്ദാനം ആശ്വാസകരമാണെന്നും എന്നാല്‍ ഈ ആശ്വാസം താത്കാലികം മാത്രമാണെന്നും തലശേരി അതിരൂപത അധ്യക്ഷനും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം.

ഗവണ്‍മെന്റിന്റെ അവഗണന ഏറെ സഹിച്ചവരാണ് കര്‍ഷകര്‍. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കൃഷിയെ പിടികൂടിയിരിക്കുന്ന പുതിയ രോഗങ്ങളും കര്‍ഷകരുടെ പ്രതീക്ഷകള്‍ നശിപ്പിച്ച് ആത്മഹത്യയിലേക്ക് തിരിക്കുകയും ചെയ്തു.

കടം എഴുതിത്തള്ളല്‍ ഇവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നുണ്െടങ്കിലും കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് ഇത് ശാശ്വത പ രിഹാരമൊന്നുമല്ല.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള ന്യായവില, കര്‍ഷക പെന്‍ഷന്‍, കര്‍ഷക ഇന്‍ഷ്വറന്‍സ്, തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണം. രാജ്യത്തെ ഭൂരഹിതരും പാവപ്പെട്ടവരുമായ ഭൂരിപക്ഷം കര്‍ഷകരും വട്ടിപ്പലിശക്കാരുടേയും ബ്ളേഡ് മാഫിയകളുടേയും പിടിയിലാണെന്നുള്ള സത്യം മനസിലാക്കി ഇക്കൂട്ടരെ നിയന്ത്രിക്കുവാനുള്ള നിയമവും അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്തണം.

കാര്‍ഷികവായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഭീമമായ പലിശ വെട്ടിക്കുറയ്ക്കുവാനും ബജറ്റിലെ കര്‍ഷകര്‍ക്കു വേണ്ടിയുള്ള വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നുണ്െടന്ന് ഉറപ്പുവരുത്താനും ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.

7. തെരഞ്ഞെടുപ്പു ജയിക്കാന്‍ ബജറ്റ് സഹായിക്കും: ചിദംബരം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടല്ല ബജറ്റ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി പി.ചിദംബരം. എന്നാല്‍, തെരഞ്ഞെടുപ്പു ജയിക്കാന്‍ സഹായിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ഒരുക്കമാണു കേന്ദ്രബജറ്റെന്നു വ്യാപകമായി അഭ്യൂഹമുയര്‍ന്ന പശ്ചാത്തലത്തിലാണു ചിദംബരത്തിന്റെ വിശദീകരണം.

രാജ്യത്ത് എല്ലാ വര്‍ഷവും ഏതെങ്കിലും തെരഞ്ഞെടുപ്പുണ്ടാകും.അതുകൊണ്ടുതന്നെ അത്തരം ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബജറ്റ് സഹായിച്ചേക്കാം. ജനങ്ങളെ സഹായിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് വിജയം നേടുന്നതില്‍ എന്താണു തെറ്റ്- ചിദംബരം ചോദിച്ചു.

1. ബഹുജന ഹിതായ
ന്യൂദല്‍ഹി: ജനപ്രിയ പദ്ധതികളുമായി ധനമന്ത്രി പി. ചിതംബരം ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ച 2008 09 വര്‍ഷത്തേക്കുള്ള പൊതു ബജറ്റില്‍ കര്‍ഷകര്‍ക്ക് വന്‍ ആശ്വാസ പദ്ധതികള്‍. ഒപ്പം ആദായ നികുതി പരിധി ഉയര്‍ത്തുകയും ചെയ്തതോടെ സാധാരണക്കാര്‍ക്കിടയില്‍ ബജറ്റ് പൊതുവെ സ്വാഗതം ചെയ്യപ്പെടുകയാണ്.

രണ്ടാം ഹരിത വിപ്ലവത്തിന് കോപ്പുകൂട്ടുന്ന രാജ്യത്തിന്റെ കാര്‍ഷിക മേഖലക്കാണ് ബജറ്റ് പരിഗണന നല്‍കിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ പ്രതിരോധ ചെലവ് ഈ വര്‍ഷം ലക്ഷം കോടി കവിയും. പ്രതിരോധത്തിനായി 10 ശതമാനം അധിക വിഹിതമാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

ബജറ്റ് ഒറ്റനോട്ടത്തില്‍
===========================================
പദ്ധതി ചെലവ്: 243,386 കോടി
പദ്ധതിയേതര ചെലവ്: 507,499 കോടി
റവന്യൂ വരുമാനം: 602,935 കോടി
റവന്യൂ ചെലവ് 658,119 കോടി
റവന്യൂ കമ്മി: 55,184 കോടി
ധന കമ്മി: 133,287 കോടി

കേരളം ബജറ്റില്‍
===========================================
കേന്ദ്രസര്‍വകലാശാല
*
തിരുവനന്തപുരത്ത് ഐസര്‍
*
കയര്‍ബോര്‍ഡിന് വരുമാന നികുതിയില്ല
*
സി.ഡി.എസിന് അഞ്ചു കോടി
*
തേയില, റബര്‍, മുളക്, ഇഞ്ചി, മഞ്ഞള്‍,
ഏലം എന്നിവക്ക് അടുത്ത വര്‍ഷം മുതല്‍
വിള ഇന്‍ഷുറന്‍സ്
*
പായ്ക്ക് ചെയ്ത ഇളനീരിന്
എക്ൈസസ് ഡ്യൂട്ടി ഒഴിവ്
*
അവിലിനും മലരിനും
എക്ൈസസ് ഡ്യൂട്ടി ഒഴിവ്
*
സൈനിക സ്കൂളിന് രണ്ടു കോടി ന

കര്‍ഷകര്‍
==========================
ചെറുകിട, നാമമാത്ര കര്‍ഷകരുടെ കടങ്ങള്‍
അടുത്ത ജൂണ്‍ 30 നകം എഴുതിത്തള്ളും
*
നാലു കോടി കര്‍ഷകര്‍ക്ക് പ്രയോജനം
*
വായ്പകള്‍ എഴുതിത്തള്ളിയ കര്‍ഷകര്‍ക്ക്
വീണ്ടും വായ്പ ലഭിക്കും
*
മറ്റു കര്‍ഷകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍,
75 ശതമാനം മാത്രം അടച്ച് തീര്‍പ്പാക്കാം
*
ഈ വര്‍ഷം 2.80 ലക്ഷം കോടിയുടെ
പുതിയ കാര്‍ഷിക വായ്പകള്‍
*
753 ചെറുകിട ജലസേചന പദ്ധതികളും
24 വന്‍ പദ്ധതികളും ഈ വര്‍ഷം
*
അഞ്ചു ലക്ഷം ഹെക്ടറില്‍ കൂടി ജലസേചനം
*
പലിശയിളവിന് 1,600 കോടി അനുവദിക്കും
*
ഹ്രസ്വകാല കാര്‍ഷിക പലിശ നിരക്ക് ഏഴു
ശതമാനമായി തുടരും
*
സൂക്ഷ്മജലസേചനത്തിന് 500 കോടി
*
ഏലം, കാപ്പി കൃഷി വികസനത്തിന് പദ്ധതി
*
കാലാവസ്ഥാ കാര്‍ഷിക ഇന്‍ഷൂറന്‍സിന്
50 കോടി
*
ദേശീയ ഹോട്ടികള്‍ച്ചര്‍ മിഷന് 1100 കോടി
*
500 മണ്ണു പരിശോധനാ ലാബുകള്‍,
ഓരോ ലാബിനും 30 ലക്ഷം
*
ദേശീയ കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതിക്ക് 644 കോടി

വനിതകള്‍
================================
അങ്കണവാടി വര്‍ക്കേഴ്സിന്റെ പ്രതിഫലം 1500 രൂപയും ഹെല്‍പ്പേഴ്സിന്റെത് 750 രൂപയും ആക്കി
*
ആദായ നികുതിയില്‍ കൂടുതല്‍ ഇളവുകള്‍
*
വനിതാക്ഷേമത്തിന് 24 ശതമാനം തുക കൂട്ടി,
ഈ വര്‍ഷം 7,200 കോടി
*
എല്ലാ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കും
എല്‍.ഐ.സി ഇന്‍ഷുറന്‍സ്

വിദ്യാര്‍ഥികള്‍
=======================
തിരുവനന്തപുരത്ത് അടക്കം
മൂന്നിടത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സയന്‍സ്
*
16 കേന്ദ്ര സര്‍വകലാശാലകള്‍ കൂടി
*
ഉച്ച ഭക്ഷണ പദ്ധതി അപ്പര്‍പ്രൈമറി ക്ലാസുകളിലും
*
സര്‍വശിക്ഷാ അഭിയാന് 13,100 കോടി
*
സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് 4554 കോടി
*
20 ജില്ലകളില്‍ കൂടി നവോദയ വിദ്യാലയം
*
300 ഐ.ടി.ഐകളുടെ വികസനത്തിന് 750 കോടി
*
22 സൈനിക സ്കൂളുകള്‍ക്ക് 44 കോടി
*
പട്ടിക വിഭാഗ, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്
പ്രത്യേക ശ്രദ്ധ
*
10, 11, 12 ക്ലാസുകളില്‍ സ്കോളര്‍ഷിപ്പ്
പദ്ധതിക്ക് 750 കോടി കൂടി
*
ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് 85 കോടി
*
വിദ്യാഭ്യാസ വിഹിതം കൂട്ടി

ആദായ നികുതി
=============================
ഇളവ് പരിധി ഒന്നര ലക്ഷമാക്കി
*
വനിതകളുടെ ഇളവ് പരിധി 1.45
ലക്ഷത്തില്‍നിന്ന് 1.8 ലക്ഷമാക്കി
*
മുതിര്‍ന്ന പൌരന്മാര്‍ക്ക്
2.25 ലക്ഷം വരെ നികുതി വേണ്ട
*
കമ്പനി നികുതിയില്‍ മാറ്റമില്ല
*
സര്‍ചാര്‍ജ് നിരക്കില്‍ മാറ്റമില്ല
*
കാര്‍ഷിക നഴ്സറികള്‍ക്ക്
നികുതി വേണ്ട
*
മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യ പദ്ധതിയും

കാലപരിധിയുള്ള തപാല്‍ ഓഫീസ്
നിക്ഷേപങ്ങളും ഇളവിന് അര്‍ഹം
*
മാതാപിതാക്കള്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ്
പ്രീമിയത്തില്‍ 15,000 രൂപവരെ ഇളവ്

മറ്റു നികുതികള്‍
===================================
കയര്‍ ബോര്‍ഡിനെ
ആദായനികുതിയില്‍നിന്ന് ഒഴിവാക്കി.
*
ലോക പൈതൃക കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന
ജില്ലകളില്‍ നക്ഷത്ര ഹോട്ടലുകള്‍ക്ക്
അഞ്ചുവര്‍ഷത്തെ നികുതി ഇളവ്.
*
ചെറുപട്ടണങ്ങളില്‍ തുടങ്ങുന്ന ആശുപത്രികള്‍ക്കും
അഞ്ചു വര്‍ഷത്തെ നികുതി ഇളവ്.
*
ഹ്രസ്വകാല ഓഹരി നിക്ഷേപങ്ങളില്‍നിന്നുള്ള
ലാഭത്തിന് നികുതി 15 ശതമാനമാക്കി.
*
ഉല്‍പന്ന അവധി വ്യാപാരത്തിന്
കമോഡിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ്.
*
ബാങ്ക് ഇടപാട് നികുതി പിന്‍വലിച്ചു.
*
സേവന നികുതി വല വിപുലമാക്കി.
*
കേന്ദ്ര വില്‍പന നികുതി മൂന്നില്‍നിന്ന്
രണ്ട് ശതമാനമാക്കി.

വില കുറയുന്നവ
==============================
മരുന്നുകള്‍, എയിഡ്സ് ^ അല്‍ഷൈമേഴ്സ് രോഗ ഔഷധങ്ങള്‍, ബസ്, ഷാസേ, ചെറുകാറുകള്‍, വിദേശ സംയുക്ത സംരംഭങ്ങളുടെ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, മുച്ചക്ര വാഹനങ്ങള്‍, പേപ്പര്‍, പേപ്പര്‍ ഉല്‍പന്നങ്ങള്‍, വയര്‍ലെസ് ഡാറ്റാ കാര്‍ഡുകള്‍, പാക്ക് ചെയ്ത ഇളനീര്‍, തേയില ^ കോഫി മിശ്രിതങ്ങള്‍, ജലശുദ്ധീകരണ ഉപകരണങ്ങള്‍, വിനീര്‍, ഫ്ലഷ് ഡോറുകള്‍, മലര്‍, പൊരി, പ്രഭാത ഭക്ഷണ ധാന്യങ്ങള്‍, റഫ്രിജേഷന്‍ ഉപകരണങ്ങള്‍, അലൂമിനിയം, സ്റ്റീല്‍, ധാതുമിശ്രിതങ്ങള്‍, ഫോസ്ഫോറിക് ആസിഡ്, കാലിത്തീറ്റ, കോഴിത്തീറ്റ, ചിലയിനം യന്ത്രങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സെറ്റ്ടോപ് ബോക്സ്.
വില കൂടുന്നവ
==============================
പാക്കേജ്ഡ് സോഫ്റ്റ്വേര്‍,
ഫില്‍റ്റര്‍ ഇല്ലാത്ത
സിഗരറ്റ്,
മൊബൈല്‍ ഫോണ്‍,
സിമന്റ്.

2. കുടുംബ ബജറ്റിനെ എങ്ങനെ ബാധിക്കും?
കുടുംബനാഥന്‍മാര്‍ക്ക് ആശ്വസിക്കാം. പുതിയ കേന്ദ്ര ബജറ്റില്‍ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന അധികം നിര്‍ദേശങ്ങള്‍ ഇല്ല. വീട്ടു ചെലവില്‍ കാര്യമായ കുറവോ വര്‍ധനയോ വരുത്തുന്നതല്ല ധനമന്ത്രി പി. ചിദംബരത്തിന്റെ നിര്‍ദേശങ്ങള്‍. കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ വീട്ടു ചെലവില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാവും.

ഭക്ഷണ ചെലവ് കുറയും
========================
നികുതിയിളവുകള്‍ കാരണം അരി ഉല്‍പന്നങ്ങളുടെയും ചായ, കാപ്പി മിശ്രിതങ്ങളുടെയും പാല്‍ , പാല്‍ ഉല്‍പന്നങ്ങളുടെയും വിലയില്‍ കുറവു വരും. സാധാരണ കുടുംബത്തിന്റെ പ്രതിമാസ ഭക്ഷണ ചെലവില്‍ പത്തു ശതമാനം കുറവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

യാത്രാക്കൂലി മാറില്ല
========================
പെട്രോള്‍, ഡീസല്‍ വില ബജറ്റിനു മുമ്പുതന്നെ വര്‍ധിപ്പിച്ചതിനാല്‍ യാത്രാക്കൂലിയില്‍ ഉടന്‍ വര്‍ധന ഉണ്ടാവില്ല. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില കൂടുന്നതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇന്ധനവില വര്‍ധന ഉണ്ടാവാം.

വൈദ്യുതി ബില്‍ അതേപടി
=======================
ഈ ബജറ്റു കാരണം വൈദ്യുതി ചാര്‍ജില്‍ വര്‍ധന ഉണ്ടാവില്ല. പാചകവാതക വിലയും മാറില്ല.

സിഗററ്റ് ശീലം വലിച്ചെറിയാം
=======================
പുകവലിക്കുന്നവര്‍ ആ ശീലം നിര്‍ത്താന്‍ പറ്റിയ കാലം. ഫില്‍റ്റര്‍ ഇല്ലാത്ത സിഗററ്റുകള്‍ക്ക് വിലകൂടും. അതോടെ ഫില്‍റ്റര്‍ സിഗററ്റ് വിലയും ഉയരും.

ഫോണ്‍ ബില്‍ കുറയും,
ഹാന്റ്സെറ്റിന് കൂടും
======================
വയര്‍ലെസ് ഡാറ്റാ കാര്‍ഡിന്റെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും നികുതിയിളവുകള്‍ കാരണം ഫോണ്‍ ബില്ലില്‍ രണ്ടു ശതമാനം കുറവ് വരാം. കൂടുതല്‍ സ്വകാര്യ കമ്പനികള്‍ മൊബൈല്‍ ഫോണ്‍ രംഗത്തേക്ക് വരുന്നതിനാല്‍ കോളിന് 25 പൈസ വരെ മൊബെല്‍ നിരക്കുകള്‍ താഴാന്‍ ഇടയുണ്ട്. എന്നാല്‍, മൊബെല്‍ ഹാന്റ്സെറ്റ് വില കൂടും.

മരുന്നുകള്‍ക്ക് കുറയും
======================
രോഗികള്‍ക്ക് ആശ്വസിക്കാം. നികുതിയിളവുകള്‍ കാരണം മരുന്നു വിലയില്‍ അഞ്ചു ശതമാനം കുറവു വരാം. കേന്ദ്ര വില്‍പന നികുതിയിലെ കുറവു കാരണം മുഖ ലേപനങ്ങളുടെയും സോപ്പുകളുടെയും ക്രീമുകളുടെയും ടോയ്ലറ്റ് ഉല്‍പന്നങ്ങളുടെയും വില രണ്ടു ശതമാനം കുറയും.

ടി.വി കാണാന്‍ ചെലവു കുറയും
=====================
കേബിള്‍ ടി.വിയില്‍ നിന്ന് ഡി.റ്റി.എച്ചിലേക്ക് മാറുന്നവര്‍ക്ക് നല്ല കാലം. സെറ്റ്ടോപ് ബോക്സുകളുടെ നികുതി എടുത്തു കളഞ്ഞതിനാല്‍, ഡി.റ്റി.എച്ച് സ്ഥാപിക്കാനുള്ള ചെലവ് കുറയും. ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് സേവന നികുതി വന്നതിനാല്‍, കുടുംബത്തെയും കൂട്ടിയുള്ള ദീര്‍ഘ യാത്രകള്‍ക്ക് ചെലവ് കൂടും.

സമ്പാദ്യത്തിന് നല്ലകാലം
====================
ബാങ്കിടപാടുകള്‍ക്കുള്ള നാമമാത്ര നികുതി എടുത്തു കളഞ്ഞത് നേരിയ ആശ്വാസമാവും. ആദായ നികുതി പരിധി ഉയര്‍ത്തുക കൂടി ചെയ്തതോടെ ഉദ്യോഗസ്ഥ കുടുംബങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. ശമ്പള പരിഷ്കരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ പ്രത്യാശയുടെ വര്‍ഷമാവും ഇത്.

ഗൃഹോപകരണങ്ങള്‍ വാങ്ങാം, വാഹനവും
=====================
ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ എന്നിവക്ക് വില കുറയും. എന്നാല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വേറുകള്‍ക്ക് വില കൂടും. കുക്കിംഗ് റേഞ്ചിന്റെ വില അതേപടി തുടരും. കാറിനും ടൂവീലറുകള്‍ക്കും വില കുറയും. നാനോ ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തുകയും ഒപ്പം നികുതിയിളവുകളും ചേരുമ്പോള്‍ കുടുംബത്തിന് വാഹനം വാങ്ങാന്‍ പറ്റിയ കാലമാവും ഇത്.

3. ‘ടൈംസ് ഓഫ് ഇന്ത്യ’ക്കെതിരെ മലയാളിയുടെ മാനനഷ്ടക്കേസ്
ബാംഗ്ലൂര്‍: മാനഹാനിയുണ്ടാക്കും വിധം വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലയാളി കര്‍ണാടക ഹൈക്കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ബാംഗ്ലൂരില്‍ ഐ.ടി സ്ഥാപന ഉടമ ഷെരീഫ് കോട്ടപ്പുറത്താണ് അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തത്.

മലയാളി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ യഹ്യ ഹിയാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28 ന് പത്രത്തില്‍ വന്ന വാര്‍ത്ത മാനഹാനിയുണ്ടാക്കുന്നതാണെന്ന് ഷെരീഫ് പറഞ്ഞു. ഐ.ടി പ്രൊഫഷനലുകളുടെ പുതിയ തീവ്രവാദ ശൃംഖലയെന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയാണ് സംഭവത്തിന് ആധാരം.

മുസ്ലിം ഐ.ടി പ്രൊഫഷനല്‍സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ യഹ്യ പ്രവര്‍ത്തിച്ചിരുന്നെന്നും സംഘടനയുടെ പ്രസിഡന്റ് കെ.എം ഷെരീഫിനെ (ഷെരീഫ് കോട്ടപ്പുറത്ത്) പോലിസ് അന്വേഷിക്കുന്നുവെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടര്‍, പത്രാധിപര്‍, പബ്ലിഷര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

4. കരിനിയമത്തിനെതിരെ കടലിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംഗമം
ഫോര്‍ട്ടുകൊച്ചി: സാമ്രാജ്യത്വ അധിനിവേശത്തിന്റെ കരിനിയമങ്ങള്‍ക്കെതിരെ കടലിന്റെ മക്കളോട് ഐക്യദാര്‍ഢ്യപ്പെട്ട് സോളിഡാരിറ്റി നടത്തിയ തീരദേശ പ്രയാണ സംഗമം അതിജീവനത്തിനായി പൊരുതുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ആഹ്വാനമായി.

തിരമാലകളോട് പൊരുതി അന്നം തേടുന്ന മല്‍സ്യത്തൊഴിലാളിക്ക് അങ്കിള്‍ സാമിന്റെ കടന്നുകയറ്റ അജണ്ട അതിജീവിക്കാന്‍ കരുത്തുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ മുന്നറിയിപ്പ് നല്‍കി. വികസനത്തിന്റെ ഭീകരതയില്‍ വിലപിക്കുന്നവരെ നക്സലുകളും ഭീകരരുമായി മുദ്രയടിക്കുകയാണെങ്കില്‍ ആ മുദ്ര പതക്കമായി സ്വീകരിക്കുകയാണെന്ന് സംഘടനയുടെ നിലപാട് വ്യക്തമാക്കി അദ്ദേഹം പറഞ്ഞു.

സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. മഹാത്മഗാന്ധി തുടക്കമിട്ട ഉപ്പുസത്യഗ്രഹ വേദിയായ കടല്‍തീരത്ത് നിന്നുതന്നെ രണ്ടാം സ്വാതന്ത്യ്ര സമരം തുടങ്ങാന്‍ നേരമായെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ തീരദേശം ദണ്ഡി കടപ്പുറത്തിന് സമാനമായ സമരവേദിയാകണം. പുതിയ വികസന അജണ്ടയുമായി സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ നമ്മുടെ സ്വയം നിര്‍ണയാവകാശത്തെ കവരുകയാണ്. ഒരു ജന സമൂഹത്തെ അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് പറിച്ചെറിയുന്നത് ക്രൂരതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പി. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. പോള്‍, പി. പീറ്റര്‍, പ്രയാണ ജാഥാ ക്യാപ്റ്റന്മാരായ കെ.എ. ഷഫീഖ്, എം. സാജിദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം.എച്ച്. അബ്ദുറഹീം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി.എ. ഇബ്രാഹിംകുട്ടി, ജില്ലാ സെക്രട്ടറി എസ്.എം. സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംഗമത്തിന് മുന്നോടിയായി തെരുവുനാടകം നടന്നു.

5. ബജറ്റ് നിരാശപ്പെടുത്തി; പ്രവാസിക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കണം
ദോഹ: കേന്ദ്രബജറ്റ് പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത് നിരാശ. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനപ്രിയ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി പി. ചിദംബരം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് എന്നും താങ്ങായിനിന്നിട്ടുള്ള എന്നാല്‍ വോട്ടവകാശമില്ലാത്ത പ്രവാസി ഇന്ത്യക്കാരെ മറന്നുകളഞ്ഞു. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരവധിവാസമോ പ്രവാസികളിലെ പാവങ്ങള്‍ക്കുള്ള ക്ഷേമമോ സംബന്ധിച്ച ഒരു പദ്ധതിയും ബജറ്റിലില്ല. പ്രവാസികള്‍ക്ക് പ്രതീക്ഷിക്കാവുന്ന ഒരു പ്രഖ്യാപനംപോലും ധനമന്ത്രി നടത്തിയില്ലെന്ന് പരക്ഷെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

നാട്ടില്‍നിന്നെടുക്കുന്ന വിമാന ടിക്കറ്റുകളില്‍ ഈടാക്കുന്ന സര്‍വീസ് നികുതി ഒഴിവാക്കണമെന്ന് പ്രവാസി സംഘടനകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. സീസണ്‍ കണക്കാക്കി കഴുത്തറുപ്പന്‍ നിരക്കുകളാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇതിനുപുറമെയാണ് കേന്ദ്ര സര്‍ക്കാറിന്റെ വകയായുള്ള സര്‍വീസ് ടാക്സ്. ഇതേതുടര്‍ന്ന് അന്യായമായ നിരക്ക് കൊടുത്താന്‍ യാത്രചെയ്യാന്‍ ഗള്‍ഫിലെ ഇന്ത്യക്കാര്‍ നിര്‍ബന്ധിതരാവുകയാണ്.

ഡോളറിന്റെ വിലയിടിവിന് പിന്നാലെ ഗള്‍ഫ് കറന്‍സികളുടെ മൂല്യം ഇടിഞ്ഞത് ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ കുത്തനെയുള്ള ജീവിതചെലവ് വര്‍ധനകൂടിയായപ്പോള്‍ സാധാരണക്കാരായ പ്രവാസികള്‍ നിലനില്‍പിനുള്ള പോരാട്ടത്തിലാണ്. പലരും തിരിച്ചുപോകുന്നതിനെപ്പററി ആലോചിക്കുന്നു. നാട്ടിലെത്തിയിട്ട് എന്ത് എന്ന ചോദ്യത്തിനുമുന്നില്‍ ഉത്തരംമുട്ടിയാണ് പലരും തിരിച്ചുപോകാന്‍ മടിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് സൂചനപോലും നല്‍കാതെ പ്രവാസികളെ ഒന്നടങ്കം വിസ്മരിക്കുന്നതായിപ്പോയി കേന്ദ്ര ബജറ്റ്. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോഴും പ്രവാസികള്‍ നിര്‍ദയം അവഗണിക്കപ്പെട്ടു.

പൊതുമാപ്പിനെതുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. പിടിച്ചുനില്‍ക്കാന്‍ പ്രയാസകരമാണെന്ന് കണ്ടെത്തിയ ഇവരില്‍ ചിലര്‍ ആത്മഹത്യചെയ്യുകപോലുമുണ്ടായി. പക്ഷെ, ബജറ്റ് തയാറാക്കിയപ്പോള്‍ ഇതെല്ലാം ധനമന്ത്രി ബോധപൂര്‍വം വിട്ടുകളഞ്ഞെന്ന് പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ, വിദേശ ഇന്ത്യക്കാരിലെ ബഹുഭൂരിപക്ഷം വരുന്ന കുറഞ്ഞ വരുമാനക്കാര്‍ക്കായി ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് പ്രമുഖ എന്‍.ആര്‍.ഐ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ പത്മശ്രീ എം.എ. യൂസുഫലി ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനുള്ള വ്യക്തമായ പദ്ധതികളും വിദേശനാണ്യം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സംവിധാനവും ആവിഷ്കരിക്കണമെന്ന് ബജറ്റിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. സമഗ്രവും പുരോഗമനാത്മകവുമാണ് ബജറ്റ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്ക് നല്‍കിയിരിക്കുന്ന ഊന്നല്‍ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകും. ആദായനികുതി പരിധി ഉയര്‍ത്തിയതും സ്ത്രീകള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന പരിധി വെച്ചതും ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാരെ തൃപ്തിപ്പെടുത്തും. പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനുള്ള പദ്ധതികളും സ്വാഗതാര്‍ഹമാണെന്ന് യൂസുഫലി പറഞ്ഞു.

6. തൊഴില്‍ തേടുന്നവര്‍ക്ക് മാര്‍ഗനിര്‍ ദേശങ്ങളുമായി ആകാശവാണി
തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി കേന്ദ്രപ്രവാസികാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആകാശവാണിയുടെ കേരള നിലയങ്ങള്‍ പ്രത്യേക തരംഗം ഫോണ്‍^ഇന്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു.

ഈമാസം ഏഴ്, 14,21, 28 തീയതികളില്‍ രാത്രി 9.30 നാണ് പ്രക്ഷേപണം, ഈമാസം ഏഴിന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് കെ. ഹരികുമാര്‍ പങ്കെടുക്കും. ഇതിന്റെ ശബ്ദലേഖനം ഈമാസം അഞ്ചിന് രാവിലെ 9.30 ന് മുതല്‍ 11.30 വരെയാണ്.

ശ്രോതാക്കള്‍ വിളിക്കേണ്ട നമ്പറുകള്‍ 1707066. ജില്ലക്ക് പുറത്ത് നിന്ന് 954711707065.

1. പുതുക്കിയ കടങ്ങള്‍ക്ക് ഇളവു കിട്ടിയേക്കില്ല
കല്‍പറ്റ: ജപ്തിഭീഷണിയില്‍നിന്നു രക്ഷനേടാന്‍ കാര്‍ഷിക കടങ്ങള്‍ പുതുക്കിയ കേരളത്തിലെ ലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കടാശ്വാസ ആനുകൂല്യം നഷ്ടമായേക്കും. സഹകരണവകുപ്പിന്റെ ശതശതമാനം പദ്ധതിയില്‍ ഉള്‍പ്പെടെ കടം പുതുക്കിയവര്‍ക്കും എഴുതിത്തള്ളല്‍ ആനുകൂല്യം ലഭിക്കാനിടയില്ലെന്നാണു സൂചന.

ബാങ്കുകളുടെ നിര്‍ബന്ധത്തിനും അവര്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്കും വഴങ്ങിയാണു പല കര്‍ഷകരും കടം പുതുക്കിയത്. 2007 ഡിസംബര്‍ 31നു കുടിശികയായതും ബജറ്റിന്റെ തലേന്നുവരെ തിരിച്ചടയ്ക്കാത്തതുമായ വായ്പകള്‍ക്കാണ് കേന്ദ്ര ബജറ്റില്‍ ആശ്വാസം പ്രഖ്യാപിച്ചത്. പുതുക്കിയതോടെ കടങ്ങള്‍ കുടിശിക അല്ലാതാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

ഈ വര്‍ഷം ജനുവരിമുതല്‍ സഹകരണ വകുപ്പും ദേശസാല്‍ക്കൃത ബാങ്കുകളും കുടിശികനിവാരണത്തിനായി നടത്തിയ ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍പ്രകാരം വായ്പ കുടിശിക അടച്ചവര്‍ക്കു ബജറ്റില്‍ പ്രഖ്യാപിച്ച ആശ്വാസം നല്‍കേണ്ടിവരില്ലെന്ന വ്യാഖ്യാനം ഇതിനകംതന്നെ ബാങ്കിങ് മേഖലയില്‍ രൂപപ്പെട്ടുകഴിഞ്ഞു.

സര്‍ഫാസി ആക്ട് (കോടതിയില്‍ ചോദ്യംചെയ്യാന്‍പോലും ആകാത്തവിധം ജാമ്യവസ്തുക്കള്‍ കൈവശപ്പെടുത്തല്‍) ഉള്‍പ്പെടെ പ്രയോഗിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ബാങ്കുകള്‍ കുടിശികനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നു കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമഗ്ര കടാശ്വാസപദ്ധതി മുന്നില്‍ കണ്ടാണ് സഹകരണ വകുപ്പു ശതശതമാനം പദ്ധതി കൊണ്ടുവന്നതെന്നും ഒരേക്കര്‍വരെ ഭൂമിയുള്ളവരുടെ 25,000 രൂപവരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളാന്‍ നിര്‍ദേശം വന്നതു കേന്ദ്ര ബജറ്റ് മുന്നില്‍ കണ്ടാണെന്നും സംഘടനകള്‍ ആരോപിക്കുന്നു.കാര്‍ഷിക കടങ്ങള്‍ക്കു മാത്രമാണ് ബജറ്റില്‍ ഇളവു പ്രഖ്യാപിച്ചത്. എന്നാല്‍, പല ബാങ്കുകളും കാര്‍ഷികേതര കടങ്ങളാണ് കര്‍ഷകര്‍ക്കു നല്‍കിയിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യത്തിനുവേണ്ടി എടുത്ത കാര്‍ഷികേതര വായ്പകള്‍ക്ക് ഒരു ഇളവും ലഭിക്കില്ല.

കാര്‍ഷിക വായ്പകള്‍ നേരിട്ടു വിതരണം ചെയ്യാത്ത ജില്ലാ സഹകരണ ബാങ്കുകളില്‍നിന്നും സഹകരണ അര്‍ബന്‍ ബാങ്കുകളില്‍നിന്നും നേരിട്ടു വായ്പയെടുത്തവര്‍ക്കും ആനുകൂല്യം ലഭിക്കില്ല. കാര്‍ഷിക വായ്പകള്‍ വിതരണം ചെയ്യുന്നതു പ്രാഥമിക സഹകരണ ബാങ്കുകളും ദേശസാല്‍ക്കൃത വാണിജ്യ ബാങ്കുകളുമാണ്.

ഇതേസമയം, കേന്ദ്ര ബജറ്റില്‍ കാര്‍ഷിക കടം എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചതു ബാങ്കിങ് മേഖലയിലും അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. കേന്ദ്രപദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ വൈകുന്നതുവരെ കടം തിരിച്ചടവു മൊത്തത്തില്‍ മന്ദീഭവിക്കുമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്.

2. 10 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച തടവുപുള്ളികളെ വിടാന്‍ നീക്കം
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ പത്തുവര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ചവരെ സര്‍ക്കാര്‍ വിട്ടയച്ചേക്കും. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പ്രതികളായി ജയിലില്‍ കിടക്കുന്നവര്‍ക്കു പുറത്തിറങ്ങാന്‍ അവസരമൊരുക്കുന്നതാകും ഈ തീരുമാനം. പത്തുവര്‍ഷത്തിലേറെയായി ജയിലില്‍ കിടക്കുന്നവരുടെ  പട്ടിക സര്‍ക്കാര്‍  ആവശ്യപ്പെട്ടിരുന്നു. ജയില്‍ വകുപ്പ് 411 പേരുടെ പട്ടികയും കുറ്റകൃത്യങ്ങളുടെ സ്വഭാവവും മറ്റു വിവരങ്ങളും നല്‍കിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിന്റെ പരിശോധനയ്ക്കുശേഷം കാബിനറ്റ്  അംഗീകരിച്ചാല്‍ ലിസ്റ്റിലെ  മൂന്നില്‍ രണ്ടുഭാഗത്തിനും മോചനം ലഭിച്ചേക്കും.

പ്രഫഷണല്‍ കൊലയാളികള്‍, വര്‍ഗീയസംഘട്ടനങ്ങളിലെ പ്രതികള്‍,  സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചവര്‍,   ഡ്യൂട്ടിയിലിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ വകവരുത്തിയവര്‍,  രാജ്യദ്രോഹകുറ്റത്തിനു ശിക്ഷിക്കപ്പെട്ടവര്‍, അവധിയില്‍പോയി മുങ്ങിയവര്‍ ഇവര്‍ക്കൊന്നും ശിക്ഷാവിധിയില്‍ ഇളവുണ്ടാവില്ല.   ജയിലില്‍ 14 വര്‍ഷം പിന്നിട്ടവര്‍ 145 പേരുണ്ട്. കണ്ണൂരിലാണ് കൂടുതല്‍.

ഒാരോ ജയിലിലെയും കണക്ക് ഇങ്ങനെ:  തിരുവനന്തപുരം: 39,  വിയ്യൂര്‍: 14, കണ്ണൂര്‍: 52,  തിരുവനന്തപുരം തുറന്ന ജയില്‍: 37, ചീമേനി തുറന്ന ജയില്‍:  മൂന്ന്.  മൂന്നുസ്ത്രീകള്‍ ഉള്‍പ്പെടെ  266 പേരാണ് പത്തുവര്‍ഷം പിന്നിട്ടവര്‍. തിരുവനന്തപുരം: 78, വിയ്യൂര്‍: 17, കണ്ണൂര്‍: 46,  തിരുവനന്തപുരം തുറന്ന ജയില്‍: 111, ചീമേനി തുറന്ന ജയില്‍: 11,  നെയ്യാറ്റിന്‍കര വനിതാ ജയില്‍: മൂന്ന്.

കണ്ണൂരിലെ 98 പേരില്‍ ഏതാണ്ട് 80 ശതമാനവും രാഷ്ട്രീയ ഏറ്റമുട്ടലുകളില്‍ പ്രതികളായവരാണ്. ഇവരുടെ വിടുതലാണ് ശിക്ഷാ ഇളവിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

3. പ്രോട്ടോക്കോള്‍ ലംഘനം: മുഖ്യമന്ത്രി ചടങ്ങു ബഹിഷ്കരിച്ചു
കൊച്ചി: ജില്ലാ കോടതി സമുച്ചയത്തിനു തറക്കല്ലിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കു മതിയായ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങു ബഹിഷ്കരിച്ചു. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണു ജില്ലാ കോടതി സമുച്ചയം നിര്‍മിക്കാന്‍ 16 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ കോടതി സമുച്ചയത്തിനു തറക്കല്ലിടുന്ന ചടങ്ങില്‍ അധ്യക്ഷ സ്ഥാനത്തേക്കു സംഘാടകര്‍ ക്ഷണിച്ചതു ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയായിരുന്നു. മുഖ്യമന്ത്രിയെ മുഖ്യാതിഥിയായാണു ക്ഷണിച്ചത്. പ്രോട്ടോക്കോള്‍ അനുസരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു തൊട്ടുതാഴെയുള്ള സ്ഥാനം മുഖ്യമന്ത്രിക്കാണു നല്‍കേണ്ടത്.

സംഘാടകര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതിനാലാണു ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പിന്നീടു വ്യക്തമാക്കി. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എസ്. ശര്‍മ, മോന്‍സ് ജോസഫ്, എംപിമാരായ സെബാസ്റ്റ്യന്‍ പോള്‍, കെ. ചന്ദ്രന്‍പിള്ള, കെ.വി. തോമസ് എംഎല്‍എ എന്നിവരാണു ജനപ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഇവരില്‍ സെബാസ്റ്റ്യന്‍ പോള്‍, കെ.വി. തോമസ് എന്നിവരൊഴികെ മറ്റാരും ചടങ്ങില്‍ പങ്കെടുത്തില്ല. മറ്റു ചടങ്ങുകളുമായി ബന്ധപ്പെട്ട് മൂന്നു മന്ത്രിമാരും നഗരത്തിലുണ്ടായിരുന്നെങ്കിലും അവരും ചടങ്ങിനെത്തിയില്ല.

ചടങ്ങിലേക്കു മേയര്‍ മേഴ്സി വില്യംസിനെ ക്ഷണിക്കാതിരുന്നതിലും വിമര്‍ശനമുയര്‍ന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് മേയര്‍ക്കും ചടങ്ങില്‍ മതിയായ പ്രാതിനിധ്യം നല്‍കേണ്ടതുണ്ട്. എന്നാല്‍ മേയറെ ചടങ്ങിലേക്കു ക്ഷണിക്കുക പോലും ചെയ്തിരുന്നില്ല. മേയറെ ക്ഷണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് നഗരസഭാ കൌണ്‍സില്‍ പ്രതിഷേധ പ്രമേയം പാസാക്കി. പി.എസ്. വിജു അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായാണു പാസാക്കിയത്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാവണമെന്നു കൌണ്‍സില്‍ ആവശ്യപ്പെട്ടു.

4. തിരുവനന്തപുരം വിമാനത്താവളം  ദിവസവും എട്ടു മണിക്കൂര്‍ അടച്ചിടും
തിരുവനന്തപുരം: റണ്‍വേ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ദിവസവും എട്ടു മണിക്കൂറോളം അടച്ചിടും. ഒന്നര മാസത്തോളം നീണ്ടേക്കാവുന്ന വികസന ജോലികള്‍ക്കായി  വിമാന സമയങ്ങള്‍ പുനഃക്രമീകരിക്കും. വിവിധ എയര്‍ലൈന്‍ കമ്പനികളുമായി അടുത്ത ആഴ്ച നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ എന്നുമുതല്‍ അടച്ചിടേണ്ടിവരുമെന്നു തീരുമാനിക്കുകയുള്ളു.

പുതുതായി പണിയുന്ന രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സഞ്ചരിക്കാനുള്ള ടാക്സി ബേ, നിലവിലെ റണ്‍വേയുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ക്കു വേണ്ടിയാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. റണ്‍വേയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തു നിന്നായിരിക്കും പണി ആരംഭിക്കുക. ഈ ജോലികള്‍ ഒന്നര മാസത്തോളം നീണ്ടേക്കും. കൂടുതല്‍ വിമാനങ്ങള്‍ ഇല്ലാത്ത രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം.  ജോലികള്‍ ചെയ്ത ശേഷം റണ്‍വേ ചാക്കുകെട്ടുകള്‍ അടുക്കി പഴയ നിലയിലാക്കേണ്ടതിനാല്‍ യഥാര്‍ഥ ജോലികള്‍ക്കായി രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ലഭിക്കുകയുള്ളു. അതിനാല്‍ ഒരു മാസം കൊണ്ടു തീര്‍ക്കേണ്ട ജോലികള്‍ അല്‍പം നീളാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.

നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമയത്തു രണ്ടു രാജ്യാന്തര വിമാനങ്ങള്‍ മാത്രമേ എത്തുന്നുള്ളു. ആഭ്യന്തര സര്‍വീസുകളാണു കൂടുതലും. ഈ സര്‍വീസുകളുടെ സമയം പുനഃക്രമീകരിക്കുന്നതു സംബന്ധിച്ചു വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തണം. അതിനു ശേഷമായിരിക്കും പണി തുടങ്ങുന്ന തീയതി തീരുമാനിക്കുക.

5. ഭൂമിയുടെ ന്യായവില മൂന്നുമാസത്തിനകം: മന്ത്രി ശര്‍മ
കോഴിക്കോട്: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില മൂന്നുമാസത്തിനകം പ്രാബല്യത്തില്‍ വരുത്തുമെന്ന് റജിസ്ട്രേഷന്‍ വകുപ്പു മന്ത്രി എസ്.ശര്‍മ പ്രഖ്യാപി?ു. ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെ?ുകയായിരുന്നു മന്ത്രി. നിയമവിരുദ്ധമായി നടത്തിയ ഭൂമി റജിസ്ട്രേഷന്‍ റദ്ദാക്കാന്‍ റജിസ്ട്രേഷന്‍ വകുപ്പിന് അധികാരം നല്‍കുന്ന നിയമവും ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

6. നിയമനം പിഎസ്സിക്കു വിടുന്നത് ഇടതു നേതാക്കള്‍ എതിര്‍ത്തു: മന്ത്രി
കണ്ണൂര്‍: എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്കു വിടണമെന്നു പറഞ്ഞപ്പോള്‍ രണ്ട് ഇടതു നേതാക്കള്‍ എതിര്‍ത്തതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മ്ളേച്ഛമായ വലതുപക്ഷത്തെക്കാള്‍ മോശമാണു ചില ഇടതു നേതാക്കളുടെ പ്രവര്‍ത്തനം. വിദ്യാഭ്യാസ കച്ചവടക്കാരുടെ സ്വരമാണവര്‍ക്ക്. വിദ്യാഭ്യാസ കച്ചവടക്കാരുടെ ഏജന്റുമാര്‍ ഇടതുമുന്നണിയിലുണ്ട്. ഇവരുടെ ഏജന്റുമാരെ പോലെയാണ് ഇടതു മുന്നണിയിലെ ഒരു പാര്‍ട്ടിയിലെ വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ കച്ചവടത്തെ ഇല്ലാതാക്കാന്‍ പ്രക്ഷോഭം കൊണ്ടൊന്നും കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എകെപിസിഎ കണ്ണൂര്‍ – കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡ് അംഗം പി.നാരായണന്‍ ആര്‍എസ്എസുകാരന്റെ ഭാഷയിലാണു സംസാരിക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ മന്ത്രി അനാവശ്യമായി ഇടപെടുന്നെന്നാണ് ആര്‍എസ്എസുകാര്‍ ആരോപിക്കുന്നത്. നാരായണനും മാനസികമായി ആര്‍എസ്എസുകാരന്‍ തന്നെയാണ്, പാര്‍ട്ടി മാറിയെന്നേയുള്ളൂ. തനിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണു നാരായണന്‍ പറഞ്ഞത്. പത്രക്കാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയുള്ള കളിയാണത്. ഇടതു മുന്നണിയിലും ആര്‍എസ്എസുകാര്‍ ഉണ്ടെന്നതിന്റെ തെളിവാണിത്. മൂത്തു നരച്ച പിന്‍തിരപ്പന്‍ വലതുപക്ഷക്കാരന്റെ സ്വരമാണു നാരായണന്റെത്. ശബരിമലയിലെ ചില അഴിമതി കണ്ടെത്തിയതാണു തനിക്കെതിരെ കോടതിയില്‍ പോകുമെന്നു പറയാന്‍ കാരണം. കലികാല വൈഭവം എന്നേ ഇതിനെ പറയാന്‍ പറ്റൂ – മന്ത്രി പറഞ്ഞു.

7. സര്‍ക്കാര്‍ ആശുപത്രികള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടി തുടങ്ങി
മുക്കം (കോഴിക്കോട്): സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് നടപടികള്‍ തുടങ്ങി. സംസ്ഥാനത്തെ 115  കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കു കീഴില്‍ വരുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളും  കംപ്യൂട്ടര്‍വല്‍കരിക്കുന്നതിനാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍ആര്‍എച്എം) ഫണ്ട്  ഉപയോഗപ്പെടുത്തിയാണ് കംപ്യൂട്ടര്‍വല്‍ക്കരണം നടത്തുന്നത്. ഇൌ മാസത്തില്‍ തന്നെ കംപ്യൂട്ടറുകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥാപിക്കാനാണ്  ഊര്‍ജിത ശ്രമം.

കംപ്യട്ടര്‍വല്‍കരണത്തിന്റെ ഭാഗമായി ഫോണ്‍ സൌകര്യമില്ലാത്ത ആശുപത്രികളില്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കിത്തുടങ്ങി. ഇന്റര്‍നെറ്റ് സൌകര്യവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ കണക്ഷനുകള്‍ നല്‍കുന്നത്. ആശുപത്രി ഫാര്‍മസികളിലെ സ്റ്റോക്ക്, ഓഫിസ് റെക്കോര്‍ഡുകള്‍ തുടങ്ങിയവ കംപ്യൂട്ടര്‍ സംവിധാനത്തിനുകീഴില്‍ ആവുന്നത് കൂടുതല്‍ സൌകര്യപ്രദമാവും.

8. പുനര്‍ വായ്പയ്ക്ക് സംസ്ഥാനങ്ങള്‍ സബ്സിഡി നല്‍കണം: ചിദംബരം
ന്യൂഡല്‍ഹി: വായ്പ എഴുതിത്തള്ളപ്പെട്ട കര്‍ഷകര്‍ക്ക് വീണ്ടും വായ്പ നല്‍കുമ്പോള്‍ പലിശയില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. ഏഴു ശതമാനം പലിശ നിരക്കിനാണ് ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കുന്നത്. എന്നാല്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ രണ്ടു ശതമാനം സബ്സിഡി നല്‍കുന്നതിനാല്‍ അവിടെ അഞ്ചു ശതമാനം പലിശയേ കര്‍ഷകര്‍ക്കു നല്‍കേണ്ടിവരുന്നുള്ളൂ. കേന്ദ്രനികുതി വിഹിതത്തില്‍ ഇക്കൊല്ലം 1,78,000 കോടി രൂപയോളം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവര്‍ ഈ തുക ഇത്തരം പദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്നും ചിദംബരം പറഞ്ഞു.  കേന്ദ്രബജറ്റ് സംബന്ധിച്ച് പ്രാദേശിക പത്രങ്ങളുടെ ലേഖകരുമായി സംസാരിക്കുകയായിരുന്നു ചിദംബരം.

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന പദ്ധതിയെ എല്ലാ ബാങ്കുകളും സ്വാഗതം ചെയ്തിരിക്കയാണെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ബാങ്കുകള്‍ സന്തുഷ്ടരാണ്.  കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയതിനെ മന്ത്രി ന്യായീകരിച്ചു. വ്യവസായ മേഖല 9.4 ശതമാനവും സേവനമേഖല 10 .7 ശതമാനവും കണ്ട് വളരുകയാണ്. എന്നാല്‍ കാര്‍ഷിക മേഖല വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ കൃഷിക്ക് പരമാവധി സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഒാരോ ബജറ്റും അതതു കാലത്തെ പരിസ്ഥിതി കൂടി കണക്കിലെടുത്താണ് വിഭാവന ചെയ്യുന്നത്. 1997ലെ സ്ഥിതിയല്ല ഇപ്പോള്‍. 8.8 ശതമാനം വളര്‍ച്ച നിരക്ക് നിലനിര്‍ത്തിയേ തീരൂ.

തോട്ടം മേഖലയില്‍ നാണ്യവിളകള്‍ക്ക് കൊണ്ടുവന്ന ഇന്‍ഷുറന്‍സ് സുഗന്ധ ദ്രവ്യങ്ങള്‍ക്കു കൂടി വ്യാപിപ്പിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ചിദംബരം പറഞ്ഞു. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നോട്ടു വരണം. ഇതിന്റെ പ്രീമിയം വളരെ ഉയര്‍ന്നതായിരിക്കും എന്ന പ്രശ്നമുണ്ട്.    വിദേശ ഇന്ത്യക്കാരെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല എന്ന വിമര്‍ശനത്തിന് ചിദംബരത്തിന്റെ മറുപടി ഇതായിരുന്നു. ”എല്ലാ മേഖലയെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശം ഉണ്ടാകണമെന്ന് ശഠിക്കുന്നത് ശരിയല്ല. വിദേശ ഇന്ത്യാക്കാരുടെ ക്ഷേമനിധിയെക്കുറിച്ചോ പിഐഒ സര്‍വകലാശാലയെക്കുറിച്ചോ കേന്ദ്രമന്ത്രിസഭാ തീരുമാനം ഇല്ലാത്തതുകൊണ്ടാണ് അവയ്ക്ക് വിഹിതം ഉള്‍ക്കൊള്ളിക്കാത്തത്. ഇവ നേരത്തേ പ്രഖ്യാപിച്ച പദ്ധതികളാണെങ്കില്‍ വീണ്ടും പറയേണ്ട കാര്യവുമില്ല.

ഭവന വായ്പകള്‍ക്ക് കൂടുതല്‍ പലിശയിളവ് നല്‍കാത്തതിനെയും ചിദംബരം ന്യായീകരിച്ചു. ഭവന വായ്പകളില്‍ 80 ശതമാനവും 15 ലക്ഷം രൂപയില്‍ താഴെയാണ്. ഇവയ്ക്ക് പലിശ നിരക്ക് ഇപ്പോള്‍ത്തന്നെ അര ശതമാനം കുറവാണ്.  44 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒാഹരികള്‍ ഇപ്പോള്‍ത്തന്നെ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച ആര്‍ഇസി ലിസ്റ്റ് ചെയ്യും. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒാഹരി വിപണിയില്‍ വരുന്നത് നല്ലതാണ്.  സംസ്ഥാനങ്ങള്‍ ബജറ്റിലെ പരിപാടികള്‍ നടപ്പാക്കുന്നതില്‍ ശുഷ്ക്കാന്തി കാണിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പണമുണ്ട്. ആ നിലയ്ക്ക് അവര്‍ കാര്യക്ഷമമായി പരിപാടികള്‍ നടപ്പാക്കുകയാണ് വേണ്ടത്.

ധനകാര്യക്കമ്മി 2.5 ശതമാനമായി നിജപ്പെടുത്തിയത് കൂടുതല്‍ പണം കടം വാങ്ങേണ്ടിവരുമെന്ന് കണക്കുകൂട്ടിയാണെന്ന് ചിദംബരം പറഞ്ഞു. ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അതിനുള്ള ബാധ്യത കൂടി കണക്കിലെടുക്കണം. കമ്മി മൂന്നു ശതമാനമായെന്നും വരാം.  ഈ ബജറ്റ് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സഹായിക്കുമോ എന്നു പറയാന്‍ താനാളല്ലെന്ന് ചിദംബരം പറഞ്ഞു. സമ്പദ് വ്യവസ്ഥ വളരാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും നടപടികളുമാണ് ബജറ്റില്‍. ജനങ്ങള്‍ ഈ വളര്‍ച്ച നേരിട്ടു കാണുന്നതാണ്. അവരാണ് തീരുമാനിക്കേണ്ടത്. ജനപ്രിയ ബജറ്റ് എന്ന വിശേഷണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു- ”ജനപ്രിയം (പോപ്പുലിസ്റ്റ്) എന്നത് അത്ര മോശപ്പെട്ട വാക്കല്ല. നല്ല പ്രയോഗമാണ്.

9. ഇന്‍ഡോറില്‍ മലയാളിയെ ഫ്ലാറ്റില്‍ കയറി കൊലപ്പെടുത്തി
ഇന്‍ഡോര്‍ (മധ്യപ്രദേശ്): മലയാളി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും കോണ്‍ട്രാക്ടറുമായ സാം മാത്യുവിനെ (43) ഇന്‍ഡോറില്‍ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ കയറി കൊലപ്പെടുത്തി. തലയില്‍ മൂര്‍ച്ചയുള്ള ആയുധംകൊണ്ടു മുറിവേല്‍പ്പിച്ച ശേഷം കഴുത്തു ഞെരിച്ചു മൃതപ്രായനാക്കി അക്രമികള്‍ കടന്നുകളയുകയായിരുന്നു.

ഇന്‍ഡോര്‍ 98 മന്‍ഭവന്‍ നഗര്‍ ആരാധനാ അപ്പാര്‍ട്ട്മെന്റിലെ 201-ാം നമ്പര്‍ ഫ്ളാറ്റില്‍ ഇന്നലെ പുലര്‍ച്ചെ 5.30-നാണു സംഭവം. നഗരത്തിലെ ഭൂമി മാഫിയയാകാം കൊലയ്ക്കു പിന്നിലെന്നു സംശയമുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി മന്ദമരുതി പനന്തോട്ടത്തില്‍ പി. പി മാത്യുവിന്റെ പുത്രനാണ് 25 വര്‍ഷമായി ഇന്‍ഡോറില്‍ താമസിക്കുന്ന സാം മാത്യു.

ഡ്യൂപ്ളിക്കേറ്റ് താക്കോലിട്ടു ഫ്ലാറ്റ് തുറന്ന് അകത്തു കയറിയ രണ്ട് അക്രമികള്‍ ഭാര്യ റെനിയെ മയക്കുമരുന്ന് സ്പ്രേ ചെയ്തു ബോധരഹിതയാക്കിയ ശേഷമാണു കൊല നടത്തിയത്. സാമും ഭാര്യയും ഇളയ മകളും കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു. മൂത്ത മകന്‍ മുകളിലത്തെ നിലയിലെ മുറിയിലും. റെനിക്കു ബോധം തെളിയുമ്പോള്‍ നെറ്റിയിലെ ആഴത്തിലുള്ള മുറിവില്‍നിന്നു ചോര വാര്‍ന്നുവീഴുന്ന നിലയിലായിരുന്നു സാം.

അയല്‍ക്കാരുടെ സഹായത്തോടെ സാമിനെ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും അതിനു മുന്‍പു മരിച്ചു. നേരത്തെ സാമിന്റെ നിലവിളികേട്ട് അയല്‍ക്കാര്‍ ഒാടിയെത്തിയെങ്കിലും അടച്ചിട്ട ഫ്ളാറ്റില്‍നിന്നു പിന്നീട് ഒച്ചയൊന്നും കേള്‍ക്കാത്തതിനാല്‍ മടങ്ങിപ്പോയിരുന്നു. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം ഉച്ചത്തില്‍ പ്രാര്‍ഥന നടത്തുന്ന പതിവുള്ളതിനാല്‍ ആ ശബ്ദമാകും കേട്ടതെന്നാണ് അയല്‍വാസികള്‍ കരുതിയത്.

ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമികള്‍ സാമിനെയും കുടുംബത്തെയും അറിയുന്നവരാകാമെന്നാണു നിഗമനം. ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ അവരുടെ കൈവശം ഉണ്ടായത് അങ്ങനെയാകാമെന്നു സംശയമുണ്ട്. വെള്ളിയാഴ്ച ഒരു ഭൂമി റജിസ്ട്രേഷനായി സാം പോയിരുന്നു. ഒാഫിസില്‍ വന്ന ചില സുഹൃത്തുക്കളുമൊത്തു ജ്യൂസ് കഴിച്ചുവെന്നു പറഞ്ഞ സാം വീട്ടിലെത്തിയശേഷം തുടരെ ഛര്‍ദിച്ചിരുന്നു.

ഇന്‍ഡോറില്‍ ഡ്രാഫ്റ്റ്സ്മാനായിരുന്ന സാം മാത്യു പിന്നീടാണു റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കു തിരിഞ്ഞത്. റെനി റാന്നി മന്ദിരം വൈക്കംകൊട്ടങ്ങല്‍ (കൈപ്പള്ളില്‍) കുടുംബാംഗമാണ്. മകന്‍ ആഷിഷ് സെന്റ് പോള്‍സ് സ്കൂളിലും മകള്‍ കേസിയ സെന്റ് റാഫേല്‍ സ്കൂളിലും പഠിക്കുന്നു. മൃതദേഹം ഇന്ന് ഇന്‍ഡോര്‍ വൈറ്റ് ചര്‍ച്ചിലെ പ്രാര്‍ഥനയ്ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച വലിയകാവ് മന്ദമരുതി ഇന്ത്യന്‍ പെന്തക്കോസ്തല്‍ സെമിത്തേരിയില്‍.

10. കാന്‍സര്‍ ചികിത്സ: കൃത്യതയാര്‍ന്ന സംവിധാനം ഇന്ത്യയിലും
മുംബൈ: കൂടുതല്‍ കൃത്യതയോടെ അര്‍ബുദ കോശങ്ങളെ റേഡിയേഷന്‍ വഴി നശിപ്പിക്കാനാവുന്ന അത്യാധുനിക സംവിധാനം ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്മെന്റ് റിസര്‍ച് ആന്‍ഡ് എജ്യൂക്കേഷന്‍ ഇന്‍ കാന്‍സറില്‍ പ്രവര്‍ത്തനം തുടങ്ങി. കാന്‍സര്‍ ചികില്‍സാ രംഗത്തെ ഏറ്റവും ഫലപ്രദമായമാര്‍ഗങ്ങളിലൊന്നായ ഈ സംവിധാനം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ‘ടോമോ തെറപ്പി സിസ്റ്റം എന്ന ഈ സംവിധാനം വഴി ചുറ്റുമുള്ള കോശങ്ങളെയും അവയവങ്ങളെയും ഒഴിവാക്കി കാന്‍സര്‍ ബാധിച്ച കോശങ്ങളിലേക്ക് മാത്രം കൃത്യമായി റേഡിയേഷന്‍ നടത്താന്‍ കഴിയും. പലതരം കാന്‍സര്‍ ഇതുപയോഗിച്ചു  ചികില്‍സിക്കാനാകും.


Advertisements

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

One response to “പത്രവാര്‍ത്തകള്‍ 02-23-08

 1. Nice blog, especially refreshing to see content that appeals to the Malayalam audience. I would like to introduce you to a quick and easy method of typing Malayalam on the Web.
  You can try it live on our website, in Malayalam!

  http://www.lipikaar.com

  Download Lipikaar FREE for using it with your Blog.

  No learning required. Start typing complicated words a just a few seconds.

  > No keyboard stickers, no pop-up windows.
  > No clumsy key strokes, no struggling with English spellings.

  Supports 14 other languages!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w