പത്രവാര്‍ത്തകള്‍ 20-02-08

വിവാദ പരാമര്‍ശങ്ങള്‍ 1400 കോടിയുടെ നിക്ഷേപം നഷ്‌ടമാക്കി: മന്ത്രി കരീം

സി.പി.എം. അംഗത്വപരിശോധന കര്‍ശനമാക്കി; ഉന്നം വി.എസ്‌. പക്ഷക്കാരെന്ന്‌ ആരോപണം

വിദേശിപൂജ: ഡി.എഫ്‌.ഒ. കൈകഴുകി; റിപ്പോര്‍ട്ടില്‍ ഗാര്‍ഡുമാര്‍ക്കു പഴി

മണ്ഡല പുനഃനിര്‍ണയം: രാഷ്‌ട്രപതി അംഗീകരിച്ചു

വഴിയിലേക്കിറങ്ങാതെ നേതാക്കള്‍; വഴിയാധാരമായതു ജനങ്ങള്‍‍

സൈക്കിളിലേറി ഹര്‍ത്താലിന്റെ സ്വന്തം നാട്ടില്‍

ഫീസ്‌ വര്‍ധിപ്പിക്കണമെന്നു മന്ത്രിയോട്‌ എന്‍ജിനീയറിംഗ്‌് മാനേജ്‌മെന്റുകള്‍

ആസ്‌ത്മ കണ്‌ടെത്താന്‍ ലേസര്‍ സാങ്കേതിക വിദ്യ

മെഡിക്കല്‍-ദന്ത ഡോക്‌ടര്‍മാരുടെ ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1.  മുഷറഫിനെ വീഴ്ത്താം
ഇസ്ളാമാബാദ്: പാക് പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ളിയിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഒട്ടുമുക്കാലും അറിവായപ്പോള്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ എതിര്‍ക്കുന്നവര്‍ക്ക് ഭൂരിപക്ഷം. പ്രചാരണത്തിനിടെ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പിപിപി, മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷെറീഫിന്റെ പിഎംഎല്‍(എന്‍) എന്നിവയടങ്ങുന്ന കൂട്ടുകെട്ടിന് സഭയില്‍ മുഷറഫിനെ ഇംപീച്ച് ചെയ്യാനാവശ്യമായ മൂന്നില്‍ രണ്ട് അംഗബലം സംഘടിപ്പിക്കാനാകുമെന്നാണ് സൂചന. മുന്‍ പ്രധാനമന്ത്രി ചൌധരി ഷുജാത് ഹുസൈനും മുഷറഫിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മുന്‍ റെയില്‍മന്ത്രി ഷേഖ് റഷീദ് ലത്തീഫും അടക്കം ഭരണകക്ഷിയായ പിഎംഎല്‍(ക്യു)വിലെ വമ്പന്മാരെല്ലാം നിലംപൊത്തി. ഇതോടൊപ്പം നാല് പ്രവിശ്യാ സഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും മുഷറഫ് വിരുദ്ധര്‍ വന്‍ നേട്ടമുണ്ടാക്കി. രണ്ടു മണ്ഡലത്തിലെ ഫലപഖ്യാപനം തെരഞ്ഞെടുപ്പു കമീഷന്‍ തടഞ്ഞു.


കാത്തിരുന്ന വിജയം: പാക് തെരഞ്ഞെടുപ്പു വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രതിപക്ഷ പാര്‍ടി പ്രവര്‍ത്തകര്‍ റാവല്‍പിണ്ടിയില്‍ നടത്തിയ പ്രകടനം

പാര്‍ലമെന്റിലെ 272 സീറ്റില്‍ സ്ഥാനാര്‍ഥികളുടെ മരണംമൂലം തെരഞ്ഞെടുപ്പ് മാറ്റിവച്ച മൂന്നു മണ്ഡലം ഒഴികെയുള്ള 269 സീറ്റിലേക്കാണ് തിങ്കളാഴ്ച പോളിങ് നടന്നത്. ഇവയില്‍ 257 സീറ്റിലെ ഫലം അറിവായപ്പോള്‍ പിപിപി 85 സീറ്റും പിഎംഎല്‍(എന്‍) 65 സീറ്റും നേടി. ഇനിയും ഫലം അറിയാനിരിക്കെ ഇരുകക്ഷിക്കും കൂടി 60 ശതമാനം സീറ്റായി. ചെറുകക്ഷികളുടെയും സ്വതന്ത്രരില്‍ ഗണ്യമായ അംഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാല്‍ മുഷറഫിനെ പുറത്താക്കാന്‍ ഭൂരിപക്ഷമാകും. ഉപരിസഭയായ സെനറ്റിലും ഈ ഭൂരിപക്ഷം വേണമെന്നതുമാത്രമാണ് മുഷറഫിന് ആശ്വസിക്കാനുള്ളത്.

മുഷറഫിന്റെ സൃഷ്ടിയായ പിഎംഎല്‍(ക്യു)വിന് 37 സീറ്റ് മാത്രമാണുള്ളത്. കഴിഞ്ഞ സഭയില്‍ ഇവര്‍ക്ക് 118 സീറ്റുണ്ടായിരുന്നു. ഇവരുടെ സഖ്യകക്ഷിയായിരുന്ന എംക്യുഎം 19 സീറ്റോടെ പിടിച്ചുനിന്നു. ഭരണസഖ്യം മൊത്തം നേടിയത് 57 സീറ്റുമാത്രം. പിപിപി-പിഎംഎല്‍(എന്‍) സഖ്യത്തോട് സഹകരിക്കാന്‍ എംക്യുഎം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ മുഷറഫിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

ബേനസീര്‍ ഭൂട്ടോയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗം പിപിപി വോട്ടില്‍ കാര്യമായ വര്‍ധനയുണ്ടാക്കിയില്ലെന്നാണ് സൂചന. സ്ഫോടനപരമ്പരകളുടെയും ആക്രമണങ്ങളുടെയും അന്തരീക്ഷത്തില്‍ പോളിങ് കുറഞ്ഞതാണ് ഇതിനു കാരണം. അല്ലായിരുന്നെങ്കില്‍ മുഷറഫിന്റെ കക്ഷി പാര്‍ലമെന്റില്‍നിന്ന് തൂത്തെറിയപ്പെടുമായിരുന്നെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. മുഷറഫിനെ എതിര്‍ക്കുന്നതില്‍ ബേനസീറിനേക്കാള്‍ വീറുകാട്ടിയ നവാസ് ഷെറീഫിന്റെ പാര്‍ടി പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടമുണ്ടാക്കി. പിപിപി 33 ശതമാനം വോട്ടും പിഎംഎല്‍(എന്‍) 27 ശതമാനം വോട്ടും നേടിയതായാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഭരണകക്ഷിക്ക് 14 ശതമാനംമാത്രം. മുഷറഫിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന റഷീദ് അഹമ്മദ് മത്സരിച്ച രണ്ടിടത്തും തോറ്റപ്പോള്‍ ജാമിയത്ത് ഉലേമ ഇസ്ളാമി നേതാവ് മൌലാന ഫസലുറ റഹ്മാന്‍ രണ്ടു മണ്ഡലത്തില്‍ ഒന്നില്‍ തോറ്റു. മുന്‍ സ്പീക്കര്‍ ചൌധരി അമീറ ഹുസൈന്‍, മുന്‍ വിദേശമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി തുടങ്ങിയവരാണ് തോറ്റ പ്രമുഖരില്‍ ചിലര്‍.

പ്രവിശ്യകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഭരണത്തിലിരുന്ന വര്‍ഗീയകക്ഷിയെ തോല്‍പ്പിച്ച് അവാമി നാഷണല്‍ പാര്‍ടിയും പിപിപിയും നേട്ടമുണ്ടാക്കി. പഞ്ചാബില്‍ പിഎംഎല്‍(എന്‍) വന്‍ വിജയം നേടിയപ്പോള്‍ സിന്ധില്‍ പിപിപി ആധിപത്യം സ്ഥാപിച്ചു. ബലൂചിസ്ഥാനില്‍ മാത്രമാണ് ഭരണകക്ഷിക്ക് ആശ്വസിക്കാവുന്നത്.

2. കുടിശ്ശിക ഇല്ലാതാകുന്നു
ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 19.08 കോടി അനുവദിച്ചു
തിരു: വിവിധ ക്ഷേമപെന്‍ഷനുകളുടെയും ക്ഷേമനിധിബോര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതത്തിന്റെയും കുടിശ്ശിക പൂര്‍ണമായി തീര്‍ത്തുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 19.08 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ടി എം തോമസ് ഐസക് അറിയിച്ചു. മാര്‍ച്ചുവരെയുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വിതരണംചെയ്യാനുള്ള തുകയാണ് അനുവദിച്ചത്. ഇതോടെ ഈ സാമ്പത്തികവര്‍ഷത്തെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായി വിതരണംചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ വന്‍ കുടിശ്ശികയായിരുന്നു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക എല്‍ഡിഎഫ് ഗവണ്‍മെന്റ് പൂര്‍ണമായി വിതരണംചെയ്തു. ഇതിനായി ഈ സാമ്പത്തികവര്‍ഷം 162 കോടി അനുവദിച്ചു. കഴിഞ്ഞ ഓണക്കാലത്ത് എല്ലാ ക്ഷേമപെന്‍ഷന്റെയും അതുവരെയുള്ള കുടിശ്ശിക വിതരണംചെയ്തിരുന്നു. അതിനുശേഷമുള്ള പെന്‍ഷനുകളും ക്ഷേമനിധി വിഹിതവും നല്‍കാനാവശ്യമായ പണമാണ് ഇപ്പോള്‍ അനുവദിച്ചത്.

വിവിധ ഇനങ്ങള്‍ക്ക് അനുവദിച്ച തുക: കയര്‍ത്തൊഴിലാളി പെന്‍ഷന്‍: നാലുകോടി, മത്സ്യത്തൊഴിലാളി പെന്‍ഷന്‍: രണ്ടുകോടി, കശുവണ്ടിത്തൊഴിലാളി പെന്‍ഷന്‍: 8.24 കോടി, തയ്യല്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്: 76.59 ലക്ഷം, കൈത്തറി തൊഴിലാളി ആനുകൂല്യങ്ങള്‍ക്ക്: 1.01 കോടി, ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധിബോര്‍ഡിന് മാച്ചിങ് ഗ്രാന്റ്: 41.65 ലക്ഷം, ഈറ്റ, കാട്ടുവള്ളി തൊഴിലാളി ക്ഷേമനിധിബോര്‍ഡ് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും: 99.55 ലക്ഷം, കേരള ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍സ് ക്ഷേമപദ്ധതിക്ക് സര്‍ക്കാര്‍ വിഹിതം: 22.45 ലക്ഷം, അലക്കുതൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍ വിഹിതം: 4.70 ലക്ഷം, കേരള കൈത്തൊഴിലാളി വിദഗ്ധതൊഴിലാളി ക്ഷേമപദ്ധതി സര്‍ക്കാര്‍ വിഹിതം: 1.29 കോടി, ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി സര്‍ക്കാര്‍ വിഹിതം: 7.68ലക്ഷം.

3.  വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചേക്കും
ന്യൂഡല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച വൈദ്യുതി വിഹിതം പുനഃസ്ഥാപിക്കുന്ന കാര്യം ഗൌരവമായി പരിഗണിക്കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വൈദ്യുതിമന്ത്രി എ കെ ബാലന് ഉറപ്പുനല്‍കി. കേന്ദ്രവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചതുമൂലം കേരളം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എ കെ ബാലന്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിപെടുത്തി.

കേന്ദ്രവിഹിതമായ 300 മെഗാവാട്ടില്‍ 183 മെഗാവാട്ടാണ് കുറച്ചത്. പരീക്ഷക്കാലമായതിനാല്‍ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കണക്കിലെടുത്ത് ഉടന്‍ വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാന്‍ സെക്രട്ടറിമാര്‍ക്ക് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി.

രാജീവ്ഗാന്ധി ഗ്രാമ വൈദ്യുതീകരണപദ്ധതിയില്‍ കേരളത്തിനുള്ള ഫണ്ട് ഉടന്‍ അനുവദിക്കണം. മലബാറിലെ ആറു ജില്ലകള്‍ക്കും ഇടുക്കിക്കുമുള്ള പദ്ധതികള്‍ക്ക് കേന്ദ്രം ഭരണാനുമതി നല്‍കിയതാണ്. തെക്കന്‍ ജില്ലകള്‍ക്കുള്ള പദ്ധതികള്‍ക്കും തത്വത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍ ഇടുക്കി ജില്ലയ്ക്കുള്ള ഫണ്ട് മാത്രമേ നല്‍കിയുള്ളൂ. ബാക്കി ജില്ലകള്‍ക്ക് ഫണ്ട് ഉടന്‍ അനുവദിക്കണം.

കായംകുളംപദ്ധതിയുടെ വിപുലീകരണത്തിന് ആവശ്യമായ നടപടികളെടുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കായംകുളംപദ്ധതി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നാഫ്ത, എല്‍എസ്എച്ച്എസ് (ലോ സള്‍ഫര്‍ ഹെവി സ്റോക്ക്) എന്നിവയ്ക്കുള്ള നികുതി കുറയ്ക്കണം. ടണ്ണിന് 6000 രൂപയുള്ള എല്‍എസ്എച്ച്എസിന് 35,000 രൂപയായി. നാഫ്ത വില ടണ്ണിന് 4500-ല്‍നിന്ന് 45,700 രൂപയായി. ഇതുമൂലം കായംകുളംനിലയത്തില്‍ വൈദ്യുതിയുടെ ഉല്‍പ്പാദനച്ചെലവ് ഒരു യൂണിറ്റിന് 7.95 രൂപയാണ്. 12 ശതമാനമാണ് നികുതി. നികുതി ഒഴിവാക്കിയാല്‍ ഇന്നുള്ളതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

റഷ്യന്‍ സഹായത്തോടെ രാജ്യത്ത് നിര്‍മിക്കുന്ന എല്‍എന്‍ജി മെഗാ വൈദ്യുതപദ്ധതികളിലൊന്ന് കേരളത്തില്‍ സ്ഥാപിക്കണം. ഇറക്കുമതിചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ച് ആന്ധ്രയിലെ കൃഷ്ണപട്ടണത്ത് സ്ഥാപിക്കുന്ന അള്‍ട്രാ മെഗാ വൈദ്യുതപദ്ധതിയില്‍നിന്ന് കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

4. പൊതിച്ച തേങ്ങ: താങ്ങുവില തീരുമാനമായില്ല
ന്യൂഡല്‍ഹി: പൊതിച്ച തേങ്ങയ്ക്ക് താങ്ങുവില നിശ്ചയിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കൃഷിവകുപ്പ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. താങ്ങുവില സംബന്ധിച്ച് ഉല്‍പ്പാദക സംസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാന്‍ മാര്‍ച്ച് 15ന് വീണ്ടും യോഗം ചേരും.

കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി എ എല്‍ ഭട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍നിന്ന് കൃഷിസെക്രട്ടറി വി പത്മനാഭന്‍, കേരഫെഡ് എംഡി എന്‍ രവികുമാര്‍, നാളികേര വികസനബോര്‍ഡ് അധ്യക്ഷ മിനിമാത്യു എന്നിവര്‍ പങ്കെടുത്തു. തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

പൊതിച്ച തേങ്ങയ്ക്ക് ക്വിന്റലിന് ആയിരം രൂപ താങ്ങുവില എന്ന നിര്‍ദേശമാണ് നാഫെഡ് മുന്നോട്ടുവച്ചത്. എന്നാല്‍, ഇത് അപര്യാപ്തമാണെന്നാണ് കേരളത്തിന്റെ അഭിപ്രായം. ഒരു തേങ്ങയ്ക്ക് അഞ്ചുരൂപ നിരക്കില്‍ താങ്ങുവില വേണമെന്നാണ് കേരളത്തിന്റെ നിലപാട്. നിലവില്‍ മില്‍കൊപ്രയ്ക്കും ഉണ്ടകൊപ്രയ്ക്കും മാത്രമാണ് കേന്ദ്രം താങ്ങുവില നല്‍കുന്നത്.

5.  വിധവ പുനര്‍വിവാഹം കഴിച്ചാലും സ്വത്തില്‍ അവകാശമുണ്ട്: സുപ്രീംകോടതി
ന്യൂഡല്‍ഹി: പുനര്‍വിവാഹം ചെയ്യുന്ന സ്ത്രീക്ക് മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തില്‍നിന്നുള്ള പങ്ക് നിഷേധിക്കരുതെന്ന് സുപ്രീംകോടതി വിധിച്ചു. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഇത് നല്‍കേണ്ടതാണെന്ന് ജസ്റിസുമാരായ എസ് ബി സിന്‍ഹ, ബി എസ് സിര്‍പുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവായി.

ചേറോട്ട് ഭാരതി എന്ന സ്ത്രീക്ക് അനുകൂലമായ കേരള ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഭാരതി പുനര്‍വിവാഹംചെയ്തതിനാല്‍, മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമില്ലെന്നു പരാതിക്കാരായ ചേറോട്ട് സുഗതനും മറ്റുള്ളവരും വാദിച്ചു. 1856ലെ ഹിന്ദു പുനര്‍വിവാഹനിയമപ്രകാരം മരിച്ചുപോയ ഭര്‍ത്താവിന്റെ സ്വത്തിലുള്ള അവകാശം സ്ത്രീയുടെ പുനര്‍വിവാഹത്തോടെ ഇല്ലാതാകുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ വിധവയ്ക്കുള്ള ഈ അയോഗ്യത നീക്കിയിട്ടുണ്ടെന്നായിരുന്നു കീഴ്ക്കോടതികളുടെ നിരീക്ഷണം.

6.  വെള്ളപ്പൊക്ക നിയന്ത്രണം: 11-ാം പദ്ധതിയില്‍ 8000 കോടി
ന്യൂഡല്‍ഹി: വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 11ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 8000 കോടി രൂപ ചെലവഴിക്കും. നദീസംരക്ഷണം, വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണൊലിപ്പു തടയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും.

വെള്ളപ്പൊക്ക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് സഹായം നല്‍കും. ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പദ്ധതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കും.

7. ഫിദല്‍ സ്ഥാനമൊഴിഞ്ഞു

ഹവാന: ഇരുപതാം നൂറ്റാണ്ടിന്റെ ലോകഗതി മാറ്റിക്കുറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ലോകനേതാക്കളില്‍ അവസാനത്തെയാളായ ക്യുബന്‍ നായകന്‍ ഫിദല്‍ കാസ്ട്രോ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. തെക്കനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിപ്ളവ രാഷ്ട്രീയത്തിന്റെ അഗ്നി പടര്‍ത്തിയ ഫിദല്‍ അഞ്ചു പതിറ്റാണ്ടോളം രാജ്യത്തെ നയിച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. സാമ്രാജ്യത്വത്തിന്റെ നിരന്തര ആക്രമണങ്ങളും അപവാദ പ്രചാരണങ്ങളും അതിജീവിച്ച് പോരാടിയ കൊച്ചു ക്യുബയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശബ്ദമാക്കിയാണ് ഫിദല്‍ വിരമിക്കുന്നത്.

ഉദര ശസ്ത്രക്രിയയെത്തുടര്‍ന്ന് 18 മാസം മുമ്പ് ഫിദല്‍ ഭരണച്ചുമതലകള്‍ വൈസ് പ്രസിഡന്റ് റൌള്‍ കാസ്ട്രോയ്ക്ക് കൈമാറിയിരുന്നെങ്കിലും ദൈനംദിന ഭരണകാര്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ഇനിയൊരുവട്ടംകൂടി ക്യൂബയുടെ പ്രസിഡന്റായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് 81 കാരനായ ഫിദല്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ക്യൂബന്‍ ദേശീയ അസംബ്ളി 24ന് ചേരാനിരിക്കെയാണ് ഫിദലിന്റെ വിടവാങ്ങല്‍. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ ഗ്രാന്മയുടെ വെബ്സൈറ്റിലാണ് ഫിദലിന്റെ പ്രസ്താവന വന്നത്.

ക്യുബന്‍ പാര്‍ലമെന്റ് അടുത്ത ആഴ്ച പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഫിദലിന്റെ ഇളയ സഹോദരന്‍കൂടിയായ റൌള്‍ കാസ്ട്രോ(76) ക്യുബന്‍ വിപ്ളവത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളാണ്. 2006 ജൂലൈ 31 മുതല്‍ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് റൌളാണ്. ഫിദലിന് മുമ്പ് കമ്യുണിസ്റ്റ് ആശയത്തെ വരിച്ചയാളാണ് റൌള്‍. അടുത്തയിടെ അന്തരിച്ച വിപ്ളവ പോരാളി വില്‍മ എസ്പിനാണ് ഭാര്യ.

8. ഇന്ത്യ സോഷ്യലിസ്റ് നാടാണ് – സുകുമാര്‍ അഴീക്കോട്

പുതുവര്‍ഷത്തിലെ പ്രഥമമാസത്തിന്റെ തുടക്കത്തിലും ഒടുവിലും രാഷ്ട്രീയരംഗത്തിലെ ഉന്നതപീഠങ്ങളില്‍ ഇരിക്കുന്ന രണ്ട് നേതാക്കള്‍, ക്ഷീണിച്ചുവരുന്ന നമ്മുടെ ഓര്‍മയ്ക്ക് ജീവന്‍ നല്‍കുന്നതിനു പറ്റിയ ചില സുപ്രധാനങ്ങളായ ദേശീയതത്വങ്ങളും രാഷ്ട്രീയസത്യങ്ങളും വെളിപ്പെടുത്തുന്ന രണ്ടു പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയുണ്ടായി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന ജ്യോതിബസു ജനുവരി ആദ്യവാരത്തില്‍ കൊല്‍ക്കത്തയിലും ഇന്ത്യയുടെ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ റിപ്പബ്ളിക് ദിനത്തിലും അവതരിപ്പിച്ച അഭിപ്രായങ്ങള്‍ ദേശീയതലത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ല.

മറന്നുപോയ ചില വലിയ തത്വങ്ങളാണ് ഇരുവരും രണ്ടു രീതിയില്‍ വെളിപ്പെടുത്താന്‍ മുതിര്‍ന്നത്. അവയെക്കുറിച്ച് പര്യാലോചിക്കുന്നതിനുമുമ്പ് സോഷ്യലിസവും കമ്യൂണിസവും തമ്മിലുള്ള അടുപ്പവും വ്യത്യാസവും എന്തെന്ന് ചുരുക്കത്തില്‍ പറയാം. സ്വത്തും സമ്പത്തും വ്യക്തികളുടെ സ്വന്തമായി വ്യവസ്ഥപ്പെടുത്തുന്ന സാധാരണ മാനുഷികാവസ്ഥയാണ് മുതലാളിത്തം കാണിക്കുന്നത്. ഇവയുടെമേല്‍ സമൂഹത്തിന്റെ നിയന്ത്രണം വരുമ്പോള്‍ അത് സോഷ്യലിസത്തിന്റെ തുടക്കമായി. ഒടുവില്‍ ആവശ്യമനുസരിച്ച് സമ്പത്ത് സ്വന്തമാക്കുകയും കഴിവനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തില്‍ വര്‍ഗവിവേചനം അവസാനിക്കുകയും ഭരണകൂടംപോലും അനാവശ്യമാക്കപ്പെടുന്ന സമത്വം സാര്‍വജനീനമായി പ്രതിഷ്ഠിതമാവുകയും ചെയ്യുമ്പോള്‍ ആദര്‍ശാത്മകമായ കമ്യൂണിസം അവതരിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ട് സമത്വവാദത്തിന്റെ സാങ്കല്‍പ്പികവും ആദര്‍ശാത്മകവുമായ പുറപ്പാടുനാളായിരുന്നു. ചിന്തയും അനുഭവവും കൂടിയപ്പോള്‍ മാര്‍ക്സും എംഗല്‍സും സോഷ്യലിസത്തിന്റെ ‘പ്രസവവേദന’കളെപ്പറ്റി ബോധവാന്മാരായി. ഈ അറിവ് ഇന്നും സമത്വവാദികള്‍ ഉള്‍ക്കൊള്ളണമെന്നേ ബസു പറഞ്ഞുള്ളൂ. തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത് പ്രയാസം. ഇക്കാലമൊക്കെയായിട്ടും മൂന്ന് സംസ്ഥാനങ്ങളില്‍മാത്രമാണല്ലോ ഇടതുപക്ഷം അധികാരാരോഹണം ചെയ്തുള്ളൂ. അവിടങ്ങളില്‍പ്പോലും ചുറ്റും ഒരുപാട് തടസ്സങ്ങള്‍ നിലനില്‍ക്കുന്നു. സോഷ്യലിസം നടപ്പാക്കാന്‍ സ്വപ്നം കണ്ടിരുന്നാല്‍ പോരാ, കഠിനവും സുസംഘടിതവുമായ പ്രയത്നവും വേണം. സദാ സമരം. എന്നാല്‍ മുതലാളിത്തം വളരാന്‍ മനുഷ്യസ്വഭാവത്തിന് സമൂഹത്തെ വിട്ടുകൊടുത്താല്‍ മതി. അങ്ങനെ പുഴയുടെ വക്കത്തെ കണ്ടല്‍ക്കാടുപോലെ സോഷ്യലിസം വളരില്ല. അതു കാടല്ല, തോട്ടമാണ്. അത് മനോഹരമാണ്- ഗാന്ധിജി പറഞ്ഞതുപോലെ. പക്ഷേ, എന്നും തോട്ടപ്പണി ചെയ്യേണ്ടിവരും.

ഇപ്പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടി കമ്യൂണിസം ഉപേക്ഷിച്ചതിനുതുല്യമാണെന്നു കരുതി കേരളത്തില്‍ മാണിപ്രഭൃതികള്‍ തലയില്‍ കൈവച്ച് ആര്‍പ്പുവിളി നടത്തിയത് ഇന്നു പരിഹസിതമായി പരിത്യജിക്കപ്പെട്ടല്ലോ. പക്ഷേ, ഇക്കൂട്ടരുടെ പ്രതികരണം നമ്മുടെ സാധാരണ രാഷ്ട്രീയപ്രവര്‍ത്തകരുടെ അജ്ഞതയുടെ ആഴത്തെ വിളിച്ചറിയിക്കുന്നു. ലോകഗുരുക്കന്മാര്‍ സ്വപ്നം കണ്ട സോഷ്യലിസം കഠിനവും നിരന്തരവുമായ അധ്വാനത്തിലൂടെമാത്രമേ ഉണ്ടാക്കാനും നിലനിര്‍ത്താനും കഴിയുകയുള്ളൂ.

ഇന്ത്യയും ലോകവും മുതലാളിത്തമനോഭാവത്താല്‍ മൂടപ്പെട്ടിരിക്കുന്നു. പക്ഷേ, സ്വാതന്ത്യ്രം സൃഷ്ടിച്ച ആദര്‍ശങ്ങളുടെ വേലിയേറ്റത്തില്‍ ഇന്ത്യ രാഷ്ട്രനൌകയെ അടുപ്പിച്ചത് സോഷ്യലിസത്തിന്റെ തുറമുഖത്തായിരുന്നു. കപ്പിത്താന്‍ നെഹ്റു. പാവങ്ങളുടെ രക്ഷകനായ ഗാന്ധിജിയുടെ മേല്‍നോട്ടം. അതിനാല്‍ ‘സാമൂഹികനീതി’ എന്ന നങ്കൂരത്തിലാണ് ഇന്ത്യയുടെ കപ്പലിനെ ഉറപ്പിച്ചുനിര്‍ത്തിയത്. 1976ല്‍ ഇന്ദിരാഗാന്ധി ഭരണഘടനയ്ക്ക് ഒരു ഭേദഗതി വരുത്തിക്കൊണ്ട് ഇന്ത്യ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കാണെന്നു തുറന്നു പ്രഖ്യാപിക്കപ്പെട്ടു.

പക്ഷേ, നാം ആ ലക്ഷ്യത്തിലേക്കു മുന്നോട്ട് ഏറെപ്പോയില്ല. വടക്കെ ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ സെമീന്താരി എടുത്തുകളഞ്ഞു. കേരളത്തില്‍ ഭൂപരിഷ്കരണനിയമം വന്നു. അങ്ങനെ ചിലതൊഴിച്ചാല്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണം (അല്ല നീക്കം) ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗത്തിലായിരുന്നു. ഈ പോക്ക് കണ്ടിട്ടുകൂടിയാകാം ബസു സോഷ്യലിസം ഉടനടി ഉണ്ടാകില്ല, ഒരുപാട് പാടുപെടണം എന്നൊക്കെ താത്വികമായ ഭാഷയില്‍ പ്രസംഗിച്ചത്.

പക്ഷേ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ സോഷ്യലിസത്തിന്റെ വരവ് വളരെ മന്ദഗതിയിലായിരിക്കുമെന്നു പഠിച്ചറിഞ്ഞവരല്ലായിരുന്നു. അതിനാല്‍ ഇന്ത്യയില്‍ ഗവണ്‍മെന്റ് കടംവാങ്ങി കുറെ വ്യവസായങ്ങള്‍ വളര്‍ത്തുകയും മുതലാളിമാര്‍ പണം മുടക്കി ഉല്‍പ്പാദനം നടത്തുകയും ചെയ്തതുകൊണ്ട് കുറച്ച് കുബേരന്മാരുടെ സൌധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒറ്റനോട്ടത്തില്‍ പട്ടണങ്ങളില്‍ ഇവയുടെ ആര്‍ഭാടം കാണാമായിരുന്നു. ഈ മായക്കാഴ്ചയെ അവര്‍ ‘വികസനം’ എന്ന് വിളിച്ചുകൊണ്ടേയിരുന്നു. മറ്റൊന്നും പറയാനില്ലായിരുന്നു അവര്‍ക്ക്.

അങ്ങനെ കൊല്ലന്തോറും ചില മംഗളാവസരങ്ങളില്‍ വിശേഷിച്ചും (സ്വാതന്ത്യ്രദിനം, റിപ്പബ്ളിക്ദിനം തുടങ്ങിയ പെരുന്നാളുകളില്‍) ഇന്ത്യയിലങ്ങോളമിങ്ങോളം ഔദ്യോഗിക കണ്ഠങ്ങളില്‍നിന്ന് ഒരേയൊരു ശബ്ദം ഉയര്‍ന്നുപരക്കാന്‍ തുടങ്ങി- വികസനം.

അതിനിടയില്‍ പതിവുപോലെ 2007ല്‍ പുതിയ രാഷ്ട്രപതി വന്നു- ആദ്യത്തെ സ്ത്രീയായി പ്രതിഭാ പട്ടീല്‍. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തക ഉയര്‍ന്നുയര്‍ന്ന് ആസ്ഥാനനേതൃത്വത്തില്‍ എത്തി. അവര്‍ രാഷ്ട്രനായികാസ്ഥാനത്തെത്തിയപ്പോള്‍ അവരുടെ കാഴ്ചപ്പാടിനെയും നിലപാടിനെയുംപറ്റി നമ്മെപ്പോലുള്ളവര്‍ക്ക് വലിയ പ്രത്യാശയുണ്ടായിരുന്നില്ല. പതിവ് ഔദ്യോഗിക ചാലിലൂടെ ഒഴുകിപ്പോകുന്ന ഒരു പദവിയില്‍ ഇരിക്കുന്നവര്‍.

പക്ഷേ, ഇക്കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ അവര്‍ ചെയ്ത ദേശീയപ്രഭാഷണം സ്വരത്തിലും ആശയത്തിലും പതിവില്‍നിന്നു ഭിന്നമായിരുന്നു. വികസനം എന്ന പദത്തെ അവര്‍ ബഹിഷ്കരിച്ചു. പാവങ്ങളുടെ ജീവിതം വികാസം പ്രാപിക്കുന്നതാണ് വികസനം. ചില ധനികരുടെ സമ്പത്ത് സാധാരണക്കാരന്റെ സംഖ്യാബോധത്തെ ഞെട്ടിക്കുന്നത്ര വര്‍ധിക്കലല്ല വികസനം എന്ന് അവര്‍ നിസ്സംശയം പ്രസ്താവിച്ചു. അംബാനിയുടെയും മിത്തലിന്റെയും സ്വര്‍ഗ കുബേര പ്രൌഢികളെ അവര്‍ വികസനമായി കണ്ടില്ല. സമ്പത്തിന്റെ വെയിലില്‍ എല്ലാവരും ഉല്ലസിക്കുമ്പോഴേ വികസനം ആവുകയുള്ളൂ. പാവങ്ങളുടെ അഭയമായിരുന്ന ഗാന്ധിജിയുടെ വാക്കുകളെ അവര്‍ തേടിപ്പിടിച്ച് ഉപയോഗിച്ചു.

സമ്പത്ത് കുന്നുകൂടുന്ന അസമത്വത്തെ അംഗീകരിക്കുന്ന രാഷ്ട്രമല്ല ഇന്ത്യ എന്നാണ് അവര്‍ പറയാതെ പറഞ്ഞത്. ഗാന്ധിജി ചൂണ്ടിക്കാട്ടിയ ‘ഏറ്റവും പാവപ്പെട്ടവന്റെ മുഖം’ അവരുടെ ഹൃദയത്തില്‍ വിളങ്ങുന്നുണ്ടാകണം! കേന്ദ്രസ്ഥരായ മന്ത്രിപുംഗവന്മാരുടെ മനസ്സില്‍ വിളങ്ങുന്നത് വികസനം വേണ്ടത്രയാകാത്തതുകൊണ്ട് നിരാശാഭരിതരായ ഐശ്വര്യാധിപന്മാരുടെ തുടുത്ത മുഖകമലങ്ങളാണ്.

സോഷ്യലിസം- സ്ഥിതിസമത്വം- ഇന്ത്യയിലെ പാവങ്ങളുടെ നിത്യാഭിലാഷമാണ്. അത് വേഗം വരുത്തണം എന്നാണ് അവരുടെ ഉദ്ബോധനം. ഇവിടത്തെ ഭരണാധികാരികള്‍ നമ്മുടെ രാഷ്ട്രനായിക ചൂണ്ടിക്കാണിച്ച ദ്രുതവേഗസ്ഥിതിയിലൂടെ പ്രയാണംചെയ്ത് തുടങ്ങുമെന്ന് നമുക്ക് ആശിക്കാം.

ജ്യോതിബസു ഇടതുപക്ഷത്തിലെ അക്ഷമരായുള്ള അണികളെ യാഥാര്‍ഥ്യബോധം ഉള്ളവരാക്കാന്‍ ശ്രമിക്കുകയായിരുന്നു.

സോഷ്യലിസം സ്ഥാപിക്കുന്നതില്‍ ഇവിടത്തെ ഭരണാധികാരികള്‍ അക്ഷന്തവ്യമായ അലസത പ്രകടിപ്പിച്ചുവെന്നാണ് പ്രതിഭാ പാട്ടീല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഇനിയുള്ള മുന്നേറ്റം ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേരുന്നതിന് ഈ രണ്ട് ഉല്‍ബോധനങ്ങളെ വേണ്ടവിധത്തില്‍ ഇന്ത്യക്കാര്‍ പഠിച്ചു പ്രയോഗിച്ചാല്‍ മതി.

1. കൈക്കരുത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം
വിലക്കയറ്റം ഉള്‍പ്പെടെ എല്‍. ഡി.എഫ് സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളില്‍ പ്രതിഷേധിച്ചു യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൈക്കരുത്തില്‍ പൂര്‍ണമായി. പലേടത്തും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. നിര്‍ബന്ധിച്ചു കടകള്‍ അടപ്പിച്ചു.

ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിരുന്നെങ്കിലും രാവിലെ കുറെയേറെ വാഹനങ്ങളും യാത്രക്കാരും നിരത്തിലിറങ്ങിയതാണ് ഹര്‍ത്താല്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്.

ഹര്‍ത്താല്‍ ആഹ്വാനം കണക്കിലെടുക്കാതെ നഗരങ്ങള്‍ സജീവം എന്ന മട്ടില്‍ ചില ചാനലുകള്‍ ഫ്ളാഷ് ന്യൂസ് കാണിച്ചതാണ് യു.ഡി.എഫ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. വാര്‍ത്ത വന്നതിന്റെ തൊട്ടുപിന്നാലെ ഇവര്‍ നഗരങ്ങളിലിറങ്ങുകയായിരുന്നു. ഏതാണ്ട് എല്ലാ നഗരങ്ങളിലും തന്നെ വാഹനങ്ങള്‍ തടഞ്ഞു. ഇതറിയാതെ നഗരങ്ങളിലെത്തിയ യാത്രക്കാരും വാഹനങ്ങളും ഇതോടെ വെട്ടിലായി.

പശ്ചിമ കൊച്ചിയില്‍ നിരവധി സ്ഥാപനങ്ങള്‍ അക്രമിക്കപ്പെട്ടു. പ്രകടനം നടത്തിയവര്‍ പള്ളുരുത്തി സഹകരണ ബാങ്കിന്റെ വെളി, കുമ്പളങ്ങി ശാഖകളില്‍ കല്ലേറ് നടത്തി.

കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നഗരസഭയുടെ പള്ളുരുത്തി മേഖലാ ഓഫീസിനു നേരെയും കല്ലേറുണ്ടായി. ലോഡ് കയറ്റാനെത്തിയ ടിപ്പര്‍ ലോറിയും തടഞ്ഞു. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയില്‍ വാഹനങ്ങള്‍ തകര്‍ത്ത ഹര്‍ത്താല്‍ അനുകൂലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. കുറുപ്പംപടിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച അഞ്ചു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുളന്തുരുത്തിയില്‍ കാറിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളത്ത് സെന്റ് ആല്‍ബര്‍ട്സ് കോളജിനു സമീപം പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിച്ചത് സംഘര്‍ഷത്തിനു കാരണമായി. ഇതു തടയാന്‍ ശ്രമിച്ച കടയുടമകളുമായി ഉന്തുംതള്ളുമുണ്ടായി.

കോട്ടയത്ത് രാവിലെ ചില സ്വകാര്യവാഹനങ്ങള്‍ ഓടിയെങ്കിലും സമരാനുകൂലികള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ തടഞ്ഞതോടെ ഗതാഗതം പൂര്‍ണമായി നിലച്ചു. സമരാനുകൂലികള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ വെച്ച് ജീപ്പ് ഡ്രൈവറെ മര്‍ദ്ദിച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. ആലപ്പുഴയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ ഉച്ചയ്ക്കു 12 ഓടെ എത്തിയ നാല്‍പതംഗസംഘം ഓഫീസ് അടിച്ചുതകര്‍ത്തു. താല്‍ക്കാലിക ജീവനക്കാരനായ അംബി (41)യെ കൈയേറ്റം ചെയ്തു. ചേര്‍ത്തലയില്‍ രകെ.എസ്.എഫ്.ഇ രണ്ടാംബ്രാഞ്ചിലെ മാനേജരെ ഹര്‍ത്താല്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തു.

കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞതില്‍ പ്രകോപിതനായ ആള്‍ യു.ഡി.എഫ് നേതാവിന്റെ വിളഞ്ഞുകിടന്ന നെല്‍പ്പാടത്തില്‍ വെള്ളംകയറ്റി കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചു. കായംകുളം ഭരണിക്കാവില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി യോഗത്തിനിടെ അതിക്രമിച്ചു കയറിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ യോഗം അലങ്കോലപ്പെടുത്തുകയും സ്ഥാപനത്തിനുനേരെ കല്ലേറു നടത്തുകയും ചെയ്തു.

2. ചെലവ് 30 കോടി, ചേര്‍ന്നത് 56 ദിവസം
തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിടുന്ന നിയമസഭാ പ്രവര്‍ത്തനങ്ങള്‍ ചടങ്ങായി മാറുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്നു ഭരണഘടനാപരമായ ബാധ്യതകള്‍ സാങ്കേതികമായി മാത്രം പൂര്‍ത്തിയാക്കുന്ന വേദിയാക്കി മാറ്റിയിരിക്കുകയാണ്

നിയമസഭയെ. കേരള ജനതയുടെ നികുതിപ്പണത്തിന്റെ 30 കോടിയോളം രൂപ ചെലവാക്കുന്ന നിയമസഭ കഴിഞ്ഞവര്‍ഷം സമ്മേളിച്ചത് 56 ദിവസം മാത്രം. 160 ദിവസമെങ്കിലും സമ്മേളിക്കണമെന്നാണ് പൊതുധാരണ. അ തിന്റെ പകുതി പോലും പൂര്‍ ത്തിയാക്കിയില്ല

പരസ്പരം മനസിലാക്കാനോ വിട്ടുവീഴ്ച ചെയ്യാനോ തയാറാകാത്ത ഇരുപക്ഷവും ഇതിനു ഉത്തരവാദികളാണ്. സഭാ സമ്മേളന ദിവസങ്ങള്‍ ചുരുങ്ങുന്നതുകൊണ്ട് കൂടുതല്‍ നഷ്ടം പ്രതിപക്ഷത്തിനുതന്നെ. ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനും സര്‍ക്കാരിന്റെ പ്ര വര്‍ത്തനശൈലി വിലയിരുത്താനും അവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സമ്മേളനം യഥാവിധി നടക്കാതിരിക്കാന്‍ ഭരണപക്ഷത്തിന്റെ തന്ത്രവും അരങ്ങേറും. ഇതിനിടയിലും നിയമസഭയ്ക്കായി ബജറ്റില്‍ വച്ചിരിക്കുന്ന തുക പക്ഷേ, കുറവില്ലാതെ ചെലവാക്കുന്നുമുണ്ട്. സര്‍ക്കാരിന് സാങ്കേതികമായി പൂര്‍ത്തിയാക്കേണ്ട ചില ദൌത്യങ്ങള്‍ നടത്തിയെടുക്കുകമാത്രമാണ് പലപ്പോഴും അരങ്ങേറുന്നത്. അതെങ്ങനെയെങ്കിലും അവര്‍ പൂര്‍ത്തിയാക്കും.

നയപ്രഖ്യാപന പ്രസംഗം, ബജറ്റ് പാസാക്കല്‍, ഉപധനാഭ്യര്‍ഥന പാസാക്കല്‍, ധനവിനിയോഗ ബില്‍ പാസാക്കല്‍, ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍ പാസാക്കല്‍ ഇതൊക്കെ എത്ര ബഹളം നടന്നാലും പാസാക്കിയെടുക്കും. ഇതുപോലെ ഒരു ദൌത്യബോധം പ്രതിപക്ഷത്തിനുണ്ടായാല്‍ സമ്മേളനം കൂടുതല്‍ ദിവസം നടക്കും.

വിലക്കയറ്റം, എച്ച്.എം.ടി വിവാദം, വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍, പൂന്താനം വിവാദം തുടങ്ങി എന്തൊക്കെ സഭയില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യണമെന്നു അവര്‍ തീരുമാനിക്കണം. അവയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ കാര്യോപദേശക സമിതിയിലൂടെയോ അനുനയത്തിലൂടെയോ നേടിയെടുക്കണം. അപ്രധാനമായ കാര്യത്തെച്ചൊല്ലി ഉണ്ടാകുന്ന വാഗ്വാദങ്ങളില്‍ സഭ അലങ്കോലപ്പെടുകയാണ് പതിവ്. ചിലപ്പോള്‍ ബജറ്റ് പോലും ചര്‍ച്ച ചെയ്യാതെ പാസാക്കപ്പെടുകയാണ്. ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം വളരെ ഹ്രസ്വമാണ്. ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുക മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം. ഇന്ന് ഗവര്‍ണറുടെ പ്രസംഗം. പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഒരുദിവസത്തെ ഇടവേള വേണം. അതുകൊണ്ടാവണം സഭ പിരിയുന്നു. തിങ്കളാഴ്ച ചേര്‍ന്ന് ന ന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച വരെ. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന ചര്‍ച്ച, വോട്ടെടുപ്പ്, സഭ പിരിയുന്നു.

പിന്നീട് ചേരുന്നത് മാര്‍ച്ച് ആറിന് ബജറ്റ് അവതരിപ്പിക്കാനാണ്. തിങ്കളാഴ്ച ബജറ്റ് ചര്‍ച്ചയ്ക്കായി ചേരുന്നു. ബുധനാഴ്ച ചര്‍ച്ച പൂര്‍ത്തിയാകുന്നു. വ്യാഴാഴ്ച ഉപധനാഭ്യര്‍ഥന, വെള്ളിയാഴ്ച അനൌദ്യോഗിക ദിവസം.

തിങ്കളാഴ്ച വീണ്ടും ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ച ചെയ്ത് വോട്ടിനിടുന്നു. പിറ്റേന്ന് ഈ ധനാഭ്യര്‍ഥനയുടെ ധനവിനിയോഗ ബില്‍ പാസാക്കണം. അതുകൂടി കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ സാങ്കേതിക ബാധ്യതകള്‍ തീര്‍ന്നു.സാങ്കേതിക ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയുള്ളതല്ലാതെ രണ്ട് ദിവസമാണ് ഈ സമ്മേളനത്തിലുള്ളത്. അതിലൊന്ന് അനൌദ്യോഗിക ദിനമാണ്.

കാര്യോപദേശക സമിതി എത്ര ശ്രമിച്ചാലും മറ്റു പ്രശ്നങ്ങള്‍ക്ക് അവസരം കണ്െടത്താന്‍ ക്ളേശിക്കും. പ്രത്യേക ചര്‍ച്ചക്ക് പ്രതി പക്ഷം നോട്ടീസ് നല്‍കിയേക്കാവുന്ന വിഷയങ്ങള്‍ക്കു സമയം കണ്െടത്താന്‍പോലും വിഷമമാണ്.

3. എച്ച്.എം.ടി: പോക്കുവരവിന് എല്‍.ഡി.എഫ് അംഗീകാരം
തിരുവനന്തപുരം: എച്ച്.എം.ടി ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി അച്യുതാനന്ദനും, പോക്കുവരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട വെളിയവും പത്തിമടക്കി. പോക്കുവരവ് കോടതി റദ്ദാക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് തീരുമാനിച്ചു. പോക്കുവരവിനെ നിയമസഭയില്‍ ഒന്നിച്ചു നേരിടും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി. പി.എമ്മില്‍ നിന്നും പിണറായി വി ജയന്‍, കോടിയേരി ബാലകൃഷ്ണ ന്‍, തോമസ് ഐസക്ക് എന്നിവര്‍ സംബന്ധിച്ചു. വെളിയം ഭാര്‍ഗവന്‍, സി. ദിവാകരന്‍ (സി.പി. ഐ), എന്‍.എം. ജോസഫ്, കെ. കൃഷ്ണ ന്‍കുട്ടി (ജനതാദള്‍), പി.ജെ. ജോസഫ്, ടി.യു. കുരുവിള (കേരളാ കോണ്‍ഗ്രസ് -ജെ), എന്‍.കെ. പ്രേമചന്ദ്രന്‍, വി.പി. രാമകൃഷ്ണപിള്ള (ആര്‍.എസ്.പി), കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി അച്യുതാനന്ദന്‍ പ്രശ്നം അവതരിപ്പിച്ചതല്ലാതെ സ്വന്തം അഭിപ്രായം പറഞ്ഞില്ല. ഘടക കക്ഷികള്‍ അഭിപ്രായം പറയുംമുമ്പേ പിണറായി വിജയന്‍ എഴുന്നേറ്റു. എച്ച്.എം.ടി ഭൂമി വിവാദത്തിന്റെ ചരിത്രം വിവരിച്ച് ചീഫ് സെക്രട്ടറി തയാറാക്കിയ റി പ്പോര്‍ട്ട് വായിച്ചു. പോക്കുവരവ് റദ്ദാക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയെന്നും അറിയിച്ചു. തുടര്‍ന്ന് അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് വായിച്ചു. പോക്കുവരവ് ശരിയാണെന്നായിരുന്നു അത്.

നിയമപ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടാണ് അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്കും നിലപാടിനെ ന്യായീകരിച്ചു.

സി.പി.ഐ പ്രതിനിധികള്‍ പുറത്തുകാണിക്കുന്ന ആവേശം യോഗത്തില്‍ കാണിച്ചില്ല. പോക്കുവരവിനെ ന്യായീകരിക്കുന്നത് അപകടമുണ്ടാക്കുമെന്ന സൂചന നല്‍കി മാറി.കെ. കൃഷ്ണന്‍കുട്ടിയും എന്‍.എം. ജോസഫും പോക്കുവരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാടിലായിരുന്നു. പക്ഷേ, സി.പി.എമ്മിനെ പിണക്കേണ്െടന്നുമുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ് – ജെ രേഖകളെല്ലാം ചോദിച്ചു. സി.പി.എം നിലപാട് ശരിയല്ലെന്നു വാദിച്ചു. എന്‍.കെ. പ്രേമചന്ദ്രനും സി.പി.എമ്മിനെ പിണക്കാത്ത നിലപാടാണ് എടുത്തത്.സി.പി.എം ഒഴികെ ആര്‍ക്കും നടപടി ശരിയാണെന്ന മനോഭാവമില്ലായിരുന്നു. പക്ഷേ സി.പി.എം നിലപാടിനെ അംഗീകരിച്ചു.

മറ്റു പ്രശ്നങ്ങളെല്ലാം അടുത്ത യോഗത്തില്‍ സംസാരിക്കാമെന്നു പറഞ്ഞ് യോഗം പെട്ടെന്ന് അവസാനിപ്പിച്ചു. കാര്‍ഷിക മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് – ജെ ആവശ്യപ്പെട്ടു. പക്ഷേ അടുത്ത മീറ്റിംഗിലാകാം എന്നായിരുന്നു മറുപടി.

എച്ച്.എം.ടി വിവാദമായാലും വിലക്കയറ്റമായാലും എല്ലാം കേന്ദ്ര സര്‍ക്കാരില്‍ ആരോപിച്ച് തടി രക്ഷിക്കാനാവുമെന്ന പ്രതിരോധ മാര്‍ഗവും യോഗത്തില്‍ കണ്െടത്തപ്പെട്ടു. പ്രതിപക്ഷം ഇറങ്ങിപ്പോകുകയോ ബഹളം വയ്ക്കുകയോ എന്തു ചെയ്താലും അഡ്വക്കറ്റ് ജനറല്‍ പറയുന്നതനുസരിച്ചേ സര്‍ക്കാരിനു പ്രവര്‍ത്തിക്കാനാകൂ എന്ന നിലപാടില്‍ ഉറച്ചുനിന്നാല്‍ മതിയെന്ന് യോഗം നിശ്ചയിച്ചു.

കുരുവിളയുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും, പോക്കുവരവ് റദ്ദാക്കണമെന്ന് ശഠിച്ച വെളിയവും സി.പി.എം പറയുന്നതനുസരിക്കുവാന്‍ സന്നദ്ധരായി. ആര്‍.എസ്.പിയില്‍ കൈവരിച്ച വെട്ടിനിരത്തലും തന്മൂലം പ്രഫ. ടി.ജെ. ചന്ദ്രചൂഡന്‍ എല്‍.ഡി.എഫില്‍ ഒഴിവാക്കപ്പെട്ടതും പിണറായിക്ക് ഇന്ന് വളരെ ഗുണം ചെയ്തു.

4. നടപ്പാക്കാത്ത പ്രഖ്യാപനങ്ങള്‍ ഏറെ; മൂന്നാം നയപ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ ഇടതുമുന്നണി സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ മൂന്നാമത്തെ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോള്‍ ആദ്യത്തെ രണ്ട് പ്രസംഗങ്ങളിലെ നല്ലപങ്ക് പ്രഖ്യാപനങ്ങളും ഇനിയും ബാക്കി.

കഴിഞ്ഞവര്‍ഷത്തെ പ്രസംഗത്തില്‍ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമായി ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചിരുന്നത് അവശ്യ സാധനങ്ങളുടെ വിലവര്‍ധനയാണ്.

ഇത്തവണ പ്രസംഗത്തിനു ഗവര്‍ണര്‍ വരുമ്പോള്‍ വില വര്‍ധന സര്‍വകാല റിക്കോര്‍ഡിലെത്തി.അന്നു പറഞ്ഞ താങ്ങാവുന്ന വിലയില്‍ സുസ്ഥിരമായ വിതരണ സമ്പ്രദായം നിലനിര്‍ത്തുന്നതിനായി കൃത്രിമ വിലക്കയറ്റത്തിലേക്കു നയിക്കുന്ന ദുഷ്പ്രവൃത്തികളെ തടയുന്നതിനായി എന്റെ സര്‍ക്കാര്‍ കൂടുതല്‍ ഫണ്ടുകള്‍ നല്‍കി കമ്പോള ഇടപെടല്‍ ശക്തിപ്പെടുത്തുന്നതാണ്. യഥാര്‍ഥത്തില്‍ സംഭവിച്ചതോ?

യാതൊരു വിധത്തിലുള്ള അഴിമതിയും പൊറുക്കുന്നതല്ലെന്നും ഭരണരംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു ! ഇന്ന് നിരവധി അഴിമതിക്കേസുകളില്‍ ശ്വാസം മുട്ടുകയാണ് സര്‍ക്കാര്‍.ഭൂപരിഷ്കരണം നടപ്പാക്കുന്നതില്‍ കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്ന് അന്ന് ഗവര്‍ണര്‍ അവകാശപ്പെട്ടെങ്കില്‍ ഇന്ന് ഭൂപരിഷ്കരണം പാളിപ്പോയി എന്നാണ് കാഴ്ചപ്പാട്.നയപരമായ പ്രഖ്യാപനങ്ങള്‍ക്കുണ്ടായ ദുസ്ഥിതിയാണിതെങ്കില്‍ ഭരണപരമായ പ്രഖ്യാനങ്ങള്‍ക്കുണ്ടായ തകര്‍ച്ച അതിലും ഭീകരമാണ്.

മെഡിക്കല്‍ സര്‍വകലാശാല, സര്‍വകലാശാല നിയമങ്ങളുടെ നവീകരണം, സ്വതന്ത്ര സര്‍വകലാശാലയുടെ സ്ഥാപനം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്കു മേല്‍നടപടി ഉണ്ടാ യില്ല. വിദ്യാ ഭ്യാ സവകുപ്പിന്റെ പ്രഖ്യാപനങ്ങളില്‍ പലതിലും ഹിഡന്‍ അജന്‍ഡകളായിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ നടപ്പാക്കുവാന്‍ മുതിര്‍ന്ന എന്റെ മരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി നേതൃ വിദ്യാലയങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ഗവര്‍ണര്‍ പ്രഖ്യാപച്ചിരുന്നു. ഇവയുടെ അര്‍ഥമെന്തെന്ന് ഗവര്‍ണര്‍ വിശദീ കരി ച്ചില്ല.

ഈ നേതൃ വിദ്യാലയ സങ്കല്‍പമാണ് ഭാവിയില്‍ ക്ളസ്റ്റര്‍ സിസ്റ്റമായി സ്കൂളുകളില്‍ കടന്നുകയറ്റമായത്. എന്റെ മരവും ചില സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുവാനുള്ളതായി. 50 വര്‍ഷത്തി ലേറെ പഴക്കമുള്ള വിദ്യാലയങ്ങളെ കേരളത്തിലെ പൈ തൃക വിദ്യാലയ ങ്ങ ളുടെ ശ ക്തി പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി മെച്ചപ്പെടുത്തുവാന്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഇതുവരെ ഒരിടത്തും നടപ്പാക്കി തുടങ്ങിയില്ല. പദ്ധതിക്കായി തുക ബജറ്റിലുണ്െടന്ന് അധികൃതര്‍ പറയുന്നു.

കര്‍ഷകരുടെ ക്ഷേമത്തിനും വികസനത്തിനും പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ച ഗവര്‍ണറുടെ സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി വിഹിതം നല്‍കിയില്ല.

കൃഷിവകുപ്പിന്റെ പേര് കൃഷിയും, കര്‍ഷക ക്ഷേമവും എന്നാക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. പച്ചക്കറി ഉത്പാദനം 15 ലക്ഷം ടണ്‍ ആക്കുവാന്‍ പ്രഖ്യാപിച്ച പദ്ധതിയും സാങ്കേതികമായാണ് നടപ്പായത്.

പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളെ പച്ചക്കറി ജില്ലകളായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും നടന്നില്ല. കാര്‍ഷിക വിപണി നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണവും നടന്നില്ല.ക്ഷീരോ ദ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന ലക്ഷ്യം എവിടെവരെ എത്തി എന്നു നാം അനുഭവിക്കുന്നു.

പാവപ്പെട്ട സ്ത്രീകളുടെ വിവാഹച്ചെലവുകള്‍ക്കായി സഹകരണ ബാങ്കുകള്‍ നാലുശതമാനം പലിശക്കു വായ്പ നല്‍കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനം കടലാസില്‍ തന്നെ.100 മാതൃകാ മത്സ്യച്ചന്തകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഏറെ മുന്നോട്ടുപോയില്ല.

തിരുവനന്തപുരത്തും, കോഴിക്കോട്ടും മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, വിഴിഞ്ഞത്തെ ഡീപ് വാട്ടര്‍ ഇന്റര്‍ നാഷണല്‍ കണ്ടയ്നര്‍ ട്രാന്‍സ്ഷിപ്പ് മെന്റ് ടെര്‍മിനല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഇനിയും വളരെ പുരോഗമിച്ചിട്ടില്ല.

പോലീസ് ആക്ട്, പ്രിസണ്‍സ് ആക്ട്, പത്തനംതിട്ടയിലെ പുതിയ സെന്‍ട്രല്‍ ജയില്‍, വനിതകള്‍ക്കായി പുതിയ തുറന്ന ജയിലുകള്‍, പട്ടികജാതി, പട്ടികവര്‍ഗ ക്കാര്‍ക്കായുള്ള പ്രത്യേക കോടതികള്‍ എ ന്നിവ ഇപ്പോഴും കടലാസിലാണ്. എല്ലാ ജില്ലകളിലും ഉണ്ടാക്കുമെന്നു വാഗ്ദാനം ചെയ്തിരുന്ന യുവ അതിഥി മന്ദിരം കടലാസിലാണ്

82 പദ്ധതികളിലായി കഴിഞ്ഞ വര്‍ഷം നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറെയും നടപ്പാക്കിയില്ല.

5. ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ നഷ്ടം നാല് കോടി
തിരുവനന്തപുരം: ഹര്‍ത്താലനുകൂലികളുടെ രോഷം കെ.എസ്.ആര്‍.ടി.സിക്ക് നേരെ തിരിഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. മുപ്പതോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെമ്പായത്തിനടുത്ത് കന്യാകുളങ്ങരയില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ സിറ്റി ഡിപ്പോയിലെ ഡ്രൈവര്‍ പ്രദീ പിന്റെ മുന്ന് പല്ലുകളാണ് നഷ് ടപ്പെട്ടത്. ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ടത് നാല് കോടി രൂപയാണ്. ഇതില്‍ കളക്ഷനും ബസുകള്‍ ആക്ര മിക്ക പ്പെട്ട തുമൂ ല മുള്ള നഷ്ടവും ഉള്‍പ്പെടും.

പ്രതിദിനം രണ്ടരക്കോടി രൂപയുടെ കളക്ഷനുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ കളക്ഷന്‍ ഇനത്തില്‍ അര്‍ദ്ധ രാത്രിവരെ എഴുപത്തഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമെ ലഭിച്ചിട്ടുള്ളു.900 സര്‍വീസുകള്‍ നടത്തിയപ്പോഴാണ് ഇത്രയും തുക ലഭിച്ചത്.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായത് തലസ്ഥാന ജില്ലയിലാണ്. പത്തോളം ബസുകളുടെ ഗ്ളാസുകള്‍ അടിച്ചു തകര്‍ക്കുകയും രണ്ട് ബസുകളുടെ ട യര്‍ കുത്തിക്കീറുകയും പത്തോളം ബസുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. തിരുവനന്തപുരം,കോട്ടയം, തൃശൂര്‍,ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുള്ള ആക്രമണമുണ്ടായി.

ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പു നല്‍കിയതുകൊണ്ട് മാത്രമാണ് പതിവിന് വിപരീതമായി സര്‍വീസ് നടത്താന്‍ കെ.എസ്. ആര്‍.ടി.സി തയാറായത്. രാവിലെ ഒന്‍പതുമണി വരെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചിരുന്നു.

പത്തുമണിയോടെ ജില്ലാ കേന്ദ്രങ്ങളിലേക്കും താലൂക്ക് ആസ്ഥാനങ്ങളിലേക്കും പഞ്ചായത്തു കേന്ദ്രങ്ങളിലേക്കും പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപകആക്രമണം നടത്തുകയായിരുന്നു. കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബസുകള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് പത്തുമണിയോടെ കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.

6. ഹര്‍ത്താലില്‍ തുണയായി സൌജന്യ ബൈക്ക് സവാരി
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് തണലായി യുവാക്കളുടെ കൂട്ടായ്മ. വഴിയില്‍ കുടുങ്ങി ഹതാശയരായ യാത്രക്കാരെ ബൈക്കുകളിലേറ്റി ഇവര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. കോഴിക്കോട് നഗരത്തിലാണ് ഈ വേറിട്ട ഹര്‍ത്താല്‍ക്കാഴ്ച.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘കാലിക്കറ്റ് ഹണ്േടഴ്സ് ക്ളബ’ാണ് സൌജന്യ ബൈക്ക് സവാരി വാഗ്ദാനം ചെയ്ത് യാത്രക്കാരുടെ ദുരിതമകറ്റാന്‍ എത്തിയത്. ഒരാഴ്ചക്കിടെ നടന്ന രണ്ടാം ഹര്‍ത്താലില്‍ നിര്‍ബന്ധിക്കപ്പെട്ട് നിരത്തിലിറങ്ങിയ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടവര്‍ കേരളത്തിലങ്ങോളം അപമാനക്കാഴ്ചയായപ്പോളാണ് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഒരു പകല്‍ മുഴുവന്‍ ജനസേവനം നടത്താന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടു വന്നത്..

പ്രധാനമായും റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ സേവനം. ഹര്‍ത്താല്‍ ദിനത്തില്‍ നിവൃത്തികേടുകൊണ്ട് നഗരത്തില്‍ വന്നുപെട്ടവരെ ആശുപത്രികളിലേക്കും വീടുകളിലേക്കും എത്തിക്കുകയായിരുന്നു പ്രധാന ദൌത്യം. കോഴിക്കോട് നിന്നും 23 കിലോമീറ്റര്‍ അകലെയുള്ള കൊയിലാണ്ടി നഗരത്തില്‍ പോലും ഇവര്‍ ആളുകളെ കൊണ്ടു വിടുകയുണ്ടായി.

‘ഇത് ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ഞങ്ങളാരും ഹര്‍ത്താലിന് എതിരുള്ളവരുമല്ല. എന്നാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കായി നഗരത്തിലെത്തിപ്പെടുന്നവര്‍ വലയാന്‍ പാടില്ല. അവര്‍ക്ക് തുണയേകുകയാണ് ഞങ്ങളുടെ ലക്ഷ്യം’ ഹണ്േടഴ്സ് ക്ളബ് ഭാരവാഹിയായ കെ.പ്രജിത്ത്, കെ.പി.പ്രബീഷ്, എം.ജയേഷ് എന്നിവര്‍ പറഞ്ഞു. 12 ബൈക്കുകളിലായാണ് ഇന്നലെ പുലര്‍ച്ചെമുതല്‍ വൈകിട്ട് ആറുവരെ ഇവര്‍ സേവനം നടത്തിയത്.

നിരത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ ബൈക്കുകളുടേയും നമ്പറുകളും ക്ളബിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളും ഇവര്‍ പോലീസിന് നല്‍കിയിരുന്നു. ഏതാണ്ട് മൂവായിരം രൂപയോളം ഇന്ധനമടിക്കാന്‍മാത്രമായി ഇവര്‍ക്ക് ചെലവായിട്ടുണ്ട്. കോഴിക്കോട് വലിയങ്ങാടി കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ക്ളബില്‍ ഇപ്പോള്‍ 37 അംഗങ്ങളാണുള്ളത്.

7. ഇറാഖില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
കോഴിക്കോട് : ഇറാഖിലെ ബസ്റയില്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് പയ്യോളി ചാലില്‍ പരേതനായ കേളപ്പന്റെ മകന്‍ സുരേഷ് (41), കാസര്‍ഗോഡ് പടന്നയിലെ സിഎച്ച് അസിനാറിന്റെയും ബീഫാത്തിമയുടെയും മകന്‍ ടികെ മുഹമ്മദ് സാലി (38)എന്നിവരാണു മരിച്ചത്. ഇറാഖില്‍ പ്രലോബ് സൊലൂഷ്യന്‍ മിഡില്‍ ഈസ്റ്റ് എന്ന കമ്പനിയില്‍ ഇലട്രീഷനായി ജോലി നോക്കി വരികയായിരുന്നു സുരേഷ്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്.

ജാനുവാണ് അമ്മ. ഭാര്യ: ഷൈജ. മക്കള്‍: അദ്വൈദ്, ഉണ്ണിമായ. മുഹമ്മദ് സാലി ഒരു വര്‍ഷത്തോളമായി ഇറാഖില്‍ ഡ്രൈവറായിരുന്നു. ഇറാഖിലേക്ക് പോകുന്നതിന് ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്െടങ്കിലും പലരും കുവൈറ്റ് വഴി ഇറാഖിലേക്ക് പോകുന്നുണ്ട്. അധിനിവേശ സേനയുടെ ആവശ്യങ്ങള്‍ക്കായുളള അവിദഗ്ധ തൊഴിലുകള്‍ക്കായാണ് പലരും അതിര്‍ത്തി കടക്കുന്നത്. മുഹമ്മദ് സാലി മരിച്ച വിവരം ഇന്നലെയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. നഫീസത്ത് ആണ് മുഹമ്മദ് സാലിയുടെ ഭാര്യ. മക്കള്‍ കന്‍സ, ഹസന്‍, സാറാബി.

8. പരീക്ഷക്കാലത്ത് കൂടുതല്‍ വൈദ്യുതി: കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പരീക്ഷ കാലത്ത് കേരളത്തിന് കൂടുതല്‍ വൈദ്യുതി അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര വൈദ്യുതമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. ആരോടും പകപോക്കുന്ന സമീപനം കേന്ദ്രത്തിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുത സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേന്ദ്രസര്‍ക്കാരിനെതിരേ ആരോപണമുന്നയിച്ച മന്ത്രി ബാലന്റെ പ്രസ്താവനകളെ കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ പകപോക്കുകയാണെന്ന് ആരോപിച്ച മന്ത്രി ബാലന്റെ ഭാഷ വളരെ മോശമായിരുന്നെന്ന് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് രാജ്യത്തിലെ മുഴുവന്‍ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്െടന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

വെട്ടിക്കുറച്ച വൈദ്യുതി വിഹിതം പുനസ്ഥാപിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി സംസ്ഥാന വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

ഇന്നലെ രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയത്. പരീക്ഷാ കാലം പ്രമാണിച്ച് അധികമായി 150 മെഗാവാട്ട് കൂടി നല്‍കണമെന്ന് മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു.

കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നുള്ള വൈദ്യുതി വില സംസ്ഥാനത്തിന് താങ്ങാനാവുന്നില്ല.

താപനിലയത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാഫ്ത്തയുടെ എക്സൈസ് തീരുവ കുറയ്ക്കണം. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പ്രഖ്യാപിത എല്‍.എന്‍.ജി പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

1. പ്രമുഖരില്ല; ഇക്കുറി പുതുമുഖങ്ങളേറെ
ഇസ്ലാമാബാദ്: ഇന്നലത്തെ പാക് പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരിലേറെയും അപരിചിതര്‍. പാക് രാഷ്ട്രീയത്തിലെ പ്രമുഖരാരും ഇക്കുറി മല്‍സരരംഗത്തില്ലായിരുന്നു.

മുന്‍ പ്രധാനമന്ത്രിയും പി.പി.പി നേതാവുമായ ബേനസീര്‍ ഭുട്ടോ തെരഞ്ഞെടുപ്പു റാലിക്കിടെ കൊല്ലപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്ലിംലീഗ് നേതാവുമായ നവാസ് ശരീഫിന് മല്‍സരിക്കാന്‍ സാധിച്ചിട്ടില്ല. വിമാനറാഞ്ചലും ഭീകരതയും ആരോപിക്കപ്പെട്ടതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. തഹ്രീകെ ഇന്‍സാഫ് നേതാവ് ഇംറാന്‍ഖാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്.

ബേനസീര്‍ ഭുട്ടോ പോയി. നവാസ് ശരീഫ് മല്‍സരിക്കുന്നില്ല…. ഇനിയാരാണ് ബാക്കിയുള്ളത്?’ 32കാരനായ സജ്ജാദ് ഹൈദറിന്റെ ഈ ആശയക്കുഴപ്പം 272 പാര്‍ലമെന്റ് സീറ്റുകളിലെ മിക്ക വോട്ടര്‍മാരുടെയും പ്രശ്നമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടുചെയ്യുന്നു.

അതിനിടെ, തെരഞ്ഞെടുപ്പ് വിശ്വസനീയവും നിഷ്പക്ഷവുമല്ലെങ്കില്‍ പാക്കിസ്ഥാന് നല്‍കുന്ന സൈനികസഹായം യു.എസ് അവസാനിപ്പിക്കണമെന്ന് ഡമോക്രാറ്റിക് സെനറ്റര്‍ ജോസഫ് ബൈഡന്‍ ആവശ്യപ്പെട്ടു. ‘തീര്‍ത്തും കളങ്കമറ്റ തെരഞ്ഞെടുപ്പല്ല നടക്കാന്‍ പോകുന്നതെന്ന് വ്യക്തമാണ്.

എന്നാല്‍, അത് പാക് ജനതയുടെ അഭിലാഷത്തോട് മൊത്തത്തില്‍ യോജിക്കുന്നതും വിശ്വസനീയമായ ഫലം നല്‍കുന്നതുമായിരിക്കണം. അല്ലെങ്കില്‍ സൈനിക സഹായം നിര്‍ത്തലാക്കാന്‍ ഞാന്‍ ഒറ്റക്കാണെങ്കിലും ശ്രമിക്കും’ ^അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. മുശര്‍റഫിനെ പിന്തുണക്കുന്നതിനു പകരം അമേരിക്ക പാക്കിസ്ഥാനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് മറ്റൊരു തെരഞ്ഞെടുപ്പു നിരീക്ഷകനും ഡമോക്രാറ്റ് സെനറ്ററുമായ ജോണ്‍ കെറി ആവശ്യപ്പെട്ടു.

2. കടക്കെണിയില്‍പെട്ട കര്‍ഷകര്‍ ഉഴവുകാളകളായി വയലില്‍
മൂചിയ (പശ്ചിമബംഗാള്‍): പൊള്ളുന്ന വെയിലില്‍ ഉഴവുകാളകളെപ്പോലെ മുട്ടറ്റം ചളിയില്‍ കനത്ത നുകവും വഹിച്ച് രണ്ടുപേര്‍. അവര്‍ക്ക് പിറകില്‍ കലപ്പയുന്തുന്ന മറ്റൊരാള്‍. പശ്ചിമബംഗാളിലെ മഹാദേവ്പൂരിലാണ് സംഭവം. 3000 മുതല്‍ 5000 രൂപവരെ കടക്കെണിയില്‍ അകപ്പെട്ട ഗ്രാമീണരാണ് ബ്ലേഡുകാരന്റെ വയലില്‍ മൃഗങ്ങളെപ്പോലെ പണിയെടുക്കുന്നത്.

മൂചിയ ഗ്രാമപഞ്ചായത്തിലെ 25ലധികം കുടുംബങ്ങള്‍ ഇങ്ങനെ അടിമപ്പണി ചെയ്യുന്നവരാണ്. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മഹാദേവ്പൂര്‍, തല്‍താല, കൈലാസ്പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലെ കര്‍ഷകര്‍ കള്ളന്മാരുടെ ശല്യംമൂലം കാലികളെ വിറ്റൊഴിക്കുകയാണ്. ജീവിതവൃത്തിക്കായി ഇവര്‍ ബ്ലേഡുകാരില്‍നിന്ന് കടംവാങ്ങുന്നു. കടംപെരുകി ഒടുവില്‍ ബ്ലേഡുകാരന്റെ അടിമപ്പണിക്കാരനായി മാറുകയാണ് മിക്കവരും. മനുഷ്യക്കാളകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പഞ്ചായത്തോ മറ്റ് അധികൃതരോ ഒന്നും ചെയ്യുന്നില്ല. വിത്ത് വിതക്കുന്ന സമയമായതിനാല്‍ ഗ്രാമീണര്‍ രാവിലെ വയലിലെത്തുന്നു. വൈകുന്നേരം വരെ അവര്‍ ഉഴവുകാളകളെപ്പോലെ വയലില്‍ കലപ്പവലിക്കുന്നു. 10 ശതമാനം പലിശക്ക് കടമെടുത്ത ഇവര്‍ക്ക് 30 രൂപ അടിമപ്പണിക്ക് ബ്ലേഡുകാരന്‍ കൂലി നല്‍കുന്നുണ്ട്. എന്നാല്‍, ഈ തുക പലിശയില്‍ കിഴിക്കുകയാണെന്ന് ഗ്രാമീണരില്‍ ഒരാളായ നെതായ് മണ്ഡല്‍ പറയുന്നു. ജ്യോതിഷ് സര്‍ക്കാര്‍ എന്നയാളുടെ 20 ഏക്കര്‍ ഭൂമിയിലാണ് മണ്ഡല്‍ അടിമപ്പണിയെടുക്കുന്നത്.

ബി.ജെ.പിക്കാരനായ ഗ്രാമമുഖ്യന്‍ അസിത് സര്‍ക്കാര്‍ പറയുന്നത് ഇതില്‍ വലിയ തെറ്റൊന്നുമില്ലെന്നാണ്. കടക്കെണികൊണ്ട് ആരെങ്കിലും കലപ്പവലിക്കാന്‍ തയാറായാല്‍ തനിക്കെന്തുചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം ചോദിക്കുന്നു. 100 ദിവസം ജോലി ഉറപ്പുനല്‍കുന്ന തൊഴില്‍പദ്ധതി നടപ്പാക്കാന്‍ പഞ്ചായത്തിന് കഴിവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെട്ട സഖ്യമാണ് പഞ്ചായത്ത് ഭരിക്കുന്നത്. ജില്ലാ ഭരണകൂടം ഗ്രാമീണരുടെ കാര്യത്തില്‍ താല്‍പര്യമെടുക്കുന്നില്ലെന്നാണ് അസിത് സര്‍ക്കാറിന്റെ ആരോപണം.

3. വിവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ സി.ബി.ഐക്ക് വിമുഖത
കൊച്ചി: സംസ്ഥാനത്തെ വിവാദ കേസുകളുടെ അന്വേഷണം ഏറ്റെടുക്കുന്നതില്‍ സി.ബി.ഐക്ക് വിമുഖത. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സി.ബി.ഐയുടെ ഒഴിഞ്ഞുമാറ്റം ദുരൂഹത ജനിപ്പിക്കുന്നു. അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളതും ഖജനാവിന് 300 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ചെയ്തതുമായ ലാവലിന്‍ കേസ്, കോടികളുടെ നഷ്ടം വരുത്തിവെച്ച സിവില്‍ സപ്ലൈസ് അഴിമതിക്കേസ്,ചന്ദന മാഫിയയുമായി ബന്ധപ്പെട്ട വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് കേസ് എന്നിവ ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്.

ലാവലിന്‍, സിവില്‍ സപ്ലൈസ് കേസുകള്‍ കോടതിനിര്‍ദേശത്തെ ത്തുടര്‍ന്ന് സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സി.ബി.ഐ നിലപാട് കോടതിയുടെ പരിഗണനയിലാണ്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് എസ്.എന്‍.സി ലാവലിന്‍ കേസ് സി.ബി.ഐക്ക് കൈമാറി വിജ്ഞാപനം പുറപ്പെടുവിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം ഏറ്റെടുക്കാതിരുന്നതിനെ ത്തുടര്‍ന്ന് പൊതുതാല്‍പര്യ ഹരജി ഹൈക്കോടതിയുടെ പരിഗണനക്കെത്തി. ഈ ഹരജിയുടെ പരിഗണനാവേളയില്‍ വിജിലന്‍സ് തന്നെ അന്വേഷണം തുടര്‍ന്നാല്‍ മതിയെന്ന വിചിത്രനിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. തുടര്‍ന്നാണ് അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.

കോടികളുടെ നഷ്ടമുണ്ടായതായി ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിവില്‍ സപ്ലൈസ് അഴിമതിക്കേസുകള്‍ സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്.
ആരോപണ വിധേയരില്‍ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അന്തര്‍ സംസ്ഥാന അന്വേഷണം ആവശ്യമാണെന്നും അതിശക്തമായ കരാര്‍ ലോബിയാണ് ഇടപാടുകള്‍ക്ക് പിന്നിലെന്നും കണ്ടെത്തിയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചശേഷവും ഉദ്യോഗസ്ഥരില്ലെന്ന മുടന്തന്‍ ന്യായം കാണിച്ച് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്.

കോടതി ഇടപെടലുണ്ടായപ്പോള്‍ അഞ്ച് കേസ് അന്വേഷിക്കാന്‍ സി.ബി.ഐ തയാറായി. ആദ്യം നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് സാധനങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മുഖ്യ ആരോപണം നേരിടുന്ന കരാറുകാരന്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാതെപോവുകയും ചെയ്തു.
മുന്‍ മന്ത്രിയുടെ രാജിയിലൂടെ ശ്രദ്ധേയമായ വാളയാര്‍ റൂറല്‍ ഇന്‍ഡസ്ട്രീസുമായി ബന്ധപ്പെട്ട ചന്ദനക്കേസ്, സംഭവം നടന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് സി.ബി.ഐക്ക് കൈമാറിയത്. അതുകൊണ്ട് അന്വേഷണം ഏറ്റെടുക്കുക പ്രായോഗികമല്ലെന്ന് സി.ബി.ഐ പറയുന്നു. ഈ നിലപാട് കോടതി പിന്നീട് പരിഗണിച്ച് തീര്‍പ്പാക്കും.
ക്രിമിനല്‍ കേസുകള്‍ പോലും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഏറ്റെടുത്ത് തെളിയിച്ച പാരമ്പര്യമാണ് സി.ബി.ഐ കൊച്ചി യൂനിറ്റിനുള്ളത്. സി.ബി.ഐയുടെ അഴിമതി നിരോധ യൂനിറ്റാണ് കൊച്ചിയിലു ള്ളതെങ്കിലും പോളക്കുളം കേസ്, മുന്ന കേസ്, സോമന്‍ കേസ് തുടങ്ങി പ്രമാദമായ കേസുകള്‍ കൊച്ചി യൂനിറ്റ് അന്വേഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരം കേസുകള്‍ ഏറ്റെടുത്ത് തെളിയിച്ച ചരിത്രമുള്ളപ്പോഴാണ് നിസ്സാര കാരണം നിരത്തി സി.ബി.ഐ കൊച്ചി യൂനിറ്റ് അന്വേഷണം ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാകുന്നത്.

4. മാനവശേഷി മന്ത്രാലയത്തിന് പുതിയ വെബ്സൈറ്റ്
തിരുവനന്തപുരം: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് വിലാസം www.educationsupport.nic.in

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w