പത്രവാര്‍ത്തകള്‍ 23-02-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. നാണ്യപ്പെരുപ്പം വീണ്ടും കൂടി സാധനവില കുതിക്കുന്നു
ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം നാണ്യപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. ഫെബ്രുവരി ഒമ്പതിന് അവസാനിച്ച ആഴ്ചയില്‍ നാണ്യപ്പെരുപ്പം 4.35 ശതമാനമായി. തൊട്ടുമുമ്പുള്ള ആഴ്ചയിലിത് 4.07 ശതമാനമായിരുന്നു. മൊത്തവിലസൂചിക സംബന്ധിച്ച് വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിനാല്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ഇനിയും ഉയരും.

നാണ്യപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും നാല് ശതമാനത്തിനു മുകളിലാണ്. ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില നൂറു ഡോളര്‍ കഴിഞ്ഞിട്ടുണ്ട്.

ആട്ട, റവ, ഭക്ഷ്യഎണ്ണകള്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മസാലകള്‍, പയറുവര്‍ഗ്ഗങ്ങള്‍, മല്‍സ്യം എന്നിവക്ക് വില കൂടി. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവക്ക് ഒരാഴ്ചക്കിടയില്‍ മൂന്ന് ശതമാനമാണ് വില വര്‍ധിച്ചത്. ഭക്ഷ്യ എണ്ണകള്‍ക്ക് ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെയും.

അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അനുവദിച്ചതും പൊതുവിതരണ സമ്പ്രദായം തകര്‍ത്തതുമാണ് വിലക്കയറ്റം ഇത്ര രൂക്ഷമാകാന്‍ കാരണം. ഭക്ഷ്യധാന്യങ്ങളടക്കമുള്ള അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കാനുള്ള പുതിയ ഉത്തരവ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. പൂഴ്ത്തിവെപ്പുകാരെയും കരിഞ്ചന്തക്കാരെയും സഹായിക്കുന്നവിധത്തലുള്ള കേന്ദ്രനയങ്ങളും വിലക്കയറ്റം രൂക്ഷമാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യധാന്യ സംഭരണവും ദുര്‍ബ്ബലമായി. സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിക്കുംമുമ്പ് പൂഴ്ത്തിവെപ്പുകാരും സ്വകാര്യ ഏജന്‍സികളും ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുകയാണ്. ബഹുരാഷ്ട്ര കുത്തകകള്‍ അടക്കമുള്ള ഏജന്‍സികളും സംഭരണമേഖലയില്‍ കടന്നിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായം ചെറിയവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തതോടെ ഭൂരിപക്ഷം ജനങ്ങളും വിലക്കയറ്റത്തിന്റെ ഇരകളായി.

ഭക്ഷ്യധാന്യ ഉല്‍പ്പാദനം വന്‍തോതില്‍ ഇടിയുന്നതും വിലക്കയറ്റത്തിന്റെ രൂക്ഷത കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം 75.81 ദശലക്ഷം ടണ്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിച്ച സ്ഥാനത്ത് ഈ വര്‍ഷം 74.81 ദശലക്ഷം ടണ്‍ മാത്രമാണ് പ്രതീക്ഷ. രാജ്യമെങ്ങും നല്ല മഴ കിട്ടിയ കാലയളവിലാണ് ഈ കുറവെന്നതും ശ്രദ്ധേയമാണ്. കാര്‍ഷിക, പൊതുവിതരണ മേഖലകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ വിലക്കയറ്റത്തിന്റെ രൂപത്തില്‍ ജനങ്ങളെ ബാധിക്കുകയാണ്.

രാജ്യസ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെയാണ് രണ്ടുദിവസം മുമ്പ് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയത്. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെങ്കില്‍ അത് നടത്തേണ്ടത് ഡല്‍ഹിയിലാണെന്ന് സിപിഐ എം നേതാക്കള്‍ പറഞ്ഞിരുന്നു.

വിലക്കയറ്റം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമുള്ളതാണെന്നും നയങ്ങള്‍ തിരുത്തുകയും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകയുമാണ് വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്നും പാര്‍ടി വ്യക്തമാക്കിയിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗികരേഖകള്‍ തന്നെ ഇത് സമ്മതിക്കുകയാണ്.

2. മനോരമയുടെ കൈയേറ്റത്തിന് കൂടുതല്‍ തെളിവുകള്‍; കേസ് വഴിത്തിരിവില്‍
തിരു: മലയാള മനോരമയുടെ തിരുവനന്തപുരം യൂണിറ്റ് കെട്ടിടം പുറമ്പോക്ക് കൈയേറി നിര്‍മിച്ചതാണെന്നതിനു കൂടുതല്‍ തെളിവുകള്‍. കെട്ടിടം സ്ഥിതിചെയ്യുന്ന 2595 സര്‍വെ നമ്പരിലുള്ള സ്ഥലം തോട് ആണെന്ന് കേരളം രൂപീകൃതമാകും മുമ്പേയുള്ള തിരുവിതാംകോട് രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം താലൂക്കില്‍ ചെങ്ങഴശേരി പകുതിയിലെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ മലയാളവര്‍ഷം 1100ലെ സര്‍വെ പ്ളാനിലും ആറു മീറ്റര്‍ വീതിയുള്ള തോട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മനോരമ ഭൂമികൈയേറ്റ കേസ് കേള്‍ക്കുന്ന തിരുവനന്തപുരം സബ്കോടതി മുമ്പാകെ ഇവയടക്കം എട്ടു സുപ്രധാന രേഖകള്‍ സര്‍ക്കാര്‍ ഹാജരാക്കി.

തോട് പുറമ്പോക്ക് കൈയേറി മനോരമ കെട്ടിടം നിര്‍മിച്ചത് 2007 ജൂലൈ ഏഴിനു ‘ദേശാഭിമാനി’ റിപ്പോര്‍ട്ടു ചെയ്തിരുന്നു. തോട് പുറമ്പോക്കില്‍പ്പെട്ട എട്ടര സെന്റ് കൈയേറിയ മനോരമ ഒന്നര മീറ്റര്‍ വീതിയില്‍ ഓടയുണ്ടാക്കി തോട് വഴിതിരിച്ചുവിട്ടശേഷം അവിടെ കെട്ടിടം പണിയുകയായിരുന്നെന്ന് റെവന്യൂ അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് നോട്ടീസ് നല്‍കിയപ്പോള്‍ മനോരമ കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ടൌണ്‍പ്ളാനര്‍, കോര്‍പറേഷന്‍ സെക്രട്ടറി, ട്രിഡ സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവരെ കോടതി വിസ്തരിച്ചു. കേരള ബില്‍ഡിങ് റൂള്‍ അനുസരിച്ചുള്ള നിര്‍മാണമാണോ നടന്നതെന്ന് പരിശോധിക്കുക മാത്രമാണ് ടൌണ്‍പ്ളാനിങ് വിഭാഗത്തിന്റെ ചുമതലയെന്ന് ചീഫ് ടൌണ്‍പ്ളാനര്‍ മൊഴിനല്‍കി.

ട്രിഡയുടെ കൈവശമാകട്ടെ ഫയലുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്‍സ്പെക്ടറെ പറഞ്ഞുവിട്ട കോര്‍പറേഷന്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഒടുവില്‍ നേരിട്ട് ഹാജരാകേണ്ടിവന്നു. പുറമ്പോക്ക് ഭൂമിയാണെന്ന് അറിയാതെയാണ് കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയത് എന്നായിരുന്നു സെക്രട്ടറിയുടെ മൊഴി. വഞ്ചിയൂര്‍ കോടതി വളപ്പിന്റെ ആധാരവുമായി ആരെങ്കിലും വന്നാലും കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുമോയെന്നും പ്രിന്‍സിപ്പല്‍ സബ് ജഡ്ജി എസ് എസ് വാസന്‍ സെക്രട്ടറിയോട് ആരാഞ്ഞു.

കെട്ടിടം നിര്‍മിച്ചത് പുറമ്പോക്ക് ഭൂമിയിലാണെന്നു കണ്ടെത്തിയതായി തിരുവനന്തപുരം തഹസില്‍ദാര്‍ സി ആര്‍ കൃഷ്ണകുമാര്‍ മൊഴി നല്‍കി. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എസ് എസ് ജീവന്‍ ഹാജരായി.

3. പൂഴ്ത്തിവയ്പ് : 610 ചാക്ക് റേഷനരി പിടിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി ചന്തയിലെ ഗോഡൌണുകളില്‍ പൂഴ്ത്തിവച്ച റേഷനരിയുടെ വന്‍ശേഖരം പിടിച്ചു. സപ്ളൈകോ കുത്തരിയടക്കം 610 ചാക്ക് അരിയാണ് വെള്ളിയാഴ്ച രാവിലെ 10.30ന് പിടിച്ചെടുത്തത്.

കലക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ചന്തയ്ക്കു സമീപത്തെ മൂന്ന് ഗോഡൌണിലായാണ് അരി സൂക്ഷിച്ചിരുന്നത്. ഗോഡൌണിന്റെ പൂട്ട് പൊളിച്ചാണ് പരിശോധിച്ചത്. എഫ്സിഐ, സപ്ളൈകോ സീലുകളോടുകൂടിയ 50 കിലോ ചാക്കുകളില്‍നിന്ന് മറ്റ് അംഗീകൃത ബ്രാന്‍ഡുകളിലേക്ക് അരി മാറ്റിയ നിലയിലായിരുന്നു.

കുതിര ബ്രാന്‍ഡ്, ഒറിജിനല്‍ ക്വാളിറ്റി, സോട്ടെക്സ് റൈസ് എന്നീ പേരുകളിലുള്ള ആകര്‍ഷകമായ പ്ളാസ്റ്റിക് ചാക്കുകളില്‍ നിറച്ച അരിയും ഇവിടെ കണ്ടെത്തി. നൂറുകണക്കിന് ചാക്കുകളും പെട്ടിത്രാസുകള്‍, പായ്ക്കിങ് മെഷീനുകള്‍ എന്നിവയും കണ്ടെത്തി.

ചങ്ങനാശേരി താലൂക്ക് സപ്ളൈ ഓഫീസര്‍ പി സി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) ടി അഹമ്മദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാംദാസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ മിനി ടി എബ്രഹാം, ഷാജിമോന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. കലക്ടര്‍ ഷാര്‍മിളാ മേരി ജോസഫ് സ്ഥലം സന്ദര്‍ശിച്ചു.

പത്തനംതിട്ട ജില്ലയില്‍ എട്ടോളം റേഷന്‍ മൊത്ത വ്യാപാരസ്ഥാപനങ്ങള്‍ ബിനാമി പേരുകളില്‍ നടത്തുന്ന വ്യക്തിയുടേതാണ് ഗോഡൌണുകളെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

4. ആര്യാട് ആദ്യത്തെ രക്തദായക സന്നദ്ധ ബ്ളോക്ക്പഞ്ചായത്താകും
ആലപ്പുഴ: രക്തദാനം ചെയ്യുക എന്ന സന്ദേശവുമായി ആര്യാട് ബ്ളോക്ക്പഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ രക്തദായകസന്നദ്ധ ബ്ളോക്ക്പഞ്ചായത്താകുന്നു. ബ്ളോക്ക്പഞ്ചായത്തിന്റെ കീഴിലുള്ള 1.5 ലക്ഷത്തോളം പേരുടെയും രക്തഗ്രൂപ്പ് രേഖപ്പെടുത്തുന്ന സമഗ്രമായ ഡയറക്ടറി പ്രസിദ്ധീകരിക്കും. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കുന്നതിനാണ് ഇത് നടപ്പാക്കുന്നതെന്ന് ആര്യാട് ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീതയും വൈസ്പ്രസിഡന്റ് എന്‍ എസ് ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജനകീയാസൂത്രണപദ്ധതിയില്‍ ‘ഹൃദയപൂര്‍വം രക്തദാനം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് പത്തുമുതല്‍ 20 വരെ 61 വാര്‍ഡുകളിലും രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പുകള്‍ നടക്കും. ബ്ളോക്കിലെ 35,000 കുടുംബങ്ങളില്‍ 1.5 ലക്ഷത്തോളം പേരുടെയാണ് രക്തഗ്രൂപ്പ് നിര്‍ണയിക്കുക. തുടര്‍ന്ന് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ രക്തഗ്രൂപ്പ് രേഖപ്പെടുത്തി ഡയറക്ടറി പ്രസിദ്ധീകരിക്കും. ബ്ളോക്കിലുള്ള ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍, ആശുപത്രികള്‍, വായനശാലകള്‍, മാധ്യമസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനാകേന്ദ്രങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഡയറക്ടറി നല്‍കും.

തിങ്കളാഴ്ച മുതല്‍ ലഘുലേഖകളും സമ്മതപത്രവും വിതരണം ചെയ്യും. വീടുകളില്‍ രക്തദാന സന്ദേശസ്റ്റിക്കറും പതിപ്പിക്കും. മാര്‍ച്ച് നാലിന് സമ്മതപത്രപ്രകാരം രക്തം ദാനം ചെയ്യാന്‍ തയാറുള്ളവരുടെ വാര്‍ഡുതല ലിസ്റ്റ് തയാറാക്കും. ആറിനും ഏഴിനും വിളംബരജാഥകളുണ്ടാകും. എട്ടിന് വൈകിട്ട് ആറിന് വീടുകളിലും പ്രധാന കേന്ദ്രങ്ങളിലും കച്ചവടസ്ഥാപനങ്ങളിലും രക്തദാനസന്ദേശദീപം തെളിയിക്കും.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് അജ്മല്‍, ബ്ളോക്ക്പഞ്ചായത്ത് സെക്രട്ടറി എം ഖാലിദ്, ഡോ. അനസ്, ബ്ളോക്ക്പഞ്ചായത്തംഗം സി സി നിസാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

5.  മണല്‍വാരല്‍ നിയന്ത്രണച്ചട്ടം: ഹൈക്കോടതി വിധിക്ക് സ്റേ
ന്യൂഡല്‍ഹി: നദീതട സംരംക്ഷണ- മണല്‍വാരല്‍ നിയന്ത്രണ ചട്ടത്തില്‍ കലക്ടര്‍മാര്‍ക്ക് ശിക്ഷ വിധിക്കാനും മറ്റും അധികാരം നല്‍കുന്ന വകുപ്പുകളെ ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയച്ചു. നേരത്തെ ഇതേ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. എന്നാല്‍, ഡിവിഷന്‍ബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്റേചെയ്തു.

മണല്‍വാരല്‍ നിയന്ത്രണച്ചട്ടത്തിലെ പല വ്യവസ്ഥയുംഇതുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ലോറി ഉടമയായ പി കെ അലവി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ജസ്റിസുമാരായ എസ് ബി സിന്‍ഹ, വി എസ് സിര്‍പുര്‍കര്‍ എന്നിവര്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്റേചെയ്യുകയും സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയക്കുകയുമായിരുന്നു.

മണല്‍വാരല്‍ നിയന്ത്രണച്ചട്ടത്തിലെ വകുപ്പുകള്‍പ്രകാരം അലവിയുടെ ലോറി പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് അലവി കോടതിയെ സമീപിച്ചത്. പ്രധാനമായും നാലു കാര്യമാണ് ഹര്‍ജിയിലുള്ളത്. മണല്‍വാരല്‍ നിയന്ത്രണ നിയമപ്രകാരം കലക്ടറാണ് കോടതിയില്‍ പരാതി നല്‍കേണ്ടത്. എന്നാല്‍, മണല്‍വാരല്‍ ചട്ടമനുസരിച്ച് കലക്ടര്‍ക്കാണ് ശിക്ഷ വിധിക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത്. പരാതിക്കാരന്‍തന്നെ ശിക്ഷ വിധിക്കുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടാകുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു

6. കുപ്പിവെള്ളത്തിന് വില കുറഞ്ഞേക്കും
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന്റെ എക്സൈസ് തീരുവ അടുത്ത ബജറ്റില്‍ ഒഴിവാക്കിയേക്കും. നിലവില്‍ 16 ശതമാനമാണ് പാക്കേജ്ഡ് വാട്ടറിന്റെ എക്സൈസ് തീരുവ.

ഇതുസംബന്ധിച്ച് ഭക്ഷ്യ സംസ്കരണ മന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വഴിയരികിലും മറ്റും വില്‍ക്കുന്ന വൃത്തിഹീനമായ വെള്ളത്തെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ബജറ്റുകളിലെല്ലാം ഭക്ഷ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ധനമന്ത്രി അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ദോശയും സാമ്പാറുമടക്കം പാക്കറ്റിലാക്കിയ ഭക്ഷ്യ വസ്തുക്കളുടെ നികുതി കുറച്ചിരുന്നു. പഴച്ചാറുകള്‍ക്കും മറ്റു ലഘുപാനീയങ്ങള്‍ക്കും നികുതി കുറയ്ക്കണമെന്ന് കയറ്റുമതിക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

7. ഓര്‍മശക്തിയില്‍ സ്ത്രീകള്‍ മുന്നില്‍
വാഷിങ്ടണ്‍: ഓര്‍മശക്തിയില്‍ സ്ത്രീകള്‍ മുന്നിലെന്നു പഠനം. വാക്കുകള്‍, വസ്തുക്കള്‍, ചിത്രങ്ങള്‍, നിത്യേനയുള്ള സംഭവങ്ങള്‍ തുടങ്ങിയവ ഓര്‍മിച്ചെടുക്കുന്നതില്‍ സ്ത്രീകള്‍ മുന്നിലാണ്്. ഭാഷയുടെയും രൂപത്തിന്റെയും സഹായത്തോടെ ഓര്‍മിച്ചെടുക്കേണ്ട കാര്യങ്ങളാണ് ഇവ. സ്വീഡിഷ് മനശാസ്ത്രജ്ഞരായ അഗ്നേറ്റ ഹെര്‍ലിറ്റ്സും ജെന്നി റഹ്മാനും നടത്തിയ പഠനത്തില്‍ പറയുന്നതാണിത്്.

ഭാഷയിലൂടെയല്ലാതെ ഓര്‍ത്തിരിക്കാവുന്ന കാര്യത്തില്‍ പുരുഷനാണ് മുന്നില്‍. കാറിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ സ്ത്രീകള്‍ക്കാണ് മിടുക്ക്. എന്നാല്‍ കാട്ടിലെ ദുഃസഹമായ വഴി കണ്ടെത്താന്‍ പുരുഷന്മാര്‍ക്കാണ് കഴിവ്. മറ്റുള്ളവരുടെ മുഖം ഓര്‍മിക്കാനുള്ള ശേഷി സ്ത്രീകള്‍ക്കാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ മുഖം. മണം തിരിച്ചറിയുന്നതിലും സ്ത്രീകള്‍തന്നെയാണു മുന്നില്‍.

ഭാഷാപരമായ കഴിവുകള്‍ കൂടുതലായി ഉപയോഗിച്ചാല്‍ സ്ത്രീകളുടെ ഓര്‍മശക്തി കൂടുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വിദ്യാഭ്യാസപരവും മറ്റുമായ ചുറ്റുപാടും ഇതിനെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍, സ്ത്രീകളിലും പുരുഷന്മാരിലും ഓര്‍മശക്തിയില്‍ അന്തരം ഉണ്ടാക്കുന്ന ജനിതകമായ വ്യത്യാസങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്നത് ഇപ്പോഴും അജ്ഞാതമാണ്.

8.  തുര്‍ക്കി സേന ഇറാഖില്‍ കടന്നു
അങ്കാറ: കുര്‍ദ് വിമതരെ നേരിടാന്‍ തുര്‍ക്കി സൈന്യം ഇറാഖില്‍ പ്രവേശിച്ചു. ഇറാഖിന്റെ വടക്കുഭാഗത്ത് വ്യാഴാഴ്ച വൈകിട്ടാണ് സൈന്യം കയറിയത്.

10,000 പേരാണ് സേനയിലുള്ളതെന്നാണ് അനൌദ്യോഗിക കണക്ക്. വ്യോമസേനയും കരസേനയെ പിന്തുടരുന്നുണ്ട്. കുര്‍ദ് വിമതര്‍ തുര്‍ക്കിക്ക് സ്ഥിരം ഭീഷണിയായതിനാലാണ് സൈനികമായി നേരിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെ കേന്ദ്രങ്ങളാണ് സൈന്യത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച വൈകിട്ട് ചില കേന്ദ്രങ്ങള്‍ സൈന്യം അക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇറാനെതിരെ വീണ്ടും ഉപരോധ പ്രമേയം
ഐക്യരാഷ്ട്രകേന്ദ്രം: ഇറാനെതിരെ വീണ്ടും ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഉപരോധപ്രമേയം. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മൂന്നാംവട്ട ഉപരോധത്തിന് സമിതി നടപടിയെടുക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാത്തതാണ് ഉപരോധകാരണമെന്നാണ് സമിതിയില്‍ പ്രമേയം അവതരിപ്പിച്ച ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും വാദം.

കടുത്ത ഉപരോധം ആവശ്യപ്പെടുന്ന കരടുപ്രമേയം മയപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലമാണ് ഇത്. 15 രാജ്യങ്ങളാണ് സമിതിയിലുള്ളത്.

9. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച്
എം വിജയകുമാര്‍

ഫയലിങ് അധികാരത്തോടുകൂടിയ ഹൈക്കോടതി ബെഞ്ച് തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യത്തിന് സംസ്ഥാന രൂപീകരണത്തോളം പഴക്കമുണ്ട്. തിരുവിതാംകൂറിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഹൈക്കോടതി 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായപ്പോള്‍ കൊച്ചിയിലേക്ക് മാറ്റി. ഈ കാലഘട്ടത്തില്‍, ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് നിലനിര്‍ത്തണമെന്ന ആവശ്യമുയര്‍ന്നു. ഈ ആവശ്യം മുന്‍നിര്‍ത്തി വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങളും നടന്നു. പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയ ജനവികാരം മാനിച്ച്, തിരു-കൊച്ചി നിയമസഭയില്‍ ഇക്കാര്യം പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ 1949 ഡിസംബര്‍ 18ന് ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് 1125ലെ തിരുവിതാംകൂര്‍ കൊച്ചി ഹൈക്കോടതി നിയമത്തില്‍, 1953ല്‍ വരുത്തിയ ഭേദഗതി പ്രകാരം തിരു-കൊച്ചി ഹൈക്കോടതിയുടെ ബെഞ്ച് 1954 ജൂണ്‍ നാലുമുതല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെടണമെന്ന ആവശ്യം ശക്തമായി. 1956ല്‍ സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് നിലവില്‍ വന്നു. 1956ലെ സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ടിന്റെ 51 (3) വകുപ്പ് അനുസരിച്ച് കേരള ചീഫ് ജസ്റ്റിസ് കേരള ഗവര്‍ണറുടെ അനുവാദത്തോടെ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം തിരുവനന്തപുരത്ത് കേരള ഹൈക്കോടതിയുടെ ബെഞ്ച് പ്രവര്‍ത്തനമാരംഭിച്ചു.

ഈ ബെഞ്ചില്‍ കേസ് ഫയല്‍ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഇതു ചോദ്യംചെയ്തുകൊണ്ട് പ്രമുഖ അഭിഭാഷകനായ ഈശ്വര അയ്യര്‍ ഫയല്‍ചെയ്ത കേസിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് നിരസിക്കുകയും തിരുവനന്തപുരത്ത് ഇനിമുതല്‍ ബെഞ്ച് വേണ്ടെന്നു വാക്കാല്‍ പറയുകയുംചെയ്തു. ഗവര്‍ണറുടെ അനുമതിയില്ലാതെ എടുത്ത ഈ തീരുമാനം ഏകപക്ഷീയമായിപ്പോയെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ടിന്റെ 51 (3) വകുപ്പുപ്രകാരം വിജ്ഞാപനത്തിലൂടെ സ്ഥാപിക്കപ്പെട്ട ഹൈക്കോടതി ബെഞ്ച് വാക്കാല്‍ എടുത്തുമാറ്റാന്‍ ഹൈക്കോടതി എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല. വിജ്ഞാപനത്തിലൂടെ നിര്‍ത്തലാക്കാത്തതു കാരണം ഈ ബെഞ്ച് ഇപ്പോഴും നിയമപ്രകാരം തിരുവനന്തപുരത്തുതന്നെ ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്.

സ്റ്റേറ്റ് റീ ഓര്‍ഗനൈസേഷന്‍ ആക്ടനുസരിച്ച് പ്രസിഡന്റിനുള്ള അധികാരം ഉപയോഗിച്ച് ഒരു സ്ഥിരം ബെഞ്ച് തിരുവനന്തപുരത്ത് ആരംഭിക്കണമെന്ന് ഇ എം എസ് സര്‍ക്കാര്‍ ആദ്യനിയമസഭയുടെ ആദ്യസമ്മേളനത്തില്‍ പ്രമേയം പാസാക്കി. ഇവിടെയുണ്ടായിരുന്ന സൌകര്യം പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നും പുതിയ കാര്യമല്ല ആവശ്യപ്പെടുന്നതെന്നും പ്രമേയത്തില്‍ പറയുന്നു. ഇ എം എസ് മന്ത്രിസഭ ഹൈക്കോടതി ബെഞ്ചിനുവേണ്ടി ശക്തിയുക്തം നിലകൊണ്ടു എന്നതിന്റെ തെളിവാണ് ഇത്. പ്രമേയത്തിന്റെ അവതരണവേളയില്‍ ഇ എം എസ് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ നാലു സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ബെഞ്ചുകള്‍ ഉണ്ടെന്നും ഗ്വാളിയോര്‍, ഇന്‍ഡോര്‍, നാഗ്പൂര്‍, രാജ്കോട്ട് എന്നിവിടങ്ങളിലുള്ള ആ ഹൈക്കോടതി ബെഞ്ചുകളില്‍ ഫയലിങ് സൌകര്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചു. ഇതിനായി മുഖ്യമന്ത്രിയും നിയമമന്ത്രിയും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെയും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെയും പരസ്പരം കുറ്റംപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുകാര്‍ 1958 വരെ അനുഭവിച്ചുവന്നിരുന്ന സൌകര്യം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത് ബെഞ്ചുണ്ടായാല്‍ മറുഭാഗത്തുള്ളവരും ബെഞ്ച് ആവശ്യപ്പെടുമെന്ന വാദത്തെയും അദ്ദേഹം എതിര്‍ത്തു.

കേരള നിയമസഭ രണ്ടുതവണ ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിട്ടുണ്ട്. 2004 ജൂലൈ 23ന് 11-ാം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയമാണ് മറ്റൊന്ന്. 2006 ആഗസ്ത് 16ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭയും ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍, മറുപടി ലഭിക്കാതെയായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ഹൈക്കോടതി ബെഞ്ചിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കേന്ദ്ര നിയമമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. നിരന്തരമായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2007 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ സര്‍ക്കാരിന്റെ ഈ ആവശ്യം നിരസിച്ചതായി അറിയിച്ചു. അഭ്യര്‍ഥന നിരാകരിക്കുന്നതിനുള്ള ഒരു കാരണവും കത്തിലുണ്ടായിരുന്നില്ല.

സര്‍ക്കാരിന്റെ ആസ്ഥാനമായ തിരുവനന്തപുരത്ത് ഫയലിങ് സൌകര്യത്തോടുകൂടിയ ഒരു ബെഞ്ചുണ്ടായാല്‍ അതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് സര്‍ക്കാരിനു തന്നെയാണ്. ദിവസേന എറണാകുളത്ത് കേസ് നടത്തുന്നതിനായി പോകുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും അതുവഴിയുണ്ടാകുന്ന ചെലവും ഗണ്യമായി കുറയ്ക്കാനും ആകും. ഇതെല്ലാം ഹൈക്കോടതി ചെവിക്കൊള്ളണമെന്നാണ് എന്റെ അഭ്യര്‍ഥന.

രണ്ടുതവണ കേരള നിയമസഭ ഒരേ കാര്യം ആവശ്യപ്പെടണമെങ്കില്‍ അത് ജനങ്ങളുടെ താല്‍പ്പര്യം അനുസരിച്ചാണെന്ന് മനസ്സിലാക്കേണ്ടത് ചീഫ് ജസ്റ്റിസും ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരുമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ ആഗ്രഹങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും അവകാശമില്ല. ജനാഭിലാഷം മാനിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബാധ്യസ്ഥവുമാണ്. ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനമാണ് ഹൈക്കോടതി ബെഞ്ച്. വികസനത്തിന് ഒരു പ്രധാന ചുവടുവയ്പാകുന്ന ഈ തീരുമാനം ജനങ്ങളുടെ താല്‍പ്പര്യാനുസരണം ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.

ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാന സര്‍ക്കാരും ചെയ്യേണ്ടതായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ തിരുമാനം ഉണ്ടാകേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിവുള്ള കേരളത്തിലെ പ്രതിപക്ഷം ഇതിനു തയ്യാറാകണം. കേന്ദ്രത്തിലെ രണ്ടു ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യം എടുക്കുമെന്ന് ഞാന്‍ ആശിക്കുന്നു.

1. വയല്‍ നിയമത്തില്‍ ഉട്ടോപ്യന്‍ വ്യവസ്ഥകള്‍
കണ്ണൂര്‍: യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചുപിടിച്ച് തയാറാക്കിയതാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്ലിലെ പല വ്യവസ്ഥകളുമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍. പ്രയോഗത്തില്‍ വരുത്താന്‍ കഴിയാത്തതും പ്രയോജനകരമല്ലാത്തതുമായ ഉട്ടോപ്യന്‍ ആശങ്ങളാണ് ബില്ലില്‍. സര്‍ക്കാര്‍ പറയുന്ന നേട്ടങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രമല്ല കര്‍ഷകരെ കുറെക്കൂടി ദ്രോഹിക്കാന്‍ മാത്രമെ പുതിയ നിയമനിര്‍മാണം ഉപകരിക്കൂ.

ഭൂമിയുടെ അവകാശം കര്‍ഷകനില്‍നിന്നു തട്ടിയെടുക്കുന്നതാണ് ബില്ലിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ. ഭൂമിയില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഭൂമിയുടെ ഉടമയ്ക്കാണ്. അതില്ലാതാക്കുന്നതിനെ എന്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാനാവില്ല.

കര്‍ഷകന്‍ നെല്‍കൃഷി ചെയ്യാതിരിക്കുന്നുണ്െടങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമത്തെ കാര്യം നെല്‍കൃഷി ലാഭകരമല്ലെന്നതാണ്. ചെലവ് കൂടുതലും വരുമാനം കുറവുമാണെങ്കില്‍ നെല്‍കൃഷിക്കെന്നല്ല ഒരു കൃഷിക്കും ആരും മുതിരില്ല. ന ഷ്ടം സഹിച്ച് കൃഷി ചെയ്യൂ എ ന്നാജ്ഞാപിക്കാന്‍ ഒരു നിയമത്തിനും കോടതിക്കും കഴിയില്ല.

കൃഷിച്ചെലവ് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. കൃഷിപ്പ ണികള്‍ക്ക് തൊഴിലാളികളെ കിട്ടാനില്ല. ഉള്ള പണിക്കാര്‍ വലിയകൂലി ചോദിക്കുന്നു. ഇനി ഇതെല്ലാം തരണം ചെയ്ത് വലിയ തുക മുടക്കി കൃഷിയിറക്കിയാല്‍ കീടബാധയില്‍ നിന്നും പ്രകൃതിക്ഷോഭത്തില്‍ നിന്നും രക്ഷപ്പെടുത്തുക പ്രയാസമാണ്. ഇതെല്ലാം കഴിഞ്ഞ് ബാക്കിവല്ലതും കിട്ടിയാല്‍ അതിന് വില നിശ്ചയിക്കാനുള്ള അവകാശം കര്‍ഷനില്ല. തുച്ഛമായവിലയ്ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്ക്കേണ്ടിവരുന്നു.

നെല്‍വയല്‍ തരിശിടുന്നതോ നികത്തുന്നതോ ശരിയല്ല. പക്ഷേ, അങ്ങനെ ചെയ്യുന്നവരുടെ ഭൂമി പിടിച്ചെടുക്കുകയല്ല വേണ്ടത്. അതിന്റെ കാരണമെന്തെന്നു മനസിലാക്കി പരിഹരിക്കണം. കൃഷിയിറക്കാന്‍ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. മുടക്കുമുതലിനും അധ്വാനത്തിനുമനുസരിച്ചു വരുമാനവും ഉറപ്പുവരുത്തണം. കര്‍ഷകന്റെ ഭൂമി പിടിച്ചെടുത്തു പാടശേഖരകമ്മിറ്റികള്‍ക്കോ കുടുംബശ്രീക ള്‍ക്കോ നല്‍കിയാലും കൃഷി ന ഷ്ടമായാല്‍ ഭൂമി തുടര്‍ന്നും തരിശായികിടക്കും. അതിനെ ഒരു നിയമം കൊണ്ടും തടയാനാവില്ല.

നെല്‍കര്‍ഷകര്‍ക്ക് നിലവില്‍ എടുത്തു പറയാവുന്ന സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കുന്നില്ല. വളം വില പലമടങ്ങ് വര്‍ധിച്ച പ്പോള്‍ വളത്തിനു നല്‍കിയിരുന്ന സബ്സിഡി പിന്‍വലിക്കുകയാണ് ചെയ്തത്. ഇനി നല്‍കിയാല്‍ തന്നെ കര്‍ഷകര്‍ക്കല്ല വളം നിര്‍മാതാക്കള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുക. പല സംസ്ഥാനങ്ങളിലും കൃഷിക്കുള്ള വൈദ്യുതി സൌജന്യമാണെങ്കിലും അതു കേരളത്തിലില്ല. കീടബാധ നിയന്ത്രിക്കാന്‍ ഫലപ്രദമായൊന്നും ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. വിളകളുടെ വില സ്ഥിരത ഉറപ്പാക്കുന്നില്ല. യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പോലും പല സ്ഥലത്തും കര്‍ഷകനു സ്വാതന്ത്രമില്ല. പ്രകൃതി ക്ഷോഭങ്ങളാലും മറ്റും കൃഷി പൂര്‍ണമായും നശിച്ചാലും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നില്ല.

കൃഷി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്ക് കൃഷി എങ്ങനെ ലാഭകരമായി ചെയ്യാമെന്ന്

പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ട കടമകൂടിയുണ്ട്. അത് ചെയ്തിട്ടുവേണമായിരുന്നു നിയമനിര്‍മാണത്തിന് ഇറങ്ങി പുറപ്പെടാന്‍. നിയമമുണ്ടാക്കിയതുകൊണ്ടുമാത്രം വയലുകളും നീര്‍ത്തടങ്ങളും നികത്തപ്പെടാതിരിക്കില്ല. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് നികത്തേണ്ടവര്‍ നികത്തും. കുടുങ്ങുന്നത് അഞ്ചോ പത്തോ സെന്റ് മാത്രം ഭൂമിയുള്ള പാവങ്ങളായിരിക്കും.

പരിസ്ഥിതി സംരക്ഷണം ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ്. നീര്‍ത്തടങ്ങളും മറ്റും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടുതാനും. പക്ഷേ, നെല്‍വയലുകളടക്കമുള്ള ചതുപ്പുസ്ഥലങ്ങളും നീര്‍ത്തടങ്ങളും നികത്തിയിട്ടുള്ളതും കുന്നുകളും മലകളും നിരപ്പാക്കിയിട്ടുള്ളതും സര്‍ക്കാര്‍തന്നെയാണ്.

ഗവണ്‍മെന്റ് പദ്ധതികള്‍ക്കായാണ് ഏറ്റവുമധികം പരിസ്ഥിതിനാശമുണ്ടാക്കിയിട്ടുള്ളത്. പിന്നെ ഭരണ സ്വാധീനമുപയോഗിച്ച് ഭൂമാഫിയകളും. നിയമം നിര്‍മിച്ചതുകൊണ്ട് ഇതിനെല്ലാം തടയിടാനാകുമെന്ന് സര്‍ക്കാരിന് ഉറപ്പുപറയാന്‍ കഴി യു മോ?പാവപ്പെട്ടവരും ഇടത്തരക്കാരുമായ കര്‍ഷകരെ ലക്ഷ്യമിട്ടുള്ള നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദേശിക്കുന്നത്. കര്‍ഷകന്റെ മൌലികമായ അവകാശങ്ങള്‍ ഹനിക്കുന്ന നിയമം പ്രാചീനവും ക്രൂരവുമാണ്. കൃഷി ചെയ്തില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ പിടിച്ചെടുക്കുന്ന ഭൂമി പാടശേഖര കമ്മിറ്റികളുടെയും മറ്റും കൈയിലൂടെ രാഷ്ട്രീയക്കാരുടെ കൈകളിലാണെത്തുക. സര്‍വമേഖലയിലും കടന്നു കയറാനും എല്ലാവര്‍ക്കും കൂച്ചുവിലങ്ങിടാനുമുള്ള ഹിഡന്‍ അജന്‍ഡയാണ് ഈ നിയമത്തിനു പിന്നിലും.

2. വീട്ടമ്മയെ കത്തിച്ച് പുഴയിലൊഴുക്കി; കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
തൃശൂര്‍: കാണാതായ പാവറട്ടി എളവള്ളി സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതിനുശേഷം കത്തിച്ച് ചേറ്റുവ പുഴയിലൊഴുക്കിയെന്നു തെളിഞ്ഞു. സംഭവത്തില്‍ പ്രതികളിലൊരാളായ കോളജ് വിദ്യാര്‍ഥിയെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ബി സുരേഷ്കുമാര്‍ അറസ്റ്റുചെയ്തു.

കുന്നംകുളം കാഞ്ഞിരത്തിങ്കല്‍ റെനി(20)യാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കാമുകനായ കുന്നംകുളം കക്കാട് സ്വദേശി ബിനീഷി(25)നെ പോലീസ് അന്വേഷിച്ചുവരികയാണ്. ഉടന്‍ അറസ്റ്റിലായേക്കും.

എളവള്ളി പാവറട്ടി കോക്കൂര്‍ വീട്ടില്‍ മോഹനന്റെ ഭാര്യ സജിനി(43)യെ കഴിഞ്ഞ ജൂണ്‍ 29 മുതലാണ് കാണാതായത്. മൂന്നു കുട്ടികളുണ്ടായിരുന്ന ഇവരുടെ ഒരു കുട്ടിക്ക് അസുഖമുണ്ടായിരുന്നുവത്രേ. ഈ അ സുഖം മാറാനെന്ന പേരില്‍ പട്ടാമ്പിയിലെ തിരുംമിറ്റംകോട് ക്ഷേത്രത്തില്‍ ഇവര്‍ സ്ഥിരം പോകാറുണ്ടായിരുന്നു.

സംഭവദിവസം കുന്നംകുളത്തുനിന്ന് ബിനീഷിനൊപ്പം ബൈക്കില്‍ തിരുമിറ്റംകോട് ക്ഷേത്രത്തില്‍ പോയി ഉച്ചയ്ക്ക് രണ്ടരയോടെ കുന്നംകുളത്തു തിരിച്ചെത്തി.

പിന്നീട് ഗുരുവായൂര്‍ കോട്ടപ്പടിയിലെ ഒരു ഫ്ളാറ്റില്‍ കൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ഇവരുടെ കൈവശമുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു.

പിറ്റേദിവസം റെനിയെ വിളിച്ചുവരുത്തി രണ്ടുപേരും കൂടി ഫ്ളാറ്റിന്റെ അടുക്കളയില്‍ കൊണ്ടുപോയി മണ്ണെണ്ണയും പെട്രോളും പഞ്ചസാരയും ഉപയോഗിച്ച് കത്തിച്ച് ചാരവും മറ്റും ചേറ്റുവ പുഴയില്‍ ഒഴുക്കുകയായിരുന്നുവെന്ന് റെനി പോലീസിന് മൊഴിനല്കി.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ വശത്താക്കുന്ന സ്വഭാവക്കാരനാണ് ബിനീഷെന്ന് പോലീസിന് അറിവു കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനീഷും റെനിയുമാണ് കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമായത്.

സജിനിയെ കാണാതായതിനെതുടര്‍ന്ന് ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തി പരാതി നല്‍കിയെങ്കിലും കണ്െടത്താനായില്ല. പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തതിനെതുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. സജിനിയെ കാണാതായി രണ്ടു മാസത്തിനുശേഷം സുഖമില്ലാത്ത കുട്ടി മരിച്ചു.

ഇന്‍സ്പെക്ടര്‍ എ. അരവിന്ദാക്ഷന്‍, എസ്ഐ സുനില്‍കുമാര്‍, എഎസ്ഐ വിശ്വംഭരന്‍, പോലീസുകാരായ ഫൈസന്‍ കോറോത്ത്, സുരേഷ്, വി.വി ശിവന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

3. ലാവ്ലിന്‍: സംസ്ഥാന ചരിത്രത്തിലെ വലിയ അഴിമതി
കോട്ടയം: സംസ്ഥാനം കണ്ട എക്കാലത്തെയും ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണു പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളിലെ ജനറേറ്ററുകളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനു കരാര്‍ നല്കിയതിലെ ക്രമക്കേട്.

ഇതു സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം1996-ലെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തിന് 374.50 കോടിയുടെ നഷ്ടമുണ്ടാക്കിയതായി പറയുന്നു.

1996-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണു വൈദ്യുതി വകുപ്പും ലാവ്ലിനുമായി ധാരണയിലെത്തുന്നത്. തുടര്‍ന്നുവന്ന ഇടതു സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ കരാറില്‍ ഒപ്പിട്ടു. മുഖ്യമന്ത്രി ഇ.കെ. നായനാരോടൊപ്പം കാനഡയില്‍ നേരിട്ടുപോയ പിണറായി ഉപകരണങ്ങള്‍ വാങ്ങാന്‍ 149.15 കോടിയുടെ അധികകരാറും ഉണ്ടാക്കി.

ജലവൈദ്യുതി പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു മുന്‍ ദേശീയ പ്രസിഡന്റ് ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അഭിപ്രായത്തെ മറികടന്നായിരുന്നു പിണറായിയുണ്ടാക്കിയ കരാര്‍.

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ലാവ്ലിനെക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലാവ്ലിന് കരാര്‍ നല്‍കുമ്പോള്‍ അവര്‍ തലശേരിയില്‍ കാന്‍സര്‍ ആശുപത്രി നിര്‍മിക്കാന്‍ 98 കോടി ധനസഹായം നല്‍കും എന്നൊരു ധാരണയുമുണ്ടായിരുന്നു.

എന്നാല്‍ ആശുപത്രി നിര്‍മാണം നിര്‍വഹിക്കുന്ന ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിന് ഒമ്പതു കോടി രൂപ നല്‍കുക മാത്രമാണ് ഈ അനുബന്ധകരാറുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരിക്കുന്നത്.

ലാവ്ലിന്‍ ചെയ്ത നവീകരണപ്രവര്‍ത്തനങ്ങളില്‍ വീഴ്ചകളുണ്െടന്നും ആരോപണങ്ങളുണ്ട്.

4. കഞ്ഞിക്കുഴിയുടെ ജൈവ പച്ചക്കറി വൈഭവം
ആലപ്പുഴ: ഹരിതവിപ്ളവത്തിലൂടെ ലോകശ്രദ്ധ തന്നെ ആകര്‍ഷിച്ച കഞ്ഞിക്കുഴി ജൈവകൃഷിരംഗത്തു പുതിയ മാതൃകയാകുന്നു. ജൈവകീടനിയന്ത്രണ മാര്‍ഗങ്ങളുപയോഗിച്ച് ഇവിടെ നടത്തുന്ന പച്ചക്കറി കൃഷിയില്‍ കീടബാധ കുറയുന്നതായി മുന്‍ കൃഷി ഓഫീസറും ഹരിതവിപ്ളവത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളുമായ ടി.എസ് വിശ്വന്‍ പറഞ്ഞു.

മാരാരിക്കുളം, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളുടെ വളക്കൂറില്ലാത്ത ചൊരിമണലിലാണു വിവിധതരത്തിലുള്ള പച്ചക്കറിക്കൃഷി. ഇപ്പോള്‍ വിളവെടുപ്പുകാലമാണ്. വിളവെടുപ്പിലും വിപണനത്തിലും പുത്തന്‍ സാധ്യതകള്‍ കണ്െടത്തുന്നതിലും മാരാരിക്കുളം മാതൃകയാകുന്നു.

ദേശീയ പാതയ്ക്കരികില്‍ കൃഷിക്കാര്‍ തന്നെ നടത്തുന്ന വിപണനകേന്ദ്രങ്ങളിലാണു ജൈവ ഉത്പന്നങ്ങള്‍ വില്ക്കുന്നത്. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, പുരുഷസ്വയംസഹായസംഘങ്ങള്‍, കര്‍ഷകര്‍ എന്നിവരെല്ലാം കൂട്ടായി കൃഷി ചെയ്ത് ഇവരുടെ ഉല്‍പന്നങ്ങള്‍ ഇവര്‍ തന്നെ വില്‍ക്കുകയാണ്. കോഴിവളം, വേപ്പിന്‍ പിണ്ണാക്ക്, ചാണകം, ചാരം എന്നിവയുപയോഗിച്ചാണ് ഇവിടെ പച്ചക്കറിക്കൃഷി നടക്കുന്നത്. ഇതിനാല്‍ സാധാരണ രാസവളമുപയോഗിച്ച് കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന കീടബാധ ഗണ്യമായി കുറഞ്ഞു. പുഴുവില്ലാത്ത ചീരയും പാവലും പടവലവുമെല്ലാം വാങ്ങിക്കാനായി ദേശീയപാതയരികില്‍ വന്‍തിരക്കാണ്.

ഉത്പാദനത്തിലും വിപണനത്തിലും പുത്തന്‍ സാധ്യതകള്‍ തുറക്കുന്ന ജൈവ- പച്ചക്കറിക്കടകളില്‍ ദിവസം ശരാശരി ആയിരം രൂപയുടെ കച്ചവടമുണ്ട്. ഇരുപതിലധികം കടകള്‍ കഞ്ഞിക്കുഴി, മാരാരിക്കുളം പഞ്ചായത്തുകളിലെ ദേശീയപാതയോരത്ത് ജൈവക്കൃഷി വൈഭവം വിളിച്ചോതി പ്രവര്‍ത്തിക്കുന്നു.

5. തൊഴിലുറപ്പ് നിയമത്തിനു രണ്ടുവയസ്; പത്ത് ജില്ലകളില്‍ ഇനിയും നടപ്പായില്ല
മാന്നാര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം സര്‍ക്കാര്‍ അട്ടിമറിച്ചതായി ആക്ഷേപം. തൊഴില്‍രഹിതര്‍ക്ക് വര്‍ഷത്തില്‍ നൂറു തൊഴില്‍ ദിനങ്ങളെങ്കിലും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ 2005 സെപ്റ്റംബര്‍ അഞ്ചിനാണ് തൊഴിലുറപ്പു നിയമം കൊണ്ടുവന്നത്.

അഞ്ചു വര്‍ഷത്തിനകം രാജ്യ ത്തു ജമ്മു-കാഷ്മീരൊഴികെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പാക്കണമെന്നാണു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ നിയമം വന്നു മൂന്നു വര്‍ഷം പിന്നിട്ടിട്ടും കേരളത്തില്‍ നാലു ജില്ലകളില്‍ മാത്രമേ ഇതു നടപ്പാക്കയിട്ടുള്ളു.

കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി നാലു ജില്ലകളിലാണു കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടു നിയമം നടപ്പാക്കിയത്.

ഒരു കുടുംബത്തില്‍ 18 വയസിനു മുകളില്‍ പ്രായമുള്ള ഒരാ ള്‍ ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുന്നതാണ് ഈ നിയമം. തൊഴി ല്‍ ര ഹിതര്‍ തൊഴില്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു 15 ദിവസത്തിനകം തൊഴില്‍ കൊടുക്കാത്തപക്ഷം അ പേ ക്ഷകനു തൊഴിലില്ലായ്മ വേതനം ലഭിക്കാനു ള്ള അവകാശം വരെ ഈ നിയമത്തിനുണ്ട്.

പദ്ധതി പ്രകാരം ജോലിയില്‍ നിയോഗിക്കപ്പെട്ട ഒരാള്‍ക്ക് ജോലി ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ ഇയാള്‍ക്കുള്ള മുഴുവന്‍ ചികിത്സച്ചെലവും ദിനബത്തയായി ദിവസക്കൂലിയുടെ പകുതിത്തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് ഈ നിയമത്തിലെ വ്യവസ്ഥ.

ഗ്രാമീണ മേഖലയില്‍ വന്‍ വികസന സാധ്യതകളാണ് തൊഴിലുറപ്പ് നിയമത്തിലൂടെ ഉണ്ടാകുന്നത്. വരള്‍ച്ച, വയല്‍, ജലസംരക്ഷണം,സ്ഥിരമായ ഗതാഗത സൌകര്യം, വെള്ളപ്പൊക്കം തടയല്‍ തുടങ്ങി നിരവധി വികസന പദ്ധതികള്‍ ഇതിലൂടെ നടപ്പാക്കുവാന്‍ കഴിയും.

എസ്.ജി.ആര്‍.വൈ , ദേശീയ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം തുടങ്ങിയ വികസന പദ്ധതികളാണ് കേന്ദ്രസര്‍ക്കാരിന്റേതായി നടന്നുവരുന്നത്.

എന്നാല്‍ ഈ പദ്ധതികളില്‍ അധികവും കരാറുകാര്‍ ഏറ്റെടുത്ത് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനാല്‍ സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്ക് യാതൊരു പ്രയോ ജനവും ഈ പദ്ധതികള്‍ മൂലം ഇപ്പോള്‍ ലഭിക്കുന്നില്ല.

ഈ തൊഴിലുറപ്പു നിയമത്തിന്റെ ആവശ്യത്തിനായി കേ ന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വ ഴി രൂപീകരിച്ച തൊഴിലുറപ്പ് ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ ഫ ണ്ടും ചേര്‍ന്ന് കോടിക്കണക്കിന് രൂപ യുടെ വികസനമാണ് ഗ്രാമീ ണ മേഖലയില്‍ നടക്കേണ്ടത്. വികസനങ്ങള്‍ക്കൊപ്പം ഒരു കുടുംബത്തിലെ ഒരാള്‍ക്ക് തൊഴിലും എന്ന ഉറപ്പാണ് കേരളത്തിലെ പത്ത് ജില്ലകളില്‍ ഇനിയും നടപ്പിലാക്കാഞ്ഞത്.

6. ലാമിനേഷന്‍ ചെയ്ത റേഷന്‍ കാര്‍ഡ് വിതരണം അനിശ്ചിതമായി നീളും
തിരുവനന്തപുരം: ലാമിനേറ്റ് ചെയ്ത റേഷന്‍കാര്‍ഡുകളുടെ വിതരണം അനിശ്ചിതമായി നീളുമെന്ന് സൂചന. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള (ബി.പി.എല്‍)വരെ കണ്െടത്തുന്നതിനുള്ള സര്‍വേ പൂര്‍ത്തിയാകാത്തതാണു കാരണം. സര്‍വേ നടത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം എല്ലായിടത്തും ഫലവത്തായില്ല. ഭക്ഷ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 20ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുണ്ട്.

പത്തു ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമെ ലാമിനേറ്റ് ചെയ്ത

ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാന്‍ പാടുള്ളുവെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ മാസം കര്‍ശന നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ദാരിദ്യ്ര സ്ഥിതി കണക്കിലെടുത്ത് 14 ലക്ഷത്തോളം കുടുംബങ്ങള്‍ക്കെങ്കിലും ബി.പി.എല്‍ കാര്‍ഡ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

ഇതുകാരണം ബാക്കി പത്തു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് എന്ത് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ യാതൊരു തീരുമാനവുമെടുത്തിട്ടില്ല. കാര്‍ഡുകളുടെ ലാമിനേഷന്‍ ജോലികള്‍ കെല്‍ട്രോണിനെയാണ് സര്‍ക്കാര്‍ എല്‍പ്പിച്ചിരിക്കുന്നത്.

എ.പി.എല്‍ കാര്‍ഡുകള്‍ക്കായി പ്രത്യേക സര്‍വേ ആവശ്യമില്ലാത്തതിനാല്‍ ഇതിന്റെ ജോലികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് ബി.പി.എല്ലുകാര്‍ക്കായുള്ള സര്‍വേ അല്‍പമെങ്കിലും കാര്യക്ഷമമായി നടക്കുന്നത്. അര്‍ഹരായവരെ തെരഞ്ഞു പിടിച്ച് ലിസ്റ്റ് തയാറാക്കേണ്ടതിനാലാണ് സര്‍വേയ്ക്ക് കാലതാമസം വരുന്നതെന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.

7. റോഡ് നിര്‍മാണം: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകണം
പറവൂര്‍: ദേശീയപാത 17ലെ കോട്ടപ്പുറം മുതല്‍ ചന്തപ്പുരവരെ ബൈപാസ് റോഡ് നിര്‍മിക്കണമെന്ന് 2006ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കേസില്‍ നാല് ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിവരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ദേശീയപാത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സോമന്‍ കഴിഞ്ഞ 11-ന് ഹൈക്കോടതിയില്‍ ഹാജരായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ കോടതിയുടെ നിര്‍ദേശങ്ങളും ഉത്തരവുകളും പാലിച്ചിട്ടില്ലാത്തതിനാല്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

കോടതി അലക്ഷ്യനടപടിയുമായി മുന്നോട്ടുപോകേണ്ട കേസാണെങ്കിലും ഒരു അവസരം കൂടി നല്‍കുന്നതിന് മൂന്ന് ആഴ്ചത്തെ സമയം എതിര്‍ കക്ഷികള്‍ക്ക് നല്‍കി ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തും. ജസ്റ്റിസ് കെ.എ.ജോസഫുമടക്കമുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. മാര്‍ച്ച് മൂന്ന് ദേശീയപാത സംസ്ഥാന ചീഫ് എന്‍ജിനിയര്‍ സുരേഷ് കൊയ്ലേരി, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയ്സ് ഡയറക്ടര്‍ ജനല്‍ ഇന്‍ചാര്‍ജ് ഇന്ദുപ്രകാശ്, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ ഡയറക്ടര്‍ ബ്രംദത്ത്, കേരള, കര്‍ണാടക, ലക്ഷദ്വീപ് സംസ്ഥാനങ്ങളുടെ ചീഫ് എന്‍ജിനിയര്‍ എന്‍.എസ്.ജയിന്‍ എന്നിവരോടാണ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്.

8. രാജ് താക്കറെയുടെ പ്രസ്താവനയില്‍ സുപ്രീംകോടതിക്ക് അതൃപ്തി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവിനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെക്കു സുപ്രീംകോടതിയുടെ വിമര്‍ശനം. ഉത്തരേന്ത്യക്കാര്‍ക്കെതിരേ താക്കറെ നടത്തിയ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി അതൃപ്തിയും പ്രകടിപ്പിച്ചു.

രാജ്യത്തെ പരസ്പര ശത്രുതയുള്ള ചെറുരാജ്യങ്ങളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കി. എന്താണു സംഭവിച്ചതെന്ന് കോടതിക്കു അറിയാമെന്നു ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രന്‍, മാര്‍ക്കണ്ഡേയ കത്ജു എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ച് പറഞ്ഞു.

രാജ് താക്കറെയുടെ പരാമര്‍ശങ്ങളെത്തുടര്‍ന്നു മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലും ഉത്തരേന്ത്യക്കാര്‍ക്കെതിരേയുണ്ടായ ആക്രമണങ്ങള്‍ അപകടകരമായ പ്രവണതയാണെന്നു കോടതി ചൂണ്ടിക്കാട്ടി.

“ഇത് ഒന്നായ രാജ്യമാണ്. ഇവിടെ മണ്ണിന്റെ മക്കള്‍വാദം അനുവദിക്കാനാവില്ല”- കോടതി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയില്‍ നിര്‍ദേശം നല്‍കാന്‍ കോടതി വിസമ്മതിച്ചു. ക്രമസമാധാന പ്രശ്നമായതിനാല്‍ അതില്‍ നിര്‍ദേശം നല്‍കാനാവില്ലെന്നും ഹര്‍ജിക്കാര്‍ക്കു മുംബൈ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

എം.എന്‍.എസിന്റെ അംഗീകാരം റദ്ദാക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നല്‍കാനാവില്ല. ഹര്‍ജിക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ ഇതില്‍ ഇടപെടാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

9. റെയില്‍വേ ബജറ്റ് ‘സുഖസൌകര്യങ്ങളുടെ കൂട’: ലാലു
ഛാപ്ര: സാധാരണക്കാരായ യാത്രക്കാര്‍ക്കുള്ള ‘ സുഖസൌകര്യങ്ങളുടെ കൂട’യായിരിക്കും 2008-09-ലെ റെയില്‍വേ ബജറ്റെന്നു കേന്ദ്ര മന്ത്രി ലാലു പ്രസാദ് യാദവ്.

വികസന മേഖലയിലുള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേ മികച്ച പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലേക്ക് റെയില്‍വേയുടെയും രാജീവ് ഗാന്ധി ഫൌണ്േടഷന്റെയും സംയുക്ത സംരംഭമായ ലൈഫ് ലൈന്‍ എക് സ്പ്രസ് എത്തുന്നതുമായി ബന്ധപ്പെട്ടു റയില്‍വേസ്റ്റേഷനിലെത്തിയതായിരുന്നു അദ്ദേഹം.

ഇവിടേക്കു ട്രെയിന്‍ അയച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോടു പ്രത്യേക നന്ദിയുണ്െടന്നു ലാലു പറഞ്ഞു. സാധുക്കള്‍ക്കു മരുന്നും വൈദ്യസഹായവും എത്തിക്കുന്നതില്‍ ലൈഫ് ലൈന്‍ എക്സ്പ്രസ് പ്രശംസാര്‍ഹമായ പങ്കാണു വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

10. തൊഴിലാളികളെ പിരിച്ചുവിടണമോ വേണ്ടയോ എന്ന് തൊഴില്‍ ദാതാവിനു തീരുമാനിക്കാം: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഒരു സ്ഥാപനത്തിലെ തൊഴിലാളികളെ പിരിച്ചുവിടണമോ തുടരാനനുവദിക്കണമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം മാനേജ്മെന്റിന് ഉണ്െടന്നു സുപ്രീം കോടതി. കോടതി ഇക്കാര്യങ്ങളില്‍ ഇടപെടില്ല.

പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് ഏതാനും ബാങ്ക് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് തരുണ്‍ ചാറ്റര്‍ജി, ജസ്റ്റീസ് എച്ച്.എസ് ബേഡി എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് വിധി പ്രഖ്യാപിച്ചത്.

തൊഴിലാളികള്‍ ആവശ്യത്തിലധികമായതിനെ തുടര്‍ന്നു ബാങ്ക് നിയമപ്രകാരം ക്ളാസ് ഫോര്‍ ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കലിനു വിധേയരാക്കുകയായിരുന്നെന്നു കോടതി നിരീക്ഷിച്ചു. പിരിച്ചുവിടല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ബാധകമാക്കണം എന്ന ജീവനക്കാരുടെ ആവശ്യവും കോടതി തള്ളി. ഇക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കാനുള്ള പരമാധികാരം ബാങ്കില്‍ നിക്ഷിപ്തമാണെന്നു കോടതി പറഞ്ഞു.

11. ഇക്കുറി കാര്‍ഷിക ബജറ്റ് വേണം: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പഴയ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും നെല്ലിന്റെ താങ്ങുവില 1050 രൂപയാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാര്‍ ഈ വര്‍ഷം ‘കാര്‍ഷിക ബജറ്റ്’ അവതരിപ്പിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എസ്.എസ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക വായ്പയുടെ പലിശ ഏഴില്‍ നിന്നു നാലു ശതമാനമായി കുറയ്ക്കുക, എല്ലാ കൃഷികള്‍ക്കും സമ്പൂര്‍ണ വിള ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, കര്‍ഷകര്‍ക്ക് സൌജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുക, കുടിയൊഴിപ്പിക്കപ്പെടുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, കാര്‍ഷികാവശ്യത്തിനുള്ള വിത്തുകള്‍, വളം, കീടനാശിനികള്‍, ഡീസല്‍ തുടങ്ങിവയിലെ മായം ചേര്‍ക്കലിനെതിരേ നിയമഭേദഗതി കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.

12. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം: പൂര്‍ണ അധികാരം സര്‍ക്കാരിന്
ഡല്‍ഹി: ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം എങ്ങനെ വേണമെന്നു തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിനാണെന്നു സുപ്രീംകോടതി. ടെക്നിക്കല്‍ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കും ഉദ്യോഗക്കയറ്റം നല്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

സര്‍ക്കാരിന്റേതു നയപരമായ തീരുമാനമാണെന്നും ഇതില്‍ കോടതി ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസുമാരായ അഫ്താബ് ആലം, എ.കെ. മാഥുര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു.

1. സംവരണം വ്യാപിപ്പിക്കണം
തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ സംവരണ അട്ടിമറിതടയണമെന്നും കൂടുതല്‍ മേഖലകളിലേക്ക് സംവരണം വ്യാപിപ്പിക്കണമെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി ശിപാര്‍ശ ചെയ്തു.

നരേന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയ സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിംകളുടെ പ്രാതിനിധ്യക്കുറവ് നികത്തുന്നതിന് പ്രായോഗിക നടപടികള്‍ തയാറാക്കുന്നതിന് ഉദ്യോഗസ്ഥ തല കമ്മിറ്റിയെ നിയോഗിക്കണമെന്ന് വിദഗ്ധസമിതി മുഖ്യമന്ത്രിക്ക് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളുള്ള സാഹചര്യത്തിലാണിത്. ഈ കമ്മിറ്റി ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ചെയര്‍മാന്‍ പാലോളി മുഹമ്മദ്കുട്ടിയാണ് വിദഗ്ധസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുസ്ലിംകളുടെ സാമൂഹിക^വിദ്യാഭ്യാസ^സാംസ്കാരിക ഉന്നമനത്തിനുള്ള നിരവധി നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ താഴെ:

n പി.എസ്.സി നിയമനങ്ങളില്‍ നിലവിലെ റൊട്ടേഷന്‍ സമ്പ്രദായത്തിലെ അടക്കം അപാകതകള്‍ മൂലം സംവരണ സമുദായങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സമിതി നിര്‍ദേശിച്ചു. ഭാവിയില്‍ സംവരണ നഷ്ടം ഉണ്ടാകാന്‍ പാടില്ല. ഓപണ്‍ ക്വാട്ടയിലും സംവരണ ക്വാട്ടയിലും നിയമനം കിട്ടുന്നവരുടെ വിവരങ്ങള്‍ നിയമന ഉത്തരവിലടക്കം വെവ്വേറെ രേഖപ്പെടുത്തണം. സംവരണാടിസ്ഥാനത്തില്‍ നിയമനം കിട്ടിയ ആള്‍ ജോലി സ്വീകരിച്ചില്ലെങ്കില്‍ അത് ജനറലിലേക്ക് മാറ്റാതെ തൊട്ടടുത്ത സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥിക്ക് നല്‍കണം.

n സര്‍ക്കാര്‍ നിയന്ത്രണമുള്ളതോ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതോ ആയ മുഴുവന്‍ സ്ഥാപനങ്ങളിലും എല്ലാ നിയമനങ്ങള്‍ക്കും സംവരണം ബാധകമാക്കണം.

n താല്‍കാലിക നിയമനങ്ങള്‍ ആവശ്യമായാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സംവരണം പാലിച്ച് നിയമനം നടത്തണം.

n ദഖ്നി, കച്ചിമേമന്‍ എന്നീ നിലവില്‍ സംവരണമില്ലാത്ത മുസ്ലിം വിഭാഗങ്ങളെ കൂടി സംവരണ പരിധിയില്‍ കൊണ്ടു വരണം.

n മിശ്ര കമീഷന്‍ ശിപാര്‍ശ ചെയ്ത പ്രകാരം പട്ടിക വിഭാഗത്തില്‍ നിന്ന് മത പരിവര്‍ത്തനം നടത്തിയവര്‍ ഏത് മതത്തിലേക്ക് മാറിയാലും അവരുടെ സംവരണാവകാശം നിലനിര്‍ത്തണം.

n പോലിസ് സേനയില്‍ മുസ്ലിം സംവരണം ഉറപ്പു വരുത്തണം.

n ഇതുവരെ താഴേ തട്ടില്‍ മാത്രമാണ് സംവരണം കിട്ടുന്നതെന്നതിനാല്‍ ഉയര്‍ന്ന തസ്തികകളില്‍ മുസ്ലിംകള്‍ക്ക് കടന്നുവരാനാകാത്ത സ്ഥിതിയുണ്ട്. അതിനാല്‍ പ്രമോഷന്‍ തസ്തികയിലും മുസ്ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം.

n ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഇന്റര്‍വ്യു ബോര്‍ഡില്‍ മുസ്ലിം പ്രാതിനിധ്യം വേണം.

n എഴുത്തു പരീക്ഷക്ക് ശേഷം നടത്തുന്ന ഇന്റര്‍വ്യൂകള്‍ക്ക് മൊത്തം മാര്‍ക്ക് 20ല്‍ കൂടുതല്‍ നിശ്ചയിക്കാന്‍ പാടില്ല.

n ഉയര്‍ന്ന കോടതികളില്‍ എല്ലാ നോണ്‍^ജുഡീഷ്യല്‍ തസ്തികകളിലെയും കീഴ്ക്കോടതികളിലെ ജഡ്ജിമാര്‍ അടക്കം മുഴുവന്‍ തസ്തികകളിലെയും നിയമനം മുമ്പുണ്ടായിരുന്നതുപോലെ പി.എസ്.സിക്ക് മടക്കി നല്‍കണം.

n പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന് വെയിറ്റേജ് നല്‍കുകയും പ്രവേശന പരീക്ഷക്ക് നെഗറ്റീവ് മാര്‍ക്ക് ഒഴിവാക്കുകയും വേണം.

n ഹൈസ്കൂളുകള്‍ ഇല്ലാത്ത മുഴുവന്‍ പഞ്ചായത്തുകളിലും അത് അനുവദിക്കുകയും എല്ലാ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്ററി അനുവദിക്കുകയും വേണം.

n മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍^എയിഡഡ് മേഖലയില്‍ പുതിയ കോളജുകള്‍ അനുവദിക്കുകയും നിലവിലെ കോളജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കുകയും വേണം.

n മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരെയില്ലാത്ത കോട്ടയം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം.

n മുസ്ലിംകള്‍ ആരംഭിച്ചു കഴിഞ്ഞ സി.ബി.എസ്.ഇ അടക്കം ദേശീയ സിലബസുള്ള അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം ലഭിക്കാനായി സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കണം.

n മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തലത്തിലുള്ള സ്കോളര്‍ഷിപ്പ് ഉന്നത വിദ്യാഭ്യാസ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കണം. ഇതിന്റെ തുക 12000 രൂപയെങ്കിലും ആയിരിക്കണം.

n അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ഓഫ് കാമ്പസ് സെന്റര്‍ മലബാറില്‍ സ്ഥാപിക്കണം.

n സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കണം.

n അറബിക് വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം കൂട്ടുകയും കൂടുതല്‍ വിദ്യാഭ്യാസ ജില്ലകളും ഉപജില്ലകളും ആരംഭിക്കുകയും വേണം.

n അനാഥാലയങ്ങളിലെ കുട്ടികളുടെ ഗ്രാന്റ് നിലവിലെ 175 രൂപയില്‍ നിന്ന് പ്രതിമാസം 250 രൂപയായി വര്‍ധിപ്പിക്കണം.

n സ്ത്രീകള്‍ക്ക് അടക്കം തൊഴില്‍ സാധ്യതയുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നതിന് മുന്തിയ പരിഗണന നല്‍കണം.

n സംസ്ഥാനത്തെ ഒന്നര ലക്ഷം മദ്റസാധ്യാപകര്‍ക്ക് വഖഫ് ബോര്‍ഡിന് കീഴില്‍ ക്ഷേമനിധി നടപ്പാക്കണം. ഇതില്‍ അധ്യാപകര്‍, മാനേജ്മെന്റ്, സര്‍ക്കാര്‍ എന്നിവര്‍ വിഹിതം നല്‍കണം. അധ്യാപക^മാനേജ്മെന്റുകളുടെ പ്രതിമാസ മിനിമം വിഹിതം 50 രൂപയില്‍ കവിയാന്‍ പാടില്ല. സര്‍ക്കാര്‍ ഒരു കോടിയിലേറെ വരുന്ന തുക പ്രാഥമികമായി അനുവദിക്കുകയും വാര്‍ഷിക തുടര്‍ച്ച ഉണ്ടാവുകയും വേണം.

n മുസ്ലിംകളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക വകുപ്പ് രൂപവത്കരിക്കണം.

n പട്ടിക വിഭാഗ കോര്‍പറേഷന്‍ മാതൃകയില്‍ മുസ്ലിം ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ രൂപവത്കരിക്കുകയും എല്ലാ ജില്ലകളിലും അതിന് ആസ്ഥാനം ഉണ്ടാക്കുകയും വേണം. സംസ്ഥാന^കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ വികസന പദ്ധതികള്‍, വിദ്യാഭ്യാസ^സാമൂഹിക^തൊഴില്‍ രംഗത്ത് അടക്കമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ കോര്‍പറേഷന്‍ നടത്തണം. സച്ചാര്‍ റിപ്പോര്‍ട്ട് അടക്കം കേന്ദ്ര^സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ നടപ്പാക്കല്‍ മോണിറ്റര്‍ ചെയ്യുന്നതിന്റെ ചുമതല മന്ത്രാലയത്തിന് നല്‍കണം.

n വഖഫ് ബോര്‍ഡിന്റെ അന്യാധീനപ്പെടുന്ന സ്വത്തുക്കള്‍ വീണ്ടെടുക്കുകയും സമുദായ ക്ഷേമത്തിന് സഹായിക്കുന്ന വിവിധ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തുകയും വേണം.

n വഖഫ് രജിസ്ട്രേഷന് അപേക്ഷിക്കുന്ന ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും ഉടന്‍ രജിസ്ട്രേഷന്‍ അനുവദിക്കണം.

n മുസ്ലിംകളെ തീവ്രവാദികളും ഭീകരവാദികളുമായി മുദ്രയടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് തടയണം.

n ന്യൂനപക്ഷ^പിന്നാക്ക സമുദായങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന തീരദേശ^മലയോര പ്രദേശങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ പ്രത്യേക ഫണ്ട് നല്‍കുന്നതോടൊപ്പം നിലവിലെ പദ്ധതികളില്‍ അവയ്ക്ക് പ്രത്യേക പരിഗണന നല്‍കുകയും വേണം.

n കുടുംബശ്രീ പോലെയുള്ള സാമൂഹിക സുരക്ഷാ പരിപാടികളില്‍ മുസ്ലിം സ്ത്രീകളെ കൂടുതല്‍ പങ്കാളികളാക്കുകയും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പ്രോല്‍സാഹിപ്പിക്കുകയും വേണം.

n പ്രവാസികളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരത്തിനും നോര്‍ക്കാ റൂട്ട്സ് ശക്തമാക്കുന്നതടക്കം ഫലപ്രദമായ നടപടികളെടുക്കണം. യൂനിവേഴ്സിറ്റികളുടെ ഓഫ് കാമ്പസ് സെന്ററുകള്‍ ഗള്‍ഫില്‍ സ്ഥാപിക്കണം. പ്രവാസികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷ സ്വകാര്യമായെഴുതാന്‍ സംവിധാനമുണ്ടാകണം.

2. ദുര്‍ബല വിഭാഗങ്ങള്‍ക്കായി 1,000 കോടിയുടെ നിധി
ന്യൂദല്‍ഹി: ദുര്‍ബല വിഭാഗങ്ങള്‍ക്ക് ചെലവു കുറഞ്ഞ വായ്പാ സൌകര്യങ്ങള്‍ കൂടുതലായി ലഭ്യമാക്കുന്നതിന് 500 കോടി രൂപ വീതമുള്ള രണ്ട് സഞ്ചിത പ്രത്യേക സഹായ നിധി രൂപവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ ബജറ്റിലെ വാഗ്ദാനപ്രകാരമാണിത്.

സാമ്പത്തിക സഹായ നിധി, സാമ്പത്തിക സഹായ സാങ്കേതികവിദ്യാ നിധി എന്നിവ രൂപവത്കരിക്കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി വാഗ്ദാനം ചെയ്തത്. പരമാവധി 200 കോടി രൂപ വീതം നിധിയിലേക്ക് കേന്ദ്രം നല്‍കും. തുടക്കത്തില്‍ 25 കോടിയാണ് നിധിയില്‍ ഉണ്ടാവുക. 40 ശതമാനം വീതം കേന്ദ്രവും റിസര്‍വ് ബാങ്കും നല്‍കും. ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്ക് 20 ശതമാനം മുടക്കും.

3. പാക്കിസ്ഥാനില്‍ ദേശീയ ഐക്യ സര്‍ക്കാറിന് സര്‍ദാരി^ശരീഫ് ധാരണ
ഇസ്ലാമാബാദ്: പൊതു അജണ്ട പ്രഖ്യാപിച്ച് ദേശീയ ഐക്യസര്‍ക്കാറുണ്ടാക്കാന്‍ പി.പി.പി. കോ^ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരിയും പി.എം.എല്‍.എന്‍ അധ്യക്ഷന്‍ നവാസ് ശരീഫും തമ്മില്‍ നടത്തിയ സുപ്രധാന ചര്‍ച്ചയില്‍ തീരുമാനമായി. പി.പി.പി. വൈസ് ചെയര്‍മാന്‍ മഖ്ദൂം അമീന്‍ ഫഹീം പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.

കേന്ദ്രത്തിലും പ്രവിശ്യകളിലും സഖ്യസര്‍ക്കാറുണ്ടാക്കുന്നതില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുനിച്ചതായി ചര്‍ച്ചക്കുശേഷം ഇരു നേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുശര്‍റഫ് പുറത്താക്കിയ മുന്‍ ചീഫ്ജസ്റ്റിസ് ഇഫ്തിഖാര്‍ ചൌധരിയെ എത്രയും പെട്ടെന്ന് പുനര്‍നിയമിക്കാന്‍ ഇരുപാര്‍ട്ടികളും സമ്മതിച്ചതായി നേതാക്കള്‍ പറഞ്ഞു.
ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഇനിയും ഒരുപാട് കാര്യങ്ങളില്‍ തീരുമാനമെടുക്കാനുണ്ടെങ്കിലും ഒന്നിച്ചു നില്‍ക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചതായാണ് സര്‍ദാരി വാര്‍ത്താലേഖകരെ അറിയിച്ചത്. സര്‍ക്കാറില്‍ നവാസ് ശരീഫിനെ കൂട്ടിയാല്‍ സര്‍ദാരിക്കെതിരായ പഴയ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന മുശര്‍റഫിന്റെ ഭീഷണി നിലനില്‍ക്കേ ഇസ്ലാമാബാദിലെ സര്‍ദാരിയുടെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു ഇരു നേതാക്കളുടെയും ചര്‍ച്ച. തെരഞ്ഞെടുപ്പ് ഫലമെത്തിയ ശേഷം ആദ്യമായാണ് ഇവര്‍ നേരില്‍കാണുന്നത്. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തി തെളിയിച്ച അവാമി നാഷനല്‍ പാര്‍ട്ടിയും സിന്ധിലെ സജീവ രാഷ്ട്രീയ പാര്‍ട്ടിയായ എം.ക്യു.എമ്മും ഐക്യസര്‍ക്കാറില്‍ പങ്കാളികളാവും.

പഷ്തൂണ്‍ നേതാവും അവാമി പാര്‍ട്ടി തലവനുമായ അസ്ഫന്‍ദിയാര്‍ വലീഖാനുമായി ഇന്നലെ രാവിലെത്തന്നെ സര്‍ദാരി കൂടിക്കാഴ്ച നടത്തി പിന്തുണ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് പി.എം.എല്ലുമായി നടന്ന ചര്‍ച്ചയിലും മുഖ്യ പങ്കു വഹിച്ചത് വലീഖാനാണ്. ഇതിനിടെ, നവാസ് ശരീഫിനെ പി.എം.എല്‍.എന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിയമ തടസ്സമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശരീഫിനെ ഒഴിവാക്കി സര്‍ക്കാറുണ്ടാക്കാന്‍ മുശര്‍റഫിന്റെ ക്യു ലീഗിന്റെ സഹായം ലഭ്യമാക്കാമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ സര്‍ദാരിയെ അറിയിച്ചെങ്കിലും നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ മുശര്‍റഫ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. നവാസ് ശരീഫിനെ സര്‍ക്കാറില്‍ ചേര്‍ക്കുന്നതിന് തടയിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുശര്‍റഫിന്റെ കരുനീക്കങ്ങള്‍.

ഇതിനിടെതന്നെ, കോടികളുടെ കോഴപ്പണം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചതായി ആരോപണമുള്ള സര്‍ദാരിയെ പ്രോസിക്യൂട്ട് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സ്വിസ് കോടതിയോട് അഭ്യര്‍ഥിച്ച പാക് സര്‍ക്കാറിന്റെ നടപടിയും പി.പി.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. ആരോപണം തെളിയിക്കപ്പെട്ടാല്‍ അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സര്‍ദാരിക്കെതിരെ പാക്കിസ്ഥാന്‍ കോടതികളിലുമുള്ളത്. സര്‍ദാരിക്കെതിരായ കോഴക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന ഒരു കേസ് ഇന്നലെ കോടതിയിലെത്തിയിരുന്നെങ്കിലും എന്‍.ആര്‍.ഒയുടെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതിയിലുള്ളതിനാല്‍ തല്‍ക്കാലം നീട്ടി വെക്കുകയായിരുന്നു. അതിനിടെ, ഈ ഭീഷണികളുടെ പശ്ചാത്തലത്തില്‍ മുശര്‍റഫിനെതിരായ കടുത്ത നിലപാട് സര്‍ദാരി ഉപേക്ഷിക്കുന്നതായി ഇന്നലെ വൈകുന്നേരം അദ്ദേഹം ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ജനവിധി തീര്‍ത്തും എതിരായ മുശര്‍റഫ് പ്രസിഡന്റ് പദവി രാജി വെച്ചൊഴിയണമെന്ന് രണ്ടു ദിവസം മുമ്പ് ശക്തമായ പ്രസ്താവന നല്‍കിയ സര്‍ദാരി, മുശര്‍റഫ് തുടരുന്ന കാര്യം പുതിയ പാര്‍ലമെന്റ് തീരുമാനിക്കട്ടെ എന്നാണ് എന്‍.ഡി.ടി.വി ലേഖിക ബര്‍ഖാദത്തുമായുള്ള അഭിമുഖത്തില്‍ ഇന്നലെ പറഞ്ഞത്.

മുശര്‍റഫുമായി സഹകരിക്കുന്ന പ്രശ്നമില്ലെന്ന് പാക്കിസ്ഥാനിലെ യു.എസ് അംബാസഡറുമായുള്ള ചര്‍ച്ചയില്‍ സര്‍ദാരി നേരത്തേ പറഞ്ഞിരുന്നെങ്കിലും സഹകരണക്കാര്യം പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. സര്‍ക്കാറിന്റെ സ്ഥിരത മുഖ്യമാണെന്നും സര്‍ദാരിക്ക് ഇപ്പോള്‍ അഭിപ്രായമുണ്ട്.

4. എതിരില്ലാതെ ചിത്രയും സിനിമോളും പ്രീജയും
പാട്യാല: പ്രഥമ ഇന്ത്യന്‍ അത്ലറ്റിക് ഗ്രാന്റ്പ്രീ മീറ്റില്‍ പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ആര്‍മിയുടെ ബസന്ത് ബഹദൂറിന് ദേശീയ റെക്കോര്‍ഡ്.

ബീജിംഗ് ഒളിമ്പിക്സിന് യോഗ്യത നേടുകയെന്ന ലക്ഷ്യവുമായി പരിശീലിക്കുന്നവരുടെ ക്യാമ്പില്‍ നടന്ന മീറ്റില്‍ ഒരിക്കല്‍ക്കൂടി മലയാളി താരങ്ങളുടെ ആധിപത്യം കണ്ടു. വനിതകളുടെ 400 മീറ്ററില്‍ ചിത്ര കെ. സോമനും 1500 മീറ്ററില്‍ സിനിമോള്‍ പൌലോസും 5000 മീറ്ററില്‍ പ്രീജ ശ്രീധരനും എതിരുണ്ടായില്ല. പുരുഷന്മാരുടെ 800 മീറ്ററില്‍ ആര്‍. രാജീവനാണ് സ്വര്‍ണം.

പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ 4:10:42 മണിക്കൂറില്‍ ഫിനിഷ് ചെയ്ത പട്ടാളക്കാരനായ ബസന്ത് ബഹദൂര്‍ മൂന്നുവര്‍ഷംമുമ്പ് ഗുരുദേവ് സിംഗ് സ്ഥാപിച്ച റെക്കോര്‍ഡ് ആറു മിനിറ്റിന്റെ വ്യത്യാസത്തിനാണ് തിരുത്തിയത്.

വനിതകളുടെ 400 മീറ്ററില്‍ മലയാളിയായ ചിത്ര കെ. സോമന്‍ 53.19 സെക്കന്റില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. മന്ദീപ് കൌര്‍ (53.47) രഞ്ജിത് കൌര്‍ (53.62) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

മരുന്നടിച്ചതിന് രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ നീലം ജെ. സിംഗിന്റെ സാന്നിധ്യത്തില്‍ വനിതകളുടെ ഡിസ്കസ് ത്രോയില്‍ 58.54 മീറ്റര്‍ എറിഞ്ഞ ഹര്‍വന്ത് കൌര്‍ സ്വര്‍ണം നേടി. സീമ ആന്റിലിനാണ് വെള്ളി. നീലം നാലാമതായി ഫിനിഷ് ചെയ്തു.

വനിതകളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ സിനിമോള്‍ പൌലോസ് ഒന്നാമതെത്തി. 4:16.53 സെക്കന്റില്‍ ഫിനിഷ് ചെയ്ത സിനിക്കുപിന്നില്‍ എസ്.ആര്‍. ബിന്ദുവും കിരണ്‍ തിവാരിയും വെള്ളിയും വെങ്കലവും നേടി. വനിതകളുടെ 5000 മീറ്ററില്‍ പ്രീജ ശ്രീധരന്‍ ആധിപത്യം നിലനിര്‍ത്തി. 15.57.70 സെക്കന്റില്‍ ഒന്നാമതെത്തിയ പ്രീജക്കു പിന്നില്‍ കവിത റൌതും പ്രീതി റോളോയും ഫിനിഷ് ചെയ്തു. ഹൈജംപില്‍ സഹനകുമാരിക്കാണ് സ്വര്‍ണം. മറിയന്‍ തരിയന്‍ വെള്ളിയും ജെ.ജെ. മോറ വെങ്കലവും നേടി. ലോംഗ്ജംപില്‍ മലയാളി താരം എം.എ പ്രജുഷയെ പിന്തള്ളി ജെ.ജെ. ശോഭ ഒന്നാമതെത്തി.

പുരുഷന്മാരുടെ 400 മീറ്ററില്‍ 47.51 സെക്കന്റില്‍ ഓടിത്തീര്‍ത്ത വിരേന്ദര്‍കുമാര്‍ പങ്കജിനാണ് സ്വര്‍ണം. 800 മീറ്ററില്‍ മലയാളികളായ ആര്‍. രാജീവും സജീഷ് ജോസഫും ആദ്യ രണ്ട് സ്ഥാനത്തെത്തി. രാജീവ് 1:50.43 സെക്കന്റില്‍ ഓടിയെത്തി. 1500 മീറ്ററില്‍ ഹംസ ചാത്തോളിയെ പിന്തള്ളിയ രവീന്ദറിനാണ് (3:43.04) സ്വര്‍ണം. ഹൈജംപില്‍ 2.15 മീറ്റര്‍ താണ്ടിയ ഹരിശങ്കര്‍ റോയിക്കാണ് സ്വര്‍ണം. കേരളത്തിന്റെ വിനോദ് ആറാം സ്ഥാനത്തായപ്പോള്‍ ട്രിപ്പിള്‍ ജംപില്‍ മലയാളികളായ രഞ്ജിത് മഹേശ്വരിയെയും (17.98) ബിബു മാത്യുവിനെയും (17.28) പിന്തള്ളി റെയില്‍വേയുടെ അമര്‍ജിത്സിംഗ് (16.30) സ്വര്‍ണം നേടി.

ഷോട്ട്പുട്ടില്‍ ഓംപ്രകാശിനാണ് (18.27) സ്വര്‍ണം. 5000 മീറ്ററില്‍ സുരേന്ദര്‍ സിംഗ് ഒന്നാമതെത്തി.

വനിതകളുടെ 800 മീറ്ററില്‍ സുഷമദേവിയും പ്രിയങ്ക പട്ടേലും ഒന്നും രണ്ടും സ്ഥാനത്തെത്തി. കെ.പി. ലിന്‍സിക്കാണ് വെങ്കലം.

1. എഫ്എം വാര്‍ത്താ പ്രക്ഷേപണത്തിന് ശുപാര്‍ശ
മുംബൈ: എഫ്എം റേഡിയോ രംഗത്ത് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ, പ്രക്ഷേപണ മന്ത്രാലയത്തിന്  ശുപാര്‍ശ ചെയ്തു. വാര്‍ത്താ പ്രക്ഷേപണം അനുവദിക്കുന്നതിനും ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ ചാനലുകള്‍ അനുവദിക്കുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

2. പത്തുവയസുകാരന് 5കോടിയുടെ ലോട്ടറി
ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ പത്തുവയസുകാരനായ ഇന്ത്യക്കാരന് അഞ്ചു കോടി രൂപയുടെ ലോട്ടറി. മൊഹിത് ഹിംതാനി എന്ന ബാലനാണ് ഇൌ ഭാഗ്യവാന്‍. ദുബായിലെ ജീവിതച്ചെലവ് താങ്ങാനാവാതെ തിരിച്ച് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ഈ ഭാഗ്യം കൈവന്നത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ നിന്ന് അച്ഛന്‍ ലക്ഷ്മണ്‍ ഹിംതാനി വാങ്ങിയ 15 ടിക്കറ്റുകളില്‍ ഒന്നിനാണ് ലോട്ടറി അടിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി താന്‍ ടിക്കറ്റ് വാങ്ങുന്നതാണെന്ന് ലക്ഷ്മണ്‍ഹിംതാനി പറഞ്ഞു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w