പത്രവാര്‍ത്തകള്‍ 26-02-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. തൊഴിലുറപ്പ് പദ്ധതി ജില്ല തോറും
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ജില്ലയിലും നടപ്പാക്കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. കാര്‍ഷികകടം സംബന്ധിച്ച് പ്രൊഫ. ആര്‍ രാധാകൃഷ്ണന്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിച്ച് ഉടന്‍ കടാശ്വാസ പദ്ധതി തയ്യാറാക്കുമെന്നും പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് ഇരുസഭയുടെയും സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും അഴിമതി തടയാനും നടപടി സ്വീകരിക്കും.

അമേരിക്കയുമായുള്ള ആണവ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്റിന്റെ പ്രതീക്ഷ. അമേരിക്കയുമായുള്ള സഹകരണം വിശാലമാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടു. പരസ്പര സഹകരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന് പതിനൊന്നാം പദ്ധതിയില്‍ പ്രാധാന്യം നല്‍കും. എട്ട് ഐഐടികള്‍, ഇരുപത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി), ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), രണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍), 30 കേന്ദ്ര സര്‍വകലാശാലകള്‍, ഗുണനിലവാരമുള്ള സെക്കന്‍ഡറി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു ബ്ളോക്കില്‍ ഒന്നുവീതം ആറായിരം പുതിയ മോഡല്‍ സ്കൂളുകള്‍ എന്നിവ സ്ഥാപിക്കും.

ദേശീയ ഹൌസിങ് ഹാബിറ്റാറ്റ് നയം കൊണ്ടുവന്ന് കുറഞ്ഞ ചെലവില്‍ ഭവനനിര്‍മാണം യാഥാര്‍ഥ്യമാക്കും.

ഒന്‍പത് സംസ്ഥാനങ്ങളില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള ഒന്‍പത് അള്‍ട്രാ മെഗാപവര്‍ പ്രോജക്ടുകള്‍ സ്ഥാപിക്കും. ഇതിനുള്ള സ്ഥലം കണ്ടെത്തി.

വന്‍ നഗരങ്ങളിലെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും 22 റെയില്‍വെ സ്റ്റേഷനുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നവീകരിക്കും. ദേശീയപാത നവീകരണത്തിന് കൂടുതല്‍ തുക നീക്കിവയ്ക്കും. ആയിരം കിലോമീറ്റര്‍ എക്സ്പ്രസ് പാത നിര്‍മിക്കും.

കഴിഞ്ഞ നാലു വര്‍ഷത്തില്‍ തുടര്‍ച്ചയായി ഒന്‍പത് ശതമാനത്തിനടുത്ത് വളര്‍ച്ചനിരക്ക് നേടിയ സാഹചര്യത്തില്‍ വരുംവര്‍ഷങ്ങളിലും ഇത് നിലനിര്‍ത്താന്‍ കഴിയും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 17 ശതമാനം ലാഭം നേടി.

കൃഷി, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നീ മേഖലയ്ക്കായി പതിനൊന്നാം പദ്ധതിയില്‍ 138548 കോടി രൂപ നീക്കിവച്ചു. പത്താം പദ്ധതിയില്‍ ഇത് 46131 കോടി ആയിരുന്നു. ഭക്ഷ്യസംസ്കരണ മേഖലയില്‍ മൂന്നിരട്ടി മുതല്‍മുടക്കും. 30 മെഗാ ഫുഡ്പാര്‍ക്കുകള്‍ സ്ഥാപിക്കും.

പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സൌകര്യം മെച്ചപ്പെടുത്താന്‍ കൂടുതല്‍ തുക നീക്കിവയ്ക്കും. 900 കോടി രൂപ 30 ലക്ഷം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും 225 കോടി രൂപ 10 ലക്ഷം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കാനായി നീക്കിവയ്ക്കും. മധ്യപ്രദേശിലെ അമരകണ്ടകത്ത് ഇന്ദിരാഗാന്ധി ദേശീയ ഗിരിവര്‍ഗ സര്‍വകലാശാല സ്ഥാപിക്കും.

പതിനൊന്നാം പദ്ധതിക്കാലത്ത് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിനായി 800 കോടി രൂപ നീക്കിവയ്ക്കും. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ക്കായി 3300 കോടിയും നല്‍കും. 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ വികസനത്തിന് 3780 കോടി രൂപ നീക്കിവയ്ക്കും. വായ്പകള്‍ നല്‍കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള മുന്‍ഗണന ഒന്‍പത് ശതമാനത്തില്‍നിന്ന് 15 ശതമാനമായി വര്‍ധിക്കും.

ഭൂമി, വീട് എന്നിവയില്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്താന്‍ കേന്ദ്രനിയമം നിര്‍മിക്കും. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിക്കുന്ന നിയമം (1986), സ്ത്രീധനനിരോധന നിയമം (1961), ഗര്‍ഭഛിദ്ര നിരോധനനിയമം (1971) എന്നിവ ഭേദഗതി ചെയ്യും.

നയപ്രഖ്യാപനം വസ്തുതകള്‍ക്ക്    നിരക്കാത്തത്: സിപിഐ എം
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ നടത്തിയ യുപിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന അവകാശവാദങ്ങളെല്ലാംതന്നെ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളര്‍ച്ച, കാര്‍ഷികരംഗത്തെ നേട്ടങ്ങള്‍, അമേരിക്കന്‍ സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ ബാധിച്ചില്ലെന്ന അവകാശപ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാംയെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. ദരിദ്രര്‍ക്ക് അനുകൂലമായി ബജറ്റില്‍ പ്രഖ്യാപനങ്ങളില്ലെങ്കില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളര്‍ച്ചയെന്നത് മരീചികയായി മാറും. കൃഷിക്ക് പ്രാമുഖ്യം നല്‍കുമെന്നും കൂടുതല്‍ തുക ചെലവഴിക്കുമെന്നും പറയുന്നു. എന്നാല്‍, കാര്‍ഷികപ്രതിസന്ധി രൂക്ഷമാവുകയും കര്‍ഷകആത്മഹത്യ വര്‍ധിക്കുകയും ചെയ്തിരിക്കയാണ്. ഗ്രാമീണബാങ്കിങ് സംവിധാനം ശക്തിപ്പെടുത്തുക, നാല് ശതമാനം വായ്പയ്ക്ക് കാര്‍ഷികവായ്പ അനുവദിക്കുക എന്നിങ്ങനെ വിവിധ പരിഹാരമാര്‍ഗങ്ങള്‍ ഇടതുപക്ഷം നിര്‍ദേശിച്ചിരുന്നു. ഇത്തരം നടപടികള്‍ സ്വീകരിക്കാതെ പ്രതിസന്ധി മാറില്ല. നെല്ലിനും ഗോതമ്പിനും താങ്ങുവില വര്‍ധിപ്പിച്ചുവെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, താങ്ങുവിലയേക്കാള്‍ വളരെകൂടുതല്‍ പണംമുടക്കി വിദേശത്തുനിന്ന് ടണ്‍കണക്കിന് ഗോതമ്പ് സര്‍ക്കാര്‍ ഇറക്കുമതിചെയ്തിരുന്നു.

വിലക്കയറ്റത്തിന് പരിഹാരമൊന്നും നിര്‍ദേശിച്ചിട്ടില്ല. എല്ലാ ഭക്ഷ്യവസ്തുക്കളെയും ഊഹക്കച്ചവട വിപണിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ ഊഹക്കച്ചവട വിപണിയില്‍ വിദേശനിക്ഷേപം അനുവദിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കയാണ്. ഓര്‍ഡിനന്‍സിന് പകരമായി ബില്ല് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടതുപക്ഷം ഇതിനെ ശക്തമായി എതിര്‍ക്കും.

അമേരിക്കന്‍ സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ ബാധിച്ചില്ല എന്ന അവകാശവാദവും തെറ്റാണ്. രൂപയുടെ മൂല്യവര്‍ധന കയറ്റുമതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വനിതാസംവരണ ബില്ലിനെക്കുറിച്ച് പരാമര്‍ശമില്ല. അസംഘടിതതൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതിയെക്കുറിച്ചോ, കര്‍ഷകത്തൊഴിലാളികള്‍ക്കായുള്ള കേന്ദ്രനിയമത്തെക്കുറിച്ചോ നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല- യെച്ചൂരി പറഞ്ഞു.

2. ഒരു കോടിയുടെ പാമ്പുവിഷം പിടിച്ചു; 8പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: രണ്ടു ലിറ്റര്‍ പാമ്പുവിഷവുമായി എട്ടംഗസംഘത്തെ വനം വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. മാരകമായ രാജവെമ്പാല വിഷമാണെന്നാണ് സൂചന. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ഒരു കോടിയോളം രൂപ വിലമതിക്കും.

നെടുമ്പാശേരി വിമാനത്താവളത്തിനടുത്തു വച്ച് തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. തലശേരി കാവുംഭാഗം സ്വദേശി സുജീഷ് (28), ധര്‍മടം ബ്രണ്ണന്‍ കോളേജിന് സമീപം നന്ദനഭവനില്‍ രതീഷ് (30), വടക്കുംപാട്ട് കുറുനരിക്കണ്ടി വീട്ടില്‍ രഞ്ജിത്ത് (28), കൂത്തുപറമ്പ് ചിറനറ്റി പറമ്പ് കോളയാര്‍ ചൂളക്കണ്ടിയില്‍ സാജു (കണ്ണന്‍-27), കൊയിലാണ്ടി മുനാഫര്‍ വീട്ടില്‍ മുഹമ്മദ് (ഇമ്പിച്ചിക്കോയതങ്ങള്‍-70), തളിപറമ്പ് പടുവംകിറങ്ങര വീട്ടില്‍ ഹരിദാസ് (42), എറണാകുളം വല്ലാര്‍പാടം പനമ്പുകാട് കിഴക്കേപാടത്ത് മധു (42), മുളവുകാട് പൊന്നാരിമംഗലം റഷീദ് (60) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡുചെയ്തു. ഞായറാഴ്ച തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ നാടകീയമായി വലയിലാക്കിയിരുന്നു.

ഇക്കഴിഞ്ഞ പുതുവര്‍ഷദിനത്തില്‍ ആറര ലക്ഷം രൂപയുടെ പാമ്പുവിഷവുമായി മൂന്നുപേരെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് തൃഛംബരത്തെ മാത്യു (63), കുറ്റിക്കോലിലെ സോമന്‍(49), കെ നാരായണന്‍ (51) എന്നിവരാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള പാമ്പുവിഷവുമായി പിടിയിലായത്. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അനേഷണത്തില്‍ പിറ്റേന്ന് തിരുവനന്തപുരത്ത് അരലിറ്റര്‍ വിഷവുമായി കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് ഷാജിറും പിടിയിലായി.

മയക്കുമരുന്നു പോലെ കോടികള്‍ മറിയുന്ന അധോലോക ബിസിനസാണിന്ന് പാമ്പുവിഷം കടത്ത്.

3.  പട്ടയമില്ലാത്തവരെയും കിസാന്‍ശ്രീയില്‍ ഉള്‍പ്പെടുത്തും
തിരു: പട്ടയം ഇല്ലാത്തവരും കൈവശരേഖയുടെ അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നവരുമായിട്ടുള്ള കര്‍ഷകരുടെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഈ കര്‍ഷകരെക്കൂടി കിസാന്‍ശ്രീ പദ്ധതിയില്‍ അംഗങ്ങളാക്കാന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടതായി മന്ത്രി മുല്ലക്കര രത്നാകരന്‍ നിയമസഭയില്‍ പറഞ്ഞു.

പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും മലയോര മേഖലയിലെ കര്‍ഷകര്‍ ഇക്കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴും പട്ടയം ഇല്ലായെങ്കിലും കൈവശരേഖകളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു.

കിസാന്‍ശ്രീ പദ്ധതിയില്‍ അംഗങ്ങളാകാന്‍ കര്‍ഷകര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഗവണ്‍മെന്റ് എടുത്തിരുന്നു. ഓരോ കൃഷിഭവനിലും 500 കര്‍ഷകരെ വീതം അംഗങ്ങളായി ചേര്‍ക്കാനാണ് തീരുമാനിച്ചിരുന്നത്.

ഈ മാസംതന്നെ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കാനുള്ള പ്രീമിയം തുക മുഴുവനും നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. മാര്‍ച്ച് ഒന്നുമുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തൊട്ടാകെ കര്‍ഷകരില്‍നിന്ന് ഉണ്ടാകുന്ന വര്‍ധിച്ച പ്രതികരണംമൂലം ഇതിനകംതന്നെ അഞ്ചു ലക്ഷത്തിലധികം കര്‍ഷകര്‍ കിസാന്‍ശ്രീ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായി.

അഞ്ചു ലക്ഷത്തില്‍ അധികരിച്ച് അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍ക്കുകൂടി കിസാന്‍ശ്രീ പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്. അര്‍ഹനായ ഒരു കര്‍ഷകനുപോലും കിസാന്‍ശ്രീ പദ്ധതിയുടെ ഗുണഫലം ലഭ്യമാകാതെ വരരുത് എന്നതാണ് ഗവണ്‍മെന്റ് നയമെന്ന് മന്ത്രി പറഞ്ഞു. ഇ എസ് ബിജിമോളുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

4. 1, 3, 5, 7 ക്ളാസുകളില്‍ അടുത്തവര്‍ഷം പുതിയ പുസ്തകങ്ങള്‍
കൊച്ചി: അടുത്ത അധ്യയനവര്‍ഷംമുതല്‍ 1, 3, 5, 7 ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ചെയര്‍മാനായ കരിക്കുലം കമ്മിറ്റിയുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007ഉം അംഗീകരിച്ചു.

ഈ ക്ളാസുകളില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ പുതിയ പുസ്തകങ്ങള്‍ നല്‍കും. പുസ്തകഭാരം ലഘൂകരിക്കാന്‍ രണ്ടു ഭാഗമായി ഇവ വിതരണംചെയ്യും. കൌമാരവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കു നല്‍കുന്ന മാര്‍ഗരേഖാ പുസ്തകത്തിന് കരിക്കുലം കമ്മിറ്റി പ്രാഥമിക അംഗീകാരം നല്‍കി. മാധ്യമപ്രതിനിധികളുമായും സ്കൂള്‍ മാനേജ്മെന്റുമായും ചര്‍ച്ച നടത്തിയശേഷം ഇതിന് അന്തിമ അംഗീകാരം നല്‍കാനും മന്ത്രി എം എ ബേബി പങ്കെടുത്ത കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്ന നയത്തെ അടിസ്ഥാനമാക്കിയുള്ള പരിഷ്കരണമാണ് നടപ്പാക്കുന്നതെന്ന് യോഗത്തിനുശേഷം കരിക്കുലം കമ്മിറ്റി കണ്‍വീനറും എസ്സിഇആര്‍ടി ഡയറക്ടറുമായ എം എ ഖാദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റികളില്‍നിന്നും അക്കാദമിക് വിദഗ്ധരില്‍നിന്നും നിരന്തരചര്‍ച്ചകളിലുടെ അഭിപ്രായം സ്വരൂപിച്ചശേഷമാണ് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമ അംഗീകാരം നല്‍കിയത്. ഇത് നടപ്പാക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

1, 3, 5, 7 ക്ളാസുകളിലെ പാഠപുസ്തകം മാറുന്നതിന് അനുസൃതമായി തൊട്ടടുത്ത വര്‍ഷം ഇവക്കിടയിലുള്ള ക്ളാസുകളിലെ പുസ്തകങ്ങളും മാറും. മാറുന്ന പുസ്തകങ്ങളുടെ ഒന്നാം ഭാഗം മെയില്‍ തന്നെ സ്കൂളുകളിലെത്തിച്ച് ജൂണില്‍ വിതരണം ചെയ്യും. നിരന്തര മൂല്യനിര്‍ണയം നടത്തി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തും.

കരിക്കുലം രൂപരേഖയില്‍ പഠനസമയം, ഭാഷ എന്നിവ സംബന്ധിച്ചുണ്ടായിരുന്ന സംശയങ്ങളും ദൂരീകരിച്ചിട്ടുണ്ട്. ഭാഷാപഠനത്തിനുള്ള സമയം വെട്ടിക്കുറക്കില്ല. ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ഭാഷ പഠിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. ഓരോ ഓപ്ഷനിലും ഈ അവസരം ഉറപ്പുവരുത്തും. മറിച്ചുള്ള പ്രചാരണം ശരിയല്ല. ഒന്നാം ക്ളാസ്മുതല്‍ ഇംഗ്ളീഷ് പഠനത്തിന് അവസരം നല്‍കുന്ന ഇപ്പോഴത്തെ സംവിധാനം തുടരും. ഒരു പിരീഡ് ഒരു മണിക്കൂറായി നിജപ്പെടുത്താനും തീരുമാനിച്ചു.

കൌമാരവിദ്യാഭ്യാസപദ്ധതിയുടെ മാര്‍ഗരേഖയിലെ പ്രസക്ത ഭാഗങ്ങള്‍ എട്ടാം ക്ളാസിലെ ജീവശാസ്ത്രത്തില്‍ വലിയ വ്യത്യാസമില്ലാതെ പ്രതിപാദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളീയ സംസ്കാരത്തിനു വിധേയമായി ഭാഷയും പദങ്ങളും ഉപയോഗിക്കുന്നതിന് നിഷ്കര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എ ഡയറക്ടര്‍ ഡോ. ബി വിജയകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

5. വെബ്സൈറ്റായി; വിഎച്ച്എസ്ഇക്കാര്‍ക്ക് അവസരങ്ങളുടെ ലോകത്തേക്ക് കടക്കാം
കണ്ണൂര്‍: പഠനത്തിലും പരിചയത്തിലും കഴിവു തെളിയിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ അവസരങ്ങളുടെ ലോകം തുറക്കുന്നു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സൈറ്റ് വിഎച്ച്എസ്ഇ തയ്യാറാക്കിയിരിക്കുകയാണ്. സാങ്കേതിക വിദഗ്ധരെ ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും സൈറ്റ് പ്രയോജനപ്പെടും.

ഇന്റര്‍നെറ്റിന്റെ അനന്തസാധ്യത ഉപയോഗപ്പെടുത്തി കുതിപ്പിനൊരുങ്ങുകയാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖല. തലശേരി ചിറക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്നാണ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. http://www.vhsecareer.org എന്ന പേരിലുള്ള വെബ്സൈറ്റ് പഠനം കഴിഞ്ഞിറങ്ങിയതും ഇപ്പോള്‍ പഠിക്കുന്നവരുമായ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും.

ചിറക്കര സ്കൂളിലെ വിഎച്ച്എസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരായ കെ കെ ഷിബിനും പി സുഭാഷുമാണ് വെബ്സൈറ്റ് രൂപപ്പെടുത്തിയത്. പയ്യന്നൂര്‍ മേഖലയുടെ ഔദ്യോഗിക സൈറ്റായി ംംം.്വലെരമൃലലൃ.ീൃഴ ഉടന്‍ പുറത്തിറങ്ങും. തൊഴില്‍ദാതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അനുയോജ്യരായവര്‍ പരസ്പരം ബന്ധപ്പെടാന്‍ ഇതുവഴി സാധിക്കും. വിദ്യാര്‍ഥികളുടെ ബയോഡാറ്റ അപ്ലോഡ് ചെയ്യാനും സൌകര്യമുണ്ട്. ഇതിനുപുറമേ, വിഎച്ച്എസ്ഇ കോഴ്സുകള്‍, തൊഴില്‍ മേഖലകള്‍, അവസരങ്ങള്‍ എന്നിവയും ലഭ്യമാണ്.

പയ്യന്നൂര്‍ മേഖലയുടെ പേരിലാണ് സൈറ്റ് തയാറാക്കിയതെങ്കിലും വിഎച്ച്എസ്ഇ ഔദ്യോഗിക സൈറ്റിലേക്കും ഗവണ്‍മെന്റ് സൈറ്റിലേക്കും ലിങ്കുണ്ട്. വിവിധ കോഴ്സ് നടത്തുന്ന സ്കൂളുകളെ വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെടുത്തും. സംസ്ഥാന തലത്തിലും പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.

6. റെയില്‍വേ ബജറ്റ് ഇന്ന്
ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചൊവ്വാഴ്ച ചോദ്യോത്തരവേള കഴിഞ്ഞയുടന്‍ 12ന് റെയില്‍വെമന്ത്രി ലാലുപ്രസാദ് യാദവ് ബജറ്റ് അവതരിപ്പിക്കും. തുടര്‍ച്ചയായി നാലാം വര്‍ഷവും യാത്രനിരക്കുകള്‍ കൂട്ടാതെയുള്ള ബജറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന ക്ളാസുകളിലെ നിരക്കുകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്. 26 പുതിയ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നറിയുന്നു.

റെയില്‍ ബജറ്റ് ഇന്ന്: കേരളത്തിന് പ്രതീക്ഷകളേറെ
ന്യൂഡല്‍ഹി: കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന പ്രത്യേക സോണും റെയില്‍വെമന്ത്രി കേരളത്തിന് വാഗ്ദാനംചെയ്ത കോച്ച് ഫാക്ടറിയും റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേരളത്തിനു അര്‍ഹമായതു കിട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചിട്ടയായ പരിശ്രമം നടത്തിയിട്ടുണ്ട്.

കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് 2007ല്‍ത്തന്നെ കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയും റെയില്‍വെമന്ത്രിയുമായി മൂന്നുതവണ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ എംപിമാരും ചര്‍ച്ച നടത്തി.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏതാനും പുതിയ വണ്ടികള്‍ കേരളത്തിന് അനുവദിച്ചെങ്കിലും റെയില്‍വെ പശ്ചാത്തലസൌകര്യവികസനത്തിന് ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ചത് കഴിഞ്ഞ രണ്ടു ബജറ്റിലാണ്. 1994ല്‍ ആരംഭിച്ച ഷൊര്‍ണൂര്‍-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയില്‍ വലിയ പുരോഗതിയുണ്ടായി. ഇപ്പോള്‍ അതു പൂര്‍ത്തീകരണ ഘട്ടത്തിലാണ്.

എറണാകുളം-തിരുവനന്തപുരം പാത വൈദ്യുതീകരണം ഈ കാലയളവില്‍ പൂര്‍ത്തിയായി. എന്നാല്‍ കായംകുളത്തുനിന്ന് കോട്ടയംവഴിയും ആലപ്പുഴവഴിയുമുള്ള പാത ഇരട്ടിപ്പിക്കലിനു വേഗം പോര. കഴിഞ്ഞ ബജറ്റില്‍ കേരളത്തിന് പുതിയ ഗരീബ്രഥ് ട്രെയിന്‍ അനുവദിച്ചു. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് പ്രതിദിന സര്‍വീസാക്കി. ബാംഗ്ളൂരില്‍നിന്ന് എറണാകുളത്തേക്ക് പുതിയ ട്രെയിന്‍ ആരംഭിച്ചു.

ചേര്‍ത്തലയില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് വാഗണ്‍ കമ്പോണന്റ് ഫാക്ടറി ആരംഭിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ നിര്‍ദേമുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ നടപടികള്‍ ഉദ്ദേശിച്ചപോലെ മുന്നോട്ട് നീങ്ങിയിട്ടില്ല.

പാലക്കാട് റെയില്‍വെ ഡിവിഷനില്‍നിന്ന് ഒരു ഭാഗം അടര്‍ത്തിമാറ്റി സേലം ഡിവിഷന്‍ രൂപീകരിക്കുമ്പോള്‍ പകരമായി കേരളത്തിന് വാഗ്ദാനംചെയ്ത പദ്ധതികള്‍ ഈ ബജറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലമ്പൂര്‍-നഞ്ചങ്കോട്, തലശേരി-മൈസൂര്‍, കൊല്ലങ്കോട്-തൃശൂര്‍ റെയില്‍പ്പാതകള്‍ യാഥാര്‍ഥ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം-ചെങ്കോട്ട, പാലക്കാട്-പൊള്ളാച്ചി മീറ്റര്‍ഗേജ് പാതകള്‍ ബ്രോഡ്ഗേജാക്കുക, ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരിക്കുക, എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കല്‍ വേഗം പൂര്‍ത്തിയാക്കുക,, ഷൊര്‍ണൂരില്‍ ട്രയാംഗുലര്‍ സ്റേഷന്‍ സ്ഥാപിക്കുക, കോയമ്പത്തൂര്‍-കൊച്ചി ഇന്റര്‍സ്റേറ്റ്, ബാംഗ്ളൂര്‍-തിരുവനന്തപുരം പ്രതിദിന സര്‍വീസ്, മംഗലാപുരം-ബാംഗ്ളൂര്‍ എന്നീ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ കേരളം ഉന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്കും കൊങ്കണ്‍വഴി മുംബൈക്കും പുതിയ ട്രെയിന്‍ സര്‍വീസുകള്‍, തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരത്തുനിന്ന് മംഗലാപുരം വഴിയും കോയമ്പത്തൂര്‍ വഴിയും ബാംഗ്ളൂര്‍ക്ക് പുതിയ സര്‍വീസുകള്‍ എന്നിവയും കേരളത്തിന്റെ ആവശ്യങ്ങളാണ്.

തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ നാലു ദിവസവും കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്ക ക്രാന്തി ആഴ്ചയില്‍ മൂന്നുദിവസവും സര്‍വീസ് നടത്തണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്.

നെയ്യാറ്റിന്‍കര-കൊല്ലം, കൊല്ലം-കോട്ടയം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂര്‍, തൃശൂര്‍-പാലക്കാട് എന്നീ ഹ്രസ്വദൂര റൂട്ടുകളില്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) സര്‍വീസുകള്‍ ആരംഭിക്കണം.

നിലമ്പൂര്‍-നഞ്ചങ്കോട്, തലശേരി-മൈസൂര്‍ എന്നീ ലൈനുകള്‍ക്കുള്ള സര്‍വെ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

7.  തൊഴില്‍നിരോധനം: സര്‍ക്കുലര്‍ പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒഴിവുവരുന്ന തസ്തികകളില്‍ നിയമനം നടത്തേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദസര്‍ക്കുലര്‍ പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. യുവജനവിരുദ്ധനയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തിങ്കളാഴ്ച സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. സിപിഐ എം രാജ്യസഭാ നേതാവ് സീതാറാംയെച്ചൂരിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡിവൈഎഫ്ഐയെ പ്രതിനിധാനംചെയ്ത് അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, സെക്രട്ടറി തപസ്സിന്‍ഹ എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കള്‍ പ്രധാനമന്ത്രിക്ക് കൈമാറി.

ഇന്ത്യയുടെ മെച്ചപ്പെട്ട ഭാവിക്കായി യുവാക്കളില്‍ ശ്രദ്ധയൂന്നുക,നിയമനനിരോധനം പിന്‍വലിക്കുക, ഒഴിവുവരുന്ന തസ്തികകള്‍ നികത്തേണ്ടെന്ന വിവാദസര്‍ക്കുലര്‍ പിന്‍വലിക്കുക, പൊതുമിനിമം പരിപാടിയിലെ വാഗ്ദാനങ്ങള്‍ പാലിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ഉല്‍പ്പാദനം എന്നീ മേഖലകള്‍ക്കായി ബജറ്റില്‍ കൂടുതല്‍ വിഹിതം നീക്കിവെയ്ക്കുകയുംചെയ്യുക, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുകയും സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

2005 നവംബര്‍ 23നാണ് കേന്ദ്രധനമന്ത്രാലയം ഒഴിവുകള്‍ നികത്തേണ്ടതില്ലെന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എല്ലാ മന്ത്രാലയത്തിനും സര്‍ക്കുലര്‍ അയച്ചുകൊടുത്തു. ഇതുപ്രകാരം കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളിലായി ഒഴിവുവന്ന ആയിരക്കണക്കിനു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

1. പാഠ്യപദ്ധതി പരിഷ്കരണം അംഗീകരിച്ചു
കൊച്ചി: പാഠ്യപദ്ധതി പരിഷ്കരണ ശിപാര്‍ശകള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അംഗീകരിച്ചു. വിദ്യാര്‍ഥികള്‍ക്കു ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ തയാറാക്കിയ കൌമാര വിദ്യാഭ്യാസ പുസ്തകം ഉള്‍പ്പെടെയുള്ളവ ഇന്നലെ എറണാകുളം ഗസ്റ്റ് ഹൌസില്‍ നടന്ന മുപ്പതംഗ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അന്തിമ യോഗം അംഗീകരിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്ളാന്‍ ആക്്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.

കൌമാര വിദ്യാഭ്യാസ പുസ്തകം വിദ്യാര്‍ഥികള്‍ക്കുള്ളതല്ലെ ന്നും അധ്യാപകര്‍ക്ക് ഉള്ള കൈപ്പുസ്തകമാണെന്നും യോഗത്തിന് ശേഷം എസ്.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എം.എ ഖാദറും എസ്.എസ്.എ ഡയറക്ടര്‍ ഡോ. ബി.വിജയകുമാറും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൌമാര വിദ്യാഭ്യാസ പുസ്തകത്തെക്കുറിച്ച് ചില നിര്‍ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചതായും ഈ പുസ്തകം ബയോളജിയുമായി കൂട്ടിയോജിപ്പിച്ച് പഠിപ്പിക്കുന്നതിനുമാണ്് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ മാറും. ഒരു വര്‍ഷത്തേക്ക് എല്ലാ പാഠ ഭാഗങ്ങളും ഉള്‍പ്പെടുത്തി രണ്ട് ഭാഗങ്ങളായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ഇത് ജൂണില്‍തന്നെ ലഭ്യമാക്കാന്‍ ശ്രമിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു ഭാഷ നിര്‍ബന്ധമായി പഠിപ്പിക്കാനും മറ്റു ഭാഷകള്‍ വിദ്യാര്‍ഥികളുടെ ഓപ്്ഷന്‍ പ്രകാരം പഠിക്കാനുമാണ് കരിക്കുലം കമ്മിറ്റി അംഗീകരിച്ച ശിപാര്‍ശ.

പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം നിരന്തര മൂല്യനിര്‍ണയവും പരീക്ഷയുമുണ്ടാവും. വാര്‍ഷിക പരീക്ഷയ്ക്ക് പഠിപ്പിച്ച പുസ്തകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നും ചോദ്യങ്ങളുണ്ടാവും. വിദ്യാര്‍ഥികള്‍ സജ്ജമാകുന്ന സമയത്ത് മാത്രമെ പരീക്ഷ നടത്താവൂ എന്ന ശിപാര്‍ശ ഉടന്‍ നടപ്പാക്കില്ല. അത് ഘട്ടം ഘട്ടമായേ നടപ്പാക്കൂ. ഒന്നാം ക്ളാസ് മുതല്‍ ഇംഗ്ളീഷ് പഠിപ്പിക്കും.

ഒന്നാം ക്ളാസില്‍ ഇംഗ്ളീഷിന് പാഠപുസ്തകങ്ങള്‍ ഉണ്ടായിരിക്കും.

അടുത്ത വര്‍ഷം എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ളാസുകളിലെ പുസ്തകങ്ങള്‍ പരിഷ്കരിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെ പൊതു വിദ്യാഭ്യാസത്തിന്റെ കീഴില്‍ കൊണ്ടുവന്ന് ഒരു കുട കീഴിലാക്കാനുള്ള നിര്‍ദേശങ്ങള്‍ കമ്മിറ്റി അംഗീകരിച്ചു. രാജ്യത്ത് ജനാധിപത്യ രീതിയില്‍ ഇത്രയും വിപുലമായ രീതിയില്‍ ഒരു പാഠ്യപദ്ധതി പരിഷ്കരണം ഇതുവരെ നടന്നിട്ടില്ലെന്നും പുതിയ പരിഷ്കരണം ഗ്രാമീണ, നാഗരിക വിടവ് ഇല്ലാതാക്കുമെന്നും ഡോ.എം.എ ഖാദറും ഡോ.ബി.വിജയകുമാറും പറഞ്ഞു.

കൌമാര വിദ്യാഭ്യാസ പുസ്തകം മൂന്നു തവണ പുനഃപരിശോധിച്ചതിന് ശേഷം ഇതിനായി ഉപസമിതി രൂപീകരിക്കുകയും തുടര്‍ന്ന് യോഗം ചേര്‍ന്ന് അന്തിമ രൂപം നല്‍കുകയുമായിരുന്നു.

2. ലോട്ടറി നികുതി ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: റോയല്‍ ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി ഡീലര്‍മാരായ പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്ന് സ്വീകരിക്കാന്‍ ഹൈക്കോടതി പാലക്കാട്ടെ വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. കഴിഞ്ഞ ഡിസംബര്‍ 18-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം ഇവര്‍ ഒടുക്കിയ സംഖ്യ ഭാവിയിലെ നികുതി ബാധ്യതാ കണക്കില്‍ വകകൊള്ളിക്കാനും ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു.

റോയല്‍ ഭൂട്ടാന്‍ ലോട്ടറിയുടെ മൊത്ത വില്പനക്കാരായി മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു നല്കിയ രജിസ്ട്രേഷന്‍ 2006 ഓഗസ്റ്റ് ഒന്നിന് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദം നിരസിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം.

3. വിമാനം പറത്താന്‍ ഇന്ധനം വെളിച്ചെണ്ണ
കൊച്ചി: വെളിച്ചെണ്ണ ഉപയോഗിച്ചു ജൈവവിമാന ഇന്ധനം വികസിപ്പിച്ചു. അമേരിക്കയിലെ വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍വേസും ബോയിംഗ് കമ്പനിയും ജി.ഇ.ഏവിയേഷനും ചേര്‍ന്നാണു വെളിച്ചെണ്ണ ചേര്‍ത്ത ബയോ ജെറ്റ് ഓയില്‍ വികസിപ്പിച്ചത്. ജൈവ ഇന്ധനം ഉപയോഗിച്ച വെര്‍ജിന്‍ അറ്റ്ലാന്റിക്കിന്റെ ബോയിംഗ് 747 വിമാനം കഴിഞ്ഞ ഞായറാഴ്ച വിജയകരമായി ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പറന്നു. വെളിച്ചെണ്ണ ചേര്‍ത്ത പുതിയ ജൈവ ഇന്ധനം ചെലവുകുറഞ്ഞതും അന്തരീക്ഷമലിനീകരണം താരതമ്യേന കുറഞ്ഞതുമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

എയര്‍ക്രാഫ്റ്റിന്റെ ഘടനയിലോ എന്‍ജിനിലോ മാറ്റം വരുത്താതെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ബോയിംഗ് കമ്പനിയുടെ വക്താക്കള്‍ പറഞ്ഞു.20 ശതമാനം വെളിച്ചെണ്ണയും ബബാസു ഓയിലും (ബ്രസീലിയന്‍ എണ്ണപ്പന) ചേര്‍ത്ത മിശ്രിതമാണ് പരീക്ഷണപ്പറക്കലിനുപയോഗിച്ചത്. എയര്‍ബസ് കമ്പനിയും ഈ മാസം ആദ്യം ബ്രിട്ടണില്‍ നിന്ന് ഫ്രാന്‍സിലേക്ക് ജൈവിമാന ഇന്ധനം ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണപറക്കല്‍ നടത്തിയിരുന്നു. എയര്‍ ന്യൂസിലാന്‍ഡും റോള്‍സ് റോയ്സും ഇതേ ദിശയിലുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്.

വ്യോമയാന മേഖല വെളിച്ചെണ്ണയെ ഉള്‍ക്കൊള്ളാന്‍ തയാറായാല്‍ കേരളത്തിലെ കേരകര്‍ഷകര്‍ക്ക് വന്‍നേട്ടമാകും.ഇന്ത്യന്‍ വിമാനക്കമ്പനികളുടെ പ്രവ ര്‍ത്തനച്ചെലവിന്റെ 35 ശതമാനം ഇന്ധനത്തിന് വേണ്ടിയാണ്. ചെലവുകുറഞ്ഞ പുതിയ ജൈവ ഇന്ധനത്തെ ഇന്ത്യയിലെ വ്യോമായാന മേഖല പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.എന്നാല്‍ ആഗോളതലത്തില്‍ തന്നെ സാങ്കേതികവും നയപരവുമായ പലമാറ്റങ്ങളും വേണ്ടിവരുന്നതിനാല്‍ പുതിയ ഇന്ധനം പ്രചാരത്തിലാവാന്‍ പത്തുവര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് വ്യോമായന വൃത്തങ്ങള്‍ പറഞ്ഞു.

ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ജെറ്റ് ഓയിലിന്റെ വില കൊച്ചിയില്‍ ലിറ്ററിന് 38.564 രൂപയാണ് അടിസ്ഥാന വില. ഇതിനുപുറമെ 25 ശതമാനം വില്പന നികുതിയും അതിന്റെ 15 ശതമാനം സര്‍ചാര്‍ജും നല്‍കണം.

ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകള്‍ക്കുള്ള നിരക്ക് കിലോ ലിറ്ററിന് 115.56 യു.എസ്.ഡോളറാണ്. നെടുമ്പാശേരിയില്‍ പ്രതിമാസം 10000 കിലോ ലിറ്ററിലധികം (ഒരു കോടി ലിറ്റര്‍) ജെറ്റ് ഓയില്‍ വില്‍ക്കപ്പെടുന്നുണ്ട്.

വിമാനഇന്ധനത്തിനുള്ള വില്പനനികുതി കുറയ്ക്കണമെന്ന് കേന്ദ്ര സിവില്‍വ്യോമയാന മന്ത്രാലയം അടുത്തയിടെ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആന്ധ്രപ്രദേശ് എടിഎഫിന്റെ വില്പന നികുതി 33 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറച്ചിരുന്നു.

4. കോട്ടയം മെഡി. കോളജില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ നാലുവരെയേ സന്ദര്‍ശകര്‍ക്ക് പാസ് നല്കൂ. വൈകുന്നേരം നാലുമുതല്‍ ആറുവരെയാകും സൌജന്യ സന്ദര്‍ശനം. രാത്രി ഏഴിനു ശേഷം രോഗിയുടെ കൂടെ ഒരാളെ മാത്രമേ അനുവദിക്കൂ.

അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കില്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ആളുകള്‍ക്ക് ഡോക്ടര്‍മാര്‍ പാസ് നല്‍കും. രോഗിയെ പ്രവേശിപ്പിക്കുമ്പോള്‍ സ്റ്റേ പാസിനു പുറമേ ഒരു ഡയറ്റ് പാസ് കൂടി അധികമായി നല്‍കും. രോഗിക്കു ഭക്ഷണം എത്തിക്കാനിത് ഉപയോഗിക്കാം.

രാവിലെ 6.30 മുതല്‍ 7.30 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെയും വൈകുന്നേരം ആറുമുതല്‍ ഏഴു വരെയുമാകും ഡയറ്റ് പാസ് ഉപയോഗിക്കാനാകുക.

ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ക്കായി ഈ സമയങ്ങളില്‍ മെഡിസിന്‍ വിഭാഗത്തിന് സമീപത്തെ പ്രധാന കവാടവും സൂപ്രണ്ട് ഓഫീസിനു മുന്‍ഭാഗത്തുകൂടിയുള്ള കവാടവും മാത്രമാവും പ്രവര്‍ത്തിക്കുക.

നിലവിലുള്ള ലിഫ്റ്റുകള്‍ രോഗികള്‍ക്കായി മാത്രമേ ഉപയോഗിക്കൂ. നാലാം വാര്‍ഡ് പരിസരത്തെ കവാടവും എക്സറേ ഭാഗത്തെ കവാടവും ജീവനക്കാര്‍ക്കു വേണ്ടി മാത്രം നീക്കിവച്ചതായും സൂപ്രണ്ട് ഡോ.സി.പി.വിജയന്‍ അറിയിച്ചു.

5. ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്ക്ജീവനക്കാര്‍ ഇന്നലെയും ഇന്നും നടത്താനിരുന്ന പണിമുടക്കു മാറ്റിവച്ചു. ഡല്‍ഹിയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണു പണിമുടക്ക് അവസാന നിമിഷം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നു സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

6. വന്‍ പ്രതിഷേധം; മന്ത്രി മുങ്ങി
കൊച്ചി: കരിക്കുലം കമ്മിറ്റി യോഗം ചേര്‍ന്ന എറണാകുളം ഗസ്റ്റ് ഹൌസില്‍ മന്ത്രി എം.എ ബേബിക്ക് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വന്‍ പ്രതിഷേധം നേരിടേണ്ടി വന്നു. രാവിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ വി.എച്ച്.എസ്.സി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതില്‍ പ്രതിഷേധിച്ച് ഗസ്റ്റ് ഹൌസ് വരാന്തയില്‍ കുത്തിയിരിപ്പ് നടത്തി. പിന്നീട് പോലീസ് എത്തി സമരക്കാരെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് യോഗത്തിന് ശേഷം സമരക്കാരെ ഭയന്ന് മന്ത്രി ഒളിച്ചുപോയി. ഉച്ചയ്ക്ക് ശേഷം കെ.എസ്.യു പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൌസിലേക്ക് തള്ളിക്കയറി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

7. ദേവസ്വം ബോര്‍ഡില്‍ വീണ്ടും തര്‍ക്കം; പ്രസിഡന്റ് യോഗം പിരിച്ചുവിട്ടു
തിരുവനന്തപുരം: അജന്‍ഡയില്‍ പ്രസിഡന്റ് അറിയാതെ സെക്രട്ടറി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന തര്‍ക്കത്തെത്തുടര്‍ന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം പിരിഞ്ഞു.

മൂന്നു വിഷയങ്ങളായിരുന്നു അജന്‍ഡയില്‍. ഇതില്‍ സര്‍ക്കാര്‍ നിയോഗിച്ച വിജിലന്‍സ് എസ്പി, എസ്ഐ എന്നിവരെ തിരിച്ചുവിളിക്കുന്നകാര്യം പ്രസിഡന്റ് സി.കെ ഗുപ്തനെ അറിയിച്ചിരുന്നില്ല. ഇതേപ്പറ്റിയുള്ള തര്‍ക്കത്തിനടുവിലാണു പ്രസിഡന്റ് യോഗം പിരിച്ചുവിട്ടത്. ഇതുകൂടാതെ ദേവസ്വം കമ്മിഷണര്‍ നിയമനം, ഹിതപരിശോധന എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. കുറേനാളായി വിവാദ വിഷയമാണ് ശബരിമല വിജിലന്‍സ് നിയമനം.

ആഭ്യന്തര വകുപ്പില്‍ നിന്നാണ് ദേവസ്വത്തിലേക്ക് എസ്.പി, എസ്.ഐ എന്നിവരെ നിയമിക്കുന്നത്. സര്‍ക്കാര്‍ നിയമനം നടത്തിയെങ്കിലും ദേവസ്വം ബോര്‍ഡ് ഇത് അംഗീകരിച്ചിട്ടില്ലായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതിനുമുമ്പുതന്നെ വിജിലന്‍സ് സംഘം ശബരിമലയില്‍ ചില അഴിമതികള്‍ കണ്െടത്തി.

ശബരിമല സന്നിധാനത്തെ മാളികപ്പുറത്തമ്മയുടെ സമീപത്തെ നാഗരുടെ തറ, പതിനെട്ടാം പടിക്കുതാഴെ ഉപദേവതമാരുടെ തറ എന്നിവിടങ്ങളില്‍ കീഴ്ശാന്തിമാരെ നിയമിച്ചതില്‍ പണം വാങ്ങിയതായാണ് വിജിലന്‍സിന് മൊഴി ലഭിച്ചത്.

8. മത്സരിച്ചോടിയ ബസ് ഓട്ടോയിലിടിച്ചു വീട്ടമ്മ മരിച്ചു
ചാരുംമൂട്: സ്വകാര്യബസുകളുടെ മത്സരിച്ചോട്ടത്തേത്തുടര്‍ന്ന് എതിരേ വന്ന ഓട്ടോറിക്ഷയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. അ ഞ്ചുപേര്‍ക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.30 നു മാങ്കാംകുഴി വെട്ടിയാര്‍ കളത്തട്ട് ജംഗ്ഷനു സമീപമായിരുന്നു അപകടം.

ഓട്ടോയില്‍ സഞ്ചരിച്ച വെട്ടിയാര്‍ മാമ്പള്ളില്‍ കോളനിയില്‍ വടക്കേക്കര വീട്ടില്‍ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊടിയമ്മ (55)യാണു മരിച്ചത്. ഓട്ടോഡ്രൈവര്‍ വടക്കേക്കര വീട്ടില്‍ അച്യുതന്റെ മകന്‍ പ്രകാശ് (28), വടക്കേക്കര വീട്ടില്‍ അച്യുതന്‍ (60) ഇയാളുടെ ഭാര്യ ലീല (50), വടക്കേക്കര വീട്ടില്‍ സത്യന്റെ ഭാര്യ ഉഷ (27), വടുതല വീട്ടില്‍ കിട്ടന്റെ മകന്‍ സജി (24) എന്നിവര്‍ക്കും പരിക്കേറ്റു. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, ഇടപ്പോണിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. പന്തളം -മാവേലിക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന അനില്‍മോന്‍, മാവേലിക്കര -പുനലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീഭദ്ര എന്നീ സ്വകാര്യബസുകളാണ് മത്സരിച്ചോടിയത്.

അപകടത്തേത്തുടര്‍ന്നു ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്നു പ്രകോപിതരായ നാട്ടുകാര്‍ സ്വകാര്യബസുകളുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. കൂടാതെ ശ്രീഭദ്രാബസിന്റെ ഡീസല്‍ടാങ്കിന്റെ വാല്‍വിനു നാട്ടുകാര്‍ തീകൊളുത്തി.

9. വിമാനത്താവളം വികസനം: 800 ഏക്കര്‍ഭൂമി ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: നെടുമ്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനത്തിന് 800 ഏക്കര്‍ഭൂമി കൂടി ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. ഐടി പാര്‍ക്കുകള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, എയര്‍ക്രാഫ്റ്റ് മെയ്റ്റനന്‍സ് ബെയ്സ്,നാവിക അക്കാദമി, പഞ്ചനക്ഷത്രഹോട്ടല്‍ തുടങ്ങിയവയും ആരംഭിക്കുമെന്നും ജോസ് തെറ്റയിലിനു നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

10. വേണ്ടത് കരാറോ സര്‍ക്കാരോ: ഇടത് പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ഇന്ത്യ- യു.എസ് ആണവകരാര്‍ സംബന്ധിച്ച ഇടതു നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. രാഷ്ട്രപതി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആണവകരാര്‍ നടപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് പി.ബി യോഗത്തിനിടയില്‍ പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

കരാറാണോ സര്‍ക്കാരിനു സ്ഥിരതയാണോ വേണ്ടതെന്നു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും യെച്ചൂരി പറഞ്ഞു.

11. നാല് ഓസ്കറുകളുമായി ‘ നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്‍’
ലോസ്ആഞ്ചലസ്: മികച്ച ചിത്രമുള്‍പ്പെടെ നാല് ഓസ്കര്‍ അവാര്‍ഡുകള്‍ നേടി ‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്മെന്‍’ എണ്‍പതാം അക്കാദമി അവാര്‍ഡ് നിശ സ്വന്തമാക്കി. സഹോരങ്ങളായ ജോയല്‍ കോയനും എഥന്‍ കോയനും തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിനു മികച്ച സംവിധായകന്‍, തിരക്കഥ, സഹനടന്‍ എന്നീ അവാര്‍ഡുകളും ലഭിച്ചു. മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ഇത്തവണ യൂറോപ്യന്‍ നടീനടന്‍മാര്‍ സ്വന്തമാക്കി.

‘ദേര്‍ വില്‍ ബി ബ്ളഡ്’ എന്ന ചിത്രത്തിലൂടെ മികച്ച നടനായി ബ്രിട്ടീഷുകാരനായ ഡാനിയല്‍ ഡെ ലൂയിസും ‘ലാ വി എന്‍ റോസി’ലൂടെ മികച്ച അഭിനേത്രിയായി ഫ്രാന്‍സിന്റെ മാരിയോണ്‍ കൊട്ടിലാഡും തെരഞ്ഞെടുക്കപ്പെട്ടു. ‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ് മെന്നി’ലൂടെ മികച്ച സഹനടനായി സ്പാനിഷ് അഭിനേതാവ് ഹാവിയര്‍ ബാര്‍ദെം നേടി. ‘മൈക്കിള്‍ ക്ളെയ്റ്റണ്‍’ എന്ന സിനിമയിലെ അഭിനയത്തിനു സഹനടി പുരസ്കാരം ടില്‍ഡ സ്വിന്റണു ലഭിച്ചു. ഡാനിയല്‍ ഡെ ലൂയിസിന് ഇതു രണ്ടാം തവണയാണു ഓസ്കര്‍ ലഭിക്കുന്നത്. മികച്ച നടി, വസ്ത്രാലങ്കാരം തുടങ്ങിയ നോമിനേഷനുകള്‍ നേടിയെങ്കിലും ഓസ്കറിലെ ഇന്ത്യന്‍ പ്രതീക്ഷയായ ശേഖര്‍ കപൂറിന്റെ ‘എലിസബത്ത്: ദി ഗോള്‍ഡന്‍ ഏജ്’ എന്ന ചിത്രത്തിനു അലക്സാണ്‍ട്ര ബൈമിലൂടെ വസ്ത്രാലങ്കാരത്തിനു മാത്രമാണ് പുരസ്കാരം ലഭിച്ചത്. മുന്‍ അവാര്‍ഡ് ജേതാക്കളുടേയും ചിത്രങ്ങളുടേയും പുരസ്കാര ദാനങ്ങളുടേയും ഹൃദ്യമായ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ഓസ്കറിന്റെ എണ്‍പതാം പിറന്നാള്‍ കോഡാക് തീയറ്ററില്‍ ആഘോഷിച്ചത്.

‘ദെയര്‍ വില്‍ ബി ബ്ളഡ്’ എന്ന ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിച്ച റോബര്‍ട്ട് എല്‍സ്വിത്തിനാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. അറ്റോണ്‍മെന്റ് എന്ന ചിത്രത്തിന്റെ പശ്ചാത്തലം സംഗീതമൊരുക്കിയ ഡാരിയോ മിനെല്ലി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി.

ചമയത്തിനുള്ള പുരസ്കാരം ദിദിയര്‍ ലാവേണ്‍, ജാന്‍ ആര്‍ച്ചിബേര്‍ഡ് എന്നിവര്‍ നേടി. ‘ലാ വി എന്‍ റോസി’ലൂടെ എന്ന ചിത്രത്തിലെ ചമയത്തിനാണിവര്‍ ഓസ്കര്‍ കരസ്ഥാമാക്കിയത്.

സ്വീനി ടോഡ് എന്ന ചിത്രത്തിലൂടെ കലാ സംവിധാന പുരസ്കാരം ഡാന്റെ ഫെററ്റിയും ഫ്രാന്‍സിസ്കോ ലോഷിയാവയും നേടി.

വാള്‍ട്ട് ഡിസ്നിയുടെ റാറ്റാറ്റോലിയാണ് മികച്ച ആനിമേഷന്‍ ചിത്രം. മികച്ച ആനിമേഷന്‍ ഹൃസ്വ ചിത്രം-പീറ്റര്‍ ആന്‍ഡ് ദ വുള്‍ഫ്. റെയ്സ് ഇറ്റ് അപ് ആണ് മികച്ച ഗാനം.

12. ഫിഡലിനെ പിന്തുടരും: റൌള്‍
ഹവാന: ജ്യേഷ്ഠന്‍ ഫിഡല്‍ കാസ്ട്രോയുടെ നയങ്ങള്‍ തന്നെയാകും താനും പിന്തുടരുകയെന്നു പ്രഖ്യാപിച്ചു റൌള്‍ കാസ്ട്രോ ക്യൂബന്‍ പ്രസിഡന്റായി അധികാരമേറ്റു. കമ്യൂണിസ്റ്റ് ഭരണക്രമത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് എഴുപത്തേഴുകാരനായ റൌളിന്റെ പ്രഖ്യാപനം. പ്രസിഡന്റുസ്ഥാനമൊഴിഞ്ഞെങ്കിലും എണ്‍പത്തൊന്നുകാരനായ ഫിഡല്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി തുടരുമെന്നും റൌള്‍ വ്യക്തമാക്കി.

ഇതോടെ ഫിഡലിനുശേഷം ക്യൂബയില്‍ ജനാധിപത്യം വരണമെന്ന അമേരിക്കന്‍ താത്പര്യം വെറുതെയാകുമെന്നുറപ്പായി. കഴിഞ്ഞ അഞ്ചുദശകമായി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ചിരുന്ന ഫിഡല്‍ സ്ഥാനമൊഴിയുന്നതില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്ന അമേരി ക്കയ്ക്ക് ഫിഡലിനെപ്പോലെ റൌളും കണ്ണിലെ കരടാകും.

കഴിഞ്ഞ ചൊവ്വാഴ്ചയാണു ഫിഡല്‍ പടിയിറക്കം പ്രഖ്യാപിച്ചത്. ജോസ് റാമോന്‍ മക്കോസയായിരിക്കും പുതിയ വൈസ് പ്രസിഡന്റ്. ഫിഡല്‍ ചികിത്സയിലായിരുന്ന 2006 ജൂലൈ 31 മുതലാണു താത്കാലികമായി റൌള്‍ പ്രസിഡന്റിന്റെ പദവി ഏറ്റെടുത്തത്.

ക്യൂബന്‍ ഭരണഘടനയുടെ 94-ാം വകുപ്പു പ്രകാരം പ്രസിഡന്റിന് അസുഖം ബാധിക്കുകയോ മരിക്കുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിനായിരിക്കും ഭരണച്ചുമതല.

ഇതനുസരിച്ചാണ് റൌള്‍ ഇത്രയും നാള്‍ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിച്ചു പോ ന്നിരുന്നത്.

ഫിഡലിന്റെ അടുത്ത സുഹൃത്തായ വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസുമായി റൌളിനു കാര്യമായ അടുപ്പമൊന്നുമില്ല. അതിനാല്‍ വെനി സ്വലയില്‍ നിന്നു ക്യൂബയ്ക്ക് ലഭിച്ചിരുന്ന സഹായങ്ങള്‍ ഇനി ലഭിക്കില്ലെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

എന്നാല്‍ താനും റൌളുമായി ഇപ്പോള്‍ ഭിന്നതയൊന്നുമില്ലെന്നും കാര്യങ്ങളെല്ലാം പഴയപടി തന്നെ പോകുമെന്നും ഇന്നലെ ഹ്യൂഗോ ഷാവേസ് വ്യക്തമാക്കി.

1. കര്‍ണാടക ലോറിസമരം: കേരളവും പ്രതിസന്ധിയിലേക്ക്
കോഴിക്കോട്: സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടകയില്‍ ആരംഭിച്ച ലോറിസമരത്തെതുടര്‍ന്ന് കേരളവും പ്രതിസന്ധിയിലേക്ക്.

കര്‍ണാടകയില്‍ സമരം ആരംഭിച്ചതിനെതുടര്‍ന്ന് മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ലോറികളും കേരളത്തിലെത്തില്ല.

കര്‍ണാടകയിലെ ബല്‍ഗാം, കാര്‍വാര്‍, ഉഡുപ്പി, മംഗലാപുരം (എന്‍.എച്ച്. 17) വഴിയാണ് ഇവ കേരളത്തിലെത്തുന്നത്. തമിഴ്നാട്ടില്‍ ലോറിസമരം ഇല്ലെന്നതാണ് ആശ്വാസം. പച്ചക്കറികളടക്കം നിത്യോപയോഗ സാധനങ്ങള്‍ക്ക് കേരളം പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയാണ്. തമിഴ്നാട്ടില്‍നിന്ന് പച്ചക്കറികള്‍ എത്തുന്നുണ്ടെങ്കിലും കര്‍ണാടകയില്‍നിന്നുള്ള വരവ് ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പയര്‍ വര്‍ഗങ്ങളും ഉള്ളിയും എത്തുന്നത് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നാണ്. പൂനെയാണ് സവാളയുടെ പ്രധാന കേന്ദ്രം. ഇവിടെനിന്ന് കര്‍ണാടക വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നത് സംസ്ഥാനത്തെ ബാധിക്കും. കര്‍ണാടക ഒഴിവാക്കി വിശാഖപട്ടണം, വിജയവാഡ, ചെന്നൈ വഴി കേരളത്തിലെത്താമെങ്കിലും ഇരട്ടിയോളം ദൂരം വരും.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോറിയുള്ളത് തമിഴ്നാട്ടിലാണ്. കര്‍ണാടകയില്‍ സമരം ആരംഭിച്ചതോടെ തമിഴ്നാട്ടില്‍നിന്നുള്ള ലോറികള്‍ കര്‍ണാടകയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കര്‍ണാടകയില്‍ ലോറിസമരം തുടങ്ങിയത് കേരളത്തിലെ മലഞ്ചരക്ക് വിപണിയെയും ബാധിച്ചു. ശനിയാഴ്ച രാത്രിമുതല്‍ കര്‍ണാടകയിലേക്ക് ചരക്ക് കയറ്റുന്നില്ല. ലോറികള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയവും സര്‍വീസ് നിര്‍ത്തിവെക്കാന്‍ ലോറി ഉടമകളെ പ്രേരിപ്പിച്ചു.

കര്‍ണാടകയില്‍ ലോറികള്‍ മാത്രമല്ല, ലക്ഷ്വറി ബസുകളിലും ടെമ്പോ അടക്കം വാഹനങ്ങളിലും സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. ജൂണ്‍ 30നകം സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ഹംസ പറഞ്ഞു.

സമരം നീണ്ടുപോയാല്‍ കേരളത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, അടക്കം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറാനിടയുണ്ട്. ഈ സാഹചര്യം മുന്‍കണ്ടുള്ള നടപടികള്‍ കേരളസര്‍ക്കാറും ആരംഭിച്ചിട്ടില്ല. കര്‍ണാടകയിലെ ലോറിസമരം വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തില്‍ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയേക്കും.

2. നയപ്രഖ്യാപന ചര്‍ച്ച ഇന്നു മുതല്‍; സഭ പ്രക്ഷുബ്ധമാകും
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കുന്നതോടെ നിയമസഭ പ്രക്ഷുബ്ധമാകും. എച്ച്.എം.ടി ഭൂമി ഇടപാടില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ചാണ് യു.ഡി.എഫ് സഭയിലെത്തുന്നത്. വിലക്കയറ്റവും സഭയെ ശബ്ദമുഖരിതമാക്കുമെന്നാണ് സൂചന. ഇന്നു മുതല്‍ മൂന്ന് ദിവസം നന്ദിപ്രമേയ ചര്‍ച്ചയാണ് നടക്കുക. ഇത് പതിവ് പോലെ പൂര്‍ണമായും രാഷ്ട്രീയ ചര്‍ച്ചയായി മാറാനാണ് സാധ്യത.

നയപ്രഖ്യാപന പ്രസംഗം ചോര്‍ന്നതാണ് സര്‍ക്കാറിന് മറ്റൊരു തലവേദനയായിരിക്കുന്നത്. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കും. നയപ്രഖ്യാപന ദിനം തന്നെ പ്രതിപക്ഷം ഇത് സഭയില്‍ ഉന്നയിച്ചിരുന്നു. പ്രസംഗം ചോര്‍ന്നിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ . എച്ച്.എം.ടി ഭൂമി ഇടപാട് സഭയില്‍ വിവാദമാകുമെന്നത് മുന്നില്‍ കണ്ടാണ് ഇടതു മുന്നണി യോഗം ചേര്‍ന്ന് നിലപാടിലാണ് സര്‍ക്കാര്‍. നിയമോപദേശത്തിനനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എന്നാലും സഭയില്‍ സര്‍ക്കാറിന് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. ബന്ധപ്പെട്ട മന്ത്രിമാരെ ലക്ഷ്യമിട്ടുകൊണ്ടാകും പ്രതിപക്ഷ നീക്കം.

വിലക്കയറ്റം സംസ്ഥാന സര്‍ക്കാറിന്റെ നയവൈകല്യമായി പ്രതിപക്ഷം ചിത്രീകരിക്കുമ്പോള്‍ കേന്ദ്രമാണ് ഉത്തരവാദിയെന്ന സമീപനമാകും ഭരണപക്ഷം കൈക്കൊള്ളുക. ദേവസ്വം വിവാദങ്ങളും ഐ.എസ്.ആര്‍.ഒ ഭൂമി ഇടപാടുമെല്ലാം സഭയില്‍ ഉയര്‍ന്നു വരും.
അടുത്ത മാസം ആറിനാണ് ബജറ്റവതരണം നടക്കുക. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയം പാസാക്കിയ ശേഷം അഞ്ച് ദിവസത്തോളം സഭ ചേരില്ല.

3. ജനാധിപത്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാകുക: ഗനൂശി
ശാന്തപുരം: ബഹുസ്വര സമൂഹത്തിലെ ജനാധിപത്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ലോക പ്രശസ്ത ഇസ്ലാമിക ചിന്തകന്‍ ശൈഖ് റാശിദുല്‍ ഗനൂശി ആഹ്വാനംചെയ്തു. അധികാരവും സമുദായവും രണ്ടുവഴിക്ക് നീങ്ങിയത് മുസ്ലിംകള്‍ക്ക് നഷ്ടത്തിനിടയാക്കിയെന്നും അദ്ദേഹം തുടര്‍ന്നു. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഇസ്ലാം പുതിയ ലോകത്ത്’ ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളികളാകുന്നതുവഴി തീരുമാനമെടുക്കുന്ന കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ കഴിയും. അധികാര കേന്ദ്രങ്ങളില്‍നിന്ന് മാറി നില്‍ക്കുന്നതിനേക്കാള്‍ അഭികാമ്യം അവയെ സ്വാധീനിക്കാന്‍ കഴിയുകതന്നെയാണ്. ജനാധിപത്യത്തില്‍ മതനിരാസത്തിന്റെ അംശമുണ്ടായിരുന്ന കാലത്ത് ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ മായംകലരുമെന്ന ഭയം പണ്ഡിതര്‍ക്കുണ്ടായിരുന്നു. പുതിയ ലോകത്ത് ഇസ്ലാം ദുര്‍ബലമല്ലാത്തതിനാല്‍ ഈ ഭയത്തിന്റെ ആവശ്യം ഇനിയില്ല. അതേസമയം, മുസ്ലിം നാടുകളിലെ ജനാധിപത്യവത്കരണത്തെ പടിഞ്ഞാറ് പ്രോല്‍സാഹിപ്പിക്കുന്നില്ല. ജനാധിപത്യത്തിലൂടെ ഇസ്ലാം വളര്‍ന്നുവലുതാകുമെന്ന ഭീതികൊണ്ടാണ് അവര്‍ ഈ നിലപാട് സ്വീകരിക്കുന്നത്.

സാങ്കേതിക വിദ്യയും ആധുനിക വിജ്ഞാനവും ഇസ്ലാമിന് ചേര്‍ന്നതല്ലെന്ന പ്രചാരണം നിരര്‍ഥകമാണെന്ന് ഇസ്ലാമിക ലോകം തെളിയിച്ചതായി ഗനൂശി ചൂണ്ടിക്കാട്ടി. മതത്തെ മുറുകെ പിടിച്ചുകൊണ്ടുതന്നെ ആധുനിക സങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ കഴിയും.

ഇസ്ലാമിനെക്കുറിച്ചുള്ള ചിത്രം വികൃതമാക്കാന്‍ ജിഹാദിനെ ഉപയോഗിക്കരുതെന്ന് ഗനൂശി ആവശ്യപ്പെട്ടു. അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ക്കും സ്വാതന്ത്യ്ര സമരങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ജിഹാദ്. ബഹുത്വം മാനിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. സ്വാതന്ത്യ്രം അനുഭവിക്കുന്ന ഇതുപോലൊരു രാജ്യത്ത് ‘ജിഹാദിന്’ പ്രസക്തിയില്ല. അഭിപ്രായവ്യത്യാസങ്ങളുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് മുസ്ലിം സംഘടനകളുടെ ഐക്യം സാധ്യമാക്കണം. 35 രാജ്യങ്ങളെ യോജിപ്പിച്ച യൂറോപ്യന്‍ യൂനിയന് പോലും ഇതിന് സാധ്യമായി. സ്ത്രീയെ ഉള്‍ക്കൊള്ളാതെ ഇസ്ലാമിക നവോത്ഥാനം സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യയശാസ്ത്രപരമായ ശത്രുക്കളെ തിരിച്ചറിയുന്നതില്‍ പാളിച്ച പറ്റരുതെന്ന് തുടര്‍ന്നു പ്രസംഗിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇസ്ലാമിനെ പള്ളികളില്‍ ഒതുക്കി നിര്‍ത്താനാണ് മതനിരാസത്തിന്റെ പ്രത്യയശാസ്ത്രക്കാര്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം തുടര്‍ന്നു.
ഇസ്ലാമിനെ ആരാധനാ രീതിയായി മാത്രം മനസ്സിലാക്കിയ കാലം മാറുകയാണെന്നും ദീന്‍ എന്നത് ജീവിതക്രമമായി അംഗീകരിച്ചുതുടങ്ങിയിട്ടുണ്ടെന്നും നദ്വത്തുല്‍ മുജാഹിദീന്‍ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കാന്‍ തീവ്രവാദത്തിന്റെ നിഗൂഢമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് പകരം ഖുര്‍ആനെ കുറിച്ചുള്ള ബോധമുണ്ടാക്കുകയാണ് വേണ്ടതെന്ന് കെ.എന്‍.എം സെക്രട്ടറി കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ അഭിപ്രായപ്പെട്ടു.
ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ മാപ്പുസാക്ഷികളായി മുന്‍കൂര്‍ ജാമ്യമെടുക്കുന്നതെന്തിനാണെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ചോദിച്ചു. മാര്‍ക്സിസം സ്ഥാപിക്കാന്‍ ദശലഷക്കണക്കിനാളുകളെ കൊന്നതും മുതലാളിത്തം ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്നതും ചോദ്യംചെയ്യുകയാണ് വേണ്ടത്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ജനപക്ഷത്ത് നില്‍ക്കാനാണ് ഖുര്‍ആന്‍ ആഹ്വാനംചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസനമെന്നത് ക്രമപ്രവൃദ്ധവും സന്തുലിതവുമായ പ്രക്രിയയാണെന്നും എന്നാലിന്ന് കൊള്ളലാഭമുണ്ടാക്കലും പിടിച്ചുപറിയുമാണ് വികസനമായി വിവക്ഷിക്കുന്നതെന്നും അധ്യക്ഷതവഹിച്ച ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ശൂറാ അംഗം ടി.കെ. അബ്ദുല്ല ചൂണ്ടിക്കാട്ടി. അല്‍ ജാമിഅ മുദീര്‍ വി.കെ. അലി സ്വാഗതം പറഞ്ഞു.

4. യഹ്യയുടെ അറസ്റ്റ് സോഫ്റ്റ്വെയര്‍ കമ്പനി സ്ഥാപിക്കുന്നത് തടയാനെന്ന്
ബാംഗ്ലൂര്‍: മലയാളി എഞ്ചിനീയര്‍ കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി യഹ്യ ഹിയാസിനെ ധാര്‍വാഡ് ജില്ലയിലെ അജ്ഞാതകേന്ദ്രത്തിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയി.ചോദ്യംചെയ്യല്‍ തുടരുകയാണെന്നും മറ്റുവിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും സി.ഒ.ഡി പോലിസ് പറഞ്ഞു. ഇന്ന് കര്‍ണാടക^ഗോവ അതിര്‍ത്തിയില്‍ തെളിവെടുപ്പിന്റെ ഭാഗമായി യഹ്യയെ കൊണ്ടുപോകും. അതിനിടെ യഹ്യയുടെ സുഹൃ ത്തെന്ന് കരുതുന്ന ഒരാള്‍ കൂടി പോലിസ് കസ്റ്റഡി യിലായതായി സൂചനയുണ്ട്.

യഹ്യ ഹിയാസിനെ അറസ്റ്റ് രേഖപ്പെടുത്താതെ നാലുദിവസം കോര്‍ ഓഫ് ഡിക്ടറ്റീവ്സ് (സി.ഒ.ഡി) കസ്റ്റഡിയില്‍ വെച്ചതായി അറിയുന്നു. സംസ്ഥാന ഡി.ജി.പി കെ.ആര്‍ ശ്രീനിവാസന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ 18 ന് രാത്രി 12 നാണ് യഹ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാലുദിവസം തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും യഹ്യയില്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചതായി സൂചനയില്ല.

വിപ്രോയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്ന യഹ്യ ഹിയാസ് പുതിയ ഐ.ടി സ്ഥാപനം തുടങ്ങുന്നതിനുള്ള ഒരുക്കത്തിനിടെയാണ് സി.ഒ.ഡിയുടെ പിടിയിലായതെന്നും അറിയുന്നു. യഹ്യ താമസിച്ചിരുന്ന വീട്ടില്‍ നിന്നും സി.ഒ.ഡി കണ്ടെടുത്ത ഹാര്‍ഡ് ഡിസ്കില്‍ കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടത്രേ. പുതിയ സ്ഥാപനം തുടങ്ങാനുള്ള നീക്കത്തെ തടസപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് അറസ്റ്റും ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുക്കലുമെന്ന് വെളിപ്പെടുന്നതായി കേരള ഹൈക്കോടതിയിലെ അഡ്വ. എസ്. ഷാനവാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഹുബ്ലിയില്‍ തീവ്രവാദി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ കിംസ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി മുഹമ്മദ് ആസിഫ്, ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ സ്കോളര്‍ഷിപ്പ് തരപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് യഹ്യയെ സമീപിച്ചത്. എന്നാല്‍ ഇതിന്റെ പേരിലാണ് യഹ്യയെ ‘തീവ്രവാദി’യാക്കാന്‍ ശ്രമിക്കുന്നതെന്നാണ് പരാതി.

വിപ്രോയില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ യഹ്യ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
വിപ്രോയില്‍ 24 അംഗ എഞ്ചിനീയറിംഗ് ടീമിന്റെ ക്യാപ്റ്റനായിരുന്ന യഹ്യക്ക് വീട്ടിലിരുന്നും ജോലി ചെയ്യാന്‍ കമ്പനി അനുമതി നല്‍കിയിരുന്നു.
പിന്നീട് പുതിയ കമ്പനി തുടങ്ങുന്ന കാര്യം അറിയിച്ചപ്പോള്‍ ശമ്പളം വര്‍ധിപ്പിക്കാമെന്ന് വിപ്രോ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നിരസിച്ചതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നും അറിയുന്നു.
വിപ്രോയില്‍ ജോലിചെയ്യുന്നതിന് മുമ്പ് ടാറ്റയുടെ സോഫ്റ്റ്വെയര്‍ കമ്പനിയിലും യഹ്യ ജോലി ചെയ്തിട്ടുണ്ട്.
‘തീവ്രവാദി’ കേസുകളില്‍ പിടിയിലാകുന്നവര്‍ക്കായി വാദിക്കുന്നതിനെതിരെ അഭിഭാഷകര്‍ രംഗത്തുള്ളതിനാല്‍ കേസ് നടപടികളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് അഡ്വ. ഷാനവാസ് പറഞ്ഞു.

1. കേരളത്തിന് ഒരു ട്രെയിന്‍ മാത്രമെന്ന് സൂചന
ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ കേരളത്തിന് പുതിയ ഒരു ട്രെയിന്‍ മാത്രമാകും ലഭിക്കുകയെന്ന് സൂചന. കോഴിക്കോട് – മംഗലാപുരം ഇന്റര്‍ സിറ്റിയാണു കേരളത്തിനു ലഭിക്കാന്‍ സാധ്യത. അതേസമയം, ഗരീബ് രഥ് ട്രെയിന്‍ ഉള്‍പ്പെടെ തമിഴ്നാടിനു ചുരുങ്ങിയതു മൂന്നു ട്രെയിനുകള്‍ ലഭിച്ചേക്കും. ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തുന്ന മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് പ്രതിദിന സര്‍വീസാക്കി ഉയര്‍ത്തുമെന്നാണു കരുതുന്നത്. കോയമ്പത്തൂര്‍ വരെയുള്ള ബാംഗൂര്‍ എക്സ്പ്രസ് കൊച്ചിയിലേക്കു നീട്ടാനും സാധ്യതയുണ്ട്.

Railway Budget :: Indepth >>

തിരുവനന്തപുരം- പാലക്കാട് അമൃത എക്സ്പ്രസ് മേട്ടുപ്പാളയം വരെ നീട്ടിയേക്കും. പുതിയ ആറു റയില്‍വേ മേല്‍പ്പാലങ്ങള്‍ക്കും അനുമതി ലഭിക്കാനിടയുണ്ട്. പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചപ്പോള്‍ കേരളത്തിനു നഷ്ടപരിഹാരമായി പ്രഖ്യാപിച്ച കഞ്ചിക്കോട് ഫാക്ടറിക്കു വേണ്ടി നാമമാത്ര തുകയെ ഉണ്ടാകൂ. പാത ഇരട്ടിപ്പിക്കലിനും ഗേജ് മാറ്റത്തിനും മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ കേരളത്തിലെ പാത ഇരട്ടിപ്പിക്കലിനും നാമമാത്ര തുകയെ ലഭിക്കാന്‍ സാധ്യതയുള്ളൂ. കോട്ടയം- കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിനും ദക്ഷിണ റയില്‍വേ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പുതിയ ട്രെയിനുകളും പദ്ധതികളും നേടിയെടുക്കുന്നതിനായി തമിഴ്നാട് നടത്തിയ ശ്രമങ്ങള്‍ പലതും വിജയിച്ചേക്കും. തമിഴ്നാട്ടിലെ അവശേഷിച്ച മീറ്റര്‍ഗേജ് പാതകള്‍ കൂടി ബ്രോഡ്ഗേജാക്കി മാറ്റുന്നതിനും ബജറ്റില്‍ തുക വകയിരുത്തുമെന്നാണ് അറിയുന്നത്.

2. അതിവേഗ യാത്രാപ്പാത:സാധ്യതാപഠനം നടത്തുമെന്നു കേന്ദ്രഅറിയിപ്പ്
ന്യൂഡല്‍ഹി: കേരളത്തില്‍ അതിവേഗ യാത്രാപ്പാതയ്ക്കുള്ള പ്രാഥമിക സാധ്യതാപഠനം നടത്താന്‍ നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് പി.സി. തോമസ് എംപിയെ അറിയിച്ചു. മുംബൈ – കന്യാകുമാരി അതിവേഗ പാത അനുവദിക്കണമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രി എം. വിജയകുമാറും എംപിമാരായ പി.സി. തോമസും ഫ്രാന്‍സിസ് ജോര്‍ജും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് മേഖലകളില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സ്വകാര്യ – പൊതുമേഖലാ പങ്കാളിത്ത അടിസ്ഥാനത്തില്‍ അതിവേഗപാത നിര്‍മിക്കുന്നതു സംബന്ധിച്ചു റയില്‍ മന്ത്രാലയം സംസ്ഥാനങ്ങളുമായി പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞതായും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അനുകൂലമായാണു പ്രതികരിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക പഠനത്തിനു സംസ്ഥാനങ്ങള്‍ തത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനായി താമസിയാതെ ആഗോള ടെന്‍ഡര്‍ ക്ഷണിക്കുമെന്നും സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അപ്പോള്‍ പരിഗണിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

3. ഉദ്യോഗസ്ഥര്‍ കോടതി വിധികളെ ഗൌനിക്കുന്നില്ല: ഹൈക്കോടതി
കൊച്ചി: കോടതി വിധികള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന അലംഭാവം ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്നു ഹൈക്കോടതി മുന്നറിയിപ്പു നല്‍കി. ഇപ്പോഴത്തെ പ്രവണത തുടര്‍ന്നാല്‍ ഒാരോ കോടതിയലക്ഷ്യക്കേസിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെടാന്‍ നിര്‍ബന്ധിതനാവുമെന്നു ജസ്റ്റിസ് എസ്. സിരിജഗന്‍ പറഞ്ഞു.

ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകുന്നതിനു വേണ്ടിവരുന്ന ചെലവ് ഉത്തരവാദികളുടെ സ്വന്തം കീശയില്‍ നിന്നു മുടക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസുകളില്‍ അടുത്ത കാലത്തുണ്ടായ വര്‍ധന വേദനാജനകമാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോടതിയലക്ഷ്യക്കേസുകളില്‍ ഭയപ്പെടേണ്ടാത്ത കാലം കേസുകള്‍ വര്‍ധിച്ചതോടെ അവസാനിച്ചുകഴിഞ്ഞു. ഒാരോ ദിവസവും അഞ്ചു മുതല്‍ പത്തു വരെ കോടതിയലക്ഷ്യക്കേസുകളാണ് ഇപ്പോള്‍ പരിഗണനയ്ക്കെത്തുന്നത്. കോടതി ഉത്തരവുകളോട് ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന ആദരവില്ലായ്മയാണ് ഇതില്‍ നിന്നു തെളിയുന്നത്. കോടതിയലക്ഷ്യക്കേസുകള്‍ കേവലം വിധി നടത്തു ഹര്‍ജികളായാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കണക്കാക്കുന്നത്.

കോടതിയലക്ഷ്യക്കേസുകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാന്‍ ആദ്യഘട്ടത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു വിശദീകരണമെടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ കോടതി ഗവ. പ്ലീഡര്‍മാരോടു നിര്‍ദേശിക്കുന്നത്.

4. ഗോതമ്പ് കടത്ത് പരിശോധനയില്‍ വീഴ്ച: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
കോഴിക്കോട്: വെസ്റ്റ്ഹിലിലെ റേഷന്‍ മൊത്തവ്യാപാര സ്ഥാപനത്തില്‍നിന്ന് കോയമ്പത്തൂരിലെ സ്വകാര്യമില്ലിലേക്ക് കടത്തുകയായിരുന്ന ഗോതമ്പ് വിജിലന്‍സ് പിടികൂടിയതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ളൈസ് നടപടി തുടങ്ങി. അന്നു കോഴിക്കോട് താലൂക്ക് സപ്ളൈ ഒാഫിസറുടെ ചുമതലുണ്ടായിരുന്ന അസിസ്റ്റന്റ് താലൂക്ക് സപ്ളൈ ഒാഫിസര്‍ കെ. മോഹന്‍ദാസ്, സിറ്റി റേഷനിങ് ഒാഫിസ് (നോര്‍ത്ത്) റേഷനിങ് ഇന്‍സ്പെക്ടറായിരുന്ന കെ. സദാനന്ദന്‍ എന്നിവരെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. ഇവര്‍ ഗോതമ്പു കടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും തട്ടിപ്പു പരിശോധിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന കാരണത്താലാണ് നടപടി. 2007 ജൂണ്‍  21നു ആയിരുന്നു വിജിലന്‍സ് ഡിവൈഎസ്പി: പി.പി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ 22 ടണ്‍  ഗോതമ്പ് പിടികൂടിയത്. കേസില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്നു വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഇതു പ്രകാരമാണ് രണ്ടുപേര്‍ക്കെതിരെ നടപടി എടുത്തത്.

5. ചെന്നൈയില്‍ 2.5 കോടിയുടെ കീറ്റമിന്‍ പിടിച്ചു
ചെന്നൈ: തയ്വാനിലേക്കു കടത്താന്‍ ശ്രമിച്ച, രാജ്യാന്തര വിപണിയില്‍ രണ്ടരക്കോടി രൂപ വില മതിക്കുന്ന 25 കിലോഗ്രാം കീറ്റമിന്‍ വിമാനയാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തു. ചെന്നൈ സ്വദേശി മുഹമ്മദ് നാസറിനെ (21) അറസ്റ്റ് ചെയ്തു. സമീപകാലത്തു ചെന്നൈ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കീറ്റമിന്‍ വേട്ടയാണിത്.

തായ് എയര്‍വേയ്സിന്റെ ഫ്ളൈറ്റില്‍ പോകാനെത്തിയ നാസറിന്റെ ലഗേജില്‍ നാലു ചായ കെറ്റിലുകളില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നു ശേഖരം. കെറ്റിലിനു ഭാരക്കൂടുതല്‍ തോന്നിയതിനെ തുടര്‍ന്നു പരിശോധന നടത്തുകയായിരുന്നു. പതിനായിരം രൂപ പ്രതിഫലം വാങ്ങിച്ചാണ് ഇതു കൊണ്ടു പോകുന്നതെന്നു നാസര്‍ മൊഴി നല്‍കി. അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വിട്ടു. വെറ്ററിനറി അനസ്തീസ്യയ്ക്ക് ഉപയോഗിക്കുന്ന കീറ്റമിന്‍ ഹൈഡ്രോക്ളോറൈഡ് ലഹരിമരുന്നായി ദുരുപയോഗിക്കുന്നുണ്ട്.

ഗ്വാളിയറില്‍ നിന്നുള്ള നാര്‍ക്കോട്ടിക്സ് കമ്മിഷണറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രമേ കീറ്റമിന്‍ വിദേശത്തേക്കു കൊണ്ടുപോകാന്‍ അനുവാദമുള്ളൂവെന്നു ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറല്‍ ഇൌയിടെ ഉത്തരവിറക്കിയിരുന്നു.  തമിഴ്നാട്ടിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഈ മാസം വിവിധ സംഭവങ്ങളിലായി പത്തു കോടി രൂപ വിലമതിക്കുന്ന കീറ്റമിന്‍ പിടിച്ചെടുത്തിരുന്നു.

6. പലിശ: ഉത്തരവു കാണാനില്ല; ട്രഷറി നിക്ഷേപകര്‍ക്കു കോടികള്‍ നഷ്ടം
തിരുവനന്തപുരം: ട്രഷറി നിക്ഷേപങ്ങള്‍ക്കു പലിശനിരക്കു പുതുക്കി ധനവകുപ്പ് ഇറക്കിയ ഉത്തരവ് ട്രഷറി വകുപ്പില്‍ അപ്രത്യക്ഷമായി. ഇതുമൂലം നിക്ഷേപകര്‍ക്കു നഷ്ടം കോടികള്‍. ഇതേത്തുടര്‍ന്നു ട്രഷറിയിലെ സ്ഥിര നിക്ഷേപങ്ങള്‍ വ്യാപകമായി പിന്‍വലിച്ചുതുടങ്ങി. സ്ഥിരം നിക്ഷേപങ്ങള്‍ക്കു പലിശ ഉയര്‍ത്തുമ്പോള്‍ നിലവിലുള്ള നിക്ഷേപകര്‍ക്കു പുതുക്കിയ നിരക്കില്‍ പലിശ നല്‍കണമെന്ന ഉത്തരവാണു ട്രഷറി വകുപ്പില്‍ കാണാതായത്.

പലിശനിരക്കു വര്‍ധിപ്പിക്കുമ്പോള്‍ നേരത്തെ നിക്ഷേപിച്ചവര്‍ക്കു നഷ്ടം വരാതിരിക്കാനായി 1992ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണിത്. ഇതുപ്രകാരം നിക്ഷേപകര്‍ക്കു കാലാവധിക്കു മുന്‍പു പുതുക്കുമ്പോള്‍ ഇൌടാക്കുന്ന ഒരു ശതമാനം പലിശ നഷ്ടപ്പെടാതെ പുതുക്കിയ നിരക്ക് ഉറപ്പാക്കുന്നതു സംബന്ധിച്ചാണു 92ലെ ഉത്തരവ്.

എന്നാല്‍ 92ല്‍ ഇൌ ഉത്തരവ് ഇറങ്ങിയശേഷം 1995 മുതല്‍ 2006 വരെ പലിശയില്‍ വര്‍ധന ഉണ്ടാവാത്തതിനാല്‍ ഉത്തരവിനു പ്രസക്തിയുണ്ടായില്ല. 2007ല്‍ പലിശ ഏഴര ശതമാനത്തില്‍ നിന്ന് ഒന്‍പതു ശതമാനമാക്കി വര്‍ധിപ്പിച്ചു.ഇൌ വര്‍ധന തങ്ങള്‍ക്കും ലഭിക്കുന്നതിനു പഴയ ഉത്തരവിന്റെ ബലത്തില്‍ നിലവിലുള്ള നിക്ഷേപകര്‍ ട്രഷറിയെ സമീപിച്ചപ്പോള്‍ 1992ല്‍ ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയതായി തങ്ങള്‍ക്കറിയില്ല എന്നായിരുന്നു അധികൃതരുടെ ആവര്‍ത്തിച്ചുള്ള മറുപടി.

അതോടെ വ്യാപകമായി നിക്ഷേപം പിന്‍വലിച്ചുതുടങ്ങി.ട്രഷറി വകുപ്പ് 2002ല്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതിനെത്തുടര്‍ന്നാണത്രെ ഉത്തരവ് അപ്രത്യക്ഷമായത്. അതായത് ട്രഷറിയുടെ നിയമാവലിയും നടപടിക്രമങ്ങളുമൊക്കെ കംപ്യൂട്ടറില്‍ കയറ്റിയവര്‍ ഇൌ ഉത്തരവ് മറച്ചുവച്ചു എന്നര്‍ഥം.

നിക്ഷേപകരെ ആകര്‍ഷിക്കാനാണു പലിശ വര്‍ധിപ്പിച്ചതെങ്കിലും ട്രഷറി വകുപ്പിന്റെ നിരുത്തരവാദിത്തംമൂലം ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപത്തില്‍ 300 കോടിയുടെ കുറവുണ്ടായി.

7. മനുഷ്യാവകാശ സംഘടനകളുടെമേല്‍ പൊലീസിന്റെ കണ്ണ്
തൊടുപുഴ: മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ വിഘടനവാദികള്‍ക്കു സംരക്ഷണവും ഒത്താശയും ചെയ്യുന്നതായി സംശയമുള്ള ഏതാനും സംഘടനകളെ പൊലീസ് നിരീക്ഷിക്കുന്നു. വിഘടനവാദികള്‍ക്കുനേരെയുള്ള പൊലീസ് അന്വേഷണം അട്ടിമറിക്കുന്നത് മനുഷ്യാവകാശ ധ്വംസനം മുന്‍നിര്‍ത്തിയുള്ള ഇത്തരം സംഘടനകളുടെ പരോക്ഷപ്രവര്‍ത്തനമാണെന്നാണ് അനുമാനം.വിഘടനവാദ – തീവ്രവാദ സംഘടനകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു മറയായി വിവിധ പേരുകളില്‍ മനുഷ്യാവകാശ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഓരോ ജില്ലയും കേന്ദ്രീകരിച്ചു ലോക്കല്‍ പൊലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സഹകരണത്തോടെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഇൌയിടെ മാവോവാദി സംഘടനയിലെ പ്രധാനകണ്ണി കേരളത്തില്‍ അറസ്റ്റിലായതോടെയാണ് ഇത്തരം മനുഷ്യാവകാശ സംഘടനകളുടെമേല്‍ പൊലീസിന്റെ കണ്ണു പതിഞ്ഞത്. അറസ്റ്റ് നടന്ന് അടുത്ത ദിവസംതന്നെ മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പത്രസമ്മേളനവും സമരവും പ്രഖ്യാപിച്ചു. ഇത്തരം പ്രതിഷേധപരിപാടികള്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനു തടസ്സം സൃഷ്ടിച്ചതായും തങ്ങളെ പ്രതിരോധത്തിലാക്കിയതായും പൊലീസ് കരുതുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘടനയ്ക്കു മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുലോം കുറവാണെന്നും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കു മറയാണു ലക്ഷ്യമെന്നും പൊലീസിനു ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഏതാനും സംഘടനകളെക്കൂടി പൊലീസ് നിരീക്ഷണത്തിലാക്കിയത്.കേരളത്തിലെ ഏതാനും കുടിയിറക്കുസമരത്തിനും അന്യസംസ്ഥാനങ്ങളില്‍ നിരോധിക്കപ്പെട്ട സംഘടനകളുടെ പിന്തുണയുണ്ടെന്നും പതിവായി പണം എത്തുന്നുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പണത്തിന്റെ അളവും സ്രോതസ്സും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

8. ഉപഭോക്തൃ ഫോറം നിയമനത്തില്‍ ക്രമക്കേട്: പി.സി. ജോര്‍ജ്
തിരുവനന്തപുരം: ജില്ലാ ഉപഭോക്തൃ ഫോറങ്ങളിലെ പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും നിയമനത്തില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതായി പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആരോപിച്ചു. ഇതിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഭക്ഷ്യമന്ത്രിയുടെ ഒാഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണു പല നിയമനങ്ങളും. യോഗ്യതയില്ലാത്ത പലരും നിയമനം നേടിയിട്ടുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w