പത്രവാര്‍ത്തകള്‍ 17-02-08

  കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

  1. ഭൂമി വില്‍ക്കാന്‍ എച്ച്എംടിക്ക് അവകാശമുണ്ടെന്ന് എജി
  തിരു: ഉപാധികളില്ലാതെ 1999ല്‍ സംസ്ഥാനസര്‍ക്കാര്‍ വിട്ടുകൊടുത്ത 100 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ എച്ച്എംടിക്ക് അവകാശമുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. 100 ഏക്കറില്‍നിന്ന് ബ്ളൂസ്റാര്‍ റിയല്‍റ്റേഴ്സിന് വിറ്റ 70 ഏക്കര്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നും എജി സി പി സുധാകരപ്രസാദ് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.

  സൈബര്‍സിറ്റി സ്ഥാപിക്കാനായി ബ്ളൂസ്റാര്‍ റിയല്‍റ്റേഴ്സ് എച്ച്എംടിയില്‍നിന്ന് ഭൂമി വാങ്ങിയത് വന്‍ വിവാദമായതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിമാരുടെ സമിതിയെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

  വ്യവസായം, റെവന്യൂ, നിയമം, രജിസ്ട്രേഷന്‍, ഐടി, നികുതി വകുപ്പ് സെക്രട്ടറിമാരുള്‍പ്പെടുന്ന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിനു വിട്ടു. ഭൂമി പോക്കുവരവ് റദ്ദാക്കി തിരിച്ചെടുക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. വില്‍പ്പന നിയമാനസൃതമാണെന്നും റദ്ദാക്കാനുള്ള നിര്‍ദേശം നിയമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയതായി അറിയുന്നു.

  വ്യവസായം തുടങ്ങാന്‍ എച്ച്എംടിക്ക് 781 ഏക്കര്‍ ഭൂമി നല്‍കിയത് 1972ലാണ്. എച്ച്എംടിക്ക് പരിപൂര്‍ണവും സ്വതന്ത്രവുമായ ക്രയവിക്രയാവകാശം നല്‍കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ വ്യവസായത്തിന് ഉപയോഗിക്കാത്ത 400 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എച്ച്എംടി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പുണ്ടാക്കി. 300 ഏക്കര്‍ സര്‍ക്കാരിന് തിരിച്ചുനല്‍കി. 100 ഏക്കര്‍ എച്ച്എംടിക്ക് വിട്ടുകൊടുത്തു.

  ഭൂപരിഷ്കരണനിയമത്തിലെ 81(1)എ വകുപ്പുപ്രകാരം ഉപാധികളൊന്നുമില്ലാതെയാണ് 1999ല്‍ 100 ഏക്കര്‍ വിട്ടുകൊടുത്തത്. 2000ല്‍ ഇതുസംബന്ധിച്ച് വിജ്ഞാപനവും പുറപ്പെടുവിച്ചു. 81(1)എ വകുപ്പു പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ ഉപാധികളോടെ ഭൂമി കൈമാറിയ മുന്‍ ഉത്തരവ് അസാധുവായി.

  ഒരു നിബന്ധനയുമില്ലാതെ എച്ച്എംടിക്ക് സ്വതന്ത്രമായ ക്രയവിക്രയാവകാശത്തോടെയാണ് 100 ഏക്കര്‍ നല്‍കിയതെന്നതിനാല്‍ തിരിച്ചെടുക്കാന്‍ നിയമപ്രാബല്യമില്ലെന്ന് എജി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമിയില്‍നിന്നാണ് 70 ഏക്കര്‍ വിറ്റത്. ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശപ്രകാരം പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കുന്നത് ഈ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാകില്ല. തിരിച്ചെടുക്കാന്‍ നിയമപരമായ പിന്‍ബലമില്ലാത്ത പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ എച്ച്എംടിക്ക് വില നല്‍കി ഭൂമി ഏറ്റെടുക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് അക്വിസിഷന്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടിവരും. ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജി 18ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

  സ്ഥലം വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന എച്ച്എംടിയുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. വില്‍പ്പനയെക്കുറിച്ച് അന്വേഷിക്കണമെന്നും ക്രമക്കേടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനം അയച്ച കത്തിനുള്ള മറുപടിയില്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ദേവ് എച്ച്എംടിയുടെ നിലപാട് ശരിവയ്ക്കുകയായിരുന്നു. ക്രമക്കേടുണ്ടെങ്കില്‍ വില്‍പ്പന റദ്ദാക്കി ഭൂമി തിരിച്ചെടുക്കണമെന്ന നിലപാടിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചത്.

  2. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളത്തില്‍ 6 ശതമാനം ക്ഷാമബത്തകൂടി
  തിരു: സര്‍ക്കാര്‍ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആറു ശതമാനം ക്ഷാമബത്തകൂടി ഈ മാസത്തെ ശമ്പളത്തില്‍ അനുവദിച്ച് ഉത്തരവായി. ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി തോമസ് ഐസക് ബജറ്റിനു മുന്നോടിയായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഇതോടുകൂടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക ഇല്ലാതാകും. സമീപകാല കേരളചരിത്രത്തില്‍ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായിട്ടില്ല.

  ഒരു ഗഡു ഡിഎ കുടിശ്ശികകൂടി അനുവദിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 32 ശതമാനം ക്ഷാമബത്തയും സംസ്ഥാന ജീവനക്കാര്‍ക്ക് ലഭ്യമായിരിക്കയാണ്. പെന്‍ഷന്‍കാര്‍ക്ക് നേരത്തെ ഡിഎ കുടിശ്ശിക അനുവദിച്ചിരുന്നു. ഫെബ്രുവരിയിലെ ശമ്പളത്തില്‍ മൊത്തം 17 ശതമാനം ഡിഎ അധികമായി ലഭിക്കും. 2007 ജൂലൈ ഒന്നുമുതലുള്ള കുടിശ്ശിക ക്ഷാമബത്തയാണ് ഇപ്പോള്‍ നല്‍കുന്നത്.

  ക്ഷാമബത്ത അനുവദിച്ച തീരുമാനത്തെ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി സ്വാഗതംചെയ്തു. കെഎസ്ടിഎ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ആഹ്ളാദപ്രകടനം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ അറിയിച്ചു.

  സര്‍ക്കാര്‍ നടപടിയെ എന്‍ജിഒ യൂണിയന്‍ അഭിനന്ദിച്ചു. പ്രക്ഷോഭങ്ങളൊന്നുമില്ലാതെ ക്ഷാമബത്ത യഥാസമയം അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരോടുള്ള പ്രതിബദ്ധത ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കയാണെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്രനയങ്ങള്‍ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിന്റെ ആഘാതത്തില്‍നിന്ന് ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് എഫ്എസ്ഇടിഒ അറിയിച്ചു. തിങ്കളാഴ്ച പ്രകടനം നടത്താന്‍ എല്ലാ ജീവനക്കാരോടും അധ്യാപകരോടും എഫ്എസ്ഇടിഒ അഭ്യര്‍ഥിച്ചു.

  3. ഇന്ന് വാഹന പണിമുടക്ക്
  തിരു: പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. കോട്ടയം, പത്തനംതിട്ട ജില്ലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.

  കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിക്കുമെങ്കിലും ബസ് സര്‍വീസ് നടത്തും.

  വിവാഹം, പാല്‍, പത്രം, ആശുപത്രി വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എസ്ടിയു, ടിയുസിഐ, എച്ച്എംഎസ് എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

  ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആറാട്ട് പ്രമാണിച്ചാണ് കോട്ടയം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത്. മാരാമണ്‍ കണ്‍വെന്‍ഷന്‍, പൊയ്കയില്‍ കുമാരഗുരുദേവന്റെ ജന്മദിനാഘോഷം, മഞ്ഞനിക്കര പെരുന്നാള്‍, മലയാലപ്പുഴ ക്ഷേത്രോത്സവം തുടങ്ങിയ പരിപാടികള്‍ നടക്കുന്നതിനാലാണ് പത്തനംതിട്ട ജില്ലയില്‍ പണിമുടക്കില്ലാത്തത്.

  4. ഇന്ധനവില വര്‍ധന : വിലക്കയറ്റം രൂക്ഷമാകും
  തിരു: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത് സംസ്ഥാനത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വരവ് വീണ്ടും പ്രതിസന്ധിയിലാക്കും. അരി കയറ്റുമതിക്കുള്ള നിരോധനം ആന്ധ്രപ്രദേശ് സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിച്ച് സംസ്ഥാനത്തേക്കുള്ള ഭക്ഷ്യധാന്യവിതരണം എല്‍ഡിഎഫ് സര്‍ക്കാര്‍ സുഗമമാക്കി വരുന്നതിനിടെയാണ് റിലയന്‍സ് അടക്കമുള്ള സ്വകാര്യ പെട്രോളിയം കമ്പനികളുടെ സമ്മര്‍ദത്തിനുവഴങ്ങി പെട്രോളിന് രണ്ടുരൂപയും ഡീസലിന് ഒരുരൂപയും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

  പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന അധികനികുതി പ്രതിമാസം ആറേകാല്‍ കോടി രൂപ മാത്രമാണ്. അത് വേണ്ടെന്നുവച്ചാല്‍ പോലും വിലയില്‍ കാര്യമായ ഒരു പ്രതിഫലനവും സൃഷ്ടിക്കില്ല. യുഡിഎഫ് ഭരണത്തില്‍ ആറുതവണ പെട്രോള്‍വില വര്‍ധിച്ചെങ്കിലും ഒരിക്കല്‍ മാത്രമാണ് അധികവരുമാനം വേണ്ടെന്നുവയ്ക്കാന്‍ അവര്‍ തയ്യാറായത്. അതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്.

  കേരളത്തെയാണ് ഇന്ധനവിലവര്‍ധന ഏറ്റവും ദോഷമായി ബാധിക്കുക. കേരളത്തില്‍ ഉപയോഗിക്കുന്ന നിത്യോപയോഗസാധനങ്ങളില്‍ 85 ശതമാനവും അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്. ലോറി ഉടമകള്‍ വാടക വര്‍ധിപ്പിക്കുന്നതോടെ നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരും.

  പാലിന്റെ വരവിനെയും ഇന്ധനവില വര്‍ധന ബാധിക്കും. പ്രതിദിനം മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പുറത്തുനിന്ന് എത്തുന്നത്. ലിറ്ററിന് മൂന്നുരൂപയുടെ വിലവര്‍ധനയാണ് മില്‍മ ആവശ്യപ്പെട്ടിരുന്നതെങ്കിലും രണ്ടുരൂപ വര്‍ധിപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയത്. പുതിയ സാഹചര്യത്തില്‍ പാല്‍ വില വര്‍ധനയ്ക്കായി മില്‍മയും സമ്മര്‍ദം ചെലുത്തും.

  ഓട്ടോറിക്ഷയുടെയും ടാക്സിയുടെയും ബസിന്റെയും നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രക്ഷോഭം ഉണ്ടാകും. ഇവ വര്‍ധിച്ചാല്‍ സംസ്ഥാനത്ത് ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയരും.

  ഇടതുപാര്‍ടികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് 2006 ജൂണ്‍ ആറുമുതല്‍ മൂന്നുഘട്ടങ്ങളിലായി ഇന്ധനവിലയില്‍ നാല് രൂപയിലധികം കുറയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. 2006 ജൂണ്‍ ആറിന് പെട്രോളിന് 50.12 രൂപയും ഡീസലിന് 35.71 രൂപയും എത്തിയതിനുശേഷമായിരുന്നു ഇത്. 2006 നവംബര്‍ 30, 2007 ഫെബ്രുവരി 16, മെയ് 16 തീയതികളിലായി വിലയില്‍ വരുത്തിയ ഇളവ് റിലയന്‍സ് അടക്കമുള്ള സ്വകാര്യ കുത്തക പെട്രോളിയം കമ്പനികളെ പ്രതിസന്ധിയിലാക്കി. പൊതുമേഖലാ പെട്രോളിയം കമ്പനികളേക്കാള്‍ അഞ്ചുരൂപയോളം കൂട്ടി ഇന്ധനം വില്‍ക്കേണ്ടിവന്ന അവര്‍ വിലവര്‍ധനയ്ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു.

  അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്ഓയിലിന് വില വര്‍ധിച്ചെങ്കിലും ഇറക്കുമതിച്ചുങ്കം ഇളവുചെയ്ത് വിലവര്‍ധന ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമായിരുന്നു. പുതിയ വില പ്രാബല്യത്തില്‍ വന്നതോടെ പൊതുമേഖലാ കമ്പനികളുടെ നിരക്കുമായുള്ള അന്തരം കുറയ്ക്കാന്‍ റിലയന്‍സിനും മറ്റും കഴിഞ്ഞു.

  5. കാര്‍ഷിക ഉത്സവവും സംഗമവും കൊച്ചിയില്‍
  കൊച്ചി: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷികോല്‍സവവും സംസ്ഥാനതല കാര്‍ഷികസംഗമവും കൊച്ചിയില്‍ 20മുതല്‍ 24വരെ നടക്കും. ഇതിന്റെ ഭാഗമായി മറൈന്‍ഡ്രൈവില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

  കേരളത്തിലെ കാര്‍ഷികവൈവിധ്യങ്ങളും സാധ്യതകളും പരിചയപ്പെടുത്തുകയും കാര്‍ഷികമേഖലയില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേളയുടെ ഭാഗമായി സെമിനാറുകളും നടത്തും. മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരവികസനം എന്നീ വകുപ്പുകളും കേരള കാര്‍ഷിക സര്‍വകലാശാലയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും മേളയില്‍ പങ്കാളികളാകും.

  പഴം-പച്ചക്കറികള്‍,മറ്റുകാര്‍ഷികോല്‍പ്പന്നങ്ങള്‍, കട്ട്ഫ്ളവര്‍, അലങ്കാര പൂക്കള്‍ എന്നിവയുടെ പ്രദര്‍ശനവും മല്‍സരവും ഉണ്ടാകും. പ്രദര്‍ശനം 20ന് വൈകിട്ട് അഞ്ചിന് കൃഷിമന്ത്രി ഉദ്ഘാടനംചെയ്യും.

  21ന് കൃഷിഭൂമിയും കര്‍ഷകനും കേരളത്തില്‍ എന്ന സെമിനാറില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. 22ന് കേരളവും കേരകൃഷിയും എന്ന സെമിനാര്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 23ന് കേരളത്തിലെ കാര്‍ഷികസാധ്യതകള്‍ എന്ന സെമിനാര്‍ മന്ത്രി സി ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. സെമിനാറിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് കാര്‍ഷികവികസന രൂപരേഖ തയ്യാറാക്കും. എല്ലാ പഞ്ചായത്തുകളില്‍നിന്നും തെരഞ്ഞെടുത്ത കര്‍ഷകപ്രതിനിധികളെ പങ്കെടുപ്പിച്ച് കര്‍ഷകസംഗമവും നടത്തും. സാംസ്കാരികസംഗമം 23ന് വൈകിട്ട് മൂന്നിന് പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്യും. സി രാധാകൃഷ്ണന്‍ അധ്യക്ഷനാകും.

  പ്രദര്‍ശനനഗരിയിലേക്കുള്ള പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് പത്തും കുട്ടികള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അഞ്ചും രൂപയാണ്. മേളയില്‍നിന്നുള്ള ലാഭം കര്‍ഷകക്ഷേമനിധിയിലേക്ക് മുതല്‍ക്കൂട്ടുമെന്ന് മന്ത്രി അറിയിച്ചു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ജയകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  6. മധ്യപ്രദേശില്‍ പുരോഹിതനെയും കന്യാസ്ത്രീയെയും ആക്രമിച്ചു
  ജബല്‍പ്പുര്‍: മധ്യപ്രദേശിലെ ജബല്‍പ്പുരിനടുത്ത് ക്രിസ്ത്യന്‍ പുരോഹിതനെയും കന്യാസ്ത്രീയെയും ആര്‍എസ്എസ് സംഘം ആക്രമിച്ചു. 14ന് ഉച്ചയോടെ നരസിംഗപ്പുരിലെ ക്രിസ്ത്യന്‍ ആശ്രമത്തിലേക്ക് ഇരച്ചുകയറിയായിരുന്നു ആക്രമണം.

  ഫാ. എം ആന്റോക്കും രണ്ട് സഹായികള്‍ക്കുമാണ് പരിക്കേറ്റത്. ആശ്രമത്തില്‍ പെണ്‍കുട്ടികളെ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വന്നതെന്നു പറഞ്ഞായിരുന്നു ആക്രമണം. ആശ്രമത്തിലുണ്ടായിരുന്ന 62 വയസ്സുള്ള കന്യാസ്ത്രീയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയുംചെയ്തു. കന്യാസ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പുരോഹിതന് മര്‍ദനമേറ്റത്. ആശ്രമവും അടിച്ചുതകര്‍ത്തു.

  സംഭവസമയത്ത് അവിടെയുണ്ടായിരുന്ന പൊലീസ് കോണ്‍സ്റബിള്‍ കാഴ്ചക്കാരനായിനിന്നു. രണ്ടു ദിവസംമുമ്പ് പൊലീസ് സംരക്ഷണത്തിന് ആശ്രമത്തില്‍നിന്ന് അപേക്ഷ നല്‍കിയിരുന്നു. ഒരാളെയാണ് സംരക്ഷണത്തിനായി നിയോഗിച്ചത്. ആ കോണ്‍സ്റബിളാണ് നോക്കിനിന്നത്.

  സംഭവം സംബന്ധിച്ച് ജബല്‍പ്പുര്‍ എസ്പിക്ക് പരാതി നല്‍കി. വലന്റൈന്‍സ് ദിനമായതുകൊണ്ട് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് എസ്പി അറിയിച്ചു.

  7. പാകിസ്ഥാന്‍ നാളെ ബൂത്തിലേക്ക്
  ഇസ്ളാമാബാദ്: പൊതു തെരഞ്ഞെടുപ്പിന് ഒരു ദിവസംമാത്രം ശേഷിക്കെ പാകിസ്ഥാനില്‍ പിപിപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുമുന്നിലുണ്ടായ സ്ഫോടനത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. സ്ഥാനാര്‍ത്ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു സംഭവത്തില്‍ മൂന്ന് പോളിങ് സ്റേഷനുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.

  ബേനസീറിന്റെ വധത്തെ തുടര്‍ന്ന് മാറ്റിവച്ച തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. പ്രചാരണം ശനിയാഴ്ച അര്‍ധരാത്രി സമാപിച്ചു. ഇതേസമയം സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ പാകിസ്ഥാനുള്ള സൈനിക സഹായം വെട്ടിക്കുറയ്ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി.

  അക്രമങ്ങളും സ്ഫോടനവും കൂടിക്കുഴഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഖുറാമിലെ പരംചിനാറിലാണ് പിപിപി ഓഫീസ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഥാനാര്‍ത്ഥി റിയാസ് ഹുസൈന്‍ ഷാ രക്ഷപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലെ വടക്കന്‍ വസിരിസ്ഥാനില്‍ ഖാര്‍ ഗ്രാമത്തിലാണ് മൂന്ന് പോളിങ് കേന്ദ്രങ്ങള്‍ തീവ്രവാദികള്‍ തകര്‍ത്തത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിലാകെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനും നിര്‍ദേശിച്ചു.

  അന്തിമഘട്ടത്തിലും പ്രചാരണങ്ങള്‍ വേണ്ടത്ര ചൂടുപിടിച്ചിട്ടില്ല. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് മത്സരിക്കാനാകാഞ്ഞതും ബേനസീറിന്റെ വധവുമെല്ലാം തെരഞ്ഞെടുപ്പിനെ തണുപ്പനാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ പിഎംഎല്‍ (ക്യു), ബേനസീറിന്റെ പിപിപി, നവാസ് ഷെറീഫിന്റെ പിഎംഎല്‍ (എന്‍) എന്നിവയാണ് മത്സരരംഗത്തുള്ള മുഖ്യകക്ഷികള്‍. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാര്‍ടി, തീവ്രവാദ മുസ്ളിം സംഘടനകള്‍ തുടങ്ങിയ കക്ഷികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണ്.

  തെരഞ്ഞെടുപ്പിനുശേഷം സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് പിപിപി നേതാവും ബേനസീറിന്റെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരി, പിഎംഎല്‍ നേതാവ് നവാസ് ഷെറീഫുമായി ചര്‍ച്ച നടത്തി. പാക് രാഷ്ട്രീയത്തിലെ സുപ്രധാന നീക്കമാണ് ഇത്. നിരീക്ഷകസംഘത്തിലുള്ള അമേരിക്കന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ജോസഫ് ബീഡനാണ് തെരഞ്ഞെടുപ്പ് നീതിപൂര്‍വകമല്ലെങ്കില്‍ സൈനികസഹായം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. സെനറ്റിന്റെ വിദേശബന്ധസമിതി ചെയര്‍മാനുമാണ് ബീഡന്‍.

  1. വടക്കന്‍ ജില്ലകളിലേക്കും പനി പടരാന്‍ സാധ്യത
  തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ക്കായി കര്‍മപരിപാടി തയാറാക്കിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

  ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വടക്കന്‍ ജില്ലകളില്‍ ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി പോലുള്ള മാരകരോഗങ്ങള്‍ പടരാനുള്ള സാധ്യതയുണ്െടന്ന് ഐ.എം.എ മുന്നറിയിപ്പ് നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനായി പകര്‍ച്ചവ്യാധിസെല്ലിന് രൂപം നല്‍കി.

  ഡോ.സി.വി.പ്രതാപന്‍- റിട്ട ഡി.എച്ച്.എസ് (കണ്‍വീനര്‍), ഡോ. സി.വി.പ്രശാന്ത്, ഡോ.അലക്സ് ഫ്രാങ്ക്ളിന്‍ എന്നിവരാണ് സെല്‍ ഭാരവാഹികള്‍. 22-ന് ആരോഗ്യവകുപ്പും എന്‍.ആര്‍എച്ച്.എം, ഐ.എം.എ ഭാരവാഹികളുടെ സംയുക്തയോഗം കൂടും. പകര്‍ച്ചപ്പനി പ്രതിരോധ പരിപാടി ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും.

  ബോധവത്കരണം, കൊതുക് നിര്‍മാര്‍ജനം, സെമിനാര്‍ സംഘടിപ്പിക്കല്‍, സ്ക്വാഡ് വര്‍ക്ക്, രോഗം ബാധിച്ച മേഖലയില്‍ അടിയന്തര വൈദ്യസഹായം തുടങ്ങിയവയാണ് നടപ്പാക്കുക.

  പത്രസമ്മേളനത്തില്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്. അലക്സ് ഫ്രാങ്ക്ളിന്‍, സംസ്ഥാന സെക്രട്ടറി ഡോ.ആര്‍.രമേഷ് എന്നിവര്‍ പങ്കെടുത്തു.

  2. കേരളം ഇരുട്ടിലേക്ക്
  പത്തനംതിട്ട: സംസ്ഥാന വൈദ്യുതിബോര്‍ഡിന്റെ കെടുകാര്യസ്ഥതമൂലം കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. അപ്രഖ്യാപിത പവര്‍കട്ടും ലോഡ്ഷെഡിംഗുമായി ഉപയോക്താക്കളെ വലച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ഇ.ബി ഏതാനും നാളുകള്‍ക്കകം പ്രഖ്യാപിത ലോഡ്ഷെഡിംഗുമായി രംഗത്തെത്തുമെന്നാണു സൂചന. വൈദ്യുതി ഉപയോഗവും ലഭ്യതയും തമ്മില്‍ കാര്യമായ അന്തരം നിലനില്‍ക്കുന്നതിനാല്‍ ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ ഇപ്പോഴത്തെ നിലയില്‍ സാധ്യമല്ലെന്ന നിലപാടിലേക്കാണ് ബോര്‍ഡ് നീങ്ങുന്നത്.

  കേരളത്തിലെ വൈദ്യുതി ആവശ്യവും, ഉത്പാദനവും തമ്മില്‍ 1212 മെഗാവാട്ടിന്റെ കുറവുള്ളതായാണ് സാമ്പത്തിക വര്‍ഷത്തെ പവര്‍ സര്‍വേയില്‍ പറയുന്നത്. 4724 മെഗാവാട്ടാണ് കേരളത്തിന്റെ വൈദ്യുതി ഉപയോഗത്തിന്റെ പ്രഖ്യാപിതശേഷി. 3512 മെഗാവാട്ടാണ് പരമാവധി വൈദ്യുതി ലഭ്യത.

  ഉപയോഗം 25,245 ദശലക്ഷം യൂണിറ്റും ലഭ്യത 13,878 ദശലക്ഷം യൂണിറ്റുമാണ്. പുതിയ കണക്ഷനുകളും, വ്യവസായ മേഖലയിലെ ആവശ്യങ്ങളും വൈദ്യുതി ഉപയോഗം വര്‍ധിപ്പിക്കാനും കാരണമായി. പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം പുതിയ കണക്ഷനുകള്‍ കെ.എസ്.ഇ.ബി ഇപ്പോള്‍ നല്‍കുന്നുണ്ട്.

  കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി 1836.60 മെഗാവാട്ടാണ്. ഇവയിലൂടെ പ്രതിവര്‍ഷ ഉത്പാദനം പ്രതീക്ഷിക്കുന്നത് 7118.75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുമാണ്. ഡിസല്‍, വാതക നിലയങ്ങളായ ബ്രഹ്മപുരം, കാസര്‍ഗോഡ്, കഞ്ചിക്കോട്, കായംകുളം തുടങ്ങിയ പദ്ധതികളുടെ സ്ഥാപിതശേഷി 771.62 മെഗാവാട്ടും 4866 ദശലക്ഷം യൂണിറ്റ് പ്രതിവര്‍ഷ ഉത്പാദനവും പ്രതീക്ഷിക്കുന്നു. കേന്ദ്ര വിഹിതമായി കേരളത്തിനു ലഭിക്കേണ്ടത് 854.8 മെഗാവാട്ട് വൈദ്യുതിയാണ്. പ്രതിവര്‍ഷ പ്രതീക്ഷ 5983.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടേ താണ്.

  കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതായി വൈദ്യുതി മന്ത്രിയും, കെ.എസ്.ഇ.ബിയും വിലപിക്കുമ്പോള്‍ കേരളത്തിലെ ഉത്പാദനക്കുറവും, ഉത്പാദന നഷ്ടവും വിഷയമാക്കുന്നതേയില്ല. കായംകുളത്തു നിന്നുള്ള വൈദ്യുതി കേരളം എടുത്താലും ഇല്ലെങ്കിലും കരാര്‍ പ്രകാരം നിശ്ചിത തുക സംസ്ഥാനം എന്‍.ടി.പി.സിക്കു നല്‍കുന്നുമുണ്ട്. ഇന്ധനവില വര്‍ധിക്കുന്നതനുസരിച്ച് വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്തുന്നതോടെയാണ് എന്‍.ടി.പി.സിയുടെ വൈദ്യുതി വാങ്ങുന്നതില്‍ നിന്നു കെ.എസ്.ഇ.ബി പിന്‍വാങ്ങിയത്.

  കായംകുളത്ത് നാഫ്ത ഉപയോഗിച്ച് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 7.90 രൂപയാണ് ചെലവു വരുന്നത്. കെ.എസ്.ഇ.ബി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാ ന്‍ വിസമ്മതിക്കുകയും ചെയ്തിരിക്കുകയാണ്. നാഫ്ത യു ടെ വില ടണ്ണിന് 49,000 രൂപയി ലെത്തിയതോ ടെയാണ് കായംകുളത്തെ ഉത്പാദനച്ചെലവ് കൂടിയത്. 359.58 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കായംകുളം പദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം 180 മെഗാവാട്ടാണ്. ബ്രഹ്മപുരത്ത് ഉത്പാദനച്ചെലവ് യൂണിറ്റിന് 6.52 രൂപയും, കോഴിക്കോട് നിലയത്തില്‍ ഉത്പാദനച്ചെലവ് 6.32 രൂപയുമാണ്.

  കയ്യ (തമിഴ്നാട്) 266 ദശലക്ഷം യൂണിറ്റ്, തല്‍ച്ചാല്‍ – 1960 ദശലക്ഷം യൂണിറ്റ്, നെയ്വേലി ഒന്ന്- 443, നെയ്വേലി രണ്ട് – 630 , നെയ്വേലി മൂന്ന് 411.6 എന്നിങ്ങനെ 5983.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിവര്‍ഷം കേരളത്തിനു കേന്ദ്രവിഹിതമായി നിശ്ചയിച്ചിരിക്കുന്നത്.

  ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേന്ദ്രവിഹിതത്തില്‍ കുറവു വരുത്താന്‍ കഴിയില്ലെങ്കിലും സംസ്ഥാനത്തിനു ണ്ടായി രുന്ന അണ്‍ അലോക്കേറ്റഡ് വിഹിതത്തില്‍ കുറവു വരുത്തിയിട്ടുണ്െടന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. ഇത്തരത്തില്‍ 50 മെഗാവാട്ടിന്റെ കുറവാണ് ചൂണ്ടികാണിക്കപ്പെടുന്നത്. 2007 ഏപ്രിലില്‍ 133 മെഗാവാട്ടിന്റെ കുറവ് വരുത്തിയിട്ടുണ്െടന്നും പറയുന്നു.

  കേന്ദ്രവിഹിതത്തില്‍ അടുത്തവര്‍ഷം മുതല്‍ കാര്യമായ വര്‍ധ ന ഉണ്ടാകാമായിരുന്ന കൂടംകുളം വൈദ്യുതി സ്വീകരിക്കാന്‍ കേരളം തയാറായിട്ടില്ല. ഒക്ടോബറി ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുന്ന തോടെ കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് 266 മെഗാവാട്ട് വൈദ്യുതിയാണ്.

  എന്നാല്‍ ഇത് സ്വീകരിക്കാനുള്ള 400 കെ.വി വൈദ്യുതി ലൈന്‍ നിര്‍മിച്ചിട്ടില്ല. കൊച്ചിയിലെ കിഴക്കമ്പലത്ത് സബ് സ്റ്റേഷന്‍ പണിയുന്നുണ്െടങ്കിലും ലൈന്‍ നിര്‍മാണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ ഇനിയും മാറി യിട്ടില്ല.താരതമ്യേന ഉത്പാദനചെലവു കുറഞ്ഞ ജലവൈദ്യുതി കൂടുതലായി ലഭിക്കുന്നതിലും കെ.എസ്.ഇ.ബി അനാസ്ഥ തുടരുകയാണ്. ലോവര്‍ പെരിയാറിനുശേഷം കേരളത്തില്‍ വന്‍കിട പദ്ധതി ക ളൊന്നുംതന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

  3. പി.എസ്.സി ഹാള്‍ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയാക്കുന്നു
  തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ പി.എസ്.സി ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഇക്കഴിഞ്ഞ കമ്മീഷന്‍ മീറ്റിംഗില്‍ ഉയര്‍ന്ന് വന്നപ്പോള്‍ എല്ലാ അംഗങ്ങളും അതിനോട് യോജിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം ഉദ്യോഗാര്‍ഥികള്‍ സ്വീകരിച്ചു. ഓരോ മാസവും 98 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പി.എസ്.സിയുടെ സൈറ്റ് പരിശോധിക്കുന്നത്. ഇതാണ് ഓണ്‍ലൈന്‍ സംവിധാനം വിപുലപ്പെടുത്താനും പുതിയ തീരുമാനങ്ങളെടുക്കാനും പി.എസ്.സിയെ പ്രേരിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷ പരിശോധിച്ചതിന് ശേഷം ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

  ഇത് പ്രിന്റെടുത്ത് ഫോട്ടോ ഒട്ടിച്ച് ഉദ്യോഗാര്‍ഥി പരീക്ഷാ ഹാളില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഒപ്പിടണം. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാനും അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്ന് പി.എസ്.സി കണക്ക് കൂട്ടുന്നു. ഇപ്പോള്‍ സംസ്ഥാന് അടിസ്ഥാനത്തിലുള്ള അപേക്ഷകളാണ് പി.എസ്.സി ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന എല്‍.ഡി.ക്ളാര്‍ക്ക് മുതലുള്ള അപേക്ഷകളിലേക്ക് ഇത് ഉടന്‍ വ്യാപിപ്പിക്കും. ഇത് കൂടാതെ ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്തുന്നതിനുള്ള സംവിധാനവും പി.എസ്.സി ആലോചിച്ചെങ്കിലും ഉടന്‍ പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ അത് പിന്നീട് പരിഗണിക്കാമെന്ന് തീരുമാനിച്ചു. പല ബുദ്ധിമുട്ടുകള്‍ കാരണം ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 25 ലക്ഷം രൂപ മുടക്കി പുതിയ സേര്‍വര്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

  4. എട്ടിലും ഒമ്പതിലും ഈ വര്‍ഷം പൊതുപരീക്ഷ
  കാഞ്ഞിരപ്പള്ളി: സംസ്ഥാനമൊട്ടാകെയുള്ള ഹൈസ്കൂളുകളില്‍ എട്ടിലും ഒമ്പതിലും പൊതുപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ വിവിധ ഇടങ്ങളില്‍ നടന്ന ക്ളസ്റ്റര്‍ പരിശീലനം ഇതിനുള്ള മുന്നൊരുക്കമായിരുന്നു.

  വിവിധ ഏജന്‍സികള്‍ തയാറാക്കുന്ന ചോദ്യങ്ങള്‍ക്കു പകരം സംസ്ഥാനതലത്തില്‍ ഒരു ടീം തയാറാക്കുന്ന ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുപയോഗിക്കുക. എസ്.എസ്.എല്‍.സി. ചോദ്യ മാതൃകയില്‍ പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രായോഗികാനുഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ തയാറാക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം.

  എസ്.എസ്.എല്‍.സി. ചോദ്യ മാതൃക എട്ടാം ക്ളാസു മുതല്‍ പരിശീലിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് ഇതിന്റെ ല ക്ഷ്യം. ഇക്കുറി നടക്കുന്ന വാര്‍ഷികപ്പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം ചെയ്ത് ഗ്രേഡുകള്‍ രേഖപ്പെടുത്തി ഡി. പി.ഐയ്ക്ക് അയച്ചുകൊടുക്കാനും നിര്‍ദേശമുണ്ട്.

  അഡോപ്റ്റഡ് സ്കൂളുകളിലെ ഉത്തര കടലാസുകള്‍ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

  5. അന്ധതാ നിവാരണം: ഓപ്പറേഷന്‍ ഐസൈറ്റ് 20 ലക്ഷം ഡോളര്‍ മുടക്കും
  കൊച്ചി: അന്ധതാ നിവാരണത്തിനായി കാനഡയിലെ ജീവകാരുണ്യ സംഘടനയായ ഓപ്പറേഷന്‍ ഐസൈറ്റ് യൂണിവേഴ്സല്‍ ഇന്ത്യയില്‍ ഈ വര്‍ഷം 20 ലക്ഷം ഡോളര്‍ ചെലവഴിക്കും. ഇതിനു പുറമെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അടക്കമുള്ള അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഘട്ടം ഘട്ടമായി മറ്റൊരു 20 ലക്ഷം ഡോളര്‍ കൂടി സാമ്പത്തികസഹായം ചെയ്യുമെന്നും ഓപ്പറേഷന്‍ ഐസൈറ്റ് യൂണിവേഴ്സല്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാറ്റ് ഫെര്‍ഗുസണും, വൈസ് ചെയര്‍മാന്‍ രാജു പോളും പത്രസമ്മേളനത്തില്‍ അറിയിച്ചു.

  ഇന്ത്യയിലെ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഓപ്പറേഷന്‍ ഐസൈറ്റ് യൂണിവേഴ്സലിന്റെ പങ്കാളികളായ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും അഡ്മിനിസ്ട്രേറ്റര്‍മാരുടേയും സമ്മേളനത്തില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയതാണ് പാറ്റ് ഫെര്‍ഗുസണും രാജു പോളും. രാജ്യത്തെ 17 കണ്ണാശുപത്രികള്‍ ഓപ്പറേഷന്‍ ഐസൈറ്റ് യൂണിവേഴ്സലിന്റെ ഇന്ത്യയിലെ പങ്കാളികളാണ്. ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ കഴിഞ്ഞ വര്‍ഷം 175,848 രോഗികളെ പരിശോധിച്ച് ചികിത്സ വിധിച്ചപ്പോള്‍ 16,670 നേത്രശസ്ത്രക്രിയകള്‍ നടത്തുകയുണ്ടായി.

  6. ലാവ്ലിന്‍: സി.ബി.ഐ. സംഘം പരിശോധന നടത്തി
  അടിമാലി: എസ്.എന്‍.സി. ലാവ്ലിന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം ജില്ലയിലെ പന്നിയാര്‍, ചെങ്കുളം, പള്ളിവാതുക്കല്‍ ജലവൈദ്യുത പദ്ധതികളില്‍ തെളിവെടുപ്പ് നടത്തി.

  ചെന്നൈയില്‍നിന്നുള്ള സി. ബി.ഐ ഡിഐജി കന്ദസ്വാമിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്പി അശോക് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്.

  ലാവ്ലിന്‍ കമ്പനിയുമായി 1996-ല്‍ കരാര്‍ ഉണ്ടാക്കിയതുവഴി 340 കോടി രൂപയുടെ അഴിമതി നടന്നതായി അക്കൌണ്ട് ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണം. കേസ ന്വേ ഷ ണത്തിന്റെ ഇതുവരെയുള്ള പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നു സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  7. പ്രതിരോധ കരാറുകളില്‍ ഇടനിലക്കാരെ അനുവദിക്കില്ല: ആന്റണി
  ന്യൂഡല്‍ഹി: പ്രതിരോധക്കരാറുകളില്‍ ഇടനിലക്കാരെ അനുവദിക്കില്ലെന്നു പ്രതിരോധമന്ത്രി എ.കെ. ആന്റണി.

  ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ആന്റണി വ്യക്തമാക്കി.

  ഇന്ത്യന്‍ ഡിഫന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു ആന്റണി.

  ഇസ്രയേലുമായുള്ള 120 കോടി ഡോളറിന്റെ പ്രതിരോധക്കരാര്‍ റദ്ദാക്കില്ലെന്നും ആന്റണി പറഞ്ഞു. ചൈന വാഗ്ദാനം ചെയ്തതിലും മൂന്നിരട്ടി തുക നല്കിയാണ് ഇന്ത്യ ഇസ്രയേലില്‍ നിന്ന് എവാക്സ് വാങ്ങുന്നതെന്ന് ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, ഇങ്ങനെയൊരാരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആന്റണി പറഞ്ഞു.

  8. കൃത്രിമ വാനിലയെങ്കില്‍ ഉത്പന്നത്തില്‍ രേഖപ്പെടുത്തണം
  ന്യൂഡല്‍ഹി: കൃത്രിമ വാനില ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഐസ്ക്രീമിന്റെ ലേബലില്‍ അതു രേഖപ്പെടുത്താമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ജയറാം രമേശ്. അന്താരാഷ്ട്ര വിപണിയില്‍ വാനില ബീന്‍സിന് നഷ്ടം നേരിടുന്നതു മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി പുതിയ പദ്ധതിക്ക് ശിപാര്‍ശ ചെയ്യുമെന്നും പി.സി. തോമസ് എം. പിയെ കേന്ദ്രമന്ത്രി അറിയിച്ചു.

  കൃത്രിമ വാനില ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഐസ്ക്രീം ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്െടന്നും അതിനെതിരേ നടപടിയെടുക്കണമെന്നും പി.സി. തോമസ് നവംബര്‍ 11-ന് ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

  വാനില കര്‍ഷകര്‍ നേരിടുന്ന നഷ്ടം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവ്യത്യാസം മൂലമാണെന്നും അതിന് ആശ്വാസമായി പദ്ധതി ശിപാര്‍ശ ചെയ്യുമെന്നും ജയറാം രമേശ് രേഖാമൂലം അറിയിച്ചു.

  9. വി.സിയുടെ വോട്ട് നിര്‍ണായകമായി കുസാറ്റ് ബി.ടെക് എന്‍ട്രന്‍സ് സര്‍വകലാശാല തന്നെ നടത്തും
  കളമശേരി: കൊച്ചി സര്‍വകലാശാലയിലെ ബി.ടെക് എന്‍ജിനീയറിംഗ് പ്രവേശനം സംബന്ധിച്ച് സിന്‍ഡിക്കറ്റ് എടുത്ത തീരുമാനം വി.സിയുടെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തില്‍. പ്രവേശനം ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ വേണമോ, കുസാറ്റ് എന്‍ട്രന്‍സ് വഴിയായിരിക്കണമോ എന്നായിരുന്നു ഇന്നലെ ചര്‍ച്ച. ഏഴു വീതം സിന്‍ഡിക്കറ്റംഗങ്ങള്‍ ഓരോ പക്ഷത്തും അണിനിരന്നപ്പോള്‍ തീരുമാനം അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സെക്രട്ടറിയുടെ ഉത്തരവിനെ അട്ടിമറിച്ച് വൈസ് ചാന്‍സലര്‍ ഗംഗന്‍ പ്രതാപ് കാസ്റ്റിംഗ് വോട്ടു ചെയ്തത്. കുസാറ്റ് എന്‍ട്രന്‍സിന് അനുകൂലമായാണ് വി.സി വോട്ടു ചെയ്തത്. ഇതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം സംവരണം എന്നത് ഇല്ലാതായി. ഇടതുപക്ഷ യൂണിയനേയും എസ്.എഫ്.ഐക്കാരെയും വിദ്യാഭ്യാസ മന്ത്രിയേയും ഒരേ സമയം പ്രീതിപ്പെടുത്താനും വി.സിക്ക് കഴിഞ്ഞു. സംവരണ നിയമം വഴി അര്‍ഹമായവര്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുന്നുവെന്നും വി.സി. അവകാശപ്പെടുന്നുണ്ട്.

  അതേസമയം, കുസാറ്റ് എന്‍ട്രന്‍സ് എല്ലാക്കാലങ്ങളിലും സുതാര്യമായിരുന്നില്ലെന്ന് വലതുപക്ഷ യൂണിവേഴ്സിറ്റി യൂണിയന്‍ കുറ്റപ്പെടുത്തി. കോപ്പിയടിച്ചും ആള്‍മാറാട്ടം നടത്തിയുമാണ് കഴിഞ്ഞ പ്രവേശന പരീക്ഷകള്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ നേട്ടങ്ങള്‍ കൈവരിച്ചതെന്ന് ആക്ഷേപമുണ്ട്. 85 ശതമാനം ബി.ടെക് വിദ്യാര്‍ഥികളും ഉത്തരേന്ത്യക്കാരായിരുന്നു. പ്രവേശന പരീക്ഷയില്‍ മാത്രമല്ല, മറ്റു പരീക്ഷകളിലും വളഞ്ഞ വഴികളിലൂടെയെത്തിയ ഇവര്‍ക്ക് കൂട്ട തോല്‍വിയാണ് സംഭവിക്കുന്നത്.

  മാസങ്ങള്‍ക്ക് മുമ്പ് ഗവണ്‍മെന്റ് സെക്രട്ടറി ഏബ്രഹാം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത് ഓള്‍ ഇന്ത്യ പ്രവേശനമെന്നായിരുന്നു. 50 ശതമാനം കേരളീയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. പുതിയ കുസാറ്റ് എന്‍ട്രന്‍സ് വരുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ തന്നെ കുസാറ്റ് അടക്കി വാഴും. ഇതിനു പുറമേ കുസാറ്റ് എന്‍ട്രന്‍സ് നോട്ടിഫിക്കേഷന്‍ വകയില്‍ 17 ലക്ഷത്തോളം രൂപയും സര്‍വകലാശാലയ്ക്ക് നഷ്ടമാകും.

  10. നക്സലിസം: മന്‍മോഹനും പാട്ടീലിനും ഭിന്ന സ്വരം
  ന്യൂഡല്‍ഹി: നക്സലിസം രാജ്യത്തുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനും ഭിന്നസ്വരം. ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖ പരിപാടിയിലാണു നക്സലിസമാണ് ആഭ്യന്തര സുരക്ഷിതത്വത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോടു പാട്ടീല്‍ വിയോ ജിപ്പു പ്രകടിപ്പിച്ചത്.

  ജാര്‍ഖണ്ഡും ഛത്തീസ്ഘട്ടും ഒഴിവാക്കിയാല്‍ നക്സല്‍ പ്രവര്‍ത്തനം രാജ്യത്ത് അത്രവലിയ ഭീഷണിയല്ല. ഒറീസയാണു പിന്നത്തെ തലവേദന.

  ആന്ധ്രപ്രദേശിലും ബിഹാറിലും 2003- 2007 കാലയളവില്‍ നക്സലാക്രമണങ്ങള്‍ 70 വരെ ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

  രാജ്യത്തിന്റെ മുപ്പതു ശതമാനം മാത്രമാണു നക്സല്‍ സ്വാധീന മേഖല, അഥവാ 130 ജില്ലകള്‍. രാജ്യത്തെ മൊത്തം പോലീസ് സ്റ്റേഷനുകളില്‍ മൂന്നു ശതമാനം മാത്രമാണ് ഈ മേഖലകളിലായുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ സുരക്ഷ ശക്തമാക്കുകയാണു വേണ്ടത്. 37000 അര്‍ധസൈനികരെ നക്സല്‍ മേഖലകളിലേക്കു നിയോഗിച്ചിട്ടുണ്ട്.

  നക്സലിസം തുടച്ചു നീക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണത്തോടെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമല്ലേ താങ്കളുടെ അഭിപ്രായമെന്ന ചോദ്യത്തിനു പാട്ടീല്‍ നേരിട്ടു മറുപടി നല്കിയില്ല.

  11. ഇന്ത്യന്‍ വംശജരുടെ പ്രകടനം മലേഷ്യന്‍ പോലീസ് പിരിച്ചുവിട്ടു
  ക്വാലാലമ്പൂര്‍: സര്‍ക്കാരിനെതിരേ പ്രകടനം നടത്തിയ ഇന്ത്യന്‍ വംശജരെ പിരിച്ചുവിടാന്‍ മലേഷ്യന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

  വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റോസപ്പൂക്കളുമേന്തിയാണ് ഹിന്‍ഡ്രാഫിന്റെ ആഭിമുഖ്യത്തില്‍ 300 പേര്‍ പ്രകടനം നടത്തിയത്.

  പാര്‍ലമെന്റിലെത്തി പ്രധാനമന്ത്രി ബദാവിക്ക് റോസപ്പൂക്കള്‍ നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ പാര്‍ലമെന്റിലേക്കുള്ള മാര്‍ഗമധ്യേ പോലീസ് പ്രകടനം പിരിച്ചുവിട്ടു.

  പോലീസ് വളരെ ക്രൂരമായാണ് പെരുമാറിയതെന്നും 20 പേരെ കസ്റ്റഡിയിലെടുത്തെന്നും ഹിന്‍ഡ്രാഫ് പ്രവര്‍ത്തകനായ മാണിക്യവാസകം പറഞ്ഞു.

  1. എച്ച്.എം.ടി: മന്ത്രിസഭയില്‍ ഭിന്നത
  തിരുവനന്തപുരം: എച്ച്. എം.ടി ഭൂമി പോക്കുവരവ് റദ്ദാക്കി 70 ഏക്കര്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയൂടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി മന്ത്രിസഭായോഗത്തില്‍ ഭിന്നത.

  സി.പി.ഐ ^സി.പി.എം മന്ത്രിമാര്‍ തമ്മില്‍ ഭിന്നത രൂക്ഷമായതോടെ റിപ്പോര്‍ട്ട് നിയമവശം പരിശോധിക്കുന്നതിന് അഡ്വക്കറ്റ് ജനറലിന് അയക്കാന്‍ തീരുമാനിച്ചു.

  ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ അടുത്തുചേരുന്ന ഇടതുമുന്നണി ഏകോപനസമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന അഭിപ്രായം മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ഇടതുമുന്നണിക്ക് കൈമാറുന്നതിനും തീരുമാനിച്ചതായി അറിയുന്നു.

  സി.പി.എം സംസ്ഥാന കമ്മിറ്റി പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടാണ് മന്ത്രിസഭാ യോഗത്തില്‍ സി.പി.എം മന്ത്രിമാര്‍ പ്രകടിപ്പിച്ചത്. വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ഇടതുസര്‍ക്കാറിന്റെ നേട്ടങ്ങളെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുന്നതിന് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും എച്ച്.എം.ടി ഭൂമി വിവാദത്തിന്റെ പിന്നിലും ഇതുതന്നെയാണ് ലക്ഷ്യമെന്നും പ്രമേയം ഉയര്‍ത്തി മന്ത്രി തോമസ് ഐസക്ക് വിവാദത്തിന് തടയിടാന്‍ ശ്രമിച്ചു. അതിനിടെ എ.ജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത മന്ത്രിമാര്‍ ഭൂമിയിടപാടിന് സാധുത ഉള്ളതായി റിപ്പോര്‍ട്ട് വാങ്ങിയെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ അവസാനിപ്പിച്ചതായാണ് വിവരം.

  ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരോക്ഷമായി തള്ളിയ മന്ത്രിസഭാ യോഗം മന്ത്രിമാരുടെ നിലപാടുകളെ സാധൂകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുത്തയുടന്‍ മന്ത്രിമാരെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ സെക്രട്ടറിമാര്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു.

  ഭൂമി വിവാദത്തിന്റെ ആരോപണം പൂര്‍ണമായും സി.പി.എമ്മിന്റെ ചുമലില്‍ ചാര്‍ത്തി രക്ഷപ്പെടാന്‍ സി.പി.ഐ മന്ത്രിമാര്‍ തന്ത്രപരമായ നീക്കം നടത്തിയതോടെ സി.പി.എം മന്ത്രിമാര്‍ ഒറ്റക്കെട്ടായി അതിനെ നേരിട്ടു. ഭിന്നത പരിധിവിടുകയും പോക്കുവരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കണമെന്ന നിലപാടില്‍ റവന്യു വകുപ്പ് ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ വിഷയത്തില്‍ മൌനംപാലിച്ച മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ നിയമവശം പരിശോധിക്കുന്നതിന് എ.ജിക്ക് കൈമാറാന്‍ നിര്‍ദേശിച്ച് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. എച്ച്.എം.ടി വിവാദത്തില്‍ പാര്‍ട്ടി മന്ത്രി ക്രൂശിക്കപ്പെടരുതെന്ന് സി.പി.എം സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ മുഖ്യമന്ത്രി വിജയിക്കുകയും ചെയ്തു.

  ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിയമവശം പരിശോധിക്കുന്നതിന് അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അറിയിക്കുമെന്നും മാത്രം വ്യക്തമാക്കി മന്ത്രിസഭാ തീരുമാനം വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ശ്രദ്ധേയമാണ്. നേരത്തെ ചീഫ് സെക്രട്ടറിയും സര്‍ക്കാറും എച്ച്.എം.ടി വിവാദവുമായി ബന്ധപ്പെട്ട് അഡീഷനല്‍ അഡ്വക്കറ്റ് ജനറലിന്റെയും എ.ജിയുടെയും നിയമോപദേശം തേടിയിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ എ.ജിയുടെ പരാമര്‍ശവും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഭൂമി ഇടപാടില്‍ സര്‍ക്കാറിന് തെറ്റുപറ്റിയെന്ന് കോടിതിയില്‍ ബോധിപ്പിച്ച എ.എ.ജിയുടെ നടപടി വിവാദമായി. ഇതേത്തുടര്‍ന്ന് എ.എ.ജിയെ ഈ കേസിന്റെ ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. എ.ജിയാകട്ടെ വ്യവസായവകുപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.

  എച്ച്.എം.ടി ഭൂമി വാങ്ങിയ മുംബൈയിലെ ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സിന് കോടതിയെ സമീപിച്ച് ഈ വിവാദത്തില്‍ നിന്ന് തലയൂരുന്നതിനുള്ള പഴുതുകള്‍ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തതായും ആരോപണമുണ്ട്. കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ഇനിയുള്ള തീരുമാനം കോടതി വഴിയാകട്ടെയെന്ന ഉപദേശമാണ് എ.ജി നല്‍കിയിട്ടുള്ളത്. ഭൂമി വില്‍പന ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യവസായ വകുപ്പിന് അയച്ച കത്തും മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. ഈ കത്ത് വ്യവസായവകുപ്പിന് പിടിവള്ളിയാകുകയായിരുന്നു. സര്‍ക്കാറിനെ വെട്ടിലാക്കിയ വിവാദത്തില്‍ നിന്ന് തന്ത്രപരമായ രക്ഷപ്പെടലാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ അരങ്ങേറിയത്.

  2. പാമോയില്‍ ഇറക്കുമതി നിരോധം ഹൈക്കോടതി ശരിവെച്ചു
  കൊച്ചി: സംസ്ഥാനത്തെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. നയപരമായ ഇത്തരം തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

  സംസ്ഥാനത്ത് മാത്രമായി ഇറക്കുമതി നിരോധിച്ചത് നിയമവിരുദ്ധവും വിവേചനവുമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പരിസണ്‍സ് ഫുഡ്സും മുംബൈയിലെ ലിബര്‍ട്ടി ഓയില്‍ മില്ലും സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഉത്തരവ്.

  വിദേശ വ്യാപാര വികസനവും നിയന്ത്രണവും സംബന്ധിച്ച ’92ലെ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കയറ്റുമതിയും ഇറക്കുമതിയും സംബന്ധിച്ച നയരൂപവത്കരണത്തിന് കേന്ദ്രസര്‍ക്കാറിന് പൂര്‍ണ അധികാരമുണ്ട്. വിദേശ വ്യാപാര നയവും വികസനവും നിയന്ത്രണവും സംബന്ധിച്ച നിയമവും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നടപടിയെടുക്കാനുള്ളതാണെന്ന് കോടതി പറഞ്ഞു.

  3. സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കാന്‍ നിര്‍ദേശം
  ന്യൂദല്‍ഹി: രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും പ്രവേശനം, ഫീസ് തുടങ്ങിയ വിഷയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ദേശീയ വിജ്ഞാന കമീഷന്‍ നിര്‍ദേശം. കമീഷന്‍ അധ്യക്ഷന്‍ സാം പിത്രോഡ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗ്, പ്ലാനിംഗ് കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അഹ്ലുവാലിയ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

  പ്രവേശനത്തിലെ സുതാര്യത, ഫീസ് ഏകീകരണം, അധ്യാപനം, അടിസ്ഥാന സൌകര്യം തുടങ്ങിയ കാര്യങ്ങളില്‍ സ്വകാര്യ സ്കൂളുകളെ വിലയിരുത്തേണ്ടതുണ്ടെന്ന് കമീഷന്‍ പറയുന്നു. വിദ്യാഭ്യാസരംഗത്ത് സ്വകാര്യ സ്കൂളുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍, ഈ രംഗത്തുള്ളവരെ സഹായിക്കാനും നിയന്ത്രിക്കാനും സംവിധാനമുണ്ടാകണം. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ സുതാര്യവും വ്യവസ്ഥാപിതവുമായ സംവിധാനം വേണം. ഇതുവഴി ബ്യൂറോക്രസിയുടെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാം. സര്‍ക്കാര്‍ സഹായം സ്വാശ്രയ സ്കൂളുകള്‍ക്ക് നല്‍കുന്നതിലും കൃത്യമായ മാനദണ്ഡം വേണം. സര്‍ക്കാര്‍^സ്വകാര്യ സ്കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേശീയ തലത്തില്‍ അവലോകന സമിതി വേണം.

  15 ഇന നിര്‍ദേശമാണ് കമീഷന്‍ പ്രധാനമന്ത്രി മുമ്പാകെ സമര്‍പ്പിച്ചത്. കരിക്കുലം, പരീക്ഷാ സംവിധാന പരിഷ്കരണം, ഒന്നാംതരം മുതല്‍ ഇംഗ്ലീഷ് പഠനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
  യോഗ്യതയും കാര്യക്ഷമതയുമില്ലാത്ത അധ്യാപകരെക്കുറിച്ച് കത്തില്‍ പറയുന്നുണ്ട്. ഒരു തൊഴില്‍ എന്ന നിലക്ക് സ്കൂള്‍ അധ്യാപനത്തിന്റെ മഹത്വം പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഇതിനായി അര്‍പ്പണബോധമുള്ള അധ്യാപകര്‍ക്ക് മെച്ചപ്പെട്ട വേതനവ്യവസ്ഥ ലഭ്യമാക്കണം. തെരഞ്ഞെടുപ്പ് ജോലി പോലുള്ള അധ്യാപനേതര ജോലികള്‍ അധ്യാപകരുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലാകരുത്.

  അധ്യാപകരെ വാര്‍ത്തെടുക്കുന്ന പ്രക്രിയക്ക് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഇതിനായി സര്‍വീസില്‍ വരുന്നതിനു മുമ്പും ശേഷവും കാര്യക്ഷമമായ ട്രെയ്നിംഗ് ഏര്‍പ്പെടുത്തണം.
  പട്ടികജാതി^വര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കണം. പിന്നാക്ക മേഖലയിലുള്ളവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. മുസ്ലിം വിദ്യാര്‍ഥികളെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരാനും നയം രൂപവത്കരിക്കണമെന്ന് കമീഷന്‍ പറയുന്നു.

  4. കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കണം: ലോകബാങ്ക്
  ന്യൂദല്‍ഹി: ഗ്രാമീണ മേഖലയില്‍ വര്‍ധിച്ചുവരുന്ന ദാരിദ്യ്രം ഇല്ലാതാക്കുന്നതിന് നിക്ഷേപം വര്‍ധിപ്പിച്ച് കാര്‍ഷിക വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ലോകബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചയില്‍ ഗ്രാമവും പട്ടണവും തമ്മിലുള്ള അന്തരം കുറച്ച് ഗ്രാമീണരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക അജണ്ട തയാറാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

  കാര്‍ഷിക^ഗ്രാമീണ മേഖലകളില്‍ നിക്ഷേപം വര്‍ധിച്ചില്ലെങ്കില്‍ 2015നകം ലോകത്ത് പട്ടിണിയും ദാരിദ്യ്രവും ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനാവില്ല. അതേസമയം കാര്‍ഷിക രംഗത്ത് കൂടുതല്‍ നിക്ഷേപമുണ്ടാവണമെങ്കില്‍ സബ്സിഡി അവസാനിപ്പിക്കണമെന്നും കരാര്‍ കൃഷി പോലുള്ള സമ്പ്രദായങ്ങള്‍ പരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. കേരളത്തില്‍ ഗ്രാമങ്ങള്‍ ഇല്ലാതാവുകയും നഗരവത്കരണം വര്‍ധിക്കുകയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
  കഴിഞ്ഞ ഒക്ടോബറില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ ബജറ്റിന് തൊട്ടുമുന്നോടിയായാണ് പുറത്തുവിട്ടത്. കാര്‍ഷിക മേഖലക്ക് കുടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ലോകബാങ്ക് നയങ്ങള്‍ക്ക് സ്വാധീനമുണ്ടാകുമെന്നതിന്റെ സൂചനയാണിത്.

  വികസനത്തിന് സര്‍ക്കാര്‍ ചെലവഴിക്കുന്നതിന്റെ നാല് ശതമാനം മാത്രമാണ് കാര്‍ഷിക മേഖലക്ക് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇന്ത്യയെപ്പോലെ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയില്‍ ദരിദ്രലക്ഷങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചകൊണ്ടു മാത്രമേ സാധ്യമാകൂ. ഇതിന് വിളകളുടെ ഉല്‍പാദനക്ഷമതയും നിക്ഷേപവും വര്‍ധിക്കണം. എന്നാല്‍ കാര്‍ഷികരംഗത്തെ തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയില്‍ ബംഗ്ലാദേശിനേക്കാള്‍ പിന്നിലാണ് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനം, ഭൂമിയുടെ അഭാവം, ജലദൌര്‍ലഭ്യം, ഭക്ഷ്യപദാര്‍ഥങ്ങളുടെ പൊള്ളുന്ന വില, പകര്‍ച്ചവ്യാധി തുടങ്ങിയവയാണ് മേഖലയുടെ പ്രധാന വെല്ലുവിളികളെന്നും ഇത് അതിജീവിക്കാനുള്ള നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

  റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനു മുന്നോടിയായി ധനമന്ത്രി പി. ചിദംബരവുമായി നടത്തിയ ചര്‍ച്ചയില്‍ സബ്സിഡി അവസാനിപ്പിക്കണമെന്ന നിര്‍ദേശം ലോകബാങ്ക് പ്രതിനിധികള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതനുസരിച്ച് നടപടികളുമായി മുന്നോട്ടുപോയ ധനമന്ത്രാലയം 16 എം.പിമാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തല്‍ക്കാലം പിറകോട്ടുപോയതെന്നാണ് ലോകബാങ്ക് പ്രതിനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സബ്സിഡി വെട്ടിക്കുറക്കാന്‍ രാഷ്ട്രീയ ഇഛാശക്തി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സബ്സിഡിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഈയിടെ വ്യക്തമാക്കിയിരുന്നു.

  5. പാക് തെരഞ്ഞെടുപ്പ്: പ്രചാരണ രംഗം ബേനസീര്‍ മയം
  ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പിന് ഒരു ദിവസം അവശേഷിക്കെ, പ്രചാരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നത് ബേനസീര്‍ ഭുട്ടോയുടെ അദൃശ്യ സാന്നിധ്യം. കൊല്ലപ്പെട്ട നേതാവിനോടുള്ള ജനങ്ങളുടെ സഹതാപം വോട്ടാക്കി മാറ്റാന്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കിണഞ്ഞു ശ്രമിക്കുന്നു.

  പി.പി.പിയുടെ പ്രചാരണ പരിപാടികള്‍ മുഴുവന്‍ ബേനസീര്‍ മയമാണ്. എങ്ങും ബേനസീറിന്റെ വര്‍ണ ചിത്രങ്ങള്‍. അവരുടെ ശ്രദ്ധേയമായ പ്രസംഗങ്ങള്‍ കേള്‍പ്പിച്ചും പാര്‍ട്ടി വോട്ട് പിടിക്കുന്നു.

  പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദില്‍ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പി.പി.പി നേതാവും ബേനസീറിന്റെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരി താന്‍ ബേനസീറിനെ സ്വപ്നം കണ്ടതായി പറഞ്ഞപ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി. ഞാന്‍ താങ്കളോടൊപ്പവും ജനങ്ങളോടൊപ്പവുമുണ്ടെന്ന് ബേനസീര്‍ സ്വപ്നത്തില്‍ പറഞ്ഞതായി സര്‍ദാരി വിവരിച്ചപ്പോള്‍ ജനങ്ങള്‍ ഇളകിമറിയുകയായിരുന്നു.

  ഇന്റര്‍നാഷനല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയും തങ്ങള്‍ പി.പി.പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാര്‍ട്ടിക്ക് 22 ശതമാനവും മുശര്‍റഫിന്റെ പാര്‍ട്ടിക്ക് 14 ശതമാനവും വോട്ടേ ലഭിക്കൂ എന്നും സര്‍വേ പ്രവചിച്ചിരുന്നു. ബി.ബി.സി ഉര്‍ദു വിഭാഗം നടത്തിയ സര്‍വേയില്‍ മുശര്‍റഫിന്റെ ജന പിന്തുണ വളരെ താഴ്ന്നതായി തെളിഞ്ഞു. മുശര്‍റഫ് സ്ഥാനമൊഴിഞ്ഞാല്‍ രാജ്യത്തിന്റെ സ്ഥിരത ശക്തിപ്പെടുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

  സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പി.പി.പി ആരോപിച്ചിട്ടുണ്ട്. അഴിമതിക്കേസുകളില്‍ 11 വര്‍ഷം ജയിലില്‍ കഴിഞ്ഞ സര്‍ദാരിയുടെ മോശം പ്രതിഛായ പി.പി.പിക്ക് തിരിച്ചടിയാകുമോയെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ആശങ്കയുണ്ട്.

  6. സുസ്ഥിരത തകര്‍ക്കാത്ത ജനപങ്കാളിത്തം കാലഘട്ടത്തിന്റെ ആവശ്യം: രാജാവ്
  മനാമ: രാജ്യത്തിന്റെ സുസ്ഥിരതക്കും സുരക്ഷക്കും നിയമവാഴ്ചക്കും ഐക്യത്തിനും തകര്‍ച്ചയുണ്ടാക്കാത്ത ജനപങ്കാളിത്തം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പ്രസ്താവിച്ചു. നേരത്തെ രാഷ്ട്രീയ രംഗത്ത് ലഭിച്ച ഈ സഹകരണം ഇനി സാമ്പത്തിക മേഖലയിലും ആവശ്യമാണ്. എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത് പിടിച്ചായിരിക്കണം മുന്നോട്ട് നീങ്ങേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ പരിഷ്കരണത്തിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ആഘോഷപരിപാടികളില്‍ കിരീടാവകാശിയും ബി.ഡി.എഫ് ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് ഈസ ആല്‍ഖലീഫ സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ ചരിത്രാംശങ്ങളും ആധുനിക നടപടികളും വ്യക്തമാക്കുന്ന സംഗീതപരിപാടി അരങ്ങേറി. ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ നടന്ന പരിപാടിയില്‍ രാജകുടുംബത്തിലെ സീനിയര്‍ അംഗങ്ങളും ശൂറ കൌണ്‍സില്‍, പാര്‍ലമെന്റ് ചെയര്‍മാന്‍മാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, അംബാസഡര്‍മാര്‍, മുനിസിപ്പല്‍ കൌണ്‍സിലര്‍മാര്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, പൌരപ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. സൈനിക പരേഡ് രാജാവ് പരിശോധിച്ചു. രാജാവിന്റെ പുത്രന്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ കവിതാലാപനം നടത്തി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവുമുണ്ടായിരുന്നു.

  രാജ്യത്തെ പുതിയ യുഗത്തിലേക്ക് നയിച്ചതാണ് ജനാധിപത്യ പരിഷ്കരണം. ഏഴു വര്‍ഷം മുമ്പ് ഫെബ്രുവരി 14നാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ സമഗ്രമായ രാജകീയ പരിഷ്കരണ നടപടികള്‍ക്ക് ജനത ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചത്.

  ബഹ്റൈന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്നതും നാഴികക്കല്ലായതുമായ ജനാധിപത്യ പരിഷ്കരണ നടപടി പ്രയത്നത്തിന്റെയും നേട്ടത്തിന്റെയും പുതിയ ഘട്ടത്തിലേക്കുള്ള തുടക്കം കുറിച്ചു. ദീര്‍ഘവീക്ഷണവും ഭരണനൈപുണ്യവുമുള്ള നേതൃത്വവും ദേശസ്നേഹികളായ ജനതയും തമ്മിലെ ഐക്യത്തോടെയുള്ള നീക്കങ്ങള്‍ ബഹ്റൈെന് വികസിത രാജ്യങ്ങള്‍ക്കിടയില്‍ മികച്ച സ്ഥാനം ലഭ്യമാക്കി. പരിഷ്കരണം തുടങ്ങിയതു മുതല്‍ കൂടുതല്‍ സ്വാതന്ത്യ്രത്തോടെ ജനങ്ങള്‍ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍ ജനാധിപത്യത്തിലേക്ക് നടന്നടുക്കുന്നത് ദൃശ്യമായി. 2002ല്‍ ദേശീയ പാര്‍ലമെന്റ് രൂപവത്കരണവും അതേവര്‍ഷം റെക്കോര്‍ഡ് സമയത്തിനകം പാര്‍ലമെന്റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളും നടന്നു. നാലു വര്‍ഷത്തിന് ശേഷം സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്തി ഇതിന്റെ രണ്ടാം റൌണ്ടും നടന്നു. 2001ല്‍ പൊതു അവകാശങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പെട്ടവര്‍ക്ക് മോചനവും നാടുവിടേണ്ടിവന്നവര്‍ക്ക് തിരിച്ചുവരാനുള്ള അവസരവും അനുവദിച്ചു. ഇതോടൊപ്പം നിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ രൂപവത്കരിച്ചു. തുടര്‍ന്ന് 2002ല്‍ കോണ്‍സ്റ്റിറ്റ്യുഷനല്‍ കോര്‍ട്ടും യാഥാര്‍ഥ്യമായി.

  ഈവിധ നടപടികളെ തുടര്‍ന്ന് രാജ്യം വികസനത്തിന്റെ പാതയില്‍ അതിവേഗം കുതിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ജനങ്ങളുടെ സുഖസൌകര്യങ്ങളിലും ആവശ്യങ്ങളിലും ശ്രദ്ധയൂന്നുകയുമുണ്ടായി. അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കായി നിരവധി ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുകയും ലോണുകള്‍ നല്‍കുന്നതിനായി ഫാമിലി ബാങ്ക് രൂപവത്കരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നടത്തുന്ന ഒമ്പത് ആശുപത്രികളും 10 ഹെല്‍ത്ത് സെന്ററുകളും സ്വകാര്യമേഖലയിലെ 11 ക്ലിനിക്കുകളും ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. ഇത് ലോകാരോഗ്യ സംഘടനയും പ്രശംസക്ക് പാത്രമായി. വിദ്യാഭ്യാസം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ കുതിച്ചുകയറ്റമാണുണ്ടായത്. വിദ്യാഭ്യാസ രംഗത്ത് അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് രാജ്യം. തൊഴില്‍ രഹിത വേതനം, തൊഴില്‍ വിപണി പരിഷ്കരണം തുടങ്ങി അടുത്ത കാലത്തു ്നടത്തിയ പുതിയ സംരംഭങ്ങള്‍ രാജ്യത്തെ ജനതക്ക് ഏറെ ഗുണം ചെയ്യുന്ന നടപടികളായി.

  1. ‘സ്പിരിറ്റു കടത്ത് മന്ത്രി കരീമിന്റെ സഹായത്തോടെ’കോഴിക്കോട്: മലബാര്‍ സിമന്റിന്റെ ഗ്രീന്‍ചാനല്‍ പാസ് ഉപയോഗിച്ച് സ്പിരിറ്റു കടത്തിയത് മന്ത്രി എളമരം കരീമിന്റെ സഹായത്തോടെയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്പിരിറ്റു കടത്തിയ എക്സ്പോര്‍ട്ട് ലൈസന്‍സ് ട്രാന്‍സ്പോര്‍ട്ടിന്റെ പാര്‍ട്ണര്‍ മന്ത്രിയുടെ അടുത്ത ബന്ധുവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ്് സംസ്ഥാന സെക്രട്ടറി തിരുവള്ളൂര്‍ മുരളി പറഞ്ഞു.

  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നേരേ അന്വേഷി പ്രസിഡന്റ് അജിത നടത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള പ്രതിഫലമായാണ് അവരുടെ ഭര്‍ത്താവ് യാക്കൂബിന് മലബാര്‍ സിമന്റ്സിന്റെ ട്രാന്‍സ്പോര്‍ട്ട് കരാര്‍ ലഭിച്ചത്. അന്വേഷിയുടെ മറവില്‍ അജിതയും കുടുംബവും ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക സ്രോതസുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ്് ആവശ്യപ്പെട്ടു.

  2. മെട്രോ റയില്‍: റിപ്പോര്‍ട്ട് തിങ്കളാഴ്ച
  കൊച്ചി: മെട്രോ റയില്‍ പദ്ധതിയുടെ സ്ഥലമെടുപ്പിനു മുന്നോടിയായി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനും റവന്യൂ വകുപ്പും ചേര്‍ന്നുള്ള റൂട്ട് സര്‍വേ രണ്ടാം ദിവസവും തുടര്‍ന്നു. തൃപ്പൂണിത്തുറ പേട്ടയിലാണ് ഇന്ന് സര്‍വേ ആരംഭിച്ചത്. സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം സ്ഥലമെടുപ്പ് സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും.

  വൈറ്റിലയിലും കൊച്ചി സിറ്റിയിലും പരിശോധന നടത്തിയതിനു ശേഷം വൈകിട്ട് അഞ്ചുമണിയോടെ പാലാരിവട്ടത്ത് സംഘം സന്ദര്‍ശിക്കും.

  സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് റവന്യൂ വകുപ്പും മെട്രോ റയില്‍ കോര്‍പറേഷനും ചേര്‍ന്നു സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുയായിരുന്നു.

  3. ചികില്‍സാപരിശീലനത്തിന് 330 ലക്ഷം ഡോളര്‍
  ബാംഗൂര്‍: എയ്ഡ്സ്, മലേറിയ, ക്ഷയം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ആഗോള ഫണ്ടില്‍ നിന്ന് 330 ലക്ഷം യുഎസ് ഡോളര്‍ ഇന്ത്യന്‍ നഴ്സിങ് കൌണ്‍സിലിന് (ഐഎന്‍സി) ലഭിക്കും. രാജ്യത്തെ 55 നഴ്സിങ് സ്ഥാപനങ്ങള്‍ പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം നഴ്സുമാര്‍ക്ക് എയ്ഡ്സ് ചികിത്സയ്ക്ക് മാത്രമായി പ്രത്യേക പരിശീലനം നല്‍കും.

  ബോധവല്‍ക്കരണമാണ് എയ്ഡ്സ് ചികിത്സ പരിശീലനത്തില്‍ ഏറ്റവും അത്യാവശ്യമെന്നും ഓരോ വര്‍ഷവും 15000 നഴ്സുമാര്‍ക്ക് വീതം അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് പരിശീലനം നല്‍കാനാണ് പദ്ധതിയെന്നും ഇന്ത്യന്‍ നഴ്സിങ് കൌണ്‍സില്‍ പ്രസിഡന്റ് ടി.ദിലീപ് കുമാര്‍ പറഞ്ഞു.

  എയ്ഡ്സിന്റെ പ്രത്യേക പരിശീലനത്തിനായി ചെന്നൈയില്‍ ഒരു നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ ഐഎന്‍സി ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.

  4. ഭക്ഷ്യസുരക്ഷാ മിഷനില്‍ പാലക്കാട് ജില്ലയും
  പാലക്കാട്: ദേശീയ ഭക്ഷ്യസുരക്ഷാ മിഷനില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തി. നെല്‍കൃഷി വിഭാഗത്തിലാണു പാലക്കാടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് അഞ്ചു ജില്ലകളെ പരിഗണിക്കാമെന്നു കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പാലക്കാടു ജില്ല മാത്രമാണു മിഷനിലുള്ളത്. നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവ കൂടുതലായി ഉല്‍പാദിപ്പിക്കാനുള്ള ഭക്ഷ്യ സുരക്ഷാമിഷന്‍ പദ്ധതി ഓഗസ്റ്റിലാണു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക ചെലവിന്റെ പകുതി കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

  പാലക്കാടിനെ ഉള്‍പ്പെടുത്തിയതായി അറിയിച്ച് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്റെ കത്ത് എന്‍.എന്‍.കൃഷ്ണദാസ് എംപിക്കു ലഭിച്ചു. അടുത്ത വിള സീസണു മുമ്പ് ജില്ലയിലെ കാര്‍ഷിക മേഖലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി നല്‍കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  പന്ത്രണ്ടു സംസ്ഥാനങ്ങളെയാണു നിലവില്‍ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 133 ജില്ലകളില്‍ നെല്ല്, 138 ജില്ലകളില്‍ ഗോതമ്പ്, 14 സംസ്ഥാനങ്ങളിലെ 16 ജില്ലകളില്‍ പയറു വിളകള്‍ എന്നിവ കൃഷി ചെയ്യണമെന്നാണു നിര്‍ദ്ദേശം. നെല്ലിന്റെ ഉല്‍പാദനം 100 ലക്ഷം ടണ്ണും ഗോതമ്പിന്റെത് 80 ലക്ഷം ടണ്ണുമായി വര്‍ധിപ്പിക്കുക, പയറുവിളകളുടെ ഉല്‍പാദനം 20 ടണ്‍ കൂട്ടുക എന്നിവയാണു ലക്ഷ്യം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മിഷന്‍ നിര്‍ദ്ദേശിക്കുന്നു.

  5. ഗവേഷണനേട്ടം എല്ലാവരിലും എത്തണം: സോണിയ
  തിരുവനന്തപുരം: ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഗവേഷണങ്ങളുടെ ഫലങ്ങളും ശാസ്ത്രീയ നേട്ടങ്ങളും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനു പ്രയോജനപ്പെടുത്തണമെന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ആത്മീയ, സാമൂഹിക നവോത്ഥാന രംഗത്ത് ഇരുപതാം നൂറ്റാണ്ടിനു കേരളം നല്‍കിയ സംഭാവനകളിലൊന്നാണു കരുണാകര ഗുരുവെന്നും അവര്‍ പറഞ്ഞു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ റിസര്‍ച്ച് ഫൌണ്ടേഷന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു സോണിയ ഗാന്ധി.

  ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തന്‍ അറിവ് എല്ലാവരിലും എത്തണം. വിജ്ഞാനത്തിന്റെ വിനിമയത്തിലൂടെ സമൂഹത്തിലെ വേര്‍തിരിവ് ഇല്ലാതാക്കണം. ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുള്ള വിദ്യാഭ്യാസത്തിലൂടെ പുതിയ തലമുറ ശാസ്ത്രീയമായ നേട്ടങ്ങള്‍ മനസ്സിലാക്കണം. ഇത്തരം വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും ശാന്തിഗിരി ആശ്രമം മികച്ച സംഭാവനകളാണു നല്‍കുന്നത്. ആത്മീയ മൂല്യങ്ങളും പാരമ്പര്യവും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ആശ്രമം പ്രവര്‍ത്തിക്കുന്നത്. അതിരുകളില്ലാത്ത സ്നേഹവും സാഹോദര്യവും ജാതിമത ചിന്തകള്‍ക്കതീതമായ സേവന സന്നദ്ധതയുമാണ് ആശ്രമത്തിന്റെ സവിശേഷത.

  മതഭ്രാന്തും മൌലികവാദവും സ്പര്‍ധയുമെല്ലാം നിലനില്‍ക്കുന്ന ഇക്കാലത്തു പ്രപഞ്ചമാകെ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശമെത്തിക്കുന്നതു ചെറിയ കാര്യമല്ല. ഈ ഐക്യവും ഒരുമയുമാണ് കേരളത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു വിഭിന്നമാക്കുന്നത്. ആശ്രമം നടത്തുന്ന ആയുര്‍വേദ, സിദ്ധ ആശുപത്രികളുടെ സംഭാവനയും വിലമതിക്കാനാവാത്തതാണ്. തികച്ചും ശാസ്ത്രീയമാണ് ഈ രണ്ടു വൈദ്യശാസ്ത്രവും. ഗവേഷണങ്ങളിലൂടെ ലഭിക്കുന്ന പുതിയ അറിവ് മറ്റുള്ളവരിലേക്കു പകരണം. വിജ്ഞാന മേഖലയിലെ മുന്‍നിരക്കാരാകണമെങ്കില്‍ ഗവേഷണത്തിലൂടെ ലഭിക്കുന്ന അറിവ് കൂടിയേതീരൂ എന്നും സോണിയ ഗാന്ധി പറഞ്ഞു.

  ശാസ്ത്ര സാങ്കേതിക നേട്ടം സാമൂഹിക നന്മയ്ക്കു വേണ്ടി പ്രയോജനപ്പെടുത്തുന്ന ആശ്രമത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അധ്യക്ഷത വഹിച്ച കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സമൂഹത്തെ സംഘര്‍ഷരഹിതമാക്കാനും മാറ്റത്തിനു വേദിയൊരുക്കാനും ആശ്രമത്തിനു കഴിയുന്നതായി മന്ത്രി പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. ഗുരുദര്‍ശനം ഉള്‍ക്കൊണ്ട് ആശ്രമം സമൂഹ നന്മയ്ക്കു വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

  എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, വര്‍ക്കല രാധാകൃഷ്ണന്‍ എംപി, ജെ. അരുന്ധതി എംഎല്‍എ, കെ.വി. തോമസ് എംഎല്‍എ, കോലിയക്കോട് കൃഷ്ണന്‍നായര്‍, ആശ്രമം ഡയറക്ടര്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഡോ. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

  ആശ്രമത്തിലെത്തിയ സോണിയ ഗാന്ധി പ്രാര്‍ഥനയും പര്‍ണശാലയില്‍ പുഷ്പാര്‍ച്ചനയും നടത്തി. ശിഷ്യ പൂജിത ജനനി അമൃതജ്ഞാന തപസ്വിനിയെ ദര്‍ശിച്ച ശേഷമാണു വേദിയിലെത്തിയത്. ആശ്രമത്തിന്റെ ഉപഹാരം സോണിയ ഗാന്ധിക്കു സമര്‍പ്പിച്ചു.

  6. അധികൃതരുടെ വാഗ്ദാനം പാഴായി: മുരിയാട് കായല്‍ സമരം വീണ്ടും
  തൃശൂര്‍: മുരിയാട് കായല്‍ പ്രദേശം കൃഷിയോഗ്യമാക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നാലു മാസത്തിനു ശേഷവും നടപ്പാവാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ അന്തിമ സമരത്തിലേക്ക്. ഒക്ടോബര്‍ 15നു നിര്‍ത്തി വച്ച സമരം വീണ്ടും തുടങ്ങുന്നതിനു മുന്നോടിയായി മുരിയാട് കായല്‍ സംരക്ഷണ സമിതി 24നു പുനഃസംഘടിപ്പിക്കും. പാടം കൃഷിയോഗ്യമായിട്ടില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 20നു കര്‍ഷകര്‍ പണിയായുധങ്ങളുമായി മുരിയാട് പാടശേഖരത്തിലെ വെള്ളക്കെട്ടിലിറങ്ങും.

  മുരിയാട് കായല്‍ പ്രദേശത്തു നിരോധനം ലംഘിച്ചു വന്‍തോതില്‍ മണ്ണെടുപ്പു തുടരുകയാണെന്നും ഭരണപക്ഷ നേതാക്കളാണു മണ്ണുലോബിയെ സഹായിക്കുന്നതെന്നും കര്‍ഷക മുന്നേറ്റം നേതാക്കള്‍ ആരോപിച്ചു. മുരിയാട് പാടം കൃഷിക്കുള്ളതാണോ ഖനനത്തിനുള്ളതാണോ എന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ആദ്യസമരം തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ മാര്‍ച്ച് ഏഴിനു സമരം പുനരാരംഭിക്കാനാണ് ആലോചനയെന്നു കര്‍ഷക മുന്നേറ്റം ഭാരവാഹികളായ വര്‍ഗീസ് തൊടുപറമ്പില്‍, കെ.എം.ശിവരാമന്‍, വി.വി.അയ്യപ്പന്‍ എന്നിവര്‍ അറിയിച്ചു.

  അധികൃതരുടെ ഉറപ്പുകള്‍ വിശ്വസിച്ചു ‘സമരഭൂമിയില്‍ നിന്നു കൃഷിഭൂമിയിലേക്ക് എന്ന പ്രഖ്യാപനവുമായാണ് ഒക്ടോബറില്‍ സമരം നിര്‍ത്തിയത്. നാലു മാസം പിന്നിട്ടിട്ടും വെള്ളക്കെട്ട് ഒഴിവാക്കി കൃഷിക്കു നിലം ഒരുക്കിക്കിട്ടാത്ത സാഹചര്യത്തിലാണു വീണ്ടും സമരഭൂമിയിലേക്കു മടങ്ങുന്നത്. നവംബര്‍ 15നകം വെള്ളക്കെട്ട് ഒഴിവാക്കി പാടം കൃഷിയോഗ്യമാക്കാമെന്ന് ഒക്ടോബറില്‍ സാംസ്കാരിക നായകരുടെ സാന്നിദ്ധ്യത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉറപ്പു നല്‍കിയിരുന്നു. പക്ഷേ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മോട്ടോര്‍ പ്രവര്‍ത്തനം തുടങ്ങിയതു ഡിസംബര്‍ 15നു മാത്രമാണ്. 22 മോട്ടോര്‍ വേണ്ടിടത്തു മൂന്നെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

  വിദഗ്ധ സമിതി ഒരു മാസത്തിനകം മുരിയാട് പാടത്തെ പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കുമെന്നു റവന്യു മന്ത്രിയും കൃഷിമന്ത്രിയും പങ്കെടുത്ത ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നുവെങ്കിലും സമിതി ഇതുവരെ ഒരു തവണ പോലും ചേര്‍ന്നിട്ടില്ല. ബണ്ട് കനാലില്‍ നിന്നു വെള്ളം നെടുന്തോട്ടിലേക്ക് ഒഴുകിപ്പോവാനുള്ള സ്ലൂയിസിന്റെ വീതി കൂട്ടാനും അധികൃതര്‍ തയാറായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഖനന നിരോധനം ലംഘിക്കാന്‍ ഭരണപക്ഷ നേതാക്കള്‍ തന്നെ മണ്ണുമാഫിയയ്ക്കു കൂട്ടു നില്‍ക്കുകയാണെന്നു കര്‍ഷക മുന്നേറ്റം ആരോപിച്ചു.

  7. രാജീവ്ഗാന്ധി സെന്ററിനു സോണിയയുടെ സഹായ വാഗ്ദാനം
  തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിനെ രാജ്യാന്തര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള രാജ്യാന്തര ഗവേഷണ കേന്ദ്രത്തില്‍ ആദ്യമായി എത്തിയ സോണിയ മുക്കാല്‍ മണിക്കൂര്‍ അവിടെ ചെലവഴിച്ചു. രാജീവ് ഗാന്ധിയുടെ വേര്‍പാടിനുശേഷം അദ്ദേഹത്തിന്റെ പേരു നല്‍കിയ ആദ്യ സ്ഥാപനമെന്ന ബഹുമതി ഇതിനുണ്ട്.

  കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സീന കിദ്വായ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പന്ന്യന്‍ രവീന്ദ്രന്‍ എംപി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

  8. ഇന്ത്യന്‍ സൈനികന്‍ ഹൈടെക് യുഗത്തിലേക്ക്
  ന്യൂഡല്‍ഹി: പരുക്കന്‍ യൂണിഫോമും ബൂട്ട്സും ധരിച്ച പട്ടാളക്കാരന്റെ ചിത്രം മനസില്‍ നിന്നു മായിച്ചേക്കുക. പുതു തലമുറയിലെ ഹൈ ടെക് സൈനികന് അതുമായി ലവലേശം ബന്ധമുണ്ടാവില്ല. തലസ്ഥാനത്തു തുടങ്ങിയ രാജ്യാന്തര പ്രതിരോധ പ്രദര്‍ശനത്തിലുള്ള സൈനിക വേഷങ്ങളും ഉപകരണങ്ങളും ഇതിനു തെളിവ്. അടുത്ത അഞ്ചു വര്‍ഷത്തിനകം 1,20,000 കോടി രൂപ മുടക്കി സേനയെ നവീകരിക്കാനാണ് പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നത്.

  ആധുനിക സൈനികന്റെ വേഷഭൂഷാദികള്‍ക്കു സോള്‍ജ്യര്‍ സിസ്റ്റമെന്നാണു പേര്. 24 കിലോഗ്രാമുള്ള ഈ ഹൈ ടെക് സംവിധാനമുണ്ടെങ്കില്‍ പിന്തിരിയാതെ മണിക്കൂറുകളോളം യുദ്ധം ചെയ്യാം. ഡിജിറ്റല്‍ മെസേജിങ് സംവിധാനം, പോര്‍ട്ടബിള്‍ കംപ്യൂട്ടര്‍, ജിപിഎസ്, ദൂരദര്‍ശിനി, ഡിജിറ്റല്‍ റേഡിയോ, വോയ്സ് കോണ്‍ഫറന്‍സിങ്, ഓഡിയോ ഹെഡ് ബാന്‍ഡ്, അതിസൂക്ഷ്മ ക്യാമറയുള്ള ഹെഡ് ഗിയര്‍ എന്നിവ സോള്‍ജ്യര്‍ സിസ്റ്റത്തിന്റെ ഭാഗമാണ്.

  യൂണിഫോമിട്ടാല്‍ നനയുമെന്നു ഭയം വേണ്ട. തീപിടിക്കില്ല. കൊതുകിനെ ഓടിക്കാനും സംവിധാനമുണ്ട്. ലേസര്‍ വിരുദ്ധ ശേഷിയുള്ളതാണു കണ്ണട. ഹെല്‍മറ്റ് ഷെല്ലാക്രമണത്തെ അതിജീവിക്കും. ആയുധങ്ങളും അത്യാധുനികം. ഇന്‍ഫ്രാറെഡ് വിഡിയോ സംവിധാനമുള്ളതാണു റൈഫിള്‍. പിന്നില്‍നിന്നു വെടിവച്ചു വീഴ്ത്തലും എളുപ്പമല്ല. പിന്‍കാഴ്ചകള്‍ കൂടി കംപ്യൂട്ടര്‍ ആധുനിക സൈനികന്റെ കണ്ണിലെത്തിക്കും.

  ഇന്ത്യ വന്‍തോതില്‍ സൈനിക സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നതറിഞ്ഞ് ഒട്ടേറെ രാജ്യാന്തര വന്‍കമ്പനികളാണ് തലസ്ഥാനത്തെ ഡിഫന്‍സ് എക്സ്പോയില്‍ ക്യൂ നില്‍ക്കുന്നത്. ലോകത്തു ലഭ്യമായ ഏറ്റവും മികച്ച സൈനികായുധങ്ങളും വാഹനങ്ങളും ഇവിടെ സുലഭം.

  9. കൃത്യസമയവുമായി പുതിയ ക്ളോക്ക്
  ലണ്ടന്‍: ഇതുവരെ നിലവിലുള്ളതിനെക്കാള്‍ കൃത്യതയേറിയ ആണവ ക്ളോക്ക് നിര്‍മിച്ചു. ഇപ്പോള്‍ അടിസ്ഥാനമായി ഉപയോഗിക്കുന്ന ക്ളോക്കിന്റെ ഇരട്ടി കൃത്യതയാണീ ക്ളോക്കിനുള്ളത്. സീസിയം ആറ്റമിനു പകരം സ്ട്രോണ്‍ഷ്യം ആറ്റമാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

  സമയ കൃത്യത ലക്ഷ്യമിട്ടു നടത്തിയ ഗവേഷണങ്ങളില്‍ വലിയ കുതിച്ചുചാട്ടമായി ഇൌ കണ്ടെത്തല്‍ കണക്കാക്കപ്പെടുന്നു. രാജ്യാന്തര ഗതാഗതം, വാര്‍ത്താ വിനിമയം, ബഹിരാകാശ വിവര വിനിമയം തുടങ്ങിയ മേഖലകളിലെല്ലാം ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകും.

  Advertisements

  ഒരു അഭിപ്രായം ഇടൂ

  Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

  ഒരു മറുപടി കൊടുക്കുക

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out / മാറ്റുക )

  Twitter picture

  You are commenting using your Twitter account. Log Out / മാറ്റുക )

  Facebook photo

  You are commenting using your Facebook account. Log Out / മാറ്റുക )

  Google+ photo

  You are commenting using your Google+ account. Log Out / മാറ്റുക )