പത്രവാര്‍ത്തകള്‍ 19-02-08

  കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

  1. രാജ്യം കടുത്ത വൈദ്യുതി ക്ഷാമത്തില്‍
  ന്യൂഡല്‍ഹി: ഉത്തരേന്ത്യയും പശ്ചിമേന്ത്യയും ഗുരുതര വൈദ്യുതിക്ഷാമത്തിലേക്ക്. വ്യവസായകേന്ദ്രമായ മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രതിസന്ധി കടുത്തതാണ്. ദക്ഷിണേന്ത്യയില്‍ നില അല്‍പം മെച്ചം. എന്നാല്‍ അവിടെയും സ്ഥിതി സുരക്ഷിതമല്ല.

  യു പി, ബിഹാര്‍, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, എന്നിവിടങ്ങളില്‍ ആറുമുതല്‍ എട്ടു മണിക്കൂര്‍വരെയാണ് പവര്‍കട്ട്. ഡല്‍ഹിയടങ്ങുന്ന ദേശീയ തലസ്ഥാനമേഖലയില്‍ രണ്ടു മണിക്കൂര്‍മുതല്‍ ആറു മണിക്കൂര്‍വരെയും. എറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്ത് (പീക്ക് അവര്‍)എല്ലാ സംസ്ഥാനത്തും വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നു.

  ഇന്ത്യയാകെ 2007ല്‍ 8.4 ശതമാനം വൈദ്യുതിയുടെ കുറവാണ് ഉണ്ടായത്. 2008 തുടക്കമായപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. പീക്ക് അവറിലെ വൈദ്യുതിക്കുറവ് 14.8 ശതമാനമാണ്.

  മഹാരാഷ്ട്രയില്‍ 17,057 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ളിടത്ത് ലഭിക്കുന്നത് 11,634 മെഗാവാട്ടുമാത്രം. 5423 മെഗാവാട്ടിന്റെ കുറവ്. 31 ശതമാനമാണ് ഇത്. അഹമ്മദ്നഗര്‍, സത്താറ, സാംഗ്ളി തുടങ്ങിയ സ്ഥലങ്ങളില്‍ എട്ടുമുതല്‍ 12 മണിക്കൂര്‍വരെയാണ് വൈദ്യുതികട്ട്. മുംബൈയില്‍ ആറു മണിക്കൂര്‍വരെയും.

  പഞ്ചാബില്‍ 5000 മെഗാവാട്ടിന്റെയും ഉത്തര്‍പ്രദേശില്‍ 1800 മെഗാവാട്ടിന്റെയും ബിഹാറില്‍ 1000 മെഗാവാട്ടിന്റെയും കുറവുണ്ട്. ഛത്തീസ്ഗഢില്‍ 500 മെഗാവാട്ടിന്റെ കുറവ്.

  2007 ഡിസംബറിലെ കണക്കനുസരിച്ച് പീക്ക് അവറില്‍ രൂക്ഷമായ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്ന വലിയ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍- 26.4 ശതമാനം. തൊട്ടുപിന്നില്‍ ഗുജറാത്താണ്- 26.2 ശതമാനം. ജമ്മു കശ്മീര്‍- 24.7 ശതമാനം, ഉത്തര്‍പ്രദേശ്- 22.8, പഞ്ചാബ്-15.4, ബിഹാര്‍- 20.2 എന്നിങ്ങനെയാണ് വൈദ്യുതിക്ഷാമത്തിന്റെ കണക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകത്തിലാണ് വൈദ്യുതികമ്മി രൂക്ഷം. ഇവിടെ പീക്ക് അവറില്‍ 16.4 ശതമാനമാണ് കുറവ്. തമിഴ്നാട്ടില്‍ 15.9 ശതമാനവും ആന്ധ്രപ്രദേശില്‍ 10.9 ശതമാനവും കുറവുള്ളപ്പോള്‍ കേരളത്തില്‍ 8.2 ശതമാനമാണ് പീക്ക് അവറിലെ കുറവ്.

  മുഴുവന്‍സമയ വൈദ്യുതിക്ഷാമത്തില്‍ മഹാരാഷ്ട്രയും ഗുജറാത്തുമാണ് മുന്നില്‍. ഡിസംബറിലെ കണക്കുപ്രകാരം മഹാരാഷ്ട്രയില്‍ 16.4 ഉം ഗുജറാത്തില്‍ 14.3 ഉം ശതമാനത്തിന്റെ കുറവുണ്ട്. യുപിയില്‍ 15.3 ശതമാനവും ബിഹാറില്‍ 11.4 ശതമാനവും കുറവുള്ളപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ്. ആന്ധ്രയില്‍ 3.7 ശതമാനം, കര്‍ണാടകത്തിലും കേരളത്തിലും രണ്ടു ശതമാനംവീതം, തമിഴ്നാട്ടില്‍ 2.5 ശതമാനം എന്നിങ്ങനെയാണ് കുറവ്. പശ്ചിമബംഗാളില്‍ 3.6 ശതമാനത്തിന്റെ കുറവുണ്ട്.

  പ്രതിവര്‍ഷം വൈദ്യുതിയുടെ ആവശ്യം 3.5 ശതമാനംവീതം വര്‍ധിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയിലാകെ 1,40,301 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ കല്‍ക്കരിനിലയങ്ങള്‍ 74,752.38 മെഗാവാട്ടും ജലവൈദ്യുതിനിലയങ്ങള്‍ 34,680 മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കുന്നു. വാതകം- 14,691.71 മെഗാവാട്ട്, ഡീസല്‍-1201 മെഗാവാട്ട്, അണുശക്തി-4120 മെഗാവാട്ട്, പാരമ്പര്യേതരം- 10,855.24 മെഗാവാട്ട് എന്നിങ്ങനെയാണ് വിവിധ സ്രോതസ്സുകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി. ഇപ്പോള്‍ 11,785 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ആകെയുള്ളത്.

  ജലവൈദ്യുതമേഖലയില്‍നിന്ന് ഒരു ലക്ഷം മെഗാവാട്ട് വൈദ്യുതികൂടി ഉല്‍പ്പാദിപ്പിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാന്‍ ഒരു ലക്ഷം മെഗാവാട്ട് വൈദ്യുതികൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. പുതിയ വൈദ്യുതപദ്ധതികള്‍ അതിവേഗം ആരംഭിച്ച് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ രാജ്യം അതിവേഗം ഇരുട്ടിലാകും.

  2. മനോരമയും മാതൃഭൂമിയും പരസ്യം വന്നത് മറച്ചു
  തിരു: കളമശേരിയില്‍ എച്ച്എംടിയുടെ ഭൂമി വില്‍ക്കാന്‍ കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കാതെ മുംബൈയില്‍ നിന്ന് ഇറങ്ങുന്ന ഇംഗ്ളീഷ് പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കിയെന്ന് മലയാള മനോരമയും മാതൃഭൂമിയും ആരോപിക്കുന്നത് സ്വന്തം പത്രത്തില്‍ വന്ന പരസ്യം മറച്ചുവെച്ച്. മനോരമയില്‍ 2001 ജനുവരി 17നും മാതൃഭൂമിയില്‍ ജനുവരി 18നുമാണ് പരസ്യം വന്നത്. ഈ പരസ്യങ്ങള്‍ വന്നിട്ടും വേണ്ടത്ര പ്രതികരണം ഇല്ലാതെ വന്നപ്പോഴാണ് ഇംഗ്ളീഷ് പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്ന് എച്ച്എംടി വ്യക്തമാക്കുന്നു.

  എച്ച്എംടി ഭൂമിവില്‍പ്പനയില്‍ വന്‍ അഴിമതി നടന്നെന്നും മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും സ്ഥാപിക്കാനുള്ള പ്രചാരണത്തിന് കൊഴുപ്പു കൂട്ടാനുമാണ് സ്വന്തം പത്രങ്ങളില്‍ പരസ്യം കൊടുത്തത് ഈ പത്രങ്ങള്‍ ഒളിച്ചുവച്ചത്. യുഡിഎഫും മറ്റു ചില മാധ്യമങ്ങളും ഈ പത്രങ്ങളെ വിശ്വസിച്ച് ആരോപണം ആവര്‍ത്തിച്ചു.

  കളമശേരിയില്‍ എച്ച്എംടി ഭൂമി പത്ത് ഏക്കര്‍ വീതമുള്ള പ്ളോട്ടുകളായി വില്‍ക്കുകയാണെന്ന പരസ്യം രണ്ടു പത്രങ്ങളിലും നല്ല പ്രാധാന്യത്തോടെ വന്നിരുന്നു. വ്യവസായം, വാണിജ്യ കോംപ്ളക്സുകള്‍, മറ്റു വ്യവസായസംരംഭങ്ങള്‍ എന്നിവ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ അവസരമാണ് ഇതെന്നും പരസ്യത്തില്‍ പറഞ്ഞു.

  ഭൂമി വില്‍പന വിവരം കേരളത്തില്‍ അറിയാതിരിക്കാന്‍ എച്ച്എംടി ശ്രമിച്ചതായി മനോരമ കഴിഞ്ഞ ഫിബ്രവരി ഒമ്പതിന് മുഖപ്രസംഗത്തിലും ആരോപിച്ചിരുന്നു. കേരളത്തില്‍ മനോരമ, മാതൃഭൂമി, ഹിന്ദു എന്നീ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നുവെന്ന് എച്ച്എംടി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അതും പത്രങ്ങള്‍ മറച്ചുവെച്ചു.

  3. നിയമസഭാ സമ്മേളനം നാളെമുതല്‍; ബജറ്റ് മാര്‍ച്ച് ആറിന്
  തിരു: പന്ത്രണ്ടാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ബുധനാഴ്ച ആരംഭിക്കും. മാര്‍ച്ച് 19 വരെ നീളുന്ന സമ്മേളനത്തില്‍ ബജറ്റ,് വോട്ട്ഓണ്‍ അക്കൌണ്ട് തുടങ്ങിയവയ്ക്കു പുറമെ നാലു ബില്ലുകളും അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 14 ദിവസമാണ് സഭ ചേരുക.

  കയര്‍ വര്‍ക്കേഴ്സ് ക്ഷേമബോര്‍ഡ് സെസ് ബില്‍, ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടല്‍ ബില്‍ എന്നിവയാണ് കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള മത്സ്യത്തൊഴിലാളി കടാശ്വാസബില്‍, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണബില്‍ എന്നിവയും അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. കാര്യോപദേശക സമിതി ചേര്‍ന്ന് ഇത് തീരുമാനിക്കും.

  ബുധനാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുശേഷം പിരിയുന്ന സഭ 21നും 22നും ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ചേരില്ല. 25ന് 2007-08 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളുടെ അന്തിമ സ്റേറ്റ്മെന്റ് മേശപ്പറത്തുവയ്ക്കും. 26നും 27നും നന്ദിപ്രമേയചര്‍ച്ച നടക്കും. 28ന് ധനാഭ്യര്‍ഥനകളെയും അധിക ധനാഭ്യര്‍ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

  ബജറ്റ് അവതരണത്തോടെ മാര്‍ച്ച് ആറിനാണ് സമ്മേളനം പുനരാരംഭിക്കുക. 10 മുതല്‍ 12 വരെ ബജറ്റിനെക്കുറിച്ച് പൊതുചര്‍ച്ച നടക്കും. 13ന് ധനവിനിയോഗ ബില്ലുകള്‍ അവതരിപ്പിക്കും. 17ന് വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

  ചര്‍ച്ചകള്‍ സൌഹാര്‍ദപരമാക്കാന്‍ ശ്രമിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സിപിഐ എം സംസ്ഥാനകമ്മിറ്റിയില്‍ സ്പീക്കര്‍ അംഗമായതില്‍ അപാകതയൊന്നുമില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രി മോന്‍സ് ജോസഫിന്റെ ഇരിപ്പിടത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറി ഡോ. എന്‍ കെ ജയകുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

  4. കേരള മാതൃകയില്‍ ദേശീയ കടാശ്വാസപദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചേക്കും
  ന്യൂഡല്‍ഹി: കര്‍ഷകരെ സഹായിക്കുന്നതിന് കേരള സര്‍ക്കാര്‍ നടപ്പാക്കിയ കടാശ്വാസപദ്ധതിയുടെ ചുവടുപിടിച്ച് ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാരും പദ്ധതി കൊണ്ടുവരുന്നു. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

  ദേശീയതലത്തില്‍ കടാശ്വാസപദ്ധതി കൊണ്ടുവരണമെന്ന് സിപിഐ എമ്മും മറ്റ് ഇടതുപക്ഷപാര്‍ടികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേശീയ വികസനസമിതി യോഗത്തില്‍ കേരളവും ബംഗാളും ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നതാണ്. മറ്റു ചില സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ പദ്ധതി കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും ഒട്ടേറെ സംസ്ഥാനങ്ങളിലേക്ക് അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുംകൂടി കണക്കിലെടുത്താണ് കര്‍ഷകരെക്കൂടി ബജറ്റില്‍ പരിഗണിക്കാന്‍ തീരുമാനമായിരിക്കുന്നത്.

  മുപ്പത്തിരണ്ടായിരം കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം വിഭാവനംചെയ്തിരിക്കുന്നതെന്നാണ് സൂചനകള്‍. പദ്ധതിക്ക് അന്തിമരൂപമാകുമ്പോള്‍ തുക ഇതിലും കൂടാനാണ് സാധ്യത. പലിശയിളവ്, ചില വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളല്‍, വായ്പകളുടെ തിരിച്ചടവ് കാലാവധി പുനര്‍നിര്‍ണയിക്കുക തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടും.

  ആര്‍ബിഐ, നബാര്‍ഡ്, ധനം-കൃഷി മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നത്. ബജറ്റില്‍ കേന്ദ്രംതന്നെ തുക നീക്കിവയ്ക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പദ്ധതി നടപ്പാക്കുന്നതിന് വലിയ ഭാരം വഹിക്കേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുമേഖലാ ബാങ്കുകള്‍ക്ക് കാര്‍ഷികവായ്പയിനത്തില്‍ നല്‍കിയ തുകയില്‍ 30,000 കോടിയോളം രൂപ കിട്ടാക്കടമായുണ്ട്. തിരിച്ചടവില്‍ വീഴ്ചവരുത്തിയ ഇനത്തില്‍ 40,000 കോടി രൂപ വേറെയുമുണ്ട്. ഈ വായ്പകളാവും പുതിയ പദ്ധതിവഴി സര്‍ക്കാര്‍ ഇളവുചെയ്ത് കൊടുക്കുക.

  കര്‍ഷക ആത്മഹത്യ തടയുന്നതിന് 2006 ജൂലൈയില്‍ നാല് സംസ്ഥാനങ്ങളിലെ 31 ജില്ലകള്‍ക്ക് പ്രധാനമന്ത്രി പ്രത്യേക കാര്‍ഷികപാക്കേജ് പ്രഖ്യാപിച്ചിരുന്നു. 17,000 കോടിയോളം രൂപയുടേതായിരുന്നു പദ്ധതി. എന്നാല്‍, ഇത് വേണ്ടവിധം നടപ്പാക്കപ്പെട്ടില്ലെന്ന ആക്ഷേപം ശക്തമായുണ്ട്. ആത്മഹത്യ ഏറ്റവും കൂടിയ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഇപ്പോഴും കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിമര്‍ശം ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രം ഇപ്പോള്‍ തയ്യാറാക്കുന്ന പദ്ധതിക്കും ഇതേഗതിതന്നെയുണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്.

  5. എടിഎമ്മുകളുടെ വിവരം നല്‍കേണ്ടതില്ല
  ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം എടിഎമ്മുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ വാണിജ്യബാങ്കുകളെ നിര്‍ബന്ധിച്ചുകൊണ്ടുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരണം തേടിയുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് വിവരാവകാശ കമീഷന്‍ ഈ നിലപാട് എടുത്തത്.

  എടിഎമ്മുകളുടെ പ്രവര്‍ത്തനം രഹസ്യസ്വഭാവത്തോടെ നിലനിര്‍ത്തേണ്ടതാണ്. മാത്രമല്ല സുരക്ഷാപ്രശ്നങ്ങളും ഇക്കാര്യത്തിലുണ്ട്. അതുകൊണ്ടുതന്നെ പുറമെനിന്നുള്ള ഒരാള്‍ക്ക് ഈ വിവരം നല്‍കേണ്ടതില്ല- വിവരാവകാശ കമീഷണര്‍ പത്മാ ബാലസുബ്രഹ്മണ്യം ഉത്തരവില്‍ പറഞ്ഞു.

  ആന്ധ്രപ്രദേശിലെ കുര്‍ണൂലിലുള്ള രാമചന്ദ്രറാവു എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയാണ് വിവരാവകാശ കമീഷന്‍ തള്ളിയത്.

  6. പഴയ രേഖകള്‍ പുറത്ത്; കെന്നഡിവധം വീണ്ടും വിവാദത്തില്‍
  ഡള്ളസ്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ത്തുന്ന രേഖകള്‍ കണ്ടെടുത്തു. കെന്നഡിയെ വധിച്ച ലീ ഹാര്‍വി ഓസ്വാള്‍ഡും ഓസ്വാള്‍ഡിനെ വെടിവച്ചുകൊന്ന ജാക്ക് റൂബിയും തമ്മില്‍ നടന്ന സംഭാഷണം രേഖപ്പെടുത്തിയ കുറിപ്പുകള്‍ കണ്ടെത്തിയതായി ‘ഡള്ളസ് മോണിങ് ന്യൂസ്്’ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തു.

  ഡള്ളാസ് കൌണ്ടി അറ്റോര്‍ണി ഓഫീസില്‍ ഒരു പഴയ പെട്ടിയില്‍നിന്നാണ് കുറിപ്പുകള്‍ കണ്ടെടുത്തത്. റൂബിയുടെ കേസിലെ പ്രോസിക്യൂട്ടര്‍ ഹെന്റി വെയ്ഡിന്റെ ചില കത്തുകളും ഇവിടെനിന്ന് ലഭിച്ചു. അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ ഈ രേഖകള്‍ പ്രദര്‍ശിപ്പിക്കും.

  മാഫിയക്കെതിരെ കെന്നഡിയുടെ സഹോദരനും അറ്റോര്‍ണിയുമായിരുന്ന റോബര്‍ട്ട് കെന്നഡി നടത്തിയ നീക്കങ്ങള്‍ക്ക് തടയിടാനാണ് ജോണ്‍ എഫ് കെന്നഡിയെ വധിച്ചതെന്നാണ് സംഭാഷണത്തിലെ സൂചന. കൊല നടന്ന് രണ്ടു ദിവസം കഴിഞ്ഞാണ് റൂബി ഓസ്വാള്‍ഡിനെ വെടിവച്ച് കൊന്നത്.

  റൂബിയുടേതും ഓസ്വാള്‍ഡിന്റേതുമാണെന്നു സംശയിക്കുന്ന വസ്ത്രങ്ങളും തോക്കുറയും രേഖകള്‍ക്കൊപ്പം കണ്ടെടുത്തതായി ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാട്കിന്‍സ് പറഞ്ഞതായി മോണിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  ഹെന്റി വെയ്ഡ് ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു ചലച്ചിത്രത്തിന്റെ തിരക്കഥയാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായും പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, ഈ സിനിമ പൂര്‍ത്തിയായില്ല. കെന്നഡിയുടെ കൊലപാതകം അന്വേഷിച്ച വാറന്‍ കമീഷനും സമാനമായ രേഖ പ്രസിദ്ധീകരിച്ചിരുന്നു. ഓസ്വാള്‍ഡ് ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നായിരുന്നു കമീഷന്റെ കണ്ടെത്തല്‍.

  1. മുഖപ്രസംഗം: പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തണം
  പ്രകൃതിയുടെ സന്തുലിതാവസ്ഥ നമ്മുടെ ആവാസവ്യവസ്ഥയുടെ സുഗമമായ പരിപാലനത്തിന് അനിവാര്യമാണ്. ഇതിനു നമ്മുടെ വനവും മരവും പുഴയും പൂക്കളും വന്യമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളുമൊക്കെ യഥാവിധി സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. ഇതിനു സാധിക്കാതെ വരുമ്പോഴാണു നമ്മുടെ ജീവതസാഹചര്യങ്ങളില്‍ തന്നെ വ്യതിയാനങ്ങള്‍ ഉണ്ടാവുന്നത്.

  കേരളത്തെപ്പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന വനപ്രദേശങ്ങള്‍ ഇനി ഒട്ടും തന്നെ നഷ്ടപ്പെടാത്തവിധം കാത്തുസൂക്ഷിക്കേണ്ടിയിരിക്കന്നു. നമ്മുടെ മഴക്കാടുകളും തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളുമൊക്കെ വികസനത്തിന്റെ വേലിയേറ്റത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. നെല്‍വയലുകള്‍ പോലും വാസസ്ഥലങ്ങള്‍ക്കും ഇതര ആവശ്യങ്ങള്‍ക്കുമായി രൂപം മാറുന്നു. കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണും കല്ലും സമതലങ്ങളിലേക്കു നീങ്ങുന്നു.

  ഈയിടെ കോട്ടയം ജില്ലയുടെ ചില താലൂക്കുകളില്‍ മണ്ണെടുപ്പും കുന്നു നികത്തലുമൊക്കെ നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ ചില നിബന്ധനകള്‍ക്കു വിധേയമായി പിന്നീട് ആ നിരോധനം മാറ്റി. കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കായി കല്ലും മണ്ണും ലഭ്യമാവാതെ വന്നപ്പോള്‍ നിര്‍മാണമേഖലയില്‍ ഉണ്ടായ സ്തംഭനം ഒഴിവാക്കാനാണ് നിരോധനം നീക്കിയത്. ഭൂമിയില്‍ നിന്നു ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ചു തീര്‍ത്താല്‍ അതു വരും തലമുറയുടെ ജീവിത സാഹചര്യങ്ങളെത്തന്നെ തകിടം മറിക്കും.

  പതിനായിരം ചതുരശ്രകിലോമീറ്ററില്‍ താഴെയാണു കേരളത്തിലെ വനമേഖല ഇപ്പോള്‍. പ്രതിവര്‍ഷം ശരാശരി എഴുനൂറു ചതുരശ്ര കിലോമീറ്റര്‍ നിബിഡ വനപ്രദേശങ്ങള്‍ കേരളത്തില്‍ നശിപ്പിക്കപ്പെടുന്നുണ്െടന്ന് വനങ്ങളെ സംബന്ധിച്ച ഒരു ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ പ്രതിവര്‍ഷം 3700 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.

  വനമേഖലയുടെ വിശിഷ്യ, നിബിഡ വനമേഖലയുടെ നാശം നമ്മുടെ വന്യജീവി സമ്പത്തിനെയാണ് ഏറെ ബാധിക്കുന്നത്. കേരളത്തില്‍ കടുവകള്‍ വംശനാശത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ വേട്ടയാടപ്പെടുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആയിരത്തി അഞ്ഞൂറിലേറെ കടുവകള്‍ വേട്ടക്കാരുടെ ഇരയായി. 2001-2002 ലെടുത്ത സെന്‍സസ് അനുസരിച്ച് 3642 കടുവകളെ കണ്െടത്തിയിരുന്നു. ഇപ്പോഴത് ആയിരത്തോളമായിട്ടുണ്െടന്നാണു കരുതുന്നത്. കടുവയുടെ തോല്‍, നഖം, പല്ല് ഇവയ്ക്കൊക്കെ വിപണിയില്‍ ഏറെ വിലയുണ്ട്. ഒരു കടുവയെ കൊന്നാല്‍ ഒരു കോടി രൂപ വരെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭിക്കുമത്രേ.

  കടുവകളുടെ സംരക്ഷണത്തിനായി ടൈഗര്‍ റിസര്‍വുകളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വനങ്ങളില്‍ പോലും കടുവവേട്ട അഭംഗുരം നടക്കുന്നുണ്ട്. കേരളത്തിലെ പെരിയാര്‍ കടുവസംരക്ഷണകേന്ദ്രത്തില്‍ രോഗം പിടിപെട്ട് കഴിഞ്ഞ വര്‍ഷം ഒരു കടുവ ചത്തത് പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ടായിരുന്നു. മാലിന്യം ഭക്ഷിക്കുന്നതിലൂടെ വിരശല്യം ഉണ്ടായതായിരുന്നു കടുവയുടെ മരണത്തിനു കാരണം. തേക്കടി റോഡരുകില്‍ ഒരാഴ്ചക്കാലം അവശനിലയില്‍ കാണപ്പെട്ട ഈ കടുവയെ രക്ഷിക്കാന്‍ വനപാലകര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

  പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ 2004ലെ സര്‍വേ പ്രകാരം 71 കടുവകളുണ്െടന്നാണ് കണക്ക്. കടുവ സംരക്ഷണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെ താത്പര്യമെടുത്ത് ചില പദ്ധതികള്‍ നടപ്പാക്കിയിരുന്നു. വനവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ വന്‍ തുക വകയിരുത്തിയിട്ടുണ്ട്. എണ്ണായിരം കോടി രൂപയാണ് പ്രതിവര്‍ഷം ഇതിനായി നീക്കിവച്ചിരിക്കുന്നത്. രണ്ടായിത്തിഏഴോടെ ഇന്ത്യയിലെ വനമേഖയുടെ വിസ്തൃതി രാജ്യത്തിന്റെ മൊത്തം വിസ്തീര്‍ണത്തിന്റെ ഇരുപത്തിയഞ്ചു ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശ്രമങ്ങള്‍ ഇനിയും പൂവണിഞ്ഞിട്ടില്ല.

  കേരളത്തെ സംബന്ധിച്ചിടത്തോളം വനമേഖലയുടെ സംരക്ഷണം മാത്രമല്ല നമ്മുടെ നദികളുടെയും കായലുകളുടെയും ചെറു പുഴകളുടെയും സംരക്ഷണം പോലും സുപ്രധാനമാണ്. ജനസാന്ദ്രതയുടെ വിവിധ സമ്മര്‍ദങ്ങള്‍ താങ്ങാനാവും വിധം ജൈവസാന്നിധ്യവും നിലനിര്‍ത്തേണ്ടതായുണ്ട്. അതുകൊണ്ടാണ് സാമൂഹ്യ വനവല്‍ക്കരണം നമ്മുടെ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുന്നത്. വനങ്ങളും നദികളും സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം നെല്‍ വയലുകളും ഇതര കൃഷിയിടങ്ങളും കൂടി സംരക്ഷിക്കപ്പെടുന്നെങ്കില്‍ മാത്രമേ നമ്മുടെ ആവാസ വ്യവസ്ഥയുടെ സന്തുലനം സാധ്യമാകൂ. അത് ശാസ്ത്രീയമായി നടപ്പാക്കണം. സജീവമായ ജന പങ്കാളിത്തവും അനിവാര്യമാണ്.

  2. അരിവില കുറയ്ക്കില്ല; വയറ് ചുരുക്കൂ: മന്ത്രി മുല്ലക്കര
  സുല്‍ത്താന്‍ ബത്തേരി: അരിവില കുറയില്ലെന്നും വയറ് ചുരുക്കുക മാത്രമേ ഏക മാര്‍ഗമുള്ളുവെന്നും കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍. കൃഷിവ കു പ്പിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലാതല കര്‍ഷക സംഗമം സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

  ഇനിയുള്ള കാലഘട്ടത്തില്‍ ഇറക്കുമതിക്ക് സാധ്യതയില്ല. കയറ്റുമതിയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷ മുഖ്യ മുദ്രാവാക്യമാ ണെങ്കിലും ഇത് പ്രയോഗവത്കരിക്കാന്‍ സമയമെടുക്കും. ആരു പ്രക്ഷോഭം നടത്തിയാലും അരിവില കുറക്കാനാകില്ല. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്െടങ്കിലും ദേശ സാത്കൃത ബാങ്കുകളിലെ കടങ്ങള്‍ ഇളവ് ചെയ്യാന്‍ സര്‍ക്കാരിനാകില്ല.

  കേന്ദ്രം കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചാല്‍ മാത്രമേ ബാങ്കുകളിലെ കടങ്ങള്‍ ഇളവ് ചെയ്യാന്‍ കഴിയുകയുള്ളു. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചെങ്കിലും സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകളിലെ കടങ്ങള്‍ മാത്രമേ എഴുതിത്തള്ളാന്‍ കഴിയുകയുള്ളു.

  25,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്െടങ്കിലും വലിയൊരു പ്രതിസന്ധി മുന്നിലുണ്െടന്നും മന്ത്രി പറഞ്ഞു. പി. കൃഷ്ണപ്രസാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

  3. പഞ്ചാബ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നു നെല്ല് സംഭരിക്കും :മന്ത്രി
  തിരുവനന്തപുരം: പഞ്ചാബ്, ഒറീസ സംസ്ഥാനങ്ങളില്‍നിന്നു നെല്ല് നേരിട്ടു സംഭരിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്െടന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍. ആഗോളവല്‍ക്കരണത്തിനു ശേഷം ഏഷ്യന്‍രാജ്യങ്ങളില്‍ പൊതുവേ ഭക്ഷ്യധാന്യപ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്.

  അതിന്റെ ദുരന്തം ഇന്ത്യയുയും നേരിടുകയാണ്. നമ്മുടെ കരുതല്‍ ഭക്ഷ്യധാന്യ ശേഖരത്തിലും കുറവു വന്നിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ എല്ലാഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

  സെന്റര്‍ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ അന്നം സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുഖ്യ ആഹാരം അരിയാണെങ്കിലും കേരളത്തില്‍ നെല്ലുല്‍പാദനം പേടിപ്പെടുത്തുന്ന നിലയില്‍ കുറയുകയാണ്. കൃഷി ലാഭകരമല്ലാതായതാണ് ഈ ഉല്‍പാദന തകര്‍ച്ചയ്ക്കു കാരണം. നെല്ലുല്‍പാദനം ലാഭകരമാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നുണ്െടങ്കിലും കാര്യമായ വിദഗ്ധോപദേശങ്ങള്‍ ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

  കേരളത്തിലെ ജനങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങളുടെ 85 ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവയാണ്. അമ്പലങ്ങളില്‍ പൂജയ്ക്കുള്ള പൂവു പോലും തമിഴ്നാട്ടില്‍ നിന്ന് വരണം എന്ന അവസ്ഥയാണ്-അദ്ദേഹം പറഞ്ഞു.

  4. ‘മാലിന്യ കേന്ദ്ര’ ത്തിനെതിരേ കുട്ടികളുടെ പത്രസമ്മേളനം
  കോട്ടയം: ഞങ്ങള്‍ക്കും വേണം അല്‍പം ശുദ്ധവായു എന്ന ആവശ്യവുമായി ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ പത്രസമ്മേളനം നടത്തി. കോട്ടയം നഗരത്തില്‍ വടവാതൂരില്‍ നഗരസഭ സ്ഥാപിച്ച മാലിന്യസംസ്ക്കരണ കേന്ദ്രത്തില്‍ യാതൊരു മുന്നൊരുക്കവുലില്ലാതെ അനിയന്ത്രിതമായി മാലിന്യങ്ങള്‍ തള്ളുന്നതുമൂലം തങ്ങള്‍ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു നടുവിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗിരിദീപം, പള്ളിക്കൂടം, മരിയന്‍ സീനിയര്‍ സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയത്.

  മാലിന്യസംസ്ക്കരണകേന്ദ്രത്തില്‍ മാലിന്യം നിറയ്ക്കുന്നതല്ലതെ സംസ്ക്കരിക്കുന്നതിന് നടപടികളില്ല. മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കുവാനോ അറപ്പില്ലാതെ ഭക്ഷണം കഴിക്കുവാനോ കഴിയുന്നില്ലെന്ന് കുട്ടികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. നഗരസഭാധി കൃ തരുടെ അനാസ്ഥയ്ക്ക് തങ്ങളെ ബലിയാടാക്കെരുതെന്നാണ് ഈ കുട്ടികളുടെ ആവശ്യം. പള്ളിക്കൂടത്തിന്റെയും മരിയന്‍ സ്കൂളിന്റേയും എതിര്‍വശത്തുകൂടിയുള്ള കലുങ്കുകളില്‍കൂടി മലിനജലം സ്കൂളുകളുടെ കോമ്പൌണ്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നതും കുട്ടികള്‍ക്ക് വന്‍ ദുരിതമാണ്. ചതുപ്പുനിലങ്ങള്‍ നികത്തല്‍, സ്റ്റേഡിയത്തിന്റെ നവീകരണം, റോഡുകളുടെ സുരക്ഷിതത്വം ഇവയ്ക്കെല്ലാം അടിയന്തിര നടപടിസ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗിരിദീപം സ്കൂളിനെ പ്രതിനിധീകരിച്ച് റാക്കിം റഷീദ്, ക്ളാരാ റോസ് ജോസ് എന്നിവരും പള്ളിക്കൂടം സ്കൂളിനെ പ്രതിനിധീകരിച്ച് അനഘ ബാബു, കണ്ണന്‍ മേനോന്‍, മിന്നു ഗ്രേസ് ജേക്കബ്, അഞ്ചു മറിയം, റോഹിത് ജേക്കബ്, എന്നിവരും മരിയന്‍ സീനിയര്‍ സ്കൂളിലെ പ്രതിനിധീകരിച്ച് അഷിതാ മേനോനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

  5. ക്രമസമാധാനം വാനരപ്പട രക്ഷ ‘ഇഞ്ചികൃഷി’ക്കു മാത്രം
  മുളക്കുഴ (ആലപ്പുഴ): വേനലായതോടെ വെണ്‍മണി പഞ്ചായത്തില്‍ ‘ക്രമസമാധാനം’ കുരങ്ങിന്‍കൂട്ടത്തിന്റെ നിയന്ത്രണത്തിലായി. കൃഷി നശിപ്പിച്ചും ഭക്ഷണം തട്ടിയെടുത്തും മാത്രമല്ല, ടി.വി. സെറ്റുകള്‍ പോലും തലയില്‍ ചുമന്നു കടത്തിയാണു വാനരപ്പടയുടെ വിളയാട്ടം. നാലും അഞ്ചും വാര്‍ഡുകളിലെ ചാങ്ങമലയ്ക്കും ചാര്‍ങ്ങക്കാവിനും സമീപത്തുള്ളവരാണു രൂക്ഷമായ അക്രമത്തിന് ഇരയാകുന്നത്.

  ചാലക്കാവിലെ ശ്രീകോവിലില്ലാത്ത സ്വയംഭൂവായ വിഗ്രഹത്തിന്റെ കാവല്‍ക്കാരാണു വാനരപ്പടയെന്നാണു വിശ്വാസം. ഭക്തര്‍ നല്കുന്ന നിവേദ്യത്തിന്റെ പങ്കുകൊണ്ടു തൃപ്തിപ്പെട്ടു ക്ഷേത്രക്കാവില്‍ ഒതുങ്ങിക്കൂടുന്ന വാനരന്മാര്‍ വേനലാവുന്ന തോടെ ഭക്ഷണത്തിനു വേണ്ടിയാണ് സമീപപ്രദേശങ്ങളിലെ വീടുകളിലേക്ക് എത്തുന്നത്.

  സമീപപ്രദേശങ്ങളിലെ ഇഞ്ചിയൊഴിച്ചുള്ള എല്ലാ കൃഷികളും വാനരപ്പട നശിപ്പിക്കുകയാണ്. മറ്റുവിളകള്‍ പാകമാകുന്നതിന് മുമ്പ് ഇവര്‍ തിന്നുതീര്‍ക്കും. നാളികേരം കരിക്കാകുമ്പോഴേ കുരങ്ങന്മാര്‍ അകത്താക്കിക്കഴിയും. യാത്രക്കാര്‍ക്കും സ്ത്രീകള്‍ക്കും കുരങ്ങന്മാരുടെ കരങ്ങളില്‍ നിന്ന് രക്ഷയില്ല. ഒരു പെണ്‍കുരങ്ങാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നു നാട്ടുകാര്‍ പറയുന്നു. ഇതിന്റെ കഴുത്തില്‍ തിരിച്ചറിയാനായി ആരോ ഒരു കമ്പി കെട്ടിയിട്ടുണ്ട്.

  മേല്‍ക്കൂര ഇളക്കിമാറ്റി വീടിനുള്ളില്‍ പ്രവേശിക്കുന്ന കുരങ്ങന്‍കൂട്ടം ടി.വിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ തലച്ചുമടായി അപഹരിക്കാറുണ്ട്. വീടിന്റെ വാതിലുകള്‍ തുറന്നിട്ടാല്‍ കൈയില്‍കിട്ടുന്ന സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുന്നത് പതിവു സംഭവവമാണ്. നാട്ടുകാരുടെ പരാതിപ്രകാരം ഉപദ്രവകാരികളായ കുരങ്ങന്മാരെ വനപാലകര്‍ പിടിച്ചുകൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

  6. പറപ്പൂര്‍ സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി മാതൃകാ ചോദ്യം മോഷ്ടിച്ചു
  പാവറട്ടി: പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി മാതൃകാ ചോദ്യക്കടലാസ് മോഷ്ടിച്ചു. ഓഫീസ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തെ അലമാരയുടെ പൂട്ടു തകര്‍ത്താണ് എല്ലാ വിഷയങ്ങളുടേയും ചോദ്യപേപ്പര്‍ മോഷ്ടിച്ചിട്ടുള്ളത്.

  ഇന്നലെ രാവിലെ പ്യൂണ്‍ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് തൊട്ടടുത്ത കമ്പ്യൂട്ടര്‍ റൂമും തുറന്നിട്ടു ണ്െടങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

  സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ. ലീല പരാതി നല്കിയതിനെതുടര്‍ന്ന് പേരാമംഗലം പോലീസ് സ്ഥലത്തെത്തി കേസന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരും എത്തിയിരുന്നു.

  ചോദ്യം പുറത്തായതിനെതുടര്‍ന്ന് ഇന്നലെ ഈ സ്കൂളില്‍ നടക്കാനിരുന്ന മലയാളം പരീക്ഷ നടന്നില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ സ്കൂളില്‍ ഉണ്ടായിരുന്ന ചോദ്യപേപ്പറുകള്‍ എണ്ണിത്തിട്ടപ്പെടുത്തി.

  ഡി.പി.ഐയുടെ നിര്‍ദേശപ്രകാരം പുതിയ ചോദ്യപേപ്പറുകള്‍ തയാറാക്കി നാളെ മുതല്‍ ഇവിടെ പരീക്ഷ പുനരാരംഭിക്കും.

  7. വിലക്കയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ ജോലികള്‍ അവസാനിപ്പിക്കും: കരാറുകാര്‍
  കൊച്ചി: സിമന്റ്, സ്റ്റീല്‍, ടാര്‍ തുടങ്ങിയവയുടെ അസാധാരണമായ വില വര്‍ധനയും ഗ്രാവല്‍, ചെമ്മണ്ണ്, ആറ്റുമണല്‍ തുടങ്ങിയവ സംഭരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനവും പിന്‍വലിച്ചി ല്ലെങ്കില്‍ കരാറുകാര്‍ പണികള്‍ ഉപേക്ഷിക്കുമെന്ന് കേരള ഗവ ണ്‍ മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

  അനിവാര്യമായ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്കായി നിര്‍മാണ വസ്തുക്കളുടെ ന്യായവിലയും ലഭ്യതയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ സര്‍ക്കാര്‍തന്നെ ഏറ്റവും വലിയ ഇരയായി മാറി.

  കെ.എസ്.ടി.പി, ജപ്പാന്‍ കുടിവെള്ള പദ്ധതി, സുസ്ഥിര നഗര വികസന പദ്ധതി എന്നിവയില്‍ വിലവര്‍ധനയ്ക്കുള്ള നഷ്ടപരിഹാരമായി 500 കോടി രൂപയെങ്കിലും സര്‍ക്കാര്‍ ഈ വര്‍ഷം നല്‍കേണ്ടി വരും.

  ഒരു ചാക്ക് സിമന്റിന് വിപണിയില്‍ 265 രൂപ വിലയുള്ളപ്പോള്‍ 160 രൂപയ്ക്ക് വേണമെങ്കില്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. തമിഴ്നാട് സര്‍ക്കാര്‍ പ്രതിമാസം ഒരു ലക്ഷം ടണ്‍ സിമന്റ് തൂത്തുക്കുടി തുറമുഖത്ത് ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍ പണികള്‍ ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ല ഭ്യമാക്കുന്നുണ്ട്. സിമന്റ് ഉത്പാദകര്‍ സംഘം ചേര്‍ന്ന് 250 ശതമാനം വരെ ലാഭമെടുത്ത് വിപണി നിരക്ക് കൃത്രിമമായി ഉയര്‍ത്തുകയാണ്.

  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

  പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് എന്‍.കെ അബൂബക്കര്‍, സെക്രട്ടറി കെ.എ ജെന്‍സന്‍, കെ.ടി മാത്യു എന്നിവര്‍ പങ്കെടുത്തു.

  8. നാട്ടിലിറങ്ങിയ ഗര്‍ഭിണിക്കടുവയെ ജനക്കൂട്ടം എറിഞ്ഞുവീഴ്ത്തി
  കാനിംഗ്: വഴിതെറ്റി നാട്ടിലിറങ്ങിയ ഗര്‍ഭിണിക്കടുവയെ നാട്ടുകാര്‍ കല്ലെറിഞ്ഞു. രക്ഷപ്പെടാനായി മരത്തില്‍ കയറിയപ്പോള്‍ ചുറ്റും തീയിട്ടു. താഴെവീണപ്പോള്‍ വടികൊണ്ടടിച്ചു. അഭയം തേടി കടുവ രണ്ടു പുഴകള്‍ നീന്തി.

  ഒടുവില്‍ വനംവകുപ്പ് അധികൃതരെത്തി വലയിട്ടെങ്കിലും ഗ്രാമീണര്‍ വീണ്ടും തീകൂട്ടിയപ്പോള്‍ ഭയന്ന കടുവ സമീപത്തെ വനമേഖലയിലേക്കു പിന്‍വാങ്ങി. ശരീരമാസകലം മുറിവും പൊള്ളലുമുള്ള കടുവയെ പിന്നീട് മയക്കു വെടി വച്ച് പിടിച്ച ശേഷം കാട്ടിലേക്കു വിട്ടു.

  പശ്ചിമ ബംഗാളിലെ സൌത്ത് 24 പര്‍ഗാനാസ് ജില്ലയിലാണു ഗര്‍ഭിണിക്കടുവ ജനക്കൂട്ടത്തിന്റെ ‘മൃഗീയ’ പെരുമാറ്റത്തിനിരയായത്. സുന്ദര്‍ബന്‍ വനത്തില്‍ നിന്നു കുല്‍ത്തളിയിലെ ദിയുല്‍ബാരി ഗ്രാമത്തിലെത്തിയ കടുവയ്ക്കായിരുന്നു പീഡന പരമ്പര നേരിടേണ്ടിവന്നത്. കല്ലേറില്‍ നിന്നു രക്ഷപ്പെടാന്‍ ഗ്രാമത്തിലെ ആല്‍മരത്തില്‍ കയറിയിരുന്ന കടുവയെ ജനക്കൂട്ടം തീ കൂട്ടി താഴെയിറക്കിയശേഷം അടിക്കുകയായിരുന്നു.

  ഇതിനിടെ മൂന്നു ഗ്രാമീണര്‍ക്കു പരിക്കേറ്റതോടെ രോഷം കൂടി. മാത്ല, മക്രി പുഴകള്‍ നീന്തിക്കടന്നു രക്ഷപെടാനുള്ള കടുവയുടെ ശ്രമവും ജനക്കൂട്ടം പിന്തുടര്‍ന്നപ്പോള്‍ വിഫലമായി.

  കടുവയെ രക്ഷിക്കാന്‍ വലയുമായെത്തിയ വനം വകുപ്പുദ്യോഗസ്ഥരോടായിരുന്നു പിന്നീടു ജനങ്ങളുടെ രോഷം.

  9. ലോറാ മൂണിന് വൃക്കകള്‍ നാല്; രണ്െടണ്ണം ദാനം ചെയ്യും
  ലീഡ്സ്: ഒന്നരക്കോടിയിലൊരാള്‍ക്കു മാത്രമുണ്ടാകാവുന്ന സവിശേഷത. അതാകട്ടെ വൃക്കരോഗം ബാധിച്ച രണ്ടുപേര്‍ക്കു പുതുജീവന്‍ നല്കാന്‍ സഹായിക്കുകയും ചെയ്യും.

  കാറപകടത്തിനുശേഷമുണ്ടായ വയറുവേദനയും നല്ലതിനായിരുന്നെന്നാണു ലണ്ടനിലെ ലീഡ്സ് സ്വദേശിയും പതിനെട്ടുകാരിയുമായ ലോറമൂണ്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. കാരണം അതിനുശേഷം നടത്തിയ പരിശോധനയിലാണല്ലോ തനിക്കു നാലു വൃക്കകളുണ്െടന്നു കണ്െടത്തിയത്. ഇതില്‍ രണ്ടു വൃക്കകള്‍ ദാനം ചെയ്യുമെന്നാണു കസ്റ്റമര്‍ സര്‍വീസ് രംഗത്തു പ്രവര്‍ത്തിക്കുന്ന ലോറയുടെ പ്രഖ്യാപ നം. അവളുടെ മാതാപിതാക്കളായ ഓസ്റ്റിനും കാതറിനുമാകട്ടെ ഇക്കാര്യത്തില്‍ അഭിമാനമേയുള്ളൂ.

  കാറപകടത്തില്‍ പരിക്കേറ്റശേഷമുണ്ടായ വയറുവേദനയുടെ കാരണം കണ്െടത്താന്‍ നടത്തിയ അള്‍ട്രാ സൌണ്ട് സ്കാനിംഗിലാണ് ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ലോറയുടെ നാലു വൃക്കകള്‍ തെളിഞ്ഞു വന്നത്.

  മുമ്പു മൂന്നു വൃക്കകളുള്ളവരെ കണ്െടത്തിയിട്ടുണ്െടങ്കിലും നാലെണ്ണമുള്ള ഒരാളെ കണ്െടത്തിയത് അപൂര്‍വമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ലോറയുടെ നാലു വൃക്കകളും ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നുണ്െടന്നു ള്ളതാണ് ഡോക്ടര്‍മാരെ ഏറെ അത്ഭുതപ്പെടുത്തുന്നത്.

  ലീഡ്സിലെ സീഫോര്‍ഡ് ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ അള്‍ട്രാ സൌണ്ട് സ്കാന്‍ ചെയ്യാനാണ് നിര്‍ദേശിച്ചത്. പക്ഷെ സ്കാനിംഗിന്റെ റിസല്‍ട്ടു വന്നപ്പോള്‍ ഡോക്ടര്‍ ഏറെ നേരം ഒന്നും മിണ്ടാനാവാതെ തന്റെ മുഖത്തു നോക്കിയിരിക്കുകയായിരുന്നെന്നു ലോറ പറയുന്നു. കുറച്ചു സമയ ത്തിനു ശേഷം ഡോക്ടര്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ നിങ്ങിള്‍ക്കു നാലു കിഡ്നി കളു ണ്െടന്നു പറഞ്ഞു. ലീഡ്സിലെ എന്‍.എച്ച്.എസ് മെഡിക്കല്‍ കോളജിലെ അധ്യപകനായ ഡോ. നിയാസ് അഹമ്മദ് തന്റെ വിദ്യാര്‍ഥികളെ കാണിക്കു ന്നതിനായി ലോറയുടെ കിഡ്നികളുടെ ചിത്രങ്ങളെടുക്കാന്‍ അനുവാദവും വാങ്ങി. സാധാരണയായി 125 പേരിലൊരാള്‍ക്കാണ് രണ്ടിലധികം കിഡ്നികള്‍ ഉള്ളതെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

  തനിക്കധികമായി കിട്ടിയ അനുഗ്രഹങ്ങളിലൊന്നു കൊണ്ട് ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയോ ടെ കാത്തിരിക്കുകയാണ് ലോറ.

  1. കരിമണല്‍: സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാവുന്നു
  കൊല്ലം: ധാതു ഖനനത്തിന് പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര തീരുമാനം കരിമണല്‍ ഖനനമേഖലയില്‍ സംസ്ഥാനത്തിന്റെ നിയന്ത്രണവും മേല്‍നോട്ടാധികാരങ്ങളും നഷ്ടമാക്കും.

  ഇതോടെ കൊല്ലം നീണ്ടകര മുതല്‍ ആലപ്പുഴ ജില്ലയിലെ കായംകുളം വരെയുള്ള 22 കിലോമീറ്റര്‍ തീരപ്രദേശം വിദേശ, സ്വകാര്യ കമ്പനികളുടെ അനിയന്ത്രിതമായ കരിമണല്‍ ഖനനത്തിന് ഇരയാകും. സൂനാമി ബാധിത പ്രദേശമായ മേഖലയാകെ കടലെടുക്കുന്ന അവസ്ഥക്ക് ഇത് ഇടയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. ഖനനമേഖലയില്‍ സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണം എടുത്തുകളയണമെന്ന് കേന്ദ്ര ധാതു നയത്തില്‍ വ്യക്തമായി പറയുന്നു.

  കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇ, കെ.എം.എം.എല്‍ എന്നിവ നിയന്ത്രിത രീതിയില്‍ നടത്തുന്നുവെന്ന് പറയുന്ന ഖനനം തന്നെ വീതി കുറഞ്ഞ കരപ്രദേശമുള്ള മേഖലയാകെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആധാരം കൈയില്‍വെച്ച് കടലില്‍ സ്ഥലം തിരയുന്നവര്‍ ഇവിടെ നിരവധിയാണ്.

  കടലാക്രമണം നിത്യസംഭവമായ ഇവിടെ കടല്‍ഭിത്തി ഉള്ളിടത്താണ് തീരം കുറേയെങ്കിലും സംരക്ഷിക്കപ്പെടുന്നത്. മല്‍സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയുടെ തകര്‍ച്ചക്കും പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ കാരണമായിട്ടുണ്ട്.
  ആഗോളീകരണ, ഉദാരീകരണ നയങ്ങള്‍ക്കനുസരണമായി ദേശീയ ധാതുനയം രൂപപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ആസൂത്രണകമീഷനംഗം അന്‍വാറുല്‍ ഹുദയുടെ റിപ്പോര്‍ട്ടനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചത്. ‘ഗാട്ട്’, കരാറുമായി ബന്ധപ്പെട്ട സമിതിയിലും ലോകവ്യാപാര സംഘടനയിലും ഉന്നത പദവി വഹിച്ച ആളാണ് ഇദ്ദേഹം.

  കേന്ദ്ര നിയമത്തിനും ദേശീയ നയത്തിനും അനുഗുണമല്ലാത്ത നിയമങ്ങളോ ചട്ടങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറുകള്‍ രൂപപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പുതിയ നയത്തില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ധാതുനയത്തില്‍ ഖനനം, ഉത്പന്നങ്ങളുടെ മൂല്യവര്‍ധന എന്നിവയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയന്ത്രണാധികാരങ്ങളുണ്ട്. ഇത് മുതല്‍ മുടക്കുന്ന കമ്പനികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അതിനാല്‍ നിക്ഷേപകരില്‍ വിശ്വാസം ഉണ്ടാക്കുന്ന നടപടികളാണ് ഉണ്ടാവേണ്ടതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിന് പുറമേ ഖനനവുമായി ബന്ധപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് തുല്യമായിരിക്കണമെന്നും റിപ്പോര്‍ട്ട് അനുശാസിക്കുന്നു. നൂറ്റാണ്ടിന്റെ ലോഹമെന്നറിയപ്പെടുന്ന ടൈറ്റാനിയം, മരുന്ന് മുതല്‍ വിമാനം വരെയുള്ളവയുടെ നിര്‍മാണത്തിന് അവശ്യവസ്തുവാണ്. കേരളതീരത്തെ കരിമണലില്‍ അടങ്ങിയിട്ടുള്ള ഇല്‍മനൈറ്റ് സംസ്കരിച്ചാണ് ടൈറ്റാനിയം ഡൈ ഓക്സൈഡ് ഉണ്ടാക്കുന്നത്. ഇനിയുള്ള കാലം വിമാനനിര്‍മാണത്തിന്റേതാണെന്ന വിലയിരുത്തലില്‍ ഈ മേഖലയിലെ കുത്തക കമ്പനിയായ ബോയിംഗ് ധാതു ഖനനമേഖലയില്‍ മുതല്‍ മുടക്കിന് രംഗത്തെത്തിയിട്ടുണ്ട്. ഭാരം കുറയുംതോറും ശക്തി കൂടുന്നുവെന്നതാണ് ടൈറ്റാനിയത്തിന്റെ പ്രധാന പ്രത്യേകത.

  ‘ബോയിംഗി’നൊപ്പം ധാതു മണല്‍ ഖനനരംഗത്തെ ഭീമനായ അമേരിക്കന്‍ കമ്പനി ‘ഡ്യൂപോണ്ടും’ കേന്ദ്ര നയംമാറ്റത്തിന് പിന്നിലെ പ്രേരക ശക്തിയാണ്. ഈ കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ മുംബൈയില്‍ ഓഫീസ് തുറന്നിരുന്നു. വിദേശകമ്പനികള്‍ മാത്രമല്ല വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കരിമണല്‍ മേഖലയില്‍ കണ്ണുവെക്കുകയും ഇടതുവലതു സര്‍ക്കാറുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
  എന്നാല്‍ ജനകീയ എതിര്‍പ്പിന് മുമ്പില്‍ സര്‍ക്കാറുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കേന്ദ്ര നയം മാറ്റത്തോടെ സംസ്ഥാന സര്‍ക്കാറിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നു മാത്രമല്ല ചെയ്യാവുന്ന കാര്യങ്ങളില്‍ തന്നെ കേന്ദ്രത്തെ പഴിപറഞ്ഞ് രക്ഷപ്പെടുകയും ചെയ്യാം.

  നീണ്ടകര ^കായംകുളം തീര പ്രദേശത്തെ മണലിലെ ലോഹ സാന്നിധ്യം അദ്ഭുതകരമാണ്. മറ്റുള്ള സ്ഥലങ്ങളില്‍ മൂന്ന് ശതമാനം വരെ മാത്രം ലോഹസാന്നിധ്യമുള്ളപ്പോള്‍ ഇവിടെ അത് 20 മുതല്‍ 50 ശതമാനം വരെയാണ്. ഇല്‍മനൈറ്റ്, റൂട്ടെയില്‍, സിലിക്കന്‍, മോണോസൈറ്റ്, സിലിക്ക എന്നിവയാണ് ധാതുമണലില്‍ അടങ്ങിയിട്ടുള്ളത്. ഇല്‍മനൈറ്റ് സംസ്കരിച്ച് ടൈറ്റാനിയം ഡൈ ഓക്സൈഡാക്കി മാറ്റുമ്പോള്‍ മോണോസൈറ്റ് അണുബോംബടക്കമുള്ളവയിലെ പ്രധാന ഘടകമാണ്. ഇത് യാതൊരു നിയന്ത്രണവുമില്ലാതെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത് സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നു.

  നീണ്ടകര ^കായംകുളം തീരമേഖലയിലെ മണലില്‍ 200 ദശലക്ഷം ധാതുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 120 ദശലക്ഷം ഇല്‍മനൈറ്റുമാണ്. ഒരു ടണ്‍ അസംസ്കൃത കരിമണലിന് 700 മുതല്‍ 1000 രൂപ വിലയുള്ളപ്പോള്‍ അത് ടൈറ്റാനിയം ഡൈ ഓക്സൈഡായി മാറുമ്പോള്‍ മെട്രിക് ടണ്ണിന് 75000 മുതല്‍ ഒരു ലക്ഷവും ടൈറ്റാനിയം ലോഹമായി മാറുമ്പോള്‍ ഏഴ് മുതല്‍ ഒമ്പത് ലക്ഷം രൂപ വരെയുമാണ് വില.

  2. അരിവില: തര്‍ക്കം മുറുകി; 20 വാഗണ്‍ മടക്കി
  കോഴിക്കോട്: വിലകുറക്കാതെ അരി എടുക്കില്ലെന്ന് വലിയങ്ങാടിയിലെ മൊത്ത വ്യാപാരികള്‍ തീരുമാനിച്ചതോടെ ആന്ധ്രയില്‍നിന്ന് കഴിഞ്ഞദിവസം അരിയുമായി കോഴിക്കോട്ടെത്തിയ 41 വാഗണില്‍ 20 എണ്ണം അരി ഏജന്റുമാര്‍ ഇന്നലെ മടക്കി അയച്ചു. വിലകുറക്കുന്നതു സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വിജയിക്കാത്തതിനെതുടര്‍ന്നാണ് ഈ തീരുമാനം. അരി തൃശൂര്‍ റെയില്‍വേ ഗുഡ്സ് ഷെഡില്‍ ഇറക്കാനാണ് തീരുമാനം. എന്നാല്‍ തൃശൂരില്‍ ഇത് വില്‍ക്കുന്നത് തടയാന്‍ കാലിക്കറ്റ് ഫുഡ്ഗ്രെയിന്‍സ് ആന്റ് പ്രൊവിഷന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടെ മൊത്തവ്യാപാരികളും ഏജന്റുമാരും തമ്മിലെ തര്‍ക്കം വഴിത്തിരിവിലെത്തി.

  അരി ഗുഡ്സ്ഷെഡില്‍ എത്തിയാല്‍ ഒമ്പതുമണിക്കൂറിനകം ഇറക്കി ബോഗി വിട്ടുകൊടുക്കണമെന്നാണ് റെയില്‍വേ നിയമം. കൂടുതല്‍ വരുന്ന സമയത്തിന് ബോഗിക്ക് മണിക്കൂറിന് 200 രൂപ നല്‍കണം. വെള്ളിയാഴ്ച കോഴിക്കോട്ടെത്തിയ 41 വാഗണ്‍ വ്യാപാരികളും ഏജന്റുമാരും തമ്മിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് 38 മണിക്കൂര്‍ ഇറക്കാനാവാതെ ഷെഡില്‍ കിടന്നു. ഇതേ തുടര്‍ന്ന് പിഴയായും കടത്തുകൂലിയായും 5,84,250 രൂപയാണ് ഏജന്റുമാര്‍ നല്‍കേണ്ടിവന്നത്. ഈ തുക അരിവിലയില്‍ കൂട്ടി വില്‍ക്കാനാണ് ഏജന്റുമാരുടെ ശ്രമം. ഇത് വ്യാപാരികള്‍ എതിര്‍ക്കുകയാണ്. തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അരി വില കിലോയ്ക്ക് ഒന്നര രൂപവരെ കുറഞ്ഞിരുന്നു.
  ഈ സംഭവത്തില്‍ കോഴിക്കോട്ടെ ഏജന്റുമാര്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ ചില ഏജന്റുമാരെ ബഹിഷ്കരിക്കാനാണ് മൊത്തവ്യാപാരികളുടെ നീക്കം. പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഇന്നു രാവിലെ കാലിക്കറ്റ് ഫുഡ്ഗ്രെയിന്‍സ് ആന്റ് പ്രൊവിഷന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ യോഗം ചേരുന്നുമുണ്ട്.

  ആന്ധ്രയിലെ മില്ലുടമകള്‍ പോലും പ്രതീക്ഷിക്കാത്ത അധിക വിലയാണ് ഏജന്റുമാര്‍ കേരളത്തെ പിഴിഞ്ഞ് വാങ്ങിക്കൊടുത്തത്. ചില വന്‍കിട വ്യാപാരികളും ഇതിന് കൂട്ടുനിന്നു.

  വന്‍ ലാഭം നേടിക്കൊടുത്തതിന്റെ പാരിതോഷികമായി ഏജന്റുമാര്‍ക്ക് മില്ലുടമകള്‍ കമീഷനും വര്‍ധിപ്പിച്ച് നല്‍കി. ഒരു ക്വിന്റലിന് എട്ടു രൂപയാണ് മില്ലുടമകള്‍ ഏജന്റുമാര്‍ക്ക് നല്‍കിവന്നത്. കഴിഞ്ഞ ജനുവരി 15 മുതല്‍ ഇത് 10 രൂപയാക്കി. ക്വിന്റലിന് രണ്ടുരൂപ വ്യാപാരികളും ഏജന്റുമാര്‍ക്ക് നല്‍കുന്നുണ്ട്. ഇത് മൂന്ന് രൂപയാക്കണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടെങ്കിലും വ്യാപാരികള്‍ എതിര്‍ത്തു. ഒരു വാഗണില്‍ 550 ക്വിന്റല്‍ അരിയാണ് എത്തുക. ഈ വകയില്‍ ഇപ്പോള്‍ 6600 രൂപയാണ് ഏജന്റിന് ലഭിക്കുക. 550 ക്വിന്റല്‍ അരി വില്‍ക്കുന്ന തങ്ങള്‍ക്ക് ഇത്രയും ലാഭം കിട്ടില്ലെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.

  സീസണായതോടെ തമിഴ്നാട്ടില്‍നിന്നും അരിയും നെല്ലും സുലഭമായി എത്തുന്നുണ്ട്. വരവ് കൂടിയതിനെ തുടര്‍ന്ന് ജയ അരിയുടെ വിലയും താഴ്ന്നു. അതേസമയം ആന്ധ്ര മില്ലുടമകളുടെ ഗോഡൌണുകള്‍ നിറഞ്ഞുകിടക്കുകയാണെന്ന് കഴിഞ്ഞദിവസം വ്യാപാരാവശ്യാര്‍ഥം അവിടെ പോയ കൊല്ലം ജില്ലയിലെ പ്രമുഖ വ്യാപാരി മാധ്യമത്തോട് പറഞ്ഞു.

  ആന്ധ്രയിലെ മില്ലുകളില്‍ നിന്ന് നേരിട്ട് അരി കൊണ്ടുവരാനും വ്യാപാരികള്‍ ആലോചിക്കുന്നുണ്ട്. ഏജന്റുമാര്‍ അധികവില ഈടാക്കിയത് മില്ലുടമകളെ ബോധ്യപ്പെടുത്താനും മൊത്ത വ്യാപാരികള്‍ നീക്കം നടത്തുന്നുണ്ട്.

  3. അന്വേഷണം എസ്.എഫ്.ഐ നേതാക്കളെ കേന്ദ്രീകരിച്ച്
  കോട്ടയം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം അലങ്കോലപ്പെടുത്തിയത് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഔദ്യോഗിക വിഭാഗം ശ്രമം തുടങ്ങി. പുറത്താക്കപ്പെട്ട രണ്ട് എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. ഇവര്‍ വി.എസ്ഗ്രൂപ്പുമായി ബന്ധപ്പെട്ടവരാണത്രേ. കൂടാതെ കോട്ടയം മുന്‍സിപ്പാലിറ്റിയിലെ വി.എസ് അനുകൂലികളായ ചില കൌണ്‍സിലര്‍മാരും എസ്.എഫ് .ഐ നേതാവും റാലിക്കിടയില്‍ ഒത്തുകൂടി സംസാരിച്ചതും പരിശോധിക്കുന്നുണ്ട്.

  വീഡിയോ ചിത്രങ്ങള്‍ പരിശോധിക്കാനും സംഭവം അവലോകനം ചെയ്യാനും ഈമാസം 20ന് പ്രത്യേക ജില്ലാകമ്മിറ്റി വിളിച്ചിട്ടുണ്ട്. വീഡിയോ ചിത്രങ്ങള്‍ മറ്റ് ജില്ലാകമ്മിറ്റികള്‍ക്കും അയച്ചിട്ടുണ്ട്. കോട്ടയത്ത് എത്തിയ മറ്റ് ജില്ലക്കാരായ പ്രവര്‍ത്തകരാണോ പ്രശ്നമുണ്ടാക്കിയതെന്നും പരിശോധിക്കും.സംഭവത്തില്‍ ഉത്തരവാദികളായവരുടെ ഏകദേശചിത്രം പ്രത്യേക ജില്ലാകമ്മിറ്റിയില്‍ പുറത്തുവരുമെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്.

  പ്രതിനിധി സമ്മേളനം നടന്ന മാമ്മന്‍ മാപ്പിളഹാളിനു മുന്നില്‍ വി.എസ് എത്തിയപ്പോഴെല്ലാം ഒരുസംഘം മുദ്രാവാക്യം വിളിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ വി.എസിനെ ഗതാഗതം മുടക്കിയാണ് ഒരു വിഭാഗം വരവേറ്റത്. ഇതുകണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന നേതാവിനോട് പിണറായി വിജയന്‍ ആവശ്യപ്പെടിരുന്നു. ഇതിന്റെ വീഡിയോദൃശ്യവും ഔദ്യോഗിക വിഭാഗത്തിന്റെ പക്കലുണ്ട്. ബഹളം വെച്ചവരുടെ വീഡിയോ ചിത്രങ്ങള്‍ ഔദ്യോഗിക വിഭാഗം ശേഖരിച്ചതായാണ് അറിയുന്നത്. കൂടാതെ ടൌണില്‍ വഴിയാത്രക്കാരെ കൈയേറ്റം ചെയ്യുകയും മറ്റ് തടസ്സങ്ങള്‍ ഉണ്ടാക്കിയവരുടെയും വീഡിയോ ചിത്രങ്ങളുമുണ്ട്.

  സമ്മേളനദിവസം ഗതാഗതനിയന്ത്രണം മാത്രമാണ് പോലിസിനുണ്ടായിരുന്ന ജോലി. നേതാക്കളുടെ സംരക്ഷണവും മറ്റും റെഡ്വളണ്ടിയര്‍മാര്‍ക്കായിരുന്നു. പൊതുസമ്മേളനം നടന്ന സ്റ്റേഡിയത്തിനകത്തേക്ക് പോലിസ് പ്രവേശിച്ചിട്ടില്ല്ല. എങ്കിലും പോലിസ് പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക പക്ഷം അതൃപ്തി അറിയിച്ചതായിട്ടാണ് അറിയുന്നത്.

  4. കണക്കിലെ കളി: 2002 കോടി കൂടി പിഴിയാന്‍ വൈദ്യുതി ബോര്‍ഡ്
  തിരുവനന്തപുരം: തികച്ചും സാങ്കേതികമായി, കണക്കുകൊണ്ട് കളിച്ച് 2002 കോടി രൂപ കൂടി ഉപഭോക്താക്കളില്‍ നിന്ന് പിരിക്കാന്‍ വൈദ്യുതി ബോര്‍ഡ് നടപടി ആരംഭിച്ചു. അഞ്ച് വര്‍ഷം കൊണ്ട് ഇത്രയും തുക ഈടാക്കാന്‍ ലക്ഷ്യമിട്ട ബോര്‍ഡ് ഇതില്‍ 400 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി റഗുലേറ്ററി കമീഷന് സമര്‍പ്പിച്ച വരവ്ചെലവ് കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

  സര്‍ക്കാറും ബോര്‍ഡും തമ്മിലുള്ള കണക്കുകള്‍ തട്ടിക്കിഴിച്ചതും (നെറ്റിംഗ് ഓഫ്) ജനങ്ങളുടെ മുകളിലിടുകയാണ് ബോര്‍ഡ്. വൈദ്യുതി ബോര്‍ഡിന് മൂന്ന് ശതമാനം ലാഭമുണ്ടാകണമെന്നും അത് ഉണ്ടായില്ലെങ്കില്‍ ബോര്‍ഡിന് സര്‍ക്കാര്‍ അത്രയും തുക നല്‍കണമെന്നും 1948ലെ സപ്ലൈ ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാങ്കേതികമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പണം നല്‍കുന്ന പാരമ്പര്യം അധികമുണ്ടായിട്ടില്ല. ബോര്‍ഡിന്റെ കണക്കില്‍ എല്ലാവര്‍ഷവും ഈ പണം രേഖപ്പെടുത്തി വെക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സര്‍ക്കാറും ബോര്‍ഡും ചേര്‍ന്ന് ധാരണ ഉണ്ടാക്കി ഇപ്പോള്‍ ഇറക്കിയ ഉത്തരവ് പ്രകാരം 31^3^06 വരെയുള്ള കാലത്തേക്ക് ബോര്‍ഡും സര്‍ക്കാറും തമ്മിലുള്ള ബാധ്യതകള്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇത് പ്രകാരം 2002 കോടി രൂപ ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കണം. ഇത് എഴുതിത്തള്ളാന്‍ തീരുമാനിച്ചതോടെ ഈ പണം ബോര്‍ഡിന്റെ ചെലവായി കണക്കുകളില്‍ കാണിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ചെലവിനങ്ങളിലാണ് ഇതില്‍ 400 കോടി രൂപ ഉള്‍പ്പെടുത്തിയത്. ബാക്കി വരും വര്‍ഷങ്ങളില്‍ ഉള്‍പ്പെടുത്തും. ഫലത്തില്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനാണ് നീക്കം.

  എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവില്‍ മന്ത്രിസഭ ധാരണ അംഗീകരിക്കണമെന്നും ബോര്‍ഡിന് കമ്മി വന്നാല്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു സബ്സിഡിയും ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കിയില്ല. ഉത്തരവ് പ്രകാരം 2006 മാര്‍ച്ച് വരെ ബോര്‍ഡിന്റെ ലാഭം കാണിക്കാന്‍ സര്‍ക്കാര്‍ 4000 കോടി രൂപയാണ് നല്‍കേണ്ടത്. ഇതിന് പുറമെ 1992ന് മുമ്പത്തെ താരിഫ് പ്രകാരം വ്യവസായങ്ങള്‍ക്ക് അഞ്ച് കൊല്ലം നല്‍കിയ സബ്സിഡി 387 കോടിയുണ്ട്. ഇതടക്കം ബോര്‍ഡ് സര്‍ക്കാറിന് നല്‍കാനുള്ള മൊത്തം തുക 4455 കോടി രൂപയാണ്. ബോര്‍ഡ് വൈദ്യുതി ഡ്യൂട്ടി ഇനത്തില്‍ 1692 കോടി രൂപയും ഗ്യാരന്റി കമീഷന്‍ എന്ന നിലയില്‍ 39 കോടിയും സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള വായ്പയായി 177 കോടിയും സംസ്ഥാന സര്‍ക്കാര്‍ വായ്പക്കുള്ള പലിശയായി 373 കോടിയും നല്‍കണം. ഇത് ആകെ 2483 കോടി രൂപയാണ്. ഇത് തട്ടിക്കിഴിച്ച ശേഷം 2002 കോടി രൂപ ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇതാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചതും അത് ചെലവിനത്തില്‍ ബോര്‍ഡ് കണക്കിലെഴുതാന്‍ ആരംഭിച്ചതും.

  അടുത്ത വര്‍ഷത്തേക്ക് മൊത്തം 854.69 കോടി രൂപയുടെ കമ്മിയാണ് വൈദ്യുതി ബോര്‍ഡ് കാണിച്ചിരിക്കുന്നത്. ഇതില്‍ 400 കോടി രൂപ നെറ്റിംഗ് ഓഫ് വഴി വന്നതാണ്. ഡിപ്രീസിയേഷന്‍ ഇനത്തിലും വന്‍തുകയാണ് ബോര്‍ഡ് കാണിച്ചത്. ഇപ്പോള്‍ നിലവിലില്ലാത്ത 48ലെ സപ്ലൈ ആക്ട് പ്രകാരം 460 കോടി ഡിപ്രീസിയേഷന്‍ കാണിച്ചു. എന്നാല്‍ 2003ലെ കേന്ദ്ര നിയമപ്രകാരം 260 കോടി രൂപ മാത്രമേ ഈ ഇനത്തില്‍ വരികയുള്ളൂ. 200 കോടിയോളം അധികമാണ് ബോര്‍ഡ് കാണിച്ചത്. അടുത്ത കൊല്ലത്തേക്ക് 1904 ദശലക്ഷം യൂനിറ്റ് വൈദ്യുതി കായംകുളത്ത് നിന്ന് വാങ്ങേണ്ടി വരുമെന്നും ഇതിന് 827 കോടി രൂപ വേണമെന്നും കാണിച്ചിട്ടുണ്ട്.

  ഇതും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അതുകൊണ്ടു തന്നെ ബോര്‍ഡ് കമ്മിയുണ്ടാക്കാന്‍ കാണിച്ചിരിക്കുന്നതില്‍ പലതും സാങ്കേതികമായി ഉണ്ടാക്കിയതാണ്.
  ബോര്‍ഡ് എ.ആര്‍.ആറില്‍ കാണിച്ചിരിക്കുന്ന കമ്മിക്ക് പുറമെ 2005^06ലെ ഡ്യൂയിംഗ് അപ്പ് പ്രകാരം (എ.ജി. അംഗീകരിച്ച കണക്കും റഗുലേറ്ററി കമീഷന്‍ അംഗീകരിച്ച കണക്കും തമ്മില്‍ ഉണ്ടായ വ്യത്യാസം) 145 കോടി രൂപ കൂടി അടുത്ത വര്‍ഷം നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്്.

  പെരുപ്പിച്ച് കാട്ടിയ കമ്മി റഗുലേറ്ററി കമീഷന്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അംഗീകരിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കും.

  5. നെല്‍വയല്‍ സംരക്ഷണ ബില്ലിലെ വ്യവസ്ഥകള്‍ ഭൂ മാഫിയക്കുവേണ്ടിയെന്ന് ആക്ഷേപം
  കൊച്ചി: ഭൂ മാഫിയയെ സഹായിക്കാനുദ്ദേശിച്ചുള്ളതെന്ന് ആരോപണമുയര്‍ന്ന നെല്‍വയല്‍^നീര്‍ത്തട സംരക്ഷണ ബില്‍ വിവാദവ്യവസ്ഥകള്‍ ഒഴിവാക്കാതെ നിയമമാക്കാന്‍ നീക്കം. ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ കര്‍ഷകന്റെ കൈയില്‍ അവശേഷിക്കുന്ന ഭൂമിയും പിടിച്ചെടുക്കാനുദ്ദേശിച്ചുള്ളതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

  നെല്‍വയല്‍ നികത്തലും പരിവര്‍ത്തനപ്പെടുത്തലും നിരോധിക്കുന്ന ബില്ലില്‍ പൊതുആവശ്യത്തിനാണെങ്കില്‍ ഇത് അനുവദനീയമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ബഹുരാഷ്ട്ര കുത്തകകള്‍ സ്പെഷല്‍ അഗ്രികള്‍ച്ചറല്‍ സോണുകള്‍ക്കായി കരു നീക്കുമ്പോഴാണ് പുതിയ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കാനിരിക്കുന്നത്.

  നെല്‍വയലുകള്‍ തരിശിട്ടാല്‍ പിടിച്ചെടുക്കാന്‍ കലക്ടര്‍ക്ക് സര്‍വ സ്വാതന്ത്യ്രവും നല്‍കുന്ന ബില്ലില്‍, മറ്റ് കൃഷിയിലേക്ക് മാറിയാല്‍ കര്‍ഷകനില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴയീടാക്കാനും മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കാനുമുള്ള വ്യവസ്ഥയുണ്ട്. കടക്കെണിയും ഉല്‍പന്നങ്ങളുടെ വിലയില്ലായ്മയും മൂലം കൃഷിയിറക്കാന്‍ കഴിയാത്ത കര്‍ഷകനില്‍ നിന്നാണ് ഇപ്രകാരം ഭൂമി പിടിച്ചെടുക്കുന്നത്. കൃഷിയിറക്കാത്തതും നടപ്പുകൃഷിയിറക്കുകാലത്ത് കൃഷിയിറക്കാന്‍ സാധ്യതയില്ലെന്ന് കലക്ടര്‍ക്ക് തോന്നുന്നതുമായ ഭൂമി പിടിച്ചെടുക്കാം. മാത്രമല്ല വേണമെങ്കില്‍ ബലപ്രയോഗം നടത്താമെന്നും വ്യവസ്ഥയുണ്ട്.

  നിയമത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ സര്‍ക്കാറിനെതിരെയോ ഉദ്യോഗസ്ഥര്‍ക്കെതിരെയോ സിവില്‍ കോടതിയെ സമീപിക്കാന്‍ പോലും കര്‍ഷകനാകില്ല. ജനാധിപത്യ വിരുദ്ധമായ ഈ നിര്‍ദേശങ്ങള്‍ കുത്തകകളെ സഹായിക്കാനാണെന്നാണ് ആരോപണം.

  പ്രത്യേക സാമ്പത്തിക മേഖലകളും കാര്‍ഷിക മേഖലകളും സ്ഥാപിക്കാന്‍ കുത്തകകള്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭൂമി പിടിച്ചെടുക്കലിന് അവസരം വര്‍ധിപ്പിക്കുന്ന നിയമം കൊണ്ടുവരുന്നത്. പിടിച്ചെടുക്കുന്ന ഭൂമി ഭൂബാങ്കിലേക്ക് മുതല്‍ കൂട്ടുമെന്ന് റവന്യൂ മന്ത്രി പ്രഖ്യാപിച്ചിരുന്നു. പൊതുആവശ്യത്തിനെന്നപേരില്‍ പിടിച്ചെടുക്കുന്ന ഭൂമി കൃഷി അധിഷ്ഠിത മൂലധന നിക്ഷേപകര്‍ക്ക് കൈമാറും എന്നാണ് സൂചന.

  നെല്‍വയല്‍ സംരക്ഷിക്കപ്പെടാത്തത് നിയമം നടപ്പാക്കാത്തതുകൊണ്ടാണെന്ന് കര്‍ഷക പ്രതിരോധ സമിതി പ്രസിഡന്റ് ഡോ. ഡി. സുരേന്ദ്രനാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേരള ഭൂവിനിയോഗ നിയമ പ്രകാരം കൃഷി ഭൂമി നികത്തല്‍ ഫലപ്രദമായി തടയാം. പക്ഷേ, ഇത് മറച്ചുവെച്ച് കര്‍ഷക വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍ച്ചേര്‍ത്ത് ബില്‍ കൊണ്ടുവന്നതുതന്നെ സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

  6. അധ്യാപകരെ വിദ്യാഭ്യാസേതര ജോലികള്‍ക്ക് നിയോഗിക്കരുത്: വിജ്ഞാന കമീഷന്‍
  ന്യൂദല്‍ഹി: അധ്യാപകരെ തെരഞ്ഞെടുപ്പുജോലികള്‍ പോലുള്ള വിദ്യാഭ്യാസേതര ജോലികള്‍ക്ക് നിയോഗിക്കുന്നത് ശരിയല്ലെന്ന് ദേശീയ വിജ്ഞാന കമീഷന്‍. തൊഴിലുമായി ബന്ധമില്ലാത്ത ജോലികളില്‍ അധ്യാപകരെ നിയമിക്കുന്നത് അവരുടെ അധ്യാപന സമയം അപഹരിക്കുകയും അന്തസ്സിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു ജോലികള്‍, സര്‍വേകള്‍ മുതലായവക്ക് തൊഴില്‍ രഹിതരെയും സര്‍വീസില്‍നിന്നു വിരമിച്ചവരെയും ഉപയോഗിക്കണമെന്നാണ് കമീഷന്റെ നിര്‍ദേശം.

  ഒരു തൊഴില്‍ എന്ന നിലയില്‍ അധ്യാപനത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കപ്പെടണം. അതേസമയം, അധ്യാപകരുടെ പ്രതിബദ്ധത ഉറപ്പാക്കാന്‍ സുതാര്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കുകയും വേണം. സ്വകാര്യ സ്കൂളുകളിലെ ഫീസ് ഏകീകരിക്കുകയും പ്രവേശന പ്രക്രിയ സുതാര്യമാക്കുകയും വേണം. കമീഷന്‍ തയാറാക്കിയ കുറിപ്പ് പറയുന്നു.

  യോഗ്യരായ അധ്യാപകരെ നിയമിക്കാനും നന്നായി ജോലി ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കാനും നടപടികള്‍ അത്യാവശ്യമാണ്. സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും പാഠ്യ വിഷയങ്ങളില്‍ മിനിമം നിലവാരം പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ദേശീയ നിരീക്ഷണ ഏജന്‍സി ഉണ്ടാവണമെന്ന സുപ്രധാന നിര്‍ദേശവും കമീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സുതാര്യമായ പ്രവേശന നടപടികള്‍, ഫീസ് ഘടനയുടെ നിയന്ത്രണം, അധ്യാപനത്തിന്റെയും അടിസ്ഥാന സൌകര്യങ്ങളുടെയും പരിപാലനം എന്നിവ സ്വകാര്യ സ്കൂളുകളില്‍ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ഭാഷയും ആശയ വിനിമയ ശേഷിയും മെച്ചപ്പെടുത്തല്‍, ഗണിത പഠനം, സ്വയം പഠനം എന്നിവയിലാകണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഊന്നലെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു.

  സെക്കന്‍ഡറിതല വിദ്യാഭ്യാസം കൂടുതല്‍ പ്രസക്തമാക്കാനും കൊഴിഞ്ഞുപോക്ക് തടയാനും ഈ ഘട്ടത്തില്‍ തൊഴില്‍ കേന്ദ്രീകൃത വിദ്യാഭ്യാസം ആണ് വേണ്ടത്. ഇന്നത്തെ പരീക്ഷാ രീതിയോട് കമീഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഓര്‍മശക്തി പരിശോധിക്കുന്ന ഇന്നത്തെ രീതിക്ക് പകരം കാര്യങ്ങള്‍ മനസിലായോ എന്ന് പരിശോധിക്കുന്ന പരീക്ഷാ രീതിയിലേക്ക് മാറണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

  7. എം.എന്‍.എസ് ഭീഷണി: ഉത്തരേന്ത്യക്കാര്‍ ഒഴിച്ചുപോവുന്നു; നാസിക്കില്‍ വന്‍ നഷ്ടം
  മുംബൈ: ഉത്തരേന്ത്യക്കാര്‍ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ മുറിവുണങ്ങാതെ നാസിക്.

  രാജ് താക്കറെയുടെ പ്രകോപനപരമായ പ്രസ്താവനയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏറ്റവും നഷ്ടമുണ്ടായത് നാസിക്കിലാണ്. എം.എന്‍.എസുകാരെ ഭയന്ന് ജീവനില്‍ കൊതിയുമായി ഉത്തരേന്ത്യക്കാര്‍ നാടുപിടിച്ചതോടെ തൊഴിലാളികളില്ലാതെ കുഴങ്ങുകയാണ് നാസിക്കിലെ കര്‍ഷകരും വ്യവസായ പ്രമുഖരും.

  ആറായിരത്തിലേറെ ഉത്തരേന്ത്യക്കാരാണ് എം.എന്‍.എസിന്റെ ശക്തി കേന്ദ്രമായ നാസിക്കില്‍ നിന്ന് പലായനം ചെയ്തത്. ശമ്പള കുടിശãിക പോലും കൈപ്പറ്റാന്‍ കാത്തുനില്‍ക്കാതെയാണ് ഇവര്‍ പോയത്. ആരോഗ്യ പ്രശ്നങ്ങള്‍ പോലും വകവെക്കാതെയായിരുന്നു ബോഗികളില്‍ കുത്തിനിറച്ച യാത്ര. പ്രസവമടുത്ത സ്ത്രീ പോലും കിട്ടിയ ട്രെയിനില്‍ നാടുപിടിക്കാന്‍ ശ്രമിക്കുകയും ട്രെയിനില്‍ പ്രസവിക്കുകയും ചെയ്തത് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  ഉള്ളി തോട്ടങ്ങളും മുന്തിരി തോപ്പുകളും ധാരാളമുള്ള നാസിക്കില്‍ തൊഴിലാളികളുടെ അഭാവം കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. വൈന്‍ ഉല്‍പാദനത്തിന്റെയും കേന്ദ്രമാണ് നാസിക്. പതിനായിരത്തിലേറെ ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കലും മഹീന്ദ്രയും പോലുള്ള 200 ലേറെ വന്‍ വ്യവസായ ശാല യൂനിറ്റുകളും ഇവിടെയുണ്ട്. തൊഴിലാളികളുടെ അഭാവം മൂലം ഉല്‍പാദനത്തില്‍ 40 ശതമാനത്തിലേറെ ഇടിവാണ് വ്യവസായ മേഖല അഭിമുഖീകരിക്കുന്നത്. ഇവിടത്തെ ചെറുകിട വ്യവസായത്തെ ആശ്രയിക്കുന്ന മുംബൈ^പൂനെ നഗരങ്ങളിലെ വന്‍ വ്യവസായ സ്ഥാപനങ്ങളും ഉല്‍പന്നങ്ങള്‍ ലഭിക്കാതെ കുഴങ്ങുകയാണ്. ശേഷിക്കുന്ന ഉത്തരേന്ത്യക്കാരില്‍ നല്ലൊരു ശതമാനം ഭയം മൂലം ജോലിക്ക് പോകുന്നില്ല.

  8. ഗാര്‍ഹിക പീഡനങ്ങളില്‍ 75 ശതമാനവും പുറത്തുവരുന്നില്ല
  മനാമ: വിവാഹിതരായി 10 വര്‍ഷത്തിനിടെ വീടുകളിലുണ്ടാകുന്ന പീഡനങ്ങളില്‍ 75 ശതമാനവും പരാതിയായി പുറത്തുവരുന്നില്ല. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിനിടെയാണ് 31നും 40നും മധ്യേ പ്രായക്കാരായവര്‍ കൂടുതല്‍ പീഡനത്തിനിരയാകുന്നത്. നിശãബ്ദരായി അവര്‍ സഹിക്കുകയാണ് ചെയ്യുന്നത്. ഇത് ശാരീരികമായ അസുഖങ്ങള്‍ക്കും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനും അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്നും പഠനം തെളിയിക്കുന്നു. ഈസ ടൌണിലെ ചില്‍ഡ്രന്‍ ആന്റ് മദേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ നടന്ന രണ്ടുദിവസം നീളുന്ന സമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്.

  ഈ നിശബ്ദതയുടെ കാലാവധി കൂടിവരികയാണെന്നും ഇത് കുടുംബ ഛിദ്രത വര്‍ധിപ്പിക്കുന്നതായും ബറ്റല്‍കോ സെന്റര്‍ ഫോര്‍ വയലന്‍സ് വിക്റ്റിംസിന്റെ പ്രസിഡന്റും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഡോ. ബന്ന ബൂ സബൂന്‍ വ്യക്തമാക്കി. കുടുംബം ശിഥിലമാകേണ്ടയെന്ന ചിന്തയും കരുത്തരല്ലെന്ന കാരണവും കുട്ടികളെ നഷ്ടമാകുമെന്ന ആശങ്കയുമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. 2005 ആഗസ്റ്റിനും 2006 മെയ്ക്കുമിടയില്‍ സെന്ററില്‍ ചികില്‍സക്കെത്തിയ വിവാഹിതരും വിവാഹമോചിതരുമായ 450 പേരെയാണ് പഠന വിധേയമാക്കിയത്. ഇതില്‍ 233 പേര്‍ 31നും 40 വയസ്സിനും ഇടയില്‍ പ്രായക്കാരാണ്. നാലിലൊന്ന് പേര്‍ 21നും 30 നുമിടയില്‍ പ്രായക്കാരാണ്.

  രാജാവിന്റെ പത്നിയും വനിത സുപ്രീം കൌണ്‍സില്‍ ചെയര്‍പേഴ്സണുമായ ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടിയില്‍ രാജ്യത്തെയും തുണീഷ്യ, അമേരിക്ക എന്നിവിടങ്ങളിലെയുമടക്കം 180 പ്രതിനിധികളാണ് പങ്കെടുത്തത്. ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയും ഇത് തടയാന്‍ സര്‍ക്കാര്‍, ജനകീയ സമിതികളെ പ്രോല്‍സാഹിപ്പിക്കുകയുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തില്‍ കുടുംബങ്ങളിലെ പീഡനങ്ങള്‍ ഒരു മുഖ്യഘടമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സൊസൈറ്റി ജനറല്‍ സെക്രട്ടറി ശൈഖ ഹിന്ദ് ബിന്‍ത് സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി.

  നേരത്തെ പോലിസിലോ ആശുപത്രിയിലോ ആയിരുന്നു ഇത്തരം പരാതികള്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബോധവത്കരണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ സര്‍ക്കാരേതര സംഘടനകളെയും ആശ്രയിക്കുന്നുണ്ട്. ദേഷ്യം നിയന്ത്രിക്കുന്നതിനെകുറിച്ച ആവശ്യമായ അറിവു പകരേണ്ടത് ആവശ്യമാണെന്നും ഇത് കൂടുതല്‍ സഹായം നല്‍കുമെന്നും അവര്‍ പറഞ്ഞു.

  നിയമ സംവിധാനങ്ങള്‍ ഗാര്‍ഹിക പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് നിലവില്‍ പര്യാപ്തമല്ലെന്നും അതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും വനിത സുപ്രീം കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ലുല്‍വ അവാധി പറഞ്ഞു.
  കുടുംബത്തിലെ ഇത്തരം അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുന്നതിന് മാധ്യമങ്ങള്‍ക്കും കാര്യമായ പങ്ക് വഹിക്കാനുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യു.എന്‍. ഡെവലപ്മെന്റ് പ്രോഗ്രാമിലെ വിദഗ്ധരടക്കം 100 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

  1. ഐസ്ക്രീം കേസ്:സര്‍ക്കാരിന്റെ ഹര്‍ജി തള്ളി
  ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി ശ്രീദേവി ഉള്‍പ്പെടെ 16 പ്രതികളെ വിട്ടയച്ച വിചാരണക്കോടതി നടപടി ശരിവച്ചുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ തക്കതായ വാദങ്ങള്‍ സര്‍ക്കാരിന്റെ ഹര്‍ജിയിലില്ലെന്നു ജഡ്ജിമാരായ ബി.എന്‍.അഗര്‍വാള്‍, ജി.എസ്. സിങ്വി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.ഹൈക്കോടതി ഉത്തരവിനെതിരെ ‘അന്വേഷി പ്രസിഡന്റ് അജിത നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി കഴിഞ്ഞ മാസം 15ന് ഇതേ ബെഞ്ച് പരിഗണിച്ചിരുന്നു.

  അപ്പീല്‍ നല്‍കാനുദ്ദേശിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അന്നു വ്യക്തമാക്കി. തുടര്‍ന്ന് അജിതയുടെ ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി. ഈ ഹര്‍ജി ഇനി ഏപ്രില്‍ 15നു പരിഗണിച്ചേക്കും. എന്നാല്‍, സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഈ ഹര്‍ജി നിലനില്‍ക്കാനുള്ള സാധ്യത നിയമവൃത്തങ്ങള്‍ തള്ളിക്കളഞ്ഞു.ഇന്നലെ ഹര്‍ജി ഹരിഗണിച്ചപ്പോള്‍, അന്വേഷിയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കുന്നതു സംബന്ധിച്ചു കത്തു നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആര്‍. സതീഷ് വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമല്ലേ ഇതേ വിഷയത്തിലുള്ള മറ്റു ഹര്‍ജികള്‍ പരിശോധിക്കേണ്ടതുള്ളൂവെന്നു കോടതി ചോദിച്ചു.

  മറ്റു ഹര്‍ജിക്കാര്‍ക്കല്ല, പ്രോസിക്യൂഷന്‍ എന്ന നിലയില്‍ സര്‍ക്കാരിനാവും കൂടുതല്‍ തെളിവുകളും മറ്റുമുണ്ടാവുക.കോടതി വാക്കാല്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കു സര്‍ക്കാര്‍ അഭിഭാഷകന്റെ ഭാഗത്തുനിന്നു കാര്യമായ മറുപടിയുണ്ടായില്ല. കഴിഞ്ഞ മാസം അന്വേഷിയുടെ ഹര്‍ജി പരിഗണിച്ചപ്പോള്‍, സര്‍ക്കാരും അപ്പീല്‍ നല്‍കുന്നുണ്ടെന്നു വ്യക്തമാക്കാന്‍ മാത്രമായി സര്‍ക്കാര്‍ അഭിഭാഷകനൊപ്പം ജെ.സി. ഗുപ്തയെന്ന സീനിയര്‍ അഭിഭാഷകനും ഹാജരായിരുന്നു. എന്നാല്‍, ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സീനിയര്‍ അഭിഭാഷകന്‍ ഇല്ലായിരുന്നുവെന്നതു ശ്രദ്ധേയമായി.

  എതിര്‍കക്ഷികള്‍ക്കു വേണ്ടി ഹാരീസ് ബീരാന്‍, എം.ആര്‍. രമേശ് ബാബു, എ. രഘുനാഥ് എന്നിവര്‍ ഹാജരായി.സാക്ഷികള്‍ കൂറുമാറിയ കേസായതിനാല്‍ ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്നാണു ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 51 സാക്ഷികളില്‍ ഒരാളൊഴികെ എല്ലാവരും കൂറുമാറിയ കേസില്‍ തെളിവു നിയമത്തിലെ 165-ാം ചട്ടമനുസരിച്ചു സാക്ഷികളെ ചോദ്യംചെയ്യാനുള്ള അധികാരം വിചാരണക്കോടതി വിനിയോഗിച്ചിട്ടില്ല. പീഡനത്തിനിരയായവരും സാക്ഷികളുമായ സ്ത്രീകളെ പ്രതികള്‍ വിലയ്ക്കെടുക്കുകയായിരുന്നു. പീഡനത്തിനിരയായവര്‍ക്കു സാമ്പത്തിക സ്ഥിതിയില്‍ പെട്ടെന്നുണ്ടായ പുരോഗതിയെക്കുറിച്ചു പരിശോധിക്കുന്നതില്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വീഴ്ചവരുത്തിയെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിച്ചു.

  ‘ഐസ്ക്രീം പാര്‍ലര്‍ കേസ്: ഉചിതമായ നടപടിയെടുക്കും

  കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസിലെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള സൂപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ പഠിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

  നീതിക്കായി ഏതറ്റംവരെ പോകാനും തയാറെന്ന് അജിത

  കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നീതിക്കു വേണ്ടി ഏതറ്റംവരെ പോകാനും തയാറാണെന്ന് അന്വേഷി പ്രസിഡന്റ് കെ.അജിത. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് താന്‍ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളതെന്നും അജിത വ്യക്തമാക്കി. ഈ കേസില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സംസ്ഥാന സര്‍ക്കാരിനും ഏറെ താല്‍പര്യമുണ്ട്. എന്നാല്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന കളികളെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും അജിത പറഞ്ഞു.

  2. സംഘടനാശേഷികൊണ്ടു കളിക്കേണ്ട: ട്രേഡ് യൂണിയനുകളോടു സിപിഎം
  തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ സംഘടനാശേഷി ദുര്‍വിനിയോഗം ചെയ്യുന്നുവെന്നു സിപിഎം സമ്മതിക്കുന്നു. ഇൌ പ്രവണത തിരുത്തണമെന്നാണു തൊഴിലാളി നേതൃത്വങ്ങളോടുള്ള കോട്ടയം സമ്മേളനത്തിന്റെ നിര്‍ദേശം. ചുമട്, ചെത്ത്-മദ്യവ്യവസായം, നിര്‍മാണം, പോര്‍ട്ട് തുടങ്ങിയ മേഖലകളില്‍ തൊഴിലാളി യൂണിയനുകള്‍ കാട്ടുന്ന ഉരുക്കുമുഷ്ടി അവസാനിപ്പിക്കണമെന്നു പാര്‍ട്ടിക്കു പറയേണ്ടിവന്നിരിക്കുകയാണ്. ഇവിടെയെല്ലാം സംഘടനാക്കരുത്ത് ഉപയോഗിച്ചു നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍, പാര്‍ട്ടിക്കും സിഐടിയുവിനുമുണ്ടാകുന്ന മതിപ്പിനു കുറവു വരുത്തുന്നുവെന്നും തിരുത്തലുകള്‍ ആവശ്യമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

  ട്രേഡ് യൂണിയന്‍ മുന്നണിയെക്കുറിച്ചു സംസ്ഥാന സമ്മേളനം അംഗീകരിച്ച രേഖയിലാണ് അവയുടെ പ്രവര്‍ത്തനശൈലിക്കെതിരെ നിശിത വിമര്‍ശനം. ചുമട്ടു രംഗത്തെ നോക്കുകൂലി, അമിതമായ കൂലിവാങ്ങല്‍, ചെത്ത്- മദ്യവ്യവസായരംഗത്തെ ചില അരാജക പ്രവണതകള്‍, നിര്‍മാണ- മണല്‍ മേഖലയിലെ തെറ്റായ സമീപനങ്ങള്‍ എന്നിവ സംഘടനാശേഷിയുടെ ദുര്‍വിനിയോഗമായി പാര്‍ട്ടി എടുത്തുകാട്ടുന്നു. ‘വിപ്ളവ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരാണെന്ന ധാരണയില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം സമൂഹത്തിനു മാതൃകയാകണം. പോരായ്മകള്‍ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം -പാര്‍ട്ടി ആവശ്യപ്പെടുന്നു. സിഐടിയുവും പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണമെന്നും സമ്മേളനം നിര്‍ദേശിച്ചു.

  മിക്ക യൂണിയനുകളും കമ്മിറ്റികളും ചട്ടപ്പടി പ്രവര്‍ത്തനം മാത്രമാണു നടത്തുന്നത്. നിശ്ചയിക്കുന്ന പ്രവര്‍ത്തകര്‍ ഇൌ രംഗത്തുനിന്നുതന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന പരിശോധന നടക്കാറില്ല. പല പാര്‍ട്ടി കമ്മിറ്റികളും സഖാക്കളും ട്രേഡ് യൂണിയനുകളെ ഇപ്പോഴും കൈകാര്യം ചെയ്യുന്നതു പാര്‍ട്ടിയുടെ കീഴ്സംഘടനകളാണെന്ന നിലയ്ക്കാണ്. നേതൃത്വത്തിലിരിക്കുന്ന പല സഖാക്കളും യൂണിയന്‍ പ്രവര്‍ത്തനത്തില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല.
  സ്വാധീനം വര്‍ധിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ ബോധനിലവാരത്തില്‍ മാറ്റമുണ്ടാക്കുന്നതിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്നു പരിശോധിക്കണം. അവരുടെ ഭാഗത്തു നിന്നു തെറ്റായ സമീപനമുണ്ടായാല്‍ തിരുത്തിക്കാനും കഴിയണം. സിഐടിയുവിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതില്‍ വീഴ്ചകളുണ്ടെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

  ഭരണത്തിലിരിക്കുന്ന വേളയിലാണു ട്രേഡ് യൂണിയനുകള്‍ക്കെതിരെ ഇൌ നിലയ്ക്കുള്ള വിമര്‍ശനം സമ്മേളനത്തില്‍ നടത്താന്‍ പാര്‍ട്ടി തയാറാകുന്നത് എന്നതു ശ്രദ്ധേയമാണ്. ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ അനുബന്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അടങ്ങുന്ന രേഖയും സമ്മേളനം അംഗീകരിച്ചു. ഇരു സംഘടനകളേയും പൊതുവില്‍ മതിപ്പോടെയാണു പാര്‍ട്ടി കാണുന്നത്.

  3. ബിസ്കറ്റ് ടിന്നില്‍ ഒളിപ്പിച്ചു കടത്തിയ ഹോളിവുഡ് സിനിമാ സിഡികള്‍ പിടികൂടി
  കൊണ്ടോട്ടി: അനധികൃതമായി കടത്തിയ ഹോളിവുഡ് സിനിമകളുടെ 570 സിഡികള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ക്വാലലംപൂരില്‍നിന്ന് കോഴിക്കോട്ടേക്കു വന്ന ചെന്നൈ സ്വദേശിയില്‍നിന്നാണ് 1.14 ലക്ഷം രൂപ വിലവരുന്ന സിഡികള്‍ പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 8.35നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ ചെന്നൈ മുകിയില്‍പേട്ട് കൃഷ്ണന്‍കോവില്‍ സ്ട്രീറ്റ് ഉമര്‍ സീനി ഹാജ മുഹമ്മദി(35)ന്റെ ലഗേജില്‍നിന്നാണ് സിഡികള്‍ പിടിച്ചെടുത്തത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് 1.14 ലക്ഷം രൂപ വിലവരും. ബിസ്കറ്റ് ടിന്നുകളുടെ അടിഭാഗത്ത് സിഡികളും മുകളില്‍ ബിസ്കറ്റും നിറച്ചാണ് കൊണ്ടുവന്നത്. സോപ്പുപൊടി ടിന്നുകളിലും സിഡികള്‍ ഉണ്ടായിരുന്നു. തീരുവയും പിഴയും ഉള്‍പ്പെടെ 46,000 രൂപ ചുമത്തി.

  4. ആന്ധ്രയില്‍ കര്‍ഷകരുടെ സമ്മര്‍ദം: അരിവില കുറയാനിടയില്ല
  കൊട്ടാരക്കര: നെല്ലിനു താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും കര്‍ഷകരുടെ കൂട്ടായ സമ്മര്‍ദം. വില ഉയര്‍ത്താത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്താനാണു തീരുമാനം. ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്നാണു സൂചന. ഇതോടെ അരി വില കുറയാനുള്ള സാധ്യതകള്‍ വിരളമായി. താങ്ങുവില ക്വിന്റലിന് 1,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതാണ് ആവശ്യം. നിലവില്‍ താങ്ങുവില 700 രൂപയാണ്. താങ്ങുവില വര്‍ധിപ്പിക്കാന്‍ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളാണു സമരങ്ങള്‍ക്കു പിന്നില്‍. ഗോതമ്പിന്റെ താങ്ങുവില 1,000 രൂപയാക്കി വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണു നെല്‍കര്‍ഷകരും സമ്മര്‍ദതന്ത്രം രൂപപ്പെടുത്തിയത്. അടുത്ത സീസണിലേക്കുള്ള നെല്ല് ആന്ധ്രയില്‍ വിളഞ്ഞു തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ പതിനഞ്ചോടെ കൊയ്ത്ത് ആരംഭിക്കുമെന്നാണു സൂചന. അതിനു മുന്‍പായി താങ്ങുവില ഉയര്‍ത്തുമെന്നാണു പ്രതീക്ഷ. നെല്‍കര്‍ഷകരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായും സൂചനയുണ്ട്.

  5. പൊലീസിനെതിരെ അക്രമം: പഞ്ചായത്ത് പ്രസിഡന്റിനെ ഉള്‍പ്പെടെ റിമാന്‍ഡ് ചെയ്തു
  ഒറ്റപ്പാലം: എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷത്തിനിടെ പൊലീസിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചെന്ന കേസില്‍ വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ. മുഹമ്മദാലി ഉള്‍പ്പെടെ എട്ടു സിപിഎം പ്രവര്‍ത്തകരെ കോടതി ഒരു ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയപ്പോഴാണ് റിമാന്‍ഡിന് ഉത്തരവിട്ടത്. വല്ലപ്പുഴയിലെ സിപിഎം പ്രവര്‍ത്തകരായ അബ്ദുല്‍ നാസര്‍, ഇബ്രാഹിം, ഷാജഹാന്‍, ദാസന്‍, അബ്ദുല്‍ അലി, അബ്ദുല്‍ സലിം, മണികണ്ഠന്‍ എന്നിവരാണ് പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം റിമാന്‍ഡിലായത്.

  ഇവരുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ടു കോടതി ഇന്നു പരിഗണിക്കും. ഒക്ടോബര്‍ ഏഴിനു വൈകിട്ടാണ് വല്ലപ്പുഴ കുറുവട്ടൂരില്‍ ഒറ്റപ്പാലം സിഐ ഒ.കെ. ശ്രീരാമന്‍, ഷൊര്‍ണൂര്‍ എസ്ഐ പി.വി. രമേഷ് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘത്തിനു നേരെ ആക്രണമുണ്ടായത്. എല്‍ഡിഎഫ്, യുഡിഎഫ് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്തു യുഡിഎഫ് പ്രകടനത്തിനു നേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിച്ച പൊലീസിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു പരുക്കേല്‍പ്പിച്ചെന്നാണു കേസ്. പ്രാദേശിക സിപിഎം നേതാക്കളുള്‍പ്പെടെ 17 പേര്‍ക്കെതിരെയാണു കേസെടുത്തിരുന്നത്. ഇവരില്‍ ഒന്‍പതു പേര്‍ക്കു നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

  6. തമിഴ് പഠനത്തിനെതിരെ മലയാളികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
  ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്കു തമിഴ് പഠനം നിര്‍ബന്ധിതമാക്കി സംസ്ഥാന ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവു ചോദ്യംചെയ്ത് കന്യാകുമാരി ജില്ലാ മലയാളി സമാജവും നായര്‍ സര്‍വീസ് സൊസൈറ്റിയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തേ മദ്രാസ് ഹൈക്കോടതി പരാതി തള്ളിയിരുന്നു.

  സര്‍ക്കാര്‍ ഉത്തരവ് തമിഴ്നാട്ടില്‍ ഭാഷാന്യൂനപക്ഷക്കാരായ ഹര്‍ജിക്കാരുടെ മൌലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന വാദം ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും ജസ്റ്റിസ് ആര്‍.വി. രവീന്ദ്രനും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചു.

  7. പിടിവാശി തുടരുന്നു; സ്വതന്ത്ര വ്യാപാര കരാര്‍ വൈകും
  ന്യൂഡല്‍ഹി: ദുര്‍ബല പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ഉല്‍പന്നങ്ങളെക്കുറിച്ചു യൂറോപ്യന്‍ രാജ്യങ്ങളുടെ പിടിവാശി തുടരുന്നതിനാല്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വൈകും. ഇതു കേരളത്തിന് തല്‍ക്കാലം ആശ്വാസകരമാണെങ്കിലും ഭീഷണി പൂര്‍ണമായി ഒഴിവായിട്ടില്ല.

  അന്തിമ പട്ടിക ഇന്ത്യയും തയാറാക്കിയിട്ടില്ല. ഇതില്‍ സംസ്ഥാനത്തെ സമുദ്രോല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കേരളത്തിനു ഭീഷണിയാണ് യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍. ഈ വര്‍ഷം മധ്യത്തോടെ അന്തിമ കരാര്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

  ഇറക്കുമതിക്കു തീരുവ, അളവു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇരുകക്ഷികള്‍ക്കും അധികാരം നല്‍കുന്നതാണ് ദുര്‍ബല ഉല്‍പന്നപ്പട്ടിക. കേരളത്തിലെ മുഴുവന്‍ മത്സ്യോല്‍പന്നങ്ങളേയും പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം കേന്ദ്ര വാണിജ്യ മന്ത്രാലയം ഇതുവരെ പരിഗണിച്ചിട്ടില്ല. കേരളത്തിലെ പ്രധാന നാല്‍പതു മത്സ്യ ഇനങ്ങളെ ദുര്‍ബല ഉല്‍പന്ന പട്ടികയില്‍ പെടുത്തണമെന്നാണ് പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഇതില്‍ ചാള, അയില, നത്തോലി (കൊഴുവ), നാലിനം ചൂര മത്സ്യം (അല്‍ബുക്കര്‍ക്ക്, യെലോഫിന്‍, ബ്ളൂഫിന്‍, സ്കിപ്ജാക്ക്), ആവോലി എന്നിവയടക്കം എട്ടിനങ്ങളെ വ്യാപാര വികസനത്തിനായുള്ള യുഎന്‍ സമിതി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നു കരട് പട്ടികയില്‍ പെടുത്തിയിരുന്നു. ഇവയെ അതീവ ദുര്‍ബലപ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം അന്തിമമായി പരിഗണിക്കപ്പെട്ടിട്ടില്ല.

  വ്യാപാര താല്‍പ്പര്യമുള്ള 90 ശതമാനം ഉല്‍പന്നങ്ങളെയും കരാറില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ. ഇതനുസരിച്ചു പത്തു ശതമാനത്തില്‍ താഴെ ഉല്‍പന്നങ്ങളെ മാത്രമേ ദുര്‍ബല ഉല്‍പന്നപ്പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുത്താവൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഉയര്‍ത്തുന്ന സമ്മര്‍ദം. ഇതു കേരളത്തിലെ മത്സ്യോല്‍പന്നങ്ങള്‍ക്കു ഭീഷണിയാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
  കേരളത്തിന്റെ തനത് ഇനങ്ങളോടു സാമ്യമുള്ള മത്സ്യങ്ങള്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ വഴി വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഭീഷണി ഉയര്‍ത്തുന്നത്. ഇറക്കുമതി വര്‍ധിക്കുന്നതോടെ തനത് ഇനങ്ങളുടെ വിലയിടിയുന്നത് പരമ്പരാഗത, ചെറുകിട മീന്‍പിടിത്ത മേഖലയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും.

  യൂറോപ്യന്‍ മത്സ്യബന്ധന മേഖല കനത്ത സബ്സിഡി കൊണ്ടു നിലനിര്‍ത്തുന്നതായതിനാല്‍ സബ്സിഡി ആനുകൂല്യമില്ലാത്ത പരമ്പരാഗത മേഖലയ്ക്ക് ഇറക്കുമതി കനത്ത ആഘാതമുണ്ടാക്കും.

  യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിയ ദുര്‍ബല പട്ടികയില്‍ 226 ഉല്‍പന്നങ്ങളാണുള്ളത്. ഇതില്‍ പലതും രാജ്യത്തെ വ്യാവസായിക മേഖലയ്ക്കു ഭീഷണിയുയര്‍ത്തുന്നവയാണ്. യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ ദുര്‍ബല ഉല്‍പന്നപ്പട്ടിക വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായമറിയാന്‍ വിട്ടിരിക്കുകയാണ് മന്ത്രാലയം.
  സ്വതന്ത്ര വ്യാപാര കരാര്‍ വരുന്നതു കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ, പച്ചില മരുന്നുകള്‍ക്കും ഭീഷണിയാകും.

  സുഗന്ധവ്യഞ്ജന കൃഷിയില്ലാത്തതിനാല്‍ സുഗന്ധവ്യഞ്ജനങ്ങളെ ദുര്‍ബല പട്ടികയില്‍ പെടുത്തിയിട്ടില്ല. അവിടെനിന്ന് ഇറക്കുമതി സാധ്യതയില്ലാത്തതിനാല്‍ കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കു ഭീഷണിയില്ലെന്നാണ് ഇതിനു നല്‍കുന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വഴി മറ്റു സ്ഥലങ്ങളില്‍ നിന്നു സുഗന്ധവ്യഞ്ജന ഇറക്കുമതി സാധ്യത തള്ളിക്കളയാനാവില്ലെന്നു കയറ്റുമതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

  ഇറക്കുമതി തീരുവ നിയന്ത്രണ വ്യവസ്ഥയില്ലാത്ത ദുര്‍ബല പട്ടികയിലാണ് റബര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നറിയുന്നു.

  8. റബര്‍ ഉല്‍പാദനം: ഇന്തൊനീഷ്യ കുതിക്കുന്നു
  സിംഗപ്പൂര്‍: റബര്‍ ഉല്‍പാദന രംഗത്ത് ലോകത്തിലെ ഒന്നാം സ്ഥാനത്തേക്ക് ഇന്തൊനീഷ്യ കുതിക്കുന്നു. 2015 ആകുന്നതോടെ തായ്ലന്‍ഡിനെ മറികടന്ന് ഈ ബഹുമതി ഇന്തൊനീഷ്യ നേടുമെന്ന് ഇന്തൊനീഷ്യ റബര്‍ അസോസിയേഷന്‍ അവകാശപ്പെട്ടു. റബര്‍ കൃഷി പുതിയ മേഖലകളിലേക്കു വ്യാപിപ്പിച്ചതും ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചതുമാണ് കാരണമെന്ന് അസോസിയേഷന്‍ പറയുന്നു.

  ഈ വര്‍ഷം മുതല്‍ റബര്‍ ഉല്‍പാദനത്തില്‍ 5-6% വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. 2015 ആകുന്നതോടെ ഉല്‍പാദനം 38 ലക്ഷം ടണ്ണിലെത്തും. തായ്ലന്‍ഡില്‍ 2-3% വളര്‍ച്ച മാത്രമാണു പ്രതീക്ഷിക്കുന്നത്. ഇവിടെ 2015ല്‍ 37.5 ലക്ഷത്തിന്റെ ഉല്‍പാദനമാണു പ്രതീക്ഷിക്കുന്നത്.

  2007ല്‍ ഇന്തൊനീഷ്യ 28 ലക്ഷം ടണ്‍ റബര്‍ ഉല്‍പാദിപ്പിച്ചു. ഉല്‍പാദനം വര്‍ധിപ്പിക്കുന്ന നടപടികള്‍ക്കു വേഗം കൂടിയതായും അസോസിയേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുഹാര്‍ത്തോ ഹോങ്കോകുസ്യമോ പറഞ്ഞു.

  2002 വരെ പ്രതിവര്‍ഷം ഒരു ഹെക്ടറിലെ ഉല്‍പാദനം 700 കിലോ ആയിരുന്നു. 2007ല്‍ ഇത് 979 കിലോ ആയി ഉയര്‍ന്നു.കാലാവസ്ഥാ വ്യത്യാസമാണ് തായലന്‍ഡിലെ ഉല്‍പാദനത്തെ ബാധിക്കുന്നത്. ആഗോള തലത്തില്‍ റബറിന്റെ ആവശ്യം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

  ഇന്തൊനീഷ്യയില്‍ 617800 ഏക്കര്‍ സ്ഥലത്ത് പുനര്‍കൃഷി നടപ്പാക്കിവരികയാണ്. 2010 ആകുന്നതോടെ 50000 ഹെക്ടര്‍ സ്ഥലത്തു കൂടി ചെറുകിട കൃഷിക്കാരുടെ സാന്നിധ്യം ശക്തമാക്കും. വന്‍കിട റബര്‍ ഉല്‍പാദകരായ തായ്ലന്‍ഡ്, ഇന്തൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതോടെ റബര്‍ വില ഉയര്‍ന്നിരുന്നു.

  കഴിഞ്ഞ വര്‍ഷം ഇന്തൊനീഷ്യ 24 ലക്ഷം ടണ്ണിന്റെ കയറ്റുമതി നടത്തി. ഈ വര്‍ഷം ആഭ്യന്തര ഉപഭോഗത്തില്‍ 10% വര്‍ധനയും ലക്ഷ്യമിടുന്നതായി സുഹാര്‍ത്തോ പറഞ്ഞു. ആഗോളതലത്തില്‍ റബര്‍ ഉപഭോഗത്തില്‍ 2.7% വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. സിന്തറ്റിക് റബറിന്റെ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ വര്‍ധന ആറു ശതമാനമാണ്. ഇത് 1.31 കോടി ടണ്ണിലെത്തി.

  9. മരുന്നുസംഭരണം വെട്ടിക്കുറച്ചത് മുന്‍വര്‍ഷ കണക്കു നോക്കാതെ
  തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ക്കു വേണ്ടി മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ സംഭരിക്കുന്ന മരുന്ന് നാലിലൊന്നായി വെട്ടിച്ചുരുക്കിയതു മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കാതെ. ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച കഴിഞ്ഞവര്‍ഷം ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും നല്‍കിയ ആവശ്യപ്പട്ടികയിലേക്കാള്‍ (ഇന്‍ഡന്റ്) അധികം ആന്റിബയോട്ടിക്കുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു വാങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യം വീണ്ടും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പു കണക്കിലെടുക്കാതെയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്നുകളുടെ അളവ് വെട്ടിച്ചുരുക്കിയത്.

  ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴില്‍ ഏഴു വിദഗ്ധരടങ്ങുന്ന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഓരോ സ്ഥാപനങ്ങള്‍ക്കും വേണ്ട ഇന്‍ഡന്റ് തയാറാക്കിയത്. നിലവിലുള്ള സ്റ്റോക്കിന്റെ അളവുകൂടി പരിഗണിച്ചിരുന്നു. സംസ്ഥാനത്തിനൊട്ടാകെയുള്ള ആവശ്യം കണക്കാക്കി തയാറാക്കുന്ന ഇന്‍ഡന്റ് പ്രകാരമാണ് സെന്‍ട്രല്‍ പര്‍ച്ചേസ് കമ്മിറ്റി കഴിഞ്ഞ വര്‍ഷവും മരുന്നുകളുടെ ഓര്‍ഡര്‍ നല്‍കിയത്. പനിക്കുള്ള പാരസെറ്റമോള്‍ 30 കോടിയോളമായിരുന്നു ഇന്‍ഡന്റില്‍.

  എന്നിട്ടും ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച ആലപ്പുഴ, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളില്‍ മരുന്നുക്ഷാമം രൂക്ഷമായി. ഇതേ തുടര്‍ന്ന് കെഎസ്ഡിപിഎല്‍, ഐഡിപിഎല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു കൂടിയ വിലയ്ക്കു വീണ്ടും വന്‍തോതില്‍ വാങ്ങേണ്ടി വന്നു.ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ്, കഴിഞ്ഞവര്‍ഷം പാരസെറ്റമോളിന്റെ അളവില്‍ നാലു കോടിയുടെ വര്‍ധന ഡിഎച്ച്എസ് വരുത്തിയിരിക്കുന്നത്. 30 കോടി പാരസെറ്റമോളിന്റെ സ്ഥാനത്ത് 34 കോടിയുടെ ഇന്‍ഡന്റ് നല്‍കിയെങ്കിലും കോര്‍പറേഷന്‍ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് വെറും എട്ടു കോടിക്കാണ്.

  സര്‍ക്കാര്‍ ആശുപത്രികളില്‍ പാരസെറ്റമോളിന്റെ ക്ഷാമം രൂക്ഷമാകുമെന്ന് ഇതോടെ ഉറപ്പായി.സെന്‍ട്രല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ കീഴില്‍ സംഭരിക്കേണ്ട മരുന്നുകളുടെ വിവരം തയാറാക്കിയിരുന്നത് ഏഴു പേരടങ്ങിയ വിദഗ്ധ സമിതിയായിരുന്നു. ഡോ. ഷേണായ് കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ഓരോ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ആവശ്യമുള്ള മരുന്നുകള്‍ ഏതൊക്കെയെന്ന് തീരുമാനിച്ചത്. 608 ഇനങ്ങള്‍ സിപിസിയുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും കോര്‍പറേഷന്‍ ഇത് 527 ആയി വെട്ടിച്ചുരുക്കിയത് പ്രത്യേകം ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയാണെന്ന് ആരോപണമുണ്ട്.

  ആരോഗ്യവകുപ്പ് അധികൃതരുടെ മൌനാനുവാദവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.കോര്‍പറേഷന്‍ രൂപീകരണം നീണ്ടുപോയത് ഇപ്പോള്‍ തന്നെ മരുന്നു ക്ഷാമത്തിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മരുന്നു വിതരണത്തിന്റെ നാലാം ക്വാര്‍ട്ടറിനുള്ള അനുമതി കഴിഞ്ഞ ആറിനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 2007 സെപ്റ്റംബര്‍ 17ന് തന്നെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഡിഎച്ച്എസ് ആരോഗ്യവകുപ്പിന് കത്തെഴുതിയിരുന്നെങ്കിലും മൂന്നു മാസത്തോളം കഴിഞ്ഞാണ് ഉത്തരവ് (ജിഒ ആര്‍ ടി നമ്പര്‍ 466/2008) ഇറങ്ങിയത്.

  ജനുവരി മാസത്തോടെ തന്നെ മരുന്നു ക്ഷാമം തുടങ്ങാനും ഈ കാലതാമസം ഇടയാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ നാല് ഇനം മരുന്നുകള്‍ മാത്രമേ ഇപ്പോള്‍ സ്റ്റോക്കുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഡിഎച്ച്എസിന്റെ ആവശ്യപ്പട്ടിക ശാസ്ത്രീയമായി തയാറാക്കിയതല്ല എന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വ്യാഖ്യാനം. കഴിഞ്ഞവര്‍ഷം എത്ര മരുന്നുകള്‍ ചെലവായി എന്ന് ഇതേവരെ കണക്കാക്കിയിട്ടില്ല.

  ഡിഎച്ച്എസിന്റെ ഇന്‍ഡന്റുകളെല്ലാം അമിതമാണ് എന്ന വാദം ശരിയാണെങ്കില്‍ ഇതേവരെ ആരോഗ്യവകുപ്പ് അമിതമായി മരുന്നു വാങ്ങിക്കൂട്ടി, കോടികളുടെ നഷ്ടം സര്‍ക്കാരിന് വരുത്തിവയ്ക്കുകയായിരുന്നു എന്ന സൂചനയും കോര്‍പറേഷന്‍ അധികൃതരുടെ വാക്കുകളിലുണ്ട്. ഒാരോ ജില്ലയിലെയും മരുന്നു സ്റ്റോക്ക് വിവരം ഇനി പറയും വിധമാണ്.

  കാസര്‍കോട് ജില്ലാ ആശുപത്രിയിലുള്‍പ്പെടെ വേദന സംഹാരി, ആന്റിബയോട്ടിക് ഔഷങ്ങള്‍ക്ക് ദൌര്‍ലഭ്യമുണ്ട്. പഞ്ചായത്തുകള്‍ പ്ളാന്‍ ഫണ്ട് വിഹിതം വിനിയോഗിക്കാത്തതിനാലാണ് ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിനു ക്ഷാമമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ആവശ്യത്തിനു മരുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ സറ്റോര്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ക്ഷാമമുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

  കാസര്‍കോട് താലൂkക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഒന്‍പതു മാസത്തെ മരുന്നു വിഹിതം കിട്ടിയിട്ടില്ല. പലതും ലോക്കല്‍ പര്‍ച്ചേസിലാണ് വാങ്ങുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധ വാക്സിന്‍ ലഭ്യമല്ല.

  കണ്ണൂര്‍ ജില്ലയിലേക്ക് ആവശ്യമുള്ള മരുന്ന് ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ സ്റ്റോക്കില്ല. നേരത്തേ വിതരണം ചെയ്തവ ചികില്‍സാ കേന്ദ്രങ്ങളില്‍ ഉള്ളതിനാല്‍ പെട്ടന്ന് ക്ഷാമം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യത്തിനുണ്ട്. ഏപ്രില്‍ 15-നുള്ളില്‍ കമ്പനികള്‍ ആവശ്യമുള്ള മരുന്നുകള്‍ എത്തിച്ചുതരുമെന്നാണു കണക്കുകൂട്ടല്‍. മരുന്നു വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

  അതില്‍ 10 ലക്ഷത്തിന്റെ മരുന്ന് കഴിഞ്ഞദിവസം സ്റ്റോറിലെത്തി.കോഴിക്കോട്ട് മരുന്നിനു നിലവില്‍ ക്ഷാമമില്ല. ആവശ്യമുള്ള ജീവന്‍രക്ഷാ മരുന്നുകളും മറ്റു മരുന്നുകളും സ്റ്റോക്കുണ്ട്. ബീച്ച് ആശുപത്രിയില്‍ സിറിഞ്ചുകള്‍ക്കു ക്ഷാമമുണ്ടെങ്കിലും പരിഹരിക്കാന്‍ നടപടികളായിട്ടുണ്ട്.

  വയനാട് ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ പല മരുന്നുകളും ഇല്ല. പ്രത്യേകിച്ച് ജീവന്‍രക്ഷാ ഔഷധങ്ങള്‍. സാധാരണ മൂന്നുമാസത്തിലൊരിക്കലാണ് മരുന്നുകള്‍ ലഭിക്കുക. ഈ വര്‍ഷത്തെ അവസാന ഗഡു അലോട്ട്മെന്റ് ലഭിച്ചിട്ടില്ല. അതേസമയം പല ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകള്‍ സൂക്ഷിച്ചിട്ടുണ്ട്. പല വിഭാഗങ്ങളില്‍ ജില്ലയിnലേക്ക് ഫണ്ട് ലഭിക്കുന്നതിനാല്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

  പാലക്കാട് ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ കിട്ടാനില്ല. എങ്കിലും ജില്ലാ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളെ ക്ഷാമം ബാധിച്ചിട്ടില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റില്‍നിന്ന് 10% ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങാന്‍ വിനിയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്.

  മലപ്പുറം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമുള്ളതിന്റ നാലിലൊന്നു പോലും മരുന്നില്ല. മുറിവു വച്ചുകെട്ടാന്‍ പഞ്ഞിയും തുണിയും എവിടെയുമില്ല. മഞ്ചേരി ജില്ലാ ആശുപത്രിയിലും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലും പ്രധാന ആന്റിബയോട്ടിക്കുകളെല്ലാം പുറത്തുനിന്നു വാങ്ങാന്‍ എഴുതിക്കൊടുക്കുകയാണ്. പൊന്നാനി, നിലമ്പൂര്‍, തിരൂരങ്ങാടി, തിരൂര്‍ താലൂക്ക് ആശുപത്രികളിലും മരുന്നു ക്ഷാമമുണ്ട്.

  തൃശൂരില്‍ മരുന്നിനു കാര്യമായ ക്ഷാമില്ല. പഞ്ചായത്തുകള്‍ക്ക് മെയ്ന്റനന്‍സ് ഗ്രാന്റിന്റെ 10% മരുന്നു വാങ്ങുന്നതിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ മരുന്നു സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ ആവശ്യത്തിനു മരുന്നു സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്ന് അറിയിച്ചു.

  എറണാകുളം ജില്ലയില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിബയോട്ടിക്കുകള്‍ ലഭ്യമല്ല. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ആവശ്യത്തിനു സ്റ്റോക്ക് ഇല്ലാത്തതാണു കാരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആശുപത്രികള്‍ക്കു നല്‍കുന്ന മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നു വകമാറ്റി മരുന്നുവാങ്ങാനാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പാരസെറ്റമോള്‍ ഗുളികകള്‍ക്കും ചില ആശുപത്രികളില്‍ ക്ഷാമമുണ്ടായെങ്കിലും വികസന ഫണ്ടില്‍നിന്നു പണമുപയോഗിച്ച് വാങ്ങുകയായിരുന്നു. കഴിഞ്ഞവര്‍ഷം ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്ന സാഹചര്യത്തില്‍ അടുത്തവര്‍ഷം മരുന്നുവിതരണത്തില്‍ കുറഞ്ഞതു 10% വര്‍ധന വേണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസ് ആവശ്യപ്പെട്ടിരുന്നു.ഇടുക്കിയില്‍ അവശ്യ മരുന്നുകള്‍ക്കു ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പേപ്പട്ടി വിഷം, പാമ്പിന്‍ വിഷം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കാണ് കടുത്ത ക്ഷാമം. കഴിഞ്ഞയാഴ്ച ഗൂക്കോസ് വരെ തീര്‍ന്ന സ്ഥിതി ഉണ്ടായി. ആന്റിബയോട്ടിക്കുകള്‍ക്കും ക്ഷാമമുണ്ട്. അതേസമയം പനി മരുന്നുകള്‍ ആവശ്യത്തിനു സ്റ്റോക്കുണ്ട്.

  കോട്ടയത്ത് മെഡിക്കല്‍ കോളജിലും ജില്ലാ – താലൂക്ക് ആശുപത്രികളിലും മരുന്നുകളുടെ ക്ഷാമം രൂക്ഷമാണ്. വില കൂടിയവ മാത്രമല്ല നിസാര വിലയുള്ള പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ക്കും സ്വകാര്യ മരുന്നു കടകളിലേക്കു കുറിച്ചു കൊടുക്കുകയാണ്. ലോക്കല്‍ പര്‍ച്ചേസ് വഴി അവശ്യ മരുന്നുകള്‍ വാങ്ങുന്നുണ്ടെങ്കിലും പത്തുശതമാനം രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. പഞ്ചായത്തുകള്‍ക്ക് അവരുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകള്‍ വാങ്ങാന്‍ ഫണ്ട് ഉപയോഗിക്കാം എന്നതിനാല്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണെന്ന് ഡിഎംഒ ഡോ. ബെഞ്ചമിന്‍ ജോര്‍ജ് അറിയിച്ചു. അതേസമയം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മരുന്നിനും ചികിത്സാ സാമഗ്രികള്‍ക്കും ദൌര്‍ലഭ്യമുണ്ട്. അവശ്യമരുന്നുകളും ഗൂക്കോസ്, ബാന്‍ഡേജ്, കോട്ടണ്‍ തുടങ്ങിയവയും ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ചാണ് വാങ്ങി ഉപയോഗിക്കുന്നത്.

  ആലപ്പുഴയില്‍ അവശ്യമരുന്നുകള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും പ്രാദേശികമായി മരുന്ന് ലഭ്യമാക്കുന്നതിനാല്‍ പ്രതിസന്ധിയില്ലെന്ന് അധികൃതര്‍ പറയുന്നു. ആശുപത്രികള്‍ക്ക് 20,000 രൂപയ്ക്കു വരെയുള്ള മരുന്നുവാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍, അധികൃതര്‍ തുക വേണ്ടവിധം വിനിയോഗിക്കുന്നില്ലെന്ന് അഭിപ്രായമുണ്ട്.

  പത്തനംതിട്ടയില്‍ മരുന്നുകള്‍ക്കു കാര്യമായ ക്ഷാമമില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ പല അത്യാവശ്യ മരുന്നുകളും രണ്ടാഴ്ചയ്ക്കകം തീര്‍ന്നേക്കുമെന്നു ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ ആവശ്യമുള്ള മരുന്നുകള്‍ വന്നുകൊണ്ടിരിക്കുന്നതായി ജില്ലാ സ്റ്റോര്‍ അധികൃതര്‍ പറയുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നെങ്കിലും പുതിയ സ്റ്റോക്കിന് ഓര്‍ഡര്‍ ആയെന്നും ഉടന്‍ എത്തുമെന്നും പറയുന്നു. എന്നാല്‍, മഴക്കാലത്തോടെ പകര്‍ച്ചവ്യാധികള്‍ ശക്തമാകുമ്പോള്‍ മരുന്നുക്ഷാമം വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണു ചില ഡോക്ടര്‍മാരുടെ അഭിപ്രായം.

  കൊല്ലത്ത് ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ രണ്ടു മാസത്തേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു മാസത്തേക്കുമുള്ള മരുന്ന് സ്റ്റോക്കുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. പീതാംബരന്‍ അറിയിച്ചു. ഒാരോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും മരുന്നു വാങ്ങാനായി ഒരു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റ് സമിതിക്ക് ഈ തുക വിനിയോഗിക്കാം. ഇതിനു പുറമേ ഒാരോ പഞ്ചായത്ത് വാര്‍ഡുകളിലെയും ആവശ്യത്തിന് 10000 രൂപ വീതം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കല്‍ ഒാഫിസറുടെയും സംയുക്ത അക്കൌണ്ടിലാണ് ഈ തുക.

  10. അടിസ്ഥാന യോഗ്യത ഇല്ലാത്തവര്‍ക്ക് യുജിസി ലക്ചറര്‍ നിയമനം
  കൊച്ചി: അടിസ്ഥാന യോഗ്യത പോലുമില്ലാത്ത നാലു പേര്‍ക്കു സംസ്കൃത സര്‍വകലാശാലയില്‍ യുജിസി ലക്ചറര്‍മാരായി സ്ഥിര നിയമനം. രണ്ടു ബാച്ചുകളിലായി പത്തു വിദ്യാര്‍ഥികള്‍ പോലും പഠിക്കാനില്ലാത്ത ഡിപ്പാര്‍ട്ടുമെന്റിലേക്കാണു ചട്ടവിരുദ്ധമായി നാലു പേരെ നിയമിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്.
  വൈസ് ചാന്‍സലറും റജിസ്ട്രാറും ഫിനാന്‍സ് ഒാഫിസറും ഫയലില്‍ വിയോജനക്കുറിപ്പെഴുതിയിരുന്നെങ്കിലും സിന്‍ഡിക്കറ്റ് തീരുമാനവുമായി മുന്നോട്ടു പോയി. തിയറ്റര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ മൂന്നു പേരെയും പെയ്ന്റിങ് ഡിപ്പാര്‍ട്ടുമെന്റില്‍ ഒരാളെയുമാണു നിയമിച്ചിട്ടുള്ളത്. ഇവര്‍ നാലുപേരും 97 മുതല്‍ സര്‍വകലാശാലയില്‍ ട്യൂട്ടര്‍മാരായി ജോലി നോക്കി വരികയാണ്. 2001-2002 ലെ സര്‍വകലാശാല വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ ഒരാള്‍ ഗുരുകുല വിദ്യാഭ്യാസം നേടിയിട്ടുണ്ട്. മറ്റൊരാള്‍ക്കു പാരമ്പര്യമായി കിട്ടിയ അറിവാണു യോഗ്യത. ഒരാള്‍ കേരള കലാമണ്ഡലത്തില്‍ നിന്നു പോസ്റ്റ് ഡിപ്ളോമ കോഴ്സ് പാസായതാണ്. നാലാമത്തെയാള്‍ക്കു മാത്രം ബിഎസ്സി ബിരുദമുണ്ട്. എന്നാല്‍ പോലും യുജിസി നിയമനത്തിനുള്ള യോഗ്യതയില്ല.

  യുജിസി നിയമനത്തിനു ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ളാസ് മാസ്റ്റര്‍ ബിരുദവും യുജിസി നെറ്റ് പരീക്ഷയും പാസായിരിക്കണമെന്നാണു ചട്ടം. അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേഷനും പിഎച്ച്ഡിയും വേണം. പാരമ്പര്യ വിഭാഗത്തില്‍ പെട്ട ഇൌ കോഴ്സുകള്‍ക്കു യുജിസി പരീക്ഷ ഇല്ലെന്നാണു സര്‍വകലാശാലയുടെ വാദം. എന്നാല്‍ തിയറ്റര്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലോ പെയ്ന്റിങ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളുള്ള മറ്റു കോളജുകളിലോ ഇത്തരം നിയമനം നടത്തിയിട്ടില്ല. സംസ്കൃത സര്‍വകലാശാലയില്‍ നിന്നു തന്നെ ഇതേ വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനോടെ മൂന്നു ബാച്ചുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും യുജിസി നിയമന യോഗ്യത ഉണ്ടുതാനും.

  Advertisements

  ഒരു അഭിപ്രായം ഇടൂ

  Filed under പലവക

  ഒരു മറുപടി കൊടുക്കുക

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out /  മാറ്റുക )

  Google+ photo

  You are commenting using your Google+ account. Log Out /  മാറ്റുക )

  Twitter picture

  You are commenting using your Twitter account. Log Out /  മാറ്റുക )

  Facebook photo

  You are commenting using your Facebook account. Log Out /  മാറ്റുക )

  w