പത്രവാര്‍ത്തകള്‍ 28-02-08

ആളെല്ലാം ട്രെയിനിലേക്ക്‌; ‘ആനവണ്ടി’ വാരിക്കുഴിയില്‍

പൊതുക്കടം 52,557 കോടി; പ്രതിസന്ധിയില്ലെന്നു ധനമന്ത്രി

സ്‌മാര്‍ട്‌ സിറ്റിക്കു പാര; എച്ച്‌.എം.ടി. വിവാദവുമായി ബന്ധമെന്നു സംശയം

ദേവസ്വം എസ്‌.പി. നിയമനം: ഹൈക്കോടതി ഇടപെടണമെന്ന്‌ ഓംബുഡ്‌സ്മാന്‍

അബുസലിമിന്റെ ഇംഗ്ലീഷ്‌ പ്രണയലേഖനം മുംബൈ പോലീസിനെ കുഴയ്‌ക്കുന്നു

കെ.എസ്‌.എഫ്‌.ഇക്ക്‌ സ്വയംഭരണം നല്‍കും; കറക്കു കമ്പനികളെ നിയന്ത്രിക്കും

സാമ്പത്തിക നയങ്ങളില്‍ കോടതി ഇടപെടരുതെന്ന്‌ സുപ്രീം കോടതി

കേരള: എം.സി.എ. വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്‌

സ്വകാര്യ എം.സി.എ. കോളജുകള്‍ സ്വന്തമായി പ്രവേശനപരീക്ഷ നടത്തും

സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പിന്‍വലിച്ചു

സിംഗപ്പൂരില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുമായി മുങ്ങി

35-44 വയസുകാര്‍ക്ക്‌ ഹൃദ്‌രോഗസാധ്യത കൂടുതല്‍

ഗള്‍ഫില്‍ വിസ കാലാവധി പത്തുവര്‍ഷമാക്കി; 70 ശതമാനം മലയാളികളും നാട്ടിലേക്ക്‌

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1.     അരിവിഹിതം: പാര്‍ലമെന്റിനുമുന്നില്‍ എംപിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിനു മുന്നില്‍ ധര്‍ണ നടത്തി. കേരളത്തിന്റെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇടതുപക്ഷ എംപിമാരും ധര്‍ണയില്‍ പങ്കെടുത്തു.

എന്നാല്‍, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരോ യുഡിഎഫ് എംപിമാരോ ധര്‍ണയില്‍ പങ്കെടുത്തില്ല. അരിവിഹിതം കുറഞ്ഞത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് മന്ത്രി വയലാര്‍ രവി ആക്ഷേപിക്കുകയും ചെയ്തു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട്, ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍, എ വിജയരാഘവന്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വംനല്‍കി. അരികൊണ്ട് രാഷ്ട്രീയം കളിക്കരുത്, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ളക്കാര്‍ഡുകളും ഏന്തിയായിരുന്നു ധര്‍ണ.

കേരളത്തിന്റെ റേഷന്‍ വിഹിതം 82 ശതമാനം വെട്ടിക്കുറച്ചതായി സീതാറാം യെച്ചൂരി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. പൊതുവിതരണ സംവിധാനം ഏറ്റവും ഫലപ്രദമായി നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഭക്ഷ്യധാന്യങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാല്‍ അരിവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കും. വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര കൃഷിമന്ത്രിയെയും സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടതാണ്. എന്നാല്‍, അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. എത്രയുംവേഗം വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറാകണം- യെച്ചൂരി ആവശ്യപ്പെട്ടു.

കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാട്ടുന്നതെന്ന് പി കരുണാകരന്‍ പറഞ്ഞു. 1,13420 ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 28,000 ടണ്ണായി കുറച്ചു. റേഷനരി ലഭ്യത കുറഞ്ഞത് പൊതുവിപണിയില്‍ അരിവില കൂടുന്നതിന് കാരണമായി- കരുണാകരന്‍ പറഞ്ഞു.

കേരളത്തിന്റെ ആവശ്യമുയര്‍ത്തി പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന ധര്‍ണകളിലും മറ്റും കക്ഷിവ്യത്യാസമില്ലാതെ എംപിമാര്‍ പങ്കെടുക്കാറുണ്ട്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും സമരവേദിയിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഈ ധര്‍ണയില്‍ ഒരൊറ്റ യുഡിഎഫ് എംപിയും പങ്കെടുത്തില്ല. അനുവദിച്ച അരി എടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ ബുദ്ധിമുട്ടിനു കാരണമെന്നായിരുന്നു മന്ത്രി വയലാര്‍ രവിയുടെ ആക്ഷേപം.

യുഡിഎഫ് ഭരണത്തില്‍ 25 കോടി റേഷന്‍ സബ്സിഡിക്ക് ഇതുവരെ 116 കോടി
തിരു: റേഷന്‍ സബ്സിഡിക്കായി 116 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചപ്പോള്‍ അഞ്ചുകൊല്ലംകൊണ്ട് യുഡിഎഫ് ചെലവഴിച്ചത് 25 കോടി രൂപമാത്രം. വിലനിയന്ത്രിക്കാന്‍ ഈ സര്‍ക്കാര്‍ പണം ചെലവഴിച്ചില്ലെന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെളിപ്പെടുത്തിയതാണിത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ ഈ സര്‍ക്കാര്‍ 55 കോടി രൂപ ചെലവഴിച്ചു. വില നിയന്ത്രിക്കാന്‍ മാര്‍ക്കറ്റില്‍ ഇടപെട്ട സിവില്‍സപ്ളൈസിനും കണ്‍സ്യൂമര്‍ ഫെഡിനും അവരുടെ നഷ്ടം വകവെച്ചുകൊടുക്കും. മാര്‍ക്കറ്റില്‍ ഇടപെടുകയെന്നത് തുടര്‍പ്രക്രിയയാണ്. കുടുംബശ്രീകള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 61 കോടിയും ഈ വര്‍ഷം 25.7 കോടിയും ചെലവഴിച്ചു.

2. പ്രഭാതസവാരിക്കിറങ്ങിയ ദമ്പതികള്‍ ടാങ്കര്‍ലോറി ഇടിച്ചു മരിച്ചു
തിരു: പ്രഭാതസവാരിക്കിറങ്ങിയ ദമ്പതികള്‍ ദുരൂഹസാഹചര്യത്തില്‍ ടാങ്കര്‍ലോറി ഇടിച്ച് മരിച്ചു. തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലെ സയന്റിഫിക് ഓഫീസര്‍ പാറ്റൂര്‍ മഠത്തുവിളാകം പിആര്‍എ 165 എ ഗോകുലത്തില്‍ പി രവീന്ദ്രന്‍(48), ഭാര്യ ബി അജിതകുമാരി(38)എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 4.20 നായിരുന്നു സംഭവം. പേട്ട പള്ളിമുക്ക് എസ്ബിടിക്ക് എതിര്‍വശത്ത് നടപ്പാതയിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്നു ഇരുവരും. പള്ളിമുക്ക് ഭാഗത്തുനിന്ന് അതിവേഗത്തില്‍ വന്ന ടാങ്കര്‍ലോറി നടപ്പാതയുടെ ഇരുമ്പുകൈവരികള്‍ തകര്‍ത്ത് ഇവരുടെ നേര്‍ക്ക് പാഞ്ഞുകയറി. ലോറിക്കടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. ട്രാഫിക് പൊലീസ് ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെയും സഹായിയെയും പിന്നീട് അറസ്റ്റ്ചെയ്തു. എസ്എസ്എ കണിയാപുരം ബ്ളോക്ക് റിസോഴ്സ് സെന്റര്‍ ട്രെയിനറാണ് അജിത.

കെഎല്‍ 21 എ 23 എന്ന നമ്പരിലുള്ള ടാങ്കര്‍ ലോറി തിരുവനന്തപുരം വഴയില ക്രൈസ്റ്റ് നഗര്‍ അരുണ്‍ നിവാസില്‍ ടി എം സരോജിനിയുടേതാണ്. ഫ്ളാറ്റുകളിലും സ്വകാര്യ ആശുപത്രികളിലും വെള്ളം എത്തിക്കുന്ന ലോറിയാണിത്. എന്നാല്‍, അപകടസമയത്ത് ടാങ്കര്‍ ശൂന്യമായിരുന്നു.

അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് ദമ്പതികളുടെ ബന്ധുക്കളുടെ ആരോപണം. അപകടം സൃഷ്ടിച്ച ലോറി ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റേതാണെന്ന് അവര്‍ പറഞ്ഞു. അപകടസ്ഥലത്തുവച്ച് മഹസര്‍ തയ്യാറാക്കാതെ ലോറി പെട്ടെന്ന് നീക്കംചെയ്തതായും അവര്‍ പറഞ്ഞു. അഭയ കേസുമായി ബന്ധപ്പെട്ട് കെമിക്കല്‍ ലാബില്‍നിന്നുള്ള പല രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നത് രവീന്ദ്രനായിരുന്നു. കൂടാതെ പൊലീസ് പിടികൂടുന്ന സ്പിരിറ്റും വ്യാജമദ്യവും ലഹരിപദാര്‍ഥങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ജോലിയിലും ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകരും പറയുന്നു.

ദമ്പതികളുടെ മരണം വേദന താങ്ങാനാകാതെ നാട്ടുകാരും
തിരു: അച്ഛനും അമ്മയും ടാങ്കര്‍ ലോറിക്കടിയില്‍ പിടഞ്ഞു മരിക്കുമ്പോള്‍ പറക്കമുറ്റാത്ത രണ്ട് കുരുന്നുകള്‍ പൂട്ടിയിട്ട വീടിനുള്ളില്‍ സുഖനിദ്രയില്‍. ചെറിയ മുറിവ് പറ്റിയെന്ന ബന്ധുവിന്റെ വാക്ക് വിശ്വസിച്ച് ഗോപിക മണിക്കൂറുകളോളം മാതാപിതാക്കളെയും കാത്ത് റോഡിലേക്ക് കണ്ണുംനട്ട് നിന്നു. ഒടുവില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ടെന്ന് അറിഞ്ഞതോടെ പത്തുവയസ്സുകാരി തളര്‍ന്നുവീണു.

ബുധനാഴ്ച പുലര്‍ച്ചെ ടാങ്കര്‍ ലോറി ജീവന്‍ അപഹരിച്ച രവീന്ദ്രന്‍-അജിത ദമ്പതികളുടെ വീടായ ഗോകുലത്തില്‍ ഹൃദയഭേദകമായ രംഗങ്ങളായിരുന്നു. പറക്കമുറ്റുംമുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോപികയെയും അനുജന്‍ ഗോകുലിനെയും ആശ്വസിപ്പിക്കാനെത്തിയ ബന്ധുക്കള്‍ക്ക് ആ കുരുന്നുകളുടെ കണ്ണുനീര്‍ കാണാനുള്ള ശക്തിയില്ലായിരുന്നു.

പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ളാസ് വിദ്യാര്‍ഥിനിയാണ് ഗോപിക(10). പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയാണ് ഗോകുല്‍(ഒമ്പത്).

നാലുദിവസംമുമ്പാണ് രവീന്ദ്രനും അജിതയും പ്രഭാതസവാരി ആരംഭിച്ചത്. കുട്ടികള്‍ക്ക് മുത്തം നല്‍കി വീട് മുന്‍വശത്തുനിന്ന് പൂട്ടിയാണ് ഇരുവരും നടക്കാന്‍ ഇറങ്ങുന്നത്. ബുധനാഴ്ച പുലര്‍ച്ചെയും പതിവ് തെറ്റിച്ചില്ല. സംഭവസ്ഥലത്തുനിന്ന് ദമ്പതികളുടെ മൊബൈല്‍ഫോണും വീടിന്റെ താക്കോലും പൊലീസിന് ലഭിച്ചു. മൊബൈല്‍ഫോണ്‍ മുഖേന അജിതയുടെ സഹപ്രവര്‍ത്തക കൃഷ്ണയുമായി ബന്ധപ്പെട്ടാണ് ദമ്പതികളുടെ വീട് പൊലീസ് മനസ്സിലാക്കിയത്. അയല്‍വാസികളുടെ സാന്നിധ്യത്തില്‍ പൊലീസ് വീടുതുറക്കുമ്പോള്‍ കുട്ടികള്‍ രണ്ടുപേരും ഉണര്‍ന്നിരുന്നു. പൊലീസിനെ കണ്ട് കുട്ടികള്‍ ഭയന്നെങ്കിലും സമീപവാസി കുട്ടികളെ ആശ്വസിപ്പിച്ചു. അച്ഛനും അമ്മയ്ക്കും ചെറിയ അപകടം പറ്റിയെന്നു പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളെ മരണവിവരം അറിയിച്ചു. നേരംപുലര്‍ന്നതോടെ ബന്ധുക്കളും നാട്ടുകാരും വീട്ടില്‍ എത്തിത്തുടങ്ങി.

മരണവിവരം ആദ്യമറിഞ്ഞ അജിതയുടെ കൂട്ടുകാരി കൃഷ്ണയ്ക്ക് പ്രിയകൂട്ടുകാരിയുടെ വേര്‍പാട് വിശ്വസിക്കാനായില്ല. ചൊവ്വാഴ്ച രാത്രി കൃഷ്ണയെ വിളിച്ച് ബുധനാഴ്ച എസ്എസ്എ ജില്ലാ ഓഫീസില്‍ കാണാമെന്നു പറഞ്ഞിരുന്നു. പാറ്റൂര്‍ മഠത്തുവിളാകം സ്വദേശികള്‍ക്ക് ദമ്പതിമാരെപ്പറ്റി നല്ലതേ പറയാനുള്ളൂ. എല്ലാവര്‍ക്കും രവീന്ദ്രന്‍ ചേട്ടനും അജിത ചേച്ചിയുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഗോകുലത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ വൃദ്ധരും കുട്ടികളും പൊട്ടിക്കരഞ്ഞു. പലരും ഇരുവരുടെയും നെറുകയില്‍ മുത്തം നല്‍കി അന്ത്യാഞ്ജലി നല്‍കി.

പാറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ഇ കെ നായനാര്‍ കള്‍ച്ചറല്‍സെന്റര്‍ പ്രസിഡന്റ് കൂടിയായ രവീന്ദ്രന്‍ ജോലിക്കാര്യത്തിലും കണിശക്കാരനായിരുന്നു. കാട്ടാക്കട മംഗലയ്ക്കല്‍ വീട്ടില്‍ തുളസീധരന്‍-ഭഗവതി ദമ്പതികളുടെ മകളാണ് അജിതകുമാരി. പോത്തന്‍കോട് നന്നാട്ടുകാവില്‍ പരേതരായ പത്മനാഭന്‍-ചെല്ലമ്മ ദമ്പതികളുടെ മകനാണ് രവീന്ദ്രന്‍.

മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാറ്റുരിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചു. വൈകിട്ട് കാട്ടാക്കട മംഗലയ്ക്കലുള്ള അജിതയുടെ കുടുംബവീട്ടില്‍ സംസ്കരിച്ചു.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എം വിജയകുമാര്‍, സി ദിവാകരന്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ദമ്പതികളുടെ മരണം: ലോറിഡ്രൈവറും സഹായിയും കസ്റ്റഡിയില്‍
തിരു: ടാങ്കര്‍ ലോറി ഇടിച്ച് ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ളീനറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലോറി ഡ്രൈവര്‍ അരുവിക്കര വെമ്പന്നൂര്‍ ഗീതാഭവനില്‍ ഗോപകുമാര്‍(26), അയല്‍വാസിയും ക്ളീനറുമായ ഉണ്ണിക്കൃഷ്ണന്‍(22) എന്നിവരെയാണ് ട്രാഫിക് സൌത്ത് അസിസ്റ്റന്റ് കമീഷണര്‍ പി മോഹനന്‍നായര്‍, നോര്‍ത്ത് സിഐ മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തുവരുന്നു.

പെരുമ്പാവൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഇദ്ദേഹത്തിന്റെ സഹോദരന്‍ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനുമാണ്. ഈഞ്ചക്കല്‍ ബൈപാസിലുള്ള അനന്തപുരി ആശുപത്രിയിലേക്ക് കുടിവെള്ളം എത്തിച്ച് മടങ്ങുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ റവാഡ എ ചന്ദ്രശേഖര്‍ അറിയിച്ചു. തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക് അസിസ്റ്റന്റ് കമീഷണര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പേട്ട സിഐ ആര്‍ മഹേഷ്, സിറ്റി ട്രാഫിക് നോര്‍ത്ത് സിഐ മോഹനന്‍, ട്രാഫിക് എസ്ഐ സുദര്‍ശനന്‍, ഡിസിആര്‍ബി എസ്ഐ അജയ്കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

3. നിയമമില്ല; മലബാറില്‍ ഹോമിയോ രംഗത്ത് ‘വ്യാജന്മാര്‍’ പെരുകുന്നു
കണ്ണൂര്‍: ഏകീകൃത നിയമമില്ലാത്തത് മലബാര്‍ മേഖലയില്‍ ഹോമിയോ പ്രാക്ടീസിന് തടസ്സമാകുന്നു. അടിസ്ഥാനയോഗ്യതയോ ചികിത്സാ പരിചയമോ ഇല്ലാത്തവര്‍പോലും ഇവിടെ ഡോക്ടര്‍മാരെന്ന പേരില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. മറുവശത്ത് വര്‍ഷങ്ങളായി പ്രശസ്തനിലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരെ വ്യാജന്മാരെന്ന് മുദ്രകുത്തി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്.

കണ്ണൂര്‍ പഴയങ്ങാടിയില്‍ വ്യാജഡോക്ടറെന്ന പരാതിയെത്തുടര്‍ന്ന് യുവാവ് അറസ്റ്റിലായതോടെയാണ് നിയമത്തിന്റെ അഭാവം വീണ്ടും ഉയര്‍ന്നുവന്നത്. പിടിയിലായ ആള്‍ വ്യാജഡോക്ടറാണെങ്കില്‍പ്പോലും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോമിയോ ഡോക്ടറുടെ യോഗ്യത വ്യവസ്ഥചെയ്യുന്ന നിയമം മലബാര്‍ പ്രദേശത്ത് പ്രാബല്യത്തിലില്ല. അതിനാല്‍ നിശ്ചിത യോഗ്യതയുണ്ടെന്നോ ഇല്ലെന്നോ ആരെക്കുറിച്ചും പറയാനാവില്ല. യഥാര്‍ഥ ഹോമിയോമരുന്ന് നല്‍കി പ്രാക്ടീസ് ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന ഹൈക്കോടതി വിധിയും നിലവിലുണ്ട്. അബ്കാരിനിയമം ലംഘിക്കുകയോ രോഗിക്ക് അലോപ്പതി മരുന്ന് വിതരണംചെയ്യുകയോ ചെയ്താല്‍മാത്രമേ നിയമനടപടി സ്വീകരിക്കാവൂ എന്നാണ് ഹൈക്കോടതി ഉത്തരവ്.

മരുന്ന് മാറിനല്‍കിയെന്ന തരത്തിലുള്ള ആക്ഷേപങ്ങളും നിയമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് മലബാര്‍ ഹോമിയോപ്പതിക് ഫെഡറേഷന്‍ സെക്രട്ടറി കെ കെ പത്മനാഭന്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു. രോഗത്തിനല്ല, രോഗലക്ഷണങ്ങള്‍ക്കാണ് ഹോമിയോ ചികിത്സ. പ്രാക്ടീസ് ചെയ്യുന്ന ആളുടെ പരിചയസമ്പന്നതയും യുക്തിയുമനുസരിച്ചാണ് മരുന്ന് നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിമൂന്നിലെ തിരുവിതാംകൂര്‍- കൊച്ചി മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് നിയമമനുസരിച്ചാണ് കേരളത്തില്‍ ഇപ്പോള്‍ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നത്. ഈ നിയമത്തിന് മലബാര്‍ മേഖലയില്‍ പ്രാബല്യമില്ല. ഈ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് വ്യാജന്മാര്‍ വിലസുന്നത്. ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനം പുനഃസംഘടിപ്പിച്ചശേഷം രണ്ടു തവണ ഏകീകൃത നിയമത്തിന് ശ്രമം നടന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപ്പാകാതെ പോയി. 1973ല്‍ കേന്ദ്രനിയമം വന്നു. പക്ഷേ, സംസ്ഥാനനിയമം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമേ ഈ നിയമത്തിന് പ്രാബല്യമുള്ളൂ. തിരു- കൊച്ചി നിയമം കേരളത്തിനാകെ ബാധകമാണെന്ന് ധരിച്ചതുകൊണ്ടാകാം കേന്ദ്രനിയമം മലബാര്‍ മേഖലയില്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തുനിഞ്ഞില്ല.

പലതവണ കോടതിവിധികള്‍ ഉണ്ടായെങ്കിലും നടപടികളുണ്ടായില്ല. 1987 നവംബര്‍ രണ്ടുവരെ പ്രാക്ടീസ് ചെയ്തുവന്ന മലാബാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ അനുവദിച്ച് 2001 മാര്‍ച്ച് 23ന് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ, ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോരു കാരണം ഈ ഉത്തരവും നടപ്പില്‍ വന്നില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏകീകൃത നിയമത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കാന്‍ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചിരിക്കയാണ്. ഇത് സംബന്ധിച്ച നടപടി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4.  ലാലുവിന്റെ പ്രസംഗം പ്രതിഷേധത്തിനു നടുവില്‍
ന്യൂഡല്‍ഹി: ജനപ്രിയ ബജറ്റ് അവതരിപ്പിച്ചെന്ന് റെയില്‍വെമന്ത്രി ലാലുപ്രസാദ് അവകാശപ്പെടുമ്പോഴും ലോക്സഭയില്‍ ബജറ്റിനെതിരെ പ്രതിഷേധം അണപൊട്ടി. എന്‍ഡിഎ അംഗങ്ങള്‍ ഒന്നടങ്കം സഭയില്‍നിന്ന് ഇറങ്ങിപ്പോയപ്പോള്‍ യുഎന്‍പിഎയും അതേപാത പിന്തുടര്‍ന്നു. പശ്ചിമബംഗാളിനെ അവഗണിച്ചതിന്റെ പേരില്‍ അവിടെനിന്നുള്ള ഇടതുപക്ഷ അംഗങ്ങളും സഭ ബഹിഷ്കരിച്ചു. സ്വകാര്യവല്‍ക്കരണത്തിനുള്ള ഊന്നല്‍ ഇടതുപക്ഷ അംഗങ്ങളെ ചൊടിപ്പിക്കുകയും ചെയ്തു.

ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭയും കാര്‍ഷികപ്രതിസന്ധിയുടെ പേരില്‍ സ്തംഭിച്ചിരുന്നു. 12ന് ലോക്സഭയില്‍ ലാലു തന്റെ ബജറ്റ് പ്രസംഗം ആരംഭിച്ച വേളയില്‍തന്നെ കര്‍ണാടകയില്‍നിന്നുള്ള അംഗങ്ങള്‍ ബിജെപി നേതാവ് അനന്തകുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ലാലു കര്‍ണാടകയ്ക്കെതിരെ നടത്തിയ പ്രസ്താവനയെക്കുറിച്ചായിരുന്നു ഈ പ്രതിഷേധം. ലാലു സ്വതസിദ്ധമായ ശൈലിയില്‍ തമാശ കലര്‍ത്തി ബജറ്റ് പ്രസംഗം ആരംഭിച്ചു. ഹിന്ദിയിലാണ് രണ്ടു മണിക്കൂര്‍ നീണ്ട പ്രസംഗം ലാലു നടത്തിയതെങ്കിലും ഇടയ്ക്കിടയ്ക്ക് അദ്ദേഹം ഇംഗ്ളീഷിലേക്കു തിരിഞ്ഞത് സഭയില്‍ പൊട്ടിച്ചിരിക്ക് വക നല്‍കി.

പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചതോടെയാണ്സഭ പ്രക്ഷുബ്ധമായത്. ഗുജറാത്തില്‍നിന്നുള്ള ബിജെപി അംഗങ്ങള്‍ സംസ്ഥാനത്തെ അവഗണിച്ചു എന്നു പറഞ്ഞ് ആദ്യം സഭ വിട്ടു. തുടര്‍ന്ന് ഫരീദാബാദില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി അവ്താര്‍സിങ് ബദാന തന്റെ മണ്ഡലത്തെ അവഗണിച്ചു എന്നു പറഞ്ഞ് മന്ത്രിയോട് ക്ഷുഭിതനായി.

5. അടുത്തവര്‍ഷം ലോകജനസംഖ്യയില്‍ പകുതിയും നഗരങ്ങളില്‍
ഐക്യരാഷ്ട്രകേന്ദ്രം: ഈ വര്‍ഷം പിന്നിടുമ്പോള്‍ ലോക ജനസംഖ്യയില്‍ പകുതിയും നഗരവാസികളായിരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2050 ആകുമ്പോള്‍ 70 ശതമാനംപേരും നഗരങ്ങളിലായിരിക്കുമെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

670 കോടിവരുന്ന ലോക ജനസംഖ്യയില്‍ 330 കോടിയാണ് ഇപ്പോള്‍ നഗരങ്ങളില്‍ താമസിക്കുന്നത്. 2050ല്‍ ജനസംഖ്യ 920 കോടിയാകുമെന്നും നഗരവാസികളുടെ എണ്ണം 640 കോടിയാകുമെന്നും കണക്കാക്കുന്നു.

നഗരവല്‍ക്കരണ വേഗതയില്‍ ഏഷ്യയും ആഫ്രിക്കയുമാണ് മുന്നില്‍. ഏഷ്യയില്‍ നഗരവാസികളുടെ എണ്ണം 160 കോടിയാണ്. അടുത്ത നാലുദശകം പിന്നിടുമ്പോള്‍ ഇത് 180 കോടിയാകും. ഇന്ത്യയില്‍ 30 ശതമാനം പേരാണ് ഇപ്പോള്‍ നഗരങ്ങളില്‍ താമസിക്കുന്നത്. 2050ല്‍ ഇത് 55 ശതമാനമാകും. ചൈനയില്‍ 40 ശതമാനം നഗരവാസികളാണ് ഉള്ളത്. 2050ല്‍ ഇത് 70 ശതമാനമാകും. അതായത് 100 കോടി ജനങ്ങള്‍.

ഇന്ത്യയില്‍ അഞ്ചുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളിലേക്കാണ് കൂടുതല്‍പേര്‍ ചേക്കേറുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൊല്‍ക്കത്തയിലും ചെന്നൈയിലും 2025 ആകുമ്പോള്‍ ജനസംഖ്യ ക്രമത്തില്‍ 2.66 കോടിയും 1.01 കോടിയുമാകും. മുംബൈയില്‍ 1.90 കോടിയും ഡല്‍ഹിയില്‍ 1.88 കോടിയുമാണ് കഴിഞ്ഞവര്‍ഷത്തെ ജനസംഖ്യ.

ഒരുകോടിയിലേറെ ജനങ്ങളുള്ള മഹാനഗരങ്ങള്‍ ലോകത്തിപ്പോള്‍ 19 ആണ്. ഇതില്‍ 3.6 കോടി പേര്‍ വസിക്കുന്ന ടോക്യോ ആണ് ഒന്നാമത്. യൂറോപ്പില്‍ നാലു മഹാനഗരമുള്ളപ്പോള്‍ ഇന്ത്യയില്‍മാത്രം മൂന്നെണ്ണമുണ്ട്- മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി. ചൈനയില്‍ രണ്ടെണ്ണം- ബീജിങ്, ഷാങ്ഹായ്. അമേരിക്കയില്‍ രണ്ടെണ്ണം- ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്. 1950ല്‍ ഒരുകോടിയിലേറെ ജനസംഖ്യയുള്ള ഏകനഗരം ന്യൂയോര്‍ക്കായിരുന്നു.

1. ‘കരിനിയമം കടലിലെറിയണം’
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ശുദ്ധവും ആത്മാര്‍ഥവുമായ ഉദ്ദേശമാണ് വിവാദമായ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ ബില്ലിന്റെ പിന്നില്‍ സര്‍ക്കാരിനുള്ളതെങ്കില്‍ അതിനു ഈ ബില്ലിന്റെ ആവശ്യമില്ല. നെല്ലിനു കിലോയ്ക്ക് 15 രൂപ തറവില നല്‍കാമെന്നു മാത്രം പ്രഖ്യാപിച്ചാല്‍ മതി നെല്‍കൃഷി കുതിക്കും. മറ്റു സബ്സിഡികളോ സാമ്പത്തിക സഹായങ്ങളോ കൂടാതെതന്നെ കര്‍ഷകര്‍ കൃഷി ചെയ്യാന്‍ സന്നദ്ധരാകും.

കൃഷി ചെയ്യുന്നില്ലെന്ന പേരില്‍ കര്‍ഷകനില്‍നിന്നും ഭൂമി പിടിച്ചെടുത്ത് ഏതെങ്കിലും സംഘങ്ങളെ ഏല്‍പ്പിച്ചാലും ഖജനാവില്‍നിന്നും ഭീമമായ തുക സബ്സിഡി വളവും വിത്തുമായി നല്‍കാതെ ആരും കൃഷി ചെയ്യാന്‍ സന്നദ്ധരാവില്ല.

നെല്‍വയല്‍ പിടിച്ചെടുക്കല്‍ വഴിയുണ്ടാകുന്ന കോടതി ചെലവുകളും പോലീസ് കേസുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും ചൂഷണവും ഒഴിവാക്കാം. കുട്ടനാട്ടില്‍ മുരിക്കന്റെ നെല്‍വയല്‍ പിടിച്ചെടുത്ത് സംഘങ്ങള്‍ക്ക് കൊടുത്തിട്ട് അവസാനം എന്ത് സംഭവിച്ചുവെന്ന് നമുക്കറിയാം. ഇതുതന്നെ ഇനിയും ആവര്‍ത്തിക്കപ്പെടണം എന്ന് ഇവിടുത്തെ രാജ്യസ്നേഹികളായ ആരും ആഗ്രഹിക്കുന്നില്ല.

ബില്ലിലെ ചില കര്‍ഷക ദ്രോഹവശങ്ങള്‍ കാണാതിരിക്കാനാവില്ല. ഈ നിയമം പൌരന്റെ മൌലികാവകാശത്തിന്‍മേലുള്ള കൈകടത്തലാണ്. സ്വന്തമായ ഭൂമിയില്‍ ലാഭകരമായ ഏതൊരു കൃഷിയും ചെയ്യാന്‍ കര്‍ഷകന് അവകാശമുണ്ടായിരിക്കണം.

ഈ നാട്ടിലെ വ്യാപാരികളോട് ഇനി നിങ്ങള്‍ മത്സ്യക്കച്ചവടം മാത്രമേ നടത്താവൂ എന്ന് പറഞ്ഞാല്‍ അത് ആരെങ്കിലും അനുസരിക്കുമോ? ഈ നാട്ടിലെ വ്യവസായികള്‍ ഇനി മുതല്‍ ചെരിപ്പുമാത്രമേ ഉണ്ടാക്കാവൂ എന്ന നിയമം കൊണ്ടുവന്നാലത്തെ അവസ്ഥ ആലോചിച്ചാലോ?.

ഇതിന് തുല്യമാണ് പാവപ്പെട്ട കര്‍ഷകനോട് നഷ്ടം സഹിച്ചും നിങ്ങള്‍ നെല്‍കൃഷി മാത്രമേ ചെയ്യാവൂ എന്ന് കല്‍പ്പിക്കുന്നത്? എന്തുകൊണ്ട് നെല്‍കൃഷി ഉപേക്ഷിച്ചു? എന്നത് മറന്നുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

നെല്‍കൃഷിയെ അങ്ങേയറ്റം സ്നേഹിച്ചവരാണ് ഇന്നാട്ടിലെ കര്‍ഷകര്‍. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അരിക്ഷാമം പരിഹരിക്കാന്‍വേണ്ടിയാണ് മധ്യതിരുവിതാംകൂറിലെ സാഹസികരും രാജ്യസ്നേഹികളുമായ കര്‍ഷകര്‍ മലബാറിലേക്കും ഹൈറേഞ്ച് പ്രദേശങ്ങളിലേക്കും കുടിയേറിയത്. കുടിയേറ്റങ്ങള്‍ ആദ്യം നടന്നതും ‘വയല്‍നാടായ വയനാട്ടിലേക്കാണ്.

രാജ്യത്തിനുവേണ്ടി നെല്ലുല്‍പാദിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മലബാറിന്റെ മറ്റ് മേഖലകളിലേക്ക് കടന്നവരും നെല്‍കൃഷിയിലാണ് ശ്രദ്ധിച്ചത്.

വയനാട് ഒഴിച്ചുള്ള മേഖലകളില്‍ നെല്‍പാടങ്ങള്‍ വിരളമായിരുന്ന പ്രദേശങ്ങളില്‍ വെള്ള സൌകര്യമുള്ള മലയിടുക്കുകളെല്ലാം കൊത്തി നിരത്തി അവിടങ്ങളില്‍ വെള്ളം കെട്ടിനിറുത്തിയും വെള്ളം കോരിയൊഴിച്ചും നെല്‍കൃഷി ചെയ്തു.

ഇങ്ങനെ കരയായിരുന്ന ഒട്ടേറെ സ്ഥലങ്ങള്‍ നെല്ലിനെ സ്നേഹിച്ച കര്‍ഷകരുടെ കഠിനാധ്വാനംവഴി കനകം വിളയുന്ന നെല്‍വയലുകളായി. നാട്ടിലെ പട്ടിണിയകറ്റാന്‍ വേണ്ടി ഇത്തരമൊരു സാഹസികത കാണിച്ചത് കര്‍ഷകര്‍ക്ക് ഇന്ന് വിനയായിരിക്കുന്നു.

ഭീമമായ നഷ്ടം സഹിച്ചാണെങ്കിലും അവിടെ നെല്‍കൃഷിതന്നെ ഇനിയും ചെയ്തില്ലെങ്കില്‍ ഭൂമി ന ഷ്ടപ്പെടും. ഭൂമി ഏറ്റെടുത്ത് സംഘങ്ങള്‍ക്ക് നല്‍കിയാല്‍ എന്ന് തിരിച്ചുകിട്ടും എന്നുപോലും പറയാനാവില്ല.

ആ ഭൂമിയില്‍ പ്രവേശിക്കാന്‍തന്നെ കര്‍ഷകന് മുന്‍കൂര്‍ അനുവാദം വേണ്ടിവരും. ഭൂമി അന്യാധീനപ്പെട്ടും പോകാം. അനീതിപരമായ തൊഴിലാളി സമരങ്ങളും ഭീഷണിയും താങ്ങാനാവാത്ത കൂലിച്ചെലവുകളും തൊഴിലാളികളെ കിട്ടാനാവാത്ത സാഹചര്യങ്ങളും കീടബാധകളും നിമിത്തമാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചത്.

കൊയ്ത്തുകാലമാകുമ്പോള്‍ കൊയ്ത്തുകാരെ കിട്ടാത്തതിനാലും അവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയാത്തതിനാലും വയല്‍തീരത്തുനിന്ന് വാവിട്ടുകരയുന്ന കര്‍ഷകരെ കണ്ടിട്ടുണ്.

താങ്ങാനാവാത്ത മനോവേദനയോടെയാണ് അന്ന് ചൂഷകനും ബൂര്‍ഷ്വായുമായ കര്‍ഷകന്‍ നെല്‍കൃഷിയോട് വിടപറഞ്ഞത്. ഈ സാഹചര്യങ്ങള്‍ ഇന്നും നിലവിലില്ലെന്നും ഇനിയുണ്ടാകില്ലെന്നും ഉറപ്പ് പറയാനാകുമോ? അതിനു പുറമേയാണ് കൂലിചെലവിന് ആനുപാതികമായ വില കിട്ടുന്നില്ല എന്ന വസ്തുതയും. ഇതൊന്നും കണക്കിലെടുക്കാതെ കര്‍ഷകന്റെ ഭൂമി പിടിച്ചെടുത്ത് മറ്റാരെയങ്കിലും ഏല്‍പ്പിച്ചാല്‍ ഇവിടുത്തെ നെല്‍പാടങ്ങളില്ലെല്ലാം കനകം വിളയും എന്ന് സ്വപ്നം കാണുന്നത് യാഥാര്‍ഥ്യബോധമില്ലായ്മയാണ്. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് പാടങ്ങള്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് നികത്താം. വ്യവസായിക്കും റിയല്‍ എസ്റ്റേറ്റുകാരനും എന്തുമാകാം. കര്‍ഷകന്‍ മാത്രം എന്നും അടിമയെപ്പോലെ തല കുനിച്ച് നില്‍ക്ക ണം.

നീര്‍ത്തട സംരക്ഷണമാണല്ലോ നിയമത്തിന്റെ മറ്റൊരു വശം. നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം. പക്ഷെ ഇവിടെ ഒരു തിരിച്ചറിവ് ആവശ്യമാണ്. ജൈവ വൈവിധ്യംകൊണ്ട് സമ്പന്നവും ജലസ്രോതസുകളുമായ നീര്‍ത്തടങ്ങള്‍ കണ്െടത്തി സംരക്ഷിക്കണം. എന്നാല്‍ ഇന്നു നാം നീര്‍ത്തടങ്ങളെന്ന് പറഞ്ഞ് നിലനിര്‍ത്തിപോരുന്ന ചില സ്ഥലങ്ങള്‍ മഴക്കാലത്ത് വെള്ളക്കുണ്ടുകളും വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ടു കിടക്കുന്ന സ്ഥലങ്ങളുമാണ്. അവ ജൈവ വൈവിധ്യത്തിന്റെ താവളങ്ങളോ ജലസ്രോതസുകളോ അല്ല. വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്കോ സസ്യങ്ങള്‍ക്കോ മനുഷ്യര്‍ക്കോ അവകൊണ്ട് പ്രയോജനമില്ല. അങ്ങനെയുള്ള പ്രദേശങ്ങളില്‍

ലാഭകരമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കൃഷി ചെയ്യുകയും അതിനുവേണ്ടി ഭൂമിയില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുമ്പോള്‍ ഗ്രാമങ്ങള്‍തോറും വലിയ കുളങ്ങള്‍ നിര്‍മിച്ചിടാന്‍ വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുന്നതല്ലേ ബുദ്ധി? പണ്ട് രാജാക്കന്‍മാര്‍ ചെയ്തിരുന്നത് അതാണല്ലോ. കോഴിക്കോട്ടെ മാനാഞ്ചിറ തന്നെ ഉദാഹരണം. ആ സ്ഥലം ചതുപ്പുനിലമായി നിലനിര്‍ത്തിയിരുന്നെങ്കില്‍ വര്‍ഷക്കാലത്ത് അവിടെ വെള്ളംകൊണ്ടും വേനല്‍ക്കാലത്ത് ഉണങ്ങി വരണ്ട കളിസ്ഥലവുമായി കിടക്കുമായിരുന്നു. എന്നാല്‍, ഇന്നത് സിറ്റിക്ക് മുഴുവന്‍ അനുഗ്രഹമായ ജലസംഭരണിയാണ്. ഇതുപോലെ ഗ്രാമങ്ങള്‍തോറും എട്ടോ പത്തോ തടാകങ്ങള്‍ നിര്‍മിക്കാനുതകുന്ന സംവിധാനമാണ് ഇവിടെയുണ്ടാകേണ്ടത്. കുന്ദമംഗലത്ത് ഐ.ഐ.എമ്മിനോടനുബന്ധിച്ച് നിര്‍മിച്ചിരിക്കുന്ന തടാകം ശ്രദ്ധിക്ക പ്പടേണ്ടതാണ്.

ചുരുക്കത്തില്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ‘നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍’ യാഥാര്‍ഥ്യബോധമില്ലാത്തതും കര്‍ഷക ദ്രോഹപരവുമാണ്. കര്‍ഷകനെ കുറ്റവാളിയെപ്പോലെ കാണുന്ന അതിലെ സമീപനശൈലി മാത്രമല്ല ഭൂമി മാഫിയകള്‍ക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ വഴി തുറക്കുന്ന ഇതിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിനു ദോഷം ചെയ്യുമെന്ന് പറയാതെ വയ്യ.

നാടിനുവേണ്ടി ഭക്ഷണം ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കൂച്ചുവിലങ്ങിടുകയല്ല അവര്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു വിഭാഗം ജനത്തിന് തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെട്ടാല്‍ അത് ജനാധിപത്യ സംവിധാനത്തിനുതന്നെ അപകടകരമാകുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.

2. എസ്.എസ്.എല്‍.സി : വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയില്‍
തിരുവനന്തപുരം: എസ്.എസ്. എല്‍.സി പരീക്ഷ ഉച്ചയ്ക്കുശേഷം ആക്കാനുള്ള തീരുമാനം വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും സ് കൂള്‍ അധികൃതരെയും ഒരുപോലെ അസ്വസ്ഥരാക്കുന്നു.

തീരുമാനം നടപ്പാക്കരുതെന്നും എസ്.എസ്.എല്‍.സി പരീക്ഷ പതിവുപോലെ രാവിലെ തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് അ ധ്യാപക – രക്ഷകര്‍ത്തൃ സംഘടനകള്‍ മുന്നോട്ടുവന്നു. അധികൃതര്‍ക്കു നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് അവര്‍.

ശാരീരികമായും മാനസികമായും എസ്.എസ്.എല്‍.സി കുട്ടികള്‍ക്കു വിഷമമുണ്ടാക്കുന്ന ഏര്‍പ്പാടാണിതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചു. ജീവിതത്തിലെ ആദ്യത്തെ പൊതുപരീക്ഷയുടെ ചൂടും, ടെന്‍ഷനും കുട്ടികള്‍ അനുഭവിക്കുന്ന സമയം, കാലാവസ്ഥയിലെ ചൂട് അവര്‍ക്ക് കൂടുതല്‍ ക്ളേശമാകും.

പലയിടത്തും ആസ് ബ സ്റ്റാസ് ഷീറ്റിനു കീഴില്‍ ഫാന്‍ പോലും ഇല്ലാത്ത സ്കൂള്‍ കെട്ടിടങ്ങളാണുള്ളത്. അതിനടിയിലിരുന്ന് ഉച്ചയ്ക്കുശേഷം പരീക്ഷ എ ഴുതുന്നത് ഏറെ ക്ളേശകരമാണ്.

ചോദ്യപേപ്പറിന്റെ സുരക്ഷിതത്വത്തെ കരുതിയാണ് ഇത്തരം ഒരു ക്രമീകരണം എന്നാണ് വിശദീകരണം.

എന്നാല്‍, അതിന് ഒരു ന്യായീകരണവും ഇല്ലെന്ന് ബ ന്ധ പ്പെട്ടവര്‍ ചൂണ്ടിക്കാ ണി ക്കു ന്നു.

ചോദ്യക്കടലാസുകള്‍ ചോര്‍ന്നത് സ്കൂളുകളില്‍ നിന്നല്ല എന്നതുതന്നെ പ്രധാന കാരണം. സ്കൂളില്‍ ഉണ്ടായിട്ടുള്ളത് ചോദ്യക്കടലാസ് മാറി പൊട്ടിക്കുക എന്ന അബദ്ധമാണ്. ചോദ്യക്കടലാസ് വരുന്ന പായ്ക്കറ്റുകളില്‍ കോഡ് നമ്പര്‍ മാത്രം എഴുതിയിരുന്ന കാലത്താണ് അത്തരം അനുഭവം ഉണ്ടാകുന്നത്. ഇപ്പോള്‍ കോഡിനൊപ്പം വിഷയത്തിന്റെ പേരും പേപ്പര്‍ നമ്പറും ഉണ്ട്. അതുകൊണ്ട് മനഃപൂര്‍വം മാറിപ്പൊട്ടിക്കുന്നില്ലെങ്കില്‍ ഇത്തരം പ്രശ്നം ഉണ്ടാവുന്നില്ല. മനഃപൂര്‍വം ചെയ്യുന്നവര്‍ക്ക് എപ്പോഴും അവസരമുണ്ട്.

ചോദ്യക്കടലാസ് ചോര്‍ന്നിട്ടുള്ളത് പ്രസിലും പരീക്ഷാഭവനിലും ഒക്കെയാണ്. അത് ഇനിയും തുടരാം.

ചോദ്യക്കടലാസ് ചോരാതിരിക്കുന്നതിന് താരതമ്യേന കുറ്റമറ്റ സംവിധാനം കഴിഞ്ഞവര്‍ഷം ഉണ്ടാക്കിയിരുന്നു. പ്രസില്‍ നിന്നും പോലീസ് അകമ്പടിയോടെ ചോദ്യപേപ്പര്‍ കണ്െടയ്നറുകള്‍ ഡിഇഒ ഓഫീസുകളില്‍ എത്തിക്കുക. അവിടെനിന്നും പോലീസ് അകമ്പടിയോടെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കുന്നു. അവിടെയുള്ള സേഫില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നു. സേഫിന്റെ രണ്ട് താക്കോലുകളില്‍ ഒന്ന് പരീക്ഷാ ചീഫിന്റെ കൈയിലും രണ്ടാമത്തേത് ഡെപ്യൂട്ടി ചീഫിന്റെ കൈയിലും സൂക്ഷിക്കുന്നു. സ്കൂളില്‍ പോലീസ് കാവലും ഏര്‍പ്പെടുത്തുന്നു. ഇതിനായി കഴിഞ്ഞവര്‍ഷം എല്ലാ സ്കൂളിലും സേഫ് വാങ്ങി. പൂട്ടും ഉണ്ട്. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷത്തെ സമ്പ്രദായം തന്നെ തുടര്‍ന്നാല്‍ മതിയെന്ന പക്ഷക്കാരാണ് ഹെഡ്മാസ്റ്റര്‍മാര്‍.

ഉച്ചയ്ക്ക് പരീക്ഷ നടക്കുന്നതിനാല്‍ 11 മണിയോടെയെങ്കിലും കുട്ടികള്‍ വീട്ടില്‍ നിന്നും പുറപ്പെടണം. സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്നതുകൊണ്ട് പല സ്കൂളിലും ചെന്നിരുന്ന് പഠിക്കുന്നത് ക്ളേശകരമാണ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ സ്കൂളില്‍ തന്നെ സൂക്ഷിക്കാനാണ് പരിപാടി. തന്മൂലം വിദ്യാലയങ്ങളില്‍ പോലീസ് കാവല്‍ ഉണ്ടാകും. ഈ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി ചോദ്യക്കടലാസുകള്‍ കൂടി സ്കൂളില്‍ സൂക്ഷിക്കുന്നതുകൊണ്ട് അധികച്ചെലവ് ഉണ്ടാവില്ല.

എന്നാല്‍, പരീക്ഷ ഉച്ചയ്ക്കുശേഷം ആക്കുന്നത് കുട്ടികള്‍ക്ക് വലിയ ക്ളേശം ഉണ്ടാക്കില്ലെന്ന പക്ഷക്കാരനാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സ്വരാജ്. ഞങ്ങളൊക്കെ ദിവസവും രണ്ട് പരീക്ഷ വച്ച് എഴുതിയതല്ലേ. പിന്നെന്താ പ്രശ്നം – അദ്ദേഹം ചോദിച്ചു. രാവിലെ കുറെ സമയം ലഭിക്കുന്നത് പഠിക്കുവാന്‍ കൂടുതല്‍ സഹായകമാവില്ലേ എന്നായിരുന്നു സ്വരാജിന്റെ ചോദ്യം.

3. ലാലു കേരളത്തിന്റെ കണ്ണില്‍ പൊടിയിട്ടു !
കോട്ടയം: റെയില്‍വേ ബജറ്റില്‍ കേരളത്തിനു അനുവദിച്ച നാലു വണ്ടികളില്‍ രണ്െടണ്ണം നിലവില്‍ ഓടുന്നതാണെന്നു സൂചന. താല് ക്കാലികമായി ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ ഔദ്യോഗിക രേഖയില്‍ എഴുതിച്ചേര്‍ത്തു മലയാളികളുടെ കണ്ണില്‍ പൊടിയിടുകയാണ് റെയില്‍വേ ചെയ്തതെന്നാണ് ആരോപണം.

ബാംഗളൂര്‍ – കൊച്ചുവേളി ഗരീബ് രഥ് ആണ് കൊട്ടിഘോഷിച്ച് അനുവദിച്ചതില്‍ ഒന്ന്. എന്നാല്‍, ബാംഗളൂരില്‍നിന്ന് തെക്കന്‍ കേരളത്തിലേക്ക് അഞ്ചു വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ആറ് സ്പെ ഷല്‍ ട്രെയിനുകള്‍ ഗരീബ് രഥ് വരുന്നതോടെ നിറുത്തലാകുമെന്നാണ് അറിയുന്നത്. ബാംഗളൂര്‍- കൊച്ചുവേളി, ഹൂഗ്ളി- കൊച്ചുവേളി, ബാംഗളൂര്‍- തിരുവനന്തപുരം, ബാംഗളൂര്‍ – എറണാകുളം തുടങ്ങിയ സ്പെഷല്‍ ട്രെയിനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്.

ക്രിസ്മസ്, വേനല്‍ക്കാലം, ഓണം, ടൂറിസം തുടങ്ങി വിവിധ സീസണുകളില്‍ ആഴ്ചയുടെ ആറു ദിവസവും ബാംഗളൂര്‍ സ്പെഷല്‍ വണ്ടികള്‍ ഉണ്ടായിരുന്നു. പുതിയതായി അനുവദിച്ച കൊച്ചുവേളി- ബാംഗളൂര്‍ ഗരീബ് രഥ് ആഴ്ചയില്‍ മൂന്നു ദിവസമേയുള്ളു. അനുഭവത്തില്‍ ആറു ദിവസം ഓടിയിരുന്ന വണ്ടി മൂന്നായി ചുരുങ്ങി.

ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാസഞ്ചര്‍ പുതിയ വണ്ടിയാണോ എന്നതു ഇപ്പോള്‍ തര്‍ക്കത്തിലാണ്. ഇപ്പോള്‍ ഇതേ റൂട്ടില്‍ അഞ്ചു സര്‍വീസുകളുണ്ട്. റെയില്‍വേ ചാര്‍ട്ടനുസരിച്ച് മൂന്നും ശേഷിക്കുന്ന രണ്െടണ്ണം സ്പെഷല്‍ സര്‍വീസുമാണ്.

സ്പെഷല്‍ സര്‍വീസില്‍ ഒ രെണ്ണം പുതിയ വണ്ടിയായി ലാലു പ്രഖ്യാപിച്ചതാണോ ആറാമ തൊരു സര്‍വീസ് തുടങ്ങിയ താ ണോ എന്നു ബജറ്റില്‍ വ്യക്തമ ല്ല.ബാംഗളൂര്‍- കോയമ്പത്തൂര്‍ എക്സ് പ്രസ് എറണാകുളത്തേക്ക് നീട്ടിയതാണ് കേരളത്തിന്റെ മറ്റൊരു കൈനീട്ടം. ഇതു ലാലുവിന്റെ മറ്റൊരു തന്ത്രമാണ്. ഇതേ വണ്ടി കോയമ്പത്തൂരില്‍നിന്നും എറണാകുളം വരെ ദീര്‍ഘിപ്പിച്ച് കഴിഞ്ഞ ജൂണ്‍ മുതല്‍ ഓടിക്കൊണ്ടിരിക്കു ന്നതാണ്.

റെയില്‍വേയുടെ ഔദ്യോഗിക ചാര്‍ട്ടില്‍ സര്‍വീസ് എഴുതിച്ചേര്‍ക്കുന്നത് ഇപ്പോഴാണെന്നുമാത്രം. ബാംഗളൂരിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബി റെയില്‍വേയില്‍ സ്വാധീനം ചെലുത്തി സ്പെഷല്‍ വണ്ടികള്‍ ഇല്ലാതാക്കിയെന്നാണ് ആരോപണം.

മംഗലാപുരം കണ്ണൂര്‍ റൂട്ടില്‍ പുതിയൊരു വണ്ടി മലബാറിന്റെ ആവശ്യമാണ്. കൂടാതെ യശ്വന്ത്പൂര്‍ കണ്ണൂര്‍ ട്രെയിന്‍ ആഴ്ചയില്‍ മൂന്നു സര്‍വീസിനു പകരം ദിവസേനയാക്കണമെന്ന മുറവിളിയും അവഗണിക്കപ്പെട്ടു. തിരുവനന്തപുരം- കോട്ടയം- എറണാകുളം റൂട്ടില്‍ ഒരു വണ്ടികൂടി കിട്ടാതെ തിരക്കു കുറയില്ല.

ആശ്വാസമെന്നു പറയുന്നത് പുതുതായി വരുന്ന കൊച്ചുവേളി- ഡെറാഡുണ്‍, കൊച്ചുവേളി-ഡെറാഡുണ്‍ വണ്ടികളാണ്. ഡല്‍ഹി, മുംബൈ യാത്രക്കാര്‍ക്ക് ഇത് ആശ്വാസം തന്നെ. പക്ഷെ രണ്ടും ആഴ്ചവണ്ടികളാണ്. സര്‍വീസ് എന്നു തുടങ്ങുമെന്ന് തീര്‍ച്ചയില്ല. രണ്ടു വര്‍ഷം വരെ കേരളീയര്‍ പുതിയ വണ്ടികള്‍ക്ക് കാത്തിരുന്ന അനുഭവമുണ്ട്.

പാലക്കാട്ടെ റെയില്‍വെ കോച്ച് ഫാക്ടറികൊണ്ട് കേരളത്തിന് എത്രത്തോളം നേട്ടം എന്നതും കാത്തിരുന്നു കാണണം. കേരളത്തില്‍നിന്ന് എത്രപേര്‍ക്ക് തൊഴില്‍ കിട്ടുമെന്നത് അവ്യക്തം. 600 ഡിഗ്രിവരെ ചൂടില്‍ ഉരുക്ക് നിര്‍മിക്കുന്ന ജോലിക്ക് കേരളീയര്‍ എത്ര താല്‍പര്യം കാട്ടുമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. എത്ര കോച്ചെന്നോ കോച്ചിന്റെ ഏതെല്ലാം ഭാഗങ്ങളെന്നോ ലാലു പറയുന്നില്ല.

റെയില്‍ ഫാക്ടറിയോട് അനുബന്ധിച്ചുള്ള വ്യവസായവും സാമ്പത്തിക നേട്ടവും തൊട്ടു ചേര്‍ന്നുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂരിനായിരിക്കും. പാലക്കാട്ടേക്ക് അനുബന്ധ റോഡുകള്‍ ഉണ്ടായേക്കാം. വൈദ്യുതിയും വെള്ളവും എവിടെനിന്ന് എന്നതും തീര്‍ച്ചയില്ല.

പാത ഇരട്ടിക്കലിനു തുക നാമമാത്രമാക്കി ലാലു മലയാളിയുടെ നിലവിളി അടക്കി എന്നേ പറയേണ്ടൂ. പാലക്കാട് പൊള്ളാച്ചി ലൈന്‍ വികസിപ്പിക്കുമ്പോള്‍ റൂട്ടിന്റെ അഞ്ചു കിലോ മീറ്റര്‍ ദൈര്‍ഘ്യം മാത്രമാണ് കേരളത്തിലുള്ളത്. ബാക്കി 55 കിലോമീറ്ററും തമിഴ്നാട്ടിലാണ്.

ഗേജ് മാറ്റം നടക്കുന്ന കൊല്ലം- തെങ്കാശി- വിരുദുനഗര്‍ പാതയ്ക്ക് 90 കോടി മാറ്റിവെച്ചു. കേരളത്തിന് ഇതിന്റെ പ്രയോജനം കിട്ടുക 60 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം. ഗേജ് മാറ്റത്തെത്തുടര്‍ന്ന് കൊല്ലം തെങ്കാശി റൂട്ടില്‍ ട്രെയിന്‍ നിലച്ചതോടെ അതിരൂക്ഷമായ ഗതാഗതക്ളേശമാണ് ഇപ്പോഴുള്ളത്. ഇത് രണ്ടു വര്‍ഷമെങ്കിലും തുടരും.

എറണാകുളം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പാത ഇരട്ടിക്കലിന് അനുവദിച്ച തുക നാമമാത്രം. മുളന്തുരുത്തി മുതല്‍ കുറുപ്പന്തറ വരെ പാത ഇരട്ടിക്കലിന് 150 കോടിയാണ് എസ്റ്റിമേറ്റ്. ലാലു അനുവദിച്ചത് 30 കോടി. കഴിഞ്ഞ വര്‍ഷവും ഇത്രയേ തന്നുള്ളു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍പോലും ഇത് തികയില്ല. ചിങ്ങവനം- ചെങ്ങന്നൂര്‍ ഇരട്ടിക്കലിന് തന്നിരിക്കുന്നത് 20 കോടി. 200 കോടി അനുവദിക്കാതെ പണി തീരില്ല.

ശബരി പാതയ്ക്ക് 500 കോടി രൂപയായിരുന്നു അഞ്ചു കൊല്ലം മുന്‍പ് എസ്റ്റിമേറ്റ്. ഇന്നത്തെ നിലയില്‍ 1250 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലാലു വകയിരുത്തിയിരിക്കുന്നത് 15 കോടി. അങ്കമാലി, മൂവാറ്റുപുഴ,കരിങ്കുന്നം,പാല, കാഞ്ഞിരപ്പള്ളി, എരുമേലി വഴി അഴുതയിലെത്തേണ്ട പാത ഈ തുകയ്ക്ക് മൂവാറ്റുപുഴയിലെത്തുന്ന കാര്യം പോലും ആശങ്കയിലാണ്.

4. മാലിന്യം; മത്സ്യങ്ങള്‍ കുട്ടനാടിനു അന്യമാകുന്നു
കോട്ടയം: കേരളത്തിന്റെ നെല്ലറയായിരുന്നു കുട്ടനാടിനു ‘മീനറ’ എന്ന പദവിയും അന്യമാകുന്നു. അനുദിനം കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളും വിഷാംശങ്ങളുമാണ് കുട്ടനാട്ടിലെ മത്സ്യസമ്പത്തിനു ഭീഷണിയായിരിക്കുന്നത്.

പാടശേഖരങ്ങളും കൈത്തോടുകളും കുളങ്ങളും വറ്റിക്കുമ്പോള്‍ കരിമീനും കൊഞ്ചും വാളയും വരാലുമൊക്കെ സമൃദ്ധമായി കിട്ടിയിരുന്ന കാലം ഇപ്പോള്‍ ഓര്‍മയിലേക്കു ചേക്കേറുകയാണ്. മീന്‍പിടിത്തക്കാരുടെ ഹരമായിരുന്ന കൊഞ്ചും ചെമ്മീനും കുട്ടനാടിനു നഷ്ടമായിക്കൊണ്ടിരിക്കുന്നു. മത്സ്യസമ്പത്തിന്റെ വൈവിധ്യത്തിലും അളവിലും ഏറെ മുന്നിലായിരുന്നു വേമ്പനാട്ടുകായല്‍.

150-ഓളം ഇനം മത്സ്യങ്ങളും അഞ്ചിനം ചെമ്മീനും നാലിനം കൊഞ്ചും മൂന്നിനം ഞണ്ടും കറുത്തകക്കയും അടങ്ങുന്നതായിരുന്നു വേമ്പനാട്ടുകായലിന്റെ മത്സ്യ സമ്പത്ത്. കായലിന്റെ വിസ്തൃതിയിലും ആഴത്തിലും വന്ന ശോഷണവും മാലിന്യം കൂടിയതും വിഷാംശം കലര്‍ന്ന ജലവും ഇവയുടെ പ്രതുത്പാദനത്തെ കാര്യമായി ബാധിച്ചു. ചെറുമീനുകളായ മുരശ്, പള്ളത്തി, കൊഴുവ, അറഞ്ഞില്‍, വയമ്പ് തുടങ്ങിയവയും വംശനാശഭീഷണിയിലാണ്.

കുട്ടനാടന്‍ മേഖലയില്‍ നിന്നു ലഭിക്കുന്ന പ്രധാന മത്സ്യം കരിമീനാണ്. കായലിലേക്ക് എത്തുന്ന ഇടത്തോടുകള്‍ വന്‍തോതില്‍ നികത്തിയതിനാല്‍ കരിമീന് മുട്ടയിടുന്നതിനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞു. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും കരിമീന്‍ വളരുമെങ്കിലും കായല്‍ജലമാണ് അഭികാമ്യം. മലിനജലത്തില്‍ കരിമീന് നിലനില്‍പ്പില്ല. കൈത്തോടുകള്‍ നികത്തിയതും കായല്‍ ഡ്രഡ്ജ് ചെയ്യുന്നതും മലിനീകരണം വര്‍ധിച്ചതുമെല്ലാം കരിമീന്‍ ഉത്പാദനത്തെ ബാധിച്ചു. ഉത്പാദന വര്‍ധനവിലും കൂടുതലാണ് ഇപ്പോള്‍ കരിമീനിന്റെ ഉപഭോഗം. കുട്ടനാട്ടിലേക്ക് വിദേശികളുടെ ഒഴുക്ക് വര്‍ധിച്ചതോടെയാണ് കരിമീനിന്റെ ഉപഭോഗം കൂടിയത്.

ചട്ടങ്ങള്‍ പാലിക്കാത്ത ഹൌസ് ബോട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ് കുട്ടനാടിനെ മലിനമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. നൂറുകണക്കിനു ഹൌസ് ബോട്ടുകളുടെ എന്‍ജിന്‍ ഓയിലും മണ്ണെണ്ണയും ജലത്തില്‍ കലരുന്നു. മനുഷ്യവിസര്‍ജ്യ വസ്തുക്കളും അടുക്കള മാലിന്യങ്ങളും പ്ളാസ്റ്റിക് കുപ്പികളും യാതൊരു നിയന്ത്രണവുമില്ലാതെ കായലിലേക്കും തോടുകളിലേക്കുമാണ് തള്ളുന്നത്.

മത്സ്യസമ്പത്ത് നശിക്കുന്നതിനു പുറമേ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇതു വഴിവയ്ക്കുന്നു. കായലോരങ്ങളിലെ പല നക്ഷത്ര ഹേ ാട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും അവശിഷ്ടങ്ങള്‍ തള്ളുന്നതും കായലുകളിലേക്കുതന്നെ. കൂടാതെ നെല്‍വയലുകളില്‍ ഉപയോഗിക്കുന്ന രാസവളവും കീടനാശിനികളും ജലത്തില്‍ കലരുന്നതും മത്സ്യസമ്പത്തിനു ഭീഷണിയാണ്.

വ്യവസ്ഥായ കേന്ദ്രങ്ങളിലെ മാലിന്യങ്ങളും ഗാര്‍ഹിക ഉച്ഛിഷ്ടങ്ങളും നഗരമാലിന്യങ്ങളും ഒഴുകിയെത്തുന്നതും ജലത്തെ വിഷമയമാക്കിയിട്ടുണ്ട്. ഈ നിലതുടര്‍ന്നാല്‍ അവശേഷിക്കുന്ന മത്സ്യസമ്പത്തും കുട്ടനാടിനെ കൈയൊഴിയുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

5. കേരളത്തിന് ചതുര്‍മുഖ പദ്ധതി വേണം: ഡോ.പ്രഭാത് പട്നായിക്
പാലാ: കേരളത്തിന്റെ സമഗ്രവികസനത്തിന് അധികവിഭവ സമാഹരണം, സാങ്കേതികവിദ്യ നവീകരണം, ഗ്രാമീണ തൊഴിലവസര വര്‍ധനവ്, ഭക്ഷ്യകമ്മി നികത്തല്‍ എന്നീ നാലു മുഖങ്ങളോടുകൂടിയ പദ്ധതി വേണമെന്ന് സംസ്ഥാന പ്ളാനിംഗ്ബോര്‍ഡ് വൈസ്ചെയര്‍മാന്‍ ഡോ.പ്രഭാത് പട്നായിക്. പാലാ സെന്റ് തോമസ് കോളജ് ഇ ക്ക ണോമിക്സ് വിഭാഗം റൂബി ജൂബിലി ആഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വരുംനാളുകളില്‍ ഭക്ഷ്യദൌര്‍ലഭ്യം രൂക്ഷമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംസ്ഥാനത്തെ ചെറുകിട കാര്‍ഷികമേഖല തകര്‍ച്ചയിലാണെന്നും പറഞ്ഞു. വിദ്യാസമ്പന്നരായ തൊഴില്‍രഹിതര്‍ വര്‍ധിച്ചിരിക്കുന്നു.

അസമത്വത്തിനും ദാരിദ്യ്രത്തിനും കുറവില്ല. മോശപ്പെട്ട ദിവസങ്ങളാണ് മുമ്പിലുള്ളതെന്നും സാമൂഹ്യ-സാമ്പത്തി ക സുസ്ഥിരതയ്ക്ക് ആവശ്യമായ മുന്‍കരുതല്‍ വേണമെന്നും പട്നായിക് ചൂണ്ടി ക്കാട്ടി.

കേരളസര്‍വകലാശാല ഇക്ക ണോമിക്സ് വിഭാഗം തലവന്‍ ഡോ .ആല്‍വിന്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കേരള സമ്പദ്വ്യവസ്ഥയെ സമീപകാലത്ത് മുന്നോട്ടു നയിച്ചത് പ്രധാനമായും ഗള്‍ഫ് മേഖലയിലെ മലയാളികളുടെ അധ്വാനമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ജോസഫ് കൂഴാമ്പാല, ഡോ.പി.ജെ.തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. മറ്റുള്ളവരുടെ നന്മയ്ക്കായി തന്റെ കഴിവുകളും സമ്പത്തും വിനിയോഗിച്ച ഉന്നതമനസിനുടമയാണ് ഡോ.പി.ജെ.തോമസെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഉട്ടോപ്യന്‍ ആശയങ്ങളില്‍ മയങ്ങാതെ സാധാരണജനങ്ങളുടെ ഉന്നമനത്തിനായി നൂതനാശയങ്ങ ള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്ന ഡോ.പി.ജെ.തോമസ് അക്കാലത്തെ അമര്‍ത്യാസെന്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോണ്‍.ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജോസ് കണ്ടത്തില്‍, പ്രഫ. ഇ. എ സ്.ജോസഫ്, കെ. പി. രാജശേഖരന്‍, പ്രിന്‍സിപ്പല്‍ റവ. ഡോ.മാത്യു ജോണ്‍ കോക്കാട്ട്, പ്രഫ.പി.എസ്.മാത്യു, കെ. സി. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇക്കണോമിക്സ് ആദ്യബാച്ച് വിദ്യാര്‍ഥികളെ മോണ്‍.ഈനാസ് ഒറ്റത്തെങ്ങുങ്കലും റിട്ടയേഡ് അധ്യാപകരെ പ്രിന്‍സിപ്പല്‍ റവ.ഡോ.മാത്യു ജോണ്‍ കോക്കാട്ടും പൊന്നാടയണിയിച്ച് ആദരിച്ചു.

ഡോ.കെ.കെ.ജോണ്‍, ജോസ് കണ്ടത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

6. റിപ്പര്‍ മോഡല്‍ കവര്‍ച്ചാ സംഘം കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: വീട്ടുകാരുടെ തലയ്ക്കടിച്ചു പരിക്കേല്പിച്ച ശേഷം കവര്‍ച്ച നടത്തി വന്ന കുപ്രസിദ്ധ സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. മലബാര്‍ മേഖലയില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുള്ള ഈ സംഘം ആയിരക്കണക്കിന് പവന്‍ സ്വര്‍ണം കവര്‍ന്നിട്ടുണ്െടന്ന് പോലീസ് പറഞ്ഞു.

കണ്ണാടിപ്പറമ്പ് മാലോട്ട് താമസിക്കുന്ന മണ്ണാര്‍ക്കാട് കോട്ടപ്രം സ്വദേശി മാരിയപ്പന്റെ മകന്‍ രവി (20), സഹോദരന്‍ സുരേശന്‍ (35), സഹോദരീ ഭര്‍ത്താവ് പാലക്കാട് കഞ്ചിക്കോട് കോങ്ങാട്ട്പാടം പുതുശേരിയിലെ മുരുകേശന്റെ മകന്‍ എം. രവി (20) എന്നിവരെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തു നിന്ന് ടൌണ്‍ സിഐ സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. രവിയുടെ പിതാവായ മുരുകേശനാണ് സംഘത്തിന്റെ നേതാവ്.

രാത്രി മോഷണം നടത്തുകയാണ് ഈ സംഘത്തിന്റെ പതിവ്. ഫോണ്‍ ബന്ധം വിച്ഛേദിച്ചശേഷം രാത്രിയില്‍ വീട്ടുകാരുടെ മുന്നില്‍ കുപ്പികള്‍ എറിഞ്ഞുടച്ച് ഭീതി പരത്തും. ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്യും. കവര്‍ച്ചാമുതലുകള്‍ ഉപയോഗിച്ച് സംഘം തമിഴ്നാട്ടില്‍ ഭൂമി വാങ്ങിയിട്ടുണ്െടന്ന് പോലീസ് പറഞ്ഞു. ആര്‍ഭാടജീവിതമാണ് ഇവര്‍ നയിച്ചുവന്നിരുന്നത്.

2007 നവംബര്‍ അഞ്ചിന് കടന്നപ്പള്ളി ചന്തപ്പുരയിലെ പോത്തേര കുറ്റ്യാട്ട് രവീന്ദ്രന്റെ തലയ്ക്കടിക്കുകയും വീട്ടുകാരെ മര്‍ദിക്കുകയും ചെയ്തശേഷം 41 പവന്‍ സ്വര്‍ണവും 25,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നത് ഇപ്പോള്‍ പിടിയിലായ മൂന്നുപേരടങ്ങുന്ന ആറംഗ സംഘമാണെന്ന് പോലീസ് പറഞ്ഞു. അഞ്ച് അയല്‍വാസികളുടെ വീടുകളിലും ഇതേ രീതിയില്‍ കവര്‍ച്ച നടത്തി.

അയല്‍വാസികള്‍ വാതില്‍ തുറന്നപ്പോള്‍ അവരെ അടിച്ചു പരിക്കേല്പിച്ച ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. രവീന്ദ്രന്റെ വീട്ടില്‍ നിന്നും മോഷണം നടത്തിയ മൊബൈല്‍ ഫോണ്‍ കവര്‍ച്ചാ സംഘം തുടര്‍ന്നും ഉപയോഗിച്ചു വരികയായിരുന്നു. ഈ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് സംഘത്തെ പോലീസ് കുടുക്കിയത്.

മാഹി, തലശേരി, കരിവെള്ളൂര്‍ എന്നിവിടങ്ങളിലും ഇവര്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. തലശേരിയിലെ ഒരു എഎസ്ഐയുടെ വീട്ടില്‍ കയറി എഎസ്ഐയെ തലയ്ക്കടിച്ച് പരിക്കേല്പിച്ചും ഭീഷണിപ്പെടുത്തിയും പണവും സ്വര്‍ണവും കവര്‍ന്നതും ഈ സംഘമാണ്. കൂടാതെ 2006 നവംബര്‍ 18-ന് രാത്രി കണ്ണൂര്‍ പാറക്കണ്ടിയിലെ എന്‍.പി. ശോഭനയുടെ വീട്ടില്‍ കയറി ഭര്‍ത്താവ് വേണുഗോപാലിന്റെ തലയ്ക്കടിച്ച് മാരകമായി പരിക്കേല്പിച്ച് ശോഭനയുടെ താലിമാലയും മൂന്നാംപീടിക ആര്‍ട്ടിലറി റോഡിലെ കൊറ്റ്യത്ത് ദാമോദരന്റെ വീട്ടില്‍ കയറി കത്തി കാട്ടി ദാമോദരന്റെ സഹോദരിയുടെ അഞ്ചു പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചതും ഇവരാണത്രെ. 2006 ജൂലൈ 20-ന് താണയിലെ ഒരു വീടിന് പുലര്‍ച്ചെ കല്ലെറിയുകയും ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസി രാമചന്ദ്രനെ തലയ്ക്കടിച്ച് അകത്തു കയറി ഭാര്യയുടെ രണ്േടകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്നതും ഇവരാണെന്നു സംശയിക്കുന്നു.

സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മരയ്ക്കാര്‍കണ്ടിയിലെ ഫിലോമിന ഡിസൂസ, തയ്യിലിലെ പുരുഷോത്തമന്‍ എന്നിവരുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികളും ഇവരാണൈന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ടൌണ്‍ സിഐ സദാനന്ദനു പുറമൈ എസ്ഐ മനോജ്, ക്രൈം സ്ക്വാഡിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ചന്തുക്കുട്ടി, മഹിജന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

7. റെയില്‍ അലൈന്‍മെന്റ് : കേന്ദ്രസര്‍ക്കാരിന് നോട്ടീസ്
കൊച്ചി: ശബരി റെയില്‍പാതയുടെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലൂടെയുള്ള അലൈന്‍ മെന്റിന് അംഗീകാരം നല്‍കുന്നതിനെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും റെയില്‍വേക്കും ഹൈക്കോടതി നോട്ടീസയച്ചു.

അങ്കമാലി – എരുമേലി നിര്‍ദിഷ്ട റെയില്‍പാത ഈരാറ്റുപേട്ട, തലപ്പാലം, ഭരണങ്ങാനം, കാപ്പള്ളി, കടനാട്, കോണ്ടൂര്‍ വഴി കൊണ്ടുപോകുന്നത് അധികചെലവുണ്ടാക്കുമെന്ന വാദവുമായി ജോര്‍ജ് ജോസഫ് ഉള്‍പ്പെടെ 70 പേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് കെ. പത്മനാഭന്‍നായര്‍ ഫയലില്‍ സ്വീകരിച്ചത്.

ഈ അലൈന്‍മെന്റ് 5.75 കിലോമീറ്റര്‍ ദൂരകൂടുതലിന് ഇടയാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ടണലുകളും വളവുകളും കുറക്കാന്‍ നാലാമത്തെ അലൈന്‍മെന്റാണ് നല്ലതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

8. കേബിള്‍ കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രികന്‍ മരിച്ചു
പെരുമ്പാവൂര്‍: റോഡിന് കുറുകെ വലിച്ചിരുന്ന കേബിളുകള്‍ പൊട്ടിവീണു കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രികന്‍ മരിച്ചു. കിഴക്കേ അയ്മുറി ചെറിയച്ചേരി വര്‍ഗീസിന്റെ മകന്‍ ജേക്കബ് വര്‍ഗീസ് (ബിജു-30) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മാതൃസഹോദരന്റെ മകന്‍ ഇരിങ്ങോള്‍ മൂലേക്കുടി ജോബി (19)നെ പരിക്കുകളോടെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പുലര്‍ച്ചെ 4.30-ഓടെ എ.എം. റോഡില്‍ ഒന്നാം മൈലില്‍ മുസ്ലിം പള്ളിക്കു സമീപമായിരുന്നു അപകടം. അസുഖ ബാധിതനായ ജോബിക്ക് മരുന്നു വാങ്ങാനായി പറവൂരിലുള്ള ഡോക്ടറുടെ അടുത്തേയ്ക്കു പോകുംവഴിയാണ് അപകടം. പുലര്‍ച്ചെ ഇതുവഴി കടന്നുപോയ ജെ.സി.ബി റോഡ് സൈഡിലുള്ള ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് കുറുകെ കെട്ടിയിരുന്ന കേബിളുകള്‍ മുറിഞ്ഞു വീഴുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഒമാനില്‍ ജോലി നോക്കുന്ന ജേക്കബ് അവധിയില്‍ വന്നിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.

മാതാവ് അമ്മിണി. ബിന്ദു, പോള്‍ വര്‍ഗീസ് എന്നിവര്‍ സഹോദരങ്ങളാണ്. പെരുമ്പാവൂര്‍ മേഖലയില്‍ കേബിളുകള്‍ അപകടകരമായിട്ടാണ് വലിച്ചിട്ടുള്ളത്. വന്‍കിട വ്യാപാര സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ റോഡിനു കുറുകെ സ്ഥാപിക്കുന്നതും പതിവാണ്.

9. പൊതു സ്ഥലത്ത് മാലിന്യ നിക്ഷേപിച്ചാല്‍ കടുത്ത ശിക്ഷ
തിരുവനന്തപുരം: പൊതുസ്ഥലത്തു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു തടയാന്‍ കടുത്ത ശിക്ഷ നല്‍കുന്ന നിയമനിര്‍മാണം നടത്തുമെന്നു മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിയമസഭയെ അറിയിച്ചു.

പുതുതായി നിര്‍മിക്കുന്ന ഹോട്ടലുകള്‍ക്ക് സ്വന്തമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. ഫ്ളാറ്റുകള്‍ സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനം ഉണ്ടാക്കണമെന്ന നിബന്ധന കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രചാരണ പരിപാടികളില്‍ പ്ളാസ്റ്റിക് ബോര്‍ഡുകളും മറ്റ് പ്ളാസ്റ്റിക് ഉത്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കാനായി അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.

കെ.കുഞ്ഞിരാമന്‍, പി.കൃഷ്ണപ്രസാദ്, ബാബു.എം.പാലിശേരി, കെ.വി.അബ്ദുള്‍ഖാദര്‍, പി.ടി.എ റഹിം, പി.ജയരാജന്‍, വി.എന്‍.വാസവന്‍, എം.കെ പ്രേംനാഥ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തീരദേശത്ത് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി സെപ്റ്റിക് ടാങ്ക് സൌകര്യങ്ങളോടെയുള്ള കക്കൂസുകള്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സി.എം.ദിനേശ്മണിയെ മന്ത്രി അറിയിച്ചു.

10. സി.എ.ജി റിപ്പോര്‍ട്ട് ; ജയിലുകളില്‍ സുരക്ഷിതത്വമില്ല
തിരുവനന്തപുരം: സുരക്ഷിതത്വം, നിരീക്ഷണം, പരിശോധന എന്നിവയ്ക്കാവശ്യമായ ഉപകരണങ്ങളുടെ അഭാവത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷിതത്വമില്ലെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കീഴിലുള്ള തുകകള്‍ ഉപയോഗിക്കുന്നതിലുണ്ടായ കുറവ്, 2007വരെ 14.75കോടി രൂപയുടെ കേന്ദ്രസഹായം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും 2007 മാര്‍ച്ച് 31വരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. വാര്‍ഡര്‍മാരുടെ എണ്ണവും ജയിലുകളുടെ അനുവദനീയമായ ശേഷിയും തമ്മില്‍ യാതൊരു പൊരുത്തവും ഇല്ല.

ജയിലുകളില്‍ നിരോധിത സാമഗ്രികള്‍ കടത്തുന്നതിന് തടയാന്‍ സഹായകമായ എക്സ്റേ സൂക്ഷ്മപരിശോധന, സ്ഫോടക വസ്തുക്കള്‍ കണ്ടു പിടിക്കുന്ന ഉപകരണം, മൊബൈല്‍ ഫോണ്‍ നിഷ്ക്രിയമാക്കുന്നതിനുള്ള ഉപകരണം മുതലായവ സെന്‍ട്രല്‍ ജയിലുകളില്‍ പോലും ലഭ്യമല്ലായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സെന്‍ട്രല്‍ ഒബ്സര്‍വേഷന്‍ ടവറില്‍ നിന്നും ആകെയുള്ള17ബ്ളോക്കുകളില്‍ ആറെണ്ണം മാത്രമേ കാണാന്‍ കഴിയൂ. ശിക്ഷിക്കപ്പെട്ട ഒരു തടവുകാരനെ അവധിക്കായി മോചിപ്പിക്കുമ്പോള്‍, അവധി കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചുവരുമെന്ന് 10,000 രൂപ വീതമുള്ള രണ്ട് ജാമ്യക്കാര്‍ സഹിതം ബോണ്ട് ഒപ്പിട്ടു നല്‍കണം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍, അവധി കഴിഞ്ഞ് തിരിച്ച് വരാത്ത എട്ടുകേസുകളില്‍, ജാമ്യക്കാരില്‍ നിന്ന് 1.60 ലക്ഷം രൂപ ലഭിക്കാനുണ്ട്. ഈ തുക തിരിച്ചു പിടിക്കുന്നതിനായി യാതൊരു ഫലപ്രദമായ നടപടിയും എടുത്തിട്ടില്ല.

സംസ്ഥാനത്തെ ജയിലുകളിലെ മൊത്തം അംഗീകൃത ശേഷിയായ 4954യാണെന്നിരിക്കെ 2007 ജനുവരി ഒന്നിന് മൊത്തം തടവുകാരുടെ എണ്ണം 6,504 ആയിരുന്നു. പുരുഷന്‍മാരുടെ ബ്ളോക്കുകള്‍ അവയുടെശേഷിയുടെ 143 ശതമാനം ആള്‍ത്തിരക്കേറിയിരിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ജയില്‍, തിരുവനന്തപുരം ജില്ലാ ജയില്‍, കൊല്ലം ജില്ലാ ജയില്‍, പാലക്കാട് സെപ്ഷല്‍ സബ്ജയില്‍, വൈത്തിരി ജയില്‍ എന്നിവിടങ്ങളില്‍ തടവുകാരുടെ എണ്ണം വളരെ കൂടുതലാണ്. 90 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പതിനെട്ട് ക്വാര്‍ട്ടേഴ്സുകളും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ രണ്ട് ക്വാര്‍ട്ടേഴ്സുകളും വൈദ്യുതിയില്ലാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്നു.

11. കേരളം ശിപാര്‍ശ ചെയ്താല്‍ ഹൈക്കോടതി ബഞ്ച് അനുവദിക്കാം: കേന്ദ്രം
ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയാലുടന്‍ തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്ന കാര്യത്തില്‍ നടപടിയെടുക്കുമെന്ന് വര്‍ക്കല രാധാകൃഷ്ണന്‍ എംപിയുടെ ചോദ്യത്തിനു കേന്ദ്രനിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് ഇക്കാ ലോക്സഭയില്‍ മറുപടി നല്‍കി.

12. പോലീസിനു തുക അനുവദിക്കാത്തതു കേരളം രേഖ നല്കാത്തതിനാല്‍
ന്യൂഡല്‍ഹി: പോലിസിനെ ആധുനികവത്കരിക്കാനുള്ള പദ്ധതി വിഹിതം വര്‍ധിപ്പിക്കാത്തത് അത് ഗുണപരമായി വിനിയോഗിക്കുന്നതിന്റെ രേഖകള്‍ കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കാത്തത് മൂലമാണെന്ന് ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍.

എം.പി.എഫ് സ്കീം പ്രകാരം കേരളത്തിന് അനുവദിച്ച 24 കോടിയില്‍ 23.67 കോടി രൂപ നല്‍കി കഴിഞ്ഞെന്നും പി.സി. തോമസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി അറിയിച്ചു.

പദ്ധതി പ്രകാരമുള്ള കേന്ദ്രവിഹിതം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന ഡി.ജി.പി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രാലയത്തിലുണ്ടായ പ്രതിസന്ധി മൂലമാണ് അത് പരിഗണിക്കാതിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ചതില്‍ കൂടുതല്‍ തുക കേരള പോലീസിനെ ആധുനികവത്കരിക്കുന്നതിന് നല്‍കിയിട്ടുണ്െടന്നും രേഖകള്‍ സഹിതം കേന്ദ്രമന്ത്രി വ്യക്തമാക്കി.

1. കോച്ച് ഫാക്ടറി പൊതു_സ്വകാര്യ പങ്കാളിത്ത പദ്ധതി
ന്യൂദല്‍ഹി: ഉദാരീകരണത്തിന്റെ പുതിയ വഴിയായ പൊതു^സ്വകാര്യ പങ്കാളിത്തത്തിന് റെയില്‍വേക്ക് വന്‍പദ്ധതി. അടുത്ത അഞ്ചു കൊല്ലത്തിനകം 2,50,000 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വകാര്യ മേഖലയില്‍ നിന്ന് സമാഹരിക്കുമെന്ന് മന്ത്രി ലാലുപ്രസാദ് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കേരളസര്‍ക്കാര്‍ വിട്ടുനല്‍കുന്ന 1,000 ഏക്കര്‍ സ്ഥലത്ത് അനുവദിച്ച റെയില്‍ കോച്ച് ഫാക്ടറിയും പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ്.

സ്വകാര്യവത്കരണ നടപടി ഇതിനകംതന്നെ റെയില്‍വേ തുടങ്ങിവെച്ചിട്ടുണ്ട്. സൌകര്യങ്ങള്‍ കൂട്ടുന്നതില്‍ റെയില്‍വേയുടെ മുതല്‍മുടക്ക് കുറച്ചുകൊണ്ട് ഇത് വന്‍തോതില്‍ വ്യാപിപ്പിക്കുന്നു എന്ന സന്ദേശമാണ് ബജറ്റ് നല്‍കുന്നത്. ചരക്കുകടത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചുനിന്ന സ്വകാര്യപങ്കാളിത്തം യാത്രാവണ്ടികളിലേക്കും സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതാകട്ടെ, ഉപയോക്താക്കളുടെ മേല്‍ യൂസര്‍ ചാര്‍ജ് അടക്കം അധികഭാരം കയറ്റിവെക്കാന്‍ ഇടവരുത്തും. റെയില്‍വേ ജീവനക്കാരുടെ എണ്ണവും തൊഴിലവസരങ്ങളും കുറയും.

റെയില്‍ ശൃംഖല വിപുലപ്പെടുത്തല്‍, നവീകരണം എന്നിവയില്‍ പൊതു^സ്വകാര്യ പങ്കാളിത്തം കടന്നുവരും. വന്‍നിക്ഷേപം റെയില്‍വേക്ക് ഒറ്റക്ക് കഴിയില്ലെന്നും റെയില്‍ കോച്ച് ഫാക്ടറി, ഡീസല്‍^ഇലക്ട്രിക് എഞ്ചിന്‍ നിര്‍മാണം എന്നിവ പറ്റിയ സ്വകാര്യ പങ്കാളിയെ കണ്ടെത്തിക്കൊണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 4,000 കോടി രൂപ എഞ്ചിന്‍, കോച്ച് ഫാക്ടറികള്‍ക്കു വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ദല്‍ഹി, മുംബൈ, പാറ്റ്ന, സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് മുന്നോട്ടുവരുന്ന സ്വകാര്യ പങ്കാളിക്ക് റെയില്‍വേ ആനുകൂല്യങ്ങള്‍ നല്‍കും. നാലിടത്തുമായി 15,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം സമാഹരിക്കാനാണ് പരിപാടി. കണ്ടെയ്നര്‍ ട്രെയിന്‍, കണ്ടെയ്നര്‍ ഡിപ്പോ തുടങ്ങിയവക്കായി 2,000 കോടിയുടെ നിക്ഷേപം സമാഹരിക്കും. റെയില്‍വേയുടെ അധികഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് നല്‍കി അടുത്ത സാമ്പത്തികവര്‍ഷം 4,000 കോടി കണ്ടെത്തും. വിവിധ പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ വഴി അടുത്ത സാമ്പത്തികവര്‍ഷം 25,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കൊണ്ടുവരും.

വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന അതിവേഗ ഇടനാഴികളും പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതിപ്രകാരമായിരിക്കുമെന്നാണ് ബജറ്റ് നല്‍കുന്ന സൂചന. വാഗണ്‍ നിക്ഷേപ പദ്ധതി, സ്റ്റേഷന്‍ വികസന പദ്ധതി, വിവിധോദ്ദേശ്യ പാര്‍ക്കുകള്‍, ചരക്കുകടത്ത് സജ്ജീകരണങ്ങള്‍ എന്നിവയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. രണ്ടു കൊല്ലംകൊണ്ട് എ.ടി.എം മാതൃകയില്‍ 6,000 ടിക്കറ്റ് വിതരണ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതും സ്വകാര്യ മേഖലയിലേക്ക് പോകും.

പ്ലാറ്റ്ഫോം മേല്‍ക്കൂര, മേല്‍പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യ വികസന പരിപാടികളും സ്വകാര്യ മേഖലക്ക് കൂടുതലായി നല്‍കും. മുംബൈയില്‍ യാത്രക്കാര്‍ക്കായി കൊണ്ടുവന്നിരിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് സ്വകാര്യമേഖലയെ കൂട്ടുപിടിച്ചാണ്. എന്‍ക്വയറി കോള്‍ സെന്ററുകള്‍ തുടങ്ങിയതും ഈ വഴിക്ക് തന്നെ. ട്രെയിനുകളുടെ ശുചീകരണം പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചത് കൂടുതല്‍ വ്യാപകമാക്കുമെന്ന് ബജറ്റ് വ്യക്തമാക്കി.

2. കോച്ച് ഫാക്ടറി: ധാരണാപത്രത്തിന് കളമൊരുങ്ങി
പാലക്കാട്: 5000 കോടിയുടെ റെയില്‍വേ കോച്ച് ഫാക്ടറി ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാറും റെയില്‍വേ ബോര്‍ഡും ഉടന്‍ ഒപ്പുവെക്കും. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി മാറിയേക്കാവുന്ന ഫാക്ടറിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായാണ് സൂചനകള്‍. നേരത്തെ ധാരണാപത്രത്തിന് അന്തിമരൂപം നല്‍കിയിരുന്നു.

രണ്ടരപതിറ്റാണ്ടിലധികം നീണ്ട മുറവിളികള്‍ക്കൊടുവിലാണ് സംസ്ഥാനത്തിന്റെ ചിരകാലാഭിലാഷമായ കോച്ച്ഫാക്ടറി യാഥാര്‍ഥ്യമാവുന്നത്. 1980ന്റെ തുടക്കത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാലക്കാട്ട് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി ഖലിസ്ഥാന്‍ തീവ്രവാദത്തിന്റെ പേരില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടിരുന്നു. ഈ ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായി. മന്ത്രിപദത്തില്‍നിന്ന് ആര്‍. ബാലകൃഷ്ണപിള്ള രാജിവെക്കാന്‍ നിര്‍ബന്ധിതമായ ‘പഞ്ചാബ് മോഡല്‍’ പ്രസംഗത്തിന് വഴിവെച്ചതും ഈ വിവാദമായിരുന്നു. അന്നുതുടങ്ങിയ കാത്തിരിപ്പാണ് 28 വര്‍ഷങ്ങള്‍ക്കുശേഷം ലാലുപ്രസാദ് യാദവ് അവതരിപ്പിച്ച റെയില്‍ ബജറ്റിലൂടെ സഫലമാവുന്നത്.

ഫാക്ടറി സ്ഥാപിക്കാനാവശ്യമായ സ്ഥലത്തിന്റെ വിശദാംശം, നിര്‍ദിഷ്ട റെയില്‍വേ ടൌണ്‍ഷിപ്പിലേക്കുള്ള റോഡുകളുടെ ക്രമീകരണം, വെള്ളം, വൈദ്യൂതി എന്നിവയുടെ അളവും നിലവാരവും തുടങ്ങിയ കാര്യങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുമായി ധാരണാപത്രം ഒപ്പിടുന്നത്. ഇത് ഒപ്പിട്ട ശേഷമേ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയുള്ളൂ. ഇതിന്റെ നടപടിക്രമങ്ങള്‍ നാലുമാസത്തോളം നീളും.

ഫാക്ടറിക്ക് ആവശ്യമായ സ്ഥലം കഞ്ചിക്കോട് ഉമ്മിണിക്കുളത്ത് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള 350 ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടമായി കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമാണെങ്കില്‍ സമീപത്തുനിന്ന് ഏറ്റെടുത്ത് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യൂതീകരിച്ച റെയില്‍വേ ലൈനിന്റെയും ദേശീയപാത 47ന്റെയും സാമീപ്യം ഈ സ്ഥലത്തിന് അനുകൂല ഘടകങ്ങളാണ്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ധാരണാപത്രം ഒപ്പിടുന്നതിനും അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതിനും രൂപവത്കരിക്കുന്ന ദൌത്യസംഘത്തിന്റെ പ്രവര്‍ത്തനവും ഇതോടെ ആരംഭിക്കുമെന്നറിയുന്നു.

കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാവുന്നതോടെ 4000 പേര്‍ക്ക് നേരിട്ടും 15,000ത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുപുറമെ കഞ്ചിക്കോട് മേഖല വന്‍ വികസന കുതിച്ചുചാട്ടത്തിനും വേദിയാവും. ധാരണാപത്രത്തില്‍ ഉള്ളതുപോലെ കഞ്ചിക്കോട്ട് ടൌണ്‍ഷിപ്പ് സ്ഥാപിക്കുന്നതും ഈ മേഖലക്ക് നേട്ടമാവും. വന്‍തോതില്‍ ചരക്കുഗതാഗതത്തിനും ഇത് വഴിയൊരുക്കും.
പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിഷേധം ശമിപ്പിക്കാന്‍ വാഗ്ദാനം നല്‍കിയ കോച്ച് ഫാക്ടറിയാണ് ബജറ്റിലൂടെ യാഥാര്‍ഥ്യമാവുന്നത്. പാലക്കാടിന്റെ നഷ്ടം സംസ്ഥാനത്തിന്റെ നേട്ടമായി മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെയും എം.പിമാരുടെയും നേതൃത്വത്തില്‍ നടത്തിയ നിരന്തര സമ്മര്‍ദവും ഇതിന് കാരണമായി. രണ്ടുതവണ ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എം.പിമാരുടെ സംഘം പ്രധാനമന്ത്രിയേയും റെയില്‍വേമന്ത്രിയേയും കണ്ടിരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവര്‍ഷത്തിനുള്ളില്‍ തുടക്കം കുറിക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം റെയില്‍വേമേഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ദക്ഷിണേന്ത്യയില്‍ പെരമ്പൂരിനുശേഷമുള്ള കോച്ച് ഫാക്ടറിയാണ് കഞ്ചിക്കോട്ട് സ്ഥാപിക്കുന്നത്.

3. റവന്യു കമ്മിയില്‍ 491 കോടിയുടെ കുറവെന്ന് സി.എ.ജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യു കമ്മിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് 491 കോടിരൂപയുടെ കുറവുണ്ടായെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ വെച്ചു

2007 മാര്‍ച്ച് 31ന് അവസാനിച്ച ധനകാര്യവര്‍ഷത്തില്‍ റവന്യു ചെലവില്‍ 13 ശതമാനം വര്‍ധനയുണ്ടായി. ഇതേ സമയം റവന്യു വരുമാനത്തില്‍ 19 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ഇതിനാല്‍ റവന്യു കമ്മി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 491 കോടിയായി കുറയുകയായിരുന്നു. റവന്യു ചെലവിന്റെ 68 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ തിരിച്ചടവ് എന്നിവയ്ക്കായാണ് വിനിയോഗിക്കുന്നത്. പദ്ധതി ചെലവ് മൊത്തം ചെലവിന്റെ 16 ശതമാനവും മൂലധന ചെലവ് നാലു ശതമാനവും മാത്രമാണ്.

2005^06 വര്‍ഷം 3129.15 കോടിയായിരുന്നു റവന്യു കമ്മി. കഴിഞ്ഞ ധനകാര്യവര്‍ഷം 2637.94 കോടിയായാണ് കുറഞ്ഞത്. റവന്യു വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 2892.10 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 2005^06ല്‍ 15294.53 കോടിയായിരുന്ന റവന്യു വരുമാനം 2006^07ല്‍ 18186.63 കോടിയായാണ് വര്‍ധിച്ചത്. റവന്യു ചെലവില്‍ കഴിഞ്ഞ ധനകാര്യ വര്‍ഷം 145.52 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്.

കഴിഞ്ഞ ധനകാര്യ വര്‍ഷം ബജറ്റ് വിഹിതമായി 38764.55 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും 29948.50 കോടി മാത്രമാണ് ചെലവഴിച്ചത്. വിദ്യാഭ്യാസം, കായികം, കല^സാംസ്കാരികം, പൊതുമരാമത്ത്, ജലസേചനം, പെന്‍ഷന്‍ അനുബന്ധ ചെലവുകള്‍ തുടങ്ങിയ വിഭാഗങ്ങളാണ് അനുവദിച്ച ഗ്രാന്റ് ഉപയോഗിക്കാതിരുന്നത്. 8816.05 കോടി രൂപയാണ് ഈ വകുപ്പുകള്‍ വിനിയോഗിക്കാതിരുന്നത്.

2007 മാര്‍ച്ച് 31വരെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 1190.64 കോടി രൂപ സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുണ്ട്. 2003 മുതല്‍ 2007 വരെ ബജറ്റില്‍ വകകൊള്ളിക്കാതെ 187.44 കോടിയുടെ 120 മരാമത്ത് ജോലികള്‍ നടന്നു. ടെണ്ടറില്ലാതെ 211.99 കോടിയുടെ 78 പദ്ധതി ജോലികളും 101.31 കോടിയുടെ 6345 പദ്ധതിയേതര ജോലികളും ഇക്കാലയളവില്‍ നല്‍കിയിട്ടുണ്ട്.

സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതുമൂലം ജലവിഭവ വകുപ്പില്‍ 63.24 കോടിക്ക് പൂര്‍ത്തികരിക്കേണ്ട പദ്ധതിയുടെ ചെലവ് 2292 കോടിയായും തുറമുഖ വകുപ്പില്‍ 50.91 കോടിക്ക് പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ ചെലവ് 125.16 കോടിയായും ഉയര്‍ന്നു. ജയില്‍ വാര്‍ഡന്മാരുടെ എണ്ണവും തടവുകാരുടെ എണ്ണവും പൊരുത്തപ്പെടും വിധമല്ല നിലവിലുള്ളത്.
ജയിലുകള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. താല്‍കാലിക വാര്‍ഡന്മാരായി നിയമിക്കപ്പെടുന്നവര്‍ ജയില്‍ സുരക്ഷയില്‍ വിട്ടു വീഴ്ചകാട്ടുന്നു. ജയിലുകളില്‍ മതിയായ മെഡിക്കല്‍ സൌകര്യങ്ങളും ലഭ്യമല്ല.

ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് സംവിധാനമില്ല. ഇത്തരത്തിലെ 83 ശതമാനം സ്ഥാപനങ്ങളും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലുള്ള 1278 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ 179 എണ്ണം (14ശതമാനം) മാത്രമാണ് കഴിഞ്ഞ മാര്‍ച്ച് വരെ അംഗീകാരം നേടിയിട്ടുള്ളത്.

പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഏഴ് പദ്ധതികളിലായി 2002 മുതല്‍ 2007വരെ ബജറ്റില്‍ അനുവദിച്ച തുകയില്‍ 78.20 കോടി രൂപ വിനിയോഗിച്ചിട്ടില്ല. പട്ടിക വിഭാഗ വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ സൌകര്യം മെച്ചപ്പെടുത്താനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും പാരാമെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങാനും അനുവദിച്ച 13.22 കോടി രൂപ വിനിയോഗിച്ചിട്ടില്ല. പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സഹായമായി ലഭിക്കേണ്ട 28.41 കോടി രൂപ കേന്ദ്രം മടക്കി നല്‍കിയിട്ടില്ല.

സഹകരണവകുപ്പില്‍ ചെലവിന്റെ കാര്യത്തില്‍ കൃത്യമായ മേല്‍നോട്ടം ഇല്ലാത്തതിനാല്‍ ധനകാര്യ വര്‍ഷത്തിന്റെ അവസാന മാസത്തില്‍ ചെലവിന്റെ കുത്തൊഴുക്ക് ഉണ്ടാകുന്നു. പരിശോധന നടന്ന അഞ്ച് ജില്ലകളില്‍ മൂന്നിടത്തും 1.59 കോടി വരുന്ന ഫണ്ട് ഉപയോഗമില്ലാതെ കിടക്കുകയാണ്.

ജലവിഭവ വകുപ്പില്‍ ടെണ്ടര്‍ രേഖകളില്‍ കൃത്രിമം കാട്ടിയ 11 സംഭവങ്ങള്‍ സി.എ.ജി കണ്ടെത്തി. ഇതു വഴി സര്‍ക്കാറിന് 1.22 കോടിയുടെ നഷ്ടം ഉണ്ടായി. മതിയായ പരിശോധനകളില്ലാതെ വിദേശ ഏജന്‍സിയില്‍ നിന്ന് ഔട്ട്ബോഡ് എഞ്ചിന്‍ വാങ്ങാന്‍ മല്‍സ്യഫെഡ് ധാരണാപത്രം ഉണ്ടാക്കിയത് വഴി 34.37ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

ഡീസല്‍ ജനറേറ്റര്‍ സെറ്റ് വാങ്ങിയതുവഴി കെ.എസ്.ഇ.ബി 16.75ലക്ഷത്തിന്റെ അനാവശ്യ ചെലവുണ്ടാക്കി. സെനറ്റ്ഹാള്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചതുവഴി എം.ജി. സര്‍വകലാശാല ഇതിനായി ചെലവഴിച്ച 67.88 ലക്ഷം രൂപ ഉപയോഗ ശൂന്യമായി.

വാണിജ്യ നികുതി വകുപ്പ് 19.57 കോടി ചെലവഴിച്ച് കമ്പ്യൂട്ടര്‍ വത്കരണം നടപ്പാക്കിയെങ്കിലും ഉപയോഗപ്പെടുത്തുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

4. ‘ഗള്‍ഫ് ഇന്ത്യന്‍ മീറ്റ്’: മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും
ഷാര്‍ജ: ഏപ്രിലില്‍ ഷാര്‍ജയില്‍ നടക്കുന്ന ‘ഗള്‍ഫ് ഇന്ത്യന്‍ മീറ്റി’ല്‍ കേരളാ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും സംബന്ധിക്കും. കഴിഞ്ഞദിവസം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ചേര്‍ന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളാ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്‍, കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കേരളാ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരെ പങ്കെടുപ്പിക്കും.

സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുധീര്‍ (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), ബാബു വര്‍ഗീസ് (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്), കെ.എച്ച്.എം. അഷ്റഫ്, സഹദ് പുറക്കാട് (കെ.എം.സി.സി), കെ.വി. രവീന്ദ്രന്‍ (പ്രിയദര്‍ശിനി), ഇ.എഫ്. ജോര്‍ജ് (ഇന്ത്യന്‍ എക്കോ), ടി.എസ്. രഘുത്തമന്‍ (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്), അനില്‍ പത്തനംതിട്ട (മാക് ഷാര്‍ജ), യൂസഫ് സഗീര്‍ (മാള്‍ക), ദിലീപ്, മുരളി (മാസ്, ഷാര്‍ജ), സുഭാഷ്ചന്ദ്രബോസ് (ഒ.ഐ.സി.സി) എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി സ്വാഗതവും ട്രഷറര്‍ ജേക്കബ് എബ്രഹാം നന്ദിയും പറഞ്ഞു.

1. എസ്എസ്എല്‍സി ഐടി പരീക്ഷയ്ക്കു കയ്യയച്ചു മാര്‍ക്ക്
കോട്ടയം: എസ്എസ്എല്‍സിയുടെ ഐടി പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പരമാവധി മാര്‍ക്ക് നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ സംസ്ഥാനത്ത് ആരംഭിച്ച 20 മാര്‍ക്കിന്റെ ഐടി പ്രായോഗിക പരീക്ഷയില്‍ പരമാവധി പേര്‍ക്കു മുഴുവന്‍ മാര്‍ക്ക് നല്‍കാനാണു പരീക്ഷകരായി എത്തിയ അധ്യാപകര്‍ക്ക് അധികൃതര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശം.കുട്ടികള്‍ക്കു കംപ്യൂട്ടര്‍ തുറക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് അധ്യാപകര്‍ ചെയ്തുകൊടുക്കണം.ഐടി പ്രാക്ടിക്കല്‍ പരീക്ഷയുടെ സ്കോറിങ് കീ പ്രകാരം കംപ്യൂട്ടര്‍ തുറക്കുന്നതു മുതല്‍ ഒാരോ ഘട്ടത്തിനും പ്രത്യേക മാര്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

അതിനെ മറികടന്നു മാര്‍ക്ക് നല്‍കാനാണ് ഇപ്പോള്‍ അധ്യാപകരോടു പറയുന്നത്. ഐടി പരീക്ഷയ്ക്കു പൊതുവേ ആരെയും തോല്‍പിക്കാറില്ലെങ്കിലും ഇത്രയും ഉദാരമായ മാര്‍ക്ക് ദാനം ആദ്യമാണെന്ന് അധ്യാപകര്‍ പറയുന്നു.20 മാര്‍ക്കിന്റെ പ്രായോഗിക പരീക്ഷയും 10 മാര്‍ക്കിന്റെ ഉത്തരമെഴുതേണ്ട പരീക്ഷയും 10 മാര്‍ക്കിന്റെ തുടര്‍മൂല്യനിര്‍ണയവും ഉള്‍പ്പെടെ 40 മാര്‍ക്കിന്റേതാണ് ഐടി.ഇൌ രീതിയിലാണെങ്കില്‍ പ്രായോഗിക പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്ക് കൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ പാസാകുമെന്നര്‍ഥം.

എസ്എസ്എല്‍സിക്ക് ഇത്തവണ ആദ്യമായി ലിനക്സ് സോഫ്റ്റ്വെയറിലാണ് ഐടി പരീക്ഷ നടത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ വിന്‍ഡോസായിരുന്നു പഠിപ്പിച്ചിരുന്നത്. എട്ടും ഒന്‍പതും ക്ളാസുകളില്‍ ലിനക്സ് പഠിച്ചുവന്നവരാണ് ഇത്തവണ എസ്എസ്എല്‍സി പരിക്ഷയെഴുതുന്നതെങ്കിലും പലയിടത്തും പുതിയ സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിട്ടില്ലെന്നു പരാതിയുണ്ട്. ഇതു സംബന്ധിച്ച പരാതികള്‍ ഒഴിവാക്കാനും എസ്എസ്എല്‍സി വിജയശതമാനം വര്‍ധിപ്പിക്കാനുമാണു വാക്കാലുള്ള നിര്‍ദേശം. കാര്യക്ഷമതാവര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷയുടെ വിജയശതമാനം ഉയര്‍ത്തുന്നതിനു തുടര്‍മൂല്യനിര്‍ണയത്തില്‍ ഉദാരസമീപനം പുലര്‍ത്താന്‍ നേരത്തേ തന്നെ വിദ്യാഭ്യാസവകുപ്പു നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഐടി പരീക്ഷയിലെ നിര്‍ദേശവും.

2. രാജ്യാന്തര നിലവാരം: തിരുവനന്തപുരം സ്റ്റേഷനു കാതങ്ങളേറെ
തിരുവനന്തപുരം: രാജ്യാന്തര നിലവാരമുള്ള റയില്‍വേ സ്റ്റേഷന്‍ എന്ന സ്വപ്നത്തിലേക്കു തിരുവനന്തപുരം സെന്‍ട്രലിനു മുന്നില്‍ കാതങ്ങളേറെ. റയില്‍ ബജറ്റില്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഉള്‍പ്പെടെ 21 സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആ സ്വപ്ന നേട്ടത്തിലേക്കുള്ള തുടക്കം അടുത്തൊന്നും ഉണ്ടായേക്കില്ല. നാലു റയില്‍വേ സ്റ്റേഷനുകളാണ് അടിയന്തരമായി നിലവാരം ഉയര്‍ത്താന്‍ തിരഞ്ഞെടുത്തത്.

ഡല്‍ഹി, മുംബൈ, പട്ന, സെക്കന്ദരാബാദ് എന്നീ സ്റ്റേഷനുകള്‍ സ്വകാര്യ സംരംഭകരുടെ കൂടി സഹകരണത്തോടെയായിരിക്കും പുതുക്കിപ്പണിയുക. 15,000 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. ദക്ഷിണ റയില്‍വേയ്ക്കു കീഴില്‍ ചെന്നൈ, തിരുവനന്തപുരം സ്റ്റേഷനുകളാണു തിരഞ്ഞെടുത്തത്. അഞ്ചാമത്തെ വികസനകേന്ദ്രമായി തിരുവനന്തപുരത്തിനു മുന്നില്‍ ചെന്നൈ സ്റ്റേഷന്‍ സ്ഥാനം പിടിച്ചേക്കുമെന്നതിനാല്‍, കേരളത്തിനു കുറച്ചൂകൂടി കാക്കേണ്ടിവരും.

ഡല്‍ഹി റയില്‍വേ സ്റ്റേഷന്റെ നിലവാരം ഉയര്‍ത്താനുള്ള പഠനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. ഇതിനായി വിളിച്ച ടെന്‍ഡര്‍ മാര്‍ച്ചില്‍ തുറക്കും. ആദ്യ നാലു സ്റ്റേഷനുകളുടെയും പണിയും പ്രവര്‍ത്തനവും നിരീക്ഷിച്ച ശേഷമാകും മറ്റുള്ളവ പരിഗണിക്കുക. പട്ടികയില്‍ ആറാം സ്റ്റേഷനായെങ്കിലും തിരുവനന്തപുരം ഇടം പിടിക്കണമെങ്കില്‍ ഇപ്പോഴേ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടി വരും. ഒരു കുടുംബത്തിന് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണു സ്റ്റേഷന്‍ പുനര്‍നിര്‍മാണ അടിസ്ഥാന തത്വം.

ട്രെയിന്‍ ഇറങ്ങിയാല്‍ കുടുംബത്തിലേക്ക് ആവശ്യമുള്ളതെല്ലാം ഒരേ കെട്ടിടത്തില്‍ ലഭിക്കണം. ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, പാര്‍ക്കിങ് കേന്ദ്രം, വിനോദകേന്ദ്രങ്ങള്‍ എന്നിവയായിരിക്കും പ്രധാന ആകര്‍ഷണം. എന്നാല്‍ ഡല്‍ഹി, മുംബൈ സ്റ്റേഷനുകള്‍ പോലെ അത്ര വികസിതമാവില്ല തിരുവനന്തപുരത്തെ സ്റ്റേഷന്‍. സ്ഥലപരിമിതിയാണു പ്രധാന പോരായ്മ. ഓരോ സ്റ്റേഷനിലും സ്ഥലപരിമിതിക്കനുസരിച്ച ‘ന്1 സൌകര്യങ്ങള്‍ വ്യത്യാസപ്പെടുമെന്നു റയില്‍വേ സഹമന്ത്രി ആര്‍. വേലു കേരള സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം തിരുവനന്തപുരം സ്റ്റേഷന്റെ വികസനം വശങ്ങളിലേക്കാകില്ല, മുകളിലേക്കാകും എന്നും റയില്‍വേ അധികൃതര്‍ സൂചിപ്പിക്കുന്നു.

ഡല്‍ഹി റയില്‍വേ സ്റ്റേഷനിലെ നിര്‍ദിഷ്ട വികസനം മാതൃകയാക്കാമെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലിന്റെ മുഖഛായ മാറുന്നത് ഇങ്ങനെയായിരിക്കും:

. നിലവിലെ റയില്‍വേ ഓഫിസുകള്‍, സേവനകേന്ദ്രങ്ങള്‍, റസ്റ്റ്ഹൌസുകള്‍ എന്നിവ മാറും.

. വിവിധ നിലകളിലായിട്ടാകും സ്റ്റേഷന്‍ കെട്ടിടം. ഡല്‍ഹിയില്‍ മൂന്നു നിലകളാണ് ഉദ്ദേശിക്കുന്നത്

.ഒന്നാം നിലയില്‍ കാത്തിരിപ്പു കേന്ദ്രം, ബുക്കിങ് കേന്ദ്രം എന്നിവ. തറനിരപ്പിലുള്ള നിലയില്‍ നിന്നായിരിക്കും ട്രെയിനിലേക്കു പ്രവേശനം. മൂന്നാം നിലയില്‍ ഷോപ്പിങ് കേന്ദ്രങ്ങള്‍.

. ബേസ്മെന്റ് നിലയില്‍നിന്നു സബര്‍ബന്‍ ട്രെയിനിലേക്കുള്ള മാര്‍ഗം.

. ഒന്നാം നിലയിലേക്കു വാഹനങ്ങള്‍ എത്തുന്ന വിധത്തിലുള്ള പാര്‍ക്കിങ് ബേ.

. കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും പ്രത്യേക പാര്‍ക്കിങ് കേന്ദ്രം.

. ഭൂഗര്‍ഭ നിലയിലായിരിക്കും പാഴ്സല്‍ ഓഫിസ്.

3. ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിനു വലിയമലയ്ക്കു സമീപം 100 ഏക്കര്‍ നല്‍കും
തിരുവനന്തപുരം: ഐഎസ്ആര്‍ഒയ്ക്ക് ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ വലിയമലയ്ക്കു സമീപംതന്നെ 100 ഏക്കര്‍ ഭൂമി കണ്ടെത്തി നല്‍കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയനാണ് ഇതു സംബന്ധിച്ച ഉപക്ഷേപം ഉന്നയിച്ചത്.

വലിയമല ഐഎസ്ആര്‍ഒയ്ക്കു സമീപം ഭൂമി വേണമെന്നാണ് അവരുടെ ആവശ്യം. അതിനു നടപടി സ്വീകരിച്ചുവരികയാണ്. സര്‍ക്കാര്‍ ഭൂമിയോ വിലയ്ക്കുവാങ്ങിയ ഭൂമിയോ നല്‍കും. പൊന്‍മുടി അപ്പര്‍ സാനറ്റോറിയത്തിനു സമീപം നല്‍കിയ 20 ഏക്കറില്‍ അവര്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഭൂമി ഏറ്റെടുക്കുമ്പോള്‍ ബലമായി കുടിയൊഴിപ്പിക്കില്ലെന്നു മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. പുനരധിവാസം ഉള്‍പ്പെടെ ആശ്വാസ നടപടി സ്വീകരിക്കും. വികസനത്തിനു തടസ്സമുണ്ടാകാനും പാടില്ലെന്നു ബാബുപോളിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നല്‍കി. റവന്യു രേഖകളില്‍ പുരയിടങ്ങളെ നിലമെന്നു രേഖപ്പെടുത്തിയതു റീസര്‍വേയില്‍ തിരുത്തുമെന്നു തോമസ് ഉണ്ണിയാടന്റെ ഉപക്ഷേപത്തിനു മന്ത്രി മറുപടി നല്‍കി.

വിധവാ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതു സജീവ പരിഗണനയിലാണെന്നു കെ.കെ. ശൈലജയെ മന്ത്രി പി.കെ. ശ്രീമതി അറിയിച്ചു. ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഉണ്ടാകരുതെന്നാണു സര്‍ക്കാര്‍ നയമെന്നു സി.ടി. അഹമ്മദലിയുടെ ഉപക്ഷേപത്തിനു മന്ത്രി എം.എ. ബേബി മറുപടി നല്‍കി. ആഭരണപ്പണിക്കാര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന നിയമം മന്ത്രിസഭ അംഗീകരിച്ചെന്നു മന്ത്രി പി.കെ. ഗുരുദാസന്‍ പറഞ്ഞു. നിയമസഭയില്‍ കഴിയുന്നത്ര വേഗം ഇത് അവതരിപ്പിക്കുമെന്നും മാങ്കോട് രാധാകൃഷ്ണനെ മന്ത്രി അറിയിച്ചു. പദ്ധതി വിഹിതം വിനിയോഗിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിയന്ത്രണമില്ലെന്നും വിനിയോഗം ത്വരിതപ്പെടുത്താനും ഗുണമേന്മ ഉറപ്പാക്കാനുമാണു സര്‍ക്കുലര്‍ നല്‍കിയതെന്നും എ.പി. അനില്‍കുമാറിനെ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അറിയിച്ചു.

4. വിദേശത്തെ മകന് ചിട്ടികിട്ടിയെന്നു പറഞ്ഞ് മാതാപിതാക്കളില്‍നിന്ന് ഒരുലക്ഷം തട്ടി
ചാരുംമൂട്: വിദേശത്തു ജോലിചെയ്യുന്ന മകന് 13 ലക്ഷം രൂപ ചിട്ടി അടിച്ചെന്നു പറഞ്ഞ് നാട്ടിലുള്ള മാതാപിതാക്കളെ കബളിപ്പിച്ച് അജ്ഞാതസംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ചുനക്കര സ്വദേശികളായ ദമ്പതികളാണ് തട്ടിപ്പിനിരയായത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: 13ന് 8.30ന് മൊബൈല്‍ ഫോണില്‍നിന്ന് ഇവരുടെ വീട്ടിലേക്ക് ഫോണ്‍ വന്നു. ഗൃഹനാഥയാണു ഫോണെടുത്തത്. മമ്മിയാണോ എന്നു ചോദിക്കുകയും ബഹ്റൈനില്‍ ജോലി ചെയ്യുന്ന മകന് (മകനെ വീട്ടില്‍ വിളിക്കുന്ന പേരാണു പറഞ്ഞത്) അഞ്ചു ലക്ഷം രൂപ അടിച്ചതായും അവിടെ ചില ശത്രുക്കള്‍ ഉള്ളതിനാല്‍ പൈസ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍നിന്നാണു വിളിക്കുന്നതെന്നും മകന്റെ കൂട്ടുകാരനാണെന്നും പറഞ്ഞു.

പിന്നീട് 9.30ന് വീണ്ടും വിളിച്ചു. വൈകിട്ട് മലപ്പുറത്തുനിന്നു റഷീദ് എന്ന ആള്‍ അഞ്ചുലക്ഷം രൂപ വീട്ടിലെത്തിക്കുമെന്നും അതിനു മുന്‍പായി ഇത്രയും തുകയുടെ കമ്മിഷനായി 25,000 രൂപയുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഗേറ്റിനു മുന്നില്‍ വരണമെന്നും അറിയിച്ചു.

അടയാളത്തിനായി കഴുത്തില്‍ ഒരു തോര്‍ത്ത് ഇട്ടിരിക്കണമെന്നും രൂപ വാങ്ങാന്‍ ഷാജി എന്നയാള്‍ എത്തുമെന്നും ഒരു ടോക്കണ്‍ തരുമെന്നും പറഞ്ഞു. റഷീദ് രൂപയുമായി വീട്ടില്‍ വരുമ്പോള്‍ ഈ ടോക്കണ്‍ നല്‍കണം.

എറണാകുളത്തു ചെന്ന ദമ്പതികള്‍ പറഞ്ഞതിന്‍പ്രകാരം 23,600 രൂപ കൊടുത്ത് ടോക്കണ്‍ വാങ്ങി വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ വന്നപ്പോള്‍ വൈകിട്ട് 5.30ന് വീണ്ടും ഫോണ്‍ വന്നു. വീണ്ടും എട്ടു ലക്ഷത്തിന്റെ ചിട്ടികൂടി അടിച്ചതായും രണ്ടു ചിട്ടിയുടെ തുകയും കൂടി റഷീദ് ഇന്ന് എത്തിക്കുമെന്നും അറിയിച്ചു. ഇതിനു മുന്‍പായി എട്ടു ലക്ഷത്തിന്റെ കമ്മിഷനായ 75,000 രൂപ കൂടി നാളെ രാവിലെ 10.30ന് ഇന്നലെ പൈസ കൊണ്ടുവന്ന അതേ സ്ഥലത്ത് എത്തിക്കണമെന്നും കഴിഞ്ഞ ദിവസത്തെ ബാലന്‍സ് 1400 രൂപകൂടി കൊണ്ടുവരണമെന്നും പറഞ്ഞു.

വീട്ടില്‍ വരുമ്പോള്‍ ഫോണിന്റെ കണക്ഷന്‍ ഊരിയിടണമെന്നും നിര്‍ദേശിച്ചു. ഇതുപ്രകാരം കാറില്‍ എറണാകുളത്തുപോയി. 76,400 രൂപകൂടി കൊടുക്കുകയും രണ്ടാമതു നല്‍കിയ ടോക്കണ്‍കൂടി വാങ്ങുകയും ചെയ്തു.

തിരിച്ചു വീട്ടില്‍വന്നപ്പോള്‍ വൈകിട്ട് 5.45ന് വീണ്ടും ഫോണ്‍ വന്നു. റഷീദ് ഇന്ന് രൂപ കൊണ്ടുവരില്ലെന്നും സോണിയഗാന്ധി വരുന്നതുകാരണം പരിശോധന കര്‍ശനമാണെന്നും അറിയിച്ചു. 16ന് രാവിലെ റഷീദ് രൂപയുമായി എത്തുമെന്നും അറിയിച്ചു.

17ന് രാത്രിയില്‍ വന്ന ഫോണില്‍ക്കൂടി മൂന്നുനാലുപേര്‍ സംസാരിക്കുന്നത് 45 മിനിറ്റോളം കേള്‍പ്പിച്ചതായും സംസാരത്തില്‍ വെട്ടിയാര്‍, മാങ്കാംകുഴി, വെട്ടിക്കോട് തുടങ്ങിയ സ്ഥലങ്ങളുടെ പേരുകള്‍ പറയുന്നതു കേട്ടതായും ദമ്പതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ടോക്കണായി ലഭിച്ചത് രണ്ടു മാലയുടെ കല്ലുവച്ച വലിയ ലോക്കറ്റുകളാണ്.

വീട്ടില്‍ വന്ന ഫോണ്‍ നമ്പരുകളും കോളര്‍ ഐഡിയില്‍ പതിഞ്ഞിരുന്നു. ഈ നമ്പരുകളില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നുണ്ടെങ്കിലും മാരാമണ്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളാണെന്നാണു മറുപടി ലഭിക്കുന്നത്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു പ്രദേശവാസികളായ ആരെങ്കിലുമാണോയെന്നു വീട്ടുകാരും പൊലീസും സംശയിക്കുന്നു.
പരാതിയെ തുടര്‍ന്ന് നൂറനാട് പൊലീസ് അന്വേഷണം        തുടങ്ങി.

5. കംപ്യൂട്ടര്‍ കാണാത്തവരും ഡാറ്റാ എന്‍ട്രി ഒാപ്പറേറ്റര്‍; കാലിക്കറ്റില്‍ പുതിയ നിയമന വിവാദം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി നിയമിക്കപ്പെട്ടിരിക്കുന്നത് കംപ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ പോലും അറിയാത്തവരെ. ഇവരില്‍ പലരെയും വേണ്ടെന്നും പകരം ആളെ നല്‍കണമെന്നും കാണിച്ച് വകുപ്പു മേധാവികള്‍ റജിസ്ട്രാര്‍ക്ക് കത്തുനല്‍കി. ഇതോടെ പരീക്ഷ നടത്തിയെന്നു പറഞ്ഞ് സ്വന്തക്കാരെയും പാര്‍ട്ടി അനുഭാവികളെയും തിരുകിക്കയറ്റിയവര്‍ വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കംപ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ പോലും അറിയാത്തയാള്‍ എത്തിയതോടെയാണ് നിയമനത്തിലെ കള്ളക്കളികള്‍ വെളിച്ചത്തായത്.

തുടര്‍ന്ന് വകുപ്പു മേധാവി റജിസ്ട്രാര്‍ക്ക് ഇവരെ പിന്‍വലിച്ച് പകരം ആളെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കി. സര്‍വകലാശാല അധികൃതര്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ആളെ മാറ്റിനല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ഇതേ പരാതിയുമായി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും രംഗത്തെത്തി. മറ്റു പല വകുപ്പുകളിലും ഇത്തരത്തിലുള്ള ആളുകളാണ് എത്തിയിരിക്കുന്നത്.

പല വകുപ്പു മേധാവികളും വാക്കാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കിക്കഴിഞ്ഞു. മറ്റുള്ളവരാകട്ടെ ഭരണകക്ഷി യൂണിയനുകളെ ഭയക്കുന്നതിനാല്‍ മൌനം പാലിക്കുകയാണ്. സര്‍വകലാശാല 81 പേരെയാണ് അടുത്തകാലത്ത് എല്‍ഡി ക്ളാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമിച്ചത്. ഡാറ്റാ എന്‍ട്രി അറിയണമെന്നത് ഇതില്‍ യോഗ്യതയായി നിഷ്കര്‍ഷിച്ചിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷകളും വൈസ് ചാന്‍സലറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്റര്‍വ്യൂവും നടത്തിയായിരുന്നു നിയമനം. എന്നാല്‍ ഫൈനല്‍ ലിസ്റ്റ് പ്രകാരം നിയമിതരായവര്‍ ഏറെയും ഭരണകക്ഷിയുടെ ആളുകളാണ്.

കംപ്യൂട്ടര്‍ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്ത ഒരാളുടെ ഭാര്യയും ഉയര്‍ന്ന റാങ്ക് വാങ്ങി ലിസ്റ്റില്‍ സ്ഥാനം നേടിയിരുന്നു. നീണ്ട നിയമയുദ്ധത്തിന്നൊടുവില്‍ നടത്തിയിരിക്കുന്ന നിയമനങ്ങളാണ് വിവാദമായിരിക്കുന്നത്. 1992ല്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ ഏഴായിരത്തോളം ആളുകളെ യോഗ്യരായി കണ്ടെത്തുകയുണ്ടായി. പിന്നീട് 2000ല്‍ ഇതിന്‍പ്രകാരമുള്ള നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോള്‍ അന്നു വൈസ് ചാന്‍സലറായിരുന്ന കെ.കെ.എന്‍.കുറുപ്പ് ഓഫിസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതിനാല്‍ ഡാറ്റാ എന്‍ട്രി അറിയുന്നവരാകണം നിയമിക്കപ്പെടാന്‍ എന്നു യോഗ്യത പരിഷ്കരിച്ചു നിശ്ചയിച്ചു. 2003ലും 2004ലും ഡാറ്റാ എന്‍ട്രി  ഓപ്പറേറ്റര്‍മാരെ നിയമനത്തിനു വിളിച്ചു. ഇതിനായി ലിസ്റ്റ് ഉണ്ടാക്കുകയും അതില്‍നിന്ന് നിയമനം നടത്തുകയും ചെയ്തുകൊണ്ടിരുന്നു.

നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കുകയും ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നവര്‍ കേസിനു പോകുകയും ചെയ്തതോടെ ഈ നിയമനങ്ങള്‍ കുരുക്കിലായി. തുടര്‍ന്നാണ് ഇപ്പോഴത്തെ നാടകങ്ങള്‍ ആരംഭിച്ചത്. മൂന്നു ലിസ്റ്റുകളിലും പെട്ടവര്‍ക്കായി 2007 നവംബറില്‍ പുതിയ അപേക്ഷ ക്ഷണിച്ചു. ഇതില്‍പ്പെടുന്നവര്‍ എന്നു കാണിച്ച് 415 പേര്‍ക്കായി നാലു ദിവസത്തെ മാരത്തണ്‍ ഇന്റര്‍വ്യൂ നടത്തി. കൂടാതെ ടൈപ്പിങ്, ഡാറ്റാ എന്‍ട്രി എന്നിവയിലും പരീക്ഷ നടത്തി. ലിസ്റ്റുകളില്‍ പെടാത്തവരും പുതുക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി പരാതിയും ഉയര്‍ന്നു. പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ 225 പേരുടെ ലിസ്റ്റ് ഉണ്ടാക്കുകയും പിന്നീട് ചിലരെ തിരുകിക്കയറ്റി 230 പേരുടേതാക്കി മാറ്റുകയുംചെയ്തു. ലിസ്റ്റില്‍ നിന്ന് 82 പേരുടെ നിയമനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇവരിലാണ് കംപ്യൂട്ടര്‍ കണ്ടിട്ടുപോലും ഇല്ലാത്തവരും ‘പരീക്ഷ പാസായി നിയമനം നേടിയിരിക്കുന്നത്. അതേസമയം പ്രതിപക്ഷ യൂണിയനുകളോട് ചായ്വുള്ളവരുടെ കൂടെ പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍പ്പോലും ഡാറ്റാ എന്‍ട്രി ഒാപ്പറേറ്റര്‍മാരായി ജോലിനോക്കിയിരുന്ന മികച്ച ആളുകളെ പിരിച്ചുവിട്ടതായും ആക്ഷേപമുണ്ട്.

Advertisements

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

One response to “പത്രവാര്‍ത്തകള്‍ 28-02-08

  1. kairali143

    പത്രവാര്‍ത്തകള്‍ ‍‍‍‍‍‍‍‍– ഈ ഉദ്യമത്തിന് എന്റെ എല്ലാ ഭാവുകവും നേരുന്നു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w