നെല്‍ക്കൃഷി തകര്‍ന്നാല്‍ കേരളം മുടിയും

നെല്‍ക്കൃഷിയെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുന്നതോടൊപ്പം നെല്‍ക്കര്‍ഷകരുടെ മാന്യതയും വരുമാനവും ഉയര്‍ത്തുവാന്‍ നടപടി ഉണ്ടാകാത്തപക്ഷം നെല്‍വയല്‍ സംരക്ഷണം ഒരു മരീചികയായി മാറും. നെല്‍ക്കൃഷി തകര്‍ന്നാല്‍ കേരളം മുടിയുമെന്ന കാര്യത്തില്‍ സംശയമില്ല

ഡോ. തോമസ് വര്‍ഗീസ്

കേരളം അതിഗുരുതരമായ ഒരു ദുരന്തത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ അത്യപൂര്‍വ ഭൂവിഭാഗങ്ങളില്‍ ഒന്നാണ് നമ്മുടെ നാട് എന്നത്രെ ആദ്യകാല വിദേശസഞ്ചാരികളും ആധുനിക ഭൌമ,പാരിസ്ഥിതിക ശാസ്ത്രജ്ഞരും ഒരേപോലെ അഭിപ്രായപ്പെട്ടിട്ടുള്ളത്. കേവലം 38863 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ കൊച്ചു സംസ്ഥാനത്ത് ലോകത്തെ മിക്ക മണ്ണിനങ്ങളും അതിബൃഹത്തായ ജൈവ വൈവിധ്യവും കാണപ്പെടുന്നു.

സമുദ്രനിരപ്പില്‍നിന്ന് ഒരു മീറ്ററിലേറെ താഴ്ചയുള്ള കുട്ടനാട് മുതല്‍ 2694 മീറ്റര്‍ ഉയരമുള്ള ആനമുടി വരെ വ്യാപിച്ചിരിക്കുന്ന നമ്മുടെ ഭൂപ്രദേശം അതി ലോലമായ ആവാസ വ്യവസ്ഥയുള്ളതാണ്. സഹ്യസാനുക്കള്‍ മുതല്‍ ലക്ഷദ്വീപ് സമുദ്രം വരെ ശരാശരി 50 കിലോമീറ്റര്‍ വീതിയും 560 കിലോമീറ്റര്‍ സമുദ്രതീരവുമുള്ള ഈ പ്രദേശത്തിന്റെ നിമ്േനാന്നത പ്രത്യേകതയാര്‍ന്നതാണ്. ഭൂമിയുടെ ഉത്പത്തിയോളം തന്നെ പഴക്കമാര്‍ന്ന പശ്ചിമഘട്ടനിരകള്‍ മുതല്‍ പടിഞ്ഞാറോട്ട് കിഴുക്കാന്‍തൂക്കായ മലഞ്ചെരിവുകളും കുന്നുകളും ഏലകളും അവയ്ക്ക് ഇടയിലൂടെ ഒഴുകുന്ന കാട്ടരുവികളും നീര്‍ച്ചാലുകളും തോടുകളും അവയെല്ലാം ഒന്നുചേര്‍ന്ന് രൂപം നല്കുന്ന 41 നദികളും തീരപ്രദേശത്തേക്ക് എത്തുമ്പോള്‍ നീര്‍ത്തടങ്ങളും കായലുകളും അഴിമുഖങ്ങളും കടല്‍പൊഴികളും ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.

പ്രതിവര്‍ഷം മൂവായിരം മി. മീറ്ററിലേറെ ശരാശരി വര്‍ഷപാതവും 27.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ഉള്ള കാലാവസ്ഥയാണ് കേരളത്തിന്റേത്. മൊത്തം വിസ്തൃതിയുടെ നാലില്‍ ഒന്നോളം വരുന്ന വനമേഖല ലോകത്തെ അപൂര്‍വ സസ്യജനുസ്സുകളുടെയും പക്ഷിമൃഗാദികളുടെയും ആവാസകേന്ദ്രമാണ്.

ചരിത്രാതീതകാലം മുതല്‍ കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും മണ്ണിനങ്ങള്‍ക്കും അനുയോജ്യമായ കൃഷിരീതികളാണ് രൂപംകൊണ്ടത്. ജലലഭ്യത കുറവുള്ള കുന്നിന്‍പുറങ്ങളില്‍ മഴയെ മാത്രം ആശ്രയിച്ചുള്ള വൃക്ഷ വിളകളും അവയുടെ താഴ്വാരങ്ങളില്‍ ല്ക്കസ്വകാല വിളകളും കൃഷിചെയ്യുന്ന ഒരു കാര്‍ഷിക സമ്പ്രദായമാണ് നിലനിന്നത്. ഈ വിളകളില്‍ ഏറെയും മനുഷ്യരുടെയും കന്നുകാലികളുടെയും മറ്റു വളര്‍ത്തുജന്തുക്കളുടെയും ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയുള്ളവയായിരുന്നു. ജലലഭ്യത ഏറെയുള്ള താഴ്വാരങ്ങളിലും നദീതടങ്ങളിലും മുഖ്യവിള നെല്ല് തന്നെയായിരുന്നു. നെല്‍പ്പാടങ്ങള്‍ക്ക് അരികിലുള്ള സമതലപ്രദേശങ്ങളിലും കുന്നിന്‍ചെരിവുകളിലും വീട്ടുവളപ്പുകളിലും മുഖ്യവിള തെങ്ങായിരുന്നു. അതിനോടൊപ്പം കിഴങ്ങു വര്‍ഗങ്ങളും വാഴയും കമുകും കുരുമുളകും പച്ചക്കറികളും പഴവര്‍ഗങ്ങളും ഔഷധ സസ്യങ്ങളും തീറ്റപ്പുല്ലുകളും എല്ലാ കൃഷിയിടങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. പശുക്കളും ഉഴവുകാളകളും എരുമയും പോത്തും ആടും കോഴിയും താറാവുമൊക്കെ ഓരോ കൃഷിയിടത്തിലുമുണ്ടായിരുന്നതിനാല്‍ ഭക്ഷ്യസുരക്ഷയ്ക്ക് പുറമേ, സമ്പുഷ്ടമായ ജൈവവളവും സുലഭമായിരുന്നു. ജൈവരീതിയില്‍ ഓരോ പ്രദേശത്തിനുമിണങ്ങുന്ന നെല്‍ക്കൃഷി സമ്പ്രദായം നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിലവില്‍ വന്നു. പച്ച പുതച്ചതും കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്നതുമായ കന്നിവയലുകള്‍ കേരളത്തിന്റെ മുഖമുദ്രയാണെന്ന് ആറു പതിറ്റാണ്ടിനു മുമ്പ് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെല്ക്കു സന്ദര്‍ശനവേളയില്‍ അഭിപ്രായപ്പെട്ടത് ഇന്ന് കടലാസിലൊതുങ്ങുന്നു എന്നതാണ് സത്യം.

കേരളത്തിലെ നെല്‍ക്കൃഷിയുടെ ചരിത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഭൂപ്രകൃതിക്കും മറ്റു പാരിസ്ഥിതിക ഘടകങ്ങള്‍ക്കും അനുസൃതമായി വൈവിധ്യമാര്‍ന്ന നെല്‍ക്കൃഷി മേഖലകള്‍ നിലവില്‍ വന്നു. ആദിവാസി മേഖലയിലെ പുനം കൃഷി, മോടന്‍ വയലുകള്‍, വയനാടന്‍ പീഠഭൂമിയിലെ ആതി അഥവാ കോരവക്കണ്ടം വയലുകള്‍, കണ്ണൂര്‍ ജില്ലയിലെ തീരദേശത്തെ കൈപ്പാട് നിലങ്ങള്‍, തൃശ്ശൂര്‍ ജില്ലയിലെ വെള്ളക്കെട്ടുള്ള കോള്‍ പടവുകള്‍, എറണാകുളം ജില്ലയിലെ ഉപ്പുവെള്ളം കയറുന്ന ചെമ്മീനും നെല്ലും കൃഷി ചെയ്യുന്ന പൊക്കാളി നിലങ്ങള്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കരി, കായല്‍, കരപ്പാടം എന്നിവ ചേര്‍ന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍, നെല്ലും എള്ളും കൃഷി ചെയ്യുന്ന കാര്‍ത്തികപ്പള്ളി, കായങ്കുളം മേഖലകളിലെ ഓണാട്ടുകര പാടങ്ങള്‍, മലപ്പുറം ജില്ലയിലെ പള്ളിയാല്‍ പാടങ്ങള്‍, പാലക്കാട് പ്രദേശത്തെ ഇരുപ്പൂ നിലങ്ങള്‍, ഇടനാട്ടില്‍ ഉടനീളം ഉള്ള ഏലാ നിലങ്ങള്‍ എന്നിവയായിരുന്നു കേരളത്തിലെ മുഖ്യ നെല്ലുത്പാദന മേഖലകള്‍.

കേരള സംസ്ഥാനം രൂപവത്കരിക്കുമ്പോഴത്തെ കണക്കുകളനുസരിച്ച് മേല്പറഞ്ഞ നെല്‍മേഖലകളുടെ മൊത്തം വിസ്തൃതി ഒന്‍പതു ലക്ഷത്തോളം ഹെക്ടറും അരി ഉത്പാദനം 14 ലക്ഷം ടണ്ണുമായിരുന്നു. ഉത്പാദനക്ഷമതയാകട്ടെ ഹെക്ടറിന് 1600 കിലോഗ്രാമും. അരനൂറ്റാണ്ടിലേറെയുള്ള നെല്‍ക്കൃഷി വികസന പദ്ധതികള്‍ക്കായി ആയിരക്കണക്കിനു കോടി രൂപ സര്‍ക്കാര്‍ ചെലവാക്കിയിട്ടും വിവിധ കാരണങ്ങളാല്‍ നെല്‍ക്കൃഷിയുടെ വിസ്തൃതിയും നെല്ലുത്പാദനവും ഭീതിജനകമാംവണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി 2.75 ലക്ഷം ഹെക്ടറും അരിയുത്പാദനം 6.29 ലക്ഷം ടണ്ണുമാണ്. പ്രതിവര്‍ഷം 21000 ഹെക്ടര്‍ നെല്‍ വിസ്തൃതിയുടെ കുറവാണ് എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഉണ്ടായതെങ്കില്‍ ഒന്‍പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് അത് 13000 ഹെക്ടറായി കുറയ്ക്കാന്‍ കഴിഞ്ഞു എന്നാണ് ഔദ്യോഗിക ഭാഷ്യം. ജലസേചനം, മേല്‍ത്തരം വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, വായ്പസംവിധാനങ്ങള്‍, വിപണിയിലെ ഇടപെടലുകള്‍ ഇവയ്ക്കെല്ലാം വേണ്ടി സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടും കര്‍ഷകനെ നെല്‍ക്കൃഷി രംഗത്ത് പിടിച്ചു നിര്‍ത്തുവാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തി സത്വര നടപടികള്‍ സ്വീകരിക്കേണ്ടത് 80 ശതമാനം ഭക്ഷ്യക്കമ്മിയുള്ള കേരളത്തിന്റെ നിലനില്പിന് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

1968_ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭൂവിനിയോഗ ഉത്തരവ് നെല്‍വയല്‍ സംരക്ഷണത്തിനു യാതൊരു പ്രയോജനവും ചെയ്തില്ല എന്നതിന്റെ തെളിവാണ് എല്ലാ ഭരണാധികാരികളുടെയും കണ്‍മുന്നില്‍ നമ്മുടെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി അരനൂറ്റാണ്ടുകൊണ്ട് അഞ്ചില്‍ ഒന്നായി കുറഞ്ഞത്. ഏട്ടിലെ പശു പുല്ലുതിന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മേല്പറഞ്ഞ സര്‍ക്കാര്‍ ഉത്തരവ്. വികസിത രാജ്യങ്ങളിലെല്ലാം പ്രകൃതിയുടെ ഏറ്റവും വിലയേറിയ വരദാനങ്ങളായ മണ്ണും വെള്ളവും സംരക്ഷിക്കുവാനുള്ള ശാസ്ത്രീയമായ നയങ്ങളും കര്‍ക്കശമായ നിയമങ്ങളും നിലവിലുണ്ട്. അതു ലംഘിക്കുന്നവര്‍ക്ക് കടുത്തശിക്ഷ നല്കുന്ന ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളാണ് അവിടെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ അവിടത്തെ ചതുപ്പു നിലങ്ങളും തണ്ണീര്‍ത്തടങ്ങളും വയലേലകളും സംരക്ഷിത മേഖലകളായി വിജ്ഞാപനം ചെയ്തു പരിപാലിച്ചു വരുന്നു. നെല്‍പ്പാടത്തെ ഒരിഞ്ച് ഘനത്തിലുള്ള മേല്‍മണ്ണുണ്ടാകാന്‍ പ്രകൃതിയുടെ പരീക്ഷണശാലയില്‍ പതിനായിരക്കണക്കിനു സംവത്സരങ്ങള്‍ വേണ്ടിവരുമെന്നാണ് കാര്‍ഷിക ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുള്ളത്. ഏറ്റവും ‘സ്മാര്‍ട്ടാ’യ സൈബര്‍ വിദഗ്ധനോ പ്രഗല്ഭനായ ബഹിരാകാശ ശാസ്ത്രജ്ഞനോ ആയുഷ്കാലം മുഴുവന്‍ പണിപ്പെട്ടാലും ജൈവസമ്പുഷ്ടമായ ഒരുപിടി മണ്ണുണ്ടാക്കാന്‍ കഴിയില്ല എന്ന സത്യം വികസനത്തിന്റെ പേരില്‍ വിസ്തൃതമായ നെല്‍പ്പാടങ്ങളെ മണ്ണിട്ടുനികത്തി സൈബര്‍ സിറ്റികളും കാസിലുകളും നിര്‍മിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭരണാധികാരികളും ബ്യൂറോക്രാറ്റുകളുംഭൂമാഫിയകളും രാഷ്ട്രീയ നേതൃത്വവും അറിയുന്നില്ല. ഈ അറിവില്ലായ്മയുടെയും നെറികേടിന്റെയും ദുരന്തഫലം ഇന്ന് ജീവിച്ചിരിക്കുന്നവരും വരുന്ന തലമുറകളും അനുഭവിക്കേണ്ടി വരും.

കേരളത്തിലെ നെല്‍ക്കൃഷി ഇനിയും തകര്‍ന്നാല്‍ ഭക്ഷ്യ സുരക്ഷ മാത്രമല്ല നമ്മുടെ കുടിവെള്ള സുരക്ഷയും പരിസ്ഥിതി സന്തുലനവും അവതാളത്തിലാകും. ചാക്രികമായ ദുരന്തംപോലെ കേരളത്തില്‍ എത്തുന്ന കൊതുകു പരത്തുന്ന വിവിധ തരം പകര്‍ച്ച വ്യാധികള്‍ വരുംനാളുകളില്‍ തുടര്‍ക്കഥയാവും. കഴിഞ്ഞവര്‍ഷം ശരാശരി വര്‍ഷപാതത്തേക്കാള്‍ 30 ശതമാനം കൂടുതല്‍ മഴ കിട്ടിയിട്ടും ഈ വര്‍ഷം മധ്യവേനല്‍ എത്തും മുമ്പേ കേരളത്തിലുടനീളം രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. മഴക്കാലത്ത് ഒന്‍പതു ലക്ഷം ഹെക്ടറില്‍ കെട്ടിനിന്നിരുന്ന മഴവെള്ളം ഇപ്പോള്‍ രണ്ടര ലക്ഷം ഹെക്ടറില്‍ ഒതുങ്ങാനാവാതെ നഗരങ്ങളെയും ഗ്രാമങ്ങളെയും വെള്ളപ്പൊക്കക്കെടുതിയിലേക്ക് തള്ളിവിടുന്നു.
നെല്‍ക്കൃഷിയോടൊപ്പം നിലനിന്നിരുന്ന കന്നുകാലി വളര്‍ത്തലും താറാവുകൃഷിയും മത്സ്യക്കൃഷിയും അതിവേഗം മണ്‍മറഞ്ഞുകൊണ്ടിരിക്കുന്നു. അരിക്കു പുറമേ പാലിനും മുട്ടയ്ക്കും മാംസത്തിനും മത്സ്യത്തിനും വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കേരളം ചെന്നുപെട്ടിരിക്കുകയാണ്. ഹരിതഗൃഹപ്രഭാവം മൂലമുള്ള ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സമുദ്രനിരപ്പ് ഉയരലും കേരളത്തിന്റെ ഭാവിയില്‍ താത്പര്യമുള്ളവരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിരിക്കുന്നു.

സമുദ്ര നിരപ്പ് ഉയരല്‍ ഭീഷണി ഇന്ത്യയില്‍ ഏറ്റവും ശക്തമാകുക കൊച്ചിയില്‍ ആയിരിക്കുമെന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ഗൌരവമായി കണക്കിലെടുക്കേണ്ടതാണ്. ഏത് ആവാസ വ്യവസ്ഥയ്ക്കും അതിന് ഉള്‍ക്കൊള്ളാവുന്നതിന്റെ അപ്പുറമുള്ള ഒരു ഭാരവും താങ്ങാനാവില്ല എന്നാണ് പാരിസ്ഥിതിക ശാസ്ത്രവും ലോക ചരിത്രവും തെളിയിച്ചിട്ടുള്ളത്. കേരളത്തിന്റെ വ്യാവസായിക വികസനം ഒരു കാരണവശാലും നെല്‍പ്പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ചെലവില്‍ ആകരുത്. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നെല്‍വയല്‍_നീര്‍ത്തട സംരക്ഷണ ബില്ലിന്റെ ലക്ഷ്യവും ഇതുതന്നെ. എന്നാല്‍, നെല്‍ക്കൃഷി നിലനില്ക്കണമെങ്കില്‍ നെല്‍ക്കര്‍ഷകന് മാന്യമായ അംഗീകാരവും മതിയായ വരുമാനവും ഉറപ്പാക്കാന്‍ കൂടി സര്‍ക്കാറും കേരള സമൂഹവും തയ്യാറാകണം. അല്ലാത്തപക്ഷം കേരളം മുടിയുമെന്ന കാര്യത്തില്‍ സംശയമില്ല. കടം വാങ്ങിയും പട്ടിണി കിടന്നും കഷ്ടപ്പെട്ടും നെല്‍ക്കൃഷി ചെയ്ത് കേരളീയരെയൊക്കെ ഊട്ടിക്കോളാമെന്ന് നെല്‍ക്കര്‍ഷകരെ ആര്‍ക്കാണ് നിര്‍ബന്ധിക്കാനാകുക?

കടപ്പാട്- മാതൃഭൂമി 15-2-08

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, ഭക്ഷണം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )