പത്രവാര്‍ത്തകള്‍ 25-02-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. 3150 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി
തിരു: സംസ്ഥാനത്തെ നഗരങ്ങളുടെ വികസനത്തിനായി ഒരു വര്‍ഷത്തിനുള്ളില്‍ അംഗീകാരം നേടിയെടുത്തത് 3150.74 കോടിയുടെ പദ്ധതികള്‍. ഇത്രയേറെ ബ്രൃഹദ് പദ്ധതികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അംഗീകാരമാവുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമാണ്്.

കേന്ദ്ര സഹായത്തോടെ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ആരംഭിക്കുന്ന ജവാഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിക്കുമാത്രം ലഭിക്കുന്നത് 714.74 കോടി. 17,000 കോടിയുടെ വികസന പദ്ധതികളാണ് തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരത്തെ 336 കോടിയുടെ പദ്ധതികള്‍ അംഗീകരിച്ചു.

ചെറുകിട-ഇടത്തരം നഗരങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് കേന്ദ്രസഹായം ലഭിക്കുന്ന യുഐഡിഎസ്എസ്എംടി (അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്മെന്റ് സ്കീം ഇന്‍ സ്മോള്‍ ആന്‍ഡ് മീഡിയം ടൌണ്‍സ്) പദ്ധതിയില്‍ സംസ്ഥാനത്ത് ചെലവിടുന്നത് 577 കോടി രൂപയാണ്. 80 ശതമാനമാണ് കേന്ദ്ര സഹായം. നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, പുനലൂര്‍, ചങ്ങനാശേരി, പത്തനംതിട്ട, പെരിന്തല്‍മണ്ണ, പയ്യന്നൂര്‍, ആലപ്പുഴ, തൃശൂര്‍, ചാലക്കുടി നഗരസഭകള്‍ക്കായി 316.84 കോടിയുടെ അംഗീകാരം ലഭിച്ചു. കൂടാതെ, 15 നഗരസഭകളുടെ 252.66 കോടിയുടെ പദ്ധതികള്‍ക്ക് പ്രാഥമിക അംഗീകാരമായിട്ടുണ്ട്.

നഗരങ്ങളിലെ ചേരികള്‍ പരിഷ്കരിക്കുന്നതിനും ചേരിനിവാസികളുടെ പുനരധിവാസത്തിനുമുള്ള ഐഎച്ച്എസ്ഡിപി പദ്ധതിയില്‍ 22 നഗരസഭകള്‍ 111 കോടിയുടെ വികസനത്തിനാണ് ഒരുങ്ങുന്നത്.

തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ നിര്‍ധന വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താല്‍ ബിഎസ്യുപി (ബേസിക് സര്‍വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍) പദ്ധതി വഴിയൊരുക്കും. 298 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇതിനകം അംഗീകാരം ലഭിച്ചത്. ചേരികളുടെ സമഗ്ര വികസനമാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. വീട്, കക്കൂസ്, വീടുകളുടെ അറ്റകുറ്റപ്പണി, ഓട നിര്‍മിക്കല്‍, ചേരിനിര്‍മാര്‍ജനം എന്നീ ഇനങ്ങളിലെ പദ്ധതികള്‍ക്കാണ് തുക.

തിരുവനന്തപുരം നഗരത്തിന് മൊത്തം 169 കോടിയും കൊച്ചിക്ക് 129 കോടിയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. ചെലവിടുന്ന തുകയില്‍ 80 ശതമാനം കേന്ദ്ര ഗ്രാന്റാണ്. സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും 10 ശതമാനംവീതം മുടക്കും. 2011 വരെയുള്ള കാലയളവില്‍ അനുവദിക്കേണ്ട തുകയാണ് ഇപ്പോള്‍ കേരളത്തിന് നല്‍കിയിട്ടുള്ളത്. കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ വായ്പ ഉപയോഗപ്പെടുത്തി അഞ്ചു കോര്‍പറേഷനുകളിലും നടപ്പാക്കുന്ന സുസ്ഥിര നഗര വികസന പദ്ധതിക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. അഞ്ച് കോര്‍പറേഷനുകളിലുമായി അടിസ്ഥാന സൌകര്യ വികസനത്തിന് 1450 കോടിയുടെ പ്രോജക്ടുകളാണ് നടപ്പാക്കുക.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നഗര വികസനത്തിന് ഇത്രയധികം പദ്ധതികള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്. ഓരോ പദ്ധതിക്കും നോഡല്‍ ഏജന്‍സികളെ നിയോഗിച്ചും മന്ത്രി പാലോളി മുഹമ്മദ്കുട്ടി പങ്കെടുത്ത അവലോകന യോഗങ്ങള്‍ ചേര്‍ന്നുമാണ് പദ്ധതികള്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കിയത്.

2. മലമ്പുഴ ഡാമില്‍ അടിഞ്ഞത് 200 കോടിയുടെ മണല്‍
തൃശൂര്‍: മണല്‍ അടിഞ്ഞതിനാല്‍ മലമ്പുഴ അണക്കെട്ടിന്റെ ജലസംഭരണശേഷി കുറഞ്ഞതായി റിപ്പോര്‍ട്ട്. 50 വര്‍ഷംകൊണ്ട് ഡാമില്‍ 30 ദശലക്ഷം ഘനമീറ്റര്‍ മണല്‍ അടിഞ്ഞിട്ടുണ്ട്. ഇതിന് ചുരുങ്ങിയത് 200 കോടി രൂപയുടെ മൂല്യമുള്ളതായും കണക്കാക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തൃശൂര്‍ പീച്ചിയിലുള്ള കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഇആര്‍ഐ) സെഡിമെന്റേഷന്‍ ഡിവിഷനാണ് ഇതുസംബന്ധിച്ച് പഠനംനടത്തിയത്.

ഡാമിന്റെ ജലസംഭരണശേഷി 226 ദശലക്ഷം ഘനമീറ്ററാണ്. 2005 നവംബറില്‍ സംഭരണശേഷി 198.32 ദശലക്ഷം ഘനമീറ്ററായി കുറഞ്ഞു. 50 വര്‍ഷത്തിനിടെ സംഭരണശേഷിയിലുണ്ടായ കുറവ് 30.672 ദശലക്ഷം ഘനമീറ്റര്‍. ഇന്റഗ്രേറ്റഡ് ബാത്ത്മെട്രിക് സിസ്റ്റം (ഐബിഎസ്) എന്ന ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വെള്ളത്തിനടിയിലെ മണലിന്റെ അളവ് തിട്ടപ്പെടുത്തിയത്.

ഡാമിന്റെ ജലസംഭരണിയുടെ വിസ്തീര്‍ണം 22 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നത് ഇപ്പോള്‍ 26.88 ച. കിലോമീറ്ററായി. പുഴയോരങ്ങള്‍ വന്‍തോതില്‍ ഇടിയുന്നതുമൂലമാണ് ഈ വര്‍ധന. കുടിവെള്ള പൈപ്പ് ഘടിപ്പിച്ചിട്ടുള്ള 95.5 മീറ്റര്‍ ആഴത്തിലുള്ള ഭാഗമാണ് കുറഞ്ഞ സംഭരണശേഷി (ഡെഡ് സ്റ്റോറേജ്) കണക്കാക്കിയിട്ടുള്ളത്. ഈ മേഖലയില്‍ മണലടിഞ്ഞ് 91.12 ശതമാനം ജലസംഭരണശേഷിയുടെ കുറവുണ്ടായതായും പഠനത്തില്‍ കണ്ടെത്തി.

ഐഇആര്‍ഐ പഠനറിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കെഇആര്‍ഐയെ തന്നെ നോഡല്‍ ഓഫീസാക്കി, ഡാമിലെ മണലെടുക്കാന്‍ തയ്യാറുള്ള കമ്പനികളുടെ അഭിപ്രായം ആരായും. മറ്റു ഡാമുകളിലും സമാനമായ പഠനം പിന്നീട് നടത്തുമെന്ന് കെഇആര്‍ഐ ഡയറക്ടര്‍ സജീവന്‍ ‘ദേശാഭിമാനി’യോടു പറഞ്ഞു.

നിര്‍മാണമേഖലയില്‍ മണല്‍ ക്ഷാമം അനുഭവപ്പെടുന്ന ഘട്ടത്തില്‍ കെഇആര്‍ഐ പഠനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഓടുനിര്‍മാണകേന്ദ്രമായ തൃശൂര്‍ ജില്ലയില്‍ ഇരുനൂറില്‍പ്പരം ഓട്ടുകമ്പനികള്‍ പൂട്ടിക്കിടക്കുകയാണ്. പ്രവര്‍ത്തിക്കുന്ന 230 കമ്പനിക്കാകട്ടെ ആവശ്യത്തിന് മണല്‍ കിട്ടുന്നുമില്ല. ഒരു ലോഡ് മണലിന് (ഏഴു ടണ്‍) 4000 രൂപ വിലയുണ്ട്. റിസര്‍വ് ഫോറസ്റ്റ് മേഖലയിലല്ലാത്തതിനാല്‍ കേന്ദ്ര വനം-പരിസ്ഥതി വകുപ്പിന്റെ അനുമതിയില്ലാതെതന്നെ ഡാമിലെ മണല്‍ ശേഖരിക്കുകയും ചെയ്യാം.

3.  പുറമ്പോക്കുഭൂമിയില്‍ മനോരമ പുതിയ കെട്ടിടവും പണിതു
തിരു: നിയമത്തെ വെല്ലുവിളിച്ച് കൈയേറ്റഭൂമിയില്‍ മലയാള മനോരമ പുതിയ കെട്ടിടത്തിന്റെ പണിതീര്‍ത്തു. തോട് കൈയേറി പണിത കെട്ടിടത്തോടുചേര്‍ന്ന് അനുമതിയില്ലാതെ കെട്ടിടം നിര്‍മിക്കുന്നതിനെതിരെ കോര്‍പറേഷന്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മൌനാനുവാദത്തോടെ പണി പൂര്‍ത്തിയാക്കുകയായിരുന്നു.

തമ്പാനൂരില്‍ മനോരമയുടെ യൂണിറ്റ് കെട്ടിടം നിര്‍മിച്ച പുറമ്പോക്കുഭൂമിയില്‍ അതേ സര്‍വേനമ്പരില്‍പ്പെട്ട സ്ഥലത്തുതന്നെയാണ് പുതിയ കെട്ടിടവും ഉയര്‍ന്നിട്ടുള്ളത്. കോര്‍പറേഷന്‍ ഓഫീസില്‍ സമര്‍പ്പിച്ച പ്ളാനില്‍ ഈ നിര്‍മാണം കാണിച്ചിരുന്നില്ല. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോര്‍പറേഷന്‍ 2007 ജൂണില്‍ മനോരമയ്ക്ക് നോട്ടീസ് നല്‍കി. 2002 ഒക്ടോബര്‍ 17ന് അനുമതി ലഭിച്ച പ്ളാനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മാണമെന്നും പണി പൂര്‍ത്തിയായശേഷം വിശദമായ പ്ളാന്‍ സമര്‍പ്പിക്കാമെന്നും ആയിരുന്നു മനോരമയുടെ മറുപടി.

കെട്ടിടത്തിന്റെ ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താമെന്നല്ലാതെ അതിനോടുചേര്‍ന്ന് മറ്റൊരു കെട്ടിടം നിര്‍മിക്കാന്‍ കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. പുതിയ നിര്‍മാണം പ്ളാനില്‍ കാണിച്ചിട്ടില്ലെന്നും കണക്കിലില്ലാത്ത സ്ഥലം ഉപയോഗിച്ചിട്ടുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച കോര്‍പറേഷന്‍ ഉദ്യോസ്ഥന്‍ റിപ്പോര്‍ട്ട് എഴുതുകയുംചെയ്തു.

തൈക്കാട് വില്ലേജില്‍ സര്‍വെ നമ്പര്‍ 2595 ആയി കാണിച്ചിരിക്കുന്ന തോട് കൈയേറിയാണ് മനോരമയുടെ യൂണിറ്റ് ഓഫീസ് നിര്‍മിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ജൂലൈ 24ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ സര്‍വേനമ്പരില്‍പ്പെട്ട സ്ഥലത്തുതന്നെ പുതിയ നിര്‍മാണം നടക്കുന്നതായി രണ്ടുദിവസത്തിനുശേഷം വാര്‍ത്ത വരികയും ചെയ്തതോടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. എന്നാല്‍,അതു വകവയ്ക്കാതെ മനോരമ കെട്ടിടം പൂര്‍ത്തിയാക്കുകയായിരുന്നു. സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും നിര്‍മാണം തുടര്‍ന്നാല്‍ പൊലീസ് സഹായത്തേടെ ഇടപെടാമെങ്കിലും സാധാരണക്കാരുടെ നേരെ കണ്ണുരുട്ടുന്ന നിയമം മനോരമയുടെ കാര്യത്തില്‍ മൂകസാക്ഷിയായി. അനധികൃത നിര്‍മാണത്തിനു കൂട്ടുനിന്ന ടൌണ്‍പ്ളാനര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് മറ്റ് അഴിമതിക്കേസുകളില്‍ സസ്പെന്‍ഷനിലാണ്.

4. കാര്‍ഷിക വിളകള്‍ക്ക് വിലസ്ഥിരതാഫണ്ട് പരിഗണനയില്‍: മന്ത്രി മുല്ലക്കര
കൊച്ചി: കാര്‍ഷികവിളകള്‍ക്ക് എല്ലാക്കാലത്തും ന്യായവില ലഭിക്കാന്‍ വിലസ്ഥിരതാഫണ്ട് ഏര്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കൃഷിവകുപ്പ് മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച കാര്‍ഷികോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച വിളവ് ലഭിക്കുന്ന കാലത്ത് കര്‍ഷകന്‍ വിലസ്ഥിരതാഫണ്ടിലേക്ക് നിശ്ചിത തുക നിക്ഷേപിക്കുകയും വിളവ് മോശമാകുമ്പോള്‍ കര്‍ഷകന് ഫണ്ടില്‍നിന്ന് ധനസഹായം ലഭിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൃഷിപരിപാലനത്തിനൊപ്പം കര്‍ഷകരെയും സംരക്ഷിക്കണം. നാളികേര-നെല്‍കൃഷി മേഖലകളിലെ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കും.

കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനവിലയും തമ്മില്‍ വലിയ അന്തരമുണ്ട്. കര്‍ഷകര്‍ നേരിട്ട് വിപണിയില്‍ ഇടപെട്ടാല്‍ ഇതിന് മാറ്റംവരും. വിപണി നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍തല സംവിധാനം ഏര്‍പ്പെടുത്തണം-അദ്ദേഹം പറഞ്ഞു.

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ കാര്‍ഷിക കൂട്ടായ്മ വളര്‍ത്തിയെടുക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി എസ് ശര്‍മ പറഞ്ഞു.

സംസ്ഥാന വിള ഇന്‍ഷുറന്‍സ് ധനസഹായമായ ഒരു ലക്ഷം രൂപ ആലപ്പുഴയിലെ കര്‍ഷകനായ ഗോപാലകൃഷ്ണന്‍നായര്‍ക്ക് മുല്ലക്കര രത്നാകരന്‍ നല്‍കി. കാര്‍ഷികോല്‍സവത്തിന്റെ ഭാഗമായി നടന്ന മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. കാര്‍ഷികമേളയുടെ സുവനീര്‍ മന്ത്രി മുല്ലക്കര രത്നാകരന് നല്‍കി മന്ത്രി എസ് ശര്‍മ പ്രകാശനം ചെയ്തു. കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കെ ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രൊഫ. കെ വി തോമസ് എംഎല്‍എ അധ്യക്ഷനായിരുന്നു. കെ ബാബു എംഎല്‍എ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.

5. അദൃശ്യത നീക്കി ബുധന്‍ ഇനി കണ്‍മുന്നില്‍
പയ്യന്നൂര്‍: വലുപ്പക്കുറവും സൂര്യസാമീപ്യവും കൊണ്ട് ആകാശഗംഗയില്‍ അദൃശ്യമായി കഴിയുന്ന ബുധന്‍ ഇനി വാനനിരീക്ഷകരുടെ കണ്‍മുന്നില്‍.

ഫെബ്രുവരി 26 മുതല്‍ ഒരു മാസമാണ് അദൃശ്യതയുടെ മറനീക്കി ബുധന്‍ പുറത്തുവരിക. നീണ്ട കാലയളവിനുശേഷമാണ് ബുധനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവുന്നത്. ഈ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് ശേഷം കിഴക്കന്‍ ചക്രവാളത്തില്‍ തെക്കോട്ട് മാറിമങ്ങിയ നക്ഷത്ര രൂപത്തിലായിരിക്കും ബുധന്‍. കൂടെ വെട്ടിത്തിളങ്ങുന്ന ശുക്രനെയും കാണാം. ശുക്രന്റെ പ്രഭാവലയമാണ് ബുധന് ദൃഷ്ടിപഥത്തില്‍ ദൃശ്യത നല്‍കുന്നത്. ചൊവ്വാഴ്ചയാണ് ഈ അത്യപൂര്‍വ ഗ്രഹയോഗം ആരംഭിക്കുക. മകരം രാശിയുടെ മധ്യത്തിലാണ് ഇരുഗ്രഹങ്ങളും സമന്വയിക്കുന്നത്. ഈ അപൂര്‍വ പ്രതിഭാസം ആകാശഗംഗക്ക് അപൂര്‍വവിരുന്നൊരുക്കും.

6. എല്ലാ ജില്ലയുടെയും പേരില്‍ ലോക്സഭാ മണ്ഡലങ്ങള്‍
ന്യൂഡല്‍ഹി: ലോക്സഭാ മണ്ഡല പുനഃസംഘടനയിലൂടെ എല്ലാ ജില്ലയുടെയും പേരില്‍ ലോക്സഭാ മണ്ഡലങ്ങളായി. വയനാട്, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് ഇതേ പേരില്‍ മണ്ഡലങ്ങള്‍ പുതുതായി കിട്ടിയത്. നിലവില്‍ പട്ടികജാതി സംവരണ സീറ്റുകളായ ഒറ്റപ്പാലം, അടൂര്‍ എന്നിവയ്ക്കു പകരം ആലത്തൂര്‍, മാവേലിക്കര എന്നിവ പുതിയ സംവരണ മണ്ഡലങ്ങളായി.

മഞ്ചേരി, ഒറ്റപ്പാലം, മുകുന്ദപുരം, മൂവാറ്റുപുഴ, അടൂര്‍, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങള്‍ ഇല്ലാതായി. വയനാട്, ആലത്തൂര്‍, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങല്‍ എന്നീ പുതിയ പേരില്‍ മണ്ഡലങ്ങള്‍ നിലവില്‍ വന്നു.

പഴയ മഞ്ചേരി, കോഴിക്കോട് മണ്ഡലങ്ങളിലെ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്താണ് പുതിയ വയനാട് മണ്ഡലം. പഴയ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെയും ഒറ്റപ്പാലം മണ്ഡലത്തിലെയും നിയമസഭാ മണ്ഡലങ്ങള്‍ പുനഃസംഘടിപ്പിച്ച് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിലുണ്ടായിരുന്ന തൃത്താല നിയമസഭാ മണ്ഡലം പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാക്കി.

പഴയ മുകുന്ദപുരത്തിന്റെ സ്ഥാനത്ത് ചാലക്കുടി നിലവില്‍ വന്നു. അടൂരിനു പകരം പത്തനംതിട്ടയും ചിറയിന്‍കീഴിനു പകരം ആറ്റിങ്ങലും.

പുതിയ ലോക്സഭാ മണ്ഡലങ്ങളും അവയിലെ നിയമസഭാ മണ്ഡലങ്ങളും:

1. കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി.

2. കണ്ണൂര്‍: തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍.

3. വടകര: തലശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര.

4. വയനാട്: മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍.

5. കോഴിക്കോട്: ബാലുശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി.

6. മലപ്പുറം: കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്.

7. പൊന്നാനി: തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല.

8. പാലക്കാട്: പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്.

9. ആലത്തൂര്‍ (എസ്സി): തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി.

10. തൃശൂര്‍: ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്.

11. ചാലക്കുടി: കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്.

12. എറണാകുളം: കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര.

13. ഇടുക്കി: മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പഞ്ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്.

14. കോട്ടയം: പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി.

15. ആലപ്പുഴ: അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി.

16. മാവേലിക്കര (എസ്സി): ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം.

17. പത്തനംതിട്ട: കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍.

18. കൊല്ലം: ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍.

19. ആറ്റിങ്ങല്‍: വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട.

20. തിരുവനന്തപുരം: കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര.

7. മുന്‍വര്‍ഷം ആദ്യപകുതിയില്‍ എണ്ണൂറിലേറെ കര്‍ഷക ആത്മഹത്യ
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണൂറിലേറെ കര്‍ഷകര്‍ 2007 ന്റെ ആദ്യപകുതിയില്‍മാത്രം ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി. വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് കേന്ദ്രം നല്‍കിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന വിവരം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാര്‍ഷിക പാക്കേജ് നടപ്പാക്കിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ആത്മഹത്യ. കേരളംമാത്രമാണ് ഇതിന് അപവാദം.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്- 607 പേര്‍. മറ്റൊരു കോണ്‍ഗ്രസ് ഭരണസംസ്ഥാനമായ ആന്ധ്രയില്‍ 114 പേര്‍ ആത്മഹത്യ ചെയ്തു. കോടികള്‍ മുടക്കി കാര്‍ഷികപാക്കേജ് നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളാണ് ഇവ രണ്ടും. കാര്‍ഷികപാക്കേജ് നടപ്പാക്കിയ കര്‍ണാടകത്തില്‍ 73 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇതേ കാലയളവില്‍ പതിമൂന്ന് ആത്മഹത്യകള്‍ നടന്നു. കര്‍ഷക ആത്മഹത്യാനിരക്ക് കേരളത്തില്‍ ഗണ്യമായി കുറഞ്ഞുവരുന്നതായി കേന്ദ്രത്തിന്റെ കണക്കുകള്‍തന്നെ തെളിയിക്കുന്നു.

കൃഷി മുഖ്യഘടകമല്ലാത്ത ചെറുസംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടങ്ങളില്‍നിന്നും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പഞ്ചാബും ഗുജറാത്തും ആത്മഹത്യാ കണക്ക് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ആര്‍ടിഐ അപേക്ഷയ്ക്ക് കേന്ദ്ര കൃഷിമന്ത്രാലയം നല്‍കിയ കണക്കില്‍ പറയുന്നു.

ബജറ്റ് സമ്മേളനത്തിന്റെ തൊട്ടുതലേന്ന് കര്‍ഷകആത്മഹത്യ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത് കേന്ദ്രത്തിന് തിരിച്ചടിയാകും. പാര്‍ലമെന്റില്‍ കടുത്ത ആക്രമണംതന്നെ സര്‍ക്കാരിനെതിരെ ഉണ്ടാകും. മഹാരാഷ്ട്രയിലും ആന്ധ്രയിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ എന്നതാണ് കോണ്‍ഗ്രസിന് കൂടുതല്‍ ക്ഷീണം ചെയ്യുക. മഹാരാഷ്ട്രയിലെ ആറ് ജില്ലയ്ക്കായി 3,879 കോടി രൂപയും ആന്ധ്രയിലെ പതിനാറ് ജില്ലയ്ക്കായി 9,650 കോടി രൂപയും പ്രത്യേകപാക്കേജ് എന്ന നിലയില്‍ കേന്ദ്രം അനുവദിച്ചിരുന്നു.

8. ഇന്ത്യയെ സൈനിക താവളമാക്കുന്ന കരാറിനായി  വീണ്ടും അമേരിക്ക
ന്യൂഡല്‍ഹി: ഇന്ത്യയെ പൂര്‍ണമായും അമേരിക്കയുടെ സൈനികനീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വിട്ടുകൊടുക്കുന്ന സൈനികവിന്യാസ സംവിധാനക്കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്ക ശ്രമം സജീവമാക്കി. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാനും ഇന്ത്യയുമായുള്ള ആയുധക്കച്ചവടം വര്‍ധിപ്പിക്കാനുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഇന്ത്യയിലെത്തുന്നു. ചൊവ്വാഴ്ച എത്തുന്ന ഗേറ്റ്സിനൊപ്പം അമേരിക്കയിലെ വന്‍ ആയുധനിര്‍മാണ ബിസിനസുകാരും സൈനികത്തലവന്മാരുമടങ്ങുന്ന 50 അംഗ സംഘമുണ്ട്.

തന്ത്രപരമായ സഹകരണം സംബന്ധിച്ച് ഇരു രാജ്യവും വിലയിരുത്തും. ഇത് ശക്തിപ്പെടുത്താനും കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും ശ്രമമുണ്ടാകും. പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി ഗേറ്റ്സ് ചര്‍ച്ച നടത്തും.

ഫെബ്രുവരി ആദ്യ പകുതിയില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിരോധ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും അന്താരാഷ്ട്ര പ്രദര്‍ശനത്തിനു പിന്നാലെയാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ വരവെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, വിദേശമന്ത്രി പ്രണബ് മുഖര്‍ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ എന്നിവരുമായും ഗേറ്റ്സ് ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സൈനികവിന്യാസ സംവിധാനം സംബന്ധിച്ച കരാറില്‍ ഒപ്പിടാന്‍ അമേരിക്ക കഴിഞ്ഞ ഒരു വര്‍ഷമായി പരിശ്രമിച്ചുവരികയാണ്. ഇരു രാജ്യത്തിന്റെയും സൈനികത്താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക, ഇന്ധനം നിറയ്ക്കാനുള്ള സൌകര്യംചെയ്തുകൊടുക്കുക എന്നിവയടക്കം സൈനികനീക്കങ്ങളെ സഹായിക്കാന്‍ പരസ്പരം സഹകരിക്കുകയെന്നതാണ് കരാറില്‍ ലക്ഷ്യമിടുന്നത്. ഫലത്തില്‍ ഇന്ത്യയുടെ സൈനികസംവിധാനങ്ങള്‍ അമേരിക്കന്‍ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതാകും കരാര്‍. ലോജിസ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് എന്ന് പേരിട്ടിരിക്കുന്ന കരാറിന്റെ പേര് മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി കരാറിനെക്കുറിച്ച് ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ കരാര്‍ ആവശ്യമാണെന്നാണ് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ദുഷ്ടതാല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഇന്ത്യ വിട്ടുകൊടുക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കരുതെന്നാണ് ഇടതുപാര്‍ടികളുടെ നിലപാട്.

9. ദുബായില്‍ സമരംചെയ്ത  45 ഇന്ത്യക്കാരെ ശിക്ഷിച്ചു
ദുബായ്: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത 45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ ആറു മാസത്തേക്ക് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരില്‍ മലയാളികളുണ്ടോ എന്നറിവായിട്ടില്ല. പണിമുടക്കിയ തൊഴിലാളികള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നത് ദുബായില്‍ ആദ്യമായാണ്.

ശിക്ഷ തീര്‍ന്നശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അന്യായമായ പണിമുടക്ക്, അക്രമം, സ്വത്ത്നഷ്ടം, തൊഴിലുടമയ്ക്കെതിരെ സമരത്തിന് പ്രേരണ നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശമ്പള വര്‍ധനവിനായി പണിമുടക്കിയ തൊഴിലാളികളെ ശിക്ഷിച്ചത്.

തൊഴിലുടമയില്‍നിന്ന് അവകാശങ്ങള്‍ നേടാന്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്ന് ദുബായ് ക്രിമിനല്‍ കോടതി തലവന്‍ ജാസിം ബാഖ്വര്‍ പറഞ്ഞു.

10. ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് പീഡനം
ലണ്ടന്‍: ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വന്‍തോതില്‍ പീഡിപ്പിക്കപ്പെടുന്നതായി സര്‍വെ. രോഗികളില്‍ നിന്ന് ശാരീരിക പീഡനവും വാക്കാലുള്ള അധിക്ഷേപവുമാണ് ഏറെയും നേരിടേണ്ടിവരുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേശീയ ആരോഗ്യ സര്‍വീസിലെ മൂന്നില്‍ ഒന്ന് ഇന്ത്യന്‍ഡോക്ടര്‍മാര്‍ ഭീഷണിയും അധിക്ഷേപവും നേരിടേണ്ടിവരുന്നു. പത്തില്‍ ഒരാള്‍ക്ക് കുത്തി പരിക്കേല്‍പ്പിക്കുക, ചവിട്ടുക, ഇടിക്കുക, കടിക്കുക, തുപ്പുക, തുടങ്ങിയ ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടിവരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സര്‍വെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നതായി ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ അംഗമായ ഡോ. ജോയ്ദീപ് ഗ്രോവര്‍ പറഞ്ഞു.

ചിലപ്പോള്‍ രോഗികള്‍ വെള്ളക്കാരായ ഡോക്ടര്‍മാരെ ആവശ്യപ്പെടുന്നു. പലയിടത്തും വംശീയ അധിക്ഷേപവും നടക്കുന്നു. പ്രായമായ രോഗികളാണ് അധിക്ഷേപിക്കുന്നതില്‍ മുന്നില്‍- ഡോ. ജോയ്ദീപ് പറഞ്ഞു. മിക്ക ആശുപത്രിയിലും വര്‍ണവിവേചനത്തിനെതിരെ പദ്ധതികളുണ്ട്. പക്ഷേ, പലപ്പോഴും ഇത് നടപ്പാക്കുന്നതില്‍ ആശുപത്രികള്‍ പരാജയപ്പെടുന്നു.

1. സ്കൂള്‍ ലൈബ്രറികളില്‍ കമ്യൂണിസ്റ്റ് പുസ്തകങ്ങള്‍ വാങ്ങാന്‍ നിര്‍ദേശം
കോട്ടയം: എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ ലൈബ്രറികളിലേക്ക് വാങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്ന പുസ്തകങ്ങളിലേറെയും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കു മുന്‍തൂക്കമുള്ളതായിരിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ഡി.ഡിമാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയതായി സൂചന.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മാര്‍ക്സിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം സ്കൂളുകളിലേക്ക് എത്തിക്കുക എന്ന ഹിഡന്‍ അജണ്ടയാണ് ഇതിനു പിന്നിലുള്ളതെന്നു ആരോപണമുണ്ട്. എസ്.എസ്.എയില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റിന്റെ പകുതി തുകയ്ക്ക് സ്കൂള്‍ ലൈബ്രറികളിലേക്ക് വായനാ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കണമെന്നാണ് നിര്‍ദേശം.

യു.പി വരെയുള്ള സ്കൂളുകള്‍ക്ക് 2000 രൂപയും ഹൈസ്കൂളുകള്‍ക്ക് 4000 രൂപയുമാണ് ഗ്രാന്റ്. ഓരോ ജില്ലകളിലും എസ്.എസ്.എ ഒരുക്കുന്ന പ്രദര്‍ശനശാലകളില്‍നിന്നു മാത്രമേ പുസ്തകങ്ങള്‍ വാങ്ങാവൂ എന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

വിവിധ ജില്ലകളില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. സര്‍ക്കാരിന്റേയും സ്വകാര്യ സ്ഥാപനങ്ങളുടേതുമായ സ്റ്റാളുകളാണ് പ്രദര്‍ശന നഗരികളില്‍ ഒരുക്കിയിട്ടുള്ളത്.

എന്നാല്‍, സ്വകാര്യ സ്റ്റാളു കളില്‍നിന്ന് തെരഞ്ഞെടുക്കാന്‍ നല്‍കിയ ലിസ്റ്റില്‍ ഉള്ള പുസ്തകങ്ങളില്‍ നല്ലൊരു വിഭാഗം സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ചിന്താ പബ്ളിക്കേഷന്‍സിന്റേതാണ്. ഡി.സി ബുക്സിന്റെ പുസ്തകങ്ങളുടെ എണ്ണത്തിനൊപ്പം തന്നെ ചിന്താ പബ്ളിക്കേഷന്റെ പുസ്തകങ്ങളും ലിസ്റ്റിലുണ്ട്. യു.പി വിഭാഗം കുട്ടികള്‍ക്ക് വായനയ്ക്കായി തെരഞ്ഞെടുക്കാന്‍ നല്‍കിയി രിക്കുന്ന ലിസ്റ്റിനെക്കുറിച്ചും വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്.

കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയുടെ സ്വാതന്ത്യ്ര ത്തിനുവേണ്ടി ഫിഡല്‍ കാസ്ട്രോയും ആത്മസുഹൃത്ത് ചെഗുവേരയും നടത്തിയ പോരാട്ടങ്ങളെക്കുറിച്ചു പത്തു വയസുള്ള വിദ്യാര്‍ഥികള്‍ വായിക്കാനായി ‘ഫിഡല്‍ കാസ്ട്രോ വിപ്ളവസ്വപ്നങ്ങളുടെ സാഫല്യം’ എന്ന പുസ്തകം നിര്‍ദേശിച്ചിരിക്കുന്നു.

എ.കെ. ജിയെക്കുറിച്ച് പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എഴുതിയ ‘എനിക്കും വേണം സ്വാതന്ത്യ്രം’ എന്നതാണ് മറ്റൊരു പുസ്തകം.

സ്വാതന്ത്യ്രസമരം കുട്ടികളുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ ഈ കൃതി സഹായകമാകുമെന്ന് എസ്.എസ്.എ അവകാശപ്പെടുന്നു. യു.പി വിഭാഗം കുട്ടികള്‍ തീര്‍ച്ചയായും ഇ.എം.എസിന്റെ ജീവചരിത്രം വായിക്കണമെന്ന നിര്‍ദേശത്തോടെ ഇ.എം.എസിന്റെ ആത്മകഥയും സ്കൂളുകള്‍ക്കു നല്‍കുന്നു. മുല്‍ക്ക്രാജ് മുതല്‍ പവനന്‍ വരെ എന്ന പി. ഗോവിന്ദപ്പിള്ളയുടെ പുസ്തകമാണ് സ്കൂളുകള്‍ക്ക് നല്‍കാനായി എത്തിച്ചിട്ടുള്ളതിലുള്ള മറ്റൊരു പുസ്തകം.

എസ്.എസ്.എയുടെ ഫണ്ടു പയോഗിച്ചും പാര്‍ട്ടിയുടെ ആശ യപ്രചാരണം നടത്താന്‍ ശ്രമിക്കുന്നതിനെതിരേ വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്.

2. പാലോളി റിപ്പോര്‍ട്ടും ഇരട്ടത്താപ്പിന്റെ ഇടതുമുഖവും
ഒരു ജനകീയ സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നത് ശരിയാണോ ? ചോദ്യം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോടാണെങ്കില്‍ തീര്‍ച്ചയായും ചോദിക്കുന്നവര്‍ നാണം കെടും. കാരണം, സര്‍ക്കാരിന്റെ ഗുരുതരമായ പിടിപ്പുകേടുകള്‍ക്കും ഗൂഢതന്ത്രങ്ങള്‍ക്കും മറയിടുന്നത് ഇത്തരം ഇരട്ടത്താപ്പു നിലപാടുകള്‍ മാത്രമാണ്.

അതിന്റെ ഒടുവിലത്തെ തെളിവാണ് പാലോളി സമിതിയുടെ ശിപാര്‍ശകള്‍. ഇതോടെ ഇരട്ടത്താപ്പ് മുഖം ഒരിക്കല്‍ക്കൂടി ദൃശ്യമായി. ഒരു വശത്തു കൂടി ന്യൂനപക്ഷവിഭാഗത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാനും പ്രീണിപ്പിക്കാനും തന്ത്രങ്ങളൊരുക്കുമ്പോള്‍ തന്നെ മറുവശത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ കൊടുവാളോങ്ങുന്നതില്‍ ആനന്ദം കണ്െടത്തുകയാണ് സര്‍ക്കാര്‍.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരേ നിയമം ഉണ്ടാക്കുകയും അവസാനം കോടതി ഇടപെട്ടപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ സത്യവാംങ് മൂലം നല്‍കുകയും ചെയ്ത സര്‍ക്കാരാണ് ഇപ്പോള്‍ പാലോളി കമ്മീഷന്‍ മുഖേന മുസ്ലിം സമുദായത്തെ വശത്താക്കാന്‍ ശ്രമിക്കുന്നത്.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം ഊട്ടിയുറപ്പിക്കുന്ന ഭരണഘടനയിലെ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 31 എ. എന്നാല്‍, സ്വാശ്രയ കേസ് സമയത്ത് ഈ വകുപ്പിനെതിരേ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇടതു സര്‍ക്കാരിനു തെല്ലും ആലോചിക്കേണ്ടി വന്നില്ല. ‘ ഉന്നത വിദ്യാഭ്യാസരംഗത്തു മെറിറ്റ് മാത്രമേ പരിഗണിക്കാവൂ.

ആ തലത്തില്‍ ന്യൂനപക്ഷ-ന്യൂനപക്ഷേതര സ്ഥാപനങ്ങളെ തുല്യമായി തന്നെ പരിഗണിക്കണം. ന്യൂനപക്ഷവിദ്യാര്‍ഥികള്‍ വന്‍ തോതില്‍ മെറിറ്റിലൂടെ പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നു. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേറെയും ന്യൂനപക്ഷസമുദായങ്ങളുടെ കൈയിലാണ്. കേരളത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും ഭൂരിപക്ഷവിഭാഗത്തോടു ഒപ്പമെത്തുകയോ അവര്‍ക്ക് ഒട്ടും താഴെയല്ലാത്ത അവസ്ഥയിലെത്തുകയോ ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രത്യേകസംരക്ഷണം തെറ്റായ വിവേചനമാണ് ‘ എന്നിങ്ങനെ നീളുന്നു സര്‍ക്കാരിന്റെ വിവാദ സത്യവാങ്മൂലം.

ഇതിനിടയിലാണ് പാലോളി കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്. കമ്മീഷന്‍ മുസ്ലിം സമുദായത്തിനു വിദ്യാഭ്യാസ പുരോഗതി നേടിയെടുക്കാനാവശ്യമായ നിരവധി ശിപാര്‍ശകള്‍ നല്കിയിരിക്കുകയാണിപ്പോള്‍.

എന്നാല്‍, കോടതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ കൊടുത്ത സത്യവാങ് മൂലം തെറ്റായിരുന്നെന്നു സമ്മതിക്കാനോ പിന്‍വലിക്കാനോ സര്‍ക്കാര്‍ ഇതുവരെയും തയാറായിട്ടില്ല. അതായത്, ന്യൂനപക്ഷവിഭാഗങ്ങളോടുള്ള ആത്മാര്‍ഥമായ സ്നേഹമല്ല, മറിച്ച് മുസ്ലിം സമുദായത്തിന്റെ വോട്ടു ബാങ്കിലാണ് ഇടതു സര്‍ക്കാരിന്റെ കണ്ണെന്നു വ്യക്തം.

മതകാര്യങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാകണമെങ്കില്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും. മദ്രസകളുടെ നവീകരണവും മുസ്ലിം സംസ്കാരം ഉള്‍പ്പെടുത്തുന്ന പാഠപുസ്തകങ്ങളും മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നു. മുസ്ലിം കുട്ടികളില്‍ നല്ലൊരു പങ്കും സ്കൂളുകളില്‍ പഠിക്കുന്ന സാഹചര്യം നിലവിലിരിക്കുമ്പോള്‍ തന്നെയാണ് ഇങ്ങനെയൊരു ശിപാര്‍ശ.

മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്കണമെന്നതിലും രണ്ടഭിപ്രായമില്ല. അതേസമയം, ക്രൈസ്തവ മാതാപിതാക്കള്‍ മക്കളെ കഴിവതും ക്രൈസ്തവ സമുദായത്തിന്റെ സ്കൂളുകളില്‍ പഠിപ്പിക്കണമെന്നു മാര്‍ ജോസഫ് പവ്വത്തില്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഉറഞ്ഞുതുള്ളിയതും ഇതേ ഇടതുപക്ഷം തന്നെയാണ്. തങ്ങളുടെ തനതു സംസ്കാരവും മൂല്യങ്ങളും നല്കപ്പെടുന്നുണ്െടന്നുറപ്പു വരുത്താനാണെന്നു വ്യക്തമാക്കിക്കൊണ്ടാണു മാതാപിതാക്കളുടെ ഒരു സംഗമത്തില്‍ സഭാധ്യക്ഷന്‍ നിര്‍ദോഷമായ അഭിപ്രായപ്രകടനം നടത്തിയത്. എന്നാല്‍, അതിനെ വര്‍ഗീയവത്ക്കരിക്കാനും തെറ്റായി വ്യാഖ്യാനിക്കാനും ഏറെ തലപുകച്ച ഇടതുപക്ഷം തന്നെ ഇപ്പോള്‍ അതേ കാരണങ്ങള്‍ക്കൊണ്ട് മദ്രസ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നു ശിപാര്‍ശ ചെയ്തിരിക്കുന്നു. ഇരട്ടത്താപ്പേ നിന്റെ പേരോ ഇടതുപക്ഷം !

തീര്‍ന്നില്ല, ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനത്തിലേറെ ന്യൂനപക്ഷ വിദ്യാര്‍ഥികളായിരിക്കണമെന്നു ഇടതുപക്ഷ സര്‍ക്കാര്‍ കോടതിയില്‍ നിലപാടു സ്വീകരിച്ചിരുന്നു. ഇവര്‍ തന്നെയാണ് ക്രൈസ്തവ വിദ്യാര്‍ഥികള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ പഠിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ അഭിപ്രായത്തിനെതിരേയും രംഗത്തു വന്നത്. ക്രൈസ്തവ വിദ്യാര്‍ഥികള്‍ ക്രൈസ്തവസ്ഥാപനങ്ങളില്‍ പഠിക്കാതെങ്ങനെയാണ് ഈ അമ്പതു ശതമാനം തികയ്ക്കുന്നതെന്നൊന്നും ചോദിക്കരുത്. ‘സാമൂഹികനീതി’യെ എങ്ങനെയും വളയ്ക്കാം.

‘സാമൂഹിക നീതി’യുടെ ഉപാസകരായ ഇടതുപക്ഷത്തിന്റെ കണ്ണില്‍ കാലമിത്രയുമായിട്ടും ദളിത് ക്രൈസ്തവരുടെ രോദനങ്ങള്‍ വീഴാത്തതാണ് മറ്റൊരു അദ്ഭുതം. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിനു തൊട്ടുപുറകേ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നു കേരള മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു, നല്ലകാര്യം. അതേപോലെ തന്നെ ദളിത് ക്രൈസ്തവരുടെ സംവരണപ്രശ്നം പരിഹരിക്കാനുള്ള നടപടിയും വേണ്ടതല്ലേ?

സുപ്രീം കോടതി ഉള്‍പ്പടെ ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നു പലവട്ടം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ കേന്ദ്രത്തിനു മുന്നില്‍ ശക്തമായൊരു നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷം തയാറായിട്ടില്ല. യു.പിയില്‍ മായാവതി സര്‍ക്കാര്‍ ദളിത് ക്രൈസ്തവരെ ലിസ്റ്റില്‍ പെടുത്തിയതു കണക്കിലെടുക്കുമ്പോഴാണ് കേരളത്തിലെ ‘സാമൂഹികനീതി പ്രഘോഷക’രുടെ പൊള്ളത്തരം വ്യക്തമാകുന്നത്. കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളും സംവിധാനങ്ങളും നല്കുന്ന സംവരണാനുകൂല്യം മാത്രമാണ് ഇപ്പോള്‍ ദളിത് ക്രൈസ്തവര്‍ക്ക് തുണയായിട്ടുള്ളത്.

വിദ്യാഭ്യാസരംഗത്തു മാത്രമല്ല എല്ലാമേഖലയിലും ഇരട്ടത്താപ്പ് നയമാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനു രക്ഷ. ആഗോള കുത്തകള്‍ക്കെതിരേ ദിവസം നാലു നേരം പ്രസംഗിക്കുകയും അതേസമയം, അവര്‍ക്ക് കേരളത്തിന്റെ മണ്ണിലേക്കു പരവതാനി വിരിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു മുഖം. ഒരു വശത്തു നേതാക്കള്‍ ആഗോള കുത്തകകള്‍ക്കെതിരേ പ്രസംഗിക്കുകയും മറുവശത്ത് അതേ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ പോവുകയും ചെയ്യുന്ന കാഴ്ച നാം കണ്ടു. എറണാകുളത്തും ആലപ്പുഴയിലുമൊക്കെ ഇത് അരങ്ങേറി.

എച്ച്.എം.ടി ഭൂമി ഇടപാടു വിവാദമായപ്പോള്‍ കേരളത്തിലെ ഇടതുപക്ഷത്തിനു ഹൈക്കോടതി വിധിയിലുണ്ടായിരിക്കുന്ന ‘വിശ്വാസ്യത’യാണ് ഇരട്ടത്താപ്പിന്റെ മറ്റൊരു വികൃതമുഖം. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധി പുറപ്പെടുവിക്കുമ്പോഴൊക്കെ കോടതിയെ പരസ്യമായി വെല്ലുവിളിക്കുകയും ജഡ്ജിക്കെതിരേ രോഷം കൊള്ളുകയും ചെയ്യുന്ന ഇടതുപക്ഷമാണ് ഭൂമി ഇടപാടില്‍ കുടുങ്ങുമെന്നായപ്പോള്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിട്ട് ഹൈക്കോടതി പറയുന്നതായിരിക്കും ശരിയെന്ന നിലപാടുമായി തടിതപ്പിയിരിക്കുന്നത്.

അഴിമതിയോടുള്ള സമീപനത്തിലും ആളും തരവും നോക്കി നിലപാടെടുക്കുന്നതില്‍ തെറ്റില്ലെന്ന പാരമ്പര്യം ഇടതുപക്ഷം ഇപ്പോഴും മുറുകെ പിടിക്കുന്നുണ്െടന്നാണ് എച്ച്.എം.ടി ഇടപാടു നല്കുന്ന മറ്റൊരു സന്ദേശം. രാജകുമാരി ഭൂമി പ്രശ്നത്തില്‍ മന്ത്രി കുരുവിളയെ നിര്‍ത്തിപ്പൊരിച്ച് രാജിവയ്പ്പിച്ച ഇടതു സര്‍ക്കാരാണ് ഒരു പക്ഷേ, അതിനേക്കാള്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും (ക്രമക്കേടു നടന്നെന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്) നടന്ന എച്ച്.എം.ടി ഭൂമി ഇടപാടില്‍ വ്യവസായ മന്ത്രി കരീമിന് പോറല്‍പോലുമേല്‍ക്കാതെ നോക്കാന്‍ ഉരുണ്ടു കളിക്കുന്നത്. പാവങ്ങളുടെ പാര്‍ട്ടിയെന്നു പ്രവര്‍ത്തകരെ പലവട്ടം ഓര്‍മിപ്പിക്കുകയും മറുവശത്തു കൂടി വന്‍ വ്യവസായികളുടെ സംഭാവനകള്‍ വാങ്ങി കീശനിറയ്ക്കുകയും ചെയ്യുന്ന കഥകള്‍ ദിനം പ്രതി പുറത്തുവരുന്നതോടെ ചിത്രം പൂര്‍ണമാവുന്നു.

ജനങ്ങളോടും ഭരണഘടനയോടും ഘടകകക്ഷികളോടും പാര്‍ട്ടിയോടു തന്നെയും ഞങ്ങളുടെ പിഴ, ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ !

3. പി.എസ്.സിയില്‍ അപേക്ഷക്കൂമ്പാരം ! കെട്ടിക്കിടക്കുന്നത് 67.5 ലക്ഷം അപേക്ഷകള്‍
തിരുവനന്തപുരം: കേരളാ പബ്ളിക് സര്‍വീസ് കമ്മീഷനില്‍ 67.5 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാകാതെ ഉണ്െടന്ന് ചെയര്‍മാന്‍ കെ.വി. സലാഹുദീന്‍ ദീപികയോട് പറഞ്ഞു. 2004 മുതലുള്ള അ പേക്ഷകള്‍ ഇക്കൂട്ടത്തില്‍പ്പെടും. 2005 മുതലുള്ളവയാണ് അധികവും. 2007 ഡിസംബര്‍ 31ലെ കണക്കാണ് 67.5 ലക്ഷം. അതിനുശേഷം വന്ന അപേക്ഷകള്‍ വേറെയുണ്ട്.

1500 ഓളം റാങ്ക് ലിസ്റ്റുകളാണ് പി.എസ്.സി തയാറാക്കേണ്ടത്. ഇതിനുപുറമെ പ്രമോഷന്‍ ലിസ്റ്റുകള്‍, പ്രമോഷന്‍ വ്യവസ്ഥകള്‍ എന്നിവയില്‍ ഉപദേശങ്ങളും നല്‍കണം. ചെയ്യാനുള്ള ജോലിക്കനുസരിച്ചുള്ള ആള്‍ബലമോ സാങ്കേതിക സൌകര്യമോ പി.എസ്.സിക്കില്ല. അതൊക്കെ സര്‍ക്കാര്‍ അനുവദിച്ചാലേ കുടിശിക ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാനാവൂ. സര്‍ക്കാരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടക്കുന്നു.

സംവരണതത്വം സംബന്ധിച്ച് സര്‍ക്കാര്‍ പി.എസ്.സിയോട് ശിപാര്‍ശയൊന്നും ആവശ്യപ്പെട്ടിട്ടില്ല. നിയമനരീതി പത്തിന്റെ യൂണിറ്റായാണ് ഇപ്പോള്‍ നടക്കുക. അത് 20ന്റെ യൂണിറ്റാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ എന്താകുമെന്ന അഭിപ്രായം ചോദിച്ചിട്ടുണ്ട്. പി.എസ്.സി അഭിപ്രായം നല്‍കിയിട്ടില്ല. അഭിപ്രായം നല്‍കാന്‍ സര്‍ക്കാര്‍ കാലപരിധിയൊന്നും നിശ്ചയിച്ചിട്ടുമില്ല – സലാഹുദീന്‍ പറഞ്ഞു.

ഇപ്പോള്‍ പത്ത് ഒഴിവുകളെ ഒരു യൂണിറ്റായി കണക്കാക്കിയാണ് നിയമനം നല്‍കുക. സുപ്രീംകോടതി വിധി അനുസരിച്ച് സംവരണ നിയമനം അമ്പത് ശതമാനത്തില്‍ അധികമായിക്കൂടാ. മെറിറ്റ് ലിസ്റ്റിലുള്ള ആദ്യത്തെ അഞ്ചുപേര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തിലും സംവരണ സമുദായങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ക്ക് സംവരണത്തിലും നിയമനം നല്‍കുന്നു. മെറിറ്റില്‍ വന്ന അഞ്ചുപേരും സംവരണ സമുദായത്തില്‍പ്പെട്ടവരായാല്‍ സംവരണ സമുദായങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ക്കുകൂടി നിയമനം ലഭിക്കും. ഇതുപതിന്റെ യൂണിറ്റാക്കിയാല്‍ ആദ്യത്തെ പത്ത് മെറിറ്റ് അ പേക്ഷകരെയും പത്ത് സംവര ണ അപേക്ഷകരെയും നി യ മി ക്കും.

ലിസ്റ്റിലെ ഒന്നും രണ്ടും അപേക്ഷകര്‍ സംവരണ സമുദായത്തില്‍പ്പെട്ടതാണെങ്കില്‍ അവര്‍ക്കുതന്നെ നിയമനം ലഭിക്കും. എന്നാല്‍ ഒന്നാമന്‍ കഴിഞ്ഞ് സംവരണ സമുദായത്തില്‍പ്പെട്ട അപേക്ഷകന്‍ 15-ാമതിലാണെങ്കിലും രണ്ടാമനായി നിയമനം ലഭിക്കുക ഇയാള്‍ക്കായിരിക്കും. എത്ര യൂണിറ്റിന്റെ നിയമനം നടത്തിയാലും സംവരണ സമുദായക്കാര്‍ക്ക് പകുതി ഉറപ്പാണ്. നൂറിന്റെ യൂണിറ്റാക്കിയാല്‍ അമ്പത് മെറിറ്റുകാരെയും അമ്പത് സംവരണക്കാരെയും കണ്െടത്തും. ഇതാണ് രീതി. ഇതുമൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. പി.എസ്.സി ശിപാര്‍ശ നല്‍കുകയും ചെയ്യും.

പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ പലപ്പോഴും ഒന്നോ രണ്േടാ ആയിരിക്കും. അ തുകൊണ്ട് പ്രായോഗികമായി പത്തിന്റെ യൂണിറ്റാക്കിയാലും ഇരുപതിന്റെ യൂണിറ്റാക്കിയാലും വലിയ പ്രശ്നമില്ല.

എല്‍.ഡി ക്ളാര്‍ക്ക് പോലുള്ള ത സ്തികയ്ക്കും ഒരു പുതിയ സര്‍വീസ് തുടങ്ങുമ്പോഴുമൊക്കെയാണ് നൂറിലേറെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. ഉദാഹരണത്തിന് ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചപ്പോള്‍ അധ്യാപകരുടെ ധാരാളം ഒഴിവുകള്‍ ഉണ്ടായി. എല്‍.ഡി. ക്ളാര്‍ക്കുമാരുടെ ലിസ്റ്റ് ഇപ്പോള്‍ ഉണ്െടങ്കിലും പുതിയ ലിസ്റ്റ് തയാറാക്കുന്നുണ്ട്. 15 ലക്ഷത്തിലേറെ അപേക്ഷകളാണ് ഈ പോസ്റ്റിന് ലഭിച്ചത് – ചെയര്‍മാന്‍ പറഞ്ഞു.

4. അടിച്ചുപിരിഞ്ഞ സമ്മേളനം; പിണറായിക്കെതിരേ ജനശക്തി വാരിക
തിരുവനന്തപുരം: സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന സമ്മേളനത്തിന്റെ പൊതുയോഗം അലങ്കോലമാക്കിയതിന്റെ ബഹുമതി പിണറായി വിജയനാണെന്ന് ജനശക്തി വാരിക. ഏറ്റവും പുതിയ ലക്കം വാരികയിലാണ് പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. പിണറായിയുടെ അന്നത്തെ ശരീര ഭാഷയെ ഉള്‍പ്പടെ അതിരൂക്ഷമായ വിമര്‍ശനമാണ് ജനശക്തി നടത്തിയിരിക്കുന്നത്. അകത്തു നടന്നതല്ല പുറത്തറിഞ്ഞതെന്ന് വാരിക പറയുന്നു: കോട്ടയം സമ്മേളനത്തോടെ പിണറായി വിജയന്റെ ആധിപത്യം ഉറപ്പിച്ചെടുക്കാമെന്ന പ്രതീതിയാണ് സര്‍വ മാധ്യമങ്ങളും മുന്‍കൂട്ടി പ്രചരിപ്പിച്ചത്.

സംസ്ഥാന കമ്മിറ്റി തയാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസിനെ സ്ഥാനാര്‍ഥിയാക്കാത്തതിനെ തുടര്‍ന്നു നടന്ന പ്രകടനങ്ങള്‍, കിളിരൂര്‍ കേസ്, മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ചേര്‍ച്ചക്കുറവ്, എച്ച്.എം.ടി ഇടപാടില്‍ മന്ത്രിമാരും മുഖ്യമന്ത്രിയുമായുള്ള വിശ്വാസക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ നിരത്തിയിരുന്നു. വി.എസിനെതിരേ കുറ്റപത്രം തയാറാക്കിയ കൂട്ടത്തില്‍ ലാവ്ലിന്‍ കേസിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ തയാറാണ്. എന്തും നേരിടാന്‍ ഒരുക്കമാണ്.’ വി.എസിനെ വേട്ടയാടാനിറങ്ങിയവരുടെ കണ്ണ് തുറപ്പിക്കുന്ന വിധത്തിലായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മറുപടിയെന്ന് വാരിക പറയുന്നു.

ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ പരിഭാഷ തെറ്റിച്ച രണ്ടുപേരെക്കുറിച്ചും പറയുന്നുണ്ട്. കണ്ണൂരില്‍ നിന്നുള്ള പ്രകാശന്‍ മാസ്റ്ററായിരുന്നു ആദ്യ പരിഭാഷകന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പി.ബി. സംതൃപ്തരല്ല എന്ന കാരാട്ടിന്റെ വാചകത്തിന് അസംതൃപ്തനാണ് എന്നാണ് പ്രകാശന്‍മാസ്റ്റര്‍ പരിഭാഷ നല്‍കിയത്. മലയാളമറിയാവുന്ന കാരാട്ട് പരിഭാഷകനെ മാറ്റിയെന്നും വാരിക ആരോപിക്കുന്നു. തുടര്‍ന്നു വന്ന വിദ്യാഭ്യാസമന്ത്രി എം.എ ബേബി മൂന്നു തവണ പരിഭാഷ തെറ്റിച്ചതിനാല്‍ അദ്ദേഹത്തേയും മാറ്റി.

സംസ്ഥാന കമ്മിറ്റിയില്‍ 80 പേര്‍ മതിയെന്നായിരുന്നു കേന്ദ്രകമ്മിറ്റി നിര്‍ദേശം. കടുത്ത വി.എസ്.പക്ഷക്കാരായ കെ. ചന്ദ്രന്‍പിള്ള, ജെ.മെഴ്സിക്കുട്ടിയമ്മ, സി.കെ.സദാശിവന്‍, സി.എസ് സുജാത തുടങ്ങിയവരെ നീക്കണമെന്ന പിണറായിയുടെ വാശി നടപ്പായില്ല. ഇവരെയൊക്കെ നീക്കുകയാണെങ്കില്‍ താന്‍ കമ്മിറ്റിയിലേക്കില്ലെന്ന വി.എസിന്റെ പ്രതികരണവും വി.എസിനെ പിന്തുണച്ച് സീതാറാം യച്ചൂരി കര്‍ശന നിലപാടെടുത്തതുമാണ് പിണറായി-രാമചന്ദ്രന്‍പിള്ള അച്ചുതണ്ടിനെ ക്ഷീണിപ്പിച്ചതെന്നു ലേഖനത്തില്‍ പറയുന്നു.

അരിശം തീരാത്തതിനാലാണ് പൊതുസമ്മേളന ഗ്രൌണ്ടിലേക്കുള്ള തുറന്ന വാഹനത്തില്‍ വി.എസിനെ കയറ്റാതെ പിണറായിയും കാരാട്ടും രാമചന്ദ്രന്‍പിള്ളയും യാത്ര തുടങ്ങിയതെന്നും പി.ബി അംഗങ്ങള്‍ക്ക് ഗ്രൌണ്ടില്‍ റെഡ് വാളണ്ടിയര്‍മാര്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വാഗതസംഘം ഉപേക്ഷിച്ചതായും ജനശക്തി വാരിക ആരോപിക്കുന്നു.

5. വിത്തിറക്കല്‍; എരയാംകുടിയില്‍ സംഘര്‍ഷം
മാള: അന്നമനട പഞ്ചായത്തിലെ എരയാംകുടി പാടശേഖരത്തില്‍ വിത്തിറക്കാന്‍ ചെന്ന സാഹിത്യകാരി സാറാജോസഫ്, പി.വത്സ, കവയത്രി സുഗതകുമാരി, ലീലാ മേനോന്‍ എന്നിവരുള്‍പ്പെട്ട പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

സമരനേതാക്കളെ രാഷ്ട്രീയസമ്മര്‍ദത്തിന്റെ പേരില്‍ കരുതല്‍ തടങ്കലില്‍വയ്ക്കാന്‍ നീക്കമുണ്ടായെന്നും പറയുന്നു.

ഇഷ്്ടിക-ഭൂമാഫിയാസംഘങ്ങള്‍ക്കെതിരെ കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന സമരത്തിന്റെ 88-ാം ദിവസമായ ഇന്നലെ സാറാ ജോസഫ്, സുഗതകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിത്തിറക്കാന്‍ ചെന്നത്.

സുഗതകുമാരിയുടെ പ്രസംഗത്തിനു ശേഷം പാടശേഖരത്തില്‍ കൃഷിയിറക്കാനുള്ള നൂറുകണക്കിന് പ്രവര്‍ത്തകരുടെ ശ്രമം ചാലക്കുടി സിഐ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു.

ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് സുഗതകുമാരിയുടെയും സമരസമിതി കണ്‍വീനര്‍ ജയശ്രീ ടീച്ചറുടെയും ഇടപെടല്‍മൂലം പ്രവര്‍ത്തകര്‍ പിന്‍മാറി. പിന്നീട് പാടേശഖരത്തിന്റെ മറ്റൊരു ഭാഗത്ത് കൃഷി ഇറക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

ഇഷ്ടികക്കളങ്ങള്‍ പൂര്‍ണമായി നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ റിലേ നിരാഹാരസമരം നടത്തും. സമരസമിതി കണ്‍വീനര്‍ എ.ബി ബൈജു ഇന്ന് സത്യാഗ്രഹസമരത്തിന് നേതൃത്വം നല്‍കും.

6. ട്രെയിന്‍ പാളം തെറ്റി; ചെന്നൈയില്‍ നിന്നുള്ള ട്രെയിനുകള്‍ വൈകും
കൊച്ചി: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന എല്ലാ ട്രെയിനുകളും വൈകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ-ജയ്പൂര്‍ എക്സ്പ്രസ് ട്രാക്കിലേക്ക് കൊണ്ടുവരുന്നതിനിടെ പാളം തെറ്റിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകുന്നത്.

കേരളത്തിലേക്കുള്ള ആലപ്പുഴ എക്സ്പ്രസ്, തിരുവനന്തപുരം മെയില്‍, മാംഗളൂര്‍ മെയില്‍ തുടങ്ങിയ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വരെ വൈകും.

7. കുമാരപുരത്ത് ഗുണ്ടാ ആക്രമണം: അഞ്ച് കടകള്‍ അടിച്ചുതകര്‍ത്തു
തിരുവനന്തപുരം:കുമാരപുരം പൊതുജനം ലൈനില്‍ ഗുണ്ടാ ആക്രമണത്തില്‍ അഞ്ച് കടകള്‍ അടിച്ചുതകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

ചെന്നിലോട് കോളനിയിലെ ഗുണ്ടകളാണ് അക്രമത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. ഷാജിയുടെ പച്ചക്കറിക്കട അടിച്ചുതകര്‍ത്തശേഷം നീങ്ങിയ ഗുണ്ടകള്‍ എസ്.ജെ.മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുകള്‍ വലിച്ചെറിഞ്ഞു. അവിടത്തെ ജീവനക്കാരനെ വാള്‍കാട്ടി വിരട്ടി. മണി സ്വീറ്റ്സില്‍ കയറി കണ്ണാടിച്ചില്ല് തല്ലിത്തകര്‍ത്തു. സന്തോഷിന്റെ കോള്‍ഡ് സ്റ്റോറേജ് അതിനടുത്ത ടെലിഫോണ്‍ ബൂത്ത് എന്നിവ തകര്‍ത്തു. ബൂത്തില്‍ നിന്നയാളിനെയും വാള്‍ കാട്ടി വിരട്ടിയോടിച്ചു. ഇതറിഞ്ഞെത്തിയ നാട്ടുകാരെത്തിയതോടെ ഗുണ്ടകള്‍ പിന്മാറി.

8. ഡല്‍ഹിയില്‍ ബജ്രംഗ്ദള്‍ പള്ളി ആക്രമിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് ഫ്രാന്‍സീസ് സീറോ മലബാര്‍ പള്ളിക്കു നേരേ അന്‍പതോളം വരുന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ക്രൈസ്തവരും മുസ്ലിംകളും ഡല്‍ഹിവിടുക എന്ന ആവശ്യവുമായി പ്രകടനം നടത്തിയ പ്രവര്‍ത്തകരാണു രാവിലത്തെ വിശുദ്ധ കുര്‍ബാനയ്ക്കിടെ അക്രമം നടത്തിയത്.

പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ പള്ളിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്നു പരാജയപ്പെടുകയായിരുന്നു. പിന്നീടു പിരിഞ്ഞുപോയ ഇവര്‍ പിന്നീടു തിരികെയെത്തി പള്ളിക്കുസമീപം പാര്‍ക്കുചെയ്തിരുന്ന വിശ്വാസികളുടെ രണ്ടുകാറുകള്‍ എറിഞ്ഞുതകര്‍ത്തു.

ദില്‍ഷാദ് ഗാര്‍ഡനിലെ മൂന്നു ദേവാലയങ്ങളിലെ വികാരിമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന അമ്പതുപേര്‍ ക്കെതിരേ പോലീസ് കേസെടുത്തു.

9. അറുപതു വിവാഹത്തോടെ ജയയുടെ പിറന്നാളാഘോഷം
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് അറുപതു വയസ്. പുരട്ചിതലൈവിയുടെ അറുപതാം ജന്മദിനമായ ഇന്നലെ അറുപതു വധൂവരന്മാരുടെ വിവാഹം നടത്തിയാണു അണികള്‍ ആഘോഷിച്ചത്.

ദമ്പതികളെ ആശീര്‍വദിക്കാന്‍ ജയലളിത എത്തിയിരുന്നു. ഇവര്‍ക്കു ജയലളിതയുടെ വക വിവാഹസമ്മാനമായി വെള്ളിവിളക്കുകള്‍, ക്ളോക്കുകള്‍, വാച്ചുകള്‍, ഗ്യാസ് സ്റ്റൌ തുടങ്ങിയ വീട്ടുപകരണങ്ങളും ലഭിച്ചു.

“എന്റെ പിതാവ് നാല്‍പത്തിരണ്ടാം വയസിലും മാതാവ് നാല്‍പത്തിയേഴാം വയസിലും സഹോദരന്‍ നാല്‍പത്തി യൊ ന്‍പതാം വയസിലും അന്തരിച്ചു. പക്ഷെ, ഞാന്‍ അറുപതാം വയസിലേക്കു പ്രവേശിച്ചിരിക്കുകയാണ്. മാതാവ് സന്ധ്യയുടേയും എം.ജി.ആറിന്റേയും തന്നെ സ്നേഹിക്കുന്നവരുടേയും അനുഗ്രഹങ്ങള്‍ എന്നോടൊപ്പമുണ്ട്”- ചടങ്ങില്‍ ജയ പറഞ്ഞു. അറുപതാം ജന്മദിനത്തോടനുബന്ധിച്ചു വ്യാഴാഴ്ച ജയലളിതയും തോഴി ശശികലയും പ്രസിദ്ധമായ തിരുക്കടയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. എം.ജി.ആറിന്റെ പാത പിന്തുടര്‍ന്നു താന്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു പാര്‍ട്ടിയെ നയിക്കുകയും സംരക്ഷിക്കുകയുമാണെന്നും ഒരു മാതാവിനെ പോലെ താന്‍ പാര്‍ട്ടിയെ പരിപാലിക്കുന്നതിനാലാണ് ‘അമ്മ’ യെന്നു അണികള്‍ തന്നെ വാത്സല്യത്തോടെ വിളിക്കുന്നതെന്നും ജയലളിത പറഞ്ഞു. സംസ്ഥാന വ്യാപകമായി പാര്‍ട്ടി അണികള്‍ അന്നദാനം നടത്തിയും രക്തദാന പരിപാടികള്‍ സജ്ജീകരിച്ചും പ്രത്യേക പൂജകളും പ്രാര്‍ഥനകള്‍ നടത്തിയും ജയലളിതയുടെ ജന്മദിനം ആഘോഷിച്ചു.

10. ഭക്ഷണമുണ്ടാക്കാത്ത ഭാര്യമാര്‍ ഭയപ്പെടേണ്ട
മധുര: ഭക്ഷണമുണ്ടാക്കാത്ത ഭാര്യമാര്‍ ഭയപ്പെടണ്ട, കോടതി അവര്‍ക്കു തുണയുണ്ട്. ഭാര്യ ഭക്ഷണമുണ്ടാക്കിയില്ലെന്നു പറഞ്ഞു ഭര്‍ത്താവു കേസുകൊടുത്താല്‍ വിവാഹമോചനത്തിനു വകുപ്പൊന്നുമില്ലെന്നാണു മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് നിരീക്ഷിച്ചത്.

കന്യാകുമാരിക്കാരനായ എന്‍ജിനീയറാണു പത്നി പാചകം ചെയ്യുന്നില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. ഭക്ഷണമുണ്ടാക്കാത്ത ഭാര്യയു മായി ഭാവിയില്‍ ഒത്തുപോകാനാകില്ലെന്നും വിവാഹമോചനം വേണമെന്നും എന്‍ജിനീയര്‍ ബോധിപ്പിച്ചു.

കത്തികളോടുള്ള പേടി കാരണമാണത്രേ ഭാര്യ അടുക്കളയില്‍ കയറാത്തത്. ഇതു വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്നും ഭാര്യ താങ്കളെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാല്‍ മാത്രമേ വിവാഹമോചനം അനുവദിക്കൂ എന്നുമായിരുന്നു ജസ്റ്റീസ് ജി. രാജസൂര്യ വിധി.

എന്‍ജിനിയറുടെ പരാതിയിന്‍മേല്‍ 2004ല്‍ നാഗര്‍കോവില്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജി വിവാഹ മോചനം അനുവദിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം താമസിക്കാനാണു തനിക്കു താത്പര്യമെന്നു ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് ആദ്യത്തെ വിധി ജില്ലാ കോടതി റദ്ദാക്കി. ഇതിനെതിരെ നല്‍കിയ അപ്പീലിന്‍മേലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. എന്‍ജിനീയര്‍ ഭാര്യയെ മാനസികരോഗിയായാണ് കണക്കാക്കിയിരിക്കുന്നതെന്നും കത്തികളുമായി പെരുമാറുന്നത് അപകടമുണ്ടാക്കുമെന്നു ഭയന്നു ബോധപൂര്‍വം പാചകത്തില്‍ നിന്നു വിലക്കുകയായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഭാര്യ ശാരീരിക ബന്ധത്തിനു സമ്മതിക്കുന്നില്ലെന്നും അവരുടെ വിചിത്ര സ്വഭാവങ്ങള്‍ വീട്ടില്‍ ആകെ പ്രശ്നം സൃഷ്ടിക്കുകയാണെന്നും എന്‍ജിനിയര്‍ക്ക് പരാതിയുണ്ടായിരുന്നു.

എന്നാല്‍, ‘പിന്നെ എങ്ങിനെയാണ് വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ ഭാര്യ ഗര്‍ഭിണിയായത്’എന്ന കോടതിയുടെ ചോദ്യത്തിനു മുന്നില്‍ എന്‍ജിനീയറുടെ വായടഞ്ഞു.

1. വിലക്കയറ്റം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്ക
ന്യൂദല്‍ഹി: വിലക്കയറ്റത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അഹ്ലുവാലിയയെ നിര്‍ത്തിപ്പൊരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ ജനങ്ങളുടെ മുന്നില്‍ എങ്ങനെ മികച്ച രീതിയില്‍ അവതരിപ്പിക്കാമെന്ന് രണ്ടാംനിര നേതാക്കളെ പഠിപ്പിക്കാന്‍ ചേര്‍ന്ന യോഗം വിലക്കയറ്റത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

വിലക്കയറ്റം വന്‍ ജനകീയ പ്രശ്നമായി മാറിയിരിക്കെ രാജ്യവ്യാപകമായി ഭരണത്തിനെതിരെ വികാരം ശക്തമായിവരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതാക്കള്‍ ഈ വിഷയത്തില്‍ ആഞ്ഞടിച്ചത്.

ഒമ്പതു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടും അവശ്യ വസ്തുക്കളുടെ വില കയറാന്‍ കാരണമെന്താണെന്ന് യോഗത്തില്‍ ശക്തിയായി ചോദ്യമുയര്‍ന്നു. സാമ്പത്തിക രംഗം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും പച്ചക്കറിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും വില കൂടുന്നതെന്തു കൊണ്ടാണ്? 10 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില ഇരട്ടിയായതെങ്ങനെയാണ്? യു.പി.എ സര്‍ക്കാറും സാമ്പത്തിക വളര്‍ച്ചയുടെ സാകല്യതയും എന്ന വിഷയത്തില്‍ യോഗത്തില്‍ സംസാരിച്ച അഹ്ലുവാലിയയെ സദസ്സ് ചോദ്യങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു. ഒടുവില്‍, വിശദമായ മറുപടി പിന്നീട് അയച്ചു തരാമെന്ന് പറഞ്ഞ് അദ്ദേഹം തടി തപ്പി.

വിവിധ സംസ്ഥാന ഘടകങ്ങളുടെ വക്താക്കളാണ് ദ്വിദിന രഹസ്യ യോഗത്തില്‍ പങ്കെടുത്തത്. സാമ്പത്തിക, രാഷ്ട്രീയ, വിദേശനയ വിഷയങ്ങളില്‍ നൂറോളം വക്താക്കള്‍ക്കു ബോധവത്കരണം നല്‍കുകയായിരുന്നു യോഗത്തിന്റെ ഉദ്ദേശ്യം. കേന്ദ്രത്തില്‍ ഇടതു പിന്തുണയോടെ ഭരിച്ചു കൊണ്ടിരിക്കെ പാര്‍ട്ടി നിലപാടുകള്‍ എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് കേരളത്തിലെയും ബംഗാളിലെയും വക്താക്കള്‍ മുതിര്‍ന്ന നേതാക്കളോട് ആരാഞ്ഞു.

പാര്‍ട്ടി നേതാക്കളും മാനേജ്മെന്റ് വിദഗ്ധരും മാധ്യമ വിശാരദരും ഇന്നലെ പരിപാടിയില്‍ ക്ലാസെടുത്തു. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആണവ കരാറിനെയും ഊര്‍ജ സുരക്ഷയെയും കുറിച്ചു സംസാരിച്ചപ്പോള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെയും ന്യൂനപക്ഷ ക്ഷേമത്തിനുള്ള പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയെയും കുറിച്ചായിരുന്നു എ.ഐ.സി.സി സെക്രട്ടറി ഇമ്രാന്‍ കിദ്വായിയുടെ പ്രഭാഷണം. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ഫലപ്രദമായി നേരിടുന്നതിന് വക്താക്കളെ പ്രാപ്തരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

ദൃശ്യ മാധ്യമങ്ങളെ എങ്ങനെ അഭിമുഖീകരിക്കാമെന്നാണ് മാനേജ്മെന്റ് ഗുരു ഉജ്വല്‍ കെ. ചൌധരി പഠിപ്പിച്ചത്. ഒറ്റക്കും കുട്ടായും ടി.വിയില്‍ പ്രത്യക്ഷപ്പെട്ടു കാര്യങ്ങള്‍ എങ്ങനെ ഫലപ്രദമായി വിവരിക്കാമെന്ന് അദ്ദേഹം നേതാക്കള്‍ക്ക് വിശദീകരിച്ചുകൊടുത്തു. സി.എന്‍.എന്‍^ഐ.ബി.എന്‍ ചാനല്‍ മേധാവി രജ്ദീപ് സര്‍ദേശായി മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പാര്‍ട്ടിയുടെ മുന്‍ ദേശീയ വക്താവും കേന്ദ്രമന്ത്രിയുമായ എസ്.ജയ്പാല്‍ റെഡ്ഢി മതേതര വിഷയത്തിലെ മാധ്യമ തന്ത്രങ്ങളെയും ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെയും കുറിച്ചു സംസാരിച്ചു.

സാംസ്കാരിക മന്ത്രി അംബിക സോണിയെ പ്രഭാഷകരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ അവരുടെ കടുത്ത വൈരിയായ ശാസ്ത്ര സാങ്കേതിക മന്ത്രി കപില്‍ സിബലിനെ പരിപാടിയിലേക്കു ക്ഷണിക്കുകയും സേതുസമുദ്രം പദ്ധതിയെക്കുറിച്ച പാര്‍ട്ടി നിലപാടില്‍ സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, സോണിക്ക് മറ്റു പരിപാടികളുണ്ടായിരുന്നതിനാലാണ് അവര്‍ എത്താതിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.

2. മലയാളി എഞ്ചിനീയറുടെ അറസ്റ്റ്: കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കോഴിക്കോട്ടെത്തി
കോഴിക്കോട്: തീവ്രവാദ ബന്ധം ആരോപിച്ച് ബാംഗ്ലൂരില്‍ പിടിയിലായ മുക്കം നെല്ലിക്കാപ്പറമ്പ് ഗോതമ്പ് റോഡിലെ നീരൊലിപ്പില്‍ യഹ്യ ഹിയാസ് കമ്മുക്കുട്ടിയുടെ (32) വിവരങ്ങള്‍ തേടി കേന്ദ്രത്തില്‍നിന്ന് ‘റോ’ ഉദ്യോഗസ്ഥരും ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും കോഴിക്കോട്ടെത്തി. യുവാവിന്റെ വിദേശ ബന്ധത്തെക്കുറിച്ചാണ് ‘റോ’ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്.

കര്‍ണാടകയില്‍നിന്ന് ഡി.ഐ.ജി റാങ്കില്‍പെട്ട രണ്ട് ഉദ്യോഗസ്ഥരും ചെന്നൈയില്‍നിന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമാണ് എത്തിയത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി യുവാവിന് ബന്ധമുണ്ടോ എന്ന കാര്യമാണത്രെ ചെന്നൈയില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്.

എന്നാല്‍, യഹ്യയുടെ വീട്ടിലും നാട്ടിലും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് യുവാവ് ഭീകരപ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 10 വര്‍ഷത്തോളമായി നാടുമായി കൂടുതല്‍ ബന്ധം പുലര്‍ത്താത്തതിനാല്‍ പഴയകാല സിമി പ്രവര്‍ത്തകനായിരുന്നു യുവാവെന്ന വിവരം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പഴയ ‘സിമി’ ബന്ധം കുടുംബവും ഉദ്യോഗസ്ഥരോട് നിഷേധിച്ചിട്ടില്ല. എന്നാല്‍, നിരോധിച്ചശേഷം സിമിയുടെ പ്രവര്‍ത്തനങ്ങളുമായി യഹ്യക്ക് ബന്ധമൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ മൊഴിനല്‍കിയത്. മുക്കത്ത് കച്ചവടം നടത്തുന്ന ബീരാന്‍കുട്ടി^കദീജ ദമ്പതികളുടെ മകനായ യഹ്യ എന്‍.ഐ.ടി (പഴയ ആര്‍.ഇ.സി)യില്‍നിന്നാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടുന്നത്. പഠനകാലയളവിലോ അതിനു ശേഷമോ യുവാവിനെതിരെ നാട്ടില്‍ കേസൊന്നുമുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് പിതാവ് ബീരാന്‍കുട്ടിയും ബന്ധുക്കളും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ് യഹ്യയുടെ വീടും പരിസരവും. കര്‍ണാടക പോലിസില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ യുവാവിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും കോഴിക്കോട് റൂറല്‍ എസ്.പി കെ. നടരാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. യുവാവിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാംഗ്ലൂര്‍ ലേഖകന്‍ തുടരുന്നു:
===========================================
തീവ്രവാദി ബന്ധമുണ്ടെന്ന സംശയത്തില്‍ അറസ്റ്റിലായ മലയാളി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ യഹ്യ ഹിയാസിനെ ഹുബ്ലി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മാര്‍ച്ച് ആറുവരെ കോര്‍ ഓഫ് ഡിറ്റക്ടീവ്സ് (സി.ഒ.ഡി) കസ്റ്റഡിയില്‍ വിട്ടു. ഹുബ്ലിയില്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് യഹ്യയെ ഹാജരാക്കിയത്.

കൂടുതല്‍ ചോദ്യംചെയ്യലിനായി യഹ്യയെ ദാവണ്‍ഗരെയിലെ വിദ്യാഗിരി പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കര്‍ണാടക^ഗോവ അതിര്‍ത്തിയിലെ കാസ്ലര്‍ലോക്ക് റിസോര്‍ട്ടില്‍ വരുംദിവസങ്ങളില്‍ തെളിവെടുപ്പിന്റെ ഭാഗമായി യഹ്യയെ കൊണ്ടുപോകും.

ഇവിടെ യഹ്യയും കൂട്ടരും ‘സിമി’ യോഗം നടത്തിയെന്നാണ് സി.ഒ.ഡി പോലിസ് പറയുന്നത്.

യഹ്യയെ നുണപരിശോധനക്കും ബ്രെയിന്‍മാപ്പിംഗിനും വിധേയനാക്കാന്‍ സാധ്യതയുണ്ടെന്ന് സി.ഒ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനായി ഉടന്‍ കോടതിയെ സമീപ്പിക്കും.

അതിനിടെ യഹ്യയുടെ തീവ്രവാദി ബന്ധം കണ്ടെത്തിയതായ വാര്‍ത്തകള്‍ സിറ്റി പോലിസ് കമീഷണര്‍ നീലം അച്യുതറാവു നിഷേധിച്ചു. നേരത്തെ ഹുബ്ലിയില്‍ അറസ്റ്റിലായ മുഹമ്മദ് ആസിഫിനെ ബ്രെയിന്‍മാപ്പിംഗ് നടത്തിയതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് യഹ്യയെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ബ്രെയിന്‍മാപ്പിംഗില്‍ ആസി ഫുമായി പരിചയമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണിത്.

എന്നാല്‍ എം.ബി.ബി.എസ് പഠനത്തിനായി ഇസ്ലാമിക്ക് ഡെവലപ്പ്മെന്റ് ബാങ്കിന്റെ സ്കോളര്‍ഷിപ്പ് തരപ്പെടുത്തി കൊടുക്കുന്നതിന്റെ ഭാഗമായാണ് ആസിഫ് യഹ്യയുമായി പരിചയപ്പെട്ടതെന്ന് സുഹൃ ത്തുക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

3. അത്താഴ വിരുന്ന് വെറുതെയായി; തെലുങ്കാന നേതാക്കള്‍ ഉറച്ചുതന്നെ
ഹൈദരാബാദ്: തെലുങ്കാന പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കന്മാരെ വശത്താക്കി അവരെ പ്രത്യേക സംസ്ഥാന വാദത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢി നടത്തിയ അത്താഴവിരുന്ന് വെറുതെയായി. തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള തങ്ങളുടെ യുദ്ധം തുടരുകതന്നെ ചെയ്യുമെന്ന് തെലുങ്കാനാ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

തെലുങ്കാന വാദികളില്‍ പ്രമുഖനും പ്രവര്‍ത്തകസമിതി അംഗവുമായ ജി. വെങ്കിടസ്വാമി എം.പിയുടെ വീട്ടിലാണ് ‘വിരുന്ന്’ ഒരുക്കിയത്. അത്താഴമേശക്ക് ഇരുപുറവുമിരുന്ന് കുരുക്കഴിക്കാമെന്നായിരുന്നു റെഡ്ഢിയുടെ പദ്ധതി. പക്ഷേ, അത്താഴചര്‍ച്ച കഴിഞ്ഞയുടന്‍ പിന്നോട്ടില്ലെന്ന് വെങ്കിടസ്വാമി തുറന്നുപറഞ്ഞു.

‘തെലുങ്കാനാ സംസ്ഥാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍ഗോണ്ടയിലെ ഭോങ്കീറില്‍ മാര്‍ച്ച് 20ന് പ്രഖ്യാപിച്ച റാലിയുമായി ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരും.’ ^എട്ട് തവണ എം.പിയും കോണ്‍ഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവുമായ വെങ്കടസ്വാമി പറഞ്ഞു.

2009ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തെലുങ്കാന സംസ്ഥാനം വേണം എന്നാണ് റെഡ്ഢിവിരുദ്ധ കോണ്‍ഗ്രസുകാരുടെ ആവശ്യം.
അക്കാര്യത്തില്‍ അന്തിമ തീരുമാനം സോണിയ ഗാന്ധി എടുക്കുമെന്ന് പറഞ്ഞ് റെഡ്ഢി അവരെ വിരട്ടി. ‘ഇപ്പോള്‍ തന്നെ, 300 ജീവിതം ഇതിന്റെ പേരില്‍ തുലഞ്ഞു ഇനിയെത്ര വേണം?’ ^വെങ്കടസ്വാമി ചോദിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐക്യ പുരോഗമന മുന്നണിയുടെ പ്രധാന വാഗ്ദാനമായിരുന്നു തെലുങ്കാനാ സംസ്ഥാനമെന്ന് സമീപകാലത്ത് കോണ്‍ഗ്രസിലെ തെലുങ്കാനാ സംസ്ഥാന വാദികളുടെ നേതാവായി രൂപപ്പെട്ട വെങ്കടസ്വാമി ചൂണ്ടിക്കാട്ടി. ഇത് നടപ്പാക്കാനായില്ലെങ്കില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മാര്‍ച്ച് 20ന്റെ റാലി കനപ്പിക്കാനാണ് ഇവരുടെ തീരുമാനം. ഇത് പാര്‍ട്ടിവിരുദ്ധ നടപടിയായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. മാര്‍ച്ച് 14ന് പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യാനെത്തുന്ന സോണിയ ഗാന്ധിയെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കം നടക്കുമ്പോഴാണ് തെലുങ്കാനാവാദികള്‍ മറ്റൊരു റാലിക്കൊരുങ്ങുന്നത്. ഇത് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. അത്താഴചര്‍ച്ചയില്‍ റെഡ്ഢി ഇക്കാര്യം വെളിപ്പെടുത്തി.

മാത്രമല്ല, തെലുങ്കാനയുടെ തീവ്ര വികസനത്തിനു വേണ്ടി നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. തെലുങ്കാനക്ക് വേണ്ടിയുള്ള ശക്തമായ ജനവികാരം ചൂണ്ടിക്കാട്ടി എതിര്‍പക്ഷം റെഡ്ഢിയുടെ വാദങ്ങളുടെ മുഴുവന്‍ മുനയൊടിച്ചു. എത്രയും പെട്ടെന്ന് ഹൈക്കമാന്റിനെ കാര്യം ബോധ്യപ്പെടുത്തി തെലുങ്കാനാ സംസ്ഥാനം രൂപീകരണത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടിക്ക് വാങ്ങിക്കൊടുക്കണം എന്നായിരുന്നു അത്താഴത്തോടൊപ്പം മറുപക്ഷം റെഢിയെ ഉപദേശിച്ചത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടുകളയുമെന്നുവരെ അവര്‍ ഭീഷണിപ്പെടുത്തി. ഈ ആവശ്യവുമായി ദല്‍ഹിയില്‍ ചെന്നപ്പോള്‍ സോണിയ ഗാന്ധിയെ കാണുന്നതിന് സംസ്ഥാന നേതൃത്വം തടസ്സം നിന്നതിന്റെ ചൊരുക്ക് അവരുടെ മനസ്സില്‍ നില്‍ക്കുന്നുമുണ്ട്.

4. അമേരിക്കയുടെ അദൃശ്യ ബോംബര്‍ വിമാനം തകര്‍ന്നു
വാഷിംഗ്ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ രഹസ്യബോംബര്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ ഹവായ് ദ്വീപിനടുത്ത ഗുവാം താവളത്തില്‍ തകര്‍ന്നുവീണു. അപകടവേളയില്‍ വിമാനത്തില്‍നിന്ന് ദൂരേക്ക് തെറിച്ചുവീണതിനാല്‍ പരിക്കുകളോടെ രണ്ട് വൈമാനികരും രക്ഷപ്പെട്ടു.

അമേരിക്കയുടെ പോര്‍വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണ ചെലവ് വരുന്ന ബി^2 സ്റ്റെല്‍ത്ത് ബോംബറുകളിലൊന്നാണ് തകര്‍ന്ന് കഴിഞ്ഞദിവസം ചാമ്പലായത്. 120 കോടി ഡോളര്‍ നിര്‍മാണച്ചെലവ് വരുന്ന ഇത്തരമൊരു ബോംബര്‍ അപകടത്തില്‍പെടുന്നത് ഇതാദ്യമാണെന്ന് യു.എസ് വ്യോമസേന പറയുന്നു. റഡാറുകളുടെ ദൃഷ്ടികളെപ്പോലും വെട്ടിച്ച് അദൃശ്യമായി പറന്ന് ബോംബ് വര്‍ഷം നടത്താന്‍ ശേഷിയുള്ള ഇത്തരം ബോംബറുകളെ ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ അമേരിക്ക ഉപയോഗപ്പെടുത്തിയിരുന്നു. വവ്വാലിന്റെ ആകൃതിയും വര്‍ണവുമുള്ളവയാണ് ബി^2 സ്റ്റെല്‍ത്ത് ബോംബറുകള്‍.

അപകടകാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായി വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ നാവികസേനയുടെ യുദ്ധവിമാനം ഗുവാം താവളത്തിനടുത്ത് കഴിഞ്ഞയാഴ്ച കടലില്‍ പതിച്ചതിന്റെ നടുക്കം അവസാനിക്കുംമുമ്പെയാണ് ബോംബര്‍ വിമാനം നിലംപൊത്തിയത്.

5. ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ കനത്ത ആക്രമണം
ബഗ്ദാദ്: അമേരിക്കന്‍ സൈന്യം കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയ ബഗ്ദാദിലെ ഗ്രീന്‍ സോണിനുനേരെ ഇന്നലെ വെളുപ്പിന് ശക്തമായ ആക്രമണങ്ങള്‍ അരങ്ങേറി.

റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് അധിനിവേശ വിരുദ്ധ ഗ്രൂപ്പുകള്‍ യു.എസ് സന്നാഹങ്ങള്‍ക്കുനേരെ തിരിച്ചടിക്കുകയായിരുന്നു. 10 കനത്ത സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞതായി സമീപവാസികള്‍ അറിയിച്ചു. അധിനിവേശ ഭടന്മാരുമായുള്ള വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചതായി മുഖ്തദ സദ്ര്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറ്റേ ദിവസമാണ് ഗ്രീന്‍ സോണ്‍ ആക്രമിക്കപ്പെട്ടത്.

വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചതിനെ അമേരിക്ക പ്രശംസിച്ചു. എന്നാല്‍, സദ്റിന്റെ മഹ്ദി സേനയില്‍നിന്ന് ബന്ധം വിടര്‍ത്തിയ ഗ്രൂപ്പാണ് പുതിയ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് അമേരിക്ക ആരോപിച്ചു.

6. തുര്‍ക്കിയുടെ ആക്രമണത്തില്‍ നിരവധി കുര്‍ദുകള്‍ കൊല്ലപ്പെട്ടു
അങ്കാറ: വടക്കന്‍ ഇറാഖിലെ കുര്‍ദു വിമത കേന്ദ്രങ്ങളില്‍ തുര്‍ക്കിസേന നടത്തിയ ആക്രമണത്തില്‍ ഡസന്‍ കണക്കിന് കുര്‍ദ് ഗറില്ലകള്‍ കൊല്ലപ്പെട്ടു. വിമതരുടെ ആക്രമണത്തില്‍ തുര്‍ക്കിക്ക് അഞ്ചു സൈനികരെയും നഷ്ടമായിട്ടുണ്ട്. വടക്കന്‍ ഇറാഖ് അതിര്‍ത്തി മുറിച്ചുകടന്നായിരുന്നു തുര്‍ക്കിസേനയുടെ ആക്രമണം. പീരങ്കി ആക്രമണങ്ങള്‍ക്കു പുറമെ ശക്തമായ വ്യോമാക്രമണവും നടത്തിയതായി സൈന്യം വിശദീകരിച്ചു.

സ്വതന്ത്ര കുര്‍ദ് രാഷ്ട്രം ആവശ്യപ്പെട്ട് സായുധ കലാപം നടത്തുന്ന കുര്‍ദ് കലാപകാരികളുടെ സംഘടനയായ പി.കെ.കെ ഈ മേഖലയില്‍ നിരവധി താവളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മേഖലയില്‍നിന്ന് കഴിഞ്ഞ മാസങ്ങളില്‍ തുര്‍ക്കി സൈനികര്‍ക്കുനേരെ കനത്ത ആക്രമണങ്ങളും അരങ്ങേറി. ഈ സാഹചര്യത്തിലാണ് പി.കെ.കെ. താവളങ്ങള്‍ തുടച്ചുനീക്കാന്‍ തുര്‍ക്കി വടക്കന്‍ ഇറാഖില്‍ സൈനികരെ വിന്യസിച്ചത്. ഓപറേഷനുശേഷം സൈന്യം ഉടന്‍ മടങ്ങിയെത്തുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്നലെ വ്യക്തമാക്കി.

ആക്രമണ തീരുമാനം നേരത്തേ തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍ ഇറാഖ് പ്രസിഡന്റ് ജലാല്‍ തലബാനിയെ ടെലിഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ആക്രമണം കുര്‍ദുകള്‍ക്കോ ഇറാഖിനോ എതിരെയല്ലെന്നും സായുധ കുര്‍ദ് കലാപകാരികളെ മാത്രം ലക്ഷ്യം വെച്ചാണെന്നും ഗുല്‍ വിശദീകരിച്ചു.

7. ശമാല്‍ ഗ്യാസ് ഫീല്‍ഡ് പദ്ധതിക്ക് 40,000 ഇന്ത്യന്‍ തൊഴിലാളികള്‍
ദോഹ: ഖത്തറിലെ ശമാല്‍ ഗ്യാസ് ഫീല്‍ഡ് മേഖലയില്‍ നടപ്പാക്കുന്ന ഭീമന്‍ പദ്ധതിയുടെ നിര്‍മാണത്തിന് 80 രാജ്യങ്ങളില്‍നിന്ന് മുക്കാല്‍ ലക്ഷം തൊഴിലാളികളെ ഈവര്‍ഷം ആവശ്യമായിവരും. ഇതില്‍ 39,750 പേരെയും ഇന്ത്യയില്‍നിന്ന് റികൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. നേപ്പാളില്‍നിന്ന് 12,750 തൊഴിലാളികളെയും ഫിലിപ്പീന്‍സില്‍നിന്ന് 12,000 പേരെയും കൊണ്ടുവരുമെന്ന് ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച്, ജപ്പാന്‍ കമ്പനികള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

അറേബ്യന്‍ ഗള്‍ഫില്‍ 6000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുക. ലോകത്തിലെ പ്രകൃതിവാതക നിക്ഷേപത്തിന്റെ പത്തു ശതമാനം വരുന്ന പദ്ധതിയാണിതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

1. റയില്‍വേയുടെ ലാഭം കണക്കിലെ കളി
പാലക്കാട്: ജനപ്രിയ ബജറ്റിന്റെ മറവില്‍ റയില്‍വേ പണയം വയ്ക്കുന്നതു യാത്രക്കാരന്റെ സുരക്ഷിതത്വം. സുരക്ഷാ ക്രമീകരണങ്ങള്‍ക്കും നവീകരണ പദ്ധതികള്‍ക്കും നീക്കി വയ്ക്കേണ്ട തുക വക മാറ്റിയാണു മൂന്നു വര്‍ഷമായി വന്‍ ലാഭം കാണിക്കുന്നത്. ലാലു പ്രസാദ് യാദവ് അധികാരമേറ്റ ശേഷം ഒാരോ വര്‍ഷവും വന്‍ലാഭത്തിലേയ്ക്കു റയില്‍വേ കുതിക്കുന്നതായാണു ബജറ്റിലെ വിശദീകരണവും മന്ത്രാലയത്തില്‍ നിന്നുള്ള അവകാശവാദവും.

എന്നാല്‍, നിതീഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ ചില പരിഷ്കാരങ്ങളുടെ ഗുണഫലമായി ചെറിയ തോതിലുള്ള വരുമാന വര്‍ധന മാത്രമാണു യഥാര്‍ഥത്തില്‍ റയില്‍വേയ്ക്കു ലഭിച്ചതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാക്കിയെല്ലാം ചില ക്രമീകരണങ്ങള്‍ മാത്രമാണെന്നു റയില്‍വേ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ആസ്തികളുടെ നവീകരണത്തിനു റയില്‍വേ ഒാരോ വര്‍ഷവും വരുമാനത്തിലെ 33% തുക മാറ്റി വയ്ക്കാറുണ്ട്.

എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇതു 12% മാത്രമാക്കി കുറച്ചു. ബാക്കി വരുന്ന 21% തുകയും ലാഭ വിഹിതത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കയാണ്. അതായത്, ഒരു കോച്ചില്‍ നിന്നുള്ള വരുമാനം 100 രൂപയാണെങ്കില്‍ 33 രൂപ കോച്ചിന്റെ നവീകരണത്തിനോ അല്ലെങ്കില്‍ ഇതിന്റെ കാലാവധി കഴിയുമ്പോള്‍ പുതിയ കോച്ച് സ്ഥാപിക്കുന്നതിനോ മാറ്റി വയ്ക്കണം. ഇപ്പോള്‍ 12 രൂപ മാത്രമാണ് മാറ്റി വയ്ക്കുന്നത്. ബാക്കി 21 രൂപ ലാഭത്തിന്റെ കണക്കിലേക്കാണു പോകുന്നത്. ഇതിന്റെ ദൂഷ്യം പെട്ടെന്നു ബോധ്യമായില്ലെങ്കിലും കാലം കഴിയുന്തോറും നവീകരണ പദ്ധതിക്കു പണമില്ലാതെ വരും.

പഴയ സാധന സാമഗ്രികളും അറ്റകുറ്റപ്പണി നടത്താത്ത യന്ത്രങ്ങളും വച്ചു റയില്‍വേയ്ക്ക് മുന്നോട്ടു പോകേണ്ടി വരും. ഇതു യാത്രക്കാരന്റെ സുരക്ഷിതത്വത്തിനു ഭീഷണിയാകും. നിതീഷ്കുമാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ഫണ്ട് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഒാരോ ടിക്കറ്റിനും ഒരു രൂപ സെസ് നല്‍കുന്ന രീതിയിലാണ് റയില്‍വേ സുരക്ഷാ ഫണ്ട് എര്‍പ്പെടുത്തിയത്. ഇതു വഴി 17,000 കോടി രൂപ ചുരുങ്ങിയ കാലം കൊണ്ടു പിരിച്ചെടുത്തിരുന്നു.

സുരക്ഷാക്രമീകരണത്തിനു മാത്രമായി ഉപയോഗിക്കാനാണു ഫണ്ട് രൂപീകരിച്ചത്. എന്നാല്‍ ഇൌ സുരക്ഷാ പദ്ധതി തന്നെ എടുത്തു കളഞ്ഞു. പിരിച്ചെടുത്ത 17,000 കോടി രൂപ എവിടെയെന്നു വിവരമില്ല. ടിക്കറ്റ് നിരക്ക് ഒന്നോ രണ്ടോ രൂപ കുറച്ചു കയ്യടി നേടുമ്പോള്‍ അതിലധികം പണം യാത്രക്കാരന്റെ പോക്കറ്റില്‍ നിന്നു റയില്‍വേയുടെ കയ്യിലെത്തുന്ന ലാലു മാജികും ലാഭത്തിനു പിന്നിലുണ്ട്. ഒാരോ വര്‍ഷവും കൂടുതല്‍ ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റ് ആക്കുമ്പോള്‍ ഒാരോ ടിക്കറ്റിനും 10 രൂപയാണ് അധിക വരുമാനം.

തത്കാല്‍ ടിക്കറ്റില്‍ വരുത്തിയ മാറ്റം കാരണം ടിക്കറ്റില്‍ 500 രൂപ വരെ അധിക വരുമാനം വരുന്നുണ്ട്. റിസര്‍വേഷനു മൂന്നു മാസം വരെ സമയപരിധി നല്‍കിയതിലൂടെ 90 ദിവസം വരെ യാത്രക്കാരന്റെ കൈയിലെ പണം റയില്‍വേയ്ക്ക് ഉപയോഗിക്കാനും അവസരം ലഭിക്കുന്നു. ഇൌ തുകയുടെ പലിശ മാത്രം കോടിക്കണക്കിനു രൂപ വരും. ഇൌ വര്‍ഷവും 26ന് അവതരിപ്പിക്കുന്ന ബജറ്റ് സാധാരണക്കാരന് ‘ആശ്വാസത്തിന്റെ കൂട ആയിരിക്കുമെന്നാണു റയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.

2. സച്ചാര്‍: എന്‍എസ്എസിന് എതിരെ എംഇഎസ്
കോഴിക്കോട്: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോട് എന്‍എസ്എസ് എതിര്‍പ്പു തുടര്‍ന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസ കരാറില്‍നിന്നു പിന്‍വാങ്ങുന്നത് പരിഗണിക്കേണ്ടിവരുമെന്ന് എംഇഎസ്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ ബോധപൂര്‍വം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനാണു ശ്രമിക്കുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഡോ: പി.എ. ഫസല്‍ ഗഫൂര്‍, സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പറഞ്ഞു. സംവരണ കാര്യം തീരുമാനിക്കേണ്ടത് സമുദായ സംഘടനകളല്ല.

ചങ്ങനാശേരിയിലെ കവലച്ചട്ടമ്പിയുടെ ഭാഷയാണ് നാരായണപ്പണിക്കര്‍ ഉപയോഗിക്കുന്നത്. ഒരു പണിയും ചെയ്യാതെ വാചകമടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നാരായണപ്പണിക്കര്‍ ജനറല്‍ സെക്രട്ടറിയായ ശേഷം എന്‍എസ്എസിന് ഒരു കോളജ് പോലും കിട്ടിയിട്ടില്ല. ജോലി ചെയ്യാതെ ലാഭക്കച്ചവടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലോ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലോ മുസ്ലിം സമുദായത്തിനു കൂടുതലായി ഒന്നും നല്‍കുന്നില്ല. ന്യായമായ നിര്‍ദേശങ്ങള്‍ മാത്രമാണുള്ളത്. എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്കു വിടുന്നതാകണം പണിക്കരുടെ പ്രശ്നം. എന്‍എസ്എസിന്റെയും മറ്റും സ്ഥാപനങ്ങളില്‍ ഒരു ശതമാനം പോലും മറ്റു സമുദായക്കാര്‍ ഇല്ലെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. വര്‍ഗീയമായിട്ടുള്ള സമീപനം എല്ലാവരും ഉപേക്ഷിക്കണം. ഒരു അറബിക് സര്‍വകലാശാല വരുന്നതിനെ വര്‍ഗീയമായി കാണുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

3. അണ്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ വേതനം ഏകീകരിക്കും: മന്ത്രി ബേബി
കൊല്ലം: അണ്‍ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ സേവന – വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനു നിയമം കൊണ്ടുവരുമെന്നു മന്ത്രി എം. എ. ബേബി. എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. താളം തെറ്റിയ എന്‍ജിനീയറിങ് – മെഡിക്കല്‍ പ്രവേശന പരീക്ഷാ രീതി ഉടച്ചു വാര്‍ക്കും. പല തരത്തിലുള്ള വിദ്യാഭ്യാസം ഉണ്ടാകാതിരിക്കാന്‍ സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകള്‍ ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ന്യൂനപക്ഷങ്ങളുടെ ഭീഷണിയുടെ പേരില്‍ പിന്‍മാറില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

4. ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കാനാവില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളം കോടതിക്ക് നിശ്ചയിക്കാനാവില്ലെന്നും അതു പൂര്‍ണമായും ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ ജോലിയാണെന്നും സുപ്രീം കോടതി ഉത്തരവായി. ബിഹാറിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരക്കില്‍ ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ച് പട്ന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ഇൌ വിധി.

5. ‘ഗൂഗിളിന്റെ ജന്മസ്ഥലം’ മലയാളി വില്‍ക്കുന്നു
തിരുവനന്തപുരം: ഗൂഗിളിന്റെ ജന്‍മസ്ഥലം വില്‍പ്പനയ്ക്ക്! ലോകപ്രശസ്ത സെര്‍ച്ച് എന്‍ജിനും നൂതനാശയങ്ങള്‍ കൊണ്ട് മുന്നില്‍ നില്‍ക്കുന്ന സ്ഥാപനവുമായ ഗൂഗിളിന്റെ പേരിലുള്ള തമാശയല്ലിത്.  സെന്റര്‍ ഫൊര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സിഡിഎസ്) എം ഫില്‍ വിദ്യാര്‍ഥി രാജേഷ് എം പുളിയറ പേറ്റന്റെടുത്ത ആശയം.  ഇനിയും ഔപചാരികമായി ഉദ്ഘാടനം ചെയ്യാത്ത ഗേറ്റ്സ്360.കോം ഇതിനകം ആഗോള വെബ് വിപണിയില്‍ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.

സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ‘വില്യം ഗേറ്റ്സ് കംപ്യൂട്ടര്‍ സയന്‍സ്” എന്ന ഗേറ്റ്സ് ബില്‍ഡിങ്ങിലെ 360-ാം നമ്പര്‍ മുറിയില്‍ ലാറി പേജും സെര്‍ജി ബ്രിന്നും കൂട്ടുകാരും നടത്തിയ ഭ്രാന്തന്‍ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് ‘ഗൂഗിള്‍”.  ഇന്റര്‍നെറ്റുമായി എന്തെങ്കിലും ബന്ധമുള്ളവര്‍ക്ക് സുപരിചിത നാമം.  ഗൂഗിള്‍ ജന്‍മമെടുത്ത ഗേറ്റ്സ് ബില്‍ഡിങ്ങിലെ 360-ാം നമ്പര്‍ മുറിയെ തന്നെ വെബ് ഉത്പന്നമാക്കുകയാണ് ഈ ഗ്രാമീണ യുവാവ്.

സ്റ്റാന്‍ഫഡില്‍ പഠിച്ചിട്ടില്ലെങ്കിലും അവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ പേര്‍ക്കു ജോലി നല്‍കിയ മൈക്രോസോഫ്റ്റ് തലവന്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സ് ആണ് മുകളില്‍ പറയുന്ന വില്യം ഗേറ്റ്സ്.  സ്റ്റാന്‍ഫഡിന്റെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് 60 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയതിനെ തുടര്‍ന്ന് കെട്ടിടത്തിന് ബില്‍ ഗേറ്റ്സിന്റെ പേരു നല്‍കുകയായിരുന്നു.  ഇതു രണ്ടും കൂട്ടിയിണക്കി 360-ാം നമ്പര്‍ മുറി ‘വിര്‍ച്വല്‍” ആയി പുനഃസൃഷ്ടിച്ചിരിക്കുകയാണ് രാജേഷ് പുളിയറ.  ആശയത്തിനും ഉത്പ്പന്നത്തിനും പേറ്റന്റും എടുത്തു കഴിഞ്ഞു.

ഗൂഗിളിന്റെ സഹായത്തോടെയുള്ള സെര്‍ച്ച് എന്‍ജിനും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വേദിയുമാണ് ഗേറ്റ്സ്360.  ഗൂഗിളിന്റെ സ്വന്തം ‘ഓര്‍ക്കുട്ടിന്റെ” പരിഷ്കൃതരൂപം.  ഇവിടെ വ്യാജ അംഗങ്ങളുണ്ടാവില്ലെന്ന് രാജേഷ് ഉറപ്പു പറയുന്നു.  ഇത് ചുമ്മാ കൊച്ചുവര്‍ത്തമാനം പറയാനുള്ള വേദിയാവില്ല, നൂതന ആശയങ്ങളും പദ്ധതികളും ചര്‍ച്ചാവിധേയമാവുന്ന ഹൈടെക് നെറ്റ്വര്‍ക്ക് ആണ് ലക്ഷ്യം.  ലോകമെമ്പാടുമുള്ള പ്രഫഷണലുകളുടെ ശൃംഖലയാവും ഇത്.  മൂന്നു ഡോളര്‍ (ഏകദേശം 120 രൂപ ) പ്രവേശന ഫീസും വ്യക്തമായ വിലാസവും നല്‍കുന്നവര്‍ക്കു മാത്രമാണു അംഗത്വം.

ഈ മൂന്നു ഡോളര്‍ നല്‍കി ചേരുന്ന ഓരോ അംഗവും കമ്പനിയുടെ ഭാഗിക ഉടമയുമാകുന്നു.

ഔപചാരിക ലോഞ്ച് നടത്തിയില്ലെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ‘ഇ ബേ” എന്ന ഓണ്‍ലൈന്‍ ലേല വേദിയില്‍ രാജേഷ് അവതരിപ്പിച്ചു.  ആദ്യ ആഴ്ചയില്‍ തന്നെ യുഎസും യൂറോപ്പും അടക്കമുള്ള മേഖലകളില്‍ നിന്ന് ലഭിച്ചത് 250 അന്വേഷണങ്ങള്‍!  ഒരിക്കലും വിലാസം നല്‍കാത്ത ഭൂരിഭാഗവും വ്യാജപ്പേരില്‍ അംഗത്വം തേടുന്ന പല സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെയും ഇന്നത്തെ ബ്രാന്‍ഡ് മൂല്യം 300 കോടി മൂതല്‍ 1400 കോടി വരെ ഡോളര്‍ ആണെന്നറിഞ്ഞു തന്നെയാണ് ഒറിജിനല്‍ അംഗങ്ങള്‍ മാത്രമുള്ള ശൃംഖലയുമായി രാജേഷ് രംഗത്തെത്തുന്നത്.
വികസനത്തിന്റെ മൂന്നാം തലമുറയിലേക്കു കടക്കുന്ന വെബ്ലോകം ഏറെക്കുറെ പൂരിതാവസ്ഥയിലാണ്, എല്ലാ ബിസിനസ് സാധ്യതകളും ഉപയോഗിച്ചു കഴിഞ്ഞു.  ഇനിയുള്ള ലോകം ഇതു പോലുള്ള പുത്തന്‍ ആശയങ്ങളുടേതാണെന്നു വിദഗ്ധര്‍ പറയുന്നു.

രാജ്യാന്തര വ്യാപാരത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം ‘വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ ആകാനുള്ള കേരളത്തിന്റെ കഴിവിനെ” കുറിച്ച് എം ഫില്‍ തീസീസ് ചെയ്യുന്ന രാജേഷിനു പ്രചോദനമാവുന്നതും വെബ് ലോകത്തിന്റെ ഈ സാധ്യതയാണ്.  സിലിക്കന്‍ വാലിയിലും സ്റ്റാന്‍ഫഡിലും ഹാര്‍വഡിലും മാത്രം വിരിയുന്നു എന്നു കരുതപ്പെടുന്ന ആശയങ്ങള്‍ ഇങ്ങു കേരളത്തിലെ ഗ്രാമങ്ങളിലും കേരളത്തിന്റെ സ്വന്തം സിഡിഎസിലും പൂത്തുലയും എന്നു തെളിയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നു രാജേഷ് പറയുന്നു.

പേറ്റന്റ് ലഭിച്ചു കഴിഞ്ഞ അര ഡസന്‍ ഉത്പന്നങ്ങള്‍ കൂടി കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന രാജേഷ് വിശദാംശങ്ങള്‍ പറയുന്നില്ല.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )