പത്രവാര്‍ത്തകള്‍ 29-02-08

2007 മാര്‍ച്ച് 31 വരെയുള്ള ബാങ്കുകടങ്ങള്‍ എഴുതി തള്ളും

ന്യൂഡല്‍ഹി: 2008-’09 പൊതു ബജറ്റ്‌ കേന്ദ്രമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. പ്രതീക്ഷിച്ചതു പോലെ ജനകീയ ബജറ്റാണ് യു.പി.എ അവതരിപ്പിക്കുന്നതെന്നു ആദ്യഘട്ട സൂചനകള്‍. കേരളത്തിനു പ്രയോജപ്രദമായ പല പദ്ധതികളും ചിദംബരം ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. തേങ്ങ, കുരുമുളക്, കശുവണ്ടി എന്നീ നാണ്യ വിളകള്‍ക്ക് 1100 കോടിയുടെ പദ്ധതി. ചെറുകിട കര്‍ഷകരു​െ​ട വായ്പ എഴുതിത്തള്ളും. ഇതിനു പ്രത്യേക പദ്ധതി നടപ്പാക്കും. ഒരു ഹെക്ടര്‍ മുതല്‍ രണ്ടു ഹെക്ടര്‍ വരെയുള്ള ചെറുകിട, ഇടത്തരം കര്‍ഷകരുടെ കാര്‍ഷിക വാ്യ്പ എഴുതിതള്ളും. വന്‍കിട കര്‍ഷകര്‍ക്ക് ഒറ്റത്തവണ കടം തീര്‍പ്പാക്കല്‍ പദ്ധതി. 2007 മാര്‍ച്ച് 31 വരെയുള്ള ബാങ്കുകടങ്ങള്‍ എഴുതി തള്ളും. 2008 ജൂണിനു മൂന്പ് മുഴുവന്‍ കടങ്ങളും എഴുതിതള്ളും. രാജ്യത്തെ ​െമാത്തം ബാങ്കു വായ്പയു​െ​ട നാലു ശതമാനമാണ് ഇങ്ങനെ എഴുതിതള്ളുന്നത്. 60,000 കോടിയാണ് ഇതിനായി മാറ്റിയത്.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക വഴി കര്‍ഷകരോടുള്ള കടപ്പാടണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നതെന്നും ചിദംബരം വ്യക്തമാക്കി. തിരുവനന്തപുരത്ത് തോട്ടവിള ഗവേഷണ കേന്ദ്രം ആരംഭിക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തും. രാജ്യത്ത് പുതുതായി 500 മണ്ണു പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഏലം, തേയില,കുരുമുളക്, റബര്‍ കര്‍ഷകര്‍ക്ക് പ്രത്യേക വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

ഏറ്റവും വെല്ലുവിളി നിറഞ്ഞ വര്‍ഷമാണ്‌ കഴിഞ്ഞു പോകുന്നതെന്ന്‌ ചിദംബരം പറഞ്ഞു. ശരാശരി വളര്‍ച്ച നിരക്ക്‌ എട്ടു ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന്‌ ഏഴാമത്തെ ബജറ്റ്‌ അവതരിപ്പിക്കുന്ന വേളയില്‍ ചിദംബരം ഓര്‍മ്മിപ്പിച്ചു. കര്‍ഷിക മേഖലയിലെ വളര്‍ച്ച നിരക്ക്‌ രണ്ടു ശതമാനമായി.

ഈ വര്‍ഷം 8.8 വളര്‍ച്ച നിരക്ക്‌ പ്രതീക്ഷിക്കുന്നുവെന്ന്‌ ബജറ്റില്‍ ചിദംബരം വ്യക്‌തമാക്കി. നിര്‍മ്മാണ മേഖലയില്‍ 9.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതാണ്‌ പുതിയ ബജറ്റ്‌. സേവനമേഖലയി 10.8 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ക്രിയാത്മക നടപടിയെടുക്കും. ഭക്ഷ്യോത്‌പാദന- കാര്‍ഷിക രംഗത്ത്‌ കൂടുതല്‍ ശക്‌തമായ നടപടികള്‍ സ്വീകരിക്കും.

വിദ്യാഭ്യാസത്തിനു 20 ശതമാനം തുക കൂടുതല്‍ വകയിരുത്തും. നീക്കിയിരുപ്പ് 34,400 കോടി. തിരുവനന്തപുരത്ത് ‘ഐസര്‍’ (ശാസ്ത്ര ഗവേഷണ കേന്ദ്രം)ഈ വര്‍ഷം തുടങ്ങും. യു.പി സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി എല്ലാ ബ്ളോക് പഞ്ചായത്തുകളിലേക്കും വ്യാപിക്കും. 13.9 കോടി കുട്ടികള്‍ക്ക് ഇതി​െ​ന്‍്റ പ്രയോജനം ലഭിക്കും. ജലദൗര്‍ലഭ്യമുള്ള സ്കൂളുകളില്‍ കുടിവെളള പദ്ധതി. ഇതിനായി 200 കോടിയുടെ ആദ്യ ഗഡു നല്‍കും.16 പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കും.

തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 10 കോടി രൂപ നീക്കി വയ്ക്കും. അംഗനവാടി ജീവനക്കാരുടെ ശംബളം 1500 ആയി വര്‍ദ്ധിപ്പിച്ചു. ഹെല്‍പര്‍മാരുടെ ശംബളം 750 ആക്കി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1200 കോടി രൂപ വകയിരുത്തി. എസ്.സി, എസ്.ടി ന്യൂനപക്ഷ ക്ഷേമം നടപ്പാക്കാന്‍ കൂുതല്‍ തുക. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പരിശ്രമിക്കും. ന്യൂനപക്ഷ വിഭാഗക്കാര്‍ കൂടുതലുള്ള 90 ജില്ലകള്‍ക്ക് 540 കോടി രൂപ അനുവദിച്ചു.

ഗ്രാമീണ ആരോഗ്യ മിഷനു 12,500 കോടിയും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ക്ഷേമപദ്ധതിക്ക് 400 കോടിയും അനുവദിച്ചു. ബി.പി.എല്‍ കുടുബങ്ങളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ സൂരക്ഷ പദ്ധതി ഉറപ്പാക്കും. ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം 15 ശതമാനം കൂടി. എയ്ഡ്സ് കണ്‍​‍്ര​​ട്രോള്‍ സൊശെസറ്റിയുടെ പ്രര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ 9,93 കോടി അനുവദിച്ചു.

പൊതു മേഖല ബാങ്കുകളുടെ 288 ശാഖകള്‍ കൂടി വിവിധ മേഖലകളില്‍ ആരംഭിക്കും. വനിതകള്‍ക്കു മാത്രമുള്ള പദ്ധതികള്‍ക്ക് 11,460 കോടി രൂപ. ദേശീയ വിവിര ശൃംഖല സ്ഥാപിക്കാന്‍ 100 കോടി. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് ജലസേചന-ജലവിഭവ കോപ​േ​റഷനുകള്‍ രൂപീകരിക്കും. കൈത്തറി മേഖലയ്ക്കുള്ള വിഹിതം 340 കോടിയാക്കി.

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. വളര്‍ച്ചയില്‍ ഇടിവ്; ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന് സര്‍വെ
ന്യൂഡല്‍ഹി: സാമ്പത്തിക ഉദാരവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും തീവ്രമാക്കണമെന്നും 2007-08ലെ സാമ്പത്തിക സര്‍വെ ശുപാര്‍ശ ചെയ്തു. സാമ്പത്തികവളര്‍ച്ച ഒമ്പത് ശതമാനമായി നിലനിര്‍ത്തണമെങ്കില്‍ വന്‍തോതില്‍ ഉദാരവല്‍ക്കരണം നടപ്പാക്കണമെന്ന് ധനമന്ത്രാലയത്തിന്റെ സര്‍വെ നിര്‍ദേശിക്കുന്നു. വളര്‍ച്ചനിരക്ക് ഒമ്പത് ശതമാനത്തില്‍നിന്ന് 8.7 ശതമാനമായി ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ആക്കി ഉയര്‍ത്തണമെന്നും ആരോഗ്യ-കാര്‍ഷിക ഇന്‍ഷുറന്‍സ് മേഖലയില്‍ 51 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. ചെറുകിട വ്യാപാരത്തിന്റെ എല്ലാ മേഖലകളിലും വിദേശനിക്ഷേപം അനുവദിക്കണം. ആഡംബരവസ്തുക്കള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനമേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കണം. നവരത്ന കമ്പനികളല്ലാത്തതും എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ പൊതുമേഖലാസ്ഥാപനങ്ങളുടെ അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറണം.

ഓഹരിക്കമ്പോളത്തില്‍ ലിസ്റ്റ് ചെയ്യാത്ത എല്ലാ പൊതുമേഖലാ കമ്പനികളും അതില്‍ ഉള്‍പ്പെടുത്തി പത്ത് ശതമാനം ഓഹരിയെങ്കിലും വില്‍ക്കണം. പുനരുദ്ധാരണത്തിന് സാധ്യതയില്ലാത്ത എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും വില്‍ക്കണം. പഴയ എണ്ണക്കിണറുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറണം

ഫാക്ടറി ആക്ടില്‍ ഭേദഗതി വരുത്തി ആഴ്ചയിലെ തൊഴില്‍മണിക്കൂര്‍ 48ല്‍ നിന്ന് 60ആയി ഉയര്‍ത്തണം. മെട്രോ നഗരങ്ങളിലെ ബസ് സര്‍വീസ് പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് കൈമാറണം. വൈദ്യുതിമേഖലയിലും സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തണം.

അമേരിക്കയില്‍ തുടങ്ങിയ സാമ്പത്തികമാന്ദ്യം ലോകസമ്പദ് വ്യവസ്ഥയെത്തന്നെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയെ അതില്‍നിന്ന് രക്ഷിക്കാന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടി മാത്രമാണ് മാര്‍ഗമെന്നാണ് സര്‍വെ പറയുന്നത്.

ആണവോര്‍ജ ഉല്‍പ്പാദനത്തിലും സ്വകാര്യവല്‍ക്കരണം അനുവദിക്കണമെന്ന് അമേരിക്കയുമായുള്ള സിവിലിയന്‍ സഹകരണ കരാറിന്റെ പശ്ചാത്തലത്തില്‍ സര്‍വെ ആവശ്യപ്പെടുന്നു. സ്വകാര്യവല്‍ക്കരണത്തില്‍ ഊന്നുന്ന പുതിയ പെന്‍ഷന്‍ പദ്ധതി മെയ് 31 ഓടെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് സര്‍വെ വിശ്വാസം പ്രകടിപ്പിക്കുന്നു.

കല്‍ക്കരിഖനി ദേശസാല്‍ക്കൃതനിയമത്തില്‍ മാറ്റംവരുത്തണം. പഴയ കല്‍ക്കരിഖനികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറണം. പഞ്ചസാര, രാസവളം, ഔഷധവ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയണം. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കാര്‍ഷിക ബാങ്കുകളില്‍ വിദേശനിക്ഷേപം അനുവദിക്കണം. ഈ ബാങ്കുകള്‍ക്ക് ഗ്രാമീണമേഖലയിലും ചെറിയ നഗരങ്ങളിലും എത്രവേണമെങ്കിലും ശാഖകള്‍ തുറക്കാനുള്ള അനുവാദവും നല്‍കണം. മറ്റ് സ്വകാര്യ ബാങ്കുകളെ ഏറ്റെടുക്കാന്‍ ഈ ബാങ്കുകള്‍ക്ക് അനുവാദം നല്‍കണം.

കാര്‍ഷിമേഖല, ഉല്‍പ്പാദന മേഖല, നിര്‍മ്മാണമേഖല എന്നിങ്ങനെ സുപ്രധാനമേഖലകളിലൊക്കെ തിരിച്ചടിയുണ്ടാകുമെന്ന്് സര്‍വ്വേ പറയുന്നു. വ്യവസായമേഖലയിലും വളര്‍ച്ച പിറകോട്ടാണ്. പണപ്പെരുപ്പ നിരക്ക് 4.1 ശതമാനമായി കുറയും. ഉല്‍പ്പാദന-നിര്‍മാണ വ്യവസായത്തില്‍ 2.5 ശതമാനം ഇടിവാണുണ്ടായത്. ഉരുക്ക് വ്യവസായത്തില്‍ 10 ശതമാനവും. ധനകമ്മി 3.3 ശതമാനമായും റെവന്യൂകമ്മി 1.5 ശതമാനമായും കുറയും. എന്നാല്‍ റെവന്യൂ ചെലവ് പ്രതീക്ഷിച്ചതിനേക്കാളും വര്‍ധിച്ചു. വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുണ്ടായി. വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ വരുമാനം 23.50 ശതമാനം വര്‍ധിച്ചു-സര്‍വേയില്‍ പറയുന്നു. ലോക്സഭയില്‍ ധനമന്ത്രി പി ചിദംബരവും രാജ്യസഭയില്‍ സഹമന്ത്രി പവന്‍കുമാര്‍ ബന്‍സലുമാണ് സര്‍വേ റിപ്പോര്‍ട് അവതരിപ്പിച്ചത്.

2. 4പേര്‍ അറസ്റ്റില്‍ ചേലേമ്പ്ര ബാങ്ക്: 57 കിലോ സ്വര്‍ണം കണ്ടെടുത്തു
മലപ്പുറം: കേരളത്തെ ഞെട്ടിച്ച ചേലേമ്പ്ര ബാങ്ക് കവര്‍ച്ചക്കേസില്‍ ഒരു സ്ത്രീയടക്കം നാലുപേരെ അറസ്റ്റുചെയ്തു. പ്രതികളില്‍നിന്ന് 57.295 കിലോഗ്രാം സ്വര്‍ണവും അഞ്ചരലക്ഷം രൂപയും കണ്ടെടുത്തു.

കവര്‍ച്ചയുടെ സൂത്രധാരന്‍ കോട്ടയം പാല മേലേക്കാവ് വില്ലേജില്‍ ഉള്ളനാട് വാണിയം പുരയ്ക്കല്‍ ജെയ്സണ്‍ എന്ന ജോസഫ് (40), തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരി കടവില്‍ ഹൌസില്‍ രാകേഷ് എന്ന ഷിബു (26), കോഴിക്കോട് മൂടാടി നങ്ങലത്ത് ഹൌസില്‍ രാധാകൃഷ്ണന്‍ (46), ഭാര്യ വടകര പുറമേരി മാലോല്‍ ഹൌസില്‍ കനകേശ്വരി (34) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മൂഴിക്കലിലെ വാടകവീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പരപ്പനങ്ങാടി ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് പി സെയ്തലവിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

പ്രതികള്‍ വിറ്റ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്. 20 ലക്ഷത്തോളം രൂപ പ്രതികള്‍ ചെലവഴിച്ചതായി പൊലീസ് പറഞ്ഞു. 22 കിലോഗ്രാം സ്വര്‍ണം ബാംഗ്ളൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വിറ്റഴിച്ചു.

കഴിഞ്ഞ ഡിസംബര്‍ 31നാണ്് ചേലേമ്പ്ര സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് ശാഖയില്‍നിന്ന് 80 കിലോഗ്രാം സ്വര്‍ണവും 25 ലക്ഷം രൂപയും കവര്‍ന്നത്. മൊത്തം എട്ടേകാല്‍ കോടിയോളം രൂപയുടെ മുതല്‍. ബാങ്കിന്റെ താഴത്തെ നിലയിലെ ഹോട്ടല്‍ വാടകയ്ക്കെടുത്തായിരുന്നു കവര്‍ച്ചയ്ക്ക് ഒരുക്കം നടത്തിയത്. അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ് ഹോട്ടല്‍ പൂട്ടിയിട്ടശേഷം മേല്‍ക്കൂര തുരന്ന് ബാങ്കില്‍ കടക്കുകയായിരുന്നു.

വാഹനമോഷണവും കവര്‍ച്ചയുമടക്കം മുപ്പതോളം കേസില്‍ പ്രതിയാണ് ജെയ്സണ്‍. ഇയാളാണ് കവര്‍ച്ച ആസൂത്രണംചെയ്തത്. സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ചേലേമ്പ്ര ബാങ്ക് തെരഞ്ഞെടുത്തത്. രണ്ടാംപ്രതി ഷിബുവും വാഹനമോഷണ കേസുകളില്‍ പ്രതിയാണ്.

ഇവര്‍ ജയിലില്‍വച്ചാണ് പരിചയപ്പെട്ടത്. മൂന്നാംപ്രതി രാധാകൃഷ്ണനെയും ഭാര്യ കനകേശ്വരിയെയും മൂന്നാറില്‍വച്ചാണ് ജെയ്സണ്‍ പരിചയപ്പെടുന്നത്. കനകേശ്വരിയുമായുള്ള അടുപ്പം സൌഹൃദത്തിന് അപ്പുറമുള്ളതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കനകേശ്വരി ഒഴികെയുള്ള മൂന്നുപേരും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കും കളവുമുതല്‍ വില്‍പ്പനയ്ക്കും സഹായിച്ചെന്ന കുറ്റമാണ് കനകേശ്വരിക്കെതിരെ.

ജെയ്സണ്‍ ഹോട്ടല്‍ വാടകയ്ക്കെടുക്കാന്‍ അഡ്വാന്‍സ് നല്‍കിയ തുക, മൊബൈല്‍ഫോണ്‍ കോളുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണവും അന്വേഷണവുമാണ് പ്രതികളെ കണ്ടെത്താന്‍ വഴിയൊരുക്കിയത്. വിവിധ കമ്പനികളുടെ 20 ലക്ഷം ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചു.

കേസില്‍ ഇനിയും പ്രതികളുണ്ടാകാമെന്ന് ഡിജിപി കെ എസ് ജങ്പാംഗി സൂചിപ്പിച്ചു. മലപ്പുറം എസ്പി പി വിജയന്റെ നേതൃത്വത്തില്‍ 27 പേരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

ബോളിവുഡിനെ വെല്ലുന്ന കവര്‍ച്ച; കടത്തിവെട്ടിയ അന്വേഷണം
മലപ്പുറം: ബോളിവുഡ് സിനിമയെ വെല്ലുന്ന ഓപ്പറേഷനായിരുന്നു ചേലേമ്പ്ര ബാങ്ക് മോഷണം. കവര്‍ച്ചയ്ക്ക് പ്രചോദനം കഴിഞ്ഞവര്‍ഷത്തെ ഹിറ്റ് ഹിന്ദി സിനിമ ‘ധൂം’ ആണെന്നാണ് മുഖ്യപ്രതി ജെയ്സണ്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍, ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ കേരള പൊലീസ് അതിവിദഗ്ധ കവര്‍ച്ചയെ കടത്തിവെട്ടി. കവര്‍ച്ച നടന്ന് രണ്ടു മാസം തികയുംമുമ്പ് പ്രതികള്‍ വലയില്‍.

‘ധൂമി’ല്‍ നായകന്‍ ജോണ്‍ എബ്രഹാം കെട്ടിടത്തിന്റെ മുകള്‍ നിലയിലെ കോണ്‍ക്രീറ്റ് മുറിച്ച് താഴത്തെ നിലയിലെ ബാങ്കില്‍ കടന്നാണ് കവര്‍ച്ച നടത്തുന്നത്. ചേലേമ്പ്രയിലാകട്ടെ താഴെത്തെ നിലയില്‍നിന്ന് മുകളിലേക്ക് ദ്വാരമുണ്ടാക്കി കവര്‍ച്ച നടത്തി.

കവര്‍ച്ചയ്ക്ക് രണ്ടു മാസത്തെ ആസൂത്രമാണ് ജെയ്സണ്‍ നടത്തിയത്. താഴെനിന്ന് മുകളിലത്തെ നിലയിലേക്ക് കോണ്‍ക്രീറ്റ് തുരന്നുള്ള കവര്‍ച്ച കേരളത്തില്‍ ആദ്യമാണ്. ഇന്ത്യയില്‍ത്തന്നെ ഇത്തരത്തില്‍ നടന്ന കവര്‍ച്ച രണ്ടെണ്ണംമാത്രം. അവയെന്നും തെളിയിക്കപ്പെട്ടില്ല.

2007 ഡിസംബര്‍ 29ന് വൈകിട്ട് ആറുമുതല്‍ 31ന് പുലര്‍ച്ച വരെ ഒന്നര ദിവസം നീണ്ടതായിരുന്നു ഓപ്പറേഷന്‍. 31ന് പുലര്‍ച്ചെയാണ് കളവുമുതല്‍ വണ്ടിയില്‍ കടത്തിയത്. എന്‍ജിനിയറിങ് വൈദഗ്ധ്യത്തോടെയായിരുന്നു കവര്‍ച്ച. തെളിവ് അവശേഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉപയോഗിച്ച ഉപകരണങ്ങളൊന്നും സംഭവസ്ഥലത്തുനിന്ന് കണ്ടെടുക്കാനായില്ല. പൊലീസിനെ വഴിതെറ്റിക്കാന്‍ ബാങ്കില്‍ മാവോ മുദ്രാവാക്യം എഴുതിവച്ചു. ഹൈദരാബാദിലെ ഹോട്ടലില്‍ പ്രതികളുണ്ടെന്ന് വിവരം നല്‍കുകയും തൊണ്ടിമുതലില്‍ ഒരു ഭാഗം അവിടെ ഉപേക്ഷിക്കുകയും ചെയ്തു. നക്സല്‍ സ്പര്‍ശം നല്‍കി അന്വേഷണം വഴിതിരിച്ചു വിടുകയായിരുന്നു ലക്ഷ്യം. സ്ഫോടകവസ്തുവിന്റെ സാന്നിധ്യം ഈ സംശയം വര്‍ധിപ്പിച്ചിരുന്നു.

കാര്യമായ തെളിവോ തുമ്പോ സംശയിക്കുന്നവരോ ഇല്ലാതിരുന്നതിനാല്‍ അന്വേഷണം ശൂന്യതയില്‍നിന്നാണ് തുടങ്ങിയതെന്നുപറയാം. കുറ്റവാളികളിലേക്കു നയിക്കുന്ന ഒരു സാധ്യതയുമുണ്ടായിരുന്നില്ല. എന്നാല്‍, അഡീഷണല്‍ ഡിജിപി കെ എസ് ജങ്പംഗിയും ഐ ജി വിജയാനന്ദും ലഭ്യമായ സൂചനകള്‍വച്ച് നടത്തിയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. കിട്ടുന്ന എല്ലാ വിവരവും പരിശോധിച്ച്, തെറ്റെന്നു തെളിയുന്നത് ഒഴിവാക്കിയുള്ള നിര്‍ധാരണരീതി. മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് പി വിജയന്റെ നേതൃത്വത്തില്‍ 27 പേരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ടത്. ഇവരെ ചെറു സംഘങ്ങളാക്കി പ്രത്യേക ചുമതല നല്‍കി.

ബാബുവെന്ന് പരിചയപ്പെടുത്തിയ ആളാണ് കെട്ടിടം വാടകയ്ക്കെടുത്തത് എന്നു മാത്രമേ ഉടമയ്ക്കും പറയാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, ഇദ്ദേഹം നല്‍കിയ സൂചനകള്‍ അടിസ്ഥാനമാക്കി ജെയ്സണിന്റെ രേഖാചിത്രം തയ്യാറാക്കി. ജെയ്സണ്‍ കെട്ടിട ഉടമയെ വിളിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ലഭിച്ചെങ്കിലും അതിന്റെ വിലാസം വ്യാജമായിരുന്നു. ചില സൂചനകള്‍മാത്രംവച്ച് മൊബൈല്‍ കോളുകള്‍ പൊലീസ് നിരീക്ഷിച്ചു. വിവിധ കമ്പനികളുടേതായി 20 ലക്ഷം കോളുകളാണ് നിരീക്ഷിച്ചത്. കേസന്വേഷണ ചരിത്രത്തില്‍ ഇത് അപൂര്‍വം.

അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നതിനാല്‍ ആയിരക്കണക്കിനു പേരാണ് വിവരം നല്‍കിയത്. അന്വേഷണം വഴിതെറ്റിക്കാന്‍ തെറ്റായ വിവരങ്ങളും ചിലര്‍ നല്‍കി. ബാംഗ്ളൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, നെല്ലൂര്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടനവധി സ്ഥലങ്ങളില്‍ സംഘം അന്വേഷണത്തിനു പോയി. അന്വേഷണം തുടരുകയാണെന്നാണ് അഡീഷണല്‍ ഡിജിപി പറഞ്ഞത്. അവശേഷിക്കുന്ന തൊണ്ടിമുതലില്‍ ഭൂരിഭാഗവും കണ്ടെത്താനാകുമെന്നുതന്നെയാണ് പൊലീസിന്റെ വിശ്വാസം. ശക്തമായ നേതൃത്വവും കൂട്ടായ പ്രവര്‍ത്തനവുമാണ് അന്വേഷണവിജയത്തില്‍ നിര്‍ണായകമായത്.

പരിശോധിച്ചത് 20 ലക്ഷം കോള്‍
മലപ്പുറം: ചേലേമ്പ്ര ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികളെ പിടികൂടിയത് കേരളത്തിലെ ശാസ്ത്രീയ-സൈബര്‍ കുറ്റാന്വേഷണത്തില്‍ നാഴികക്കല്ലായി. 20 ലക്ഷത്തോളം ഫോണ്‍കോള്‍ നിരീക്ഷിച്ചത് കുറ്റാന്വേഷണചരിത്രത്തില്‍ അത്യപൂര്‍വം. ലോക പ്രശസ്ത കുറ്റാന്വേഷണ ഏജന്‍സിയായ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ അന്വേഷണവഴികളില്‍പ്പോലും കാണാത്തത്. സൈബര്‍ സാങ്കേതികവിദ്യയുടെ മികവ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും തുണയായി.

മുഖ്യപ്രതിയുടെ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് ലഭിച്ചത് ആയിരക്കണക്കിനു സന്ദേശങ്ങളാണ്. പ്രതി വലയിലായതോടെ രേഖാചിത്രത്തിന്റെ പ്രസക്തിയും വ്യക്തതയും പൊലീസിനു ബോധ്യമായി. മുഖ്യപ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം തയ്യാറാക്കിയത് മലപ്പുറം പൊലീസ് കമ്പ്യൂട്ടര്‍ സെല്ലിലെ എസ്ഐ എം അന്‍വര്‍ ഹുസൈനാണ്. തുടക്കത്തില്‍ തേഞ്ഞിപ്പലം പൊലീസാണ് രേഖാചിത്രത്തിന്റെ മാതൃക നല്‍കിയത്. പിന്നീട് കെട്ടിട ഉടമ മലപ്പുറം വേങ്ങരയിലെ പി കുഞ്ഞീതുഹാജി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ ചിത്രം തയ്യാറാക്കി.

രേഖാചിത്രത്തിലെ വട്ടത്തൊപ്പി കെട്ടിട ഉടമ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു ചിത്രത്തിനു നല്‍കിയത്. എന്നാല്‍, പിടിയിലായ പ്രധാനപ്രതി ജെയ്സണ്‍ എന്ന ജോസ്് സണ്‍ഷേഡുള്ള തൊപ്പിയാണ് പിടിക്കപ്പെടുമ്പോള്‍ ഉപയോഗിച്ചത്. രേഖാചിത്രം വന്നതോടെയാണ് തൊപ്പിയുടെ രൂപം പ്രതി മാറ്റിയതെന്നു കരുതുന്നു. പ്രതിയുടെ കണ്ണും മൂക്കും ചുണ്ടും രേഖാചിത്രത്തിലേതിനു സമാനമാണെന്ന് എസ്ഐ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. കണ്ണിനു മുകളിലേക്കുമാത്രമേ അല്‍പ്പം വ്യത്യാസമുള്ളൂ.

മലപ്പുറത്ത് രണ്ടാംതവണയാണ് കമ്പ്യൂട്ടര്‍ചിത്രം തയ്യാറാക്കി പ്രതിയെ പിടികൂടുന്നത്. നേരത്തെ മലപ്പുറം കോഡൂരില്‍ നടന്ന കൊലക്കേസിലെ പ്രതിയെയും പിടികൂടാനായത് എസ്ഐ അന്‍വര്‍ ഹുസൈന്‍ വരച്ച രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ‘പോര്‍ട്രേറ്റ് ബില്‍ഡിങ് സിസ്റം’ എന്ന സോഫ്്റ്റ്വെയറാണ് രേഖാചിത്ര നിര്‍മാണത്തിന് ഉപയോഗിച്ചത്. തിരുവനന്തപുരത്തെ എസ്സിആര്‍ബി (സ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോ) ട്രെയ്നിങ് സെന്ററാണ് പൊലീസ് കമ്പ്യൂട്ടര്‍ സെല്ലുകള്‍ക്ക് പരിശീലനം നല്‍കുന്നത്.

3. ചാര്‍ട്ട് പരിഷ്കരിക്കാന്‍ മില്‍മയോട് ആവശ്യപ്പെട്ടു
തിരു: ക്ഷീരകര്‍ഷകര്‍ക്ക് മതിയായ ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ ചാര്‍ട്ട് പരിഷ്കരിക്കാന്‍ മില്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സി ദിവാകരന്‍ സബ്മിഷനു മറുപടിയായി നിയമസഭയില്‍ പറഞ്ഞു. മില്‍മയുടെ നിലവിലുള്ള ചാര്‍ട്ട് പ്രകാരം ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടത്ര ആനുകൂല്യം ലഭിക്കുന്നില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കാലിത്തീറ്റയുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കരുതെന്നും മില്‍മയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേമനിധിയിലേക്ക് തുക നല്‍കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കും.

കര്‍ഷകര്‍ക്കുവേണ്ടിയാണ് വിലവര്‍ധനയെന്ന മില്‍മയുടെ വാദം ശരിയല്ലെന്നും കര്‍ഷകന് ലിറ്ററിന് 16 രൂപയെങ്കിലും ന്യായമായും ലഭിക്കണമെന്നും സബ്മിഷന്‍ ഉന്നയിച്ച സി കെ പി പത്മനാഭന്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍നിന്ന് 15 രൂപയ്ക്ക് പാല്‍ വാങ്ങുന്ന മില്‍മ കര്‍ഷകര്‍ക്ക് 16 രൂപ നല്‍കുന്നതിന് മടികാണിക്കേണ്ടതില്ലെന്നും സി കെ പി പറഞ്ഞു.

4ന് കര്‍ഷകസംഘം മാര്‍ച്ച് പാല്‍വില: കൃഷിക്കാരന് ലിറ്ററിന് 16 രൂപ നല്‍കണം
തിരു: ഒരു ലിറ്റര്‍ പാലിന് കൃഷിക്കാരന് 16 രൂപവീതം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം നേതൃത്വത്തില്‍ മാര്‍ച്ച് നാലിന് എല്ലാ ജില്ലയിലും ക്ഷീരകര്‍ഷകര്‍ മില്‍മ ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്യും.

പച്ചവെള്ളത്തിന്റെ വിലപോലും നല്‍കാതെ മില്‍മ ക്ഷീരകര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് കേരള കര്‍ഷകസംഘം സംസ്ഥാനസെക്രട്ടറി സി കെ പി പത്മനാഭന്‍ എംഎല്‍എ പറഞ്ഞു. പാല്‍ ഉല്‍പ്പാദകരെ സംരക്ഷിക്കാനെന്നു പ്രചരിപ്പിച്ച് ഈയിടെ മൂന്നുതവണയായി മില്‍മ പാല്‍വിലയില്‍ ലിറ്ററിന് നാലുരൂപ വര്‍ധിപ്പിച്ചു. ക്ഷീരകര്‍ഷകന് നല്‍കിയത് 2.80 രൂപ മാത്രമാണ്. എന്നാല്‍, ഇതേ കാലയളവില്‍ കാലിത്തീറ്റ കിലോയ്ക്ക് 1.65 രൂപ മില്‍മ വര്‍ധിപ്പിച്ചു. ഈ വര്‍ധന കണക്കിലെടുത്താല്‍ പാല്‍വില വര്‍ധനവഴി 1.15 രൂപ മാത്രമാണ് കൃഷിക്കാരന് കിട്ടിയത്. കൊഴുപ്പ്, കൊഴുപ്പിതര ഘടകം തുടങ്ങിയ മാനദണ്ഡങ്ങളുടെ പേരില്‍ പാല്‍വില കുറച്ച് കൃഷിക്കാരെ കബളിപ്പിക്കുന്നു.

ടോണ്‍ഡ്പാല്‍ എന്ന പേരില്‍ 19 രൂപയ്ക്കും റിച്ച് എന്ന പേരിട്ട് ഇതേ പാല്‍ 22 രൂപയ്ക്കും വിറ്റ് ഉപഭോക്താക്കളെ മില്‍മ കൊള്ളയടിക്കുന്നു. ഒരുലിറ്റര്‍ പാലില്‍ 5.49 രൂപയാണ് മില്‍മ വരുമാനമുണ്ടാക്കുന്നത്. 20 ശതമാനംമാത്രം ലാഭമെടുക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഈ കൊള്ള. കര്‍ണാടക പാലിന് 15.50 രൂപ നല്‍കാന്‍ മില്‍മയ്ക്ക് മടിയില്ല. ഈ വില കേരളത്തിലെ കൃഷിക്കാര്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുന്നു. പത്തുവര്‍ഷംകൊണ്ട് പാല്‍വില്‍പ്പന വില 125 ശതമാനവും കാലിത്തീറ്റ വില 325 ശതമാനവുമാണ് മില്‍മ വര്‍ധിപ്പിച്ചത്.

കേരളത്തിനാവശ്യമായ പാല്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിന് ക്ഷീരകര്‍ഷകരായ 12 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി പാല്‍ ഉല്‍പ്പാദനപ്ളാന്‍ തയ്യാറാക്കണം. ഇതുവഴി കേരളത്തിന് വേണ്ടിവരുന്ന 85 ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

മില്‍മയുടെ കൊള്ളക്കെതിരെയും കൃഷിക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെയും നടത്തുന്ന മാര്‍ച്ചില്‍ ക്ഷീരകര്‍ഷകരും സഹകാരികളും പങ്കെടുക്കണമെന്ന് സി കെ പി അഭ്യര്‍ഥിച്ചു.

4. കാര്‍ഷികവളര്‍ച്ച 2.6 ശതമാനം രാജ്യം ഭക്ഷ്യപ്രതിസന്ധിയിലേക്ക്
ന്യൂഡല്‍ഹി: കാര്‍ഷികവളര്‍ച്ചനിരക്ക് വീണ്ടും താഴേക്ക്. ഭക്ഷ്യോല്‍പ്പാദനം ലക്ഷ്യത്തേക്കാള്‍ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 3.8 ശതമാനമായിരുന്ന കാര്‍ഷികവളര്‍ച്ചനിരക്ക് 2007-08 ല്‍ 2.6 ശതമാനമായി കുറഞ്ഞു. പതിനൊന്നാംപദ്ധതിയില്‍ കാര്‍ഷികവളര്‍ച്ചനിരക്ക് 2.4 ശതമാനമായിരിക്കുമെന്നും ഇന്ത്യാ ഗവര്‍മെണ്ടിന്റെ സാമ്പത്തിക സര്‍വെ പ്രവചിക്കുന്നു.

2007-08ല്‍ 22.15കോടി ടണ്‍ ഭക്ഷ്യോല്‍പ്പാദനം ലക്ഷ്യമിട്ടിരുന്നെങ്കിലും 21.93കോടി ടണ്‍ മാത്രമേ നേടാന്‍ കഴിയൂ. ജനസംഖ്യാ വളര്‍ച്ചനിരക്കിനേക്കാള്‍ താഴെയാണ് ഭക്ഷ്യോല്‍പ്പാദന വളര്‍ച്ചനിരക്ക്. വമ്പിച്ച ഭക്ഷ്യപ്രതിസന്ധിയാണ് രാജ്യത്തെ തുറിച്ചുനോക്കുന്നതെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.

ജനസംഖ്യാ വളര്‍ച്ചനിരക്കായ 2.1 ശതമാനത്തേക്കാള്‍ കൂടിയ 2.5 ശതമാനം വളര്‍ച്ച ഭക്ഷ്യോല്‍പ്പാദനമേഖലയിലുണ്ടായിരുന്ന ഇന്ത്യക്ക് ഇപ്പോള്‍ ശരാശരി 1.9 ശതമാനം വളര്‍ച്ചയേ നേടാനാകുന്നുള്ളു. 1990ല്‍ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം 468 ഗ്രാം ആയിരുന്നത് 2007 ആകുമ്പോള്‍ 412 ഗ്രാം ആയി കുറഞ്ഞു.

ജലസേചനസൌകര്യമില്ലാത്തതാണ് ഈ ഇടിവിന് കാരണമെന്നുപറയുന്ന സര്‍വെ മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ രണ്ടാം ഹരിതവിപ്ളവം ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു. കാര്‍ഷികമേഖലയില്‍ പൊതുനിക്ഷേപം കുറഞ്ഞതും തകര്‍ച്ചയ്ക്കു കാരണമായി. സ്വകാര്യനിക്ഷേപമുണ്ടാകാത്തത് ലാഭം കുറവായതിനാലാണ്. ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍, രാഷ്ട്രീയ കൃഷിവികാസ് യോജന എന്നിവ പ്രഖ്യാപിച്ച് തുക നീക്കിവച്ചിട്ടും ഈ രംഗത്ത് വളര്‍ച്ച നേടാനാകുന്നില്ലെന്ന് അവലോകനം ചൂണ്ടിക്കാട്ടുന്നു.

മികച്ച മണ്‍സൂണ്‍ ലഭിച്ചിട്ടും കാര്‍ഷികവളര്‍ച്ചനിരക്ക് കുറഞ്ഞത് അപകടമാണ്. അരി ഉല്‍പ്പാദനത്തില്‍മാത്രമാണ് ഉയര്‍ച്ച പ്രതീക്ഷിക്കുന്നത്. 9.30കോടി ടണ്‍ ലക്ഷ്യമിട്ടതില്‍ 9.41കോടി ടണ്‍ ഉല്‍പ്പാദനമുണ്ടാകുമെന്നു കണക്കാക്കുന്നു. ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനം ലക്ഷ്യമിട്ടതിനേക്കാള്‍ താഴേക്കാണ്. ഭക്ഷ്യധാന്യക്കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും കുറയുന്നു.

5. വളര്‍ച്ചയിലെ തിരിച്ചടിയുടെ മറവില്‍ ചിദംബരം രാജ്യവില്‍പ്പനയ്ക്ക്
ന്യൂഡല്‍ഹി: സാമ്പത്തികവളര്‍ച്ചയിലെ തിരിച്ചടി കൂടുതല്‍ പരിഷ്കാരങ്ങള്‍ക്കുള്ള ചവിട്ടുപടിയാക്കാന്‍ യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നു. കാര്‍ഷിമേഖല, ഉല്‍പ്പാദന മേഖല, നിര്‍മാണമേഖല എന്നിങ്ങനെ സുപ്രധാനമേഖലകളിലൊക്കെ തിരിച്ചടിയുണ്ടാകുമെന്ന്് സാമ്പത്തിക സര്‍വെ പറയുന്നു. നിര്‍മാണമേഖലയിലെ വളര്‍ച്ച 12ല്‍ നിന്ന് 9.6 ശതമാനവും ഉല്‍പ്പാദനമേഖലയിലേത് 12ല്‍ നിന്ന് 9.4 ശതമാനവുമാകും. റിയല്‍ എസ്റ്റേറ്റ് രംഗത്തും തിരിച്ചടി പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരം, ഊര്‍ജം തുടങ്ങി ചുരുക്കം മേഖലകളില്‍മാത്രമേ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയുണ്ടാകൂ.

പതിനൊന്നാം പദ്ധതികാലത്തെ ഒമ്പത് ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള കുറുക്കുവഴിയായി കൂടുതല്‍ പരിഷ്കാരങ്ങളാണ് നിര്‍ദേശിക്കുന്നത്്. സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും തീവ്രമാക്കണമെന്നാണ് ചിദംബരം നല്‍കുന്ന ഉപദേശം. സര്‍ക്കാരിന്റെ മുന്നില്‍ കഷ്ടിച്ച് ഒരു വര്‍ഷംമാത്രം ശേഷിക്കെ റീട്ടെയില്‍ രംഗത്ത് എഫ്ഡിഐ, ഇന്‍ഷുറന്‍സ് രംഗത്ത് എഫ്ഡിഐ വര്‍ധന തുടങ്ങി തന്റെ പ്രിയപ്പെട്ട പദ്ധതികളൊക്കെ നടപ്പാക്കാന്‍ ചിദംബരം ശ്രമിക്കുമെന്ന് തീര്‍ച്ച. പ്രധാനമന്ത്രിയുടെ എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ ലഭിക്കും. സോണിയയെയും കോണ്‍ഗ്രസിലെ മറ്റ് മുതിര്‍ന്ന നേതാക്കളെയും ഒപ്പം നിര്‍ത്തുന്നതിനാണ് പരിഷ്കാരങ്ങള്‍ തീവ്രമാക്കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശം ചിദംബരം നല്‍കുന്നത്.

എന്നാല്‍, ഇതുവരെ കടുത്ത പരിഷ്കാരങ്ങള്‍ക്ക് മുതിരാതിരുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണംചെയ്തുവെന്ന് ചിദംബരം പരോക്ഷമായി സമ്മതിക്കുന്നു. സാമ്പത്തികപരിഷ്കരണ പ്രക്രിയയോട് വളരെ കരുതലോടെയും ശ്രദ്ധയോടെയും സമീപിച്ചതിനാലാണ് അമേരിക്കന്‍ പ്രതിസന്ധിയെ അതിജീവിക്കാനായതെന്ന് സര്‍വെയില്‍ പറയുന്നു. മാത്രമല്ല സാമ്പത്തികരംഗത്ത് സ്ഥിരത ഉറപ്പുവരുത്തുന്നതിന് ഉചിതമായ സുരക്ഷാ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതും ഗുണകരമായെന്ന് ചിദംബരം അവകാശപ്പെടുന്നു.

5. ഓരോ ഇന്ത്യക്കാരനും 22,647 രൂപയുടെ കടം
ന്യൂഡല്‍ഹി: ഒരോ ഇന്ത്യക്കാരന്റെയും ആളോഹരികടം 22,647 രൂപയായി വര്‍ധിച്ചു. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ബാധ്യതയെ ജനസംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന കണക്കാണിത്. ആഗോളവല്‍ക്കരണത്തിന് തുടക്കമിട്ട 1990-91 കാലയളവില്‍ ആളോഹരികടം 3500 രൂപയായിരുന്നു.

നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ ബാധ്യത 27,44,442 കോടി രൂപയാണ്. മുന്‍വര്‍ഷം 25,36,464 കോടിയായിരുന്നു. ഒരു വര്‍ഷംകൊണ്ട് ബാധ്യതയില്‍ 2,07,978 കോടി രൂപയുടെ വര്‍ധനയുണ്ടായി.

ആകെ ബാധ്യതയില്‍ 26,33,197 കോടി രൂപ ആഭ്യന്തര ബാധ്യതയും 1,11,245 കോടിരൂപ വിദേശകടവുമാണ്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) 2007-08ല്‍ 46,93,602 കോടി രൂപയാകുമെന്നാണ് സര്‍വെയിലെ പ്രവചനം. രാജ്യത്തിന്റെ മൊത്തം ബാധ്യത ജിഡിപിയുടെ പകുതിയോളം വരും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നടപ്പുസാമ്പത്തിക വര്‍ഷം വിപണി കൈമാറ്റ നിരക്കിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഒരു ട്രില്യണ്‍ (പതിനായിരം കോടി) അമേരിക്കന്‍ ഡോളര്‍ കടക്കുമെന്ന് സര്‍വെ പറയുന്നു.

സര്‍വെപ്രകാരം സേവനമേഖലയില്‍ വളര്‍ച്ച തുടരുകയാണ്. ഇതില്‍തന്നെ 15.3 ശതമാനം വളര്‍ച്ചയോടെ ഗതാഗത രംഗവും വാര്‍ത്താവിനിമയ രംഗവുമാണ് മുന്നില്‍. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ബിസിനസ് സേവനങ്ങള്‍ എന്നീ മേഖലകള്‍ 2006-07 വര്‍ഷം 13.9 ശതമാനം വളര്‍ച്ച കൈവരിച്ചു.

ധനകമ്മി 2007-08ല്‍ ജിഡിപിയുടെ 3.2 ശതമാനമായി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. മുന്‍വര്‍ഷം ഇത് 3.4 ശതമാനമായിരുന്നു. 2006-07 ല്‍ സര്‍ക്കാരിന്റെ റെവന്യൂവരുമാനത്തില്‍ വര്‍ധനയുണ്ടായി. നികുതിവരുമാനം ജിഡിപിയുടെ 10.5 ശതമാനമായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് ജിഡിപിയുടെ 9.7 ശതമാനമായിരുന്നു.

രാജ്യത്തെ ഭക്ഷ്യധാന്യശേഖരം തൃപ്തികരമാണെന്ന് സര്‍വെ അവകാശപ്പെടുന്നു. 11.5 ദശലക്ഷം ടണ്‍ അരിയും 7.7 ദശലക്ഷം ടണ്‍ ഗോതമ്പും ശേഖരിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശേഖരത്തില്‍ കുറവുവന്നിട്ടുണ്ടെങ്കിലും വിദേശ ഇറക്കുമതി കൂടിയാകുമ്പോള്‍ ആവശ്യത്തിന് ശേഖരമാകുമെന്ന് പറയപ്പെടുന്നു.

6. കാര്‍ഷികപരാജയം തുറന്നുകാട്ടുന്ന സര്‍വെ: സി പി ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: രാജ്യം വന്‍ സാമ്പത്തികവളര്‍ച്ച നേടിയെന്ന് അവകാശപ്പെടുമ്പോഴും അതിന്റെ നേട്ടം കാര്‍ഷികമേഖലയ്ക്ക് ലഭിച്ചില്ലെന്ന് സമ്മതിക്കുന്നതാണ് സാമ്പത്തിക സര്‍വെയെന്ന് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം അധ്യാപകന്‍ ഡോ. സി പി ചന്ദ്രശേഖര്‍ പറഞ്ഞു. ഒമ്പത് ശതമാനത്തോളം സാമ്പത്തികവളര്‍ച്ച നേടുമ്പോള്‍ കാര്‍ഷികമേഖലയിലെ വളര്‍ച്ച 2.6 ശതമാനം മാത്രമാണ്. ഈ തകര്‍ച്ചയ്ക്ക് മണ്‍സൂണിനെ പഴിക്കുമ്പോഴും യഥാര്‍ഥ കാരണം കാര്‍ഷികമേഖലയില്‍ പൊതുനിക്ഷേപം നടത്താത്തതാണെന്ന് സര്‍വെയിലൂടെ സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു.

അഞ്ചുകോടി പുതിയ തൊഴില്‍ സൃഷ്ടിച്ചെന്നും അവകാശവാദമുണ്ട്. എന്നാല്‍ ഈ തൊഴിലിന്റെ രൂപമെന്തെന്ന് സര്‍വെ പറയുന്നില്ല. ഗുണം കുറഞ്ഞ താല്‍ക്കാലികസ്വഭാവമുള്ള തൊഴിലാണ് പുതിയതായി രൂപംകൊള്ളുന്നത്. ഇത്തരം തൊഴിലുകള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഇല്ല. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ മുപ്പതുലക്ഷം വീട്ടുവേലക്കാരുണ്ടായി. അതുകൊണ്ടുതന്നെ അഞ്ചുകോടി തൊഴില്‍ സൃഷ്ടിച്ചെന്നത് പൊള്ളയായ അവകാശവാദമാണ്.

നിക്ഷേപവും നികുതിവരുമാനവും വര്‍ധിച്ചെന്നത് വസ്തുതയാണ്. വന്‍കിട കോര്‍പറേറ്റുകളുടെ സമ്പാദ്യമാണ് വര്‍ധിച്ചത്. സാധാരണക്കാരുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. നാലുവര്‍ഷമായി നടപ്പാക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികളുടെ ദോഷങ്ങള്‍ കണ്ടുതുടങ്ങിക്കഴിഞ്ഞു. എന്നിട്ടും ഈ പരിഷ്കാരങ്ങള്‍ തുടരണമെന്നാണ് സാമ്പത്തിക സര്‍വെ പറയുന്നത്-ചന്ദ്രശേഖര്‍ പറഞ്ഞു.

7. ഒഴിയില്ലെന്ന് മുഷറഫ് പ്രസിഡന്റാകില്ലെന്ന് നവാസ് ഷെറീഫ്
ഇസ്ളാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ്. പ്രസിഡന്റ് പര്‍വേസ് മുഷറഫ് രാജിവച്ചാല്‍ മാത്രമേ തന്റെ പാര്‍ടിയായ പിഎംഎല്‍(എന്‍) പാക് മന്ത്രിസഭയില്‍ ചേരൂവെന്നും അദ്ദേഹം വ്യക്തമാക്കി. നവാസ് ഷെറീഫ് പ്രസിഡന്റായേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും പിഎംഎല്‍(എന്‍) പിപിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് നവാസ് ഷെറീഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച ജമാ അത്തെ ഇസ്ളാമിയടക്കമുള്ള സര്‍വകക്ഷി ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍നിന്ന് ഒരാള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാം. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ആവശ്യമാണ്.

ഭരണഘടന ലംഘിച്ച പട്ടാള സ്വേഛാധിപതികള്‍ക്കെതിരെ നടപടി വേണമെന്ന് നവാസ് ഷെറീഫ് ആവശ്യപ്പെട്ടു. ജഡ്ജിമാരെ സസ്പെന്‍ഡ് ചെയ്തതിനും അറസ്റ് ചെയ്തതിനും മാധ്യമങ്ങളെ നിയന്ത്രിച്ചതിനും തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിനും ഉത്തരവാദിയായ ഒരാള്‍ ഒരു സര്‍ക്കാരിന് പ്രതീക്ഷയുണര്‍ത്തുന്ന പങ്കാളിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ പിപിപി, പിഎംഎല്‍(എന്‍), അവാമി നാഷണല്‍ പാര്‍ടി എന്നിവ ബുധനാഴ്ച യോഗം ചേര്‍ന്ന് പുതിയ പാര്‍ലമെന്റ് ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഷറഫിന്റെ പിന്തുണയുള്ള പിഎംഎല്‍(ക്യു)വിനെ തറപറ്റിച്ച മൂന്നു കക്ഷികള്‍ക്കുംകൂടി മൂന്നില്‍ രണ്ടിനടുത്ത് ഭൂരിപക്ഷമുണ്ട്. മുഷറഫ് ജനവിധി മാനിച്ച് രാജിവയ്ക്കണമെന്ന് യോഗശേഷം നവാസ് ഷെറീഫ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് പിഎംഎല്‍(ക്യു) നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മുഷറഫ് താന്‍ സ്ഥാനം ഒഴിയില്ലെന്നു വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കുന്നതിനും പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനും പ്രസിഡന്റിനുള്ള അധികാരം എടുത്തുകളയാന്‍ അനുവദിക്കില്ലെന്നും മുഷറഫ്-പിഎംഎല്‍(ക്യു) യോഗം തീരുമാനിച്ചതായി പിഎംഎല്‍(ക്യു) വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഡോണ്‍’ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സമ്മര്‍ദംമൂലം മുഷറഫിനെ നിലനിര്‍ത്താന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പിപിപി തയ്യാറാണെന്നാണ് സൂചന.

1. നഗരവികസനത്തിന് ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയാറാക്കുന്നു
തൊടുപുഴ: കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ നേത്യത്വത്തില്‍ നഗര വികസനത്തിനു ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയാറാകുന്നു. തിരുവന്തപുരം,കൊല്ലം,കൊച്ചി,തൃശൂര്‍,കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളിലാണു പദ്ധതിക്കു വേണ്ടി തിരുവനന്തപുരം ഭൌമ ശാസ്ത്ര കേന്ദ്രം ഭൂപടം തയാറാക്കുന്നത്.

രണ്ടു ഘട്ടമായുള്ള പരിപാടിയുടെ ആദ്യഘട്ടത്തില്‍ ഉപഗ്രഹ സഹായത്തോടെ അടിസ്ഥാന ഭൂപട നിര്‍മാണം പൂര്‍ത്തിയായി. ഭൌമ ശാസ്ത്ര കേന്ദ്രത്തിനു വേണ്ടി ഹൈദരാബാദിലെ ദേശീയ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയാണ് അടിസ്ഥാന ഭൂപടം തയാറാക്കുന്നത്. ഇതില്‍ വില്ലേജ് മാപ്പ് ,റോഡ്, വസ്തു വകകള്‍ ,ഭൂ വിനിയോഗം, ഭൂ രൂപം എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

2. കാര്യക്ഷമത പ്രഖ്യാപനത്തിലൊതുങ്ങി; ക്ളാസ് നടന്നതു 150-ല്‍ താഴെ ദിവസങ്ങളില്‍
പത്തനംതിട്ട: സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യയനം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച കാര്യക്ഷമതാ വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു സാധ്യായ ദിനങ്ങള്‍ കുറഞ്ഞു. അധ്യയന വര്‍ഷത്തെ പഠനദിനങ്ങള്‍ ഇന്നു പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ അധ്യയന ദിനങ്ങള്‍ ശരാശരി 150 -ല്‍ താഴെ മാത്രം. ഇത്തവണ 200 സാധ്യായ ദിനങ്ങള്‍ തികയ്ക്കുമെന്നായിരുന്നു മന്ത്രി എം.എ ബേബിയുടെ പ്രഖ്യാപനം.

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12-ന് തുടങ്ങുമെന്നിരിക്കേ മറ്റു ക്ളാസുകളിലെ അധ്യയനം ഇന്നു പൂര്‍ത്തിയാകും. ഒമ്പതു മുതല്‍ താഴേക്കുള്ള ക്ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കുകയാണ്. ഒരു മാസം നീളുന്ന പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ച്ച് 31-നു മാത്രമേ സ്കൂളുകള്‍ അടയ്ക്കൂവെങ്കിലും അടുത്ത മാസം പ്രൈമറി സ്കൂളുകളിലൊഴികെ പഠനം നടക്കാനിടയില്ല.

ഇത്തവണ അധ്യയന ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ലക്ഷ്യ ത്തോടെ ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ ആറു ദിനങ്ങള്‍ പ്രവൃത്തിദിനങ്ങളായി വരുന്നത് ഒഴിവാക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ച് ശനിയാഴ്ചകള്‍ പിന്നീട് ക്ളസ്റ്റര്‍ ദിനങ്ങളായി പരിവര്‍ത്തനം ചെയ്തു. പത്ത് ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരുന്നെങ്കിലും പൊതുവില്‍ സംസ്ഥാനത്ത് ശരാശരി അധ്യയനം അഞ്ചു ശനിയാഴ്ചകളില്‍ താഴെയായിരുന്നു.

മുമ്പ് ശനിയാഴ്ചകളില്‍ അധ്യാപകര്‍ സ്പെഷല്‍ ക്ളാസുകള്‍ വച്ച് പാഠഭാഗങ്ങള്‍ തീര്‍ത്തിരുന്നുവെങ്കില്‍ ശനിയാഴ്ചകള്‍ ക്ളസ്റ്റര്‍ വന്നതോടെ ഇക്കൊല്ലം ഇതിനുള്ള അവസരവും നഷ്ടമായി.

അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്തി കായിക, കലാമേളകളും, ശാസ്ത്രമേളയും നടത്തുന്നത് ഒഴിവാക്കാന്‍ ശനിയാഴ്ചകളില്‍ ഇതു നടത്താനും നിര്‍ദേശമുണ്ടായി. എന്നാല്‍ നിര്‍ദേശം പാളിയെന്നു മാത്രമല്ല, ഭൂരിഭാഗം വിദ്യാഭ്യാസ, ഉപവിദ്യാഭ്യാസ ജില്ലകളില്‍ മേളകളുടെ പേരില്‍ ശരാശരി പത്ത് അധ്യയന ദിനങ്ങള്‍ നഷ്ടമായി.

ഏറ്റവും കുറച്ച് അധ്യയനദിനങ്ങള്‍ നടന്നത് ഡിസംബറിലാണ്. ഇതാകട്ടെ പരീക്ഷാദിനങ്ങളുമായിരുന്നു. സ്കൂളുകളില്‍ ഏറ്റവുമധികം അധ്യയനം രേഖപ്പെടുത്തിയിരിക്കുന്നത് നവംബറിലാണ്. 22 ദിനങ്ങളും നവംബറില്‍ പല സ്കൂളുകളിലും അധ്യയനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഓണം, ക്രിസ്മസ് ആഘോഷങ്ങള്‍, പരീക്ഷകള്‍ക്കു മുമ്പും, പിമ്പുമുള്ള ഓരോ ദിവസം ഇവ അധ്യയന ദിനങ്ങളായി രേഖപ്പെടുത്താറുണ്െടങ്കിലും പഠനം നടക്കാറില്ല. ഇതിനിടയില്‍ പ്രാദേശികാവധി, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങളില്‍ അധ്യയന ദിനങ്ങള്‍ നഷ്ടമായി.

3. കൈക്കൂലി:റവന്യൂ ഇന്‍സ്പെക്ടര്‍ക്കു കഠിനതടവ്
തൃശൂര്‍: കൈക്കൂലിക്കേസില്‍ കൊച്ചിന്‍ കോര്‍പറേഷനിലെ റവന്യു ഇന്‍സ്പെക്ടര്‍ക്കും പ്യൂണിനും ഏഴുവര്‍ഷം വീതം കഠിനതടവും പതിനായിരം രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവുകൂടി അനുഭവിക്കണം.

സ്കൂട്ടര്‍ മെക്കാനിക്കായ വെണ്ണല പുതുക്കത്ത് പറമ്പ് ജോര്‍ജിന്റെ പരാതിയില്‍ റവന്യു ഇന്‍സ്പെക്ടര്‍ ആലുവ ദേശം ചേറാട്ടുപടി സി.എന്‍. രാജഗോപാല്‍(55), പ്യൂണ്‍ പാലാരിവട്ടം സൌത്ത് ജനതാറോഡ് കപ്പിത്താംപറമ്പില്‍ കെ.ഐ. പൈലി എന്നിവരേയാണ് വിജിലന്‍സ് ജഡ്ജ് പി.ക്യു. ബര്‍ക്കത്തലി ശിക്ഷിച്ചത്.

4. അധ്യാപക നിയമനത്തില്‍ തത്സ്ഥിതി തുടരും: മന്ത്രി ബേബി
തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ നിയമനത്തില്‍ നിലവിലുള്ള സ്ഥിതി തുടരുമെന്നു വിദ്യാഭ്യാസ മന്ത്രി എം.എ ബേബി. കെ.ഇ.ആര്‍. പരിഷ്കരിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ശിപാര്‍ശകളില്‍ പ്രതിപക്ഷവുമായും മാനേജ്മെന്റ് പ്രതിനിധികളുമായും വിവിധ സാമൂഹിക സംഘടനകളുമായും ചര്‍ച്ച നടത്തി സമവായമുണ്ടാക്കുമെന്നും ബേബി പറഞ്ഞു.

എയ്ഡഡ് മേഖലയില്‍ അധ്യാപക നിയമനത്തില്‍ സംവരണം ഉറപ്പാക്കാന്‍ എയ്ഡഡ് മാനേജ്മെന്റുകളെ നിര്‍ബന്ധിതരാക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. കെ.ഇ.ആര്‍. പരിഷ്കരണ തീരുമാന വേളയില്‍ അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക യോഗ്യതാ കാര്യവും പരിഗണിക്കും.

സര്‍വകലാശാലകള്‍ക്കുള്ള സാമ്പത്തിക നീക്കിയിരിപ്പ് വര്‍ധിപ്പിക്കും. 2004ലെ ശമ്പളപരിഷ്കരണം, പെന്‍ഷന്‍ പരിഷ്കരണം, ക്ഷാമബത്താ വര്‍ദ്ധന, പരീക്ഷാ നടത്തിപ്പിലെ ചെലവിലുണ്ടായ വര്‍ദ്ധന, അടിസ്ഥാനസൌകര്യ വികസനം തുടങ്ങിയ കാരണങ്ങളാല്‍ സര്‍വകലാശാലകള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്െടന്നും ബേബി പറഞ്ഞു.

5. കുസാറ്റിലെ കൂട്ടത്തോല്‍വി: രണ്ടു പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തും
കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ ബി.ടെക് ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് കൂട്ടത്തോല്‍വി ഉണ്ടാ യെ ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് രണ്ട് വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ സൌജന്യമായി പുനര്‍മൂല്യനിര്‍ണയം നടത്താന്‍ യൂണി വേഴ്സിറ്റി തീരുമാനിച്ചതായി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. ഡി ഈനാശു അറിയിച്ചു.

ഫിസിക്സ്, കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്നീ പേപ്പറുകളാണ് പുന ര്‍മൂല്യ നിര്‍ണയം നടത്തുക. ഇ തില്‍ ലഭിക്കുന്ന മാര്‍ക്ക് ഫലത്തോട് ചേര്‍ത്ത് മാര്‍ക്ക്ലിസ്റ്റില്‍ രേഖ പ്പെടുത്തുമെന്നും പ്രോ-വൈസ് ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ മറ്റ് എട്ട് പേപ്പറുകളില്‍ റീവാല്യുവേഷന് അപേക്ഷിക്കുന്നവര്‍ സ്വന്തം ചെലവില്‍ മാര്‍ച്ച് എട്ടിന് മുന്‍പ് അപേക്ഷ നല്‍കിയിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

6. 100% വിദേശ നിക്ഷേപത്തോടെ കാര്‍ഷിക ബാങ്കിന് നിര്‍ദേശം
ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ പുതുതായി സ്വകാര്യ കാര്‍ഷിക ബാങ്കുകള്‍ സ്ഥാപിക്കാന്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കണമെന്നു ദേശീയ സാമ്പത്തിക സര്‍വേയില്‍ നിര്‍ദേശം. ചെറുകിട വ്യാപാര മേഖലയില്‍ നിശ്ചിത ശതമാനം വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാനും നിര്‍ദേശമുണ്ട്.

പൂര്‍ണ വിദേശ നിക്ഷേപ ത്തോടെ തുടങ്ങുന്ന ഗ്രാമീണ കര്‍ഷക ബാങ്കുകള്‍ക്കു ചെറുകിട നഗരങ്ങളിലടക്കം ഇഷ്ടപ്രകാരം ശാഖകള്‍ തുടങ്ങാനാകും. കാര്‍ഷിക വായ്പകള്‍ക്കു പുറമേ രാജ്യത്തെവിടെയുമുള്ള അനുബന്ധ വ്യവസായ മേഖലകള്‍ക്ക് വായ്പ നല്‍കാനും ഇത്തരം ബാങ്കുകള്‍ക്ക് തടസമില്ല.

അവശ്യമുള്ളപ്പോള്‍ ഓവര്‍ടൈം കൂലിയോടെ തൊഴിലാളികളുടെ ജോലിസമയം ദിവസം 12 മണിക്കൂര്‍ ആയി ഉയര്‍ത്തണമെന്നതാണ് സാമ്പത്തിക സര്‍വേയിലെ മറ്റൊരു നയപരിഷ്കാര നിര്‍ദേശം.

7. ആശ്രിത നിയമനം നിര്‍ബന്ധമല്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ മരണശേഷം ആശ്രിതര്‍ക്കു ജോലി നല്കണമെന്നു നിര്‍ബന്ധമില്ലെന്നു സുപ്രീംകോടതി. മരിച്ചയാളുടെ കുടുംബത്തിന്റെ സാമ്പത്തിക നിലയെ ആശ്രയിച്ചായിരിക്കണം ആശ്രിതനിയമനമെന്നും കോടതി വ്യക്തമാക്കി.

ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലിയിലിരിക്കേ മരിച്ചയാളുടെ ഭാര്യ സര്‍വറുന്നീസ ബീഗത്തിനു ജോലി നല്കാനുള്ള ആന്ധ്ര ഹൈ ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി ക്കൊണ്ടാണു ജസ്റ്റിസുമാരായ പി.പി. നവലേക്കര്‍, എല്‍.എസ്. പാണ്ഡ എന്നിവരുള്‍പ്പെട്ട ബഞ്ചി ന്റെ നിര്‍ണായക വിധി.ആശ്രിതര്‍ക്കു മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും മറ്റു ജീവനോപാധികളും ഉണ്െടങ്കില്‍ നിയമനം നിര്‍ബന്ധമല്ലെന്നു പറഞ്ഞ കോടതി 1994-ല്‍ ഉമേഷ്കുമാര്‍ നാഗ്പാല്‍ കേസിലെ വിധിയും എടുത്തുകാട്ടി.

സര്‍വറുന്നീസ ബീഗത്തിനു നേരത്തെ കോര്‍പ്പറേഷന്‍ ലക്ഷം രൂപ സഹായധനം നല്കിയിരുന്നു. എന്നാല്‍, സഹായധനം മടക്കി നല്കാമെന്നും ജോലി നല്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കോര്‍പ്പറേഷനെ സമീപിച്ചതാണു കോടതിയുടെ ഇടപെടലിനു വഴിയൊരുക്കിയത്. അപേക്ഷ കോര്‍പ്പറേഷന്‍ നിരസിച്ചതോടെ നിയമനടപടികളുമായി നീങ്ങിയ സര്‍വറുന്നീസ ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. അതാണ് ഇ ന്നലെ റദ്ദാക്കിയത്.

1. മിസൈല്‍ പ്രതിരോധത്തിനും യു.എസ് സഹകരണം
ന്യൂദല്‍ഹി: മിസൈല്‍ പ്രതിരോധ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അമേരിക്കയും ഇന്ത്യയും ധാരണയിലെത്തി. ഇരു രാഷ്ട്രങ്ങളും സംയുക്ത മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ പ്രാഥമിക ധാരണയായതായും ഇതിന്റെ സാധ്യത സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ച ആരംഭിച്ചതായും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് വെളിപ്പെടുത്തി.

മിസൈല്‍ പ്രതിരോധ സംവിധാനം ആഭ്യന്തരമായി വികസിപ്പിച്ചാല്‍ മതി എന്ന ഇന്ത്യന്‍ നയത്തിന്റെ പ്രകടമായ മാറ്റമാണ് പുതിയ തീരുമാനം. എല്ലാവിധ മിസൈല്‍ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഇന്ത്യ കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെ മുന്നേറിയിരുന്നു. അമേരിക്കയിലെ വന്‍കിട ആയുധ കമ്പനികളായ ബോയിംഗ്, ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍ തുടങ്ങിയവക്ക് ഇന്ത്യന്‍ മിസൈല്‍ പ്രതിരോധ വിപണിയില്‍ പ്രവേശിക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ തീരുമാനം.

ദ്വിദിന സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ദല്‍ഹിയിലെത്തിയ റോബര്‍ട്ട്ഗേറ്റ്സ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്നലെ തുര്‍ക്കിക്ക് പോയി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പ്രതിരോധ മന്ത്രി എ.കെ ആന്റണി, വിദേശകാര്യ മന്ത്രി പ്രണബ്മുഖര്‍ജി , പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി, സുരക്ഷ ഉപദേഷ്ടാവ് എം.കെ നാരായണന്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

രാഷ്ട്രീയ പ്രതിസന്ധി തരണം ചെയ്ത് ആണവകരാര്‍ നടപ്പാക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച പെന്റഗണ്‍ മേധാവി ഈ വിഷയത്തില്‍ ‘സമയം കടന്നുപോവുകയാണെന്ന്’ ഇന്ത്യയെ ഓര്‍മിപ്പിച്ചു.
ഇന്ത്യയുമായി അമേരിക്കന്‍ കമ്പനികളുടെ ആയുധ വ്യാപാരം വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകളാണ് ഗേറ്റ്സ് നടത്തിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിരവധി ആയുധ ഇടപാടുകള്‍ക്ക് ധാരണയിലെത്തിയതായി സൂചനയുണ്ടെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ചര്‍ച്ചകള്‍ അതീവ രഹസ്യ സ്വഭാവത്തിലായിരുന്നു. 2005 മുതല്‍ ശക്തമായ ഇന്ത്യ^യു.എസ് പ്രതിരോധ സഹകരണം വിശാലമാക്കാനുള്ള ചര്‍ച്ചകളാണ് ഗേറ്റ്സ് നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു.

ഇന്ത്യയുമായി ദീര്‍ഘകാല പ്രതിരോധ സഹകരണമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് റോബര്‍ട്ട് ഗേറ്റ്സ് പറഞ്ഞു. ‘ആയുധ ഇടപാടുകളില്‍ പ്രത്യേകമായ പരിഗണന ഇന്ത്യയോട് തേടിയിട്ടില്ല. കരാറുകള്‍ ഉറപ്പിക്കുന്ന അവസരങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് മല്‍സരിക്കാനുള്ള അവസരം മാത്രമാണ് അഭ്യര്‍ഥിച്ചത്. ശരിയായ മല്‍സരത്തില്‍ ഞങ്ങളുടെ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും’^ പെന്റഗണ്‍ മേധാവി വിശദീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് ആരെത്തിയാലും ഇന്ത്യമായുള്ള സൈനിക സഹകരണം ശക്തമായി തുടരുമെന്ന് ഉറപ്പു നല്‍കിയതായും ഗേറ്റ്സ് വെളിപ്പെടുത്തി.

പൃഥ്വിരാജ് റോഡിലെ ഔദ്യോഗിക വസതിയിലെത്തി 40 മിനിറ്റ് പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയുമായി ചര്‍ച്ച നടത്തിയ ഗേറ്റ്സ് ആണവകരാര്‍ വിഷയത്തില്‍ ബി.ജെ.പിയുടെ പൂര്‍ണ പിന്തുണ അഭ്യര്‍ഥിച്ചു. കൂടിക്കാഴ്ചക്കു ശേഷം നേതാക്കള്‍ പത്രലേഖകരെ കാണാന്‍ തയാറായില്ല. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അദ്വാനിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചക്ക് അതീവ പ്രാധാന്യമുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.50 അംഗ പ്രതിരോധ നയതന്ത്ര സംഘം ഗേറ്റ്സിനെ അനുഗമിക്കുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് ബുഷിന്റെ വിശദമായ കത്ത് ഗേറ്റ്സ് കൈമാറി. സംയുക്ത സൈനികാഭ്യാസം വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളും ആയുധ വ്യാപാര വാഗ്ദാനങ്ങളുമാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന.

ഇന്ത്യ അടുത്തുതന്നെ വാങ്ങുന്ന 126 വിവിധോദ്ദേശ്യ യുദ്ധ വിമാനങ്ങളുടെ കരാര്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നേടിക്കൊടുക്കുകയായിരുന്നു ഗേറ്റ്സിന്റെ പ്രധാന ലക്ഷ്യം. 45000 കോടി രൂപയുടെ ഈ കരാര്‍ നേടാനായി റഷ്യയുടെയും ഫ്രാന്‍സിന്റെയും കമ്പനികള്‍ രംഗത്തുണ്ട്. റഷ്യയെ പിന്തള്ളി ഇന്ത്യന്‍ ആയുധ വിപണിയില്‍ ആധിപത്യം ഉറപ്പാക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമാണ് ഗേറ്റ്സിന്റെ സന്ദര്‍ശനമെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. യുദ്ധവിമാനങ്ങള്‍, കപ്പലുകള്‍, തോക്കുകള്‍, പ്രതിരോധ സോഫ്റ്റ്വേറുകള്‍, റഡാറുകള്‍ എന്നിവയുടെ വിപണനം സംബന്ധിച്ച് ഗേറ്റ്സ് എ.കെ ആന്റണിയുമായി ദീര്‍ഘമായ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ചൈനയുടെയും റഷ്യയുടെയും സൈനിക ശക്തി കുറക്കാനാണ് ഇന്ത്യയുമായി വര്‍ധിച്ച സഹകരണത്തിന് അമേരിക്ക ഒരുങ്ങുന്നതെന്ന വാര്‍ത്തകള്‍ റോബര്‍ട്ട് ഗേറ്റ്സ് നിഷേധിച്ചു. രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണം മറ്റാര്‍ക്കും ഭീഷണിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

2006 നവംബറില്‍ 175 അമേരിക്കന്‍ ആയുധ കമ്പനികളുടെ പ്രതിനിധികള്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറി ഫ്രാങ്ക്ലാവിലനൊപ്പം ദല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനകം 650000 കോടിയുടെ ആയുധങ്ങളെങ്കിലും ഇന്ത്യ വാങ്ങുമെന്നാണ് പ്രതീക്ഷ. ഈ കരാറുകള്‍ നേടാന്‍ ആഗോള ആയുധ കമ്പനികള്‍ കടുത്ത മല്‍സരത്തിലാണ്.ആറ് സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ യു.എസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായി ഇന്ത്യ കഴിഞ്ഞ വര്‍ഷം കരാര്‍ ഉണ്ടാക്കിയിരുന്നു.

2. കൂടുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സ്: മൊബൈല്‍ നിരക്ക് ഇനിയും കുറയും
ന്യൂദല്‍ഹി: മൊബൈല്‍ഫോണ്‍ സര്‍വീസ് രംഗത്ത് കൂടുതല്‍ സ്വകാര്യ കമ്പനികള്‍ക്ക് ടെലികോം ലൈസന്‍സ് അനുവദിച്ചു. വീഡിയോകോണിന്റെ ഡാറ്റാകോം, ബിര്‍ളയുടെ ഐഡിയ സെല്ലുലര്‍, യൂനിടെക്, സ്പൈസ്, ശ്യാം ടെലിലിങ്ക് എന്നീ കമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

ഡാറ്റാകോമിന് മാത്രം 19 ടെലികോം സര്‍ക്കിളുകളില്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. ഐഡിയ സെല്ലുലറിന് പഞ്ചാബിലും സ്പാന്‍ ടെലികോമിന് ദല്‍ഹിയിലും മുംബൈയിലും ഓരോ സര്‍ക്കിളില്‍ ലൈസന്‍സ് നല്‍കി. ഒരാഴ്ചക്കകം ഒമ്പത് കമ്പനികള്‍ക്കായി 120 ലൈസന്‍സ് വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലൈസന്‍സ് അനുവദിച്ച സര്‍ക്കിളുകളില്‍ നെറ്റ്വര്‍ക്ക് ഉണ്ടാക്കുന്നതിന് ഈ കമ്പനികള്‍ റേഡിയോ ഫ്രീക്വന്‍സിക്കുവേണ്ടി അപേക്ഷ നല്‍കണം. ബി.എസ്.എന്‍.എല്‍ അടക്കം പ്രമുഖ കമ്പനികള്‍ ഉപയോഗിക്കുന്ന ജി.എസ്.എം മൊബൈല്‍ മേഖലയിലാണ് പുതുതായി ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ കമ്പനികള്‍ വരുന്നതോടെ മൊബൈല്‍നിരക്ക് ഇനിയും കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രാദേശിക ചുറ്റളവില്‍ മൊബൈല്‍ കാളിന് മിനിറ്റിന് 25 പൈസയും ദൂരസ്ഥലങ്ങളിലേക്ക് മിനിറ്റിന് 50 പൈസയുമായി നിരക്ക് കുറക്കാനാണ് വാര്‍ത്താവിനിമയ മന്ത്രി എ. രാജ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

3. മലയാളി പാക് പൌരന്മാര്‍ക്ക് ദീര്‍ഘകാല വിസയില്‍ നാട്ടില്‍ കഴിയാം: കേന്ദ്രം
ന്യൂദല്‍ഹി: കേരളത്തില്‍ കഴിയുന്ന മലയാളികളായ പാക്കിസ്ഥാന്‍ പൌരന്മാര്‍ക്ക് ഇന്ത്യന്‍ പൌരത്വത്തിന് അപേക്ഷിക്കാന്‍ സാവകാശം നല്‍കത്തക്ക വിധം ഉപാധിയോടെ ദീര്‍ഘകാല വിസ അനുവദിക്കാന്‍ കേന്ദ്രം ഉത്തരവിറക്കിയതായി ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ രാജ്യസഭയില്‍ അറിയിച്ചു. ദീര്‍ഘകാല വിസ അനുവദിക്കുന്ന കാര്യത്തില്‍ 2000 മെയ് ഒന്നിന് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. അതിലെ വ്യവസ്ഥകള്‍ പുതുക്കിക്കൊണ്ട് 2005 ആഗസ്റ്റ് 31ന് ഉത്തരവിറക്കി.

വിഭജനകാലത്ത് പാക്കിസ്ഥാനില്‍ പോവുകയും അവിടത്തെ പൌരത്വവുമായി നാട്ടിലെ ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങുകയും ചെയ്ത ഒട്ടേറെ പേരുണ്ട്. അവരുടെ പൌരത്വ പദവി നിര്‍ണയിക്കല്‍, ഇന്ത്യന്‍ പൌരത്വം നല്‍കല്‍ എന്നിവ സംബന്ധിച്ച കേസുകള്‍ കേരളത്തിലെ വിവിധ കോടതികളിലുണ്ട്.

4. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ സര്‍ക്കാര്‍ നിയമിച്ച വിജിലന്‍സ് എസ്.പിയുടെയും എസ്.ഐയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ശമ്പളം നല്‍കാതിരിക്കുകയും ചെയ്യുന്ന ദേവസ്വംബോര്‍ഡ് അംഗങ്ങളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നടപടി ഗുരുതര അച്ചടക്കലംഘനമാണെന്ന് വകുപ്പ്മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇതേക്കുറിച്ച് അന്വേഷിച്ച ശബരിമല ദേവസ്വം സ്പെഷല്‍ ഓഫീസര്‍ കെ. ജയകുമാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.
ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കുന്നത് അച്ചടക്കലംഘനമാണ്. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അധികാരമില്ല. ദേവസ്വം നിയമത്തിന് ഇത് എതിരാണ്. അതിനാല്‍ ഗൌരവമായി കാണണം^റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവസ്വംബോര്‍ഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും നിയമിച്ചത് സര്‍ക്കാറാണ്. എസ്.പിയെയും എസ്.ഐയെയും നിയമിച്ചതും സര്‍ക്കാര്‍ തന്നെ. ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ നിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കാന്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അധികാരമില്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വംബോര്‍ഡ് അംഗങ്ങളായ പി. നാരായണന്‍, സുമതിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ ഏതുവിധത്തിലുള്ള നടപടി വേണമെന്ന് സര്‍ക്കാറിന് നിശ്ചയിക്കാം.

ഇതിനുള്ള അവകാശവും അധികാരവും സര്‍ക്കാറില്‍ നിക്ഷിപ്തമാണെന്നും ദേവസ്വംബോര്‍ഡിന്റെ ഭരണവ്യവസ്ഥകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ദേവസ്വംബോര്‍ഡ് സ്വതന്ത്ര അധികാരമുള്ള സ്ഥാപനമാണെന്നും ഡെപ്യൂട്ടേഷനില്‍ എസ്.പിയെയും എസ്.ഐയെയും നിയമിക്കുമ്പോള്‍ അംഗങ്ങളോട് ആലോചിക്കേണ്ടതുണ്ടെന്നും ബോര്‍ഡംഗം പി. നാരായണന്‍ പറഞ്ഞു. ഞങ്ങള്‍ നിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോകും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറുമല്ല^അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ദേവസ്വം ബോര്‍ഡ് സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും അംഗങ്ങള്‍ക്കെതിരെ എന്ത് നടപടിവേണമെന്ന് ഉടന്‍ തീരുമാനമെടുക്കുമെന്നും ദേവസ്വംമന്ത്രി ജി. സുധാകരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

ബോര്‍ഡംഗങ്ങളുടെ നിര്‍ദേശപ്രകാരം എസ്.പിക്കും എസ്.ഐക്കും ശമ്പളം നിഷേധിച്ച ഫൈനാന്‍സ് ഓഫീസറെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് നിയമിച്ച ഫൈനാന്‍സ് ഓഫീസറും ഇതേനിലപാടാണ് കൈക്കൊള്ളുന്നത്. അതിനാല്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാതെ നിവര്‍ത്തിയില്ല.ദേവസ്വം ബോര്‍ഡംഗങ്ങള്‍ സ്വയം ഒഴിഞ്ഞ് പോകുന്നതാണ് നല്ലത്. അംഗങ്ങള്‍ തുടരുന്നത് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാല്‍ അവര്‍ സ്വയം രാജിവെച്ച് പോകട്ടെ എന്ന് മന്ത്രി പറഞ്ഞു.

5. ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ പോലിസിന് ലേബര്‍ കോടതി നിര്‍ദേശം
ജിദ്ദ: മാസങ്ങള്‍ ജോലി ചെയ്തിട്ടും വേതനം നല്‍കാത്ത കമ്പനിക്കെതിരെ ലേബര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഇടപെടാന്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കി. ലേബര്‍ കോടതിയുടെ നിര്‍ദേശം രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 10ല്‍പരം ഇന്ത്യന്‍ തൊഴിലാളികള്‍ക്കാശ്വാസമായി.

ഏഴ് മാസം മുമ്പാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ജിദ്ദയിലെ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയിലേക്ക് അല്‍അഹദ് ട്രാവല്‍സ് മുഖേന തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. ജിദ്ദയിലെത്തിയ തൊഴിലാളികളെ കമ്പനി തന്നെ ഇതര കമ്പനികളിലേക്ക് ജോലിക്കയക്കുകയായിരുന്നു. ലേബര്‍മാര്‍ മുതല്‍ ഓട്ടോകാഡ് എഞ്ചിനീയര്‍മാര്‍ വരെ തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. സൌദിയിലെത്തിയപ്പോള്‍ കരാര്‍ പ്രകാരം ജോലി നല്‍കാതെ ഓട്ടോകാഡ് എഞ്ചീനീയരെ വരെ ലേബറായിട്ടാണ് നിയോഗിച്ചത്. ചിലര്‍ക്ക് കമ്പനി ജോലി നല്‍കിയിരുന്നില്ല. ബാക്കിയുള്ളവരെ ഏഴ് മാസത്തോളം ജോലി ചെയ്യിപ്പിച്ചെങ്കിലും ഇതുവരെ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കാന്‍ അധികൃതര്‍ തയാറായില്ല.

ഒടുവില്‍ അവകാശങ്ങള്‍ക്കായി ഇന്ത്യന്‍ തൊഴിലാളികള്‍ ജിദ്ദ ലേബര്‍ കോടതിയില്‍ പരാതി ഫയല്‍ ചെയ്യുകയായിരുന്നു. കേസ് പഠിച്ച കോടതി എതിര്‍കക്ഷിയായ കമ്പനിയോട് കോടതിയില്‍ ഹാജരാകുന്നതിന് പലപ്രവാശ്യം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോടതിയെ ധിക്കരിച്ച കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ സമീപത്തെ പോലിസ് സ്റ്റേഷനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ശറഫിയ പോലിസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കിയിരുന്നതായി തൊഴിലാളിയായ ഹൈദരാബാദ് സ്വദേശി ശംസുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പരാതി പ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ കമ്പനിയമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് കമ്പനിയധികൃതര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ധാരണയിലെത്തിയിരുന്നു.
എന്നാല്‍ കോണ്‍സുലേറ്റ് നല്‍കിയ മൂന്ന് അവധികള്‍ കമ്പനി ലംഘിച്ചെന്നും ശംസുദ്ദീന്‍ അറിയിച്ചു. കമ്പനിക്കെതിരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൌദി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നറിയുന്നു.

1. മൂലമ്പിള്ളി സംഘര്‍ഷത്തിന് പിന്നില്‍ നക്സലുകള്‍: വി.എസ്.
തിരുവനന്തപുരം: വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന മൂലമ്പിള്ളി നിവാസികളില്‍ ഒരു വിഭാഗം നക്സലൈറ്റുകളുടെ പ്രേരണയ്ക്കു വിധേയമായിട്ടാണ് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നക്സല്‍ ബന്ധത്തെക്കുറിച്ച് അറിയാവുന്നതാണ്. നക്സല്‍ ബന്ധമുള്ള ഒരു സെറ്റ് ഉണ്ട്. സകല രാഷ്ട്രീയ കക്ഷികളും അംഗീകരിച്ച കാര്യങ്ങള്‍ അവര്‍ എതിര്‍ക്കുകയാണ്. അവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെയും പുനരധിവാസ പദ്ധതിയുടെയുമൊക്കെ ചുമതല മന്ത്രിമാരായ കെ.പി. രാജേന്ദ്രനും എസ്. ശര്‍മയ്ക്കുമാണ്.

പുനരധിവാസ പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ മന്ത്രിമാര്‍ക്കു സ്വയം തീരുമാനിക്കാം. മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കലക്ടറും മറ്റ് ഉദ്യോഗസ്ഥരും വാഗ്ദാനം ചെയ്ത പണം വാങ്ങി ഒഴിയുമെന്നു കരുതിയിരിക്കെയാണ് ഒരു വിഭാഗം ആളുകള്‍ നക്സലുകളുടെ പ്രേരണയ്ക്കു വിധേയമായി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. വല്ലാര്‍പാടം പദ്ധതി നടപ്പാക്കുന്നതു നീണ്ടു പോയാല്‍ പദ്ധതി തന്നെ നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പദ്ധതി തന്നെ ഇല്ലാതാകുമെന്ന ഘട്ടം വന്നപ്പോള്‍ കാര്യങ്ങള്‍ ചെയ്യാന്‍ കലക്ടര്‍ ഉത്സാഹം കാട്ടിയതാകാം.

പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ മാനുഷിക വശം ഓര്‍ക്കാതെയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. അത് മനഃപൂര്‍വം ആയിരിക്കുകയില്ല. ഏതു പ്രശ്നവും ഉടനടി പകര്‍ത്തിയെടുത്ത് നാട്ടുകാരെ അറിയിക്കാന്‍ ചാനലുകാര്‍ റെഡിയായി നില്‍ക്കുന്നതു കൊണ്ട് ഇതൊക്കെ പുറത്തു വരുന്നു. നടന്നതിനെ എല്ലാം താന്‍ അംഗീകരിക്കുന്നില്ല. എങ്കിലും ഇത്തരം സംഭവങ്ങള്‍ ഇടയ്ക്ക് ഉണ്ടാകാറുണ്ടെന്നും സംഭവിക്കുന്നുണ്ടെന്നുമുള്ള കാര്യം മനസ്സിലാക്കണം-മുഖ്യമന്ത്രി പറഞ്ഞു.

2. മുഖ്യമന്ത്രിക്ക് മൂലമ്പിള്ളിക്കാരുടെ തുറന്ന കത്ത്
കൊച്ചി: മൂലമ്പിള്ളിയില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവര്‍ സമരം ചെയ്യുന്നതു നക്സലൈറ്റുകളുടെ പ്രേരണയ്ക്കു വിധേയമായിട്ടാണെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കുടിയിറക്കപ്പെട്ടവര്‍ അദ്ദേഹത്തിനു തുറന്ന കത്തയച്ചു. ‘അങ്ങ് ദയവായി കണ്ണില്‍ ചോരയില്ലാതെ സംസാരിക്കരുത്. കുടിയിറക്കപ്പെട്ട് തെരുവാധാരമായിരിക്കുന്ന ഞങ്ങള്‍ നക്സലൈറ്റുകളുടെ പ്രേരണയ്ക്കു വിധേയമായി സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് അങ്ങ് പറഞ്ഞതു ക്രൂരമായിപ്പോയി.

നേരത്തെ തന്നെ പണം വാങ്ങിയ ഞങ്ങള്‍ ഇറങ്ങിക്കൊടുക്കാതിരിക്കുകയാണെന്ന അവാസ്തവവും അങ്ങ് പറഞ്ഞു- ഞങ്ങളെ കയ്യൊഴിയരുത് എന്ന തലക്കെട്ടിലുള്ള കത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്. കയറിക്കിടക്കാന്‍ മറ്റൊരു സ്ഥലം കാട്ടിത്തരാതെ സ്വന്തം വീട്ടില്‍ നിന്ന് അന്യായമായി ഇറക്കിവിട്ടപ്പോള്‍ മാന്യമായ പുനരധിവാസം വേണമെന്ന് ആവശ്യപ്പെട്ട് ഒരുമിച്ചുനില്‍ക്കുന്നതാണോ തങ്ങള്‍ ചെയ്ത അപരാധമെന്നു കത്തില്‍ ചോദിക്കുന്നു.

‘മൂന്നാഴ്ചയായി തെരുവില്‍ ഞങ്ങള്‍ എങ്ങനെ കഴിയുന്നു എന്നു താങ്കളോ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പ്രതിനിധിയോ അന്വേഷിച്ചോ? അങ്ങയുടെ പാര്‍ട്ടിയോ ഭരണകക്ഷികളോ ഞങ്ങളെ ഓര്‍ത്തോ? വികസനം വന്നോട്ടെ, പക്ഷേ, ഞങ്ങളുടെ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ തെരുവാധാരമാക്കി മാത്രമേ വികസനം നടപ്പാക്കൂ എന്നുണ്ടോ?

സമരത്തിനു നേതൃത്വം നല്‍കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവരും മറ്റിടങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരും ചേര്‍ന്നു രൂപം നല്‍കിയതാണ്. ഇതു കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമാണ്. ഇതിന്റെ നേതാക്കളെല്ലാം സമൂഹത്തിന്റെ അംഗീകാരം ഉള്ളവരാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ ജനകീയപ്രതിരോധ സമിതിയാണ് ഈ കമ്മിറ്റിയുടെ പ്രചോദനം. ഇവരാരും നക്സലൈറ്റുകളല്ല. ഒരു തീവ്രവാദിക്കും നക്സലൈറ്റിനും വഴങ്ങുന്നവരല്ല ഞങ്ങള്‍. ഈ സാഹചര്യത്തില്‍ വസ്തുതാവിരുദ്ധമായ പ്രചാരണം ഉപേക്ഷിച്ച് ജീവകാരുണ്യം കാട്ടണമെന്നു മൂലമ്പിള്ളി വാസികള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.

3. പുഷ്പഗിരിയില്‍ റാഗിങ്; 4 വിദ്യാര്‍ഥികള്‍ക്കു സസ്പെന്‍ഷന്‍
തിരുവല്ല: പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ റാഗ് ചെയ്തുവെന്ന പരാതിയുമായി ബന്ധപ്പെട്ട് നാലു സീനിയര്‍ വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ജയന്‍ ജയപാലന്‍, സുബിന്‍ സേവ്യര്‍, അമിത്, പ്രിന്‍സ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നാലുപേരും ഒന്നാം വര്‍ഷ പരീക്ഷയില്‍ തോറ്റവരാണ്.

സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തീരുന്നതു വരെയാണു സസ്പെന്‍ഷന്‍. ഒന്നാംവര്‍ഷ വിദ്യാര്‍ഥി kകൊച്ചി സ്വദേശി ജോണ്‍ ഏബ്രഹാമിന്റെ രക്ഷിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

റാഗിങ്ങിനെത്തുടര്‍ന്ന് ജോണ്‍ എറണാകുളം ഗവ. ആശുപത്രിയില്‍ ചികില്‍സയിലാണ്. കോളജ് ഫ്രെഷേഴ്സ് ഡേ ആയിരുന്ന ബുധനാഴ്ച രാത്രിയാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്നു കോളജ് അധികൃതരും പൊലീസും പറഞ്ഞു.

സീനിയര്‍ വിദ്യാര്‍ഥികളുടെ മുറികളില്‍ ജോണിനെ റാഗ് ചെയ്തെന്നാണു പരാതി. മര്‍ദനത്തെത്തുടര്‍ന്ന് അവശ നിലയിലായ ജോണ്‍ ഇന്നലെ രാവിലെ കൊച്ചിയിലെ വീട്ടിലേക്കു പോവുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ജോണിന്റെ പിതാവ് എറണാകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കോളജ് അധികൃതരെ രേഖാമൂലം വിവരം അറിയിക്കുകയുമായിരുന്നു.

കോളജ് മാനേജ്മെന്റ് ചുമതലപ്പെടുത്തിയ നാലംഗ സമിതി അന്വേഷണം നടത്തി വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. തിരുവല്ല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. റാഗിങ് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോളജില്‍ ആന്റി റാഗിങ് സ്ക്വാഡ് രൂപീകരിക്കണമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ.യു. ജനീഷ് കുമാര്‍, സെക്രട്ടറി ആര്‍. മനു എന്നിവര്‍ ആവശ്യപ്പെട്ടു.

4. ഇന്നു വിരമിക്കാനിരിക്കെ ചീഫ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ഇന്നു വിരമിക്കാനിരിക്കെ, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ബി.എസ്. രാധാകൃഷ്ണനെ ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദന്‍ സസ്പെന്‍ഡ് ചെയ്തു. കണക്കില്‍ കൂടുതല്‍ സ്വത്തു സമ്പാദിച്ചുവെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണു നടപടി.

മൂന്നാറില്‍ ദൌത്യസംഘം പൊളിച്ചുമാറ്റിയ ‘മൂന്നാര്‍ വുഡ്സ് രാധാകൃഷ്ണന്റെ ഭാര്യയുടേതായിരുന്നു. റിസോര്‍ട്ട് പൊളിച്ചതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു സബ്കോടതിയിലും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സര്‍ക്കാരിനെതിരെ കേസ് കൊടുത്തിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡില്‍ ആസൂത്രണം, ഡിസൈന്‍, ഡാം സുരക്ഷ എന്നിവയുടെ ചുമതല വഹിച്ചിരുന്ന രാധാകൃഷ്ണന്‍, സംസ്ഥാനാന്തര നദീജലം കൈകാര്യം ചെയ്യുന്ന ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡില്‍ അംഗവുമായിരുന്നു. ഇപ്പോള്‍ ഡാം സുരക്ഷ അതോറിറ്റി അംഗമാണ്.

ചീഫ് ഓഫ് ജനറേഷന്‍ എന്ന നിലയില്‍ ഒരുകാലത്തു വൈദ്യുതി ബോര്‍ഡ് അംഗം വരെ ആയി ഉയര്‍ന്ന രാധാകൃഷ്ണനെ പില്‍ക്കാലത്തു ഡപ്യൂട്ടി ചീഫ് എന്‍ജിനീയറായി തരംതാഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഒഴിവുണ്ടായ മുറയ്ക്കാണു ചീഫ് എന്‍ജിനീയറായി പ്രമോഷന്‍ നല്‍കിയത്.

അണക്കെട്ടുകളുടെ നിര്‍മാണത്തിലും സംസ്ഥാനാന്തര നദീജല വിഷയത്തിലുമുള്ള വിദഗ്ധന്‍ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇടക്കാലത്തു വി.എസ്.അച്യുതാനന്ദനോട് അടുപ്പം പുലര്‍ത്തിയിരുന്ന രാധാകൃഷ്ണന്‍, മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലഘട്ടത്തിലാണ് അകന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു.

വിജിലന്‍സ് കേസിന്റെ ഭാഗമായി രാധാകൃഷ്ണന്റെ വീട്ടിലും ഓഫിസിലും ഒരു മാസം മുന്‍പ് റെയ്ഡ് നടത്തുകയുണ്ടായി. ഇന്നലെ ഓഫിസിലെത്തിയ അദ്ദേഹം സസ്പെന്‍ഷന്‍ ഉത്തരവ് ഏറ്റുവാങ്ങിയ ശേഷം ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആനി ഫിലിപ്പിനു ചുമതല കൈമാറി മടങ്ങി.

5. ബസ്യാത്രക്കിടയില്‍ റിട്ട. അധ്യാപികയുടെ മൂന്നു ലക്ഷം രൂപ അപഹരിച്ചു
കൊല്ലം: വസ്തു വാങ്ങാന്‍ കരുതിയിരുന്ന മൂന്നു ലക്ഷം രൂപ ബസ്യാത്രക്കിടയില്‍ റിട്ട. അധ്യാപികയുടെ ബാഗില്‍ നിന്ന് അപഹരിച്ചു. വള്ളിക്കീഴ് കൌസ്തുഭത്തില്‍ വാടകയ്ക്കു താമസിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ ബലരാമന്റെ ഭാര്യ തങ്കമണിയുടെ ബാഗില്‍ നിന്നാണു പണം അപഹരിച്ചത്.

ഭര്‍ത്താവിന്റെയും മകളുടെയും കൂടെ വള്ളിക്കീഴില്‍ നിന്നു കൊല്ലത്തേക്കു കെഎസ്ആര്‍ടിസി ബസില്‍ വരുന്നതിനിടയിലാണു സംഭവം. പണം പഴ്സില്‍ വച്ചശേഷം ബാഗില്‍ സൂക്ഷിച്ചിരുന്നതാണ്. രാമന്‍കുളങ്ങരയില്‍ എത്തിയപ്പോള്‍ തങ്കമണിക്കു സീറ്റ് ലഭിച്ചു. മൂന്നു പേര്‍ക്കുള്ള സീറ്റില്‍ മധ്യത്ത് ഇരിക്കാന്‍ ആ സീറ്റില്‍ ഇരുന്ന സ്ത്രീകള്‍ ക്ഷണിക്കുകയായിരുന്നു. അഞ്ചുകല്ലുംമൂട്ടില്‍ എത്തിയപ്പോള്‍ സമീപത്തിരുന്ന സ്ത്രീകള്‍ ഇറങ്ങി. കലക്ടറേറ്റിനു സമീപം ബസ് ഇറങ്ങിയപ്പോഴാണു പണം നഷ്ടമായ വിവരം തങ്കമണി അറിഞ്ഞത്. ബാഗ് കീറുകയോ സിപ് തുറക്കുകയോ ചെയ്തിട്ടില്ല. ചവറ കൊറ്റംകുളങ്ങര സ്കൂളില്‍ നിന്നാണു തങ്കമണി വിരമിച്ചത്. വീട്ടില്‍ സൂക്ഷിക്കുന്നതു സുരക്ഷിതമല്ലാത്തതിനാലാണു കൂടെ കൊണ്ടുപോയതെന്നു റിട്ട. അധ്യാപക ദമ്പതികള്‍ പൊലീസിനോടു പറഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.

6. ക്രമവിരുദ്ധ ടിഎ: സംസ്കൃത വാഴ്സിറ്റി അടിയന്തര റിപ്പോര്‍ട്ട് നല്‍കണം
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ക്രമവിരുദ്ധമായി ടിഎ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലില്‍ അടിയന്തരമായി റിപ്പോര്‍ട്ടു നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ ധനവിനിയോഗം കുത്തഴിഞ്ഞതാണെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാന്‍ വൈസ് ചാന്‍സലറും റജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ക്രമവിരുദ്ധമായി ടിഎ കൈപ്പറ്റിയതു സംബന്ധിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി റിപ്പോര്‍ട്ടു നല്‍കാനാണു ധനകാര്യ പരിശോധനാ വിഭാഗം സര്‍വകലാശാലയ്ക്കു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണു പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സിന്‍ഡിക്കറ്റ് കമ്മിറ്റികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ചേര്‍ന്ന് ഒാരോ യോഗത്തിനും ടിഎ ഇനത്തില്‍ വന്‍ തുക കൈപ്പറ്റുന്നതു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് സര്‍വകലാശാലയില്‍ ലഭിച്ച ശേഷവും സിന്‍ഡിക്കറ്റ് കമ്മിറ്റികള്‍ക്കു കുറവുണ്ടായില്ല. ഒാരോ അംഗത്തിനും പരമാവധി നല്‍കാവുന്ന സിറ്റിങ് ഫീസ് നിശ്ചയിക്കാന്‍ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. സിന്‍ഡിക്കറ്റ് അംഗങ്ങളില്‍ ചിലര്‍ വ്യാജരേഖകള്‍ നല്‍കി ടിഎ കൈപ്പറ്റിയതും തെളിവുസഹിതം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും സര്‍വകലാശാല നടപടിയെടുത്തില്ല. ഇൌ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണു വ്യാജരേഖ ഹാജരാക്കിയെന്ന പേരില്‍ ഒരു അധ്യാപകനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ വ്യാജരേഖ ഹാജരാക്കി ടിഎ കൈപ്പറ്റിയ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ല.

7. മാന്ദ്യം? പരിഹാരം രണ്ടാം ഹരിതവിപ്ളവം
ന്യൂഡല്‍ഹി: ചൈനയോടൊപ്പമെത്താന്‍ അതിവേഗം കുതിക്കുന്ന ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച നടപ്പു സാമ്പത്തികവര്‍ഷം (2007-08) ഇരട്ട അക്കത്തിലെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. യുഎസില്‍ നിന്നു തുടങ്ങി ലോകമാകെ പടരുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിക്കാമെന്നാണു കേന്ദ്ര ബജറ്റിനു മുന്നോടിയായി ധനമന്ത്രി പി. ചിദംബരം പാര്‍ലമെന്റിനു സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്.

പഞ്ചസാര, വളം, മരുന്നുകള്‍ എന്നിവയുടെ കേന്ദ്രീകൃത വിലനിയന്ത്രണ സംവിധാനം ഘട്ടംഘട്ടമായി ഇല്ലാതാക്കണമെന്നു (ഡീ കണ്‍ട്രോള്‍) ശുപാര്‍ശ ചെയ്യുന്ന സര്‍വേയില്‍ പക്ഷേ, പുതിയ സാമ്പത്തിക വര്‍ഷത്തെപ്പറ്റി ഒട്ടേറെ ശുഭപ്രതീക്ഷകളുമുണ്ട്.

Union Budget :: Indepth

കഴിഞ്ഞ സാമ്പത്തികവര്‍ഷം 9.6% ആയിരുന്ന വളര്‍ച്ചാനിരക്ക് നടപ്പു സാമ്പത്തികവര്‍ഷം ജനുവരി വരെ 8.7 ശതമാനമായി കുറഞ്ഞു. 2007 മേയില്‍ ഇത് 9.4% ആയിരുന്നു. പിന്നീട് 9.6% വരെയെത്തി. 2008-09 സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്കു കൂടാമെങ്കിലും ഇരട്ടയക്കത്തില്‍ അതു നിലനിര്‍ത്തുക വെല്ലുവിളിയാകും. 2003-04 മുതല്‍ എട്ടു ശതമാനത്തിലേറെ വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായതു പക്ഷേ, നേട്ടമാണ്. 2006-07ല്‍ 5.6% ആയിരുന്ന പണപ്പെരുപ്പ നിരക്ക് നടപ്പു സാമ്പത്തിക വര്‍ഷം 4.1% ആയി കുറഞ്ഞു. മൊത്തവിലനിലവാര സൂചിക അടിസ്ഥാനമാക്കി അവസാന 10 മാസത്തെ വിലകളാണ് ഇതിനു പരിഗണിച്ചത്. ആഭ്യന്തര നിക്ഷേപവും സമ്പാദ്യവും വര്‍ധിച്ചെങ്കിലും കാര്‍ഷിക രംഗത്തു മാന്ദ്യം തുടരുന്നു. കാര്‍ഷികോല്‍പാദനം ലക്ഷ്യത്തിലെത്തിയില്ല. വളര്‍ച്ചാനിരക്ക് ഒരു ശതമാനത്തോളം കുറയാന്‍ മുഖ്യകാരണം ഇതാണ്. രണ്ടാം ഹരിതവിപ്ളവമാണു സര്‍വേ നിര്‍ദേശിക്കുന്ന പരിഹാരം.

പണപ്പെരുപ്പം നിയന്ത്രിക്കാനായതാണു മുഖ്യനേട്ടം. ആഗോളതലത്തില്‍ വിലകള്‍ കയറിയ സാഹചര്യത്തിലായിരുന്നു ഇത്. ഇന്ത്യ ആദ്യമായി ട്രില്യണ്‍ ഡോളര്‍ (ഒരുലക്ഷം കോടി ഡോളര്‍ അഥവാ 40 ലക്ഷം കോടിരൂപ) സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചതായും സര്‍വേ പ്രഖ്യാപിച്ചു. 13 ലക്ഷം കോടി ഡോളറുമായി യുഎസാണ് ഇൌ ക്ളബ്ബിലെ ഒന്നാം സ്ഥാനക്കാര്‍.

ഗതാഗത, വാര്‍ത്താവിനിമയ മേഖലയാണു കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്: 15.3%. നിര്‍മാണമേഖല 10.8% വളര്‍ന്നു. ബാങ്കിങ്ങും ഇന്‍ഷുറന്‍സും ഉള്‍പ്പെട്ട സാമ്പത്തിക സേവനമേഖല കഴിഞ്ഞ സാമ്പത്തികവര്‍ഷം 13.9% വളര്‍ച്ച നേടി. വ്യാവസായിക വളര്‍ച്ച താരതമ്യേന കുറവാണ്: 9.0%.

നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) ഗണ്യമായി കൂടി. 2007-08ലെ ആദ്യ ആറുമാസം മാത്രം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) 1120 കോടി ഡോളര്‍ (44,800 കോടി രൂപ) ആണ്. 2006-07ലെ 12 മാസം ഇതു 2300 കോടി ഡോളര്‍ (92,000 കോടിരൂപ) അഥവാ 150% വളര്‍ച്ച ആയിരുന്നു. വിദേശ വ്യാപാരത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും സര്‍വേ വ്യക്തമാക്കി. മൊത്തം ആഭ്യന്തര ഉല്‍പാദനവുമായുള്ള അനുപാതത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 12.3% ആണു വളര്‍ച്ച. സേവനമേഖലാ വ്യാപാരം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇതു 18.8 ശതമാനമാണ്.

ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിച്ചതിനെ തുടര്‍ന്നുകയറ്റുമതിക്കാര്‍ക്കുണ്ടായ റവന്യു നഷ്ടം പരിഹരിക്കാന്‍ നടപടികളെടുത്തു വരുന്നതായും സര്‍വേയില്‍ പറയുന്നു. തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയ കയറ്റുമതി മേഖലയില്‍ തീരുവ അവകാശ പാസ്ബുക്ക് പദ്ധതിനിരക്കു മൂന്നു ശതമാനം ഉയര്‍ത്തി. മറ്റു മേഖലകളില്‍ രണ്ടു ശതമാനവും.

കയറ്റുമതി വായ്പാ ഗാരന്റി കോര്‍പറേഷന്‍ പ്രീമിയത്തില്‍ പത്തു ശതമാനം കുറവുവരുത്തി. എക്സൈസ് തീരുവ, കേന്ദ്ര വില്‍പനനികുതി തിരിച്ചുനല്‍കല്‍ കുടിശിക തീര്‍ക്കാന്‍ 600 കോടിരൂപ അനുവദിച്ചു. ഡ്യൂട്ടി ഡ്രോബാക്ക് നിരക്കും കൂട്ടി. ഷിപ്മെന്റ് വായ്പയുടെ പലിശനിരക്കു കുറച്ചു. ചില മേഖലകളില്‍ സേവനനികുതി തിരിച്ചുനല്‍കുന്നതടക്കമുള്ള നടപടികളാണെടുത്തതെന്നു സര്‍വേ ചൂണ്ടിക്കാട്ടി.

ലോക വ്യാപാര സംഘടന (ഡബ്ലിയുടിഒ) വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നു സര്‍വേയിലുണ്ട്. കാര്‍ഷിക കരാറിലും മറ്റും സാധാരണ കര്‍ഷകരുടെ ജീവനോപാധി താല്‍പര്യങ്ങള്‍ മറ്റു മേഖലകളിലെ ചര്‍ച്ചകള്‍ക്കായി ബലികഴിക്കില്ല. സാമ്പത്തിക സര്‍വേയില്‍ ചിദംബരം സ്വപ്നംകാണുന്ന പരിഷ്കരണ നടപടികള്‍ പക്ഷേ, ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിമര്‍ശനത്തിനിടയാക്കിയേക്കും. ഒാഹരിവില്‍പനയും സ്വകാര്യ – വിദേശ മൂലധന നിക്ഷേപവുമാണ് ഇൌ പരിഷ്കാരങ്ങളുടെ കാതല്‍.

സര്‍വേയില്‍ അവതരിപ്പിച്ച പരിഷ്കരണ – ഉദാരവല്‍ക്കരണ നടപടികള്‍: സ്വകാര്യ ഗ്രാമീണ – കാര്‍ഷിക ബാങ്കുകളില്‍ (ഗ്രീന്‍ഫീല്‍ഡ് ബാങ്കുകള്‍) 100% വിദേശനിക്ഷേപം, കല്‍ക്കരി ഖനന മേഖലയില്‍ നിയന്ത്രിത സ്വകാര്യനിക്ഷേപം, ലാഭത്തിലുള്ള നവരത്ന ഇതര പൊതുമേഖലാ കമ്പനികളുടെ 5-10% ഒാഹരി വില്‍പന, അണ്‍ലിസ്റ്റഡ് പൊതുമേഖലാ കമ്പനികള്‍ ലിസ്റ്റ് ചെയ്യുകയും 10% ഒാഹരി വില്‍ക്കുകയും ചെയ്യുക, പഴയ എണ്ണപ്പാടങ്ങള്‍ സ്വകാര്യമേഖലയ്ക്കു വില്‍ക്കുക, ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപം 45%, വിദേശ ബ്രാന്‍ഡഡ് ചില്ലറവില്‍പന മേഖലയില്‍ 100% വിദേശനിക്ഷേപം.

നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ബാങ്കുകള്‍ക്കു മറ്റു സ്വകാര്യമേഖലാ ബാങ്കുകള്‍ ഏറ്റെടുക്കാന്‍ സ്വാതന്ത്യ്രമുണ്ടാകും. എഫ്ഡിഐ നയം കൂടുതല്‍ ഉദാരവല്‍ക്കരിക്കുന്ന മുറയ്ക്കു കൂടുതല്‍ ചെറുപട്ടണങ്ങളിലേക്കു ബിസിനസ് വ്യാപിപ്പിക്കാനും ശാഖകള്‍ തുറക്കാനും ഇവയെ അനുവദിക്കും.

പ്രഫഷനല്‍ സാങ്കേതിക സംവിധാനങ്ങളുള്ള സ്വകാര്യമേഖലയെക്കൂടി സഹകരിപ്പിച്ചു നഗര ഗതാഗത സംവിധാനത്തിന്റെ സമൂല പരിഷ്കാരവും സര്‍വേ വിഭാവനം ചെയ്യുന്നു. കാര്യക്ഷമമായ സംയോജിത ജനകീയ ഗതാഗത സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെട്രോകളടക്കമുള്ള വന്‍ നഗരങ്ങളില്‍ റോഡ് പാര്‍ക്കിങ് ഫീസിനും ഇതില്‍ വ്യവസ്ഥയുണ്ട്.

വിദേശ വ്യാപാരരംഗത്തു കസ്റ്റംസ് തീരുവകള്‍ വീണ്ടും കുറയ്ക്കണമെന്നു സര്‍വേ വാദിക്കുന്നു. പക്ഷേ, അനാവശ്യ കസ്റ്റംസ് തീരുവ ഇളവുകള്‍ ഒഴിവാക്കുകയും വേണം. ഇറക്കുമതി തീരുവകള്‍ കുറയുന്നതിനാല്‍ കാലഹരണപ്പെട്ടതോ അപ്രസക്തമായതോ ആയ ഇറക്കുമതി തീരുവ സമ്പ്രദായങ്ങളും ഇല്ലാതാകണം.

8. സാമ്പത്തിക സര്‍വേ 2007-08 ഒറ്റനോട്ടത്തില്‍
ദു:ഖം
. വളര്‍ച്ചാനിരക്കു കുറയുന്നു.
. കഴിഞ്ഞ സാമ്പത്തിക സര്‍വേയില്‍ 9.6 %
. നടപ്പു സാമ്പത്തിക വര്‍ഷം 8.7 %
. കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ ഒരു ശതമാനം ഇടിവ്
. ഉപഭോക്തൃ വ്യവസായ മേഖലയില്‍ മാന്ദ്യം
. ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ 22 ലക്ഷം ടണ്‍ കുറവ്

ആശ്വാസം
. പണപ്പെരുപ്പം 4.4% ആയി ചുരുങ്ങുന്നു. (2006-07ല്‍ 5.6% )
. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഒരുലക്ഷം കോടി ഡോളര്‍ ക്ളബ്ബില്‍
. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ 13ല്‍ ഒന്ന്; ചൈനയുടെ മൂന്നിലൊന്നും
. ആഭ്യന്തര നിക്ഷേപ – സമ്പാദ്യ നിരക്കുകളിലും വിദേശനിക്ഷേപത്തിലും വര്‍ധന
. സേവനമേഖലയില്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്ക്

സ്വപ്നം
. സ്വകാര്യ ഗ്രാമീണ-കാര്‍ഷിക ബാങ്കുകളില്‍ 100% വിദേശനിക്ഷേപം
. കല്‍ക്കരി ഖനന മേഖലയില്‍ നിയന്ത്രിത സ്വകാര്യനിക്ഷേപം
. ലാഭത്തിലുള്ള നവരത്ന ഇതര പൊതുമേഖലാ കമ്പനികളുടെ 5-10% ഒാഹരി വില്‍പ്പന
. അണ്‍ലിസ്റ്റഡ് പൊതുമേഖലാ കമ്പനികള്‍ ലിസ്റ്റു ചെയ്യുകയും 10% ഒാഹരി വില്‍ക്കുകയും ചെയ്യുക
. പഴയ എണ്ണപ്പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്കു വില്‍ക്കുക
. ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപം 45%
. വിദേശ ബ്രാന്‍ഡഡ് ചില്ലറ വില്‍പ്പന മേഖലയില്‍ 100% വിദേശ നിക്ഷേപം.

9. വിമാനം കൃഷ്ണമൃഗത്തെ ഇടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
കാന്‍പൂര്‍ (യുപി): ഡല്‍ഹിയില്‍നിന്നുകാന്‍പൂര്‍വഴി അലഹാബാദിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇവിടെ ഇറങ്ങവേ റണ്‍വേയില്‍ കടന്നുകയറിയ കൃഷ്ണമൃഗത്തെ ഇടിച്ചു. വിമാനത്തിന്റെ ഒരു പ്രൊപ്പല്ലറിനു കേടുപറ്റിയെങ്കിലും 47 യാത്രക്കാരും അപകടം കൂടാതെ രക്ഷപ്പെട്ടു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പലവക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w