പത്രവാര്‍ത്തകള്‍ 22-02-08

 • സംവരണനഷ്ടം: താല്‍ക്കാലിക നിയമനത്തിന് ശുപാര്‍ശ
 • എച്ച്എംടി ഭൂമിവില്‍പ്പന കേന്ദ്ര തീരുമാനം: ധനമന്ത്രി
 • എന്‍ട്രന്‍സ് പരീക്ഷ ഉടച്ചുവാര്‍ക്കും
 • സ്ത്രീശാക്തീകരണം വനിതാ കമീഷന്‍ ഡോക്കുമെന്ററികളുടെ പ്രകാശനം 25ന്
 • സെന്‍ട്രല്‍ വെയര്‍ഹൌസ് റിലയന്‍സിന് നല്‍കിയ നടപടി റദ്ദാക്കണം: ഇ പി
 • പാല്‍സംഭരണത്തില്‍ എറണാകുളത്ത് വര്‍ധന
 • മരുന്നുക്ഷാമമുണ്ടാകുമെന്ന ആശങ്ക അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ്
 • പരമ്പരാഗത അറിവുകളുടെ സംരക്ഷണം ബൌദ്ധികസ്വത്തവകാശനയം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
 • മലയാളത്തിന്റെ ദു:ഖത്തിലും മനോരമ വിഷംചീറ്റി
 • കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കാന്‍ നിയമം വരുന്നു
 • എച്ച്.എം.ടി ഭൂമി വിവാദം: എ.ജിക്കു രണ്ടഭിപ്രായം
 • സംസ്കൃത സര്‍വകലാശാല: വിവാദത്തില്‍ ഇല്ലാതാവുന്നത് വിദ്യാര്‍ഥികളുടെ ഭാവി
 • പാത ഇരട്ടിക്കാതെ കേരളത്തിന് കൂടുതല്‍ ട്രെയിനില്ല
 • അടുത്തവര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും: മന്ത്രി ബേബി
 • ഹര്‍ത്താല്‍: പി.പി തങ്കച്ചന് ഹൈക്കോടതി നോട്ടീസ്
 • സ്പിരിറ്റ് കേസ്: മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചെന്ന് കമ്മീഷണര്‍
 • ഹരിയാന ഗവര്‍ണറുടെ വസതിക്കടുത്തു വീട്ടമ്മയെ മാനഭംഗപ്പെടുത്തി; രണ്ടു പോലീസുകാര്‍ അറസ്റ്റില്‍
 • കിരണ്‍ ബേദി രാജിവച്ച ഒഴിവിലേക്കു മലയാളി
 • ചാര ഉപഗ്രഹം യു.എസ് തകര്‍ത്തു
 • കര്‍ഷകര്‍ക്ക് പെന്‍ഷന്‍; തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
 • ചോര്‍ന്ന നയം; ബഹളത്തിന്റെ പ്രഖ്യാപനം
 • ഐടി_വിജ്ഞാനസിറ്റികള്‍ വരും, അന്യാധീനപ്പെട്ടഭൂമി തിരിച്ചുപിടിക്കും ഐടി
 • 12 പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങും
 • കേരള സര്‍ക്കാര്‍ ഷൈലോക്കിനെപ്പോലെ പെരുമാറരുതെന്ന് സുപ്രീം കോടതി
 • കെ.എസ്.ഇ.ബിയെ ആറുമാസത്തിനകം കമ്പനിയാക്കും
 • സ്കൂള്‍ സമയമാറ്റമില്ല;ഇനി പീരിയഡ് ഒരു മണിക്കൂര്‍
 • വ്യാജ കള്ളും സ്പിരിറ്റും പിടിച്ച കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി
 • പ്രവേശന നികുതി നിരക്ക് തര്‍ക്കം; തമിഴ്നാട് കോഴി വരവു നിലച്ചു
 • പാലക്കാട്ട് കാക്കകള്‍ കൂട്ടത്തോടെ ചത്തു
 • സിആര്‍പിഎഫില്‍ ഭീകരര്‍ നുഴഞ്ഞുകയറി; ഒരാള്‍ അറസ്റ്റില്‍
 • എയര്‍ പോര്‍ട്ട് ജീവനക്കാര്‍ 26 മുതല്‍ പണിമുടക്കും
 • എന്‍ജിന്‍ ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തിന്
 • കയറ്റുമതി നഷ്ടം നികത്താന്‍ വായ്പയ്ക്കു പലിശയിളവ്
 • വരാനിരിക്കുന്നത് സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ദുരിതകാലം
 • ഈശ്വരോ ‘സ്വയം’ രക്ഷതു…1
 • സി.പി.എമ്മിനെ അനുസരിക്കാന്‍ വിമുഖത: കണ്ണൂരില്‍ എസ്‌.പി. കസേര ഉറയ്‌ക്കുന്നില്ല
 • കര്‍ണാടകയില്‍ നാളെമുതല്‍ അനിശ്‌ചിതകാല ലോറി സമരം
 • ബ്രിട്ടന്‍ കുടിയേറ്റ നിയമം കര്‍ശനമാക്കി
 • ഉപ്പു കുറയ്‌ക്കുന്നവര്‍ക്ക്‌ വെള്ളവും കുറയ്‌ക്കാം

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. സംവരണനഷ്ടം: താല്‍ക്കാലിക നിയമനത്തിന് ശുപാര്‍ശ
തിരു: നരേന്ദ്രന്‍കമീഷന്‍ റിപ്പോര്‍ട്ട് വികലമായി നടപ്പാക്കിയതിന്റെ ഫലമായി സംവരണനഷ്ടമുണ്ടാകുന്ന വിഭാഗങ്ങള്‍ക്ക് നിയമ തടസ്സങ്ങള്‍ നീങ്ങുന്നതുവരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുവഴി താല്‍ക്കാലിക നിയമനം നല്‍കണമെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് പഠന സമിതി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കണമെന്നും മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്. തദ്ദേശ സ്വയംഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നരേന്ദ്രന്‍കമ്മിറ്റി റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ വികലമായി നടപ്പാക്കിയത് മുസ്ളിം ജനവിഭാഗങ്ങള്‍ക്ക് സംവരണനഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തിരു- കൊച്ചി സംസ്ഥാനമായിരിക്കെത്തന്നെ ഇവിടെ സമുദായസംവരണം നടപ്പാക്കിയിരുന്നു. ഐക്യകേരളം രൂപംകൊണ്ടശേഷം 1958ല്‍ ഇ എം എസ് സര്‍ക്കാര്‍ അത് സാര്‍വത്രികമാക്കി.

അമ്പതു ശതമാനം സംവരണം വര്‍ഷങ്ങള്‍ക്കുമുമ്പ് നടപ്പാക്കിയ കേരളത്തില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് അപ്രായോഗികമാണെന്ന് അറിഞ്ഞുകൊണ്ട് റിപ്പോര്‍ട്ട് നടപ്പാക്കിയത് വഞ്ചനയാണ്. സംവരണം 50:50ല്‍ കൂടുന്നതിന് ഭരണഘടനാപരമായ തടസ്സങ്ങളുണ്ട്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി മാത്രമേ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പാക്കാവൂവെന്നതും നിയമതടസ്സമാണ്. ഇവ ഒഴിവാക്കുന്നതുവരെ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തണമെന്നാണ് സമിതി നിര്‍ദേശം. ഇതിന്റെ പ്രായോഗികവശങ്ങള്‍ പഠിക്കാന്‍ വിദ്ഗധ സമിതിയെ നിയോഗിക്കണം.

മുസ്ളിം ജനവിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ പല വകുപ്പിലാണെന്നത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണ്. ഹജ്ജ്, വഖഫ് വകുപ്പുകളുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലാണ്. പിന്നോക്കക്ഷേമ കോര്‍പറേഷന്റെ പ്രവര്‍ത്തനം പട്ടികജാതി-വര്‍ഗ വകുപ്പിന്റെ പരിധിയിലാണ്. പ്രധാനമന്ത്രിയുടെ 11 ഇന പരിപാടികളില്‍പ്പെടുന്ന പിന്നോക്കവിഭാഗ സ്കോളര്‍ഷിപ്പ് അടക്കമുള്ളവ വിദ്യാഭ്യാസവകുപ്പിനു കീഴിലും. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷക്ഷേമവകുപ്പിന് ശുപാര്‍ശചെയ്തത്.

സമൂഹത്തില്‍ ഏറ്റവുമധികം സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നായ മദ്രസ അധ്യപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷന്‍പദ്ധതിയും നടപ്പാക്കണം. ഇതിന് തുടക്കത്തില്‍ ഒരുകോടി രൂപ ഗ്രാന്റ്് അനുവദിക്കണം. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിവര്‍ഷം ഒരുകോടി വീതം ഗ്രാന്റ് നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

സെക്രട്ടറിയറ്റില്‍ പിന്നോക്കക്ഷേമസെല്‍ രൂപീകരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. തീരദേശങ്ങളിലും മലയോരപ്രദേശങ്ങളിലുമുള്ള മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേകപദ്ധതികള്‍ വേണം. വയനാട് ജില്ലയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ന്യൂനപക്ഷപാക്കേജ് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലേക്കും വ്യാപിപ്പിക്കണം.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ എസ്സി-എസ്ടി പദ്ധതി മാതൃകയില്‍ വേഗത്തില്‍ നടപ്പാക്കണം. മുസ്ളിങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സ്കൂളുകളും മുസ്ളിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും അനുവദിക്കണം. ദഖ്നി, കച്ചി, മൈന്‍ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു.

2. എച്ച്എംടി ഭൂമിവില്‍പ്പന കേന്ദ്ര തീരുമാനം: ധനമന്ത്രി
തിരു: തുടര്‍ച്ചയായുണ്ടാവുന്ന അനാവശ്യ വിവാദങ്ങള്‍ കേരളത്തിലെ മൂലധന മുതല്‍മുടക്കിനെ തടസ്സപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ‘കേരളത്തിലെ വ്യവസായവല്‍ക്കരണം- വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചെറുകിട വ്യവസായ അസോസിയേഷന്‍ എന്നിവ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എച്ച്എംടി ഭൂമി വിഷയത്തിലെ വിവാദ കോലാഹലം അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് വഴി തിരിച്ചുവിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് ഭൂമിവില്‍പ്പന നടന്നത്. എച്ച്എംടി പുനരുദ്ധാരണ പദ്ധതി പ്രകാരമാണിത്. ഇടപാടിന് കേന്ദ്ര സര്‍ക്കാരിന്റെ പബ്ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. 2003 ലാണ് ഇത് സംബന്ധിച്ച പത്രപ്പരസ്യം നല്‍കിയത്. 2005 ല്‍ വീണ്ടും പരസ്യം നല്‍കി. അന്നൊന്നും തര്‍ക്കമില്ലായിരുന്നു. ഇത്തരം വിവാദങ്ങള്‍ കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനും പുരോഗതിക്കും ഗുണമാവില്ല.

കേരളത്തില്‍ ബജറ്റ് ഉണ്ടാകില്ലെന്ന് അടുത്തിടെ ചിലര്‍ പ്രചാരണം നടത്തി. രണ്ട് പ്രമുഖ പത്രങ്ങള്‍ എഡിറ്റോറിയല്‍വരെ എഴുതി. വിവരമില്ലായ്മയുടെ ആഘോഷമാണിതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ വ്യവസായവല്‍ക്കരണം പ്രധാനമാണെന്ന് കാണണം. വ്യവസായങ്ങള്‍ക്ക് നിയമവിധേയമായി ഭൂമി നല്‍കും. വന്‍തോതിലുള്ള നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. അടിസ്ഥാന സൌകര്യവികസനത്തിനും നിക്ഷേപസൌഹൃദാന്തരീക്ഷം മെച്ചമാക്കുന്നതിനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ഫയല്‍നീക്കം ത്വരിതമാക്കാന്‍ ചട്ടങ്ങള്‍ പൊളിച്ചെഴുതും. ചെറുകിട വ്യവസായ മേഖലയ്ക്കായി ദീര്‍ഘകാലനയം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.

എച്ച്എംടി ഭൂമിവില്‍പ്പനയുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് സെമിനാറില്‍ സംസാരിച്ച വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. കേന്ദ്ര വ്യവസായമന്ത്രിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍നയങ്ങളുടെ അടിസ്ഥാനത്തിലാണ് വില്‍പ്പന നടന്നത്. സെന്‍ട്രല്‍ വിജിലന്‍സ് ബോര്‍ഡിന്റെ പരിശോധനയ്ക്ക് ശേഷമായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരം അവര്‍ നടത്തിയ ഇടപാടില്‍ സംസ്ഥാനമന്ത്രിയും ഉദ്യോഗസ്ഥരും അഴിമതി കാട്ടിയതായി പ്രചരിപ്പിക്കുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് മന്ത്രി ചോദിച്ചു. എച്ച്എംടിക്ക് ഭൂമിവില്‍ക്കാന്‍ അവകാശമുണ്ടോ എന്നത് നിയമപരമായി തീര്‍പ്പാക്കേണ്ട വിഷയമാണ്. അനാവശ്യ വിവാദങ്ങള്‍ നിക്ഷേപസൌഹൃദാന്തരീക്ഷത്തെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

3. എന്‍ട്രന്‍സ് പരീക്ഷ ഉടച്ചുവാര്‍ക്കും
കോഴിക്കോട്: സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ ഉടച്ചുവാര്‍ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി.

ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാരിന് ലഭിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷാരീതി അശാസ്ത്രീയമാണെന്നും ബേബി പറഞ്ഞു. എന്‍ട്രന്‍സിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് കൂടി പരിഗണിക്കുന്ന കാര്യവും ചര്‍ച്ചചെയ്യും.

പാഠ്യപദ്ധതി പരിഷ്കരണ കരട് ചട്ടക്കൂടിന്റെ അന്തിമ റിപ്പോര്‍ട്ടിനെക്കുറിച്ച് അധ്യാപക- വിദ്യാര്‍ഥി സംഘടനകളുമായി കോഴിക്കോട്ട് നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ പരിഷ്കരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ദോഷകരമായി ഒരു നിര്‍ദേശവും ഇല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ സമൂലമായ മാറ്റം വരുത്തും. ഇതിനായി രൂപീകരിച്ച കമ്മിറ്റി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

ഇതിനു പുറമെയാണ് മെഡിക്കല്‍-എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലയിലെ പ്രവേശന പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാന്‍ ആര്‍ വി ജി മേനോന്‍, ഡോ. സി ആര്‍ സോമന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പരീക്ഷാരീതി ഉടച്ചുവാര്‍ക്കും.

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തില്ല. പഠിക്കാന്‍ അനുയോജ്യ സമയം രാവിലെയാണെന്ന പരാമര്‍ശം വളച്ചൊടിക്കേണ്ടതില്ല.

സ്കൂളില്‍ മാത്രമല്ല, സ്വയം പഠനവും നടക്കുന്നുണ്ട്. ഭാഷാപഠന സമയം കുറയ്ക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുക തുടങ്ങി ന്യൂനപക്ഷങ്ങള്‍ ആശങ്കപ്രകടിപ്പിച്ച പരിഷ്കാരങ്ങള്‍ ഉപേക്ഷിച്ചതായും ഇതേക്കുറിച്ച് ആരും ഇനിയും തെറ്റിദ്ധാരണ പരത്തേണ്ടതില്ലെന്നും ബേബി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് രണ്ടാം വട്ടമാണ് അധ്യാപക വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്. ഈ ചര്‍ച്ചയില്‍ പരിഷ്കാരത്തോട് പൊതുവെ അനുകൂല നിലപാടാണ് ഭൂരിപക്ഷം സംഘടനകളും സ്വീകരിച്ചത്. ഇനിയും അഭിപ്രായമുള്ളവര്‍ക്ക് അറയിക്കാന്‍ രണ്ട് ദിവസംകൂടി സമയം അനുവദിച്ചതായും മന്ത്രി പേറഞ്ഞു.

ശിക്ഷക് സദനില്‍നടന്ന ചര്‍ച്ചയില്‍ 26 അധ്യാപക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അംഗീകൃത വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ചര്‍ച്ചക്കെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നും മതമേലധ്യക്ഷന്‍മാര്‍ക്ക് കീഴടങ്ങിയെന്നും പറഞ്ഞ് എബിവിപി ചര്‍ച്ചയുടെ തുക്കത്തിലും, ചര്‍ച്ച പ്രഹസനമെന്ന് പറഞ്ഞ് കെഎസ്യു- എംഎസ്എഫ്- കെഎസ്സി എം സംഘടനകള്‍ ചര്‍ച്ചയുടെ അവസാനവും ഇറങ്ങിപ്പോയി.

ചര്‍ച്ചക്കിടെ സംഘര്‍ഷത്തിന് ശ്രമിച്ച നാല് എബിവിപിക്കാരെയും, ചര്‍ച്ചക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച നാല് എഐഡിഎസ്ഒ പ്രവര്‍ത്തകരെയും കസബ പൊലീസ് അറസ്റ്റു ചെയ്തു.

അധ്യാപക പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ഫിലിപ്പ്, വിനയന്‍ (ജിഎസ്ടിയു), എംഎഫ് ജോയ് (പിഎസ്ടിഎ), സി പി ചെറിയമുഹമ്മദ് (കെഎസ്ടിയു), ജോഷി ആന്റണി (കെഎച്ച്എസ്ടിഎ), ഹരിഹരന്‍ (കെഎപിടിയു) തുടങ്ങിയവരും

വിദ്യാര്‍ഥി സംഘനകളുമായുള്ള ചര്‍ച്ചയില്‍ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി ശിവദാസ്, സംസ്ഥാന കമ്മിറ്റി അംഗം ജംഷീര്‍ മുഹമ്മദ്, കെഎസ്യു പ്രസിഡന്റ് ഹൈബി ഈഡന്‍, എംഎസ്എഫ് പ്രസിഡന്റ് പി കെ ഫിറോസ്, എഐവൈഎഫ് സെക്രട്ടറി ഗവാസ്, എസ്ഇആര്‍ടി ഡയറക്ടര്‍ പ്രൊഫ. എം എ ഖാദര്‍, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ വി കാര്‍ത്തികേയന്‍നായര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

4. സ്ത്രീശാക്തീകരണം വനിതാ കമീഷന്‍ ഡോക്കുമെന്ററികളുടെ പ്രകാശനം 25ന്
തിരു: സ്ത്രീശാക്തീകരണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന വനിതാകമീഷന്‍ നിര്‍മിച്ച ഡോക്കുമെന്ററികള്‍, ലഘുചിത്രങ്ങള്‍, റേഡിയോ സ്പോട്ടുകള്‍ എന്നിവയുടെ പ്രകാശനം 25ന് പകല്‍ രണ്ടിന് തലസ്ഥാനത്ത് കലാഭവന്‍ തീയറ്ററില്‍ മന്ത്രി പി കെ ശ്രീമതി നിര്‍വഹിക്കും.

സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷനും സിഡിറ്റുമാണ് ഡോക്കുമെന്ററികള്‍ തയ്യാറാക്കിയതെന്ന് വനിതാകമീഷന്‍ അധ്യക്ഷ ഡി ശ്രീദേവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗാര്‍ഹികാതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, വിവാഹധൂര്‍ത്ത്, അന്യസംസ്ഥാന വിവാഹ തട്ടിപ്പ്, ലൈംഗിക ചൂഷണം, വനിതാകമീഷന്റെ പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാസമിതിയുടെ പ്രാധാന്യം എന്നീ വിഷയങ്ങളിലാണ് ഡോക്കുമെന്ററികള്‍ നിര്‍മിച്ചത്. ഹ്രസ്വചിത്രങ്ങളും റേഡിയോ സ്പോട്ടുകളും ദൂരദര്‍ശനും ആകാശവാണിയും വെള്ളിയാഴ്ചമുതല്‍ പ്രക്ഷേപണംചെയ്യും.

സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കമീഷന് 50 ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതില്‍ 20 ലക്ഷം രൂപ ഡോക്കുമെന്ററി- ഹ്രസ്വചിത്ര നിര്‍മാണത്തിനു നീക്കിവച്ചു. മൂന്നു മാസത്തിനിടയില്‍ അറുപതിലധികം സെമിനാറും ശില്‍പ്പശാലയുമാണ് നടത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ കമീഷന്‍ നൂറിലധികം ബോധവല്‍ക്കരണ പരിപാടി നടത്തി.

സ്ത്രീശാക്തീകരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മാര്‍ച്ച് എട്ടുമുതല്‍ കേരളമാകെ കലാജാഥ നടത്തും. സാര്‍വദേശീയ വനിതാദിനാചരണം കോഴിക്കോട് മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നടത്തും. സെമിനാര്‍, ഡോക്കുമെന്ററി പ്രദര്‍ശനം, കലാജാഥ, നാടന്‍കലകള്‍ എന്നിയാണ് പരിപാടി.

മാര്‍ച്ച് 11ന് തിരുവനന്തപുരം വിജെടി ഹാളില്‍ സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായി സെമിനാര്‍ പ്രദര്‍ശനം, കലാപരിപാടി എന്നിവ സംഘടിപ്പിക്കും. മന്ത്രിമാരായ എം എ ബേബി, പി കെ ശ്രീമതി എന്നിവര്‍ പങ്കെടുക്കും. സ്ത്രീധനത്തിനെതിരെ പൊരുതിയ ശ്രീകലയെ ആദരിക്കും.

വനിതാകമീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം നില്‍ക്കുന്ന സമീപനമാണ് സെക്രട്ടറിയറ്റിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് ശ്രീദേവി പറഞ്ഞു. ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കുമായി കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ 18 ലക്ഷം അനുവദിച്ചിട്ടും ഒരു വര്‍ഷമായിട്ടും ലഭിച്ചില്ല. റിട്ട. ജഡ്ജിയായിട്ടും കാര്‍ അനുവദിക്കാത്തത് നീതീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു. അംഗങ്ങളായ ടി ദേവി, പി കെ സൈനബ, രുക്മിണി ഭാസ്കരന്‍ എന്നിവരും സംബന്ധിച്ചു.

5. സെന്‍ട്രല്‍ വെയര്‍ഹൌസ് റിലയന്‍സിന് നല്‍കിയ നടപടി റദ്ദാക്കണം: ഇ പി
തൃശൂര്‍: കുരിയച്ചിറയിലെ സെന്‍ട്രല്‍ വെയര്‍ഹൌസ് റിലയന്‍സിന് വാടകയ്ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വെയര്‍ഹൌസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോഡൌണ്‍ കൈമാറുന്നതുവഴി രാജ്യത്തിന്റെ ഉല്‍പ്പാദന- വിതരണ മേഖലയും വിപണിയും കുത്തകകള്‍ കൈയടക്കും. രാജ്യദ്രോഹപരമായ ഇത്തരം നടപടി പിന്‍വലിക്കാന്‍ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും ഇ പി പറഞ്ഞു.

റീട്ടെയില്‍ വ്യാപാര മേഖലയിലെ കുത്തകവല്‍ക്കരണത്തിനെതിരെ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായാണ് കുരിയച്ചിറ വെയര്‍ഹൌസിലേക്ക് മാര്‍ച്ച് നടത്തിയത്. തെക്കേഗോപുരനടയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വ്യാപാരികളും വ്യവസായികളും പങ്കെടുത്തു. വെയര്‍ഹൌസിനു മുന്നില്‍ ചേര്‍ന്ന ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് കെ എം ലെനിന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, വൈസ് പ്രസിഡന്റ് കുമാരി ബാലന്‍, മില്‍ട്ടന്‍ ജെ തലക്കോട്ടൂര്‍, ബാബു ആന്റണി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍ എ ജോര്‍ജ് സ്വാഗതവും ട്രഷറര്‍ ഇ എം പ്രസന്നന്‍ നന്ദിയും പറഞ്ഞു.

6. പാല്‍സംഭരണത്തില്‍ എറണാകുളത്ത് വര്‍ധന
കൊച്ചി: പാല്‍വില വര്‍ധിപ്പിച്ചശേഷം മില്‍മ എറണാകുളം യൂണിയന്റെ പാല്‍സംഭരണത്തില്‍ 20,000 ലിറ്റര്‍ വര്‍ധന. ഒരാഴ്ചമുമ്പ് പ്രതിദിനം 1,40,000 ലിറ്റര്‍ പാലാണ് ക്ഷീരകര്‍ഷകരില്‍നിന്ന് സംഭരിച്ചിരുന്നത്. ഇപ്പോഴത് 1,60,000 ആയെന്ന് എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ പ്രൊഫ. ടി പി മാര്‍ക്കോസ് പറഞ്ഞു. ക്ഷീരസംഘങ്ങള്‍ക്ക് ഒരുലിറ്റര്‍ പാലിന് മില്‍മ 15.5 രൂപ നല്‍കുന്നുണ്ട്. നേരത്തെ 13.5 രൂപയായിരുന്നു.

പാല്‍ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ത്തന്നെ ശീതീകരിച്ച് ഗുണനിലവാരം നിലനിര്‍ത്താനുള്ള ‘ക്ളീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍’ പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം 23ന് നടക്കുമെന്ന് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ 2.20 കോടി രൂപ സാമ്പത്തികസഹായത്തോടെ 22 സംഘങ്ങളിലാണ് ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ സ്ഥാപിക്കുക. ഈ കൂളറുകര്‍ക്കടുത്തുള്ള 110 സംഘങ്ങള്‍ക്കുകൂടി പദ്ധതിയുടെ ഗുണഫലം ലഭിക്കും.

ബള്‍ക്ക് കൂളര്‍ സംവിധാനത്തിന് മില്‍ക്കോ ടെസ്റ്റര്‍, ഇലക്ട്രോണിക് വെയിങ് സിസ്റ്റം, കംപ്യൂട്ടര്‍ എന്നിവയെ ബന്ധിപ്പിച്ച് ഓട്ടോമാറ്റിക് മില്‍ക്ക് കലക്ഷന്‍ യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വത്തോടെ പാല്‍ സംഭരിക്കുന്നതിന് സ്റ്റീല്‍ സംഭരണോപകരണങ്ങള്‍, ക്യാനുകള്‍ എന്നിവയും സംഘങ്ങള്‍ക്ക് നല്‍കും.

പദ്ധതിയുടെ ഉദ്ഘാടനം കോതമംഗലം കോഴിപ്പിള്ളി സഹകരണ സംഘത്തില്‍ ശനിയാഴ്ച വൈകിട്ട് നാലിന് മന്ത്രി സി ദിവാകരന്‍ നിര്‍വഹിക്കും. ടി യു കുരുവിള എംഎല്‍എ അധ്യക്ഷനായിരിക്കും. എറണാകുളം മേഖലാ എംഡി ജോസ് എബ്രഹാമും ഡയറക്ടര്‍ എം ടി ജയനുംവാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

7. മരുന്നുക്ഷാമമുണ്ടാകുമെന്ന ആശങ്ക അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ്
തിരു: സംസ്ഥാനത്ത് അടുത്ത സാമ്പത്തികവര്‍ഷം മരുന്നുക്ഷാമമുണ്ടാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. പുതുതായി രൂപീകരിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്ന് സംഭരണം നാലിലൊന്നായി ചുരുക്കിയെന്ന വാര്‍ത്തയും ശരിയല്ലെന്ന് സെക്രട്ടറി വ്യക്തമാക്കി.

ആരോഗ്യ ഡയറക്ടറേറ്റും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റും ഇന്‍ഡന്റ് നല്‍കിയതില്‍ കുറഞ്ഞ അളവില്‍ മാത്രമേ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളൂവെന്നത് വസ്തുതയാണ്. വില കൂടിയ മരുന്നുകള്‍ അനാവശ്യമായി വാങ്ങിക്കൂട്ടി ഇപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന മുന്‍ പരാതി ആവര്‍ത്തിക്കാതിരിക്കാനാണീ മുന്‍കരുതല്‍. ഈ പരാതി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ഇതുകൂടി കണക്കാക്കിയാകും ടെന്‍ഡര്‍ ഉറപ്പിക്കുക. ടെന്‍ഡര്‍ കരാര്‍ ഉറപ്പിക്കുമ്പോള്‍ കോര്‍പറേഷന്‍ ആവശ്യപ്പെടുന്ന അളവില്‍ അതേ വിലയ്ക്ക് മരുന്നു നല്‍കണമെന്ന് വ്യവസ്ഥചെയ്യുമെന്നതിനാല്‍ മരുന്നു കിട്ടാതെ വരുകയുമില്ല. മൂന്നുമാസത്തേക്ക് മുന്‍കൂര്‍ കണ്ട് കോര്‍പറേഷന്‍ മരുന്ന് സ്റോക്ക് ചെയ്യുന്നതിനാല്‍ ആവശ്യത്തിനനുസരിച്ച് ഓര്‍ഡര്‍ചെയ്യാനും സമയമുണ്ടാകും. വില നേരത്തെ നിശ്ചയിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് പിന്നീട് മരുന്നുവില കൂട്ടാന്‍ കഴിയില്ല. മുന്‍വര്‍ഷങ്ങളില്‍ സിപിസി മുഖേന മരുന്ന് വാങ്ങിച്ചത് ഒന്നിച്ചായിരുന്നില്ല.

എണ്‍പത്തൊന്ന് ഇനങ്ങള്‍ വെട്ടിച്ചുരുക്കിയതിന് ആരോഗ്യവകുപ്പിന്റെ അനുവാദം നേടിയില്ലെന്ന വാര്‍ത്തയും തെറ്റാണ്. കാരണം, ആരോഗ്യവകുപ്പാണ് സമിതിയെ നിയോഗിച്ചത്. കൂടാതെ കോര്‍പറേഷന്‍ ഡയറക്ടര്‍ബോര്‍ഡില്‍ ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥരെല്ലാം അംഗങ്ങളാണ്. വിദഗ്ധസമിതി അംഗങ്ങള്‍ എല്ലാവരും ഔഷധമേഖലയില്‍ കഴിവുതെളിയിച്ചവരാണ്.

നിലവില്‍ ഏതെങ്കിലും ആശുപത്രിയില്‍ മരുന്ന് ലഭ്യമല്ലെന്ന് അറിയിച്ചാല്‍ അവിടെ മരുന്ന് ലഭ്യമാക്കാനും സാധിക്കും. കൂടാതെ ഈ വര്‍ഷത്തെ അവസാന ക്വാര്‍ട്ടറിലേക്കുള്ള മരുന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും സെക്രട്ടറി പറഞ്ഞു.

8. പരമ്പരാഗത അറിവുകളുടെ സംരക്ഷണം ബൌദ്ധികസ്വത്തവകാശനയം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
തിരു: ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കാന്‍ ബൌദ്ധികസ്വത്തവകാശനയം ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമവകുപ്പും ആസൂത്രണബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ബൌദ്ധികസ്വത്തവകാശ നയത്തിലുള്ള ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരമ്പരാഗത അറിവുകളില്‍ കുത്തക സ്ഥാപിച്ച് ലാഭം കൊയ്യാനാണ് ബഹുരാഷ്ട്ര കമ്പനികള്‍ ശ്രമിക്കുന്നത്. ആയുര്‍വേദം, വാസ്തുവിദ്യ തുടങ്ങി വിവിധ മേഖലകളില്‍ കേരളത്തിന്് പരമ്പരാഗതമായി ലഭിച്ച അറിവുകള്‍ സംരക്ഷിക്കപ്പെടണം. ബൌദ്ധികസ്വത്തവകാശനയം കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണെങ്കിലും സംസ്ഥാന സര്‍ക്കാരും ഇതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായാണ് സംസ്ഥാന സര്‍ക്കാര്‍ കരട് ബൌദ്ധികസ്വത്തവകാശനയം രൂപീകരിച്ചത്. കരടുനയത്തിന്മേല്‍ വിദഗ്ധാഭിപ്രായങ്ങള്‍ ക്രോഡീകരിക്കാന്‍ സെമിനാര്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബൌദ്ധികസ്വത്തവകാശനയം സംബന്ധിച്ച് കരടുരേഖ തയ്യാറാക്കിയ ആദ്യസംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷനായിരുന്ന നിയമമന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പരമ്പരാഗത അറിവുകള്‍ സമൂഹ ഉന്നതിക്കായി ഉപയോഗിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ബൌദ്ധികസ്വത്തവകാശനയം, പേറ്റന്റ് നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം വ്യാപകമാക്കാന്‍ അക്കാദമി ആരംഭിക്കും.ബൌദ്ധികസ്വത്തവകാശനയം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പഠനവിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

9. മലയാളത്തിന്റെ ദു:ഖത്തിലും മനോരമ വിഷംചീറ്റി
ന്യൂഡല്‍ഹി: സാഹിത്യ അക്കാദമി പ്രസിഡന്റ് തെരഞ്ഞെടുപ്പും സിപിഐ എമ്മിനെ ആക്രമിക്കാനുള്ള വടിയാക്കി മലയാള മനോരമ. ഇന്ത്യയാകെ ബഹുമാനിക്കുന്ന സാഹിത്യകാരനായ എം ടി വാസുദേവന്‍നായരെ സിപിഐ എം തോല്‍പ്പിച്ചു എന്ന മട്ടിലാണ് മനോരമ വാര്‍ത്ത.

ബഹുമാന്യനായ ഒരു സാഹിത്യകാരനെയും ദേശീയരാഷ്ട്രീയത്തില്‍ പ്രധാനപങ്ക് വഹിക്കുന്ന ഒരു രാഷ്ട്രീയപാര്‍ടിയെയും പിണക്കാന്‍ കഴിയുമോ എന്ന ശ്രമം നടത്തുകയാണ് ദേശീയപത്രം.

സുനില്‍ ഗംഗോപാധ്യായ നന്ദിഗ്രാം പ്രശ്നത്തില്‍ സിപിഐ എമ്മിനെയും പശ്ചിമബംഗാള്‍ സര്‍ക്കാരിനെയും പിന്താങ്ങിയെന്നും അതിനുള്ള പ്രത്യുപകാരമെന്ന നിലയില്‍ സിപിഐ എം സുനില്‍ ഗംഗോപാധ്യായയെ ജയിപ്പിച്ചുവെന്നുമാണ് മനോരമ വിലപിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത സാഹിത്യകാരന്മാരെ അവഹേളിക്കുന്നതിനു തുല്യമാണിത്. സുനില്‍ ഗംഗോപാധ്യായ മാത്രമല്ല, ലോകപ്രശസ്ത ചിന്തകനായ നോം ചോംസ്കി, പ്രശസ്ത നാടകാചാര്യനായ എം കെ റെയ്ന, ജയതി ഘോഷ്, മിഹിര്‍ ഭട്ടാചാര്യ, ഉത്സ പട്നായിക്, അമിയകുമാര്‍ ബാഗ്ചി, പ്രഭാത് പട്നായിക് തുടങ്ങി ഇന്ത്യയിലെ നിരവധി ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും പശ്ചിമബംഗാള്‍ ഗവണ്‍മെന്റിനോട് നന്ദിഗ്രാം പ്രശ്നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണ്.

എം ടിയെ തോല്‍പ്പിക്കാന്‍ ബംഗാള്‍ലോബി പ്രവര്‍ത്തിച്ചുവെന്ന പ്രചാരണവും ശരിയല്ല. 92 വോട്ടര്‍മാരില്‍ ബംഗാളില്‍നിന്നുള്ളത് നാലുപേരാണ്. കേരളത്തില്‍നിന്ന് മൂന്നുപേരും. മറ്റു ഭാഷകളില്‍നിന്നുള്ളവരുടെ വോട്ടാണ് നിര്‍ണായകമായത്.

ഈ വോട്ടര്‍മാരോടെല്ലാം ഗംഗോപാധ്യായ നേരിട്ട് വോട്ട് തേടിയെന്നും സുഹൃത്തായ ഗംഗോപാധ്യായക്കെതിരെ വോട്ടുചോദിക്കുന്നതിന് സജീവമായി രംഗത്തിറങ്ങുന്നതിന് എം ടി തയ്യാറായിരുന്നില്ലെന്നും മനോരമ വാര്‍ത്തയില്‍തന്നെ പറയുന്നുണ്ട്.

എപ്പോഴും മതനിരപേക്ഷതയിലും മാനുഷികമൂല്യത്തിലും അടിയുറച്ച നിലപാട് സ്വീകരിക്കുന്ന സാഹിത്യകാരനാണ് എം ടി. സിപിഐ എമ്മിനെ ചില ഘട്ടങ്ങളില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എതിര്‍പ്പിന്റെ നിലപാട് സിപിഐ എമ്മിനോട് എം ടിയോ, എം ടിയോട് സിപിഐ എമ്മോ ഒരുകാലത്തും സ്വീകരിച്ചിട്ടില്ല.

“സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല. എം ടിക്കെതിരായി സിപിഐ എം നിലപാടെടുത്തുവെന്ന വാര്‍ത്ത അസംബന്ധമാണ്”- സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എം ടിയെ വിജയിപ്പിക്കാന്‍വേണ്ടി കാര്യമായി പരിശ്രമിച്ച കവി സച്ചിദാനന്ദന്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു.

“ഗോപീചന്ദ് നാരംഗ് ആണ് എംടിയെ തോല്‍പ്പിക്കുന്നതില്‍ ഏറ്റവും വാശിയോടെ പ്രവര്‍ത്തിച്ചത്. സാഹിത്യ അക്കാദമി പ്രസിഡന്റായിരിക്കെ നിരവധി അഴിമതികള്‍ നടത്തിയ ആളാണ് അദ്ദേഹം. വീണ്ടും മത്സരിക്കാന്‍വേണ്ടി തന്റെ ആളുകളെ അദ്ദേഹം കൌണ്‍സിലിലേക്ക് കൊണ്ടുവരികയുംചെയ്തു. എന്നാല്‍, വീണ്ടും മത്സരിക്കുന്നതില്‍നിന്ന് നാരംഗിനെ കേന്ദ്ര സര്‍ക്കാര്‍തന്നെ വിലക്കി. തനിക്ക് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ അദ്ദേഹം എം ടി വരാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചു. എങ്കിലും എം ടി ജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാമത്തെ സ്ഥാനാര്‍ഥിയായ സത്യവ്രത് ശാസ്ത്രി പിന്മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അപ്രതീക്ഷിതമായി അദ്ദേഹം മത്സരരംഗത്ത് ഉറച്ചുനിന്നു. എം ടിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ച അഞ്ച് വോട്ടടക്കം ഏഴ് വോട്ടുകളാണ് സത്യവ്രത് ശാസ്ത്രി നേടിയത്. ഇതാണ് എം ടിയുടെ തോല്‍വിക്ക് കാരണമായത്.

എം ടിക്കെതിരെ വോട്ടുപിടിക്കാന്‍ നാരംഗ് ചെറിയ ഭാഷകളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് ചില സ്ഥാനമടക്കം വാഗ്ദാനം ചെയ്തു. അതത് ഭാഷയിലെ കണ്‍വീനറാക്കാമെന്നായിരുന്നു ധാരണ. രാജസ്ഥാന്‍, ഭോജ്പുരി തുടങ്ങിയ ഭാഷകളില്‍നിന്നുള്ള പ്രതിനിധികളുടെ വോട്ട് അങ്ങനെ സ്വാധീനിക്കാന്‍ നാരംഗിന് കഴിഞ്ഞു. ഇതല്ലാതെ സിപിഐ എം തോല്‍പ്പിച്ചു എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണ്”- സച്ചിദാനന്ദന്‍ പറഞ്ഞു.

എം ടിയും സുനില്‍ ഗംഗോപാധ്യയയും സിപിഐ എമ്മിന്റെ സുഹൃത്തുക്കളാണെന്നും സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ പാര്‍ടി എന്തെങ്കിലും നിലപാടെടുത്ത് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എം ടിയുടെ തോല്‍വിക്കു കാരണം എന്തെങ്കിലും ചരടുവലികളോ അടിയൊഴുക്കുകളോ ആണെന്നു കരുതുന്നില്ലെന്ന് കേരളത്തില്‍നിന്നുള്ള വോട്ടര്‍മാരില്‍ ഒരാളായ പ്രൊഫ. എം തോമസ് മാത്യു പറഞ്ഞു.

1. കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കാന്‍ നിയമം വരുന്നു
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം , നെല്ലുത്പാദന വര്‍ധന തുടങ്ങിയ മറകളിലൂടെ കൃഷിഭൂമിയില്‍ കര്‍ഷകനുള്ള അവകാശത്തിന്മേല്‍ കടന്നുകയറ്റാനുള്ള സര്‍ക്കാര്‍ നീക്കം ശക്തമായി പുരോ ഗമിക്കുന്നു.

തരിശിടുന്ന വയലുകള്‍ ഉടമകളില്‍ നിന്നും പിടിച്ചെടുത്തു കുടുംബശ്രീകള്‍ക്കോ പാടശേഖര സമിതികള്‍ക്കോ കൈമാറുന്നതിനു വ്യവസ്ഥചെയ്യുന്ന 2007- ലെ നെല്‍വയല്‍ നിര്‍ത്തട സംരക്ഷണ നിയമം ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാര്‍ പരി പാടി.

2007 സെപ്റ്റംബര്‍ 19-നു റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അവതരിപ്പിച്ച ബില്‍ ഒരു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷം സെലക്ട് കമ്മിറ്റി പരിശോധനയ്ക്കു വിട്ടു. കേരളത്തിലെ 14 ജില്ലാ ആസ്ഥാനത്തും ഡല്‍ഹി, ബാംഗളൂര്‍, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും സമിതി തെളിവെടുത്തു.

ഭൂമിയുടെ മേല്‍ കര്‍ഷകനുള്ള അവകാശത്തിന്മേല്‍ കൈവച്ചു കൊണ്ടുള്ള നിയമ വ്യവസ്ഥ കോടതിയില്‍ നിലനില്‍ക്കില്ലെന്ന ഉപദേശമാണ് സമിതിക്കു ലഭിച്ചത്. എങ്കിലും, വിവാദ വ്യവസ്ഥകളുമായി മുന്നോട്ടു പോകാനാണ് ആലോചന എന്നറിയുന്നു. 26, 27 തീയതികളില്‍ ഇവിടെ ചേരുന്ന സെലക്ട് കമ്മിറ്റി യോഗം ഭേദഗതികള്‍ക്കു അന്തിമ രൂപം നല്‍കും.

സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലാതെ ഉറച്ചുനിന്നാല്‍ ഏകകണ്ഠമായ റിപ്പോര്‍ട്ട് ഉണ്ടാക്കില്ലെന്നാണു സൂചന. കര്‍ഷകരില്‍ നിന്നു വയല്‍ പിടിച്ചെടുത്തു പാടശേഖര സമിതികള്‍ക്കു നല്‍കുന്നത് ആദ്യമല്ല. കുട്ടന്നാട്ടിലെ മുരിക്കന്റെ കായല്‍നിലം ഇങ്ങനെ നല്‍കപ്പെട്ടതാണ്. ഇന്നതു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈവശമായി. തരിശിടുന്നു എന്ന പേരില്‍ ഏറ്റെടുക്കപ്പെടുന്ന നെല്‍പാടങ്ങള്‍ക്കും ഉണ്ടാകാവുന്ന ദുഃസ്ഥിതിയാണിത്.

നെല്‍വയല്‍ നികത്തുകയോ മറ്റു കൃഷിയിറക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്ലിനു മുന്‍കാല പ്രാബല്യം നല്‍കാനുള്ള ആലോചനയും ഉണ്ട്. എന്നാല്‍, അതു നിയമ വിരുദ്ധമായ നടപടിയാണെന്ന് ചൂ ണ്ടി ക്കാണി ക്കപ്പെടുന്നു

അന്യസംസ്ഥാനങ്ങളില്‍ നടത്തിയ തെളിവെടുപ്പുകളില്‍ ഈ നിയമം, മൌലികവകാശ ലംഘനമാണെന്ന ധ്വനിയാണുണ്ടായത്. ഇഷ്ടമുള്ള തൊഴില്‍ ചെയ്യാന്‍ ഓരോ പൌരനുമുള്ള അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ അവകാശത്തിന്മേല്‍ സര്‍ക്കാരിനു ഇടപെടാനാവുന്നത് പൊതു താത്പര്യം മാത്രം വച്ചാണ്.

നെല്‍കൃഷി അനുദിനം ലാഭകരമല്ലാതായി മാറുന്ന സാഹചര്യമുണ്ട്. ദേശീയ തലത്തില്‍ ഇതാണ് സഥിതി. ധാരാളം പേര്‍ കൃഷി ഉ പേക്ഷിക്കുന്നു. ജി.ഡി.പിയുടെ 40 ശതമാനം വരെ കാര്‍ഷിക വരുമാനമായിരുന്ന ഇന്ത്യയില്‍ ഇന്നു കൃഷിയുടെ വിഹിതം വെറും 18 ശതമാനമാണ്.കേരളത്തിലും സ്ഥിതി അതുതന്നെയാണ്. നഷ്ടം സഹിച്ചു നെല്‍കൃഷി നടത്തണമെന്നുപറയാന്‍ ആര്‍ക്കാണവകാശം?

തരിശിട്ടാല്‍ ഭൂമിപിടിച്ചെടുക്കുമെന്നു പറയുന്നത് നീതിയാണോ? കര്‍ഷകര്‍ സെലക്ട് കമ്മിറ്റിയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു ഉത്തരമില്ല. നെല്‍കൃഷി ആദായകരമായാല്‍ തങ്ങള്‍ നിലം തരിശിടില്ലെന്നു കര്‍ഷകര്‍ സെലക്ട് കമ്മിറ്റിയെ അറിയിച്ചു. ഇപ്പോള്‍ വാഗ്ദനം ചെയ്തിരിക്കുന്ന സഹായങ്ങള്‍ പോലും ലഭിക്കുന്നില്ല. അതുകൊണ്ടാണ് തരിശിടുന്നത്. കൃഷിയിറക്കാന്‍ ആളില്ല എന്ന പ്രശ്നവും ഉണ്ട്.

എതിര്‍പ്പുകള്‍ വകവയ്ക്കാതെ സര്‍ക്കാര്‍ നിയമം പാസാക്കിയാലും കോടതി നിയമം റദ്ദാക്കും. കാരണം ഭരണഘടനക്കു നിരക്കാത്ത വകുപ്പുകളാണവയില്‍.

വയനാട് ജില്ലയിലെ കോരക്കണ്ടം വയലുകള്‍, കണ്ണൂര്‍ ജില്ലയിലെ കൈപ്പാട് വയലുകള്‍, ആലപ്പുഴ ജില്ലയിലെ കരപ്പുറം പാടങ്ങള്‍, കാസര്‍ഗോഡ് ജില്ലയിലെ കൊളക്കായി പാടങ്ങള്‍, തൃശൂര്‍, മലപ്പുറം, ജില്ലകളിലെ കോള്‍ നിലങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടനാടന്‍ പാടങ്ങള്‍, മലപ്പുറം ജില്ലയിലെ പള്ളിയല്‍ പാടങ്ങള്‍, എറണാകുളം ജില്ലയിലെ പൊക്കാളി നിലങ്ങള്‍, പാലക്കാട് ജില്ലയിലെ മുഴുവന്‍ വയലുകള്‍, ഇടനാടിലെ കണ്ടങ്ങളും ഇരിപ്പു നിലങ്ങളും ഏതെങ്കിലും ചെറുകിട ജലസേചന പദ്ധതികളുടെ ആയക്കെട്ട് പ്രദേശത്ത നെല്‍വയലുകള്‍ എന്നിവയാണ് ബില്ലില്‍ പറഞ്ഞിട്ടുള്ള പാടശേഖരങ്ങള്‍.

സര്‍ക്കാരില്‍ നിന്നു പരിഗണന ഒന്നും മേടിച്ചെടുക്കാനുള്ള സംഘടിത ശക്തി ഇല്ലാത്തവരാണ് കര്‍ഷകര്‍. കടബാധ്യതമൂലം കൃഷിചെയ്യാനാവാതെ വന്നാല്‍ സ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയാണ് അവര്‍ക്കുണ്ടാവുന്നത്. നഷ്ടപരിഹാരം എത്രയെന്നുപോലും വ്യവസ്ഥയില്ല. കൃഷിചെയ്യിക്കാന്‍ സഹായിക്കുവാനുള്ള വ്യവസ്ഥയും ഇല്ല.

കുടുംബശ്രീകളോ പാടശേഖര കമ്മിറ്റികളോ ഏറ്റെടുത്താല്‍ കൃഷിയിറക്കാന്‍ നല്‍കുന്ന സഹായം കര്‍ഷകര്‍ക്കു നല്‍കാനും ആലോചനയില്ല. കര്‍ഷകരെ സഹായിക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കില്‍ സാമ്പത്തിക സഹായം നല്‍കി അവരെക്കൊണ്ടുതന്നെ കൃഷിചെയ്യിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. അതാണ് കൃഷിക്കും വയല്‍ സംരക്ഷണത്തിനും നല്ലതും. എന്നാല്‍, ഇവിടെ അത്തരം ശ്രമത്തിനൊന്നും വകുപ്പില്ല എന്നുള്ളതുകൊണ്ടുതന്നെ നെല്‍പ്പാടം രക്ഷിക്കുന്നതോ കൃഷി പ്രോത്സാഹിപ്പിക്കുന്നതോ അല്ല വയല്‍ പിടിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം എന്നു വരുന്നു.

2. എച്ച്.എം.ടി ഭൂമി വിവാദം: എ.ജിക്കു രണ്ടഭിപ്രായം
തിരുവനന്തപുരം: എച്ച്.എം.ടി. ഭൂമി വിവാദത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വിവാദമാകുന്നു. ഭൂമിയിടപാട് റദ്ദാക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഒരിക്കല്‍ നിയമോപദേശം നല്‍കിയിരുന്നുവെന്നാണ് ഇപ്പോഴറിയുന്നത്. എന്നാല്‍, പ്രശ്നം വിവാദമാകുകയും വ്യവസായ മന്ത്രി പ്രതിയാകുന്നുവെന്നു വരികയും ചെയ്തതോടെയാണ് പുതിയ ഉപദേശം നല്‍കപ്പെട്ടത്.

വിവാദത്തെക്കുറിച്ച് റവന്യൂ മന്ത്രി ജില്ലാ കളക്ടറോട് ചോദിച്ച വിശദീകരണത്തിനു മറുപടിയായി റവന്യൂ മന്ത്രിക്കു ലഭിച്ച റിപ്പോര്‍ട്ടിലാണ് വിവാദ ഇടപാട് റദ്ദാക്കേണ്ടതാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഉപദേശിച്ചതായി പരാമര്‍ശമുള്ളത്. അഡ്വക്കേറ്റ് ജനറലുമായി സംസാരിച്ചു തയാറാക്കിയ സത്യവാങ്മൂലത്തില്‍ ഇടപാട് റദ്ദാക്കണമെന്നു കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. 1028/22/2006 ആയി എറണാകുളം ആര്‍ഡിഒ സത്യവാങ്മൂലത്തിലാണ് ഈ പര്‍മശമുള്ളത്. 2006 ഒക്ടോബറിലാണ് ഈ സത്യവാങ്മൂലം സമര്‍പ്പി ക്ക പ്പെട്ടത്.

വ്യവസായവകുപ്പ് സെക്രട്ടറിയും ഈ വില്‍പ്പന റദ്ദാക്കണമെന്ന് നിര്‍ദേശിച്ച് ജില്ലാകളക്ടര്‍ക്ക് അയച്ച കത്തിന്റെ കോപ്പിയും റവന്യൂ മന്ത്രിക്കു നല്‍കിയിട്ടുണ്ട്.

ചുരുക്കത്തില്‍ വ്യവസായ മന്ത്രി എളമരം കരീമിനെ സംരക്ഷിക്കാന്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഒരു നിയമോപദേശം തയാറാക്കുകയായിരുന്നുവെന്നു അനുമാ നിക്കേണ്ടിവരും.

രണ്ടു റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രിക്കു അറിവുണ്െടന്ന് അനുമാനിക്കത്തക്ക പ്രതികരണം മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കുമ്പോള്‍ മുഖ്യമന്ത്രി അത്തരമൊരു സൂചന നല്‍കി.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വാങ്ങി പിണറായി പക്ഷം അച്യുതാനന്ദനെ നിശബ്ദനാക്കുന്ന രണ്ടാമത്തെ സംഭവമാണ് എച്ച്.എം.ടി. വിവാദമെന്നു വരുന്നു. കുപ്രസിദ്ധമായ മറ്റൊരു കേസില്‍ പിണറായിയും പി.ശശിയും ചേര്‍ന്ന് അന്നത്തെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഉപദേശം വാങ്ങി വി.എസിനെ നിശബ്ദനാക്കി.

ജനാധിപത്യമുന്നണി സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരായ കേസ് വന്നപ്പോഴാണ് സംഭവം. അന്നത്തെ പ്രോസിക്യൂഷന്‍ ഡയറക്ടറായിരുന്ന കല്ലട സുകുമാരന്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്തു. ചടയന്‍ ഗോവിന്ദനാണ് അന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി. പാര്‍ട്ടി സെക്രട്ടേറിയറ്റ് സുകുമാരന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

എന്നാല്‍, അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഉപദേശം വാങ്ങി. കേസ് നിലനില്‍ക്കില്ലെന്നായിരുന്നു ഉപദേശം. കേസ് നീക്കം ഉപേക്ഷിച്ചു. കുറേക്കാലം കഴിഞ്ഞ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം അവര്‍ തന്നെ ഈ മന്ത്രിക്കെതിരേ സമരം നടത്തി വലിയ സംഭവമാക്കി അതു മാറ്റി.

എച്ച്.എം.ടി. വിവാദത്തിലും സമാനമായ തുടര്‍ സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ അഭിജ്ഞ വൃത്തങ്ങള്‍ പറയുന്നത്. നിയമവകുപ്പു സെക്രട്ടറിയും ചീഫ് സെക്രട്ടറിയും വിശദമായ പരിശോധനയ്ക്കുശേഷം നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നിയമപരമായി നിലനില്‍ക്കില്ലെന്ന മട്ടിലാണ് അഡ്വക്കേറ്റ് ജനറല്‍ ശിപാര്‍ശ ചെയ്തത്.

അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട്, സര്‍ക്കാരിനു വേണ്ടി എഴുതിക്കൊടുക്കുന്ന ഒന്നുമാത്രമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ ഇന്നലെ ആരോപിച്ചു.

3. സംസ്കൃത സര്‍വകലാശാല: വിവാദത്തില്‍ ഇല്ലാതാവുന്നത് വിദ്യാര്‍ഥികളുടെ ഭാവി
കാലടി: പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതകളെസംബന്ധിച്ച് വിവാദങ്ങളുയരുന്നതോടെ കാലടി സംസ്കൃത സര്‍വകലാശാലയിലെ കലാവിഭാഗം വിദ്യാര്‍ഥികളടെ ഭാവി അനിശ്ചിതത്വത്തിലായി. നാല് അധ്യാപകര്‍ യോഗ്യതയുടെ പേരില്‍ ആരോപണ വിധേയരാവുകയും ഒരാള്‍ എവിടെയാണെന്ന് നിശ്ചയമില്ലാതിരിക്കുകയും ചെയ്യുന്നതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

ഡാന്‍സ്, പെയിന്റിംഗ് കോഴ്സുകളിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെ ഭാവിയാണ് ആശ ങ്കയിലായിരിക്കുന്നത്.

ലക്ചറര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സര്‍വകലാശാലയ്ക്ക് വ്യാജ യു.ജി.സി, സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കേസില്‍ നൃത്തവിഭാഗം അധ്യാപകന്‍ സി. വേണുഗോപാല്‍ കഴിഞ്ഞദിവസമാണ് കോടതിയില്‍ കീഴടങ്ങിയത്.

കൂടുതല്‍ തെളിവെടുപ്പിനായി ഇദ്ദേഹമിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. നൃത്തവിഭാഗം മേധാവിയായ ഇദ്ദേഹം മാസങ്ങളായി സര്‍വകലാശാലയിലെത്തി യിരു ന്നില്ലെന്നും വിദ്യാ ര്‍ഥികള്‍ പറ യുന്നു.

യു.ജി.സി നിര്‍ദേശിക്കുന്ന യോഗ്യതയില്ലാത്ത മൂന്ന് നൃത്താധ്യാപ കരും പെയി ന്റിംഗ് വിഭാഗത്തിലെ ഒരധ്യാപകനും ഉള്‍പ്പെടെ നാലു ട്യൂട്ടര്‍മാരെ ലക്ചറര്‍മാരാക്കി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞദിവസം സര്‍വകലാശാല ഉത്തരവിറക്കിയതും വിവാദത്തിലാണ്.

ഇതേ സമയം ട്യൂട്ടര്‍മാരെ ലക്ചര്‍മാരാക്കി ഉയര്‍ത്തിയെങ്കിലും അവര്‍ക്ക് ട്യൂട്ടര്‍മാരുടെ ശമ്പളസ്കെയില്‍ മാത്രമാണ് നല്‍കുന്നതെന്നാണ് സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. എസ്. പ്രേംജിത്ത് ദീപികയോടു പറഞ്ഞത്.

വൈസ്ചാന്‍സിലറുടെ അനുമതിയില്ലാതെയാണ് സിന്‍ഡിക്കേറ്റാണ് ഇവര്‍ക്ക് തസ്തികക്കയറ്റം നല്‍കിയതെന്നാണ് ആരോപണം.

എസ്.എസ്.എല്‍.സി യോഗ്യത പോലുമില്ലാത്ത രണ്ടുപേര്‍ കലാരംഗത്തെ മികവിന്റെ പേരില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളി ല്‍ പഠിപ്പിക്കുന്നു ണ്െടന്ന സര്‍വകലാശാല യുടെ വെളിപ്പെടുത്തലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

നൃത്തവിഭാഗത്തിലെ അധ്യാ പകര്‍ തമ്മിലുള്ള ഭിന്നതയും അവരുടെ യോഗ്യതകളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയാന്‍ നിമിത്തമായതായി വിദ്യാര്‍ഥികള്‍ ചൂ ണ്ടിക്കാട്ടുന്നു.

ഒരുവര്‍ഷത്തെ ലീവില്‍പോയ പെയിന്റിംഗ് വിഭാഗത്തിലെ അധ്യാ പകന്‍ കെ.കെ. സുരേഷ് സര്‍വകലാശാലയിലെത്തിയിട്ട് നാലു വര്‍ ഷത്തോളമായി. നാളിതുവരെ സര്‍വകലാശാലയുമായി ഒരുവിധത്തിലും ബന്ധപ്പെടാത്ത ഇദ്ദേഹത്തി നെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റില്‍ ധാര ണ യായിരുന്നു.

കലാവിഭാഗത്തിനു പുറമെയുള്ള ചില വകുപ്പുകളും ആ രോ പണങ്ങളില്‍നിന്ന് അകലെയല്ല. ഒരു അ ധ്യാപകന്‍ ആഴ്ചയില്‍ 16 മണിക്കൂര്‍ പഠിപ്പിക്കണമെന്ന നിയമം കാലടി സര്‍വകലാശാലയില്‍പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം പരക്കെയുണ്ട്. വിദ്യാര്‍ഥികളാരുമില്ലാത്ത ആയൂര്‍വേദ, വാസ്തുശാസ്ത്ര ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരെ എന്ത് ചെയ്യണമെന്ന ധര്‍മസങ്കടത്തിലുമാണ് സര്‍വകലാശാല.

നിയമനം നടത്തിയ അധ്യാ പ കരെ വിദ്യാര്‍ഥികളില്ലെന്ന കാരണത്താലോ യോഗ്യത കുറവായതിനാലോ പിരിച്ചുവിടാനാവില്ലെന്ന കോടതി ഉത്തരവാണ് സര്‍വകലാശാല അധികൃതരെ ഇപ്പോള്‍ കുഴപ്പത്തിലാക്കുന്നത്.

വ്യാജരേഖ: അധ്യാപകനെ സസ്പെന്‍ഡു ചെയ്തു

കാലടി: ലക്ചറര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് സര്‍വകലാശാലയ്ക്ക് വ്യാജ യു.ജി.സി, സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കേസില്‍ നൃത്തവിഭാഗം അധ്യാപകന്‍ സി. വേണുഗോപാലിനെ സസ്പെന്‍ഡു ചെയ്തു. നാല്‍പ്പത്തെട്ടു മണിക്കൂര്‍ പോലീസ് കസ്റ്റഡിയി ല്‍ കഴിയുന്ന ജീവനക്കാരനെ സസ്പെന്‍ഡു ചെയ്യാമെന്നു ള്ള സര്‍വീസ് മാന്വല്‍ അനുസരിച്ചാണ് വേണുഗോപാലിനെതിരെ നടപടി സ്വീകരിച്ചതെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

4. പാത ഇരട്ടിക്കാതെ കേരളത്തിന് കൂടുതല്‍ ട്രെയിനില്ല
കോട്ടയം: മുളന്തുരുത്തി മുതല്‍ ചെങ്ങന്നൂര്‍ വരെ പാത ഇരട്ടിക്കല്‍ പൂര്‍ത്തിയാകാതെ കേരളത്തിനു പുതിയ ട്രെനിനുകള്‍ അനുവദിക്കാനിടയില്ല. അടുത്ത റെയില്‍വെ ബജറ്റില്‍ ഒരു ദീര്‍ഘദൂര പ്രതിവാര വണ്ടിമാത്രമേ കേരളത്തിന് അനുവദിക്കാന്‍ ഇടയുള്ളു.

ട്രെയിനുകളുടെ തിരക്കുമൂലം പാളങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുറയ്ക്കു നടത്താന്‍ കേരളത്തില്‍ പറ്റുന്നില്ലെന്നാണ് റെയില്‍വേ സാങ്കേതിക വിഭാഗം വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മുളന്തുരുത്തി- ചെങ്ങന്നൂര്‍ പാത ഇരട്ടിക്കലിന് ഇപ്പോഴത്തെ നിലയില്‍ അഞ്ചു വര്‍ഷം കാത്തിരിക്കാതെ പാത ഇരട്ടിക്കല്‍ പൂര്‍ത്തി യാകില്ല.

ആലപ്പുഴ നിന്നു വടക്കോട്ട് ഒരു ട്രെയിന്‍കൂടി പരിഗണനയിലുണ്ട്. ഏറ്റവും തിരക്കുള്ള എറണാകുളം-കോട്ടയം- തിരുവനന്തപുരം റൂട്ടില്‍ പുതിയ വണ്ടി അനുവദിച്ചാല്‍ നിരവധി ട്രെയിനുകള്‍ തുടര്‍ച്ചയായി വൈകുമെന്നാണ് റിപ്പോര്‍ട്ട്. കേരള എക്സ്പ്രസ് കടന്നു പോ കേണ്ടതിനാല്‍ എറണാകുളം- കായംകുളം പാസഞ്ചര്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. വേണാട്, പരശുറാം ട്രെയിനുകള്‍ ദീര്‍ഘദൂര വണ്ടികള്‍ കടന്നു പോകാന്‍ മണിക്കൂറോളം പതിവായി പിടിച്ചിടുന്നു.

തിരുവനന്തപുരം എറണാകുളം ജനശതാബ്ദി എക്സ്പ്രസ് ഷൊര്‍ണൂരിലേക്കു നീട്ടുന്നതും ബാംഗളൂരിലേക്ക് പുതിയ വണ്ടി അനുവദിക്കുന്നതും പാളത്തിന്റെ പരിമിതി മൂലം അനിശ്ചിതത്വത്തിലാണ്.

5. അടുത്തവര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും: മന്ത്രി ബേബി
കോഴിക്കോട്: പാഠ്യ പദ്ധതി പരിഷ്കരണം സംബന്ധിച്ച് കരിക്കുലം കമ്മിറ്റി തയാറാക്കിയ രൂപ രേഖയുടെ അടിസ്ഥാനത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും ഇതോടൊപ്പം എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായവും ഉടച്ച് വാര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് പാഠ്യ പദ്ധതി പരിഷ്കരണം സംബന്ധിച്ച് അധ്യാപക- വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ആര്‍.വി.ജി മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ലഭിക്കും. അതു കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. പാഠ്യ പദ്ധതി പരിഷ്കരണം സംബന്ധിച്ച് കരിക്കുലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ വീണ്ടും അഭിപ്രായം തേടിയാണ് അധ്യാപക വിദ്യാര്‍ഥി സംഘടനകളുമായി രണ്ടാമതും ചര്‍ച്ച നടത്തിയത്. ഇവര്‍ക്ക് അഭിപ്രായങ്ങള്‍ നല്‍കാന്‍ രണ്ട് ദിവസം കൂടി അനുവദിച്ചിട്ടുണ്െടന്നും മന്ത്രി പറഞ്ഞു.

6. ഹര്‍ത്താല്‍: പി.പി തങ്കച്ചന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് വിധിക്കു വിരുദ്ധമായി ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ നടത്തിയതിന് ഉചിതമായ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ യു.ഡി.എഫ് നേതാക്കളോട് പത്തു ദിവസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ വിരുദ്ധ കാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിദ് മുണ്ടപ്പള്ളി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് നോട്ടീസയയ്ക്കാനും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബഞ്ച് ഉത്തരവായി.

7. സ്പിരിറ്റ് കേസ്: മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചെന്ന് കമ്മീഷണര്‍
കൊച്ചി: വന്‍കിട സ്പിരിറ്റ് വേട്ട കേസുകളുടെ അന്വേഷണം അവലോകനം ചെയ്യുന്നതിന് പ്രത്യേക മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചതായി എക്സൈസ് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. അഞ്ഞൂറ് ലിറ്ററിലധികം സ്പിരിറ്റ് ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണ പുരോഗതി സമയാസമയങ്ങളില്‍ മോണിറ്ററിംഗ് സെല്‍ വിലയിരുത്തും. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ പോള്‍ ലെസ്ലിയാണ് സെല്ലിന് നേതൃത്വം നല്‍കുന്നത്.

മോണിറ്ററിംഗ് സെല്‍ ശിപാര്‍ശ ചെയ്യുന്ന കേസുകള്‍ അന്വേഷിക്കാന്‍ എക്സൈസ് വകുപ്പില്‍ മൂന്നു മേഖലകളിലായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദക്ഷിണ, മധ്യ, ഉത്തര മേഖലകളില്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം നിരീക്ഷിക്കുന്നതിന് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

8. ഹരിയാന ഗവര്‍ണറുടെ വസതിക്കടുത്തു വീട്ടമ്മയെ മാനഭംഗപ്പെടുത്തി; രണ്ടു പോലീസുകാര്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: ഹരിയാന ഗവര്‍ണര്‍ എ.ആര്‍. കിദ്വായിയുടെ വസതിക്കടുത്തു നാല്പതകാരിയെ മാനഭംഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പോലീസുകാര്‍ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍മാരായ വിജേന്ദ്ര, ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. ദിനേശിന്റെ ബന്ധുവായ ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നുണ്ട്

ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീ ഇന്നലെ പുലര്‍ച്ചെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി ക്വാര്‍ട്ടേഴിലേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം.

9. കിരണ്‍ ബേദി രാജിവച്ച ഒഴിവിലേക്കു മലയാളി
ന്യൂഡല്‍ഹി: കേന്ദ്ര പോലീസ് ഗവേഷണ വികസന ബ്യൂറോയുടെ ഡയറക്ടര്‍ ജനറലായി മലയാളിയായ കോശി കോശിയെ നിയമിച്ചു.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസുകാരിയായ കിരണ്‍ ബേദി രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.

1973 ഐ.പി.എസ് ബാച്ചിലെ ഹരിയാന കേഡര്‍ ഉദ്യോഗസ്ഥനാണ് കോശി കോശി. നിലവില്‍ നാഷണല്‍ ഡിസാസ്റ്റര്‍ ഫോഴ്സ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറലായിരുന്നു.

10. ചാര ഉപഗ്രഹം യു.എസ് തകര്‍ത്തു
വാഷിംഗ്ടണ്‍: നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു പതിച്ചുകൊണ്ടിരുന്ന ചാര ഉപഗ്രഹം മിസൈല്‍ ഉപയോഗിച്ച് അമേരിക്ക തകര്‍ത്തു. സ്കൂള്‍ ബ സിന്റെ വലിപ്പമുണ്ടായിരുന്ന ഉപഗ്രഹത്തിന്റെ ഇന്ധന ടാങ്കും മിസൈലേറ്റു തകര്‍ന്നു. 450 കിലോയോളം വരുന്ന മാരകമായ ഇന്ധനമാണു ടാങ്കിലുണ്ടായിരുന്നത്.

പസഫിക് സമുദ്രത്തില്‍ ഹാവായ് ദ്വീപസമൂഹത്തിനടുത്തു നങ്കുരമിട്ട അമേരിക്കയുടെ യു.എസ്.എസ് ലേക്ക് ഈറി എന്ന യുദ്ധക്കപ്പലില്‍ നിന്നു കത്തിയുയര്‍ന്ന എസ്.എം-3 മിസൈലാണ് ഉപഗ്രഹത്തെ തകര്‍ത്തത്. മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്ന ഉപഗ്രഹം മുന്‍കൂട്ടി നിശ്ചയിച്ച സമയത്തെക്കാളും മൂന്നു മിനിറ്റ് വൈകിയാണു മിസൈലേറ്റു തകര്‍ന്നത്. ഉപഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സമയത്തു തകര്‍ത്താല്‍ അതില്‍ നിന്നു പുറപ്പെടുന്ന മാരക വിഷവാതകങ്ങള്‍ മനുഷ്യകുലത്തിനു ദോഷകരമാകുമെന്നതും കണക്കിലെടുത്തിരുന്നുവെന്നു പെന്റഗണ്‍ വക്താവ് അറിയിച്ചു.

2006-ല്‍ അമേരിക്ക വിക്ഷേപിച്ച ഉപഗ്രഹം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് അധികം വൈകാതെ പ്രവര്‍ത്തനരഹിതമായിയിരുന്നു. ഉപഗ്രഹം ഭൂമിയിലേക്കു പതിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു ലോകം.

അതേസമയം, ഉപഗ്രഹം തകര്‍ത്ത അമേരിക്കന്‍ നട പടിയെ ചൈനയും റഷ്യയും അ പലപിച്ചു.

ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് അമേരിക്ക നടത്തിയതെന്നാണു റഷ്യ ആരോപിച്ചത്. ചൈന ഇത്തരത്തിലുള്ള ഒരു ഉപഗ്രഹം കഴി ഞ്ഞ വര്‍ഷം തകര്‍ത്തപ്പോള്‍ അ മേരിക്കയും ഇതര പാശ്ചാത്യ രാഷ്ട്രങ്ങളും അതിനെതിരേ ശ ബ്ദമുയര്‍ത്തിയിരുന്നു. അമേരി ക്കയുടെത് ഇരട്ടത്താപ്പ് നയമാ ണെന്നു ചൈന കുറ്റപ്പെടുത്തി.

1. കര്‍ഷകര്‍ക്ക് പെന്‍ഷന്‍; തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതിയും ദാരിദ്യ്ര രേഖക്ക് താഴെയുള്ള തൊഴിലാളി കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്പദ്ധതിയും നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ നിയമസഭയില്‍ പ്രഖ്യാപിച്ചു.

എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം കൂലി, എല്ലാ നഗരങ്ങളും പട്ടണങ്ങളും ചേരിമുക്തമാക്കല്‍, ഗ്രാമീണ വ്യാപാര കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവ നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട ഗവര്‍ണറുടെ പ്രസംഗത്തില്‍ കാര്‍ഷിക^ പരമ്പരാഗത മേഖലകള്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ഗുണമേകുന്ന അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന വാഗ്ദാനങ്ങള്‍:
===========================
പാവങ്ങള്‍ക്ക് ഭവന സഹായത്തിന് ഹൌസിംഗ് റിലീഫ് ഫണ്ട്
കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്
ഭൂരഹിത ആദിവാസി കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി
ഹൌസിംഗ് ഫിനാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഉണ്ടാക്കും
കൃഷിഭവനുകള്‍ക്ക് കീഴില്‍ ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ സ്ഥാപിക്കും
കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ അഗ്രി പോളിടെക്നിക് സ്ഥാപിക്കും
കാലിത്തീറ്റക്ക് സബ്സിഡി
പ്രവാസി സഹകരണത്തോടെ വയനാട്ടിലും ഇടുക്കിയിലും ഹൈടെക് ഡയറി ഫാമുകള്‍
സഹകരണ ബാങ്കുകള്‍ക്കായി ഓംബുഡ്സ്മാനെ നിയമിക്കും
സ്കൂളുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം നഗരങ്ങളില്‍ സംയോജിത റോഡ് ശൃംഖല
5000 കോടിയുടെ കാര്‍ഷിക വായ്പ സഹകരണ മേഖല വിതരണം ചെയ്യും
സഹകരണ മേഖലക്ക് കീഴില്‍ ജനകീയ കയര്‍ മാര്‍ക്കറ്റിംഗ് കമ്പനി സ്ഥാപിക്കും
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കും
ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രം
റേഷന്‍ കടകള്‍ നവീകരിക്കും
കോഴിക്കോട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും റാന്നിയില്‍ റബര്‍പാര്‍ക്കും
ടൂറിസം സ്റ്റഡി ബോര്‍ഡ് രൂപവത്കരിക്കും
ശാരീരിക വൈകല്യമുള്ളവരെ പരിശീലിപ്പിക്കാന്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി പദ്ധതി
എന്‍.എച്ച് 47, എന്‍.എച്ച് 17 ആറുവരിയാക്കും
ഒമ്പതു ജില്ലകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കും
കാസര്‍കോട് മാരി ടൈം ഇന്‍സ്റ്റിറ്റ്യൂട്ട്
കണ്ണൂര്‍ സര്‍വകലാശാലയില്‍ നായനാര്‍ ചെയര്‍
31 പഞ്ചായത്തുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
തലശേãരി, കോട്ടയം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍
ഏഴ് പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കും
കിലോക്ക് ഒമ്പതുരൂപ നിരക്കില്‍ നെല്ല് സംഭരിക്കും
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കും
ഉന്നത വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പ് ഫണ്ട്
പോലിസില്‍ ക്രിക്കറ്റ്, ഫുട്ബാള്‍, വോളിബാള്‍ ടീം രൂപവത്കരിക്കും

2. ചോര്‍ന്ന നയം; ബഹളത്തിന്റെ പ്രഖ്യാപനം
തിരുവനന്തപുരം: ചോര്‍ന്നുപോയ നയപ്രഖ്യാപനം വായിച്ച് മടങ്ങാനായിരുന്നു ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയയുടെ വിധി. ഗവര്‍ണറുടെ പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങളൊക്കെ ഇന്നലെ പത്രത്തില്‍ വന്നിരുന്നു. ചോര്‍ച്ചയില്‍ നിന്ന് ഊര്‍ജം സംഭരിച്ച പ്രതിപക്ഷം നയപ്രഖ്യാപനത്തോടൊപ്പം വരും ദിവസങ്ങളിലെ ബഹളത്തിന്റെ പ്രഖ്യാപനവും നടത്തി.

പത്രത്തിന്റെ കോപ്പികള്‍ പ്രതിപക്ഷത്തെ മിക്ക അംഗങ്ങളുടെയും കൈവശമുണ്ടായിരുന്നു. സഭയില്‍ ഗവര്‍ണര്‍ എത്തിയപ്പോള്‍ പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷാംഗങ്ങള്‍ നയപ്രഖ്യാപനം ചോര്‍ന്നുവെന്ന് ഒച്ചയിട്ടു. രണ്ട് മിനിട്ടോളം ബഹളം ആസ്വദിച്ച ശേഷം ഗവര്‍ണര്‍ നയപ്രഖ്യാപനം വായിച്ചു തുടങ്ങി. അതോടെ പ്രതിപക്ഷം ഒച്ചപ്പാടിന് അവധി കൊടുത്ത് സീറ്റുകളില്‍ അമര്‍ന്നു. എങ്കിലും ഗവര്‍ണറുടെ പ്രഖ്യാപനങ്ങള്‍ കേള്‍ക്കവെ അത് പത്രത്തിലുണ്ടെന്ന് ചിലര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഭരണപക്ഷം പ്രഖ്യാപനങ്ങളെ കൈയടിച്ച് സ്വീകരിച്ചു. പ്രതിപക്ഷം ഇടയ്ക്കിടെ ബഹളം കൂട്ടുന്നത് കാണുമ്പോള്‍ പി. ജയരാജന്‍ അടങ്ങിയിരിക്കുന്നത് എങ്ങനെ? അദ്ദേഹവും എന്തോ വിളിച്ചു പറഞ്ഞു.

നയപ്രഖ്യാപനത്തിന് ശേഷവും ചോര്‍ച്ചക്കെതിരെ പ്രതിപക്ഷത്തിന്റെ അരിശം തുടര്‍ന്നു. ഹര്‍ത്താല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന വിദ്യ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷം വില താഴ്ത്താന്‍ മറ്റൊരു ആയുധം കൂടി സഭയില്‍ അവതരിപ്പിച്ചു. ‘വിലക്കയറ്റം തടയുക’ എന്നെഴുതിയ രണ്ട് ബാനറുകള്‍ സഭയില്‍ ഉയര്‍ത്തി. പി.സി. വിഷ്ണുനാഥ്, ജോര്‍ജ് മേഴ്സിയര്‍, എം.എ. വാഹിദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ബി. ബാബുപ്രസാദ് തുടങ്ങിയവരായിരുന്നു ബാനര്‍ധാരികള്‍.

വിലക്കയറ്റം ബാനര്‍ പാര്‍ലമെന്റില്‍ കൊണ്ടുപോയി കാട്ടാനായിരുന്നു വി. ശിവന്‍കുട്ടിയുടെ ഉപദേശം. രണ്ടത്താണി ബാനര്‍ പിടിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ സാജുപോളിന് മധുരിക്കുന്ന ചില ഓര്‍മകള്‍ വന്നു.
രണ്ടത്താണിക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാനായിരുന്നു സാജുവിന്റെ നിര്‍ദേശം.

3. ഐടി_വിജ്ഞാനസിറ്റികള്‍ വരും, അന്യാധീനപ്പെട്ടഭൂമി തിരിച്ചുപിടിക്കും ഐടി
എല്ലാ വകുപ്പുകള്‍ക്കും പൌരാവകാശ രേഖ തയാറാക്കുമെന്നും സംസ്ഥാനത്തുടനീളം ഐടി സിറ്റികളും നോളജ് സിറ്റികളും വികസിപ്പിക്കുമെന്നും നയപ്രഖ്യാപനം. ഇ^ഗവേര്‍ണന്‍സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടെക്നോപാര്‍ക്കില്‍ പുതിയ സംസ്ഥാന ഡാറ്റാ സെന്റര്‍ സ്ഥാപിക്കും. വൈഡ് ഏരിയാ നെറ്റ്വര്‍ക്ക് വഴി സര്‍ക്കാര്‍ ഓഫീസുകളെയും ബന്ധിപ്പിക്കും.

വാണിജ്യ^പൊതുവിതരണ വകുപ്പിലും ഇ^ഗവേര്‍ണന്‍സ് സൊലൂഷന്‍ എത്തിക്കും. മലയാളം കമ്പ്യൂട്ടിംഗ് പ്രോത്സാഹിപ്പിക്കുക, ഇ^വേയ്സറ്റ് നയം വികസിപ്പിക്കുക, കണ്‍ടന്റ് മാനേജ്മെന്റ് ഫ്രേംവര്‍ക്കായി വെബ്സൈറ്റുകളെ മാറ്റുക, ഡിജിറ്റല്‍ വര്‍ക്ക് ഫ്ളോ നടപ്പാക്കുക, വിനോദസഞ്ചാര മേഖലകളില്‍ വൈ^ഫീ ഹോട്ട്സ്പോട്ടുകളും ഇന്‍വെന്ററി മാനേജ്മെന്റ് സംവിധാനവും ഏര്‍പ്പെടുത്തുക എന്നിവയും ഉദ്ദേശിക്കുന്നു. ഇ^ഗവേണന്‍സില്‍ മികവ് തെളിയിക്കുന്ന വകുപ്പുകള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ അവാര്‍ഡ് നല്‍കും.

വ്യവസായം
====================
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് പകരം ലാഭകരമാക്കി മാറ്റും. ധാതുമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമേ അനുവദിക്കുകയുള്ളൂ. റഷ്യന്‍ സംരംഭകരുമായി സഹകരിച്ച് 10000 ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഉത്പാദനത്തിനായി ചര്‍ച്ച നടക്കുന്നു. ഫാഷന്‍ ടെക്നോളജി ഉടന്‍ കണ്ണൂരില്‍ ആരംഭിക്കും. കിന്‍ഫ്ര കഞ്ചിക്കോട്ട് ടെക്സ്റ്റയില്‍ പാര്‍ക്ക് സ്ഥാപിച്ച് വരികയാണ്. സ്പൈസസ് പാര്‍ക്ക് ആരംഭിക്കാന്‍ ധാരണാപത്രമായിട്ടുണ്ട്.

കണ്ണൂര്‍^കാസര്‍കോട് ജില്ലകളെ ഉള്‍പ്പെടുത്തി പെട്രോകെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കാന്‍ ശ്രമം തുടരുന്നു. മുളവ്യവസായ സംസ്കരണ യൂനിറ്റ് വയനാട്ടില്‍ ആരംഭിക്കും. പരമ്പരാഗത മേഖലയെ വൈദഗ്ധ്യവത്കരിക്കും. കശുവണ്ടി കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും. കാഷ്യു കോര്‍പറേഷനില്‍ നിന്നും കാപ്പക്സില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി ഇനത്തിലെ കുടിശãിക കൊടുക്കും.

ഭൂമി.
====================
വന്‍കിടക്കാര്‍ അനധികൃതമായും അന്യായമായും കൈവശം വെച്ചിരിക്കുന്ന ഭൂമി മുഴുവന്‍ തിരിച്ചുപിടിക്കും. ഈ സര്‍ക്കാറിന്റെ കാലത്ത് അരലക്ഷം ഏക്കറോളം ഭൂമി ഏറ്റെടുക്കാനാകുമെന്ന് കരുതുന്നു.

സര്‍ക്കാര്‍ ഉടമയിലുള്ള എല്ലാ ഭൂമിയും ഭൂബാങ്കിന് കീഴില്‍ കൊണ്ടുവരും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് പരമാവധി വരുമാനം ഉണ്ടാക്കാനുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കമിടും. ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിനും ഭൂമി നല്‍കും. ഭൂമി ഉപയോഗം പ്രൊഫഷണല്‍ സമീപനത്തോടെ യുക്തി പൂര്‍വമാക്കും.

കരട് ഭൂനയത്തിന് അനുസൃതമായി ആവശ്യമായ നിയമനിര്‍മാണവും നടത്തും. കേസുകളില്‍ തീര്‍പ്പാക്കി ശേഷിക്കുന്ന മിച്ചഭൂമിയും ഏറ്റെടുക്കും. പാട്ട വ്യവസ്ഥ ലംഘിക്കുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പാട്ടഭൂമി തിരിച്ചുപിടിക്കും. പൊതു ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ പാക്കേജിന് രൂപം നല്‍കും.

പൊതുവിതരണം
====================
സപ്ലൈകോ അടുത്ത വര്‍ഷം 470 പുതിയ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങും. എല്ലാ കോര്‍പറേഷനുകളിലും പീപ്പിള്‍ഡ് ബസാറുകള്‍ സ്ഥാപിക്കും. തലശേãരി, കോട്ടയം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും.

സപ്ലൈകോ 2006 സെപറ്റംബറിന് ശേഷം വില വര്‍ധിപ്പിച്ചിട്ടില്ല. ദേശീയമായി വില ഉയരുന്നതിനാല്‍ ശരാശരി 15 ശതമാനം വിലക്കുറവ് വരുത്തിയിട്ടുണ്ട്. എ.പി.എല്‍^ബി.പി.എല്‍ സര്‍വെ പൂര്‍ത്തിയായാലുടന്‍ ലാമിനേറ്റ് ചെയ്ത റേഷന്‍ കാര്‍ഡുകള്‍ നല്‍കും. കേന്ദ്ര സാമ്പത്തിക സഹായത്തോടെ റേഷന്‍ കടകള്‍ നവീകരിക്കും. നടപ്പ് സീസണില്‍ കിലോക്ക് ഒമ്പത് രൂപ വെച്ച് മൂന്ന് ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കും. എറണാകുളത്തെ ഗോള്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലബോറട്ടറി ബി.ഐ.എസ് ഹാള്‍മാര്‍ക്ക് സെന്ററായി ഉയര്‍ത്തും.

4. 12 പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങും
തിരുവനന്തപുരം: പുതുതായി നിയമിതരാകുന്ന എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് നല്‍കുമെന്ന് സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു. ശാരീരിക വൈകല്യമുള്ളവരെയും അവശരെയും പരിശീലിപ്പിക്കാനുള്ള ഇന്‍സൈറ്റ് എന്ന പദ്ധതി അക്ഷയ കേന്ദ്രങ്ങള്‍ വഴി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും.

എസ്.ഇ.ആര്‍.ടി.യുടെ വികസനത്തിന് പദ്ധതി നടപ്പാക്കും. വിതുരയില്‍ കേന്ദ്ര സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ 200 ഏക്കര്‍ നീക്കി വെച്ചിട്ടുണ്ട്. കുസാറ്റിനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയന്‍സ് ആന്റ് ടെക്നോളജിയായി ഉയര്‍ത്തുന്നതിന് നടപടി ആയി. സംസ്ഥാനത്തെ ഏഴ് ഗ്രേഡ് രണ്ട് ഐ.ടി.ഐകള്‍ ഗ്രേഡ് ഒന്നാക്കി മാറ്റും. തദ്ദേശ സ്ഥാപനങ്ങളോ പൊതുജനങ്ങളോ സൌജന്യമായി വസ്തുവും കെട്ടിടവും നല്‍കിയാല്‍ അവിടെ പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കും.

പൊതു^സ്വകാര്യ മേഖലകളിലായി പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തും. റെയില്‍വേ ഓവര്‍ബ്രിഡ്ജ് അപ്രോച്ച് റോഡ് എന്നിവ പൂര്‍ത്തിയാക്കാന്‍ മുന്‍ഗണന നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സംയോജിത റോഡ് ശൃംഖലയും ഗതാഗത സംവിധാനവും ഏര്‍പ്പെടുത്തും.
എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തും. വ്യാജമദ്യം, കഞ്ചാവ് തുടങ്ങിയവ കടത്തുന്നത് തടയാന്‍ എറണാകുളം, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ സംയോജിത സര്‍വലന്‍സ് പോസ്റ്റ് ഏര്‍പ്പെടുത്തും. സ്കൂള്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന എന്റെ മരം പദ്ധതി വാര്‍ഷിക പരിപാടിയായി തുടരും.

ഓരോ ഭൂരഹിത ആദിവാസി കുടുംബത്തിനും കുറഞ്ഞത് ഒരു ഏക്കര്‍ ഭൂമിയെങ്കിലും നല്‍കുന്നതിന് മുഖ്യ പരിഗണന നല്‍കും. കേന്ദ്ര വനവാസി നിയമം നടപ്പാക്കാനായി ആക്റ്റ് തയാറാക്കും. ഭവന രഹിതരായ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും വീട്, കുടിവെള്ളം വൈദ്യുതി എന്നിവ നല്‍കും. മൂന്ന് വര്‍ഷത്തിനകം എല്ലാ പട്ടികവര്‍ഗ വാസസ്ഥലങ്ങളും വൈദ്യുതീകരിക്കും. 295.9 മെഗാവാട്ട് ശേഷിയുള്ള 12 പുതിയ ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കും. പാവപ്പെട്ടവരുടെ അരലക്ഷം വീടുകള്‍ വൈദ്യുതീകരിക്കാന്‍ പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരും. പ്രസരണവും വിതരണവും ശക്തിപ്പെടുത്തും. 72 വിദൂര പിന്നാക്ക പ്രദേശങ്ങളില്‍ സൌര വൈദ്യുതീകരണം കേന്ദ്ര സഹായത്തോടെ നടപ്പാക്കും. സമ്പൂര്‍ണ ഊര്‍ജ സുരക്ഷാ മിഷന്‍ പദ്ധതികളെ ഏകോപിപ്പിക്കും.
മല്‍സ്യ കേരളം പദ്ധതി മുന്ന് വര്‍ഷം സംസ്ഥാനം മുഴുവന്‍ നടപ്പാക്കും. സംസ്ഥാനത്ത് അഡ്വഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ മാര്‍ഗരേഖ തയാറാക്കും. കക്കയം, ഇടമലയാര്‍, കല്ലാര്‍ എന്നിവിടങ്ങളില്‍ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും.

പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധരുമായി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റികള്‍ക്കും സംവദിക്കാനാകുന്ന നൂതന പദ്ധതിയായ വിസിറ്റിംഗ് അക്കാദമീഷ്യന്‍ പ്രോഗ്രാം ഏപ്രിലില്‍ ആരംഭിക്കും. എഞ്ചിനീയറിംഗ് കോളജുകളിലെ ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാനായി സര്‍ക്കാര്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കും. രാജാരവി വര്‍മ സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്ട് ആന്റ് ഡിസൈന്‍, സ്വദേശാഭിമാനി സ്കൂള്‍ ഓഫ് ജേര്‍ണലിസം എന്നിവ മികവിന്റെ കേന്ദ്രങ്ങളായി സ്ഥാപിക്കും. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കും പഠന വൈഷമ്യമുള്ള കുട്ടികള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കും.
പുരാവസ്തു സ്ഥാപനങ്ങളും പുരാതന വസ്തുക്കളും സംരക്ഷിക്കുന്നതിന് ഗ്രാമ^ജില്ലാ പഞ്ചായത്ത് തലത്തില്‍ പുരാവസ്തു സര്‍വേ നടത്തും. എല്ലാ ജില്ലകളിലും എല്‍ഡേഴ്സ് പാര്‍ക്കുകളും ആരംഭിക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കും. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചികില്‍സിക്കാന്‍ പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം നല്‍കും.

5. കേരള സര്‍ക്കാര്‍ ഷൈലോക്കിനെപ്പോലെ പെരുമാറരുതെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: കേരള സര്‍ക്കാര്‍ ഷൈലോക്കിനെപ്പോലെ പെരുമാറരുതെന്ന് സുപ്രീം കോടതി. അബ്കാരികള്‍ ലേലം പിടിച്ച ശേഷം കുടിശãിക വരുത്തി ഉപേക്ഷിക്കുന്ന ഷാപ്പുകള്‍, സര്‍ക്കാര്‍ മറ്റാര്‍ക്കെങ്കിലും നടത്താന്‍ നല്‍കിയാലും ആദ്യം ലേലം നേടിയവര്‍ മുഴുവന്‍ കിസ്ത് തുകയും അടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് എച്ച്.കെ. സേമ, ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.

1993 ^94 കാലയളവില്‍ ചാരായ ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ചശേഷം ചില അബ്കാരികള്‍ കിസ്ത് തുക മുഴുവന്‍ അടക്കാതെ ഷാപ്പുകള്‍ ഉപേക്ഷിച്ചിരുന്നു. ഈ ചാരായ ഷാപ്പുകള്‍ എക്സൈസ് വകുപ്പ് ടെണ്ടര്‍ നല്‍കി നടത്തി. ലേലത്തില്‍ പിടിച്ച ഷാപ്പുകളുടെ കിസ്ത് തുക മുഴുവന്‍ അബ്കാരികള്‍ അടക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വകുപ്പു മുഖേന ചാരായഷാപ്പുകള്‍ നടത്തി സര്‍ക്കാറിന് ലഭിച്ച തുക കുറച്ച് ബാക്കി തുക അടക്കാമെന്ന് അബ്കാരികള്‍ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് ഷാപ്പുകള്‍ ഉപേക്ഷിച്ചു പോയാലും മുഴുവന്‍ കിസ്ത് തുകയും നല്‍കണമെന്ന നിയമഭേദഗതി 1993 ഡിസംബറില്‍ സര്‍ക്കാര്‍ പാസാക്കി. ഇതിനെതിരെ അബ്കാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വകുപ്പു തലത്തില്‍ ചാരായ ഷാപ്പുകള്‍ നടത്തി സര്‍ക്കാറിന് ലഭിച്ച തുക ലൈസന്‍സിയുടെ കുടിശãികയിലേക്ക് വരവ് വെക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. ഹരജിയുടെ അന്തിമ വാദത്തിനിടെ, വകുപ്പുതലത്തില്‍ ഷാപ്പ് നടത്തിയുള്ള വരുമാനം അബ്കാരികളുടെ കുടിശãികയുടെ ഭാഗമാക്കരുതെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, ഷെയ്ക്സ്പിയറിന്റെ വിഖ്യാത കഥാപാത്രമായ ഷൈലോക്കിനെപ്പോലെ ആകരുതെന്ന് ബെഞ്ച് ഉപദേശിച്ചു. മുന്‍ സര്‍ക്കാറാണ് ഹൈക്കോടതി ഉത്തരവിനെതിരെ 2002ല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

6. കെ.എസ്.ഇ.ബിയെ ആറുമാസത്തിനകം കമ്പനിയാക്കും
തിരുവനന്തപുരം: അടുത്ത മൂന്ന് വര്‍ഷത്തിനകം കമീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മെഗാ പവര്‍ പദ്ധതിയില്‍നിന്ന് വൈദ്യുതിവിഹിതമായി കേരളത്തിന് 696 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിംഹാദ്രി^200 മെഗാവാട്ട്, തൂത്തുക്കുടി^122 മെഗാവാട്ട്, നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ എക്സ്റ്റന്‍ഷന്‍^79 മെഗാവാട്ട്, കൈഗ^38 മെഗാവാട്ട്, കൂടംകുളം^236 മെഗാവാട്ട് എന്നിങ്ങനെയാണ് കേരളത്തിന് ലഭിക്കുന്ന വൈദ്യുതിവിഹിതം.

നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെയും തമിഴ്നാട് വൈദ്യുതി ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ എന്‍.എല്‍.സി^തമിഴ്നാട് പവര്‍ ലിമിറ്റഡ് (എന്‍.ടി.പി.എല്‍) കമ്പനിയാണ് തൂത്തുക്കുടിയില്‍ ആയിരം മെഗാവാട്ട് കല്‍ക്കരി അധിഷ്ഠിത താപനിലയം സ്ഥാപിക്കുന്നത്. ഇതില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന 122 മെഗാവാട്ട് വൈദ്യുതി വിഹിതത്തിന്റെ കരാര്‍ എന്‍.എല്‍.സി ചെയര്‍മാന്‍ ജയരാമനും കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാജീവ് സദാനന്ദനും മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഒപ്പുവെച്ചു. ഈ പദ്ധതിയില്‍നിന്ന് കര്‍ണാടകത്തിനും പോണ്ടിച്ചേരിക്കും വൈദ്യുതി നല്‍കും. യൂനിറ്റിന് 2.92 രൂപയാണ് ഇപ്പോഴത്തെ വിലയെന്നും അന്തിമവില നിശ്ചയിക്കുന്നത് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷനാണെന്നും മന്ത്രി അറിയിച്ചു.

ദക്ഷിണേന്ത്യയിലെ അള്‍ട്രാ മെഗാ പ്രോജക്ട് ആയ 1200 മെഗാവാട്ടിന്റെ വൈദ്യുതി പ്രോജക്ടില്‍നിന്നുള്ള വിഹിതവും കേരളം പ്രതീക്ഷിക്കുന്നുണ്ട്. ദല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിഹിതം ലഭിക്കുന്നത് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പുതിയ കരാര്‍ ഒപ്പുവെച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധി സ്ഥായിയായി പരിഹരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം വെട്ടിക്കുറച്ച 183 മെഗാവാട്ട് വൈദ്യുതി വിഹിതം തുടര്‍ന്നും ലഭിക്കുന്നതിന് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഉപഭോഗം വര്‍ധിച്ചതും പദ്ധതി വിഹിതം വെട്ടിക്കുറച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കായംകുളം എല്‍.എന്‍.ജി പദ്ധതി നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല. 11ാം പദ്ധതിയില്‍ ഇത് പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 1350 മെഗാവാട്ടാണ് ഇവിടത്തെ ശേഷി. റഷ്യയുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ച 12 വൈദ്യുതി പദ്ധതിയില്‍ ഒരെണ്ണം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ബോര്‍ഡിന് ലഭിക്കാനുള്ള 1800 കോടിയുടെ കുടിശãിക പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ‘ഷോക്ക് ട്രീറ്റ്മെന്റ്’ നല്‍കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കാനുള്ള തുക മെയിന്റനന്‍സ് ഗ്രാന്റില്‍നിന്ന് 25 ശതമാനം വീതം ബോര്‍ഡിന് നല്‍കണമെന്ന് മന്ത്രി പാലോളി നിര്‍ദേശിച്ചിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുന്നതിനുള്ള നടപടികള്‍ ആറുമാസത്തിനകം ആരംഭിക്കുമെന്ന് ബാലന്‍ പറഞ്ഞു. ഇതു സംബന്ധിച്ച നടപടികളില്‍ നിന്ന് സര്‍ക്കാറിന് പിന്‍മാറാന്‍ കഴിയില്ല. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാജീവ് സദാനന്ദനും സന്നിഹിതനായിരുന്നു.

1. സ്കൂള്‍ സമയമാറ്റമില്ല;ഇനി പീരിയഡ് ഒരു മണിക്കൂര്‍
കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരണത്തിന് അവസാനരൂപമായി. ഈ മാസം 25ന് പരിഷ്കരിച്ച പദ്ധതി നിലവില്‍ വരുമെന്ന് മന്ത്രി എം. എ. ബേബി അറിയിച്ചു. സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ല. നിലവിലുള്ള സമയത്ത് തന്നെ ക്ളാസുകള്‍ നടക്കും. ഒരു പീരിയഡ് 45 മിനിറ്റ് എന്നത് ഒരു മണിക്കൂറാകും. ആണ്‍പെണ്‍ സമത്വം പുതിയ പദ്ധതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് മന്ത്രി അറിയിച്ചു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതിപ്രകാരമായിരിക്കും പാഠപുസ്തകം. സ്കൂള്‍ ഭരണം പഞ്ചായത്തുകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കില്ല. ഭരണഘടന ഭേദഗതിയിലൂടെ പഞ്ചായത്തുകള്‍ക്ക് ലഭിച്ചിട്ടുള്ള അധികാരമല്ലാതെ ഈ സര്‍ക്കാര്‍ പുതിയതായി ഒന്നും പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്രവേശനപരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഉടച്ചു വാര്‍ക്കും. പരീക്ഷ സമ്പ്രദായം എടുത്തു മാറ്റില്ലെങ്കിലും കാലഘട്ടത്തിന് അനുസൃതമായ മാറ്റം ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്തും (മെഡിക്കല്‍, എന്‍ജിനീയറിങ്) പാഠ്യ പദ്ധതി പരിഷ്കരണം കൊണ്ടു വരുമെന്നും മന്ത്രി അറിയിച്ചു.

പരിഷ്കരിച്ച പാഠ്യപദ്ധതിയിലെ അന്തിമ നിര്‍ദേശങ്ങള്‍ ഇനി പറയും പ്രകാരമാണ്:

. പഠനസമയം അഞ്ചു മണിക്കൂറാക്കും

. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മാതൃഭാഷ ഉള്‍പ്പടെ ഏതെങ്കിലും ഭാഷകളില്‍ ഒരെണ്ണം തിരഞ്ഞെടുത്ത് പഠിക്കുന്നതിനുള്ള അവസരം ഉണ്ടാകണം.

. ഹയര്‍ സെക്കന്‍ഡറി ഓപ്ഷനല്‍ കോമ്പിനേഷന്‍: ശാസ്ത്രം – ഗണിതം/ബയോളജി, ഫിസിക്സ്, കെമിസ്ട്രി. സാമൂഹ്യ ശാസ്ത്രം – ചരിത്രം, രാഷ്ട്രതന്ത്രം/ സോഷ്യോളജി, ഭൂമിശാസ്ത്രം/സാമ്പത്തിക ശാസ്ത്രം. വാണിജ്യശാസ്ത്രം – അക്കൌണ്ടന്‍സി, സാമ്പത്തിക ശാസ്ത്രം, ബിസിനസ് സ്റ്റഡീസ്. സംസ്കാരം – കേരള സംസ്കാരം/ ഭാരതീയ സംസ്കാരം, ഒരു ഭാഷ, ഒരു കല. തൊഴില്‍ വൈദഗ്ധ്യം – തീയറി, പ്രാക്ടിക്കല്‍ / മാര്‍ക്കറ്റിങ്, കംപ്യൂട്ടര്‍ പരിജ്ഞാനം/ ജനറല്‍ ഫൌണ്ടേഷന്‍ കോഴ്സ്.

. സ്കൂളില്‍ എല്ലാ തലങ്ങളിലും സഹ വിദ്യാഭ്യാസം പ്രോസാഹിപ്പിക്കും, സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തും.

. ലൈംഗിക വിദ്യാഭ്യാസം എന്നത് കൌമാര വിദ്യാഭ്യാസമെന്ന് പേരുമാറ്റി.

. പ്രീ പ്രൈമറി സ്കൂള്‍ എന്നത് പ്രീ സ്കൂള്‍ എന്നാവും അറിയപ്പെടുക.

. എല്ലാ തൊഴിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിര്‍ബന്ധമാക്കണമെന്നത്, അവസരമൊരുക്കണം എന്നാക്കി.

പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് കരിക്കുലം കമ്മിറ്റി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്മേല്‍ ഇന്നലെ അധ്യാപക, വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തി. എന്‍സിആര്‍ടി ഡയറക്ടര്‍ പ്രഫ. കാര്‍ത്തികേയന്‍ നായര്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഡയറക്ടര്‍ എസ്.എ. ഖാദര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. രണ്ടു ദിവസം കൂടി സംഘടനകള്‍ക്ക് അഭിപ്രായം പറയാന്‍ സമയം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള റിപ്പോര്‍ട്ട് അന്തിമമാണ്. അഭിപ്രായങ്ങള്‍ കേട്ട് മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2. വ്യാജ കള്ളും സ്പിരിറ്റും പിടിച്ച കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി
ആലപ്പുഴ: ഐജി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കള്ളുഷാപ്പുകളില്‍ നിന്നു വ്യാജ കള്ളും സ്പിരിറ്റും പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെ കുറ്റക്കാരായ എക്സൈസ് ജീവനക്കാരെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റണമെന്ന എക്സൈസ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി.മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ബന്ധുവായ എക്സൈസ് ഗാര്‍ഡ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരായ റിപ്പോര്‍ട്ടാണു പൂഴ്ത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണു സ്ഥലംമാറ്റാന്‍ എക്സൈസ് കമ്മിഷണറുടെ ഉത്തരവായിട്ടും റിപ്പോര്‍ട്ട് മരവിപ്പിച്ചതെന്ന് ആരോപണമുയര്‍ന്നു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയരായ രണ്ട് ഉദ്യോഗസ്ഥരെ സൌകര്യപ്രദമായ സ്ഥലത്തേക്കു മാറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കുകയും ചെയ്തു.ഐജി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വര്‍ഷമൊടുവിലാണു മധ്യതിരുവിതാംകൂറിലെ വന്‍ സ്പിരിറ്റ് കേന്ദ്രങ്ങളായ കായംകുളം, ഹരിപ്പാട്, നൂറനാട് മേഖലകളില്‍ റെയ്ഡ് നടത്തിയത്.

കള്ളുഷാപ്പുകളില്‍ നിന്നും ഗോഡൌണുകളില്‍ നിന്നും വന്‍തോതില്‍ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. കാര്‍ത്തികപ്പള്ളി റേഞ്ചിന്റെ പരിധിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന്, പ്രദേശത്തു വ്യാജ കള്ളും സ്പിരിറ്റും വന്‍തോതില്‍ വില്‍പന നടത്തുന്നതിനു പിന്നില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹായമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് ഐജി എക്സൈസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്ന് എക്സൈസ് കമ്മിഷണര്‍ അന്വേഷണത്തിനു വിജിലന്‍സ് ഓഫിസര്‍ വക്കം പ്രഭയെ ചുമതലപ്പെടുത്തി.

കാര്‍ത്തികപ്പള്ളി മേഖലയിലും റേഞ്ച് ഓഫിസിലും എസ്പി റാങ്കിലുള്ള വിജിലന്‍സ് ഓഫിസര്‍ നേരിട്ടെത്തി അന്വേഷണം നടത്തി.വ്യാജ കള്ള്, സ്പിരിറ്റ് വില്‍പന തടയുന്നതില്‍ രണ്ടു വര്‍ഷത്തിലേറെയായി ഇവിടെ ജോലി നോക്കുന്ന എക്സൈസ് ജീവനക്കാരുടെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നു വിജിലന്‍സ് ഓഫിസര്‍ കണ്ടെത്തി.

ഹരിപ്പാട് എക്സൈസ് സിഐ., നൂറനാട് എക്സൈസ് ഇന്‍സ്പെക്ടര്‍, കാര്‍ത്തികപ്പള്ളി റേഞ്ചിലെ പള്ളിപ്പാട് മേഖല നോക്കുന്ന ഒരു പ്രിവന്റീവ് ഓഫിസര്‍, അഞ്ച് എക്സൈസ് ഗാര്‍ഡുകള്‍ തുടങ്ങിയവരെ അടിയന്തരമായി സ്ഥലംമാറ്റണമെന്നായിരുന്നു ശുപാര്‍ശ. ഇതനുസരിച്ചു ഹരിപ്പാട് സിഐയെ കോട്ടയത്തേക്കും ഇന്‍സ്പെക്ടറെ എക്സൈസ് കമ്മിഷണറേറ്റിലേക്കും മാറ്റി. വി.എസ്. അച്യുതാനന്ദന്റെ ബന്ധു ഉള്‍പ്പെടെ അഞ്ചു ഗാര്‍ഡുകളെയും പ്രിവന്റീവ് ഓഫിസറെയും പാലക്കാടു ജില്ലയിലെ അഗളിയിലേക്കു മാറ്റണമെന്നും വിജിലന്‍സ് ഓഫിസര്‍ ശുപാര്‍ശ ചെയ്തു.

എന്നാല്‍, റിപ്പോര്‍ട്ട് നല്‍കി മാസങ്ങളായിട്ടും ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. സ്ഥലംമാറ്റാന്‍ എക്സൈസ് കമ്മിഷണര്‍ തീരുമാനിച്ചതാണെങ്കിലും ഉന്നതതല ഇടപെടലിനെ തുടര്‍ന്നു മരവിപ്പിക്കുകയായിരുന്നു.

3. പ്രവേശന നികുതി നിരക്ക് തര്‍ക്കം; തമിഴ്നാട് കോഴി വരവു നിലച്ചു
ചിറ്റൂര്‍: തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്നു കോഴികള്‍ വാങ്ങി കേരളത്തിലെ വ്യാപാരികള്‍ക്കു വിതരണം ചെയ്യുന്ന ഇടനില വ്യാപാരികള്‍, പ്രവേശന നികുതി നിരക്കു കുറയ്ക്കണമെന്ന ആവശ്യവുമായി സമരം തുടരുന്നതു മൂലം നടുപ്പുണി ചെക്ക്പോസ്റ്റിലൂടെ കോഴി വരവു നിലച്ചു. മാര്‍ക്കറ്റില്‍ കോഴിക്കു വിലയേറി. കഴിഞ്ഞ ദിവസം കിലോയ്ക്ക് 34 രൂപ വിലയുണ്ടായിരുന്നത് ഇന്നലെ 45 രൂപയായി ഉയര്‍ന്നു. നടുപ്പുണി ചെക്ക്പോസ്റ്റിലൂടെ ദിവസേന നൂറു മുതല്‍ ഇരുനൂറ്റന്‍പതു വരെ കോഴിവണ്ടികള്‍ വന്നിരുന്നതാണ്.

രണ്ടുദിവസമായി കോഴിവണ്ടികളൊന്നും കേരളത്തിലേക്ക് ഇതുവഴി വന്നിട്ടില്ല. പ്രതിദിനം 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ നികുതി പിരിയുന്ന ചെക്ക്പോസ്റ്റാണ് നടുപ്പുണി. തമിഴ്നാട്ടിലെ മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്കു വരുന്ന കോഴികള്‍ക്ക് കിലോയ്ക്ക് 40 രൂപ ശരാശരി കണക്കാക്കി 12.5% നികുതി ഈടാക്കുകയാണ് ചെയ്തു വരുന്നത്.

തമിഴ്നാട്ടില്‍ കോഴികള്‍ക്ക് ഒരിക്കലും കിലോയ്ക്ക് 40 രൂപ വില വന്നിട്ടില്ല. അതിനാല്‍ 40 രൂപ അടിസ്ഥാനമാക്കി നികുതി ഈടാക്കുന്നത് വന്‍നഷ്ടത്തിന് ഇടയാക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇറച്ചിക്കോഴികള്‍ക്ക് മുപ്പതുരൂപയില്‍ താഴെയും മുട്ടക്കോഴികള്‍ക്ക് പതിനഞ്ചുരൂപയില്‍ താഴെയുമാണ് അവിടെ ശരാശരി വില. എന്നാല്‍ രണ്ടുവിഭാഗത്തിനും ഒരേ നികുതിയാണ് പിരിക്കുന്നത്. ഇത് അനീതിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ കോഴിഫാമുകള്‍ വര്‍ധിച്ചതാണ് കച്ചവടക്കാരെ വെട്ടിലാക്കിയതെന്നു പറയപ്പെടുന്നു. മുന്‍പ് 90% കോഴികളും തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ അത് 60% ആയി കുറഞ്ഞു. ഇപ്പോള്‍ തമിഴ്നാട് ലോബിക്ക് കേരളത്തില്‍ വില നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കേരളത്തിലെ ഫാമുകള്‍ക്ക് നികുതിയില്ലാത്തതിനാല്‍ തമിഴ്നാട്ടിലേക്കാള്‍ ആറു മുതല്‍ 10 വരെ രൂപ കുറഞ്ഞ വിലയ്ക്ക് കോഴി വില്‍ക്കാനാവും. തമിഴ്നാട്ടില്‍ കോഴിക്ക് വില കുറവാണെങ്കിലും നികുതിയും വണ്ടിക്കൂലിയും കൊടുത്ത് ഇറക്കുമതി ചെയ്യുമ്പോള്‍ കേരളത്തിലേക്കാള്‍ വില കൂടും.

നികുതി ഒഴിവാക്കിയതോടെ പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ധാരാളം കോഴി ഫാമുകള്‍ നിലവില്‍ വന്നിട്ടുണ്ട്. തമിഴ്നാട്ടിലെ കമ്പനികളും ബിനാമി പേരില്‍ ഇവിടെ ഫാമുകള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഉല്‍പാദന ചെലവടക്കം 35 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുന്നതാണ് ഇറക്കുമതി വ്യാപാരികളെ വെട്ടിലാക്കിയിരിക്കുന്നത്. ബുധനാഴ്ച രാത്രി നടുപ്പുണി ചെക്ക് പോസ്റ്റില്‍ കച്ചവടക്കാര്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. അന്ന് ഇവിടെ നിര്‍ത്തിയിട്ട വണ്ടികള്‍ ഇന്നലെ രാത്രി ഏറെ വൈകിയും റോഡില്‍ കിടക്കുകയാണ്. കോഴികള്‍ ചാകാറായ നിലയിലാണ്.

എന്നാല്‍,കൃത്രിമ ദൌര്‍ലഭ്യം സൃഷ്ടിച്ച് വിലവര്‍ധിപ്പിക്കാനാണ് കച്ചവടക്കാരുടെ നീക്കമെന്ന് ആരോപണമുണ്ട്. കോഴി വില ഒറ്റ ദിവസം കൊണ്ട് 34 രൂപയില്‍ നിന്നു 45 രൂപയായി ഉയര്‍ത്തിയതു ഇതിന്റെ മുന്നോടിയാണത്രെ. 50 രൂപയാക്കി ഉയര്‍ത്താനാണ് നീക്കമെന്ന് അറിയുന്നു. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കച്ചവടക്കാരാണ് സമ്മര്‍ദ്ദ തന്ത്രത്തിനു പിന്നില്‍. നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇവരുടെ അടുത്തനീക്കം. കച്ചവടക്കാര്‍ നിയമ നടപടിക്കും നീക്കം നടത്തുന്നുണ്ട്.

4. പാലക്കാട്ട് കാക്കകള്‍ കൂട്ടത്തോടെ ചത്തു
പാലക്കാട്: കല്‍മണ്ഡപം ജലസംഭരണിക്കടുത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണു.പക്ഷിപ്പനിഭീതിയെത്തുടര്‍ന്ന് ഇവയുടെ അവശിഷ്ടങ്ങള്‍ മൃഗസംരക്ഷണവകുപ്പ് ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ പരിശോധനയ്ക്കയച്ചു. ഇന്നലെ ഉച്ചയോടെയാണ് മരക്കൊമ്പിലിരുന്ന കാക്കകള്‍ പൊടുന്നനെ ചത്തുവീണത്. രണ്ടെണ്ണം കോംപൌണ്ടിന് പുറത്തും മൂന്നെണ്ണം ജലസംഭരണിക്ക് താഴെയുമാണ് വീണത്. ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ചീഫ് വെറ്ററിനറി ഒാഫിസര്‍ ഡോ.ബി.സുമംഗല, റീജനല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എസ്.വേണുഗോപാല്‍ നായര്‍ എന്നിവരാണ് ചത്ത കാക്കകളില്‍ നിന്ന് കാഷ്ഠവും ശ്വാസനാളത്തിലെ സ്രവങ്ങളും ശേഖരിച്ചത്. ഇവ ബാംഗൂരിലുള്ള സതേണ്‍ റീജനല്‍ ഡിസീസ് ഡയഗ്നോനിസ്റ്റിക് ലാബ് മുഖേനയാണ് ഭോപ്പാലിലേയ്ക്ക് അയച്ചത്.

5. സിആര്‍പിഎഫില്‍ ഭീകരര്‍ നുഴഞ്ഞുകയറി; ഒരാള്‍ അറസ്റ്റില്‍
ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സിആര്‍പിഎഫില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായുള്ള വെളിപ്പെടുത്തല്‍ ഗവണ്‍മെന്റിനെ അസ്വസ്ഥമാക്കി. ഭീകരര്‍ക്കു രഹസ്യവിവരങ്ങളും ആയുധങ്ങളും കൈമാറിയ ഒരു സിആര്‍പി സൈനികനെ പുല്‍വാമ ജില്ലയില്‍ അറസ്റ്റ് ചെയ്തതോടെയാണു വിവരം പുറത്തുവന്നത്.

പുല്‍വാമ ജില്ലയില്‍പ്പെട്ട 183-ാം ബറ്റാലിയന്‍ സിആര്‍പിഎഫിലെ കോണ്‍സ്റ്റബിള്‍ മുദാസിര്‍ യൂസഫ് ബട്ടിനെ ഗ്രനേഡും സ്ഫോടകവസ്തുക്കളും സഹിതം കശ്മീര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കശ്മീരിലെ സോപ്പോര്‍ സ്വദേശിയാണ്.

സിആര്‍പിഎഫിലേക്കു 2006ല്‍ പ്രാദേശികമായി നിയമനം ലഭിച്ച ബട്ട് പല സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നു. ഹിസ്ബുല്‍ സംഘവുമായി ബന്ധമുണ്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു പുല്‍വാമ പൊലീസ് മേധാവി പറഞ്ഞു.

ഇതേസമയം, അതിര്‍ത്തി ജില്ലയായ കുപ്വാരയില്‍ ഒരു കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്നു ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു.

6. എയര്‍ പോര്‍ട്ട് ജീവനക്കാര്‍ 26 മുതല്‍ പണിമുടക്കും
ന്യൂഡല്‍ഹി: ഗവണ്മെന്റിനു നല്‍കിയ പത്തൊന്‍പതിന അവകാശ പത്രികയില്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ 26 മുതല്‍ രാജ്യവ്യാപകമായി പണിമുടക്കും. മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ തീര്‍പ്പാക്കാത്തതിലും എയര്‍ പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യ നടത്തുന്ന ചില വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുന്നതിലുമാണു പ്രതിഷേധമെന്നു യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. കെ. ഘോഷല്‍ അറിയിച്ചു. പണിമുടക്കിനു മുന്നോടിയായി 12നു സൂചനാ പണിമുടക്കു നടത്തിയിരുന്നു.

7. എന്‍ജിന്‍ ഡ്രൈവര്‍മാര്‍ വീണ്ടും സമരത്തിന്
ചെന്നൈ: ദക്ഷിണ റയില്‍വേയിലെ ലോക്കോ പൈലറ്റുമാര്‍ (എന്‍ജിന്‍ ഡ്രൈവര്‍മാര്‍) വീണ്ടും സമരത്തിനൊരുങ്ങുന്നു. പുതുക്കിയ ജോലി സമയത്തില്‍ (ക്രൂ ലിങ്ക് സംവിധാനം) ഭേദഗതി വരുത്താത്തതില്‍ പ്രതിഷേധിച്ചാണിത്. ഡിസംബര്‍ എട്ടു മുതല്‍ നടപ്പാക്കിയ ക്രൂ ലിങ്ക് സംവിധാനത്തില്‍ പ്രതിഷേധിച്ചു കേരളത്തില്‍ മാത്രമായി നടന്ന സമരം ദക്ഷിണ റയില്‍വേ മാനേജരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു. എന്നാല്‍, മാനേജരുടെ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

കേരളത്തില്‍ സമരം നടത്തിയ 16 പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസു നല്‍കിയതു പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ക്രൂ ലിങ്ക് നടപ്പാക്കിയതു മൂലമുള്ള ജോലി ഭാരത്തെത്തുടര്‍ന്നു സമയത്തു ഭക്ഷണം കഴിക്കാനോ വിശ്രമിക്കാനോ ഇപ്പോള്‍ കഴിയുന്നില്ലെന്നു ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ചെന്നൈ ഡിവിഷന്‍ സെക്രട്ടറി എസ്. നരസിംഹന്‍ ആരോപിച്ചു. തങ്ങളോട് ആലോചിക്കാതെ പുതിയ നിയമം അടിച്ചേല്‍പ്പിക്കുകയായിരുന്നു.

യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യത്തില്‍ റയില്‍വേ മന്ത്രാലയം ഉടന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. ദക്ഷിണ റയില്‍വേയിലെ പാലക്കാടും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ ലോക്കോ പൈലറ്റുമാര്‍ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ ധര്‍ണയും പ്രകടനവും നടത്തി.

8. കയറ്റുമതി നഷ്ടം നികത്താന്‍ വായ്പയ്ക്കു പലിശയിളവ്
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വര്‍ധിച്ചതു കൊണ്ടു കയറ്റുമതിക്കാര്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനു കയറ്റുമതി വായ്പയ്ക്കു പലിശയിളവു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ ധനകാര്യ ഉപസമിതി തീരുമാനിച്ചു. കയറ്റുമതി ലക്ഷ്യം കൈവരിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.

വാണിജ്യ ബാങ്കുകളില്‍ നിന്നു വായ്പയെടുക്കുന്ന കയറ്റുമതിക്കാര്‍ക്കാണു പ്രയോജനം ലഭിക്കുക. എന്നാല്‍ പലിശയിളവ് എത്രയാണെന്നു വെളിപ്പെടുത്തിയിട്ടില്ല. സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്കു പ്രത്യക്ഷത്തില്‍ ഗുണം ചെയ്യുന്ന നടപടിയാണിത്.

എന്നാല്‍, സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ സംശയദൃഷ്ടിയോടെയാണു കയറ്റുമതി രംഗത്തുള്ളവര്‍ കാണുന്നത്. 2.5% പലിശയിളവ് കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 9% പലിശ 6.5 ശതമാനമാകേണ്ടതായിരുന്നു. എന്നാല്‍ ലഭിച്ച ഇളവു കാല്‍ ശതമാനമാണെന്നു ഗുജറാത്ത് കേന്ദ്രീകരിച്ചു കയറ്റുമതി നടത്തുന്ന മലയാളി വ്യവസായി കിഷോര്‍ ഷാംജി കുറ്റപ്പെടുത്തി.

ഫലത്തില്‍ വന്‍കിടക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണു കേന്ദ്ര സര്‍ക്കാരിന്റേതെന്നാണു ചെറുകിട കയറ്റുമതിക്കാരുടെ ആക്ഷേപം. ഡ്യൂട്ടി എന്റൈറ്റില്‍മെന്റ് പാസ്ബുക് (ഡിപിഇബി) ലൈസന്‍സുള്ളവര്‍ക്കു പൂര്‍ണ നികുതിയിളവു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി മേഖലയിലുള്ളവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതു ചെവിക്കൊണ്ടില്ല. 1997 വരെ മുന്‍കാല പ്രാബല്യത്തോടെ ആദായനികുതി കുടിശിക പിരിക്കുന്നതും മേഖലയ്ക്കു തിരിച്ചടിയാണ്.

നേരത്തെ പ്രഖ്യാപിച്ച പലിശയിളവു കയറ്റുമതി മേഖലയ്ക്കു ലഭ്യമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം ചെറുകിട കയറ്റുമതിക്കാരുടെ നിലനില്‍പ്പിനു ഭീഷണിയുയര്‍ത്തുന്നതായും കയറ്റുമതിക്കാര്‍ പറയുന്നു. അതേസമയം, കയറ്റുമതി രംഗത്തുള്ള രാജ്യാന്തര കമ്പനികളെഇതു കാര്യമായി ബാധിക്കുന്നില്ല. വിപണന നിരക്ക് അനുകൂലമാകുന്നതു വരെ കാത്തിരിക്കാന്‍ അവര്‍ക്കു കഴിയുമെന്നതാണ് കാരണം.

വാറ്റ് റീഫണ്ട് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാട്ടാത്തതും കേരളത്തില്‍ നിന്നുള്ള ചെറുകിട കയറ്റുമതിക്കാര്‍ക്കു ഭീഷണിയാണ്. ഒരു വര്‍ഷമായിട്ടും തുക ലഭിക്കാത്തവരുണ്ട്.

മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതു കൊണ്ടും പ്രയോജനമില്ല. മൂല്യം വര്‍ധിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ നല്ല പങ്കും ഇറക്കുമതി ചെയ്യുകയാണ്.

9. വരാനിരിക്കുന്നത് സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ദുരിതകാലം
തിരുവനന്തപുരം: കേരള ജനതയ്ക്കു സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ദുരിതകാലമാണ് ഇന്നു രാത്രിമുതല്‍. വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സമരങ്ങളെത്തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ ജനജീവിതം ദുഷ്കരമാകും. വ്യാപാരികളുടെതന്നെ രണ്ടു സംഘടനകള്‍ നാളെ സമരമുഖത്തുണ്ട്. കേരള വ്യാപാരി – വ്യവസായി ഏകോപനസമിതിയും വ്യാപാരി – വ്യവസായി സമിതിയുമാണ് കടകളടച്ചു സമരം ചെയ്യുക. കര്‍ണാടകയില്‍ ഇന്നു രാത്രി തുടങ്ങുന്ന ലോറിസമരം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തെ ബാധിക്കും.

ഇതുകൂടാതെ 25നും 26നും ബാങ്ക് സമരവുമുണ്ട്.

ചെറുകിട വ്യാപാരരംഗത്തു കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നിയമനടപടിയെടുക്കണമെന്നും വ്യാപാരികളുടെ തൊഴില്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള വ്യാപാരി – വ്യവസായി ഏകോപന സമിതി നാളെ തൃശൂരില്‍ തൊഴില്‍ സംരക്ഷണ സംഗമം നടത്തുന്നത്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ ഹോട്ടല്‍, മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും.

14 ജില്ലകളില്‍നിന്ന് ഒന്നരലക്ഷത്തോളംപേര്‍ പങ്കെടുക്കുമെന്നു ചെയര്‍മാന്‍ എം. ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ സി. ആര്‍. പോള്‍, എന്‍. എഫ്. ഇൌനാശു എന്നിവര്‍ അറിയിച്ചു. തേക്കിന്‍കാട് മൈതാനത്തിന്റെ വടക്കുഭാഗത്തു വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെയാണു സംഗമം. 6.30നു സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അധ്യക്ഷത വഹിക്കും. സി. കെ. ചന്ദ്രപ്പന്‍ എംപി പങ്കെടുക്കും.സംസ്ഥാന വ്യാപാരി – വ്യവസായി സമിതിയും നാളെ ഉച്ചവരെ കടകള്‍ തുറക്കില്ല. തലസ്ഥാനത്തു സെക്രട്ടേറിയറ്റ് മാര്‍ച്ചും ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കു മാര്‍ച്ചും നടത്തും.

കടയടപ്പില്‍നിന്നു മെഡിക്കല്‍ സ്റ്റോറുകളെയും ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.

ഭാരവാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കര്‍ണാടകയിലെ ഏഴര ലക്ഷം ലോറികള്‍ ഇന്നു രാത്രിമുതല്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെടുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലെ ലോറി ഉടമസ്ഥ സംഘടനകള്‍ സമരവുമായി സഹകരിക്കാന്‍ തയാറായിട്ടുണ്ടെന്നു കര്‍ണാടക ലോറി ഓണേഴ്സ് ആന്‍ഡ് ഏജന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള ലോറികള്‍ കര്‍ണാടകയിലേക്കു പ്രവേശിക്കില്ലെന്ന ഉറപ്പാണു നല്‍കിയിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ അസോഷ്യേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് ഫോറം ഒാഫ് ബാങ്ക് എംപ്ലോയീസ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w