പത്രവാര്‍ത്തകള്‍ 27-02-08

കേരളത്തിലെ 12 സംഘടനകള്‍ക്കു സിമിയുമായി ബന്ധം

മൊബൈല്‍ ബുക്കിംഗ്‌, ഓണ്‍ലൈന്‍ ഡിസ്‌പ്ലേ

ബജറ്റ്‌ ലക്ഷ്യമിടുന്നത്‌ സ്വകാര്യവല്‍കരണം

ഹൈക്കോടതി ഉത്തരവിനു പുല്ലുവില; ദേവസ്വം ബോര്‍ഡ്‌ യോഗം ചേര്‍ന്നില്ല

ചോദിച്ചതു പലതും കിട്ടിയില്ല; കിട്ടിയതുകൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ കേരളം

ബൈക്കിലെത്തി ലക്ഷങ്ങള്‍ പിടിച്ചുപറിച്ചയാള്‍ അറസ്‌റ്റില്‍

മൂന്നാം തലമുറ മൊബൈലുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

അവസരനിഷേധത്തിന്‌ സ്‌ത്രീകള്‍ക്ക്‌ സൈക്കിള്‍ ടെസ്‌റ്റ്

ഇന്ത്യക്കാരന്റെ കൊലപാതകം: മൂന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ ദുബായില്‍ ജയില്‍ശിക്ഷ

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. ആശ്വാസവണ്ടി
.റെയില്‍വെ വികസനത്തിന് അഞ്ചുവര്‍ഷത്തിനകം 2,50,000 കോടിരൂപ . നാലുവര്‍ഷംകൊണ്ട് സര്‍ക്കാരിന് ഡിവിഡന്റ് നല്‍കിയത് 15,898 കോടിരൂപ . ചരക്കുകടത്തില്‍ 8.2 ശതമാനം വര്‍ധന . യാത്രക്കൂലി വരുമാനത്തില്‍ 14 ശതമാനം വര്‍ധന . പ്രതീക്ഷിത യാത്രക്കൂലി വരുമാനം 20,075 കോടി . മൊത്തം പ്രതീക്ഷിത വരുമാനം 72,665 കോടിരൂപ . 37,000 കോടിരൂപയുടെ നിക്ഷേപം നടത്തും . പാത ഇരട്ടിപ്പിക്കാന്‍ 2500 കോടി . ഗതാഗതസൌകര്യങ്ങള്‍ക്ക് 984 കോടി . പുതിയ പാത നിര്‍മാണത്തിന് 1730 കോടി . ഗേജ്മാറ്റത്തിന് 2459 കോടി . വൈദ്യുതീകരണത്തിന് 626 കോടി . മേല്‍പാലങ്ങള്‍ക്കും താഴ്പാലങ്ങള്‍ക്കും കൂടി 600 കോടി . റെയില്‍വെയുടെ പ്രതീക്ഷിത ചെലവ് 55,421 കോടി. .രണ്ട് വര്‍ഷത്തിനകം ടിക്കറ്റ്കൌണ്ടറുകളിലെ ക്യൂ ഇല്ലാതാക്കും . പതിനൊന്നാം പദ്ധതിയില്‍ 36,000 കോച്ചുകളില്‍ ഗ്രീന്‍ടോയ്ലറ്റുകള്‍ . യാത്രാവണ്ടികളുടെ ശുചീകരണസംവിധാനം സ്വകാര്യപങ്കാളിത്തത്തോടെ ശക്തമാക്കും . അശോകചക്ര അവാര്‍ഡ് ജേതാക്കള്‍ക്ക് രാജധാനി-ശതാബ്ദി വണ്ടികളില്‍ സൌജന്യയാത്ര .അൌണ്‍സ്മെന്റ് സംവിധാനം ഇനി പ്രധാന മെയില്‍-എക്സ്പ്രസ് വണ്ടികളിലും . റെയില്‍വെ ഭൂമി വാണിജ്യാവശ്യത്തിന് ഉപയോഗിക്കും .പ്ളാറ്റ്ഫോമുകളുടെ ഉയരം കോച്ചുകളുടേതിന് സമാനമാക്കും . 50 പ്രധാന സ്റ്റേഷനുകളില്‍ എസ്കലേറ്ററുകളും ലിഫ്റ്റുകളും . റെയില്‍ സുരക്ഷാസേനയില്‍ 5,700 കോണ്‍സ്റ്റബിള്‍മാരെയും 993 എസ്ഐമാരെയും നിയമിക്കും . 973 പുതിയ തസ്തികകള്‍ സൃഷ്ടിക്കും . ന്യൂനപക്ഷക്ഷേമം ഉറപ്പുവരുത്താന്‍ റെയില്‍വെ ബോര്‍ഡിലും സോണല്‍ ഓഫീസുകളിലും ന്യൂനപക്ഷ സെല്ലുകള്‍ . 20,000 വാഗണുകളും 250 ഡീസല്‍ എന്‍ജിനുകളും 220 ഇലക്ട്രിക് എന്‍ജിനുകളും നിര്‍മിക്കും . സ്വകാര്യ കണ്ടെയ്നര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും . തിരക്കുള്ള ആളില്ലാ ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കും . പ്രധാന റെയില്‍വെ സ്റ്റേഷനിലെല്ലാം രണ്ടുവര്‍ഷത്തിനകം മേല്‍നടപ്പാതകള്‍ . യാത്രാസൌകര്യം വര്‍ധിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ . 30 പ്രധാന സ്റ്റേഷനില്‍ ബഹുതല കാര്‍ പാര്‍ക്കിങ് സംവിധാനം . ചാരം കടത്തുകൂലിയില്‍ 14 ശതമാനം കുറവ് . വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകടത്തുനിരക്ക് ആറു ശതമാനം കുറച്ചു . ബാംഗ്ളൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് എറണാകുളത്തേക്ക് നീട്ടിയതുള്‍പ്പെടെ 16 ട്രെയിനുകളുടെ സര്‍വീസ് നീട്ടി . കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് നടക്കുന്ന പുണെയിലേക്ക് ഡല്‍ഹിയില്‍നിന്ന് പ്രത്യേക വണ്ടി . മുംബൈയിലെ സബര്‍ബെന്‍ ട്രെയിന്‍ സര്‍വീസ് മുന്നൂറെണ്ണം വര്‍ധിപ്പിച്ചു . ചികിത്സയ്ക്ക് പോകുന്ന എയ്ഡ്്സ് രോഗികള്‍ക്ക് രണ്ടാംക്ളാസ് നിരക്കില്‍ 50 ശതമാനം ഇളവ് . 60,000 ഓട്ടോമെറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എടിവിഎം) . സഞ്ചരിക്കുന്ന മെയില്‍-എക്സ്പ്രസ് ട്രെയിനുകളുടെ സമയ-സ്ഥലവിവരങ്ങള്‍ 2009 മാര്‍ച്ചിനകം ട്രെയിനില്‍ പ്രദര്‍ശിപ്പിക്കും . ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നിലവാരം എ, ബി കാറ്റഗറി റെയില്‍വെ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കും . 2010 ഓടെ എല്ലാ രാജധാനി ട്രെയിനിലും മെയില്‍-എക്സ്പ്രസ് ട്രെയിനുകളിലും എല്‍എച്ച്ബി കോച്ചുകള്‍ . റെയില്‍ സുരക്ഷാസേന കോണ്‍സ്റ്റബിള്‍മാരില്‍ അഞ്ചു ശതമാനവും എസ്ഐമാരില്‍ പത്തു ശതമാനവും സ്ത്രീകള്‍ക്ക് സംവരണം . റെയില്‍വെ സുരക്ഷയ്ക്ക് സംയോജിത സുരക്ഷാപദ്ധതി . റെയില്‍വെ ജീവനക്കാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ . ഹൂബ്ളിയിലും ജയ്പൂരിലും പുതിയ റെയില്‍വെ ആശുപത്രികള്‍ . ചരക്കുഗതാഗതത്തിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതി . പുതിയ വാഗണ്‍ വാടകനയവും വാഗണ്‍ നിക്ഷേപപദ്ധതിയും പ്രഖ്യാപിച്ചു . ന്യൂഡല്‍ഹി, മുംബൈ, പട്ന, സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിന് ആഗോള ടെന്‍ഡര്‍ ക്ഷണിക്കും . ഭൂമി ഏറ്റെടുക്കല്‍ നിയമം ഉടന്‍ പാസാക്കും . ലാലുവിന്റെ മണ്ഡലമായ ചപ്രയില്‍ വാഗണ്‍ ഫാക്ടറി . യുപിഎ സര്‍ക്കാരിന്റെ കാലത്തെ റെയില്‍വെ മിച്ചധനം 68,778 കോടിരൂപ . ചരക്കുഗതാഗതംവഴിയുള്ള പ്രതീക്ഷിതവരുമാനം 47743 കോടി . നിലിവിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ 1535 കോടി . പാത പുതുക്കാന്‍ 3600 കോടി . റെയില്‍വെ മേല്‍പ്പാലങ്ങളും കീഴ്പ്പാലങ്ങളും നിര്‍മിക്കാന്‍ സംസ്ഥാനങ്ങളുടെ ബാധ്യത കുറയ്ക്കും . 1000 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കും.

. യാത്രക്കൂലി കുറച്ചു

. ചരക്കുകൂലിയില്‍ മാറ്റമില്ല

. പെട്രോള്‍-ഡീസല്‍ കടത്തുകൂലി 5 ശതമാനം കുറവ്

. 60 കഴിഞ്ഞ സ്ത്രീകള്‍ക്ക് 50 ശതമാനം ഇളവ്

. ഡിഗ്രി വരെ പെണ്‍കുട്ടികള്‍ക്കും പ്ളസ്ടുവരെ
ആണ്‍കുട്ടികള്‍ക്കും സൌജന്യ സീസണ്‍ടിക്കറ്റ്

. മെയില്‍-എക്സ്പ്രസ് വണ്ടികളില്‍ 50രൂപയില്‍ കൂടുതലുള്ള രണ്ടാംക്ളാസ് ടിക്കറ്റ് നിരക്കില്‍
5 ശതമാനം കുറവ്

. 53 പുതിയ ട്രെയിനുകള്‍

. ഒരുലക്ഷം കോടിയുടെ സ്വകാര്യപങ്കാളിത്തം

. സുരക്ഷയ്ക്കും സ്വകാര്യമേഖല

. 10 ഗരീബ് രഥുകള്‍കൂടി

. മിച്ചം 25,000 കോടിരൂപ

. തിരു-രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ 3 ദിവസം

. മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്കിങ്

. സീറ്റ് വര്‍ധിപ്പിക്കുന്ന സ്ളീപ്പര്‍കോച്ചിലെ
നിരക്കില്‍ 2 ശതമാനം കുറവ്

. എസി ഒന്നാം ക്ളാസിന് 7 ശതമാനവും
രണ്ടാംക്ളാസിന്് 4 ശതമാനവും കുറവ്

. ചികിത്സയ്ക്കു പോകുന്ന എയ്ഡ്്സ്
രോഗികള്‍ക്ക് രണ്ടാംക്ളാസ് നിരക്കില്‍ 50 ശതമാനം ഇളവ്

. പോര്‍ട്ടര്‍മാരെ ഗാങ്മാന്മാരായും ക്ളാസ് ഡി
ജീവനക്കാരായും നിയമിക്കും

റെയില്‍വെ സ്റ്റേഷനുകളില്‍ ക്യൂ ഇല്ലാതാക്കും
ന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തിനകം റെയില്‍വെ റിസര്‍വേഷന്‍ കൌണ്ടറുകളിലെ ക്യൂ ഇല്ലാതാക്കുമെന്ന് റെയില്‍വെ ബജറ്റില്‍ പ്രഖ്യാപനം. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ ലക്ഷ്യം കൈവരിക്കുക.

നിലവില്‍ കമ്പ്യൂട്ടര്‍വഴി റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യാനുളള സംവിധാനമുണ്ട്. എന്നാല്‍ ഇനിമുതല്‍ മൊബൈല്‍ ഫോണ്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ എപ്പോള്‍ മുതല്‍ ഈ സംവിധാനം നിലവില്‍ വരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നില്ല. 2010 ആകുമ്പോഴേക്കും ഇന്ത്യയില്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 50 ലക്ഷമായി വര്‍ധിക്കുമെന്ന കണക്കിന്റെ വെളിച്ചത്തിലാണ് ഈ ശ്രമമെന്ന് ബജറ്റ് പറയുന്നു.

ഇവയെ കൂടാതെ ടിക്കറ്റ് റിസര്‍വേഷന്‍ സെന്ററുകളുടെ എണ്ണം 3000ല്‍ നിന്ന് 15,000 ആയി വര്‍ധിപ്പിക്കും. ഒപ്പം ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളുടെ എണ്ണം 250ല്‍ നിന്ന് 6000 ആയി ഉയര്‍ത്താനും ബജറ്റില്‍ പദ്ധതിയുണ്ട്. എല്ലാ സോണല്‍ റെയില്‍വെ കേന്ദ്രങ്ങളിലും ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സെന്ററുകളും തുറക്കും.

ഇ-ടിക്കറ്റുകള്‍ സീറ്റ് ഉറപ്പുള്ള ടിക്കറ്റുകള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നതെങ്കില്‍ ഇനി വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകള്‍ക്കും നല്‍കും. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ റെയില്‍വെ റിസര്‍വേഷന് വേണ്ടിയുള്ള ക്യൂ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് റെയില്‍വെ മന്ത്രി ലാലുപ്രസാദ് അവകാശപ്പെട്ടു.

പ്ളാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടും
ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ട റെയില്‍വെ സ്റ്റേഷനുകളിലെ പ്ളാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിച്ച് ഉയരം കൂട്ടും. 560 പ്ളാറ്റ്ഫോമുകളുടെ നീളം വര്‍ധിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതില്‍ 416 പ്രവൃത്തി പൂര്‍ത്തിയായി. ബാക്കി സെപ്തംബറില്‍ തീരും. ഈവര്‍ഷം 30 സ്റ്റേഷനുകളില്‍ക്കൂടി നീളം കൂട്ടും.

ഇതിനുപുറമെ, 500 കോടി രൂപ ചെലവഴിച്ച് പ്ളാറ്റ്ഫോമുകള്‍ ഉയര്‍ത്തല്‍, മേല്‍ക്കൂര, ഫുട് ഓവര്‍ബ്രിഡ്ജ് എന്നീ പ്രവൃത്തികള്‍ നടത്തും. ഹൈ, മീഡിയം, ലോ ലെവല്‍ എന്നിങ്ങനെ മൂന്നുതരം പ്ളാറ്റ്ഫോമുകളാണുള്ളത്. ആകെയുള്ള 244 ബി കാറ്റഗറി സ്റ്റേഷനുകളില്‍ 109 എണ്ണത്തില്‍ ഹൈ ലെവല്‍ പ്ളാറ്റ്ഫോമുകള്‍ നിര്‍മിച്ചു. ബാക്കി 135 എണ്ണത്തില്‍ക്കൂടി ഹൈ ലെവല്‍ പ്ളാറ്റ്ഫോമുകള്‍ നിര്‍മിക്കും. ഡി കാറ്റഗറിയിലെ 281 സ്റ്റേഷനുകളിലെ പ്ളാറ്റ്ഫോമുകള്‍ മീഡിയം ലെവലിലേക്ക് ഉയര്‍ത്തും. ഡി കാറ്റഗറിയിലെ തന്നെ 203 മീഡിയം ലെവല്‍ പ്ളാറ്റ്ഫോമുകള്‍ ഹൈ ലെവല്‍ ആക്കി ഉയര്‍ത്തും. നിലവില്‍ മേല്‍ക്കൂരയില്ലാത്ത 748 ഡി കാറ്റഗറി സ്റ്റേഷനുകളില്‍ മേല്‍ക്കൂര നിര്‍മിക്കും.

50 മേജര്‍ സ്റ്റേഷനുകളില്‍ എസ്കലേറ്ററുകളും ലിഫ്റ്റുകളും നിര്‍മിക്കും. വൃദ്ധരും വികലാംഗരും പ്ളാറ്റ്ഫോമുകളിലെത്താന്‍ ഇന്ന് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ സംവിധാനം.

പാത ഇരട്ടിപ്പിക്കലിന് തുക കുറവ്
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍ വികസനത്തിനായി ഈ വര്‍ഷം ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 389.65 കോടിരൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 കോടിയോളം രൂപയുടെ വര്‍ധനയാണ് ഇത്തവണ വന്നിരിക്കുന്നത്.

എന്നാല്‍ പാത ഇരട്ടിപ്പിക്കലിന് അനുവദിച്ച തുകയില്‍ കുറവ് വന്നിട്ടുണ്ട്. മുന്‍വര്‍ഷം 136 കോടി അനുവദിച്ചപ്പോള്‍ ഈ വര്‍ഷം 126.11 കോടിയാണുള്ളത്. അങ്കമാലി-ശബരിമല, താനൂര്‍-ഗുരുവായൂര്‍ പാതകള്‍ക്കായി 25 കോടി നീക്കിവച്ചിട്ടുണ്ട്. കൊല്ലം-തിരുനെല്‍വേലി, പൊള്ളാച്ചി-പാലക്കാട് ഗേജ്മാറ്റത്തിനായി 155 കോടി നീക്കിവച്ചിട്ടുണ്ടെങ്കിലും ഇതില്‍ കുറേയധികം തുക തമിഴ്നാട്ടിലെ ഗേജ്മാറ്റത്തിനായി പോകും. കോഴിക്കോട്-മംഗലാപുരം പാത ഇരട്ടിപ്പിക്കലിനായി 18.5 കോടി നീക്കിവച്ചിട്ടുണ്ട്. മുളന്തുരുത്തി-കുറുപ്പന്തറ പാതയുടെ ഇരട്ടിപ്പിക്കലിന് 30 കോടിയും ചെങ്ങന്നൂര്‍-ചിങ്ങവനം ഇരട്ടിപ്പിക്കലിന് 20 കോടിയും അനുവദിച്ചു. എറണാകുളം-തിരുവനന്തപുരം വൈദ്യുതീകരണത്തിന് 41.37 കോടിയാണ് അനുവദിച്ചത്. കന്യാകുമാരി വരെയുള്ള പാതയുടെ വൈദ്യുതീകരണവും ഇതില്‍ ഉള്‍പ്പെടും.

46 മേല്‍പ്പാലങ്ങള്‍ക്ക് 40 ലക്ഷം വീതം ആകെ 18.45 കോടി അനുവദിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ഓട്ടോകാസ്റ്റ് യൂണിറ്റിന് 1.11കോടിയും അനുവദിച്ചു.

ഇളവുകള്‍ നിരവധി
ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റിന് ജനപ്രിയ മുഖംനല്‍കാന്‍ മന്ത്രി ലാലു വിവിധ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. 60 വയസ്സ് തികഞ്ഞ സ്ത്രീകള്‍ക്ക് എല്ലാ ക്ളാസിലെയും യാത്രയ്ക്ക് 50 ശതമാനം ഇളവുനല്‍കിയതാണ് ഇതില്‍ പ്രധാനം. നിലവില്‍ 60 തികഞ്ഞ സ്ത്രീക്കും പുരുഷനും 30 ശതമാനം ഇളവുമാത്രമാണ് ഉള്ളത്.

അതുപോലെ പഠിക്കുന്ന കുട്ടികള്‍ക്ക് സൌജന്യയാത്രയുടെ പരിധിയും വര്‍ധിപ്പിച്ചു. വീട്ടില്‍നിന്ന് പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകാനാണ് ഈ യാത്രാസൌജന്യം. പെണ്‍കുട്ടികള്‍ക്ക് ഡിഗ്രി വരെയും ആണ്‍കുട്ടികള്‍ക്ക് പ്ളസ്ടു വരെയും സൌജന്യം ലഭിക്കും. നിലവില്‍ സൌജന്യം യഥാക്രമം പ്ളസ്ടു വരെയും എസ്എസ്എല്‍സിവരെയുമാണ് ഉണ്ടായിരുന്നത്. എയ്ഡ്സ് രോഗികള്‍ക്ക് അടുത്തുള്ള എയ്ഡ്സ് പരിചരണകേന്ദ്രത്തിലേക്കു പോകാന്‍ സെക്കന്‍ഡ് ക്ളാസ് ടിക്കറ്റിന് 50 ശതമാനം ഇളവും ബജറ്റില്‍ പ്രഖ്യാപിച്ചു.

സൈന്യത്തില്‍ അശോകചക്ര ബഹുമതി ലഭിക്കുന്നവര്‍ക്ക് രാജധാനി, ശതാബ്ദി തീവണ്ടികളില്‍ സൌജന്യയാത്രയും അനുവദിച്ചു. നിലവില്‍ മെയില്‍ എക്സ്പ്രസ് ട്രെയിനുകളിലെ സെക്കന്‍ഡ് എസി കോച്ചുകളില്‍മാത്രമാണ് ഇവര്‍ക്ക് സൌജന്യയാത്ര അനുവദിച്ചിട്ടുള്ളത്. പരമവീര്‍ ചക്ര, മഹാവീര്‍ ചക്ര, വീര്‍ ചക്ര എന്നീ ബഹുമതി നേടുന്നവര്‍ക്കു മാത്രമാണ് രാജധാനി, ശതാബ്ദി തീവണ്ടികളില്‍ സൌജന്യയാത്ര അനുവദിച്ചത്.

പെട്രോളിന്റെയും ഡീസലിന്റെയും കടത്തുകൂലി കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ കടത്തുകൂലിയില്‍ അഞ്ച് ശതമാനം ഇളവ് വരുത്തിയത് വിലക്കയറ്റത്തിന്റെ തീവ്രതയ്ക്ക് അല്‍പ്പം ഇളവ് നല്‍കും. എന്നാല്‍, പ്രധാന നഗരങ്ങള്‍ ബന്ധിപ്പിച്ച് വന്‍കിട എണ്ണക്കമ്പനികളുടെ പൈപ്പ്ലൈനുകള്‍ വഴി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കടത്തുന്നത് വര്‍ധിച്ചുവരുന്നതിനാല്‍ ഈ ഇളവിന്റെ പ്രയോജനം പ്രതീക്ഷിക്കുന്നത്ര ഉണ്ടാവില്ല.

മറ്റ് ഇനങ്ങള്‍ക്കൊന്നും കടത്തുകൂലി വര്‍ധിപ്പിച്ചിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം.

നിലവില്‍ 180 ദശലക്ഷം ടണ്‍ സിമെന്റാണ് റെയില്‍വെ വഴി ഒരു വര്‍ഷം കൊണ്ടുപോകുന്നത്. പതിനൊന്നാം പദ്ധതിക്കാലത്ത് ഇത് 280 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പാതകള്‍ നിര്‍മിക്കും. ഉരുക്കുവ്യവസായ കേന്ദ്രങ്ങളെയും പ്രധാന വാണിജ്യകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാതകളും ചരക്കുഗതാഗതത്തിനായി നിര്‍മിക്കും.

2. മരുന്ന് കുറഞ്ഞ വിലയ്ക്ക്; അഴിമതി ഇല്ലാതാക്കും
തിരു: സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണത്തില്‍ നടന്നുവരുന്ന അഴിമതി ഇല്ലാതാക്കാനും ജനങ്ങള്‍ക്ക് ഗുണമേന്മ കൂടിയ ഔഷധങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ചതെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി നിയമസഭയില്‍ അറിയിച്ചു. ഔഷധ വിതരണ-വിപണന മേഖലയില്‍ അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന അഴിമതി പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുമെന്നും കെ സി ജോസഫിന്റെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത സാമ്പത്തികവര്‍ഷം മരുന്ന് ക്ഷാമമുണ്ടാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കോര്‍പറേഷന്‍ മുഖേന മരുന്ന് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. തികച്ചും സുതാര്യമായ ഈ ടെന്‍ഡര്‍ മാര്‍ച്ച് ഏഴിന് തുറക്കും.

വിലകൂടിയ മരുന്നുകള്‍ അനാവശ്യമായി വാങ്ങിക്കൂട്ടുകയും ഈ മരുന്നുകള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു എന്നതാണ് മുന്‍കാലങ്ങളിലെ പ്രധാന പരാതി. അതേസമയം അവശ്യമരുന്നുകള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഈ പരാതി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്തായിരിക്കും ടെന്‍ഡര്‍ ഉറപ്പിക്കുക. ഇങ്ങനെ ആവശ്യംവരുന്ന മരുന്ന് മൂന്നുമാസം മുമ്പ് കമ്പനിയെ അറിയിക്കും. മൂന്നുമാസത്തേക്ക് മുന്‍കൂറായി കോര്‍പറേഷന്‍ മരുന്ന് സ്റ്റോക്ക് ചെയ്യുന്നതിനാല്‍ ആവശ്യത്തിനനുസരിച്ച് ഓര്‍ഡര്‍ ചെയ്യാനും സമയമുണ്ടാകും. ടെന്‍ഡര്‍ പൊട്ടിച്ച് കരാര്‍ ഉറപ്പിക്കുമ്പോള്‍ കോര്‍പറേഷന്‍ ആവശ്യപ്പെടുന്ന അളവില്‍ അതേ വിലയ്ക്ക് മരുന്ന് നല്‍കണമെന്ന് വ്യവസ്ഥചെയ്യും. വില നേരത്തെ നിശ്ചയിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് പിന്നീട് മരുന്നുവില കൂട്ടാന്‍ കഴിയില്ല.

സെന്‍ട്രല്‍ പര്‍ച്ചേസ് കമ്മിറ്റി ലിസ്റ്റ് ചെയ്ത 608 ഇനങ്ങളില്‍നിന്ന് 81 ഇനങ്ങള്‍ ഒഴിവാക്കിയതിനും വ്യക്തമായ കാരണങ്ങളുണ്ട്. ടിബി, എയ്ഡ്സ് മുതലായ രോഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും മരുന്നുകളും മറ്റു സാമഗ്രികളും ലഭിക്കുന്നുണ്ട്. ഇവയാണ് പ്രധാനമായും ഒഴിവാക്കിയത്. ഇവ വാങ്ങിക്കൂട്ടി ഖജനാവില്‍നിന്ന് കാശ് തുലയ്ക്കേണ്ട ആവശ്യമില്ല. കാലഹരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയ മരുന്നുകളും വിലകൂടിയ മരുന്നുകളും ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിലകൂടിയ മരുന്നുകള്‍ക്കുപകരം അതേ നിലവാരമുള്ള കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുമുണ്ട്.

വര്‍ഷങ്ങളായി കുത്തഴിഞ്ഞുകിടക്കുന്ന സംവിധാനത്തെ കുറ്റമറ്റതാക്കാനാണ് സര്‍ക്കാര്‍ കോര്‍പറേഷന്‍ രൂപീകരിച്ചത്. കോര്‍പറേഷന്‍ മുഖേന മരുന്നുവാങ്ങുന്നതോടെ സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും. മരുന്ന് ക്ഷാമം ഉണ്ടാകുകയുമില്ല. തികച്ചും ജനങ്ങളുടെ താല്‍പ്പര്യം മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

3. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു: സിഎജി
തിരു: സംസ്ഥാനത്തിന്റെ റെവന്യൂ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.9 ശതമാനം വര്‍ധിച്ചെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ 2006-07 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷികറിപ്പോര്‍ട്ട്. 2,892 കോടി രൂപയുടേതാണ് വര്‍ധന.

പ്രധാനമായും റെവന്യൂ വരുമാനത്തില്‍ (2,163 കോടി രൂപ) നിന്നും കേന്ദ്ര നികുതിയുടെ സംസ്ഥാന വിഹിതത്തില്‍ (694 കോടി)നിന്നും ആയിരുന്നു ഇത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടെന്നും വാര്‍ഷിക റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

റെവന്യൂ കമ്മി മുന്‍വര്‍ഷത്തേതില്‍നിന്ന് 491 കോടി രൂപ കുറഞ്ഞു. കടം അല്ലാതെയുള്ള മൂലധനം 16 കോടി വര്‍ധിച്ചു. റെവന്യൂ ചെലവും മൂലധനച്ചെലവും മുന്‍വര്‍ഷത്തേക്കാള്‍ യഥാക്രമം 13ഉം (2,401 കോടി) 10.5ഉം ശതമാനം (86 കോടി) വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പൊതുകടത്തില്‍നിന്നുള്ള വരവുകള്‍ 488 കോടി കുറഞ്ഞു. ഇതു പ്രധാനമായും കേന്ദ്ര സര്‍ക്കാരില്‍ നിന്നെടുത്ത വായ്പകളിലെ 398 കോടിയുടെ കുറവു നിമിത്തമാണ്.

2006-07ല്‍ പൊതുകടത്തിലെ തിരിച്ചടവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 740 കോടി രൂപ കുറവായിരുന്നു. സംസ്ഥാനത്തിന്റെ നീക്കിയിരിപ്പ് പണം കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 825 കോടി വര്‍ധിച്ചു.

റെവന്യൂ ചെലവിന്റെ 68 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ കൈയടക്കിയതില്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തുന്നു. 2005-06ലും 2006-07ലും പദ്ധതിയിതര ചെലവ് പന്ത്രണ്ടാം ധനകമീഷന്‍ ഈ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിനു നിശ്ചയിച്ച തോതിലുള്ള വളര്‍ച്ചയേക്കാള്‍ യഥാക്രമം 88 കോടിയും 2,113 കോടിയും കൂടുതലായിരുന്നു.

ചെലവിന്റെ ഈ പ്രവണതകള്‍ മുന്‍ഗണനകളില്‍ മാറ്റംവരുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

കടത്തിന്റെ ഏറിയപങ്കും സംസ്ഥാന സര്‍ക്കാരിന്റെ നടപ്പുചെലവ് നിറവേറ്റാന്‍ വിനിയോഗിക്കുന്നു. ഇതു കൂടുതല്‍ കടത്തെ ആശ്രയിക്കാന്‍ ഇടയാക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക കണക്കുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന റെവന്യൂ കമ്മിയും ധനക്കമ്മിയും കാണിക്കുന്നത് ഇതാണ്.

പദ്ധതിയിതര റെവന്യൂ ചെലവ് ചുരുക്കണമെന്നും നികുതി-നികുതിയിതര സ്രോതസ്സുകളില്‍നിന്ന് അധിക വിഭവസമാഹരണം നടത്തണമെന്നും നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ വര്‍ധിക്കുന്ന സാമ്പത്തിക ബാധ്യതകള്‍ കടബാധ്യത രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

4. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയ്ക്ക് വിപുല പദ്ധതി
തിരു: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി സി ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു. 2005-06 മുതല്‍ പാലുല്‍പ്പാദനത്തില്‍ വര്‍ധനയുണ്ട്്. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പാലുല്‍പ്പാദനത്തില്‍ കേരളം ഒമ്പതാമതാണ്. തമിഴ്നാട് 16ഉം കര്‍ണാടകം 20ഉം സ്ഥാനത്തും. നാടന്‍ കന്നുകാലികളുടെ വര്‍ഗഗുണം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഫലമുണ്ടാകൂ. ഇതിനുള്ള ശ്രമത്തിലാണ്.

സുനന്ദിനി പശുക്കളുടെ ഉല്‍പ്പാദനക്ഷമത കാലാനുസൃതമായി വര്‍ധിച്ചു. മറിച്ചുള്ള കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്.

കന്നുകാലി പ്രജനനനയം പരിഷ്കരിക്കാന്‍ നടപടി സ്വീകരിച്ചു. ക്ഷീരധാരാ പദ്ധതിവഴി, 20 ലിറ്റര്‍ മുതല്‍ 50 ലിറ്റര്‍വരെ പ്രതിദിന ഉല്‍പ്പാദനക്ഷമതയുള്ള ഇനത്തെ സൃഷ്ടിക്കുന്ന വിത്തുകാളകളുടെ ബീജം 2007 ഫെബ്രുവരി മുതല്‍ എല്ലാ മൃഗാശുപത്രിയിലും ലഭ്യമാക്കി. പശുഗ്രാമം മില്‍ക്ക്ഷെഡ്, വിദര്‍ഭ തുടങ്ങിയ പദ്ധതികള്‍വഴി അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള പശുക്കളെ കൊണ്ടുവരുന്നു. കാലിത്തീറ്റ ലഭ്യത കൂട്ടാന്‍ പൊതുമേഖലയിലെ തീറ്റ ഉല്‍പ്പാദനകേന്ദ്രങ്ങളുടെ ഉല്‍പ്പാദന വിപണനശേഷി വര്‍ധിപ്പിക്കാന്‍ നടപടിയായി. കര്‍ഷകര്‍ക്ക് സബ്സിഡിയോടുകൂടി കാലിത്തീറ്റ ലഭ്യമാക്കുന്നു. പച്ചപ്പുല്ലിന്റെ ഉല്‍പ്പാദനവും വര്‍ധിപ്പിക്കും. വ്യവസായ അടിസ്ഥാനത്തിലുള്ള ഡെയറി യൂണിറ്റ് സ്ഥാപിക്കാന്‍ സാങ്കേതിക സഹായവും ധനസ്ഥാപനങ്ങളുടെ സഹകരണത്തോടെ സാമ്പത്തിക സഹായവും ലഭ്യമാക്കുന്നു.സംസ്ഥാനത്തെ കാലിരോഗനിയന്ത്രണ മേഖലയാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ളവയെങ്കിലും സംസ്ഥാനത്തെ പശുക്കളുടെ പ്രതിദിന ശരാശരി ഉല്‍പ്പാദനം ഏഴ് ലിറ്റര്‍ മാത്രമാണ്. കാലിത്തീറ്റ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ തീറ്റയ്ക്ക് വില കൂടുതലാണ്. ഇതുമൂലം ജനിതകശേഷി പൂര്‍ണമായും പ്രയോജനപ്പെടത്തക്കവണ്ണം തീറ്റ നല്‍കാനാവുന്നില്ല.

ക്ഷീരോല്‍പ്പാദന ചെലവിനനുസൃതമായി വില ലഭിക്കണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യം പരിഗണിച്ച് അവര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തിയാണ് പാല്‍ വിലവര്‍ധനയ്ക്ക് അനുമതി നല്‍കിയതെന്ന് ബാബുപ്രസാദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

5. കെല്‍ ഭൂമികൈമാറ്റം : വിലനിര്‍ണയിച്ചത് മാനദണ്ഡമനുസരിച്ച്
തിരു: പാലക്കാട് പുതുശ്ശേരിയില്‍ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് ലിമിറ്റഡിന് (കെല്‍) കൈമാറിയിട്ടും ഉപയോഗിക്കാതെ കിടന്ന ഭൂമി തിരിച്ചെടുത്തശേഷം വ്യവസായ സംരംഭകര്‍ക്ക് കൈമാറിയത് നിലവിലുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യവസായവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

വ്യവസായ വികസന ഏരിയകളിലും വ്യവസായ വികസന പ്ളോട്ടുകളിലും സംരംഭകര്‍ക്ക് സ്ഥലം കൈമാറുന്നതിന് വ്യക്തമായ മാനദണ്ഡമുണ്ട്. ഇതനുസരിച്ചാണ് ഭൂമിവില നിര്‍ണയിക്കുന്നത്. മാര്‍ക്കറ്റ് നിരക്ക് ഈടാക്കി വ്യവസായ വികസനത്തിന്സ്ഥലം കൈമാറുന്ന പതിവ് വ്യവസായവകുപ്പില്‍ നിലവിലില്ല. വ്യവസായസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നിലവിലെ നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായ നടപടി എടുക്കുന്നതിനെയാണ് ഭൂമി നിസ്സാരവിലയ്ക്ക് വില്‍ക്കുന്നുവെന്ന് ചില മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത്.

പാലക്കാട് ജില്ലാ വ്യവസായകേന്ദ്രം 1986ലാണ് കെല്ലിന് 4.69 ഏക്കര്‍ ഭൂമി കൈമാറിയത്. നിക്കല്‍ കാഡ്മിയം ബാറ്ററി യൂണിറ്റ് സ്ഥാപിക്കാനെന്നു പറഞ്ഞു വാങ്ങിയ സ്ഥലം കെല്‍ ഉപയോഗിച്ചില്ല. ഇതേത്തുടര്‍ന്ന് 2004ല്‍ സ്ഥലം വ്യവസായവകുപ്പ് തിരിച്ചെടുത്തു. പുതുശ്ശേരിയില്‍ വ്യവസായവകുപ്പിന്റെ അധീനതയിലുള്ള 134.15 ഏക്കറില്‍നിന്നാണ് സ്ഥലം വിട്ടുകൊടുത്തത്. ഇവിടെ വ്യവസായയൂണിറ്റ് തുടങ്ങാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് സ്ഥലം കൈമാറി.

വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥലം പാട്ടത്തിനു കൊടുക്കുന്നതിനൊപ്പം ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥപ്രകാരം കൈമാറുകയും ചെയ്യുന്നുണ്ട്. 1968ലും ’69ലും 1970ലും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍മാത്രമേ വ്യവസായയൂണിറ്റുകള്‍ക്ക് ഭൂമി നല്‍കാനാകൂ. ഒരേക്കര്‍വരെയുള്ള സ്ഥലം അനുവദിക്കുന്നത് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍മാരാണ്. കാസര്‍കോട് ജില്ലയില്‍ രണ്ടേക്കര്‍വരെ മാനേജര്‍ക്ക് അനുവദിക്കാം. സ്ഥലം ഏറ്റെടുക്കാന്‍ ചെലവായ തുക, അളന്നുതിട്ടപ്പെടുത്തല്‍ അടക്കമുള്ള ചെലവ്, പ്ളോട്ട് വികസിപ്പിക്കുന്നതിനു വന്ന ചെലവ് എന്നിവയും ഏറ്റെടുത്ത വര്‍ഷംമുതല്‍ അനുവദിക്കുന്ന ദിവസംവരെയുള്ള കാലത്തേക്ക് പ്രതിവര്‍ഷം ആറു ശതമാനം പലിശയും ചേര്‍ത്താണ് ഹയര്‍ പര്‍ച്ചേസ് പ്രകാരം ഭൂമിവില നിശ്ചയിക്കുന്നത്. പാട്ടത്തിനു നല്‍കുമ്പോഴും ഈ മാനദണ്ഡം ബാധകമാണ്. ഏറ്റെടുത്തതില്‍നിന്ന് റോഡ് ഉള്‍പ്പെടെ പൊതുസൌകര്യം ഏര്‍പ്പെടുത്താന്‍വിനിയോഗിച്ച ഭൂമിയുടെ പകുതി വില വ്യവസായസംരംഭകരില്‍ നിന്ന് തുല്യമായി ഈടാക്കും. പുതുശ്ശേരിയില്‍ 1965ലാണ് ഭൂമി അക്വയര്‍ ചെയ്യുന്നത്. 134.15 ഏക്കര്‍ 2,58,130 രൂപയ്ക്ക് ഏറ്റെടുത്തു. 17,54,547 രൂപ ഭൂമി വികസിപ്പിക്കുന്നതിന് ചെലവഴിച്ചു. ഇതുചേര്‍ത്ത് അവിടെ സെന്റിന് 444 രൂപയാണ് വ്യവസായകേന്ദ്രം വില നിശ്ചയിച്ചത്. എന്നാല്‍, കഞ്ചിക്കോട്ട് സെന്റിന് 1793 രൂപയാണ് വില നിര്‍ണയിച്ചിരുന്നത്. ഈ വിലയാണ് പുതുശ്ശേരിയില്‍ കെല്ലില്‍നിന്ന് ഏറ്റെടുത്ത സ്ഥലം വിട്ടുകൊടുത്തപ്പോള്‍ വ്യവസായസംരംഭകരില്‍നിന്ന് ഈടാക്കിയത്. മാത്രമല്ല, സര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചാല്‍ അതു നല്‍കണമെന്നും വ്യവസ്ഥചെയ്തു. ഇതു മറച്ചുവച്ചാണ് ചുളു വിലയ്ക്ക് ഭൂമി വിറ്റെന്ന മാതൃഭൂമിയുടെ ആരോപണം.

6. എസ്എസ്എല്‍സി പരീക്ഷ ദിവസവും ഉച്ചകഴിഞ്ഞ്
തിരു: എസ്എസ്എല്‍സി പരീക്ഷാസമയങ്ങളില്‍ മാറ്റം. എല്ലാ പരീക്ഷകളും ഉച്ചകഴിഞ്ഞ് 1.45 ന് തുടങ്ങും. മാര്‍ച്ച് 12 നാണ് പരീക്ഷ ആരംഭിക്കുന്നത്. 14 ന് നടത്താന്‍ നിശ്ചയിച്ച ഹിന്ദി പരീക്ഷ 18 ലേക്ക് മാറ്റി. 14 ന് പരീക്ഷ ഇല്ല. 15 ന് ഇംഗ്ളീഷും 17 ന് സാമൂഹ്യശാസ്ത്ര പരീക്ഷയും നടക്കും.

മാര്‍ച്ച് 12 ന് ഭാഷ ഒന്നാംപേപ്പര്‍, 13 ന് ഭാഷ രണ്ടാംപേപ്പര്‍, 19 ന് ബയോളജി, 24 ന് മാത്തമാറ്റിക്സ്, 25 ന് ഫിസിക്സ്, 26 ന് കെമിസ്ട്രി, 27 ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയാണ് പരീക്ഷകള്‍.

ചോദ്യപേപ്പര്‍ വിതരണത്തില്‍ ഈ വര്‍ഷം മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ട്രഷറിയിലോ ദേശസാല്‍ക്കൃത ബാങ്കുകളുടെ ലോക്കറുകളിലോ ആണ് ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുക. പരീക്ഷാദിവസം രാവിലെ പ്രത്യേക സുരക്ഷയുള്ള വാഹനത്തില്‍ പരീക്ഷാ സെന്ററുകളില്‍ ചോദ്യപേപ്പര്‍ എത്തിക്കും. ചോദ്യപേപ്പറുകള്‍ ലോക്കറിലും ട്രഷറിയിലും സൂക്ഷിക്കുന്നതു സംബന്ധിച്ച ക്രമീകരണങ്ങളുടെ ഭാഗമായാണ് സമയമാറ്റം.

7. ലോകത്തെ രണ്ടാമത്തെ റെയില്‍വെ
ന്യൂഡല്‍ഹി: 1853 ഏപ്രിലിലാണ് ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ബോംബെയില്‍നിന്ന് താനെയിലേക്കുള്ള 21 മൈലാണ് ആദ്യ ട്രെയിന്‍ സര്‍വീസ്. എന്നാല്‍, ഇന്നു നമ്മുടെ റെയില്‍വെ ട്രാക്കിന്റെ നീളം 63,000 കിലോമീറ്ററിലേറെയാണ്. ലോകത്തെ ഏറ്റവും തിരക്കേറിയ റെയില്‍വെയും ഇന്ത്യയുടേതാണ്.

ചൈന കഴിഞ്ഞാല്‍ റെയില്‍ വ്യാപ്തിയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. 16 ലക്ഷം ജീവനക്കാരുള്ള ഇന്ത്യന്‍ റെയില്‍വെയാണ് ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവ്. ഒന്നരക്കോടിയിലേറെ ജനങ്ങള്‍ ഒരു ദിവസം ട്രെയിന്‍ യാത്ര ചെയ്യുന്നു. ഏഴായിരത്തിലേറെ റെയില്‍വെ സ്റ്റേഷനുണ്ട്.

ട്രെയിന്‍ യാത്ര ബസിനേക്കാള്‍ ആദായകരമാണ്. 14,400 ലേറെ ട്രെയിന്‍ ദിവസവും സര്‍വീസ് നടത്തുന്നു. ഇതില്‍ 8700 ഓളം പാസഞ്ചര്‍ ട്രെയിനുകളാണ്. റെയില്‍വെയുടെ 70 ശതമാനം വരുമാനവും ലഭിക്കുന്നത് ചരക്ക് ഗതാഗതത്തിലൂടെയാണ്.

8. ചിദംബരം സ്വാധീനിച്ചു; സ്ഥിരം യാത്രക്കാരെ അവഗണിച്ചു
ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റ് ധനമന്ത്രി പി ചിദംബരമാണോ റെയില്‍വെമന്ത്രി ലാലുവാണോ തയ്യാറാക്കിയതെന്ന് സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത സംശയം പ്രകടിപ്പിച്ചു. സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും കരാര്‍തൊഴില്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

മധ്യവര്‍ത്തിസമൂഹത്തിലുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന റെയില്‍വെ ബജറ്റ് പാവപ്പെട്ട യാത്രക്കാര്‍ക്ക് പ്രയോജനംചെയ്യില്ല. ലോക്കല്‍ ട്രെയിനുകളിലും സീസണ്‍ടിക്കറ്റ് യാത്രക്കാര്‍ക്കും പ്രയോജനമില്ല.

ബജറ്റ് പട്നയ്ക്കും ചെന്നൈക്കുംവേണ്ടി തയ്യാറാക്കിയതാണെന്ന് സിപിഐ നേതാവ് സുധാകര്‍റെഡ്ഡി പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണന കാട്ടുന്നതാണ് റെയില്‍വെ ബജറ്റെന്ന് ബിജെപി വക്താവ് സുഷമാ സ്വരാജ് പറഞ്ഞു. നിരാശാജനകമായ ബജറ്റെന്നാണ് ബിജെപി നേതാവ് വി കെ മല്‍ഹോത്ര പറഞ്ഞത്.

യുപിഎ ട്രെയിന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അപകടത്തില്‍പ്പെട്ടിരിക്കയാണെന്ന് സമാജ്വാദി പാര്‍ടി നേതാവ് മോഹന്‍സിങ് പ്രതികരിച്ചു.

സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ബജറ്റ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ ക്രമേണ സ്വകാര്യവല്‍ക്കരിക്കുന്നതാണ് ബജറ്റിലെ നിര്‍ദേശങ്ങളെന്ന് ഫോര്‍വേഡ് ബ്ളോക്ക് പ്രസ്താവനയില്‍ പറഞ്ഞു.

9. ഇന്ത്യാസമുദ്രത്തിന് അടിയില്‍നിന്ന് ആണവ മിസൈല്‍ പരീക്ഷിച്ചു
ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാവുന്ന ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന കെ 15 മിസൈല്‍ വിശാഖപട്ടണത്തിന് സമീപം ബാലസോറില്‍നിന്നാണ് വിക്ഷേപിച്ചത്.

ഇതോടെ സമുദ്രാന്തര്‍ ആണവമിസൈല്‍ശേഷിയുള്ള ലോകത്തെ അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവയ്ക്കാണ് ഈ ശേഷിയുള്ളത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണകേന്ദ്രം വികസിപ്പിച്ച മിസൈല്‍ ‘അഡ്വാന്‍സ്ഡ് ടെക്നോളജി വെസല്‍’ എന്ന രഹസ്യ പദ്ധതിയുടെ ഭാഗമാണ്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനുള്ള അന്തര്‍വാഹിനി ഇല്ലാത്തതിനാല്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചങ്ങാടത്തില്‍ കെട്ടിത്താഴ്ത്തിയാണ് പരീക്ഷണം നടത്തിയത്.

1. റെയില്‍വേ ബജറ്റ് 2008: കേരളം ചോദിച്ചതും കിട്ടിയതും
1. കേരളം ആസ്ഥാനമാക്കി

റെയില്‍വേ സോണ്‍ (തമസ്കരിച്ചു)

2 പാലക്കാട് കോച്ച് ഫാക്ടറി (അനുവദിച്ചു)

പുതിയ റെയില്‍വേ പാതകള്‍

3 കൊല്ലങ്കോട്- തൃശൂര്‍ പാത (പരാമര്‍ശമില്ല)

4 നിലമ്പൂര്‍- നഞ്ചന്‍കോട് പാത (പരാമര്‍ശമില്ല)

5 തലശേരി- മൈസൂര്‍ (പരാമര്‍ശമില്ല)

6 ശബരി റെയില്‍ പാത തിരുവനന്തപുരത്തേക്ക്

(അങ്കമാലി- ശബരി പാതയ്ക്ക് 15 കോടി)

ഗേജ് മാറ്റം

7. കൊല്ലം- ചെങ്കോട്ട (അനുവദിച്ചു)

8. പൊള്ളാച്ചി- പാലക്കാട് (പരാമര്‍ശമില്ല)

പുതിയ ട്രെയിനുകള്‍

9. കോയമ്പത്തൂര്‍- കൊച്ചി ഇന്റര്‍സ്റ്റേറ്റ് (പരാമര്‍ശമില്ല)

10. ബാംഗളൂര്‍- തിരുവനന്തപുരം (ബാംഗളൂര്‍- കോയമ്പത്തൂര്‍ എക്സ്പ്രസ് എറണാകുളത്തേക്ക് നീട്ടി)

11. തിരുവനന്തപുരം- മംഗലാപുരം (തമസ്കരിച്ചു)

12. തിരുവനന്തപുരം- ബാംഗളൂര്‍ (പരാമര്‍ശമില്ല)

13. തിരുവനന്തപുരം- മുംബൈ (പരാമര്‍ശമില്ല)

14.തിരുവനന്തപുരം- ന്യൂഡല്‍ഹി (പരാമര്‍ശമില്ല)

15. സബര്‍ബന്‍ ട്രെയിന്‍ (പരാമര്‍ശമില്ല)

17. തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ നാലു ദിവസമാക്കണം (ആഴ്ചയില്‍ മൂന്ന്ദിവസമാക്കി)

18. തിരുവനന്തപുരം- ചണ്ഡിഗഡ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ആഴ്ചയില്‍ മൂന്ന് ദിവസമാക്കണം (പരാമര്‍ശമില്ല)

19. ഐ.ടി കോറിഡോര്‍ (തമസ്കരിച്ചു)

20. അതിവേഗ റെയില്‍ പാത (പരാമര്‍ശമില്ല)

നെടുമ്പാശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ (തമസ്കരിച്ചു)

21. തിരുവനന്തപുരം നേമത്ത് വാഗണ്‍ വര്‍ക്ക്ഷോപ്പ് (പരാമര്‍ശമില്ല)

22. തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയില്‍ പാത (പരാമര്‍ശമില്ല)

2. പരീക്ഷയെക്കാള്‍ പ്രധാനം പാര്‍ട്ടി സമ്മേളനം കേരളയില്‍ വിദ്യാര്‍ഥികള്‍ നട്ടംതിരിയും
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയില്‍ പരീക്ഷയെക്കാള്‍ പ്രധാനം അദ്ധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങള്‍. ഇതിനായി മാര്‍ച്ച് ആദ്യം ആരംഭിക്കേണ്ട ബിരുദ പരീക്ഷകള്‍ മാര്‍ച്ച് അവസാന വാരത്തേക്ക് മാറ്റിവച്ച് സര്‍വകലാശാല പ്രതിബദ്ധത കാട്ടിയിരിക്കുകയാണ്.

വിദ്യാര്‍ഥികളുടെ ക്ഷേമമാണ് ലക്ഷ്യമെന്നു കൊട്ടിഘോഷിക്കുന്ന എസ്.എഫ്.ഐയുടെ സംസ്ഥാനസമ്മേളനത്തിനും അധ്യാപക സംഘടനയായ എ. കെ.പി.സി.ടി.എയുടെ രജത ജൂബിലി സമ്മേളനത്തിനു വേണ്ടിയുമാണ് സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചത്. ഇരു സമ്മേളനങ്ങളും അടുത്തമാസം തിരുവനന്തപുരത്താണ് നടക്കുന്നത്. മാര്‍ച്ച് ആറു മുതല്‍ എട്ടുവരെയാണ് എസ്.എഫ്.ഐ സമ്മേളനം. 14മുതല്‍ 16വരെ എ.കെ.പി.സി.ടി.എയുടെ രജത ജൂബിലി സമ്മേളനവും.

ഈ മാസം അവസാനിക്കേണ്ട സപ്ളിമെന്ററി പരീക്ഷകള്‍ സര്‍വകലാശാല യൂവജനോത്സവം ഉള്‍പ്പടെയുള്ള പല കാരണങ്ങള്‍ കൊണ്ട് വൈകിയാണ് ആരംഭിച്ചത്. ഇതിന്റെ പരീക്ഷാഫലം വന്നിട്ട് മാത്രമേ ബിരുദ പരീക്ഷകള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു.

ചുരുങ്ങിയ ദിവസം കൊണ്ട് തിരക്കിട്ട് മൂല്യനിര്‍ണയം നടത്തി റിസല്‍ട്ട് പ്രസിദ്ധീകരിക്കണമെങ്കില്‍ക്കൂടി വാല്യൂഷേന്‍ ചെയ്യേണ്ട അധ്യാപകരുടെ അനുപാതം കൂട്ടണം. ഇങ്ങനെ പലവിധ പ്രതിസന്ധികളും നിലനില്‍ക്കെ സര്‍വകലാശാ ലയിലെ ഭൂരിപക്ഷ അധ്യാപക സംഘടന സമ്മേളനം പരീക്ഷ കാലയളവില്‍ തന്നെ നടത്തുന്നത് പരീക്ഷ പേപ്പറുകളുടെ വാല്യൂഷനെ ബാധിക്കുമെന്ന് ഉറപ്പാണ്. അധ്യാപക- വിദ്യാര്‍ഥി സംഘടനകള്‍ സമ്മേളനങ്ങള്‍ സാധാരണ പരീക്ഷയ്ക്ക് മുന്‍പോ പിന്‍പോ ആണ് നടത്തുന്നത്.

ഈ വര്‍ഷം അത് വൈകിച്ചത് പരീക്ഷ നടത്തിപ്പിനെ അട്ടിമറിക്കാനെന്നു പ്രതിപക്ഷ അദ്ധ്യാ പക-വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു.

സര്‍വ്വകലാശാല യൂണിയന്‍ നേരിട്ട് നടത്തിയ യൂണിവേഴ്സിറ്റി കലോത്സവം അവസാനിച്ചത് കഴിഞ്ഞയാഴ്ചയാണ്. സര്‍വകലാശാല യുവജനോത്സവം സാധാരണയിലും വൈകിച്ചത് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം മുന്നില്‍ കണ്ടാണെന്നാണ് പ്രതി പ ക്ഷ വിദ്യാര്‍ഥികളുടെ പ്രധാന ആ രോപണം.

അധ്യാപക-വിദ്യാര്‍ഥി സംഘടനകളുടെ സ്വാര്‍ഥ താത്പര്യം മൂലം കേരള സര്‍വകലാശാല കഴിഞ്ഞ പത്തുവര്‍ഷമായി ഏറക്കുറെ ക്യത്യമായി നടത്തിവന്ന പരീക്ഷകള്‍ ഈ വര്‍ഷം കുത്തഴിഞ്ഞു. കേരളത്തില്‍ ആദ്യമായി വാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കിയ സര്‍വകലാശാല കേരളയാണ്.

സംഘടനകളുടെ സമ്മര്‍ദം യൂണിവേഴ്സിറ്റി അംഗീകരിച്ചതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലാവുന്നത് മറ്റു സര്‍വകലാശാലകളില്‍ ഉപ രിപഠനം നടത്തുന്ന വിദ്യാര്‍ഥികളെയും മെഡിക്കല്‍-എന്ഡജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥിക ളുമാണ്.

സമ്മേളന നടത്തിപ്പിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കാണ് പരീക്ഷാ നടത്തിപ്പിന്റെയും ചുമതല. ഇതുകാരണമാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന അധ്യാപക സംഘടനയുടെ ആവശ്യം ഒടുവില്‍ യൂണിവേഴ്സിറ്റിക്ക് അംഗീകരിക്കേണ്ടിവന്നത്.

3. മൊത്തം വായ്പയുടെ 40 ശതമാനം കാര്‍ഷിക വായ്പകള്‍ക്ക്
തിരുവനന്തപുരം: പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍/സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവ വിതരണം ചെയ്യുന്ന മൊത്തം വായ്പയുടെ 40 ശതമാനം എങ്കിലും കാര്‍ഷിക വായ്പകളായി വിതരണം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്െടന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ അനുമതി നല്‍കുമ്പോള്‍ സംഘങ്ങള്‍ ഈ നിര്‍ദേശം പാലിക്കുന്നുണ്െടന്ന് ജോയിന്റ് രജിസ്ട്രാര്‍മാര്‍ പരിശോധിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പ്രതിമാസ അവലോകനം നടത്തി പുരോഗതി വിലയിരുത്തുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.

4. സിലബസും പുസ്തകവും മാറി : പരീക്ഷ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞ് റദ്ദാക്കി
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം റദ്ദാക്കേണ്ടി വന്നു. ഇന്നലെ നടന്ന ഡിഗ്രി ഇംഗ്ളീഷ് സപ്ളിമെന്ററി പരീക്ഷയാണ് സിലബസും പുസ്തകവും മാറി ചോദ്യം വന്നതിനെത്തുടര്‍ന്ന് റദ്ദാക്കിയത്.

2005-ലെ ‘പ്രൈം പ്രോസ’് എന്ന പുസ്തകത്തിലെ സിലബസ് അനുസരിച്ചാണ് ഇന്നലെ പരീ ക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ 2006-ലെ സിലബസ് അനുസരിച്ചുള്ള ‘അദര്‍ ഹാര്‍മണി’ എന്ന പുസ്തകത്തിലെ ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യപേപ്പറാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.

സിലബസും പുസ്തകവും മാറിയാണ് ചോദ്യംതയാറാക്കിയിരി ക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞതിനുസരിച്ചു വിവരം അധ്യാപകര്‍ സര്‍വ്വകലാശാലയെ അറിയിച്ചു. ചോദ്യപേപ്പര്‍ പരിശോധിച്ച സര്‍വ്വകലാശാല അധികൃതര്‍ പിഴവ് മനസിലാക്കുകയും ഒരു മണിക്കൂറിനു ശേഷം പരീക്ഷ റദ്ദാക്കിയ വിവരം എല്ലാ സെന്ററുകളിലും അറിയിക്കുകയുമായിരുന്നു. റദ്ദാക്കിയതിനെ തുടര്‍ന്നു ചോദ്യപേപ്പറും ഉത്തരക്കടലാസും കുട്ടികളില്‍ നിന്നും തിരകെ വാങ്ങാന്‍ അതാത് പരീക്ഷാ സെന്ററിലെ മേധാവികളോട് യൂണിവേഴ്സിറ്റി നിര്‍ദേശിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും. സര്‍വകലാശാല കോയമ്പത്തൂരൂള്ള ഒരു ഏജന്‍സിയെയാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

ചോദ്യം തയാറാക്കിയ ശേഷം അവര്‍ ചോദ്യപേപ്പറിന്റെ മാതൃക പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള ബോര്‍ഡ് ചെയര്‍മാനു കൈമാറുകയും അദ്ദേഹം ഉള്‍പ്പെടുന്ന പരിശോധനാ കമ്മിറ്റി അത് പരി ശോധിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തി ചോദ്യം തയാറാക്കുന്നവര്‍ക്ക് നല്‍കുകയും ചെയ്തുവെന്നു സര്‍വ്വകാലാശാല അധികൃതര്‍ അറിയിച്ചു.

ചോദ്യപേപ്പര്‍ സീല്‍ ചെയ്താണ് ഏജന്‍സി യൂണിവേഴ്സിറ്റിയിലേക്ക് അയക്കുന്നത്.

ചോദ്യപേപ്പര്‍ രണ്ടാമത് തുറന്ന് പരിശോധിക്കാറില്ല. ഇക്കാരണം കൊണ്ട് ചോദ്യപേപ്പറോ സിലബസോ മാറിയിട്ടുണ്െടങ്കില്‍ ആ വിവരം പരീക്ഷ സെന്ററില്‍ ചോദ്യപേപ്പര്‍ പൊട്ടിച്ചതിന് ശേഷം മാത്രമെ അറിയാന്‍ കഴിയൂ. സിലബസ് മാറിയ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുമെന്നും ഇത് സംബന്ധിച്ച് വിശദീകരണം ഏജെന്‍സിയോട് ആവശ്യപ്പെടുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.

5. പുതിയ 32 പ്രഫഷണല്‍ കോളജുകള്‍ കൂടി
തിരുവനന്തപുരം: സഹകരണ മേഖലയില്‍ 32 പ്രഫഷണല്‍ കോളജുകള്‍ കൂടി തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതായി സഹകരണ മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. ഓരോ നിയോജക മണ്ഡലത്തിലും ഓരോ പ്രഫഷണല്‍ കോളജ് വീതം ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായ കോ-ഓപ്പറേറ്റീവ് അക്കാദമി ഫോര്‍ പ്രഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) നേതൃത്വത്തില്‍ പുന്നപ്രയില്‍ മാനേജ്മെന്റ് സ്കൂള്‍, ഫിനിഷിങ് സ്കൂള്‍, എന്‍ജിനീയറിങ്ങ് കോളജ്, ആറന്മുളയില്‍ എന്‍ജിനീയറിങ് കോളജ്, തുടങ്ങിയവ ആരം ഭിക്കും ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെയും മറ്റും ആഭിമുഖ്യത്തില്‍ എം.ബി. എ. കോഴ്സ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പ്രാരംഭ നടപടിയായും മന്ത്രി അറിയിച്ചു.

വടക്കന്‍ പറവൂരില്‍ മാനേജ്മെന്റ് സ്കൂള്‍, കൊച്ചി സഹകരണ മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് നഴ്സിങ് -ഫാര്‍മസി -ഡെന്റല്‍ കോളജുകള്‍, സ്കൂള്‍ ഓഫ് പാരമെഡിക്ക ല്‍ സയന്‍സ് തുടങ്ങിയവ ആരംഭിക്കാനുള്ള നടപടിയായി.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്, തൃക്കരിപ്പൂരില്‍ കണ്‍സ്യൂമര്‍ഫെഡ്, പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ എം.ബി. എ. കോഴ്സ് തുടങ്ങാനും പ്രാരംഭ നടപടിയായും മന്ത്രി അറിയിച്ചു.

നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.സി.എ. കോഴ്സും സഹകരണ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടും അടുത്ത വര്‍ഷമാരംഭിക്കും. ഇതിനു പുറമെ ഒട്ടേറെ സഹകരണ സംഘങ്ങളും ബാങ്കുകളും കോളജുകള്‍ തുടങ്ങാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ മണ്‍വിളയിലാരംഭിച്ച സീമാറ്റ്, എറണാകുളത്തെ റൂറല്‍ അക്കാദമി ഫോര്‍ മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം എം.ബി.എ. കോഴ്സ് ആരംഭിക്കും.

സഹകരണ മേഖലയിലെ പ്രഫഷണല്‍ കോളജുകളുടെ സുഗമമായ നടത്തിപ്പിന് പ്രതിവര്‍ഷം 11 കോടി രൂപ ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അഞ്ചു കോടിയില്‍പ്പരം രൂപ മാത്രമാണ് ഫീസിനത്തില്‍ ലഭിക്കുന്നത്. സ്വകാര്യ കോളജുകള്‍ക്ക് 20 മുതല്‍ 30 വരെ കോടി രൂപ ഫീസിനത്തില്‍ കിട്ടുന്നുണ്ട്. സഹകരണ കോളജുകള്‍ നടത്തിക്കൊണ്ടു പോകാനുള്ള സാഹചര്യമുണ്ടാവണമെന്നു തന്നെയാണ് അഭിപ്രായമെന്നും കെ.സി.ജോസഫ്, കെ.വി.തോമസ്, കെ.ബാബു, ജി.കാര്‍ത്തികേയന്‍, കെ.ശിവദാസന്‍ നായര്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

6. തിരുവനന്തപുരത്ത് ബഞ്ച് പ്രായോഗികമല്ല: ചീഫ് ജസ്റ്റീസ്
കൊച്ചി: തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് പ്രായോഗികമല്ലെന്ന് ചീഫ് ജസ്റ്റിസ്. ഇക്കാര്യത്തില്‍ മുമ്പുണ്ടായ ഫുള്‍കോര്‍ട്ട് തീരുമാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം.

നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയും ഹൈക്കോടതിയും ചേര്‍ന്ന് ന്യായാധിപന്മാര്‍ക്ക് 29 മുതല്‍ മാര്‍ച്ച് രണ്ടു വരെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. സമയോചിത നീതി സങ്കേതങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വര്‍ക്ക്ഷോപ്പ് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് 29-ന് രാവിലെ ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു പത്രസമ്മേളനത്തില്‍ അറി യിച്ചു.

മാര്‍ച്ച് ഒന്നിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പ്രത്യേക സമ്മേളനത്തില്‍ സുപ്രീം കോടതി ജഡ്ജിമാരായ എസ്.ബി. സിന്‍ഹ, ആര്‍.വി. രവീന്ദ്രന്‍, നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ ഡോ. മോഹന്‍ ഗോപ ാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

7. ഇന്റര്‍നെറ്റിലൂടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
അടൂര്‍: ഇന്റര്‍നെറ്റിലൂടെ ബാങ്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി സരിന്‍ വില്ലയില്‍ സമിനെ (29)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

വിവിധ ബാങ്കുകളില്‍ നിന്നായി 12 ലക്ഷം രൂപ ലോണ്‍ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പത്തുതവണയായി 2.5 ലക്ഷം രൂപ തട്ടിയെടുത്തതായി അടൂര്‍ കണ്ണങ്കോട് ബാവ മന്‍സിലില്‍ അബ്ദുള്‍ സലാം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ലോണ്‍ ശരിയാക്കാമെന്നു പറഞ്ഞ് ഇന്റര്‍നെറ്റുവഴി സന്ദേശം നല്‍കിയ സമിനുമായി അബ്ദുള്‍ സലാം ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പ് അരങ്ങേറിയത്.

തട്ടിപ്പിനിരയായ അബ്ദുള്‍ സലാം കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂരില്‍ നിന്നും അടൂര്‍ എസ്ഐ രാജപ്പന്റെ നേതൃത്വത്തില്‍ സമിനെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ സമിനെ റിമാന്‍ഡു ചെയ്തു. കേസിന്റെ തുടരന്വേഷണം എ.എസ്പി പി. പ്രകാശിനെ ഏല്‍പിച്ചു.

8. വരുമാനത്തില്‍ 68% ചെലവാക്കുന്നത് ശമ്പളവും പെന്‍ഷനും നല്‍കാന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ 68 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെന്‍ഷനും പലിശയും നല്‍കാന്‍. 2007 മാര്‍ച്ച് 31 വരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. മുന്‍വര്‍ഷത്തെ അ പേ ക്ഷിച്ച് 13-ല്‍നിന്ന് 19 ശതമാനമായി റവന്യൂ ചെലവ് വര്‍ധിച്ചു.

പദ്ധതികള്‍ക്കായുള്ള ചെലവ് മൊത്തം വരുമാനത്തിന്റെ 16 ശതമാനം മാത്രമാണ്. റവന്യൂ വരുമാനത്തിന്റെ 2.9 ഇരട്ടിയാണ് സാമ്പത്തിക ബാധ്യതകള്‍. 2006-07 സാമ്പത്തികവര്‍ഷം ബജറ്റ് വിഹിതമായുണ്ടായിരുന്നത് 38,764.55 കോടി രൂപയാണ്. ഇതില്‍ 29,948.50 കോടി രൂപ ചെലവായി.

സംസ്ഥാനത്തെ 114 പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ച് ഭരണഘടനാപരമായ അധികാരമുള്ള സ്ഥാപനങ്ങളൊഴിച്ച് ബാക്കിയുള്ള 109 ല്‍ 25 എണ്ണം പ്രവര്‍ത്തിക്കുന്നില്ല.പൊതുമരാമത്ത് വകുപ്പ്, ജല സേചനം, തുറമുഖവകുപ്പ് എ ന്നിവയു ടെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയില്ലായ്മയും ക്രമക്കേടും വ്യാപകമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

9. കാര്‍ഷിക വായ്പയെ ചൊല്ലി ബഹളം: ലോക്സഭ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ക്ക് ഇളവു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ബഹളത്തെത്തുടര്‍ന്നു ലോക്സഭ നിര്‍ത്തിവച്ചു.

പ്രതിപക്ഷവും മൂന്നാം മുന്നണിയുമായിരുന്നു ബഹളത്തിനു മുന്നില്‍. രാവിലെ സഭ സമ്മേളിച്ചയുടന്‍ ബഹളം തുടങ്ങിയതോടെ ഇരു സഭകളും ഒരു മണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു.

പുതിയ മൂന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ എന്‍.ഡി.എ, സമാജ്വാദി പാര്‍ട്ടി, തെലുഗുദേശം അംഗങ്ങള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടിയംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയും ബഹളമുണ്ടാക്കി.

സ്വീഡനില്‍ നിന്നുള്ള പാര്‍ലമെന്റ് പ്രതിനിധിസംഘം സന്ദര്‍ശകരായുള്ളതിനാല്‍ ശാന്തത പാലിക്കണമെന്നു സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല.

രാജ്യസഭയില്‍ ചോദ്യോത്തരവേള തുടങ്ങിയതോടെയാണു ബഹളവും തുടങ്ങിയത്. ബഹളം നിയന്ത്രിക്കാനാവാതെ വന്നതോടെ സഭ ഉച്ചയ്ക്കു 12 വരെ നിര്‍ത്തിവച്ചു. ഉച്ചയ്ക്കു ശേഷവും ബഹളം തുടര്‍ന്നതോടെയാണു ലോക്സഭ ഇന്നലത്തേക്കു പിരിയുകയാണെന്നു സ്പീക്കര്‍ പ്രഖ്യാപിച്ചത്.

1. വിലക്കയറ്റത്തില്‍ മൌനം; ‘സെസി’ല്‍ വാചാലം
ന്യൂദല്‍ഹി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാഗ്ദാനം പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റം, കാര്‍ഷിക മേഖലാ പ്രതിസന്ധി തുടങ്ങിയ ഗുരുതര പ്രശ്നങ്ങളില്‍ ക്രിയാത്മക പദ്ധതികളൊന്നുമില്ല. സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടിയുടെ മാര്‍ഗരേഖയായ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ സാധാരണക്കാരന്റെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുമെന്ന് പറയുന്നതിനപ്പുറം, പദ്ധതികള്‍ വിരളം.

രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് പ്രതിഭാ പാട്ടീല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പത്തെ അവസാനത്തെ ബജറ്റ് സമ്മേളനമെന്ന നിലക്ക് ഏറെ പ്രാധാന്യം ഈ സമ്മേളനത്തിന് ഉണ്ടെങ്കിലും, രാഷ്ട്രപതിയുടെ പ്രസംഗത്തിലൂടെ കാര്യമായ പുതിയ നയപരിപാടികള്‍ കേന്ദ്രം മുന്നോട്ടു വെച്ചിട്ടില്ല. കൂടുതല്‍ സ്വകാര്യവത്കരണത്തിലേക്കുള്ള സര്‍ക്കാറിന്റെ 11ാം പദ്ധതി നീക്കങ്ങള്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം വ്യക്തത നല്‍കുന്നു.
വിലക്കയറ്റം നിയന്ത്രിക്കുകയും പുരോഗതി നിലനിര്‍ത്തുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന പ്രസംഗം, രണ്ടു കൊല്ലത്തിനുള്ളില്‍ എണ്ണ വില ഇരട്ടിയായിട്ടും ആഭ്യന്തര തലത്തില്‍ പ്രത്യാഘാതം പരിമിതപ്പെടുത്തി നിര്‍ത്താന്‍ കഴിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്ത് പെട്രോളിയം ഉല്‍പന്ന വിലവര്‍ധനയെ ന്യായീകരിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം വഴി, സാമ്പത്തിക വളര്‍ച്ചക്ക് വേഗം കൂട്ടാന്‍ സാധിച്ചു. തുടര്‍ച്ചയായി നാലുകൊല്ലം ഒമ്പതു ശതമാനത്തിനടുത്ത് വളര്‍ച്ച നിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞു. മൂന്നുകൊല്ലം കൊണ്ട് കാര്‍ഷിക വായ്പ ഇരട്ടിയും കടന്നു.

പ്രത്യേക സാമ്പത്തിക മേഖലകള്‍ വഴി ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും അതിന്റെ ഇരട്ടി പരോക്ഷമായും തൊഴില്‍ നല്‍കി. സെസ് വഴി 50,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചു. ഇക്കൊല്ലം സെസില്‍ നിന്ന് 67,000 കോടിയുടെ കയറ്റുമതി പ്രതീക്ഷിക്കുന്നു. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞകൊല്ലം ലാഭത്തില്‍ 17 ശതമാനം വര്‍ധനയുണ്ടാക്കിയെന്നും രാഷ്ട്രപതിയുടെ പ്രസംഗം ചൂണ്ടിക്കാട്ടി.

2. ബജറ്റില്‍ കാര്‍ഷിക_ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കാര്‍ഷിക^ഗ്രാമീണമേഖലകള്‍ക്ക് ഊന്നല്‍ നല്‍കും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രയോജനം കഴിയുന്നത്ര ലഭ്യമാക്കുന്നവിധത്തിലായിരിക്കും ഇക്കുറി ബജറ്റ് തയാറാക്കുക. നടപ്പുവര്‍ഷം ബജറ്റിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇക്കുറി കൂടുതല്‍ പ്രായോഗികമാക്കാനുള്ള നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പലതും സംസ്ഥാന സര്‍ക്കാറിന് ഇതുവരെ വേണ്ടവിധം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫണ്ടിന്റെ അപര്യാപ്തതമൂലം ഒരു പദ്ധതിയും വേണ്ടവിധത്തില്‍ പൂര്‍ത്തിയാക്കിയതുമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളോട് സംസ്ഥാന സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥര്‍ താല്‍പര്യം കാട്ടാത്തതും സംസ്ഥാനത്തിന് കോടികളുടെ നഷ്ടത്തിനിടയാക്കി. അതിനിടയില്‍ സംസ്ഥാനതലത്തില്‍ പദ്ധതിഇതര ചെലവുകള്‍ റവന്യു വരുമാനത്തേക്കാള്‍ വര്‍ധിപ്പിച്ചത് വരുമാനപ്രതിസന്ധിയുമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര പദ്ധതികളുടെ പ്രയോജനം പൂര്‍ണമായും ലഭ്യമാക്കത്തക്കവിധം ബജറ്റ് തയാറാക്കാന്‍ ധനകാര്യവകുപ്പ് ഒരുങ്ങുന്നത്. കാര്‍ഷികമേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്കായി 40,000 കോടിയുടെ പദ്ധതികള്‍ ഇക്കുറി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് സംസ്ഥാന ധനകാര്യവകുപ്പിന് ലഭിച്ച സൂചന. ഇതില്‍ 25,000 കോടിയും സംസ്ഥാന സര്‍ക്കാറുകള്‍ വഴി ചെലവഴിക്കും. ഇതിനുപുറമെ കര്‍ഷകകടബാധ്യത എഴുതിത്തള്ളുന്നതിന് 60,000 കോടിയോളം രൂപ ചില സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതില്‍ മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഗ്രാമീണ^കാര്‍ഷിക മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഗ്രാമീണമേഖലയില്‍ നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ പേരില്‍ 10,000 കോടിയുടെ പുതിയ പദ്ധതി വരുന്നുണ്ട്. ഗ്രാമവാര്‍ഡുകള്‍തോറും ഇതിന്റെ പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധിയും നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.

കേന്ദ്രാവിഷ്കൃതപദ്ധതികള്‍ നടപ്പാക്കുന്നതിനുപകരം വിദേശ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് വന്‍ വായ്പകള്‍ സ്വീകരിക്കുന്നരീതിയാണ് കുറെ കാലമായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. കേന്ദ്ര പദ്ധതികള്‍ക്ക് നല്‍കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ലെങ്കിലും അതില്‍ നിന്ന് പ്രത്യേക കമീഷനുകളൊന്നുമില്ലെന്നത് അധികൃതതലത്തില്‍ താല്‍പര്യം കുറച്ചിരുന്നുവത്രെ. വിദേശവായ്പയില്‍ വന്‍ തുക കമീഷനായി ഉദ്യോഗസ്ഥ തലത്തിലും അല്ലാതെയും ലഭിക്കുമെന്നത് വായ്പയോട് ആഭിമുഖ്യം വര്‍ധിപ്പിച്ചു. ഇങ്ങനെ വായ്പ വാങ്ങി തുടങ്ങിയ പദ്ധതികള്‍ എങ്ങുമെത്താതെ വന്‍ ബാധ്യതയായി, സംസ്ഥാന പുരോഗതിയെ വഴിമുടക്കുകയാണ് ചെയ്തുവന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷമടക്കം ആയിരക്കണക്കിന് കോടിരൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കാതെ സര്‍ക്കാറിന് നഷ്ടപ്പെടുകയാണുണ്ടായത്.

നടപ്പുവര്‍ഷം സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ചത്. ചില പദ്ധതികളില്‍ ലഭിച്ച കേന്ദ്രസഹായമില്ലാതിരുന്നുവെങ്കില്‍ പലതവണ ഖജനാവ് പൂട്ടേണ്ട അവസ്ഥയുണ്ടാകുമായിരുന്നു. അതിനുപുറമെ സംസ്ഥാനതലത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ 50 ശതമാനത്തോളവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മേഖലയില്‍ നടപ്പാക്കുന്ന ജനകീയാസൂത്രണത്തില്‍ 25 ശതമാനത്തോളവും മാത്രമേ നടപ്പാക്കാന്‍ കഴിഞ്ഞുള്ളൂ. വികസനപ്രവര്‍ത്തനം അതിന്റെ പാരമ്യതയില്‍ എത്തേണ്ട ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഫണ്ട് അനുവദിക്കാതെയും അല്ലാതെയും പദ്ധതി പ്രവര്‍ത്തനം ഉഴപ്പുന്നരീതി സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചത് സാമ്പത്തികബുദ്ധിമുട്ട് കണക്കിലെടുത്താണ്. ചെക്പോസ്റ്റുകളിലും മറ്റും കൊണ്ടുവന്ന നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും ബജറ്റില്‍ വിഭാവനംചെയ്ത വിഭവസമാഹരണവുമൊന്നും വിജയിച്ചില്ല.

റവന്യു വരുമാനത്തിന്റെ വളര്‍ച്ചാനിരക്ക് 25 ശതമാനം പ്രതീക്ഷിച്ചിടത്ത് എട്ട് ശതമാനം പോലുമെത്തിയിട്ടില്ലെന്നാണ് ധനകാര്യവകുപ്പിന് ലഭിച്ച പ്രാഥമിക വിവരം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് അനുഗുണമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

3. 40 വര്‍ഷം തികച്ച പ്രവാസികള്‍ക്ക് സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ നിര്‍ദേശം
കുവൈത്ത് സിറ്റി: നാല്‍പത് വര്‍ഷം കുവൈത്തില്‍ താമസിച്ച പ്രവാസികള്‍ക്ക് സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് നല്‍കണമെന്ന് നിര്‍ദേശം. ഇസ്ലാമിസ്റ്റ് എം.പി വലീദ് തബ്തബാഇയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രമേയം തയാറാക്കിയിട്ടുണ്ടെന്നും അടുത്ത പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും വലീദ് തബ്തബാഇ വെളിപ്പെടുത്തി.

നിലവില്‍ കുവൈത്തി ഉടമസ്ഥതയിലുള്ള ഏതെങ്കിലും കമ്പനിയുടെയോ മന്ത്രാലയത്തിന്റെയോ അല്ലെങ്കില്‍ സ്വദേശി വ്യക്തികളുടെയോ സ്പോണ്‍സര്‍ഷിപ്പിലാണ് വിദേശികള്‍ കുവൈത്തില്‍ കഴിയുന്നത്.

ഇങ്ങനെ നാല്‍പത് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് സ്വന്തം സ്പോണ്‍സര്‍ എന്ന നിലയില്‍ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അനുമതി നല്‍കണമെന്ന നിര്‍ദേശമാണ് തബ്തബാഇ മുന്നോട്ടുവെക്കുന്നത്.

നീണ്ടകാലം രാജ്യത്തെ സേവിച്ചതിനുള്ള അംഗീകാരമായാണ് താന്‍ ഇക്കാര്യം നിര്‍ദേശിക്കുന്നതെന്ന് തബ്തബാഇ പറഞ്ഞു. അതേസമയം, കുവൈത്തിലെ ജീവിതത്തിനടിയില്‍ ക്രിമിനല്‍കേസുകളില്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവര്‍ക്ക് ഈ ആനുകൂല്യം നല്‍കരുതെന്നും തബ്തബാഇയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

40 വര്‍ഷം പൂര്‍ത്തിയാക്കി വിദേശികള്‍ക്ക് സ്വദേശികള്‍ക്ക് ലഭിക്കുന്നതിന് സമാനമായ സൌജന്യ ചികില്‍സയും നിയന്ത്രണമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എം.പിയുടെ നിര്‍ദേശം പാര്‍ലമെന്റും മന്ത്രിസഭയും പാസാക്കുകയും അമീര്‍ അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ നടപ്പാവുകയുള്ളൂ.

1. തിരുവനന്തപുരം സ്റ്റേഷനും ലോക നിലവാരത്തിലേക്ക്
ന്യൂഡല്‍ഹി: ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്ന 23 റയില്‍വേ സ്റ്റേഷനുകളില്‍ തിരുവനന്തപുരവും ഉള്‍പ്പെടും. ഷോപ്പിങ് മാള്‍, തിയറ്റര്‍, കഫേ എന്നിവയെല്ലാം ഉള്‍പ്പെട്ട വിനോദ – വിജ്ഞാന – വ്യാപാര കേന്ദ്രങ്ങള്‍ സ്റ്റേഷനിലുണ്ടാവും.

പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളെല്ലാം ആധുനിക സൌകര്യങ്ങളോടെ വികസിപ്പിക്കാനുള്ള പദ്ധതിയാണു റയില്‍വേ തയാറാക്കിയിരിക്കുന്നത്. 25,000 കോടി രൂപ ലാഭമുണ്ടാക്കിയ റയില്‍വേയുടെ നീക്കിയിരിപ്പു തുക വിനിയോഗിക്കുന്നതിനു പകരം ആധുനികവല്‍ക്കരണത്തിനു സ്വകാര്യ മേഖലയെ ആശ്രയിക്കാനാണ് പദ്ധതി.

2. തമിഴ്നാട് നേടിയത് മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി
ചെന്നൈ: പത്തു പുതിയ ട്രെയിനുകളും ഒട്ടേറെ പദ്ധതികളുമായി തമിഴ്നാടിന്റെ റയില്‍വേ ഗോഡൌണ്‍ നിറഞ്ഞു. കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവ് അവതരിപ്പിച്ച റയില്‍വേ ബജറ്റില്‍ തമിഴ്നാടിനു നേട്ടമേറെ. യശ്വന്ത്പുര – പുതുച്ചേരി ഗരീബ് രഥ് ഉള്‍പ്പെടെ 10 പുതിയ ട്രെയിനുകളാണ് അനുവദിച്ചത്. കഴിഞ്ഞ ബജറ്റില്‍ അഞ്ചു ട്രെയിനുകളായിരുന്നു അനുവദിച്ചിരുന്നത്. ഇത്തവണ തമിഴ്നാട്ടിലൂടെ ഒാടുന്ന അഞ്ചു ട്രെയിനുകളുടെ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചതിനു പുറമെ, ഒന്‍പതു പുതിയ റയില്‍വേ ലൈനുകളും അനുവദിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മുഴുവന്‍ മീറ്റര്‍ ഗേജ് പാതകളും ബ്രോഡ്ഗേജ് പാതയാക്കും.

രാജ്യത്തെ മൂന്നു ലോക്കോ വര്‍ക്ഷോപ്പുകളുടെ നവീകരണത്തിനായി അനുവദിച്ച 200 കോടി രൂപയുടെ വിഹിതം പെരമ്പൂര്‍ ലോക്കോ വര്‍ക്ഷോപ്പിനും ലഭിക്കും. എന്നൂര്‍ താപവൈദ്യുതി നിലയത്തിലേക്കു പുതിയ ലൈനും അനുവദിച്ചിട്ടുണ്ട്. കൂടാതെ പുതുതായി അനുവദിച്ച യശ്വന്ത്പുര – ജോധ്പൂര്‍ എക്സ്പ്രസ് തമിഴ്നാട് വഴിയാണു കടന്നു പോകുന്നത്. ചെന്നൈ- ബാംഗൂര്‍ എക്സ്പ്രസ് സത്യസായി ബാബയുടെ ആസ്ഥാനമായ പ്രശാന്തി നിലയം വരെ ദീര്‍ഘിപ്പിച്ചു.

നാഗപട്ടണം – വേളാങ്കണ്ണി, തിരുച്ചിറപ്പള്ളി – മാനാമധുര, തിരുച്ചിറപ്പള്ളി – നാഗൂര്‍ – കരൈയ്ക്കല്‍, ഇൌറോഡ് – പളനി, ചെന്നൈ – കടലൂര്‍ – പുതുച്ചേരി, സേലം – കടലൂര്‍, തിരുവണ്ണാമലൈ – വില്ലുപുരം എന്നിവ പുതിയ ലൈനുകളില്‍ ഉള്‍പ്പെടുന്നു. കാരൈക്കുടി – രാമനാഥപുരം, തൂത്തുക്കുടി – കന്യാകുമാരി, പെരമ്പല്ലൂര്‍ വഴി ചിദംബരം – ആറ്റൂര്‍, തഞ്ചാവൂര്‍ – അരിയല്ലൂര്‍ എന്നീ ലൈനുകളുടെ സര്‍വേയ്ക്കു തുകയും അനുവദിച്ചിട്ടുണ്ട്.

3. ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ഏപ്രിലില്‍
ന്യൂഡല്‍ഹി: ആറാം ശമ്പള കമ്മിഷന്‍ ഏപ്രില്‍ നാലോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ധനസഹമന്ത്രി പി.കെ. ബന്‍സാല്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. രൂപീകരിച്ച സമയംമുതല്‍ 18 മാസത്തിനകമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഏപ്രില്‍ നാലിന് ആ സമയം തീരും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ അതു നടപ്പാക്കുന്നതിനെപ്പറ്റി ഇപ്പോള്‍ പറയാനാവില്ലെന്നും മന്ത്രി അറിയിച്ചു.

4. പുതിയ ട്രെയിനുകള്‍ ജോലിഭാരം വീണ്ടും കൂട്ടും: ഡ്രൈവര്‍മാര്‍
ബാംഗ്ലൂര്‍: ജോലിഭാരം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും റയില്‍വേ ബജറ്റില്‍ ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ മേഖലാ സെക്രട്ടറി സി.സുനീഷ് അഭിപ്രായപ്പെട്ടു. എന്‍ജിന്‍ ഡ്രൈവര്‍മാര്‍ അടക്കമുള്ള സുരക്ഷാ വിഭാഗത്തിലെ 30% തസ്തികയും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പുതിയ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നത് നിലവിലുള്ള ജീവനക്കാരില്‍ അധികജോലിഭാരം അടിച്ചേല്‍പ്പിക്കും. ജോലിഭാരത്തിനെതിരെ എന്‍ജിന്‍ ഡ്രൈവര്‍മാര്‍ ഇൌയിടെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

എട്ടു മണിക്കൂര്‍ ജോലിയും ആഴ്ചയില്‍ ഒരു അവധിയും ഡ്രൈവര്‍മാര്‍ക്ക് സ്വപ്നമായി അവശേഷിക്കുകയാണെന്നും ലാലുവിന്റെ മാജിക്ക് ബജറ്റ് കോടികള്‍ ലാഭമുണ്ടാക്കാനുള്ള കച്ചവടതന്ത്രം മാത്രമാണെന്നും സുനീഷ് കുറ്റപ്പെടുത്തി. ആറാം ശമ്പള കമ്മിഷനുവേണ്ടിയുള്ള ആനുപാതിക തുക ബജറ്റില്‍ നീക്കി വച്ചിട്ടില്ലെന്നും ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന ബജറ്റാണിതെന്നും ഇന്ത്യന്‍ റയില്‍വേ ടെക്നിക്കല്‍ സൂപ്പര്‍വൈസേഴ്സ് യൂണിയന്‍ സെന്‍ട്രല്‍ പ്രസിഡന്റ് എം.ഷണ്‍മുഖം ചെന്നൈയില്‍ ആരോപിച്ചു. ഇക്കാര്യം റയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും നടപടികളുണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

5. ഉല്‍പാദനച്ചെലവിലെ വര്‍ധന: റബര്‍ ബാന്‍ഡ് ഉല്‍പാദനം നിര്‍ത്തിവയ്ക്കുന്നു
കോട്ടയം: അസംസ്കൃത പദാര്‍ഥങ്ങളുടെ ക്രമാതീതമായ വില വര്‍ധനയും ഉല്‍പാദനച്ചെലവിലെ വര്‍ധനയും വിപണിയിലെ വിലത്തകര്‍ച്ചയുംമൂലം കേരളത്തിലെ റബര്‍ ബാന്‍ഡ് വ്യവസായം പ്രതിസന്ധിയിലേക്കു നീങ്ങുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന റബര്‍ ബാന്‍ഡ് വ്യവസായം വില്‍പന നികുതിയുടെ ഘടനയിലുണ്ടായ മാറ്റങ്ങള്‍മൂലം അന്യസംസ്ഥാനങ്ങളിലേക്കു പോകുകയാണ്.

ഉല്‍പാദനച്ചെലവിന് അനുസരിച്ചുള്ള ലാഭം റബര്‍ ബാന്‍ഡ് വില്‍പനയിലൂടെ ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണമെന്ന് ഒാള്‍ കേരള റബര്‍ ബാന്‍ഡ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണു വന്‍തോതില്‍ റബര്‍ ബാന്‍ഡിന്റെ വിപണനം നടക്കുന്നത്. റബര്‍ ബാന്‍ഡിന്റെ വില നിയന്ത്രിക്കുന്നത് അവിടത്തെ വന്‍കിട വ്യാപാരികളാണ്.

മുന്‍കാലങ്ങളില്‍ കേരളത്തില്‍ ഉടനീളം റബര്‍ ബാന്‍ഡ് നിര്‍മാണ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും സാമ്പത്തികത്തകര്‍ച്ചമൂലം ഇതില്‍ ഒട്ടുമിക്കതും ഇന്ന് അടഞ്ഞു കിടക്കുകയാണ്. റബര്‍ ബാന്‍ഡ് നിര്‍മാണ കമ്പനികള്‍ ആരംഭിക്കാന്‍ ബാങ്കുകളില്‍നിന്നു ലഭിച്ച ലോണ്‍, നിര്‍മാണ മേഖലയില്‍ ഉണ്ടായ സാമ്പത്തിക നഷ്ടംമൂലം അടച്ചുതീര്‍ക്കാനാവാത്തത് ഇവരെ കടക്കെണിയിലേക്കു തള്ളിയിട്ടിരിക്കുകയാണ്.

റബര്‍ ബാന്‍ഡ് നിര്‍മാണ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക നഷ്ടംമൂലം മാര്‍ച്ച് ഒന്നു മുതല്‍ റബര്‍ ബാന്‍ഡ് ഉല്‍പാദനവും വിപണനവും അനിശ്ചിത കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. വ്യവസായത്തിന്റെ നിലനില്‍പിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകണമെന്നു പ്രസിഡന്റ് ജയിംസ് ഉമ്മന്‍ വേങ്കടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w